This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്കുഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:04, 29 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗ്രീക്കുഭാഷയും സാഹിത്യവും

ഗ്രീസിലെ ജനങ്ങളുടെ ഭാഷയും ആ ഭാഷയില്‍ രചിക്കപ്പെട്ട സാഹിത്യവും. ഗ്രീസിലെ സമ്പന്നവും പുരാതനവുമായ സംസ്കാരത്തിന്റെ യഥാതഥ പ്രതിഫലനമാണ് ഗ്രീക്കു സാഹിത്യത്തില്‍ പ്രകടമാവുന്നത്. നൂറ്റാണ്ടുകള്‍ക്കുശേഷവും പുതുമയും പ്രസക്തിയും നിലനില്‍ക്കുന്നു എന്നതാണ് ഗ്രീക്കുസാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സവിശേഷത. ഗ്രീക്ക്, സംസ്കൃതം, ലത്തീന്‍ എന്നീ ഭാഷകള്‍ പൊതുവായ ഒരു മൂലഭാഷയില്‍ നിന്നുണ്ടായതാണെന്ന് അഭിപ്രായമുണ്ട്. അതുവരെ ലോകത്തിന് പരിചിതമല്ലാതിരുന്ന പരിനിഷ്ഠകളും നിബന്ധനകളും ഉള്‍ക്കൊള്ളുന്ന സാഹിത്യകലാരൂപങ്ങള്‍ സൃഷ്ടിക്കാന്‍ യവന പ്രതിഭയ്ക്കു കഴിഞ്ഞു.

ശാശ്വതമായ മാനുഷിക ഭാവങ്ങള്‍ ആവിഷ്കരിക്കുന്നതിലെ ആലങ്കാരികതയും അവതരണത്തിന്റെ പുതുമയുമാണ് ഗ്രീക്കു ഭാഷയുടെയും സാഹിത്യത്തിന്റെയും മുഖമുദ്ര.

ഗ്രീക്കുഭാഷ

ഇന്തോ യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ഗ്രീക്കുശാഖ. ഗ്രേക്കര്‍ സംസാരിക്കുന്ന ഭാഷ എന്ന അര്‍ഥത്തിലാണ് ഗ്രീക്ക് എന്ന പേരുണ്ടായത്. ആര്യന്മാരുടെ ഒരു ശാഖയാണ് ഗ്രേക്കര്‍. സംസ്കൃതം, ഗ്രീക്ക്, ലത്തീന്‍ എന്നീ ഭാഷകള്‍ക്ക് ഒരു മൂലഭാഷയുണ്ടെന്നു പൊതുവേ അഭിപ്രായമുണ്ട്. തൊണ്ണൂറു ലക്ഷത്തലധികം പേര്‍ ഇന്നു ഗ്രീക്കുഭാഷ സംസാരിക്കുന്നുണ്ട്.

ഭാഷാചരിത്രകാരന്മാര്‍ ഗ്രീക്കുഭാഷയെ 'പ്രാചീന ഗ്രീക്ക്' എന്നും 'ആധുനിക ഗ്രീക്ക്' എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.

പ്രാചീന ഗ്രീക്കിന് പല ഉപഭാഷകള്‍ ഉണ്ടായിരുന്നതായി ചരിത്രപഠനം തെളിയിക്കുന്നു. ഉപഭൂഖണ്ഡത്തില്‍ നിന്നു ഏഷ്യാമൈനര്‍വരെ വ്യാപിച്ചിരുന്ന ഇയോണിക്കു-അറ്റിക്കുഭാഷാരൂപമാണ് അവയില്‍ പ്രമുഖമായിരുന്നത്. ഗ്രീസിന്റെ തെക്കന്‍ ഭാഗങ്ങളിലും ചുറ്റുമുള്ള ദ്വീപുകളിലും പ്രചരിച്ചിരുന്ന ആര്‍ക്കേദിയന്‍-സൈബ്രിയന്‍-പഥഫിലിയന്‍ രൂപമാണ് മറ്റൊന്ന്. ഏഷ്യാമൈനറിന്റെ വ.പടിഞ്ഞാറന്‍ ഭാഗങ്ങളിലും ലസ്ബോസ് ദ്വീപുകളിലും പ്രചാരം സിദ്ധിച്ച ഇയോളിയന്‍ ഭാഷാരൂപമാണ് മൂന്നാമത്തെത്. ഗ്രീസിന്റെ വ.പടിഞ്ഞാറന്‍ ഭാഗങ്ങളിലും പെലോപ്പനിസിലും ഉപയോഗിക്കപ്പെട്ടിരുന്നത് ഡോറിക് എന്ന ഭാഷാരൂപമാണ്. ഇവയില്‍ അറ്റിക്കു രൂപത്തില്‍ നിന്നു ഹൊയ്ന്‍ (Hoene) എന്നൊരു ഉപഭാഷ ഉരുത്തിരിഞ്ഞു. ഇത് അലക്സാണ്ടറുടെ സാമ്രാജ്യത്തിലുടനീളവും ഹെല്ലനിസ്റ്റിക് ലോകത്തൊട്ടാകെയും ഒരു പൊതുഭാഷയായി വ്യാപിച്ചു. ബൈസാന്തിയന്‍ കാലഘട്ടത്തിലും തുടര്‍ന്നും ഉപയോഗിക്കപ്പെട്ട ഈ ഭാഷാരൂപമാണ് ഇന്നത്തെ ഗ്രീക്കു ഭാഷയായി വികസിച്ചെത്തിയത്.

പ്രാചീന ഗ്രീക്കിന്റെ വികാസത്തില്‍ നാലു പ്രധാന ഘട്ടങ്ങള്‍ ചരിത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നു. അതിപ്രാചീന ഘട്ടമാണ് ആദ്യത്തേത്. ബി.സി. 14-ാം ശ.-മുതല്‍ 8-ാം ശ.-വരെയാണ് ഈ ഘട്ടത്തിന്റെ വ്യാപ്തി. ആദ്യകാല ലിഖിത സ്മാരകങ്ങളാണ് ഈ ഘട്ടത്തിന്റെ നാന്ദികുറിച്ചത്. 8-ാം ശ.-ത്തില്‍ മുന്‍ചൊന്ന ഭാഷാഭേദങ്ങളില്‍ അക്ഷരമാലകള്‍ ആവിര്‍ഭവിച്ചതോടെയാണ് രണ്ടാംഘട്ടം തുടങ്ങുന്നത്. തുടര്‍ന്ന് ഉപഭാഷകളില്‍ സാഹിത്യകൃതികള്‍ രചിക്കപ്പെടാന്‍ തുടങ്ങി. ക്ലാസ്സിക്കല്‍ കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഘട്ടം 4-ാം ശ.-ത്തില്‍ ഗ്രീക്കുകാരുടെ അധിവാസ ദേശങ്ങളിലാകെ അറ്റിക്കു ഉപഭാഷ പ്രചാരത്തിലെത്തിയതുവരെ നീണ്ടു കിടക്കുന്നു. അറ്റിക്കില്‍ നിന്ന് ഉരുത്തിരിഞ്ഞ ഹൊയ്ന്‍ ബന്ധഭാഷയെന്ന നിലയില്‍ പ്രചാരമാര്‍ജിച്ചതോടെ ആരംഭിച്ച മൂന്നാംഘട്ടം എ.ഡി. 4-ാം ശ.-വരെ വ്യാപിച്ചു കിടക്കുന്നു. സാമ്രാജ്യ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റപ്പെട്ടതുമുതല്‍ ആരംഭിക്കുന്ന നാലാംഘട്ടം അവസാനിക്കുന്നത് 7-ാം ശതകത്തോടെയാണ്.

