This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യാവസ്ഥാസിദ്ധാന്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:42, 7 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.253 (സംവാദം)

അന്ത്യാവസ്ഥാസിദ്ധാന്തം

ഋരെവമീഹീഴ്യ

മനുഷ്യന്‍, ചരിത്രം, പ്രപഞ്ചം എന്നിവയുടെ അന്ത്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ദര്‍ശനശാഖ. എല്ലാ മതദര്‍ശനങ്ങള്‍ക്കും പ്രത്യേകം അന്ത്യാവസ്ഥാസിദ്ധാന്തങ്ങളുണ്ട്. ഇവയെ വ്യക്തികളുടെ അന്ത്യവും മരണാനന്തരസ്ഥിതിയും പ്രതിപാദിക്കുന്ന വ്യക്തിപരമായ സിദ്ധാന്തങ്ങളെന്നും മാനവരാശി, വിശ്വം എന്നിവയുടെ അന്ത്യത്തെ പരാമര്‍ശിക്കുന്ന സാര്‍വത്രിക സിദ്ധാന്തങ്ങളെന്നും തരംതിരിക്കാം. ആവര്‍ത്തിക്കപ്പെടുന്നതോ അല്ലാത്തതോ ആയി അന്ത്യത്തെ സങ്കല്പിക്കുന്നതനുസരിച്ച് നിത്യാന്ത്യാവസ്ഥാ സിദ്ധാന്തവും ചരിത്രാന്ത്യാവസ്ഥാസിദ്ധാന്തവും ഉണ്ട്.

നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ എല്ലാ പ്രാകൃതവര്‍ഗക്കാരും മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നു. ഈ ജീവിതത്തോട് സദൃശവും ഭൂമിയിലെ ധാര്‍മികജീവിതത്തിന് അനുസൃതവുമായിരിക്കും മരണാനന്തരാവസ്ഥ. ഈ പ്രപഞ്ചം അവസാനിക്കുമെന്നും പുതിയൊരു പ്രപഞ്ചം ഉണ്ടാകുമെന്നും പല പ്രാകൃതവര്‍ഗക്കാരും വിശ്വസിക്കുന്നു. മരിച്ചവര്‍ അബോധാവസ്ഥയില്‍ 'അറാല്ലു' എന്ന സ്വപ്നലോകത്ത് കഴിയും എന്ന് മെസപ്പൊട്ടേമിയരും മരണശേഷം മനുഷ്യര്‍ ഒസീരിസ്ദേവന്റെ മുന്‍പിലെത്തും എന്ന് ഈജിപ്തുകാരും വിശ്വസിച്ചിരുന്നു. നന്മ തിന്‍മകളുടെ അളവനുസരിച്ച് അവര്‍ക്ക് ശിക്ഷയോ സമ്മാനമോ ലഭിക്കുന്നു. ദുഷ്ടര്‍ അഗ്നികുണ്ഡത്തിലെറിയപ്പെടുന്നു. സ്വര്‍ഗജീവിതം ഭൂമിയിലെ ജീവിതത്തോട് സദൃശമാണ്.

