This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരളം-3
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഭാഷയും സാഹിത്യവും
കേരളീയരുടെ ഭാഷയും അതില്‍ രചിക്കപ്പെടുന്ന സാഹിത്യവും.
മലയാളം എന്ന ശ്രേഷ്ഠഭാഷ
ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഒരു സമ്പുഷ്ട ഭാഷയാണ് മലയാളം. തമിഴ്, തെലുഗു, കന്നഡ എന്നിവയാണ് ദ്രാവിഡ ഗോത്രത്തിലെ മറ്റു സമ്പുഷ്ട ഭാഷകള്‍. ചെന്തമിഴ് കാലഘട്ടം തൊട്ടേ മലയാളത്തിന്റെ സവിശേഷതകള്‍ അല്പാല്പമായി അനുഭവപ്പെടുന്നുണ്ട്. ചെന്തമിഴില്‍ ഇല്ലാത്ത ചില പ്രയോഗവിശേഷങ്ങള്‍ തൊല്ക്കാപ്പിയത്തില്‍ കാണാം. ചിലപ്പതികാരത്തിലെ പ്രാദേശിക പ്രയോഗങ്ങള്‍, സംഘകാല കവികളില്‍ കേരളീയരുടെ സജീവ സാന്നിധ്യം ഇവയെല്ലാം പണ്ഡിതന്മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംഘകൃതിയായ പതിറ്റുപ്പത്ത്, പത്തു ചേരരാജാക്കന്മാരെ സ്തുതിക്കുന്ന പാട്ടുകളാണ്. പെരുംചോറ്റ് ഉതിയന്‍ ചേരല്‍ ആതന്‍, ഇമയവരമ്പന്‍ നെടും ചേരല്‍ ആതന്‍, പല്‍യാനൈചേല്‍ കെഴുകുട്ടുവന്‍, കളങ്കായ് കണ്ണി നാര്‍മുടി ചേരല്‍, ചേരന്‍ ചെങ്കുട്ടുവന്‍, ആടുകോട്പാട്ടുച്ചേരല്‍ ആതന്‍, ചെല്‍വ കടും കോ അഴിയാതന്‍, തകടൂര്‍ എറിന്ത പെരും ചേരല്‍ ഇരും പൊറൈ, കുടക്കോ ഇളം ചേരല്‍ ഇരും പൊറൈ, യാനൈ കാല്‍ചേയ്മാന്തരം ചേരല്‍ ഇരും പൊറൈ എന്നിവരാണ് ഈ ചേരരാജാക്കന്മാര്‍. കവികളില്‍ പരണര്‍, കുമട്ടൂര്‍ കണ്ണനാര്‍, കാക്കൈപ്പാടിനിയാര്‍, നച്ചെള്ളൈയാര്‍ എന്നിവര്‍ കേരളീയരാണെന്ന് അനുമാനിക്കപ്പെടുന്നു. പാലൈ കൗതമനാര്‍, അയ്യനരിതനാര്‍, പാലൈ പാടിയ പെരുങ്കടുങ്കോ, മാന്തരം ചേരല്‍ ഇരുമ്പൊറൈ, വേണാട്ടടികള്‍, ചിലപ്പതികാരം രചിച്ച ഇളങ്കോ അടികള്‍ എന്നിങ്ങനെ അക്കാലത്തെ കേരള കവിസാന്നിധ്യം പ്രബലമാണ്. ആര്യജനതയുടെ ആവിഷ്കാര വിഷയങ്ങളും ശൈലികളും അവരെ സ്വാധീനിച്ചിരുന്നില്ല. അതിനാല്‍ കേരളചരിത്രവും പ്രകൃതിയും മനുഷ്യസമ്പര്‍ക്കങ്ങളും സംഘംകൃതികളില്‍ അകൃത്രിമഭാവരൂപങ്ങളോടെ സംരക്ഷിക്കപ്പെട്ടു. അകം കവിതകള്‍, പുറം കവിതകള്‍ എന്നിങ്ങനെ വിഷയപരമായി വിഭജിക്കപ്പെട്ട ഈ കവിതകള്‍ കൃത്യമായ ജനവര്‍ഗവിവേചനത്തോടുകൂടിയ 'തിണൈ സങ്കല്പം' ഭാവാനുരൂപമായി അംശീകരിച്ചു. തിണൈ എന്നതിന് ഭാഗം, വര്‍ഗം എന്നൊക്കെ അര്‍ഥമുണ്ട്. ഏഴ് അകത്തിണൈകളില്‍ (കൈക്കിളൈ, മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തല്‍, പെരുന്തിണൈ എന്നിവ) നടുക്കു അഞ്ചുതിണൈകളുടെ നടുക്കുള്ളതൊഴികെ (പാലൈ) നാലുതിണൈകളായിട്ടാണ് ശബ്ദിക്കുന്ന കടല്‍ ചൂഴ്ന്ന ഈ ലോകം വിഭജിക്കപ്പെട്ടിട്ടുള്ളതെന്ന് തൊല്ക്കാപ്പിയര്‍. വളരെ ഭദ്രവും സാന്ദ്രവുമായ ഈ കാവ്യസങ്കല്പത്തിന്റെ വഴി ആധുനിക കാലത്തുപോലും കേരളീയ നിരൂപണം വളരെ കുറച്ചേ കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ളൂ. തമിഴ് ഛന്ദശ്ശാസ്ത്രത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും ഭാവഭദ്രതയില്‍ അഭിരമിച്ച കേരളീയ കവികളില്‍ പണ്ഡിതന്മാരും നാടന്‍ ഗായകകവികളും ഉണ്ടായിരുന്നു. ജനവര്‍ഗത്തിന്റെ മഹത്ത്വം തന്നെ ഈ സാംസ്കാരികപരിപ്രേക്ഷ്യത്തെ അവലംബിച്ചായിരുന്നു. പില്ക്കാലത്ത് ജാതി വ്യവസ്ഥയുടെ അടരുകളില്‍ ഈ കേരളീയ പരിപ്രേക്ഷ്യം തകര്‍ന്നടിഞ്ഞുപോയി. സര്‍ഗാത്മകജനതയെ അധികാരശക്തികള്‍ ചവിട്ടിത്താഴ്ത്തി. അതോടെ ജാതികേന്ദ്രീകൃതമായ പുതിയ ജനതാശ്രേണി രൂപപ്പെട്ടു.
മലയാളം-ഉത്പത്തി വാദങ്ങള്‍. മലയാളത്തിന്റെ ഉത്പത്തി പരിശോധിക്കാനുള്ള സന്ദര്‍ഭം ഇതാണ്. ഭാഷയിലെ അസംസ്കൃതവും സ്വാഭാവികവും ആയ പ്രകാശനരീതിയാണ് ഭാഷയുടെ ഉത്പത്തി നിര്‍ണയിക്കുന്നതിന് ഏറ്റവും പ്രാമാണികമായ ഘടകം. സാഹിത്യഭാഷയെക്കാള്‍ സാധാരണക്കാരുടെ വാങ്മയഭാഷ, വിവിധ ആദാന പ്രദാനങ്ങളിലൂടെ അതില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍, വര്‍ധിച്ചുവരുന്ന പദസമ്പത്തും പ്രയോഗ വൈവിധ്യങ്ങളും-ഇവയെല്ലാം പരിഗണിക്കപ്പെടേണ്ടിവരുന്നു. പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഇപ്രകാരം സംക്ഷേപിക്കാം:
ഒന്ന്-മലയാളം സംസ്കൃതജന്യമാണ് (വടക്കുംകൂര്‍ രാജരാജവര്‍മ).
രണ്ട്-മൂലദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖ. (ആറ്റൂര്‍, ഉള്ളൂര്‍, ഗോദവര്‍മ തുടങ്ങിയവര്‍).
മൂന്ന്-സംസ്കൃതം, തമിഴ് എന്നിവയുടെ മിശ്രം. (ഇളംകുളം കുഞ്ഞന്‍പിള്ള)
നാല്-ആദിദ്രാവിഡ ഭാഷ രണ്ടായി പിരിഞ്ഞ് അതില്‍ ഒരു ശാഖ തെലുഗുവിനും കന്നഡയ്ക്കും രൂപംകൊടുത്തു എന്നും ഇതര ശാഖ തമിഴും മലയാളവുമായി പരിണമിച്ചുവെന്നും.
അഞ്ച്-ചെന്തമിഴ് സാഹിത്യം ഇന്നത്തെ തമിഴിന്റെ എന്നപോലെ മലയാളത്തിന്റെയും പൂര്‍വകാല സമ്പത്താണ് എന്ന വാദം-അതായത് മലയാളത്തിന്റെ പ്രാഗ്രൂപം ചെന്തമിഴാണെന്ന വാദം.
മലയാളത്തില്‍ സുലഭമായ സംസ്കൃത പദങ്ങള്‍, പ്രയോഗങ്ങള്‍, പ്രാകൃത പദങ്ങള്‍, തമിഴ് തത്സമ പദങ്ങള്‍, ഇവയിലൊന്നും പെടാത്ത സ്വതന്ത്ര രൂപിമങ്ങള്‍ എന്നിവ ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഇടനല്കുന്നതില്‍ അദ്ഭുതമില്ല. കേരളഭാഷയുടെ വികാസഘട്ടങ്ങളില്‍ നിരവധി ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ സ്വീകരിക്കപ്പെടുകയും സ്വകീയമെന്ന് കരുതപ്പെടുകയും ചെയ്തിട്ടുണ്ട്. തനതു രൂപങ്ങള്‍ പലതും നിരാകരിക്കപ്പെടുകയോ അധഃസ്ഥിതമാവുകയോ ചെയ്തതിന് ഭാഷാചരിത്രം സാക്ഷി. ഭാഷയിലൂടെ സംസ്കാരത്തിന്റെ നിമ്നോന്നതഗതികള്‍ക്കുകൂടി ഇവ സാക്ഷ്യമാകുന്നു. ബുദ്ധ-ജൈനമതങ്ങളുടെ സാര്‍വത്രികമായ സ്വാധീനം ബ്രാഹ്മണാധിനിവേശത്തിനു മുമ്പുള്ള പ്രധാന സാംസ്കാരിക പ്രവണതയായിരുന്നു, അവരിലൂടെ പാലിഭാഷയും കേരളഭാഷയുമായി അടുത്ത സമ്പര്‍ക്കമുണ്ടായി. ഭരണപരമായ നിരവധി പാലിപദങ്ങള്‍ കേരളഭാഷയില്‍ പ്രചരിച്ചു. അരചന്‍, ചാമന്തന്‍, റാണി, അരമന, അത്താണി, കയ്യം, ഗോപുരം, ചേവുകം, പരിവട്ടം, പല്ലക്ക്, കഴകം, കപ്പം, തളി, താനം, പട്ടയം, പട്ടിക തുടങ്ങിയ പദങ്ങള്‍ കാണുക. ബുദ്ധ-ജൈനമതക്കാരുടെ അഹിംസാനയം പോലും ഭാഷയില്‍ പ്രതിഫലിക്കുന്നുണ്ട്. യുദ്ധം, ആയുധം എന്നിവയുമായി ബന്ധപ്പെട്ട പദങ്ങളുടെ കുറവ് ശ്രദ്ധിക്കുക. വീട്, ശരീരം, ഭക്ഷണം, വസ്ത്രം, പ്രകൃതി, കാലം, പരിസ്ഥിതി, സസ്യജാലം, പ്രാണിവര്‍ഗം, വൈജ്ഞാനികരംഗം എന്നിങ്ങനെ സാര്‍വത്രികവും സമഗ്രവുമാണ് പാലിഭാഷയുടെ അധിനിവേശം. അത് നിലവിലുള്ള ഭാഷയ്ക്ക് കൂടുതല്‍ വഴക്കങ്ങളും പ്രയോഗസന്ദര്‍ഭങ്ങളും നല്‍കി. പില്ക്കാലത്ത് സംസ്കൃതവും ഇതേ ധര്‍മമാണ് പിന്തുടര്‍ന്നത്. എങ്കിലും അവ ഉപരിശിലകള്‍ മാത്രമാണെന്നും അടിസ്ഥാനശിലകളല്ലെന്നും നാം ധരിക്കേണ്ടതുണ്ട്. കൂടുതല്‍ പ്രബലമായ സംസ്കാരം ജീവിത സന്ദര്‍ഭങ്ങളിലെന്നപോലെ ഭാഷയിലും സാഹിത്യത്തിലും അധിനിവേശം ഉറപ്പിക്കുന്നു. അതൊരിക്കലും പ്രബലമല്ലാത്ത സംസ്കാരത്തെ പാടേ നിഷേധിക്കുന്നതില്‍ ചെന്നെത്തുന്നില്ല. കേരളനാട്ടിലെ തനതു ഭാഷയുടെ സാര്‍വത്രികമായ സാന്നിധ്യം എല്ലാ അധിനിവേശത്തിനുമിടയില്‍ പച്ചപിടിച്ചു നില്ക്കുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആരംഭഘട്ടത്തില്‍പ്പോലും തമിഴകത്തിന്റെ വ്യവഹാരഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു വ്യവഹാരഭാഷ കേരളത്തിനുണ്ടായിരിക്കാമെന്ന് പ്രൊഫ. സി.എല്‍. ആന്റണി അഭിപ്രായപ്പെടുന്നത് ഇതര ഭാഷകളിലില്ലാത്ത ചില തനതു പ്രത്യേകതകള്‍ വച്ചാണ്. കേരളനാട്ടിലെ ഭാഷ ചെന്തമിഴ്, പ്രാകൃതം, സംസ്കൃതം എന്നിവയുടെ സമ്പര്‍ക്കത്തിലൂടെ പല രൂപഭേദങ്ങള്‍ക്ക് വിധേയമായി ഒരു സാഹിത്യഭാഷാപാരമ്പര്യത്തിന് വഴിതെളിച്ചു എന്നു പറയാം. സംവേദനവൈപുല്യത്തിന്റെ ദീര്‍ഘമായ കാലഘട്ടത്തില്‍ നിരവധി ഭാഷകളും സാഹിത്യവിശേഷങ്ങളും കേരളഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്ര പോഷണത്തിന് പ്രേരകമായി. കേരളീയജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതാണ് പരകീയ ഭാഷണ സമൂഹങ്ങളുടെ അധിനിവേശം.
മലയാളലിപി. മലയാളത്തിന്റേത് അക്ഷരലിപിയാണ്. ഒരു ലിപിക്ക് ഒന്നിലേറെ ഉച്ചാരണം 'ന'യുടെ കാര്യത്തിലേ ഉള്ളൂ. 'നനയുക' എന്ന പദം ഈ ഉച്ചാരണ വ്യത്യാസത്തിന് ഉദാഹരണം. കേരളപാണിനി 'ന'യ്ക്ക് മറ്റൊരു ലിപി ഉപയോഗിച്ചെങ്കിലും അത് പ്രചരിച്ചില്ല. ഇന്നത്തെ മലയാള ലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണ്. ആ, ആ, ഇ, ഈ, ഉ, ഊ, ഋ, ന. എ, ഏ, ഐ, ഒ, ഓ, ഔ, അം, അഃ എന്നിങ്ങനെ പതിനാറു സ്വരങ്ങളും (ദീര്‍ഘമായ ന യും പഴയ ആശാന്മാര്‍ പഠിപ്പിക്കാറുണ്ട്) ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ, ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ബ, ഫ, മ, യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ എന്നിങ്ങനെ മുപ്പത്താറു വ്യഞ്ജനങ്ങളും മലയാളത്തിലുണ്ട്. പഴയ താളിയോലകളില്‍ ന്റ, ന്ററ എന്നിങ്ങനെയുള്ള ലിപിവ്യത്യാസം കാണുന്നു. മലയാളഭാഷയുടെ ചിഹ്നവ്യവസ്ഥ, ലിപി പരിഷ്കരണ കമ്മിറ്റി സമൂലം പരിഷ്കരിക്കുകയുണ്ടായി. ഇന്ന് അച്ചടിയിലും മിക്ക മലയാളം സോഫ്റ്റ് വെയറുകളിലും ടൈപ്പിങ്ങിലും കൂടുതല്‍ സൗകര്യപ്രദമായ ഈ പരിഷ്കൃത ലിപി ഉപയോഗപ്പെടുത്തുന്നു. പഴയ രൂപങ്ങള്‍ നിലനിര്‍ത്തുന്ന സോഫ്റ്റ് വെയറും ഇന്ന് ലഭ്യമാണ്.
സാഹിത്യം
സാഹിത്യചരിത്രഘട്ടങ്ങള്‍. മലയാളസാഹിത്യത്തിന്റെ ചരിത്രഘട്ടങ്ങള്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്നത് ഇപ്രകാരം സംക്ഷേപിക്കാം. ആദിമമലയാളം ബി.സി. 600 മുതല്‍ എ.ഡി. 800 വരെ, മധ്യമലയാളം 800 മുതല്‍ 1500 വരെ, നവീന മലയാളം 1500 മുതല്‍ (ആദ്യ ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള). ആദ്യഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം, യഥാക്രമം 825-1325, 1325-1625, 1625- മുതല്‍ (ഏ.ആര്‍. രാജരാജവര്‍മ) പ്രാചീന സാഹിത്യകാലം, നവീന സാഹിത്യകാലം അദ്യതന സാഹിത്യകാലം യഥാക്രമം കൊല്ലം 700 വരെ, 700 മുതല്‍ 1030 മുതല്‍ (ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍), പ്രാചീനകാലം 13-ാം ശ. വരെ, മധ്യകാലം 16-ാം ശ. വരെ, പിന്നെ ആധുനികകാലം (പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍), പ്രാചീനകാലഘട്ടം, എഴുത്തച്ഛന്റെ കാലഘട്ടം വരെ, തുടര്‍ന്ന് ആധുനിക കാലഘട്ടം (ഡോ. കെ.എം. ജോര്‍ജ്). വിവിധ തരംഗദൈര്‍ഘ്യമുള്ള ഒരു അനുസ്യൂത പ്രവാഹമാണ് കേരളസാഹിത്യചരിത്രത്തിനുള്ളത്. അതെവിടെയും നിന്നു പോകുന്നില്ല. സംഘകാലം, രാമചരിതകാലം, എഴുത്തച്ഛന്റെയും കുഞ്ചന്‍നമ്പ്യാരുടെയും കാലം, ഉണ്ണായിവാര്യരുടെ കാലം, ആധുനിക കാലം എന്നിങ്ങനെ ആ പ്രവാഹം തുടരുന്നു. സംഘകാല സമകാലികത, ആര്യപാരമ്പര്യസമീകരണം, സംസ്കൃത കാവ്യരൂപങ്ങളുടെ സ്വാധീനത, ഗദ്യത്തിന്റെ കഥാപരവും കഥേതരവുമായ വിവിധതരം വികാസങ്ങള്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്നതാണ് ഈ സാഹിത്യതരംഗം. എന്നാല്‍ പ്രാചീന മലയാളം എന്നത് തികച്ചും അയഥാര്‍ഥമായ ഒരു സങ്കല്പമാണെന്നും ആധുനികമലയാളത്തിന്റെ മുന്‍ഗാമി എന്നതാണ് സത്യമെന്നും വാദമില്ലായ്കയില്ല. കാരണം പ്രാചീന കാലത്തു ഇന്നത്തെ ഭാരതീയ ഭാഷകള്‍ രൂപപ്പെട്ടിരുന്നില്ല എന്ന് ഈ വാദം ചൂണ്ടിക്കാണിക്കുന്നു.
മലയാള കവിത
പാട്ട്, മണിപ്രവാളം തുടങ്ങിയവ. സാഹിത്യത്തില്‍, ഗദ്യത്തിന്റെയും പദ്യത്തിന്റെയും വിവിധവും സമ്പന്നവുമായ വികാസ രീതികളാണ് കേരളഭാഷയില്‍ കാണുന്നത്. ലഭ്യമായിട്ടുള്ള ആദ്യത്തെ മലയാള ലിഖിതരചന ഭാഷാകൗടലീയത്തിന്റെ പരിഭാഷയാണ്. ഈ ഗദ്യകൃതി ഭാഷയുടെ അന്നത്തെ വ്യവസ്ഥിതിയുടെ സാക്ഷ്യപത്രമാകുന്നു. പദ്യത്തിന്റെ കാര്യത്തില്‍ നിയമങ്ങളും നിയന്ത്രണങ്ങളും കുറേക്കൂടി പ്രകടമാണ്. ആദ്യത്തെ മലയാള പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പദ്യസാഹിത്യത്തിന്റെ ഏറ്റവും പ്രബലമായ ഒരു വിഭജനം ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ സ്ഥാനം നല്‍കുന്നതായിരുന്നു. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ലീലാതിലകം എന്ന മണിപ്രവാള ലക്ഷണശാസ്ത്രത്തിലാണ് ഈ വിഭജനം നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. പാട്ട്, മണിപ്രവാളം എന്നിങ്ങനെയാണ് വിഭജനം. ദ്രാവിഡ ഭാഷയില്‍ ലഭ്യമായ ലിപി ഉപയോഗിച്ച് തമിഴില്‍ പ്രചുരമായ വൃത്തങ്ങളില്‍ 'എതുക', 'മോന' എന്നീ പ്രാസങ്ങള്‍ ഉപയോഗിച്ച് രചിക്കപ്പെടുന്നതാണ് പാട്ട്. ബ്രാഹ്മണരും അവരുടെ പാര്‍ശ്വവര്‍ത്തികളുമടങ്ങുന്ന ത്രൈവര്‍ണികര്‍ സംസ്കൃതത്തോട് പക്ഷപാതം കാണിച്ചെഴുതിയതാണ് പൊതുവേ മണിപ്രവാളം. രാജഭാഷ എന്നനിലയ്ക്ക് തമിഴിനും കേരളത്തിലെ മതാധികാര കോയ്മകളുടെ ഭാഷ എന്ന നിലയ്ക്ക് സംസ്കൃതത്തിനും പ്രാമാണ്യം തുല്യമായിരുന്നു. ചീരാമകവി ത്രൈവര്‍ണികനാണെങ്കിലും അദ്ദേഹം അന്നത്തെ സാധാരണക്കാരുടെ ഭാഷയും ഭാഷണസംസ്കൃതിയും ഉപയോഗപ്പെടുത്തിയത് ആസ്വാദകവിവേചനത്തിന്റെ ഫലമായാണ്. 'ഊഴിയില്‍ ചെറിയവര്‍ക്കു' വേണ്ടിയാണ് താന്‍ രാമകഥാഖ്യാനം നടത്തുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലെ യുദ്ധകാണ്ഡമാണ് നൂറ്റി അറുപത്തിനാല് പടലങ്ങളിലായി ആയിരത്തി എണ്ണൂറ്റി പതിനാലുപാട്ടുകളുള്ള ഈ ഗാനകാവ്യത്തിലെ പ്രമുഖ കഥാംശം. വാങ്മയ കവിതയുടെ എല്ലാ അംശങ്ങളും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം അത് ജനപ്രിയമാക്കി. വാല്മീകി രാമായണത്തില്‍ ഇല്ലാത്ത കവിഭാവനകളും പ്രകൃതി വര്‍ണനകളും തന്റെ കൃതിയില്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
കേരളചരിത്രവും ആചാരങ്ങളും ദേവതാ സങ്കല്പങ്ങളും ഇഴ ചേര്‍ന്ന തിരുനിഴല്‍മാല, രാമചരിതത്തിന്റെ പാട്ടു പാരമ്പര്യത്തില്‍ തുടര്‍ന്നുളള മുന്നേറ്റം കുറിക്കുന്നു. ഇതെഴുതിയത് ഗോവിന്ദന്‍ എന്നൊരു കവിയാണെന്ന് കൃതിയില്‍ സൂചനയുണ്ട്. തിരുവാറന്മുളയപ്പന്റെ തിരുനിഴല്‍ കൊണ്ടാടുന്നത് മൂന്നു ഭാഗമായി ഇതില്‍ വര്‍ണിക്കുന്നു. ഒന്നാം ഭാഗത്ത് ചരിത്രപരമായ പശ്ചാലത്തിന്റെ കാവ്യാത്മക വര്‍ണനയാണ്. രണ്ടാം ഭാഗത്ത് ദേവന്മാരും ദേവിമാരും ഋഷികളും പങ്കെടുക്കുന്ന തൂവലുഴിയലും, ദേവന്മാരും, ഊരാളര്‍, നാടികള്‍, തളിയാന്മാര്‍, പൊതുവാണന്മാര്‍, ചാക്യാന്മാര്‍, പുഷ്കന്മാര്‍, വാര്യാന്മാര്‍, ഓതിക്കന്മാര്‍ തുടങ്ങിയവരുടെ നാകൂറുമാണ് പ്രതിപാദ്യം. മൂന്നാംഭാഗത്ത് മലയരുടെ ബലിയാണ് വര്‍ണിക്കപ്പെടുന്നത്. ഇതാണ് തിരുനിഴല്‍മാലയിലെ പ്രധാന അംശം. തമിഴ്ച്ചുവ കുറഞ്ഞ മലയാള ഭാഷയാണ് ഈ ഗ്രന്ഥത്തിലേത്. സാമാന്യജനതയുടെ ദേശഭാഷ എത്രത്തോളം വ്യത്യസ്തമായ വളര്‍ച്ച പ്രാപിച്ചു എന്ന് ഈ രചന നമുക്ക് അറിവ് തരുന്നു. നാടന്‍ശീലുകളും തമിഴ് വിരുത്തങ്ങളും കൊണ്ട് സംസ്കൃത ചമ്പു എന്ന 'ഗദ്യപദ്യമയം' കാവ്യത്തിന് സമാന്തരമായൊരു ധാര ഇതില്‍ പ്രകടമാകുന്നു. പ്രബലമായ ഒരു 'മലനാട്ടു കവിഗണം' ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ കൃതി സൂചന നല്‍കുന്നു. കേരളത്തിന്റെ തനത് ആചാരങ്ങള്‍, ചരിത്രം, അധികാരഘടന, സമുദായ വൈചിത്ര്യം ഇവയിലേക്കെല്ലാം ഈ കൃതി ആദ്യമായി കാല്പനികതയ്ക്കൊപ്പം വെളിച്ചം വീശുന്നു.
രാമകഥാപ്പാട്ട് എന്ന ജനകീയ മഹാകാവ്യം മലയാളം, തമിഴ്, സംസ്കൃതം എന്നിവയുടെ സവിശേഷമായ മിശ്രണമുള്ള കാവ്യശൈലിയില്‍ രചിച്ചതാണ്. 'ചന്ദ്രവളയം' എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടെ പാടുന്നതിന് രചിക്കപ്പെട്ട രാമകഥാപ്പാട്ട് രചിച്ചത് ആയിരത്തിനാനൂറാമാണ്ടോടുകൂടി കോവളത്ത് ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാനാണ്. മലയാളത്തിലെ ആദ്യത്തെ പൂര്‍ണരാമായണ കൃതിയാണ് രാമകഥാപ്പാട്ട്. ദ്രാവിഡ വൃത്തങ്ങളിലും ഗാനശീലുകളിലുമായി ഇതില്‍ 279 വിഭാഗങ്ങളുണ്ട്; ആകെ 3163 ശീലുകള്‍. ഈ ഗ്രന്ഥത്തിന്റെ പകുതിയിലേറെ യുദ്ധകാണ്ഡമാണ്. പാട്ടിന് ലീലാതിലകകാരന്‍ നിര്‍ദേശിച്ച ലക്ഷണത്തെ അതിലംഘിച്ചെങ്കിലും പാട്ടിന്റെ മൗലികതയായ ദ്രാവിഡത്വം അദ്ദേഹം തിരസ്കരിക്കുന്നില്ല. ശ്രദ്ധേയമാണ് ഭാഷാപരമായ ഈ പരിണാമം. രാമകഥാപ്പാട്ട് വെറും ഭക്തി കാവ്യമായല്ല രചിച്ചിരിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ കണ്ഠഗതപ്രാണമായിരുന്ന ഈ പാട്ട് ഡോ. പി.കെ. നാരായണപിള്ള പ്രസാധനം ചെയ്തിട്ടുണ്ട്. ദ്രാവിഡത്തനിമ പ്രകടിപ്പിക്കുന്ന മാവാരതം പാട്ട് രചിച്ചത് അയിനിപ്പിള്ളയാണ്.
ഈ കൃതികള്‍ക്കൊപ്പം, ഐതിഹ്യനിഷ്ഠമായ ഒട്ടേറെ ദേശചരിതങ്ങളും നാടോടി എന്നു വിശേഷിപ്പിക്കപ്പെടാതെ രചിക്കപ്പെട്ടിട്ടുണ്ട്. ഉലകുടപെരുമാള്‍ പാട്ട്, അഞ്ചുതമ്പുരാന്‍ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവന്‍കാട്ടുനീലിപ്പാട്ട്, കുഞ്ചുത്തമ്പിപ്പാട്ട്, കന്നടിയന്‍ പോര്, പുരുഷാദേവിയമ്മപ്പാട്ട് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇവയെ 'തെക്കന്‍പാട്ട്' എന്ന് പൊതുവേ വിളിക്കാറുണ്ട്. തെക്കന്‍പാട്ടില്‍ തെക്കന്‍ പ്രദേശങ്ങളിലെ ദേശ്യഭാഷയില്‍ അവിടത്തെ വീരകഥാപാത്രങ്ങളെക്കുറിച്ച് പാടുമ്പോള്‍, വടക്കന്‍പാട്ടില്‍ വടക്കന്‍ പ്രദേശങ്ങളിലെ വീരപുരുഷന്മാരാണ് കഥാപാത്രങ്ങള്‍. ഭാഷാപരമായ വികാസം കേരളത്തിലെവിടെയും ഒരുപോലെയല്ലെന്ന് ഈ പാട്ടുകള്‍ വ്യക്തമാക്കുന്നു.
ഭാഷാപരിണാമ (എ.ഡി. 1400-1500) ഘട്ടത്തില്‍ അടുത്തതായി വിലയിരുത്തപ്പെടേണ്ടവരാണ് നിരണം കവികള്‍. ത്രൈവര്‍ണികരുടെ മണിപ്രവാള സംസ്കാരത്തിന് ബദലായ വിഷയവും ഭാഷയും അവതരിപ്പിച്ച നിരണം കവികള്‍ ഒരു കവികൂട്ടായ്മ എന്ന നിലയില്‍ വേറിട്ടുനില്ക്കുന്നു. ഗാനാത്മകത തികഞ്ഞ സംസ്കൃത വൃത്തം, ദ്രാവിഡരീതിയില്‍ വളര്‍ത്തിയെടുത്തതാണ് നിരണം വൃത്തം. സംസ്കൃത വ്യാകരണവും ഭാഷാവ്യാകരണവും അവര്‍ കൂട്ടിക്കലര്‍ത്തി. മൂന്നുപേരാണ് നിരണം കവികള്‍-മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍. ഇവരുടെ പൂര്‍വികനായ കണ്ണശ്ശപ്പണിക്കര്‍ ഒരു ഉഭയകവീശ്വരനാണെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമപ്പണിക്കരുടേതാണ് കണ്ണശ്ശരാമായണം. മഹാഭാരതത്തിന്റെ മലയാളത്തിലുണ്ടായ ആദ്യ സംഗ്രഹം ശങ്കരപ്പണിക്കരുടെ ഭാരതമാലയാണ്. ഭഗവദ്ഗീതയ്ക്ക് ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയിലുണ്ടായ ആദ്യ തര്‍ജുമ മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയുമാകുന്നു.
പുരാണങ്ങളിലുള്ള അവഗാഹതയും അവ കേരളീയ സമൂഹത്തിന് പ്രത്യേകരീതിയില്‍ പകര്‍ന്നുകൊടുക്കുന്നതിലുള്ള ക്രാന്തദര്‍ശിത്വവും നിരണം കവികളെ വ്യതിരിക്തരാക്കുന്നു. കണ്ണശ്ശ ഭാഗവതവും ഭാരതമാലയും കണ്ണശ്ശരാമായണവും ഭഗവദ്ഗീതാ വിവര്‍ത്തനവും പില്ക്കാലത്ത് എഴുത്തച്ഛന്‍ വികസിപ്പിച്ച ഭക്തി സാഹിത്യ സംസ്കാരത്തിന് മാര്‍ഗദര്‍ശിത്വം വഹിച്ചിട്ടുണ്ട്.
ഇക്കാലത്ത് വടക്കന്‍ കേരളത്തില്‍ പിറന്ന കൃതിയാണ് മഹാകാവ്യലക്ഷണങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കൃഷ്ണഗാഥ അഥവാ കൃഷ്ണപ്പാട്ട്. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മന്‍ എന്ന രാജാവിന്റെ ആജ്ഞ അനുസരിച്ച് ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ് ഈ ഗാഥ. മലയാളവൃത്തത്തില്‍ രചിക്കപ്പെടുന്ന ആദ്യമഹാകാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭാഗവതം ദശമസ്കന്ധത്തെയാണ് രചനയ്ക്ക് ആധാരമാക്കിയിട്ടുള്ളത്. നവരസങ്ങളും തികഞ്ഞ ഈ കാവ്യത്തില്‍ ശൃംഗാരത്തിനും ഭക്തിക്കും പ്രത്യേകസ്ഥാനം നല്‍കിയിരിക്കുന്നു. നമ്പൂതിരിക്കവിതകളുടെ ഹാസ്യബോധം ഗാഥയെ സജീവമാക്കുന്നു. തത്ത്വചിന്തകള്‍ സുലഭമാണെങ്കിലും അവ കവിതാഭംഗിക്ക് ദാസ്യം വഹിക്കുന്നുവെന്ന് കാണാം. സാമ്യോക്തി അലങ്കാരങ്ങളുടെ നിബിഡത കൃഷ്ണഗാഥയുടെ സവിശേഷതയാണ്. പുരാണങ്ങളില്‍ നിന്നും കാളിദാസാദികളുടെ കൃതികളില്‍ നിന്നും ധാരാളം വാങ്മയങ്ങള്‍ കൃഷ്ണഗാഥാ കര്‍ത്താവ് സര്‍ഗാത്മകമായി മിനുക്കിയെടുത്തിട്ടുണ്ട്. പാട്ടിന്റെ ഭാഷാപരമായ വളര്‍ച്ചയും മണിപ്രവാള കവിതയുടെ വിഷയാപഗ്രഥന രീതികളും വിളക്കിയെടുത്തതാണ് കൃഷ്ണഗാഥയുടെ സമഗ്രശില്പം.
മണിപ്രവാളം. പാട്ടിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പ് ത്രൈവര്‍ണികര്‍ വളര്‍ത്തിയെടുത്ത മണിപ്രവാള സംസ്കാരത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. മണിപ്രവാളത്തിന് ലീലാതിലകകാരന്‍ നല്‍കിയിട്ടുള്ള നിര്‍വചനം 'ഭാഷാസംസ്കൃതയോഗോ മണിപ്രവാളം' എന്നാണ്. മണിപ്രവാളത്തിലെ ആദികാവ്യങ്ങളില്‍ ഒന്നാണ് വൈശികതന്ത്രം. എന്നാല്‍ തോലകവി രചിച്ചതെന്ന് വിശ്വസിക്കുന്ന ധാരാളം ഒറ്റ ശ്ളോകങ്ങള്‍ പൂര്‍വകാല മണിപ്രവാളത്തിലുണ്ട്. ലീലാതിലകകാരന്‍ ഭാഷയ്ക്കും സംസ്കൃതത്തിനുമുള്ള വിവിധതരം ചേര്‍ച്ചകളും സഹൃദയഹൃദയങ്ങളെ ആനന്ദിപ്പിക്കുന്നതിലുള്ള കഴിവും മുന്‍നിര്‍ത്തി മണിപ്രവാളത്തെ ത്രൈവര്‍ണിക ഭാഷയുടെ സൌന്ദര്യശാസ്ത്രമാക്കി ഉയര്‍ത്തി. ഭാഷയ്ക്കും വ്യംഗ്യത്തിനും പ്രാധാന്യമുള്ള രചനയെ ഉത്തമമണിപ്രവാളം എന്നദ്ദേഹം വിശേഷിപ്പിച്ചു. സംസ്കൃതത്തിനും വാച്യാര്‍ഥത്തിനും പ്രാധാന്യമുള്ളത് അധമ മണിപ്രവാളം. ഈ നാല് അംശങ്ങളുടെ വിവിധ ചേര്‍ച്ചകളിലൂടെ മണിപ്രവാളത്തിന്റെ വിപുലമായ സാധ്യതകള്‍ അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി. അതിലൂടെ കേരളത്തിന്റെ ഭാഷാരീതിയില്‍ പുതിയൊരു സമന്വയത്തിന് സാധ്യത തെളിയുകയും ചെയ്തു.
മൂന്ന് ഘട്ടമായി മണിപ്രവാളത്തെ വിഭജിക്കാറുണ്ട്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ. പ്രാചീന മണിപ്രവാളത്തില്‍ തോലനുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ഒറ്റശ്ലോക സംസ്കാരത്തിന് ഒപ്പം ആദ്യകാലത്തെ മൂന്ന് അച്ചീചരിതങ്ങളായ ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നിവയും ഉള്‍പ്പെടുന്നു. പതിനാലാം ശതകത്തിലേതാണ് ഉണ്ണിയാടീ ചരിതം. കര്‍ത്താവ് ഒരു ദാമോദര ചാക്യാര്‍. ഉണ്ണിച്ചിരുതേവി ചരിതത്തിന്റെ കര്‍ത്താവ് ആരെന്ന് വ്യക്തമല്ല. മധുര മലയാണ്മയുടെ ഗാനാത്മകത, ശബ്ദപ്രാസങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക്, കേരളപ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യാവിഷ്കാരങ്ങള്‍, ദ്രാവിഡവൃത്തമെന്ന ചമ്പുഗദ്യം എന്നിവയുടെ അകമ്പടിയോടെ അലൌകിക സൌന്ദര്യം അലതല്ലുന്ന നായികമാരെ വര്‍ണിക്കലാണ് മൂന്ന് അച്ചീചരിതങ്ങളുടെയും ഉള്ളടക്കം.
ധാരാളം ലഘുകവനങ്ങള്‍ നായികാ വര്‍ണനകളായി, പ്രാചീനമണിപ്രവാളത്തിലുണ്ട്. കാവ്യരൂപത്തിന്റെ സൌകുമാര്യത്തിന് ഉതകുന്ന പരിചിത ജീവിതങ്ങളുടെ അനുഭൂതി മണ്ഡലമാണ് ഒരുതരത്തില്‍ ഈ ദന്തഗോപുരവാസികള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്.
കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാതൃക മണിപ്രവാള കവികളെ വശീകരിച്ചിട്ടുണ്ട്. ശുകസന്ദേശം, ഭ്രമരസന്ദേശം, മയൂരദൂതം, കോകില സന്ദേശം, സുഭഗസന്ദേശം തുടങ്ങിയവ കേരളീയ കവികളുടെ സംസ്കൃത സന്ദേശകാവ്യങ്ങളാകുന്നു. ഉണ്ണുനീലീസന്ദേശം, കോകസന്ദേശം എന്നിവയാണ് ഇക്കാലത്തെ മികച്ച മണിപ്രവാള സന്ദേശകാവ്യങ്ങള്‍. തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെയുള്ള മാര്‍ഗ വിവരണവും അതിനിടെ കാണാവുന്ന ക്ഷേത്രങ്ങള്‍, ദേവദാസി ഗൃഹങ്ങള്‍ തുടങ്ങിയവയുടെ വര്‍ണനയും സന്ദേശവുമാണ് ഉണ്ണുനീലീസന്ദേശത്തിന്റെ ഉള്ളടക്കം. പൂര്‍ണമായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കോകസന്ദേശത്തില്‍ (1400-ന് അടുത്ത് രചിക്കപ്പെട്ടത്) ചേതിങ്കനാട്ടില്‍ നായികയോടു കൂടി വസിക്കുന്ന നായകന്‍, തന്നെ ഒരു ആകാശചാരി പൊക്കിക്കൊണ്ടുപോകുകയും വെള്ളാട്ടുകരെ വിടുകയും ചെയ്യുന്നത് സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ത്തന്നെ നായികയ്ക്ക് കോകം വഴി സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. കിട്ടിയ തൊണ്ണൂറ്റാറു ശ്ലോകങ്ങളില്‍ ഗുരുവായൂരിനടുത്തുള്ള വെള്ളാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളുടെ വര്‍ണന കാണാം. ഇക്കാലത്തുതന്നെ നിരവധി സ്ത്രോത്രകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമാണ് ചെല്ലൂര്‍ നാഥോദയം.
ഏതു സംവേദനരീതിയും ചെടിച്ചു പോയാല്‍ അതിനോടുള്ള പ്രതികരണം പ്രതിഭാശാലികളില്‍ നിന്നുണ്ടാകും. സന്ദേശകാവ്യങ്ങളെ പരിഹസിക്കുന്ന കാകസന്ദേശം അത്തരത്തിലുള്ള ഒരു കൃതിയാണ്. എന്നാല്‍ ദേവദാസീസംസ്കാരത്തിന് വിടുപണിചെയ്യുന്ന ഒരു സമൂഹത്തെ മുഴുവന്‍ സമര്‍ഥമായി വിമര്‍ശിക്കുകയും ആഴത്തില്‍ത്തന്നെ പരിഹസിക്കുകയും ചെയ്യുന്ന മണിപ്രവാളകാവ്യമാണ് 1500-ന് അടുത്ത് രചിക്കപ്പെട്ട ചന്ദ്രോത്സവം.
സംസ്കൃത ചമ്പുക്കളുടെ ക്ളാസ്സിക്കല്‍ മാതൃകകള്‍ ആണ് മധ്യകാല മണിപ്രവാളകവികള്‍ പിന്തുടര്‍ന്നത്. സംസ്കൃത ശ്ളോകങ്ങള്‍ പദ്യമെന്നും ദ്രാവിഡവൃത്തത്തിലുള്ളത് ഗദ്യമെന്നും പരിഗണിക്കപ്പെട്ടു. ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും സംസ്കൃതത്തിലും ഉണ്ടെന്നത് കേരളീയ ചമ്പുക്കളുടെ പ്രത്യേകതയാണ്.
മൂന്നു ചമ്പുക്കളാണ് മധ്യകാലമണിപ്രവാളത്തില്‍ ഏറെ ശ്രദ്ധേയം. പുനം നമ്പൂതിരിയുടെ രാമായണംചമ്പു, ഭാരതംചമ്പു, മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പു എന്നിവ. ഇരുപതു ഖണ്ഡങ്ങളിലായി രാമായണകഥ പ്രപഞ്ചനം ചെയ്യുന്ന രാമായണം ചമ്പൂപ്രതിഭയുടെ ആഴവും പരപ്പും കൊണ്ട് നിസ്തുലമാണ്. മാനവിക്രമസദസ്സിലെ കവിരാജനായ നമ്പൂതിരിയെ ഭാഷാകവി ആയതുകൊണ്ട് അരക്കവി എന്നാണ് വിളിച്ചിരുന്നത്. പതിനാലു ഖണ്ഡങ്ങളായി ആഖ്യാനം ചെയ്തിട്ടുള്ള ഭാരതം ചമ്പുവും ഇദ്ദേഹത്തിന്റേതുതന്നെ എന്നു വിശ്വസിച്ചുപോരുന്നു. മേല്പുത്തൂര്‍ പതിമൂന്ന് ചമ്പുക്കളും മഴമംഗലം നൈഷധം, രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം എന്നീ നാലു ചമ്പുക്കളും രചിച്ചിട്ടുണ്ട്. നീലകണ്ഠകവിയുടെ തെങ്കൈലനാഥോദയം ചമ്പു വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ്. പുരാണകഥകള്‍ അല്ലാത്ത ചമ്പുക്കളില്‍ പൊതുവേ ഒരു നവ ചമ്പുസംസ്കാരമാണ് നിറഞ്ഞു നില്ക്കുന്നത്. ഭാരതസംസ്കൃതിയോട് കേരള മനസ്സിനെ അടുപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗിക പുരാണമായി ഇതിനെ കണക്കാക്കാം.
ചമ്പൂകവികളെ അത്യന്തം ആകര്‍ഷിച്ച കാവ്യരൂപങ്ങളില്‍ ദണ്ഡകവൃത്തവും മുക്തകങ്ങളും പ്രധാനപ്പെട്ടതാണ്. ഗദ്യങ്ങള്‍ വിവരണാത്മകവും പ്രാസനിര്‍ഭരവും ഹാസ്യപ്രധാനവും പലപ്പോഴും സൂക്ഷ്മനിരീക്ഷണപരവുമാണ്. ഏറെ ശക്തമായിരുന്നു മധ്യകാലചമ്പുക്കളുടെ നവശ്രേഷ്ഠ പ്രഭാവം. ചാക്യാര്‍ കൂത്തിന്റെയും പാഠകത്തിന്റെയും ബന്ധത്തോടെ സുഘടിതമാണ് ഈ കാവ്യ സര്‍ഗാത്മകത.
തുഞ്ചത്തെഴുത്തച്ഛന്‍. തുഞ്ചത്തെഴുച്ഛന്റെ പേര്‍ രാമന്‍ എന്നാണെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഭൂസ്വത്തിന്റെ രേഖ തെളിയിക്കുന്നു. രാമാനന്ദന്‍ എന്ന് ആശ്രമജീവിതകാലത്ത് സന്ന്യാസനാമം സ്വീകരിക്കാമെന്ന് ചിറ്റൂര്‍ ഗുരുമഠത്തിലെ രാമാനന്ദാഗ്രശാല എന്ന പേരും തെളിവാണ്. അദ്ദേഹം സ്വന്തമായി വാങ്ങി കളരിയും ആശ്രമവും അഗ്രഹാരങ്ങളും വേദശാസ്ത്രപാഠശാലയും സ്ഥാപിച്ച വിപ്ളവാത്മകമായ സാമൂഹിക പരിവര്‍ത്തനത്തിന് വഴിതെളിച്ച് തെക്കേഗ്രാമം കേരളീയന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമാകുന്നു.
ഭക്തിയുടെ ഉന്നതാശയങ്ങളും സന്ദര്‍ഭങ്ങളും പാമരനു പോലും പ്രയോഗിച്ചു നോക്കാവുന്ന ജപസംസ്കാരത്തോട് സംയോജിപ്പിച്ച് എഴുത്തച്ഛന്‍ കേരളജനതയുടെ ചിന്താസംസ്കാരവും ഭക്തിമാര്‍ഗവും പുനര്‍നിര്‍വചിച്ചു. പണ്ഡിതന്റെയും പാമരന്റെയും ചിന്താമാര്‍ഗങ്ങള്‍ സമന്വയിപ്പിച്ചതാണ് എഴുത്തച്ഛന്റെ ചരിത്രപരമായ സംഭാവന. കേരളമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ഒരു ഭാഷാന്തരീക്ഷം എഴുത്തച്ഛന്‍ സൃഷ്ടിച്ചു. തെക്കും വടക്കും കണ്ണശ്ശക്കവികള്‍, ചെറുശ്ശേരി തുടങ്ങിയവരുടെ കൃതികളിലൂടെ പ്രാദേശികമായി വളര്‍ന്നുവന്ന ഭാഷയ്ക്ക് സാമാന്യവത്കരണത്തിന്റെ മഹിമ ലഭിച്ചത് എഴുത്തച്ഛന്‍ കൃതികളിലൂടെയാണ്. ഭാഷയ്ക്കും ഭാവത്തിനും ലഭിച്ച നവത്വവും അതിന്റെ സാമാന്യവത്കരണവും അദ്ദേഹത്തിന് 'ഭാഷയുടെ പിതാവ്' എന്ന ആലങ്കാരികപദവി നല്‍കി. സാംസ്കാരിക ബോധത്തിന് സമഗ്രമായ പരിവര്‍ത്തനം വരുത്താന്‍ എഴുത്തച്ഛന്റെ ഭാഷയും കാവ്യവിഷയങ്ങളും സമര്‍ഥമായി.
തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മരാമായണം, മഹാഭാരതം എന്നിവയുടെ പരിഭാഷ രചിച്ചു. ഉത്തരരാമായണം, ബ്രഹ്മാണ്ഡപുരാണം, ഭാഗവതത്തില്‍ കാളിയമര്‍ദനം വരെയുള്ള ഭാഗങ്ങള്‍, ദേവീമാഹാത്മ്യം, ശതമുഖരാമായണം എന്നിവയും അദ്ദേഹത്തിന്റെ രചനകളാണെന്ന് ഉള്ളൂരിനെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു. ഹരിനാമകീര്‍ത്തനം എഴുത്തച്ഛന്റെ കൃതിയാണെന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. ഇതിഹാസ പരിഭാഷകള്‍ക്കൊപ്പം കേരളം മുഴുവന്‍ പ്രചരിക്കുകയും വിളക്കു വച്ച് വായിക്കപ്പെടുകയും ചെയ്ത കൃതിയാണ് ഹരിനാമകീര്‍ത്തനം. മറ്റൊരു കൃതിക്കും അത്തരം സ്ഥാനം വ്യാപകമായി ലഭിച്ചിട്ടില്ല. ഇത്ര ഭക്തിസാന്ദ്രത എഴുത്തച്ഛന്റെ ഇതിഹാസ തര്‍ജുമകളിലേ കാണുന്നുമുള്ളൂ. ഭക്തിഗൗരവം കൊണ്ട് അവ ഏകകര്‍ത്തൃകമാണെന്ന് വാദിച്ചാല്‍ തെറ്റില്ല.
അധ്യാത്മരാമായണത്തിന് കൂടുതല്‍ ഗാഢമായ ഭാവസംക്രമണം തന്നെ നല്‍കി, കേരളത്തിലെ ഹൈന്ദവ മനസ്സുകളില്‍ രാമപ്രതിഷ്ഠ നടത്തിയത് യഥാര്‍ഥത്തില്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണപരിഭാഷയാണ്. പക്വതയുള്ള ദ്രാവിഡ ശീലുകളില്‍ എഴുതിയ ഈ കിളിപ്പാട്ട് മലയാളിയുടെ ആലാപന സംസ്കാരത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠത വരുത്തിയത് എഴുത്തച്ഛന്റെ ആഖ്യാനഭാഷയാണ്. ആര്‍ജവവും ലാളിത്യവും ഭാവാനുസൃതമായ ആഖ്യാനവൈവിധ്യങ്ങളുമുള്ളതാണ് ആ ഭാഷ.
കവിത്വത്തിന് എഴുത്തച്ഛന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് മഹാഭാരത തര്‍ജുമയിലാണ്. നാനാരസഭാവതരംഗിതവും സംഭവബഹുലവുമായ മഹാഭാരതം മുഖ്യ സന്ദര്‍ഭങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ആഖ്യാന സൌന്ദര്യത്തിന് പോറലേല്പിക്കാതെ അവിസ്മരണീയമായ വേദാന്താശയങ്ങള്‍ വിന്യസിച്ച് സ്വതന്ത്ര ശില്പത്തിന്റെ മൗലികതയോടെ അദ്ദേഹം ഭാഷാന്തരം ചെയ്തു. അധര്‍മവും കലഹവും ഹിംസയും ദുഷിച്ച രാജധര്‍മങ്ങളും നിറഞ്ഞ സമകാലികതയോടെ, ധര്‍മത്തെ, സത്യത്തെ ഈശ്വരനെ പൂജിക്കുക എന്ന ആഹ്വാനമാണ് എഴുത്തച്ഛന്റെ കാവ്യധര്‍മത്തിന്റെ പൊരുള്‍. നിയതാര്‍ഥത്തില്‍ എഴുത്തച്ഛന്റേത് കേരളീയ സമൂഹത്തിന് ലഭിച്ച പിതൃശാസനയാണ്.
പില്ക്കാല തലമുറ. കീര്‍ത്തനങ്ങളിലൂടെയും ആത്മനിഷ്ഠമായ കഥാഗാനങ്ങളിലൂടെയും ഏതു പാമരനും ഹൃദ്യമായ ഭക്തി സാഹിത്യം രചിച്ച പൂന്താനത്തെ നമ്പൂതിരിക്കവികളുടെ വൈഷയിക പാപങ്ങള്‍ കഴുകിക്കളഞ്ഞ ശ്രേഷ്ഠ പ്രതിഭയായി പില്ക്കാലത്ത് നാം അറിയുന്നു (കാലം 1547-1640). ഇരുപതിലേറെ ഭക്തി കൃതികള്‍ മലയാളത്തിലും കുറേയെണ്ണം തമിഴിലും പൂന്താനം നമ്പൂതിരി രചിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം ഭഗവദ്ഗീതയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഘനസംഘം, ആനന്ദനൃത്തം തുടങ്ങിയവ ഭക്തിലഹരിയില്‍ സ്വയം മറന്നു പാടിയവയാണ്. നരജന്മത്തിന്റെ മഹത്ത്വവും, അതില്‍ നിറഞ്ഞു നില്ക്കുന്ന ശോകത്തെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹത്തിന്റെ മുഖ്യ ആഖ്യാന വിഷയങ്ങളാകുന്നു. ഭക്തിയും ജ്ഞാനവും മാത്രമല്ല, കര്‍മശുദ്ധിയും ആ കവിതകളിലൂടെ അദ്ദേഹം പഠിപ്പിച്ചു കൊടുക്കുന്നു. തുടര്‍ന്ന് രാമപുരത്തുവാര്യരുടെ (1703-1763) ഏറെ പ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ആത്മാംശഭരിതമായ ഖണ്ഡകാവ്യം വിരചിതമായി. ഈ തത്സമയ കവിത ലളിതവും ഒട്ടേറെ ഭാഗങ്ങള്‍ വികാരവത്തുമാണ്. കുചേലന്റെ ആത്മസംഭാഷണത്തില്‍ കവിയുടെ സ്വന്തം മനസ് നിറഞ്ഞു നില്ക്കുന്നുണ്ടെന്നാണ് ഐതിഹ്യം.
ഇക്കാലത്ത് പണ്ഡിതനായ ഒരു കവി ബൃഹത്തായ ഒരു ഗീതപ്രബന്ധം രചിച്ചത് സാഹിത്യഗവേഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പൊതുവേ പണ്ഡിതോചിതമായ ഭാഷയില്‍ രചിക്കപ്പെട്ട ഗിരിജാകല്യാണം, ക്ലിഷ്ട കല്പനകളുടെ പ്രദര്‍ശന ശാലയാണ്. അപൂര്‍വമാണ് ഇത്തരം ഒരു കാവ്യോദ്യമം എന്ന് ഈ ഗീതപ്രബന്ധത്തെ വിലയിരുത്താതെ വയ്യ.
ക്രൈസ്തവഭവനങ്ങളില്‍ പാരായണം ചെയ്തിരുന്ന പുത്തന്‍പാന (അര്‍ണോസ്പാതിരി രചിച്ചത്) ക്രൈസ്തവ ഭക്തിഗാഥയിലെ ഏറ്റവും മികച്ച പൂര്‍വിക കൃതിയാണ്. ചേകോട്ടാശാന്‍, ചാക്കോമാപ്പിള തുടങ്ങി കേരളീയ കവികളും ക്രൈസ്തവ ഭക്തി പോഷിപ്പിച്ചവരാണ്.
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം, കോട്ടയത്ത് തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നിവ കഥകളിയുടെ വികാസപരിണാമങ്ങളുമായി ബന്ധപ്പെട്ട ആട്ടക്കഥകളാണ്. നാട്യപോഷണത്തിന് യുക്തമായ രചനകളാണ് കോട്ടയം കഥകള്‍.
എന്നാല്‍ സാഹിത്യകൃതി എന്ന നിലയ്ക്ക് ഉണ്ണായിവാര്യരുടെ നളചരിതത്തിനുള്ള ഔന്നത്യം മറ്റൊരു ആട്ടകഥയ്ക്കുമില്ല. അത് നാട്യകൃതി മാത്രമല്ല സാഹിത്യകൃതിയും കൂടിയാണ്. 'വെങ്കലഭാഷ' എന്നാണ് നളചരിതഭാഷയെ ഏ.ആര്‍. രാജരാജവര്‍മ വിശേഷിപ്പിച്ചത്. നാലു ദിവസമായി ആടാന്‍ സംവിധാനം ചെയ്ത ഈ ആട്ടക്കഥ ഭാഷയുടെ ഉച്ഛൃംഖലത കൊണ്ട് അഭിനയ കലാകാരന്മാരെ വിഷമിപ്പിക്കും. എന്നാല്‍ കഥാപാത്രങ്ങളുടെ ഹൃദയാന്തരാളത്തിലേക്ക് ഇത്രയേറെ കടന്നുചെന്ന ഒരു കവിയില്ലെന്ന് ഇതിന്റെ വ്യാഖ്യാനതലങ്ങള്‍ നമ്മെ അനുഭവപ്പെടുത്തുന്നു. മലയാളിയുടെ ശാകുന്തളമാണിതെന്ന് മുണ്ടശ്ശേരി പ്രശംസിക്കുമ്പോള്‍ ഈ കൃതിയുടെ ഭാവഗൗരവമാണ് നിര്‍ദേശിക്കപ്പെടുന്നത്. ശ്ലോകങ്ങള്‍ക്ക് മലയാളിത്തവും ഊര്‍ജസ്വലതയും നല്കുന്നതില്‍ മാത്രമല്ല, വിവിധ രസങ്ങള്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍ ആവിഷ്കരിക്കുന്നതിലും ഉണ്ണായിവാര്യര്‍ മഹാകവിത്വം കാണിച്ചു.
കാര്‍ത്തികതിരുനാള്‍, അശ്വതിതിരുനാള്‍, ഇരയിമ്മന്‍തമ്പി തുടങ്ങിയവര്‍ ആട്ടക്കഥാകൃത്തുകളെന്ന യശസ്സ് ഇന്നും കൂടുതല്‍ പരിവേഷത്തോടെ നിലനിര്‍ത്തുന്നു. നരകാസുരവധം (കാര്‍ത്തികതിരുനാള്‍), പൂതനാമോക്ഷം, അംബരീക്ഷചരിതം, രുക്മിണീ സ്വയംവരം, പൗണ്ഡ്രകവധം (അശ്വതി തിരുനാള്‍) കീചകവധം, ദക്ഷയാഗം, ഉത്തരാസ്വയംവരം (ഇരയിമ്മന്‍തമ്പി) എന്നിവ ഇന്നും നാട്യരംഗത്ത് സജീവമായ ആട്ടക്കഥകളാണ്. ഇരയിമ്മന്‍തമ്പി ഗാനലയസംവിധമായ തന്റെ രചനകള്‍ കൊണ്ട് ഉണ്ണായി വാര്യര്‍ക്ക് സമശീര്‍ഷനായി നില്ക്കുന്നു. കൊച്ചിയിലെ വീരകേരളവര്‍മ തന്നെ നൂറോളം ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്. ഹൈന്ദവപുരാണങ്ങള്‍ പോലെ ക്രൈസ്തവപുരാണങ്ങളും മറ്റു ക്ലാസ്സിക്കുകളും കഥാവിഷയമായിട്ടുണ്ട്.
കുഞ്ചന്‍ നമ്പ്യാര്‍. ഭക്തി, ശൃംഗാരം, ഹാസ്യം ഇവയെ കേന്ദ്രീകരിച്ചാണ് മലയാള കവിതാചരിത്രം രൂപപ്പെട്ടത്. കവിതയില്‍ ഹാസ്യസംസ്കാരത്തിന് ശക്തമായ അടിത്തറയിട്ടത് കലക്കത്ത് കുഞ്ചന്‍ നമ്പ്യാരാണ്. സമകാലികതയുടെ സമ്പര്‍ക്കം നല്‍കി അദ്ദേഹം പുരാണകഥകളെയും കഥാപാത്രങ്ങളെയും പുനരാവിഷ്കരിച്ചു. അന്നത്തെ കേരളത്തിന്റെ അവസ്ഥകളെ ധര്‍മപ്രേരണ കൊണ്ട് കൂര്‍ത്ത പരിഹാസത്തോടെ അവതരിപ്പിക്കാനാണ് അദ്ദേഹം തന്റെ തുള്ളലുകള്‍ വഴി ഉദ്യമിച്ചത്. തുള്ളലിന് നമ്പ്യാര്‍ നല്‍കിയ വിഭജനം തന്നെ അദ്ദേഹത്തിന്റെ പരിപ്രേക്ഷ്യം വിശദമാക്കും. ശീതങ്കന്‍ തുള്ളല്‍, ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍ എല്ലാം അധഃസ്ഥിതവര്‍ഗങ്ങളുമായി ബന്ധപ്പെട്ടത്. ഊഴിയില്‍ ചെറിയവര്‍ക്കൊപ്പം നിന്ന പൂര്‍വികരായ പാട്ടുകാരെക്കാള്‍ സാമൂഹിക പരിഷ്കരണം ദൃഢലക്ഷ്യമാക്കിയ നമ്പ്യാര്‍ പൗരാണിക സാംസ്കാരിക ഭാവങ്ങളെ ഉടച്ചു വാര്‍ത്ത് സമകാലികതയ്ക്കുവേണ്ട കരുക്കള്‍ സൃഷ്ടിച്ചു. കേരളീയനില്‍ പഴഞ്ചൊല്ലു പോലെ, സൂത്രവാക്യങ്ങള്‍ പോലെ, അവ എന്നും നിലനില്ക്കുന്നു. കണ്ണടച്ചു പ്രാര്‍ഥിക്കാനല്ല, കണ്ണും ചെവിയും തുറന്ന് ചുറ്റുമുള്ള കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാനാണ് അദ്ദേഹം നിഷ്കര്‍ഷിച്ചത്. അതിനു അനുയോജ്യമായ ഭാഷയും ആഖ്യാനരീതിയും അദ്ദേഹം ബോധപൂര്‍വം തെരഞ്ഞെടുത്തു.
പില്ക്കാലത്ത് തുള്ളലുകള്‍ രചിച്ചവര്‍ക്ക് കുഞ്ചന്‍നമ്പ്യാരുടെ പ്രതിബദ്ധത ഉണ്ടായിരുന്നില്ല. അതിനാല്‍ അവരുടേത് അനുകരണങ്ങള്‍ മാത്രമായി.
കേരളീയ സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക ഗാനരീതി രൂപപ്പെട്ടു: കൈകൊട്ടിക്കളിപ്പാട്ട് അഥവാ തിരുവാതിരക്കളിപ്പാട്ട്. ഇതില്‍ ഏറെ കേമനായ കവി പണ്ഡിതനും ജ്യോത്സ്യനുമായ മച്ചാട്ട് ഇളയതാണ്. രണ്ടു വൃത്തം മുതല്‍ ഇരുപത്തിനാലു വൃത്തം വരെയുണ്ട് ഈ ഗാനങ്ങള്‍. പുരാണകഥകള്‍ പലതും കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്ക് ഇത്തരം ഗാനങ്ങളായി ലഭിച്ചിട്ടുണ്ട്. 'ഓടും നരപതി', 'കല്യാണി കളവാണി' തുടങ്ങിയ മച്ചാട്ടിന്റെ പാട്ടുകള്‍ അവിസ്മരണീയങ്ങളാകുന്നു.
വാഗ്ഗേയകാരനായ സ്വാതിതിരുനാളിന്റെ നിരവധി ശാസ്ത്രീയ രചനകള്‍, ഇരയിമ്മന്‍തമ്പിയുടെ രസ നിഷ്യന്ദിയായ ഗാനങ്ങള്‍ എന്നിങ്ങനെ മികച്ച ഭാവകാവ്യങ്ങളുടെ ഗാനരൂപങ്ങള്‍ ഇക്കാലത്ത് രചിക്കപ്പെട്ടത് ഇന്നും ആസ്വാദകരില്‍ സജീവമാണ്. കവികളുടെ വിനോദത്തില്‍പ്പെട്ട മുക്തകങ്ങള്‍ക്കും ഒരു സദസ്സുകിട്ടി. ഒരു പരിധിവരെ കവിത ചൊല്ലുന്നതിന്റെ ഭംഗി സംരക്ഷിക്കുന്ന അക്ഷരശ്ളോകസദസ്സ് മലയാള കവിതാ ചരിത്രത്തില്‍ വിസ്മരിക്കാവുന്നതല്ല.
വെണ്മണികളും പൂര്‍വകാല്പനികതയും. ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാവപരിണാമത്തിന് വ്യത്യസ്തമായ ചില ചരിത്രഗതികള്‍ ഇവിടെ സംക്ഷിപ്തമായി പ്രതിപാദിക്കേണ്ടിയിരുന്നു. അച്ചടിക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായത് ഗ്രന്ഥപ്രസാധനത്തിന് ആക്കം കൂട്ടി. സാഹിത്യത്തിലും വൈജ്ഞാനിക മേഖലയിലും സാമൂഹികതലത്തിലും ഇംഗ്ലീഷ്ഭാഷയും സാഹിത്യവുമായുള്ള സമ്പര്‍ക്കങ്ങള്‍ മനോവ്യതിയാനങ്ങള്‍ സൃഷ്ടിച്ചു. മതേതരമായ സാഹിത്യത്തിലേക്ക് പതുക്കെയെങ്കിലുമുള്ള മാറ്റം ഇതിന്റെ ഫലമാണ്.
ഇവിടെ ആദ്യം പരിചയപ്പെടേണ്ടത് വെണ്മണി പ്രസ്ഥാനമാണ്. സംസ്കൃത മേല്‍ക്കോയ്മയില്‍ നിന്ന് ഉപരിവര്‍ഗ കവികള്‍ തന്നെ സാധാരണക്കാരുടെ ഭാഷാ ശൈലിയിലേക്ക് വഴിമാറിയതിന് സാക്ഷ്യം വഹിച്ച പ്രസ്ഥാനമാണിത്. ഇവരില്‍ ചിലര്‍ മുക്തകങ്ങളില്‍ റിയലിസ്റ്റിക്കായ ചിത്രങ്ങള്‍ ആവിഷ്കരിച്ചു. ചേലപ്പറമ്പു നമ്പൂതിരിയാണ് ഈ പ്രവണതയുടെ മുന്‍ഗാമി. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ കളരിയിലാണ് ഈ കാവ്യകലയുടെ സമൃദ്ധ കേളികള്‍ ഉണ്ടായത്. പാണ്ഡിത്യം തുടികൊട്ടിനിന്ന പശ്ചാത്തലത്തില്‍ ജന്മവാസനകൊണ്ട് അനുഗൃഹീതരായ പൂന്തോട്ടം നമ്പൂതിരിയും വെണ്മണി അച്ഛനും മഹനും ഈ കാവ്യരീതിക്ക് ഉന്മേഷം നല്‍കി. പ്രത്യേകിച്ച് മഹന്‍ നമ്പൂതിരി. തൃശൂര്‍പ്പൂരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പൂരപ്രബന്ധം ശ്രദ്ധേയമാണ്. കവിതയില്‍ ഒന്നാംതരം തൂലികാചിത്രങ്ങള്‍ ഇക്കാലത്ത് ആവിഷ്കരിക്കപ്പെട്ടു. കയ്പവള്ളിക്കുഞ്ഞുങ്ങളെ ആവിഷ്കരിച്ച അന്നത്തെ കവിയും, കയ്പവല്ലരിയെയും കാക്കയെയും സ്നേഹിച്ച ആധുനിക കവിയും സൗന്ദര്യസദാചാരത്തിന്റെ സമാനതയാണ് വെളിപ്പെടുത്തുന്നത്. ഭക്തിയും ശൃംഗാരവും വാത്സല്യവുമെല്ലാം കോരിവിളമ്പിയവരാണ് വെണ്മണികള്‍. പ്രതിപാദ്യത്തിന് ആത്മനിഷ്ഠത നല്‍കാന്‍ ഏതവസരത്തിലും അവര്‍ ശ്രദ്ധിച്ചു.
ഇതേ ആഖ്യാന പരിസരത്തില്‍ വളര്‍ന്ന പ്രവണതകള്‍ ഏറെയാണ്. സംസ്കൃത മഹാകാവ്യത്തിന്റെ രൂപശില്പത്തിലുള്ള രാമചന്ദ്രവിലാസം (അഴകത്ത് പദ്മനാഭക്കുറുപ്പ്) തുടക്കമിട്ട മഹാകാവ്യപ്രസ്ഥാനം പാണ്ഡിത്യത്തിന്റെ പക്ഷപാതത്തില്‍ വളര്‍ന്നു വന്നു. കവിപക്വാവലി, കവിപുഷ്പമാല, കവിഭാരതം, കവി മൃഗാവലി, കവിപക്ഷിമാല തുടങ്ങിയവ പില്ക്കാലത്ത് സ്വതന്ത്രകാലഘട്ടവുമായി ബന്ധപ്പെട്ട നേതാക്കളെ വിലയിരുത്താനും കവികള്‍ മാതൃകയാക്കിയിട്ടുണ്ട്. കാവ്യസമസ്യകള്‍, കൂട്ടുകവിത, പദ്യത്തിലുള്ള കത്തെഴുത്തുകള്‍, ദ്രുതകവിതകള്‍, പച്ചമലയാളം, പ്രാസവാദം, വലിയകോയിത്തമ്പുരാന്‍ തുടങ്ങിവച്ച സംസ്കൃത നാടക തര്‍ജുമ, കവിസമാജപ്രവര്‍ത്തനങ്ങള്‍, ഒറ്റശ്ലോകങ്ങളുടെ പെരുപ്പം ഇവയെല്ലാം സാഹിത്യാന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. എന്നാല്‍ പ്രതിഭയുടെ ഉത്തുംഗത പ്രകാശിതമായത് ഏകഹസ്തനായി വെറും ഇരുപത്തിയൊമ്പതു മാസം കൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വഹിച്ച മഹാഭാരതം തര്‍ജുമയിലാണ് (1906). ക്ലേശപൂരിതമായ ഇത്തരമൊരു ഏകാന്തശ്രമം വള്ളത്തോളും നടത്തിയിട്ടുണ്ട്. വാല്മീകി രാമായണ തര്‍ജുമ (1907), ഉമാകേരളം, മയൂരസന്ദേശം, കേശവീയം, ശ്രീയേശുവിജയം, വേദവിഹാരം, കോമപ്പന്‍ എന്നിങ്ങനെ കാലഘട്ടത്തെ അതിജീവിക്കുന്ന കാവ്യങ്ങള്‍ അക്കാലത്ത് ആവിര്‍ഭവിച്ചു. കേരളവര്‍മയുടെ കാലത്തു തന്നെ മുളപൊട്ടിയിരുന്ന പ്രവണതകള്‍ കാല്പനികതയുടെ വികാസഘട്ടത്തിലെത്തിയപ്പോള്‍ മലയാള കവിതയ്ക്ക് പുനര്‍ജന്മം ലഭിച്ചതുപോലെയായി.
കാല്പനികതയുടെ വികാസം. ഭാഷയുടെ വ്യാകരണത്തിനും അലങ്കാര ദര്‍ശനത്തിനും സാഹിത്യ നിരൂപണത്തിനും രൂപബന്ധിതമായ രചനകളില്‍ നിന്നുള്ള വിടുതലിനും ആശയപരമായ പിന്തുണ നല്‍കിയ ഏ.ആര്‍. രാജരാജവര്‍മയാണ് പൂര്‍ണാര്‍ഥത്തിലുള്ള ഒരു മൗലിക കാല്പനിക ഖണ്ഡകാവ്യം ഭാഷയില്‍ ആദ്യമായി രചിച്ചത്; 'മലയവിലാസം' എന്ന കവിത (1895). കേശവപിള്ളയുടെ ആസന്നമരണ ചിന്താശതകം, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപം, എം. രാജരാജവര്‍മയുടെ പ്രിയ വിലാപം, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം, ആശാന്റെ വീണപൂവ് എന്നിങ്ങനെ ഇംഗ്ലീഷിലെ 'എലിജി'യുടെ രൂപമാതൃകയും ഭാവസാന്ദ്രതയും ആവാഹിച്ചുകൊണ്ട് ഒട്ടേറെ കവിതകള്‍ ഇക്കാലത്ത് ഉണ്ടായി. പ്രകൃത്യുപാസനയുടെ ആദ്യമാതൃകയായിരുന്നു വി.സി.യുടെ വിശ്വരൂപം. കാലത്തെയും വ്യാഖ്യാനങ്ങളെയും വീണപൂവാണ് ഏറെ ആകര്‍ഷിച്ചത്. മനുഷ്യന്റെ ദുഃഖം മാനുഷികം മാത്രമല്ലെന്നും അത് പ്രകൃതിയിലെ ചരാചരങ്ങള്‍ ഏതിനോടും ബന്ധപ്പെട്ടതും അനിവാര്യവുമായ അനുഭവമാണെന്നും നിസ്സഹായമായി നാം അതിനെ നേരിട്ടേ പറ്റൂ എന്നും വീണപൂവ് പ്രബോധിപ്പിക്കുന്നു. ഈ മൃത്യുകാവ്യങ്ങളുടെ പ്രാധാന്യം മൃതിയെ മറികടക്കാനുള്ള ദാര്‍ശനികത അവയില്‍ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ്.