ആദ്യഘട്ടത്തിന്റെ അവസാനത്തോടുകൂടി ഗ്രീസിന്റെ വ. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്ന് ഡോറിയന്‍ ശാഖക്കാര്‍ പെല്ലോപ്പനസിലേക്കു കുടിയേറ്റം നടത്തി. ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ് ഹോമറുടെ മഹാകാവ്യങ്ങള്‍. ക്ലാസ്സിക്കല്‍ കാലഘട്ടത്തില്‍ പ്രാചീന ഗ്രീക്കു സാഹിത്യത്തെ വികസ്വരമാക്കിയത് നാലു ഭാഷാഭേദങ്ങളാണ്. ഹെറോട്ടോസും മറ്റും കൃതികള്‍ രചിച്ചത് ഇയോണിക്കിലാണ്. ഈസ്കിലസ്, സോഫോക്ലിസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനീസ് തുടങ്ങിയവര്‍ അറ്റിക്കിലും സിമോണിഡിസും കൂട്ടരും ഡോറിക്കിലും അക്ലിയൂസ്, സാഫോ തുടങ്ങിയവര്‍ ഇയോളിയനിലും സാഹിത്യ സൃഷ്ടി നടത്തി. മൂന്നാംഘട്ടമായ ഹെല്ലനിസ്റ്റിക്-റൊമെയിക് ഘട്ടത്തില്‍ അറ്റിക്കുരൂപം തികച്ചും ഒരു സാഹിത്യഭാഷയായി വളര്‍ന്നു.

ഗ്രീക്കുസാഹിത്യം

യൂറോപ്യന്‍ സാഹിത്യങ്ങളില്‍ ഏറ്റവും പുരാതനമായ സാഹിത്യമാണ് ഗ്രീസിന്റേത്. ബി.സി. 8-ാം ശതകം മുതല്‍ക്കാണ് ഗ്രീക്കുസാഹിത്യം വികസിക്കാന്‍ തുടങ്ങിത്. ആദ്യകാലത്തു ഗ്രീസില്‍ ജീവിച്ചിരുന്നവരെക്കൂടാതെ ഏഷ്യാമൈനര്‍, ഈജിയന്‍ ദ്വീപുകള്‍, സിസിലി, ദക്ഷിണ ഇറ്റലി എന്നിവിടങ്ങളില്‍ പാര്‍ത്തിരുന്ന ഗ്രീക്കുകാരും തങ്ങളുടെ സാഹിത്യവികാസത്തിനു സംഭാവനകളര്‍പ്പിച്ചിരുന്നു. പില്ക്കാലത്ത് അലക്സാണ്ടറുടെ ആക്രമണത്തിനുശേഷം ബൈസാന്റിയന്‍ സാമ്രാജ്യങ്ങളിലും മധ്യധരണ്യാഴിയുടെ പൗരസ്ത്യ തീരങ്ങളിലും ഗ്രീക്കുഭാഷ പ്രചാരത്തിലെത്തിയതോടെ ഗ്രീക്കു സാഹിത്യത്തിന്റെ ചക്രവാളം വികസ്വരമായി.

പദ്യം

പ്രാചീന ഗ്രീക്കുസാഹിത്യകൃതികളില്‍ ചുരുക്കം ചിലതുമാത്രമേ അവശേഷിച്ചിട്ടുള്ളു. കലാമേന്മ തികഞ്ഞു നില്‍ക്കുന്ന അവ ചരിത്രപരമായ മൂല്യത്തിലും ശ്രദ്ധാര്‍ഹമാണ്. എ.ഡി. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം വരെ പാശ്ചാത്യ സാഹിത്യസൃഷ്ടികളുടെ പ്രചോദനകേന്ദ്രം പുരാതന ഗ്രീസിന്റെ സാഹിത്യപാരമ്പര്യമായിരുന്നു. ഗ്രീസിലെ പ്രാചീന തത്ത്വചിന്തകന്മാര്‍ വികസിപ്പിച്ചെടുത്ത കലാസിദ്ധാന്തങ്ങള്‍ നൂറ്റാണ്ടുകളായി ലോക സാഹിത്യത്തെത്തന്നെ സ്വാധീനിച്ചു പോരുകയും ചെയ്യുന്നു.

പ്രാചീനഘട്ടം

പുരാതന ഗ്രീക്കുജനതയുടെ വാചിക പാരമ്പര്യത്തിലൂടെ തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറ്റപ്പെട്ടുപോന്ന നാടോടിക്കഥകളും ഗാനങ്ങളുമാണ് ഗ്രീക്കു സാഹിത്യത്തിന്റെ പ്രഭവം. പ്രത്യേകിച്ചും, ആദ്യരൂപമായ കവിതകള്‍ ഈ നാടന്‍ കഥകളില്‍ നിന്നാണ് ഉറവെടുത്തൊഴുകിയത്. വ്യക്തിയുടെ ഏകാന്തമായ ആസ്വാദനമായിരുന്നില്ല കവിതയുടെ ലക്ഷ്യം; സമൂഹത്തിന്റെ കൂട്ടായ ആസ്വാദനമായിരുന്നു. പൊതുവേദിയില്‍, നിറഞ്ഞ സദസ്സിന്റെ മുന്‍പില്‍ ആലപിക്കപ്പെടുകയായിരുന്നു പതിവ്. നഗര രാഷ്ട്രങ്ങളുടെ ജനസംഖ്യയില്‍ ഒരു നല്ല പങ്ക് അന്നു കാവ്യാലാപന സദസ്സുകളില്‍ സന്നിഹിതരായിരുന്നു. കാവ്യരചനയും കാവ്യാസ്വാദനവും പ്രധാനപ്പെട്ട ഒരു സാമൂഹിക കര്‍മമായി കരുതപ്പെട്ടിരുന്നു. കല്പിത പുരാവൃത്തമായിരുന്നു ഏറിയകൂറും കാവ്യവിഷയം. വിദൂര ഭൂതകാലസത്ത ഉള്‍ച്ചേര്‍ന്ന ഐതിഹ്യങ്ങളും ചരിത്ര സംഭവങ്ങളുടെ മങ്ങിയ അനുസ്മരണങ്ങളും പ്രാകൃതമത സങ്കല്പങ്ങളുമെല്ലാം കാവ്യവിഷയങ്ങളായി. ഗ്രീക്കു പുരാണ കഥകളില്‍ മിക്കതും മതവുമായി ഉറ്റബന്ധം പുലര്‍ത്തുന്നവയല്ല. ദൈവങ്ങളെയും അര്‍ധദൈവങ്ങളെയും ചിത്രീകരിക്കുമ്പോഴും അവര്‍ക്ക് മതത്തിന്റെ നിയതമായ അധിഷ്ഠാനമില്ലാത്തതിനാല്‍ കവിയുടെ കല്പനാഭേദമനുസരിച്ച് മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. പുരാണകഥകളുടെ പുനരാഖ്യാനത്തിലൂടെ പുതിയ സങ്കല്പങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ഈ മാറ്റം സഹായകമായി വര്‍ത്തിച്ചു. ശ്രോതാക്കള്‍ക്കു ചിരപരിചിതമായ കഥകള്‍ ഉപയോഗപ്പെടുത്തിയതിലൂടെ പുതിയ വ്യാഖ്യാനങ്ങള്‍ ആസ്വാദ്യമായിത്തീരുകയും ചെയ്തു.

