This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലനാട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:54, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തലനാട്

കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്കില്‍, ഈരാറ്റുപേട്ട ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. എട്ട് വാര്‍ഡുകളുള്ള ഈ ഗ്രാമ പഞ്ചായത്ത് പൂര്‍ണമായും പൂഞ്ഞാര്‍ വടക്കേക്കര വില്ലേജില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തി പഞ്ചായത്തുകള്‍: വ.മൂന്നിലവ്; കി.ഉപ്പുതറ; പ.മൂന്നിലവ്; തെ.തീക്കോയി. വിസ്തീര്‍ണം: 32.24 ച.കി.മീ. തലൈനാടാണ് തലനാടായി ലോപിച്ചതെന്ന് സ്ഥലപുരാണ വിദഗ്ധര്‍ കരുതുന്നു. ഇല്ലിക്കക്കല്ല് അടിവാരം എന്നും ഈ പ്രദേശത്തിന് പേരുണ്ടായിരുന്നു. മലയരയര്‍, നായര്‍, ഈഴവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഇവിടെ പ്രാബല്യമുള്ളത്. തദ്ദേശീയരില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നാമ മാത്രമായി കാലിവളര്‍ത്തലും നിലവിലുണ്ട്. തലനാടിലും തീക്കോയി ഗ്രാമ പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റില്‍ 375-ല്‍ അധികം പേര്‍ തൊഴില്‍ ചെയ്യുന്നു. പാലാ, ഭരണങ്ങാനം, ഈപ്പാടി, അമ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കുടിയേറിയവരാണ് ഇവിടത്തെ കത്തോലിക്കര്‍. 1882-ല്‍ റവ. എ.ഇ. പെയ്ന്ററുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണം ആരംഭിച്ചു. ഒരു സി.എസ്.ഐ. പള്ളിയും പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടു.

കോട്ടയം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍, ഇടുക്കി ജില്ലയോടു ചേര്‍ന്നു കിടക്കുന്ന തലനാടിന് പൊതുവേ ഹൈറേഞ്ചിന്റെ ഭൂപ്രകൃതിയാണുള്ളത്. ഭൂവിസ്തൃതിയുടെ 7 ശ.മാ.ത്തോളം ഭാഗം ചരിഞ്ഞ പ്രദേശമാണ്. ഡി.-ജനു. മാസങ്ങളിലെ വരണ്ട കാറ്റും മഞ്ഞും ഹൈറേഞ്ചിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഫെ., മാ., ഏ. കാലയളവില്‍ വര്‍ഷപാതം ശക്തിപ്രാപിക്കുന്നു. വേനല്‍ക്കാലത്ത് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. വളക്കൂറുള്ള കരിമണ്ണും ചെമ്മണ്ണും നിറഞ്ഞ ഈ പ്രദേശം പാറക്കെട്ടുകളുടേയും മുള്‍പ്പടര്‍പ്പുകളുടേയും സാന്നിധ്യം മൂലം ഏറിയ ഭാഗവും കൃഷിയോഗ്യമല്ല. മുഖ്യ കൃഷിയായ റബ്ബറിനു പുറമേ തെങ്ങ്, ഗ്രാമ്പു, ജാതി എന്നിവയും, മിശ്രിത വിളകളായി കുരുമുളക്, ഏലം, കൊക്കോ, കാപ്പി എന്നിവയും കൃഷി ചെയ്യപ്പെടുന്നു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗ്രാമ്പു കൃഷി ചെയ്യുന്ന പ്രദേശമാണ് തലനാട്. അടുത്ത കാലംവരെ 'പൂണ്ടന്‍കിള' എന്ന രീതിയില്‍ നെല്‍കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ നെല്‍കൃഷി അന്യംനിന്നിരിക്കുന്നു. ഇടവപ്പാതി കാലത്ത് ഉരുള്‍പൊട്ടലും, കൊടുങ്കാറ്റും വന്‍തോതില്‍ കൃഷിനാശമുണ്ടാക്കാറുണ്ട്.

ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ തലനാട് പ്രദേശത്ത് മലനാട്ടില്‍ പൊതുവേ കാണപ്പെടുന്ന എല്ലാവിധ സസ്യങ്ങളും വളരുന്നു. ഈട്ടി, തേക്ക്, പ്ളാവ്, മാവ്, ആഞ്ഞിലി, കറവേങ്ങ, മരുത്, ആല്‍, ഇരുള്‍, പാല എന്നീ വൃക്ഷങ്ങള്‍ സമൃദ്ധമാണ്. പാറക്കെട്ടുകളില്‍ മുള, ഈറ തുടങ്ങിയ പുല്‍വര്‍ഗങ്ങള്‍ക്കാണ് മുന്‍തൂക്കം. വനങ്ങളില്‍ മാത്രം കാണപ്പെടുന്ന 86-ല്‍പ്പരം ഔഷധസസ്യങ്ങള്‍ ഇവിടെ സുലഭമാണ്. വംശനാശ ഭീഷണി നേരിടുന്ന ചെറുമൃഗങ്ങളായ കാട്ടുകോഴി, കാട്ടുപന്നി, മുള്ളന്‍പന്നി, വെരുക്, ഉടുമ്പ് എന്നിവയെക്കൂടാതെ 30-ലേറെയിനം പക്ഷികളേയും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന മീനച്ചിലാറും, പോഷകനദികളും മത്സ്യസമ്പന്നമാണ്.

സ്കൂളുകള്‍, പോസ്റ്റ് ഓഫീസ്, തലനാട് സഹകരണ ബാങ്ക്, വാണിജ്യബാങ്കുകള്‍, പാലാകാര്‍ഷികാഗ്രാമവികസന ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഈ പ്രദേശത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്.

വ്യതിരിക്തമായ സാംസ്കാരിക പൈതൃകം തലനാടിന്റെ സമ്പത്താണ്. ഖെസുപാട്ടിന്റെ ഈണത്തിലുള്ള കോല്‍ക്കളി, ഗരുഡന്‍ പറവ, മാര്‍ഗംകളി, വില്‍പ്പാട്ട്, തുമ്പിതുള്ളല്‍, തിരുവാതിരക്കളി എന്നിവയോടൊപ്പം സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന തുലാംകളിയും ഇവിടെ പ്രചാരത്തിലുണ്ട്. അയ്യമ്പാറ, ഇല്ലിക്കക്കല്ല്, മാര്‍മല അരുവി എന്നീ പ്രദേശങ്ങള്‍ക്ക് വിനോദ സഞ്ചാര പ്രാധാന്യമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