കുമാരനാശാന്‍. ശ്രീ നാരായണഗുരുവിന്റെ ആത്മീയ ദര്‍ശനം കേരളീയനെ വിപ്ളവകരമായി സ്വാധീനിച്ചതിന്റെ കാവ്യപ്രഭാവമാണ് ആധുനിക കവിത്രയമെന്ന് അറിയപ്പെടുന്നവരില്‍ മുന്‍പനായ കുമാരനാശാന്‍. രതിയും വിരതിയും ഏറ്റവും ഉന്നതമായ ആത്മീയതയോടെ അദ്ദേഹത്തിന്റെ കവിതയ്ക്ക് ഭാവമായി. നളിനിയും ലീലയുമാണ് ഈ നിലയ്ക്ക് ശ്രദ്ധാര്‍ഹമായ കൃതികള്‍. ജാതിഭേദങ്ങള്‍ കൊണ്ടു കലുഷിതമായ സാമൂഹ്യനീതിക്കെതിരെ കേരളീയ പശ്ചാത്തലത്തില്‍ ദുരവസ്ഥയും ഭാരതീയ പശ്ചാത്തലത്തില്‍ ചണ്ഡാലഭിക്ഷുകിയും അദ്ദേഹം രചിച്ചു. സ്ത്രീശാക്തീകരണത്തിന്റെ നാവായി ചിന്താവിഷ്ടയായ സീത.ഏതു രീതിയിലും പൊട്ടിവിടരുന്ന സത്യാന്വേഷണത്തിന്റെ ആത്മസമര്‍പ്പണമാണ് കരുണയിലെ പ്രതിപാദ്യം. നിലവിലുള്ള കാവ്യാന്തരീക്ഷത്തെ സമഗ്രമായി മാറ്റിമറിക്കാനും കവിതയെഴുത്ത് വിനോദമല്ല, ആത്മസമര്‍പ്പണവും പരിഷ്കൃതിയുടെ ആയുധവുമാണെന്ന് ബോധ്യപ്പെടുത്താനും ആശാന് കഴിഞ്ഞു. ആത്മീയ വിപ്ലവത്തിന്റെ പാഠങ്ങളാണ് അദ്ദേഹം പ്രബോധിപ്പിച്ചത്. മലയാള കവിതയ്ക്ക് കവിത്രയത്തോടെ സംഭവിച്ച പരിവര്‍ത്തനത്തിന് ശക്തമായ അടിത്തറ കുമാരനാശാന്റെ കവിതകളാണ്.
വള്ളത്തോള്‍. കവിത്രയത്തിലെ മറ്റൊരു കവി വള്ളത്തോള്‍ നാരായണമേനോനാണ്. ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ ഗാന്ധിയുഗം ആരംഭിച്ചതോടെ മഹാത്മാഗാന്ധിയുടെ ഉറച്ച അനുയായി യായി മാറിയ അദ്ദേഹത്തിന്റെ ഭാവകവിതകളുടെ സമാഹാരമാണ് സാഹിത്യമഞ്ജരി. മതസമന്വയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഷയമായിരുന്നു. അവയെല്ലാം ദേശീയ പ്രബുദ്ധതയുടെ ഭാഗമായി ഗാന്ധിജി സ്വപ്നം കണ്ടതാണ്. ഗാന്ധിജിയുടെ വ്യക്തിത്വവും കര്‍മപരിപാടികളും, സത്യം, അഹിംസ, സമരരീതികള്‍, സാമൂഹികപരിപ്രേക്ഷ്യം എന്നിവകളും വള്ളത്തോളിന്റെ കാവ്യശേഖരത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരുന്നു. കവിത്രയത്തിലെ ഈ കവി തൊട്ടുമുമ്പുള്ള നിയോക്ലാസ്സിക് കാവ്യസംസ്കാരം ഉള്‍ക്കൊണ്ട്, പിന്നെ അതില്‍ നിന്ന് കുതറിമാറി റൊമാന്റിക്കായി സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ തെളിഞ്ഞ പാട്ടുകാരനായി.
കഥകളിയും മോഹിനിയാട്ടവും അഭ്യസിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനമെന്ന നിലയ്ക്ക് ഇന്ന് വികസിച്ചു കഴിഞ്ഞിട്ടുള്ള കേരളകലാമണ്ഡലം വള്ളത്തോളിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്. മഗ്ദലനമറിയവും കൊച്ചുസീതയും എഴുതിയ ഈ കവി മതേതര കവിതകള്‍ കൊണ്ട് മലയാളിയെ ഏറെ സ്വാധീനിക്കുകയും ചെയ്തു.
ഉള്ളൂര്‍. കവിത്രയത്തിലെ മൂന്നാമന്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ആണ്. പാണ്ഡിത്യം സര്‍ഗാത്മകതയ്ക്കെതിരാകുമെന്ന വാദത്തിന് പലപ്പോഴും ഉദാഹരിക്കപ്പെടാവുന്ന കവി. എന്നാല്‍ സാംസ്കാരിക ചരിത്രത്തില്‍ ദത്തശ്രദ്ധനായ ഈ കവിയുടെ ജ്ഞാനകുബേരത്വവും പദകുബേരത്വവും മലയാളത്തിലെ മറ്റൊരു കവിക്കും ഇത്ര വരപ്രസാദമായി ലഭിച്ചിട്ടില്ല. പുരാണങ്ങളിലെ ധാര്‍മിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ നിരവധി കവിതകളുടെ ഉള്ളടക്കങ്ങളായി. മഹാകാവ്യവും ചമ്പുവും ഖണ്ഡകാവ്യങ്ങളും ഭാവഗീതങ്ങളും മുക്തകങ്ങളും അദ്ദേഹത്തിന്റെ കാവ്യരചനകളില്‍പ്പെടുന്നു. അക്കാലത്തെ സാഹിത്യ സംവാദങ്ങളിലും, സാഹിത്യ ചരിത്രസംവാദങ്ങളിലും ഭാഷാ സംവാദങ്ങളിലും നിര്‍ണായകമായ പങ്ക് ഉള്ളൂര്‍ വഹിച്ചിട്ടുണ്ട്. വികാരവത്തായ കവിതയും തനിക്കു രചിക്കാനാകുമെന്ന് പ്രേമസംഗീതത്തിലൂടെ തെളിയിച്ച ഈ കവി ക്ഷേത്രപ്രവേശനവിളംബരത്തെ അനുകൂലിച്ചും കവിതയെഴുതി. അഗാധമായ ഇംഗ്ലീഷ് പരിജ്ഞാനം 'കവിത വിവേകപൂര്‍ണമായ സംവാദമാണെ'ന്ന ബോധം ഇദ്ദേഹത്തില്‍ ജനിപ്പിച്ചു.
കവിയും പണ്ഡിതനും വൈദ്യനും ഗുഢശാസ്ത്രനിപുണനുമായ കരിപ്പാടുമാമന്‍ കുരുക്കള്‍ വിവിധ രാമായണ കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി പാന, കേക, കാകളി എന്നീ വൃത്തങ്ങളില്‍ രചിച്ച നവീനരാമായണം ഹൈന്ദവ ഭക്തിയുടെ സാഫല്യം എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്ന് വിശ്വസിച്ച കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, രാവണായനവാദക്കാരനായ പള്ളത്തുരാമന്‍, കവികുലഗുരുവെന്ന് ബഹുമാനിക്കപ്പെട്ട പി.വി. കൃഷ്ണവാര്യര്‍, കണ്ണുനീര്‍ത്തുള്ളിയുടെ കര്‍ത്താവായ നാലപ്പാട്ടു നാരായണമേനോന്‍ ടാഗൂര്‍ ദര്‍ശനത്തിന്റെ സാരം ഉള്‍ക്കൊണ്ട് ഗീതങ്ങളുടെയും മുക്തകങ്ങളുടെയും കാവ്യവര്‍ഷം പൊഴിച്ച, മിസ്റ്റിക് മയക്കമുള്ള കെ.കെ. രാജാ, സ്വാതന്ത്ര്യകാല കവിതകള്‍ കൊണ്ട് ശ്രദ്ധേയനായ വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, തുളസീദാസ രാമായണം തര്‍ജുമ ചെയ്ത വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയ ഒട്ടേറെപ്പേര്‍ കവിത്രയകാലത്തെ പോഷിപ്പിച്ച കവികളാണ്.
ജി. ശങ്കരക്കുറുപ്പിന്റെ തലമുറ. ജി. ശങ്കരക്കുറുപ്പിന്റെ സര്‍ഗാത്മക തലമുറ മലയാള കവിതയിലെ അര്‍ഥപൂര്‍ണമായ കാല്പനികതയ്ക്ക് ഊര്‍ജം നല്‍കി. മതനിരപേക്ഷമായ മിസ്റ്റിസിസം, ഫ്രഞ്ചുസിംബലിസ്റ്റുകളുടെ ഓര്‍മ ഉണര്‍ത്തുന്ന ഇമേജറിയുടെ മായാപ്രവാഹങ്ങള്‍, സയന്‍സ് കണ്ടെത്തുന്ന പ്രകൃതി ദര്‍ശനങ്ങള്‍, വിശ്വസംസ്കാരത്തെ ഭീഷണിപ്പെടുത്തുന്ന ഹിംസദര്‍ശനങ്ങളുടെ ഭീഷണമുഖങ്ങള്‍, സ്വാതന്ത്ര്യഗാഥകള്‍ ഇവയെല്ലാം ഇഴയടുപ്പമേറിയ രചനകളില്‍ അദ്ദേഹം ആവിഷ്കരിക്കുന്നു. ബുദ്ധിയുടെയും വികാരത്തിന്റെയും വിപുലമായ സാംസ്കാരികാന്തരീക്ഷത്തില്‍ ജീവിച്ച ജി. യുടെ ഭാഷയും ചിന്തയും പരിഷ്കൃതമായ കാവ്യസന്ദേശത്തിന്റെ ഭാഗമാണ്. ആദ്യത്തെ ജ്ഞാനപീഠ ഉപലബ്ധിയോടെ ഇന്ത്യന്‍ കവികളിലൊന്നാമനായി പരിഗണിക്കപ്പെട്ട ജി. മലയാളകവിതയിലെ ഭാവ പരിഷ്കൃതിയുടെ ഏറ്റവും മികച്ച ശക്തിസ്പന്ദമാകുന്നു. ഭാവാത്മകതയ്ക്കൊപ്പം ഗീതം, ഗീതകം, സ്വഗതാഖ്യാനം തുടങ്ങിയ ഭാവഗീതമാതൃകകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചതും ജി.യുടെ സര്‍ഗാത്മക രചനകളാണ്.
അലയാന്‍ നിയോഗിക്കപ്പെട്ട കവിയായ പി. കുഞ്ഞിരാമന്‍ നായരാണ് ജി. യുടെ മഹത്ത്വത്തിനൊപ്പം നിന്ന മറ്റൊരു പ്രതിഭ. അനാദികാലം മുതലേ മനുഷ്യന്‍ അനുഭവിക്കുന്ന തീര്‍ഥയാത്രാബോധവും നഷ്ടസ്വര്‍ഗഭാവവും പി.യുടെ ജീവിതത്തിലും കവിതയിലും നിറഞ്ഞു നില്ക്കുന്നു. കളിയച്ഛനാണ് പി.യുടെ ഏറ്റവും പ്രസിദ്ധ കവിത. തീവ്രമായ പാപബോധത്തില്‍ നിന്ന് ശാന്തിക്കുവേണ്ടി പ്രകൃതിയെ പ്രാപിക്കുന്ന ഒരു ഗുരുനിന്ദകന്റെ ആത്മഭാവമാണത്. നരബലി എന്ന കവിത നന്മയുടെ തീവ്രശക്തിക്കുവേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ത്വരകൊള്ളുന്ന മനസ്സിന്റെയും 'ചെമ്പകാശോകപുന്നാഗസൗഗന്ധികസുമ'ങ്ങളാല്‍ അലങ്കൃതമായ ദേവി, കവിയുടെ വിളിപ്പാട്ടിലുണ്ട്. ഭൗതിക ദുഃഖങ്ങളിലാണ്ടുമുങ്ങുമ്പോഴും കവിതയെഴുത്ത് ഉന്നതമായ ഒരു ദൗത്യമാണെന്ന് കുറവനും കിളിയും എന്ന കവിതയില്‍ കവി ധ്വനിപ്പിക്കുന്നു. പൂക്കളം, രഥോത്സവം എന്നിവയില്‍ സമാഹരിച്ചിട്ടുള്ള കവിതകള്‍ സമകാലികജീവിതത്തിന്റെ മൂല്യച്യുതിക്കെതിരെ ശക്തി ജ്വാല വഹിക്കുന്ന ധര്‍മരോഷത്തിന്റെകൂടി കവിതയാണ്.
സ്ത്രീമനസ്സിന്റെ അമൃതധാരയാണ് ബാലാമണിയമ്മയുടെ കവിത. പ്രപഞ്ചത്തിന്റെ അമ്മയായിത്തീരുക എന്ന ദിവ്യഭാവം അവരുടെ കവിതകളുടെ ശക്തിയാകുന്നു. അമ്മ, കുടുംബിനി, മുത്തശ്ശി, വെയിലാറുമ്പോള്‍ എന്നീ കവിതാനാമങ്ങള്‍ തന്നെ താന്‍ കടന്നുപോന്ന അവസ്ഥകളുടെ പ്രതികരണഭാവങ്ങളാണ്. 'മാതൃത്വത്തിന്റെ കവയിത്രി' എന്നവര്‍ അറിയപ്പെടുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജ, മേരി ജോണ്‍ കൂത്താട്ടുകുളം, കടത്തനാട്ട് മാധവിയമ്മ, മുതുകുളം പാര്‍വതി അമ്മ, ലളിതാംബിക അന്തര്‍ജനം തുടങ്ങിയവരാണ് അവരുടെ സമകാലികരായ കവയിത്രികളില്‍ ചിലര്‍.
റൊമാന്റിസിസത്തിന്റെ സ്വപ്നാത്മകതയില്‍ മുങ്ങിയ കവികളാണ് ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും. കേരളീയന്റെ മനസ്സില്‍ ഏറ്റവും കൂടുതല്‍ കടന്നു ചെന്ന, ചങ്ങമ്പുഴയുടെ കാവ്യമാണ് രമണന്‍. യുദ്ധകാലത്തിന്റെ ദീനതയും വിഷാദാത്മകമായ യൗവനവികാരങ്ങളും മരണാഭിമുഖ്യവുമൊക്കെ അവരുടെ കൃതികളില്‍ നിറഞ്ഞുതുളുമ്പി. ചങ്ങമ്പുഴ വിശ്വസാഹിത്യംകൊണ്ട് മനസ്സു നിറച്ച പ്രതിഭയായിരുന്നു. ഇത്രയേറെ അനുയായികളെ സൃഷ്ടിച്ച മറ്റൊരു കവിയില്ല. ഇടപ്പള്ളിയുടെ ഏറ്റവും വിഖ്യാതമായ കാവ്യം മണിനാദമാണ്. ചങ്ങമ്പുഴയാകട്ടെ ബാഷ്പാഞ്ജലി തൊട്ട് നീറുന്ന തീച്ചൂള വരെ വിലാപവും വിപ്ലവവും ഹാസ്യവും പ്രണയവും ഉന്മത്തതയും തികഞ്ഞ നാല്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു.
പാലാ നാരായണന്‍ നായര്‍, കെ.എസ്.കെ. തളിക്കുളം, വി.വി.കെ. നമ്പ്യാര്‍, ബോധേശ്വരന്‍, പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചങ്ങമ്പുഴയുടെ കാവ്യപരിസരത്ത് ജീവിച്ചവരാണ്. അതേ പരിസരത്ത് ജീവിച്ചിട്ടും വ്യക്തിത്വത്തോടെ കാവ്യഗതി മാറ്റിയ പ്രമുഖകവി വൈലോപ്പിള്ളിയാകുന്നു.
വൈലോപ്പിള്ളിയെ മലയാള കവിതയിലെ 'സംക്രമപുരുഷന്‍' എന്നു വിശേഷിപ്പിക്കാറുണ്ട്. 'നെഞ്ചുകീറിക്കാട്ടുന്ന നേരാണ്' അദ്ദേഹത്തിന് കവിത. കുടിയൊഴിയല്‍ എന്ന കൃതിയില്‍ മധ്യവര്‍ഗത്തിന്റെ വിപ്ളവബോധവും വിഷാദവും അദ്ദേഹം ആവിഷ്കരിച്ചു. 'കാച്ചിക്കുറുക്കിയ കവിത'കളാണ് വൈലോപ്പിള്ളിയുടേത്. അന്ധവിശ്വാസത്തിന്റെ അന്തകനായും ഹൃദയലാളിത്യത്തിന്റെ ഭാവഗായകനായും ബോധവിപ്ളവത്തിന്റെ പേരാളിയായും ആധുനികമായ അറിവുകളുടെയും അതുണര്‍ത്തുന്ന ലോകക്രമത്തിന്റെയും ആരാധകനായും നാടന്‍മണ്ണിന്റെയും ഗ്രാമീണലാളിത്യത്തിന്റെയും കാമുകനായും സുവര്‍ണ പ്രതിപക്ഷമായ രാഷ്ട്രീയവേദാന്തിയായും അദ്ദേഹം കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. മാനുഷികമായതെന്തിനെയും മഹത്ത്വമുള്ളതായി കാണുന്ന കവിക്ക് മനുഷ്യ സമത്വത്തിന്റെ ഉദ്ഗാനമാണ് കവിത.
'ശക്തിയുടെ കവി' എന്നാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമീണ ജീവിതമാണ് അദ്ദേഹത്തിന് കവിതയുടെ നിലപാടും. ഗാന്ധിജി അദ്ദേഹത്തിന്റെ ഗുരുബിംബമാണ്. മന്ത്രസമാനമായ കവിതകളെഴുതിയ ഇടശ്ശേരി ആധുനിക ശൈലിയുടെയും ശക്തി ആവാഹിക്കാന്‍ ശ്രദ്ധിച്ചു. കാവിലെപ്പാട്ട്, ബുദ്ധനും ഞാനും നരിയും, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം തുടങ്ങിയവ പ്രഖ്യാത കവിതകള്‍.
എം. ഗോവിന്ദന്‍ സ്വതന്ത്രചിന്തകനും സ്വന്തം ഭാഷാശൈലിയിലൂടെ സ്വന്തം ചിന്ത പ്രകാശിപ്പിച്ച തനതുകവിയുമാണ്. പൊന്നാനിക്കാരന്റെ മനോരാജ്യം അദ്ദേഹത്തിന്റെ തനതു കവിതയാകുന്നു. ചങ്ങമ്പുഴയ്ക്ക് ബദലായി കവിതയെഴുത്ത് തുടങ്ങിയ എന്‍.വി. കൃഷ്ണവാര്യര്‍ മലയാള കവിതയുടെ കാല്പനികത കുടഞ്ഞുകളയാന്‍ നേതൃത്വപരമായി പുതിയ ശൈലിയും വിഷയങ്ങളും വീക്ഷണങ്ങളും സ്വീകരിച്ചു. നീണ്ട കവിതകള്‍ എന്ന രീതി മലയാളത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. കൊച്ചുതൊമ്മന്‍, അലക്ലിസ്പുണ്യവാളന്‍, തീവണ്ടിയിലെ പാട്ട്, ഗാന്ധിയും ഗോഡ്സെയും തുടങ്ങിയ കവിതകളെല്ലാം പ്രകടമായ ലക്ഷ്യബോധം നിറഞ്ഞവയാണ്.
പ്രണയകവിതകളില്‍ നിന്ന് അസംബന്ധകവിതകളിലെത്തിയ ഗാന്ധിയന്‍ ആക്ടിവിസ്റ്റായ കവി ജി. കുമാരപിള്ള, വിപ്ളവബോധവും സമുദായബോധവും തികഞ്ഞ കവിതകളെഴുതിയ ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി, 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരനായ' അക്കിത്തം അച്യുതന്‍ നമ്പൂതിരി, ചുവന്ന ദശകങ്ങളുടെ പാട്ടുകാരായ കെ.പി.ജി, പി. ഭാസ്കരന്‍ (ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംമ്പുരു), ഒ.എന്‍.വി. (കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്), തിരുനല്ലൂര്‍ കരുണാകരന്‍ (റാണി), വയലാര്‍ രാമവര്‍മ (ആയിഷ, സര്‍ഗസംഗീതം), പുതുശ്ശേരി രാമചന്ദ്രന്‍, പുനലൂര്‍ ബാലന്‍ തുടങ്ങിയവരും പുരോഗമിക്കപ്പെടേണ്ട ഒരു ലോകവ്യവസ്ഥിതിയെക്കുറിച്ച് ആവുന്നത്ര ഉച്ചത്തില്‍ പാടിയവരാണ്. അവര്‍ കവിതയ്ക്ക് സമകാലികതയും ഭൗതികതയുടെ മാനവിക പ്രേരണകളും കൂടുതലായി നല്‍കി.
ആധുനിക കവിതകള്‍. മലയാള കാവ്യശൈലിയെ പാടേ പരിവര്‍ത്തനം ചെയ്തകാലമാണ് ആധുനികകാലമെന്നറിയപ്പെടുന്നത്. നഗരകവിതകള്‍ എന്ന് ഇതിലെ പല കവിതകളെയും വിശേഷിപ്പിക്കാം. ഉള്ളില്‍ കുരുങ്ങുന്ന ഭഗ്നബിംബങ്ങളിലൂടെ തങ്ങളുടെ രോഷവും വിശ്വാസഭംഗവും അവര്‍ അടയാളപ്പെടുത്തുന്നു. ലോകമാകെവന്ന സംവേദന വ്യതിയാനത്തില്‍ മലയാള സാഹിത്യം പങ്കുചേര്‍ന്നു. യുക്തിഭദ്രമായ വൈലോപ്പിള്ളിക്കവിതയില്‍ ആദരിക്കപ്പെട്ടുതുടങ്ങിയ നവീനസംവേദനത്വം മാധവന്‍ അയ്യപ്പത്തിന്റെ മണിയറക്കവിതകളാണ് പ്രകടമായ സാന്നിധ്യം ആദ്യം അനുഭവിച്ചത്. എന്നാല്‍ അയ്യപ്പപ്പണിക്കരുടെ കവിതകളില്‍ അതിന്റെ സമഗ്രദര്‍ശനം സാധ്യമായി. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം നവീനകവിതയ്ക്ക് ദിശാബോധം സൂചിപ്പിച്ച കാവ്യമാണ്.
പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീയാത്ര, തുടങ്ങിയ കാവ്യങ്ങള്‍ രചിച്ച എന്‍.എന്‍. കക്കാട് ചിരന്തനമൂല്യങ്ങളുടെ അന്വേഷണവും പുതിയ നാഗരികതയുടെ പൊള്ളത്തരങ്ങളും ഗ്രാമജീവിതത്തിന്റെ ജീര്‍ണിപ്പുമെല്ലാം തന്റേതായ വഴിയേ അവതരിപ്പിക്കുന്നു. വിവിധതരം ശൈലികള്‍ പരീക്ഷിച്ച ഈ കവി തനി നാടോടിശൈലിയില്‍ എഴുതിയ കവിതകളില്‍ വിമര്‍ശനാത്മകമായ ഹാസ്യം തെളിഞ്ഞു നില്ക്കുന്നു.
മൗനത്തോടടുത്തഭാഷയില്‍ കവിത എഴുതിയ ആര്‍. രാമചന്ദ്രന്‍, ദാര്‍ശനികന്റെ ചിരി നിറഞ്ഞ കവിതകളെഴുതിയ കുഞ്ഞുണ്ണി, നാടോടിസംസ്കാരത്തിന്റെ താളലയത്തിലും ഭാഷാവിവേകത്തിലുമൊതുങ്ങിയ കാവാലം നാരായണപ്പണിക്കര്‍, പുരാവൃത്തങ്ങളും മായാഭ്രമങ്ങളും സഞ്ചയിച്ച ചെറിയാന്‍ കെ. ചെറിയാന്‍, പാരമ്പര്യവും സമകാലവൈരുധ്യങ്ങളും ശക്തമായ ഭാവബിംബങ്ങളില്‍ ധ്വനിപ്പിക്കുന്ന ആറ്റൂര്‍ രവിവര്‍മ, ആധുനികതയെ തനതു തലങ്ങളില്‍ ഉജ്ജ്വലിപ്പിച്ചു നിര്‍ത്തിയ താളബോധത്തിന്റെ വാങ്മയം കൊണ്ട് ഗംഭീര ധ്വനികളാക്കിയ കടമ്മനിട്ട രാമകൃഷ്ണന്‍, കാല്പനികതയെ വൈദികപ്രഭാവവുമായി കൂട്ടിയിണക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരി, കാല്പനികതയ്ക്ക് പ്രകൃതിസ്നേഹപരവും സ്ത്രീശാക്തീകരണപരവുമായ ധ്വനികള്‍ നല്കിയ സുഗതകുമാരി, യൂറോപ്യന്‍ കവിത, ലാറ്റിനമേരിക്കന്‍ കവിത, ആഫ്രിക്കന്‍ കവിത തുടങ്ങിയവയുടെ വീര്യം കലര്‍ത്തി ഇന്ത്യന്‍ സാഹചര്യങ്ങളെ വാചാലമാക്കിയ സച്ചിദാനന്ദന്‍, സമകാലിക ധ്വനികള്‍ക്ക് കവിതയെ വിട്ടുകൊടുത്ത കെ.ജി. ശങ്കരപ്പിള്ള, കേരള സ്മൃതിയുടെ സമകാലിക ഭാവവും താളവും തോറ്റിയെടുത്ത ഡി. വിനയചന്ദ്രന്‍, ആഘാതവും പീഡനങ്ങളും കൊണ്ട് ദുഃസ്വപ്നത്തിലേക്ക് വഴുതിവീണവന്റെ ബലിപൂര്‍ണമായ കാവ്യബിംബങ്ങള്‍ കവിതയാക്കിയ എ. അയ്യപ്പന്‍, പ്രതിജ്ഞാബദ്ധമായ കവിത രചിക്കുന്ന പ്രഭാവര്‍മ, എഴാച്ചേരി രാമചന്ദ്രന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, വിഹ്വല യൗവനത്തിന്റെ ഉരുകുന്ന വചനങ്ങളിലൂടെ പ്രശസ്തനായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിപ്ലവ വചസ്സും കാരുണ്യവും നിറഞ്ഞ ബൈബിളിന്റെ പരിസരങ്ങളില്‍ അലയുന്ന വി.ജി. തമ്പി (തച്ചനറിയാത്ത മരം, നഗ്നന്‍), വാഗ്ഗേയകാരനായ വി. മധുസൂദനന്‍ നായര്‍, ശോകത്തിന്റെ ഏകാന്തസൗഖ്യം കണ്ടെത്തിയ ഒ.വി.ഉഷ, വിജയലക്ഷ്മി തുടങ്ങിയവര്‍ വര്‍ത്തമാനകാല മലയാള കവിതാചരിത്രത്തെ പുതുക്കി നിര്‍വചിക്കാന്‍ ജാഗരൂകരാണ്. നവീന കവിക്കൂട്ടം മലയാളകവിതയുടെ പുതിയ കുതിച്ചുചാട്ടത്തിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്നു. മൗലികതകൊണ്ട് ശ്രദ്ധേയനായ പി.എന്‍. ഗോപീകൃഷ്ണന്‍, സെബാസ്റ്റ്യന്‍, എസ്. ജോസഫ്, അന്‍വര്‍ അലി, എം.ബി. മനോജ്, പി.പി. രാമചന്ദ്രന്‍, പി. രാമന്‍, മുരുകന്‍ കാട്ടാക്കട എന്നിവര്‍ പുതിയ പൊടിപ്പുകളാണ്.
തനതു സാഹിത്യഭാവങ്ങള്‍
തനതു സംസ്കാരവുമായി ബന്ധപ്പെട്ട വാങ്മയ സാഹിത്യം ഏതു നാടിനുമുണ്ട്. അത് അപരിഷ്കൃതമെന്ന് സമകാലികരും ഇതിഹാസ പാരമ്പര്യവാദികളും പറഞ്ഞെന്നിരിക്കും.
അജ്ഞാതകര്‍ത്തൃകം എന്നാണ് നാടോടിക്കു നല്‍കുന്ന ആദ്യ ലക്ഷണം. പലപ്പോഴും ഒരു കര്‍ത്താവല്ല, ഒരു കര്‍ത്തൃസമൂഹമാകും വാങ്മയസാഹിത്യം രൂപപ്പെടുത്തുന്നത്. കേരളീയ ജനതയുടെ സ്വകീയവും സൂക്ഷ്മവുമായ ഈ ഈടുവയ്പ് സാംസ്കാരികതയുടെ ശക്തമായ മുദ്രയാണ്. കേരളീയരുടെ വാങ്മയതയില്‍ ഏറ്റവും കുറച്ച് പരിവര്‍ത്തനവിധേയമായത് ആദിവാസികളുടേതാണ്. ആദിവാസികളുടെ ഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, അറിവുകള്‍ എന്നിവ അധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ല.
കേരളത്തിലെ ആദിവാസികളില്‍ പണിയരാണ് പ്രധാന ആദിമവര്‍ഗം. കൃഷിപ്പണി, മലദൈവങ്ങളെ ആരാധിക്കല്‍, താരാട്ടുപാടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം പാട്ടുകളും അസാധാരണാംശങ്ങള്‍ നിറഞ്ഞ കഥകളും അവര്‍ക്കിടയിലുണ്ട്. ദാരിദ്യ്രത്തിന്റെ കെടുതികള്‍ പലകഥകളിലും പാട്ടിലും നിറഞ്ഞുനില്ക്കുന്നു. കുട്ടി കരഞ്ഞാലും പന്തലുപൊളിഞ്ഞാലും ഉപ്പിന്റെയും മുളകിന്റെയും തിനയുടെയും കടംവീട്ടാന്‍ ചെട്ടിയാന് ശരീരം വില്‍ക്കുന്ന പണിയത്തിയുടെ ജീവിതം മറ്റൊരു പാട്ടിന്റെ വിഷയമാണ്. കാണികള്‍ക്കിടയില്‍ വാതപ്പാട്ട്, സ്ത്രീകളുടെ തുങ്കിപ്പാട്ട് എന്നിവയും പത്തടിപ്പാട്ട്, ചേനന്‍പാട്ട്, ചേരയാന്‍ പാട്ട്, ഭീമന്‍ പാട്ട്, മയിലാട്ടം പാട്ട് തുടങ്ങിയ ഒട്ടേറെ പാട്ടുകളും ഇന്നും സജീവം.
കുഞ്ഞിക്കണ്ണന്റെ കഥ പറയുന്ന നാടന്‍ ഇതിഹാസം കുറിച്യരുടേതാണ്.
സംഘകാലം തൊട്ടേ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ സുപ്രധാന പങ്കു വഹിച്ചവരാണ് പാണസമൂഹം. രാമായണം കഥ, നാരായണം പിറവി, പാലാഴിമഥനം കഥ, തിരുവരങ്കന്‍ പാട്ട്, കൃഷ്ണലീല തുടങ്ങിയവ ഈ സമുദായത്തിന്റെ പ്രത്യേകമായ നാടന്‍പാട്ടുകളാണ്.
കേരളത്തിലെ തൊഴിലാളിവര്‍ഗ പാരമ്പര്യം പുലയ സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അധ്വാനത്തെ ലഘൂകരിക്കാന്‍ അവര്‍ ചമച്ച നാടന്‍പാട്ടുകള്‍ ഏറെ വിഖ്യാതമാണ്. ഞാറ്റുപാട്ട് കുട്ടനാടിന്റെ ഹരിതഭൂമിയില്‍ ഇപ്പോഴും മുഴങ്ങുന്നു. വട്ടി, കുട്ട, ഓല തുടങ്ങിയവ മെടയല്‍ കൃഷിയോടൊപ്പം അവരുടെ കൈത്തൊഴിലാണ്. അതുമായി ബന്ധപ്പെട്ടുമുണ്ട് ധാരാളം പാട്ടുകള്‍.
കൃഷിപ്പാട്ടില്‍ അവരുടെ ആശകളും പീഡനങ്ങളും ചുറ്റുമുള്ള പ്രകൃതിയും ദൈവസങ്കല്പങ്ങളുമെല്ലാം തികഞ്ഞിട്ടുണ്ട്. ഞാറ്റുപാട്ടിന്റെ ഉത്സവ പ്രതീതി വിടര്‍ന്നു നില്പുണ്ട്. ചെങ്ങന്നൂര്‍ കുഞ്ഞാല്‍, അതിയാരുപിള്ള, ഇടനാടന്‍ തുടങ്ങിയ വീരന്മാരെക്കുറിച്ചുള്ള വീരാപദാനകഥകളും ഇവയോടൊപ്പം സ്മരിക്കപ്പെടേണ്ടതാണ്.
പുരാണങ്ങളില്‍ വേലസമുദായം കണ്ടെത്തുന്ന വംശമഹിമകള്‍ 'വേലന്‍ പിറവി' തുടങ്ങിയ പാട്ടുകളില്‍ അവര്‍ സൂക്ഷിച്ചു വയ്ക്കുന്നു. കാക്കാരിശ്ശി നാടകത്തിന്റെ സമ്പ്രദായത്തിലുള്ളവയാണ് പലതും. കുറവന്മാരുടെ സ്വന്തം പാട്ടാണ് പാല്‍ നെയ്യടപ്പാട്ട്.
നാടന്‍പാട്ടുകളിലെ വിഷാദമധുരമായ ഒരു വിഭാഗമാണ് വള്ളപ്പാട്ടുകള്‍.
മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനപരമായ കോലംതുള്ളലുകള്‍ നാടന്‍പാട്ടുകളിലെ മുഖ്യമായ ഒരു വിഭാഗമാണ്. ഭദ്രകാളിക്കോലം, പിശാച് കോലം, മറുതക്കോലം, പിള്ളതീനിക്കോലം എന്നിങ്ങനെയുള്ള പാട്ടുകള്‍ ദ്രാവിഡ സങ്കല്പങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവയാണ്.
ഓണക്കാലവുമായി ബന്ധപ്പെട്ട നിരവധി നാടന്‍പാട്ടുകളുണ്ട്. തുമ്പിതുള്ളല്‍, ഊഞ്ഞാല്‍പ്പാട്ട്, കോലടി കളി, കമ്പടി കളി, പൊലിപ്പാട്ട് എന്നിവ ചിലതുമാത്രം.
തെക്കന്‍പാട്ടുകള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന ചരിത്രവും അസാധാരണത്വവും ചേര്‍ന്ന കഥകള്‍ നാടന്‍ കവികളുടെ രചനകളാണ്. ചരിത്രപരമായ തെക്കന്‍പാട്ടാണ് ഇരവിക്കുട്ടിപ്പിള്ളപ്പോര്. അഞ്ചുതമ്പുരാന്‍പാട്ടിലെ വിഷയം തിരുവിതാംകൂര്‍ രാജവംശത്തിലെ അന്തച്ഛിദ്രങ്ങളാണ്. പുരുഷാദേവിപ്പാട്ട്, ഉലകുടപെരുമാള്‍പാട്ട്, കന്നടിയന്‍ പോര് എന്നിവയ്ക്ക് ചരിത്രാംശമില്ലെങ്കില്‍പ്പോലും വികാരനിര്‍ഭരമായ കഥാരംഗങ്ങളുണ്ട്. പുതുവാതപ്പാട്ട് കേരളവര്‍മയുടെ കഥ എന്ന പേരിലും പ്രസിദ്ധമായ ഒരു വില്‍പ്പാട്ടാണ്. വലിയ തമ്പി കുഞ്ഞുതമ്പികഥ, ദിവാന്‍ വെറ്റി, ധര്‍മരാജാവിന്റെ രാമേശ്വരം യാത്ര എല്ലാം ചരിത്രപരം. പഞ്ചവന്‍കാട്ടു നീലിയെക്കുറിച്ചുള്ള കഥ നാടോടി അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പ്രതികാര കഥയാണ്.
ദേശദേവതകളെക്കുറിച്ചുള്ള തോറ്റങ്ങള്‍ കേരളത്തിലെമ്പാടുമുണ്ട്. അവയില്‍ കരുവൂര്‍ തോറ്റം, പാണ്ഡവര്‍ തോറ്റം, കുറതോറ്റം, ദാരുകവധം തോറ്റം, ശാസ്താവ് തോറ്റം, കാലിത്തോറ്റം മണ്ണാന്‍പാട്ട് മണിമങ്കത്തോറ്റം തുടങ്ങിയ കണ്ണകിത്തോറ്റങ്ങള്‍ എന്നിങ്ങനെ ഏറെ പാനത്തോറ്റങ്ങളുണ്ട്. വടക്കേ മലബാറിലെ തെയ്യങ്ങളുമായി ബന്ധപ്പെട്ട് കതിവന്നൂര്‍വീരന്‍ തോറ്റം, പൊട്ടന്‍ തെയ്യത്തോറ്റം, മലയന്‍ തോറ്റം, മുത്തപ്പന്‍ തോറ്റം, പൂമാലത്തെയ്യന്‍ തോറ്റം, മരക്കലത്തോറ്റം എന്നിങ്ങനെ സമൃദ്ധമാണ് തോറ്റങ്ങള്‍. പൂരക്കളി വര്‍ണനാപരമാണ്. ചെറുമരുടെ നേര്‍ച്ചപ്പാട്ട്, വണ്ണാന്മാരുടെ പാട്ട്, കുറുന്തിരിപ്പാട്ട്, കണിയാന്മാരുടെ കളം പാട്ട്, പടപ്പാട്ട്, പാറപൊട്ടിക്കുന്നവരുടെ പാട്ട്, കുമ്പളങ്ങാപ്പാട്ട്, തവരപ്പാട്ട്, ചീരപ്പാട്ട്, കക്കരിപ്പാട്ട്, പാചകപ്പാട്ടുകള്‍, പാപ്പാന്മാരുടെ പാട്ട്, വേട്ടക്കാരുടെ പാട്ട് എന്നിങ്ങനെ നാടന്‍പാട്ടുകളുടെ ശേഖരം വിപുലമാണ്.
അയ്യപ്പന്‍പാട്ടിനെ ആസ്പദമാക്കി തീയാട്ടു നമ്പ്യാന്മാരുടെയും, ഭദ്രകാളിയോട് ബന്ധപ്പെട്ട്, തായാട്ടുണ്ണികളുടെയും 'തീയാട്ട്' എന്ന അനുഷ്ഠാനകല നിലനില്ക്കുന്നു. ബ്രാഹ്മണികളുടെ അനുഷ്ഠാനഗാനമാണ് ബ്രാഹ്മണിപ്പാട്ട്. ഐവര്‍ കളി, പത്തോ അതിലധികമോ ആളുകള്‍ ഒരു മുച്ചാണ്‍ വടി കൈയില്‍ വച്ചുകൊണ്ട് ചോടുവച്ചു കളിക്കുന്ന ഒരു നാടന്‍ വിനോദമാണ്, പാലക്കാടന്‍ ജില്ലയില്‍ പ്രചുരമാണ് നായന്മാരുടെ ദേശത്തുകളി അഥവാ കണിയാര്‍ കളി. ഏഴാമത്തുകളി നമ്പൂതിരിമാരും അമ്പലവാസികളും പങ്കെടുക്കുന്ന വിനോദമാണ്. സംഘക്കളി നമ്പൂതിരിമാര്‍ മാത്രമുള്ള ഒരനുഷ്ഠാനകലാ വിനോദമാണ്. കുമ്മാട്ടിക്കളിക്കുമുണ്ട് തനതു പാട്ടുകള്‍.
മാപ്പിളപ്പാട്ട് മലബാറിന്റെ അന്തരീക്ഷത്തെ ഏറെ ആഹ്ലാദിപ്പിച്ച ഒരു കാവ്യവിഭാഗമാണ്. അതില്‍ നാടോടിയല്ലാത്ത കവിതകളുമുണ്ട്. കെസ്സുപാട്ടുകള്‍, കത്തുപാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, താലോലപ്പാട്ട്, സര്‍ക്കീട്ടുപാട്ട്, അമ്മായിപ്പാട്ട്, കപ്പപ്പാട്ട്, കുപ്പിപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വെറ്റിലപ്പാട്ട്, തേങ്ങാപ്പാട്ട്, മാങ്ങാപ്പാട്ട്, നരിപ്പാട്ട്, ഒട്ടകമാന്‍ പാട്ട് എന്നിങ്ങനെ ബഹുലമാണ് മാപ്പിളപ്പാട്ടുകളുടെ ഗാനശേഖരം. കെസ്സുപാട്ട്, മയിലാഞ്ചിപ്പാട്ട്, കത്തുപാട്ട് എന്നിവ സമകാലിക ഗാനസന്ദര്‍ഭങ്ങളെ പോഷിപ്പിച്ചിട്ടുണ്ട്.
അറബിമലയാളത്തിലെ ആദ്യ പകുതി മുഹയുദ്ദീന്‍മാലയാണ് (ഖാസി മുഹമ്മദ്, 1607). മലയാള ലിപിയിലെഴുതിയ ആദ്യമാപ്പിളപ്പാട്ട് മെഹറിന്റെ നെടുവീര്‍പ്പുകള്‍ ആകുന്നു. കുഞ്ഞായിന്‍ മുസലിയാര്‍, മൊയ്തു മുസലിയാര്‍, ടി. ഉബൈദ്, ചേറ്റുവായ്, പരീക്കുട്ടി, കെ.ടി.മുഹമ്മദ്, ഒ. അബു, പുലിക്കോട്ടില്‍ ഹൈദര്‍, പുത്തൂര്‍ ആമിന, ബി. ആയിശക്കുട്ടി തുടങ്ങിയവര്‍ മാപ്പിളപ്പാട്ടു സാഹിത്യത്തിലെ മറ്റു പ്രശസ്തരില്‍പ്പെടുന്നു.
ക്രൈസ്തവര്‍ക്കുമുണ്ട് തനതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കലാരൂപങ്ങളും പാട്ടുകളും. ചവിട്ടുനാടകവും മാര്‍ഗംകളിയും ക്രിസ്തുമതപ്രചാരണാംശങ്ങള്‍ നിറഞ്ഞ നൃത്യനൃത്തകലാരൂപങ്ങളാണ്. മംഗല്യവട്ടക്കളി (കല്യാണനിശ്ചയം, വിളിച്ചു ചൊല്ലല്‍ എന്നിവയുടെ വിവരണ ഗാനം), അന്തം ചാര്‍ത്തുപാട്ട് (വരന്റെ ഒരുക്കം), മയിലാഞ്ചിപ്പാട്ട് (വധുവിന്റെ ഒരുക്കം), അയിനിപ്പാട്ട് (അയിനി അപ്പം വഹിച്ചുകൊണ്ട് വിവാഹദിവസം വരന്റെ പെങ്ങള്‍ പള്ളിയില്‍ പോകുന്നത്.) എന്നിവ വിവാഹം ഒരു ഉത്സവമായി ആഘോഷിക്കുന്ന കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. വിവാഹവുമായി ബന്ധപ്പെട്ട മറ്റു പാട്ടുകളാണ് നല്ലോരോരോശലം വാടി മനം (വട്ടുകളി), വാഴ്വു പാട്ട്, ചന്തല്‍പ്പാട്ട്, എണ്ണപ്പാട്ട്, കളിപ്പാട്ട്, വിളക്കു തൊടീല്‍ പ്പാട്ട്, അടച്ചുതുറപ്പാട്ട്, താണ്യദിവസം പാട്ട് എന്നിവ.
വടക്കന്‍പാട്ടുകള്‍ ഉത്തരകേരളത്തിന്റെ വീരപാരമ്പര്യം ഉണര്‍ത്തിയെടുക്കുന്ന നാടന്‍ പാട്ടുകളാണ്. തച്ചോളി ഒതേനന്‍, ആരോമല്‍ച്ചേകവര്‍, തച്ചോളിചന്തു, പാലാട്ടു കോമപ്പന്‍, ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച തുടങ്ങി പേരുകേട്ട ഒട്ടേറെ വീരജന്മങ്ങള്‍ ഈ കഥകളില്‍ അവതരിക്കുന്നു. അങ്കം, പൊയ്ത്ത്, വിശ്വാസം, ആചാരം എന്നിങ്ങനെ ഒരു പൂര്‍വകാലത്തിന്റെ മനുഷ്യജീവിതസമൃദ്ധി ഇവയിലുണ്ട്. കേരളീയ വീരപാരമ്പര്യത്തിന്റെ ഒരു മുഖമുദ്ര വടക്കന്‍പാട്ടിനുണ്ട്. കേരളത്തിന്റെ തനതു പാരമ്പര്യം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന അക്ഷയഖനിയാണ് വടക്കന്‍പാട്ടുകള്‍.
ഗദ്യത്തിന്റെ വഴികള്‍
മലയാള ഗദ്യത്തിന്റെ ചരിത്രത്തിന് വാങ്മയ ഭാഷയും ലിഖിതഭാഷയും പരിശോധിക്കേണ്ടതാണ്. ചിലപ്പതികാരം, തൊല്ക്കാപ്പിയം എന്നീ കൃതികളില്‍ അന്നത്തെ ചെന്തമിഴ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ പ്രയോഗങ്ങളും ശൈലികളും ചുരുക്കമായെങ്കിലും കാണുന്നത്, ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാസനങ്ങള്‍ അന്നത്തെ രാജഭാഷയില്‍ എഴുതപ്പെടുന്നതും നിശ്ചിത രീതി പിന്തുടരുന്നതുമാണെങ്കിലും അവയില്‍ വ്യത്യസ്തമായ ഭാഷാംശങ്ങള്‍ ഉണ്ട്. സാഹിത്യഗ്രന്ഥങ്ങളെക്കാള്‍ ശാസനങ്ങള്‍ ഭാഷാമാതൃകയ്ക്ക് വിലപ്പെട്ടതാണെന്ന് ഇളംകുളത്തെപ്പോലുള്ളവര്‍ വാദിക്കുന്നു. എ.ഡി. ഒമ്പതാം ശതകം മുതലുള്ള ശാസനങ്ങളും ചെപ്പേടുകളും നമുക്കു ലഭിച്ചിട്ടുണ്ട്. രാജശേഖര ചക്രവര്‍ത്തിയുടെ വാഴപ്പള്ളി ശാസനമാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഭാഷയിലെ ആദ്യത്തെ ഗദ്യകൃതിയായ ഭാഷാകൌടലീയത്തിന്റെ കാലം വരെയുള്ള ഭാഷ, കാലമറിയുന്നതും അല്ലാത്തതുമായ ഇത്തരം ചെപ്പേടുകളിലും ക്ഷേത്രരേഖകളിലും വിളംബരങ്ങളിലും ഒതുങ്ങിക്കിടക്കുന്നു.
ശാസനങ്ങളിലെ ലിപി വട്ടെഴുത്താണ്. അതിനുമുണ്ടൊരു പ്രത്യേകത. വട്ടെഴുത്തില്‍ വരാത്ത അതിഖരം, മൃദു, ഘോഷം, ഊഷ്മാവ് എന്നിവയ്ക്ക് ഗ്രന്ഥാക്ഷരം ഉപയോഗിച്ചിരിക്കുന്നു. കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതും ചില്ലുകള്‍ അടിസ്ഥാനവര്‍ണം കൊണ്ട് സൂചിപ്പിക്കുന്നതും എ, ഒ എന്നീ ഹ്രസ്വങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നതും അനുസ്വാരത്തിന് മകാരം ഉപയോഗിക്കുന്നതും ഇതിലെ രീതികളില്‍പ്പെടുന്നു.
മലയാള ഭാഷയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പില്‍ സുപ്രധാനമായ ചില ഘടകങ്ങള്‍ കേരളപാണിനി ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷപ്രത്യയനിരാസം, അനുനാസികാതിപ്രസരം, സ്വരസംവരണം, താലവ്യാദേശം, അംഗഭംഗം, ഖിലോപസംഗ്രഹം എന്നീ ആറുനയങ്ങളാണവ. കൊല്ലം ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ശാസനങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം സ്പഷ്ടമാകുന്നുണ്ട്. പുരുഷപ്രത്യയമില്ലാത്ത പ്രയോഗങ്ങള്‍ ഭാഷയുടെ കെട്ടുറപ്പു കുറയ്ക്കുമെങ്കിലും മലയാളഗദ്യത്തിന്റെ സവിശേഷതയായി അതുമാറി. വാക്യക്രമമെന്നത് കര്‍ത്താവ്-കര്‍മം-ക്രിയ എന്നിങ്ങനെ ക്രമപ്പെട്ടു തുടങ്ങി. സമ്പത്തിക്രിയ എന്നു വിളിക്കപ്പെടുന്ന 'ആകുന്നു', 'ആണ്' എന്നിവ വാക്യപൂരണത്തിന് പ്രയോഗിച്ചു തുടങ്ങി ഇന്നത്തെ മലയാളത്തോട് അടുക്കുന്ന വിഭക്തി പ്രയോഗങ്ങള്‍, സമുച്ചയ വികല്പങ്ങളുടെ ഉപയോഗം, സര്‍വനാമങ്ങളുടെ പ്രയോഗം, മലയാള വിഭക്ത്യന്തപദങ്ങള്‍, തത്സമങ്ങള്‍, തദ്ഭവങ്ങള്‍ എന്നിവയെല്ലാം ക്രമേണ മലയാള ഗദ്യത്തിന്റെ ഭാഗമായിത്തുടങ്ങി. എന്നാല്‍ ഒട്ടേറെ അവ്യവസ്ഥയുടെ ഘട്ടങ്ങള്‍ താണ്ടിയാണ് ഈ വളര്‍ച്ച. ഭാഷാകൌടലീയമാണ് ഈ അവ്യവസ്ഥയുടെ ആദ്യമാതൃകയായ സാഹിത്യകൃതി. എന്നാല്‍ ഹീനജാതിക്കാരേ ഉപയോഗിക്കൂ എന്ന 14-ാം നൂറ്റാണ്ടില്‍ ലീലാതിലകകാരന്‍ പറയുന്ന പല പ്രയോഗങ്ങളും 12-ാം നൂറ്റാണ്ടിലെ ഈ കൃതിയില്‍ ധാരാളമായുണ്ട്.
ചാക്യാന്മാരും പാഠകക്കാരും തങ്ങളുടെ മാത്രമായ ത്രൈവര്‍ണികാന്തരീക്ഷത്തില്‍ പ്രചരിപ്പിച്ച ഗദ്യത്തിനും തെളിവുകളുണ്ട്. കൂത്തിനും കൂടിയാട്ടത്തിനും ഗദ്യത്തില്‍ രചിക്കപ്പെട്ട ആട്ടപ്രകാരങ്ങളും ക്രമദീപികകളുമാണവ. അഭിനയവിധികളാണ് ആട്ടപ്രകാരം. രംഗാവതരണവും വിദൂഷകന്റെ പങ്കുമാണ് ക്രമദീപിക, ദൂതവാക്യം, ഗദ്യം, മത്തവിലാസം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം എന്നീ ആട്ടപ്രകാരങ്ങള്‍ ശ്രദ്ധേയം. ചാക്യാന്മാരുടെ ഈ രചനകളില്‍ ഇന്നത്തെ ഗദ്യശൈലിയുടെ തനിപ്പകര്‍പ്പ് പലേടത്തും കാണാം. പാഠകം പറഞ്ഞിരുന്നത് നമ്പ്യാന്മാരാണ്. 'നമ്പ്യാന്തമിഴ്' എന്നാണ് അതിനെ വിളിച്ചിരുന്നത്. തന്റെ മണിപ്രവാള നിയമങ്ങള്‍ക്ക് ഇണങ്ങാത്തതുകൊണ്ട് ലീലാതിലകകാരന്‍ നമ്പ്യാന്തമിഴിനെ വേര്‍തിരിച്ചു നിര്‍ത്തി. നമ്പ്യാന്തമിഴ് ഗദ്യസാഹിത്യത്തില്‍ പ്രാമാണ്യം പുലര്‍ത്തി. രാമായണം, തമിഴ്, ഭാഗവതം ഗദ്യം, ഉത്തരരാമായണം ഗദ്യം, തിരുക്കുറളിന്റെ ആദ്യ പരിഭാഷയായ തിരുക്കുറള്‍ ഭാഷ, പരമജ്ഞാനവിളക്കം, സംഗീതശാസ്ത്രം, കളരിവിദ്യ എന്നീ ഗദ്യകൃതികള്‍ നമ്പ്യാര്‍ത്തമിഴിന്റെ വിഭിന്ന ഭാഷാസങ്കലന രീതികള്‍ക്ക് ഉദാഹരണങ്ങളാണ്. ചമ്പുക്കളിലെ ദ്രാവിഡവൃത്തത്തിലുള്ള ഗദ്യത്തില്‍ നിന്നു വിഭിന്നമായി ഒരു ഗദ്യം ശക്തിപ്പെട്ടുതുടങ്ങി. സംഘക്കളി തുടങ്ങിയ നാടന്‍ വിനോദങ്ങളില്‍ ഭാഷണ ശക്തിയുള്ള ഗദ്യം ഉപയോഗിച്ചിട്ടുണ്ട്.
കേരളീയജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വിദേശികള്‍ രാഷ്ട്രീയ-സാമൂഹിക-മത രംഗങ്ങളില്‍ ഒരു നവീന ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. 1599-ലെ ഉദയം പേരൂര്‍ സുനഹദോസ് എന്ന സമ്മേളനത്തില്‍ മതമേലധ്യക്ഷന്മാരും ക്രൈസ്തവ ജനപ്രതിനിധികളും പ്രഖ്യാപിച്ച തീരുമാനങ്ങളുടെ പരിഭാഷയാണ് മിഷനറി ഗദ്യത്തിലെ ആദ്യമലയാള ഗ്രന്ഥം. കാര്യമാത്രപ്രസക്തമായ ആഖ്യാനരീതിയും ആജ്ഞാപരമായ പ്രൗഢിയും ഭാഷയുടെ ശൈലിക്ക് വ്യക്തിത്വം നല്‍കിയിരിക്കുന്നു. പില്ക്കാലത്ത് ഈ ഭാഷയെ പാതിരി മലയാളമെന്നും മിഷനറി ഗദ്യമെന്നും വിളിച്ചു. 'പറങ്കി പാഴ'യിലും 'മലയാം പാഴ'യിലും ചൊല്ലിയ കേരളാരാമം എന്ന സസ്യശാസ്ത്ര ഗ്രന്ഥം (ഹോര്‍ത്തൂസ് മലബാറിക്കസ്) ഇതേ ഗദ്യവഴി പിന്തുടര്‍ന്നു. മിഷനറിമാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഭാഷാപഠനത്തിന് അനിവാര്യമായ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും നിര്‍മിക്കുന്നതിനാണ്. കവി കൂടിയായ അര്‍ണോസ് പാതിരി ഒരു വ്യാകരണഗ്രന്ഥവും മലയാളം പോര്‍ച്ചുഗീസ് നിഘണ്ടുവും നിര്‍മിച്ചു. സംഭാഷണഭാഷയെ ആശ്രയിച്ച് ആഞ്ജലോസ് ഫ്രാന്‍സിസ് എന്ന കത്തോലിക്കാ ബിഷപ്പ് ഒരു വ്യാകരണ ഗ്രന്ഥം സാധാരണക്കാരുടെ ഭാഷ വിദേശികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ചു. മലയാളത്തില്‍ അച്ചടിച്ച ആദ്യകൃതി ക്ളമന്റ് പാതിരിയുടെ സംക്ഷേപവേദാര്‍ഥമാകുന്നു (1772). മലയാളത്തില്‍ പാണ്ഡിത്യം നേടിയ ആദ്യ പാശ്ചാത്യ മിഷനറി, റോസിന്റെ നിയമാവലി രചിച്ച ഫ്രാന്‍സിസ് റോസ് ആണ്.
പാതിരിമലയാളം അന്നത്തെ ഗദ്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരളോത്പത്തി, കേരളചരിത്രം എന്നീ ഗദ്യഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. കരിയാറ്റില്‍ ഔസേപ്പുകത്തനാരുടെ വേദതര്‍ക്കവും (1768), മലയാളത്തിലെ ആദ്യയാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാനപുസ്തകവും ഈ കാലഘട്ടത്തിലെ ഗദ്യഭാഷയ്ക്ക് ഉദാഹരണമാണ്.
വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം (കൊ.വ. 984) പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യത്തിന്റെ മാതൃകയാണ്. ബെഞ്ചമിന്‍ ബെയ്ലിയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു, പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും പരിഭാഷകള്‍, (കൂട്ട്യത്നങ്ങളാണവ) മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഡ്രമ്മണ്ടിന്റെ മലയാള ഭാഷയുടെ വ്യാകരണം റവ. ജോസഫ് പിറ്റ്, ഗാര്‍ത്ത് വെയിറ്റ് തുടങ്ങിയവരുടെ യത്നങ്ങള്‍, ജര്‍മന്‍ മിഷനറിയായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു, മലയാള വ്യാകരണം, ഭാഷാപാഠാവലികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച മിഷനറിമാര്‍ മതപരിവര്‍ത്തനത്തിനു മാത്രമല്ല ഭാഷാ പരിവര്‍ത്തനത്തിനും നിയോഗിക്കപ്പെട്ടവരായി. ഇംഗ്ളീഷില്‍ ഉപയോഗിക്കുന്ന ഗദ്യത്തിലെ ചിഹ്നങ്ങള്‍ ഭാഷയില്‍ നടപ്പിലാക്കിയത് ഗുണ്ടര്‍ട്ടാണ്.
ഗദ്യത്തിന്റെ നവോത്ഥാനപരമായ പ്രചാരത്തിന് മാധ്യമങ്ങള്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. മാധ്യമ പ്രകാശനത്തിന് വഴികാട്ടി യായത് ഗുണ്ടര്‍ട്ട് തന്നെയാണ്. 1847-ല്‍ രണ്ടു പത്രികകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാജ്യസമാചാരവും പശ്ചിമോദയവും. ആദ്യത്തെ സാഹിത്യമാസിക വിദ്യാവിലാസിനിയാണ് (1881). വിദ്യാവിനോദിനി, ഭാഷാപോഷിണി, കേരളപത്രിക, മലയാളി, മലയാള മനോരമ എന്നിവയോടൊപ്പം ജ്ഞാനനിക്ഷേപം, പശ്ചിമതാരക, സത്യനാദകാഹളം, കേരളമിത്രം, നസ്രാണി ദീപിക എന്നിവയും ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച വാഹകങ്ങളായി. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ ഒരു പാഠപുസ്തക കമ്മിറ്റി നിലവില്‍ വന്നു. പുസ്തകങ്ങള്‍ക്കു വേണ്ടിയും അല്ലാതെയും വിവിധ വിഷയങ്ങളില്‍ ധാരാളം ഗദ്യപ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. കഥ, ജീവചരിത്രം, വിദ്യാഭ്യാസം, സന്മാര്‍ഗം, സാമ്പത്തികകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ രചനകളില്‍ ഉള്‍പ്പെടുന്നു.
ഏ.ആര്‍. രാജരാജവര്‍മയുടെ സാഹിത്യസാഹ്യം, കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലി, നാലപ്പാട്ടു നാരായണമേനോന്റെ പാവങ്ങള്‍ (തര്‍ജുമ) തുടങ്ങിയവ മലയാള ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായി.
നിയമങ്ങളെ പിന്തള്ളി ഗദ്യം സര്‍ഗസാഹിത്യത്തില്‍ ബഹുശാഖയായി വളര്‍ന്നുകൊണ്ടിരിക്കുന്നു-നോവല്‍, കഥ, നാടകം എന്നിങ്ങനെ. സാഹിത്യനിരൂപണം, ഉപന്യാസം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, വൈജ്ഞാനികഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യചരിത്രം, ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങള്‍, സാമൂഹ്യ ശാസ്ത്രങ്ങള്‍ എന്നിങ്ങനെ സര്‍ഗേതരമായ മേഖലയും സമ്പന്നമാണ്. ഗദ്യത്തിന് പുതിയ പദാവലി നല്കുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യത്നങ്ങള്‍ ശ്ലാഘനീയമാണ്. ഗദ്യം പദ്യത്തിനെതിരല്ല, പരിപൂരകമാണ് എന്ന് സാഹിത്യചരിത്രം പഠിപ്പിക്കുന്നു.
നോവല്‍ മലയാളത്തില്‍
പ്രാരംഭം. മലയാളത്തില്‍ നോവലിന് തുടക്കം കുറിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ആദ്യകാല മലയാള നോവല്‍ മിഷനറി ദൗത്യത്തിന്റെ ഭാഗമായിരുന്നു. റവ. ജോസഫ് പിറ്റ് എന്ന മിഷനറി തര്‍ജുമ ചെയ്ത കാതറൈന്‍ മുല്ലെന്‍സിന്റെ ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ(1854)യാണ് ഗ്രന്ഥരൂപം പൂണ്ട ഭാഷയിലെ ആദ്യത്തെ നോവല്‍. മിഷനറി ദൗത്യം ഏറ്റെടുത്ത മിസ്സിസ് കോളിന്‍സ് ഘാതകവധം എന്നൊരു നോവല്‍ ഇംഗ്ലീഷില്‍ രചിച്ചു. അതു പൂര്‍ത്തിയാക്കുകയും മലയാളത്തിലേക്ക് തര്‍ജുമ തയ്യാറാക്കുകയും ചെയ്തത്, അവരുടെ ഭര്‍ത്താവും മിഷനറിയുമായ റിച്ചാര്‍ഡ് കോളിന്‍സാണ് (1878) തര്‍ജുമ നിര്‍വഹിച്ചത്. തുടര്‍ന്ന് രചിക്കപ്പെട്ട പുല്ലേലിക്കുഞ്ചു എന്ന, ആര്‍ച്ച് ഡീക്കണ്‍ കോശിയുടെ നോവലിലുമുണ്ട് മിഷനറി ദൗത്യം. നോവല്‍ എന്നു വിളിക്കാമെങ്കിലും ഈ പ്രാരംഭ കലാരചനകള്‍ മികച്ച സര്‍ഗാത്മക മാതൃകകള്‍ അല്ല.
ചന്തുമേനോനും, സി.വി.യും. തുടര്‍ന്ന് പ്രസിദ്ധീകൃതമായ കുന്ദലത(അപ്പുനെടുങ്ങാടി, 1887)യെ ഭാഷയിലെ ആദ്യത്തെ സ്വതന്ത്ര നോവലെന്ന് ചില നിരൂപകര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും സിംബര്‍ ലൈന്‍, ഐവാന്‍ ഹോ എന്നീ ഇംഗ്ലീഷ് നോവലുകളുടെ സ്വതന്ത്രമായ അനുകരണം മാത്രമാണത്. യൂറോപ്യന്‍ നോവലുകളുടെ താവഴിയില്‍ വര്‍ത്തമാനകാലവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഇന്ദുലേഖ (ചന്തുമേനോന്‍, 1889) നോവല്‍ എന്ന സാഹിത്യരൂപത്തോട് കൂടുതല്‍ നീതിപുലര്‍ത്തുന്ന മൗലിക രചനയാണ്. ബ്രാഹ്മണര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെയാണ് ഇന്ദുലേഖ എതിര്‍ത്തതെങ്കില്‍ ജന്മിത്വത്തോടാണ്, ചന്തുമേനോന്റെ രണ്ടാമത്തെ നോവലിലെ നായികയായ ശാരദയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. ശാരദ അപൂര്‍ണരചനയാണ്. കോമാട്ടില്‍ പാഡുമേനോന്റെ ലക്ഷ്മീകേശവം ശ്രദ്ധേയമാണ്.
തിരുവിതാംകൂറിലെ നോവല്‍ചരിത്രം തുടങ്ങുന്നത് അധികാരവുമായി ബന്ധപ്പെട്ടാകുന്നു. സമകാലിക രാഷ്ട്രീയവുമായി സജീവ ബന്ധം ഉണ്ടായിരുന്ന ആളാണ് സി.വി. രാമന്‍പിള്ള. അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മയാണ് മലയാളത്തിലെ ആദ്യ ചരിത്രനോവല്‍. സി.വി. ഈ കൃതിക്കു പിന്നാലെ ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ ചരിത്രനോവലുകളും രചിച്ചു. ഓരോ കഥാപാത്രത്തിനും അത്രപ്രധാനമോ അപ്രധാനമോ ആകട്ടെ, ചേഷ്ടകളും സംസാര സവിശേഷതകളും ഉണ്ട്. ധര്‍മരാജ, അനന്തപദ്മനാഭന്‍, കേശവപിള്ള, പെരിഞ്ചക്കോടന്‍, കാളിയുടയാന്‍ ചന്ത്രക്കാരന്‍, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, സുഭദ്ര തുടങ്ങിയവരുടെ രൂപഭാവങ്ങളും ഭാഷയും കൃത്യമായി വിവേചിക്കപ്പെട്ടിരിക്കുന്നു. സമകാലികസമൂഹത്തെ വിമര്‍ശിക്കുന്നതില്‍ ഒ. ചന്തുമേനോന്‍ പരിഷ്കരണപരമായ നിര്‍ദേശങ്ങളും ശക്തമായ ഹാസ്യവും ഉപയോഗപ്പെടുത്തിയപ്പോള്‍ സി.വി. ഭൂതകാല മഹത്ത്വം നമ്മില്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് സമകാലികാവശ്യങ്ങളെ ധ്വനിപ്പിക്കുകയാണ് ചെയ്തത്. മലയാള നോവലിന് ആഖ്യാനപരമായ മുന്നേറ്റം നല്കിയ പ്രതിഭാധനരെന്ന നിലയ്ക്ക് ഇരുവരുടെയും സ്ഥാനം തുല്യമാണ്. ഈ കുലപതികള്‍ക്കു പിന്നാലെ മലയാള നോവല്‍ ബഹുശാഖയായി പടര്‍ന്നു വികസിച്ചു.
പില്ക്കാല വികാസങ്ങള്‍. എന്‍. കെ. കൃഷ്ണപിള്ള, നാട്ടുക്കൂട്ടത്തിന്റെ ചേരിയില്‍ നിന്ന് സി. വി.യ്ക്കെതിരെ നിലപാടെടുത്ത് ഉദയമാര്‍ത്താണ്ഡന്‍, ബാലരാമവര്‍മ, വേലുത്തമ്പി ദളവ എന്നീ കൃതികള്‍ രചിച്ചു. അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ വെറും സാങ്കല്പികമായ ഒരു കഥയായിരുന്നു. അദ്ദേഹത്തിന്റെ ഭാസ്കരമേനോന്‍ ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക നോവലായി. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ മുഖ്യ വിഷയമായ ആദ്യ നോവല്‍ ഭാസ്കരന്‍ നമ്പൂതിരിപ്പാടാണ്. നാരായണ കുരുക്കളുടെ പാറപ്പുറം, ഉദയഭാനു, സത്യാഗ്രഹി എന്നിവയില്‍ ഭാരതത്തിന്റെ ബൗദ്ധികപാരമ്പര്യത്തിന്റെ പരിഷ്കരണങ്ങള്‍ ലക്ഷ്യമാക്കുന്നു. കാരാട്ട് അച്യുതമേനോന്റെ വിരുതന്‍ ശങ്കു പ്രതിപാദനരീതികൊണ്ട് ഏറെ രസിപ്പിച്ച ആദ്യത്തെ ജനപ്രിയ നോവലാണ്. കെ.എം. പണിക്കരുടെ നിരവധി നോവലുകളില്‍ ഏറ്റവും പരിഗണനീയം കേരളസിംഹവും ഝാന്‍സിറാണിയുടെ ആത്മകഥയുമാകുന്നു. ടി. രാമന്‍ നമ്പീശന്റെ കേരളേശ്വരന്‍ പ്രതിപാദനഭംഗിയിലും മധ്യകേരളഭാഷയിലും ഏറ്റവും മികച്ചു നില്ക്കുന്നു. കപ്പന കൃഷ്ണമേനോന്റെ ചേരമാന്‍ പെരുമാള്‍ ഐതിഹ്യങ്ങളില്‍ നിന്ന് ശേഖരിച്ച കഥയാണെങ്കില്‍ വൈക്കം ചന്ദ്രശേഖരപിള്ളയുടെ ബാഷ്പമണ്ഡപം അക്ബര്‍കാലത്തെക്കുറിച്ചുള്ള പേര്‍ഷ്യന്‍ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. കൊച്ചീപ്പന്‍ തരകന്റെ ബാലികാ സദനം, കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്റെ പരിഷ്കാരപ്പൊതി എന്നിവ ക്രിസ്ത്യന്‍ സാമുദായിക രംഗത്തേക്കുള്ള എത്തിനോട്ടങ്ങളാണ്. തരവത്ത് അമ്മാളുവമ്മയായിരുന്നു ആദ്യമായി ഏറെ ശ്രദ്ധിക്കപ്പെട്ട നോവലെഴുത്തുകാരി. അവരുടെ കോമളവല്ലി എഴുത്തുകാരുടെ അനുകരണത്തിനും വായനക്കാരുടെ അതിരുകവിഞ്ഞ അനുമോദനത്തിനും വിധേയമായ കൃതിയാണ്.
നോവല്‍ നവോത്ഥാനം. നോവലിന്റെ മാത്രമല്ല പൊതുവേ ഗദ്യത്തിന്റെ വഴിത്തിരിവിന് ഇടയാക്കിയ ഗ്രന്ഥമാണ് നാലപ്പാട്ട് നാരായണമേനോന്റെ പാവങ്ങള്‍. മൂലഗ്രന്ഥത്തിന്റെ ഭാവുകത്വവും സംസ്കാരവും അനുഭവിപ്പിക്കുന്നതാകണം തര്‍ജുമ എന്ന് അദ്ദേഹം കരുതി. വിദേശനോവലുകളുമായുള്ള പരിചയത്തിനും ഭാഷാ നോവലുകളുടെ പുനര്‍നവീകരണത്തിനുമുള്ള അന്തരീക്ഷം ഇപ്രകാരം സൃഷ്ടിക്കപ്പെട്ടു.
സാഹിത്യ നവോത്ഥാനത്തിന് ഒരു ഒറ്റയാന്‍ പ്രസ്ഥാനം കേരളത്തില്‍ സജീവമായിരുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടേതാണ് ആ വ്യക്തിത്വം. ഒരു മതാത്മക സമൂഹത്തെ അതിന്റെ യാഥാസ്ഥിതികത്വത്തില്‍ നിന്ന് ഉണര്‍ത്തി വര്‍ത്തമാനകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ജാഗരൂകമാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. കൃതികളെയും എഴുത്തുകാരെയും വിലയിരുത്തുകയും സര്‍ഗാത്മകമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പുരോഗമന പ്രസ്ഥാനം ഇത്തരം മാറ്റങ്ങള്‍ക്ക് സംഘബലം നല്കി. മലയാള നോവലില്‍ നവോത്ഥാനം സൃഷ്ടിച്ച തലമുറ ഈ സംവേദനാന്തരീക്ഷത്തില്‍ എഴുതിത്തെളിഞ്ഞവരുടേതാണ്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയവരുടെ സമഗ്രവീക്ഷണത്തിലാണ് ഈ അന്തരീക്ഷത്തിന് സര്‍ഗാത്മകമായ തിളക്കം ലഭിച്ചത്.
ആത്മകഥയുടെ മറ്റൊരു രൂപമായി രചനകളെ മാറ്റിയ വൈക്കം മുഹമ്മദ് ബഷീര്‍ വിശപ്പിന്റെ കഥകള്‍ ഒട്ടേറെ എഴുതി. ബാല്യകാലസഖി, ശബ്ദങ്ങള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകള്‍ എന്നിങ്ങനെ ബഷീറിന്റെ നോവലുകളെല്ലാം പ്രമേയങ്ങളെ മൗലികമായി പരിചരിക്കുന്നതാണ്. ആഢ്യസംവേദനത്തെ സമ്പൂര്‍ണമായി തിരസ്കരിക്കുന്ന ശബ്ദങ്ങള്‍, മുസ്ലിം സമൂഹത്തിന്റെ മാറ്റം സൂചകമാക്കിയ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു വ്യക്തിദുഃഖങ്ങളുടെ ഓര്‍മക്കുറിപ്പുകളായ ഇതര രചനകള്‍ ഇവയെല്ലാം അനനുകരണീയമായ ഒരു ജീവിതം കണ്ടെത്തിയ അനനുകരണീയമായ ശൈലിയിലാണ് രചിക്കപ്പെട്ടത്. ദുരന്ത സ്വനത്തിന് കുറഞ്ഞ ഫലിതത്തിന്റെ മൂര്‍ച്ച ലഭിച്ചത് ബഷീറിന്റെ അനന്വയമായ ദര്‍ശനസിദ്ധി കൊണ്ടാണ്.
തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ കാഥികനാണ്. കര്‍ഷകത്തൊഴിലാളികളും ജന്മിമാരും മുതലാളിമാരും ബ്യൂറോക്രാറ്റുകളും വിപ്ലവകാരികളും തോട്ടികളും അദ്ദേഹത്തിന്റെ രചനകളില്‍ ഇടതിങ്ങിനില്ക്കുന്നു, തലയോട്, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, കയര്‍, ചെമ്മീന്‍ തുടങ്ങിയവ തകഴിയുടെ പ്രശസ്ത രചനകളാണ്. കേരള ജനതയുടെ പരിവര്‍ത്തനം വിവിധ നോവലുകളില്‍ ചിത്രീകരിച്ച തകഴി, കാല്പനികതയുടെ സാന്ദ്രതയോടെ പ്രകൃതിയെ കാണുന്നതിന്റെ പ്രൗഢനിദര്‍ശനമാണ്. കടലിനെക്കുറിച്ചുള്ള മിത്ത് കൊണ്ട് ജീവിതം മിനുക്കുന്ന മുക്കുവരുടെ കഥപറയുന്നു ചെമ്മീന്‍. സ്ഥലപരമായ ദര്‍ശനം തകഴിയുടെ സവിശേഷതയാകുന്നു.
പി. കേശവദേവ് എതിര്‍പ്പിന്റെ മൂല്യം ആവിഷ്കരിച്ച നോവലിസ്റ്റാണ്. അദ്ദേഹം തൊഴിലാളികളുടെ കഥ പറയുന്നതില്‍ മാത്രമല്ല, അവരെ സംഘടിത ശക്തിയാക്കുന്നതിന് പ്രവര്‍ത്തിക്കുക കൂടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചു നില്ക്കുന്നത് അയല്‍ക്കാരാണ്. ഭാവഗീതത്തിന്റെ ഒതുക്കത്തോടെ ഒരു റിക്ഷാത്തൊഴിലാളിയുടെ മനഃശുദ്ധിയുടെ കഥപറയുന്ന ഓടയില്‍ നിന്ന്, ഇന്ത്യാ-പാക് വിഭജനത്തോടെ ഭ്രാന്തന്‍ കലാപഭൂമിയായ ഇന്ത്യയെക്കുറിച്ചുള്ള രോദനമായ ഭ്രാന്താലയം എന്നിവ കേശവദേവിന്റെ മികച്ച രചനകളാണ്.