ഇലിയഡ്

പ്രാചീന ഗ്രീക്കുസാഹിത്യത്തിന്റെ പ്രാരംഭഘട്ടത്തെ സമുജ്ജ്വലമാക്കിയ രണ്ടു മഹാകാവ്യങ്ങളാണ് ഹോമറിന്റെ ഇലിയഡും ഒഡീസിയും. നഗര രാഷട്രത്തില്‍ പഴയ ഗ്രോത്രബന്ധങ്ങള്‍ വിഘടിതമാവുകയും പുതിയൊരു വൈയക്തിക ബോധം വികസ്വരമാവുകയും ചെയ്ത കാലഘട്ടമായിരുന്നു അത്. ഗോത്രനായകന്മാരുടെ ഇതിഹാസോജ്ജ്വലമായ വീരാപദാനങ്ങളും ചരിത്രസംഭവ ശകലങ്ങളും ആണ് ഈ മഹാകാവ്യങ്ങളുടെ ഇതിവൃത്തം. ട്രോജന്‍ യുദ്ധത്തെപ്പറ്റി പ്രചരിച്ചുപോന്ന ഐതിഹ്യങ്ങളാണ് ഇരു കാവ്യങ്ങളുടെയും മുഖ്യ ആധാരം. എന്നാല്‍ ഐതിഹ്യങ്ങള്‍ ചരിത്രസംഭവങ്ങളുമായി ഇഴപിരിച്ചു ചേര്‍ത്തിട്ടുണ്ടുതാനും. ഇതിഹാസകഥകളിലെ സൈനികവും വീരോചിതവുമായ സംഭവങ്ങളും സന്ദര്‍ഭങ്ങളുമാണ് ഇലിയഡ് മുഖ്യമായും ശ്രദ്ധിക്കുന്നത്.

ആത്മാഭിമാനബോധത്തിന്റെ ആധിക്യത്താല്‍ ആത്മാഹൂതി ചെയ്യുന്ന ഗ്രീക്കു നായകനായ അക്കിലിസിന്റെ ശോകാന്ത കഥയാണ് ഇലിയഡിന്റെ ഉള്ളടക്കം. ദേവാംശസംഭവനും സര്‍വഗുണസമ്പൂര്‍ണനുമാണ് അക്കിലിസ്. ആത്മാഭിമാനത്തിന് ഏറ്റവും വലിയ വില കല്പിക്കുന്ന ഈ വീരനായകനു ജനനേതാവായ അഗമെമ്നനില്‍ നിന്നുണ്ടായ നേരിയ അവഹേളനംപോലും സഹിക്കാന്‍ കഴിയുന്നില്ല. ട്രോയിക്കെതിരായി നടന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ അയാള്‍ വിസമ്മതിക്കുന്നു. ഗ്രീക്കുകാര്‍ യുദ്ധരംഗത്തു തകര്‍ന്നുവീണുകൊണ്ടിരിക്കുമ്പോള്‍ അഗമെമ്നന്‍ ക്ഷമാപണം നടത്തി ക്ഷണിച്ചിട്ടും അക്കിലിസ് കൂട്ടാക്കിയില്ല. അവസാനം ഗ്രീക്കു ജനതയുടെ നില അതീവമോശമായിത്തീര്‍ന്നപ്പോള്‍ അക്കിലിസ് സുഹൃത്തായ പെട്രോക്ലസിനെ യുദ്ധരംഗത്തേക്കു നിയോഗിച്ചു. പെട്രോക്ലസിന്റെ വീരോചിതമായ യുദ്ധതന്ത്രം ഗ്രീസിനെ രക്ഷിച്ചു. പക്ഷേ, അയാള്‍ക്കു സ്വന്തം ജീവന്‍ പകരം നല്കേണ്ടിവന്നു. പെട്രോക്ലസിന്റെ മരണത്തില്‍ രോഷാകുലനായ അക്കിലിസ് യുദ്ധരംഗത്തേക്കു പാഞ്ഞെത്തി പെട്രോക്ലസിനെ കൊലപ്പെടുത്തിയ ഹെക്ടറെ വധിച്ചു. എന്നിട്ട് ശവം ഹെക്ടറുടെ പിതാവായ പ്രിയാമിന്റെ മുന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുചെന്നു. പ്രിയാമും അക്കിലിസും തമ്മില്‍ അനുരഞ്ജനമുണ്ടാകുന്നതോടെ കാവ്യം അവസാനിക്കുന്നു. അക്കിലിസിന്റെ മരണത്തെപ്പറ്റി കാവ്യത്തില്‍ പ്രതിപാദനമൊന്നുമില്ല. എങ്കിലും ആ വീരനായകന്റെ അകാല നിര്യാണം സൂചിതമാകാതിരിക്കുന്നുമില്ല.

ആത്മാഭിമാന സംരക്ഷണത്തിനുവേണ്ടി ആത്മാഹൂതി നടത്താന്‍വരെ സന്നദ്ധനാകുന്ന അക്കിലിസ് പ്രാചീനഗ്രീക്കു നായകസങ്കല്പത്തിന്റെ മൂര്‍ത്തീകരണമാണ്. അക്കിലിസ് എന്ന യുദ്ധവീരന്റെ അതുല്യമായ ഗുണങ്ങളും അസ്വസ്ഥമായ ജീവിതവും അകാലമരണവും ഗ്രീക്കു ചിന്താപദ്ധതിയുടെ മുഖമുദ്രയായിരുന്ന ദുരന്തബോധത്തിന്റെ പ്രതീകമാണ്. വിശ്വപ്രസിദ്ധമായ ദുരന്തനാടകങ്ങളുടെ ഈറ്റില്ലത്തില്‍, നാടകങ്ങള്‍ക്കു മുന്‍പ് അവയുടെ മുന്നോടിയായി പെറ്റുവീണ ദുരന്തകാവ്യമാണ് ഇലിയഡ്.

ഒഡീസി

ദുരിതാനുഭവങ്ങളിലൂടെ കടന്നുകയറി ശുഭാന്ത്യത്തിലെത്തുന്ന മനുഷ്യന്റെ കഥയാണ് ഒഡീസി വിവരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോകുന്ന യാത്രയുടെ അന്ത്യത്തില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ഒഡീസ്യൂസ് മറ്റൊരു ഗ്രീക്കു ആദര്‍ശത്തിന്റെ മാതൃകയാണ്. യുദ്ധതന്ത്രത്തിലും കായബലത്തിലും അക്കിലിസിന്റെ ഒപ്പമെത്തുന്നില്ല ഒഡീസ്യൂസ്. എങ്കിലും പ്രതികൂല ശക്തികളെ കീഴ്പ്പെടുത്താന്‍ വേണ്ട ബുദ്ധികൗശലം അയാള്‍ക്കുണ്ട്. ട്രോയിയില്‍ നിന്നുള്ള മടക്കയാത്ര പത്തുവര്‍ഷം നീളുന്നു. യാത്രയ്ക്കിടയില്‍ ആദ്യം സൈന്യങ്ങളും പിന്നെ സ്വന്തം കപ്പലും നഷ്ടപ്പെടുന്നു. ഇത്താക്കയില്‍ തിരിച്ചെത്തുമ്പോഴാകട്ടെ സ്വന്തം ഭാര്യയെ തട്ടിയെടുക്കാന്‍ കൊതിച്ചെത്തിയവരുടെ നടുവിലാണ് ചെന്നു പെടുന്നത്. സ്വന്തം കൊട്ടാരത്തില്‍ ഒരു യാചകന്റെ വേഷത്തില്‍ അയാള്‍ക്കു കഴിയേണ്ടിവരുന്നു. ഈ വിഷമസന്ധികളെയെല്ലാം അയാള്‍ അതിജീവിക്കുന്നത് അദ്വിതീയമായ കായബലം കൊണ്ടല്ല, അചഞ്ചലമായ മനഃസ്ഥൈര്യം കൊണ്ടാണ്.

