This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഥീറോസ്ക്ളിറോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:30, 25 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അഥീറോസ്ക്ളിറോസിസ്

Atherosclerosis


രക്തധമനി(artery)കള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ. പശ അഥവാ കൊഴുപ്പ് എന്ന് അര്‍ഥം വരുന്ന 'അഥീറോ', കാഠിന്യം എന്ന് അര്‍ഥം വരുന്ന 'സ്ക്ളീറോ' എന്നീ രണ്ട് ഗ്രീക് പദങ്ങളില്‍ നിന്നാണ് അഥീറോസ്ക്ളീറോസിസ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്.


അഥീറോസ്ക്ളീറോസിസില്‍ രക്തധമനികളുടെ ആന്തരിക ഭിത്തിയില്‍ കൊളസ്റ്റിറോള്‍, ട്രൈഗ്ളിസറൈഡുകള്‍ തുടങ്ങിയ കൊഴുപ്പു പദാര്‍ഥങ്ങളും കോശാവശിഷ്ടങ്ങളും കാല്‍സിയവും പ്ളേറ്റ്ലറ്റുകളും ഫൈബ്രിനും അടിഞ്ഞുകൂടി ഒരു പ്ളാക്ക് (placque) രൂപീകരിക്കുന്നു. ഈ പ്ളാക്ക്, ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂര്‍ണമായോ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഈ പ്ളാക്കിലേക്ക് രക്തം പ്രവഹിക്കുവാനും പ്ളാക്കിന്റെ പ്രതലത്തില്‍ രക്തക്കട്ടകള്‍ (ത്രോംബസുകള്‍) ഉണ്ടാകുവാനും ഉള്ള സാധ്യതയും ഉണ്ട്.


തീരെ ചെറിയ ധമനികള്‍ സാധാരണ സ്ക്ളീറോസിസിനു വിധേയമാകാറില്ല. ഇടത്തരം വലുപ്പമുള്ളതും വളരെ വലുതുമായ ധമനികളിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. അഥീറോസ്ക്ളീറോസിസ് ഹൃദയധമനിയെ ബാധിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. തത്ഫലമായി ഹൃദയപേശികളിലെ ഓക്സിജന്‍ ലഭ്യത കുറയുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഇതേ വിധത്തില്‍ മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്‍ തടസ്സപ്പെടുന്നത് മസ്തിഷ്കാഘാതത്തിനും കൈകാലുകളിലേക്കുള്ള ഓക്സിജന്‍ തടസ്സപ്പെടുന്നത് ഗാന്‍ഗ്രീനിനും (gangrene) കാരണമാകുന്നു.


സാവധാനത്തില്‍ വര്‍ധിതമാകുന്ന ഒരു രോഗമാണ് അഥീറോസ്ക്ളീറോസിസ്. പലപ്പോഴും ബാല്യത്തില്‍ തന്നെ ആരംഭിക്കുന്ന ഈ രോഗം മുപ്പതുകളില്‍ എത്തുന്നതോടെ പെട്ടെന്ന് വര്‍ധിക്കുന്നു. എന്നാല്‍ ചിലരില്‍ വാര്‍ധക്യകാലം വരെ ഈ രോഗം അപകടകരമായ അവസ്ഥയിലേക്ക് പരിണമിക്കാതിരിക്കാറുമുണ്ട്.


അഥീറോസ്ക്ളീറോസിസ് സംജാതമാകുന്നതിനുള്ള കാരണം വ്യക്തമായി അറിവായിട്ടില്ല. ധമനികളുടെ ആന്തരഭിത്തിയായ എന്‍ഡോതീലിയത്തിനുണ്ടാകുന്ന ക്ഷതമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. രക്തത്തിലെ അമിത കൊളസ്റ്റിറോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി എന്നിവ എന്‍ഡോതീലിയത്തിനു ക്ഷതമുണ്ടാക്കാന്‍ സാധ്യതയുള്ള ഘടകങ്ങളായി കരുതപ്പെടുന്നു.


രക്തത്തില്‍ ഹോമോസിസ്റ്റീന്‍-സള്‍ഫര്‍ അടങ്ങുന്ന ഒരു അമിനോ അമ്ളം - വര്‍ധിക്കുന്നത് ധമനീഭിത്തിയുടെ ക്ഷതത്തിനു കാരണമാകാം എന്നു ചില സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.


അഥീറോസ്ക്ളീറോസിസ് എന്ന രോഗത്തിനു യുക്തമായ പ്രതിവിധി ഇല്ലെങ്കിലും ധമനിയിലെ രക്തപ്രവാഹം കൂട്ടുകയോ അവയവങ്ങളുടെ ഓക്സിജന്‍ ചോദന കുറയ്ക്കുകയോ ചെയ്യുക വഴി രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്ന ഔഷധങ്ങള്‍ (നൈട്രോഗ്ളിസറിന്‍, ബീറ്റാ ബ്ളോക്കറുകള്‍) ഇന്ന് ലഭ്യമാണ്. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിന് ആന്‍ജിയോപ്ളാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവ സഹായകമാണ്. രോഗം കൂടുതല്‍ മോശമാകാതെ തടയുകയാണ് മറ്റൊരു പോംവഴി. പുകവലി നിര്‍ത്തുക; അമിത ഭാരം കുറയ്ക്കുക; ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക; പ്രമേഹം, രക്തസമ്മര്‍ദം എന്നിവ നിയന്ത്രണ വിധേയമാക്കുക; കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