സഞ്ചാരപ്രിയനായ എസ്.കെ. പൊറ്റെക്കാട്ട് കാല്പനികമായ ചിത്രീകരണത്തില്‍ ഏറെ ശ്രദ്ധിച്ച ഇക്കാലത്തെ മറ്റൊരു നോവലിസ്റ്റാണ്. കുടിയേറ്റ സമൂഹത്തിനെ കേന്ദ്രീകരിച്ചെഴുതിയ വിഷകന്യക, തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകള്‍ പൊറ്റെക്കാട്ടിന്റെ കഥനസമഗ്രതയുടെ പൂര്‍ണരൂപം വെളിപ്പെടുത്തുന്നു. ഗൃഹാതുരത്വത്തോടെ മാത്രം വായിച്ചു പോകാവുന്ന നോവലാണ് ഒരു ദേശത്തിന്റെ കഥ.
ഉറൂബ് എന്ന പി.സി. കുട്ടിക്കൃഷ്ണന്‍ മനോമണ്ഡലത്തിലേക്ക് യാത്ര ചെയ്യുന്നതില്‍ തത്പരനായ നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ പ്രധാനനോവലുകളാണ് ഉമ്മാച്ചു, അമ്മിണിയും സുന്ദരികളും സുന്ദരന്മാരും. മലബാറിലെ കലുഷിതമായ ജാതിമത രാഷ്ട്രീയാന്തരീക്ഷത്തിന്റെ ചിത്രമാണ് സുന്ദരികളും സുന്ദരന്മാരും എന്ന നോവല്‍.
നോവല്‍ രംഗത്തെ ഈ മഹാരഥന്മാര്‍ക്കൊപ്പം സ്മരിക്കപ്പെടേണ്ട സമകാലികരായ നോവലിസ്റ്റുകളില്‍ നാഗവള്ളി (തോട്ടി), വെട്ടൂര്‍ രാമന്‍ നായര്‍ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), സരസ്വതി അമ്മ (പ്രേമഭാജനം) തുടങ്ങിയവരുണ്ട്. സ്ത്രീപക്ഷത്തു നിന്നുള്ള കഥാവീക്ഷണം ശക്തമായി അവതരിപ്പിച്ച കാഥികയാണ് സരസ്വതി അമ്മ. വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍ വള്ളുവനാടന്‍ ജീവിതത്തിന്റെ അപഗ്രഥനം ചെറുകാടിന്റെ മണ്ണിന്റെ മാറില്‍, മുത്തശ്ശി തുടങ്ങിയ നോവലുകളില്‍ സമൃദ്ധമാണ്.
ജനപ്രിയനോവല്‍ രചന പത്രമാസികകളുടെ വര്‍ധനവോടെ ഭാഷയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. തുടങ്ങിയവരാണ് ഇത്തരം കൃതികള്‍ ധാരാളമായി എഴുതിയവരില്‍ പ്രധാനികള്‍. ഇക്കാലത്തു തന്നെ ഡിറ്റക്ടീവ് നോവലുകളുടെ പ്രളയവും ഉണ്ടായി. പാര്‍ശ്വവത്കരിക്കപ്പെട്ട ഇത്തരം നോവലുകള്‍ ഇന്നു പാടേ നിലച്ചിട്ടില്ല. പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍ ഭാഷയിലെ ആദ്യത്തെ ബോധധാരാനോവലാണ്. അദ്ദേഹത്തിന്റെ കാനായിലെ കല്യാണം തുടങ്ങിയ നോവലുകളില്‍ ഈ ശൈലി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ല.
സംവാദത്തിന്റെ കല ഉപയോഗപ്പെടുത്തിയ കെ. സുരേന്ദ്രന്‍ മനോവീക്ഷണത്തില്‍ ഏറെ ശ്രദ്ധിച്ച കുടുംബ നോവലിസ്റ്റാണ്. താളം, കാട്ടുകുരങ്ങ് തുടങ്ങിയവയില്‍ പരീക്ഷിച്ചു നോക്കിയ ഈ സങ്കേതം മരണം ദുര്‍ബലം, ഗുരു തുടങ്ങിയവയില്‍ പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
ബിഗ് ബിസിനസ്സിന്റെ ലോകമാണ് ഇ.എം. കോവൂര്‍ നോവലിന് വിഷയമാക്കിയത്. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ കഥകളാണ് കാട്, മുള, മലകള്‍, ഗുഹാജീവികള്‍ എന്നിവയെല്ലാം. ആശുപത്രിയുടെ ലോകം പരിചയപ്പെടുത്തുന്ന ജി. വിവേകാനന്ദന്റെ ഏറ്റവും മികച്ച കഥാപാത്രം ഈ ലോകത്തിലുള്‍പ്പെടാത്ത തന്റേടിയായ കള്ളിച്ചെല്ലമ്മയാണ്. മലയാറ്റൂര്‍ രാമകൃഷ്ണനും ഇ. വാസുവും ബ്യൂറോക്രസിയെ ചിത്രീകരിക്കുന്ന നോവലുകളെഴുതി, യന്ത്രം, ചുവപ്പുനാട എന്നിവ. എന്നാല്‍ ആത്മകഥാംശമുള്ള വേരുകള്‍ ആണ് രാമകൃഷ്ണന്റെ ഏറ്റവും കെട്ടുറപ്പുള്ള നോവല്‍. ചിന്തയിലും സാംസ്കാരിക പഠനത്തിലും അദ്വിതീയനായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ധാരാളം നോവല്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗോത്രയാനം വേറിട്ടു നില്ക്കുന്നു. മരം, എണ്ണപ്പാടം, ദൈവത്തിന്റെ കണ്ണ് എന്നിവയില്‍ എന്‍. പി. മുഹമ്മദ് മുസ്ലിം സമൂഹത്തിന്റെ ജീവിതം ഒരു മിത്തുപോലെ ചിത്രീകരിക്കുന്നു. പാറപ്പുറത്ത്, ഏകലവ്യന്‍, നന്തനാര്‍, കോവിലന്‍ തുടങ്ങിയവരെ പട്ടാളകാഥികര്‍ എന്ന് ചേര്‍ത്തുവിളിച്ചിരുന്നു. അവരുടെ രചനകളില്‍ ബാരക്കുകളും യുദ്ധഭൂമിയുമായിരുന്നു പ്രധാന ജീവിതകേന്ദ്രങ്ങള്‍. ഭാവശൈലിയിലും ആഖ്യാന തീവ്രതയിലും കോവിലന്‍ ഇവരില്‍ മുന്തി നില്ക്കുന്നു. എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍ എന്നിവയില്‍ നിന്ന് ഹിമാലയം, തോറ്റങ്ങള്‍, ഭരതന്‍ എന്നിവയിലേക്കുള്ള ഭാവപരമായ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. തട്ടകം അദ്ദേഹത്തിന്റെ ഐതിഹാസിക രചനയുടെ പൂര്‍ണരൂപമാകുന്നു. ആഖ്യാനത്തിലെ ആധുനികത കോവിലനെ ശ്രദ്ധേയനാക്കുന്നു.
പുരാണകഥകളുടെ സ്വതന്ത്രാഖ്യാനങ്ങള്‍ ദേശീയ നവോത്ഥാനത്തിന്റെ സാംസ്കാരികനേട്ടങ്ങളില്‍ ഒന്നായിരുന്നു. ഇതിഹാസങ്ങളിലെ നാനാര്‍ഥങ്ങള്‍ കാണുന്ന ഈ അന്വേഷണത്തിന് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ മൗലികദീപ്തി നല്കി.
എം.ടി. വാസുദേവന്‍നായര്‍ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാഥികനാണ്. നാലുകെട്ട് എന്ന നോവലിന്റെ പ്രമേയം അണുകുടുംബത്തിലേക്ക് പതുക്കെ പതുക്കെ മാറുന്നതിന് കൂട്ടുകുടുംബങ്ങളിലെ പുതിയ തലമുറകളെ പ്രേരിപ്പിച്ച ബന്ധശൈഥില്യമാണ്. ഒറ്റപ്പെടലിന്റെ കവിതയാണ് മഞ്ഞ് എന്ന നോവല്‍. അസുരവിത്ത്, അറബിപ്പൊന്ന് (കൂട്ടുരചന), കാലം, രണ്ടാമൂഴം എന്നിവയാണ് എം.ടി.യുടെ പ്രഖ്യാതമായ മറ്റു നോവലുകള്‍. രണ്ടാമൂഴം മഹാഭാരതകഥാപാത്രമായ ഭീമസേനന്റെ സൂക്ഷ്മതലങ്ങളിലൂടെയുള്ള ഒരു നിഷേധിയുടെ വ്യഥ നിറഞ്ഞ പര്യടനമാണ്.
എം.ടി.യുടെ സമകാലികനായ ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ കൂട്ടുകുടുംബ പശ്ചാത്തലം കുറേക്കൂടി രൂക്ഷവും വാചാലവുമായി പ്രതിപാദിച്ച കാഥികനാണ്. ആത്മീയതയുടെ പരിസരങ്ങള്‍ മാലിന്യമാകുന്നതിനെക്കുറിച്ചുള്ള രോഷം ബലിക്കല്ല്, നാഴികമണി തുടങ്ങിയ നോവലുകളില്‍ ആത്മകഥാംശത്തോടെ അദ്ദേഹം വിവരിക്കുന്നു. രോഗം പ്രമേയമാക്കി അദ്ദേഹം രചിച്ച മനസ്സേ ശാന്തമാകൂ എന്ന നോവല്‍ മലയാള നോവലിലെ ഒറ്റപ്പെട്ട ഒരു കഥാശില്പമാണ്. ജലസമാധിയില്‍ അദ്ദേഹത്തിന്റെ ഭാഷ അസ്വസ്ഥതയെ സമീകരിക്കുന്ന അദ്ഭുതം കണ്ടെത്താം. പുതൂരിന്റെ ഇതിഹാസമായ നോവലാണ് ധര്‍മചക്രം.
ആക്ഷേപഹാസ്യത്തിന്റെ ചേരിയിലാണെങ്കിലും ഗൗരവപരമായ വെളിപ്പെടുത്തലുകള്‍ തികഞ്ഞതാണ് വി.കെ.എന്നിന്റെ നോവലുകള്‍. പിതാമഹന്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ഭാഷയുടെ ശ്ലീലാശ്ലീലതകളുടെ അതിര്‍വരമ്പ് അദ്ദേഹം പലപ്പോഴും ഭേദിച്ചു കളയുന്നു.
സി. രാധാകൃഷ്ണന്‍ എം.ടി.യെ അനുകരിച്ചാണ് തുടങ്ങിയത്. എന്നാല്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രലോകം പിന്നീട് അദ്ദേഹത്തിന്റെ കഥനലോകമായി. സ്പന്ദമാപിനികളേ നന്ദിയാണ് ഇതില്‍ ഏറെ ശ്രദ്ധേയം. എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, മുമ്പേപറക്കുന്ന പക്ഷികള്‍, ഇനിയൊരു നിറ കണ്‍ചിരി എന്നിങ്ങനെ പ്രമേയ സമഗ്രമാണ് രാധാകൃഷ്ണന്റെ രചനകള്‍.
നോവല്‍ പ്രത്യക്ഷവത്കരണമാണെന്ന് വിശ്വസിക്കുന്നു വിലാസിനി എന്ന എം.കെ. മേനോന്‍. ഇണങ്ങാത്ത കണ്ണികള്‍, ഊഞ്ഞാല്‍, ചുണ്ടെലി, യാത്രാമുഖം എന്നീ നോവലുകളിലെല്ലാം ബോധധാരാസമ്പ്രദായം ആഖ്യാനത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാളഭാഷയിലെ ഏറ്റവും ബൃഹത്തായ നോവല്‍ വിലാസിനിയുടെ അവകാശികള്‍ ആകുന്നു.
നമ്പൂതിരിസമുദായത്തിലെ പരിഷ്കരണ പ്രവണതകള്‍ ധാരാളം സാഹിത്യകൃതികള്‍ക്ക് നിദാനമായിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയാകട്ടെ ആ ചരിത്ര സംഭവങ്ങളിലേക്കുള്ള ഒരു പിന്തിരിഞ്ഞുനോട്ടമാണ്. കാലമല്ല, കാലത്തിന്റെ ഗൃഹാതുരത്വമാണ് അഗ്നിസാക്ഷിയുടെ ആത്മാവ്.
പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസിജനതയും ദലിത് വിഭാഗവും ഒട്ടേറെ നോവലുകളില്‍ പ്രമേയ സാധ്യത കണ്ടെത്തിയിട്ടുണ്ട്. പൊറ്റെക്കാട്ടിന്റെ വിഷകന്യകയില്‍ വേലിക്കപ്പുറം ഒളിഞ്ഞുനിന്നവരായിരുന്നു ആദിവാസികള്‍. കെ. നാരായണന്‍ നായരുടെ ഓലപ്പീപ്പിയും മുളന്തണ്ടുമാണ് ആദിവാസികളെ കേന്ദ്രീകരിച്ച് ആദ്യമെഴുതപ്പെട്ട ഇതര നോവല്‍. തുടര്‍ന്ന് നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി തുടങ്ങിയ നോവലുകളിലൂടെ ആദിവാസി ജീവിതത്തിലേക്ക് പി. വത്സല തീര്‍ഥയാത്ര നടത്തി. സമകാലിക ജീവിതത്തിന്റെ മുന്നിലേക്ക് ആദിവാസികളെ പിടിച്ചു നിര്‍ത്തിയ മറ്റൊരു കഥാകൃത്താണ് ടി.സി. ജോണ്‍ (ഉറാട്ടി) . പോള്‍ ചിറക്കരോട്, ടി.കെ.സി. വടുതല, വത്സല എന്നിവര്‍ ദലിത്ജീവിതത്തിന്റെ പ്രശ്നങ്ങള്‍ നോവലിന് ശക്തമായ വിഷയങ്ങളാക്കി. കെ.ജെ.ബേബിയുടെ മാവേലി മണ്‍റമാണ് തനതു വര്‍ഗത്തെക്കുറിച്ചുള്ള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി. ആദിവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന എഴുത്തുകാരനാണ് നാരായണ്‍. അദ്ദേഹത്തിന്റെ കൊച്ചരേത്തി ആ നിലയ്ക്ക് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
പെരുമ്പടവം ശ്രീധരന്‍ (അഭയം, ഒരു സങ്കീര്‍ത്തനം പോലെ), യു.എ.ഖാദര്‍ (ഖുറൈഷിക്കൂട്ടം, തൃക്കോട്ടൂര്‍പെരുമ), കെ.എല്‍. മോഹനവര്‍മ (ഓഹരി, ക്രിക്കറ്റ്), സാറാതോമസ് (നാര്‍മടിപ്പുടവ), കെ. രാധാകൃഷ്ണന്‍ (നഹുഷപുരാണം), കെ.ബി. ശ്രീദേവി (യജ്ഞം), പി. അയ്യനേത്ത് (വാഴ്വേമായം), എ.പി. കളയ്ക്കോട് (അഗ്നിഹോത്രം), ജി.എന്‍ പണിക്കര്‍ (കഥയിങ്ങനെ), പി.ആര്‍. ശ്യാമള (ശരറാന്തല്‍), ജി. ബാലചന്ദ്രന്‍ (ജക), ജോര്‍ജ് ഓണക്കൂര്‍ (ഇല്ലം), മാടമ്പു കുഞ്ഞുക്കുട്ടന്‍ (അശ്വത്ഥാമാവ്) എന്നിങ്ങനെ നോവലില്‍ വൈവിധ്യമുള്ള ജീവിതസാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത നോവലിസ്റ്റുകള്‍ ഏറെയാണ്. കാലിക്കച്ചവടക്കാര്‍ (ചാട്ട-പി.ആര്‍. നാഥന്‍), താറാവുവളര്‍ത്തുകാര്‍ (താറാവ്-പി.കെ. മോഹനന്‍), ഈറ്റത്തൊഴിലാളികള്‍ (പനമ്പ്-ജേക്കബ് നായത്തോട്), കൊങ്കണി ബ്രാഹ്മണന്‍ (ദെവ്ലി-കെ.കൃഷ്ണന്‍ വാധ്യാര്‍), മണ്‍പാത്ര നിര്‍മാതാക്കള്‍ (പന്നഗം തോട്-ജോസഫ് മറ്റം), കോളജ് കാമ്പസ് (രാഗക്കുരുവികള്‍-തുളസി), പരമ്പരാഗത ശില്പവിദ്യക്കാര്‍ (രാജശില്പി-എടത്വ പരമേശ്വരന്‍) തുടങ്ങി വിവിധ വിഷയങ്ങള്‍ മലയാള നോവലിനു മിഴിവേകി. തീവ്രവാദപരമായ സമീപനങ്ങളും (പ്രകൃതിനിയമം-സി.ആര്‍. പരമേശ്വരന്‍), ഗാന്ധിയന്‍ പൈതൃകവും (അര്‍ധനഗ്നര്‍-പുഴങ്കര ബാലനാരായണന്‍), സ്ത്രീപക്ഷരചനകളും (അലാഹയുടെ പെണ്‍മക്കള്‍-സാറാജോസഫ്) മലയാള നോവലിനെ സമ്പന്നമാക്കിയിട്ടുണ്ട്.
നോവല്‍ നവീകരിക്കപ്പെടുന്നു. മലയാളിയുടെ നോവല്‍ സംസ്കാരത്തെ ശക്തമായി സ്വാധീനിച്ച രണ്ടു കൃതികളാണ് ഖസാക്കിന്റെ ഇതിഹാസവും ആള്‍ക്കൂട്ടവും. ഇതരകാഥികര്‍ കെട്ടിപ്പൊക്കിക്കൊണ്ടു നടന്ന പിരമിഡിയന്‍ രചനയില്‍ നിന്ന് ചാക്രികമായ ലോകവീക്ഷണം ലോകകഥയ്ക്കു സമ്മാനിച്ച ആഖ്യാന സംസ്കാരത്തിന്റെ മാതൃകകളാണ് അവ. അശാന്തനായ ഒരു മാനസിക സഞ്ചാരിയുടെ മനസ്സാണ് ഖസാക്കിന്റെ ഇതിഹാസം. വിജയന്റെ ധര്‍മപുരാണത്തിന്റെ വ്യത്യസ്തത മറ്റൊരു തലത്തിലാണ്. അതില്‍ വൈരൂപ്യത്തിന്റെ സൌന്ദര്യശാസ്ത്രവും ദുരാചാരത്തിന്റെ സദാചാരവുമാണ് രാഷ്ട്രീയ ധ്വനികളോടെ ആവിഷ്കരിക്കപ്പെടുന്നത്. ഗുരുസാഗരം ആത്മീയതയുടെ കേവലചിന്തകളിലേക്ക് ഉയര്‍ന്നു പോകുന്ന രചനയാണ്. മധുരംഗായതി, ആത്മീയമായ പ്രപഞ്ചദര്‍ശനവും പ്രവാചകന്റെ വഴി സ്നേഹത്തിന്റെ ആത്മീയതയും ഉള്‍ക്കൊള്ളുന്നു.
ആനന്ദിന്റെ രചനയാണ് നാഗരികബൗദ്ധികാന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ആള്‍ക്കൂട്ടം. ആധുനിക ജീവിതത്തെ ഇളക്കിമറിച്ച ഈ ചിന്താപദ്ധതിയുടെ ആദ്യ മലയാള നോവല്‍ മാതൃകയാണ് ആള്‍ക്കൂട്ടം. ജൈവമനുഷ്യനെക്കുറിച്ചുള്ള അവബോധമാണ് അദ്ദേഹത്തിന്റെ ചിന്തയെ നയിക്കുന്നത്. അഭയാര്‍ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഗ്നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ അവസ്ഥയുടെ വിവിധ മുഖങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു.
മലയാള നോവലിനെ കാല്പനികമായ മയക്കത്തില്‍ നിന്ന് ഞെട്ടിച്ച് എഴുന്നേല്പിച്ച നോവലാണ് കാക്കനാടന്റെ അജ്ഞതയുടെ താഴ്വരകള്‍. വിപ്ലവരാഷ്ട്രീയത്തിന് സംഭവിക്കുന്ന ധര്‍മക്ഷയങ്ങള്‍ ആദര്‍ശശാലികളെ ഭ്രഷ്ടരാക്കുന്നതാണ് ഉഷ്ണമേഖലയിലെ പ്രതിപാദ്യം. കോഴി, സാക്ഷി, വസൂരി എന്നിവയില്‍ ആധുനികതയുടെ ആഗോള സംവേദനങ്ങളുടെയും ആഖ്യാനരീതികളുടെയും അംഗീകരണം കാണാം.
തന്റെ പരിചയാനുഭവങ്ങള്‍ കൊണ്ടാണ് കന്യാവനം, മരുന്ന് എന്നിവ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ചത്. മിത്തും ചരിത്രവുമെല്ലാം യോജിപ്പിച്ച് സ്വന്തം സമൂഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും വ്യക്തിസവിശേഷതകളും ആഖ്യാനം ചെയ്യുന്ന സ്മാരകശിലകള്‍ ആണ് അദ്ദേഹത്തിന്റെ മുഖ്യ രചന. എം. ടി. വാസുദേവന്‍ നായരും എന്‍. പി. മുഹമ്മദും കൂട്ടായി രചിച്ച അറബിപ്പൊന്നിന് ശേഷമുണ്ടായ ഒരു കൂട്ടരചനയാണ് കുഞ്ഞബ്ദുള്ളയും സേതുവും കൂടി ഒരുമിച്ച നവഗ്രഹങ്ങളുടെ തടവറ.
കൂട്ടംതെറ്റി മേയുന്നവരുടെ ലോകമാണ് മുകുന്ദന്റെ കൃതികളില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, കൂട്ടംതെറ്റി മേയുന്നവര്‍ എന്നിവയില്‍ അലക്ഷ്യ താരുണ്യത്തെയാണ് പരിചയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കേശവന്റെ വിലാപങ്ങള്‍ എന്നിവ മുകുന്ദന്റെ പില്ക്കാല കൃതികളാണ്. നൃത്തം, ദല്‍ഹിഗാഥകള്‍, പ്രവാസം എന്നിവയാണ് മുകുന്ദന്റെ ഏറ്റവും പുതിയ നോവലുകള്‍.
ഫാന്റസിയെ പിന്തുടരുന്ന നോവലിസ്റ്റാണ് സേതു. അദ്ദേഹത്തിന്റെ പ്രഖ്യാതമായ പാണ്ഡവപുരം അതേ പേരുള്ള ഗ്രാമത്തിന്റെ ആചാരത്തെക്കുറിച്ചുള്ള അറിവില്‍ കെട്ടിപ്പൊക്കിയ വിഭ്രാന്ത ലോകമാണ്. നിയോഗം, താളിയോല, അടയാളങ്ങള്‍ എന്നിവ സേതുവിന്റെ ഇതര രചനകളില്‍പ്പെടുന്നു.
യാഥാര്‍ഥ്യത്തെ നിസ്സംഗമായി കീറിമുറിക്കുന്നതിനും ആത്മകഥയും കഥയും സമന്വയിപ്പിക്കുന്നതിനും ശരീരധ്യാനത്തിന്റെ വെളിപാടുകളായി ഭാഷയെ മാറ്റുന്നതിനും ചെറുകഥയില്‍ ശ്രദ്ധിച്ച മാധവിക്കുട്ടിയുടെ പ്രതിഭ കടല്‍മയൂരം, മനോമി, രുക്മിണിക്കൊരു പാവക്കുട്ടി, മാനസി എന്നീ നോവലുകളിലും പ്രകടമാണ്. അനുഭവ സ്വാതന്ത്യ്രത്തിന് അവര്‍ ആര്‍ജവത്തോടെ പിന്തുണ നല്കുന്നു.
നോവലിനെ ആഖ്യാന പരീക്ഷണങ്ങള്‍ക്ക് ശക്തമായ മാധ്യമമാക്കിയതിനും മലയാള നോവല്‍സാഹിത്യ ചരിത്രം സാക്ഷിയാണ്. ടി.ആര്‍.-ന്റെ കൊരുന്ന്യോടത്ത് കോമൂട്ടി, കരൂര്‍ ശശിയുടെ മെതിയടിക്കുന്നു, കല്പറ്റ ബാലകൃഷ്ണന്റെ ചൂളിമല, യു.കെ. കുമാരന്റെ ഒരിടത്തുമെത്താത്തവര്‍, ഡി. വിനയചന്ദ്രന്റെ ഉപരികുന്ന്, മേതില്‍ രാധാകൃഷ്ണന്റെ സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ബ്രാ, രവിയുടെ പാതിരാമണല്‍, കെ. രഘുരാമന്റെ ഭൂമിയുടെ പൊക്കിള്‍ക്കൊടി, എന്‍.എസ്. മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്നിവ പരീക്ഷണാംശങ്ങള്‍ കൊണ്ട് ശ്രദ്ധേയമത്രേ. മലയാള നോവലിലെ ഏറ്റവും സര്‍ഗാത്മക സാഹസികന്‍ മേതില്‍ രാധാകൃഷ്ണനാണ്.
ചടുലമായ മധ്യമാര്‍ഗം പിന്തുടര്‍ന്ന ഒട്ടേറെ പ്രതിഭാശാലികള്‍ രതിയും നര്‍മവും ഗൃഹാതുരത്വവും വിപ്ളവബോധവും ആക്ഷേപഹാസ്യവും ആഖ്യാനപരിഷ്കൃതിയോടെ നോവല്‍ വിഷയങ്ങളാക്കി. പി. പദ്മരാജന്‍ (നക്ഷത്രങ്ങളേ കാവല്‍), സക്കറിയ (ഭാസ്കരപട്ടേലരും എന്റെ ജീവിതവും), സി.വി. ബാലകൃഷ്ണന്‍ (ആയുസ്സിന്റെ പുസ്തകം), ടി.വി.കൊച്ചുബാവ (വൃദ്ധസദനം), മനോജ് (കാട്ടാളന്‍), കെ.പി. രാമനുണ്ണി (സൂഫി പറഞ്ഞ കഥ), വത്സലന്‍ വാതുശ്ശേരി (വാര്‍ഷികരേഖ), എന്‍. പ്രഭാകരന്‍ (തിയ്യൂര്‍ രേഖകള്‍), പി. സുരേന്ദ്രന്‍ (സാമൂഹ്യപാഠം), എം. സുകുമാരന്‍ (ശേഷക്രിയ, ജനിതകം), എം.പി. നാരായണപിള്ള (പരിണാമം), ഇ. ഹരികുമാര്‍, അക്ബര്‍ കക്കട്ടില്‍ എന്നിങ്ങനെ. പ്രമേയപരമായി പുതിയ കാലത്തെ ശ്രദ്ധേയമായ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണയും മരക്കൊമ്പിലെ കാക്കയും. നോവലിസ്റ്റുകളില്‍ വനിതകളുടെ പ്രാതിനിധ്യവും പ്രകടമായി വരുന്നുണ്ട്. എം.ഡി. രത്നമ്മ, മല്ലികായൂനസ്, ചെല്ലമ്മ ജോസഫ്, ചന്ദ്രകല എസ്. കമ്മത്ത്, ബിം.എം. സുഹ്റ, കെ.ആര്‍. മീര എന്നിങ്ങനെ. എങ്കിലും സ്ത്രീത്വത്തെ സമഗ്രമായ ക്ഷോഭവാസനയോടെ കണ്ട മാധവിക്കുട്ടിയെ മാനസികമായി പിന്തുടര്‍ന്ന സാറാ ജോസഫിന്റെ ആലാഹായുടെ പെണ്‍മക്കളും ഒതപ്പും അപൂര്‍വശോഭയുള്ള സ്ത്രൈണശക്തി ഉള്‍ക്കൊള്ളുന്നു. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ഭാവഗൗരവംകൊണ്ട് ഭാഷാപരിമിതിയെ അതിലംഘിക്കുന്ന ഇന്ത്യന്‍ നോവലത്രെ.
പ്രവാസി സാഹിത്യകാരന്‍ എന്ന നിലയില്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ അനുഭവതീക്ഷ്ണതകൊണ്ടും നവ്യമായ ആഖ്യാനശൈലികൊണ്ടും വേറിട്ടുനില്ക്കുന്നതാണ്. മനുഷ്യന് ഒരാമുഖം എന്ന നോവലിലൂടെ സുഭാഷ് ചന്ദ്രനും മലയാള സാഹിത്യത്തിന്റെ പുതിയ പ്രതീക്ഷയായി മാറിയിട്ടുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ റ്റി.ഡി. രാമകൃഷ്ണനും.
മലയാള സാഹിത്യത്തില്‍ ചില ചേരികള്‍ ഇന്ന് സജീവമാണ്. ദലിത് സാഹിത്യം, സ്ത്രീപക്ഷ സാഹിത്യം, പ്രവാസി സാഹിത്യം, ക്രിസ്ത്യന്‍ സാഹിത്യം, ഹൈന്ദവ സാഹിത്യം, മുസ്ലിം സാഹിത്യം, സെക്കുലര്‍ സാഹിത്യം എന്നിങ്ങനെ. ഈ ചേരികളെല്ലാം സാഹിത്യത്തില്‍ അവര്‍ പിന്തുടരുന്ന ആശയങ്ങളുടെയും സമീപനങ്ങളുടെയും ക്രോഡീകരണമാണ്. പുതിയ രചനാസങ്കേതങ്ങള്‍ ഉപയോഗിക്കുന്ന ഒരുകൂട്ടം നോവലിസ്റ്റുകള്‍ ഇന്നുണ്ട്. അവര്‍ അനുഭവങ്ങളുടെ സൂക്ഷ്മതകള്‍ക്ക് ആഖ്യാനത്തിന്റെ വൈചിത്ര്യങ്ങള്‍ ഒരുക്കാന്‍ ഏറെ പ്രയത്നിക്കുന്നുണ്ട്.
ചെറുകഥയുടെ ലോകം
ആദ്യകാഥികര്‍. കേരളത്തിലെ കഥാപരമായ നാടന്‍ പാട്ടുകള്‍ പദ്യത്തിലുള്ള വാങ്മയങ്ങള്‍ ആണ്. അവയുടെ ഘടന ചെറുകഥകളുടേതാണെങ്കിലും ചെറുകഥ എന്നു വിളിക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവ ഗദ്യത്തില്‍ രചിക്കപ്പെട്ടതല്ല. രേഖപ്പെടുത്താത്ത എത്രയോ മുത്തശ്ശിക്കഥകള്‍ ഭൂതകാല കേരളത്തിന്റെ സ്മരണകളിലുണ്ട്. ചരിത്രവും പുരാണങ്ങളും ഐതിഹ്യങ്ങളും അവയില്‍ സജീവമായ ചെറുകഥയുടെ ഘടന അണിയുന്നു. എന്നാല്‍ പാശ്ചാത്യസമ്പര്‍ക്കത്തോടെയാണ് ചെറുകഥ വ്യക്തിത്വമുള്ള ഒരു ഗദ്യസാഹിത്യരൂപമായി അനുഭവപ്പെട്ടു തുടങ്ങുന്നത്. മലയാള ചെറുകഥയ്ക്കും മിഷനറി ദൗത്യത്തിന്റെ പശ്ചാത്തലം കാണുന്നു. മിഷനറി സ്കൂളിലെ പാഠപുസ്തകങ്ങളില്‍ ബൈബിളില്‍ നിന്നുള്ള സാരോപദേശ കഥകള്‍ തര്‍ജുമ ചെയ്തു ചേര്‍ത്തിരിക്കുന്നു. ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം, ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍ (1829) ഇത്തരം കഥാഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാന മഞ്ജരിയിലെ 'രണ്ടു യാചകന്മാരായ ചെറുപ്പക്കാരുടെ കഥ', ജ്ഞാനനിക്ഷേപം എന്ന ആനുകാലികത്തിലെ 'ആനയെയും തുന്നനെയും കുറിച്ചുള്ള കഥ' (1849), വിദ്യാവിലാസിനി എന്ന സാഹിത്യമാസികയിലെ ഒരു കല്ലന്‍ (1881) എന്നിവ ആദ്യകാലത്തെ ചെറുകഥാരൂപങ്ങളാണ്. വിദ്യാവിനോദിനിയില്‍ പ്രസിദ്ധീകരിച്ച വാസനാവികൃതി (1891) എന്ന അപസര്‍പ്പക കഥ(വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടേതെന്ന് ഉള്ളൂര്‍)യാണ് ആദ്യ ചെറുകഥയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സ്വതന്ത്രമായ ഒരു ഇതിവൃത്തം രസാത്മകമായി കൈകാര്യം ചെയ്യുന്ന കഥയാണിത്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, കെ. സുകുമാരന്‍, എ.ആര്‍.കെ.സി., അമ്പാടി നാരായണപ്പൊതുവാള്‍, സി.എസ്. ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തു കുമാരന്‍ തുടങ്ങിയവരുടേതാണ്. ചെറുകഥാചരിത്രത്തിലെ ആദ്യതലമുറയില്‍പ്പെട്ടവര്‍ വിദ്യാവിലാസിനി, ഭാഷാപോഷിണി, രസികരഞ്ജിനി, ശാരദ, വിദ്യാവിനോദിനി തുടങ്ങിയവ അക്കാലത്തെ ആനുകാലികങ്ങളില്‍ ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ചു. മൂര്‍ക്കോത്തു കുമാരന്റെ ചില കഥകളില്‍ പ്രകടമായ സാമൂഹ്യ പരിവര്‍ത്തനോത്സാഹം കാണുന്നു.
ഇക്കാലത്തെ പ്രാതിനിധ്യസ്വഭാവമുള്ള കഥകളാണ് കണ്ണിപ്പറമ്പിലെ കൊലപാതകന്‍ (എം.ആര്‍.കെ.സി), 'കുഞ്ഞു നമ്പൂതിരിയുടെ രണ്ടാം വേളി' (തേലപ്പുറത്ത് നാരായണന്‍ തമ്പി), 'ഞാനും മഹാത്മാവും' (വി.കെ. തോമസ്), 'ഒരു ഭര്‍ത്താവിന്റെ മനസ്താപം' (കെ. ശങ്കരക്കുറുപ്പ്), 'കനകലത' (പെരിഞ്ചേരി രാമന്‍ മേനോന്‍), 'സ്വതന്ത്ര തമസ്' (ചിത്രമെഴുത്ത് കെ.എം. വര്‍ഗീസ്) തുടങ്ങിയവ. മലയാളത്തില്‍ ആദ്യത്തെ സ്വതന്ത്ര ചെറുകഥ എഴുതിയ കാഥിക എം. സരസ്വതിഭായിയാണെന്ന് അഭിപ്രായമുണ്ട്. 'കഥ', 'തലച്ചോറില്ലാത്ത സ്ത്രീകള്‍' (1911 ഭാഷാപോഷിണി), ഒരു കൊലപാതകിയുടെ മനസ്സാക്ഷിയും അയാളുടെ മോഹവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന അമ്പാടി നാരായണി അമ്മയുടെ 'മനസ്സാക്ഷിയും മോഹവും' ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ കഥയാണ്.
ഉപരിവര്‍ഗ ഉന്നതകുലജാതരുടെ കലാരൂപമായി ചെറുകഥ മാറിയതിനെ പരിഹസിക്കുന്ന വേറൊരു കഥാരത്നമാല-പ്രഥമഗുച്ഛകം ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.വി. കൃഷ്ണപിള്ളയുടെ ചെറുകഥകളാണ് തുടര്‍ന്ന് വിഷയവൈവിധ്യം കൊണ്ടും രചനാപരമായ പുതുമകള്‍ കൊണ്ടും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇക്കാലത്തെ കഥാസാഹിത്യത്തിന് ലഭിച്ച അനശ്വരമായ നേട്ടം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ്. വാങ്മയമായി പ്രചരിച്ചിരുന്ന ഐതിഹ്യങ്ങള്‍ അക്കാലത്തെ അന്തരീക്ഷത്തിനും ആചാരവിശ്വാസങ്ങള്‍ക്കും ഒട്ടും പോറലേല്പിക്കാതെ പുനരാഖ്യാനം നിര്‍വഹിച്ച ഈ ഉപന്യാസ കഥകള്‍ മലയാളിയുടെ മനസില്‍ ഇന്നും സജീവ സാന്നിധ്യമാണ്.
കേസരിയും പില്ക്കാലവും. കേരളത്തിന്റെ സാഹിത്യാവബോധത്തെ വിപ്ലവകരമായി പരിഷ്കരിക്കുന്നതിന് കാരണക്കാരനായ കേസരി ബാലകൃഷ്ണപിള്ള പാശ്ചാത്യകഥകളുടെ സൗന്ദര്യശാസ്ത്രം ചര്‍ച്ചാവിഷയമാക്കുകയും ലോകകഥകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ജീവിതത്തോടു സജീവ ബന്ധമുള്ള കഥകള്‍ രചിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്കുകയും യൂറോപ്യന്‍ സാഹിത്യപ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. യഥാതഥ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കഥകള്‍ രചിച്ച ആദ്യകാല കാഥികര്‍ സി. അച്യുതക്കുറുപ്പ്, എം.ആര്‍.ബി, കെ.എന്‍. എഴുത്തച്ഛന്‍, വി.ടി. ഭട്ടതിരിപ്പാട്, മൂത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട്, സി.ബി. കുമാര്‍, വി.കെ. അമ്മുണ്ണി, ഗ്രാമീണന്‍, എസ്.കെ.ആര്‍. കമ്മത്ത്, വി.വി. മേനോന്‍ തുടങ്ങിയവരാണ് കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, സമുദായപരമായ അനാചാരങ്ങള്‍, വിഭ്രാന്തമായ മാനസികാവസ്ഥകളുടെ സ്വാഭാവികമായ ആവിഷ്കാരങ്ങള്‍, ദാരിദ്ര്യം, അധഃസ്ഥിതരുടെ ജീവിതദുരിതങ്ങള്‍, സാമൂഹ്യവിപ്ലവ പ്രശ്നങ്ങള്‍, ജീവിതത്തിലെ വ്യര്‍ഥതകള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഇവയെല്ലാം ഈ കാഥികരുടെ രചനകളില്‍ സവിശേഷ ശക്തിയോടെ നാം അനുഭവിക്കുന്നു. ഇവരുടെ കാലത്തുതന്നെ എഴുതിത്തുടങ്ങുകയും കഥാവീക്ഷണത്തില്‍ സ്വതന്ത്രവും മൗലികവും ആയ രീതി പിന്തുടരുകയും ചെയ്ത കേശവദേവ്, തകഴി, ബഷീര്‍, പൊന്‍കുന്നംവര്‍ക്കി തുടങ്ങിയവരാണ് നവോത്ഥാന കാഥികര്‍ എന്ന് ഏറെ പ്രശസ്തരായവര്‍.
തകഴി പുതിയ സംവേദനത്തിന്റെ ഭാഗത്തു നിന്നാണ് എഴുത്ത് ഗൗരവതരമാക്കിയത്. അനുഭവങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊണ്ടതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ കഥകള്‍. അവ ലക്ഷ്യബോധമുള്ളതുമാണ്. പുരോഗമനാശയങ്ങളുടെ ചേരിയില്‍ ഉറച്ചു നിന്ന് ഈ കഥാകൃത്ത് കര്‍ഷകത്തൊഴിലാളികളുടെയും താണവര്‍ഗക്കാരുടെയും മധ്യവര്‍ഗത്തിന്റെയും കഥകള്‍ ധാരാളം എഴുതിയിട്ടുണ്ട്. അവ അദ്ദേഹം അടുത്തുനിന്നു നോക്കിക്കണ്ടവയാണ്. മനസ്സില്‍ കൊള്ളുന്ന വിധം നാട്ടിന്‍പുറത്തെ ഭാഷ ഉപയോഗിച്ച് അദ്ദേഹം കഥാരചന നിര്‍വഹിക്കുന്നു. നാട്ടിന്‍പുറത്തെ നിഷ്കളങ്കരായ മനുഷ്യര്‍, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്ക്കുന്നു. നാടന്‍ ഭാഷയും ചിന്തയും കൊണ്ടു തന്നെ മികച്ച ഊന്നലുകള്‍ ആഖ്യാനത്തിനു നല്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 'വെള്ളപ്പൊക്കത്തില്‍', 'വെളുത്തകുഞ്ഞ്', 'തഹസീല്‍ദാരുടെ അച്ഛന്‍', 'ദീര്‍ഘയാത്ര', 'മാഞ്ചുവട്ടില്‍', 'ഇങ്ക്വിലാബ്' തുടങ്ങിയ കഥകളില്‍ അദ്ദേഹത്തിന്റെ ഭാവരൂപപരമായ വൈവിധ്യവും സാങ്കേതികമായ പക്വതയും തെളിഞ്ഞുകാണുന്നു.
കേരളത്തിലെ ദരിദ്രരായ പ്രൈവറ്റ്സ്കൂള്‍ അധ്യാപകരും സാധുകര്‍ഷകരുമായിരുന്നു കാരൂരിന്റെ പ്രിയ കഥാപാത്രങ്ങള്‍. വാധ്യാര്‍ കഥകളെഴുതിയ കാഥികന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'പൊതിച്ചോറ്', 'പെന്‍ഷന്‍', 'ഉത്തരക്കടലാസ്', 'അദ്ഭുത മനുഷ്യര്‍' തുടങ്ങിയ അത്തരം കഥകള്‍ നിരവധിയാണ്. വ്യംഗ്യമധുരമായും അഭിജാതമായും ഏതു ഭാവം അവതരിപ്പിക്കുന്നതിനും കാരൂരിനുള്ള കഴിവ് 'പൂവമ്പഴം', 'മരപ്പാവകള്‍', 'മോതിരം' എന്നിവയില്‍ കാണാം.
വൈക്കം മുഹമ്മദ്ബഷീര്‍ സ്വാതന്ത്ര്യ സമരപോരാളിയും സഞ്ചാരിയും യാഥാര്‍ഥ്യവും വിഭ്രാന്തിയും സര്‍ഗാത്മകമായി ഇണചേര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയും ആയിരുന്നു. വിശക്കുന്നവരും ശരീരംവിറ്റു ജീവിക്കേണ്ടി വരുന്നവരും കള്ളന്മാരും വിരൂപികളുമെല്ലാം അദ്ദേഹത്തിന്റെ കഥാലോകത്തിലെ സാന്നിധ്യങ്ങളായി. പ്രേതങ്ങളും സ്വാതന്ത്ര്യസമരസേനാനികളും ഭൂമിയുടെ എല്ലാ അവകാശികളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. ഈ കാലഘട്ടത്തിന്റെ കാഥികരില്‍ ഏറ്റവും വ്യത്യസ്തനായിരുന്നു ബഷീര്‍. 'ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം' എന്ന കഥയിലെ മറിയാമ്മ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ മഹത്ത്വകാലം അനുഭവിപ്പിക്കുന്ന അസാധാരണ പരിവേഷമുള്ള ഒരു മാതൃകയാണ്. 'തേന്മാവ്', 'നിലാവു കാണുമ്പോള്‍', 'നീലവെളിച്ചം' തുടങ്ങിയവ ഭ്രമാത്മക കഥകളാണ്. ഒരു വാര്‍ത്തയുടെ സര്‍ഗാത്മകമായ വിപുലനമാണ് 'വിശ്വവിഖ്യാതമായമൂക്ക്'. 'മുച്ചീട്ടുകളിക്കാരന്റെ മകള്‍', 'എട്ടുകാലിമമ്മൂഞ്ഞ്', 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാന ദിവ്യന്‍', ഇവയിലെല്ലാം ഫലിതമോ ആക്ഷേപഹാസ്യമോ കൊണ്ടാണ് ശൈലി മിനുക്കിയിരിക്കുന്നത്.
മതാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും ശക്തമായി വിമര്‍ശിക്കുന്നവയാണ് പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകള്‍. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വര്‍ക്കി പുരോഹിതവര്‍ഗത്തിന്റെ സദാചാരച്യുതിക്കെതിരെ ക്രൈസ്തവ മതത്തിന്റെ മതപരിവര്‍ത്തന പ്രവണതകള്‍ക്കെതിരെ നിരവധി കഥകള്‍ എഴുതി. 'അന്തോണീ നീയും അച്ഛനായോടാ', 'ബൈബിള്‍', 'രണ്ടു ചിത്രം', 'വിരുന്നുകാരി' തുടങ്ങിയ കഥകള്‍. 'വിത്തുകാള', 'ശബ്ദിക്കുന്ന കലപ്പ' എന്നീ കഥകള്‍ പൊന്‍കുന്നം വര്‍ക്കിയുടെ കഥാഖ്യാന ചാരുതയ്ക്കും ആഴമേറിയ മാനവികതയ്ക്കും മികച്ച ഉദാഹരണങ്ങളാണ്.
ലളിതാംബിക അന്തര്‍ജനവും സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച കാഥികയാണ്. 'കുറ്റസമ്മതം', 'രാത്രിയുടെ കഥ', 'മൂടുപടത്തില്‍', 'പ്രതികാരദേവത', 'ജീവിതവും മരണവും' എന്നിങ്ങനെ സമുദായ പരിഷ്കരണത്തിലൂന്നിയ ഒട്ടേറെ കഥകള്‍ അവര്‍ എഴുതി. ജന്മിത്തത്തിന്റെ പതനം അനിവാര്യമാണെങ്കിലും അതു സൃഷ്ടിച്ച ചില മാനുഷിക പ്രശ്നങ്ങള്‍ ഒരെഴുത്തുകാരിക്ക് കാണാതിരിക്കാനാവില്ല. 'മനുഷ്യപുത്രി' എന്ന ഹൃദയാവര്‍ജകമായ കഥയുടെ പ്രമേയം ഈ പ്രശ്നങ്ങളാണ്. പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പപോലെ' വളര്‍ത്തു മൃഗവും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധമാണ് 'മാണിക്കന്‍'എന്ന കഥ.
എസ്.കെ. പൊറ്റെക്കാട്ട് കവിയും കാഥികനും സോഷ്യലിസ്റ്റും സഞ്ചാരിയുമായിരുന്നു. കാല്പനികതയുടെ വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ കഥകള്‍ പലതും പിറവിയെടുത്തിട്ടുള്ളത്. 'പുള്ളിമാന്‍', 'ഒട്ടകം', 'അന്തകന്റെ തൊട്ടി', 'ടൈംപീസിന്റെ കഥ', 'ഭ്രാന്തന്‍ നായ', 'ഏഴിലം പാല', 'കൊഹേരി' എന്നിവയെല്ലാം ശക്തമായ കഥാസാന്നിധ്യമുള്ള രചനകളാണ്.
'മനുഷ്യന് നന്മയിലുള്ള വിശ്വാസം എന്നെ വിങ്ങി വിങ്ങിക്കരയിപ്പിക്കുന്നു, പരിഹസിപ്പിക്കുന്നു' എന്ന് എഴുതിയ കാഥികനാണ് ഉറൂബ്. മനുഷ്യസ്നേഹം കൊണ്ടു വലയുന്ന മനുഷ്യരെ കാണണമെങ്കില്‍ ഉറൂബിലേക്കു കടന്നു ചെല്ലണം, ഗോപാലന്‍ നായര്‍ ('ഗോപാലന്‍ നായരുടെ താടി'), കഥാകാരന്‍ ('നനഞ്ഞ സായാഹ്നം'), മൗലവി ('പൊന്നു തൂക്കുന്ന തുലാസ്') തുടങ്ങിയവ.
പെണ്മ തന്റെ നിലപാടും വിഷയവുമായി അംഗീകരിച്ച കാഥികയാണ് കെ. സരസ്വതി അമ്മ. സമുദായത്തിലുള്ള സ്ത്രീയുടെ വിമോചനമല്ല സരസ്വതി അമ്മ ലക്ഷ്യമാക്കുന്നത്. സ്ത്രീ എന്ന നിലയ്ക്കു തന്നെയുള്ള സ്വാതന്ത്ര്യമാണ്. രമണന്‍ വായിച്ചിട്ട് സരസ്വതി അമ്മയ്ക്ക് തോന്നിയത് ചന്ദ്രികയെ സാധൂകരിക്കണമെന്നാണ്. 'സ്ത്രീജന്മം', 'കീഴ്ജീവനക്കാരി', 'പെണ്‍ബുദ്ധി', 'എല്ലാം തികഞ്ഞ ഭാര്യ' തുടങ്ങിയ കഥകളിലൂടെ സ്വതന്ത്രമായ സ്ത്രൈണഭാവുകത്വത്തിന് ശക്തമായ അടിത്തറ അവര്‍ സ്ഥാപിച്ചു.
മലയാള ചെറുകഥയില്‍ ഇംപ്രഷനിസത്തിന്റെ ശൈലി പ്രയോഗിച്ചു നോക്കിയ ആദ്യ കാഥികനാണ് പുളിമാന പരമേശ്വരന്‍പിള്ള. റിയലിസവും റൊമാന്റിസിസവും ശക്തമായ കഥാപ്രേരണകളായിരുന്ന കാലത്ത് അവയോടൊപ്പം ഇംപ്രഷനിസവും എക്സ്പ്രഷനിസവും അദ്ദേഹം രചനകളില്‍ പരീക്ഷിച്ചു. 'പ്രതിമ', 'ശകുന്തള', 'അടഞ്ഞവാതിലുകള്‍', 'മഴവില്ല്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച കഥകള്‍.
ജനപ്രിയ നോവലുകള്‍ കൊണ്ട് ശ്രദ്ധേയനായ മുട്ടത്തുവര്‍ക്കിയുടെ മിക്ക ചെറുകഥകളിലും മധ്യതിരുവിതാംകൂര്‍ ക്രൈസ്തവ പശ്ചാത്തലം തന്നെയാണുള്ളത്. ധാര്‍മിക നീതികള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന വര്‍ക്കി സമൂഹത്തിലും കുടുംബത്തിലും നിലനില്ക്കേണ്ട സൗമ്യമായ അന്തരീക്ഷം തന്റെ കൃതികളുടെ കഥാഘടനയില്‍ നിലനിര്‍ത്തുന്നു. വെട്ടൂര്‍ രാമന്‍നായരും പാവങ്ങളുടെ കാഥികനാണ്. 'ദാനത്തെങ്ങ്', 'ദേവദാസി', 'അശാസ്ത്രീയമായ ഒരു സ്നേഹം', 'വ്യാകുലമാതാവ്' തുടങ്ങിയവ പ്രധാന കഥകള്‍. 'രണ്ടു തലമുറ', 'ചങ്ക്രാന്തി അട', 'ജാതിയെന്താ' തുടങ്ങിയ കഥകളിലൂടെ ടി.കെ.സി. വടുതല ചിത്രീകരിക്കുന്നത് ദലിതരുടെ പ്രമേയങ്ങളാണ്. വടക്കേ മലബാറിന്റെ അന്തരീക്ഷമാണ് പി.എ. മുഹമ്മദ്കോയയുടെ കഥകളില്‍. മുസ്ലിങ്ങളുടെ പുരോഗതിക്കു വിഘാതം സൃഷ്ടിക്കുന്ന ആചാരങ്ങളെ അദ്ദേഹം തന്റെ കഥകളില്‍ വിമര്‍ശിക്കുന്നു. കളിക്കാരുടെ ദയനീയാവസ്ഥയിലേക്കുള്ള ആര്‍ദ്രമായ വീക്ഷണമാണ് അദ്ദേഹത്തിന്റെ 'സ്പോര്‍ട്സ്മാന്‍'. ക്രിസ്തീയ സമൂഹത്തിനുണ്ടാവേണ്ട പരിഷ്കരണത്തെക്കുറിച്ച് കഥകളിലൂടെ ചിന്തിച്ച എഴുത്തുകാരനാണ് പോഞ്ഞിക്കര റാഫി. അദ്ദേഹത്തിന്റെ ഫുട്ട്റൂള്‍ പൈതൃകമുദ്രയുടെ പഠനമെന്ന് അവകാശപ്പെടാവുന്ന അസാധാരണ കഥയാണ്. സി.എ.കിട്ടുണ്ണി, ആര്‍.എസ്. കുറുപ്പ്, ഡി.എം. പൊറ്റെക്കാട്ട്, സരളാരാമവര്‍മ എന്നിങ്ങനെ കാഥികരുടെ സുസജ്ജമായ ഒരു കൂട്ടായ്മ ആ കാലഘട്ടത്തിലുണ്ട്. വേളൂര്‍ കൃഷ്ണന്‍കുട്ടി ചെറുകഥയില്‍ ഫലിതത്തില്‍ മാത്രം മുഴുകിയ കാഥികനാണ്. ഈ തലമുറയില്‍ നിന്ന് പില്ക്കാല തലമുറയിലേക്ക് പടര്‍ന്ന പ്രതിഭകളാണ് എം. ഗോവിന്ദനും, (ബഷീറിന്റെ-'പുന്നാര മൂഷികന്‍'), വി.കെ.എന്‍ എന്ന പുരുഷഹാസ്യവും ('പയ്യന്‍ കാലഘട്ടത്തിലെ പയ്യന്‍', 'പയ്യന്റെ കാലം', 'പയ്യന്റെ യാത്രകള്‍', 'പയ്യന്റെ സമരം'). ഗോവിന്ദന്‍ ദര്‍ശനവും രൂപസന്നിവേശവും കൊണ്ടും വി.കെ.എന്‍. മൗലികമായ ഭാഷാന്തര സന്നാഹം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. എന്നാല്‍ സര്‍ഗാത്മകത വി.കെ.എന്നിന് ഏറും.
ആധുനികതയുടെ തുടക്കം. മലയാള ചെറുകഥാരംഗത്ത് കാല്പനികതയും ആധുനികതയും കഥന തീവ്രതയുടെ സൗന്ദര്യശാസ്ത്രം പിന്തുടരാന്‍ തുടങ്ങിയത് ടി. പദ്മനാഭനോടെയാണ്. പാര്‍ശ്വവത്കരിക്കപ്പെടുന്ന നന്മകളെക്കുറിച്ചുള്ള ആത്മീയവേദനയാണ് പദ്മനാഭന്റെ കഥകളുടെ മുഖ്യഭാവം. മലയാളകഥയ്ക്ക് മാനസിക യൗവനം ലഭിച്ചത് പദ്മനാഭനോടെയാണ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', 'മുഖന്‍സിങ്ങിന്റെ മരണം', 'കാലഭൈരവന്റെ ഗൗരി', 'കുടയനെല്ലൂരിലെ സ്ത്രീ', 'കത്തുന്ന രഥചക്രം', 'പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്' തുടങ്ങിയ കഥകള്‍ മലയാള സാഹിത്യത്തിലെ ഏറ്റവും വിലപ്പെട്ട കഥാശില്പങ്ങളാണ്.
ലാവണ്യബോധത്തിന്റെ മാതൃകാ രൂപങ്ങളാണ് എം.ടി.യുടെ കഥകള്‍. നോവലിലെന്നപോലെതന്നെ അദ്ദേഹം തന്റെ പരിചയ സീമകളിലാണ് കഥാബീജങ്ങള്‍ കണ്ടെത്തുന്നത്. ഏറെയും ആത്മനിഷ്ഠമാണെങ്കിലും കഥാകാരന്‍ നിസ്സംഗതയോടെ പലകഥകളിലും മാറ്റി നിര്‍ത്തുന്നു. അമര്‍ഷത്തിന്റെ അനുരണനം, പക, തകര്‍ച്ച എന്നിവ കഥകളില്‍ ധാരാളം കേള്‍ക്കാം. അനായാസം വികസിപ്പിക്കാവുന്ന സംഭവങ്ങള്‍ അദ്ദേഹം വെറും സ്പര്‍ശങ്ങള്‍ കൊണ്ട് നമ്മില്‍ ഉണര്‍ത്തിയെടുക്കുന്നു. 'ഇരുട്ടിന്റെ ആത്മാവ്', 'ഓപ്പോള്‍', 'കുട്ട്യേടത്തി', 'ബന്ധനം', 'അക്കല്‍ദാമയില്‍ പൂക്കള്‍ വിരിയുമ്പോള്‍', 'വാനപ്രസ്ഥം' തുടങ്ങിയവയാണ് എം.ടി.യുടെ മികച്ച കഥകള്‍.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുകഥകള്‍ രചിച്ചിട്ടുള്ളത് അഞ്ഞൂറിലേറെ കഥകള്‍ രചിച്ചിട്ടുള്ള പുതൂര്‍ ഉണ്ണിക്കൃഷ്ണനാവാം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. ഭാഷയുടെ വികാരപരമായ പ്രവാഹ രീതിയും ദ്രുതതാളസമ്പന്നതയും ഈ കഥകളെ സഹൃദയാകര്‍ഷകമാക്കുന്നു.
രാജലക്ഷ്മിയുടെ കഥകളും കുടുംബവ്യവസ്ഥിതിയോടുള്ള സജീവ പ്രതികരണങ്ങളാണ്. വള്ളുവനാടന്‍ ശൈലിയുടെ സ്വാഭാവിക നിയോഗമാണ് അവരുടെ കഥനഭാഷ. 'മകള്‍' എന്ന അവിസ്മരണീയമായ കഥ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. തറവാടിന്റെ അഭിമാനം കൊരുത്ത കഥകള്‍ പി.ആര്‍. ശ്യാമള രചിച്ചത് വ്യത്യസ്തമായാണ്. അതില്‍ പ്രകടമാവുന്നത് ചരിത്രബോധം നല്കുന്ന അന്തസ്സും പൗരുഷവുമാണ്. പി. വത്സല പ്രതിജ്ഞാബദ്ധയായ എഴുത്തുകാരിയെന്ന നിലയ്ക്ക് കഥാലോകത്തും സജീവമായി. 'അനുപമയുടെ കാവല്‍ക്കാരന്‍', 'ചാമുണ്ഡിക്കുഴി' തുടങ്ങിയ കഥകളില്‍ അവര്‍ കരുത്തും വിശാലതയുമുള്ള ജീവിതത്തിന്റെ അപഗ്രഥനം നിര്‍വഹിക്കുന്നു. കഥാരംഗത്തെ ശക്തിധനരില്‍ ചാട്ടുളിപോലെ ഭാഷ ഉപയോഗിക്കുന്ന കോവിലന്‍ ('ഒരു പലം മനയോല', 'ശകുനം', 'പിത്തം'), ലളിതമനസ്കനായ നന്തനാര്‍ ('മിസ്റ്റര്‍ കുല്‍ക്കര്‍ണി'), വിപ്ലവപാരുഷ്യം നിറഞ്ഞ പട്ടത്തുവിള കരുണാകരന്‍ ('മുനി', 'നട്ടെല്ലികളുടെ ജീവിതം'), എന്‍. പി. മുഹമ്മദ് ('42-ാം വീട്ടില്‍ ചെകുത്താന്‍'), എന്‍. മോഹനന്‍ എന്നിവരെല്ലാം ('എന്റെ കഥ നിന്റെയും') വിശദപഠനം അര്‍ഹിക്കുന്നവരാണ്. കഥയും കലയും ഒരു പോലെ ആത്മാനുഭവമാകുന്ന അസാധാരണത്വം മാധവിക്കുട്ടിയുടെ കഥകളെ ജാജ്ജ്വല്യമാക്കുന്നു. യാഥാര്‍ഥ്യത്തിനും മാന്ത്രികാനുഭവത്തിനും ഇടയ്ക്ക് സഞ്ചരിക്കുന്ന ഒരു മനസ്സിനെ അവരുടെ കഥകളില്‍ കാണാം. 'പക്ഷിയുടെ മരണം', 'ചുവന്ന പാവാട', 'നെയ്പ്പായസം', 'നരച്ചീറുകള്‍ പറക്കുമ്പോള്‍', 'രാജാവിന്റെ പ്രേമഭാജനം' തുടങ്ങിയ കഥകളില്‍ ഇന്ദ്രിയ സ്പര്‍ശകമായ ഭാഷയുടെ വെളിപാടുകള്‍ കാണാം.
ആധുനികത. സംവേദനത്തെ പലതരത്തില്‍ ഞെട്ടിച്ച് ഉണര്‍ത്തിയെടുക്കാം. കാക്കനാടന്‍, എം.പി. നാരായണപിള്ള, ഒ.വി. വിജയന്‍, സേതു, എം. സുകുമാരന്‍, എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, കെ.പി. നിര്‍മല്‍കുമാര്‍ ടി.ആര്‍., മേതില്‍ രാധാകൃഷ്ണന്‍, എന്‍.എസ്. മാധവന്‍ എന്നിങ്ങനെ സംവേദനത്തിന് ഞെട്ടിക്കുന്ന പുതുമ നല്കിയ ചെറുകഥാകൃത്തുകള്‍ ഇത്തരം നിയോഗങ്ങള്‍ സാക്ഷാത്കരിച്ചവരാണ്. കാക്കനാടന്റെ ഉറഞ്ഞുതുള്ളുന്ന ഭാഷ കാല്പനികതയെ നിഷ്പ്രഭമാക്കി പുതിയ സംവേദനത്തിന് ആക്കം കൂട്ടി. എം.പി. നാരായണപിള്ള കൂസലില്ലാത്ത പരുക്കന്‍ കഥകളെഴുതി. ഒ.വി.വിജയന്‍ സമകാലിക സമസ്യകള്‍ക്ക് ധ്യാനാത്മകമായ തീക്ഷ്ണതകള്‍ നല്കി. സേതു ചിഹ്നങ്ങളുടെ രൂപങ്ങള്‍ കഥയുടെ അംശമാക്കി. എം. സുകുമാരന്‍ കത്തുന്ന വിപ്ലവത്തിന്റെ അക്ഷരങ്ങള്‍ കൊണ്ടാണ് കഥ രചിച്ചത്. എം. മുകുന്ദന്‍ ഭാഷയെ ആദ്യന്തം സൈക്കഡലിക് ആയ അനുഭവവും വിശ്ലഥ ചിത്രങ്ങളുടെ വാഹകവുമാക്കി. സക്കറിയ ഗൂഢഭാഷയുടെയും നര്‍മത്തിന്റെയും പുതിയ സങ്കേതങ്ങള്‍ കഥയില്‍ പരീക്ഷിച്ചു. 'ജാസ്സെക്കിനെ കൊല്ലരുത്' പോലെയുള്ള കഥകളില്‍ ടി.ആര്‍. കഥയ്ക്ക് പ്രഹേളികയുടെ സ്വഭാവം നല്കുന്നു. ഭാഷയുടെ പ്രഹേളികയാണ് നിര്‍മല്‍കുമാറും മേതില്‍ രാധാകൃഷ്ണനും അനുഭവിപ്പിക്കുന്നത്.
ഭാഷയിലെ മികച്ച ഒട്ടേറെ കഥകള്‍ മൌലികമായ സര്‍ഗാത്മകതയില്‍ നിന്നാണ് പിറന്നു വീണത്. 'ശ്രീചക്രം' (കാക്കനാടന്‍), 'മുരുകനെന്ന പാമ്പാട്ടി' (എം.പി. നാരായണപിള്ള), 'കടല്‍ത്തീരത്ത്' (ഒ.വി. വിജയന്‍), 'പേടി സ്വപ്നങ്ങള്‍' (സേതു), 'പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍' (എം. സുകുമാരന്‍), 'അഞ്ചര വയസ്സുള്ള കുട്ടി' (എം. മുകുന്ദന്‍), 'മലമുകളിലെ അബ്ദുള്ള' (കുഞ്ഞബ്ദുള്ള) 'കണ്ണാടി കാണ്മോളവും' (സക്കറിയ), 'കൃഷ്ണഗണ്ഡകജ്വാലകള്‍' (കെ.പി. നിര്‍മല്‍കുമാര്‍), 'നാം നാളെയുടെ നാണക്കേട്' (ടി. ആര്‍), 'ചൂളൈമേട്ടിലെ ശവങ്ങള്‍' (എന്‍. എസ്. മാധവന്‍) എന്നിങ്ങനെ അവ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. ആനന്ദിന്റെ സംവേദനാത്മകമായ കഥകള്‍ ഈ നവീനതയുടെ ആശയനിര്‍ധാരണപരമായ മറ്റൊരു മുഖമാണ്. ഈ കഥാപരിസരം സൃഷ്ടിച്ച കഥാപ്രതിഭകളില്‍ വി.പി. ശിവകുമാര്‍, ടി.വി. കൊച്ചുബാവ, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, ശത്രുഘ്നന്‍, മാനസി, അഷിത, അക്ബര്‍ കക്കട്ടില്‍, ജയനാരായണന്‍, ഇ. ഹരികുമാര്‍, എന്‍. പ്രഭാകരന്‍, വിക്ടര്‍ ലീനസ്, ജോസഫ് വൈറ്റില, വൈശാഖന്‍, യു.പി. ജയരാജ്, ബി.എം. സുഹ്റ, ഗ്രേസി, എം. ചന്ദ്രശേഖരന്‍, കെ രഘുനാഥന്‍, അശോകന്‍ ചരുവില്‍, വി.ആര്‍. സുധീഷ്, സി. വി. ബാലകൃഷ്ണന്‍, എബ്രഹാം ജോസഫ്, ബാബു കുഴിമറ്റം, യു.കെ. കുമാരന്‍, അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. വി.കെ. ശ്രീരാമന്‍ ഈ കാലത്ത് ഗൃഹാതുരത്വമുള്ള കനത്ത ഓര്‍മകളും ചരിത്രവും നിറഞ്ഞ കഥകളിലൂടെ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചു.
ഇആധുനികതയ്ക്കു പിന്നാലെ വന്ന രൂപപരീക്ഷണങ്ങളുടെ അന്തരീക്ഷവും മലയാളത്തിലെ കാഥികര്‍ അനുഭവിക്കാതിരുന്നില്ല. ആധുനികോത്തര കഥയുടെ മാതൃകകള്‍ സാക്ഷാത്കരിച്ചവരില്‍ ബി. മുരളി, സുസ്മേഷ് ചന്ദ്രോത്ത്, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ടി.എന്‍. പ്രകാശ്, ഉണ്ണി ആര്‍., കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, ഗീതാഹരണ്യന്‍, ഇന്ദുമേനോന്‍ എന്നിങ്ങനെ ഏറെ പ്രതിഭകളുണ്ട്. വ്യത്യസ്തമായ ഒരു കൃതി ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ബൈബിള്‍ വാക്യങ്ങള്‍ കഥാപരമാക്കി ജെയ്മോന്‍ കുമരകം രചിച്ച അഞ്ഞൂറോളം കഥകള്‍ ഉള്ള 'സന്ദേശകഥാസാഗര'മാണത്.
നാടകരംഗം
ആദ്യകാല നാടകങ്ങള്‍. ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യകലകള്‍ കേരളത്തില്‍ ധാരാളമുണ്ട്. രംഗകലയും സാഹിത്യവുമുള്ള അവയെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ നാടകരൂപമായി കണക്കാക്കാം. സംസ്കൃത നാടകങ്ങളുടെ രംഗാവതരണമായ കൂടിയാട്ടവും രംഗകലകളായ കഥകളി, തുള്ളല്‍ എന്നിവയുംമൂലം വ്യത്യസ്തമായ ഒരു നാടകവേദി രൂപപ്പെട്ടുവന്നില്ല. പോര്‍ച്ചുഗീസുകാരുടെ വരവോടെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടകരൂപത്തിന് കേരളം സാക്ഷ്യം വഹിച്ചു; ഇന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ചവിട്ടു നാടകം. പാശ്ചാത്യനാടകവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ആദ്യമുണ്ടായത് ഷെയ്ക്സ്പിയറിന്റെ കോമഡി ഒഫ് എറേഴ്സ് എന്ന നാടകത്തിന് കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് തയ്യാറാക്കിയ ആള്‍മാറാട്ടം അഥവാ കേളീസല്ലാപം എന്ന തര്‍ജുമയാണ് (1866). പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ അഭിജ്ഞാന ശാകുന്തളം തര്‍ജുമ ചെയ്തതാണ് നാടകപ്പിറവിയെന്ന നിലയില്‍ രംഗവേദി ആഘോഷിച്ചത്. കാളിദാസന്‍, ഭാസന്‍, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങള്‍ക്ക് ഒട്ടേറെ പരിഭാഷകള്‍ ഉണ്ടായി. അവയില്‍ ഉത്തരരാമചരിതം (ചാത്തുക്കുട്ടിമന്നാടിയാര്‍), മാളവികാഗ്നിമിത്രം, സ്വപ്നവാസവദത്തം (ഏ.ആര്‍. രാജരാജവര്‍മ), മാലതീമാധവം (കൊട്ടാരത്തില്‍ ശങ്കുണ്ണി) തുടങ്ങിയവ ഏറെ പ്രസിദ്ധങ്ങളാണ്.
ഇതേകാലത്തുതന്നെ തമിഴ് നാടക വേദിയുടെ സ്വഭാവങ്ങളും ഇവിടെ പടര്‍ന്നു പിടിച്ചിരുന്നു. കോവിലന്‍ ചരിതം, നല്ലതങ്കാള്‍ ചരിത്രം, അല്ലി അര്‍ജുന, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങള്‍ ഇക്കാലത്തേതാണ്. സദാറാം നാടകം എന്ന നാടകത്തെ മുന്‍നിര്‍ത്തി കെ.സി.കേശവപിള്ള സദാരാമ എന്നൊരു നാടകം എഴുതി. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധവും എരുവയില്‍ ചക്രപാണിവാര്യരുടെ സംഗീത ഹരിശ്ചന്ദ്രവും ആണ് മറ്റു രണ്ടു വിഖ്യാത കൃതികള്‍. അക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ് നൈഷധം. കുട്ടമത്തിന്റെയും വിദ്വാന്‍ പി. കേളുനായരുടെയും നാടകങ്ങളാണ് വടക്കന്‍ ദിക്കില്‍ ഏറെ പ്രചരിച്ചത്. കുട്ടമത്തിന്റെ സംഗീത ശാകുന്തളവും കേളുനായരുടെ പാക്കനാര്‍ ചരിതവും ഇക്കൂട്ടത്തില്‍പ്പെടുന്നു. വെള്ളരി നാടകങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഈ വടക്കന്‍ നാടകശേഖരം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചു.
സംസ്കൃത നാടകതര്‍ജുമകള്‍, ആ രൂപം ഉള്‍ക്കൊണ്ട് സ്വതന്ത്രനാടകങ്ങള്‍ രചിക്കുന്നതിനും പ്രേരകമായി. ലക്ഷണാസംഗമം, ചന്ദ്രിക (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍), ലക്ഷ്മി കല്യാണം (കേശവപിള്ള), എബ്രായക്കുട്ടി (കണ്ടത്തില്‍ വറുഗീസ് മാപ്പിള) എന്നിവ സംസ്കൃത നാടകരൂപത്തിലുള്ള സ്വതന്ത്ര രചനകളാണ്. കല്യാണി നാടകമാണ് സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ആദ്യ സ്വതന്ത്രനാടകം. ചന്ദ്രിക ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്യപ്പെട്ട കഥയാണ്. എബ്രായക്കുട്ടി ബൈബിള്‍ സന്ദര്‍ഭം സ്വീകരിച്ചെഴുതിയ കൂടുതല്‍ ശില്പഭംഗിയുള്ള നാടകമാണ്. സമകാലിക സാമൂഹ്യാചാരങ്ങളെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ സാമുദായിക നാടകമാണ് ലക്ഷ്മീകല്യാണം. വയസ്കര മൂസ്സിന്റെ മനോരമ വിജയം (1891) രവിവര്‍മ കോയിത്തമ്പുരാന്റെ കവി സഭാരഞ്ജനം (1892) എന്നിവ ശ്രദ്ധേയമാണ്. എന്നാല്‍ കത്തോലിക്കാ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മറിയാമ്മാ നാടകം ഇക്കാലത്തെ ഏറ്റവും പ്രസിദ്ധമായ രചനയാകുന്നു. മുന്‍ഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരവും കെ.സി. നാരായണന്‍ നായരുടെ ചക്കീചങ്കരവും (രണ്ടും 1864) ശീവൊള്ളി നമ്പൂതിരിയുടെ ദുസ്പര്‍ശ നാടകവും നാടകസംവേദനത്തെ ദുഷിപ്പിക്കുന്ന രചനകളെ നിയന്ത്രിക്കാന്‍ സഹായകമാണ്.
ഇംഗ്ലീഷ് നാടകങ്ങളുടെ തര്‍ജുമകളും ഇക്കാലത്തു വ്യാപകമായി. ഷെയ്ക്സ്പിയര്‍ നാടകത്തിന്റെ തര്‍ജുമയായിരുന്നു ആള്‍മാറാട്ടം അഥവാ കേളീസല്ലാപം. ഇതാണ് വാസ്തവത്തില്‍ മലയാളത്തിലെ ആദ്യത്തെ നാടക സംബന്ധിയായ രചന. തുടര്‍ന്ന് ഷെയ്ക്സ്പിയറുടെ റ്റെയ്മിങ് ഒഫ് ദ് ഷ്റൂ ഷെയ് എന്ന പ്രഹസനം കണ്ടത്തില്‍ വറുഗീസ് മാപ്പിള കലഹിനീ ദമനകം എന്ന പേരില്‍ പരിഭാഷപ്പെടുത്തി (1893). ടെമ്പസ്റ്റ്, ഹാംലെറ്റ്, കിങ്ലിയര്‍, മര്‍ച്ചന്റ് ഒഫ് വെനീസ് എന്നീ പ്രഖ്യാത നാടകങ്ങളും പരിഭാഷാരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ള തുടങ്ങിയവരായിരുന്നു പരിഭാഷകര്‍. മാക്ബത്ത്, ഒഥല്ലോ തുങ്ങിയ കൃതികള്‍ പരിഭാഷപ്പെടുത്തിയത് ഗോവിന്ദപ്പിള്ളയാണ്.
