This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ത്യന്യായവിധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്ത്യന്യായവിധി
ഘമ ഖൌറഴാലി
1. ക്രിസ്തുമതവിശ്വാസപ്രകാരം ലോകാവസാനത്തില്‍ ദൈവം (യാഹ്വേ) നടത്തുന്ന സാര്‍വത്രിക വിധി. ദൈവം യഹൂദേതര ജനതകളുടെമേല്‍ വിധി കല്പിക്കുമെന്നും അവരെ ശിക്ഷിക്കുമെന്നും ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചു. ജലപ്രളയം, സോദോമിന്റെ നാശം എന്നിവ ഇത്തരം വിധികള്‍ക്ക് ഉദാഹരണമാണ്. ശത്രുക്കളുടെ പരാജയവും സമൂലനാശവും യാഹ്വേ നടത്തുന്ന വിധിയാണ്. 'യാഹ്വേയുടെ ദിന'ത്തില്‍ (അന്ത്യദിനം) ദൈവം ഇസ്രായേലിന്റെ ശത്രുക്കളെ വിധിക്കുകയും കഠിനമായി ശിക്ഷിക്കുകയും ചെയ്യും. അന്ന് യോസഫാത്തിന്റെ താഴ്വരയില്‍വച്ച് വിജാതീയരുടെ സൈന്യങ്ങളെ ദൈവം നശിപ്പിക്കും (യോവേല്‍ 3 : 4, 8; സെഖര്യാവ് 12 : 14). എങ്കിലും വിധി ഇസ്രായേലിനെക്കൂടി ബാധിക്കുമെന്ന് പ്രവാചകന്മാര് പഠിപ്പിച്ചു. ഇസ്രായേലിന്റെ പരാജയവും അടിമത്തവും ദൈവം നടത്തുന്ന ന്യായവിധിയാണ്. സെഫനിയിസിന്റെ പ്രവചനപ്രകാരം ഈ ന്യായവിധി സാര്‍വത്രികമാണ്. അത് വലിയൊരു വിഭാഗത്തെ നശിപ്പിക്കും; എങ്കിലും ചെറിയ ഒരു വിഭാഗം രക്ഷപ്രാപിക്കും. മറ്റു മതാനുയായികളിലും കുറേപ്പേര് രക്ഷപ്പെടും. ദാനിയേലും ദൈവത്തിന്റെ സാര്‍വത്രികന്യായവിധിയെപ്പറ്റി പഠിപ്പിക്കുന്നു. സമൂലനാശം വിധിയുടെ ഒരു വശമാണെങ്കിലും നാശം പുതിയ ഒരു യുഗത്തിന്റെ ആരംഭമാണ്. സുകൃതികള്‍ നിത്യസമ്മാനത്തിനായി ഉയിര്ത്തെഴുന്നേല്ക്കും. ദുഷ്ടര്‍ നിത്യമായ അപമാനം അനുഭവിക്കും. മിശിഹാ (അഭിഷിക്തന്) നടത്തുന്ന വിധിക്കുശേഷം സമാധാനപൂര്‍ണമായ ഒരു ഘട്ടവും അതിനു ശേഷം അന്ത്യവിധിയും ഉണ്ടെന്ന് വെളിപ്പാട് ഗ്രന്ഥങ്ങളില്‍ പറയുന്നു. നോ: അപ്പോക്കാലിപ്സ് സാഹിത്യം
ന്യായവിധി ആസന്നമായിരിക്കുമെന്ന് യേശു സൂചിപ്പിച്ചു. 'ജാഗരൂകരായിരിക്കുവിന്‍' എന്ന മുന്നറിയിപ്പു വിധിയുടെ അത്യാസന്നത അറിയിക്കുന്നു. പഴയനിയമത്തിലെപ്പോലെ ന്യായാധിപന് ദൈവമാണ്. (മത്തായി 18:35; റോമര്‍ 14:10; 1 പത്രോസ് 1:17) ദൈവപുത്രനായ യേശുവിന് ന്യായം വിധിക്കാനുള്ള അധികാരം നല്കിയിരിക്കുന്നു. അതുകൊണ്ട് വിധിദിവസത്തെ 'യേശുവിന്റെ പ്രത്യക്ഷപ്പെടലിന്റെ ദിവസം', 'യേശുവിന്റെ ദിവസം' എന്നെല്ലാം പറയുന്നു. (2 തെസ്സ. 1:5-7).
