This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപകടങ്ങള്‍, വ്യവസായങ്ങളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:28, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അപകടങ്ങള്‍, വ്യവസായങ്ങളില്‍

വ്യവസായസ്ഥാപനങ്ങളില്‍ ജോലിയില്‍ വ്യാപൃതരായിരിക്കെ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍. വ്യവസായ വിപ്ളവാനന്തരം പാശ്ചാത്യനാടുകളില്‍ തൊഴിലാളിക്ഷേമം ആധുനികജനതയുടെ പരിഗണനയെ ക്രമാതീതമായി ആകര്‍ഷിക്കുവാന്‍ തുടങ്ങി. തൊഴിലാളിയുടെ ആരോഗ്യവും തൊഴില്‍സൌകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഗവണ്‍മെന്റുതലത്തിലും മറ്റു സാമ്പത്തികസാമൂഹികതലങ്ങളിലും വിവിധ സംഘടനകള്‍ രൂപംകൊള്ളുകയുണ്ടായി. അപകടങ്ങളുടെ സാധ്യത, നിവാരണം എന്നിവയെപ്പറ്റി വസ്തുനിഷ്ഠമായി പഠിക്കുവാനും വിലയിരുത്തുവാനും പഠനഫലങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനുമായി ശ്രദ്ധേയമായ ചില ഉദ്യമങ്ങള്‍ നടന്നിട്ടുണ്ട്. നിവാരണമാര്‍ഗങ്ങളെ മുന്‍നിറുത്തി വികസിതരാജ്യങ്ങളില്‍ ദേശീയതലത്തിലും വ്യക്തിപരമായ മേല്‍നോട്ടത്തിലുമായി പല സംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു. യു.എസ്സിലെ 'നാഷണല്‍ സേഫ്റ്റി കൌണ്‍സില്‍' ഇതിനു ദൃഷ്ടാന്തമാണ്.

അപകടങ്ങളില്‍പ്പെട്ട് യാതന അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിന് പല രാഷ്ട്രങ്ങളിലും പ്രത്യേക നിയമനിര്‍മാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാലാകാലങ്ങളില്‍ നിയമസാധുത കൈവരിക്കുന്ന സംരക്ഷണനടപടികള്‍ക്ക് നിയമപണ്ഡിതന്മാര്‍ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളും നല്കിവരുന്നുണ്ട്. ആകയാല്‍ അവയുടെ അര്‍ഥവിവേചനത്തിന് വളരെ പ്രാധാന്യമുണ്ടെന്നുവരുന്നു. ഗ്രേറ്റ് ബ്രിട്ടനിലും യു.എസ്സിലും ആദ്യകാലങ്ങളില്‍ രൂപവത്കരിച്ചിട്ടുള്ള ഇത്തരം നഷ്ടപരിഹാരനിയമാവലി പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ മധ്യേ പറ്റുന്ന അപകടം വരുത്തുന്ന പരിക്കുകള്‍ക്ക് ശുശ്രൂഷയും തന്മൂലമുണ്ടാകുന്ന അവശതകള്‍ക്ക് പരിഹാരവും ഉറപ്പുവരുത്തിയിരുന്നു. അപകടം ആകസ്മികമായിത്തന്നെ സംഭവിച്ചതാകണമെന്ന് ഊന്നിപ്പറഞ്ഞിരുന്നു. കാലക്രമത്തില്‍ ഇതുസംബന്ധമായ വിധിയെഴുത്തുകളില്‍ പല അനീതികളും വൈരുധ്യങ്ങളും കടന്നുകൂടി. അവശതയുടെ സ്വഭാവവും വിശേഷിച്ചും അതുമൂലം വന്നുപെടാവുന്ന രോഗങ്ങളുടെ സ്വരൂപവും കൂടുതല്‍ വ്യക്തമായിത്തുടങ്ങിയപ്പോള്‍ മേല്പറഞ്ഞ പ്രവണതയ്ക്കു ആക്കംകൂടി. വ്യവസായത്തിലെ അപകടം എന്ന പ്രയോഗം 'തൊഴിലില്‍ വ്യാപരിക്കുന്നതില്‍നിന്നുതന്നെ ഉത്പന്നമാകുന്ന അവശത' എന്ന് വ്യക്തമായ ശൈലിയില്‍ ഇന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്യ്രത്തിനുശേഷം ഇന്ത്യയില്‍ വ്യവസായരംഗം ദൂരവ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങളും വിപുലമായ സാങ്കേതികവിദ്യയും ലോകത്തെവിടെയും എന്നപോലെ ഇന്ത്യയിലും വ്യവസായരംഗത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പരിസരദൂഷണവും അന്തരീക്ഷ മലിനീകരണവും ഇവിടെയും വലിയൊരു ശാപമായി മാറിയിരിക്കുകയാണ്.

