This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തച്ചോളി ഒതേനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:20, 20 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തച്ചോളി ഒതേനന്‍

വടക്കന്‍ പാട്ടുകളിലെ ഒരു ധീരനായകന്‍. ഇന്നേക്ക് 400 വര്‍ഷ ങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. 'കടത്ത നാട്ടെ സിംഹം' എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഒതേനന്‍ (ഉദയനന്‍) കടത്തനാട്ട് വടകരയ്ക്കടുത്ത പുതുപ്പണം അംശത്തില്‍ തച്ചോളി മാണിക്കോത്ത് എന്ന പ്രസിദ്ധ നായര്‍ തറവാട്ടിലാണ് ജനിച്ചത്. കടത്തനാട്ടെ ഒരു മുഖ്യ ദേശവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോരായിരുന്നു പിതാവ്. മാതാവ് ഉപ്പാട്ടിയും.

ഒതേനന്‍ ജനിക്കുന്നതിനു മുമ്പുതന്നെ മാണിക്കോത്തു ഭവനം അധോഗതിയിലായിരുന്നു. കേളികേട്ട കുറുപ്പന്മാരെല്ലാം പടവെട്ടിയും കായികക്കരുത്തു പ്രകടിപ്പിച്ചും മണ്‍മറഞ്ഞുപോയി. അവശേഷിച്ച ഉപ്പാട്ടിയെ തറവാട്ടിലെ വിശ്വസ്തദാസിയായി വളര്‍ത്തി. മാണിക്കോത്തെ കുലഗുരുവായ മതിലൂര്‍ ഗുരുക്കളുടെ കീഴില്‍ ഉപ്പാട്ടി കളരിവിദ്യകള്‍ അഭ്യസിച്ചു. കടത്തനാട്ടെ നാടുവാഴിയായ പുതുപ്പണത്തു വാഴുന്നോര്‍ ഒരു ദിവസം മാണിക്കോത്തു ഭവനത്തില്‍ എത്തുകയും ഉപ്പാട്ടിയുമായി ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അന്നു മുതല്‍ പുതുപ്പണത്തു വാഴുന്നോര്‍ മാണിക്കോത്തെ സന്ദര്‍ശകനായി. അങ്ങനെ വാഴുന്നോരില്‍നിന്നും കോമപ്പന്‍, ഒതേനന്‍, ഉണ്ണിച്ചിരുത എന്നിങ്ങനെ മൂന്ന് മക്കള്‍ ഉപ്പാട്ടിക്കുണ്ടായി. ഉപ്പാട്ടിയുടെ ദാസിയായ കണ്ടഞ്ചേരി മാക്കവും വാഴുന്നോരുമായുണ്ടായ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചു. ചാപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ കുട്ടി ഒതേനന്റെ ഉറ്റ കളിത്തോഴനായിരുന്നു. ഒതേനനെ സര്‍വകാര്യങ്ങളിലും സഹായിച്ചിരുന്നതും ഉപദേശിച്ചിരുന്നതും ചാപ്പന്‍ തന്നെയായിരുന്നു.

ബാല്യകാലത്ത് ഒരു ദിവസം പിതാവിനെ കാണണമെന്ന നിര്‍ബന്ധബുദ്ധിയോടെ കളരിയില്‍നിന്ന് മടങ്ങിവരുംവഴിക്ക് ഒതേനന്‍ വാഴുന്നോരുടെ കോവിലകത്തു ചെന്നു. കുളത്തില്‍ പോയി കുളിക്കാമെന്നു കരുതി അവിടെ ചെന്നപ്പോള്‍ വാഴുന്നോരുടെ ഭാര്യ ദാസിമാരുമായി കുളിക്കുന്നതാണു കണ്ടത്. ഒട്ടും കൂസാതെ ഒതേനന്‍ കുളത്തില്‍ ചാടി കുളി തുടങ്ങി. ചേറും വെള്ളവും മേലില്‍ തെറിച്ച ദേഷ്യത്തില്‍ വാഴുന്നോരുടെ ഭാര്യ ഒതേനനെ ആട്ടിപ്പുറത്താക്കാന്‍ ഭൃത്യന്മാരോടാവശ്യപ്പെട്ടു. ഒതേനന്‍ പിന്മാറാന്‍ തയ്യാറായില്ല. കോവിലകത്ത് ബഹളമായി. ഒടുവില്‍ ഒതേനന്‍ കുളിയും കഴിഞ്ഞ് കോവിലകത്തു ചെന്ന് അച്ഛന്‍ വാഴുന്നോരെ കാണണമെന്നു ശഠിച്ചു. വാഴുന്നോര്‍ പരിഭ്രമത്തോടും ലജ്ജയോടുംകൂടി മുകളില്‍നിന്ന് ഇറങ്ങിവന്ന് മകനെ എടുത്തു ചുംബിച്ച് സമ്മാനവും കൊടുത്തു മടക്കി അയച്ചു. അന്നു മുതലാണ് ഒതേനന്റെ പിതൃത്വത്തിന് സമൂഹത്തിന്റെ അംഗീകാരം ലഭിച്ചത്.

