This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തര്‍ക്കോവ്സ്കി, ആന്ദ്രേ (1932 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:12, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തര്‍ക്കോവ്സ്കി, ആന്ദ്രേ (1932 - 86)

Tarkovskii,Andrel

ആന്ദ്രേ താര്‍ക്കോവ് സ്കി

റഷ്യന്‍ ചലച്ചിത്ര സംവിധായകന്‍. 1932 ഏ. 4-ന് ജനിച്ചു. ബാല്യകാലത്ത് തര്‍ക്കോവ്സ്കിയുടെ കുടുംബം മോസ്കോയിലേക്ക് കുടിയേറി. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓറിയന്റല്‍ ലാംഗ്വേജിലാണ് ആദ്യകാല പഠനം നടത്തിയത്. പിന്നീട് മോസ്കോയിലെ ആള്‍ യൂണിയന്‍ സ്റ്റേറ്റ് സിനിമാറ്റോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര കലയെക്കുറിച്ചുള്ള ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് നിര്‍മിച്ച ഡിപ്ളോമാ ചിത്രമാണ് ദ് സ്റ്റീം റോളര്‍ ആന്‍ഡ് ദ് വയലിന്‍ (1960).

സംവിധാനരംഗത്തേക്കു കടന്നശേഷം മികച്ച ഏഴു ചലച്ചിത്രങ്ങള്‍ തര്‍ക്കോവ്സ്കി പൂര്‍ത്തിയാക്കി. ജവാന്‍സ് ചൈല്‍ഡ്ഹുഡ് (1962), ആന്ദ്രെറുബ്ളെവ് (1968), സൊളാരിസ്(1971), ദ മിറര്‍ (1974), സ്റ്റാക്കര്‍ (1976), നൊസ്റ്റാള്‍ജിയ (1982), സാക്റിഫൈസ് (1986) എന്നിവയാണ് ആ ചിത്രങ്ങള്‍. സംവിധാനത്തിനുപുറമേ, സ്കള്‍പിറ്റിങ് ഇന്‍ ടൈം, ടൈം വിതിന്‍ ടൈം-ദ ഡയറീസ് എന്നീ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായി ലഭ്യമായിട്ടുണ്ട്.

നാസികള്‍ അമ്മയെ കൊന്നതുമൂലം അനാഥനായ ഇവാന്‍ എന്ന ബാലന്റെ കഥയാണ് ഇവാന്‍സ് ചൈല്‍ഡ്ഹുഡ് എന്ന ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ജര്‍മന്‍ ആക്രമണകാരികളോട് സമരം ചെയ്യുന്ന ദേശസ്നേഹികളുമായി ചേര്‍ന്ന് യുദ്ധരംഗത്തേയ്ക്കു പോകുന്ന ഇവാന്‍ മടങ്ങിവരുന്നില്ല. തൂക്കിക്കൊലയ്ക്ക് വിധേയനാക്കപ്പെട്ടതായി പിന്നീടുള്ള ചില രേഖകള്‍ വെളിപ്പെടുത്തുന്നു. യുദ്ധത്തില്‍ ഹോമിക്കപ്പെട്ട ബാല്യത്തിന്റെ കഥ പറയുന്നതോടൊപ്പം നിലവിലിരുന്ന നായകസങ്കല്പത്തെ തര്‍ക്കോവ്സ്കി തിരുത്തുകയും ചെയ്യുന്നുണ്ട്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ ചിത്രമാണിത്.

15-ാം ശ.-ത്തില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ഒരു ചിത്രകാരന്റെ ജീവിതത്തെ ആധാരമാക്കിയാണ് ആന്ദ്രെറുബ്ളെവ് എന്ന ചലച്ചിത്രം തര്‍ക്കോവ്സ്കി രൂപപ്പെടുത്തിയത്. റുബ്ളെവിന്റെ ഒരു മികച്ച കലാസൃഷ്ടിയായ 'ത്രിമൂര്‍ത്തിയെ' ആധാരമാക്കി വ്യത്യസ്തമായ ഒരു വിലയിരുത്തലിന് സംവിധായകന്‍ ഇതില്‍ ശ്രമിച്ചിരിക്കുന്നു. വിഷാദച്ഛായയുടെ പേരിലുള്ള വിലക്കുകള്‍ മൂലം വെട്ടിമുറിക്കലുകള്‍ക്കുശേഷം കുറേ വൈകിയാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 1969-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് ഇന്റര്‍നാഷണല്‍ ക്രിട്ടിക്സ് പ്രൈസ് ലഭിച്ചു. കലയ്ക്ക് ചില സാമൂഹിക ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന സോഷ്യലിസ്റ്റ് നിലപാടിനെ ഈ ചിത്രത്തിലൂടെ തര്‍ക്കോവ്സ്കി പാടെ അവഗണിച്ചു. പ്രശസ്ത റഷ്യന്‍ ചലച്ചിത്രകാരനായ ഐസന്‍സ്റ്റീന്റെ ചിത്രങ്ങളോടാണ് പല നിരൂപകരും ഈ ചിത്രത്തെ താരതമ്യപ്പെടുത്തിയിട്ടുള്ളത്.