ഇരുകാവ്യങ്ങളും ഗ്രീക്കുകാര്‍ക്കു പരിചിതവും പ്രിയങ്കരവുമായ പുരാണസംഭവങ്ങളെ ആസ്പദിച്ചുള്ളതാണ്. ഋജുവും ലളിതവുമായ ആഖ്യാനശൈലി നാടോടി സാഹിത്യ പാരമ്പര്യത്തിന് അനുരോധകമാണുതാനും. കലാസൗന്ദര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഈ മഹാകാവ്യങ്ങള്‍ മഹാകാവ്യപ്രസ്ഥാനത്തിന്റെ നാന്ദി മാത്രമല്ല, ഫലപുഷ്ടമായ പരിസമാപ്തികൂടിയാണെന്നു പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ആലാപന കാവ്യങ്ങള്‍ എന്ന നിലയില്‍ നിര്‍മിക്കപ്പെട്ട ഈ മഹാകാവ്യങ്ങള്‍ പില്ക്കാലത്ത് എഴുത്തിന്റെ സഹായത്തോടുകൂടിയാണ് നിലനിന്നുപോന്നത്. പകര്‍ത്തെഴുത്തിലൂടെ നൂറ്റാണ്ടുകള്‍ കടന്നുപോകുമ്പോള്‍ പല രൂപഭേദങ്ങള്‍ക്കും അവ വിധേയമായിട്ടുണ്ടാവണം.

പ്രബോധനാത്മക കാവ്യങ്ങള്‍

മഹാകാവ്യപ്രസ്ഥാനത്തെ പിന്തുടര്‍ന്നെത്തിയത് പ്രബോധനാത്മക കാവ്യങ്ങളാണ്. അവയും ഉള്‍ക്കൊണ്ടിരുന്നത് നാടോടി സാഹിത്യ പാരമ്പര്യമാണ്. വൃത്തസ്വീകരണത്തിലും രചനാശൈലിയിലും അവ മഹാകാവ്യപ്രസ്ഥാനത്തില്‍നിന്നു വ്യതിരിക്തമായിരുന്നില്ല. ഇതിനൊരപവാദമാണ് ഹെസിയോഡിന്റെ കാവ്യങ്ങള്‍. ബി.സി. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഹെസിയോഡ് തന്റെ ജോലികളും ദിവസങ്ങളും എന്ന കൃതിയില്‍ കാര്‍ഷികവൃത്തിയുടെ ക്ളേശപൂര്‍ണതയും ജന്മിത്തത്തിന്റെ നിഷ്ഠൂരമായ മര്‍ദനമുറകളും ചിത്രീകരിക്കുന്നു.

ഭാവഗീതപ്രസ്ഥാനം

ഉദ്ബോധന കാവ്യപ്രസ്ഥാനത്തിനുശേഷം മുന്നിട്ടെത്തിയത് ഭാവഗീതപ്രസ്ഥാനമാണ്. വികസ്വരമായി വന്ന വൈയക്തിക ബോധമാണ് ഈ പ്രസ്ഥാനത്തിനു പ്രചോദനമായിരുന്നത്. എന്നാല്‍ വൈയക്തികമായ ചിത്തവൃത്തികള്‍ മതത്തിന്റെയും സദാചാരത്തിന്റെയും അനുശാസനങ്ങളില്‍ കുരുങ്ങിക്കിടന്നു. പിന്നീട് വ്യക്തിഗത വികാരങ്ങളെ മതാനുശാസനത്തിന്റെ പിടിയില്‍നിന്നു വേര്‍പെടുത്തിയെടുക്കാന്‍ ശ്രമം നടന്നു. തത്ഫലമായി രണ്ടുതരം ഭാവഗീതങ്ങള്‍ ഉരുത്തിരിഞ്ഞു. പ്രബോധനാത്മകമായ വിലാപഗീതികളാണ് ഒന്ന്. ഓടക്കുഴലിന്റെയോ 'ലയര്‍' എന്ന തന്ത്രിവാദ്യത്തിന്റെയോ അകമ്പടിയോടുകൂടി ആലപിക്കപ്പെട്ടിരുന്ന ഈ ഗീതങ്ങളുടെ ലക്ഷ്യം സൈനികവും രാഷ്ട്രീയവുമായ ശുദ്ധീകരണമായിരുന്നു. ശൃംഗാരവിഷയങ്ങളുടെ വികാരപൂര്‍ണമായ ആവിഷ്കരണം നിര്‍വഹിക്കുന്നവയാണ് രണ്ടാമത്തെ വിഭാഗം. ഏഷ്യാമൈനറിലെ ഇയോണിയന്‍ പ്രദേശത്തുകാരായ കവികളാണ് വിലാപഗീതപ്രസ്ഥാനത്തിനു പൊതുവില്‍ ഏറെ സംഭാവനകള്‍ നല്കിയത്.

ലെസ്ബോസിലെ കവികള്‍ ഒറ്റയ്ക്കു പാടാനുള്ള ഗീതികള്‍ രചിച്ചത് പുതിയൊരു വഴിത്തിരിവായിരുന്നു. അല്‍സീയുസിന്റെ ഗീതങ്ങളില്‍ രാഷ്്ട്രീയപ്രവര്‍ത്തകരുടെയും കുടിയേറ്റക്കാരുടെയും വിശ്രമരഹിതമായ ജീവിതം ചിത്രീകരിക്കപ്പെട്ടു. ഒപ്പംതന്നെ സ്ത്രീപുരുഷ ബന്ധത്തിന്റെ ഭിന്നഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കവിതകളും ധാരാളമുണ്ടായി (ഉദാ. സാഫോയുടെ കവിതകള്‍). വൈവാഹികജീവിത രതിക്രീഡകളും മുഖ്യവിഷയമായി. അനാക്രിയോണിന്റേതുപോലുള്ള കവിതകളില്‍ മദിരയും മധുരപ്രേമവും നുരകുത്തിനില്‍ക്കുന്നു. ഭോഗലാലസതയുടേതായ ഈദൃശകവിതകള്‍ വര്‍ധിച്ചുവന്നപ്പോള്‍ ദേവസ്തുതിപരമായ അര്‍ച്ചനാഗാനങ്ങളും സംഘഗാനങ്ങളും രചിക്കുവാന്‍ ഒരുപറ്റം കവികള്‍ സന്നദ്ധരായി. അല്‍ക്മാന്‍, സ്റ്റെസിക്കോറസ്, അരിയോണ്‍, ഇബിക്കസ്, സിമോനിഡീസ്, ബാക്കിലിഡിസ്, പിന്‍ഡാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയരാണ്.

സംഘഗാനങ്ങളില്‍ ഏറിയകൂറും ഒളിമ്പിയ, ഡെല്‍ഫി, കൊറിന്ത് എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന കായികമത്സരങ്ങളില്‍ വിജയികളാകുന്നവരെ ശ്ലാഘിക്കുന്നവയാണ്. മത്സരജേതാക്കള്‍ സ്വന്തം നഗരങ്ങളിലേക്കു മടങ്ങുമ്പോള്‍ അവരെ അനുമോദിക്കാന്‍ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഈ ആഘോഷവേളകളിലെ ഒരു മുഖ്യപരിപാടി കായികതാരങ്ങളെ പ്രകീര്‍ത്തിക്കുന്ന സംഘഗാനങ്ങളുടെ ആലാപനമായിരുന്നു.

