This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രയര്‍, കോള്‍ തിയൊഡോര്‍ (1889 - 1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡ്രയര്‍, കോള്‍ തിയൊഡോര്‍ (1889 - 1968)
Dreyer,Carl Theodor
ഡാനിഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും. കോപ്പന്‍ഹേഗനില്‍ ജനിച്ച ഡ്രയര്‍ വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തകനായും പിയാനോവാദകനായും സേവനമനുഷ്ഠിച്ചു. ചലച്ചിത്രനിരൂപണം നടത്തിയിരുന്ന ഡ്രയര്‍ തിരക്കഥാകൃത്തായിട്ടാണ് 1912-ല്‍ രംഗപ്രവേശം നടത്തിയത്. 1919-ല്‍ സംവിധായകന്റെ വേഷമണിയുകയും ദ് പാഴ്സണ്‍സ് വിഡോ എന്ന കോമഡി ചിത്രം തയ്യാറാക്കുകയും ചെയ്തു. എങ്കിലും 1927-ല്‍ പ്രദര്‍ശിപ്പിച്ച ദ് പാഷന്‍ ഒഫ് ജോണ്‍ ഒഫ് ആര്‍ക്ക് (La Passion de Jeanne d'Arc 1928) എന്ന ചലച്ചിത്രത്തിലൂടെയാണ് ഡ്രയറിന്റെ പ്രശസ്തി പെട്ടെന്നുയര്‍ന്നത്. ദേശാന്തരീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്. ജോണ്‍ ഒഫ് ആര്‍ക്കിന്റെ വിചാരണയും വീരകൃത്യവും ഹൃദയാവര്‍ജകമായി ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രം ഒരു മാസ്റ്റര്‍പീസായി പുകഴ്ത്തപ്പെട്ടുവെങ്കിലും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.
1932-ല്‍ ഡ്രയറിന്റെ ജര്‍മന്‍-ഫ്രഞ്ച് സംരംഭമായ വാസയര്‍ എന്ന ചലച്ചിത്രം ഫാന്റസിയുടേയും റിയലിസത്തിന്റേയും ഒരു വിചിത്ര സങ്കരമായിരുന്നു. മറക്കാനാവാത്ത പല രംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ചലച്ചിത്രവും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്. ആധുനികകാലത്ത് സൂപ്പര്‍ നാച്വറല്‍ സിനിമകള്‍ക്കിടയിലെ ഒരു ക്ളാസ്സിക്കായി ഈ ചിത്രം കരുതപ്പെടുന്നു. 1943-ല്‍ പുറത്തുവന്ന ഡേ ഒഫ് റാത്ത് എന്ന ചിത്രം ഏറ്റവുമധികം പ്രചാരം നേടി. ഡെന്മാര്‍ക്കിനെ ആക്രമിച്ച നാസികളെ പ്രതീകാത്മകമായി വിമര്‍ശിക്കുന്ന ഒരു ചിത്രമാണിത്. മതപരമായ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഓര്‍ഡെറ്റ് (order) എന്ന ചലച്ചിത്രം 1955-ല്‍ റിലീസ് ചെയ്തു. പ്രേമകഥയായ ഗെര്‍ട്രൂഡ് (1966) ആണ് അവസാനമായി സംവിധാനം ചെയ്തത്. മനശ്ശാസ്ത്രപരമായ സങ്കീര്‍ണതകളില്‍ വ്യാപരിച്ച ഒരു സംവിധായകനായിരുന്നു ഡ്രയര്‍. 1968-ല്‍ ഇദ്ദേഹം അന്തരിച്ചു.