യേശുവിലൂടെ ദൈവം വിധിക്കും. മാലാഖമാരും വിശുദ്ധരും അവനോടൊത്തുണ്ടായിരിക്കും. ക്രിസ്തു തന്റെ മഹത്വത്തില്‍ സര്‍വമനുഷ്യരെയും വിധിക്കുവാന്‍ വീണ്ടും വരും. തന്നില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ സര്‍വരേയും യേശു വിധിക്കും. വിധിയുടെ മാനദണ്ഡം ക്രിസ്തുവിനോടുള്ള ഓരോരുത്തരുടെയും മനോഭാവമായിരിക്കും. യേശുവിനെ ഏറ്റുപറയുവാന്‍ ലജ്ജിക്കുന്നവര്‍ തിരസ്കരിക്കപ്പെടും. ഇദ്ദേഹത്തില്‍ വിശ്വസിക്കാത്തവരും ഇദ്ദേഹത്തിന്റെ സന്ദേശവാഹകരെ സ്വീകരിക്കാത്തവരും വിധിക്കപ്പെടും (മത്തായി 10:14; 11:20, 24; 23:33). ഓരോരുത്തനേയും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് ക്രിസ്തു വിധിക്കും. സഹജീവികള്‍ക്കു ചെയ്യുന്ന നന്മയും തിന്മയും ക്രിസ്തുവിനു ചെയ്തതായി ഗണിക്കുന്നതാണ്. ക്രിസ്തുവിനെ അറിയാത്തവര്‍ അവരുടെ മനസ്സാക്ഷിയുടെ നിയമപ്രകാരം വിധിക്കപ്പെടും. ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ആകട്ടെ, സുവിശേഷനിയമപ്രകാര(റോമര്‍ 2:14-16)മായിരിക്കും വിധിക്കപ്പെടുക.
ഓരോരുത്തരുടെയും ഹൃദയരഹസ്യങ്ങള്‍ അന്ന് വെളിപ്പെടും (റോമര്‍ 2:16; 1 കൊരി. 5:5), ദുഷ്ടര്‍ ലജ്ജിതരായിത്തീരും എന്നെല്ലാം ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
അന്ത്യന്യായവിധി ഒരു വിധിപ്രസ്താവന മാത്രമല്ല; ഇതുമൂലം, മരിച്ചവര്‍ ഉയിര്ത്തെഴുന്നേല്ക്കുന്നു. യേശു ഓരോരുത്തനും അവനവന്റെ ആത്മാവിന്റെ സ്ഥിതിക്കനുസൃതമായ ശരീരം കൊടുക്കുന്നു. ദൈവികോദ്ദേശ്യത്തോടുള്ള വിധേയത്വത്തിലും ദൈവസ്നേഹത്തിലും സ്ഥിരീകൃതരായവര്‍ മഹത്വത്തിന്റെ ശരീരവും അല്ലാത്തവര്‍ അപമാനത്തിന്റെ ശരീരവും സ്വീകരിക്കുന്നു. ഈ പ്രവൃത്തി ഇരുകൂട്ടരേയും വേര്‍തിരിക്കുന്നതു കൂടാതെ ദൈവത്തോടു സ്നേഹത്താല്‍ ബന്ധിക്കപ്പെട്ടവരുടെ ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്വാരാ സൃഷ്ടികര്‍മത്തില്‍ ദൈവത്തിന്റെ ഉദ്ദിഷ്ടലക്ഷ്യം നിറവേറ്റപ്പെടുന്നു എന്നു ക്രൈസ്തവ ദര്‍ശനത്തില്‍ പ്രസ്താവമുണ്ട്.
