This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 27 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍

International Finance Corporation

ലോകബാങ്കിന്റെ ഒരു കൂട്ടുസ്ഥാപനം. പ്രത്യുത്പാദനപരമായ വ്യവസായങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കി അംഗരാജ്യങ്ങളുടെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്തുകയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. കോര്‍പ്പറേഷന് ലോകബാങ്കില്‍നിന്നും വ്യത്യസ്തമായ അസ്തിത്വമുണ്ട്. ഗവണ്‍മെന്റിന്റെ ഉറപ്പു കൂടാതെ തന്നെ സ്വകാര്യമേഖലയിലുള്ള വ്യവസായസംരംഭങ്ങള്‍ക്ക് സഹായം നല്കി അംഗരാഷ്ട്രങ്ങളുടെ വ്യവസായവികസനത്തെ ഇത് പുഷ്ടിപ്പെടുത്തുന്നു. കോര്‍പ്പറേഷന്റെ ആസ്ഥാനം വാഷിങ്ടണ്‍ ആണ്.

ആവിര്‍ഭാവം. പിന്നോക്കം നില്ക്കുന്ന രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് ഒരു അമേരിക്കന്‍ നയം ആവിഷ്കരിക്കണമെന്ന് 1950-ല്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ യു.എസ്. ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് അഡ്വവൈസറി ബോര്‍ഡിനോട് അഭ്യര്‍ഥിച്ചു. ഒരു അന്താരാഷ്ട്രധനകാര്യകോര്‍പറേഷന്‍ സ്ഥാപിക്കണമെന്ന് 1951 മാ.-ല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മാത്രമേ സാമ്പത്തികസഹായം നല്കാവൂ എന്നും ഈ സഹായത്തിന് ഗവണ്‍മെന്റിന്റെ ഉറപ്പ് ആവശ്യപ്പെടരുതെന്നും നിര്‍ദേശിക്കുകയുണ്ടായി. 1951 ആഗ.-ല്‍ ഐക്യരാഷ്ട്രസാമ്പത്തികസാമൂഹികസമിതി ആവശ്യപ്പെട്ടതനുസരിച്ച് ലോകബാങ്ക് ഇങ്ങനെ ഒരു ഏജന്‍സിയുടെ ആവശ്യകതയെപ്പറ്റി പഠിക്കുകയും 1952 ഏ.-ല്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അന്താരാഷ്ട്രധനകാര്യകോര്‍പ്പറേഷന്‍ രൂപവത്കരിച്ചാല്‍ സാമ്പത്തികവികസനത്തെ സഹായിക്കുന്നതിന് നിലവിലുള്ള സമ്പ്രദായത്തിലെ വിടവ് നികത്താന്‍ കഴിയുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങള്‍ വീണ്ടും തുടര്‍ന്നു.

കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിന് യു.എസ്. എതിരായിരുന്നു. ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമില്ലെന്ന് ട്രഷറിവകുപ്പും സൂചിപ്പിച്ചു. ലോകബാങ്കിന്റെ പ്രസിഡന്റായ യൂജീന്‍ ബ്ളക്ക് ചില നിര്‍ദേശങ്ങള്‍ നല്കി. 'ബ്ളക്ക് പദ്ധതി'യാണ് കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിനുവേണ്ട പിന്‍ബലം നല്കിയത്. 40 കോടി ഡോളര്‍ അംഗീകൃതമൂലധനമുണ്ടായിരിക്കണമെന്ന് ഡവലപ്പ്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ബ്ളക്ക് അത് 10 കോടിയായി കുറച്ചു.

1955 ഏ.ല്‍ കോര്‍പ്പറേഷന്‍ നിയമാവലി ലോകബാങ്ക് അംഗീകരിക്കുകയും ലോകബാങ്കംഗങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അംഗീകൃതമൂലധനത്തിന്റെ 75 ശ.മാ. അടയത്തക്ക രീതിയില്‍ 30 രാഷ്ട്രങ്ങള്‍ ഈ നിയമാവലി അംഗീകരിച്ചാല്‍ ഈ സ്ഥാപനം ആരംഭിക്കാന്‍ കഴിയും എന്ന നിലയായി. 1955 ഡി. 5-ന് യു.എസ്. അംഗത്വം സ്വീകരിച്ചതോടെ അന്താരാഷ്ട്ര ധനകാര്യകോര്‍പ്പറേഷന്‍ രൂപവത്കരിക്കപ്പെട്ടു. 1956 ജൂല. 20-ന്കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 31 അംഗങ്ങള്‍ 1956-ല്‍ അംഗത്വം നേടിയിരുന്നു. ലോകബാങ്കിന്റെ ഉപാധ്യക്ഷനായ റോബര്‍ട്ട് എല്‍. ഗാര്‍നല്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റായി (1956). 1961-ല്‍ അംഗസംഖ്യ 60 ആയി വര്‍ധിച്ചു. ഇപ്പോള്‍ 172 അംഗങ്ങളുണ്ട്. മുതല്‍ മുടക്കുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടറില്‍ വിവരിക്കുന്നുണ്ട്. ന്യായമായ വ്യവസ്ഥകളിന്‍മേല്‍ സ്വകാര്യ മൂലധനം കിട്ടാന്‍ കഴിയാത്ത അംഗരാജ്യങ്ങളില്‍ മാത്രമേ കോര്‍പ്പറേഷന്‍ മുതല്‍മുടക്കാവൂ എന്നുണ്ട്.