ഒതേനന്റെ കൗമാരകാലത്തുതന്നെ മാതാപിതാക്കള്‍ ചരമമടഞ്ഞു. ഒതേനന് ഒരു സ്വര്‍ണനൂലും ദിവ്യൗഷധം നിറച്ച ഒരു രക്ഷായന്ത്രവും അന്ത്യകാലത്ത് പിതാവ് സമ്മാനിച്ചു. അവ ധരിക്കുന്നവരുടെ ദേഹത്ത് ആയുധപ്രയോഗങ്ങള്‍ ഒന്നും ഏല്ക്കുകയില്ലെ ന്നായിരുന്നു വിശ്വാസം. ആയുധാഭ്യാസവുമായി ബന്ധപ്പെട്ട പതിനെട്ടടവും പഠിച്ചു. മയ്യഴി അങ്കക്കളരിയിലും തുളുനാട്ടിലും മറ്റു പല പ്രസിദ്ധ കളരികളിലും പോയി കളരിവിദ്യയുടെ എല്ലാ വശങ്ങളും ഒരു യുദ്ധവീരനുവേണ്ട യോഗ്യതകളും സ്വായത്തമാക്കി.

ഒതേനനും ഉറ്റതോഴനായ ചാപ്പനും കൂടി വയല്‍ വരമ്പിലൂടെ നടന്നു പോകുമ്പോള്‍ എതിരെ പയ്യനാടന്‍ ചിണ്ടന്‍ നമ്പ്യാരും ശിഷ്യന്മാരും വരുന്നുണ്ടായിരുന്നു. വഴി മാറാത്തതിനെ ചൊല്ലി ഇരുകൂട്ടരും വാഗ്വാദമായി. യോഗ്യത നിര്‍ണയിക്കുന്നതിനായി അന്നത്തെ നാട്ടുനടപ്പനുസരിച്ച് 'പൊന്നിയത്തങ്കക്കളരിയില്‍' ദ്വന്ദ്വ യുദ്ധത്തിനു തയ്യാറായിക്കൊള്ളണമെന്നു പറഞ്ഞ് ചിണ്ടന്‍നമ്പ്യാര്‍ യാത്രയായി. രണശൂരനായ ചിണ്ടന്‍ നമ്പ്യാരോട് മാപ്പു പറയാന്‍ കോമപ്പന്‍ ഒതേനനെ ഉപദേശിച്ചു. ഒരു ചെറിയ പെട്ടിയില്‍ ആമാടയും നിറച്ച് കാഴ്ചവയ്ക്കാനായി ഒതേനന്റെ കൈയില്‍ കൊടുത്തു. ജേഷ്ഠന്റെ കല്പന അനുസരിക്കണമല്ലോ എന്നു കരുതി മനസ്സില്ലാമനസ്സോടെ പെട്ടിയും വാങ്ങി ഒതേനന്‍ ചിണ്ടന്‍ നമ്പ്യാരുടെ മയ്യഴി അങ്കക്കളരിയിലെത്തി. നമ്പ്യാര്‍ ഒതേനനെ കണ്ട ഭാവം നടിച്ചില്ല. ഒതേനന്‍ പെട്ടിയും എടുത്ത് ഒരു ചാട്ടംചാടി നമ്പ്യാരുടെ കാല്‍ക്കല്‍ വീണ് ക്ഷമിക്കണം എന്നു പറഞ്ഞ് പിന്‍വാങ്ങുവാന്‍ ഭാവിച്ചു. മുറുക്കിയിരുന്ന നമ്പ്യാര്‍ ഒതേനന്റെ മുഖത്തേക്കു തുപ്പുകയും കാല്‍കൊണ്ട് പെട്ടി തട്ടിനീക്കുകയും ചെയ്തു. അപമാനിതനായ ഒതേനന്റെ ഹൃദയം വെന്തുനീറി. പ്രതികാരം ചെയ്യാതെ തറവാട്ടില്‍ കാലെടുത്തുവയ്ക്കുകില്ലെന്ന് ശപഥം ചെയ്ത് കുലദേവതയെ ഭജിക്കാനായി ലോകനാര്‍കാവിലേക്കു തിരിച്ചു നടന്നു.

