This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തനാക്ക കാകുയി (1918 - 93)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തനാക്ക കാകുയി (1918 - 93)
Tanaka Kakuei
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി. ജപ്പാനിലെ അറിയപ്പെടുന്ന വ്യവസായിയായ തനാക്ക 1947-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹൌസ് ഒഫ് റെപ്രസെന്റേറ്റീവ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1918-ല്‍ നിഗാറ്റ പ്രവിശ്യയില്‍ ജനിച്ചു. ഇടയ്ക്കുവച്ച് പഠനം നിറുത്തേണ്ട ജീവിത സാഹചര്യമുണ്ടായെങ്കിലും സ്വപ്രയത്നത്തിലൂടെ ഒരു വന്‍ നിര്‍മാണക്കമ്പനിയുടെ ഉടമയായി.
1955-ല്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായി. 1957-ല്‍ കിഷി നബുസൂക്കയുടെ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ വകുപ്പുമന്ത്രിയായി അധികാരമേറ്റു. പിന്നീട് മൂന്ന് മന്ത്രിസഭകളില്‍ അംഗമായ തനാക്ക ധനകാര്യം, അന്തര്‍ദേശീയ വ്യാപാരം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1972-ല്‍ ഇദ്ദേഹം പ്രധാനമന്ത്രിയായി. 1914-നുശേഷം സര്‍വകലാശാലബിരുദമില്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു തനാക്ക. പ്രധാനമന്ത്രി ആയിരിക്കവേ ഇദ്ദേഹം ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കുകയും ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും ചെയ്തു. 1974-ല്‍ വന്‍ അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ഇദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ടതോടെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു. ലോക്ഹീഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് ഇദ്ദേഹം അനുവദിച്ച കരാറുകളില്‍ വന്‍ അഴിമതി നടന്നതായി തെളിഞ്ഞതിനെത്തുടര്‍ന്ന് 1978-ല്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. നീണ്ടുനിന്ന വിചാരണയ്ക്കുശേഷം 1983-ല്‍ കോടതി ഇദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി. അധികാരത്തില്‍ നിന്നും പടിയിറങ്ങിയെങ്കിലും 1985-ല്‍ രോഗാതുരനാകുന്നതുവരെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇദ്ദേഹം നിര്‍ണായക ഘടകമായി തുടര്‍ന്നിരുന്നു.
1993 ഡി. 16-ന് ടോക്യോയില്‍ അന്തരിച്ചു.