പ്രവര്‍ത്തനങ്ങള്‍. കോര്‍പ്പറേഷനില്‍ അംഗത്വമുള്ള അല്പവികസിതരാഷ്ട്രങ്ങളില്‍ മാത്രമായിരിക്കും കോര്‍പ്പറേഷന്‍ മുതല്‍ മുടക്കുക. മൂലധനം മറ്റു വിധത്തില്‍ ലഭ്യമല്ലാതെ വന്നാല്‍ മാത്രമേ കോര്‍പ്പറേഷന്‍ സാമ്പത്തികസഹായം നല്കാറുള്ളൂ. സാധാരണയായി വായ്പ വാങ്ങുന്ന സ്ഥാപനങ്ങളുടെ ഭരണത്തില്‍ കോര്‍പ്പറേഷന്‍ ഇടപെടാറില്ല. മുതല്‍മുടക്ക് നഷ്ടപ്പെടുമെന്നു തോന്നുമ്പോള്‍ മാത്രമേ ഭരണത്തെപ്പറ്റി അന്വേഷിക്കുകയുള്ളു. സ്വകാര്യ വ്യവസായസ്ഥാപനങ്ങളില്‍ മാത്രമേ കോര്‍പ്പറേഷന്‍ മുതല്‍ മുടക്കാറുള്ളു. കോര്‍പ്പറേഷന്‍ ധനസഹായം നല്കുന്നതില്‍ ഒരംഗരാഷ്ട്രം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ ആ സ്ഥാപനത്തിന് വായ്പ നല്കുകയില്ല. കോര്‍പ്പറേഷന്റെ മൂലധനത്തിന്റെ 20 ശ.മാ. ലോകബാങ്കില്‍ നിന്നും ബാക്കി 80 ശ.മാ. ആഗോള ധനകാര്യവിപണികളില്‍ പൊതുബോണ്ടുകള്‍ ഇറക്കിക്കൊണ്ടുമാണ് സമാഹരിക്കുന്നത്. 1996 ല്‍ ഇതിന്റെ മൊത്തം അംഗീകൃത മൂലധനം 245 കോടി യു.എസ്. ഡോളറായിരുന്നു. 80 രാജ്യങ്ങളിലായി മൊത്തം 670 കോടി യു.എസ്. ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

വായ്പാനയം. വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍, കോര്‍പ്പറേഷന് ഉണ്ടായേക്കാവുന്ന നഷ്ടം, ഇതുപോലെ സാമ്പത്തികസഹായം നല്കുന്ന മറ്റ് ഏജന്‍സികളുടെ വായ്പാവ്യവസ്ഥകള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടാണ് കോര്‍പറേഷന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഓരോ വായ്പയ്ക്കും പ്രത്യേകം പ്രത്യേകം വായ്പാവ്യവസ്ഥകളും പലിശനിരക്കുകളുമുണ്ട്. വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ സാമ്പത്തികഭാരം കഴിയുന്നത്ര കുറയ്ക്കണമെന്ന ലക്ഷ്യമാണ് കോര്‍പ്പറേഷനുള്ളത്. വായ്പയുടെ പലിശനിരക്ക് 6 മുതല്‍ 7 ശ.മാ. വരെയാണ്. 5 മുതല്‍ 15 വര്‍ഷം വരെയുള്ള കാലാവധിക്കകത്ത് വായ്പ മടക്കിയടച്ചാല്‍ മതി.

സാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തണമെങ്കില്‍ കോര്‍പ്പറേഷന്റെ പിരിഞ്ഞു കിട്ടിയ മൂലധനം പ്രവര്‍ത്തന മൂലധനമാക്കിയേ കഴിയൂ. അതിനാല്‍ കോര്‍പ്പറേഷന്റെ നിക്ഷേപങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്ക്കാവുന്നതാണ്. ആകര്‍ഷകമായ വ്യവസ്ഥകളിലാണ് കോര്‍പ്പറേഷന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. വ്യവസായങ്ങള്‍, ധനകാര്യ-വാണിജ്യസ്ഥാപനങ്ങള്‍, കാര്‍ഷിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കോര്‍പ്പറേഷന്‍ വായ്പ നല്കാറുണ്ട്. 5 ലക്ഷം ഡോളര്‍ പുതുതായി നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ അപേക്ഷകള്‍ മാത്രമേ കോര്‍പ്പറേഷന്‍ പരിഗണിക്കാറുള്ളു. നിക്ഷേപം ഒരു ലക്ഷം ഡോളറില്‍ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണച്ചെലവ് കുറയ്ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിധികള്‍ നിശ്ചയിച്ചിട്ടുള്ളത്. സാധാരണയായി കോര്‍പ്പറേഷന്‍ ഒരു സ്ഥാപനത്തില്‍ മുടക്കുന്ന ഏറ്റവും കൂടിയ നിക്ഷേപം 30 ലക്ഷം ഡോളറായിരിക്കും. ലോകബാങ്കിന്റെ സേവനം കോര്‍പ്പറേഷന് ലഭിക്കുന്നതുകൊണ്ട് ഭരണച്ചെലവും കുറവാണ്. നോ: അന്താരാഷ്ട്ര നാണയനിധി, അന്താരാഷ്ട്ര പുനര്‍നിര്‍മാണ വികസന ബാങ്ക്, അന്താരാഷ്ട്ര വികസന സമിതി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