പ്രാര്‍ഥനകഴിഞ്ഞ് ഒതേനന്‍ പോയത് പ്രസിദ്ധ പടവെട്ടുകാര നായ പയ്യംവെള്ളി ചന്തുക്കുറുപ്പിന്റെ വീട്ടിലേക്കാണ്. അദ്ദേഹം ഒതേനന്റെ വിശ്വസ്ത മിത്രവും ഉപദേഷ്ടാവുമായിരുന്നു. പൂഴിക്കടകനടിയും ചുവടും അഭ്യസിപ്പിക്കണമെന്ന് ഒതേനന്‍ ചന്തുവിനോടപേക്ഷിക്കുകയും പിതൃസ്വത്തായി ലഭിച്ച ആ ദിവ്യോപദേശം ചന്തു നല്കുകയും ചെയ്തു. ചിണ്ടന്‍ നമ്പ്യാരുമായുള്ള ഏറ്റുമുട്ടലിന്റെ അവസാനഘട്ടത്തില്‍ പരിക്ഷീണനായ ഒതേനന്‍ പൂഴിക്കടകനടി പ്രയോഗിച്ചു. ചിണ്ടന്‍ നമ്പ്യാരുടെ മാറില്‍ കയറി ഉറുമിവാള്‍ ഊരിയെടുത്ത് തലവെട്ടി മാറ്റി. അതിനുശേഷമാണ് ആ ധീരന്‍ മാണിക്കോത്തു ഭവനത്തില്‍ കാലെടുത്തുവച്ചത്.

സാമൂതിരിപ്പാട് തന്റെ സൈന്യത്തലവന്മാരെ ജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതാണെന്ന് കടത്താനാട്ടെ രാജാവിനെ അറിയിച്ചതനുസരിച്ച് ഒതേനനെ സാമൂതിരി കോവിലകത്തേക്കയച്ചതും പടയാളികളെയെല്ലാം തറപറ്റിച്ച ഒതേനന്‍ വലിയ സമ്മാനങ്ങളു മായി തിരികെവന്നതും ഈ സംഭവത്തെ തുടര്‍ന്നാണ്.

ഒരിക്കല്‍ ഒരു നായര്‍ സ്ത്രീയെ സ്വന്തമാക്കാനാഗ്രഹിച്ച് അവളെ ബലാത്ക്കാരമായി പിടിച്ചുകൊണ്ടുപോകുവാന്‍ ശ്രമിച്ച കുഞ്ഞാലിമരയ്ക്കാരുടെ നെഞ്ചില്‍ കയറിയിരുന്ന് ഇനി ഹിന്ദു സ്ത്രീകളെ ഒരിക്കലും കാമിക്കയില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ഒതേനന്‍ ശപഥം ചെയ്യിച്ചതും അക്കാലത്തെ ഒരു ധീരകൃത്യമാണ്.

ലോകനാര്‍ കാവിന്റെ വടക്കുഭാഗത്ത് കാവില്‍ ചാത്തോത്തു മാധവിയമ്മയുടെ മകള്‍ ചീരുവിനെയാണ് ഒതേനന്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ചില പ്രതിബന്ധങ്ങള്‍ ഉണ്ടായെങ്കിലും ചാപ്പന്റെ നയചാതുര്യത്താലും സാമര്‍ഥ്യത്താലും അവ മാറുകയാണുണ്ടായത്.

വയനാട്ടിലെ പുന്നോറാന്‍ കേളപ്പന്റെ കോട്ടയെപ്പറ്റി കേട്ടറിഞ്ഞ ഒതേനന്‍ അതു കാണാനായി പുറപ്പെട്ടു. രാത്രിയുടെ മറവില്‍ കോട്ടയ്ക്കകത്തു കടന്ന ഒതേനനെ കേളപ്പന്‍ തടങ്കലിലാക്കി. വിവരമറിഞ്ഞ ചാപ്പന്‍ ഒരു യോഗിയുടെ വേഷം ധരിച്ച് കോട്ടയ്ക്കുള്ളില്‍ കടക്കുകയും കേളപ്പനെ സന്ദര്‍ശിച്ച് അദ്ദേഹത്തില്‍ വിശ്വാസം ജനിപ്പിക്കുകയും ചെയ്തു. ഒതേനനെ തൂക്കിക്കൊല്ലാനായിരുന്നു കേളപ്പന്റെ വിധി. തൂക്കിലേറ്റുന്നുതിനു മുമ്പ് കുടിനീര്‍ ആവശ്യപ്പെട്ട ഒതേനന് യോഗി ഒരു കുമ്മട്ടിക്കായും (കാട്ടുവെള്ളരിക്കായ്) കത്തിയും നല്കി. കുമ്മട്ടിക്കായ് തുരന്ന് ഒതേനന്‍ അതിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഉറുമി കൈക്കലാക്കി കേളപ്പന്റെ സൈന്യത്തെ നേരിട്ടു. ഈ സമയത്ത് കടത്തനാട്ടു നിന്നെത്തിയ യോദ്ധാക്കള്‍ കേളപ്പന്റെ സൈന്യത്തെ അടിച്ചമര്‍ത്തി കോട്ടയും കിടങ്ങും കൈവശപ്പെടുത്തി. കേളപ്പന്റെ തല ഒതേനന്‍ വെട്ടിമാറ്റുകയും ചെയ്തു.