ആധുനിക വ്യാഖ്യാനം. ക്രിസ്തുവിന്റെ സ്വര്ഗാരോഹണവും പുനരാഗമനവും സത്താപരം (ലലിൈശേമഹ) മാത്രമാണ് എന്ന് ചില ആധുനിക ദൈവശാസ്ത്രജ്ഞര്‍ വാദിക്കുന്നു. സ്വര്‍ഗാരോഹണം ക്രിസ്തു തന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുന്നു. യേശു സര്‍വസൃഷ്ടിയുടെയും മേല്‍ ദൈവത്തിനുള്ള പരമാധികാരത്തില്‍ ഭാഗഭാക്കാകുന്നു. പുനരാഗമനം ക്രിസ്തുവിന്റെ ശക്തിയോടുകൂടിയ സാന്നിധ്യമാണ്, ശാരീരികമായുള്ള തിരിച്ചു വരവല്ല. ഈ സാന്നിധ്യം മനുഷ്യരുടെ ആത്മീയ ഉണര്‍വിലാണ് പ്രകടമാകുന്നത്. ദൈവികശക്തി ഫലപ്രദമാംവിധം പ്രവര്‍ത്തിച്ചുകൊണ്ട് യേശു വീണ്ടും ലോകത്തില്‍ സന്നിഹിതനാകുന്നു. ലോകത്തിന്റെമേലുള്ള തന്റെ പരമാധികാരം പ്രയോഗിച്ചുകൊണ്ട് അദ്ദേഹം ലോകത്തെ പൂര്‍ണതയില്‍ എത്തിക്കുന്നു. പുനരാഗമനം, ഉയിര്‍പ്പ്,അന്ത്യന്യായവിധി എന്നിവ ഒരേ ദൈവികപ്രവൃത്തിയുടെ വിവിധവശങ്ങളാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നു വിവരിക്കപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളും അദ്ഭുതപ്രതിഭാസങ്ങളും അപ്പോകാലിപ്സ് സാഹിത്യത്തിന്റെ പ്രത്യേകതകളായി മനസ്സിലാക്കിയാല്‍ മതിയെന്നാണ് പ്രസ്തുത ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
(ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍)
2. മാര്‍പാപ്പാമാരുടെ ആസ്ഥാനമായ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ മൈക്കല്‍ ആഞ്ജലോ രചിച്ച പ്രസിദ്ധമായ ചുവര് ചിത്രം. 1534-ല്‍ പോള്‍ മൂന്നാമന് മാര്‍പാപ്പയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്രം രചിക്കപ്പെട്ടത്. ഈ ചിത്രം പൂര്‍ണമാക്കുന്നതിന് അഞ്ചുവര്‍ഷം വേണ്ടിവന്നു. ഇതിനുമുമ്പ് ജൂലിയസ് രണ്ടാമന് മാര്‍പാപ്പായുടെ നിര്‍ദേശാനുസരണം ഇദ്ദേഹം ചാപ്പലിന്റെ മുകള്‍ത്തട്ടു മുഴുവന്‍ ബൈബിള്‍ പ്രമേയങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു (1508-12). 'അന്ത്യവിധി' അള്‍ത്താരയുടെ പിന്നിലുള്ള ചുവരിലാണ് രചിച്ചത്. 