സി.വി. രാമന്‍പിള്ളയുടെ പ്രഹസനങ്ങള്‍ ഈ കാലഘട്ടത്തില്‍ നാടകാസ്വാദകരെ ഏറെ ആകര്‍ഷിച്ചു. തന്റെ രചനകളില്‍ സാമൂഹിക പരിഷ്കരണമായ പ്രമേയങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കാനാണ് സി.വി. ശ്രമിച്ചത്. 1884-ലെ ചന്ദ്രമുഖീ വിലാസം, 1893-ലെ മത്തവിലാസം എന്നിവ രണ്ടും തിരുവനന്തപുരത്തെ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കുള്ള ഒളിയമ്പുകളായിരുന്നു. കുറുപ്പില്ലാക്കളരിയില്‍ പാശ്ചാത്യഭ്രമത്തെയാണ് അദ്ദേഹം വിമര്‍ശനപൂര്‍വം പരിഹസിക്കുന്നത്. പാശ്ചാത്യ പ്രഹസനങ്ങളുടെ മാതൃക സ്വീകരിച്ച ആദ്യ മലയാള കൃതിയാണ് കുറുപ്പില്ലാകളരി. തുടര്‍ന്ന് തെന്തനാം കോട്ട് ഹരിശ്ചന്ദ്രന്‍ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ചെറുതേന്‍ കൊളംബസ് (1917), പണ്ടത്തെ പാച്ചന്‍ (1918), ബട്ളര്‍ പപ്പന്‍ (1921) തുടങ്ങിയവയും രചിച്ചു.
സി.വി.യുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഭാഗധേയം പിന്തുടര്‍ന്നാണ് ഇ.വി.കൃഷ്ണപിള്ള സീതാലക്ഷ്മി, രാജാകേശവദാസന്‍ എന്നീ ചരിത്ര സംബന്ധിയായ നാടകങ്ങള്‍ രചിച്ചത്. സ്വാമി ബ്രഹ്മവ്രതന്‍ രചിച്ച് പ്രഖ്യാത നടന്മാര്‍ അവതരിപ്പിച്ച കരുണ എന്ന സംഗീത നാടകം വര്‍ഷങ്ങളോളം രംഗത്ത് അവതരിപ്പിക്കപ്പെട്ടു. ചരിത്ര നാടകങ്ങളുടെ ഒരു പെരുംകൂട്ടം തന്നെ ഇക്കാലത്തുണ്ടായി. വേലുത്തമ്പി, ഇരവിക്കുട്ടിപ്പിള്ള തുടങ്ങിയ കേരള ചരിത്രപുരുഷന്മാരും മുഗള്‍ കഥാപാത്രങ്ങളുമെല്ലാം അതിഭാവുകത്വം നിറഞ്ഞ ഈ നാടകങ്ങളില്‍ നിറഞ്ഞു നിന്നു.
നവോത്ഥാനം നാടകരംഗത്ത്. കൈനിക്കര കുമാരപിള്ളയുടെ ഹരിശ്ചന്ദ്രന്‍, മോഹവും മുക്തിയും, പദ്മനാഭപിള്ളയുടെ കാല്‍വരിയിലെ കല്പപാദപം എന്നിവ രചനാപരമായ മാറ്റം സൂചിപ്പിക്കുന്നു. എന്‍.പി. ചെല്ലപ്പന്‍ നായര്‍ പ്രഹസനത്തിന്റെയും മെലോഡ്രാമയുടെയും അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മിന്നല്‍ പ്രണയം, വികടയോഗി തുടങ്ങിയ ജനപ്രിയ നാടകങ്ങള്‍ രചിച്ചു. ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവര്‍ പിന്നീട് തുടര്‍ന്നത് ഈ മാര്‍ഗമാണ്.
വി.ടി.യുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, എം.ആര്‍.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി എന്നീ പരിഷ്കരണപരമായ രചനകളെല്ലാം മുപ്പതുകളിലാണ് രചിക്കപ്പെട്ടത്. മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന് ശക്തി പകരാനാണ് കെ. ദാമോദരന്‍ പാട്ടബാക്കി എഴുതിയത് (1938). മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകമാണിത്. ആഢ്യനായികാനായകന്മാരെ മാറ്റി നിര്‍ത്തി യാചകര്‍ക്ക് പ്രമുഖ സ്ഥാനം കല്പിച്ചു കൊടുത്ത കേശവദേവിന്റെ യാചകപ്രേമം എന്ന നാടകവും ഇക്കാലത്ത് എഴുതിയതാണ്.
ഇക്കാലത്ത് അഭിനയിക്കാന്‍ വേണ്ടിയല്ലാത്ത യൂറോപ്യന്‍ നാടകങ്ങളുടെ അനുകരണങ്ങളോ തര്‍ജുമകളോ ആയ നാടകങ്ങളും കടന്നുവന്നു. മലയാളിയുടെ മനസ്സില്‍ ചിന്താവിപ്ളവം അഴിച്ചുവിട്ട കേസരി ബാലകൃഷ്ണപിള്ളയായിരുന്നു ഇതിനും വഴിയൊരുക്കിയത്. ലോക നാടകവേദിയിലെ അതികായനും പ്രശ്നനാടകങ്ങളുടെ ജനയിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടകകൃത്തുമായ ഇബ്സന്റെ ഗോസ്റ്റസ് എന്ന നാടകം ബാലകൃഷ്ണപിള്ളയും എ.കെ. ഗോപാലകൃഷ്ണപിള്ളയും ചേര്‍ന്ന് പ്രേതങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. ഇബ്സന്റെ റോസ്മര്‍ഷോമായിരുന്നു സി. നാരായണപിള്ള മുല്ലയ്ക്കല്‍ ഭവനമെന്ന പേരില്‍ പുനഃസൃഷ്ടിച്ചത്. ഇബ്സന്റെ മാര്‍ഗം പിന്തുടര്‍ന്നാണ് കെ. രാമകൃഷ്ണപിള്ള തപ്തബാഷ്പം രചിച്ചത്.
ഇതിനിടെ നാടകത്തില്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ വിപ്ലകരമായ മറ്റൊരു മാറ്റമുണ്ടാക്കി. കൂര്‍ത്തു മൂര്‍ത്ത ഡയലോഗുകള്‍ക്ക് അദ്ദേഹം രചനയില്‍ സ്ഥാനം നല്കി. ഇത്തരത്തില്‍ രചിക്കപ്പെട്ട ആദ്യ നാടകം അദ്ദേഹത്തിന്റെ സ്ത്രീയാണ്. കെ. രാമകൃഷ്ണപിള്ള നിഴലുകള്‍, തൂക്കുമുറിയില്‍, പ്രതിമ എന്നീ രാഷ്ട്രീയ നാടകങ്ങള്‍ രചിച്ചത് ഈ ശൈലിയിലാണ്.
ഇബ്സന്റെ ഗാര്‍ഹിക പ്രശ്നാധിഷ്ഠിതമായ നാടകങ്ങളുടെ രൂപഭാവങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്ന് നാടകമെഴുതിയത് ഭഗ്നഭവന(1942)ത്തിന്റെ കര്‍ത്താവായ എന്‍. കൃഷ്ണപിള്ളയാണ്. ഇബ്സന്റെ പാവകളുടെവീട്, ബര്‍ണാഡ് ഷായുടെ വിഭാര്യന്മാരുടെ വീട് എന്നിവയുടെ ചുവടുപിടിച്ചു രചിച്ചതാണ് എന്‍. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം, കന്യക, അഴിമുഖത്തേക്ക്, അനുരഞ്ജനം, ബലാബലം എന്നിവ.
ചിന്താപരമായ മൗലികതകൊണ്ട് ശ്രദ്ധേയനായ സി.ജെ.തോമസ് നാടക വീക്ഷണത്തിലും മൌലികത പുലര്‍ത്തി. 1128-ല്‍ രചിച്ച ക്രൈം 27 എന്ന നാടകമാണ് മൗലികത കൊണ്ട് ഏറെ ശ്രദ്ധേയം. ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു ഇവയെല്ലാം ഇതിഹാസാംശങ്ങളുടെ മൗലിക പരിചരണങ്ങളാണ്. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇതിഹാസങ്ങളെ മൗലികമായി വ്യാഖ്യാനിക്കുന്ന കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം എന്നിവ മികച്ച നാടകാനുഭവങ്ങളാക്കി. അദ്ദേഹത്തിന്റെ കലി നവീനതയുടെ രംഗഭാഷയാണ് ആവിഷ്കരിച്ചത്. രംഗവേദിയില്‍ വിപ്ളവം സൃഷ്ടിച്ച കെ.ടി. മുഹമ്മദിന്റെ രചനകള്‍ സൃഷ്ടി, സ്ഥിതി, സംഹാരം, സമന്വയം എന്നിവയാണ്. ബര്‍ണാഡ് ഷാ തൊട്ട് അബ്സേര്‍ഡ് നാടകകൃത്തുക്കളെവരെ തന്റെ പ്രതിഭാസമ്പത്തില്‍ നവീകരിച്ച നടനും നാടകനിരൂപകനുമായ എന്‍.എന്‍.പിള്ള പ്രേതലോകം, ആത്മബലി, കാപാലിക, ക്രോസ്ബെല്‍റ്റ്, മെഹര്‍ബാനി, ഈശ്വരന്‍ അറസ്റ്റില്‍, മരണനൃത്തം തുടങ്ങിയ രചനകളിലൂടെ സാമൂഹ്യവിമര്‍ശനവും രംഗവേദി പരിഷ്കരണവും ഒരു പോലെ നിര്‍വഹിച്ചു.
തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ പ്രതിബദ്ധത കൊണ്ടാണ് ഏറെ സമ്പന്നമായത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, അശ്വമേധം എന്നിവ മലയാളനാടകത്തിലെ അഭിരുചി വിധാതാക്കളായി. എന്‍. എന്‍. പിള്ളയുടെ നാടകങ്ങളും ഇക്കാലത്ത് ശ്രദ്ധേയമായി. സി. എല്‍. ജോസ്, പറവൂര്‍ ജോര്‍ജ്, ഇബ്രാഹിം വേങ്ങര, പിരപ്പന്‍കോടു മുരളി എന്നിവര്‍ വിവിധ സാമൂഹ്യസന്ദര്‍ഭങ്ങള്‍ സ്വീകരിച്ച് നാടകരചനയില്‍ ഏര്‍പ്പെട്ടവരാണ്, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ജാതുഗൃഹം, വീരന്റെ തൂവലും തുമ്പയും, സി.ജി. ഗോപിനാഥിന്റെ കുരുതിക്കളം, എസ്.എല്‍. പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി, പി. ആര്‍. ചന്ദ്രന്റെ അഹല്യ, മുഹമ്മദ് യൂസഫിന്റെ കണ്ടംബെച്ചകോട്ട്, കെ.ജി. സേതുനാഥിന്റെ വീട്ടുമൃഗം, പി.വി. കുര്യക്കോസിന്റെ കുപ്പിച്ചില്ലുകള്‍, കാലടി ഗോപിയുടെ ഏഴു രാത്രികള്‍, കെ.എക്സ്. ആന്റോയുടെ ഇത്രകേക്കാ പടിഞ്ഞാറ്, തിക്കോടിയന്റെ പ്രസവിക്കാത്ത അമ്മ, രാജമാര്‍ഗം, സുരാസുവിന്റെ വിശ്വരൂപം തുടങ്ങിയവ മലയാള നാടകവേദിയില്‍ മുദ്രപതിപ്പിച്ചിട്ടുള്ള നാടകങ്ങളാണ്.
|
അരങ്ങ്പുതുക്കല്‍. അരങ്ങ് പുതുക്കിയെടുക്കാന്‍ നാടകകൃത്തുക്കള്‍ നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം കാണണം. അബ്സേര്‍ഡ് നാടകങ്ങളുടെ സ്വാധീനം ഉള്‍ക്കൊണ്ട് മലയാളത്തില്‍ ഉണ്ടായ ആദ്യനാടകം പി.എല്‍.ആന്റണിയുടെ ഏപ്രില്‍ഫൂള്‍ ആണ്. ശ്രീകണ്ഠന്‍നായരുടെ കലി അയനസ്കോയുടെ അമീദിയെ അനുകരിക്കുന്നു. കാവാലം നാരായണപ്പണിക്കരാണ് പരീക്ഷണവുമായി അരങ്ങിലെത്തിയ മറ്റൊരു പ്രതിഭാശാലി. അദ്ദേഹത്തിന്റെ അവനവന്‍ കടമ്പ, ദൈവത്താര്‍ എന്നിവ സ്വത്വാന്വേഷണത്തിന്റെ ദ്രാവിഡഭംഗി തനതു രംഗഭാഷയില്‍ അവതരിപ്പിച്ചു. അധികാരം എന്ന പ്രശ്നത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമാണ് എം.ടി. വാസുദേവന്‍ നായരുടെ ഗോപുര നടയില്‍ എന്ന പരീക്ഷണ നാടകം. സി. രാധാകൃഷ്ണന്റെ ദ്വീപ്, ഓംചേരിയുടെ പ്രളയം, ചുമ്മാര്‍ ചൂണ്ടലിന്റെ കാളിത്തെയ്യം, നരേന്ദ്രപ്രസാദിന്റെ സൗപര്‍ണിക, വയലാ വാസുദേവന്‍ പിള്ളയുടെ വരവേല്പ്, പി.എം. ആന്റണിയുടെ സ്പാര്‍ട്ടാക്കസ്, പി.എം. താജിന്റെ കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, വാസുപ്രദീപിന്റെ അഭിമതം, മധുമാസ്റ്ററുടെ കലുഗുല, കെ.ജെ. ബേബിയുടെ നാട്ടുഗദ്ദിക (മലയാളത്തിലെ ആദ്യത്തെ തെരുവുനാടകം ഇതാണെന്നു തോന്നുന്നു), എന്‍. ശശിധരനും. ഇ.പി. രാജഗോപാലനും രചിച്ച കേളു, സി.പി. രാജശേഖരന്റെ മൂന്നു വയസന്മാര്‍, ടി.പി. സുകുമാരന്റെ ദക്ഷിണായനം, പി. ബാലചന്ദ്രന്റെ പാവം ഉസ്മാന്‍ എന്നിവയെല്ലാം കരുത്തുള്ള പ്രമേയത്തിന് സ്വന്തമായ രംഗഭാഷ സൃഷ്ടിച്ചവയാണ്. പി.കെ. വേണുക്കുട്ടന്‍ നായരുടെ ഏലംകുളം മനയ്ക്കലെ അമ്മ രംഗവേദിയില്‍ ഏറെ ചലനങ്ങള്‍ക്കു വഴിയൊരുക്കി. കാവാലം നാരായണപ്പണിക്കര്‍, ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ്, വയലാ വാസുദേവന്‍പിള്ള തുടങ്ങിയവരാണ് രംഗവേദിയെ സമഗ്രമാറ്റത്തിന് ഒരുക്കിയവര്‍. പിന്നാലെ ജയപ്രകാശ് കൂളൂര്‍, സതീഷ് കെ. സതീഷ് തുടങ്ങിയ ഒരു നീണ്ട നിരയുണ്ട്. ലോകനാടകവേദിയിലെ ചലനങ്ങളാണ് അവര്‍ക്ക് ഏറെ ആഭിമുഖ്യം. ഇത് തനത് സങ്കല്പത്തെ ഉലച്ചുകളയുന്നുമുണ്ട്.
നിരൂപണം
ആദ്യഘട്ടം. ഗദ്യസാഹിത്യത്തില്‍ സര്‍ഗാത്മക സാഹിത്യവും വൈജ്ഞാനികസാഹിത്യവും ഉള്‍പ്പെടുന്നു. രണ്ടിനും ഒരുപോലെ പ്രാധാന്യം നല്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ ആദ്യകാലം തൊട്ടേ ശ്രമിച്ചിട്ടുണ്ട്. മലയാള ഗദ്യത്തിന് സുതാര്യത നല്കിയത് ആനുകാലികങ്ങളിലെ ഇത്തരം രചനകളാണ്. സാഹിത്യ നിരൂപണം, വിവിധ ഭൗതിക സാമൂഹികശാസ്ത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം എന്നിങ്ങനെ പല വഴികളിലൂടെ ഗദ്യവും വൈജ്ഞാനിക മണ്ഡലവും വളരുന്നത് സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി നാം കാണുന്നു.
ഇതില്‍ സര്‍ഗസാഹിത്യത്തിന് സമാന്തരമായി വളര്‍ന്നു വന്നതാണ് സാഹിത്യ നിരൂപണം. സാഹിത്യ രചനകളില്‍ പ്രതിഫലിക്കുന്ന സര്‍ഗാത്മകത, ആസ്വാദ്യത, മൂല്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ് സാഹിത്യനിരൂപണം. മലയാള നിരൂപണത്തില്‍ ധര്‍മശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രൂപം, ആദിരൂപം, സൗന്ദര്യാത്മകത ഇവയെ എല്ലാം മാനദണ്ഡമായി നിരൂപകര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത സാഹിത്യത്തിലെയും പാശ്ചാത്യസാഹിത്യത്തിലെയും താത്ത്വികവും പ്രായോഗികവുമായ ആശയങ്ങളാണ് മലയാള നിരൂപണത്തെ കൂടുതലും നിയന്ത്രിക്കുന്നത്. മലയാള ഭാഷയുടെയും മലയാളിയുടെയും തനതു സംസ്കാരവും കാവ്യരീതിയും ചിന്താവിഷയമാക്കുന്നതില്‍ നിരൂപകര്‍ ഏറെ ശ്രദ്ധിച്ചിട്ടില്ല.
കൂടിയാട്ടവുമായി ബന്ധപ്പെട്ട രംഗകലയിലുണ്ടായ ആട്ടപ്രകാരങ്ങള്‍ക്ക് നിരൂപണപരമായ സ്ഥാനം ഉണ്ട്.
വിഷയങ്ങളുടെ പുതുമയെക്കാള്‍ രചനയുടെ പ്രൗഢിയും ആലങ്കാരികതയോടുള്ള വിധേയത്വവും പരിഗണിച്ച നിയോ ക്ലാസ്സിസത്തിന്റെ പരീക്ഷണഘട്ടമായിരുന്നു കേരളവര്‍മയുടെ കാലം. ഉള്ളൂര്‍ രചിച്ച ഉമാകേരളം എന്ന മഹാകാവ്യത്തിന് കേരളവര്‍മ വലിയകോയിത്തമ്പുരാനെഴുതിയ അവതാരിക ശ്രദ്ധേയമത്രേ. നിരൂപണത്തിന്റെ പല അംശങ്ങളും തെളിഞ്ഞുകാണുന്നതാണ് ഈ അവതാരിക. ഗ്രന്ഥകാരന്റെ സ്ഥാനം, കൃതിയുടെ സ്വഭാവം, സമൂഹത്തിന് നല്കുന്ന സന്ദേശം, ഇതര കൃതികളുമായുള്ള താരതമ്യം എല്ലാം ഇതിലുണ്ട്. മണ്ഡനപരമായ നിരൂപണത്തിന് ഉത്തമമാതൃകയാണ് ഈ അവതാരിക.
എന്നാല്‍ ഏതു കൃതിയെയും ഗുണദോഷങ്ങളുടെ നിഷ്കൃഷ്ട പരിശോധനയിലൂടെ വിലയിരുത്തണമെന്ന സി.പി. അച്യുതമേനോന്റെ നിര്‍ദേശം ഗ്രന്ഥരചന ഉത്തരവാദിത്തമുള്ള ഒരു പ്രയത്നമായി കാണാന്‍ എഴുത്തുകാരെ നിര്‍ബന്ധിപ്പിച്ചു. അദ്ദേഹം പ്രായേണ ഖണ്ഡന നിരൂപണമാണ് അവലംബിച്ചത്. സമകാലികതയ്ക്കപ്പുറം നവീനതയോടുള്ള ആഭിമുഖ്യം കല്യാണീ നാടകം, മയൂരസന്ദേശം ഇവയ്ക്കെഴുതിയ മണ്ഡനനിരൂപണങ്ങളില്‍ കാണാം. തന്റെ കാലത്തെ സാഹിത്യത്തിന് ഒരു തിരുത്തല്‍ ശക്തിയായിരുന്നു സി.പി. അച്യുതമേനോന്റെ നിരൂപണം.
നവീനതയുടെ പക്ഷത്ത് തന്റെ കാലത്തെ മലയാളസാഹിത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിച്ച നിരൂപകനാണ് ഏ.ആര്‍. രാജരാജവര്‍മ. നവീനത പദ്യത്തില്‍ മാത്രമല്ല ഭാഷാപ്രയോഗങ്ങളിലും ഗദ്യങ്ങളിലും അലങ്കാരങ്ങളിലും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
നിരൂപണത്തില്‍ ഏ.ആറിന്റെ ശിഷ്യന്മാരും അനുയായികളും ഒരേ തരക്കാരായിരുന്നില്ല. സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള സമകാലിക സാഹിത്യത്തെ അവഗണിച്ച് ക്ളാസ്സിക്ഗൌരവത്തിന്റെ അപഗ്രഥനത്തിനാണ് മുന്നോട്ടു വന്നത്. എ. ബാലകൃഷ്ണപിള്ള ലോകസാഹിത്യത്തിന്റെ ആശയലോകത്തേക്ക് മലയാള നിരൂപണത്തെയും സര്‍ഗസാഹിത്യത്തെയും മുന്നില്‍നിന്ന് നയിച്ചു. ഏ.ആറിനെ ഗുരുവിനെപ്പോലെ കരുതിയ കുമാരനാശാന്‍ മഹാകാവ്യസംസ്കാരത്തെ കെട്ടുകുതിര ഏര്‍പ്പാടായി തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രക്ഷോഭകന്‍ കൂടിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വ്യക്തിപരമായ സ്നേഹവും വിദ്വേഷവും കൊണ്ട് കാവ്യനിരൂപണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ജാതിപരമായ മലിനതകള്‍ക്ക് സാഹിത്യത്തില്‍ ഇടം നല്കുകയും ചെയ്തു. മൂര്‍ക്കോത്തു കുമാരന്‍ നിരൂപണത്തെ ആഴത്തോടൊപ്പം സരസവുമാക്കി. നെടിയം വീട്ടില്‍ ബാലകൃഷ്ണമേനോന്‍ നോവലിന്റെ പഠനത്തില്‍ ക്രാന്തദര്‍ശിത്വം പ്രകടിപ്പിച്ചു. വടക്കുംകൂര്‍ രാജരാജവര്‍മയും ശിരോമണി പി. കൃഷ്ണന്‍ നായരും സംസ്കൃത പ്രഭാവത്തിന്റെ പക്ഷം നിന്നു. സി.എസ്. നായര്‍ എന്ന പ്രഗല്ഭ നിരൂപകന്‍ ദേശീയതയ്ക്ക് നിരൂപണത്തില്‍ സ്ഥാനം നല്കി. ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍, കെ.എസ്. എഴുത്തച്ഛന്‍ തുടങ്ങിയ സൗമ്യനിരൂപകര്‍ സി.എസ്സി.നോടു കടപ്പെട്ടിരിക്കുന്നു. പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍, അപ്പന്‍ തമ്പുരാനെ പിന്തുടര്‍ന്ന് പാശ്ചാത്യ കാവ്യരൂപങ്ങള്‍ ഭാഷയില്‍ പ്രചരിപ്പിക്കാന്‍ തന്റെ നിരൂപണത്തില്‍ ശ്രദ്ധിച്ചു. സഞ്ജയന്‍ ഉള്ളൂരിനെയും വി.സി.യെയും ഏറെ ആദരിച്ച പണ്ഡിതനായ നിരൂപകനാണ്. പണ്ഡിതന്മാരായ ഈ നിരൂപകര്‍ക്കിടയില്‍ മലയാള നിരൂപണത്തെ സമഗ്രമായി പുതുക്കിയെടുക്കാന്‍ ഭാരതീയ സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് വിട്ടുമാറി പാശ്ചാത്യകലയെ പിന്തുടര്‍ന്ന കേസരി ബാലകൃഷ്ണപിള്ളയ്ക്കു കഴിഞ്ഞു.
പുതിയ ലാകത്തിനുവേണ്ട ആശയങ്ങള്‍. എ. ബാലകൃഷ്ണപിള്ള സാഹിത്യത്തില്‍ ഉദ്ബുദ്ധചിന്തകളുടെ വക്താവാണ്. പ്രസ്ഥാനങ്ങളുടെ രീതിവച്ച് അദ്ദേഹം എഴുത്തുകാരെ വകതിരിച്ചു. പ്രസ്ഥാനങ്ങള്‍ക്ക് സ്വന്തം വ്യവസ്ഥകള്‍ രൂപപ്പെടുത്തി നവലോകത്തിന് വേണ്ട സാഹിത്യ മാതൃകകള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സാങ്കേതിക ഗ്രന്ഥനിരൂപണങ്ങള്‍, നവലോകം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മലയാളം ഉള്‍ക്കൊള്ളേണ്ട പുതിയ സാഹിത്യാവബോധത്തിന്റെ രേഖകളുണ്ട്.
ഇ.എം.എസ്സിന്റെ വ്യക്തിപ്രഭാവസിദ്ധാന്തവും സാഹിത്യകാരനും, കെ. ദാമോദരന്റെ എന്താണ് സാഹിത്യം എന്നിവ റിയലിസ്റ്റിക് ആശയാന്തരീക്ഷം ഉള്‍ക്കൊള്ളുന്നു. എം. എസ്. ദേവദാസ്, കെ.എന്‍. എഴുത്തച്ഛന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.എസ്. മേനോന്‍ എന്നിവര്‍ പൊതുവേ ഇത്തരം ആഭിമുഖ്യത്തോടെ ആണ് നിരൂപണം നടത്തിയത്. നവീന നിരൂപണത്തിന്റെ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സാഹിത്യത്തിന്റെ പുരോഗമനാംശത്തെ പുനര്‍വ്യാഖ്യാനിക്കാന്‍ ബി. രാജീവന്‍, സച്ചിദാനന്ദന്‍, പി.കെ.പോക്കര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പുതിയ കാലഘട്ടത്തിലും ശ്രദ്ധിച്ചു.
കലാസൃഷ്ടികള്‍ സ്വന്തം നിലയ്ക്കുതന്നെ സുന്ദരവും മനുഷ്യഭാവിയില്‍ വിശ്വാസം ജനിപ്പിക്കുന്നതുമാവണമെന്ന വിശ്വാസം വച്ചു പുലര്‍ത്തിയ നിരൂപകരാണ് എം.പി. പോള്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍. സൌന്ദര്യനിരീക്ഷണം, നോവല്‍ സാഹിത്യം, ചെറുകഥാപ്രസ്ഥാനം എന്നിവ പോളിന്റെ അക്കാദമിക് പഠനങ്ങളാണ്. ബാല്യകാലസഖിയുടെ ജീവിതത്തുടിപ്പ് അദ്ദേഹത്തെ വ്യാമുഗ്ധനാക്കിയത് അതിന്റെ അദ്ഭുതകരമായ അനുഭവവേദ്യതയും യാഥാര്‍ഥ്യബോധവും കൊണ്ടാണ്.
മുണ്ടശ്ശേരിയാണ് സമകാലിക രചനകളെ കൂടുതല്‍ വിമര്‍ശന വിധേയമാക്കിയത്. ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരുടെ സമാന പ്രമേയം കൈകാര്യം ചെയ്യുന്ന പിംഗ്ള, മഗ്ദലനമറിയം, കരുണ എന്നിവയെ വിലയിരുത്തിയ മാറ്റൊലിയില്‍ അദ്ദേഹം മനഃപൂര്‍വം പക്ഷപാതം കാണിച്ചു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആശാനോടുള്ള പ്രതിപത്തിയായിരുന്നു മുണ്ടശ്ശേരിയെ ശക്തനാക്കിയത്. തന്റെ അവസാനകാലത്ത് ഉള്ളൂരിനെ മുണ്ടശ്ശേരി ഏറെ പ്രശംസിച്ചത് ആദ്യകാല നിലപാടുകള്‍ക്കുള്ള പശ്ചാത്താപമായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ഭാവഗീതത്വത്തെ എതിര്‍ക്കാന്‍ അദ്ദേഹമുണ്ടാക്കിയ തത്ത്വമാണ് നാടകാന്തം കവിത്വം. ഭദ്രമായ ഭാവം മാത്രം പോരാ രൂപവും വേണമെന്ന ആശയം രൂപഭദ്രത എന്ന കൃതിയില്‍ അദ്ദേഹം അവതരിപ്പിച്ചത് പുരോഗമനവാദികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പുതിയ ആശയങ്ങളോട് ബന്ധപ്പെട്ടാണ് ചരിത്രപരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്ന് ബോധ്യപ്പെടുത്താനാണ് രാജരാജന്റെ മാറ്റൊലിയില്‍ അദ്ദേഹം ശ്രമിച്ചത്.
കുട്ടിക്കൃഷ്ണമാരാര്‍ സംസ്കൃതപാണ്ഡിത്യത്തിന്റെ തണലിലാണ് തന്റെ നിരൂപണങ്ങള്‍ എഴുതിയത്. മഹാഭാരതം കഥ ഭാരത പര്യടനത്തില്‍ അദ്ദേഹം പുതിയ വായനയ്ക്കു വിധേയമാക്കി. പക്ഷപാതപരമാവണം നിരൂപണം എന്ന് അദ്ദേഹം സയുക്തികം സ്ഥാപിച്ചിട്ടുണ്ട്. വള്ളത്തോളിനെ അദ്ദേഹം ഗാഢമായി ഉള്‍ക്കൊണ്ടിരുന്നു. 'സംവിധാന ഭംഗിയാണ് കല' എന്ന് അദ്ദേഹം വിശ്വസിക്കുകയും അത് യാന്ത്രികമല്ലെന്ന് സമര്‍ഥിക്കുകയും ചെയ്തു.
കേരളീയ മനസ്സിനെ പ്രകൃതിയുമായി ബന്ധപ്പെടുത്തി നിരൂപണത്തില്‍ ചര്‍ച്ചചെയ്ത ഒരേയൊരു നിരൂപകനാണ് ഭാസ്കരന്‍ നായര്‍. അദ്ദേഹത്തിന്റെ കലയും കാലവും, ദൈവനീതിക്കു ദാക്ഷിണ്യമില്ല എന്നിവ മൌലികമായ നിരൂപണ പ്രതിഭയുടേതാണ്. ശക്തമായ അഭിപ്രായങ്ങള്‍ക്കുപോലും മധുരസംഗീതത്തിന്റെ ലയം നല്കുന്ന മറ്റൊരു പ്രമുഖ നിരൂപകനാണ് പ്രൊഫ. എസ്. ഗുപ്തന്‍നായര്‍. സാഹിത്യം ഇസങ്ങള്‍ക്കപ്പുറമാണെന്ന് വിശ്വസിച്ച ഈ നിരൂപകന്‍ ജി.യുടെ കവിതയ്ക്കെഴുതിയ ആമുഖം സമഗ്രവും ആധികാരികവുമായ വിലയിരുത്തലിന്റെ മികച്ച മാതൃകയാണ്. ചങ്ങമ്പുഴയെ അടുത്തറിയാന്‍ കഴിഞ്ഞതിന്റെ രേഖകളും അദ്ദേഹം മലയാളിക്ക് നല്കിയിട്ടുണ്ട്. സമാലോചന എന്നത് അദ്ദേഹത്തിന്റെ നിരൂപണത്തിന് നല്കാവുന്ന വിശേഷണമാണ്; അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേരും. ആധുനിക സാഹിത്യം, ഇസങ്ങള്‍ക്കപ്പുറം എന്നിവ പ്രധാന കൃതികളില്‍ ചിലതാണ്.
സമഗ്രനിരൂപണത്തിന്റെ വഴിയേ സഞ്ചരിച്ച നിരൂപകനാണ് സുകുമാര്‍ അഴീക്കോട്. ആശാന്റെ സീതാകാവ്യം, ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ചങ്ങമ്പുഴയെക്കുറിച്ചും (രമണനും മലയാളകവിതയും), ജി.യെക്കുറിച്ചുമുള്ള (ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു) പഠനങ്ങള്‍ ഖണ്ഡനപരമാണ്. തത്ത്വമസി എന്ന ഉപനിഷത് പഠനമാണ് അഴീക്കോടിന്റെ ഗവേഷണപരമായ മുഖ്യകൃതി. മറ്റൊന്ന് മലയാള വിമര്‍ശനത്തെക്കുറിച്ചുള്ള പഠനമാണ്. ആധുനികതയോട് അസഹിഷ്ണുവാണ് അദ്ദേഹം. പുരോഗമനപ്രസ്ഥാനത്തോട് അവസാനകാലത്ത് ഈ നിരൂപകന്‍ അനുരഞ്ജിച്ചു.
മനഃശാസ്ത്രനിരൂപണത്തില്‍ തുടങ്ങിയവരാണ് ഡോ.എം. ലീലാവതിയും എം.എന്‍. വിജയനും. കവിതയും ശാസ്ത്രവും ഡോ. ലീലാവതിയുടെ പ്രശസ്തമായ ആദ്യകാല ഗ്രന്ഥമാണ്. തുടര്‍ന്ന് കവിതാകഥാപഠനം അവരുടെ മുഖ്യ ദൗത്യമായി. കേരളത്തിലെ ഒട്ടുമിക്ക കവികളെയും പ്രധാന കാഥികരെയും അവര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ജി.യാണ് അവരുടെ ഏറ്റവും പ്രധാന കവി. കാല്പനിക കവിതകളെയും നിയോക്ലാസ്സിക് കവിതകളെയും അറിഞ്ഞ് ആസ്വദിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ഈ നിരൂപക സി. രാധാകൃഷ്ണന്റെ കൃതികള്‍ മുന്‍നിര്‍ത്തി നടത്തിയ പഠനം (അപ്പുവിന്റെ അന്വേഷണം) ഏറെ ശ്രദ്ധാര്‍ഹമാണ്. കവിതാധ്വനി, അമൃതമശ്നുതേ, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ എന്നിവ ആഴത്തിലുള്ള സമഗ്ര വിമര്‍ശനത്തിന്റെ മികച്ച മാതൃകകളാണ്.
പ്രൊഫ. എം.എന്‍. വിജയന്റെ സഹ്യന്റെ മകനെയും മാമ്പഴത്തെയും കുറിച്ചുള്ള പഠനങ്ങള്‍ മനഃശാസ്ത്രപഠനത്തിന്റെ മലയാളത്തിലെ മികച്ച മാതൃകകളാണ്. മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ തികഞ്ഞ അവഗാഹമുള്ള അദ്ദേഹം ആദ്യം മനഃശാസ്ത്രത്തെ മാര്‍ക്സിസ്റ്റ് ദര്‍ശനവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ നരവംശശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ കൃതികളിലൂടെ സാംസ്കാരിക പഠനമെന്നതായി അദ്ദേഹതിന്റെ സമീപനം. ചുമരില്‍ ചിത്രമെഴുതുമ്പോള്‍, ചിതയിലെ വെളിച്ചം, ശീര്‍ഷാസനം എന്നിവയാണ് പ്രധാന കൃതികള്‍. മൌലികമായ ഭാഷയും ചിന്തയും അപഗ്രഥനസ്വഭാവങ്ങളും എം.എന്‍. വിജയനെ വ്യത്യസ്തനാക്കുന്നു.
സംസ്കൃതപാണ്ഡിത്യത്തിന്റെ കുലപര്‍വതങ്ങളെന്ന് വിളിക്കപ്പെടാവുന്നവരാണ് കെ.പി. നാരായണപ്പിഷാരടിയും എം.പി. ശങ്കുണ്ണിനായരും എന്‍.വി. കൃഷ്ണവാര്യരും. എന്നാല്‍ മൂവരും നിരൂപണരംഗത്ത് വ്യത്യസ്തരാണ്. കൂടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളും നാട്യശാസ്ത്രവും വ്യാഖ്യാനിക്കുന്നതില്‍ കെ.പി. നാരായണപ്പിഷാരടി ശ്രദ്ധിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഒരു പോലെ പണ്ഡിതനായിരുന്ന എം.പി. ശങ്കുണ്ണിനായര്‍ നാട്യമണ്ഡപം, ഛത്രവും ചാമരവും എന്നീ കൃതികളില്‍ ഇന്ത്യന്‍ സാഹിത്യപൈതൃകത്തെക്കുറിച്ചുള്ള വ്യതിരിക്തചിന്തകളാണ് അവതരിപ്പിക്കുന്നത്. വൈലോപ്പിള്ളിയുടെ കണ്ണീര്‍പ്പാടത്തിന് അദ്ദേഹം രചിച്ച പഠനം ഏറെ പ്രസിദ്ധം. എന്‍.വി. മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിക്കുന്നതില്‍ നേതൃത്വപരമായ ജാഗ്രത കാണിച്ച നിരൂപകനാണ്. വള്ളത്തോളിന്റെ കാവ്യശില്പം എന്ന നിരൂപണം മലയാളത്തിലെ ശൈലീപരമായ നിരൂപണത്തിന് മാതൃകയാണ്. നാടകകൃത്തും സാഹിത്യചരിത്രകാരനുമായ എന്‍. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം സി.വി. കഥാപാത്രങ്ങളെ സംഭാഷണ ശൈലിയിലൂടെ കണ്ടെത്താനുള്ള ഉദ്യമമാണ്. താരതമ്യസാഹിത്യ നിരൂപണ രംഗത്ത് ഏറെ പ്രവര്‍ത്തിച്ച ആളാണ് ഡോ. കെ.എം. ജോര്‍ജ്. ചിന്താമണ്ഡലത്തില്‍ വിപ്ളവകരമായ മാറ്റം രേഖപ്പെടുത്തിയ വ്യക്തിവാദിയായ നിരൂപകനാണ് ഇടച്ചേരിയുടെ നിലപാടുകളില്‍ ഉറച്ചുനിന്ന സി.ജെ. തോമസ്. നോവല്‍ രചനയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധിയെയും സാധനയെയും പി.കെ. ബാലകൃഷ്ണന്‍ പഠനവിഷയമാക്കി.
ആധുനിക സംവേദനം അനുഭവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ ആദ്യത്തെ പ്രധാന മലയാള നിരൂപണം അയ്യപ്പപ്പണിക്കരുടെ കവിതകള്‍ക്ക് എം.വി. ദേവനെഴുതിയ അവതാരികയാണ്. ദേവസ്പന്ദനം പ്രധാന കൃതി. ചിന്താലോകത്തെ ഒറ്റയാനായ എം. ഗോവിന്ദന്‍, വ്യക്തിസ്വാതന്ത്യ്രത്തിന്റെ ആത്മീയത ദാര്‍ശനിക ചര്‍ച്ചയ്ക്ക് വിധേയമാക്കിയ പ്രൊഫ. എം.കെ. സാനു (അസ്തമിക്കാത്ത വെളിച്ചം, അവധാരണം), കെ.എസ്.നാരായണപിള്ള, കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍, സച്ചിദാനന്ദന്‍ എന്നിവരെല്ലാം ആധുനിക സംവേദനത്തിന്റെ വ്യാഖ്യാതാക്കളായാണ് നിരൂപണരംഗത്ത് പ്രസിദ്ധര്‍. ഡോ. പി.കെ. രാജശേഖരനും ഡോ. കെ.എസ്. രവികുമാറും നോവലിന്റെയും ചെറുകഥയുടെയും നിരൂപണത്തില്‍ സ്വന്തമായ ഇടം നേടിയവരാണ്. ആഷാമോനോനും, ജി. മധുസൂദനനും പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെ വഴികളാണ് കണ്ടെത്തിയത്. ടി. പദ്മനാഭന്റെ ജീവിതവും കലയും ആത്മാവിന്റെ മുറിവുകള്‍ എന്ന സമഗ്രപഠനത്തില്‍ തോമസ് മാത്യു അപഗ്രഥിക്കുന്നു.
വ്യക്തികളെക്കുറിച്ചുള്ള പഠനം, സാഹിത്യ ചരിത്രം, സാഹിത്യ രൂപങ്ങളുടെ പഠനം എന്നിങ്ങനെ അക്കാദമിക്കായ പഠനങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ട്. നാടക ദര്‍പ്പണം (എന്‍.എന്‍. പിള്ള), നളിനി എന്ന കാവ്യശില്പം (നിത്യചൈതന്യയതി), വീണപൂവ് കണ്‍മുമ്പില്‍ (പ്രൊഫ. കെ.എം. ഡാനിയേല്‍), അനശ്വരനായ ഉറൂബ് (ഡോ. കെ.എം. തരകന്‍), ചെറുകഥ ഇന്നലെ ഇന്ന് (എം. അച്യുതന്‍), പുരോഗമന സാഹിത്യപ്രസ്ഥാനം നിഴലും വെളിച്ചവും (പി. കെ. ഗോപാലകൃഷ്ണന്‍), രംഗഭാഷ (വയലാ വാസുദേവന്‍ പിള്ള), നാടകം കണ്ണിന്റെ കല (ടി.പി. സുകുമാരന്‍) തുടങ്ങിയവ. പാശ്ചാത്യ സാഹിത്യചരിത്രത്തെക്കുറിച്ച് ഡോ. കെ.എം. തരകന്‍, പ്രൊഫ. എം. അച്യുതന്‍, ഡോ. പി.വി. വേലായുധന്‍ പിള്ള തുടങ്ങിയവരുടെ പഠനങ്ങള്‍ സമഗ്രമായ അക്കാദമിക് പഠനങ്ങളാണ്. ഗാന്ധിയന്‍ ചായ് വുള്ള പ്രധാന സൗന്ദര്യശാസ്ത്ര ഗ്രന്ഥമാണ് കല്പറ്റ ബാലകൃഷ്ണന്റെ ഗാന്ധിയന്‍ സൗന്ദര്യവിചാരം. പണ്ഡിതനായ എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ലോകസാഹിത്യത്തെയും വര്‍ത്തമാനകാലത്തെ സജീവ സാഹിത്യത്തെയും സമന്വയിപ്പിക്കുന്ന ചിന്താധാര്‍ഷ്ട്യമുള്ള ജനപ്രിയ നിരൂപണങ്ങളാണ്.
ആധുനികോത്തര കാലത്തിന്റെ വിമര്‍ശന രീതിക്ക് താത്ത്വിക പിന്തുണ നല്കുന്നതിന് കെ.പി.അപ്പന്‍ ശ്രദ്ധാലുവാണ്. അദ്ദേഹത്തിന്റെ പിന്നാലെ ആധുനികോത്തര മുദ്ര അണിഞ്ഞവര്‍ ധാരാളം. ആധുനികാനന്തരം, വിചാരം, വായന (പി.പി. രവീന്ദ്രന്‍), ആധുനികാനന്തര മലയാള നോവല്‍ (കെ.പി. രമേഷ്), ആധുനികോത്തര കേരള പരിസരം (ഡോ. പി.കെ. പോക്കര്‍), ആധുനികോത്തര വിശകലനവും വിമര്‍ശവും (വി.സി. ശ്രീജന്‍), ഉത്തരാധുനികത (സി.ബി. സുധാകരന്‍) എന്നീ പഠനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. കൃതിയെ അനുഭവിക്കുന്നതിലല്ല അപനിര്‍മിക്കുന്നതിലാണ് ഇവരുടെ ആവേശം.
സ്ത്രീപക്ഷ രചനകളും അവയുടെ തത്ത്വങ്ങളും പ്രസക്തിയും അപഗ്രഥിക്കുന്ന നിരൂപണങ്ങളും ആധുനികോത്തര സംസ്കാരത്തിന്റെ ഒരു ഉപവിഭാഗമാണ് സ്ത്രീവാദം. ആണരശു നാട്ടിലെ കാഴ്ചകള്‍ (ജെ. ദേവിക) തുടങ്ങിയവ ഇത്തരം നിരൂപണ ഗ്രന്ഥങ്ങളില്‍പ്പെടുന്നു. ഒപ്പം പ്രബലമായ ദലിത് സംസ്കാരപഠനകേന്ദ്രീകരണവുമുണ്ട്. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ടി.കെ.സി. വടുതല, ഡി. രാജന്‍, പോള്‍ ചിറക്കരോട്, കല്ലറ സുകുമാരന്‍, കെ.കെ. കൊച്ച്, നാരായന്‍ തുടങ്ങിയവരുടെ രചനകള്‍ യഥാര്‍ഥ ദലിത് രചനകള്‍ തന്നെയാണ്. രാഘവന്‍ അത്തോളി, സി. അയ്യപ്പന്‍, എം.ആര്‍. രേണുകുമാര്‍, എന്‍.കെ. ജോസ്, സണ്ണി കപിക്കാട്, കെ.എം. സലിംകുമാര്‍ എന്നിങ്ങനെ പടരുന്നതാണ് ദലിത്സാഹിത്യ വിചാരം.
ആഖ്യാനശാസ്ത്രത്തെക്കുറിച്ച് ഡോ. അയ്യപ്പപ്പണിക്കര്‍ രചിച്ച ആഖ്യാനകലാസിദ്ധാന്തവും പ്രയോഗവിധികളും നിരൂപണത്തില്‍ ഏറെ സമഗ്രമായ സമീപനത്തിന് മാര്‍ഗദര്‍ശിയായ പഠനമാണ്. ദ്രാവിഡന്റെ തിണസങ്കല്പവും ആര്യന്റെ രസധ്വനിയും പാശ്ചാത്യന്റെ അനുകരണ സിദ്ധാന്തവും സമന്വയിപ്പിക്കപ്പെടാവുന്നതാണെന്ന് ഈ പഠനം നമ്മെ ഓര്‍മിപ്പിക്കുന്നു. പാരിസ്ഥിതിക രചനകള്‍ വിമര്‍ശനത്തിന് പുതുവഴി തുറന്നിട്ടുണ്ട്. ജി. മധുസൂദനന്‍ നായര്‍, ആഷാ മേനോന്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഹരിതപഠനത്തിന്റെ മേഖലയിലാണെന്നു പറയാം.
ഉപന്യാസം
മലയാളഗദ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു സൂചകമാണ് ഉപന്യാസം. മനസ്സിന്റെ സ്വച്ഛന്ദ വിഹാരങ്ങളാണ് ഉപന്യാസങ്ങള്‍. ഏതു വിഷയവും അത് കൈകാര്യം ചെയ്യും. പക്ഷേ പരിചരണ രീതിയാണ് പ്രധാനം. കൊച്ചുകുട്ടികള്‍ക്കുവേണ്ടിയും അല്ലാതെയും മഹാന്മാരുടെ ജീവിത ചരിത്രത്തില്‍ സന്മാര്‍ഗപ്രേരകമായ വിഷയങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, ശാസ്ത്രങ്ങള്‍, തത്ത്വശാസ്ത്രം, അനുഭവങ്ങള്‍ എന്നിവ ഉപന്യാസ രൂപത്തില്‍ അവതരിപ്പിക്കുന്നതിലുള്ള ശ്രമങ്ങള്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. സി.പി. അച്യുതമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍, അപ്പന്‍ തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ മൂര്‍ക്കോത്തുകുമാരന്‍, കെ. സുകുമാരന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയവരാണ് ഇക്കാലത്തെ പ്രശസ്ത ഉപന്യാസകാരന്മാര്‍. നര്‍മവും നിരീക്ഷണവും വിമര്‍ശനവും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഉപന്യാസങ്ങള്‍ക്കുണ്ട്. അപ്പന്‍തമ്പുരാന്‍ താളമുള്ള പച്ചമലയാളത്തില്‍ വരെ അനായാസമായി ഗദ്യം രചിച്ചു. വിമര്‍ശന ഗൗരവം ഏ.ആറിനും കുറിക്കു കൊള്ളുന്ന ഹാസ്യം മൂര്‍ക്കോത്തിനും, പ്രകൃതിയോടും ജന്തുക്കളോടുമുള്ള സ്നേഹം കെ. സുകുമാരനും കുത്തിനോവിക്കുന്ന ശൈലി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഇരുതലമൂര്‍ച്ചയുള്ള വാള്‍പോലെ മലയാളം ഉപയോഗിക്കുന്ന ശീലം സി. വി. കുഞ്ഞിരാമനും സ്വായത്തമായിരുന്നു. ആര്‍. ഈശ്വരപിള്ളയുടെ ചിന്താസന്താനം, കെ.ആര്‍. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ എന്നീ സൗമ്യരചനകള്‍ ഉപന്യാസങ്ങളുടെ വൈപുല്യവും ജനപ്രിയതയും സൂചിപ്പിക്കുന്നു. വിദേശീയ മേധാവിത്വത്തിനെതിരെ രാഷ്ട്രീയ ലേഖനങ്ങള്‍ രചിച്ച സി.വി. രാമന്‍പിള്ള ഓജസ്സുള്ള ഭാഷകൊണ്ട് ചിന്താലഹരി പടര്‍ത്തി.
ഉള്ളൂരിന്റെയും ശങ്കരന്‍ നമ്പ്യാരുടെയും സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍, ഏ.ആര്‍. രാജരാജവര്‍മയുടെ ശാസ്ത്ര ലേഖനങ്ങള്‍, എ.ഡി. ഹരിശര്‍മ, പി.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവരുടെ ഗവേഷണോപന്യാസങ്ങള്‍, സംഗീത ശാസ്ത്ര സ്പര്‍ശിയായി ആറ്റൂര്‍ കൃഷ്ണപ്പിഷാരടി രചിച്ച ഉപന്യാസങ്ങള്‍, എം.ആര്‍. ബാലകൃഷ്ണവാര്യരുടെ വിവിധ വിഷയ സ്പര്‍ശകമായ പ്രബന്ധ മഞ്ജരി തുടങ്ങിയവ മലയാള ഗദ്യത്തിന് സാധാരണക്കാരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത സൃഷ്ടിച്ചു. പൊതുവിഷയങ്ങളെക്കുറിച്ച് എഴുതിയ കൃതഹസ്തനായ ഉപന്യാസകാരനാണ് സി.ബി കുമാര്‍. നല്ല ഗദ്യത്തിനുള്ളഗുണമായി എം.പി.പോള്‍ നിര്‍വചിച്ചത് ഭാഷയുടെ അഭിഗമ്യതയാണ്. മുണ്ടശ്ശേരിയുടെ ശൈലിയിലെ പ്രൗഢി ഉപന്യാസങ്ങളിലും തെളിഞ്ഞുകാണാം. തോന്നയ്ക്കല്‍ കണ്ടകാഴ്ച കുമാരനാശാനെക്കുറിച്ചുള്ള വികാരഭരിതമായ സ്മരണയാണ്. മാരാരുടെ ഋഷിപ്രസാദം കെ.എം. ജോര്‍ജിന്റെ നിരീക്ഷണനിലയം, കെ.പി. നാരായണപ്പിഷാരൊടിയുടെ ശ്രുതിമണ്ഡപം, പി. ദാമോദരന്‍പിള്ളയുടെ വിചാരതരംഗിണി, ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സാഹിത്യമാലിക, ശൂരനാട്കുഞ്ഞന്‍പിള്ളയുടെ കൈരളീപൂജ എന്നിവ പ്രമുഖ ഉപന്യാസ സമാഹാരങ്ങളാണ്. കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്, ജീവിത ചിന്തകള്‍ തുടങ്ങിയവ പ്രത്യാശയുടെ വിചാരധാരയാണ്. ഉപന്യാസമായിരുന്നു യുക്തിവാദികളായ എം.സി. ജോസഫിന്റെയും എ.ടി. കോവൂരിന്റെയും മാധ്യമം. ആഗോളതലത്തിലുള്ള ആശയങ്ങളുടെ വെളിച്ചം കേസരി ബാലകൃഷ്ണപിള്ള പകര്‍ന്നു തന്നതും വി.ടി. ഭട്ടതിരിപ്പാടിന്റെ വെടിവട്ട ശൈലി വെട്ടിത്തിളങ്ങിയതും എം.ആര്‍.ബി.യുടെ മൃദുലമായ കവിത്വം വിടര്‍ന്നു നിന്നതും, എം.ആര്‍. നായരുടെ (സഞ്ജയന്‍) നര്‍മമേദുരമായ ചിന്തകള്‍ കുറിക്കുകൊള്ളുന്ന ശൈലിയില്‍ പടര്‍ന്നതും, കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ വിപ്ലവോന്മുഖത ഊര്‍ജം ശേഖരിച്ചതും, എം. ഗോവിന്ദന്‍ കേരള ജനതയെ സ്വന്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും, സി.ജെ. തോമസ് ധിക്കാരിയുടെ കാതല്‍ അനുഭവപ്പെടുത്തിയതും ഉപന്യാസങ്ങളെക്കൂടി കൂട്ടുപിടിച്ചാണ്. വിമോചന തത്ത്വശാസ്ത്രം പൗലോസ് മാര്‍ പൗലോസ് കേരളജനതയെ പഠിപ്പിച്ചതും, മതവും ശാസ്ത്രവും തമ്മിലുള്ള ഇടപെടലുകള്‍ ഡോ. കെ. ഭാസ്കരന്‍ നായരും നിത്യചൈതന്യയതിയും ആവിഷ്കരിച്ചതും ഉപന്യാസത്തിന്റെ ശക്തി തെളിയിച്ചാണ്. 'ചിരിയും ചിന്തയും' കൊണ്ട് സമ്പന്നനായ ഈ.വി.യെയും ചങ്ങലം പരണ്ടക്കാരനായ സഞ്ജയനെയും പിന്തുടര്‍ന്ന ഉപന്യാസകാരന്മാര്‍ ധാരാളം. സീതാരാമന്‍, ആനന്ദക്കുട്ടന്‍, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍, എന്‍.പി. ചെല്ലപ്പന്‍ നായര്‍, വേളൂര്‍ കൃഷ്ണകുട്ടി, പി. സുബ്ബയ്യാപിള്ള, തിക്കോടിയന്‍, ഡി.സി. കിഴക്കേമുറി, രാമചന്ദ്രപ്പൈ, സുകുമാര്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട് മധുരോപന്യാസകര്‍ത്താക്കളുടേത്.
സാഹിത്യം, ശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളെയും സ്പര്‍ശിച്ച് എണ്ണൂറിലധികം ഉപന്യാസങ്ങള്‍ എഴുതിയ എന്‍.വി. കൃഷ്ണവാര്യരെ ഈ രംഗത്തെ കുലപതി എന്നു വിളിക്കാം, ഉറൂബിന്റെ ശനിയാഴ്ചകള്‍ കാവ്യമധുരമായ സല്ലാപങ്ങളുടെ രേഖയാണ്. എ.പി. ഉദയഭാനുവിന്റെ ഉപന്യാസങ്ങള്‍ നാം മറന്നുപോകുന്ന കേരളത്തെയും ധര്‍മവ്യവസ്ഥകളെയുമെല്ലാം നര്‍മത്തിലൂടെയാണെങ്കിലും ഗൌരവതരമായ വിചാരണയ്ക്ക് വിധേയമാകുന്നു. ഭാരതീയതയെക്കുറിച്ചുള്ള മികച്ച പഠനമാണ്, ഉപന്യാസങ്ങളിലൂടെ സുകുമാര്‍ അഴിക്കോട് നടത്തുന്നത്. ഗാന്ധിസം, വിദ്യാഭ്യാസം, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവ അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. ആഗോളസംസ്കൃതിയുടെ പേരില്‍ നടക്കുന്ന സാമ്രാജ്യാധിനിവേശപ്രവര്‍ത്തനങ്ങളുടെയും ഇന്ത്യ നേരിടുന്ന വിവിധ മണ്ഡലങ്ങളിലെ മൂല്യത്തകര്‍ച്ചകളുടെയും നാം കാണാതെ പോകുന്ന ഭൂവിശേഷങ്ങളുടെയും ജാഗ്രതപൂണ്ട വിവരങ്ങളാണ് എം.പി. വീരേന്ദ്രകുമാറിന്റെ ഉപന്യാസങ്ങള്‍. തീക്ഷ്ണമായ ലക്ഷ്യബോധത്തോടെ ഇത്ര സമഗ്രമായി ഉപന്യാസമെന്ന മാധ്യമം ഏറെപേര്‍ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ പി. ഗോവിന്ദപ്പിള്ളയാണ്. നിരൂപണത്തിന്റെ അതേ മാധുര്യത്തോടെ നിരവധി ഉപന്യാസങ്ങള്‍ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ മുമ്പില്‍ എന്ന രചന മലയാളത്തിന്റെ ഏറ്റവും മികച്ച ഭാവോപന്യാസമാണ്. ജൈവമനുഷ്യന്റെ നീതികള്‍ നിര്‍ധരിക്കുന്ന ആനന്ദിന്റെ ഉപന്യാസങ്ങള്‍ പുതിയ ലോകത്തിന്റെ സമഗ്രചിന്തയിലേക്കാണ് നമ്മെ നയിക്കുന്നത്. ഒ.വി. വിജയന്റെ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക് രാഷ്ട്രീയതലമാണ് മുഖ്യം. എം.പി. നാരായണപിള്ള പ്രകോപിപ്പിക്കുന്ന നര്‍മം കൊണ്ട് നമ്മുടെ ചിന്തയെ ഇളക്കി പ്രതിഷ്ഠിക്കാന്‍ ശ്രദ്ധിച്ച ബുദ്ധിശാലിയാണ്.
തന്റെ ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ വ്യാഖ്യാനത്തിനും സമകാലിക സംഭവങ്ങളുടെ വിലയിരുത്തലിനും നേതൃത്വപരമായ പങ്കുവഹിച്ച ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അതിവിപുലമായ ഉപന്യാസസഞ്ചയം വാല്യങ്ങളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട് (ഇ.എം.എസ്സിന്റെ സമ്പൂര്‍ണ കൃതികള്‍). ചരിത്രത്തിന്റെ വഴിയേ ഉള്ള സുദീര്‍ഘമായ യാത്രയുടെ പ്രതിഫലനങ്ങളാണവ. കേരളീയ ചിന്തയുടെ സജീവമായ ഇടതുപക്ഷം പിന്തുടരുന്ന നിരവധി എഴുത്തുകാര്‍ ഇന്ന് ഉപന്യാസരംഗത്ത് സജീവമാണ്. ആര്‍ഷവിജ്ഞാനരംഗത്ത് പി. പരമേശ്വരനും, വി.പനോളിയും പരിസ്ഥിതി രംഗത്ത് സുഗതകുമാരിയും, സെക്കുലര്‍ ചിന്താരംഗത്ത് ഹമീദ് ചേന്നമംഗലവും, പ്രത്യശാസ്ത്ര പഠനരംഗത്ത് കെ. വേണുവും പ്രബോധനാത്മകമായ ഉപന്യാസങ്ങള്‍ ധാരാളം രചിച്ചിട്ടുണ്ട്. ഏറെ പ്രതിഭകളുടെ വിഹാര രംഗമാണിന്ന് ഉപന്യാസസാഹിത്യം. എന്നാല്‍ പാലാ കെ.എം.മാത്യു മനുഷ്യനന്മയുടെ ബഹുമുഖ ഭാവങ്ങള്‍ സരളമായി അവതരിപ്പിച്ച് ഏറെ വ്യക്തിത്വത്തോടെ ഒറ്റപ്പെട്ടു നില്ക്കുന്നു. ആത്മീയതയും കവിത്വവും ഓളംവെട്ടിനില്ക്കുന്ന ഗദ്യത്തില്‍ രചിച്ച വി.ജി. തമ്പിയുടെ നിശ്ശബ്ദനായിരിക്കാന്‍ അവകാശമുണ്ട് എന്ന ഉപന്യാസസമാഹാരം ഉപന്യാസത്തിലെ മികച്ച ഉപലബ്ധിയില്‍പ്പെടുന്നു.
ആത്മകഥ, ജീവചരിത്രം തുടങ്ങിയവ
സ്മരണീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന സാഹിത്യശാഖകളാണ് ആത്മകഥ, ജീവചരിത്രം, സ്മരണകള്‍, തൂലികാചിത്രങ്ങള്‍ എന്നിവ. ആത്മകഥയില്‍ വ്യക്തി തന്നെത്തന്നെ പരിചയപ്പെടുത്തുന്നു. മറ്റുള്ളവ അന്യരുടെ ദൃഷ്ടിയില്‍ ഒരു വ്യക്തിജീവിതത്തെയോ സാരമായ സന്ദര്‍ഭങ്ങളെയോ പരിചയപ്പെടുത്തുന്നതാണ്.
വൈക്കത്ത് പാച്ചു മൂത്തതിന്റെ ആത്മകഥയാണ് മലയാളത്തില്‍ ആദ്യം വെളിച്ചം കണ്ട ആത്മകഥാ ഗ്രന്ഥം. മലയാളിയെ വികാരാധീനരാക്കിയ ആത്മകഥയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തല്‍. ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകള്‍, ഓര്‍മയില്‍ നിന്ന് എന്നിവ അതിന്റെ ഉചിതമായ പൂരണമാണ്. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ സ്മരണ മണ്ഡലം അക്കാലത്തെ സമുദായിക കാലാവസ്ഥയില്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ആത്മകഥയാണ്. ഇ.വി. കൃഷ്ണപിള്ളയുടെ ജീവിത സ്മരണകള്‍ മറ്റുള്ളവരെപ്പോലെ തന്നെയും സ്വതന്ത്രമായി വിലയിരുത്തുന്ന സരസമായ രചനയാണ്. ആര്‍. ഈശ്വരപിള്ള, സര്‍ദാര്‍ കെ.എം. പണിക്കര്‍, മന്നത്തുപദ്മനാഭന്‍ (എന്റെ സ്മരണകള്‍) എന്നിവരുടെ ആത്മകഥകള്‍ അവരുടെ പ്രവര്‍ത്തനമണ്ഡലത്തിലൂടെയുള്ള സുഗമസഞ്ചാരങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവുമായ ചിത്രമാണ് കെ.സി. മാമ്മന്‍ മാപ്പിളയുടെ ജീവിതസ്മരണകള്‍. ജീര്‍ണിപ്പിന്റെ ആഴങ്ങളില്‍ നിന്ന് പരിഷ്കരണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഒരു സമൂഹത്തിന്റെ ചിത്രണം ആ പരിവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ആള്‍തന്നെ മറയില്ലാതെ ചിത്രീകരിക്കുന്നതാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും. കേശവദേവ് എന്ന വിപ്ലവവ്യക്തിത്വത്തെ എതിര്‍പ്പില്‍ കാണാം. മുണ്ടശ്ശേരി, തകഴി, ജീ. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെ ആത്മകഥകള്‍ നമ്മുടെ നവോത്ഥാന കാലഘട്ടത്തിലെ സാംസ്കാരിക ജീവിതവും അതിന് രൂപം കൊടുത്ത വ്യക്തികളുടെ സങ്കീര്‍ണാനുഭവങ്ങളും മനസ്സിലാക്കാന്‍ പര്യാപ്തമാണ്.
വികാരഭാവം കൊണ്ട് സവിശേഷമായ ആത്മചരിത്രങ്ങളാണ് ചങ്ങമ്പുഴയുടെ തുടിക്കുന്ന താളുകള്‍, പി. കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാഴ്ചപ്പാടുകള്‍ എന്നിവ. സ്വാതന്ത്ര്യസമരം, ലോകമഹായുദ്ധം എന്നിവയുടെ കാലത്ത് തനിക്കനുഭവിക്കേണ്ടി വന്ന ദുരിതമായ ജീവിതത്തിന്റെ ആഖ്യാനമാണ് കേശവമോനോന്റെ കഴിഞ്ഞകാലം. മാധവിക്കുട്ടിയുടെ എന്റെ കഥ വിവാദപരമായ ജീവിത സന്ദര്‍ഭങ്ങളുടെ സ്വതന്ത്രമായ വെളിപ്പെടുത്തലുകളാണ്. എന്നാല്‍ അപമാനകരമായ അവസ്ഥകള്‍ അകാരണമായി അനുഭവിക്കേണ്ടിവന്ന എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥ നമ്മെ നൊമ്പരപ്പെടുത്തും.
മൊയ്തു മൗലവി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ. കെ. ഗോപാലന്‍, പി. നാരായണന്‍ നായര്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, ഇ.കെ. നായനാര്‍, തോപ്പില്‍ഭാസി, കുമ്പളത്ത് ശങ്കുപ്പിള്ള, അക്കാമ്മ ചെറിയാന്‍, ഡോ. ജി. രാമചന്ദ്രന്‍, സി. അച്യുതമേനോന്‍, എ.പി. ഉദയഭാനു, സി. കേശവന്‍, ഫാ. വടക്കന്‍, കെ. കരുണാകരന്‍, വി.എസ്, അച്യുതാനന്ദന്‍ എന്നിവരുടെ ആത്മകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിസംഘട്ടനങ്ങളും പ്രത്യയശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള ത്യാഗസുരഭിലമായ ജീവിതങ്ങളും നാം തിരിച്ചറിയുന്നു. സിനിമ, നാടകം, കഥകളി തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വികാരഭരിതമായി വിവരിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വിവാദപരമായ ആത്മകഥ നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന രചനയാണ്. കല്യാണിക്കുട്ടിഅമ്മയുടെ പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന കൃതിയും, അന്തര്‍ജനങ്ങളുടെ അറിയാലോകം തുറന്നുകാട്ടി ആത്മകഥാരംഗത്ത് അപൂര്‍വതയോടെ നില്ക്കുന്ന ദേവകി നിലയംകോടിന്റെ രചനയും ശ്രദ്ധേയമാണ്. കന്യാസ്ത്രീ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍കൊണ്ട് ജെസ്മിയും (ആമേന്‍) സന്ന്യാസജീവിതത്തിന്റെ വിമര്‍ശനങ്ങളിലൂടെ അമര്‍ത്ത്യാനന്ദ(അര്‍ധവിരാമം)യും ശ്രദ്ധനേടി.
ക്രിസ്തുവിന്റെ ജീവിതം അഥവാ സുവിശേഷ സംഗ്രഹം എന്ന ജീവചരിത്രത്തോടെ ഗുണ്ടര്‍ട്ട് തുടങ്ങിവച്ചതാണ് മലയാളത്തിലെ ജീവചരിത്ര ശാഖ. വിശാഖം തിരുനാളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവചരിത്ര സംഗ്രഹങ്ങള്‍ തയ്യാറാക്കപ്പെട്ടു. അതില്‍ സ്വതന്ത്രകൃതികളും പരിഭാഷകളും ഉള്‍പ്പെടുന്നു. ടി. മാധവരായര്‍, ദേവ്ജി ഭിംജി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങള്‍ ഇക്കാലത്തേതാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറള്‍ മാര്‍ക്സിനെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും തയ്യാറാക്കിയ ജീവചരിത്രങ്ങള്‍ അവരെക്കുറിച്ച് മലയാളത്തില്‍ ആദ്യമുണ്ടായ രചനകളാണ്. തോമസ് പോള്‍ ഒരു ജീവചരിത്ര പരമ്പരതന്നെ സാഹിത്യകാരന്മാരെക്കുറിച്ച് തയ്യാറാക്കി-സാഹിത്യപ്രണയികള്‍- എന്നാല്‍ ഇവ വിശദരചനകളല്ല. മൂര്‍ക്കോത്ത് കുമാരന്റെ ചന്തുമേനോനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും ആ വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞ് രചിച്ചവയാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള മൂര്‍ക്കോത്തിന്റെ ജീവചരിത്രകൃതിയും പ്രത്യക്ഷാനുഭവപരമാണ്. ഒരു കേരളീയ കലാകാരനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ചിത്രമെഴുത്ത് കോയിത്തമ്പുരാനെക്കുറിച്ച് പി.എന്‍. നാരായണപിള്ള രചിച്ചതാണ്. കാല്പനികപൂര്‍വകാലത്തെ എഴുത്തുകാരെ മനസ്സിലാക്കാന്‍ ഹരിശര്‍മയുടെ വിവിധ ജീവചരിത്ര കൃതികള്‍ സഹായകമാകുന്നു.
ഭാരതത്തിലെ പ്രശസ്തരായ വ്യക്തികളെക്കുറിച്ചും സമകാലിക കേരളീയ വ്യക്തിത്വങ്ങളെക്കുറിച്ചും ഏറെ ജീവചരിത്രക്കുറിപ്പുകള്‍ തന്റെ അത്യാര്‍ജവമുള്ള ശൈലിയില്‍ അവതരിപ്പിച്ചിട്ടുണ്ട് കെ.പി. കേശവമേനോന്‍. ജവാഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി, യേശുക്രിസ്തു എന്നിവരെക്കുറിച്ചുള്ള വിശദമായ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചു. തന്റെ കഥാനായകന്റെ വ്യക്തിത്വം അന്വേഷണ ബുദ്ധിയോടെ ആഴത്തില്‍ കണ്ടെത്തുകയും അനുഭാവപൂര്‍വം ചിത്രീകരിക്കുകയും ചെയ്യുന്നതാണ് പി.കെ. പരമേശ്വരന്‍ നായരുടെ സി.വി. രാമന്‍പിള്ള എന്ന കൃതി. സാഹിത്യ പഞ്ചാനനന്‍, മഹാത്മാഗാന്ധി, നെപ്പോളിയനും ജോസഫൈനും എന്നീ ജീവചരിത്രങ്ങളിലും വിശാലമായ പശ്ചാത്തലമൊരുക്കിയാണ് കഥാനായകന്മാരെ അദ്ദേഹം വിലയിരുത്തുന്നത്.
മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ജീവചരിത്ര ഗ്രന്ഥങ്ങളാണ് എന്‍. ബാലകൃഷ്ണന്‍ നായരുടെ സാക്ഷാല്‍ സി.വി., പുത്തേഴത്ത് രാമന്‍ മേനോന്റെ ശക്തന്‍ തമ്പുരാന്‍, കെ.പി. ശങ്കരമേനോന്റെ കേസരിയുടെ കഥ, എം.പി. മന്മഥന്റെ കെ. കേളപ്പന്‍, കെ. സുരേന്ദ്രന്റെ കുമാരനാശാന്‍, എസ്. ഗുപ്തന്‍നായരുടെ അസ്ഥിയുടെ പൂക്കള്‍-ചങ്ങമ്പുഴ കവിയും കവിതയും, കെ. ഭാസ്കരപിള്ളയുടെ സ്വദേശാഭിമാനി, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ.എം.എസ്, എം. കെ. സാനുവിന്റെ ശ്രീ നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജനം തുടങ്ങിയവ. സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് ഡോ.എ. രഘു തയ്യാറാക്കിയ ജീവചരിത്രം പ്രഖ്യാപിതമായ പലധാരണകളെയും ചോദ്യം ചെയ്യുന്നു. ഒരു കേരളീയ എഴുത്തുകാരനെക്കുറിച്ചുള്ള ഏറ്റവും സുവിശദമായ ജീവചരിത്ര രചനയാണ് കെ.ടി. രാമവര്‍മയുടെ കൈരളീ വിധേയന്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍. സ്മരണകളും ആത്മകഥയും സമ്മിശ്രമായി അനുഭവപ്പെടുന്ന രചനകളാണ് എം.പി. പോളിനെക്കുറിച്ച് മിസ്സിസ് എം.പി. പോളും സി.ജെ. തോമസിനെക്കുറിച്ച് റോസി തോമസും വള്ളത്തോളിനെക്കുറിച്ച് മകന്‍ അച്യുതക്കുറുപ്പും (വള്ളത്തോള്‍ സ്മരണകള്‍) കെ. ബാലകൃഷ്ണനെക്കുറിച്ച് ചന്ദ്രികാബാലകൃഷ്ണനും, ഇ.വി.യെക്കുറിച്ച് സുഹൃത്തായ ഇ.എം. കോവൂരും, ചങ്ങമ്പുഴയെക്കുറിച്ച് ജി.പി. ശങ്കരമംഗലവും അവതരിപ്പിച്ചത്. എന്റെ കഥയില്‍ നിന്ന് തെന്നിമാറി മാധവിക്കുട്ടി ബാല്യകാല സ്മരണകള്‍, നീര്‍മാതളം പൂത്തകാലം എന്നിവയില്‍ സ്മരണകളിലൂടെ ആത്മകഥയ്ക്ക് പൂരണങ്ങള്‍ നല്കുന്നു. സ്മരണകളുടെ മറ്റൊരു ശേഖരമാണ് സര്‍വീസ് സ്റ്റോറികള്‍. തങ്ങളുടെ സജീവമായ പ്രവര്‍ത്തനകാലത്ത് ചെയ്ത കാര്യങ്ങളുടെ അണിയറ രഹസ്യങ്ങള്‍ തുറന്നു കാട്ടാന്‍ ഇത്തരം സ്മരണകള്‍ പലരെയും സഹായിച്ചിട്ടുണ്ട്. മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറി ഏറെ പ്രമുഖമാകുന്നു. പൊക്കുടന്റെ പൊന്തക്കാടുകള്‍ക്കിടയിലെ എന്റെ ജീവിതം തികച്ചും വേറിട്ടൊരു രചനയാണ്.