ഗ്രീക്-റോമാസിദ്ധാന്തം. മരിച്ചവര്‍, ഹൈഡേസ് (വമറല) എന്ന മൃതരുടെ ലോകത്ത് കഴിയുന്നു. (പരലോകത്തിന്റെ ദേവതയുടെ പേരായിരുന്നു, ഹൈഡേസ് എന്നത്. പിന്നീട് അതു മൃതരുടെ ലോകത്തിന്റെ പേരായി മാറി.) ചില ധീരപുരുഷന്മാര്‍ മാത്രം എലീസിയ (ഋഹ്യശെമ) എന്ന സ്വര്‍ഗത്തിലെത്തുന്നു. ദുഷ്ടര്‍ ടാര്‍ടറസ് (ഠമൃമൃൌേ) എന്ന നരകത്തില്‍ അടയ്ക്കപ്പെടുന്നു. ഓര്‍ഫിക്ക് (ഛൃുവശര) വിശ്വാസപ്രകാരം മരണാനന്തരം വിധിയും ശിക്ഷാസമ്മാനങ്ങളും ഉണ്ട്. പ്ളേറ്റോയുടെ അഭിപ്രായത്തില്‍ മരണാനന്തരം ആത്മാവ് ആയിരം വര്‍ഷത്തേക്ക് ശിക്ഷയ്ക്കോ സമ്മാനത്തിനോ വിധിക്കപ്പെടുന്നു. അതിനുശേഷം വീണ്ടുമൊരു ശരീരമെടുത്തേക്കാം. ചില ദുഷ്ടാത്മാക്കള്‍ ഒരിക്കലും ശിക്ഷാവിമുക്തരാകുകയില്ല. മരണാനന്തരവിധിയും ശിക്ഷാസമ്മാനങ്ങളും സ്റ്റോയിക്ക് ചിന്തകരും അംഗീകരിക്കുന്നു. ശിക്ഷ ശുചീകരണാര്‍ഥമാണ്, എങ്കിലും ദുഷ്ടര്‍ നശിക്കും. അവസാനം പ്രപഞ്ചം പൂര്‍വാഗ്നിയില്‍ ലയിക്കും. കുറേ കഴിഞ്ഞ് മൂലകങ്ങള്‍ മറ്റൊരു പ്രപഞ്ചത്തിന് രൂപംകൊടുക്കും എന്ന് അവര്‍ വിശ്വസിച്ചു. റോമാക്കാര്‍ ഗ്രീക്കുകാരുടെ അന്ത്യാവസ്ഥാസിദ്ധാന്തമാണ് മിക്കവാറും സ്വീകരിച്ചിരിക്കുന്നത്.

പുരാതന ജര്‍മന്‍ സിദ്ധാന്തം. മനുഷ്യര്‍ക്ക് അവരുടെ ധാര്‍മികജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു. ദൈവദ്രോഹികള്‍, സ്വജനദ്രോഹികള്‍, വ്യഭിചാരികള്‍ തുടങ്ങിയവര്‍ കഠിനശിക്ഷയ്ക്ക് വിധേയരാകും. ലോകാവസാനത്തില്‍ തിന്മയുടെ ശക്തി വര്‍ധിച്ചുവരും. അന്ത്യത്തിന് തൊട്ടുമുമ്പായി പ്രകൃതിക്ഷോഭങ്ങളുണ്ടാകും. ദുഷ്ടാത്മാക്കള്‍ ദേവന്മാരോടു പൊരുതും. പല ദേവന്മാരും മരിച്ചുവീഴും. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും അപ്രത്യക്ഷമാകും. ഭൂമി സമുദ്രത്തിലേക്ക് ആണ്ടുപോകും. എന്നാല്‍ തിരമാലകളില്‍നിന്നും പുതിയൊരു ഭൂമി ഉയര്‍ന്നുവരും. ദേവന്മാര്‍ യൌവനം വീണ്ടെടുക്കും. ഉന്നതങ്ങളില്‍നിന്നു വരുന്ന ശക്തനായവന്‍ അന്ത്യന്യായവിധി നടത്തും. സുകൃതികള്‍ക്ക് സമ്മാനവും ദുഷ്ടര്‍ക്ക് ശിക്ഷയും കൊടുക്കും എന്നെല്ലാം പുരാതന ജര്‍മന്‍കാര്‍ വിശ്വസിച്ചിരുന്നു.

