This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കമത്സുക ശവകുടീരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തക്കമത്സുക ശവകുടീരം
Takamatzuka tomb
ജപ്പാനിലെ അസുക്കയിലുള്ള ശില്പകലാവൈശിഷ്ട്യമുള്ള ശവകുടീരം. 1972-ല്‍ നാറ കഷിവാറ പുരാവസ്തു ഗവേഷണ കേന്ദ്രമാണ് ഇതു കണ്ടെത്തിയത്. 5 മീ. ഉയരവും 18 മീ. വ്യാസവുമുള്ള ഇതിന്റെ ഉള്ളിലായി 2.6 മീ. നീളവും ഒരു മീറ്റര്‍ വീതിയും 1.1 മീ. ഉയരവുമുള്ള ഒരു കല്ലറ കാണുന്നു. നാല്പതു വയസ്സുള്ള ഒരു പുരുഷന്റെ മൃതശരീരം ഇതില്‍ അടക്കം ചെയ്തിട്ടുള്ളതായി ഇവിടെ നിന്നു ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. മൃതശരീരത്തോടൊപ്പം പരമ്പരാഗതമായി അടക്കം ചെയ്യാറുള്ള ചൈനീസ് മുന്തിരി, പിച്ചളക്കണ്ണാടി, വെള്ളി ആഭരണങ്ങള്‍, മുത്തുകള്‍ എന്നിവയും ഇവിടെനിന്നു ലഭിക്കുകയുണ്ടായി. കിഴക്കും പടിഞ്ഞാറും ചുവരുകളില്‍ അതിമനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ഓരോ വശത്തും നാല് ആള്‍രൂപങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ സ്ത്രീകളെ വടക്കേയറ്റത്തും പുരുഷന്മാരെ തെക്കേയറ്റത്തുമാണ് വരച്ചിട്ടുള്ളത്. കിഴക്ക് വ്യാളീ രൂപവും പടിഞ്ഞാറ് കടുവയുടെ രൂപവും കാണാം. മുകള്‍ത്തട്ടിന്റെ അടി ഭാഗത്തായി 72 ചുവന്ന പുള്ളികള്‍ കാണുന്നു. ഇവയില്‍ ചിലതില്‍ സ്വര്‍ണം പതിച്ചിട്ടുണ്ട്. ആള്‍രൂപങ്ങളുടെ വേഷവിധാനം സൂയി വംശ കാലത്തെ ചൈനയിലേതിനോടും കൊറിയന്‍ ശൈലിയോടും ബന്ധമുള്ളതാണ്. സ്ത്രീകള്‍ക്ക് ജാക്കറ്റും ഞൊറികളുള്ള പാവാടയുമാണ് വേഷം. പുരുഷന്മാര്‍ അയഞ്ഞ, നീണ്ട കുപ്പായവും ട്രൌസറുമാണ് ധരിച്ചിട്ടുള്ളത്. കുന്തങ്ങള്‍, വട്ടവിശറി എന്നിങ്ങനെ ചൈനീസ് ശൈലിയിലുള്ള മറ്റു പലതും ഈ ചിത്രത്തിലുണ്ട്. തക്കേച്ചി എന്ന നാല്പതാമത്തെ ചക്രവര്‍ത്തിയുടെ മകന്റെ ശവകുടീരമായിട്ടാണ് ചരിത്രകാരന്മാര്‍ ഇതിനെ കാണുന്നത്. പശ്ചിമേഷ്യയില്‍ നിലവിലുണ്ടായിരുന്ന അന്തര്‍ദേശീയ കലാശൈലിയുടെ മികച്ച മാതൃകകളിലൊന്നായി കലാലോകം ഇതിനെ അനുസ്മരിക്കുന്നു.