തൂലികാചിത്രങ്ങള്‍ ആദ്യം മലയാള ഭാഷയില്‍ പ്രചരിപ്പിച്ചത് ഇ.വി. കൃഷ്ണപിള്ളയാണ്. സി. നാരായണപിള്ളയും ആദ്യകാലത്തെ ഉത്സാഹിയായിരുന്നു. വൈക്കം അബ്ദുല്‍ഖാദറാണ് ഇതിന് ശാസ്ത്രീയമായ ഗുണമേന്മ നല്കിയത്. സരസസല്ലാപംകൊണ്ട് തൂലികാചിത്രങ്ങളെ ഏറ്റവും ആകര്‍ഷകമാക്കിയത് വി.വി. എന്നറിയപ്പെട്ട വള്ളത്തോള്‍ വാസുദേവമേനോനാണ് (മാരാരും കൂട്ടരും). കൈനിക്കരയുടെ കെടാവിളക്കുകള്‍, എസ്. ഗുപ്തന്‍നായരുടെ ക്രാന്തദര്‍ശികള്‍, എസ്.കെ. നായരുടെ ഞാന്‍ കണ്ട സാഹിത്യകാരന്മാര്‍, പൊന്‍കുന്നം വര്‍ക്കിയുടെ തൂലികാചിത്രങ്ങള്‍, ടാറ്റാപുരം സുകുമാരന്റെ പത്തുകവിതകള്‍, പത്തുകഥാകാരന്മാര്‍, പത്തു ഗദ്യകാരന്മാര്‍, മാടശ്ശേരിയുടെ എഴുത്തുകാരും എഴുത്തുകാരും, പി.എ. മേനോന്റെ നമ്മുടെ സാഹിത്യകാരന്മാര്‍, വി.ബി.സി. നായരുടെ പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കള്‍, പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണന്റെ നമ്മുടെ സാഹിത്യകാരന്മാര്‍, കെ. ഭാസ്കരനുണ്ണിയുടെ അന്തര്‍ജനം മുതല്‍ മാധവിക്കുട്ടിവരെ, എ.എന്‍.ഇ. സുവര്‍ണവല്ലിയുടെ ജീവിക്കുന്ന സാഹിത്യകാരന്മാര്‍ എന്നിവ ഗ്രന്ഥകാരന്മാര്‍ അവരവരുടെ ദൃഷ്ടിയിലൂടെ സാഹിത്യകാരന്മാരെയും സാഹിത്യജീവിതത്തെയും കണ്ടെത്തിയതിന്റെ രേഖകളാണ്. കേരളത്തിലെ ശാസ്ത്രജ്ഞരെ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം ഇക്കൂട്ടത്തിലുണ്ട്- കെ.ഗോപിനാഥന്‍നായരുടെ കേരളീയ മനഃശാസ്ത്രജ്ഞന്മാര്‍. എം.പി. വീരേന്ദ്രകുമാറിന്റെ സ്മൃതിചിത്രങ്ങള്‍ ഹൃദ്യമായ പരിചരണം കൊണ്ട് ശ്രദ്ധേയമായ തൂലികാ ചിത്രങ്ങളുടെ സമാഹരണമാണ്.
സഞ്ചാരസാഹിത്യം
ലോകത്തെ കണ്ണുതുറന്നു കണ്ടവരായിരുന്നു പഴയ സഞ്ചാരികള്‍. യാത്രാക്ലേശങ്ങള്‍ സാഹസികമായി അതിജീവിച്ചാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണകൃതിയായ വര്‍ത്തമാനപുസ്തകം പാറേമാക്കില്‍ തോമാകത്തനാരും ഔസേപ്പ്മല്പാനും കൂട്ടുചേര്‍ന്ന് രചിച്ചത്. റോമിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണിത്. എട്ടര ദശകം കഴിഞ്ഞാണ് അത്തരത്തില്‍ മറ്റൊരു കൃതി മലയാളഭാഷയിലുണ്ടായത്-കട്ടയാട് ഗോവിന്ദമേനോന്റെ കാശിയാത്രാ വിവരണം. തുടര്‍ന്ന് മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ കാശിയാത്രാചരിത്രം. ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ ലണ്ടനും പാരിസും പുതിയ ലോകക്രമത്തിലേക്കുള്ള മാറ്റം കേരളീയരെ ബോധ്യപ്പെടുത്തിയ കൃതിയാണ്. കെ.പി. കേശവമേനോന്റെ ബിലാത്തി വിശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എറെ ശ്രദ്ധിക്കപ്പെട്ടു. സി.ബി. കുമാറിന്റെ ലണ്ടന്‍ കത്തുകള്‍, കെ. രാഘവന്‍ പിള്ളയുടെ എന്റെ ലണ്ടന്‍ ജീവിതം എന്നിവ വിദേശത്തു പഠിക്കാന്‍ പോയതിന്റെ ഫലമായി രചിക്കപ്പെട്ടവയാണ്. നവലോകത്തിന്റെ വിവരണം തുടങ്ങിവച്ചത് എന്‍.ജെ. നായരാണ് (എന്റെ ഭൂപ്രദക്ഷിണ വൃത്താന്തം). പുതുമയുടെ ലോകത്തില്‍ (ഡോ. കെ. ഭാസ്കരന്‍ നായര്‍) സംസ്കൃതിയുടെ ഗതിവേഗത്തെക്കുറിച്ച് ആശങ്കാകുലനായ ഒരു ചിന്തകനെ കാണാം. എന്‍.വി. കൃഷ്ണവാര്യര്‍ (അമേരിക്കയിലൂടെ), ഇ.എം. കോവൂര്‍ (അമേരിക്കയില്‍ ആറാഴ്ചകള്‍), ഡോ. കെ.എം. ജോര്‍ജ് (അമേരിക്കയിലെ അനുഭവങ്ങള്‍), തകഴി (അമേരിക്കന്‍ തിരശ്ശീല), എം.ടി. വാസുദേവന്‍ നായര്‍ (ആള്‍ക്കൂട്ടത്തില്‍ തനിയേ), ഡോ. നന്ദകുമാര്‍ മൂര്‍ക്കത്ത് (ന്യൂയോര്‍ക്കില്‍ ഒരു ശാസ്ത്രജ്ഞന്‍) എന്നിവ അമേരിക്കന്‍ ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. റഷ്യന്‍ ജീവിതം കണ്ടെത്താനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഇ.എം.എസ്. (കമ്യൂണിസം കെട്ടിപ്പടുത്തവരുടെ കൂടെ), വി.ആര്‍. കൃഷ്ണയ്യര്‍ (സോവിയറ്റ് ഡയറി), പവനന്‍ (സോവിയറ്റ് നാട്ടില്‍) എന്നിവ റഷ്യന്‍ ജനതയെ പഠിക്കുന്നവയാണ്. ലോകം മുഴുവന്‍ ചുറ്റിക്കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എ.കെ. ഗോപാലനും (എന്റെ വിദേശ യാത്രകള്‍) സി.എച്ച്. മുഹമ്മദ്കോയയും (ലോകം ചുറ്റിക്കണ്ടു), സോവിയറ്റ് ജര്‍മനിയെപ്പറ്റി പി. ബാലഗംഗാധരമേനോനും സ്പെയിനിനെക്കുറിച്ച് കെ.ടി. രാമവര്‍മയും (കാളപ്പോരിന്റെ നാട്ടില്‍) പോളണ്ടിനെക്കുറിച്ച് എ. അടപ്പൂരും (ഞാന്‍ കണ്ട പോളണ്ട്) പലസ്തീനെക്കുറിച്ച് എ. സുജനപാലും (പൊരുതുന്ന പലസ്തീന്‍) ചൈനയെക്കുറിച്ച് കെ.എം പണിക്കരും (രണ്ടു ചൈനയില്‍) യാത്രാവിവരണങ്ങള്‍ രചിച്ചിച്ചിട്ടുണ്ട്.
ഇന്ത്യയുടെ വിവിധഭാഗങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളുടെ രേഖകളും നമുക്കു ലഭിച്ചിട്ടുണ്ട്. ഉണരുന്ന ഉത്തരേന്ത്യ (എന്‍.വി. കൃഷണവാര്യര്‍), ഹിമഗിരി വിഹാരം (തപോവന സ്വാമികള്‍), പുരി മുതല്‍ നാസിക് വരെ (വെട്ടൂര്‍ രാമന്‍ നായര്‍), യമുനയുടെ തീരത്ത് (എ.കെ. കുമാരന്‍), ഉത്തരസ്യാം ദിശി (ബാബുപോള്‍), ഹിമവാന്റെ മുകള്‍ത്തട്ടില്‍, അമര്‍നാഥ് ഗുഹയിലേക്ക് (രാജന്‍ കാക്കനാടന്‍), ചെരിപ്പും അഹന്തയും (കെ.എല്‍. മോഹനവര്‍മ) എന്നിങ്ങനെ. രാമചന്ദ്രന്റെ ഹിമാലയാനുഭൂതികളുടെ വിഹാരഭാവമാണ് സഞ്ചാരക്കുറിപ്പായ തപോഭൂമി ഉത്തരാഖണ്ഡ്. രവീന്ദ്രന്റെ ബുദ്ധപഥമാണ് മികവാര്‍ന്ന മറ്റൊരു കൃതി. കാട്ടാക്കട ദിവാകരന്റെ കേരളീയ ഗ്രാമങ്ങളിലൂടെ എന്ന ഗ്രന്ഥം കേരളക്കാഴ്ച നിറഞ്ഞ ആദ്യത്തെ മൗലിക ഗ്രന്ഥമാണ്. കേരളത്തിലെ ലോകസഞ്ചാരിയാണ് എസ്.കെ.പൊറ്റെക്കാട്ട്. ദുര്‍ഘടഘട്ടങ്ങളിലൂടെയുള്ള ക്ളേശകരമായ യാത്രയ്ക്ക് വിധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം തുടര്‍ന്ന് മലയാ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഈജിപ്ത്, ബാലിദ്വീപ്, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ ലോകം ചുറ്റി, ജനതയെ നേരിട്ടറിയുകയും കഥപോലെ അവ മലയാളിയെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സഞ്ചാരസാഹിത്യത്തിന് സര്‍ഗാത്മക മാന്യത നല്കിയത് എസ്.കെ. പൊറ്റെക്കാട്ടാണ്. യാത്രയെ സര്‍ഗാത്മകമാക്കുന്നതില്‍ വിജയിച്ച സക്കറിയയുടെ ഒരു ആഫ്രിക്കന്‍ യാത്ര, തടാകനാട് എന്നിവ വിദേശയാത്രകളുടെ ചരിത്രമാണ്. രവീന്ദ്രന്‍ തുടങ്ങിവച്ച യാത്രാവിവരണങ്ങള്‍ ദൃശ്യവത്കരിക്കപ്പെട്ടതോടെ, ആ മേഖലയിലും ചലനമുണ്ടായി. സന്തോഷ് കുളങ്ങരയുടെ യാത്രാവിവരണങ്ങള്‍ ലോകത്തെ, ജീവനോടെ നമ്മുടെ മുമ്പില്‍ പരിചയപ്പെടുത്തുന്നു. എന്നാല്‍ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂമിയില്‍ ഭാരത സംസ്കൃതിയുടെ തുടിക്കുന്ന ചരിത്രം സജീവമായി അവതരിപ്പിക്കുന്ന ഇതിഹാസ സദൃശമായ യാത്രാവിവരണമാണ്. ആമസോണും കുറേ വ്യാകുലതകളും അഗാധമായ സഹാനുഭൂതിയോടെ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുന്നു. യാത്ര, അനുഭവിക്കാനുള്ളതാണെന്ന് തെളിയിക്കുന്നതാണ് വീരേന്ദ്രകുമാറിന്റെ സഞ്ചാരകൃതികള്‍. എം.കെ. രാമചന്ദ്രനും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.
വൈജ്ഞാനിക സാഹിത്യം
സുദീര്‍ഘമായ ഒരു ദേശീയ ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. പ്രാചീനകാലംതൊട്ടേ കേരളീയരോ കേരളബന്ധമുള്ളവരോ അതില്‍ ഭാഗഭാക്കുകളുമായിരുന്നു. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതം ആയുര്‍വേദം, വാസ്തുയോഗശാസ്ത്രം എന്നിവയാണ് പ്രമുഖമായ പാരമ്പര്യ ശാസ്ത്രവിഭാഗങ്ങള്‍.
ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, വരരുചികേരളം, ദേവകേരളം, ശുക്രകേരളം, കേരളീയസൂത്രം എന്നിവയാണ് കേരളവുമായി ബന്ധപ്പെട്ട അതിപ്രാചീന ജ്യോതിഷ വിഭാഗങ്ങള്‍. 'വാക്യം' പരല്പേര്, കടപയാദിസമ്പ്രദായം ഇവയുടെ ഉപജ്ഞാതാവും കേരളബന്ധം, പറയിപെറ്റ പന്തിരുകുലത്തിലൂടെ ഇന്നും സജീവവുമായ വരരുചിയാണ് ഇവയില്‍ ഏറ്റവും പ്രാചീനന്‍.
കേരളത്തിലെ അശ്മക(കൊടുങ്ങല്ലൂര്‍)ത്തില്‍ ജനിച്ചെന്ന് തര്‍ക്കമുള്ള ആര്യഭടന്‍ എന്ന അപൂര്‍വ ജ്യോതിശ്ശാസ്ത്രജ്ഞന്റെ ആര്യഭടീയം ഏറെ പ്രചരിപ്പിച്ചിട്ടുള്ളത് കേരളത്തിലാണ്.
ആര്യഭടന്റെ പരഹിതത്തിന് കേരളീയനായ ഭാസ്കരാചാര്യന്‍ ഒന്നാമന്‍ എന്ന മഹാനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഹരിദത്തന്‍ എന്ന പണ്ഡിതന്‍, കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി പരഹിതം പരിഷ്കരിച്ച് കേരളത്തില്‍ നടപ്പില്‍വരുത്തി. തുടര്‍ന്ന് പ്രഗല്ഭ ജ്യോതിശ്ശാസ്ത്ര-ജ്യോതിഷപണ്ഡിതന്മാരുടെ തലമുറകള്‍ തന്നെ കേരളത്തിലുണ്ടായി. ശങ്കരനാരായണന്‍ (ശങ്കരനാരായണീയം), തലക്കുളത്തുഭട്ടതിരി (ദശാധ്യായി), കൃഷ്ണാചാര്യന്‍ (കൃഷ്ണീയം അഥവാ ചിന്താജ്ഞാനം), ഭാസ്കരാചാര്യര്‍ രണ്ടാമന്‍ (ലീലാവതി), ഗോവിന്ദസ്വാമി (മുഹൂര്‍ത്തരത്നം), സൂര്യദേവന്‍ (ജാതകകര്‍മപദ്ധതി), സംഗമഗ്രാമമാധവന്‍ (വേണ്വാരോഹം), വടശ്ശേരിപരമേശ്വരന്‍ നമ്പൂതിരി (ദൃഗ്ഗണിതം), ജ്യേഷ്ഠദേവന്‍ (യുക്തിഭാഷ) എന്നിങ്ങനെ. അവര്‍ കൃതികള്‍ രചിച്ചത് സംസ്കൃതത്തിലാണെങ്കിലും പടര്‍ന്നു കയറിയത് മലയാളമനസ്സുകളിലാണ്. തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി(സ്ഫുടനിര്‍ണയം)യാണ് ഇവരില്‍ പ്രായേണ അര്‍വാചീനന്‍. ഇന്റിഗ്രല്‍ കാല്‍ക്കുലസിന്റെ ബാലപാഠമായ The integrral of x d x = ½x2 ന്യൂട്ടനും ലെബനിക്സിനും ഏറെ മുമ്പേ സംഗമഗ്രാമമാധവന്‍ ഏകാദ്വേകോത്തരപദസങ്കലിതം എന്ന് സൂക്ഷ്മമായി നിര്‍വചിച്ചു. തീറ്റ, ടാന്‍ തീറ്റ എന്നിവയെ ബന്ധിപ്പിക്കുന്ന അനന്തശ്രേണി ഗ്രിഗറിശ്രേണി എന്ന് അറിയപ്പെട്ടിരുന്നത് ഇന്ന് മാധവഗ്രിഗറിശ്രേണി എന്നറിയപ്പെടുന്നു. ജ്യാമിതീയസ്ഥിരാങ്കമായ പൈയുടെ മൂല്യം 13 ദശാംശം വരെയും അദ്ദേഹം ഗണിച്ചു. ലോകോത്തരശാസ്ത്ര രചനകള്‍കൊണ്ട് കേരളം ധന്യമായ കാലമാണത്.
പുതുമനച്ചോമാതിരിയുടെ സ്മാര്‍ത്തപ്രായശ്ചിത്തം, രാജനീതി നിര്‍ണയിക്കുന്ന കുമാരഗണകന്റെ കരണദീപിക എന്നിവയും പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തരാണ് പാണ്ടനാട്ടില്‍ ഗോപാലവാര്യര്‍, കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍, ഓണക്കൂര്‍ ശങ്കരഗണകന്‍, വെണ്ണൂര്‍ ജി. ശിവശങ്കരന്‍നായര്‍ എന്നിവര്‍.
ആയുര്‍വേദം. വാഗ്ഭടന്റെ അഷ്ടാംഗഹൃദയം, സുശ്രുതന്റെയും ചരകന്റെയും സംഹിതകള്‍, സഹസ്രയോഗം എന്നീ പ്രാമാണിക ആയുര്‍വേദഗ്രന്ഥങ്ങളുടെ പ്രൗഢവ്യാഖ്യാനങ്ങളിലൂടെയാണ് ആയുര്‍വേദം കേരളത്തില്‍ വികസിച്ചത്. തനി കേരളീയമായ നാട്ടുവൈദ്യത്തിന് ഈ മഹാഗ്രന്ഥങ്ങള്‍ പിന്തുണ നല്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വ്യാഖ്യാനവിധേയമായ ആയുര്‍വേദഗ്രന്ഥം അഷ്ടാംഗഹൃദയമാണ്. കൈക്കുളങ്ങര രാമവാര്യരുടെ സമ്പൂര്‍ണവ്യാഖ്യാനം ഏറ്റവും ശ്രദ്ധേയം. ചരകസംഹിത ടി.സി. പരമേശ്വരന്‍മൂസതും സി.കെ. വാസുദേവശര്‍മയുമാണ് വ്യാഖ്യാനിച്ചത്. സുശ്രുതസംഹിതാവ്യാഖ്യാതാക്കളില്‍ വടക്കേപ്പാട്ട് നാരായണന്‍നായരാണ് പ്രമുഖന്‍. സഹസ്രയോഗം, യോഗരത്നപ്രകാശിക തുടങ്ങിയവയും ആയുര്‍വേദചികിത്സകരുടെ അമൂല്യവിജ്ഞാനശേഖരങ്ങളാണ്. ലളിതഭാഷയില്‍ ചികിത്സാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു രചിക്കപ്പെട്ട യോഗസാരം പില്ക്കാലത്ത് നവഖണ്ഡം, യോഗമുക്താവലി തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളുടെ സ്വാധീനശക്തിയാകുന്നു.
അഷ്ടവൈദ്യന്മാരും ആര്യവൈദ്യന്മാരും കേരളത്തിലെ ആയുര്‍വേദപാരമ്പര്യത്തിന് വിശ്വസനീയത വരുത്തി. കേരളത്തിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആയുര്‍വേദമായിരുന്നു പൊതുവേ സ്വീകാര്യം. വസൂരി, മലമ്പനി, വിഷൂചിക, ക്ഷയം, കുഷ്ഠം, ബാലപീഡ തുടങ്ങിയവയില്‍ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിന് ഇത് ഒട്ടേറെ വൈദ്യന്മാര്‍ക്കു പ്രേരണയായി. 1866-ല്‍ കുഞ്ഞുണ്ണിവൈദ്യരും 1911-ല്‍ കുഞ്ഞമ്പുവൈദ്യരും വിഷൂചികാചികിത്സ എന്നപേരില്‍ പദ്യത്തിലുള്ള ചികിത്സാഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു; പിന്നാലെ അംശികൃഷ്ണപിള്ള ഗദ്യത്തില്‍ വിഷൂചികയും നിവാരണമാര്‍ഗങ്ങളും എന്നൊരു കൃതിയും. വിഷവൈദ്യമാണ് വ്യാപകമായി ശ്രദ്ധനേടിയ മറ്റൊരു ചികിത്സാമേഖല. വിഷചികിത്സാ സാരസംഗ്രഹം (ചുനക്കര അച്യുതവാര്യര്‍), വിഷവൈദ്യതരംഗിണി (മുട്ടോലില്‍ എം.), ആനന്ദാമൃതം (കൃഷ്ണന്‍കുട്ടി. എം.കെ.), നീലകണ്ഠീയം, വിഷപരിഹാരം (വി.കെ.വി. നീലകണ്ഠന്‍ നമ്പൂതിരി), വിഷനാരായണീയം തുടങ്ങി ഒട്ടേറെ വിഷവൈദ്യകൃതികള്‍ ഉണ്ടായി. പ്രത്യൗഷധവിധിയും പ്രഥമ ശ്രുശ്രൂഷയും (സി.ആര്‍. കേശവന്‍ വൈദ്യര്‍) ഇതില്‍ പില്ക്കാല കൃതിയാണ്. ഇതും പദ്യത്തിലാണ് രചിച്ചിരിക്കുന്നത്. ഇത്തരം വിവിധ രോഗങ്ങളുടെ ചികിത്സകള്‍ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഏറെയുണ്ട്. ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ബോധവത്കരണത്തിന് ശ്രമിച്ച പ്രധാന വ്യക്തിയാണ് എല്‍.എ. രവിവര്‍മ.
ധാരാളം ആധാരഗ്രന്ഥങ്ങളും ആയുര്‍വേദസംബന്ധമായി രചിക്കപ്പെട്ടിട്ടുണ്ട്. തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദീയ ഔഷധ നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരന്‍ വൈദ്യന്റെ ആയുര്‍വേദ ഔഷധ നിഘണ്ടു, ടി.കെ ഉണ്ണിക്കിടാവിന്റെ ഭാഷാവിഷവൈദ്യകലിക, കെ.കെ. പണിക്കരുടെ ആയുര്‍വേദവിശ്വകോശം, പി.വി. കൃഷ്ണവാര്യരുടെ ആര്യവൈദ്യചരിതം, കൊച്ചുണ്ണിത്തമ്പുരാന്റെ പ്രയോഗസമുച്ചയം എന്നിവ പൊതുവേ ഈ വിഭാഗത്തില്‍പ്പെടുന്നു. 10,001 ഒറ്റമൂലി (ഡോ. ജെ. ഗുണമണി) ഒറ്റമൂലികളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ്. രാഘവന്‍ തിരുമുല്പാട് ജനറല്‍ എഡിറ്ററായി ആയുര്‍വേദ വിജ്ഞാനകോശവും ബി. ശ്യാമള ജനറല്‍ എഡിറ്ററായി ചികിത്സാവിജ്ഞാനകോശവും എം. നാരായണന്‍ വൈദ്യരുടെ കശ്യപസംഹിത അഥവാ വൃദ്ധജീവകീയം തന്ത്രത്തിന്റെയും കുചിമാരതന്ത്രത്തിന്റെയും തര്‍ജുമകളും വ്യാഖ്യാനങ്ങളും ആയുര്‍വേദരംഗത്ത് പുത്തന്‍ ഉണര്‍വുകള്‍ക്ക് പര്യാപ്തമാണ്. ചെറിയമഠം നാരായണന്‍ നമ്പൂതിരി, ഡോ. സി.കെ. രാമചന്ദ്രന്‍, ഡോ. കെ. മുരളീധരന്‍പിള്ള, ഡോ. കെ.ആര്‍. രാമന്‍നമ്പൂതിരി എന്നിവരാണ് ആധുനികകാലത്ത് ആയുര്‍വേദശാസ്ത്രഗ്രന്ഥരചനയില്‍ ഏറെ സജീവമായവര്‍. ഡോ. എം.എസ്. വല്യത്താന്‍ സുശ്രുത പൈതൃകം പഠനവിധേയമാക്കിയത് ഏറെ ശ്രദ്ധാര്‍ഹമാണ്.
ഹോമിയോപ്പതിയില്‍ സ്വാമി ആതുരദാസ്, പി. അപ്പുക്കുട്ടമേനോന്‍, പറവൂര്‍ കെ.എന്‍. ഗോപാലപിള്ള എന്നിവര്‍ വ്യക്തിത്വവും വൈശിഷ്ട്യവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹോമിയോ മരുന്നുകളുടെ മാനസിക ലക്ഷണങ്ങള്‍, ബീജരോഗസിദ്ധാന്തം എന്നിവ അത്തരം ഗ്രന്ഥങ്ങളാണ്.
ജര്‍മന്‍ ഡോക്ടര്‍മാരായ ലൂയികുനെ, അഡോള്‍ഫ് യുസ്ത് എന്നിവരെ ആരോഗ്യശാസ്ത്രനിരൂപണങ്ങള്‍, ആരോഗ്യചന്ദ്രോദയം എന്നീ ഗ്രന്ഥങ്ങളിലൂടെ ടി.വി. രയരപ്പക്കുറുപ്പ് മലയാളിക്ക് പരിചയപ്പെടുത്തി. പ്രകൃതിയിലേക്കു മടങ്ങുക എന്നതാണ് അതിന്റെ സാരാംശം. ഡോ. സി.ആര്‍.ആര്‍. വര്‍മ, എസ്.കെ. മാധവന്‍, ഡോ. ഉല്പലാക്ഷന്‍, ജേക്കബ് വടക്കുഞ്ചേരി തുടങ്ങിയവരാണ് നവീനകാലത്ത് അതിന് പ്രചോദകരായവര്‍.
അലോപ്പതിരംഗത്ത് വമ്പിച്ച പരിവര്‍ത്തനമാണ് കഴിഞ്ഞ നാലഞ്ചുദശകമായി ഉണ്ടായിട്ടുള്ളത്. ഡോ. മാധവന്‍കുട്ടി, ഡോ. സാംബശിവന്‍, ഡോ. കെ.എന്‍. പിഷാരടി, ഡോ. വല്യത്താന്‍ തുടങ്ങിയവര്‍ ഈ ശാസ്ത്രശാഖയ്ക്ക് ഗ്രന്ഥരചനയിലൂടെയും മാന്യത നല്കി. ഡോ. കാനം ശങ്കരപ്പിള്ള, ഡോ. കെ. മാലതി, ഡോ. ടി.എം. ഗോപിനാഥപിള്ള, ഡോ. ജോണ്‍ പോവത്തില്‍, ഡോ. വി.പി. ഗംഗാധരന്‍ തുടങ്ങിയവര്‍ ഈ രംഗത്ത് സജീവമാണ്. മനഃശാസ്ത്രം, അര്‍ബുദം, വൃക്കരോഗം, അസ്ഥിരോഗങ്ങള്‍, ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് സന്നദ്ധരാണ്.
കെ.ആര്‍. കൃഷ്ണപിള്ളയുടെ മനഃശാസ്ത്രമാണ് മനസ്സിന്റെ പഠനത്തില്‍ മലയാളത്തിലുണ്ടായ ആദ്യ സ്വതന്ത്രകൃതി. അശമന്നൂര്‍ ഹരിഹരന്‍, പി.എം. മാത്യു വെല്ലൂര്‍, ഡോ. സി.ജി. ശാന്തകുമാര്‍, ഡോ. എന്‍. പ്രഭാകരന്‍, ഡോ. കെ.എസ്. ഡേവിഡ് തുടങ്ങിയവര്‍ മനഃശാസ്ത്രത്തെ അനുദിന ജീവിതവുമായി അടുപ്പിച്ചു. ഭാരതീയമനഃശാസ്ത്രം എന്ന നിത്യചൈതന്യയതിയുടെ കൃതി ദാര്‍ശനികമായ മനഃശാസ്ത്രപഠനമാണ്. എന്‍.എം. മുഹമ്മദലിയുടെ ജ്ഞാനാത്മക മനഃശാസ്ത്രം, കെ.ആര്‍. ഇന്ദിരയുടെ സ്ത്രൈണമനഃശാസ്ത്രം ഇവയില്‍ പുതുചിന്തകള്‍ കണ്ടെത്താം.
യോഗ. യോഗയ്ക്കുള്ള പ്രാധാന്യവും പരിശോധിക്കേണ്ടതുണ്ട്. ബോധാനന്ദസ്വാമിയാണ് ഈ രംഗത്തെ ആദ്യ പ്രമുഖ പ്രചോദകന്‍-അനുദിന വ്യായാമം, യോഗാഭ്യാസം, യോഗാസനങ്ങള്‍ എന്നീ കൃതികള്‍ അദ്ദേഹം രചിച്ചതാണ്. വെണ്‍കുളം പരമേശ്വരന്റെ യോഗാചാര്യ (2 ഭാഗം), ജി. പദ്മനാഭപിള്ളയുടെ യോഗവിദ്യ, സര്‍. സി.പി. അവതരിപ്പിച്ച പി. ബാലകൃഷ്ണശര്‍മയുടെ യോഗാസനങ്ങളും സൂര്യനമസ്കാരവും, കൃഷ്ണയ്യര്‍ ഊരകത്തിന്റെ 'സൂര്യനമസ്കാരം', ശാന്തി ധര്‍മാനന്ദ സരസ്വതിയുടെ സമഗ്രയോഗ, യോഗാചാര്യ, ഗോവിന്ദന്‍ നായരുടെ ആരോഗ്യവും ദീര്‍ഘായുസും തുടങ്ങിയവ ഈ ശാസ്ത്രരംഗത്തെ പ്രമുഖ സംഭാവനകളാണ്. ദീപക് ചോപ്ര, രോഹിത്ശര്‍മ, ശിവ്ഖേര തുടങ്ങിയവരുടെ സര്‍ഗാത്മകത വളര്‍ത്തുന്ന മനഃശാസ്ത്രാന്വേഷണങ്ങള്‍ നമ്മുടെ ശാസ്ത്രസാഹിത്യമേഖലയിലെ പുതിയ ഈടുവയ്പുകളാണ്. സി.വി. സുരേന്ദ്രന്റെ വ്യക്തിവികാസമന്ത്രങ്ങള്‍, ബി.എസ്. വാര്യരുടെ വിജയത്തിന്റെ പടവുകള്‍, അലക്സാണ്ടര്‍ ജേക്കബിന്റെ വ്യത്യസ്തരാകാന്‍ തുടങ്ങിയ പഠനങ്ങള്‍ ചിന്തയിലെ നവീനത പ്രകടിപ്പിക്കുന്ന ശാസ്ത്രദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
വാസ്തു. മാനസാരം, ശില്പരത്നം, തന്ത്രസമുച്ചയം, സുപ്രഭേദം, വാസ്തുശാസ്ത്രം മയമതം, വിശ്വകര്‍മീയം, തച്ചുശാസ്ത്രം എന്നിങ്ങനെ അറിയപ്പെടുന്ന വാസ്തു ഭൂമിയുടെ സ്വഭാവവും അതിന്മേല്‍ ഉണ്ടാക്കുന്ന നിര്‍മിതികളുടെ ആരോഗ്യകരമായ അവസ്ഥകളും ചര്‍ച്ചചെയ്യുന്ന പ്രാചീന ശാസ്ത്രമാണ്. വാസ്തു പുരുഷ സങ്കല്പം ഭാരതീയരുടേതു മാത്രമാണ്. ഓരോ സംസ്കാരത്തിനും ആവാസവ്യവസ്ഥയിലുള്ള താത്പര്യമനുസരിച്ച് വ്യത്യസ്തമായ ഇത്തരം സങ്കല്പങ്ങള്‍ ഉണ്ട്. പ്രണവവേദം എന്ന വേദവുമായാണ് ഭാരതത്തിലെ വാസ്തുശാസ്ത്രം ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. മാനസാരം എന്ന കൃതിയാണ് ഏറ്റവും പ്രാചീനം. മനുഷ്യാലയചന്ദ്രിക എന്ന പ്രാചീനഗ്രന്ഥമാണ് ഇന്ന് വാസ്തുവിന് ഏറെ പിന്തുടര്‍ന്ന് പോരുന്ന ലക്ഷണഗ്രന്ഥം. പാറയ്ക്കല്‍ കൃഷ്ണവാര്യര്‍ ഇത് തര്‍ജുമ ചെയ്തിട്ടുണ്ട്. സി. ചോയിവൈദ്യര്‍ നീലകണ്ഠനാശാരി, കൂനേഴത്ത് പരമേശ്വര മേനോന്‍ എന്നിവര്‍ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. 1893-ല്‍ പ്രസിദ്ധീകരിച്ച മനുഷ്യാലയവിധി ഇതിന്റെ മറ്റൊരു ഭാഷാന്തരമാണ്. ഇതിന്റെ മൂലവും ഭാഷാന്തരവും ചേര്‍ന്നതാണ് ശില്പിശാസ്ത്രം എന്ന ഗ്രന്ഥം. തണ്ണീര്‍മുക്കം വാസു ആശാരിയുടെ ശില്പിരത്നസമുച്ചയം, പാര്‍പ്പിടം ഇവയ്ക്കും മനുഷ്യാലയ ചന്ദ്രികയോടാണ് കടപ്പാട്. പുരുഷോത്തമന്‍ നമ്പൂതിരിയുടെ വാസ്തുലക്ഷണം, നീലകണ്ഠനാശാരിയുടെ വാസ്തുവിദ്യ ഇവയും മറിച്ചല്ല. കൂപശാസ്ത്രം കൂപനിര്‍മാണത്തിന്റെ വാസ്തുവിശകലനമാണ്. കോയിത്തു ഗോവിന്ദനാചാരിയും കെ. നീലകണ്ഠനാചാരിയുമാണ് ഇത് വ്യാഖ്യാനിച്ചിട്ടുള്ളത്. ഭൂമിയുടെ ലക്ഷണങ്ങളും ഗുണദോഷങ്ങളും നവീനഭൂമിജാതകത്തില്‍ എന്‍. കോയിത്തട്ട നിര്‍ണയിക്കുന്നു. പയ്യന്നൂര്‍ ഗോവിന്ദനാശാരി (മനുഷ്യാലയ സോപാനം), പി.വി.കെ. നെടുങ്ങാടി (ദ്രുതലക്ഷണം), കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (കെട്ടിടങ്ങള്‍), കൂനേഴന്‍ നീലകണ്ഠനാശാരി (ശില്പിരത്നം) എന്നിവര്‍ വാസ്തുശാസ്ത്ര പണ്ഡിതരാണ്. മനുഷ്യാലയ ചന്ദ്രികയെക്കുറിച്ച് ഏറ്റവും പുതിയ ഗ്രന്ഥങ്ങളിലൊന്ന് തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് രചിച്ചതാണ്. ഡോ.എ. മോഹനാക്ഷന്‍നായരുടെ 'മയമതം' വാസ്തുവിജ്ഞാനീയത്തിലെ ഏറ്റവും പുതിയ സംഭാവനകളില്‍ പ്രമുഖമാകുന്നു.
കിടങ്ങൂര്‍ രാമനാശാരി, പി.വി. ഔസേപ്പ്, ബാലഗോപാലന്‍, ടി.എസ്., ബി. ശിവന്‍, ചെറുവഞ്ചി നാരായണന്‍ നമ്പൂതിരി, നിരഞ്ജന്‍ ബാബു തുടങ്ങിയവര്‍ വാസ്തുശാസ്ത്രപഠനത്തിലും വ്യാപനത്തിലും ശ്രദ്ധാലുക്കളാണ്. വാസ്തുതത്ത്വനിര്‍ദേശങ്ങളില്‍ ആചാര്യത്വം വഹിക്കുന്ന തൃപ്രയാര്‍ ടി.കെ. പദ്മനാഭ ആചാര്യ (വാസ്തുശാസ്ത്രരത്നം) ആണ് ഇന്ന് വാസ്തുവിലെ പ്രമുഖ സമഗ്രജ്ഞാനി.
ഇതരവിജ്ഞാനശാഖകള്‍. കൊല്ലാട്ട് അച്യുതന്‍ വൈദ്യരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാന്റീഡ് എന്ന യൂറോപ്യന്‍ സസ്യങ്ങളുടെ ആകൃതികളും പ്രകൃതികളും സൂക്ഷ്മമായി പഠിച്ച് പന്ത്രണ്ടു വാല്യത്തില്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കുസ്. മലയാള ലിപിയിലാണ് അച്ചടി. ബട്ലറുടെ മൃഗചരിതം എന്ന ജന്തുശാസ്ത്രഗ്രന്ഥമാണ് ഭാഷയിലെ നവീനശാസ്ത്രാനുസൃതമായ ആദ്യഗ്രന്ഥം എന്ന് വാദമുണ്ടെങ്കിലും കൃഷിഗീത എന്നൊരു കൃഷിശാസ്ത്രദേശീയ വിജ്ഞാനഗ്രന്ഥം കാലവും കര്‍ത്താവും ആരെന്നറിയാതെ ഏതാണ്ട് നവീന മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സമകാലികാന്തരീക്ഷത്തില്‍ പ്രസക്തമായ ഒരു ശാസ്ത്രകൃതി തര്‍ജുമചെയ്യപ്പെട്ടു. സെഞ്ചിപഴനി ആണ്ടി രചിച്ച ഗോവസൂരിപ്രയോഗം അഥവാ വസൂരി നിയന്ത്രണം നവീനേതരശാസ്ത്രവിഭാഗത്തില്‍, മലയാളത്തില്‍ പൂര്‍ണമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഉപ്പോട്ടു കണ്ണന്റെ യോഗാമൃത വ്യാഖ്യാനമാണ്. 1861-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥമാണ് മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ ശാസ്ത്രഗ്രന്ഥം. എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 1857-നുമുമ്പ് അച്ചടിച്ച ഒരു ഗ്രന്ഥം ആദ്യ പേജുകള്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടുകിട്ടിയിട്ടുണ്ടെന്ന് സി.കെ. മൂസ്സത് അദ്ദേഹത്തിന്റെ ആദ്യത്തെ ശാസ്ത്രഗ്രന്ഥങ്ങള്‍ എന്ന കൃതിയില്‍ പരാമര്‍ശിച്ചുകാണുന്നു. 'മൂന്നു ഭാഗങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ മുഖപ്പേജ് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ 'പ്രത്യേക ചികിത്സ' എന്ന മൂന്നാംഭാഗത്തിന്റെ വിഷയവിവരവും ഉള്‍ച്ചട്ടയും അന്യൂനമായി ലഭിച്ചിട്ടുണ്ട്. "കോട്ടയത്ത് ഡി മുനാരില്‍ മലങ്കര ഇടവകയുടെ മാര്‍ അത്തനാസ്യോസ് മെത്രാപ്പേലിത്തായുടെ അച്ചുകൂടത്തില്‍ ഗ്രന്ഥമുദ്രണം നടന്നത് 1857-ല്‍ ആണെന്ന് പ്രസ്തുത ഉള്‍ച്ചട്ട വ്യക്തമാക്കുന്നു. അതിനാല്‍ ഒന്നും രണ്ടും ഭാഗങ്ങളുടെ മുദ്രണം ഇതിനു മുമ്പുതന്നെ നടന്നിരിക്കണം എന്നും ഊഹിക്കാം.
1847-ല്‍ ഡോ. ഗുണ്ടര്‍ട്ടിന്റെ മുന്‍കൈയോടെ ആരംഭിച്ച പശ്ചിമോദയത്തിലും 1881-ല്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിദ്യാവിലാസിനിയിലും ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1897-ല്‍ തുടങ്ങിയ ഭാഷാപോഷിണി മാസികയും വിവിധ ശാസ്ത്രശാഖകളിലെ ലേഖനങ്ങള്‍ അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1903-ല്‍ കോട്ടയ്ക്കല്‍നിന്നാരംഭിച്ച ധന്വന്തരിയെ പലപ്പോഴും മലയാളത്തിലെ ഒന്നാമത്തെ ശാസ്ത്രമാസിക എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ അത് മുഖ്യമായും വൈദ്യശാസ്ത്രസംബന്ധി മാത്രമായ മാസികയായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസാധകരും ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ പി.എസ്. വാര്യര്‍ പത്രാധിപരുമായിരുന്ന ധന്വന്തരി 1926-ല്‍ അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തി. കേരള പത്രിക, കേരള സഞ്ചാരി, മനോരമ, മലയാളി; നസ്രാണി ദീപിക, രസിക രഞ്ജിനി എന്നിങ്ങനെ ധാരാളം ആനുകാലികങ്ങള്‍ ശാസ്ത്രവിജ്ഞാനവ്യാപനത്തില്‍ തങ്ങളുടെ താളുകള്‍ നീക്കിവച്ചിരിന്നു. എന്നാല്‍ 1966-ല്‍ പ്രസിദ്ധീകരണമാരംഭിച്ച 'ശാസ്ത്രഗതി'യാണ് എല്ലാ ശാസ്ത്രശാഖകളെയും സംബന്ധിച്ചുള്ള ലേഖനങ്ങളും വിവരങ്ങളും നല്കുന്ന സമ്പൂര്‍ണ ആനുകാലികശാസ്ത്ര പ്രസിദ്ധീകരണം. 1866-ല്‍ വൈക്കത്ത് പാച്ചുമൂത്തതിന്റെ ഭാഗികമായ ശാസ്ത്രകൃതി ബാലഭൂഷണവും 1872-ല്‍ യുക്ളിഡിന്റെ ക്ഷേത്രവ്യവഹാരം പ്രഥമഭാഗവും പ്രസിദ്ധീകരിക്കപ്പെട്ടു.
രാമവര്‍മ അപ്പന്‍തമ്പുരാന്‍, ഐ.സി. ചാക്കോ, ടി.കെ. ജോസഫ് തുടങ്ങിയവര്‍ സാങ്കേതിക പദനിര്‍മാണത്തിന് നേതൃത്വം കൊടുത്തു. എസ്. രാമനാഥന്റെയും എം. നാരായണന്‍, പി. കെ. കോരു എന്നിവരുടെയും ഇംഗ്ലീഷ് മലയാളം സാങ്കേതിക ശബ്ദതാരാവലികള്‍ പുറത്തുവന്നു (ഒന്ന് ഇംഗ്ലീഷ് മലയാളം സാങ്കേതികശബ്ദനിഘണ്ടു. രണ്ട് ഇംഗ്ലീഷ് മലയാളം സാങ്കേതിക നിഘണ്ടു.) പില്ക്കാലത്ത് ഈ ദൌത്യം ഏറ്റെടുത്തത് പ്രധാനമായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വിവിധ ശാസ്ത്രശാഖകള്‍ക്കും സാഹിത്യ നിരൂപണത്തിനും നവീന മാനദണ്ഡങ്ങള്‍ സ്വീകരിച്ചുള്ള ശബ്ദാവലികള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
ഇക്കാലത്തെ ആദ്യപാഠപുസ്തകങ്ങളില്‍ ഒന്നാണ് പി. ഗോവിന്ദപ്പിള്ളയുടെ ബീജഗണിതം. ആദ്യത്തെ സചിത്ര ശാസ്ത്രഗ്രന്ഥമാണ് ഫാ. ജോണ്‍ മേയറുടെ പ്രകൃതിശാസ്ത്രം. ഏ.ആര്‍. രാജരാജവര്‍മയുടെ പ്രേരണയില്‍ രസതന്ത്രം, കൃഷിപാഠം, ജന്തുശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയവയില്‍ സാധാരണക്കാര്‍ക്ക് ലളിതഭാഷയിലുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. കൃഷ്ണന്‍ പണ്ടാല, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ. സുകുമാരന്‍, ഒ.എം. ചെറിയാന്‍, മൂര്‍ക്കോത്തുകുമാരന്‍, എം. രാമവര്‍മത്തമ്പാന്‍ തുടങ്ങിയവരായിരുന്നു ഗ്രന്ഥകര്‍ത്താക്കള്‍. ശാസ്ത്രത്തെ സാധാരണക്കാരന് പ്രാപ്യമാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് കെ.കെ. വാസു.
ശാസ്ത്രത്തിന്റെ സാമൂഹികതയില്‍ ഊന്നി എം.സി. നമ്പൂതിരിപ്പാടും ദാര്‍ശനികതയ്ക്ക് പ്രാധാന്യം നല്കി. കെ. ഭാസ്കരന്‍നായരും ശാസ്ത്രവീക്ഷണത്തിന് നേതൃത്വം നല്കി. വിവിധ ശാസ്ത്രശാഖകളോട് ഒരേസമയം ആഭിമുഖ്യമുണ്ടായിരുന്ന ഭാസ്കരന്‍നായര്‍ സാങ്കേതിക പദങ്ങള്‍ കഴിവതും കുറച്ചുപയോഗിക്കാനും ഉപയോഗിച്ചവയ്ക്കു ആവശ്യമായ വിശദീകരണം നല്‍കുവാനും ശ്രദ്ധിച്ചിരുന്നു. പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രത്തിന്റെ ഗതി, പ്രകൃതിപാഠങ്ങള്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ മലയാള ശാസ്ത്രസാഹിത്യത്തിനും രചനയ്ക്കും പുതിയപാത തുറന്നുകൊടുത്തു. കോന്നിയൂര്‍ നരേന്ദ്രനാഥ്, സി.പി. മേനോന്‍, കെ.ജി. അടിയോടി, ഒ.പി. നമ്പൂതിരിപ്പാട്, എ.സി. വാസു, മാത്യു താമരക്കാട്, ഡോ. സി.ആര്‍. നാരായണന്‍, ജോര്‍ജ് മാത്തന്‍, ഡോ. ടി.ആര്‍. ശങ്കുണ്ണി തുടങ്ങിയവരാണ് വിവിധ മേഖലകളില്‍ തുടര്‍ന്ന് ശാസ്ത്രസാഹിത്യരചനയില്‍ പ്രാഗല്ഭ്യം കാണിച്ചവര്‍.
പൊതുവിഷയങ്ങളില്‍ നിന്ന് സവിശേഷ വിഷയങ്ങളിലേക്ക് ശാസ്ത്രരചനകള്‍ വഴിമാറുന്നത്, ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായ ഒരു പരിവര്‍ത്തനമാണ്. വി.കെ. ദാമോദരന്‍ (കംപ്യൂട്ടര്‍), ബാബുജോസഫ് (അണുകേന്ദ്രീയശക്തി), വര്‍ഗീസ് മാത്യൂസ് (അണുശക്തിയുടെ കഥ), എന്‍. ബാലകൃഷ്ണന്‍ നായര്‍ (പരിസ്ഥിതിവിജ്ഞാനം), ഗോപിമണി (വിത്തുസസ്യശാസ്ത്രം), ഇന്ദുചൂഡന്‍ (കേരളത്തിലെ പക്ഷികള്‍), ഡോ. എ. അച്യുതന്‍, ഡോ. എം.കെ. പ്രസാദ് (പരിസ്ഥിതിശാസ്ത്രജ്ഞര്‍), ഹേലി, സീരി (കൃഷിശാസ്ത്രജ്ഞര്‍) തുടങ്ങിയവര്‍ ഇതില്‍ ആദ്യകാലത്തെ പ്രതിനിധികളാണ്. ഇപ്പോഴും പലരും സജീവമായി രംഗത്തുണ്ട്. സി.എന്‍. പരമേശ്വരന്റെ മൈക്രോബും മനുഷ്യനും, എം.പി. പരമേശ്വരന്റെ 'പരമാണുശാസ്ത്രം-സ്ഥാനീയങ്ങളും തേജോദ്ഗിരണങ്ങളും' എസ്. പരമേശ്വരന്റെ പരമാണുവും പ്രപഞ്ചവും, എം. ബലരാമമേനോന്റെ പരമാണുചരിതം, അന്‍വര്‍സാദത്തിന്റെ (നാനോ ടെക്നോളജി), ജീവന്‍ ജോബ് തോമസിന്റെ പരിണാമസിദ്ധാന്തം, പുതിയവഴികള്‍ കണ്ടെത്തലുകള്‍, ഡോ. എ.എന്‍. നമ്പൂതിരിയുടെ ഡോളിയും പോളിയും ബയോളജിയും; ഇവയെല്ലാം ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഉത്സാഹങ്ങളാണ്. പ്രപഞ്ചവിജ്ഞാനപഠനത്തില്‍ ജി.കെ. ശശിധരന്റെ മഹാപ്രപഞ്ചമാണ് ഏറ്റവും പ്രൌഢം. കംപ്യൂട്ടര്‍, മൈക്രോബയോളജി, ബയോകെമിസ്ട്രി, വിവരസാങ്കേതികരംഗത്തെ പുതിയ പരിവര്‍ത്തനങ്ങള്‍ ഇവയാണ് ഏറ്റവും പുതിയ സജീവശാസ്ത്രമേഖലകള്‍. ഇന്റര്‍നെറ്റ് സൃഷ്ടിച്ച വിജ്ഞാനവ്യാപനത്തിന് അടിസ്ഥാനഗ്രന്ഥങ്ങളിലൂടെ പിന്തുണനല്കാന്‍ ഐ.ടി. രംഗത്തുള്ളവര്‍ ശ്രദ്ധിക്കുന്നു. എം. നന്ദകുമാര്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ഘടന പരിചയപ്പെടുത്തുമ്പോള്‍ കോറല്‍ഡ്രോ, എം.എസ്. എക്സല്‍, എം.എസ്. ഓഫീസ്, വിന്‍ഡോസ്, ഫോട്ടോഷോപ്പ്, വെബ്സൈറ്റ് രചന തുടങ്ങിയവ പരിചയപ്പെടുത്താന്‍ ആ രംഗത്തെ വിദഗ്ധര്‍ തയ്യാറാവുന്നു.
പ്രൊഫ. എസ്. ശിവദാസ്, ശ്രീധരന്‍ പള്ളിയറ തുടങ്ങിയവര്‍ ബാലസാഹിത്യരംഗത്ത് ശാസ്ത്രത്തിന്റെ മുന്‍നിര പ്രതിനിധികളാണ്. പി.ടി. ഭാസ്കരപ്പണിക്കര്‍ പോപ്പുലര്‍ സയന്‍സിന് പിന്തുണ നല്കി. കേരളത്തില്‍ ഏറെ സജീവവും പരിണാമിയുമാണ് ശാസ്ത്രസാഹിത്യമേഖല. ഇന്ന് ആഗോളതാപനം, ജനിതകരംഗം, ജീവതത്ത്വം, റോബോട്ടുകള്‍, പരിണാമശാസ്ത്രം, സ്റ്റീഫന്‍ഹോക്കിങ്സിന്റെ സിദ്ധാന്തങ്ങള്‍, വിവരസാങ്കേതികവിദ്യ തുടങ്ങിയവ സയന്‍സിന്റെ മേഖലയ്ക്കപ്പുറം രാഷ്ട്രത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ടു പഠിക്കുവാനും സംവാദങ്ങള്‍ ഉണര്‍ത്താനും ശാസ്ത്രജ്ഞര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ജീവശാസ്ത്രത്തിലെ നവീനത ക്ലോണിങ് എന്ത് എങ്ങനെ (സി.എ. ശിവരാമന്‍) എന്ന കൃതിയില്‍ കാണാം. ശാസ്ത്രസാഹിത്യം പ്രായോഗികശാസ്ത്രത്തിന്റെ വഴികളാണ് ഇന്നു തെളിച്ചുകൊണ്ടിരിക്കുന്നത്. കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ന് അതിനുള്ള പ്രതിഷ്ഠാപിതമായ പ്രേരകശക്തി.
ബാലസാഹിത്യം
കുട്ടികളെ മുഖ്യമായും ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ് ബാലസാഹിത്യഗ്രന്ഥങ്ങള്‍. കുട്ടികളുടെ ഇടയില്‍ പ്രചാരമുള്ള ധാരാളം നാടന്‍ പാട്ടുകളും നാടോടിക്കഥകളും നമ്മുടെ ഭാഷയിലുണ്ട്.
കുട്ടികളെ ഉദ്ദേശിച്ചെന്ന് വ്യക്തമായി നിര്‍ദേശിച്ച് എഴുതപ്പെട്ട ആദ്യ മലയാളരചന കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടാണ്. 'ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകന്മാര്‍ക്ക് ഭാഷയായി ചൊല്ലിയത്' എന്ന് കവി അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിലെ സൂത്രവാക്യം പോലുള്ള പലസന്ദര്‍ഭങ്ങളും കേരളത്തിലെ കുട്ടികള്‍ക്ക് ഒരു കാലത്ത് ഹൃദിസ്ഥമായിരുന്നു. ഉദാ. 'മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു'. കുട്ടികള്‍ക്ക് അറിവ് ഉണ്ടാകുന്നതിന് ഒരു നല്ല ഗ്രന്ഥം ഉദ്ദേശം 850-നിടയ്ക്ക് (ക്രിസ്തുവര്‍ഷം 1775) കണ്ണിപ്പറമ്പത്ത് ഒരു വിദ്വാന്‍ രചിച്ചതായി പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു (അഞ്ചടി). ചെറു പൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ കഥകള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള (1824) മലയാളകഥയിലെ ആദ്യത്തെ മിഷനറി ദൗത്യമാണ്. തര്‍ജുമയാണെങ്കിലും ഗദ്യരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ കഥകളാണവ. കുട്ടികളെ ഉദ്ദേശിച്ച് എഴുതിയ പാഠപുസ്തക രൂപത്തിലുള്ള കഥകളാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പാഠമാല (1860). ബാലബോധിയാണ് ഇക്കാലത്തെ മറ്റൊരു മിഷനറി ദൗത്യമുള്ള ബാലസാഹിത്യ സംഗ്രഹം. ഗദ്യവും പദ്യവും ഇടകലര്‍ത്തി വൈക്കത്ത് പാച്ചുമൂത്തത് 1868-ല്‍ പ്രസിദ്ധീകരിച്ച ബാലഭൂഷണത്തില്‍ ഈശ്വരവിചാരം, ദയ, സത്യം, ദേഹശുദ്ധി, വിദ്യ, ദിനചര്യ, മനം, ദാനം, ക്ഷമ, കീര്‍ത്തി എന്നിവ തൊട്ട് കാലഗണന, വാനശാസ്ത്രം, ജ്യോതിഷം തുടങ്ങിയവയും സ്ത്രീപുരുഷ മര്യാദകള്‍, ലൈംഗികബന്ധം, സന്താനോത്പാദനം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിക്കുന്നു.
1968-ലാണ് കേരളവര്‍മയുടെ സന്മാര്‍ഗ സംഗ്രഹം പ്രസിദ്ധീകരിച്ചത്. അതിനുമുമ്പേ ധനതത്ത്വനിരൂപണം എന്നൊരു കൃതി വിദ്യാര്‍ഥികള്‍ക്കു വേണ്ടി അദ്ദേഹം രചിച്ചു. വിജ്ഞാന മഞ്ജരി, കഥാകൗതുക മഞ്ജരി, സാരോപദേശകഥകള്‍ തുടങ്ങിയവയിലൂടെ ലേഖനങ്ങളായും കഥകളായും ബാലന്മാര്‍ക്ക് പുതിയതും പഴയതുമായ ആശയങ്ങള്‍ വിമര്‍ശനപൂര്‍വം മനസ്സിലാക്കാന്‍ സഹായകമായ അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചു. ആനുകാലികങ്ങളില്‍ കാണുന്ന ആദ്യത്തെ കഥ 1847-ല്‍ ജ്ഞാനനിക്ഷേപത്തിലെ ആനയെയും തുന്നനെയും കുറിച്ചുള്ള കഥയാണ്. ഛാത്രാണാം ഹിതാര്‍ഥം പ്രസിദ്ധപ്പെടുത്തിയതാണ് ഹിതോപദേശമെങ്കിലും അതിന്റെ ഭാഷ, കര്‍ത്താവ് എന്നിവ വ്യക്തമല്ല.
കുട്ടികള്‍ക്കുവേണ്ടി രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, ഹിതോപദേശം, സംസ്കൃതത്തിലെ കാവ്യനാടകങ്ങള്‍ എന്നിവ ആഖ്യാനം ചെയ്യുന്നതിന് ധാരാളം എഴുത്തുകാര്‍ തയ്യാറായി. കെ. പപ്പുപിള്ളയുടെ ബാലമിത്രം, ഇ.വി. കൃഷ്ണപിള്ളയുടെ പഞ്ചതന്ത്രകഥകള്‍, എം. ആര്‍ വേലുപ്പിള്ളശാസ്ത്രിയുടെ ഹിതോപദേശ കഥകള്‍, എ. രാമപ്പൈയുടെ ബാലഭാരതം, ആര്‍. ഈശ്വരപിള്ളയുടെ ശ്രീരാമന്‍, പി.എസ്. സുബ്ബരാമപ്പട്ടരുടെ പുരാണകഥകള്‍, പി. അനന്തന്‍ പിള്ളയുടെ ഭീഷ്മര്‍, കുന്നത്തു ജനാര്‍ദന മേനോന്റെ കുചേലന്‍, ഗദ്യരാമായണം, കണ്ണമ്പ്രകുഞ്ഞുണ്ണിനായരുടെ വിദുരര്‍, ചേലനാട്ട് അച്യുതമേനോന്റെ പുരാണമഞ്ജരി, മൂര്‍ക്കോത്തുകുമാരന്റെ ഭാരതകഥാ സംഗ്രഹം, ആറ്റൂരിന്റെ പുരാണ പുരുഷന്മാര്‍, ലഘുരാമായണം, താരക, കുമാരനാശാന്റെ ബാലരാമായണം, അമ്പലപ്പുഴ കൃഷ്ണശാസ്ത്രിയുടെ ഭീഷ്മവിജയം എന്നിവയെല്ലാം ആദ്യകാല ചരിത്രത്തിലുള്ള പൌരാണിക രചനകളാണ്. മൂര്‍ക്കോത്തിന്റെ ശാകുന്തളം, ടി.എസ്. കല്യാണിഅമ്മയുടെ കാദംബരി കഥാസംഗ്രഹം, എം.ആര്‍.കെ.സി.യുടെ രഘുവംശചരിതം, പി. കുഞ്ഞിരാമന്‍നായരുടെ നാഗാനന്ദം തുടങ്ങിയവ ഇക്കാലത്ത് കാവ്യനാടകാദികളില്‍ നിന്ന് പുനരാഖ്യാനം ചെയ്യപ്പെട്ടതാണ്. കെ. പരമുപിള്ളയുടെ ചരിത്ര കഥകള്‍, നന്ത്യാരുവീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ തിരുവിതാംകൂര്‍ ചരിത്രകഥകള്‍, സി.പി.ഗോവിന്ദപ്പിള്ളയുടെ തിരുവിതാംകൂര്‍ ചരിത്ര കഥകള്‍, ജോസഫ് ഇമ്മട്ടിമാത്യുവിന്റെ ധീരോദാത്ത കഥകള്‍ എന്നിവ ചരിത്ര വിഭാഗത്തിലെ ആദ്യകാലരചനകളാണ്. ഭാരത കഥാപാത്രമാല, സംസ്കൃത സാഹിത്യമാല എന്നിവ പി.എം. കുമാരന്‍ നായരുടെ പ്രസിദ്ധീകരണപരമ്പരകളാകുന്നു. മഹച്ചരിത സംഗ്രഹമാണ് ജീവചരിത്രപരമായ ആദ്യ ബാലകഥകള്‍. നൂറ്റിയേഴെണ്ണം ഉള്ളതില്‍ നാല്പതോളം രചിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. ബാലപ്രിയനും (ആര്‍ച്ച്ഡീക്കന്‍ ഉമ്മന്‍), നബിചരിത്ര കഥകളും (ആര്‍. മുഹമ്മദും, കെ.സി, കോമക്കുട്ടിയും) മതപരമായ കഥകളില്‍പ്പെടുന്നു. തോരണത്ത് പരമേശ്വര മേനോന്റെ ബാലോപദേശ ശതകം, പി.കെ. ഗോവിന്ദപ്പിള്ളയുടെ ബാലോപദേശം, ചേര്‍ത്തല ജാനകി അമ്മയുടെ ബാലോപദേശകഥകള്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ ബാലോപദേശം, സി.പി. ഗോവിന്ദപ്പിള്ളയുടെ നീതിപാഠങ്ങള്‍, കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെ ബാലോപദേശം എന്നിവ ബാലോപദേശകഥകളില്‍ ചിലതു മാത്രം. പാശ്ചാത്യസാഹിത്യത്തില്‍ നിന്ന് ആദ്യത്തെ ബാലരചന സി.വി. രാമന്‍പിള്ളയുടെ റോബിന്‍സണ്‍ ക്രൂസോ ആണ്. പി. പരമുപിള്ള, ആര്‍. ഈശ്വരപിള്ള, പി. അനന്തന്‍പിള്ള തുടങ്ങിയവര്‍ ഷെയ്ക്സ്പിയര്‍ കഥകള്‍ അവതരിപ്പിച്ചു. ചോസര്‍ കഥകള്‍, യവനകഥകള്‍, അറബിക്കഥകള്‍ എന്നിവയുടെ പുനരാഖ്യാനമാണ് മറ്റൊരു പ്രധാന ബാലസാഹിത്യശേഖരം. കെ. പരമുപിള്ള, സി.പി. പരമേശ്വരന്‍പിള്ള, എസ്. കുഞ്ഞുപിള്ള, കെ. പദ്മനാഭപിള്ള, ഉക്കണ്ടനുണ്ണി നായര്‍, എസ്. വെങ്കിടാചാര്യര്‍ തുടങ്ങിയവരാണ് ഇതിന് ഉത്സാഹിച്ചത്. യവനകഥകളും അറബിക്കഥകളും കുട്ടികളെ ആകര്‍ഷിച്ചവയാണ്. ഗ്രിമ്മിന്റെ കഥകളും ഈസോപ്പുകഥകളുമാണ് ലോകസാഹിത്യത്തിന്‍ നിന്ന് കുട്ടികള്‍ക്ക് പകര്‍ന്നു കിട്ടിയ മറ്റു കഥകളില്‍ പ്രധാനം, കെ. പരമുപിള്ള, ആര്‍തര്‍ രാജാവിന്റെ വീരകഥകളും (രാജകഥകള്‍) കല്യാണി അമ്മ ഈസോപ്പുകഥകളില്‍ ചിലതും ആഖ്യാനം ചെയ്തു. ടോള്‍സ്റ്റോയിക്കഥകള്‍, എ. ഗോപാലമോനോന്‍ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍), അമ്പാടി ഇക്കാവമ്മ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍), വക്കം അബ്ദുള്‍ ഖാദര്‍ (ടോള്‍സ്റ്റോയിയുടെ നീതികഥകള്‍) എന്നിവര്‍ കേരളത്തിലെ കുട്ടികള്‍ക്കുവേണ്ടി ബാലസാഹിത്യരൂപത്തില്‍ രചിച്ചു. പാവങ്ങള്‍ എന്ന ഹ്യൂഗോയുടെ നോവല്‍ ഇരുളും വെളിച്ചവും എന്ന പേരില്‍ കുട്ടികള്‍ക്കുവേണ്ടി എന്‍. കൃഷ്ണപിള്ള സംഗ്രഹിച്ചു. ഒലിവര്‍ ട്വിസ്റ്റ് (എം. ജോര്‍ജ്), രണ്ടു നഗരങ്ങളുടെ കഥ, നിധി ദ്വീപ് (ടി.എസ്. തോമസ്) എന്നിവയും കുട്ടികള്‍ക്കു വേണ്ടി രചിക്കപ്പെട്ടു.
1911-ല്‍ കെ. ഗോവിന്ദന്‍ തമ്പി രചിച്ച വിദേശീയ ബാലന്‍ എന്ന കൃതിയും കുന്നത്ത് ജനാര്‍ദനമേനോന്റെ കുചേലനും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികളെ അവരുടെ വ്യത്യസ്ത നാടുകള്‍, ആവാസ വിശേഷം, വിദ്യാഭ്യാസ സമ്പ്രദായം, നാടോടിക്കഥാമാതൃകകള്‍ ഇവയെല്ലാം സഹിതം പരിചയപ്പെടുത്തുന്ന തമ്പിയുടെ ഗ്രന്ഥത്തിന് സദൃശമായ ഒരു പിന്‍ഗാമി ഇപ്പോള്‍ ഏറെ വളര്‍ന്നിട്ടും മലയാള ബാലസാഹിത്യരംഗത്ത് ഉണ്ടായിട്ടില്ല. ശ്രീകൃഷ്ണനെ ഒരു പ്രഭുവായി സങ്കല്പിച്ചെഴുതിയതാണ് കുചേലന്‍.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ബാലസാഹിത്യ രംഗത്ത് ഉത്സാഹം കൂടുന്നു. കുമാരനാശാന്റെ ബാലരാമായണം മുമ്പേ സൂചിപ്പിച്ചു. പുഷ്പവാടി എന്ന സമാഹാരം കുട്ടിക്കവിതകളുടേതാണ്. മലയാളത്തിലെ ആദ്യമഹാകാവ്യമെഴുതിയ അഴകത്ത് പദ്മനാഭക്കുറുപ്പും (രണ്ടു രാക്ഷസന്മാര്‍) പദം കൊണ്ട് പന്താടിയ പന്തളം കേരളവര്‍മയും (നാഴികമണി, അമ്പിളി അമ്മാവന്‍, തത്ത, ആന, നക്ഷത്രം) മഹാകവി കെ.സി.കേശവപിള്ളയും (നീതി വാക്യങ്ങള്‍, അഭിനയഗാനമാലിക) മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കരും (ബാല ചൂഡാമണി) കുട്ടികളെ മറന്നിട്ടില്ല. മഹാകവി ഉള്ളൂര്‍ അഞ്ഞൂറു ശ്ലോകങ്ങളുള്ള ദീപാവലിയും പുരാണകഥകള്‍ വച്ച് സദാചാര ദീപികയും കുട്ടികള്‍ക്കായി രചിച്ചു. ഉള്ളൂരിന്റെ വകയായും എഴു ഭാഗങ്ങളിലുള്ള ഒരു പദ്യമഞ്ജരിയുണ്ട്; എല്ലാം ബാലകവിതകള്‍.
പില്ക്കാല തലമുറയില്‍പ്പെട്ട ജി. ശങ്കരക്കുറുപ്പ് (ഇളം ചുണ്ടുകള്‍, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ), വൈലോപ്പിള്ളി (കുന്നിമണികള്‍), പി. കുഞ്ഞിരാമന്‍നായര്‍ (ബാലാമൃതം), പാലാ നാരായണന്‍ നായര്‍ (ഓമനപ്പൈതല്‍), നാലാങ്കല്‍ കൃഷ്ണപിള്ള (പൂക്കൂട), അക്കിത്തം അച്യുതന്‍ നമ്പൂതിരി (ഒരു കുല മുന്തിരിങ്ങ), ഒ.എന്‍.വി. (വളപ്പൊട്ടുകള്‍), കുഞ്ഞുണ്ണി (കുഞ്ഞുണ്ണിക്കവിതകള്‍) തുടങ്ങിയവരെല്ലാം ബാലഹൃദയങ്ങളില്‍ കടന്നു കയറിയവരാണ്. കുറുംകവിതകളും കടങ്കവിതകളും കൊണ്ട് വലിയവരെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിച്ച ബാലസാഹിത്യപ്രതിഭ ദര്‍ശന ലാളിത്യമുള്ള കുഞ്ഞുണ്ണിമാഷ് തന്നെ. സിപ്പി പള്ളിപ്പുറം, പി.ഐ. ശങ്കരനാരായണന്‍ തുടങ്ങിയ കുട്ടിക്കവിതകള്‍ എഴുതുന്ന ധാരാളം ബാലസാഹിത്യകാരന്മാര്‍ ഇന്നുണ്ട്.
കഥാരംഗത്ത് കാരൂര്‍, മാലി, സുമംഗല, പി. നരേന്ദ്രനാഥ്, സി.എ. കിട്ടുണ്ണി, രാമനാഥന്‍, തായാട്ടു ശങ്കരന്‍, ഗീതാലയം ഗീതാകൃഷ്ണന്‍, എ. വിജയന്‍, ശ്രീധരന്‍ കൊയിലാണ്ടി തുടങ്ങിയവരാണ് പ്രമുഖര്‍. കാരൂര്‍ വളരെ സ്വാഭാവികതയോടെ എഴുതിയ കഥകളില്‍ അഞ്ചു കടലാസ്, ആനക്കാര്‍, അഴകനും പൂവാലിയും, രാജകുമാരിയും ഭൂതവും, ഭൃത്യന്‍ എന്നിവ ഏറെ ഹൃദയസ്പര്‍ശിയായ രചനകളാണ്. സരസ സല്ലാപത്തിന്റെ ഭാഷയാണ് മാലി രാമായണം, മാലി ഭാരതം തുടങ്ങിയ പുരാണാഖ്യാനങ്ങളിലും. പുരാണകഥാഖ്യാനത്തില്‍ ലാളിത്യവും സംഭാഷണപ്രിയത്വവും ചേര്‍ത്ത് മനോഹരമാക്കിയവയാണ് സുമംഗലയുടെ കഥകള്‍. കെ.വി. രാമനാഥന്റെ അപ്പുക്കുട്ടനും ഗോപിയും സി.എ. കിട്ടുണ്ണിയുടെ അണ്ണാറക്കണ്ണന്‍, പി. നരേന്ദ്രനാഥന്റെ കുഞ്ഞിക്കൂനന്‍, തായാട്ടു ശങ്കരന്റെ വനഭോജനം, ഉറൂബിന്റെ അപ്പുവിന്റെ ലോകം തുടങ്ങിയവ ബാലസാഹിത്യത്തിന് ഇതരശാഖകളെക്കാള്‍ മാന്യത നല്കുന്നതിന് കഴിഞ്ഞവരുടെ രചനകളാണ്. എം.ടി.യുടെ മാണിക്കക്കല്ലും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകവും ആഖ്യാനസുന്ദരമായി കുട്ടികള്‍ ആസ്വദിക്കുന്നു.
ബാലസാഹിത്യരംഗത്ത് നാടകങ്ങള്‍ രചിച്ചവരില്‍ അക്കിത്തം, ജി. ശങ്കരപ്പിള്ള എന്നിവരും ശാസ്ത്ര ലേഖനങ്ങള്‍ രചിച്ചവരില്‍ ഡോ. കെ. ഭാസ്കരന്‍ നായര്‍, പി.ടി. ഭാസ്കരപ്പണിക്കര്‍ തുടങ്ങിയവരും ഏറെ ശ്രദ്ധേയരാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്രലേഖകരുടെ എണ്ണവും ആഭിമുഖ്യവും വര്‍ധിച്ചിട്ടുണ്ട്. എന്‍.വി. കൃഷ്ണവാര്യര്‍, പാലാ കെ.എം. മാത്യു, പി.എ. വാര്യര്‍, എം.എസ്. കുമാര്‍, പ്രൊഫ. എസ് ശിവദാസ്, പ്രൊഫ. കെ. പാപ്പൂട്ടി, ടി.ആര്‍. ശങ്കുണ്ണി, സി.ജി. ശാന്തകുമാര്‍, കെ.കെ. നീലകണ്ഠന്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് തുടങ്ങിയവര്‍ ഈ രംഗത്ത് ഏറെ പ്രതിഷ്ഠാപിതരാണ്. മലയാളത്തില്‍ ഏറെ ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുള്ളത് ഡോ. കെ. ശ്രീകുമാറാണ്; ഏറെ മികച്ച ശാസ്ത്രശേഖരം പ്രൊഫ. എസ്. ശിവദാസിന്റെയും ഗണിതശേഖരം പള്ളിയറ ശ്രീധരന്റെയും.
ബാലസാഹിത്യരംഗത്ത് ധീരത കാണിച്ച പ്രസ്ഥാനമാണ് ബാലന്‍ പബ്ലിക്കേഷന്‍സ്. ചങ്ങമ്പുഴയുടെ ബാലസാഹിതി ഈ ദിശയില്‍ മറ്റൊരു ആത്മാര്‍ഥമായ പ്രവര്‍ത്തനമായിരുന്നു. തുടര്‍ന്ന് എസ്.പി.സി.എസ്., ഡി.സി, പൂര്‍ണാ പബ്ലിക്കേഷന്‍സ്, ശാസ്ത്രസാഹിത്യപരിഷത് എന്നിവ ബാലസാഹിത്യത്തിന്റെ പരിപോഷണത്തിനു മുന്നോട്ടു വന്നു. കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാഹിത്യശാഖയ്ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഒട്ടേറെ ബാലമാസികകളും ഈ രംഗത്തുണ്ടായി. ബാലമിത്രം, ബാലരമ, പൂമ്പാറ്റ, തളിര്, കുട്ടികളുടെ ദീപിക, ബാലയുഗം, ശാസ്ത്രകേരളം, യുറീക്ക, ബാലകേരളം, അമ്പിളി അമ്മാവന്‍, തത്തമ്മ, കളിച്ചെപ്പ്, ബാലമംഗളം തുടങ്ങിയവ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കി. എന്‍.എം. മോഹനന്‍ സങ്കല്പനം ചെയ്ത ബാലരമയിലെ മായാവിയാണ് ഇതില്‍ താരം.
പ്രഭാതിന്റെ ബാലവിജ്ഞാനകോശം, വിദ്യാര്‍ഥിമിത്രത്തിന്റെ വിജ്ഞാനമണ്ഡലം, സ്റ്റെപ്സിന്റെ ജീവചരിത്രവിജ്ഞാനകോശം തുടങ്ങി കുട്ടികള്‍ക്കു വേണ്ടിയുള്ള നിരവധി റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഇന്നു ലഭ്യമാണ്. ബാലസാഹിത്യരചന ഗൌരവമായ സര്‍ഗാത്മകവിഷയമായി ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നു.
ദര്‍ശനങ്ങള്‍. നാലുവേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുക്കളും പതിനെട്ടു പുരാണങ്ങളും വേദാന്തങ്ങളുമെല്ലാം തര്‍ജുമയിലൂടെയും വ്യാഖ്യാനത്തിലൂടെയും കേരളീയ പണ്ഡിതന്മാര്‍ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം, ബുദ്ധ-ജൈനമതങ്ങള്‍ ഇവിടെ സമന്വയിച്ചു. ഇവയ്ക്ക് സാന്ദ്രത നല്കാന്‍ ശ്രീശങ്കരന്റെ അദ്വൈതദര്‍ശനത്തിന് കഴിഞ്ഞു.