ഭാവഗീതപ്രസ്ഥാനത്തിന്റെ പ്രഭവകാലത്തുതന്നെ ദൃശ്യകലകള്‍ പ്രാമുഖ്യം നേടിത്തുടങ്ങിയിരുന്നു. അതോടെ കാവ്യരംഗം മ്ലാനമായിക്കൊണ്ടിരുന്നു. എങ്കിലും മര്‍ദകഭരണാധിപന്മാരുടെ സംരക്ഷണത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന കവികള്‍ ആഥന്‍സിലെ ഉത്സവകാലത്ത് ഒത്തുചേരുകയും കാവ്യാലാപനം നടത്തുകയും പതിവായിരുന്നു. മര്‍ദകഭരണാധിപരുടെ സ്തുതിഗീതങ്ങളിലൂടെ അവരുടെ ഭരണക്രമത്തിനു ജനപ്രീതി നേടുകയെന്നതായിരുന്നു ലക്ഷ്യം.

ദുരന്തനാടകങ്ങള്‍

എഥീനിയന്‍ സംസ്കാരം ഉച്ചകോടിയിലെത്തിയ അഞ്ചും നാലും ശ.-ങ്ങളില്‍ പ്രാചീന ഗ്രീക്കു സാഹിത്യം സ്വാഭാവികമായിത്തന്നെ ഏറ്റവും ഫലപുഷ്ടമായി. ആഥന്‍സിലെ ജനാധിപത്യ സംവിധാനം അവിടത്തെ പൗരന്മാരുടെ രാഷ്ട്രീയവും സാമൂഹികവുമായ പങ്കാളിത്തം വികസ്വരമാക്കി. സമൂഹാംഗങ്ങളായ പൗരന്മാര്‍ക്ക് ജീവിതത്തിന്റെ സമസ്ത മേഖലകളിലും പൂര്‍ണമായ അവകാശങ്ങള്‍ ലഭ്യമായി. നഗരരാഷ്ട്രത്തിന്റെ ജനാധിപത്യ സംസ്കാരം സാഹിത്യ മണ്ഡലത്തിലും പ്രതിഫലിച്ചു. സംഘഗാനങ്ങള്‍ക്കൊപ്പം ജനകീയ സ്വഭാവമുള്ള നാടകം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. അനുഷ്ഠാനഗാനങ്ങളുമായി സംഘഗാനങ്ങള്‍ സമന്വയിപ്പിക്കപ്പെട്ടു. അതോടുകൂടി അവയുടെ ഉള്ളടക്കത്തിന് മാറ്റം വന്നു. ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നിലെത്തിയ കാവ്യരൂപം ദുരന്തനാടകമായിരുന്നു. ദുരന്തനാടകങ്ങളുടെ ഇതിവൃത്തം പുരാണപ്രോക്തമായ ഏതെങ്കിലും സംഭവത്തില്‍ അധിഷ്ഠിതമായിരുന്നുവെങ്കിലും ജനാധിപത്യ വികാരങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ അവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യകാല ദുരന്തനാടക കര്‍ത്താക്കളില്‍ പ്രമുഖന്‍ ഈസ്കിലസ് ആയിരുന്നു. എഥീനിയന്‍ ജനാധിപത്യത്തിന്റെ സംസ്ഥാപനവേളയില്‍ ജീവിച്ചിരുന്ന ഈ നാടകകൃത്ത് സ്വന്തം കാലഘട്ടത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ക്ക് രൂപം നല്കി. അദ്ദേഹത്തിന്റെ പേര്‍ഷ്യക്കാര്‍ എന്ന നാടകം ഏകാധിപത്യത്തിന്മേല്‍ ജനാധിപത്യം കൈവരിച്ച ഐതിഹാസിക വിജയത്തിന്റെ പ്രകീര്‍ത്തനമാണ്. ഗോത്ര സംവിധാനം നഗര രാഷ്ട്രത്തിനു വഴിമാറുന്നതാണ് ഒറെസ്റ്റിയയില്‍ ചിത്രീകരിക്കപ്പെടുന്നത്. ബന്ധിതനായ പ്രൊമിത്യൂസ് നാഗരികതയുടെ വിജയം ആഘോഷിക്കുന്നു. ദൈവികശക്തിയുടെ പ്രേരണയ്ക്കു വിധേയനെങ്കിലും പരിതോവസ്ഥകളോട് ബുദ്ധിപൂര്‍വം പ്രതികരിക്കുന്ന ചിന്താശക്തനായ മനുഷ്യന്റെ ഉത്തരവാദിത്വബോധം പ്രകടമാക്കുന്നവയാണ് ഈസ്കിലസിന്റെ എല്ലാ നാടകങ്ങളും.

സോഫോക്ലിസ്

സോഫോക്ലിസ് ആണ് മറ്റൊരു ദുരന്തനാടകകൃത്ത്. എഥീനിയന്‍ ജനാധിപത്യത്തിന്റെ ഉച്ചകോടിയില്‍ ജീവിച്ചിരുന്ന സോഫോക്ലിസ് പെരുമാറ്റത്തിലും പ്രവൃത്തിയിലും പൂര്‍ണസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. നഗരരാഷ്ട്രത്തിന്റെ ലിഖിത ശാസനങ്ങളും മതത്തിന്റെയും നൈതികതയുടെയും അലിഖിത നിയമങ്ങളും ആദ്ദേഹത്തിന്റെ ആന്റിഗണി എന്ന നാടകത്തില്‍ ഏറ്റുമുട്ടുന്നു. ഉഗ്രമായ ഈ സംഘട്ടനത്തിനിടയിലും മനുഷ്യവ്യക്തിത്വം തലയെടുത്തു നില്‍ക്കുന്നു. 'പ്രകൃതിയില്‍ ഒട്ടേറെ ദൈവികശക്തികളുണ്ട്; എന്നാല്‍ മനുഷ്യനെക്കാള്‍ മഹത്തരമായ യാതൊന്നുമില്ല' എന്നു പ്രഖ്യാപിച്ച സോഫോക്ലിസ് ജനാധിപത്യ വ്യവസ്ഥയിലെ മനുഷ്യന്റെ അജയ്യത വിളംബരം ചെയ്യുകയായിരുന്നു. ഫിലോക്റ്റെറ്റസ് എന്ന നാടകത്തില്‍ ആര്‍ജവവും കുടിലതയും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കപ്പെടുന്നു. കര്‍ത്തവ്യനിര്‍വഹണം അനിവാര്യമാക്കിത്തീര്‍ക്കുന്ന യാതനയുടെ ചിത്രീകരണമാണ് എലക്ട്രാ നടത്തുന്നത്. മനുഷ്യന്റെ അജ്ഞാതജന്യമായ തെറ്റുകളും അവയുടെ ഫലമായി ഉണ്ടാകുന്ന അന്ധമായ ദുരിതങ്ങളും ആണ് ഈഡിപ്പസ് ടിറനസ് എന്ന നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്.