ഇന്ത്യയില്‍ സ്വാതന്ത്യ്രത്തിനുമുന്‍പ് അപകടനിരക്ക് 70 ശ.മാ. വരെയായിരുന്നുവെങ്കില്‍, ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെയും തൊഴിലാളി രക്ഷാ സംവിധാനങ്ങളുടെയും ഫലമായി ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വന്‍തോതിലുള്ള യന്ത്രവത്കരണം, റോബോട്ടുകളുടെ ഉപയോഗം, അപകടസാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കി പ്രതിരോധ-രക്ഷാകവചങ്ങള്‍ ആവിഷ്ക്കരിക്കല്‍ തുടങ്ങിയ നടപടികള്‍ മൂലം തൊഴില്‍ മേഖലയെ ഒരു പരിധിവരെ അപകടമുക്തമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

1923-ല്‍ നിലവില്‍ വന്ന 'വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് അപകടത്തിനിരയാകുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം നല്കുന്നത്. 1910-ലെ ഇന്ത്യന്‍ വൈദ്യുതി നിയമവും 1948-ലെ ഇന്ത്യന്‍ ഫാക്ടറി നിയമവും പെട്രോളിയം നിയമാവലി, ഗ്യാസ് സിലിണ്ടര്‍ നിയമാവലി എന്നിവയും തൊഴിലാളി സംരക്ഷാപരമായ നടപടികളെ ഊന്നിപ്പറയുന്നുണ്ട്. മുതലുടമകളും അവരുടേതായ നിയമങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. പരുക്കേറ്റ തൊഴിലാളികളുടെ ശുശ്രൂഷയും നഷ്ടപരിഹാരമാര്‍ഗങ്ങളും സംബന്ധിച്ച് ശ്രദ്ധേയമായ നിലയില്‍ വ്യവസായരംഗത്ത് സംഘടനകള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും രൂപം കൊടുക്കേണ്ടതുണ്ട്. തൊഴിലില്‍ മുഴുകുമ്പോള്‍ അപകടനിവാരണാര്‍ഥം കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. തൊഴിലാളിക്കും കമ്പനിക്കും വ്യവസായത്തിനുപൊതുവെയും ഉണ്ടാകുന്ന നഷ്ടവും പരിഗണനാര്‍ഹമാണ്. ഇതുവഴി ദേശീയനഷ്ടവും വന്‍തോതില്‍ ഉണ്ടാകുന്നു.

ലോകരാജ്യങ്ങളിലെ തൊഴില്‍ സുരക്ഷാസംവിധാനങ്ങള്‍ക്കും നിയമാവലികള്‍ക്കും രൂപം നല്കുന്നതിനും അന്താരാഷ്ട്ര തൊഴില്‍ സംഘടന നേതൃത്വപരമായ പങ്കുവഹിക്കുന്നു. കാലികമായി നടത്തുന്ന വ്യാവസായികസംരക്ഷണസര്‍വേ, ഗവണ്‍മെന്റുകളുടെ ഗവേഷണപരമ്പര എന്നതെല്ലാം ഇതിന്റെ ഭാഗമാകുന്നു. വിവിധരാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന അപകടസംബന്ധിയായ സ്ഥിതിവിവരങ്ങള്‍ പഠനവിധേയമാക്കി, അവയെപ്പറ്റി പുനര്‍വിചിന്തനം നടത്തി വിജ്ഞാനപ്രദമായ നിഗമനങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുന്നു.

(എം.കെ.കെ. നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