ഹിന്ദുമതം. ഋഗ്വേദം അനുസരിച്ച് മരണശേഷം ആത്മാക്കള്‍ യമലോകത്തെത്തുന്നു. മരണത്തോടുകൂടി വ്യക്തിത്വം നഷ്ടപ്പെടുന്നില്ല. മൃതനു സൂക്ഷ്മശരീരം ഉണ്ടായിരിക്കും. അയാള്‍ യമസന്നിധിയില്‍ ഭൌമജീവിതത്തോട് എല്ലാംകൊണ്ടും സദൃശമായ ജീവിതം നയിക്കും. ദുഷ്ടര്‍ ഒരു അഗാധഗര്‍ത്തത്തിലടയ്ക്കപ്പെടും. ശതപഥബ്രാഹ്മണപ്രകാരം മരണാനന്തരം മനുഷ്യന്‍ രണ്ടഗ്നികുണ്ഡങ്ങളുടെ മധ്യേകൂടി നടക്കണം. ദുഷ്ടരെ അഗ്നി ദഹിപ്പിക്കും. സുകൃതികള്‍ നിരപായം സ്വര്‍ഗത്തിലെത്തും. ഉപനിഷത്തുകള്‍ പുനര്‍ജന്മത്തിന് പ്രാധാന്യം കൊടുക്കുന്നു. യഥാര്‍ഥ ജ്ഞാനം സംസാരത്തില്‍നിന്ന് മോചനം നേടിത്തരുന്നു. മുജ്ജന്മ കര്‍മങ്ങള്‍ അനുസരിച്ച് ഓരോരുത്തനും പുനര്‍ജന്മത്തില്‍ വ്യത്യസ്ത ശരീരങ്ങള്‍ സ്വീകരിക്കുന്നു. അനേക ജന്മങ്ങള്‍ക്കു ശേഷമായിരിക്കും ഒരാള്‍ക്ക് മുക്തി കൈവരിക.

ആദ്യന്തരഹിതമായ പ്രപഞ്ചം നിരന്തര പരിണാമാവസ്ഥയിലാണ്. നാലു യുഗങ്ങള്‍ ചേര്‍ന്ന ഹിരണ്യഗര്‍ഭന്റെ ഒരു ദിവസംകൊണ്ട് പ്രപഞ്ചം, സൃഷ്ടി-സ്ഥിതി-സംഹാരാവസ്ഥകളിലൂടെ കടന്നുപോകുന്നു. ഹിരണ്യഗര്‍ഭന്റെ നൂറുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കല്പാന്തകാലവും അനേക കല്പങ്ങള്‍ക്കുശേഷം ആത്യന്തിക പ്രളയവും സംഭവിക്കുന്നു. ഈ പ്രക്രിയ തുടര്‍ന്നുപോകുന്നു. നോ: കര്‍മസിദ്ധാന്തം

ബുദ്ധമതം. കര്‍മഫലമായി പുനര്‍ജന്മം ഉണ്ടാകുന്നു. മനുഷ്യന്‍ മുജ്ജന്‍മകര്‍മമനുസരിച്ച് ദേവന്‍, മൃഗം, സസ്യം, പ്രേതം ഇവയിലൊന്നായി ജനിക്കും. പ്രേതങ്ങളെ ദാനധര്‍മാദികള്‍ കൊണ്ട് മോചിപ്പിക്കാം. മൃഗങ്ങള്‍ക്ക് യോഗ്യതസമ്പാദനവും നിര്‍വാണവും സാധ്യമല്ല. വിവിധ സ്വര്‍ഗങ്ങള്‍, നരകങ്ങള്‍ എന്നിവയെപ്പറ്റിയും അനന്തരകാലങ്ങളിലെ മതദാര്‍ശനികന്മാര്‍ പഠിപ്പിക്കുന്നുണ്ട്. മഹായാനപ്രകാരം ബോധിസത്വന്റെ പ്രവര്‍ത്തനഫലമായി നരകവാസികള്‍ രക്ഷപ്രാപിക്കും. ബുദ്ധമതദര്‍ശനം അനുസരിച്ച് പ്രപഞ്ചം നിരന്തര ചലനത്തിനും ആവര്‍ത്തനത്തിനും വിധേയമാണ്.