20.12 മീ. നീളവും 7 മീ. ഉയരവുമുണ്ട് ചിത്രതലത്തിന്. മുകള്‍ത്തട്ടിലെ ചിത്രങ്ങള്‍ ഉജ്വലമാണെങ്കില് 'അന്ത്യവിധി' മ്ളാനവും ഗൌരവപൂര്‍ണവുമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവില്‍, മരിച്ചവരെയും ജീവനുള്ളവരെയും ന്യായം വിധിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രമധ്യത്തില്‍ മഹിമയുടെ സിംഹാസനത്തില്‍നിന്ന് എഴുന്നേല്ക്കുന്ന ഭാവത്തില്‍ ക്രിസ്തു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മുമ്പില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്മാര് തങ്ങള്‍ അനുഭവിച്ച പീഡകള്‍ വിവരിക്കുന്നു. തങ്ങളെ പീഡിപ്പിക്കുന്നതിനും കൊല്ലുന്നതിനും പീഡകര്‍ ഉപയോഗിച്ച മാരകായുധങ്ങള്‍ അവര്‍ എടുത്തുകാട്ടുന്നു. ബാര്‍ത്തലോമിയോ പുണ്യവാളന്റെ കൈയില്‍ മനുഷ്യശരീരത്തില്‍നിന്ന് ഊരിയെടുത്ത തുകലുണ്ട്. (ഈ വിശുദ്ധനെ തൊലിയുരിച്ചു കൊല്ലുകയാണുണ്ടായത്). ഈ തുകലിന്റെ ചുളിവില്‍ ഒരു മുഖംകൂടി വരച്ചു ചേര്‍ത്തിട്ടുണ്ട്. അത് മൈക്കല്‍ ആഞ്ജലോയുടേതുതന്നെയാണ്. നരകത്തിലും പാതാളത്തിലും കിടക്കുന്ന മനുഷ്യരൂപങ്ങള്‍ വിവിധതരം തീവ്രയാതനകള്‍ അനുഭവിച്ചു ഞെളിയുകയും പിരിയുകയും പ്രലപിക്കുകയും ചെയ്യുന്നു. ഇറ്റാലിയന്‍ മഹാകവി ദാന്തേയുടെ ഡിവൈന്‍ കോമഡിയില്‍ വര്‍ണിച്ചിട്ടുള്ള രീതിയിലാണ് നരകവും പാതാളവും ചിത്രീകരിച്ചിട്ടുള്ളത്. ഈ ഭീകരതകള്‍ കണ്ടിരിക്കുവാന്‍ കഴിവില്ലാത്ത കന്യകാമാതാവ് മുഖം തിരിച്ചുപിടിക്കുന്നു.
മൈക്കല്‍ ആഞ്ജലോ രചിച്ച മനുഷ്യരൂപങ്ങളെല്ലാം നഗ്നമായിരുന്നു. ഒരു വിശുദ്ധ ദേവാലയത്തില്‍ ഇത്തരം ചിത്രണം പാടില്ലെന്നു കരുതിയ പില്ക്കാല മാര്‍പാപ്പാമാര്‍ അവയുടെ മേല്‍ വസ്ത്രങ്ങള്‍ ആലേഖനം ചെയ്തു ചേര്‍പ്പിച്ചു. പോള്‍ നാലാമന്റെ കാലത്ത് ഡാനിയല്‍ ഡാ വോള്‍ട്ടെറായും 18-ാം ശ.-ത്തില്‍ ക്ളെമന്റ് പന്ത്രണ്ടാമന്റെ കാലത്ത് പോസ്സോയും ഇപ്രകാരം അന്ത്യന്യായവിധിയെ പരിഷ്കരിച്ചിട്ടുണ്ട്. യാതനാഗ്രസ്തമായ മനുഷ്യത്വത്തിന്റെ ചിത്രമത്രേ 'അന്ത്യന്യായവിധി'. മൈക്കല്‍ ആഞ്ജലോയ്ക്ക് മനുഷ്യന്റെ ഭാഗധേയങ്ങളോടുള്ള അത്യഗാധമായ അനുഭാവത്തെയാണ് ഈ ചിത്രം പ്രകാശിപ്പിക്കുന്നത്. നോ: മൈക്കല്‍ ആഞ്ജലോ
(ഇ.എം.ജെ. വെണ്ണിയൂര്‍)