ഉപനിഷത്തുക്കളുടെ ക്രോഡീകരണത്തിനു ശ്രമിച്ച നവീന പണ്ഡിതന്മാരില്‍ പത്ത് ഉപനിഷത്തുക്കള്‍ വ്യാഖ്യാനിച്ച എല്‍.എ. രവിവര്‍മയാണ് പ്രാതഃസ്മരണീയന്‍. സി.കെ. നാരായണപിള്ള, ഇ.വി. രാമന്‍ നമ്പൂതിരി, ആര്‍.പി. ചിറ്റേഴം, ജാനകി എന്‍ മേനോന്‍, ടി.എന്‍.എന്‍. ഭട്ടതിരിപ്പാട് എന്നിവരെല്ലാം ഈ ബ്രഹ്മവിദ്യാസമുച്ചയത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു. മുനി നാരായണപ്രസാദ്, മൃഡാനന്ദസ്വാമി, വേദബന്ധു, നിത്യചൈതന്യയതി, ആചാര്യ നരേന്ദ്രഭൂഷണ്‍, വി. ബാലകൃഷ്ണന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി തുടങ്ങിയവരുടെ പ്രൗഢയത്നങ്ങള്‍ ഉപനിഷത് മേഖലയിലുണ്ടായി. ഡോ.എന്‍.പി. ഉണ്ണിയുടെ 108 ഉപനിഷത്, ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഉപനിഷത് സര്‍വസ്വം എന്നിവ പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി ഉപനിഷത്തുക്കളുടെ ആസ്വാദനവും നിത്യചൈതന്യയതിയുടെ തത്ത്വമസി തത്ത്വവും അനുഷ്ഠാനവും മൂല്യാപഗ്രഥനവുമാണ്.
ചതുര്‍വേദങ്ങളുടെ തര്‍ജുമകള്‍കൊണ്ടും പഠനങ്ങള്‍കൊണ്ടും സമ്പന്നമാണ് മലയാളം. വള്ളത്തോള്‍ നാരായണമേനോന്റെ ഋഗ്വേദവിവര്‍ത്തനം പ്രഖ്യാതമായ പദ്യവിവര്‍ത്തനമാണ്. ഇ.പി. അരവിന്ദാക്ഷപ്പിഷാരടി (ഋഗ്വേദസംഹിത, ഗദ്യം), എ.വി. രാധാകൃഷ്ണവൈദിക് (യജുര്‍വേദസംഹിത) എന്നിവര്‍ ഗദ്യത്തിലും വേദങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വി.കെ. നാരായണഭട്ടതിരി, ഒ.എം.സി. നമ്പൂതിരിപ്പാട്, വേദബന്ധു, ആചാര്യ നരേന്ദ്രഭൂഷന്‍, ഡി. ശ്രീമാന്‍ നമ്പൂതിരി, ഡോ.എ.ജി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ വേദാര്‍ഥ വിചാരങ്ങളുടെ നവീനലോകം തുറന്നവരാണ്. ഭഗവദ്ഗീതയ്ക്ക് ആദ്യപരിഭാഷ ഭാഷാഭഗവദദ്ഗീതയിലൂടെ വാര്‍ന്നുവീണത് ഇന്ത്യന്‍ ഭാഷകളില്‍ ശ്രേഷ്ഠമലയാളത്തിലാണ്. തുടര്‍ന്ന് നിരവധി തര്‍ജുമകളും ഭാഷ്യങ്ങളുമുണ്ടായി. പി. ശങ്കുണ്ണിമേനോന്‍, കെ.എന്‍. ഗുരുക്കള്‍, കൊല്ലങ്കോട് ഗോപാലന്‍ നായര്‍, കെ.എം.ജി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് ഭാഷ്യകര്‍ത്താക്കളില്‍ പ്രമുഖര്‍. പ്രണവവേദം എന്ന അഞ്ചാം വേദവും കേരളീയശ്രദ്ധയില്‍ പ്രമുഖമാണ്.
ഒ.എം.ചെറിയാന്റെ ഹൈന്ദവധര്‍മ സുധാകരം, ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഹിന്ദുധര്‍മതത്ത്വസാരം, സി.വി. വാസുദേവഭട്ടതിരിയുടെ ഭാരതീയ ദര്‍ശനങ്ങള്‍ തുടങ്ങി ദര്‍ശനത്തിന്റെ പൊതുലോകം അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ക്ക് ഹിന്ദുദാര്‍ശനിക മേഖലകളില്‍ പ്രമുഖ സ്ഥാനമുണ്ട്. കേരളീയന്റെ സമൂഹമനസ്സില്‍ പടര്‍ന്നേറിയതാണ് രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നിവയുടെ സംസ്കാരം. കാവ്യപാരമ്പര്യത്തോടൊപ്പം അവയ്ക്ക് ചിന്തയുടെ ഗൌരവമുള്ള ഗദ്യതര്‍ജുമകള്‍ മലയാളത്തിലുണ്ട്. വ്യാസഭാരതം (വിദ്വാന്‍ കെ. പ്രകാശം), സമ്പൂര്‍ണഭാരതം (ഡോ. കല്പറ്റ ബാലകൃഷ്ണന്‍ ജന. എഡിറ്റര്‍) എന്നിങ്ങനെ രണ്ട് സമ്പൂര്‍ണ ഗദ്യതര്‍ജുമകളുണ്ട് മഹാഭാരതത്തിന്. പുരാണങ്ങളുടെ തര്‍ജുമയില്‍ വള്ളത്തോള്‍ ശ്രദ്ധാലുവായിരുന്നു. ഭാരതപര്യടനം ഭാരതത്തെക്കുറിച്ചുള്ള കുട്ടിക്കൃഷ്ണമാരാരുടെ ഉജ്ജ്വലപഠനമാണ്. സി.വി. കുഞ്ഞിരാമനും തുറവൂര്‍ വിശ്വംഭരനും ഈ വഴിയേ പഠനം നടത്തിയിട്ടുണ്ട്. ഉപനിഷത്തുക്കള്‍, വേദഗ്രന്ഥങ്ങള്‍, പുരാണങ്ങള്‍ എന്നിങ്ങനെ ആര്‍ഷസമൃദ്ധി മലയാളവത്കരിക്കുന്നതില്‍ ഏറെ ഉത്സാഹം ഇന്ന് ഭാഷാരംഗത്ത് കാണുന്നു. സ്വാമി ചന്ദ്രശേഖരസരസ്വതിയുടെ ഹിന്ദുമതം-ഒരു സമഗ്രവീക്ഷണം ഏറ്റവും പുതിയ ഹിന്ദുമതപരിചയപഠനമാണ്. രംഗനാഥാനന്ദസ്വാമി, മൃഡാനന്ദസ്വാമി, ആഗമാനന്ദസ്വാമി, നടരാജഗുരു, വി. പനോളി തുടങ്ങിയവരാണ് ഹിന്ദുധര്‍മത്തിന്റെ വിശ്വവ്യാപകത്വം ചൂണ്ടിക്കാട്ടിയ മഹാപ്രതിഭകള്‍. പുനരാഖ്യാനം ചെയ്യപ്പെട്ട പരമഹംസര്‍ കഥകള്‍, മഹാത്മജിയുടെ വിവിധമേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍, വിവേകാനന്ദന്റെ സമ്പൂര്‍ണലേഖനങ്ങള്‍, രമണമഹര്‍ഷിയുടെയും ജിദുകൃഷ്ണമൂര്‍ത്തിയുടെയും രചനകള്‍ തുടങ്ങിയവയും ഇന്ത്യന്‍ ജീവിതത്തിന്റെ തേജോമയ ചിന്തകളുടെ സഞ്ചയങ്ങളാണ്. മഹാവീരന്റെ അഹിംസാത്മകവ്യക്തിത്വം പഠനത്തിനും സര്‍ഗാത്മകസാഹിത്യത്തിനും പ്രചോദകമായിട്ടുണ്ട്. പഞ്ചാപകേശയ്യര്‍ മഹാവീരന്റെ ചരിത്രം മലയാളിക്ക് പരിചയപ്പെടുത്തി.
ബുദ്ധദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാന കല്പലത (വള്ളത്തോള്‍), തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം, തേലപ്പുറത്ത് നാരായണന്‍നമ്പിയുടെ ധര്‍മപാദം, ധര്‍മാനന്ദ കൊസാംബിയുടെ ഭഗവാന്‍ ബുദ്ധന്‍, അശ്വഘോഷന്റെ ശ്രീബുദ്ധചരിതം തുടങ്ങിയ രചനകള്‍ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. എന്‍.ആര്‍. പിള്ളയുടെ ബുദ്ധതത്ത്വപ്രകാശിക, ജാതകകഥകള്‍, 101 സെന്‍കഥകള്‍ (എന്‍.ഡി. കൃഷ്ണനുണ്ണി) അയ്യപ്പത്തിന്റെ ധര്‍മപാദതര്‍ജുമ, രാഘവന്‍തിരുമുല്പാട്, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവരുടെ പഠനങ്ങളും കേരളീയരെ ആകര്‍ഷിച്ചു. ബസവാനുയായികള്‍ക്ക് ഗിരിരാജയുടെ ബസവദര്‍ശനം എന്ന കൃതി, വിശുദ്ധ ഖുര്‍ ആന്റെ വിവിധ തര്‍ജുമകള്‍ (സി.എന്‍. അഹമ്മദ് മൌലവി, അബ്ദുറഹ്മാന്‍മഖ് ഭൂമി, ഇമ്പിച്ചിക്കോയത്തങ്ങള്‍ തുടങ്ങിയവരുടേത്), കുഞ്ഞി അഹമ്മദ് മൗലവി പരിഭാഷപ്പെടുത്തിയ ഇഹ്യ, സമ്പൂര്‍ണ ഇസ്ലാം ചരിത്രം ശരീയത്ത്, ഇസ്ലാം മതനിയമസംഹിത തുടങ്ങിയവയും ഇസ്ലാം അനുശാസിക്കുന്ന പ്രവാചകവൈദ്യം, ഖുര്‍ ആന്‍ ചികിത്സ, സന്മാര്‍ഗം, വൈവാഹിക ജീവിതം, നിയമസംഹിത, ശാസ്ത്രസത്യങ്ങള്‍ തുടങ്ങിയ പ്രായോഗിക ജീവിതദര്‍ശനങ്ങളും ബഹുമുഖമായ ഇസ്ലാം ദര്‍ശനസമുച്ചയത്തിലുണ്ട്.
മിഷനറിമാരുടെ കാലംതൊട്ട് ബൈബിള്‍ പരിഭാഷയ്ക്കുവേണ്ടിയുള്ള ശ്രമം ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നുപോന്നിട്ടുണ്ട്. കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച മലയാളം ബൈബിളാണ് ഇതിന് തുടക്കം കുറിച്ചത്. ബെയ്ലിയുടെ പുതിയനിയമം പരിഭാഷയും ഗുണ്ടര്‍ട്ടിന്റെ സുവിശേഷസംഗ്രഹം, പുതിയ നിയമം എന്നിവയും ബൈബിള്‍ സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ സത്യവേദപുസ്തകവും തുടര്‍ന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. സത്യവേദ ഇതിഹാസം, ത്രാണകമാഹാത്മ്യം ശ്രീയേശുക്രിസ്തു മാഹാത്മ്യം, ബൈബിളിന്റെ മഞ്ഞുമ്മേല്‍ പരിഭാഷ, ഓശാന പബ്ളിക്കേഷന്‍സിന്റെ ബൈബിള്‍ പരിഭാഷ, പാസ്റ്ററല്‍ ഓറിയന്റേഷന്‍ സൊസൈറ്റിയുടെ ബൈബിള്‍ തര്‍ജുമ എന്നിങ്ങനെ ക്രിസ്ത്യന്‍ സമൂഹത്തിലെ സഭാസ്വഭാവമനുസരിച്ച് നിരവധി പരിഭാഷാ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ദാനിയേല്‍ റെഫറന്‍സ് ബൈബിള്‍ എന്ന പേരില്‍ എ.പി. ദാനിയേലിന്റെ ബൈബിളും ഉള്‍പ്പെടുന്നു.
ആരാധനാക്രമങ്ങള്‍, സാക്ഷ്യവേദങ്ങള്‍, സന്മാര്‍ഗവേദങ്ങള്‍ തുടങ്ങി ക്രിസ്തുദര്‍ശനത്തിന്റെ അനുശാസനങ്ങളും ബൈബിള്‍ പഠനങ്ങളുംകൊണ്ട് വളരെ വിപുലമാണ് ക്രിസ്തീയ ദര്‍ശനസംഹിത. പുത്തന്‍പാന, ചതുരന്ത്യം തുടങ്ങിയ അര്‍ണോസ് കൃതികള്‍, ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഉണ്ടായ പ്രാര്‍ഥനാഗീതങ്ങള്‍ ഇവയെല്ലാം ഏറെ പ്രചരിച്ചവയാണ്. ക്രിസ്ത്വാനുകരണം പരിഭാഷ സുപ്രധാന ദര്‍ശനരചനയത്രെ. സോളമന്റെ ഗീതങ്ങള്‍, പുതിയ നിയമത്തിലെ മറിയം എന്നിങ്ങനെ ദര്‍ശനവും കാവ്യസൌന്ദര്യവും തികഞ്ഞ ഭാഗങ്ങള്‍ ഏറെ പ്രത്യേകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജെ. കട്ടയ്ക്കല്‍ (ക്രൈസ്തവദര്‍ശനം), പി.ടി. കുരുവിള (ക്രൈസ്തവചിഹ്നങ്ങള്‍), കെ.ജി. കുര്യന്‍ (പുതിയ നിയമപ്രവേശിക), ജോസഫ് എം.ഒ. നെടുങ്കുന്നം (അരണ്യനാദം), പി.ടി. ചാക്കോ (അന്വേഷണം) എന്നിവര്‍ പ്രശസ്ത ക്രിസ്ത്യന്‍ ചിന്തകരാണ്. റവ. ജോസഫ് പ്ലാമ്പനയുടെ ഉപ്പ് എന്ന ഗ്രന്ഥം ബൈബിളിലെ ഉപ്പിന്റെ ധ്വനിസാന്ദ്രതയിലൂടെയുള്ള പണ്ഡിതോചിത പര്യടനമാകുന്നു. ചാവറ കുരിയാക്കോസച്ചനാണ് ക്രിസ്തുമത ദാര്‍ശനികരില്‍ പ്രമുഖനായ പണ്ഡിതന്‍. സാധു ഇട്ടിയവരനെപ്പോലുള്ള അവധൂതരും കുറവല്ല. അനുഭവസാക്ഷ്യംകൊണ്ട് ഉത്തേജനം നല്കിയവരുടെ ഗ്രന്ഥങ്ങള്‍ ഏറെ. വിതക്കാരന്റെ വചനം, വചനവഴിയേ ദൈവമേ അങ്ങെന്നെ ഉണര്‍ത്തി എന്നിങ്ങനെ. മതശാസ്ത്രത്തിന്റെ സംവാദനതലം പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ പൗലോസ്, ഫാ. അടപ്പൂര്‍ തുടങ്ങിയ പുരോഹിത പണ്ഡിതന്മാര്‍ സജീവമാക്കി. മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനത്തിന്റെ പൂക്കള്‍ വിഖ്യാതം. വിമോചനദൈവശാസ്ത്രത്തിന്റെ വക്താവാണ് പൗലോസ് മാര്‍ പൗലോസ്. മാര്‍ക്സിയന്‍ ദര്‍ശനരംഗത്ത് ഇ.എം.എസ്., കെ. ദാമോദരന്‍ സി. ഉണ്ണിരാജ, എന്‍. ഇ. ബലറാം, പി. ഗോവിന്ദപ്പിള്ള എന്നിവരുടെ ശ്രദ്ധേയമായ രചനകളുണ്ട്. മാര്‍ക്സിയന്‍ തത്ത്വഗ്രന്ഥമായ മൂലധനം മലയാളത്തിന്റെ സമ്പൂര്‍ണതര്‍ജുമയ്ക്കു വിധേയമായി. മതേതരദര്‍ശനം പടുത്തുയര്‍ത്തുന്നതില്‍ ഇവര്‍ക്കൊപ്പം പ്രൊഫ. എ.ടി. കോവൂര്‍, എം.സി. ജോസഫ് തുടങ്ങിയവര്‍ നയിച്ച യുക്തിവാദദര്‍ശനവും എന്‍.കെ. ജോസ്, കെ.കെ. കൊച്ച്, കെ.എം. സലിംകുമാര്‍, ജെയിംസ് തുടങ്ങിയവര്‍ വളര്‍ത്തിയെടുത്ത ദലിത ദര്‍ശനങ്ങളും മലയാളിയുടെ ശക്തിയായി.
ടാഗൂര്‍, മഹാത്മാഗാന്ധി, സ്വാമിവിവേകാനന്ദന്‍, അരവിന്ദമഹര്‍ഷി, രമണ മഹര്‍ഷി, ഡോ. അംബേദ്കര്‍, ജിദുകൃഷ്ണമൂര്‍ത്തി, കാറള്‍മാര്‍ക്സ്, ലെനിന്‍, ട്രോട്സ്കി, മാവോത്സെതുങ്, വാഗ്ഭടാനന്ദന്‍, സാര്‍ത്ര്, കാമു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, രംഗനാഥാനന്ദ സ്വാമി തുടങ്ങിയ ദാര്‍ശനിക വ്യക്തിത്വങ്ങളെ അടുത്തു കണ്ടറിയാന്‍ കേരളീയര്‍ ശ്രമിച്ചിട്ടുണ്ട്. ആശയതലത്തിലും പ്രായോഗികതലത്തിലും അവരെ കേരളമനസ് ഉള്‍ക്കൊണ്ടു. ആത്മവിദ്യയും ആനന്ദമതവും സത്യാന്വേഷണവും വര്‍ഗസമരവും ഭാരതീയതയും അസ്തിത്വവാദവുമെല്ലാം ഇളക്കി മറിച്ച വയലാണ് കേരളീയമനസ്. ദാര്‍ശനികഫലപുഷ്ടി അതിന് ഏറും.
കലാശാസ്ത്രങ്ങള്‍. കലാനിരൂപണങ്ങള്‍ക്ക് അടിസ്ഥാനമായ, രൂപഭാവസങ്കല്പങ്ങള്‍ നിര്‍ണയിക്കുന്ന ചിന്താശാസ്ത്രത്തെയാണ് കാവ്യമീമാംസ എന്ന് വിവരിക്കുന്നത്. ഭാരതീയ കാവ്യമീമാംസയ്ക്ക് അടിത്തറയിട്ടത് ഭരതന്റെ നാട്യശാസ്ത്രവും അതേക്കുറിച്ച് പില്ക്കാലത്തുണ്ടായ ചര്‍ച്ചകളുമാണ്. ഭരതന്റെ നാട്യശാസ്ത്രം കെ.പി. നാരായണപ്പിഷാരടി തര്‍ജുമ ചെയ്തിട്ടുണ്ട്. ആനന്ദവര്‍ധനന്റെ ധ്വന്യാലോകം, അഭിനവ ഗുപ്തന്റെ ധ്വന്യാലോകലോചനം, ഭാമഹന്റെ കാവ്യാലങ്കാരം, ഉദ്ഭടന്റെ കാവ്യാലങ്കാര സംഗ്രഹം തുടങ്ങിയവയെല്ലാം മലയാളത്തില്‍ വ്യാഖ്യാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി. ഭാരതീയ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ മൌലികമായി കണ്ടെത്തുന്ന കൃതിയാണ് രാജരാജവര്‍മയുടെ ഭാഷാഭൂഷണം. അതില്‍ പ്രാസവാദപരമായ ചര്‍ച്ച ഭാഷയുടെ മേഖലയില്‍ നടത്തിയ ആദ്യത്തെ മൗലികവും ഉത്പതിഷ്ണുത്വപരവുമായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നു. ഭാരതീയകാവ്യശാസ്ത്രം (ഡോ. ടി. ഭാസ്കരന്‍), സംസ്കൃതത്തിലെ സാഹിത്യചിന്ത (കൃഷ്ണചൈതന്യ), അഭിനവഗുപ്തന്റെ രസസിദ്ധാന്തം (വേദബന്ധു), എം.പി. പോള്‍ (സൗന്ദര്യനിരീക്ഷണം), സാഹിത്യലോചനം (പി.എം. ശങ്കരന്‍ നമ്പ്യാര്‍), അലങ്കാരശാസ്ത്രം മലയാളത്തില്‍ (ചാത്തനാണ് അച്യുതനുണ്ണി), പൗരസ്ത്യകാവ്യദര്‍ശനം (എം.എസ്. മേനോന്‍), അലങ്കാരശാസ്ത്രം (ഫാ. ജരാര്‍ദ്), അലങ്കാരശാസ്ത്രം (മുഴൂര്‍), അലങ്കാരദീപിക (എണ്ണയ്ക്കാട്ട് രാജരാജവര്‍മ) എന്നിങ്ങനെ പൌരസ്ത്യ സാഹിത്യമീമാംസയെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെയാണ്.
ഇതോടൊപ്പം കാണണം പാശ്ചാത്യസൗന്ദര്യശാസ്ത്രപരമായ ദര്‍ശനങ്ങള്‍ ക്രോഡീകരിച്ച പഠനങ്ങള്‍. എം. അച്യുതന്റെ പാശ്ചാത്യ സാഹിത്യവിമര്‍ശനം, കെ.എം. തരകന്‍ രചിച്ച പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, കെ.എം. ഡാനിയേലിന്റെ കലാദര്‍ശനം, എം.കെ. സാനുവിന്റെ കാവ്യതത്ത്വപ്രവേശിക, നിത്യചൈതന്യയതിയുടെ കലയും ആവിഷ്കാരവും, ചാത്തനാത്ത് അച്യുതനുണ്ണിയുടെ അലങ്കാരശാസ്ത്രം മലയാളത്തില്‍, നെല്ലിക്കല്‍ മുരളീധരന്റെ പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളുടെ പരിചയഗ്രന്ഥം, വിശ്വസാഹിത്യദര്‍ശനങ്ങള്‍, ഡോ. കല്പറ്റ ബാലകൃഷ്ണന്റെ നിരൂപകന്റെ വിശ്വദര്‍ശനം, ഡോ. രാധിക സി.നായരുടെ സമകാലികസാഹിത്യസിദ്ധാന്തം-ഒരു പാഠപുസ്തകം, പ്രൊഫ. കെ. ഗോപിനാഥന്‍നായരുടെ യവനകാവ്യ ചിന്തകന്മാര്‍ ഇവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. എം.കെ. ഗുരുക്കളുടെ കലാവിദ്യാവിവരണം, എ.ഡി. ഹരിശര്‍മയുടെ നാടകപ്രവേശിക, ആര്‍. നാരായണപ്പണിക്കരുടെ ഹൈന്ദവ നാട്യശാസ്ത്രം, ആറ്റൂരിന്റെ സംഗീത ചന്ദ്രിക, എ.ഡി.മാധവന്റെ കര്‍ണാടക സംഗീതമാലിക, ഹിന്ദുസ്ഥാനി സംഗീതം, എ.കെ. രവീന്ദ്രനാഥിന്റെ കര്‍ണാടകസംഗീത ചരിത്രം, മാലിയുടെ കേരളസംഗീതം, വി.ടി. മുരളിയുടെ സംഗീതത്തിന്റെ കേരളീയപാഠങ്ങള്‍ എന്നിവ കലാനിരൂപണത്തിന്റെ ഉദാത്തമാതൃകകളാണ്.
ജി. കൃഷ്ണപിള്ളയുടെ കഥകളി, മാണി മാധവചാക്യാരുടെ നാട്യകല്പദ്രുമം, പി.സി. വാസുദേവന്‍ ഇളയതിന്റെ കൃഷ്ണനാട്ടം, ഡോ. ആര്‍. ശ്രീകുമാറിന്റെ കഥകളി മുദ്ര, കെ.പി.എസ്, മേനോന്റെ കഥകളിരംഗം, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിയുടെ സര്‍വാംഗാഭിനയം, സി.പി. ഉണ്ണിക്കൃഷ്ണന്റെ കരണങ്ങള്‍, കലാമണ്ഡലം പദ്മനാഭന്‍ നായരുടെ കളിവേഷം, ചൊല്ലിയാട്ടം, അയ്മനം കൃഷ്ണക്കൈമളുടെ അഭിനയസാഹിത്യം, വേണുജിയുടെ കഥകളിയിലെ കൈമുദ്രകള്‍, പി.കെ. വിജയഭാനുവിന്റെ നൃത്യപ്രാകാശിക, ഡോ. ടി.ജി. ശൈലജയുടെ നാട്യപ്രയോഗങ്ങള്‍ എന്നിവ വിവിധ നാട്യരീതികളുടെ പഠനങ്ങളാണ്. താണ്ഡവ നാട്യത്തിന്റെ ലക്ഷണം വേദബന്ധുവിന്റെ താണ്ഡവലക്ഷണം എന്ന കൃതിയില്‍ വിവരിക്കപ്പെടുന്നു. ഇന്ദിരാഭായി തങ്കച്ചിയുടെ ഭരതനാട്യമാണ് ഈ നൃത്തരൂപത്തെക്കുറിച്ചുള്ള ആദ്യകൃതികളില്‍ ഒന്ന് (1952). ലാസലാവണ്യം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം-ചരിത്രവും ആട്ടപ്രകാരവും എന്ന കൃതിയിലും കലാവിജയന്റെ മോഹിനിയാട്ടത്തിലും നിറഞ്ഞുനില്‍ക്കുന്നു. മൃണാളിനി സാരാഭായി ഭരതനാട്യം എന്ന കൃതി രചിച്ചു. ഗിരിജാചന്ദ്രന്‍ സഹകര്‍ത്താവായി ഭരതനാട്യചിന്താമണി എന്നൊരു പഠനവുമുണ്ട്.
കേസരി ബാലകൃഷ്ണപിള്ളയുടെ നവീന ചിത്രകല, കെ.ടി. രാമവര്‍മയുടെ ചിത്രകലാപ്രസ്ഥാനങ്ങളിലൂടെ, ആര്‍. രവീന്ദ്രനാഥിന്റെ ചിത്രകല സര്‍ഗഭാവനയുടെ രൂപാന്തരങ്ങള്‍, വിജയകുമാര്‍ മേനോന്റെ ഭാരതീയ കലാചരിത്രം, ആധുനികകലയുടെ ലാവണ്യതലങ്ങള്‍, പയ്യന്നൂര്‍ കേശവനാശാരിയുടെ ചിത്രശില്പകലാശാസ്ത്രം, പദ്മനാഭന്‍തമ്പിയുടെ ചിത്രകലാദര്‍ശനം, കെ.കെ. വാര്യരുടെ ചിത്രസൂത്രം എന്നിവ ചിത്രലാവണ്യത്തിന്റെ തികവും മികവും ആലേഖനം ചെയ്യുന്നു. ശില്പകലയെക്കുറിച്ച് ആധികാരികഗ്രന്ഥമാണ് എന്‍. കോയിത്തട്ടയുടെ ഇന്ത്യന്‍ ശില്പകല. ചിത്രകലയും സാഹിത്യവുമായുള്ള ബന്ധം ആധുനികതയുടെ സവിശേഷ ചര്‍ച്ചാവിഷയമാണ്. എം.വി. ദേവന്‍, അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കെഴുതിയ അവതാരിക, ടി.ആറിന്റെ ചിത്രകലയും ചെറുകഥയും, വിജയകുമാര്‍ അനാവൃതമാക്കുന്ന സൗന്ദര്യത്തിന്റെ വിസ്മയഭാവങ്ങള്‍ ഇവയെല്ലാം ഇത്തരം ശ്രേഷ്ഠശ്രമങ്ങളാണ്. കേരളത്തിലെ ചുവര്‍ച്ചിത്രപഠനത്തില്‍ എം.ജി. ശശിഭൂഷന്‍ മുന്നിട്ടുനില്ക്കുന്നു. പ്രശസ്തചിത്രകാരനായ രാമചന്ദ്രനെക്കുറിച്ചുള്ള നിരൂപണമാണ് പി. സുരേന്ദ്രന്റെ രാമചന്ദ്രന്റെ കല.
വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കുന്നു. അന്നമനട പരമേശ്വരന്‍ മാരാരുടെ തിമിലവാദ്യം, എ.എസ്.എന്‍. നമ്പീശന്റെ മേളങ്ങള്‍ താളവാദ്യങ്ങള്‍, കോമരത്ത് ഗോപാലമേനോന്റെ താളമേളങ്ങള്‍, ഇ.പി. നാരായണപ്പിഷാരടിയുടെ മൃദംഗമഞ്ജരി, ശങ്കരവാര്യരുടെ മദ്ദളമെന്ന മംഗളവാദ്യം, ഞെരളത്ത് ഹരിഗോവിന്ദന്റെ കേരളീയവാദ്യകല, അജിത് നമ്പൂതിരിയുടെ മേളരാഗാമൃതം, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പഞ്ചവാദ്യപഠനം, പി. നാരായണന്‍ നമ്പ്യാരുടെ മിഴാവ്, ഈശ്വരനുണ്ണിയുടെ മിഴാവൊലി എന്നിങ്ങനെ കേരളീയ വാദ്യങ്ങളെ അടുത്തറിയാന്‍ മികച്ച യത്നങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. നാട്ടുവാദ്യങ്ങളും നാടന്‍ കലകളും ജനാര്‍ദനന്‍ പുതുശ്ശേരിയുടെ ഈ വിഷയത്തിലുള്ള സമഗ്രപഠനമാണ്. തെയ്യത്തിന്റെ മുഖത്തെഴുത്തിനെക്കുറിച്ച് തട്ടുംദളം എന്ന ഗ്രന്ഥത്തില്‍ ചന്ദ്രന്‍ മുട്ടത്ത് പ്രതിപാദിക്കുന്നു. പി.എം. റാംമോഹന്റെ നേപഥ്യം കഥകളിയിലെ ചുട്ടിയെ കേന്ദ്രീകരിച്ചുള്ള പഠനമാണ്. ചവിട്ടുനാടകരൂപത്തെക്കുറിച്ചുള്ള ആധികാരികപഠനമാണ് സെബിനാറാഫിയുടെ ചവിട്ടുനാടകം. കൃഷ്ണനാട്ടത്തെക്കുറിച്ച് എ.സി.ഡി. രാജയും പഠനം നടത്തിയിട്ടുണ്ട്.
നാടകകലയെക്കുറിച്ചുള്ള പഠനങ്ങള്‍കൊണ്ട് ഏറെ സമ്പന്നവുമാണ് നമ്മുടെ ഭാഷ. നാടകചരിത്രനിര്‍മാതാക്കളില്‍ പ്രധാനി ജി. ശങ്കരപ്പിള്ളയാണ്. സംവിധായകസങ്കല്പമാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷഗ്രന്ഥം. എന്‍.എന്‍. പിള്ളയുടെ നാടകദര്‍പ്പണം, കര്‍ട്ടന്‍, വയലാവാസുദേവന്‍പിള്ളയുടെ രംഗഭാഷ, അരങ്ങിന്റെ അര്‍ഥതലങ്ങള്‍, ഭാസിമടവൂരിന്റെ നാടകവേദി, മേക്കൊല്ലയുടെ നവീനനാടകാദര്‍ശം, അഴകേശന്റെ എപ്പിക് തിയെറ്റര്‍ കേരളത്തനിമയില്‍, ജി. ഗംഗാധരന്‍നായരുടെ മലയാളനാടകം : ഗ്രന്ഥപാഠവും രംഗപാഠവും, ചേലങ്ങാടിന്റെ സംഗീതനാടകപ്രസ്ഥാനം കേരളത്തില്‍, കെ. ശ്രീകുമാറിന്റെ സംഗീതനാടകചരിത്രം, ടി.പി. സുകുമാരന്റെ നാടകം കണ്ണിന്റെ കല, കാട്ടുമാടത്തിന്റെ മലയാളനാടകപ്രസ്ഥാനം, കെ.എസ്. നാരായണപിള്ളയുടെ ദൃശ്യവേദി, വൈക്കം ചന്ദ്രശേഖരന്‍നായരുടെ രംഗപ്രവേശം, നരേന്ദ്രപ്രസാദിന്റെ അരങ്ങും പൊരുളും തുടങ്ങിയവയും മലയാള നാടകപ്രവര്‍ത്തകരുടെ അഭിനയാനുഭവങ്ങളും ഇതോടൊപ്പം ചേര്‍ക്കണം. നാടകപഠനത്തില്‍ വിപ്ലവകരമായ സ്വരം ഏറെ മുഴങ്ങിയത് സി.ജെ. തോമസിന്റെ ഉയരുന്ന യവനികയിലാണ്. മഹാപണ്ഡിതനായ എം.പി. ശങ്കുണ്ണിനായര്‍ നാടകീയാനുഭവം എന്ന രസം, നാട്യമണ്ഡപം എന്നീ ഗ്രന്ഥങ്ങളില്‍ ഭാരതീയനാടകവേദിയെ ഉത്പതിഷ്ണുത്വത്തോടെ സമീപിക്കുന്നു.
സര്‍ക്കസ്, മാജിക്, കായികവിനോദങ്ങള്‍, കരാട്ടെ, കളരിപ്പയറ്റ്, മാന്ത്രികം തുടങ്ങിയവയും കലാപഠനത്തില്‍ ഉള്‍പ്പെടുത്തി വ്യവഹരിക്കുന്നു. കേരളത്തിന് ഈ വിഷയങ്ങളിലെല്ലാം ഒരു നൈരന്തര്യമുള്ളതിനാല്‍ ഏറെ പഠനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. കാലാനുസൃതമായ വീക്ഷണവ്യതിയാനങ്ങള്‍ ക്ലാസ്സിക് രൂപങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നു. വിവിധ കലാരൂപങ്ങളെക്കുറിച്ചുള്ള സമഗ്രാന്തരീക്ഷം മലയാളം അഭിമാനപൂര്‍വം നിലനിര്‍ത്തുന്നു.
നാട്ടറിവുകള്‍. നാടന്‍കലകളുടെ വൈവിധ്യം, ആചരണത്തിന്റെ അധികാരികള്‍, രീതികള്‍ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു നാടന്‍ കലാസൂചിക സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍, തെയ്യങ്ങള്‍, നാടന്‍പാട്ടുകള്‍, നാടോടി നാടകങ്ങള്‍, വിവിധസമുദായങ്ങളുടെ ആചരണക്രിയകള്‍ ഇവയെല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. വടക്കന്‍പാട്ടും തെക്കന്‍പാട്ടും പുരാണസമുദായാംശങ്ങളും ചെങ്ങന്നൂര്‍ ആതി തുടങ്ങിയ കഥാഗാനങ്ങളും നാടോടി വിജ്ഞാനത്തില്‍പ്പെടുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തീയാട്ട്, തെയ്യവും തിറയും തുടങ്ങിയവയും.
അനുഷ്ഠാനകലകളെക്കുറിച്ച് അറിവുനല്‍കുന്ന ഗ്രന്ഥങ്ങള്‍ ഏറെയാണ്. എം.വി. വിഷ്ണുനമ്പൂതിരിയാണ് ഈ രംഗത്തെ സമുന്നത വ്യക്തിത്വം. ഫോക്ലോറും ജനസംസ്കാരപഠനവും എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. വി.എം. കുട്ടിക്കൃഷ്ണമേനോന്റെ കേരളത്തിന്റെ നടനകല ജനകീയകലാ ലക്ഷണളെക്കുറിച്ചുള്ള ആഴമേറിയ പഠനമാണ്. ജി. ഭാര്‍ഗവന്‍പിള്ള, കാക്കാരിശ്ശി നാടകത്തിന്റെ രൂപനിര്‍ണയത്തില്‍ ശ്രദ്ധിച്ചു. ഫോക്ലോര്‍ രംഗത്ത് ചുമ്മാര്‍ ചൂണ്ടല്‍, വെട്ടിയാര്‍ പ്രേംനാഥ് എന്നിവര്‍ നല്‍കിയ സംഭാവനകള്‍ ഗണനീയമാണ്. വാണിദാസ് എളയാവൂര്‍, എ. രാഘവന്‍ പയ്യനാട്, മുരളീധരന്‍ തഴക്കര, വേലായുധന്‍ പണിക്കശ്ശേരി, സി.ആര്‍. സുമേഷ്, ബി. രവികുമാര്‍ തുടങ്ങിയവര്‍ നാട്ടുസൌന്ദര്യവിജ്ഞാനരംഗത്ത് സജീവരാണ്. സുമേഷിന്റെ അരങ്ങിന്റെ ബഹുസ്വരതയും അനുഷ്ഠാനത്തിന്റെ ഉത്സവപരതയും അപഗ്രഥിക്കുന്ന പറണേറ്റും ഫോക്ലോര്‍ ആചരണങ്ങള്‍ അപഗ്രഥിക്കുന്ന അനുഷ്ഠാനകല രംഗാവതരണങ്ങളും ഫോക്ലോറും ഈ രംഗത്തെ രൂപമീമാംസാപ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. രാഘവന്‍ പയ്യനാടിന്റെ ഫോക്ലോര്‍ ഒരു പഠനസഹായി, ജി. ഭാര്‍ഗവന്‍പിള്ളയുടെ നാട്ടരങ്ങ് വികാസവും പരിണാമവും അറിവിന്റെ ഈ രംഗത്ത് ലക്ഷണഗ്രന്ഥങ്ങളാണ്. അജ്ഞാത കര്‍ത്തൃകമായ കൃഷിഗീത എന്ന ഗ്രന്ഥമാണ് മലയാളത്തിലെ നാടോടി വിജ്ഞാനപ്രചോദിതമായ ആദ്യ സമ്പൂര്‍ണ കൃഷിശാസ്ത്ര രചനയെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് നാടോടിവിജ്ഞാനം കടല്‍, കാട്, നാട്, ജന്തുക്കള്‍, ചരിത്രം, വൈദ്യം, പാട്ടുകള്‍, കാവ്, പഴമൊഴി, പൂക്കള്‍, പക്ഷികള്‍, വയല്‍, വെള്ളം, ഭക്ഷണം എന്നിങ്ങനെ വ്യാപകമേഖലയാണ്. നെഗ്രിറ്റ്യൂഡ് എന്ന ഗ്രന്ഥത്തിലൂടെ കെ.എം. സലിംകുമാര്‍ അടിസ്ഥാനവിഭാഗങ്ങളുടെ സൌന്ദര്യശാസ്ത്രപ്രശ്നങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. കെ.കെ. കൊച്ച്, എന്‍.കെ. ജോസ് തുടങ്ങിയവരാണ് ഈ മേഖലയിലെ പ്രമുഖര്‍. നാടോടിവിജ്ഞാനീയത്തില്‍ ഗണ്യമായ ഒന്നാണ് ദലിതവീക്ഷണം. പൊതുസമൂഹപഠനത്തിലും ഏറെ നിയാമകം.
കവിതയിലെ നാടും നഗരവും നാട്ടുകലാസൗന്ദര്യദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നിരൂപണമാണ്. ആദിവാസി ഗാനങ്ങളുടെ അപൂര്‍വമായ ശേഖരണവും വിലയിരുത്തലുമാണ് എം. സെബാസ്റ്റ്യന്റെ കാട്ടിലെ പാട്ടുകള്‍. സിജി. എന്‍. എഴുതിയ തിറയാട്ടവും അഞ്ചടിയും സവിശേഷ നാടന്‍ രൂപപഠനമാണ്. മലബാറിലെ നാടന്‍ കലകളെ മുന്‍നിര്‍ത്തി ഡോ. കെ.കെ.എന്‍. കുറുപ്പ് രചിച്ച ദ്രാവിഡഘടകങ്ങള്‍ മലബാറിലെ നാടന്‍ കലയില്‍ എന്ന ഗ്രന്ഥം തൃക്കരിപ്പൂരിലെ രാമവില്യം കഴകത്തെക്കുറിച്ചുള്ള സവിശേഷപഠനമാണ്. നാടോടിവിജ്ഞാനം മലയാളസാഹിത്യ നിരൂപണത്തെയും ചരിത്രദര്‍ശനത്തെയും ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരുന്നതിന്റെ മാതൃകയാണ് ഈ ഗ്രന്ഥവും ഡോ. വി. റിജയുടെ തൃക്കോട്ടൂര്‍താവഴിയും. സമൂഹത്തെ ആഴത്തില്‍ അറിയുന്നതിന് ഫോക്ലോര്‍ നിയാമകശക്തിയാകുന്നു. ആധുനികചിന്തയില്‍ ഫോക്ലോറിനുള്ള ഈ സ്ഥാനം ഇന്ന് ഏറെ പരീക്ഷിക്കപ്പെടുന്നു. കേരളീയന്റെ കലാചിന്തയില്‍ പ്രത്യേകസ്ഥാനം നാടോടിവിജ്ഞാനീയത്തിന്റെ ഭാവരൂപപഠനങ്ങള്‍ നേടിയെടുത്തുകഴിഞ്ഞു.
ചലച്ചിത്രസാഹിത്യം. ജെ.സി. ഡാനിയേലിന്റെ 'വിഗതകുമാരനി'ല്‍ തുടങ്ങുന്നതാണ് മലയാളചലച്ചിത്ര ചരിത്രം. നാടകത്തിന്റെ ശൈലീവിശേഷങ്ങളും പുരാണപ്രീതികളും പരീക്ഷിച്ചു മൗലികമായ സാമൂഹ്യപ്രമേയത്തില്‍ തുടങ്ങിയെങ്കിലും നാടകത്തിലെന്നപോലെ തമിഴിന്റെ സ്വാധീനം പില്ക്കാല സിനിമയില്‍ ധാരാളമുണ്ടായി. 'സ്ത്രീ' എന്ന ചിത്രം തുടര്‍ന്ന് ജീവിതഗന്ധിയായ സിനിമയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കല എന്ന നിലയ്ക്ക് കാല്പനികതയും റിയലിസവും നിയോറിയലിസവും കമേഴ്സ്യലിസവും മലയാളശൈലിയുടെ പരിവര്‍ത്തനശൈലികളായി. അവതരണത്തിലും പ്രമേയത്തിലും ഏറെ പരീക്ഷണങ്ങള്‍ പിന്നിട്ട മലയാളസിനിമ ഇന്ത്യന്‍ സിനിമയിലെ സുപ്രധാന ശക്തിയാണ്. ഇന്ന് ന്യൂജനറേഷന്‍ എന്ന പേരില്‍ അത് വളര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ പ്രമേയങ്ങള്‍, പുതിയ അവതരണശൈലികള്‍, പുതിയ അഭിനേതാക്കള്‍ അതാണ് ന്യൂജനറേഷന്‍ സിനിമ.
ചലച്ചിത്രകലയെ അടുത്തുകാണുന്നതിന് ശ്രമിച്ച ആദ്യകാലികരില്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ (സിനിമ), ആര്‍.എസ്. നാഗവള്ളി (ചലച്ചിത്രകല), ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (സിനിമയുടെ ചരിത്രം), വേലപ്പന്‍ ആലപ്പാട്ട്, കെ. വേലപ്പന്‍, ഗോപി കുഴൂര്‍ എന്നിങ്ങനെ ഒരു നിരയുണ്ട്. അമ്പതുകളിലും അറുപതുകളിലുമാണ് അവര്‍ സിനിമാനിരൂപണം തുടങ്ങിവച്ചത്. 'നീലക്കുയില്‍' ആദ്യകാല പ്രതിഷ്ഠാപിത ചലച്ചിത്രമായി. രാമുകാര്യാട്ട്, പി. ഭാസ്കരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, കെ.പി. കുമാരന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ ആധുനിക സംവേദനശക്തിയുള്ള സംവിധായകന്‍ സിനിമയുടെ നട്ടെല്ലായ തിരക്കഥാവിഷ്കരണത്തിനും സംവിധാനത്തിന്റെ കലാപൂര്‍ണതയ്ക്കും തീവ്രവും ശക്തവുമായ മാനങ്ങള്‍ നല്കി. തുടര്‍ന്ന് എം.ടി. വാസുദേവന്‍ നായര്‍, പി. പദ്മരാജന്‍, എ.കെ. ലോഹിതദാസ്, ലെനിന്‍ രാജേന്ദ്രന്‍, ശ്യാമപ്രസാദ് തുടങ്ങിയവരും തങ്ങളുടെ ചലച്ചിത്രങ്ങളില്‍ സാഹിത്യത്തെ കൂട്ടിയിണക്കി.
സിനിമയെക്കുറിച്ചുള്ള പരിപ്രേക്ഷ്യത്തില്‍ വന്ന മാറ്റം ലോകസിനിമയുമായി സമ്പര്‍ക്കം ആഴത്തില്‍ സംഭവിച്ചതിന്റെ ഫലമാണ്. നിയോറിയലിസത്തിന്റെ വക്താവായ അടൂര്‍ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം', അരവിന്ദന്റെ 'തമ്പ്' എന്നിവയെല്ലാം രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' എന്ന ക്ലാസ്സിക്കല്‍ രചനയുടെ പിന്നാലെ കേരളീയസംവേദനത്തെ ത്വരിപ്പിച്ചു. അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, വി. രാജകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി, സലിം കാരശ്ശേരിയുടെ സിനിമാലോചന, തോട്ടം രാജശേഖരന്റെ സിനിമ മിഥ്യയും സത്യവും, ഒ.പി. രാജ്മോഹന്റെ ആധുനിക സിനിമ-സങ്കേതവും മൂല്യവും, ജി.പി. രാമചന്ദ്രന്റെ സിനിമയും മലയാളിയുടെ ജീവിതവും, എം.സി. രാജുനാരായണന്റെ സിനിമ യാഥാര്‍ഥ്യവും സ്വപ്നങ്ങളും, രവീന്ദ്രന്റെ സിനിമയിലെ രാഷ്ട്രീയം, വി.കെ. ജോസഫിന്റെ സിനിമയും പ്രത്യയശാസ്ത്രവും, മധു ഇറവങ്കരയുടെ മലയാള സിനിമയും സാഹിത്യവും, ജോണ്‍ പോളിന്റെ എം.ടി: ഒരു അനുയാത്രയും ഇതേ പാതയിലുള്ളതാണ്. കെ. ഗോപിനാഥിന്റെ സിനിമയും സംസ്കാരവും, എം. ചന്ദ്രശേഖരന്റെ ബോധതീരങ്ങളില്‍ കാലം മടിക്കുമ്പോള്‍, ജോസ് കെ. മാനുവേലിന്റെ തിരക്കഥാ സാഹിത്യം: സൗന്ദര്യവും പ്രസക്തിയും, പി. എസ്. രാധാകൃഷ്ണന്റെ ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹര്‍ഷ മൂല്യങ്ങള്‍, സുധാവാര്യരുടെ അനുകല്പനത്തിന്റെ ആട്ടപ്രകാരം എന്നിവ ഈ സാഹചര്യമുള്‍ക്കൊള്ളുന്ന രചനകളുടെ മാതൃകകളാണ്. എം.ടി. വാസുദേവന്‍നായര്‍ ചെറുകഥയിലെന്നതുപോലെ കാല്പനികതയുടെ ചേരുവകൂട്ടിയാണ് ചലച്ചിത്രവും വിഭാവനം ചെയ്തത്. 'നിര്‍മാല്യം', 'മുറപ്പെണ്ണ്', 'ഒരു വടക്കന്‍വീരഗാഥ', 'കേരളവര്‍മ പഴശ്ശിരാജ', 'പരിണയം' ഇവയെല്ലാം സംവേദനത്തിലെ മധ്യവര്‍ത്തിത്വമാണ് ഉള്‍ക്കൊള്ളുന്നത്. അരവിന്ദന്‍ വല്ലച്ചിറ 'ആത്മനിന്ദയുടെ പൂക്കള്‍' എന്ന പഠനത്തില്‍ എം.ടി.യെ പരിചയപ്പെടുത്തുന്നു. മധു വയ്പന, പി.കെ. മാത്യു, ശ്രീകുമാരന്‍തമ്പി, കോഴിക്കോടന്‍ എന്നിവര്‍ സിനിമയുടെ ശില്പബോധത്തിനും സാങ്കേതികഭദ്രതയ്ക്കും ആസ്വാദ്യതയ്ക്കും ഊന്നല്‍ നല്‍കിയ ചലച്ചിത്രനിരൂപകരാണ്. ഏറെ നിഷ്പക്ഷതയോടെ വിലയിരുത്തുന്നതില്‍ സിനിക് ശ്രദ്ധിച്ചു. ലോകസിനിമയെ പരിചയപ്പെടുത്തുന്നതില്‍ വിജയകൃഷ്ണനും (ലോകസിനിമ) ഐ. ഷണ്‍മുഖദാസും, എം.എഫ്. തോമസുമാണ് ഏറെ താത്പര്യം കാണിച്ചത്.
ഇതോടൊപ്പം സുരേഷ് എ.പി. കാഴ്ചയുടെ കലയിലും മങ്കട രവിവര്‍മ ചിത്രം ചലച്ചിത്രം എന്ന പഠനത്തിലും സി. രാധാകൃഷ്ണന്‍ സിനിമയുടെ തനിമയിലും സാങ്കേതികാംശങ്ങളുടെ അപഗ്രഥനത്തിന് മുന്‍തൂക്കം നല്‍കി.
തിരക്കഥ ഒരു സുപ്രധാന സാഹിത്യാംശമാകുകയും അതിന്റെ സൗന്ദര്യശാസ്ത്രപഠനം ഊര്‍ജസ്വലമാക്കുകയും ചെയ്തതോടെ ഒട്ടേറെ തിരക്കഥകള്‍ ഗ്രന്ഥരൂപത്തില്‍ അവതരിച്ചു. സി.എസ്. വെങ്കിടേശ്വരന്‍, കെ.പി. ജയകുമാര്‍, എന്‍.പി. സജീഷ്, സുജിത്ത് കുമാര്‍, ഡോ. ബിജു തുടങ്ങിയവരാണ് പുതിയ തലമുറയിലെ ശ്രദ്ധേയരായ ചലച്ചിത്ര നിരൂപകര്‍.
ഭാഷാശാസ്ത്രം/വ്യാകരണം. മൗലികദര്‍ശനങ്ങളുള്ള ചുരുക്കം ഭാഷാ ശാസ്ത്രവ്യാകരണഗ്രന്ഥങ്ങളെ പരിചയപ്പെടുത്താം. മലയാളത്തിലെ പ്രധാനസാഹിത്യഭാഷയായിരുന്ന മണിപ്രവാളത്തിന്റെ അപഗ്രഥനമായ ലീലാതിലകമാണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം. ലീലാതിലകം മണിപ്രവാള ഭാഷയെയും കാവ്യാംശങ്ങളെയും കുറിച്ചുള്ള പഠനമാണെങ്കിലും ആധുനികകാലപ്രസക്തി കുറവാണ്; പരാമര്‍ശങ്ങളും കുറവ്. അന്യഭാഷ പഠിക്കുമ്പോഴുള്ള ശ്രദ്ധ ഏറെ പുലര്‍ത്തിയ മിഷനറിമാര്‍ കേരളഭാഷാ വ്യാകരണത്തിന് നല്കിയ സംഭാവന ചെറുതല്ല. ആഞ്ജലോസ് ഫ്രാന്‍സിസിന്റെ വ്യവഹാരഭാഷയുടെ വ്യാകരണം, അര്‍ണോസ്പാതിരിയുടെ ഗ്രന്ഥഭാഷാവ്യാകരണം, റോബര്‍ട്ട് ഡ്രമ്മണ്ടിന്റെ വ്യാകരണം, ജോസഫ്പിറ്റ്, സ്പ്രിങ് എന്നിവരുടെ വ്യാകരണരചനകള്‍ തെളിവ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളഭാഷാവ്യാകരണവും കാള്‍ഡ്വലിന്റെ ദ്രാവിഡഭാഷാവ്യാകരണവുമാണ് ഏറ്റവും അടിസ്ഥാനപരം. ചോദ്യോത്തരരൂപത്തിലും മലയാളവ്യാകരണസംബന്ധിയായ ഒരു ഗ്രന്ഥം ഗുണ്ടര്‍ട്ട് രചിച്ചിട്ടുണ്ട്.
മിഷനറിമാരാണ് ഭാഷാ ശാസ്ത്രഗ്രന്ഥങ്ങള്‍ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചത്. മലയാഴ്മയുടെ വ്യാകരണം (റവ. ജോര്‍ജ് മാത്തന്‍) ആണ് ഒരു മലയാളിയുടെ ആദ്യഭാഷാഗ്രന്ഥം. വൈക്കത്ത് പാച്ചുമൂത്തത് (കേരള ഭാഷാവ്യാകരണം), കോവുണ്ണി നെടുങ്ങാടി (കേരളകൗമുദി) എന്നിവര്‍ ഒരേ സരണിയില്‍ തുടര്‍ന്നു. സംസ്കൃതജന്യമാണ് മലയാളം എന്ന മതം പ്രചരിപ്പിച്ച കേരളകൗമുദിക്കാരനാണ് കൂടുതല്‍ വിസ്തരിച്ച് ഭാഷ, അലങ്കാരം, വൃത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചത്. പക്ഷേ ഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇന്ന് അംഗീകരിക്കപ്പെടുന്നില്ല.
ഭാഷാവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചത് ഏ.ആര്‍. രാജരാജവര്‍മയാണ്. എങ്കിലും സജീവമായ സംസാരഭാഷയായിരുന്നില്ല അദ്ദേഹത്തിന്റെ പഠനാധാരം (കേരളപാണിനീയം, മണി ദീപിക). വ്യാകരണമിത്രം (ശേഷഗിരിപ്രഭു), പാണിനീയ പ്രദ്യോതം (ഐ.സി. ചാക്കോ), പ്രയോഗദീപിക (പി.കെ. നാരായണപിള്ള), മലയാളശൈലി, ഭാഷാപരിചയം (കുട്ടിക്കൃഷ്ണമാരാര്‍), കേരളപാണിനീയഭാഷ്യം (സി.എല്‍. ആന്റണി), കേരളപാണിനീയ വിമര്‍ശം (പുതുശ്ശേരി രാമചന്ദ്രന്‍), ഭാഷാ വിജ്ഞാനീയം (ഡോ. ഇ.വി.എന്‍. നമ്പൂതിരി), ശബ്ദസൗഭാഗ്യം (ജോണ്‍ കുന്നപ്പള്ളി), വ്യാകരണപഠനം (എസ്. അച്യുതവാര്യര്‍), മലയാളവ്യാകരണവും ഉപാഖ്യാനവും (പി.എസ്.കെ. നായര്‍) തുടങ്ങിയവ ഭാഷയുടെ പൊതുപഠനത്തിനും വ്യാകരണപ്രധാനമായ പഠനത്തിനും ശ്രദ്ധിച്ച ഗ്രന്ഥങ്ങളാണ്. ഗോദവര്‍മയുടെ കേരളഭാഷാ വിജ്ഞാനീയം, ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങള്‍ കുഞ്ഞുണ്ണി രാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ ഭാഷാവിജ്ഞാനീയം, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യര്‍, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണന്‍, ഒ. ഷംസുദ്ദീന്‍ (മാപ്പിള മലയാളം), പി. സോമശേഖരന്‍നായര്‍, എന്‍.ആര്‍. ഗോപിനാഥപിള്ള, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രന്‍നായര്‍, വേണുഗോപാലപ്പണിക്കര്‍, പന്മനരാമചന്ദ്രന്‍ നായര്‍ എന്നിവരുടെ ഭാഷാവിഷയപരമായ പഠനങ്ങള്‍ അക്കാദമിക് സ്വഭാവം പുലര്‍ത്തുന്നവയാണ്. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൌമുദിയെ തുടര്‍ന്ന് പാഠപുസ്തകരൂപത്തിലുള്ള വ്യാകരണഗ്രന്ഥങ്ങള്‍ ഭാഷയില്‍ ഉണ്ടായി. പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണം, ഗാര്‍ത്ത് വെയ്റ്റ് എഴുതിയ മലയാള വ്യാകരണസംഗ്രഹം, മലയാളവ്യാകരണ ചോദ്യോത്തരം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ബാലബോധിനി, മലയാളവ്യാകരണപ്രാഥമിക പാഠങ്ങള്‍ ഇവയെല്ലാം പാഠപുസ്തകത്തിലുള്ള ഇത്തരം രചനകളാണ്. ഗദ്യസാഹിത്യത്തിന്റെ ഭാഷാമാധ്യമത്തെ നവീകരിക്കണമെന്ന മനഃപൂര്‍വമായ ബോധം ഈ രചനകളില്‍ പ്രബലമായിരുന്നില്ല.
ഏ.ആര്‍. രാജരാജവര്‍മയുടെ കേരളപാണിനീയം, ശബ്ദശോധിനി, പ്രഥമവ്യാകരണം, ഗോദവര്‍മയുടെ കേരളഭാഷാ വിജ്ഞാനീയം, മധ്യമവ്യാകരണം, സാഹിത്യപഞ്ചാനനന്റെ ലഘുവ്യാകരണം, ആറ്റൂരിന്റെ ഭാഷാസുധാകരം, വാസുദേവഭട്ടതിരിയുടെ അഭിനവമലയാളവ്യാകരണം, എസ്. അച്യുതവാര്യരുടെ വ്യാകരണപഠനം, അനന്തനാരായണശാസ്ത്രിയുടെ വാക്യതത്ത്വം, ഇ.വി.എന്‍. നമ്പൂതിരിയുടെ കേരളഭാഷാവ്യാകരണം തുടങ്ങിയവ വ്യാകരണപരമായ പുരോഗതിക്കും കൃത്യതയ്ക്കും ഏറെ സഹായകമായി. മലയാളഭാഷയുടെ പരിണാമത്തെക്കുറിച്ചുള്ള പ്രൗഢപഠനമാണ് തിരുനല്ലൂര്‍ കരുണാകരന്റെ മലയാളഭാഷാപരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും.
ഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ചട്ടമ്പിസ്വാമികളുടെ ആദിഭാഷ. എല്‍.വി. രാമസ്വാമി അയ്യരുടെ മലയാള ഭാഷാശാസ്ത്രപരമായ ആഴമേറിയ പഠനങ്ങള്‍ ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ആഴമേറിയ പഠനങ്ങളുടെ ആകരമാണ് രണ്ടും.
മാരാരുടെ മലയാളശൈലി, സി.വി. വാസുദേവഭട്ടതിരിയുടെ നല്ല മലയാളം, പ്രൊഫ. പന്മനരാമചന്ദ്രന്‍നായരുടെ ശുദ്ധമലയാളം തുടങ്ങിയവ സജീവമലയാളത്തിലേക്കുള്ള വിചിന്തനങ്ങളാണ്. പി.കെ. നാരായണന്റെ ഭാഷ എന്ന മാധ്യമമാണ് ശ്രദ്ധേയമായ മറ്റൊരു രചന.
ഭാഷാശാസ്ത്രരംഗത്ത് നയസൂചകമാണ് ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങള്‍. ഡോ. കുഞ്ഞുണ്ണിരാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ വിജ്ഞാനീയം, ചമ്പക്കുളം അപ്പുക്കുട്ടന്‍നായരുടെ ഭാഷാശാസ്ത്രചിന്തകള്‍, സി.എല്‍. ആന്റണിയുടെ ഭാഷാചിന്തകള്‍, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യര്‍, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണന്‍, ആര്‍. ലീലാദേവി, കെ.ഒ. ഷംസുദ്ദീന്‍, പി. സോമശേഖരന്‍നായര്‍, എന്‍.ആര്‍. ഗോപിനാഥപിള്ള, പി. മീരാക്കുട്ടി, സെബാസ്റ്റ്യന്‍ എടമരത്ത്, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രന്‍നായര്‍, വേണുഗോപാലപ്പണിക്കര്‍ തുടങ്ങിയ ഭാഷാശാസ്ത്രപണ്ഡിതന്മാര്‍ നവീനശാസ്ത്രസങ്കേതങ്ങള്‍ സ്വീകരിച്ച് ഭാഷാപഗ്രഥനം നടത്തുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നവ താത്ത്വികപഠനമാണ് ഡോ. പി. ആന്‍ഡ്രൂസ്കുട്ടിയുടെ ഭാഷാശാസ്ത്രം സിദ്ധാന്തവും പ്രയോഗവും.
പി.എം. ഗിരീഷിന്റെ കേരളത്തിലെ ആചാരഭാഷ സാമൂഹിക ഭാഷാശാസ്ത്രപരമാണ്. മലയാളത്തിലെ സംബോധനാപദങ്ങളുടെ സാമൂഹികപശ്ചാത്തലം ഉഷാ നമ്പൂതിരിപ്പാട് പഠനവിധേയമാക്കി. മലയാള വ്യാകരണ സിദ്ധാന്തനിയമങ്ങള്‍ കേരളപാണിനീയത്തിനുശേഷം (മേരി എന്‍.കെ.) വ്യാകരണപഠനത്തിലെ ഏറ്റവും പുതിയ ഈടുവയ്പാണ്. വ്യാകരണത്തിലെ പുതിയ ദര്‍ശനങ്ങളുടെ സാങ്കേതിക സഹായത്തോടെ രചിച്ചതാണ് ഈ ഗ്രന്ഥം.
വൃത്തശാസ്ത്രം. ഭാഷയിലെ ആദ്യത്തെ വൃത്തനിരീക്ഷണം ലീലാതിലകത്തിന്റേതാണ്. "ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ട് എന്ന പാട്ടിന്റെ നിര്‍വചനം കാണുക. സമകാലികപദ്യരചനാ പാരമ്പര്യത്തിന്റെ വെളിപ്പെടുത്തലാണത്. എന്നാല്‍ ലീലാതിലകകാരന്‍ മണിപ്രവാള വംശജനാണ്. സംസ്കൃത വൃത്തത്തിനോടാണ് മണിപ്രവാള പദ്യത്തിന് വേഴ്ച. മലയാളത്തില്‍ സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും അതില്‍ത്തന്നെ നാടന്‍വൃത്തങ്ങളും പ്രയോഗത്തിലുണ്ട്. പാട്ടുപ്രസ്ഥാനം തമിഴ് വിരുത്തത്തില്‍ ഒതുങ്ങി തമിഴ് വിരുത്തത്തിലുള്ളതാണ് രാമചരിതം, രാമകഥാപ്പാട്ട് തുടങ്ങിയവ. സംസ്കൃതവൃത്തങ്ങളുടെ സ്വതന്ത്രവിനിമയങ്ങളെന്ന് പറയാവുന്ന ഭാഷാവൃത്തങ്ങളും ഉണ്ട്.
ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പദങ്ങളുടെ ക്രമീകരണം തൊട്ട് താളഭേദങ്ങളുടെ വൈചിത്ര്യങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് വൃത്തശാസ്ത്രം. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദിയാണ് നവീനകാലത്ത് ഭാഷയിലെ ആദ്യത്തെ വൃത്തചിന്തയുള്‍ക്കൊള്ളുന്ന ഗ്രന്ഥം. ഏ.ആര്‍. രചിച്ച വൃത്തമഞ്ജരിയാണ് പ്രാമാണികമായത്. സംസ്കൃത ദ്രാവിഡശീലുകളുടെ ഈ ലക്ഷണഗ്രന്ഥത്തില്‍ ഭാഷാശീലുകള്‍ക്ക് ഗാനത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ളതാണ്. 'ദ്രാവിഡവൃത്തങ്ങളുടെ ദശാപരിണാമങ്ങളെ'ക്കുറിച്ച് അപ്പന്‍തമ്പുരാന്‍ പ്രാമാണിക ഗവേഷണം നടത്തിയിട്ടുണ്ട്. കേരളീയ വാദ്യങ്ങളുടെ താളസംസ്കാരമാണ് കുട്ടിക്കൃഷ്ണമാരാരുടെ ഭാഷാവൃത്തങ്ങള്‍, വൃത്തശില്പം ഇവയെ നയിച്ചത്. ഏ.ആറില്‍ നിന്നും ഭിന്നമായ പല നിലപാടുകളും സ്വീകരിച്ച വൃത്തശാസ്ത്രജ്ഞനാണ് കെ.കെ. വാധ്യാര്‍ (വൃത്തവിചാരം). മലയാള വൃത്തങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ എന്‍. വി. കൃഷ്ണവാര്യര്‍ ഇംഗ്ലീഷിലാണ് തന്റെ നിഗമനങ്ങള്‍ പ്രസിദ്ധീകരിച്ചത്. താളത്തിന്റെ ആശയപരമായ അംശം അതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. ഈ രംഗത്തെ മറ്റു പ്രതിഭകളാണ് പി. കുഞ്ഞികൃഷ്ണമേനോന്‍ (വൃത്തമഞ്ജരീ ഭാഷ്യം, ഭാഷാ വൃത്തചിന്തകള്‍), ഡോ. ടി.വി. മാത്യു (വൃത്തശാസ്ത്രം), നീലംപേരൂര്‍ രാമകൃഷ്ണന്‍ നായര്‍, എഴുപ്രം കൃഷ്ണന്‍കുട്ടി (ഭാഷാവൃത്തവിചിന്തനം), പി. നാരായണക്കുറുപ്പ് (മലയാളവൃത്തപഠനം) എന്നിവര്‍. എ ഹിസ്റ്ററി ഒഫ് മലയാളം എന്‍. വി. കൃഷ്ണവാര്യര്‍ മലയാള വൃത്തങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ രചിച്ച കൃതിയാണ്. എഴുത്തച്ഛന്‍ ക്രമപ്പെടുത്തിയ വൃത്തങ്ങളെ ശ്ലഥമാക്കിയും വൃത്തത്തിന്റെ ഘടനയില്‍ മാറ്റം വരുത്താതെ അതിനെ മുറിച്ചെടുത്തും കവികള്‍ ഇന്ന് ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. ഇംഗ്ലീഷിലെ ഗദ്യതാളങ്ങളുടെ പ്രയോഗവും ഇന്ന് ഭാഷയില്‍ ഏറെയുണ്ട്. ആദിവാസികളുടെ താളബോധം ഒരു നാടന്‍ കവിക്കും സ്വാഭാവികമായി ലഭിക്കുന്നതല്ല. ഇവയെല്ലാം ഇന്നത്തെ വൃത്തശാസ്ത്രചിന്തകനെ ഉത്തേജിപ്പിക്കേണ്ട ഘടകങ്ങളാണ്. വൃത്തത്തില്‍ നിന്ന് അകന്നാലും മൗലികമായ താളങ്ങളില്‍ നിന്ന് അന്യനാവാന്‍ കവിക്ക് കഴിയില്ല. അതിനാല്‍ വൃത്തശാസ്ത്രം പുതിയ അവബോധങ്ങള്‍ക്ക് ശക്തമായ സഹായകമാവും. കലയില്‍ ഭാവക്രമീകരണത്തിന് ആധാരമായ ഭാഷാസംസ്കാരമാണ് വൃത്തചിന്തയില്‍ പരിശോധിക്കുന്നത്.
നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍. നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ഒരു സമ്പുഷ്ടഭാഷയുടെ ആത്മാഭിമാനങ്ങളാണ്; ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും സമഗ്രക്രോഡീകരണങ്ങള്‍. ഇവ രണ്ടും രണ്ടുതരത്തിലുള്ള ജ്ഞാനപരിചരണങ്ങളാണ്. പൊതുസ്വഭാവമുള്ളതും പ്രത്യേകവിഷയങ്ങളെ ആസ്പദിച്ചുള്ളതും; സൂക്ഷ്മതയോടെ തയ്യാറാക്കപ്പെടുന്നതാണ് ഇത്തരം ഗ്രന്ഥങ്ങള്‍. ബെഞ്ചമിന്‍ ബെയ്ലിയുടെ എ ഡിക്ഷണറി ഒഫ് ഹൈ ആന്‍ഡ് കൊളോക്യല്‍ മലയാളമാണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു സംരംഭം. മലയാളം വാക്കുകള്‍ക്ക് ഇതില്‍ ഇംഗ്ലീഷില്‍ അര്‍ഥവിവരണം നല്‍കിയിരുന്നു. റിച്ചാര്‍ഡ് കോളിന്‍സിന്റെ മലയാളനിഘണ്ടുവാണ് വാക്കും അര്‍ഥവും ഒരുപോലെ മലയാളത്തിലാക്കിയിട്ടുള്ള ആദ്യനിഘണ്ടു. അര്‍ണോസ് പാതിരി രചിച്ചതാണ് മലയാളം പോര്‍ച്ചുഗീസ് നിഘണ്ടു. ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവാണ് ഏറ്റവും വിഖ്യാതവും ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതും. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി പുതിയ വാക്കുകള്‍ ചേര്‍ത്ത് പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ഏറ്റവും ആധികാരിക നിഘണ്ടുവാകുന്നു. ആര്‍. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടു, ടി. രാമലിംഗംപിള്ളയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു, വി. മുഹമ്മദിന്റെ അറബി-മലയാളം ലെക്സിക്കന്‍, കാണിപ്പയ്യൂരിന്റെ സംസ്കൃത-മലയാള നിഘണ്ടു, അഭയദേവിന്റെ ഹിന്ദി മലയാളം നിഘണ്ടു, സി. മാധവന്‍പിള്ളയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു, വി.സി. ചാക്കോയുടെ ജര്‍മന്‍-മലയാളം നിഘണ്ടു, എസ്. ഗുപ്തന്‍നായരുടെ കേരളഭാഷാനിഘണ്ടു, വി. ബാലകൃഷ്ണന്‍/ലീലാദേവിയുടെ വിദ്യാര്‍ഥിമിത്രം സംസ്കൃത-ഭാഷാനിഘണ്ടു ഇവയെല്ലാം ഭാഷാപദങ്ങളെ സംബന്ധിച്ചും മറ്റുഭാഷകളുമായുള്ള അര്‍ഥനിര്‍ണയം സംബന്ധിച്ചും മലയാളത്തിലുണ്ടായിട്ടുള്ള പണ്ഡിതോചിതമായ യത്നങ്ങളാണ്. കെ.എസ്. നീലകണ്ഠനുണ്ണിയുടെ ഭാഷാപ്രയോഗ നിഘണ്ടു, കെ. പ്യാറിന്റെ ശബ്ദശാഖ, പി.ആര്‍. നായരുടെ പദവിജ്ഞാനീയം, ഇ.പി. നാരായണഭട്ടതിരിയുടെ ശൈലി നിഘണ്ടു, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയുടെ മലയാളപര്യായനിഘണ്ടു, ബി.സി. ബാലകൃഷ്ണന്റെ ശബ്ദകോശം, ശബ്ദസാഗരം, സി.ജി. ജയപാലിന്റെ എതിര്‍ലിംഗനിഘണ്ടു എന്നിവയും ഭാഷാപരമായ നിഘണ്ടുക്കളില്‍പ്പെടുന്നു. ദ്വിഭാഷാ നിഘണ്ടുക്കളും ത്രിഭാഷാനിഘണ്ടുക്കളും അറബിനിഘണ്ടുക്കളും ഇതിനോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ടി. രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. എന്‍.വി. കൃഷ്ണവാര്യര്‍, ഡോ. അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്; ഈ ബൃഹദ്ഗ്രന്ഥം.
ഭാഷേതരമായ പ്രാധാന്യമുള്ളതാണ്, തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദീയ ഔഷധി നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരന്‍ വൈദ്യന്റെ ആയുര്‍വേദ ഔഷധി നിഘണ്ടു, ഡോ. വി. ശ്യാമളയുടെ ചികിത്സാവിജ്ഞാനകോശം, കുഞ്ഞുണ്ണിയുടെ കുട്ടികളുടെ നിഘണ്ടു, എം.ആര്‍.സി. നായരുടെ ഗണിതശാസ്ത്ര നിഘണ്ടു, ഡോ. രാജഗോപാല്‍ കമ്മത്തിന്റെ നേഴ്സിങ് ഡിക്ഷണറി, ഭൗതികശാസ്ത്ര നിഘണ്ടു, ഓണക്കൂര്‍ ശങ്കരഗണകന്റെ ജ്യോതിഷനിഘണ്ടു, സുധീഷ് നമ്പൂതിരിയുടെ തന്ത്രനിഘണ്ടു, സനല്‍ പി. തോമസിന്റെ ക്രിക്കറ്റ് എന്‍സൈക്ലോപീഡിയ എന്നിവ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സമഗ്രപഠനത്തിന് ഉപകരിക്കുന്നതാണ് കെ. രവീന്ദ്രന്‍ തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിഘണ്ടു.
പൈലോപോളിന്റെ പുരാണകഥാനിഘണ്ടുവും സാഹിത്യനിഘണ്ടുവും ഒന്നിച്ച് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൗരാണികകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയയും, സി. പ്രസാദിന്റെ പുരാണ സംജ്ഞാഗമകോശവും ആര്‍. വാസുദേവന്‍കര്‍ത്തായുടെ പുരാണനിഘണ്ടുവും കുഞ്ഞനന്തന്‍നായരുടെ പുരാണനിഘണ്ടുവും, മാധ്യമങ്ങളെക്കുറിച്ചുള്ള നിഘണ്ടുവാണ് പി.കെ. രാജശേഖന്‍/ജയപ്രകാശ് രചിച്ച മാധ്യമനിഘണ്ടു. സയന്‍സിനെക്കുറിച്ച് ബാലശാസ്ത്രകാരനായ എസ്. ശിവദാസ് ഒരു സയന്‍സ് നിഘണ്ടു രചിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ചും, അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദമരുന്നുകളെയും ചികിത്സകളെയും കുറിച്ചും വിപുലമായ സമാഹൃതഗ്രന്ഥങ്ങള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. പ്രശസ്ത സംഗീതജ്ഞനായ സുനിലിന്റെ സംഗീതനിഘണ്ടു നിഘണ്ടുയത്നങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു. എം.വി. വിഷ്ണുനമ്പൂതിരിയുടെ ഫോക്ലോര്‍ നിഘണ്ടുവാണ് ഫോക്ലോര്‍ പഠനത്തില്‍ വേറിട്ടുനില്‍ക്കുന്ന കൃതി. കവിയൂര്‍ മുരളിയുടെ ദലിത് ഭാഷാ നിഘണ്ടു വര്‍ഗചരിത്രപരമാണ്.