സരതുഷ്ട്രമതം. ആത്മാവ് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനുസമീപം വസിക്കുന്നു. അപ്പോള്‍ ദുഷ്ടാത്മാക്കള്‍ പീഡിപ്പിക്കപ്പെടും. സുകൃതികളെ 'സ്രോഷ്' സഹായിക്കും. അതിനുശേഷം യോഗ്യതാനുസരണം ശിക്ഷയോ സമ്മാനമോ പ്രാപിക്കുന്നതിന് ആത്മാക്കള്‍ ദുഷ്ടരൂപികളുടെയോ ശിഷ്ടരൂപികളുടെയോ അകമ്പടിയോടെ പുറപ്പെടുന്നു. ചിന്വത്പാലത്തില്‍വച്ച് സുന്ദരിയായ ഒരു കന്യക ശിഷ്ടാത്മാവിനെ സ്വീകരിച്ച് സ്വര്‍ഗത്തില്‍ അഹൂരമസ്ദായുടെ (നോ: അഹൂരമസ്ദാ) സവിധത്തിലേക്ക് ആനയിക്കുന്നു. ദുഷ്ടാത്മാവ് നരകത്തില്‍ തള്ളപ്പെടുന്നു.

ചരിത്രം 3000 വര്‍ഷങ്ങള്‍ വീതമുള്ള നാലു യുഗങ്ങള്‍ ചേര്‍ന്നതാണ്. അവസാനയുഗത്തില്‍ തിന്മയുടെ ശക്തികള്‍ പ്രബലമാകും. ഒടുവില്‍ സാവ്യോഷ്യാന്ത് (രക്ഷകന്‍) പ്രത്യക്ഷപ്പെടും. അതോടെ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ദുഷ്ടര്‍ നരകത്തില്‍ തള്ളപ്പെടും. പ്രപഞ്ചം ഉരുകിയൊലിക്കും. അഹ്രിമാനെയും (നോ: അഹ്രിമാന്‍) സഹായികളെയും അഹൂരമസ്ദാ തോല്പിക്കും. അതിനുശേഷം എല്ലാവരും ഒരുമിച്ചുകൂടും, പരസ്പരം തിരിച്ചറിയും, സമ്മാനങ്ങള്‍ കൈമാറും. എല്ലാവര്‍ക്കും ആത്മീയശരീരവും അമരത്വവും ലഭിക്കും. ഭൂമി നവീകരിക്കപ്പെട്ട് അനശ്വരമായിത്തീരുകയും ചെയ്യും.