യൂറിപ്പിഡിസ്

ദുരന്തനാടക പ്രസ്ഥാനത്തിന്റെ ഒടുവിലത്തെ പ്രധാന കണ്ണിയാണ് യൂറിപ്പിഡിസ്. എഥീനിയന്‍ ജനാധിപത്യത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം വ്യക്തിയുടെ സ്വകീയമായ നൈതികബോധത്തിനാണു പ്രാമുഖ്യം കല്പിച്ചത്. പരമ്പരാഗതമായ ഇതിഹാസേതിവൃത്തങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. വര്‍ത്തമാനകാല മനുഷ്യരെ അവരുടെ തനിമയില്‍ അവതരിപ്പിക്കാനാണ് യൂറിപ്പിഡിസ് ഇഷ്ടപ്പെട്ടത്. അനുദിന ജീവിതത്തിന്റെ യഥാതഥമായ പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ നാടകകൃത്ത് ആധുനിക യുഗത്തോട് അടുത്തു നില്‍ക്കുന്നു. ഹെറാക്ളീസ്, മീഡിയ തുടങ്ങിയ നാടകങ്ങള്‍ യഥാതഥമായ ആവിഷ്കാരരീതിക്കു നിദര്‍ശനങ്ങളാണ്. ദുരിതാനുഭവത്തിനു നല്കപ്പെട്ടു പോന്ന ധാര്‍മിക പരിവേഷം ചീന്തിയെറിയുന്ന ഒരു കൃതിയാണ് ട്രോജന്‍ സ്ത്രീകള്‍.

ശുഭാന്ത നാടകങ്ങള്‍

ദുരന്തനാടകങ്ങളുടെ പ്രതികാരമെന്ന നിലയില്‍ ശുഭാന്തനാടകങ്ങള്‍ വിരചിതമാകാന്‍ തുടങ്ങി. ബി.സി. 6-ാം ശ.-ത്തില്‍ സിസിലിയിലാണ് ശുഭാന്തനാടകങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 5-ാം ശ.-ത്തില്‍ ആഥന്‍സിലാണ് അവ പുര്‍ണവികാസം നേടിയത്. ഈ കാലഘട്ടത്തില്‍ ഉണ്ടായ കോമഡികളെ 'ആദ്യകാല കോമഡികള്‍' എന്നു വിളിക്കുന്നു. 5-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തിലും 4-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലും ആഥന്‍സില്‍ നിലനിന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതത്തെയും അടിമവ്യവസ്ഥ നിലനിന്നുപോന്ന അവിടത്തെ ജനാധിപത്യത്തിന്റെ അക്രമാസക്തമായ വിദേശ നയത്തെയും ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്ന കോമഡികള്‍ രചിച്ച അരിസ്റ്റോഫനീസ് ആണ് പ്രാചീന ശുഭാന്തനാടകരചയിതാക്കളില്‍ പ്രഥമഗണീയന്‍. പ്രഭുക്കന്മാര്‍, കടന്നലുകള്‍ എന്നീ നാടകങ്ങളില്‍ അദ്ദേഹം രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ അനാശാസ്യതകള്‍ തുറന്നു കാട്ടുന്നു. മേഘങ്ങള്‍ എന്ന നാടകത്തിലൂടെ സോഫിസ്റ്റ് ദര്‍ശനത്തിനായി അധിക്ഷേപവര്‍ഷം ചൊരിയുന്നു. തവളകള്‍ യൂറിപ്പിഡിസിന്റെ ദുരന്തനാടകങ്ങള്‍ക്കെതിരായ മൂര്‍ച്ചയേറിയ വിമര്‍ശനമാണ്. അക്കാര്‍നിയന്‍സ്, ലിസിസ്റ്റ്രാറ്റ എന്നീ നാടകങ്ങള്‍ പെലൊപ്പനീഷ്യന്‍ യുദ്ധത്തിന്റെ കെടുതികളിലേക്കുള്ള ചൂണ്ടുപലകയും യുദ്ധത്തിനെതിരായ ആഹ്വാനവുമാണ്.

ഗദ്യം

5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ നഗരരാഷ്ട്രം രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടു. അതോടുകൂടി ആശയവിനിമയ രംഗത്തു സോഫിസ്റ്റ് പ്രസ്ഥാനം പ്രാബല്യംനേടി. ഇതു ഗദ്യ സാഹിത്യത്തിന്റെ വികാസത്തിലേക്കു നയിച്ചു. നിയമസംഹിതകള്‍ എഴുതപ്പെടാന്‍ തുടങ്ങിയതോടെ ആവിര്‍ഭവിച്ചിരുന്ന ഗദ്യരൂപത്തിനു പുതിയ സാഹചര്യത്തില്‍ സാഹിത്യത്തിന്റെ പദവി കൈവന്നു. ചരിത്ര രചനയിലും (ഹെറോഡോട്ടസ്) ദാര്‍ശനിക സംവാദങ്ങളിലും (പേറ്റോ) ആണ് പ്രാചീന ഗ്രീക്ക് ഗദ്യം സാഹിത്യപരമായ ഉത്കര്‍ഷം നേടിയത്.

പ്രാചീനഗദ്യം

കവിതയുടെ താളാത്മകതയും അലങ്കാരപ്രയോഗങ്ങളും പദസംഘാത ക്രമവും ഗദ്യത്തില്‍ സ്വീകരിക്കപ്പെട്ടു. പ്രഭാഷണകലയ്ക്കുണ്ടായ പ്രചാരവും ഗദ്യരൂപ വികാസത്തെ ഉത്തേജിപ്പിച്ചു.

4-ാം ശ.-ത്തില്‍ ജനാധിപത്യ വിരുദ്ധവും ഒട്ടൊക്കെ രാജ്യാധിപത്യപരവുമായ പ്രവണതകള്‍ ഗ്രീക്കു സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ പ്രകടമാവാന്‍ തുടങ്ങി. ഐസോക്രാറ്റസ്, സെനഫോണ്‍, പ്ലേറ്റോ എന്നിവരുടെ കൃതികള്‍ ഇവയുടെ പ്രതിഫലനങ്ങളാണ്. ഒരു ദാര്‍ശനിക രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള മാതൃകാരാജ്യം എന്ന സങ്കല്പം പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന കൃതിയിലൂടെ ആവിഷ്കരിച്ചു. പ്ലേറ്റോയുടെ തന്നെ നിയമങ്ങള്‍, രാജ്യതന്ത്രജ്ഞന്‍ എന്നിവയും അരിസ്റ്റോട്ടലിന്റെ ഭരണഘടന തുടങ്ങിയ കൃതികളും രാഷ്ട്രീയ സിദ്ധാന്ത ഗ്രന്ഥങ്ങള്‍ എന്നതിലുപരി പ്രാചീന ഗ്രീക്കു ഗദ്യ സാഹിത്യ ഗ്രന്ഥങ്ങളുടെ ഉത്തമമാതൃകകളാണ്.

പ്ലേറ്റോ

(ബി.സി. 428-348). ദാര്‍ശനിക പ്രതിഭാസങ്ങള്‍ക്കൊപ്പം സാഹിത്യ സിദ്ധാന്തങ്ങളും അന്വേഷണ വിഷയമായി. സാഹിത്യാദികലകളെപ്പറ്റി ആദ്യമായി ഒരു ദാര്‍ശനിക സിദ്ധാന്തം അവതരിപ്പിച്ചതു പ്ലേറ്റോ ആണ്. ഇദ്ദേഹത്തിന്റെ 'അനുകരണസിദ്ധാന്തം' ആണ് പാശ്ചാത്യ ലോകത്തു കലാസൗന്ദര്യ ശാസ്ത്രത്തിന്റെ തുടക്കം കുറിച്ചത്.

പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റിയുള്ള ആശയപരമായ ദര്‍ശനമാണ് പ്ലേറ്റോയുടെ അനുകരണ സിദ്ധാന്തത്തിനടിസ്ഥാനം. യഥാര്‍ഥ വസ്തു എന്നതു നാം കാണുന്ന വസ്തു അല്ല. വസ്തു എന്ന ആശയമാണ്. യഥാര്‍ഥ കുതിര ഏതെങ്കിലുമൊരു പ്രത്യേക കുതിരയല്ല; കുതിരയെന്ന ആശയമാണ്. അഗോചരമായ ഈ ആശയമാണ് വസ്തുവിന്റെ ആദിമരൂപം. ആശയത്തിന്റെ പകര്‍പ്പ് അഥവാ അനുകരണമാണ് നാം അറിയുന്ന വസ്തു. ഈ വസ്തുവിനെയാണ്, വസ്തുവിനാധാരമായ ആദിമരൂപ (ആശയം)ത്തെയല്ലാ കലാകാരന്‍ പകര്‍ത്തുന്നത്. അങ്ങനെ കലാസൃഷ്ടി നാം കാണുന്ന വസ്തുവിന്റെ അനുകരണമാകുന്നു. ഈ വസ്തുവാകട്ടെ ആശയത്തിന്റെ അനുകരണമാണുതാനും. തന്നിമിത്തം കലാസൃഷ്ടി അനുകരണത്തിന്റെ അനുകരണമാകുന്നു. അതുകൊണ്ടുതന്നെ അതു യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ അയഥാര്‍ഥമാണ് സാഹിത്യാദികലകള്‍ എന്ന നിഗമനത്തില്‍ പ്ലേറ്റോ എത്തിച്ചേരുന്നു.

സാഹിത്യാദികലകള്‍ ജനങ്ങളുടെ വികാരത്തെയാണ്, യുക്തിയെ അല്ല, ഉത്തേജിപ്പിക്കുന്നതെന്നും പ്ലേറ്റോ സിദ്ധാന്തിച്ചു. വികാരോദ്ദീപനം വഴി മനുഷ്യരെ കൂടുതല്‍ കൂടുതല്‍ വികാരജീവികളാക്കുന്ന കല യുക്തിബോധം നശിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ സാഹിത്യാദികലകള്‍ക്ക് പ്ലേറ്റോ തന്റെ മാതൃകാ റിപ്പബ്ലിക്കില്‍ ഭ്രഷ്ടു കല്പിക്കുകയും ചെയ്തു.

അരിസ്റ്റോട്ടല്‍

(ബി.സി. 384-322). പ്ലേറ്റോയുടെ കലാസിദ്ധാന്തത്തോടു വിയോജിച്ച അരിസ്റ്റോട്ടല്‍ കലയുടെ കഴിവുകള്‍ ഉയര്‍ത്തിപ്പിടിച്ചു. അനുകരണമെന്നതു മനുഷ്യസഹജമാണ്. മറ്റു ജീവികളില്‍ നിന്നു മനുഷ്യനുള്ള ഒരു പ്രധാന പ്രത്യേകതയും അനുകരിക്കാനുള്ള കഴിവാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. അനുകരണത്തിലൂടെ ആസ്വദിക്കുക മാത്രമല്ല, അറിവു നേടുകകൂടി ചെയ്യുന്നു മനുഷ്യന്‍. കലാസൃഷ്ടി അനുകരണമാണെങ്കില്‍ അത് അയഥാര്‍ഥമല്ല.

വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന കല വികാരങ്ങളെ ശുദ്ധീകരിക്കുക കൂടി ചെയ്യാന്‍ പോന്നതാണെന്ന് അരിസ്റ്റോട്ടല്‍ തന്റെ പ്രസിദ്ധമായ 'വികാര വിരേചനസിദ്ധാന്ത' (കഥാര്‍സിസ്)ത്തിലൂടെ സമര്‍ഥിക്കുന്നു. അങ്ങനെ പ്ലേറ്റോ ഭ്രഷ്ടു കല്പിച്ച കാവ്യനാടകാദികള്‍ക്ക് അരിസ്റ്റോട്ടല്‍ ഉന്നത പദവി നല്കുന്നു. അരിസ്റ്റോട്ടലിന്റെ കലാസിദ്ധാന്തം ഇരുപത്തിമൂന്നു ശതകങ്ങള്‍ക്കു ശേഷവും പ്രസക്തമായി നിലകൊള്ളുന്നു.

പുതിയ പ്രവണതകള്‍

3-ാം ശ.-ത്തിന്റെ ആരംഭത്തില്‍ മാസിഡോണിയയുടെ ആധിപത്യവും തുടര്‍ന്ന് ഹെല്ലനിസ്റ്റിക് രാഷ്ട്രങ്ങളുടെ സംസ്ഥാപനവും ഗ്രീക്കു ജീവിതശൈലിയെ സാരമായി മാറ്റിമറിച്ചു. ഹെല്ലനിസ്റ്റിക് സ്ഥാപനങ്ങളില്‍ രാജവാഴ്ച നിലവില്‍വന്നു. അവിടങ്ങളില്‍ ഗ്രീസിന്റെ ക്ലാസ്സിക്കുസംസ്കാരം ക്ഷയോന്മുഖമായി. സാഹിത്യം കുടുംബജീവിതത്തിലേക്കും ദൈനംദിന സംഭവങ്ങളിലേക്കും മുഖം തിരിച്ചു. ചരിത്ര നാടക രചനകള്‍ യാദൃച്ഛികതയ്ക്കു പ്രാമാണ്യം കല്പിച്ചു. ഈ ശ.-ത്തിന്റെ അന്ത്യമായപ്പോഴേക്കും 'പുതിയ കോമഡികള്‍' വികസിക്കാന്‍ തുടങ്ങി. കുടുംബജീവിത സന്ദര്‍ഭങ്ങളും രതിഭാവങ്ങളും സാമൂഹിക വൈരുധ്യങ്ങളുമെല്ലാം പുതിയ നാടകങ്ങളുടെ ഇതിവൃത്തങ്ങളായി. ഇതിവൃത്ത സംവിധാനം അപ്പോഴും പരമ്പരാഗത മാതൃകയില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ക്കു കൂടുതല്‍ വ്യക്തിത്വം നല്കാന്‍ നാടകകൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. കാലക്രമത്തില്‍ ഗൌരവപൂര്‍ണമായ നാടകരൂപം ഭ്രമാത്മകമായ ഒരുവക പ്രഹസനത്തിനു വഴിമാറിക്കൊടുത്തു. പൗരസ്ത്യ ഗ്രീസില്‍ പ്രത്യേകിച്ച്, അലക്സാണ്ട്രിയയുടെ സ്വാധീന വലയത്തിനകത്ത് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഗ്രീക്കു സ്വാധീനം താരതമ്യേന കുറവായിരുന്നു. അവിടങ്ങളില്‍ പണ്ഡിതോചിതമായ പുരാണ കാവ്യരൂപം പ്രത്യക്ഷപ്പെട്ടു. കാലിമാക്കസ് നിരവധി ഭാവഗീതങ്ങളും ഒരു മഹാകാവ്യവും രചിച്ചു. ഇതില്‍ പ്രാചീന നാടന്‍കഥകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അനുദിന ജീവിത ചിത്രീകരണത്തിന്റെ ഉപാധി 'മിത്തു'കളായിത്തീര്‍ന്നു. കാലിമാക്കസിന്റെ പാതയില്‍ നിന്നു വേറിട്ടു നിന്ന അപ്പോളോണിയസ് മഹാകാവ്യപാരമ്പര്യം പുനരുദ്ധരിച്ചു. പ്രേമത്തെപ്പറ്റി മനശ്ശാസ്ത്രപരമായ അപഗ്രഥനം നടത്തുവാനും അദ്ദേഹം ശ്രമിച്ചു. 'ഇടയഗീതങ്ങള്‍' (Idles) എന്ന ഒരു കാവ്യരീതിയും ഇക്കാലത്തുണ്ടായി. അധഃസ്ഥിതരുടെ ജീവിത മുഹൂര്‍ത്തങ്ങളാണ് ഈ ഗീതികളുടെ ഉള്ളടക്കം.