ആന്ദ്രേറുബ് ളെവ് എന്ന സിനിമയിലെ ഒരു രംഗം

സൊളാരിസ് എന്ന ചിത്രത്തില്‍ പോളണ്ടിലെ പ്രശസ്ത ശാസ്ത്ര കഥാകൃത്തായ സ്റ്റാസ് ലാവിന്റെ കഥയെയാണ് തര്‍ക്കോവ്സ്കി അവലംബമാക്കിയിരിക്കുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കുമപ്പുറം അതിന്റെ പ്രണേതാക്കള്‍ക്ക് അവനവനോടും അപരനോടുമുള്ള നൈതിക ബാധ്യതയെ ഈ ചിത്രം ഉയര്‍ത്തിക്കാട്ടുന്നു. ശാസ്ത്രജ്ഞനായ ക്രിസ്, അയാളുടെ ഭാര്യ ഹാരി, സഹപ്രവര്‍ത്തക എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ മിഥ്യയും യാഥാര്‍ഥ്യവും കൂട്ടിയിണക്കുന്ന സവിശേഷകലാകൗശലമാണ് സൊളാരിസില്‍ തര്‍ക്കോവ്സ്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ശാസ്ത്രസാമൂഹിക ജീവിത ബന്ധങ്ങള്‍ക്ക് നവീനവും സാരവത്തുമായ ഒരു വ്യാഖ്യാനം ഈ ചിത്രത്തിലൂടെ തര്‍ക്കോവ്സ്കി നല്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

തര്‍ക്കോവ്സ്കിയുടെ സ്വത്വം നിറഞ്ഞുനില്ക്കുന്ന ചിത്രമെന്ന് നിരൂപകര്‍ വിശേഷിപ്പിച്ച മിറര്‍ ആദ്യവസാനം അസാധാരണമായ ക്രാഫ്റ്റ് കാഴ്ചവയ്ക്കുന്നു. 'ഇതെന്റെ കഥയാണ്, ഇതെന്റെ കുമ്പസാരമാണ്'-എന്നത്രെ ഈ ചിത്രത്തെക്കുറിച്ച് തര്‍ക്കോവ്സ്കി പറഞ്ഞത്. സ്വന്തം സംഭാഷണപ്പിഴവുകളെ അതിജീവിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു ബാലന്റെ ദൃശ്യത്തോടെയാണ് മിറര്‍ ആരംഭിക്കുന്നത്. ഇവിടെ സംഭാഷണമെന്നത് സ്വാതന്ത്ര്യ പ്രഖ്യാപനമായും ആത്മാവിഷ്കാരോപാധിയായും മാറുന്നു. ഇമേജുകളെ ഇത്ര സമര്‍ഥമായി കണ്ടെത്തുന്നതിനും അവയെ കൂട്ടിയിണക്കുന്നതിനും തര്‍ക്കോവ്സ്കി കാണിച്ച ശുഷ്കാന്തി അന്യാദൃശമാണ്. സ്വന്തം പിതാവിന്റെ കവിത സ്വന്തം ശബ്ദത്തില്‍ തര്‍ക്കോവ്സ്കി തന്നെ ആലപിക്കുന്നുണ്ടെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മനുഷ്യന്റെ ആഗ്രഹങ്ങള്‍ എത്രത്തോളമാകാം എന്നും മറ്റുമുള്ള സമസ്യകളുടെ പൊരുളുകളെക്കുറിച്ചുള്ള അന്വേഷണമാണ് സ്റ്റാക്കര്‍ എന്ന ചിത്രം. എല്ലാ മോഹങ്ങളും സഫലമാക്കുന്ന 'ദ സോണി'ലേക്ക് ഒരു വഴികാട്ടി ഒരു എഴുത്തുകാരനേയും ഊര്‍ജശാസ്ത്രജ്ഞനേയും കൊണ്ടുപോകുന്നതാണ് സ്റ്റാക്കറുടെ ഇതിവൃത്തം. ശപിക്കപ്പെട്ട ഭൂമിയായ സോണില്‍ വിടരുന്ന പൂവുകള്‍ക്ക് സുഗന്ധമില്ല. ബാഹ്യാകാശത്തുനിന്നു വീണ ഏതോ ഒരു വസ്തുവിന്റെ അടയാളവും അവിടെയുണ്ട്. വളരെ വിഷമിച്ച് 'സോണി'ലെത്തിച്ചേര്‍ന്നപ്പോള്‍ തങ്ങളുടെ മോഹങ്ങള്‍ എന്തെന്ന് തിരിച്ചറിയുന്നതിനുപോലും അവര്‍ക്കു കഴിയുന്നില്ല. പ്രത്യാശ എന്നത് ബാഹ്യമായ ഒരു ശക്തിക്കും നല്കുവാനാകയില്ലെന്നും അതു മനുഷ്യനില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നതെന്നുമാണ് തര്‍ക്കോവ്സ്കി ഈ ചിത്രത്തിലൂടെ പ്രഖ്യാപിച്ചത്. ഈ ചിത്രത്തെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും അതിന്റെ സാമൂഹിക ക്രമത്തിനുമെതിരായി ഇദ്ദേഹം ഉന്നയിച്ച കലാപമായി പല നിരൂപകരും വിലയിരുത്തുന്നു.

തര്‍ക്കോവ്സ്കിയുടെ ആത്മാന്വേഷണങ്ങളാണ് നൊസ്റ്റാള്‍ജിയ, ദ് സാക്രിഫൈസ് എന്നീ ചിത്രങ്ങളിലും പ്രതിഫലിച്ചു കാണുന്നത്. മനുഷ്യന്റേയും അവന്റെ സംഘടനാരൂപങ്ങളുടേയും വികാരപരവും വിചാരപരവുമായ പ്രതിസന്ധികളെ ഒരു ചലച്ചിത്രകാരന്റെ നിലപാടില്‍ നിന്നുകൊണ്ടുള്ള കണ്ടെത്തലുകളാണ് ഈ ചിത്രങ്ങളെല്ലാം തന്നെ. ആത്മാവിഷ്കാരത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയ തര്‍ക്കോവ്സ്കി ഐസന്‍സ്റ്റീനുശേഷം റഷ്യയിലുണ്ടായ ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായി വാഴ്ത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