ലോകനാര്‍ കാവിലെ ഉത്സവത്തിന് ഒതേനന്റെ മനോഹരമായ പന്തല്‍ ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചു. അഭ്യാസികളില്‍ അഗ്രേസരനായിരുന്ന കതിരൂര്‍ ഗുരുക്കളും ശിഷ്യന്മാരും പന്തലി ലെത്തി. ഒതേനനെ അധിക്ഷേപച്ചതിനെത്തുടര്‍ന്ന് ഇരുകൂട്ടരും അങ്കം കുറിച്ചു. ഒതേനന്റെ സര്‍വവിധ അഭ്യുദയങ്ങള്‍ക്കും കാരണം വാഴുന്നോര്‍ നല്കിയ പൊന്‍നൂലും രക്ഷായന്ത്രവും ആണെന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. ഒതേനനെ തോല്പിക്കാനായി അവ അദ്ദേഹത്തിന്റെ ദേഹത്ത് നിന്നു മാറ്റാന്‍ ശത്രുക്കള്‍ ഗൂഢാലോചന നടത്തി. കുഞ്ഞിത്തേയി എന്ന ദാസിയുടെ സഹായത്തോടെ അവര്‍ അത് സാധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഒതേനനെ എല്ലാവരും ചേര്‍ന്ന് അകത്തിട്ടു പൂട്ടി താക്കോല്‍ കുങ്കമ്മയെ ഏല്പിച്ചിട്ടാണ് പടയ്ക്കു പുറപ്പെട്ടത്. എങ്കിലും, ഒതേനന്‍ കുങ്കമ്മയെ സ്വാധീനിച്ച് പുറത്തുചാടി പടക്കളത്തിലെത്തി. കതിരൂര്‍ ഗുരുക്കളെ മറിച്ചിട്ട് തലവെട്ടി ദൂരെയെറിഞ്ഞു. കാണികള്‍ ഏവരും ഒതേനന്റെ പേര്‍ ചൊല്ലി ആര്‍ത്തു വിളിച്ചു.

കളരിയില്‍ നിന്നു മടങ്ങുമ്പോള്‍ തന്റെ മറന്നുവച്ച കഠാരി എടുക്കാനായി ഒതേനന്‍ തിരികെപ്പോയി. പൊന്നിയത്തുപാലം കടക്കുമ്പോള്‍ ഒരുണ്ട വന്ന് നെറ്റിത്തടത്തില്‍ കൊണ്ടു. ഒളിവെടിവച്ച ആ അക്രമി എവിടെനിന്നോ വന്ന ഒരു ശരം ഏറ്റ് നിലത്തുവീണു. കതിരൂര്‍ ഗുരുക്കളുടെ ചങ്ങാതിയായ ഒരു മാപ്പിളയാണ് ഒതേനനു നേരെ നിറയെഴിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയവര്‍ ഒതേനനെ താങ്ങിയെടുത്തു. സ്വന്തം അരയില്‍ തപ്പിനോക്കിയപ്പോഴാണ് നൂലും ഏലസ്സും നഷ്ടപ്പെട്ട വിവരം ഒതേനന്‍ അറിയുന്നത്. അപ്പോഴേക്കും മരണം ആസന്നമായിക്കഴിഞ്ഞിരുന്നു.

മലനാടിന്റെ മാനത്തിനു വേണ്ടി ജീവിച്ച് നാട്ടുകാര്‍ക്കുവേണ്ടി മരിച്ച ഒരു ധീരകേസരിയായിരുന്നു തച്ചോളി ഒതേനന്‍. സമ സൃഷ്ടിസ്നേഹം അദ്ദേഹത്തിന്റെ ഒരു വിശിഷ്ടഗുണമായിരുന്നു. എല്ലാ സമുദായക്കാരും അദ്ദേഹത്തിന് ഒന്നുപോലെയായിരുന്നു. പടവെട്ടാന്‍ മാത്രമല്ല പരമാവധി ക്ഷമിക്കാനും കഴിഞ്ഞിരുന്നു ആ പടനായകന്. ഒതേനന്‍ ആജീവനാന്തം ലോകനാര്‍കാവിലെ ഭഗവതിയുടെ ദാസനായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