പദംപ്രതിയുള്ള അടുക്കലിനുപകരം സമഗ്രവും സംക്ഷിപ്തവുമായ അറിവിന്റെ അടുക്കലാണ് വിജ്ഞാനകോശങ്ങള്‍. ആര്‍. ഈശ്വരപിള്ളയുടെ സമസ്ത വിജ്ഞാനഗ്രന്ഥാവലിയാണ് മലയാളത്തില്‍ ഇതിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് മാത്യു എം. കുഴിവേലിയുടെ കൂടുതല്‍ വിപുലവും സമഗ്രവുമായ ഏഴുഭാഗങ്ങളുള്ള വിജ്ഞാനം പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. വെള്ളംകുളത്ത് കരുണാകരന്‍ നായരുടെ ബാലവിജ്ഞാനകോശം, വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ, പി.ടി. ഭാസ്കരപ്പണിക്കര്‍ എഡിറ്റ് ചെയ്ത ജീവചരിത്രകോശം, ഡോ. ശാന്തകുമാറിന്റെ ചികിത്സാവിജ്ഞാനകോശം, രാഘവന്‍ തിരുമുല്പാടിന്റെ മേല്‍നോട്ടത്തിലുള്ള ആയുര്‍വേദവിജ്ഞാനകോശം സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ വിശ്വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലകൈരളി വിജ്ഞാനകോശം, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുട്ടികള്‍ക്കൊരു വിജ്ഞാനകോശം ഇവ പൊതുവിജ്ഞാനരംഗത്തെ സമ്പുഷ്ടമാക്കിയ ഗ്രന്ഥങ്ങളാണ്. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച അഖിലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ദേശബന്ധുവിന്റെ കേരളവിജ്ഞാനകോശം ഇവയ്ക്ക് പൊതുസ്വഭാവമാണുള്ളത്. ഹിന്ദുധര്‍മജ്ഞാനസമാഹരണമാണ് ഡി. ശ്രീമാന്‍ നമ്പൂതിരിയുടെ ഹിന്ദുധര്‍മകോശം. സവിശേഷ വിജ്ഞാനകോശങ്ങളില്‍ കേരള സ്ഥലവിജ്ഞാനകോശം (കോട്ടയം ബാബുരാജ്), സഭാചരിത്രനിഘണ്ടു (മാര്‍ അപ്രേം/ടി.പി. എബ്രഹാം), നിയമവിജ്ഞാനകോശം (കെ. സത്യവാന്‍നായര്‍), ഓണവിജ്ഞാനകോശം (പി.സി. കര്‍ത്താ), കഥകളിവിജ്ഞാനകോശം (അയ്മനം കൃഷ്ണക്കൈമള്‍), നിയമവിജ്ഞാനകോശം (ഇ.കെ. കൃഷ്ണന്‍ എഴുത്തച്ഛന്‍), നവമി ക്ഷേത്രവിജ്ഞാനകോശം (പൂത്തില്ലം നാരായണന്‍നമ്പൂതിരി), കേരളസംഗീത നാടക അക്കാദമിയുടെ നാടോടി ദൃശ്യകലാസൂചിക, ശ്രീധരന്‍പള്ളിയറയുടെ ഗണിതവിജ്ഞാനച്ചെപ്പ്, ആര്‍. രവീന്ദ്രനാഥിന്റെ ചിത്രകല-ഒരു സമഗ്രപഠനം ഇവയെല്ലാം അടിസ്ഥാനപരമായ വിജ്ഞാനസമാഹരണഗ്രന്ഥങ്ങളാണ്. ഡോ. വി.ജെ. വര്‍ഗീസിന്റെ 500 വര്‍ഷത്തെ കേരളം-ചില അറിവടയാളങ്ങള്‍ വിഷയവൈവിധ്യങ്ങള്‍കൊണ്ടു സമ്പന്നമെങ്കിലും ഭാഗികമായ ദേശവിജ്ഞാനകോശമേ ആവുന്നുള്ളൂ.
പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ഒറ്റമൂലികള്‍ തുടങ്ങിയ ഫോക്ലോര്‍ വിഷയങ്ങളിലുമുണ്ട് ഇത്തരം ഒട്ടേറെ ക്രോഡീകൃതപ്രവര്‍ത്തനങ്ങള്‍. കുഞ്ഞുണ്ണി, വേലായുധന്‍പണിക്കശ്ശേരി, പി.സി. കര്‍ത്താ, ഡോ.ജെ. ഗുണമണി എന്നിവര്‍ ഇതില്‍ ശ്രദ്ധേയരത്രേ. വിവിധ നാട്ടറിവുകള്‍ ഡി.സി. പ്രസാധനം ചെയ്തിട്ടുണ്ട്. അവയില്‍ നാട്ടറിവും നാമപഠനവും, മലയാളത്തിലെ നാടന്‍പാട്ടുകള്‍, കടല്‍, കാട്, കൃഷി, വെള്ളം, ഭക്ഷണം, ചന്ത, ചരിത്രം തുടങ്ങിയവയെക്കുറിച്ചുള്ള നാട്ടറിവുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. എം.വി. വിഷ്ണുനമ്പൂതിരി, കെ.പി. ദിലീപ്കുമാര്‍, എം. നുജും, സി.ആര്‍. രാജഗോപാലന്‍ തുടങ്ങിയവരാണ് ഈ രംഗത്തെ വിജ്ഞാനങ്ങള്‍ സമാഹരിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍. പ്രൊഫ. എം. ശിവശങ്കരന്‍ ബാലശാസ്ത്രവിജ്ഞാനകോശം രചിച്ചു. പ്രൊഫ. ശിവദാസ് അതേ പേരില്‍ ഒരു ഗ്രന്ഥം എഡിറ്റു ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചിക(എഡിറ്റര്‍ കെ.എം. ഗോപി)യാണ് ഇത്തരം സമാഹരണങ്ങളില്‍ ഏറെ സമഗ്രവും മാതൃകാപരവും. ശാസ്ത്രത്തിലെ മുഴുവന്‍ അറിവുകളും സമഗ്രമായ കുടുംബവിജ്ഞാനവും ഉള്‍ക്കൊള്ളുന്ന വിജ്ഞാനകോശങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണഭാഷാ നിഘണ്ടു മലയാളം ഔദ്യോഗികഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കുള്ള മികച്ച സഹായകഗ്രന്ഥമാണ്.
കേരളസംസ്ഥാനസര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറെ ബൃഹത്തായ വിജ്ഞാനകോശനിര്‍മിതിക്കുള്ള സമഗ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇരുപതു വാല്യങ്ങളിലായി സര്‍വവിജ്ഞാനകോശം പൂര്‍ത്തീകരിക്കാനുള്ള യത്നത്തിലാണ് ഈ മഹാസ്ഥാപനം. വിശ്വസാഹിത്യവിജ്ഞാനകോശം, പരിസ്ഥിതിവിജ്ഞാനകോശം, പരിണാമവിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം തുടങ്ങിയവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാളിക്ക് അഭിമാനിക്കാവുന്നതാണ് ഇത്തരം സംഘടിതവിജ്ഞാനസമാഹരണയത്നങ്ങള്‍. അവ സമഗ്രവും ഏറ്റവും പുതിയ ഉള്ളടക്കങ്ങള്‍ അടങ്ങുന്നതുമാവാന്‍ ഏറെ ശ്രദ്ധചെലുത്തിയവയാണ്. എങ്കിലും കേരളത്തിന്റെ സമഗ്രമായ സാമൂഹിക സാംസ്കാരിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സവിശേഷ സമാഹരണത്തിന് ഇനിയുമുണ്ട് ഇടങ്ങള്‍ എന്നു സൂചിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ സംഘടിതവും വിവിധവിജ്ഞാനമേഖലകളെ സ്പര്‍ശിക്കുന്നതും ഭാഷയുടെയും അറിവിന്റെയും പൊതുജീവിതത്തിന്റെയും സൂക്ഷ്മതലാന്വേഷകവുമായ ഗ്രന്ഥങ്ങള്‍ ഇനിയും വരാനുണ്ട്. മലയാളം ശ്രേഷ്ഠഭാഷാപദവി നേടിയ സാഹചര്യത്തില്‍ വിശാലമായ ജ്ഞാനമേഖലകളെക്കുറിച്ചുള്ള സമഗ്രചര്‍ച്ചയിലൂടെ ആധാരഗ്രന്ഥനിര്‍മിതികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ദിനംപ്രതി വര്‍ധിച്ചുവരുന്ന മലയാളിയുടെ വൈജ്ഞാനിക ജാഗ്രത നിലനിര്‍ത്താന്‍ ബഹുമുഖമായ ശ്രമം അനിവാര്യമാകുന്നു.
(പ്രൊഫ. കല്പറ്റ ബാലകൃഷ്ണന്‍)
ഇതരഭാഷകളും സാഹിത്യവും
മാതൃഭാഷയായ മലയാളത്തിനുപുറമേ ഗോത്രഭാഷകള്‍ ഉള്‍പ്പെടെ തമിഴ്, കന്നഡ, തുളു, ഹിന്ദി, ഉര്‍ദു, കൊങ്കണി, അറബി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും സാഹിത്യവും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഇവകൂടാതെ മറ്റു ചില ഭാരതീയ ഭാഷകള്‍ സംസാരിക്കുന്ന ചെറിയൊരു ന്യൂനപക്ഷവും കേരളത്തിലുണ്ട്. വ്യവസായസംബന്ധമായും ഉദ്യോഗ/തൊഴില്‍ സംബന്ധമായും കേരളത്തില്‍ തുടര്‍ച്ചയായി വരികയും ഒടുവില്‍ ഇവിടെ സ്ഥിരതാമസമുറപ്പിക്കുകയും ചെയ്ത സിന്ധികള്‍, ബംഗാളികള്‍, പഞ്ചാബികള്‍, തെലുങ്കന്മാര്‍, ഗുജറാത്തികള്‍, ഒറിയക്കാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സിന്ധി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തെലുഗു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ഏതാനും കുടുംബങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെങ്കിലും ഈ ഭാഷകളുടേതായ പ്രത്യേകം സാഹിത്യം രൂപംകൊണ്ടിട്ടില്ല.
ഗോത്രഭാഷകള്‍. ചിരപുരാതനകാലം മുതല്‍ കേരളത്തില്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് അവരവരുടേതായ സംസാരഭാഷകളുണ്ട്. ഇവയ്ക്ക് പ്രത്യേക ലിപിയില്ല. ഓരോ ഭാഷയും അതു സംസാരിക്കുന്ന ഗോത്രവിഭാഗത്തിന്റെ പേരിലറിയപ്പെടുന്നു (പണിയരുടെ ഭാഷ-പണിയഭാഷ; അടിയരുടെ ഭാഷ-അടിയഭാഷ). ഭൂരിപക്ഷം ഗോത്രവര്‍ഗക്കാരും പരസ്പരം അവരുടെ മാതൃഭാഷയായ ഗോത്രഭാഷകളും മറ്റുള്ളവരോടു മലയാളവും സംസാരിക്കുന്നു. അടിയര്‍, ഇരുളര്‍, മല-ഉള്ളാടര്‍, ഊരാളി, ഊരാളിക്കുറുമര്‍, കരവഴിപ്പുലയര്‍, കരിമ്പാലര്‍, കൌലാടി, കാടര്‍, വയനാടന്‍ കാടര്‍, കാട്ടുനായ്ക്കര്‍, കാണിക്കാര്‍, കുറിച്യര്‍, കുറമ്പപ്പുലയര്‍, കുറുമ്പര്‍, കൊറഗര്‍, തച്ചനാടന്‍മൂപ്പര്‍, പതിയര്‍, പണിയര്‍, പളിയര്‍, മലമുത്തന്‍, മലക്കുറവന്‍, മലപ്പണ്ടാരം, മലമടിയന്‍, മലയരയര്‍, മലയാളര്‍, മലവേടര്‍, മന്നാന്‍, മാവിലാന്‍, മുഡുഗര്‍, മുതുവാന്‍, മുള്ളക്കുറുമര്‍ എന്നീ ഗോത്രവിഭാഗങ്ങളുടെ ഭാഷകളെക്കുറിച്ച് സാമാന്യമായ ഒരറിവ് ഇന്നു ലഭ്യമാണ്.
താരതമ്യേന ചെറിയ സമുദായങ്ങളുടെ സംസാരഭാഷകളായതുകൊണ്ടും ഒന്നിലധികം ഭാഷകളുടെ സ്വാധീനത ഏറ്റക്കുറച്ചിലോടെ ഇവയില്‍ തെളിഞ്ഞുകാണാവുന്നതുകൊണ്ടും ഈ ഗോത്രഭാഷകള്‍ക്ക് പ്രത്യേക ഭാഷാപദവി കൊടുക്കാന്‍ ഗവേഷകര്‍ വിസമ്മതിക്കുന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള ഭൂരിപക്ഷം ഗോത്രഭാഷകളിലും തുളുവിന്റേയും കന്നഡത്തിന്റേയും സ്വാധീന ശക്തി തെളിഞ്ഞുകാണുന്നു. കാസര്‍കോട്ടെ കൊറഗരുടെ ഭാഷയെ തുളുവിന്റെ ഭാഷാഭേദമായി കണക്കാക്കാം. വയനാട്ടിലെ കാട്ടുനായ്ക്കര്‍ (തേന്‍കുറുമര്‍), ഊരാളിക്കുറുമര്‍ (ബെട്ടക്കുറുമര്‍), നിലമ്പൂരിലെ ചോലനായ്ക്കര്‍, പതിനായ്ക്കര്‍ എന്നിവരുടെ ഭാഷകള്‍ക്ക് കന്നഡത്തോടാണ് അടുപ്പം. ഊരാളിക്കുറുമരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളേക്കാള്‍ വളരെയേറെ പ്രത്യേകതകളുണ്ട്. മുള്ളക്കുറുമര്‍, കുറിച്യര്‍, വയനാടന്‍ കാടര്‍, പതിയര്‍, മാവിലാന്‍, കരിമ്പാടന്‍, കൌലാടി എന്നിവരുടെ ഭാഷകള്‍ക്ക് മലയാളത്തോടാണ് കൂടുതല്‍ അടുപ്പം. പരസ്പരസാദൃശ്യമുള്ളവയും മറ്റു ഭാഷകളുമായി വളരെയധികം വ്യത്യാസങ്ങളുള്ളവയുമായ രണ്ട് ഭാഷകളാണ് വയനാട്ടിലെ പണിയരുടെയും അടിയരുടെയും ഭാഷകള്‍. പാലക്കാട്ടുജില്ലയിലെ അട്ടപ്പാടിയിലുള്ള മുഡുഗരുടെയും കുറുമ്പരുടെയും ഭാഷകള്‍ക്കു പരസ്പരസാമ്യം കൂടുതലാണ്. ഇവ രണ്ടും അവിടെത്തന്നെയുള്ള ഇരുള ഭാഷയില്‍നിന്നും വളരെയധികം അകന്നു നില്‍ക്കുന്നു. മലയാളത്തിനേക്കാള്‍ തമിഴിനോടാണ് ഇരുളഭാഷയ്ക്കടുപ്പം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയരയര്‍, മലഉള്ളാടര്‍, ഊരാളികള്‍ എന്നീ വിഭാഗങ്ങളുടെ ഭാഷകളെ മലയാളത്തിന്റെ ഭാഷാഭേദങ്ങളായും മന്നാന്‍, പളിയര്‍, കുറുമ്പപ്പുലയര്‍, കരവഴിപ്പുലയര്‍ എന്നിവരുടെ ഭാഷകളെ തമിഴിന്റെ ഭാഷാഭേദങ്ങളായും കണക്കാക്കിവരുന്നു. കൊല്ലം ജില്ലയിലെ മലവേടരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളില്‍ നിന്നും വളരെയധികം വ്യത്യാസങ്ങളുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിലെ തിരുവനന്തപുരം-കൊല്ലം ജില്ലകളിലേയും കാണിക്കാരുടെ ഭാഷ മലയാളത്തിലെ മറ്റു ഭാഷാ ഭേദങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവായിപ്പറഞ്ഞാല്‍ മലയാളം, തമിഴ്, കന്നഡ, തുളു എന്നീ നാലു ദ്രാവിഡ ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ ഭാഷാഭേദമെന്നു പറയാവുന്നവയാണ് കേരളത്തിലെ ഗോത്രഭാഷകള്‍. എന്നാലും ഈ സംസാരഭാഷകളെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ പ്രത്യേകമൊരു ഭാഷയുടെ സ്ഥാനം കൊടുക്കാന്‍ യോഗ്യതയുള്ള ഭാഷകള്‍ കണ്ടെത്തിക്കൂടെന്നില്ല.
സവിശേഷതകള്‍. മലയാളത്തില്‍ പദാരംഭത്തിലും പദാരംഭത്തിലെ വ്യഞ്ജനത്തിനുശേഷവും വരുന്ന 'അ'കാരം മുള്ളുക്കുറുമര്‍, കാണിക്കാര്‍ എന്നിവരുടെ ഭാഷകളിലെ മിക്കവാറും പദങ്ങളില്‍ 'എ'കാരമായി മാറുന്നു. എനിയന്‍ (അനിയന്‍), കെരി (കരി), കെല്ല് (കല്ല്), പെനി (പനി), മെല (മല) എന്നീ പദങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. മലയാളത്തിലെ പദാന്ത്യത്തിലെ 'അ'കാരം കന്നഡത്തിലുള്ളതുപോലെ 'എ'കാരമാകുന്നതും പദമധ്യത്തിലുള്ള ഹ്രസ്വമായ 'അ' കാരത്തിന്റെ സ്ഥാനത്ത് ദീര്‍ഘമായ 'ആ'കാരം വരുന്നതും പണിയ-അടിയ ഭാഷകളുടെ പ്രത്യേകതകളാണ്. അടാക്കെ (അടയ്ക്ക), ഉലാക്കെ (ഉലക്ക), കിടാക്കെ (കിടക്ക) എന്നീ പണിയ-അടിയഭാഷാ പദങ്ങള്‍ രണ്ടു മാറ്റങ്ങളേയും ഉദാഹരിക്കുന്നു. പദാവസാനത്തിലെ 'അം' 'ഒം' ആയി മാറുന്ന സ്വഭാവം മുള്ളക്കുറുമ ഭാഷയിലും തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയിലുമുള്ള പ്രത്യേകതയാണ്. അമ്പലൊ (അമ്പലം), ബളൊ (വളം), മിറ്റൊം (മുറ്റം), മൊറൊം (മുറം) എന്നീ മുള്ളക്കുറുമഭാഷാ പദങ്ങളില്‍ ചിലപ്പോള്‍ അവസാനത്തെ 'മ'കാരം ലോപിക്കാറുണ്ട്. ആയൊം (ആഴം), കടൊം (കടം), കളൊം (കളം), നെറൊം (നിറം) തുടങ്ങിയവ തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയിലെ പദങ്ങളാണ്. മലയാളത്തിലെ 'ഴ'കാരം ഗോത്രഭാഷകളില്‍ യ, വ, ള, ച എന്നീ വ്യഞ്ജനങ്ങളായി മാറുന്നു. നാലു ഗോത്രഭാഷകളില്‍ പൊതുവായി വരുന്ന മൂന്നു പദങ്ങള്‍ താഴെ ചേര്‍ക്കുന്നു-
കാട്ടുനായ്ക്കര്‍, ഊരാളിക്കുറുമര്‍, ചോലനായ്ക്കര്‍ എന്നിവരുടെ ഭാഷകളില്‍ 'കാലു' എന്ന പദത്തിലെ 'ല'കാരം മലയാളത്തിലെപ്പോലെ വര്‍ത്സ്യമായിട്ടല്ല, ദന്ത്യമായിട്ടാണ് ഉച്ചരിക്കുന്നത്. അനുനാസികവും അതിന്റെ സ്പര്‍ശവും ചേര്‍ന്ന ങ്ക, ഞ്ച, ണ്ട, ന്ത, മ്പ എന്നീ സംയുക്ത വ്യഞ്ജനങ്ങള്‍ വയനാട്ടിലെ തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയില്‍ ഗ്ഗ, ജ്ജ, ഡ്ഡ, ദ്ദ, ബ്ബ എന്നിങ്ങനെ മാറുന്നു. കുങ്കുമൊം (കുങ്കുമം), ഇജ്ജി (ഇഞ്ചി), അഡ്ഡി (അണ്ടി), അദ്ദി (അന്തി), ചെബ്ബ് (ചെമ്പ്) എന്നിവ ഉദാഹരണങ്ങള്‍. മലയാളത്തില്‍ പദാരംഭത്തില്‍ വരുന്ന 'വ'കാരം മലമുത്തന്മാരുടേയും തച്ചനാടന്‍ മൂപ്പന്മാരുടേയും ഭാഷകളില്‍ മിക്കവാറും പദങ്ങളില്‍ 'മ'കാരമായി മാറുന്നു. മായ (വാഴ), മെറും (വെറും), മേറെ (വേറെ), മല്യ (വല്യ) എന്നിവയാണ് രണ്ടു ഭാഷകളിലും പൊതുവായുള്ള പദങ്ങള്‍. ഈ മാറ്റം മലയാളത്തിലെ മറ്റു ചില ഭാഷാഭേദങ്ങളിലും അപൂര്‍വമായിട്ടുണ്ട്. ചോലനായ്ക്കരുടേയും ഊരാളിക്കുറുമരുടേയും ഭാഷകളില്‍ മറ്റുള്ള സ്പര്‍ശങ്ങളെപ്പോലെതന്നെ ശ്വാസിയും നാദിയുമായ വാത്സ്യസ്പര്‍ശങ്ങള്‍ ഒറ്റയായും ഇരട്ടിച്ചും വരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു, തുളു തുടങ്ങിയ പ്രധാനപ്പെട്ട ദ്രാവിഡഭാഷകളില്‍ കാണാത്ത ഒരു പ്രത്യേകതയാണ് ഇരട്ടിച്ച നാദിയായ വര്‍ത്സ്യ സ്പര്‍ശത്തിന്റെ സാന്നിദ്ധ്യം. താഴെ കൊടുത്തിരിക്കുന്ന ചോലനായ്ക്കരുടെ ഭാഷാപദങ്ങളില്‍ ശ്വാസിയായ ഒറ്റ സ്പര്‍ശത്തിന് 'ഥ' ഇരട്ടിച്ചതിന് 'റ്റ' നാദിയായ ഒറ്റ സ്പര്‍ശത്തിന് 'ഡ' ഇരട്ടിച്ചതിന് 'ഡ്ഡ' എന്നീ ലിപികള്‍ ഉപയോഗിച്ചിരിക്കുന്നു.
'ഉണ്ട്', 'ഉള്ള' എന്നീ അര്‍ഥങ്ങളിലുള്ള 'ഉള' എന്ന പ്രാചീനപദം ഇന്നും പണിയരുടേയും അടിയരുടേയും ഭാഷകളിലുണ്ട്. 'എനിക്കു ഇരാണ്ടുകൊട്ടെമ്മാരു ഉള' (എനിക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്), 'അയാവുള പൊണ്ണ്' (അഴകുള്ള പെണ്ണ്) എന്നിവ പണിയഭാഷാ വാക്യങ്ങളാണ്. പണിയഭാഷയിലെ 'അവാളു', അടിയഭാഷയിലെ 'അവോളു' എന്നീ പദങ്ങള്‍ക്ക് അവള്‍ എന്നു തന്നെയാണര്‍ഥം. പക്ഷേ, 'അവെന്‍' എന്ന പണിയഭാഷാ പദത്തിലും 'അയിനു' എന്ന അടിയഭാഷാപദത്തിനും 'അവന്‍, അത്' എന്നീ രണ്ട് അര്‍ഥങ്ങളുണ്ട്. അതുകൊണ്ട് മലയാളത്തിലെ സ്ത്രീലിംഗത്തിനും പുല്ലിംഗത്തിനും പകരം, പണിയ-അടിയ ഭാഷകളിലെ അന്യപുരുഷ സര്‍വനാമങ്ങളില്‍ സ്ത്രീലിംഗം, സ്ത്രീലിംഗേതരം എന്ന വിഭജനമാണുള്ളത്. ഈ രണ്ടു ഭാഷകളിലും കന്നഡയുടെ സ്വാധീനതയുണ്ടെങ്കിലും കാട്ടുനായ്ക്കര്‍, പതിനായ്ക്കര്‍ തുടങ്ങിയവരുടെ ഭാഷകളിലുള്ളതുപോലെ അത്ര ശക്തമല്ല.
തമിഴ്. ചിരപുരാതനകാലം മുതല്‍ കേരളത്തില്‍ പ്രചരിച്ചിരുന്ന ദ്രാവിഡ ഭാഷയാണ് തമിഴ്. കേരളം തമിഴകത്തിന്റെ ഭാഗമായിരുന്ന കാലഘട്ടത്തില്‍ മലയാളം ഉരുത്തിരിയുന്ന കാലഘട്ടം വരെ ഇവിടത്തെ ഭാഷ തമിഴായിരുന്നു. തമിഴും മലയാളവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. തമിഴ് മലയാളത്തിന്റെ ജ്യേഷ്ഠസഹോദരിയാണെന്നും അമ്മയാണെന്നും പോറ്റമ്മയാണെന്നും മറ്റും പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തമിഴിനും മലയാളത്തിനും അഭേദ്യബന്ധമാണുള്ളതെന്ന കാര്യം നിര്‍വിവാദമാണ്. തമിഴ് സംസാരിക്കുന്ന നല്ലൊരു ശതമാനം പേര്‍ ഇപ്പോഴും കേരളത്തിലുണ്ട്. തമിഴ് സാഹിത്യത്തിന് ഗണ്യമായ സംഭാവന നല്‍കിയവരും വിരളമല്ല. കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളായ നെയ്യാറ്റിന്‍കര, പാറശ്ശാല മുതലായ സ്ഥലങ്ങളിലും വടക്ക് പാലക്കാട്, തത്തമംഗലം, ചിറ്റൂര്‍ മുതലായ പ്രദേശങ്ങളിലും താമസിക്കുന്ന കേരളീയരില്‍ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവരാണ്. ഈ പ്രദേശങ്ങളില്‍ നിരവധി തമിഴ്മാധ്യമ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാചീന മലയാളസാഹിത്യത്തില്‍ തമിഴിന്റെ സ്വാധീനത പ്രകടമാണ്. രാമചരിതം, രാമകഥപ്പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്‍പ്പാട്ട് മുതലായ കൃതികള്‍ കേരളത്തിലെ തമിഴ് പ്രഭാവകാലത്ത് രചിക്കപ്പെട്ടവയാണ്.
വടക്ക് തിരുപ്പതി മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള ഭൂഭാഗത്തെ പ്രാചീനകാലത്ത് തമിഴകമെന്നാണ് വിളിച്ചിരുന്നത്. കുട്ടം, കുടം, പൂഴി, കര്‍ക്ക, വേണാട്, ശീതനാട്, പന്നിനാട്, പുന്നാട്, മലാട് (മലയമാന്‍നാട്), അരുവാനാട്, അരുവാവടതല എന്നിങ്ങനെ പന്ത്രണ്ട് ദേശങ്ങളാണ് തമിഴകത്തിന്റെ വിഭാഗങ്ങളായി ഉണ്ടായിരുന്നത്. അവയില്‍ വേണാടും കുട്ടനാടും കുടനാടും പൂഴിനാടും കേരളത്തില്‍ ഉള്‍പ്പെടുന്നു.
സംഘകാലം. തമിഴ്സംഘകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ക്രിസ്ത്വബ്ദത്തിന്റെ ആദിമ ശതകങ്ങളാണ് സംഘകാലമെന്നുള്ള അഭിപ്രായം പൊതുവേ സ്വീകാര്യമായി തോന്നുന്നു. സംഘം കൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് എട്ടുത്തൊകൈ, പത്തുപ്പാട്ട്, പനിനെണ്‍കിഴ് കണക്ക് എന്നിവയാണ്. സംഘകൃതികളില്‍ നല്ലൊരുശതമാനം കേരളത്തെപ്പറ്റി എഴുതിയതോ കേരളീയരായ കവികള്‍ എഴുതിയതോ ആകുന്നു എന്നതിനാല്‍ ഭാഷാ-സാംസ്കാരിക ചരിത്രപഠനങ്ങളില്‍ ഇവ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
എട്ടുത്തൊകൈ, പത്തുപ്പാട്ട് എന്നിവയെ മേല്‍കണക്ക് എന്നും പറയാറുണ്ട്. ഇവയില്‍ പത്തൂപ്പാട്ട് എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട മതുരൈക്കാഞ്ചിയില്‍ ഓണാഘോഷം തമിഴകമൊട്ടുക്ക് മുന്‍കാലത്ത് ആഘോഷിക്കപ്പെട്ടിരുന്നു എന്നു കാണുന്നു. പതിറ്റുപ്പത് (1-ാം ശതകം) ഇരുന്നൂറ്റിയമ്പതു സംവത്സരക്കാലത്തോളം കൊടുങ്ങല്ലൂരും കരൂരും രാജധാനിയാക്കി കേരളം ഭരിച്ചിരുന്ന പത്തു ചേര രാജാക്കന്മാരെപ്പറ്റി പ്രകീര്‍ത്തിക്കുന്ന ഒരു കൃതിയാണ്. ഇതിലെ ഒന്നാമത്തേയും പത്താമത്തേയും ഭാഗങ്ങള്‍ കിട്ടിയിട്ടില്ല.
എട്ടുത്തൊകൈയില്‍ ഉള്‍പ്പെട്ട പുറനാനൂറ് 159 പുലവന്മാര്‍ പാടിയ നാനൂറുപുറപ്പാട്ടുകള്‍ (വീരഗാനങ്ങള്‍) അടങ്ങിയതാണ്. അകനാനൂറ് 145 പുലവന്മാര്‍ പാടിയ അക (പ്രേമ) പ്പാട്ടുകള്‍ ഉള്‍ക്കൊണ്ടതത്രേ. മൂവേന്തര്‍ പ്രസിദ്ധരായ ചേര-ചോഴ-പാണ്ഡ്യന്മാരുടെ ചരിത്രനിര്‍മിതിക്ക് അമൂല്യസഹായം നല്‍കുന്നു. ചേരമാന്‍ അന്തുവന്‍, ചേരലിരുമ്പൊറൈ, ചേരമാന്‍കുട്ടവന്‍കോതൈ, ചേരമാന്‍ ചെല്‍വക്കട്ടം കോവാഴിയാരന്‍ മുതലായ അനേകം ചേര-ചോഴ-പാണ്ഡ്യരാജാക്കന്മാരെപ്പറ്റിയുള്ള വിവരങ്ങള്‍ ഇവയില്‍ കാണാം.
ഐങ്കുറുനൂറ് അഞ്ചുപുലവന്മാരുടെ അഞ്ഞൂറു അകപ്പാട്ടുകള്‍ അടങ്ങിയതാണ്. അഞ്ചു പുലവന്മാരുടെ നൂറ്റിയമ്പതു അകപ്പാട്ടുകള്‍ കലിത്തൊകൈയിലുണ്ട്. പരിപാടല്‍ അനേകം പുലവന്മാര്‍ പാടിയ എഴുപതു അകപ്പാട്ടുകളും പുറപ്പാട്ടുകളും അടങ്ങിയതത്രേ.
മുരുക (സുബ്രഹ്മണ്യ)നെപ്പറ്റി നക്കീരന്‍ രചിച്ചതാണ് തിരുമുരുകാറ്റൂപ്പടൈ. കരികാലചോഴനെപ്പറ്റിയുള്ള മുടത്താമക്കണ്ണിയാരുടെ കൃതിയാണ് പൊരുനാരാറ്റുപ്പടൈ. ചിറുപാണാറ്റുപ്പടൈ ഓയ്മാനാട്ടു നല്ലിയക്കോടനെപ്പറ്റി ഇടൈ കഴിനാട്ടുനല്ലൂര്‍ നത്തത്തനാര്‍ രചിച്ച കൃതിയാണ്. തൊണ്ടൈമാന്‍ ഇളന്തിരയനെപ്പറ്റി കടിയല്ലൂര്‍ ഉരുത്തിരങ്കണ്ണനാര്‍ നിര്‍മ്മിച്ചതാണ് പെരുമ്പാണാറ്റുപ്പടൈ. മുല്ലൈപ്പാട്ട് യുദ്ധരംഗത്തു പോകേണ്ടിവന്ന കാമുകന്റെ വേര്‍പാടു നിമിത്തം നായികയ്ക്കുണ്ടാകുന്ന തീവ്രദുഃഖത്തെ കാവിപ്പൂമ്പട്ടിനത്തുനപ്പൂതനുര്‍ വര്‍ണിക്കുന്നതാണ്. തലൈയാലങ്കാനത്തുച്ചെരുവെന്റെ നെടുഞ്ചെഴിയനെപ്പറ്റി മാങ്കുടി മരുതനാര്‍ രചിച്ചതാണ് മധുരൈക്കാഞ്ചി. മലയില്‍ വാണിരുന്ന ഒരു പ്രഭു പ്രഥമ ദര്‍ശനത്തില്‍ ഒരു കന്യകയില്‍ അനുരക്തനായി ഗാന്ധര്‍വ വിവാഹം കഴിക്കുന്നതിനെ കപിലര്‍ വര്‍ണിക്കുന്നതാണ് കുറിഞ്ചിപ്പാട്ട്. പാണ്ഡ്യന്‍ നെടുഞ്ചെഴിയനെപ്പറ്റി നക്കീരന്‍ രചിച്ചതാണ് നെടുനല്‍വാടൈ. കരികാലചോഴനെപ്പറ്റി കടിയല്ലൂര്‍ ഉരുത്തി രങ്കണ്ണനാര്‍ രചിച്ചതാണ് പട്ടിനപ്പാലൈ. മലൈപ്പട്ടുകടാവല്‍കുന്റക്കോട്ടത്തു നന്തനെക്കുറിച്ച് ഇരണിയമുട്ടത്തു പുരുംകൂന്റൂര്‍ പെരുംകൌശികനാര്‍ രചിച്ചതാകുന്നു.
പതിനെണ്‍കീഴ് കണക്കില്‍ കൂടുതല്‍ ശ്രദ്ധേയമായത് തിരുവള്ളുവരുടെ തിരുക്കുറളും ജൈനന്മാര്‍ രചിച്ച നാലടിയാരുമാകുന്നു. രണ്ടും ഉത്തമകോടിയില്‍പ്പെട്ട നീതിശാസ്ത്രഗ്രന്ഥങ്ങളാണ്. ഇവയ്ക്ക് ഇംഗ്ളീഷില്‍ വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്, ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ തിരുക്കുറള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ചിലപ്പതികാരവും (തമിഴിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്നാമത്തേത്), അതിന്റെ തുടര്‍ച്ചയായ മണിമേഖലയും കേരളത്തെ സംബന്ധിക്കുന്ന കൃതികളാണ്. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് തൃക്കണാമതിലകത്ത് വസിച്ചിരുന്ന ജൈനമതാനുയായിയും ചേരന്‍ ചെങ്കുട്ടുവന്റെ അനുജനുമായ ഇളങ്കോഅടികള്‍ ആണെന്ന് കരുതുന്നു. ചിലപ്പതികാരത്തിന്റെ 'പതിക'ത്തില്‍-
'കുണവായിര്‍ കോട്ടത്തു അരചു തുറന്തിരുന്ന
കുടക്കോച്ചേരലിളങ്കോ അടികള്‍'
എന്നു പറഞ്ഞിട്ടുള്ളത് ഇതിനു തെളിവാണ്. ഇളങ്കോ അടികളുടെ സുഹൃത്തും മഹാവിദ്വാനുമായ മധുരയിലെ കുലവാണികന്‍ ചീത്തലൈച്ചാത്തനാര്‍ ആണ് മണിമേഖലയുടെ കര്‍ത്താവ്. ചിലപ്പതികാരം കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയിലെ പ്രതിപാദ്യം. ദക്ഷിണ ഭാരതത്തില്‍ അതീവ പ്രതാപത്തോടുകൂടി വാണിരുന്ന ചേര-ചോഴ-പാണ്ഡ്യന്മാരുടെ വീരാപദാനങ്ങളെ വര്‍ണിക്കുന്ന ചിലപ്പതികാരം ഒരു കേരളീയ കൃതിയാണെന്നതില്‍ സംശയമില്ല. ഇതിവൃത്തത്തിന്റെ അത്യാകര്‍ഷകത്വം, കവിയുടെ വ്യക്തിമാഹാത്മ്യം, സംഗീതസാഹിത്യാദികളില്‍ കവിക്കുണ്ടായിരുന്ന അപാരമായ വൈദുഷ്യം മുതലായവ ഇതിന്റെ മേന്മയെ വര്‍ധിപ്പിക്കുന്നു.
ഈ മഹാകാവ്യത്തെ പുകാര്‍കാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചികാണ്ഡം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഇത് ഉയല്‍ (കാവ്യത്തമിഴ്), ഇശൈ (സംഗീതത്തമിഴ്), നാടകം (നാടകത്തമിഴ്) ഇവ മൂന്നും ഇണങ്ങിയ ഒരു മുത്തമിഴ്കാവ്യം കൂടിയാണ്. പുരാതന ചേര രാജധാനിയായ വഞ്ചി അഥവാ മഹോദയപുരം ഇതിലെ കഥാരംഗങ്ങളില്‍ ഒന്നാണ്. കൊടുങ്ങല്ലൂര്‍ ഭഗവതി, കരുംബേശ്വരി എന്നിങ്ങനെ അറിയപ്പെടുന്ന ദേവിയുടെ വിഗ്രഹം ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകീ (ചിലപ്പതികാരത്തിലെ നായിക) വിഗ്രഹം തന്നെയാണ്. കണ്ണകിയെ പത്തിനിക്കടവുള്‍ എന്നും പറയാറുണ്ട്. ഇന്നത്തെ തമിഴ്പണ്ഡിതന്മാര്‍ക്കുപോലും ദുര്‍ഗ്രഹങ്ങളായ അനേകം പദങ്ങളും പ്രയോഗങ്ങളും ചിലപ്പതികാരത്തില്‍ കാണുന്നു. കടിഞ്ഞൂല്‍, മടത്തില്‍, വാലായ്മ, തറ്റ്, വിളി, ആര്‍പ്പ്, കരയുക, പറയുക, ഒരുപാട്, പള്ളി, നീട്ട്, നേരിയത്, അക്കന്‍, ചെറുക്കന്‍ മുതലായ പദങ്ങള്‍ ഒരു തമിഴന് സുഗ്രഹമല്ല. പനി എന്ന പദത്തെ വ്യാഖ്യാനിക്കുമ്പോള്‍ ചിലപ്പതികാരവ്യാഖ്യാതാവായ അടിയാര്‍ക്ക് നല്ലാര്‍, 'പനി എന്‍പതോര്‍നോയുമുണ്ട്. അതു മലൈനാട്ടുവഴക്കം' എന്നു പറഞ്ഞിരിക്കുന്നു. ജ്വരം എന്ന അര്‍ഥത്തില്‍ പനി ശബ്ദം തമിഴര്‍ ഉപയോഗിക്കാറില്ല. 'മഞ്ഞ്' എന്നര്‍ഥത്തിലാണ് തമിഴില്‍ അതിന്റെ പ്രയോഗം.
ചേരന്‍ ചെങ്കുട്ടുവന്റെ അനുജന്‍ ഇളങ്കോ അടികള്‍ കണ്ണകിയുടെ കഥയെ ആസ്പദമാക്കി ഒരു മഹാകാവ്യം രചിച്ചു. കോവലന് മാധവിയില്‍ ജാതനായ പുത്രിയാണ് മണിമേഖല. മണിമേഖല ബുദ്ധമതം സ്വീകരിച്ചു. ആ മഹതിയുടെ ധന്യജീവിതത്തെ ഉപജീവിച്ചു ചീത്തലൈച്ചാത്തനാര്‍ മണിമേഖല എന്ന മറ്റൊരു വിശിഷ്ടമഹാകാവ്യവു രചിച്ചു. ബുദ്ധന്റെ ത്യാഗമോഹനമായ ജീവിതത്തെപ്പറ്റിയും വഞ്ചിപ്പട്ടണത്തെപ്പറ്റിയുമുള്ള അതിമനോഹരമായ വര്‍ണനകളാല്‍ സമൃദ്ധമാണ് ഈ കാവ്യം.
പന്ത്രണ്ടു വൈഷ്ണവസിദ്ധന്മാരില്‍ പ്രമുഖനായ കുലശേഖര ആഴ്വാരുടെ പെരുമാള്‍ തിരുമൊഴി, നാലായിരം ദിവ്യ പ്രബന്ധം എന്ന വൈഷ്ണവ ഗാനസമാഹാരത്തില്‍ അടങ്ങിയിരിക്കുന്നു. ശൈവസിദ്ധന്മാരില്‍ പ്രമുഖനായ ചേരമാന്‍പെരുമാള്‍ നായനാര്‍ തിരുവഞ്ചിക്കുളം രാജധാനിയാക്കി കേരളം വാണിരുന്ന ഒരു ചക്രവര്‍ത്തിയാണ്. ഇദ്ദേഹത്തിന്റെ അപദാനങ്ങള്‍ ചേക്കിഴാര്‍ രചിച്ച പെരിയപുരാണത്തില്‍ കാണാം. തിരുവഞ്ചിക്കുളം ക്ഷേത്രം ഇദ്ദേഹം സ്ഥാപിച്ചതാണ്. ഇദ്ദേഹത്തിന്റെ വിഗ്രഹവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പൊന്‍വണ്ണന്താദിയും തിരുക്കൈലായത്താനവുലായും പ്രശസ്ത കൃതികളാകുന്നു. വൈഷ്ണവ ഗ്രന്ഥമായ മുന്‍പറഞ്ഞ നാലായിരം ദിവ്യ പ്രബന്ധത്തില്‍ കേരളത്തിലെ വൈഷ്ണവ പുണ്യസ്ഥലങ്ങളായ തിരുപ്പതിസാരം, തിരുവട്ടാര്‍, തിരുവനന്തപുരം, തിരുവാറന്മുള, തിരുച്ചെങ്ങന്നൂര്‍, തിരുപ്പുറയൂര്‍, തിരുവല്ലി, തിരുമൂഴിക്കുളം, തിരുക്കാക്കര, തിരുനാവാ, തിരുമിറ്റക്കോട് എന്നീ ക്ഷേത്രങ്ങളെക്കുറിച്ച് ആഴ്വാര്‍മാര്‍ 'പാടല്‍കള്‍' പാടിയിട്ടുണ്ട്.
ആധുനികകാലം. തിരുവല്ലായക്കു സമീപം കുട്ടമ്പേരൂര്‍ നാലേക്കാട്ടുപിള്ളമാരുടെ കുടുംബത്തില്‍ അനേകം തമിഴ്പണ്ഡിതന്മാര്‍ ജീവിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ പ്രഖ്യാതനായ യോഗീശ്വരന്‍ രാമന്‍പിള്ള കാര്‍ത്തികതിരുനാള്‍ രാമവര്‍മ രാജാവിന്റെ കാലത്ത് വലിയ മേലെഴുത്തുപിള്ള ഉദ്യോഗം വഹിച്ചിരുന്നു. മഹാപണ്ഡിതനായ ഇദ്ദേഹം വലിയ ദിവാന്‍ജി രാജാ കേശവദാസനുമായും വേലുത്തമ്പി ദളവയുമായും കത്തിടപാടു നടത്തിയിരുന്നതു പദ്യരൂപത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല.
ആധുനിക കാലത്തും കേരളം തമിഴ്സാഹിത്യത്തിനു അമൂല്യസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിജ്ഞാനനിധിയായ പി. സുന്ദരംപിള്ള (1855-97) തിരുവനന്തപുരം മഹാരാജാസ് കോളജിലെ ഫിലോസഫി വകുപ്പിന്റെ അധ്യക്ഷനായിരുന്നു. ഇദ്ദേഹത്തിന്റെ മനോന്മണീയം നാടകവും നൂറ്റൊകൈവിളക്കവും തമിഴിലെ വിശിഷ്ട കൃതികളാണ്. റ്റി. രാമലിംഗംപിള്ള (1880-1968) പദ്മിനി, അന്നപൂര്‍ണാലയം എന്നീ തമിഴ്കൃതികള്‍ക്കു പുറമേ ഇംഗ്ളീഷ്-ഇംഗ്ളീഷ് മലയാള നിഘണ്ടു, മലയാള ശൈലി നിഘണ്ടു എന്നിവയും രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ തമിഴ് വകുപ്പിന്റെ അധ്യക്ഷനായ കവിമണി എസ്. ദേശികവിനായകംപിള്ള ചില വിശിഷ്ട തമിഴ്കവിതകളുടേയും ചരിത്രലേഖനങ്ങളുടേയും കര്‍ത്താവാണ്. ലാളിത്യവും മാധുര്യവുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതകള്‍.
കേരളസര്‍വകലാശാലയില്‍ തമിഴ്വകുപ്പിന്റെ അധ്യക്ഷന്മാരായിരുന്ന എം. രാഘവയ്യങ്കാര്‍, എസ്. വൈയാപുരിപ്പിള്ള, എം. ഇളൈയപെരുമാള്‍, നീലാപദ്മനാഭന്‍, മാധവന്‍ മുതലായവര്‍ കേരളീയ തമിഴ്സാഹിത്യകാരന്മാരില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ്. തൊല്‍കാപ്പിയം, നന്നൂല്‍ എന്നീ തമിഴ് വ്യാകരണ ഗ്രന്ഥങ്ങള്‍ മലയാളത്തിലും ലീലാതിലകം, കേരളപാണിനീയം എന്നീ മലയാളഗ്രന്ഥങ്ങള്‍ തമിഴിലും വിവര്‍ത്തനം ചെയ്ത ഇളൈയപെരുമാള്‍ ഉഭയഭാഷാപണ്ഡിതനായിരുന്നു. 21 നോവലുകളുടേയും 13 ചെറുകഥാസമാഹാരങ്ങളുടേയും നാല് കവിതാസമാഹാരങ്ങളുടേയും നാല് ലേഖനസമാഹാരങ്ങളുടെയും രചയിതാവായ നീലാപദ്മനാഭന്‍ സര്‍ അണ്ണാമല ചെട്ടിയാര്‍ അവാര്‍ഡും (ഉറവുകള്‍-നോവല്‍) ഭാരതീയനാഷണല്‍ ഫോറത്തിന്റെ 'നോവലരശ്' (1981) എന്ന ബഹുമതിയും നേടിയ പ്രതിഭാശാലിയാണ്. ഇദ്ദേഹത്തിന്റെ തലൈമുറൈകള്‍ എന്ന നോവല്‍ മലയാളം, ഇംഗ്ളീഷ് മുതലായ ഭാഷകളില്‍ വിവര്‍ത്തിതമായിട്ടുണ്ട്. നോ. തമിഴ് ഭാഷയും സാഹിത്യവും
തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച 'നകുലന്‍' എന്ന ടി.കെ. ദൊരൈസ്വാമി തമിഴിലെ പ്രസിദ്ധനായ എഴുത്തുകാരനാണ്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ നിനൈ വുപ്പാതൈ ആത്മകഥാപരമായ നോവലാണ്. നായ്ക്കള്‍ നവീനന്‍ ഡയറി, ചില അത്തിയായങ്കള്‍ എന്നിവ ഗദ്യവിഭാഗത്തിലും എഴുത്തുകവിതൈകള്‍, പത്താണ്ടു കവിതൈകള്‍ എന്നിവ കവിതാവിഭാഗത്തിലും ശ്രദ്ധേയമായവയാണ്. 'തമിഴ് എഴുതലര്‍ സംഘം' എന്ന സംഘടന കേരളത്തിലെ തമിഴ് എഴുത്തുകാരുടെ അറിയപ്പെടുന്ന സാഹിത്യഘടക കമാണ്. ഈ കൂട്ടായ്മയിലൂടെ ഒട്ടനവധി എഴുത്തുകാര്‍ സാഹിത്യരംഗത്തേക്ക് വരികയുണ്ടായി. ഉരുണ്ടോടും എണ്ണങ്കള്‍ രചിച്ച വാനനമാമലൈയും ഉയിര്‍ത്തെഴു രചിച്ച എ ലക്ഷ്മണനും പത്തായം ഒണ്‍ടു വില്‍പെനയ്ക്ക് എഴുതിയ എം.എസ്.എസ്. മണിയും സമകാലിക വിഷയങ്ങളെ അതിന്റെ പ്രസക്തിയനുസരിച്ച് പരിഗണിക്കുന്ന എഴുത്തുകാരാണ്. അനന്തിയുടെ അമ്മാവനും വി. ബാലകൃഷ്ണന്റെ കാശിനാഥ് മുരുകന്‍ കാണിയും രാജശേഖരന്റെ അയ്യര്‍ക്കായി നേസിയും എം. അലക്സാണ്ടറുടെ നദിയില്‍ മിതക്കും നിലാവും എടുത്തുപറയേണ്ട രചനകള്‍ തന്നെയാണ്. കേരള പശ്ചാത്തലത്തിലെ തമിഴ് രചനകള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന എ. മാധവന്‍ ചിത്രീകരണത്തിന്റെ മാസ്മരികത അറിയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കടയ്തെരുകഥൈകളും, മാധവന്‍ കഥൈകളും അതിനു തെളിവുമാണ്. കുമരേശന്റെ കാന്തപ്പൂക്കളും, വട്രകൈവീടും മലയാളീ സന്നിധ്യമുള്ള ശക്തമായ കഥകളാണ്. തോപ്പില്‍ മുഹമ്മദ് മീരാനും നിഷാ റാഫിയും എം നൈനാറും എഴുത്തിന്റെ ലോകത്തിലെ പുതുമ തേടുന്നവരാണ്. നിഷാറാഫിയുടെ അയ്യാവൈകുണ്ഠസ്വാമി, നൈനാറുടെ നേര്‍കോടുകള്‍, ചുമ്മാ എന്നിവ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന രചനകളാണ്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും തിരിച്ചും മൊഴിമാറ്റം നടത്തി കലയെ ചിരസ്ഥായിയാക്കുന്ന സമീരയും പി. ഉഷാദേവിയും ഒറ്റപ്പെട്ടതെങ്കിലും കരുത്തുറ്റ സ്വതന്ത്രരചനകള്‍ നടത്തുന്നവരാണ്.
(വി. ആര്‍. പരമേശ്വരന്‍പിള്ള; സ. പ.)
കന്നഡ. അത്യുത്തരകേരളത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം മുതലായ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഏറിയകൂറും കന്നഡ മാതൃഭാഷയായിട്ടുള്ളവരാണ്. അവിടെ കന്നഡ ബോധന മാധ്യമമായുള്ള വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കന്നഡഭാഷയും ദ്രാവിഡഭാഷാഗോത്രത്തിലെ ഒരു പ്രമുഖാംഗമാണ്. അത്യുത്തരകേരളത്തിലെ മലയാളഭാഷയും വനവാസിഭാഷകളും കന്നഡഭാഷാപ്രഭാവിതങ്ങളാണ്.
കന്നഡ, തുളു, മലയാളം എന്നീ മൂന്നു ഭാഷാസംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ് കാസര്‍കോടു ജില്ല. അവിടെ നീര്‍ച്ചാല്‍ എന്ന സ്ഥലത്തു സ്ഥിതിചെയ്തിരുന്ന മഹാജനസംസ്കൃത കോളജ് നിരവധി പണ്ഡിതന്മാരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത പ്രസിദ്ധമായ വിദ്യാകേന്ദ്രമാണ്. കര്‍ണാടകവുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്ന കാസര്‍കോട് കന്നഡ സാഹിത്യത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കന്നഡഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ വ്യക്തിയാണ് മഞ്ചേശ്വരം ഗോവിന്ദപ്പൈ (1883-1963). ഭാരതീയവും ഭാരതീയേതരവുമായ നിരവധി ഭാഷകളില്‍ ഇദ്ദേഹം അവഗാഹം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭവനം കര്‍ണാടകത്തിലെ പേരുകേട്ട കവികള്‍ക്കൊക്കെയും തീര്‍ഥാടനകേന്ദ്രമാണ്. ബഹുമുഖ പ്രതിഭയായ ഇദ്ദേഹത്തിന്റെ സേവനങ്ങളും കണക്കിലെടുത്ത് മദിരാശി ഗവണ്‍മെന്റ് ഇദ്ദേഹത്തിന് 1949-ല്‍ ആസ്ഥാനകവിപദം നല്‍കി ആദരിക്കുകയുണ്ടായി. കേരളസര്‍ക്കാര്‍ പൈയുടെ ജന്മഗൃഹം ഏറ്റെടുത്ത് ദേശീയസ്മാരകമായി സൂക്ഷിച്ചുവരുന്നു. മഞ്ചേശ്വരത്ത് ആരംഭിച്ച കോളജിന് മഹാകവിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്.
കന്നഡകവിതയില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളാണ് ഗോവിന്ദപ്പൈ വരുത്തിയത്. ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി അനുചിത പദങ്ങളെ കവിതയിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ ഇദ്ദേഹം എതിര്‍ത്തു. പ്രാസദീക്ഷയില്ലാതിറങ്ങിയ പൈയുടെ കവിതകളെ സാഹിത്യത്തിലെ യാഥാസ്ഥിതികര്‍ ശക്തിയായി എതിര്‍ത്തെങ്കിലും ക്രമേണ വിമര്‍ശകര്‍ക്ക് അവയെ അംഗീകരിക്കേണ്ടിവന്നു; എന്നു മാത്രമല്ല, ആ കവിതകളെ മാതൃകയാക്കി സ്വീകരിക്കേണ്ടിവരികയും ചെയ്തു. നിരവധി ഗവേഷണപ്രബന്ധങ്ങളിലൂടെ സാഹിത്യത്തില്‍ ദീര്‍ഘകാലമായി നിലനിന്നുപോന്ന പല വാദപ്രതിവാദങ്ങള്‍ക്കും ഇദ്ദേഹം വിരാമമിട്ടു. ഭാവസൗന്ദര്യംകൊണ്ട് അതുല്യമാണ് ഇദ്ദേഹത്തിന്റെ ഗീതകങ്ങള്‍. ഗീതകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരിശ്ചന്ദ്രനെക്കുറിച്ചുള്ളതാണ്. ചില ജാപ്പനീസ് നാടകങ്ങളും ബംഗാളി മഹാകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തര്‍ജുമ ചെയ്തതിനുപുറമേ ചില ഖണ്ഡകാവ്യങ്ങളും ഗോവിന്ദപ്പൈ രചിച്ചിട്ടുണ്ട്. പദ്യകൃതികളില്‍ പ്രഥമഗണനീയങ്ങള്‍ വൈശാഖി, ഗൊല്‍ഗോത എന്നിവയാണ്. ബുദ്ധന്റെ അവസാനകാലത്തിന്റെ ഭാവസാന്ദ്രമായ ആവിഷ്കാരമാണ് വൈശാലി; ഗൊല്‍ഗോത (മഹാകാവ്യങ്ങള്‍) ക്രിസ്തുദേവന്റേയും. ഹെബ്ബെറലു (പെരുവിരല്‍) കാവ്യനാടകമാണ്.
മഹാജന സംസ്കൃതകോളജിലെ അധ്യാപകനായ പെര്‍ദല കൃഷ്ണഭട്ടും കാവ്യങ്ങളേക്കാള്‍ കൂടുതല്‍ കവികളെ സൃഷ്ടിച്ച മഹാനായിരുന്നു. ഇദ്ദേഹത്തിന്റെ കന്നഡ മാസ്റ്റരകൃതഗളു അകൃത്രിമവും അസുലഭവുമായ സൗന്ദര്യത്തിന്റെ കേദാരമെന്നു കൊണ്ടാടപ്പെടുന്ന കൃതിയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ ജനങ്ങളില്‍ ദേശീയബോധം ഉണര്‍ത്തുന്നതിനുവേണ്ടി തൂലികയെ പടവാളാക്കിയ കവിയാണ് കയ്യാര്‍ കൃഷ്ണറായി. ശ്രീമുഖ, ഐക്യഗാനപുനര്‍നവ, ചേതന, പാഞ്ചജന്യ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കാവ്യകൃതികള്‍. ചില മലയാളകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്. തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹികാനീതികള്‍ക്കെതിരായി പോരാടുവാന്‍ ഇദ്ദേഹം കവിതയെ ആയുധമാക്കി. നചികേത, രത്നരാശി, ഗോവിന്ദപ്പൈ-സ്മൃതി മത്തു കൃതി, വിരാഗിണി തുടങ്ങിയ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.
കന്നഡകവിതയ്ക്കു കരുത്തും ഗാംഭീര്യവും നല്‍കിയ കവിയാണ് കാര്യഹള്ള രാമകൃഷ്ണഷെട്ടി. നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിധിവൈപരീത്യത്തില്‍ വളരെ കുറച്ചുകാലം മാത്രമേ ഇദ്ദേഹത്തിന് സാഹിത്യസേവനം നടത്താനായുള്ളു. ഷെട്ടിയുടെ മകനും കഥാകാരനും നാടകകൃത്തുമായ കെ. ആര്‍. സാരങ്ഗനും വളരെ ചെറുപ്പത്തില്‍ അന്തരിച്ചു.
യരീഞ്ജ രാമചന്ദ്രയാണ് പ്രസിദ്ധനായ മറ്റൊരു കവി. സ്വാതന്ത്യ്രസമരസേനാനിയായ ലക്ഷ്മീ നാരായണപുനചിത്തായ നിരവധി ഭാവഗീതങ്ങളും ദേശഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. വെങ്കടരാജപുനചിത്തായ, സുബ്രായഭട്ട്, മട്ടിരാധാകൃഷ്ണറാവു, ശിവാനന്ദബേക്കല്‍, രാമാനന്ദബനറി, കൃഷ്ണചെമ്മാന്‍ ഗഡെ തുടങ്ങിയവര്‍ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളാണ്.
സാഹിത്യവിമര്‍ശകരുടെ കൂട്ടത്തില്‍ ബഹുഭാഷാപണ്ഡിതനായ കെ. എസ്. ശര്‍മ്മയാണ് പ്രമുഖന്‍. കെ. എസ്. ശര്‍മ്മ, കൃഷ്ണറായി, എസ്. തിരുമലേശ്വരഭട്ട്, അനന്തപുരസുബ്രായ, കോളൂര്‍ ശ്യാമഭട്ട്, നിരിബഗിളു വെങ്കപ്പയ്യ, ഗണപതി ദിവാന തുടങ്ങിയവര്‍ ബാലസാഹിത്യകാരന്മാരാണ്. എം. ഗംഗാധര ഭട്ടും കെ. എന്‍. ബിയും എം. വ്യാസയും നവീനാശയങ്ങളുടെ പ്രമുഖ വക്താക്കളാണ്. മുഖവാദഗളുവാതര, മഹാപ്രസ്ഥാന തുടങ്ങിയ കൃതികളുടെ കര്‍ത്താവായ കെ. വി. തിരുമലേഷ് ആധുനിക കവികളില്‍ ശ്രദ്ധേയനാണ്.
ബഹുമുഖപ്രതിഭാശാലിയായ ബി. വേണുഗോപാല്‍ പന്ത്രണ്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗരിമുരിദഹക്കിഗളു എന്ന കാവ്യസമാഹാരം കര്‍ണാടകസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. കവിത, നോവല്‍, നിരൂപണം, നാടകം തുടങ്ങിയ വ്യത്യസ്തമേഖലകളില്‍ ഇദ്ദേഹം സപര്യ നടത്തുന്നു. ശ്രീഷദേവപൂജിത്തായ, എം. ഗംഗാധരഭട്ട് എന്നിവരും ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്.
കന്നഡത്തിലെ പ്രസിദ്ധങ്ങളായ ചില നോവലുകള്‍ സി. രാഘവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്; ഓടയില്‍നിന്ന് കന്നഡത്തിലേക്കും. മലയാളം നോവലുകളുടെ തര്‍ജുമയില്‍ കന്നഡസാഹിത്യത്തിനു മുതല്‍ക്കൂട്ടിയ മറ്റൊരാളാണ് ബി.കെ. തിമ്മപ്പ. മാപ്പിള സാഹിത്യത്തിലെ പ്രസിദ്ധകവിയായ റ്റി. ഉബൈദ് വള്ളത്തോളിന്റെ കുറെ പദ്യങ്ങളും ആശാന്റെ വീണപൂവും കന്നഡത്തിലാക്കിയിട്ടുണ്ട്. ഭഗവാന്‍-പരശുരാമന്‍ എന്ന കൃതി കന്നഡത്തിലേക്ക് ഭാഷാന്തരം ചെയ്ത യക്ഷഗാനപണ്ഡിതനാണ് പെര്‍ദല കൃഷ്ണഭട്ട്.
സ്ഥിരപ്രതിഷ്ഠരായ കന്നഡ നോവലിസ്റ്റുകളില്‍ ചിലര്‍ കാസര്‍കോടുകാരാണ്. രാമവിശ്വാമിത്രയും കെ.റ്റി. ഗട്ടിയും ഇവരില്‍ ഉള്‍പ്പെടുന്നു. കല്ലിഗ മഹാബലാണ്ഡാരി പ്രസിദ്ധനായ നോവലിസ്റ്റാണ്. ചന്ദ്രഗിരിയതീരദല്ലി എന്ന നോവലിന്റെ രചനയിലൂടെ സാറാ അബൂബക്കര്‍ ശ്രദ്ധേയയായി. നിരവധി ചരിത്രകഥകളുടെ രചനകള്‍കൊണ്ട് കന്നഡ സാഹിത്യത്തെ സമ്പന്നമാക്കിയ സാഹിത്യകാരനാണ് ബേകലരാമനായക്. ഭൂതകാലത്തിന്റെ മധുരസ്മരണകളാണ് നായക്കിന്റെ കൃതികളുടെ ഉള്ളടക്കം. പ്രമേയത്തിനനുഗുണമായ ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
കന്നഡ-ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാസര്‍കോട് നിസ്തുലസേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസറഗോഡുസമാചാര (എ.ഡി.വൈ. മഹാലിംഗഭട്ട്), നവചേതന (വെങ്കിട്ടരമണഭട്ട്), നാദപ്രേമി (എം.വി. ബല്ലുല്ലായ), അജന്ത (എം. വ്യാസ) എന്നിവ ഉന്നതനിലവാരം പുലര്‍ത്തുന്ന ആനുകാലികങ്ങളായിരുന്നു. ഇവയെല്ലാം അകാലത്തില്‍ത്തന്നെ അന്തര്‍ധാനവും ചെയ്തു. ഇപ്പോള്‍ ഇവിടെനിന്നും പ്രസിദ്ധികരിക്കുന്ന കന്നഡ ദിനപത്രങ്ങളാണ് കാരവല്‍, ഉദയവാണി, ഉത്തരദേശം, വിജയകര്‍ണാടക, വിജയവാണി എന്നിവ. കയ്യറ കൃഷ്ണറായി ബി. കെ. എന്‍. കുളമാര്‍വ, ബാലകൃഷ്ണ, കെ. റ്റി. ശ്രീധര, കെ. റ്റി. വേണുഗോപാല, എച്ച്. എം. നാരായണഭട്ട്, എം. വി. ബല്ലുല്ലായ, കാര്യഹള്ള രാമകൃഷ്ണഷെട്ടി, കെ. ആര്‍. സാരങ്ഗ എന്നിവര്‍ പേരെടുത്ത പത്രലേഖകരാണ്.
കാസര്‍കോട് 'യക്ഷഗാന'ത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്നു. കുമ്പളയിലെ പാര്‍വതിസുബ്ബയെ കാസര്‍കോടിലെ ആദികവിയും യക്ഷഗാനത്തിന്റെ പിതാവും ആയി ആദരിച്ചുപോരുന്നു. യക്ഷഗാനത്തെ ആസ്പദമാക്കി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശങ്കയ്യഭാഗവത, ബലിപ്പനാരായണഭാഗവത, എ. വിഷ്ണു മൂര്‍ത്തിഹൊള്ള, ബഡക്കില വിഷ്ണയ്യദ, കീരിക്കാട്ടു വിഷ്ണുഭട്ട്, ഷേനിഗോപാലകൃഷ്ണഭട്ട്, പെര്‍ദല കൃഷ്ണഭട്ട് തുടങ്ങിയവരും പ്രസിദ്ധരായ യക്ഷഗാന കവികളാണ്
(മട്ടി രാധാകൃഷ്ണറാവു; സ. പ.)
തുളു. ദക്ഷിണകര്‍ണാടക ജില്ലയില്‍നിന്നും കേരളത്തില്‍ കുടിയേറിപ്പാര്‍ത്തുവരുന്ന ബ്രാഹ്മണരുടെ മാതൃഭാഷ തുളുവാണ്. അതിപ്രാചീനകാലം മുതല്‍തന്നെ തൌലവന്മാര്‍ (തുളുവന്മാര്‍) കേരളീയരുടെ ഭാഷയിലും ജീവിതത്തിലും സ്വാധീനത ചെലുത്തിയിരുന്നുവെന്ന് മലയാളലിപിക്ക് 'തുളുമലയാളലിപി' എന്ന പേരു പ്രചരിച്ചിരുന്നതില്‍ നിന്നു മനസ്സിലാക്കാം. എമ്പ്രാന്‍, എമ്പ്രാന്തിരി, തുളുപ്പോറ്റി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ജനവിഭാഗം കേരളത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വരം, വര്‍ക്കല മുതലായ പല മഹാക്ഷേത്രങ്ങളിലേയും പൂജാരികളും പരികര്‍മ്മികളും തൌലവന്മാര്‍ ആണ്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവരുടെ സംഖ്യ കൂടുതലായി കാണപ്പെടുന്നു. തുളു ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണ്. അതിപ്രാചീനങ്ങളായ ചില തുളു സാഹിത്യകൃതികള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഈ ഭാഷ ഇന്ന് അധികവും സംഭാഷണത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു. അപൂര്‍വമായേ സാഹിത്യകൃതികള്‍ ഇതില്‍ ആവിര്‍ഭവിക്കാറുള്ളു. ഉഡുപ്പിയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തൌലവ സംഘം ബനിഞ്ജ ഗോവിന്ദാചര്യയുടേയും മറ്റും നേതൃത്വത്തില്‍ തുളു നിഘണ്ടു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നോ. തുളുഭാഷയും സാഹിത്യവും
ഹിന്ദി. കേരളവും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദീപ്രചാരണ പ്രസ്ഥാനം (1919) ആരംഭിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഹിന്ദി പ്രചാരം നേടിയിരുന്നു എന്നതിനു മതിയായ തെളിവുകളുണ്ട്. പഴയ കാലത്ത് 'ഹിന്ദുസ്ഥാനി', 'ഗോസായിഭാഷ', 'പട്ടാണിഭാഷ', 'ദക്ഖിനി' തുടങ്ങിയ പേരുകളിലാണ് ഈ ഭാഷ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. പ്രധാനമായും പരദേശികളുമായുള്ള സംഭാഷണത്തിനും തീര്‍ഥയാത്രയ്ക്കും വ്യാപാരാവശ്യങ്ങള്‍ക്കും രാജാക്കന്മാരുടെ കത്തിടപാടുകള്‍ക്കും മറ്റും ഈ ഭാഷ ഉപയോഗിച്ചുപോന്നു. 18, 19 നൂറ്റാണ്ടുകളിലെ ചില അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ കേരളീയര്‍ ഈ ഭാഷ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നതെങ്ങനെ എന്നും വ്യക്തമാക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ബാസല്‍മിഷല്‍ തുടങ്ങിയ ചില ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ ഹിന്ദുസ്ഥാനി പ്രചരിപ്പിക്കുകയും സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഹിന്ദീപ്രചാരണ പ്രസ്ഥാനം ആരംഭിച്ചതോടുകൂടി കേരളീയര്‍ ഹിന്ദി ഭാഷ വ്യാപകമായി പഠിക്കാനും ഹിന്ദിയില്‍ സാഹിത്യരചനകള്‍ നടത്താനും തുടങ്ങി. സ്വാതന്ത്യ്രാനന്തര കാലഘട്ടത്തില്‍ ഹിന്ദീപഠന ഗവേഷണസാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതോടൊപ്പം അനേകം ഹിന്ദി എഴുത്തുകാരും, വിവര്‍ത്തകരും കേരളത്തില്‍ ഉണ്ടാവുകയും ചെയ്തു. കാശീനാഗരീ പ്രചാരണിസഭ അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഹിന്ദീ സാഹിത്യബൃഹച്ചരിത്രം (ഹിന്ദീ സാഹിത്യ കാ ബൃഹത് ഇതിഹാസ്) പതിനഞ്ചാം ഭാഗത്തില്‍ ഒരദ്ധ്യായം തന്നെ കേരളീയ ഹിന്ദീസാഹിത്യത്തിനായി നീക്കിവച്ചിരിക്കുന്നത് രാഷ്ട്ര ഭാഷയ്ക്ക് കേരളീയര്‍ നല്‍കിയ സംഭാവനകളുടെ ദേശീയ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
കേരളത്തില്‍ പ്രവേശിച്ച 'ഹിന്ദുസ്ഥാനി' അഥവാ 'തുലുക്കഭാഷ' സംസാരിക്കുന്ന തുലുക്കന്‍ പടയെപ്പറ്റി ഉണ്ണുനീലിസന്ദേശം തുടങ്ങിയ കാവ്യങ്ങളില്‍ പരാമര്‍ശമുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ 'സ്യമന്തകം' തുള്ളലിലാകട്ടെ 'ഗോസായി' മാരുടെ ഹിന്ദി സംഭാഷണരീതി കവിതയില്‍ത്തന്നെ കൊടുത്തിരിക്കുന്നു. 'തുമാരാ മുല്‍ക്കു കോന്‍ മുല്‍ക്കു, ഹമാരാ മുല്‍ക്കു കാശി മുല്‍ക്കു' തുടങ്ങിയ വരികള്‍ കേരളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ ഹിന്ദീകാവ്യാംശമാണെന്നു പറയാം.
ചില കോശഗ്രന്ഥങ്ങള്‍. ഏകദേശം നമ്പ്യാരുടെ കാലത്തിനടുത്ത് താളിയോലയില്‍ എഴുതപ്പെട്ട അജ്ഞാതകര്‍തൃകങ്ങളായ രണ്ടു ഹിന്ദുസ്ഥാനീ മലയാളകോശങ്ങള്‍ തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയില്‍ കാണാം. അമരകോശത്തിന്റെയും ഹിന്ദിയിലെ പ്രാചീന നാമകോശങ്ങളുടെയും മാതൃകയിലുള്ള ഈ ഗ്രന്ഥങ്ങള്‍ (തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാല ഗ്രന്ഥസംഖ്യ 6079, 22504 അ) മലയാളികള്‍ മുന്‍കാലങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ ഹിന്ദി പഠിച്ചിരുന്നു എന്നതിനു പ്രകടമായ തെളിവുകളായി നിലകൊള്ളുന്നു. രണ്ടുകോശങ്ങളിലും പൂര്‍വാര്‍ദ്ധവും ഉത്തരാര്‍ധവുമുണ്ട്. പൂര്‍വാര്‍ധത്തില്‍ വ്യാകരണ രൂപങ്ങളും മലയാളത്തില്‍ വിവരണവും അര്‍ഥവും കൊടുത്തിരിക്കുന്നു. ഉത്തരഭാഗത്തിലാകട്ടെ വാക്കുകളെ വര്‍ഗങ്ങളായി തിരിച്ച് അര്‍ഥം വിവരിച്ചിരിക്കയാണ്. ഇവയ്ക്ക് വര്‍ഗവിഭജനത്തില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ഇവ രണ്ടും രണ്ടു വ്യത്യസ്ത കോശങ്ങള്‍ തന്നെയാണ്. ഇവയുടെ സാദൃശ്യത്തിനു കാരണം ഇവയ്ക്ക് മാതൃകയായി മറ്റേതെങ്കിലും ദക്ഖിനീ ഹിന്ദുസ്ഥാനികോശങ്ങള്‍ അന്നു ലഭ്യമായിരുന്നതായിരിക്കണം.
ഭാരതത്തിലെ ഭാഷകള്‍ക്കു പ്രാധാന്യം നല്‍കിയ ബാസല്‍മിഷന്‍കാര്‍ 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആധുനികരീതിയിലുള്ള ചില ഹിന്ദുസ്ഥാനി റീഡറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തോബിയാസ് സക്കറിയാസ് 1899-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി സ്വബോധിനി ബാസല്‍മിഷന്‍കാര്‍ മലയാളമാധ്യമത്തില്‍ ഹിന്ദി പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു വ്യാകരണഗ്രന്ഥമാണ്. റവ. മാത്യു കുര്യന്‍ 1887-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി ഭാഷ എന്ന ഗ്രന്ഥവും പാശ്ചാത്യ മാതൃകയിലുള്ള ഹിന്ദുസ്ഥാനി-മലയാള വ്യാകരണഗ്രന്ഥമത്രേ. മലയാളത്തിലെ ആയുര്‍വേദപദങ്ങള്‍ക്ക് ഹിന്ദുസ്ഥാനിയിലും മറ്റു ഭാഷകളിലും പര്യായപദങ്ങള്‍ കൊടുക്കുന്ന തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദ-ഔഷധി നിഘണ്ടു (1902) ഹിന്ദുസ്ഥാനിയുടെ പ്രായോഗികതയെ കാണിക്കുന്ന മറ്റൊരു വിശിഷ്ടഗ്രന്ഥമാണ്.