ഇസ്ലാംമതം. മരണാനന്തരം മയ്യിത്ത് (ശവം) കബറില്‍ അടക്കം ചെയ്തുകഴിയുമ്പോള്‍ ദൈവദൂതന്മാര്‍ സന്ദര്‍ശിച്ചു സത്പ്രവൃത്തികള്‍ ചെയ്തവര്‍ക്ക് സന്തോഷവാര്‍ത്തയും ദുഷ്ടര്‍ക്ക് വരുവാനിരിക്കുന്ന കഷ്ടപ്പാടിന്റെ സൂചനയായി നേരിയ പീഡനങ്ങളും നല്കുന്നു. ജഡം അന്ത്യനാള്‍വരെ ശവക്കല്ലറയില്‍ തന്നെ ജീര്‍ണിച്ചോ അല്ലാതെയോ കിടക്കും (മഹാന്മാരുടെ ജഡങ്ങള്‍ ജീര്‍ണിക്കാതെ കണ്ടുവരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.) അന്ത്യനാളിനടുത്തു മഹ്ദി എന്ന സ്ഥാനപ്പേരോടുകൂടിയ ഒരു നീതിമാന്‍ ലോകത്തില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ജനങ്ങള്‍ക്ക് ക്ഷേമം അതിന്റെ അത്യുച്ചകോടിയില്‍ എത്തിക്കുകയും ചെയ്യുന്നു. തിന്മയുടെ മൂര്‍ത്തീകരണമായ ദജ്ജാല്‍ (എതിര്‍ക്രിസ്തു) ലോകത്തില്‍ അക്രമവും അനീതിയും അഴിച്ചുവിടുകയും ദൈവത്തിനുപകരം അവനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതിനെതിരായി ഈസാനബി (യേശുക്രിസ്തു) ആകാശങ്ങളില്‍നിന്ന് ഇറങ്ങിവന്ന് ദജ്ജാലിനെ നശിപ്പിച്ചശേഷം ലോകത്തു സമാധാനം പുനഃസ്ഥാപിക്കുകയും വിവാഹിതനായി കുടുംബജീവിതം നയിച്ച് മുന്‍ജീവിതത്തില്‍ നിറവേറ്റപ്പെടാത്ത കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും. അന്ത്യനാളില്‍ (ഖിയ്യാമത്ത് നാളില്‍) കാഹളങ്ങള്‍ മുഴക്കപ്പെടുമ്പോള്‍ ആദ്യം സര്‍വജീവികളും നശിക്കുകയും തുടര്‍ന്ന് എല്ലാറ്റിനും ജീവന്‍ നല്കപ്പെടുകയും ഈ ലോകത്തില്‍ ചെയ്ത പ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നതിനായി അവര്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടുകയും ചെയ്യും. ഓരോ വ്യക്തിയുടെയും പ്രവൃത്തികളെ സംബന്ധിച്ച രേഖകള്‍ പരിശോധിക്കപ്പെടുകയും അതിനനുയോജ്യമായ പ്രതിഫലം വിധിക്കപ്പെടുകയും ചെയ്യും. സത്പ്രവൃത്തികള്‍ക്ക് മുന്‍തൂക്കം ഉണ്ടെങ്കില്‍ അവന്‍ സകലവിധ സന്തോഷങ്ങളുടെയും ഇരിപ്പിടമായ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അല്ലാത്തപക്ഷം നരകത്തില്‍ പതിക്കും. എന്നാല്‍ കാലക്രമേണ പാപികള്‍ക്കു മാപ്പുനല്കി വളരെപ്പേരെ നരകാഗ്നിയില്‍നിന്ന് വിമുക്തരാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ക്രൈസ്തവസിദ്ധാന്തം. ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു. അദ്ദേഹം അതിനെ പൂര്‍ണമാക്കും. സൌഭാഗ്യപൂരിതമായ ദൈവരാജ്യം വരും. 'യാഹ്വേയുടെ ദിനത്തില്‍' ദൈവം ദുഷ്ടരെ വധിക്കും. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ നശിക്കും. എങ്കിലും ജനത്തിന്റെ ഒരു ഭാഗം രക്ഷ പ്രാപിക്കും. തുടര്‍ന്ന് ദൈവരാജ്യം സ്ഥാപിതമാകും. മരിച്ചവര്‍ 'ഷിയോല്‍' എന്ന സ്ഥലത്ത് കഴിയുന്നു. 'ഷിയോല്‍' ഒരുതരം സ്വപ്നലോകമാണ്. ശരിയായ വ്യക്തിത്വമോ മാനസികവ്യാപാരങ്ങളോ അവിടെയില്ല. സുകൃതികള്‍ മഹത്വത്തില്‍ ഉയിര്‍ക്കുമെന്നും ദുഷ്ടര്‍ നിത്യമായ അപമാനം അനുഭവിക്കുമെന്നും ഉള്ള വിശ്വാസം ബി.സി. 2-ാം ശ.-ത്തില്‍ പ്രബലമായി. പുതിയ യുഗത്തിന്റെ ഉദയത്തിനു മുമ്പായി പ്രകൃതിവിക്ഷോഭങ്ങളും ദുഷ്ടന്മാരുടെ പരാജയവും ഉണ്ടാകുമെന്ന് വെളിപ്പാട് സാഹിത്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മിശിഹ പ്രത്യക്ഷനായി അന്ത്യന്യായവിധി നടത്തും (നോ: അന്ത്യന്യായവിധി). പഴയ ലോകം നശിക്കും. പുതിയ യെരുശലേം സ്വര്‍ഗത്തില്‍ നിന്നിറങ്ങിവരും. അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ വാസസ്ഥലമായിരിക്കും. പ്രവാചകന്മാര്‍ പ്രതീക്ഷിച്ചിരുന്ന നിര്‍ണായകമായ ദൈവികസമ്പര്‍ക്കം ക്രിസ്തുവില്‍ സംഭവിച്ചിരിക്കുന്നുവെന്നും, ക്രിസ്തുവിലൂടെ 'അന്ത്യം' ലോകത്തില്‍ പ്രവേശിച്ചുകഴിഞ്ഞുവെന്നും പുതിയ നിയമകര്‍ത്താക്കള്‍ പഠിപ്പിച്ചു. ക്രിസ്തുവിലൂടെ ദൈവരാജ്യം ഭൂമിയില്‍ പ്രവേശിച്ചു. എന്നാല്‍ ദൈവരാജ്യം അതിന്റെ പൂര്‍ണതയില്‍ ഇനിയും വരുവാനിരിക്കുന്നതേയുള്ളു. യേശുവിന്റെ പുനരാഗമനത്തില്‍ അതു സംഭവിക്കും. അന്ന് അര്‍ഹതാടിസ്ഥാനത്തിലായിരിക്കും സ്വര്‍ഗരാജ്യപ്രവേശനം.