2-ാം ശ. മധ്യം മുതലുണ്ടായ റോമന്‍ ആധിപത്യം ഗ്രീസിന്റെ സാംസ്കാരിക ജീവിതത്തെ കൂടുതല്‍ ക്ഷയിപ്പിച്ചു. ഉന്നതവര്‍ഗങ്ങള്‍ പഴയ പാരമ്പര്യത്തിലേക്കു തിരിച്ചുപോയി. സാഹിത്യത്തില്‍ ഇതിന്റെ പ്രതിഫലനമായി അറ്റിസിസം-അറ്റിക്കു ഗദ്യം-രൂപം കൊണ്ടു. ചരിത്രകാരനായ പ്ളൂട്ടാര്‍ക്ക് പ്രാചീന ഗ്രീസിലെയും റോമിലെയും വീരനായകന്മാരെ ചിത്രീകരിച്ചു (സമാന്തര ജീവിതങ്ങള്‍). എ.ഡി. 2-ാം ശ.-ത്തിലുണ്ടായ സാംസ്കാരിക നവോത്ഥാനത്തോടെ ഗ്രീക്കു പൗരാണികതയോടുണ്ടായ ആഭിമുഖ്യം അതിന്റെ ഉച്ചകോടിയിലെത്തി. രണ്ടാം സോഫിസ്റ്റ് ഘട്ടം എന്നറിയപ്പെടുന്ന ഈ കാലയളവില്‍ സ്വതന്ത്രമായ സര്‍ഗാത്മകത സാഹിത്യ വിചിന്തനത്തില്‍ നിന്നും അപ്രത്യക്ഷമായി.

വിധിവിശ്വാസവും നിഗൂഢതാവാദവും അന്ധവിശ്വാസവും ശക്തിയാര്‍ജിച്ചു. ആശയപരമായ ഈ അപചയത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനം 2-ാം ശ.-ത്തില്‍ ലൂഷ്യന്റെ ആക്ഷേപഹാസ്യകൃതികളില്‍ പ്രകടമാണ്.

അറ്റിസിസവും സോഫിസ്റ്റുപ്രസ്ഥാനവും ആഖ്യാന ഗദ്യരൂപത്തിന്റെ വികാസത്തിനു വഴിതെളിച്ചു. ദുരിതാനുഭവങ്ങളിലൂടെ നിശ്ശബ്ദനായി കടന്നുപോകുന്ന നായകന്‍ സാഹിത്യത്തിന്റെ പുതിയ സങ്കല്പമായിത്തീര്‍ന്നു. വിധിയുടെ ആഘാതങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് പരസ്പര വിശ്വാസത്തോടെ വര്‍ത്തിക്കുന്ന കമിതാക്കളുടെ ആദര്‍ശപ്രേമം ആഖ്യാനവിഷയമായി. നാലാം ശ.-ത്തോടുകൂടി പ്രാചീന ഗ്രീക്കു സാഹിത്യം ക്രിസ്തീയ സാഹിത്യത്തിനു വഴിമാറി. എങ്കിലും പഴയ രൂപങ്ങള്‍ കുറേക്കാലംകൂടി നിലനിന്നു.

ആധുനിക സാഹിത്യം

ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള ഗ്രീക്കുസാഹിത്യം ആധുനിക സാഹിത്യം എന്നാണ് വിവക്ഷിക്കപ്പെടുന്നത്. സാമ്രാജ്യപതനാനന്തര ഘട്ടത്തില്‍ പ്രാചീന സാഹിത്യ പാരമ്പര്യവും ബൈസാന്തിയന്‍ ജീവിത വീക്ഷണവും ഗ്രീക്കുസാഹിത്യത്തെ സ്വാധീനിച്ചു. 15 മുതല്‍ 17 വരെയുള്ള ശ.-ങ്ങളില്‍ റോധോസിലും ദൊദോക്കനീസ് ദ്വീപുകളിലും ഗ്രീക്കുസാഹിത്യം അഭിവൃദ്ധിപ്പെട്ടു. ക്രീറ്റില്‍ (Crete) പ്രത്യക്ഷപ്പെട്ട കൃതികളില്‍ അജ്ഞാതകര്‍ത്തൃകമായ ഇടയത്തി എന്ന ആഖ്യാന കാവ്യവും എറോഫിലി എന്ന ട്രാജഡിയും കസ്ദര്‍ബോസ് എന്ന കോമഡിയും ഒട്ടേറെ കാവ്യനോവലുകളും ഉള്‍പ്പെടുന്നു. 18-ഉം 19-ഉം ശ.-ങ്ങളില്‍ വിവരണാത്മക കൃതികള്‍ ഗ്രീക്കുസാഹിത്യത്തെ സമുജ്ജ്വലമാക്കി. ഭാവഗീതങ്ങള്‍ക്കൊപ്പം ചരിത്രകാവ്യങ്ങളും വിരചിതമായി. ദേശീയമായ ഉള്ളടക്കത്തിനു പ്രാമാണ്യം ലഭിച്ചു. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ ഗ്രീസിലുണ്ടായ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സാഹിത്യത്തിലും പ്രതിഫലിച്ചു. മധ്യവര്‍ഗത്തിനു സമൂഹത്തില്‍ കൂടുതല്‍ പ്രാമാണ്യം സിദ്ധിച്ചു. നഗരജീവിതം പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്തു. ഇതു നഗര ജീവിത സംബന്ധിയായ നോവലുകളുടെ രചനയ്ക്കു സഹായകമായി. അത്തരം നോവലുകള്‍ മറ്റു ഭാഷകളില്‍ നിന്നു ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. എമിലിസോളയുടെ കൃതികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. നാഗരിക നോവലുകളുടെ വികാസത്തില്‍ സൈക്കാറിസ്, ഗ്രിഗോറിയസ്, സെനോപൗലോസ് എന്നിവരാണ് ഏറ്റവും ശ്രദ്ധേയര്‍.

ഒന്നാം ലോകയുദ്ധത്തിനുശേഷം പരിപുഷ്ടമായ ഗ്രീക്കുസാഹിത്യം രണ്ടാം ലോകയുദ്ധാനന്തരം അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്നു. ജിയോര്‍ഗസ് സെഫരീസ് (1963), ഒഡീസിയസ് എലൈറ്റിസ് (1979) എന്നിവര്‍ക്കു സാഹിത്യത്തിനുള്ള നോവല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ആധുനിക നാടകപ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായ ജോണ്‍ സിക്കാരി, ശ്രദ്ധേയനായ നോവലിസ്റ്റ് കസന്‍ദ് സാക്കീസ് തുടങ്ങി ആഗോള പ്രശസ്തരായ നിരവധി എഴുത്തുകാര്‍ ഗ്രീക്കുസാഹിത്യത്തിലുണ്ട്. നോ: അരിസ്റ്റോട്ടല്‍; ഇലിയഡ്; സോഫോക്ലിസ് ഒഡീസി; പ്ലേറ്റോ; യൂറിപ്പിഡിസ്; ഗ്രീക്ക് കല; ഗ്രീക്ക് നാടകം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