മരണം പാപത്തിന്റെ ശിക്ഷയാണ്. എന്നാല്‍ ദൈവസ്നേഹത്തില്‍ മരിക്കുന്നവന് മരണം ജീവനിലേക്കുള്ള കവാടമാണ്. മരണശേഷം യോഗ്യതയ്ക്ക് ഏറ്റക്കുറവുണ്ടാകുന്നില്ല. ഓരോരുത്തര്‍ക്കും യോഗ്യതാനുസരണം സമ്മാനമോ ശിക്ഷയോ ലഭിക്കുന്നു. മനുഷ്യന്റെ നിര്‍ണായകമായ അന്ത്യം സ്വര്‍ഗമോ നരകമോ ആണ്; രണ്ടും നിത്യമാണ്. മഹത്വം പ്രാപിച്ച ക്രിസ്തുവിന്റെ സവിധത്തില്‍ ഇരിക്കുന്നതും ക്രിസ്തുവഴി ദൈവവുമായി സമ്പര്‍ക്കത്തിലിരിക്കുന്നതുമാണ് സ്വര്‍ഗം. സ്വര്‍ഗം പ്രതിഫലം എന്നതിനെക്കാള്‍ ദൈവദാനമാണ്. എന്നാല്‍ നരകശിക്ഷയുടെ മുഖ്യോത്തര വാദിത്വം മനുഷ്യനാണ്. സ്നേഹത്തിന്റെ അഭാവമാണ് നരകശിക്ഷയുടെ അടിസ്ഥാന ഘടകം. നരകവാസികള്‍ ഘോരപീഡകള്‍ അനുഭവിക്കും.

അന്ത്യകാലസമൂഹമായ സഭ മാനവസമൂഹത്തെയും സൃഷ്ടിയെ മുഴുവനും നവീകരിക്കുന്ന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ലോകാവസാനത്തിലായിരിക്കും സഭയുടെ പൂരണം. അന്ന് യേശു വീണ്ടും വരും. അദ്ദേഹം മൃതശരീരങ്ങളെ പുനര്‍ജീവിപ്പിക്കും. സുകൃതികള്‍ മഹത്വത്തിന്റെ ശരീരവും ദുഷ്ടജനങ്ങള്‍ അപമാനത്തിന്റെ ശരീരവും സ്വീകരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ അന്ത്യന്യായവിധി നടക്കുന്നു. സുകൃതികള്‍ മഹത്വപൂര്‍ണമായ ശരീരങ്ങളോടെ സ്വര്‍ഗസൌഭാഗ്യം പ്രാപിക്കുന്നു. അവര്‍ ദൈവമഹത്വം ദര്‍ശിച്ചുകൊണ്ട് നിത്യാനന്ദം അനുഭവിക്കും. മനുഷ്യനെ അനുഗമിച്ച് പ്രപഞ്ചവും മഹത്വം പ്രാപിക്കും. ദുഷ്ടമനുഷ്യര്‍ നരകത്തില്‍ നിത്യശിക്ഷ അനുഭവിക്കും.

(ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