ഹിന്ദുസ്ഥാനി ഗീതങ്ങള്‍. ഹിന്ദീപ്രചാരണത്തിനു വളരെ മുമ്പുതന്നെ ഹിന്ദുസ്ഥാനീസംഗീതം ദക്ഷിണേന്ത്യയില്‍ വളരെയധികം പ്രചരിച്ചിരുന്നു. തഞ്ചാവൂരിലെ ഷാഹ്നജി, ശരഭോജി എന്നീ രാജാക്കന്മാര്‍ ഹിന്ദുസ്ഥാനീ കൃതികള്‍ രചിച്ച ദാക്ഷിണാത്യരാണ്. ആ പാരമ്പര്യം പിന്തുടര്‍ന്ന് സ്വാതിതിരുനാള്‍ രാജാവും ഹിന്ദുസ്ഥാനീഗീതങ്ങള്‍ രചിച്ചു. ഇദ്ദേഹം രചിച്ച ഹിന്ദുസ്ഥാനീഗീതങ്ങളില്‍ നാല്‍പതോളമേ ലഭിച്ചിട്ടുള്ളു. 1916-ല്‍ ചിദംബരവാധ്യാര്‍ സമ്പാദനം ചെയ്ത സ്വാതിതിരുനാള്‍ സംഗീത കൃതികള്‍ എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ ഗീതങ്ങള്‍ വെളിച്ചം കണ്ടത്.
ഇദ്ദേഹത്തിന്റെ ഭാവദീപ്തങ്ങളായ വരികള്‍ ഹിന്ദീകവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന് സമുന്നതമായ ഒരു സ്ഥാനം നേടിക്കൊടുക്കുന്നു. ഈ ഗീതങ്ങളിലെ രാഗപ്രയോഗങ്ങള്‍ സംഗീതത്തിന് ഇദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവനകളാണ്.
1918-ല്‍ ദക്ഷിണേന്ത്യയില്‍ ഹിന്ദീപ്രചാരണം ആരംഭിച്ചകാലം മുതല്‍തന്നെ കേരളീയര്‍ അതില്‍ സജീവമായി പങ്കെടുക്കുകയും ഹിന്ദിയില്‍ മൌലിക കൃതികള്‍ രചിക്കുന്നതില്‍ താത്പര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തുപോന്നു. 1923 മുതല്‍ മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ഹിന്ദീ പ്രചാരക്' എന്ന മാസിക കേരളീയരായ എഴുത്തുകാരുടെ അനേകം കവിതകളും കഥകളും ലേഖനങ്ങളും ഉള്‍ക്കൊണ്ടിരുന്നു. അതിനുശേഷം കേരളത്തില്‍ നിന്ന് 'ഹിന്ദീ മിത്ര', 'ലല്‍ക്കാര്‍', 'അരവിന്ദ്', 'വിശ്വഭാരതി', 'പ്രതാപ് രാഷ്ട്രവാണി', 'ആര്യകൈരളി' , 'കേരളഭാരതി', 'സഹകാരി ഹിന്ദീപ്രചാരക്', 'ഭാവ് ഔര്‍ രൂപ്', 'കേരള ജ്യോതി', 'ഗ്രന്ഥാലോകം' (ഹിന്ദീ വിഭാഗം), 'സാഹിത്യമണ്ഡല്‍ പത്രിക' തുടങ്ങിയ മാസികകളും 'യുഗപ്രഭാത്' എന്ന സചിത്രഹിന്ദീ ദ്വൈവാരികയും പ്രസിദ്ധീകരിക്കുകയുണ്ടായി. 1930-കളില്‍ ഗാന്ധിയന്‍ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് മാതൃഭൂമി വാരിക ഹിന്ദീ വിഭാഗം ആരംഭിച്ചു പ്രസിദ്ധീകരിച്ചതും ഐതിഹാസികമായ ഒരു ചുവടുവയ്പായിരുന്നു. ഈ മാസികകളിലും ഹിന്ദീപ്രദേശത്തുനിന്നു പുറപ്പെടുന്ന മറ്റനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കേരളീയര്‍ തങ്ങളുടെ അനേകം മൗലിക കൃതികളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു ഹിന്ദീസാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത ഉള്‍ക്കൊള്ളുന്ന പല കവിതകളും ലക്ഷ്മിക്കുട്ടിദേവി, ഭാരതീദേവി, ടി.കെ. ഗോവിന്ദ് തലശ്ശേരി, വിമല്‍ കേരളീയ് തുടങ്ങിയവര്‍ ഹിന്ദീപ്രചാരക് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വാതന്ത്യ്രത്തിനു ശേഷം ദേവ് കേരളീയ്, പി. നാരായണന്‍ 'നരന്‍', വാസുദേവന്‍പിള്ള 'ദക്ഷിണണി, പി.വി. വിജയന്‍, ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ഹിന്ദിയില്‍ നിരവധി മൗലിക കവിതകള്‍ എഴുതി.
നാടകരംഗത്ത് എന്‍. ചന്ദ്രശേഖരന്‍നായര്‍, ലക്ഷ്മിക്കുട്ടിയമ്മ, കെ. നാരായണന്‍ മുതലായവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. കെ. നാരായണന്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, എന്‍. രാമന്‍ നായര്‍ തുടങ്ങിയവരുടെ കഥാസമാഹാരങ്ങളും ഹിന്ദിയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഗോവിന്ദഷേണായിയുടെ ഹാസ്യലേഖന സമാഹാരങ്ങള്‍ ഹിന്ദീസാഹിത്യത്തിനു കേരളീയരില്‍ നിന്നു ലഭിച്ചിട്ടുള്ള വിശിഷ്ടമായ സംഭാവനയാണ്. രണ്ടു കഥാസമാഹാരങ്ങളും (ആഗേ കോന്‍ ഹവാല്‍, മിസ്റ്റിക് സാഹബ് കാ കുത്താ) ഒരു ലഘു നോവലും (കിഞ്ചിത് ശേഷ്) ഇദ്ദേഹം ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണരംഗത്ത്, വിശേഷിച്ച് മലയാളസാഹിത്യത്തെ ഹിന്ദി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്ന കാര്യത്തില്‍ കെ. ഭാസ്കരന്‍ നായര്‍, എന്‍. വെങ്കടേശ്വരന്‍, വിശ്വനാഥയ്യര്‍, രത്നമയീദേവി ദീക്ഷിത്, എന്‍.വി. കൃഷ്ണവാരിയര്‍, സി.ആര്‍. നാണപ്പ, കെ. രവിവര്‍മ്മ, വെള്ളായണി അര്‍ജുനന്‍, രാമചന്ദ്രദേവ് തുടങ്ങിയ എഴുത്തുകാരുടെ ഗവേഷണ പ്രബന്ധങ്ങളും മറ്റു സംഭാവനകളും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
കേരളത്തിലെ ഹിന്ദീലേഖകരുടെ കൂട്ടത്തില്‍ കെ. വാസുദേവന്‍പിള്ള 'ദക്ഷിണണി, പി.കെ. കേശവന്‍ നായര്‍, പി.ജി. വാസുദേവ്. എന്‍.പി. കുട്ടന്‍പിള്ള തുടങ്ങിയവരുടെ സംഭാവനകളും പ്രത്യേകം ശ്രദ്ധേയമാണ്. വിശ്വനാഥയ്യരുടെ ഗദ്യലേഖനങ്ങളും, ജി. ഗോപിനാഥന്റെ വിവര്‍ത്തന പഠനങ്ങളും ഡയറിക്കുറിപ്പുകളും, 'ആര്‍സു'വിന്റെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങളും; ഡോ. വെള്ളായണി അര്‍ജുനന്‍, കുന്നുകുഴി കൃഷ്ണന്‍കുട്ടി, പി.ജി. വാസുദേവ് തുടങ്ങിയവരുടെ ബാലസാഹിത്യ കൃതികളും, പദ്മിനിമേനോന്റെ ഓര്‍മക്കുറിപ്പുകളും, ടി.എന്‍. വിശ്വന്‍, അരവിന്ദാക്ഷന്‍, എന്‍. രവീന്ദ്രനാഥ് തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഹിന്ദീസാഹിത്യരംഗത്ത് കേരളീയര്‍ക്കു ഉറച്ചുനില്ക്കാന്‍ കഴിയുമെന്നു കാണിക്കുന്ന നൂതനവാഗ്ദാനങ്ങളാണ്. കെ. ഭാസ്കരന്‍ നായര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും കൃഷ്ണഭക്തിസാഹിത്യം), വിശ്വനാഥയ്യര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും ആധുനിക കവിത), എന്‍. ചന്ദ്രശേഖരന്‍ നായര്‍(സുമിത്രാ നന്ദന്‍ പന്തിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും സിംബലിസം), എന്‍. രാമന്‍ നായര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും കവിതയില്‍ വാത്സല്യരസം), എം. ജോര്‍ജ് (തുഞ്ചത്തെഴുത്തച്ഛനും തുളസീദാസും), കെ.എസ്. മണി (മൈഥിലീശരണ്‍ ഗുപ്തയും വള്ളത്തോളും), വെള്ളായണി അര്‍ജുന്‍ (ശ. ഹിന്ദിയിലേയും മലയാളത്തിലേയും സമാനപദങ്ങളുടെ ഭാഷാശാസ്ത്രപരമായ പഠനം, ശശ. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ഹിന്ദീശബ്ദപ്രഭാവം), ജി. ഗോപിനാഥന്‍ (ഹിന്ദിസാഹിത്യത്തിനു കേരളത്തിന്റെ സംഭാവന) എന്നീ പണ്ഡിതന്മാരുടെ ഗവേഷണപ്രബന്ധങ്ങളും അവരുടെ മേല്‍നോട്ടത്തില്‍ നിരവധി ഗവേഷണവിദ്യാര്‍ഥികള്‍ തയ്യാറാക്കിയിട്ടുള്ളതും തയ്യാറാക്കിക്കൊണ്ടിരിക്കുന്നതുമായ ഗവേഷണഗ്രന്ഥങ്ങളും ഹിന്ദീഭാഷയ്ക്കും സാഹിത്യത്തിനുമുള്ള കേരളത്തിന്റെ കനപ്പെട്ട സംഭാവനകളാണ്.
മലയാള-ഹിന്ദീസാഹിത്യധാരകളെ കൂട്ടിയിണക്കുവാന്‍ പല പരിശ്രമങ്ങളും നടന്നിട്ടുണ്ട്. പി.കെ. കേശവന്‍ നായര്‍, അഭയദേവ് തുടങ്ങിയവര്‍ ഹിന്ദി-മലയാളകോശനിര്‍മാണരംഗത്തും രവിവര്‍മ, ലക്ഷ്മണ്‍ശാസ്ത്രി, കെ.ജി. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ഹിന്ദീപത്രപ്രവര്‍ത്തനരംഗത്തും അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടവ തന്നെയാണ്.
മലയാളകൃതികളുടെ ഹിന്ദീവിവര്‍ത്തനങ്ങള്‍. മലയാളകൃതികളുടെ ഹിന്ദിയിലേക്കുള്ള വിവര്‍ത്തനമാണ് ഹിന്ദിക്ക് കേരളം നല്കിയ കനത്ത സംഭാവന. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ,് ബാലാമണിയമ്മ, എം.പി. അപ്പന്‍ മുതലായവരുടെ കവിതകളും; തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണന്‍), എം.ടി. വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പാറപ്പുറത്ത് (കെ.ഇ. മത്തായി), ബഷീര്‍, പൊറ്റെക്കാട്ട് തുടങ്ങിയവരുടെ നോവലുകളും; എന്‍. കൃഷ്ണപിള്ള, തോപ്പില്‍ ഭാസി, സി.ജെ.തോമസ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ നാടകങ്ങളും; മുകുന്ദന്‍, കാക്കനാടന്‍, എം.ടി. വാസുദേവന്‍ നായര്‍, വത്സല, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ കഥകളും ഇതിനകം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സുധാംശുചതുര്‍വേദി, ജി.എന്‍. പിള്ള, വിശ്വനാഥയ്യര്‍, ചാത്തുക്കുട്ടി, ഭാസ്കരവര്‍മ്മ, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, പി.ജി. വാസുദേവ്, ഹര്‍ഷവര്‍ധന്‍, അഭയദേവ്, ലക്ഷ്മണ്‍ ശാസ്ത്രി, ശ്രീധരമേനോന്‍, ജി. ഗോപിനാഥന്‍, പി.കെ. വേണു, എം.എസ്. വിശ്വംഭരന്‍, നന്ദിയോടു രാമചന്ദ്രന്‍, ആര്‍സു തുടങ്ങിയവരുടെ സംഭാവന വിവര്‍ത്തനരംഗത്താണ്.
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ദിവാകരന്‍ പോറ്റി മുതലായവര്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തുളസീദാസരാമായണം, പ്രേംചന്ദിന്റെ കൃതികള്‍ തുടങ്ങിയവ തര്‍ജുമ ചെയ്തു ഹിന്ദീമലയാളസാഹിത്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചവരാണ്.
ദക്ഷിണഭാരത ഹിന്ദീ പ്രചാരസഭയും കേരള ഹിന്ദീ പ്രചാരസഭയുമാണ് കേരളത്തില്‍ ഹിന്ദി പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഈ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ കോഴ്സുകള്‍ നടത്തിവരുന്നു. ഹിന്ദിയുടെ പ്രചരണാര്‍ഥം ദക്ഷിണ ഭാരത് ഹിന്ദീ പ്രചാരസഭ പ്രസിദ്ധീകരിച്ചുവരുന്ന പ്രസിദ്ധീകരണങ്ങളാണ് ഹിന്ദി പ്രചാര്‍ സമാചാര്‍, ദക്ഷിണ ഭാരത് എന്നിവ. കേരള്‍ ജ്യോതിയാണ് കേരള ഹിന്ദി പ്രചാരസഭയുടെ പ്രസിദ്ധീകരണം.
(ഡോ. ജി. ഗോപിനാഥ്)
ഉര്‍ദു. ഉര്‍ദു മാതൃഭാഷയായുപയോഗിക്കുന്ന 10 ലക്ഷത്തോളം ജനങ്ങള്‍ കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ഉര്‍ദുഭാഷ കേരളത്തില്‍ പ്രചരിരുന്നതായി കരുതുന്നു. പോര്‍ട്ടുഗീസുകാര്‍ ചാലിയംകോട്ട ആക്രമിച്ചപ്പോള്‍ സാമൂതിരിയെ സഹായിക്കാന്‍ ബിജപ്പൂര്‍ സുല്‍ത്താന്‍ അയച്ച സൈനികരില്‍ പലരും യുദ്ധാനന്തരം ഇവിടെത്തന്നെ സ്ഥിരതാമസമാക്കി. അതുപോലെ, ടിപ്പുവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സേനാംഗങ്ങളിലും ഉദ്യോഗസ്ഥവൃന്ദത്തിലുംപെട്ട അനേകം പേര്‍ തിരിച്ചുപോകാതെ ഇവിടെത്തന്നെ വാസമുറപ്പിച്ചു. 1789-ല്‍ ടിപ്പുസുല്‍ത്താന്‍ തൃശൂരില്‍ ആഗതനായത് 30,000 പേരടങ്ങുന്ന കാലാള്‍ സേനയോടും 5,000 കുതിരപ്പടയാളികളോടുംകൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരമായ ഉത്തരവുകള്‍ (ഫര്‍മാനകള്‍) എല്ലാം ഉര്‍ദുവിലായിരുന്നു. പിന്നീടു മലബാര്‍ ബോംബേ പ്രവിശ്യയുടെ ഭാഗമായിത്തീര്‍ന്നപ്പോള്‍ ഉര്‍ദുവിനു ഇവിടെ പ്രത്യേകമായ ഒരു ഉത്തേജനം ലഭിക്കുകയും ചെയ്തു. കര്‍ണാട്ടിക് യുദ്ധകാലങ്ങളില്‍ പൂര്‍വതീരങ്ങളില്‍ നിന്ന് ഇവിടെ എത്തിയ അഭയാര്‍ഥികളില്‍ ധാരാളമാളുകളുടെ മാതൃഭാഷ ഉര്‍ദുവായിരുന്നു. കേരളവും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങള്‍ ഈ ഭാഷയുടെ വിനിമയ വൃത്തങ്ങളെ വിപുലീകരിക്കാനേ സഹായിച്ചിട്ടുള്ളു.
ഉര്‍ദുവിദ്യാഭ്യാസം. സംസാരഭാഷയെന്ന നിലയില്‍ കേരളത്തില്‍ ഉര്‍ദുവിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചുതുടങ്ങിയതോടെ ഉര്‍ദുപഠനകേന്ദ്രങ്ങള്‍ സ്ഥാപിതമായി. മുന്‍ഷി മഹല്ലകളെന്നറിയപ്പെട്ടിരിക്കുന്ന ഈ ഗുരുകുല പാഠശാലകള്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് മുതലായ പലയിടങ്ങളിലും നിലവില്‍ വന്നു. ബ്രിട്ടിഷ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ വിദ്യലയങ്ങളില്‍ ഉര്‍ദുപഠനത്തിനു കാര്യമായ പരിഗണന നല്കിയില്ല. എങ്കിലും പില്ക്കാലത്ത് ചില ഹൈസ്കൂളിലും ചില കോളേജുകളിലും ഉര്‍ദു പാഠ്യവിഷയമായി അംഗീകരിക്കപ്പെടുകയുണ്ടായി. ഉര്‍ദുപഠനകേന്ദ്രങ്ങളില്‍ ലോവര്‍, ഹയര്‍ എന്നിങ്ങനെ രണ്ടുവിധം പരീക്ഷകള്‍ നടത്തിവരുന്നു. 1975 മുതല്‍ തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിലും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിലും ഹയര്‍ പരീക്ഷ നടത്തിവരുന്നു. ഉപ്പള (കാസര്‍കോട്) യില്‍ ഉര്‍ദു മാതൃഭാഷക്കാര്‍ ധാരാളമുള്ളതുകൊണ്ട് അവിടെ ഉര്‍ദു മാധ്യമത്തില്‍ത്തന്നെ ശിക്ഷണം നല്കുന്ന വിദ്യാലയങ്ങളുണ്ട്.
സ്വാതന്ത്ര്യാനന്തരം ആദ്യദശകങ്ങളില്‍ കേരളത്തിലെ വിരലിലെണ്ണാവുന്ന സ്കൂളുകളില്‍ മാത്രമേ ഉര്‍ദു അധ്യയനം നടത്തിയിരുന്നുള്ളൂ. 1970-കളില്‍ ഉര്‍ദു പ്രചാര്‍സഭ, ഉര്‍ദു പ്രചാര്‍ സമിതി, അര്‍ജുമാന്‍ തരാഖി ഇഷ തുടങ്ങിയ സംഘടനകള്‍ രൂപീകൃതമായതോടെ കേരളത്തിലെ ഉര്‍ദു പഠനത്തിനും വ്യാപനത്തിനും കരുത്ത് വര്‍ധിച്ചു. 2011-ലെ കണക്കുകള്‍ പ്രകാരം ഉര്‍ദു പ്രഥമഭാഷയായി പഠിപ്പിക്കുന്ന ഒരു എല്‍.പി. സ്കൂള്‍ മാത്രമാണ് കേരളത്തിലുള്ളത്. 1261 യു.പി. സ്കൂളുകളിലും 377 ഹൈസ്കൂളുകളിലും ഉര്‍ദു അഭ്യസിപ്പിക്കുന്നുണ്ട്. മലപ്പുറം ഗവണ്‍മെന്റ് കോളജ്, കണ്ണൂര്‍ സര്‍ സയ്യദ് കോളജ്, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉര്‍ദു ബിരുദ കോഴ്സുകളുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ഉര്‍ദു ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തിവരുന്നു. ഇതിനുപുറമെ പല സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഉര്‍ദു ഡിപ്ലോമ കോഴ്സുകളും നടത്തിവരുന്നു.
ഹാജി ഇബ്രാഹിം മൂസാസേട്ട് പ്രസിഡന്റും സെയ്ദ് മൊഹിദീന്‍ഷാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന കേരള ഉര്‍ദു അസോസിയേഷന്‍ ഉര്‍ദുഭാഷയുടെ പ്രോത്സാഹത്തിനുവേണ്ടി നല്ലപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലകേരള ഉര്‍ദു അധ്യാപക സംഘടന ഇപ്പോള്‍ സജീവമാണ്. 1940-ല്‍ തലശ്ശേരിയില്‍ രൂപവത്കരിക്കപ്പെട്ട 'സലാഹുല്‍ ലിസാന്‍' എന്ന ഉര്‍ദു പ്രേമികളുടെ സംഘടനയും ഉര്‍ദു ഭാഷാപ്രചാരണകാര്യങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നുണ്ട്.
സാഹിത്യരംഗം. മലപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ഉര്‍ദു അധ്യാപകനായ ഗുലാം സര്‍വര്‍ രചിച്ച അര്‍മഗാന കേരള (പ്രബുദ്ധ കേരളം) എന്ന കാവ്യകൃതിയാണ് ഉര്‍ദു സാഹിത്യത്തിനു ലഭിച്ച കേരളത്തിന്റെ പ്രഥമസംഭാവന. 32 കവിതകളുടെ സമാഹാരമായ ഈ കൃതി ഉത്തരേന്ത്യയിലെ സുപ്രസിദ്ധരായ പല ഉര്‍ദു പണ്ഡിതന്മാരടെയും പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്.
1938-ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച 'നാര്‍ജലസ്ഥാന്‍' മാസിക ബാംഗ്ലൂരിലാണ് അച്ചടിച്ചിരുന്നത്. തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ പല കേന്ദ്രങ്ങളില്‍നിന്നും പല ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഉര്‍ദു അധ്യാപക സംഘടനകളുടെ മുഖപത്രമായ' ഉര്‍ദു ബുള്ളറ്റിന്‍' ഉര്‍ദുവിനു ജനപ്രീതി വളര്‍ത്തുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു മാസികയാണ്.
ഭാരതീയ ഭാഷകളുടെ കുടുംബത്തില്‍ ഏറ്റവുമടുത്ത ഇരട്ട സഹോദരികളാണ് ഹിന്ദിയും ഉര്‍ദുവും. വ്യാകരണത്തിലും ഘടനയിലും വളരെയധികം അടുപ്പവും സമാനതകളുമുള്ള ഈ ഭാഷകള്‍ പരസ്പരപൂരകങ്ങളാണെന്നു പറയുന്നതില്‍ പിശകില്ല. സംസ്കൃതത്തിന്റെ അതിപ്രസരം ഹിന്ദിയിലും പേഴ്സ്യന്‍, അറബിക് എന്നീ ഭാഷകളുടെ പ്രഭാവം ഉര്‍ദുവിലും പ്രകടമായി കാണാം.
(പ്രൊ. സെയ്ദ് മൊഹിദീന്‍ ഷാ)
കൊങ്കണി. ആലപ്പുഴ, ചേര്‍ത്തല, കൊച്ചി, കാസര്‍കോട്, നീലശ്വരം എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗൌഡസാരസ്വത ബ്രാഹ്മണരുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും മാതൃഭാഷയാണ് കൊങ്കണി. കൊങ്കണദേശത്തിലെ സംസാരഭാഷയാണിത്. മറാഠി, ഗുജറാത്തി മുതലായ ഭാഷകളുമായി ഇതിനു ബന്ധമുണ്ടെങ്കിലും ഇത് ഒരു സ്വതന്ത്രഭാഷതന്നെയാണെന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ അടുത്ത കാലത്തായി കൊങ്കണിഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും പ്രചാരത്തിനുമായി കൊച്ചിയില്‍ കൊങ്കണി ഭാഷാപ്രചാരസഭ സ്ഥാപിതമായിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി കൊങ്കണിയെ അംഗീകരിച്ച് ഉത്തമ കൊങ്കണി സാഹിത്യകൃതികള്‍ക്ക് അവാര്‍ഡ് നല്കിവരുന്നു. കേരളം കൊങ്കണിഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു. ഗോകുലദാസ് പ്രഭുവിന്റെ പൃഥിവീനമഃ എന്നത് കേരളത്തിലെ ആദ്യത്തെ കൊങ്കണി നോവലാണെന്നതും പ്രസ്താവ്യമാണ്. നോ. കൊങ്കണിഭാഷയും സാഹിത്യവും അറബിമലയാളം. അറബിലിപിയില്‍ മലയാളഭാഷ എഴുതാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് അറബിമലയാളം. അനറിബികളെ അറബിഭാഷ പഠിപ്പിക്കാനുള്ള സംഘടിതമായ ഒരു ശ്രമം 682-ല്‍ ഹജ്ജാഇഇബ്നു യൂസഫ് എന്ന ഭരണാധികാരിയുടെ കാലത്തു നടത്തിയതായി പറയപ്പെടുന്നു. ചില അക്ഷരങ്ങള്‍ക്കു ഒന്നോ അധികമോ പുള്ളി മുകളിലോ ചുവട്ടിലോ നല്കുകയും അകാരാദി സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുകയുമായിരുന്നു ആ മാര്‍ഗം. അതൊന്നുകൂടി വിപുലീകരിച്ചാല്‍ ഇതര ഭാഷകള്‍ക്കും അറബിലിപി ഉപയോഗപ്പെടുത്തി എല്ലാ സ്വരങ്ങളും സൂചിപ്പിക്കാമെന്നു മനസ്സിലാക്കി. അതിന്റെ വെളിച്ചത്തിലാവണം അറബിമലയാളത്തിന്റെ ആരംഭം.
മാപ്പിളസാഹിത്യം. അറബിമലയാള ലിപിയില്‍ എഴുതപ്പെട്ടതും മുസ്ലീം മാപ്പിളമാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതുമായ കൃതികളുള്‍ക്കൊള്ളുന്ന സാഹിത്യമാണ് മാപ്പിളസാഹിത്യം. ഇതിലെ ഭാഷയെ അറബിമലയാളമെന്നോ മാപ്പിള മലയാളമെന്നോ വിശേഷിപ്പിക്കാമെങ്കിലും ഇതും മലയാള സാഹിത്യം തന്നെ.
മതം, ചരിത്രം, ശാസ്ത്രം, കഥ, നിരൂപണം, നിഘണ്ടു എന്നിങ്ങനെ തരംതിരിക്കാവുന്ന അസംഖ്യം ശാഖകളില്‍ ഉള്‍പ്പെടുന്ന കൃതികളെ ഉള്‍ക്കൊള്ളുന്നതാണ് ഈ സാഹിത്യശാഖ. കൊ. വ. 752-ല്‍ (786-ല്‍ എന്നും മതഭേദം) രചിക്കപ്പെട്ടതാണെന്ന് ആമുഖമായി പറയുന്ന മൊഹിയദ്ദീന്‍ മാലയാണ് അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ കൃതിയെന്നു കരുതപ്പെടുന്നു. ഹിജറ 1151-ല്‍ തീര്‍ത്തതാണ് കുഞ്ഞായന്‍ മുസലിയാരുടെ കല്‍മറൂഹ്. ആദ്യകാലങ്ങളില്‍ ഇസ്ളാമിക വിഷയങ്ങള്‍ മാത്രമാണ് അറബിമലയാളകൃതികളില്‍ പ്രതിപാദിക്കപ്പെട്ടിരുന്നത്.
നേര്‍ച്ചപ്പാടുകളും മറ്റും. നബിമാരുടെയും അനുചരന്മാരുടെയും സിദ്ധന്മാരുടെയും ജീവിതകഥകളും അപദാനങ്ങളും ആണ് 'പദഹ' പാട്ടുകളുടെ പ്രതിപാദ്യം. ആത്മോപദേശപരമായ ഗാനങ്ങളെ 'അടിഉറുദി' കളെന്നു പറയുന്നു. പ്രവാചകന്റെയും മറ്റു വിശുദ്ധരുടെയും ജനനത്തെയും ജീവിതത്തെയും പറ്റി പ്രതിപാദിക്കുന്ന ചൊല്ലുകള്‍തന്നെ മുന്നൂറില്‍പ്പരം ഉണ്ടെന്നാണറിയുന്നത്. മൊഹിയദ്ദീന്‍മാല, രിഫായിന്‍ മാല, നഫീസത്ത് മാല തുടങ്ങിയവ എണ്ണമറ്റു നേര്‍ച്ചപ്പാടുകളില്‍ പ്രധാനപ്പെട്ടവയാണ്. ബദര്‍, ഉഹദ്, കര്‍ബല തുടങ്ങിയവ യുദ്ധേതിഹാസങ്ങളാണ്. അവയിലുള്ള നൂറുനൂറു ശീലുകള്‍ നിരണം കൃതികളുമായി അകന്ന ബന്ധമെങ്കിലുമുള്ളവയാണ്.' തുടരെ മദ്ദളവും മുരിടയൊട് മന്ദവ ഒറ്റകളും-ബന്ദയൊട് ദ്ദുടികള്‍ ഒപ്പുകളും കൈമണി ദുനികന്‍ താഗികളാല്‍' (ബദര്‍) എന്നു തുടങ്ങി മൊയീന്‍കുട്ടി വൈദ്യരുടെ പടക്കോപ്പു വര്‍ണ്ണന ഇരവിക്കുട്ടിപ്പിള്ളപ്പാട്ടുകളെ അനുസ്മരിപ്പിക്കുന്നു. ബദറിലെ ദ്വന്ദ്വയുദ്ധ ചിത്രീകരണം കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണ ജാംബവന്മാരുടെ ഏറ്റുമുട്ടലിന്റെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിദ്ധിയും സാധനയുമൊത്തിണങ്ങിയതെന്നു വിലയിരുത്തപ്പെട്ടിട്ടുള്ള ബദറുല്‍മുനീര്‍ പ്രേമകാവ്യമാണ്. അതിനെ പിന്‍പറ്റാന്‍ കരുത്തുള്ള കത്തുപാട്ടുകളും യാത്രാവിവരണങ്ങളും നിരവധിയുണ്ട്. മലയാളത്തിലെ കൊയ്ത്തുപാട്ടിനും ഞാറ്റുപാട്ടിനും പുള്ളുവന്‍പാട്ടിനും സമാന്തരമായും നിരണം കൃതികള്‍, കുറത്തിപ്പാട്ട് തുടങ്ങിയവയുടെ അനുകരണങ്ങളായും മാപ്പിളപ്പാട്ടുകള്‍ ഉണ്ട്. ഐവര്‍കളി, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവയ്ക്കുപയോഗിക്കാവുന്ന പാട്ടുകള്‍ നിരവധിയാണ്.
മാപ്പിളപ്പാട്ടിലെ 'ഇശല്‍' തമിഴിന്റെ 'ഇയലി' ല്‍ നിന്ന് ഉടലെടുത്ത പദമായി കണക്കാമെങ്കിലും ഇശലുകള്‍ (വൃത്തങ്ങള്‍) ചേര്‍ത്തുനോക്കിയാല്‍ അവയ്ക്കു ദ്രാവിഡവൃത്തങ്ങളോടുള്ള ബന്ധം വ്യക്തമാകും. ഉദാഹരണമായി പുമയിനാര്‍, അകത്താര്‍, കരുളന്‍, പോയിമടന്‍, ചെന്നവനുമെന്നീ ഇശലുകള്‍ യഥാക്രമം വഞ്ചിപ്പാട്ട്, നരനായിങ്ങനെ, കുറത്തിപ്പാട്ട്, തുയിലുണര്‍ത്തുപാട്ട് എന്നിവയുടെ മാത്രാദികളില്‍ ഒതുങ്ങിനില്ക്കുന്നവയാണ്. സന്ദേശകാവ്യങ്ങളെ പിന്‍പ്പറ്റിയാവണം മാപ്പിളമാരുടെ കത്തിടപാടുകള്‍ ഉത്ഭവിച്ചത്. പാട്ടില്‍ കത്തെഴുതുന്നതും എഴുതിക്കുന്നതും ഒരുകാലത്ത് മാപ്പിളമാര്‍ക്കിടയില്‍ പതിവായിരുന്നു. വേശ്യാലയങ്ങളും കാമകേളികളുമൊക്കെ ഉണ്ണിയച്ചീചരിതത്തിന്റെയും ഉണ്ണുനീലിസന്ദേശത്തിന്റെയും മാതൃകയില്‍ അവയില്‍ പ്രതിപാദിക്കുന്നു.
'ഖല്ലാക്കില്‍ വിധിയാലെ കഴിഞ്ഞ ജൂമ അഃരാവ്
കനില്‍ഞാനുമൈകളെ ഒരു കിനാവു അതിനാല്‍
കരള്‍ കത്തിക്കരിഞ്ഞു പോണിതാ എന്‍ജീവ്
ബല്ലാരിക്കുടനെ ഞാന്‍ വരാം ഒട്ട വഴിയുണ്ടൊ
വല്ലികള്‍ക്കവിടങ്ങളില്‍ വരാന്‍ പാടുണ്ടോ'
എന്നന്വേഷിക്കുന്ന വിരഹിണിയായ മറിയക്കുട്ടിയുടെ കത്ത് ബല്ലാരി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനയച്ചതാണ്. ഇതിന്റെ രചയിതാവായ പുലിക്കോട്ടില്‍ ഹൈദര്‍ വാമൊഴിയിലും വരമൊഴിയിലുമായി രണ്ടായിരത്തോളം പാട്ടുകള്‍ രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
ബീഡിതെറുപ്പുകാര്‍ക്കിടയില്‍ കമ്പി പാടുക എന്നൊരേര്‍പ്പാടുണ്ട്. ഒരാള്‍ പാടിനിര്‍ത്തിയ വരിയിലെ അവസാനത്തെ അക്ഷരംകൊണ്ട് തുടങ്ങുന്ന ഒരു വരി പാടലാണിത്. പ്രാസത്തിനു മാപ്പിളപ്പാട്ടില്‍ പറയുന്ന പോരാണ് കമ്പി. കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മല്‍ക്കമ്പി എന്നീ പ്രാസനിയമങ്ങള്‍ മാപ്പിളപാട്ടുകള്‍ക്കുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഒരു മൊഴിയിലെ രണ്ടു പാദങ്ങളിലുമുള്ള ആദ്യാക്ഷരമാണ് കമ്പി. കമ്പി ദീക്ഷിച്ച രണ്ടു ഖണ്ഡങ്ങളെ ഒരു മൊഴിയായി കരുതി നാലു മൊഴികളുടെ ഒന്നാം പാദത്തില്‍ ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കുന്നതാണു കഴുത്ത്. ഭാഷാകവിതകളിലെ അന്താദിപ്രാസത്തോടു സാമ്യമുള്ളതാണ് വാലുമ്മല്‍ക്കമ്പി. ഓരോ മൊഴിയിലെയും ഈരണ്ടു ചീറുകളിലുള്ള (ചീരാണ് തമിഴില്‍) അന്ത്യാക്ഷരപ്രാസമാണു വാലുമ്മല്‍ക്കമ്പി. രാമചരിതത്തിലെ അന്താദിപ്രാസവും എതുകയിലും മോനയിലുമുള്ള നിഷ്കര്‍ഷയും മാപ്പിളപ്പാട്ടുകളിലും കാണുന്നു. മൊയീന്‍കുട്ടി വൈദ്യര്‍, ചാക്കീരുമൊയ്തീന്‍കുട്ടി, മച്ചിങ്ങലകന്ന മൊയ്തീന്‍മുല്ല തുടങ്ങിയവരാണ് മണ്‍മറഞ്ഞുപോയ ചില വിഖ്യാതരായ മാപ്പിളപ്പാട്ടുരചയിതാക്കള്‍. ചന്ദിരസുന്ദരിമാല രചിച്ച പി. കെ. ഹലീമ, ബദര്‍മിസ്സ രചിച്ച കുണ്ടില്‍ കുഞ്ഞാമിന തുടങ്ങിയ കവിയിത്രികളും പ്രശസ്തകളാണ്.
ആദ്യത്തെ ഖുര്‍ ആന്‍ പരിഭാഷ. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളും നബിവചനങ്ങളും വ്യാഖ്യാനങ്ങളുമായാണ് അറബിമലയാളത്തിന്റെ സാഹിത്യശാഖ പിറവിയെടുത്തത്. 1867-ല്‍ കണ്ണൂര്‍ അറയ്ക്കല്‍ മായിന്‍കുട്ടി ഇളയയാണ് ആദ്യമായി അറബിമലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയത്. മനോഹരമായ അകപ്പാ(അറബിയിലെ ചിത്രലിപി) യിലെഴുതിയ അതിന്റെ പ്രതികള്‍ സൗജന്യമായി വിതരണം ചെയ്യുകയാണുണ്ടായത്.
മൂന്നു വാല്യങ്ങളിലായി ഖുര്‍ആന്‍ പൂര്‍ണമായി പിന്നീട് പരിഭാഷപ്പെടുത്തിയത് കെ. ഉമ്മര്‍ മൗലവിയാണ്. കൊങ്ങണം വീട്ടില്‍ ഇബ്രാഹിം മുസ്സലിയാര്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുകയും നക്ഷത്രഫലങ്ങള്‍ ഗണിച്ചുണ്ടാക്കിയ ഖൈറിത്തുല്‍ മുസ്ലിമന്‍ (മുസ്ലീമീങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍) രചിക്കുകയും ചെയ്തു. തേന്‍പ്പറമ്പില്‍ അബ്ദുള്‍ഖാദര്‍ മുസലിയാര്‍, പി. കെ. മൂസ മൗലവി തുടങ്ങിയ പലരും ഖുര്‍ആന്‍ പരിഭാഷ അറബിമലയാളത്തില്‍ രചിച്ചിട്ടുണ്ട്. മുലാമ്പത്ത് കുഞ്ഞാമുവിന്റെ ഇബ്ലീസ്നാമവും (ഇബിലീസിന്റെ പര്യായങ്ങള്‍) കിനാവിന്റെ തഅബീറും (സ്വപ്നത്തിന്റെ വ്യാഖ്യാനം) പ്രശസ്തങ്ങളാണ്. ഏഴു വാല്യങ്ങളുള്ള ഫൈജുര്‍ മന്നാര്‍ (നന്മയുടെ ഉറവ), പത്താല്‍ മന്നാര്‍ (നന്മയുടെ അനാവരണം) ഫത്തുഹുല്‍ നൂര്‍ (പ്രകാശത്തിന്റെ അനാവരണം) തുടങ്ങിയവ മതസംബന്ധികളായ രചനകളാണ്.
നോവലുകള്‍. അലാവുദ്ദീന്‍, ഖമറുസ്സമാന്‍, ശംസുസ്സമാന്‍, ഉമര്‍ അയ്യാര്‍, അമീര്‍ ഹംസ, ഗുല്‍സനോവര്‍ എന്നിവ അറബിമലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആഖ്യായികളാണ്. ആദ്യകാല മലയാളനോവലുകളായ പുല്ലേലി കുഞ്ചു (1882), കുന്ദലത (1886), ഇന്ദുലേഖ (1889) എന്നിവയോടൊപ്പം പഴക്കമുള്ളതാണ് ചാര്‍ദര്‍വേശ് (നാലു സന്ന്യാസിമാര്‍-1888). ഇത് ഒരു പാഴ്സി നോവലിന്റെ അറബി മലയാളവിവര്‍ത്തനമെന്നാണു പറയപ്പെടുന്നത്. അറബിക്കഥകളെന്ന പേരില്‍ അറിയപ്പെടുന്ന അല്‍ഫ് ലൈല ഓ ലൈല അറബിമലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് കരിയാന്‍ കുഞ്ഞി മൂസ്സയാണ്. സുബൈദ, നബീസ, ഹിളറ്, നബിയെ കണ്ട നബീസ എന്നിവയും ആദ്യകാല- ആഖ്യായികകളില്‍പ്പെടുന്നു.
നിഘണ്ടുക്കള്‍. ചാക്കീരു മൊയ്തീന്‍കുട്ടി സാഹിബ്, വടക്കന്‍ പറവൂര്‍ അബ്ദുള്‍ ഖാദര്‍ മുസലിയാര്‍, പി. വി. മുഹമ്മദ്ഹാജി (ഇദ്ദേഹത്തിന്റെ അറബി മലയാള നിഘണ്ടു അച്ചടിച്ചിട്ടില്ല) തുടങ്ങിയവരാണ് അറബി മലയാളനിഘണ്ടുശാഖയ്ക്ക് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്കിയവര്‍. സയ്യിദ് മുഹമ്മദ് കോയത്തങ്ങള്‍ അറബിമലയാളത്തില്‍ ഒരു ബഹുഭാഷാനിഘണ്ടു രചിച്ചിട്ടുണ്ട്. പി. വി. ഉബൈദുള്ളയുടേത് ഉറുദു-മലയാള നിഘണ്ടുവാണ്. ഉസ്താദ് കെ. ടി. ഇബ്രാഹിം മൗലവി രചിച്ച വിവിധഭാഷാപര്യായങ്ങളടങ്ങുന്ന ഗ്രന്ഥവും അറബിമലയാളത്തിലുണ്ട്. അതിലെ ഒരു പര്യായവിവരണമാണിത്:
'നാഗം പടമ്പു ഗന്ധകം
കരിങ്കുരങ്ങ് വലിയുമേ
സുവര്‍ക്ക ചുത്ത നാഗമേ
നാഗം കുങ്കുമമരം മൂര്‍ഖന്‍പാമ്പുമേ
നല്‍ തുണി ആകാശമേ
നാഗം ആന കാരീയം
മലയും പുന്ന നരകമേ
പാഷാണ പച്ച ഗ്രഹണമെ'
നാഗം എന്ന പദത്തിനു പടമ്പു, ഗന്ധകം, കുങ്കുമം, മരം എന്നിങ്ങനെ പത്തൊമ്പതു പര്യായങ്ങളുണ്ടെന്നു സാരം.
ചികിത്സാ ശാസ്ത്ര ഗ്രന്ഥങ്ങള്‍. പൊന്നാനിയില്‍ കൊങ്ങണം വീട്ടില്‍ ബാവ മുസലിയാര്‍ വൈദ്യശാസ്ത്രപരമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വലിയ വൈദ്യസാരം, പരോപകാരം, ഒറ്റമൂലികള്‍ എന്നിവ ഇവയിലുള്‍പ്പെടുന്നു. കാരക്കല്‍ മുഹമ്മദ് വൈദ്യരുടെ (തലവേ) വിഷചികിത്സ വൈദ്യശാസ്ത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. നാഡീശാസ്ത്രവും ബാലചികിത്സാക്രമവും അറബിമലയാളത്തിലുണ്ട്. ചാലിലകത്ത് ഇബ്രാഹിം മൗലവി രചിച്ച ദേഹചരിത്ര തര്‍ജുമയും ഇഅലാമുന്നാസും (സ്ത്രീകള്‍ക്കുള്ള തത്ത്വബോധനം) ദാമ്പത്യജീവിതത്തെയും ലൈംഗികശാസ്ത്രത്തെയും സംബന്ധിച്ചതാണ്.നിക്കാഹിന്റെ തര്‍ജുമ വൈവാഹിക ജീവിതത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. മന്ത്രവാദം, ഉപജാപം, പ്രതിവിധി, ഘടികാരത്തിന്റെ സഹായമില്ലാതെ സമയം നിര്‍ണയിക്കല്‍ തുടങ്ങി സമൂഹത്തിനു താത്പര്യമുള്ള എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അറബിമലയാളഗ്രന്ഥങ്ങള്‍ ഉണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ബൈബിള്‍ അറബിമലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍. 19-ാം ശതകത്തിന്റെ അവസാനകാലത്ത് സനാഉള്ള മക്തിത്തങ്ങള്‍ ആരംഭിച്ച തുഹഫത്തുര്‍ അഖ്യാര്‍ വഹിദായത്തുല്‍ അശ്റാല്‍ (അനുഗ്രഹീതര്‍ക്കും സന്മാര്‍ഗികള്‍ക്കുമുള്ള സമ്മാനം) ആണ് ആദ്യത്തെ അറബിമലയാളപ്പത്രമെന്നു പറയാം. 1899-ല്‍ കൊച്ചിയില്‍ നിന്ന് അദ്ദേഹം പരോപകാരി(മാസിക)യും സസ്യപ്രകാശവും പ്രസിദ്ധീകരിക്കുകയുണ്ടായി. സി. സെയ്താലിക്കുട്ടി മാസ്റ്ററുടെ സലാവുല്‍ ഇഖ്വാന്‍ (സഹോദരസമക്ഷം), മൊയ്തു മൗലവിയുടെ അല്‍ഇസ്ലാഹ് (പരിഷ്കരണവാദി), വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ അല്‍ഇസ്ലാം, കെ.എം. മൗലവിയുടെ നിസാ ഉല്‍ ഇസ്ലാം (ഇസ്ലാം വനിത), പാങ്ങില്‍ അഹമ്മദുകുട്ടി മുസലിയാരുടെ അല്‍ബയാന്‍ (വിവരണം), കേത്തുജംയത്തുല്‍ ഉല്‍മയുടെ അല്‍മുര്‍ഷിദ (സന്മാര്‍ഗദര്‍ശി), ഇ.കെ. മൗലവിയുടെ അല്‍തുത്തിഹാദ് (ഐക്യം) എന്നിവയാണ് അറബിമലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചില പത്രമാസികകള്‍.
പഴയ അറബിമലയാളഗ്രന്ഥങ്ങളില്‍ പലതിലും ഗ്രന്ഥകാരന്റെയും പ്രസാധകന്റെയും പേരും രചിക്കപ്പെട്ട കൊല്ലവും കാണുന്നില്ല. ഒരു പുസ്തകത്തിന്റെ ആമുഖം ഇങ്ങനെയാണ്-'ഈ വൈദ്യസാരം എന്ന തര്‍ജുമകിത്താബ് പൊന്നാനി മഖ്ദൂംതങ്ങളുടെ മകന്‍ കൊങ്കണം വീട്ടില്‍ അഹമ്മദ് എന്ന ബാവ മുസലിയാര്‍ തങ്ങളാല്‍ ഉണ്ടാക്കപ്പെട്ടതും മദ്രാസ് രജിസ്റ്റ്രാഫീസില്‍ നിന്ന് താന്‍ രജിസ്റ്റര്‍ ചെയ്യിക്കപ്പെട്ടതും തന്റെ പകര്‍പ്പവകാശം പൊന്നാനി നഗരത്തില്‍ ഉത്തുവാങ്ങാനകത്ത് മാളിയക്കല്‍ മുഹമ്മദു മുസലിയാര്‍ക്കു തീറു സിദ്ധിച്ചതും മേപ്പടി മുഹമ്മദു മുസലിയാര്‍ ഹിജറ 1349 (1929) റബി ഉല്‍ അവ്വല്‍ മാസം കാ ഉം ഞായറാഴ്ചയുമായി മയ്യത്തായിപോകയാല്‍ പിന്തുടര്‍ച്ചാവകാശികളുടെ സമ്മതപ്രകാരം മരുമകനായ പി.എം. അബ്ദുള്ളഹാജി എന്നവരുടെ സ്വന്തമായ ചിലവിന് മേല്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്തിരിക്കയാല്‍ അവകാശികളുടെ രജിസ്റ്റര്‍ രേഖാമൂലമുള്ള സമ്മതം കൂടാതെ മറ്റൊരാള്‍ക്കും ഇതിനെ അച്ചടിപ്പിക്കാന്‍ പാടുള്ളതല്ലെന്ന് ഇതിനാല്‍ എല്ലാവരെയും അറിയിച്ചുകൊളളുന്നു' (പി.കെ. മുഹമ്മദ് കുഞ്ഞി).
ഇംഗ്ലീഷ്. എന്നുമുതല്‍ക്കാണ് ഇംഗ്ലീഷ് കേരളത്തില്‍ പ്രചരിച്ചുതുടങ്ങി എന്നതിനെപ്പറ്റി വ്യക്തമായ സൂചനകളില്ലെങ്കിലും യൂറോപ്യരുടെ ആഗമനത്തോടൊപ്പമാണ് ഈ ലോകഭാഷ ഇവിടെ പ്രചുരപ്രചാരം നേടിയതെന്നു കരുതുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ പാശ്ചാത്യവിദ്യാഭ്യാസം സന്നിവേശിപ്പിച്ചതോടെ ഔദ്യോഗിക വ്യവഹാരഭാഷ എന്ന നിലയിലും സാഹിത്യഭാഷ എന്ന നിലയിലും ഇംഗ്ലീഷ് പ്രചുരപ്രചാരം നേടി.
കവിത. 1896-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച റ്റെയില്‍സ് ഒഫ് ഇന്‍ഡ് ആന്‍ഡ് അദര്‍ പോയംസ് എന്ന കവിതാ സമാഹാരം കേരളത്തിലെ ആംഗലകവിതയുടെ ആദ്യകാല മാതൃകയായി നിലകൊള്ളുന്നു. തിരുവിതാംകൂറിലെ ട്രഷറി ആഫീസറായ ടി. ലക്ഷ്മണന്‍പിള്ളയുടെ എസ്സേയ്സ് (1918) എന്ന ലേഖനസമാഹാരത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം രചിച്ച ചില കവിതകളും ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ 'ഏര്‍ളി റെമിനിസന്‍സസ്', 'ഓണ്‍ ദ് ഡത്ത് ഒഫ് മൈ ഡോട്ടര്‍ ബാലരമവല്ലി', 'ഓണ്‍ ദ് സൈറ്റ് ഒഫ് എ ചൈല്‍ഡ്', 'കോണ്ടംപ്ളേഷന്‍', 'ഓണ്‍ ദ് ക്യാപ്ചര്‍ ഒഫ് പ്രിട്ടോറിയ' എന്നീ കവിതകള്‍ ശ്രദ്ധേയമാണ്.
പാലക്കാടു സ്വദേശിയും ഇംഗ്ലീഷ് പ്രൊഫസറുമായ പി. ശേഷാദ്രി (1887-1944) ഒന്നിലധികം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബില്‍ഹണ (1914), സോണറ്റ്സ് (1914), ചമ്പകലീവ്സ് (1915), വാനിഷ്ഡ് അവേഴ്സ് (1925) എന്നിവയാണ് ശേഷാദ്രിയുടെ കവിതാസമാഹാരങ്ങളില്‍ ശ്രദ്ധേയമായവ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ഉമാമഹേശ്വറും (1902-42) ആംഗലഭാഷയില്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. വിഷാദഭാവം കവിതകളുടെ മുഖമുദ്രയാക്കിയ ഇദ്ദേഹത്തിന്റെ കൃതികളാണ് ദ് ഫീസ്റ്റ് ഒഫ് ദ് ക്രിസ്റ്റല്‍ ഹാര്‍ട്ട് (1928), എമങ് ദ് സൈലന്‍സ് (1928), എവേക്കന്‍ഡ് ഏഷ്യ(1930), ദ് ലേഡി ഒഫ് ദ് ലോട്ടസ് (1939), സതേമ് ഇഡില്‍സ് (1940) എന്നിവ.
ജി.കെ. ചേറ്റൂര്‍ (1898-1936) സൗണ്ട്സ് ആന്‍ഡ് ഇമേജസ് (1921), ഗുമതരായ ആന്‍ഡ് അദര്‍ സോണറ്റ്സ് ഫോര്‍ ഓള്‍ മോഡ്സ് (1932), ദ് റ്റെമ്പിള്‍ ടാങ്ക് ആന്‍ഡ് അദര്‍ പോയംസ് (1932), ദ് ട്രയംഫ് ഒഫ് ലവ് (1932), ദ് ഷാഡോ ഒഫ് ഗോഡ് (1935) എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചു. ഗീതകമാണ് ഇദ്ദേഹത്തിന്റെ പ്രിയങ്കരമായ കാവ്യരൂപം. അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ദ ഷാഡോ ഒഫ് ഗോഡ് എന്ന സമാഹാരത്തിലെ കവിതകളിലും ബഹുഭാവസമ്മിശ്രമായ വിഷാദഭാവമാണു സ്ഫുരിക്കുന്നത്.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1877-1949) ഇംഗ്ലീഷില്‍ കവിതകള്‍ രചിക്കുകയും തര്‍ജുമ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി ഗീതങ്ങളും ഭാവഗീതങ്ങളും (odes) ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകളില്‍ പ്രധാനപ്പെട്ടവ ദ് മൗണ്ടന്‍ സമ്മിറ്റ്, എ കോണ്‍ട്രാസ്റ്റ്, തത്ത്വം അസി, ഓഡ് ഓണ്‍ ദ് ബര്‍ത്ത്ഡേ ഓഫ് ദ് മഹാരാജാ, വൈ നോട്ട്, ദ് പീസ് ഒഫ് വേഴ്സായ് എന്നിവയാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ദ് പീകോക്ക് മെസഞ്ജര്‍ എന്ന പേരില്‍ ഉള്ളൂര്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
1930-കളിലും 40-കളിലും ആംഗലകവിതയെ സമ്പുഷ്ടമാക്കിയ കേരളീയരില്‍ വി.ആര്‍.എം. ചെട്ടിയാര്‍(ലൂസിഡ് മോമന്റ്സ്-1938, ലിറിക് ഫെസ്റ്റൂണ്‍സ് 1943), സൂഡി പി. ഡേവിഡ് (ദ് ഗാര്‍ലന്‍സ്-1938), കെ. ആര്‍. മേനോന്‍ (ദ് ഷെല്‍സ് ഫ്രം ദ് സീ ഷോര്‍-1938), എന്‍. രാമന്‍ വക്കീല്‍ (റ്റു യൂറോപ്പ്-1942), ഹെപ്സിബാ യേശുദാസന്‍ (കുക്കൂ ആന്‍ഡ് അദര്‍ പോയംസ്)എന്നിവരുടെ പേരുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ചെറുകഥാകൃത്തെന്ന നിലയില്‍ വിഖ്യാതനായ മഞ്ചേരി എസ്. ഈശ്വരന്റെ (1910-66) ആദ്യത്തെ കവിതാസമാഹാരമായ സാഫ്രണ്‍ ആന്‍ഡ് ഗോള്‍ഡ് 1932-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് അള്‍ട്ടാര്‍ ഒഫ് ഫ്ളവേഴ്സ് (1934), ക്യാറ്റ് ഗട്ട് (1940), ബ്രീഫ് ഓറി സണ്‍സ് (1941), പിനുംബ്ര(1942), ദ് ഫോര്‍ത് അവതാര്‍(1946), റാപ്സഡി ഇന്‍ റെഡ് (1953), ദ് നീം ഈസ് എ ലേഡി (1957) എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളീയരായ ഉംഗ്ലീഷ് എഴുത്തുകാരില്‍ കമലാദാസ് (19342009) മുന്‍പന്തിയില്‍ നില്ക്കുന്നു. ഇന്തോ-ആംഗ്ലിയന്‍ കവിതയില്‍ പുതിയ ചലനങ്ങളുളവാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കമലാദാസിന്റെ ആദ്യകാല രചനകളുടെ സമാഹാരമായ സമ്മര്‍ ഇന്‍ കല്‍ക്കട്ട 1965-ല്‍ പുറത്തുവന്നു. തുടര്‍ന്ന് ദ് ഡിസന്‍ ഡന്റ്സ് (1967), ദി ഓള്‍ഡ് പ്ലേ ഹൗസ് ആന്‍ഡ് അദര്‍ പോയംസ് (1973) എന്നീ സമാഹാരങ്ങള്‍കൂടി പ്രസിദ്ധീകരിച്ചതോടുകൂടി കമലാദാസ് ഒരു ഇംഗ്ലീഷ് കവിയത്രി എന്ന പ്രശസ്തിയിലേക്കുയര്‍ന്നു. അവരുടെ കുമ്പസാര കവിതകളെ സില്‍വിയാ പ്ളാത്ത്, ജൂഡിത്ത് റൈറ്റ് തുടങ്ങിയവരുടെ കവിതകളുമായി സാദൃശ്യപ്പെടുത്താവുന്നതാണ്. ആത്മപ്രകാശനമാണ് ഈ കവിതകളുടെ കാതല്‍. കമലാദാസിന്റെയും പ്രിതിഷ് നന്ദിയുടെയും പ്രേമകവിതകള്‍ 1979-ല്‍ റ്റു നൈറ്റ് ദിസ് സാവേജ് റൈറ്റ് എന്ന പേരില്‍ പ്രസിദ്ധീകൃതമായി. ഹേഴ്സ് വേഴ്സസ് ബൈ ഇന്‍ഡ്യന്‍ വിമന്‍ എന്ന പേരില്‍ മേരി ആന്‍ഡ് ദാസ് ഗുപ്ത പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിലും കമലാദാസിന്റെ ചില കവിതകള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കവിതയ്ക്കുള്ള 'കെസ്റ്റ്' സമ്മാനം, ആശാന്‍ വേള്‍ഡ് പ്രൈസ് (1983), ഇംഗ്ലീഷ് കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1985) എന്നീ പുരസ്കാരങ്ങളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
ആര്‍. രവീന്ദ്രനാഥ മേനോന്‍ തന്റെ ആദ്യത്തെ കവിതാസമാഹാരം (ദശാവതാര ആന്‍ഡ് അദര്‍ പോയംസ്-1967) കൊണ്ടുതന്നെ ശ്രദ്ധേയനായി. സ്ട്രാസ് ഇന്‍ ദ് വിന്‍ഡ്, ഷാഡോസ് ഇന്‍ ദ് സണ്‍, ഗ്രാസ് ഇന്‍ ദ് ഗാര്‍ഡന്‍ (1978), ബബിള്‍സ് ഓണ്‍ ദ് ഷോര്‍ (1981) എന്നിവയാണ് മേനോന്റെ മറ്റു കവിതാ സമാഹാരങ്ങള്‍.
ആംഗലകവിതാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വേറെയും പല കേരളീയ കവികളുമുണ്ട്; എസ്. കെ. ചേറ്റൂര്‍ (1905-73) (ഗോള്‍ഡന്‍ സ്റ്റെയേഴ്സ് ആന്‍ഡ് അദര്‍ പോയംസ്-1967). ഒ. റ്റി. മേനോന്‍ (സ്ട്രേപെറ്റല്‍സ്-1957), പോള്‍ ജേക്കബ് (സോണറ്റ്സ്-1967; സ്വീഡിഷ് എക്സര്‍സൈസസ്), എം. പി. ഭാസ്കരന്‍ (ദ് ഡാന്‍സര്‍ ആന്‍ഡ് ദ് റിംഗ്-1962), മൈക്കിള്‍ ചാക്കോ ഡാനിയല്‍സ് (സ്പ്ളിറ്റ് ഇന്‍ റ്റു) തുടങ്ങിയവര്‍ ഇക്കൂട്ടത്തിലെ മുന്‍നിരക്കാരാണ്.
വിവര്‍ത്തനങ്ങള്‍. ആംഗലേയ വിവര്‍ത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കേരളീയരുണ്ട്. സര്‍ദാര്‍ കെ. എം. പണിക്കര്‍ (1895-1963) തന്റെ ചിന്താതരംഗിണി എന്ന കവിതാസമാഹാരത്തിന് ദ് വേവ്സ് ഒഫ് തോട്ട് (1944) എന്ന പേരില്‍ നല്കിയ തര്‍ജുമയാണ് സ്വയംകൃത പരിഭാഷകളില്‍ പ്രഥമഗണനീയമായിട്ടുള്ളത്. ബാലാമണിയമ്മ (19092004) തന്റെ ചില കവിതകള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് തേര്‍ട്ടി പോയംസ് (1970) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളകവിതയിലെ ആധുനികതയുടെ മുഖ്യപ്രയോക്താവായ കെ. അയ്യപ്പപ്പണിക്കര്‍ (19302006) തന്റെ തെരഞ്ഞെടുത്ത കവിതകള്‍ തര്‍ജുമ ചെയ്ത് സെലക്ടഡ് പോയംസ് ഒഫ് അയ്യപ്പപ്പണിക്കര്‍ (1985) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണിക്കരുടെ പ്രചാരം സിദ്ധിച്ച കവിതകളെല്ലാം ഇതില്‍ കാണാം.
പ്രാദേശിക ഭാഷാകവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ഇന്ത്യന്‍ പോയട്രി റ്റു ഡേ എന്ന കവിതാ സമാഹാരപരമ്പരയുടെ പ്രസിദ്ധീകരണം. മലയാളകവികള്‍ സ്വന്തം കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇതിലെ നാലാമത്തെ പരമ്പരയില്‍ കാണാം. വൈലോപ്പിള്ളി (ബാക്ക് ടു ഇസ്രായേല്‍, ദ് ടൈഗ്രീസ്, ഫ്ളവേഴ്സ് ഒഫ് എ ബിലേറ്റഡ് സമ്മര്‍, ദ് കമിലിയോണ്‍), എം. ഗോവിന്ദന്‍ (ലൂസിഫേഴ്സ് സോളിസിറ്റര്‍), ജി. കുമാരപിള്ള (ദ് വോയ്സസ് ഒഫ് ഏജ്), പുനലൂര്‍ ബാലന്‍ (ഹണ്ടിങ്, എ ഡര്‍ബാര്‍ ഡ്രാമ), വിഷ്ണു നാരായണന്‍ നമ്പൂതിരി (ഡസ്ക് ഫാള്‍, സ്വീറ്റ്സ്), സച്ചിദാനന്ദന്‍ (ദ് ബഗേഴ്സ് ഒഫ് കൊണാര്‍ക്) എന്നീ കേരളീയരുടെ കവിതകള്‍ക്ക് സമാഹാരത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു.
മലയാളകവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് തുടക്കം കുറിച്ചത് മഹാകവി ഉള്ളൂരാണെന്ന് പറയാം. 1903-ല്‍ ഇദ്ദേഹം മയൂരസന്ദേശം ദ പീക്കോക്ക് മെസഞ്ജര്‍ എന്ന പേരില്‍ തര്‍ജുമ ചെയ്തു. 'ഹീറോയിക് കപ്ലറ്റ്' എന്ന ഇംഗ്ലീഷ് ഛന്ദസ്സ് പൗരസ്ത്യ കൃതികളുടെ പരിഭാഷയ്ക്ക് എത്ര വിദഗ്ധമായി ഉപയോഗിക്കാമെന്ന് തെളിയിച്ച ആദ്യത്തെ ഭാരതീയന്‍ ഉള്ളൂരാണെന്നു നിസ്സംശയം പറയാം. ആംഗലമഹാകവിയായ മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന കാവ്യത്തിന്റെ രചനാസൗഷ്ഠവം ഈ പരിഭാഷയില്‍ ദൃശ്യമാണ്.
മഞ്ചേരി ഈശ്വരന്‍ ഇംഗ്ലീഷില്‍ സ്വതന്ത്രകവിത രചിക്കുക മാത്രമല്ല, ചില എണ്ണപ്പെട്ട മലയാളകവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകകൂടി ചെയ്തു. ഫോളന്‍ഫ്ളവര്‍ (വീണപൂവ്), മേരിമഗ്ദലിന്‍ (മഗ്ദലനമറിയം), അക്രൂരാ ഗോസ് ടു ആമ്പാടി (ആമ്പാടിയില്‍ ചെന്ന അക്രൂരന്‍) എന്നിവ ഇക്കൂട്ടത്തില്‍ ഗണനീയങ്ങളാണ്. കൈനിക്കരകുമാരപിള്ളയും വീണപൂവ് തര്‍ജുമ ചെയ്തിട്ടുണ്ട്. ആശാന്റെ പ്രരോദനത്തിന്റെ അവസാനശ്ലോകങ്ങള്‍ ഡെത്ത് ആന്‍ഡ് ദ് ബിയോന്‍ഡ് എന്ന പേരിലും വള്ളത്തോളിന്റെ അച്ഛനുംമകളും ഫാദര്‍ ആന്‍ഡ് ഡോട്ടര്‍ എന്ന പേരിലും ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. കെ. രാഘവന്‍ പിള്ളയുടെ പരിഭാഷകളില്‍ പ്രധാനം ദി ഓര്‍ണമെന്റ്സ് ഒഫ് കര്‍ണ (കര്‍ണ ഭൂഷണം), ദ് സോങ് ഒഫ് ക്രിയേഷന്‍ (സര്‍ഗസംഗീതം) എന്നിവയാണ്. ജി. കുമാരപിള്ള ആശാന്റെ ചില കവിതാഭാഗങ്ങള്‍ - ദിവ്യകോകിലം (ഡിവൈന്‍നൈറ്റിങ് ഗെയില്‍); ചണ്ഡാല ഭിക്ഷുകി; ദുരവസ്ഥയിലെ 'മാറ്റുവിന്‍ ചട്ടങ്ങളേ' എന്ന് തുടങ്ങുന്ന ഭാഗം (റി പ്ളേസ് ദ ലോസ്)-വിവര്‍ത്തനം ചെയ്തു. കെ. അയ്യപ്പപ്പണിക്കരും ചില മലയാളകവിതകള്‍ തര്‍ജുമ ചെയ്തിട്ടുണ്ട്. കംപാഷന്‍ (കരുണ), റിഫ്ളക്ഷന്‍സ് ഒഫ് എ തിയ്യാബോയ് (ഒരു തീയക്കുട്ടിയുടെ വിചാരം), ടു ഡേ ഐ ടുമാറോ യൂ (ഇന്ന് ഞാന്‍ നാളെ നീ), ദ വേ ഫെയറേഴ്സ് സോങ് (പഥികന്റെ പാട്ട്-ജി.), 'റിങ് ഔട്ട് ദ ഡമണ്‍' 'റിങ് ഇന്‍ ദ ഗോഡ്സ്' (പൊട്ടി അക ത്ത് ശിവോതി പുറത്ത് -ഇടശ്ശേരി), 'ദ ലാങ്ഗ്വേജ് ബേഡ്' (കുറവന്റെ കിളി -പി. കുഞ്ഞിരാമന്‍ നായര്‍), മോഹനദാസ് ഗാന്ധി ആന്‍ഡ് നാഥൂറാം ഗോഡ് സേ (ഗാന്ധിയും ഗോഡ്സേയും) നക്സല്‍ബാരി-എന്‍.വി. എന്നിവ ഇക്കൂട്ടത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു.
പരിഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൂര്‍ക്കോത്തുകുഞ്ഞപ്പ (മേരി മഗ്ദലിന്‍-മഗ്ദലനമറിയം), ടി.കെ. ദൊരൈസ്വാമി (കുരുക്ഷേത്രം), ആര്‍. രവിന്ദ്രനാഥ മേനോന്‍ (ദ ആര്‍ട്ട് ഒഫ് പോയട്രി ഓര്‍ സെവന്ത് സെന്‍സ്-കാവ്യകല അഥവാ ഏഴാമിന്ദ്രീയം-കുമാരനാശന്‍), എസ്. വേലായുധന്‍ (ചൈല്‍ഡ് ആന്‍ഡ് മദര്‍- കുട്ടിയും തള്ളയും, ദ മൂണ്‍-ചന്ദ്രന്‍, മോര്‍ണിങ് സ്റ്റാര്‍-പ്രഭാതനക്ഷത്രം-കുമരനാശാന്‍), ജി.എസ്. പിള്ള (മനസ്വിനി-ചങ്ങമ്പുഴ, ദ കോസ്മിക് വിഷന്‍-വിശ്വദര്‍ശനം-ജി.), എം.പി. ഭാസ്കരന്‍ (ആശാന്‍സ് സീത-ചിന്താവിഷ്ടയായ സീത), പി.സി. ഗംഗാധരന്‍ (ദ ഔട്ട് കാസ്റ്റ്നണ്‍-ചണ്ഡാലഭിക്ഷുകി), എന്‍.കെ. ശേഷന്‍ (ഹിമ് ഒഫ് ലൗ- പ്രേമസംഗീതം) എന്നിവയെല്ലാം മലയാളകവിതകളുടെ ഭാവസൗന്ദര്യവും സര്‍ഗചൈതന്യം ഇംഗ്ലീഷില്‍ പ്രകാശിപ്പിച്ചവരാണ്.
ഈ തര്‍ജുമകളെല്ലാം പല സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്നു. 1968-ല്‍ കെ. എം. ജോര്‍ജ് പ്രസിദ്ധീകരിച്ച എ സര്‍വേ ഒഫ് മലയാളം ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥത്തിന്റെ ഒടുവില്‍ ചില മലയാളകവിതകളുടെ പരിഭാഷ ചേര്‍ത്തിട്ടുണ്ട്. കുമാരനാശാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1974-ല്‍ പ്രസിദ്ധീകരിച്ച 'പോയട്രി ആന്‍ഡ് റെനെയ്സന്‍സ്: കുമാരനാശാന്‍സ് ബെര്‍ത്ത് സെന്റിനറി വോള്യം എന്ന ഗ്രന്ഥത്തിലും ആശാന്റെ ചില കവിതകളുടെ പരിഭാഷ കാണാം. സെലക്റ്റഡ് പോയംസ് ഒഫ് കുമാരനാശാന്‍ (1975) എന്ന കവിതാസമാഹാരം കേരളത്തിലെ ആംഗലപരിഭാഷാസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണ്. ആശാന്റെ പ്രമുഖ കവിതകള്‍ക്ക് ഒന്നിലധികം ഇംഗ്ലീഷ് പരിഭാഷയുണ്ടായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 1978-ല്‍ ഉള്ളൂരിന്റേയും (സെലക്റ്റഡ് പോയംസ് ഒഫ് മഹാകവി ഉള്ളൂര്‍) വള്ളത്തോളിന്റേയും (വള്ളത്തോള്‍: സെലക്റ്റഡ് പോയംസ്) തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ പ്രസിദ്ധീകൃതമായി. 'ഇന്‍ഡ്യന്‍ പോയട്രി റ്റുഡേ'യുടെ നാലാമത്തെ പരമ്പരയില്‍ ജി. ശങ്കരക്കുറുപ്പ് മുതലുള്ള മുപ്പതു മലയാളകവികള്‍ രചിച്ച അറുപതോളം കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമിയുടെ 'മലയാളം ലിറ്റററി സര്‍വേ', കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഇന്ത്യന്‍ ലിറ്ററേച്ചര്‍', കൊല്ല ത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന 'ജേര്‍ണല്‍ ഒഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഈസ്തറ്റിക്സ്, തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന 'ലിറ്റ്ക്രിറ്റ്' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇത്തരം വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
എം. പി. അപ്പന്റെ കവിതകള്‍ക്ക് എം. പ്രഭ നല്‍കിയ പരിഭാഷ (ദ് ഗോര്‍ഡന്‍ ഗോബ്ളറ്റ്, 1976)യും ജി. ശങ്കരകുറുപ്പിന്റെ കവിതകള്‍ക്ക് റ്റി.സി. ശങ്കരമേനോന്‍ നല്‍കിയ പരിഭാഷ (സെലക്റ്റഡ് പോയംസ്,1977)യും കൂടി ഇവിടെ പ്രസ്താവ്യമാകുന്നു. ജിയുടെ കവിതകളില്‍ നിന്ന് ശങ്കരമേനോന്‍ തര്‍ജുമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നവയില്‍ ഭൂരിഭാഗവും പ്രതീകാത്മക കവിതകളും ആഖ്യാനകവിതകളുമാണ്. ഈ പരിഭാഷകളും ഇതര മൗലികകൃതികളെപ്പോലെത്തന്നെ ഭാരതീയ ആംഗല കവനകലയെ പുഷ്കലമാക്കാന്‍ സഹായികമായിട്ടുണ്ട്.
ഗദ്യസാഹിത്യം. രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രശ്നങ്ങളെ സ്പര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനങ്ങള്‍ രാമവര്‍മ്മ വിശാഖംതിരുനാള്‍, ജി. പി. പിള്ള, സി. വി. രാമന്‍പിള്ള, പി. കെ. നാരായണപിള്ള തുടങ്ങിയ പലരും 19-ാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ എഴുതിയിരുന്നു. സര്‍ഗാത്മക സാഹിത്യകാരന്മാരെ ഈ രംഗത്ത് കണ്ടെത്താന്‍ എ. എസ്. പഞ്ചാപകേശയ്യര്‍, മഞ്ചേരി എസ്. ഈശ്വരന്‍ മുതലായവരുടെ കാലഘട്ടം വരെ കേരളത്തിന് കാത്തുനില്‍ക്കേണ്ടി വന്നു. എസ്. മേനോന്‍മാറാത്ത്, ജി.കെ. ചേറ്റൂര്‍ തുടങ്ങിയവരാണ് ആദ്യകാല ഗദ്യസാഹിത്യരംഗത്തെ മറ്റു ചിലപ്രതിഭകള്‍.
നോവല്‍, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ജീവചരിത്രം, ആത്മകഥ, നിരൂപണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ കൈവച്ചിട്ടുള്ള ആളാണ് എ. എസ്. പഞ്ചാപകേശയ്യര്‍ (1899-1963). ഇദ്ദേഹത്തിന്റെ നാടകത്തിലെ പ്രമേയങ്ങള്‍ പുരോഗമനാത്മകമാണ്. ഇന്‍ ദ ക്ളച്ച് ഒഫ് ദ ഡെവിള്‍ (1929), സീതാസ് ചോയിസ് (1935), ദ സ്ളേവ് ഒഫ് ഐഡിയാസ് (1941), എ മദേഴ്സ് സാക്രിഫൈസ്, ദ ട്രയല്‍ ഒഫ് സയന്‍സ് ഫോര്‍ ദ മര്‍ഡര്‍ ഒഫ് ഹ്യുമാനിറ്റി (1942) എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച ഇംഗ്ലീഷ് നാടകങ്ങള്‍. ഇദ്ദേഹം പുരാതന-ഇന്ത്യാചരിത്രം പശ്ചാത്തലമാക്കിക്കൊണ്ട് എഴുതിയ നോവലുകളില്‍ ബാലാദിത്യ (1930) യും ത്രി മെന്‍ ഒഫ് ഡസ്റ്റിനി (1939) യും പ്രത്യേകം പ്രസ്താവ്യമാണ്. രണ്ടാമത് പരാമര്‍ശിക്കപ്പെട്ട നോവല്‍ പില്‍ക്കാലത്ത് ചില മാറ്റങ്ങളോടുകൂടി രണ്ടു ഭാഗങ്ങളായി ദ ലീജിയന്‍സ് തണ്ടര്‍ പാസ്റ്റ് (1947), ചാണക്യ ആന്‍ഡ് ചന്ദ്രഗുപ്ത (1951) എന്നീ പേരുകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചെറുകഥകളും ആന്‍ ഇന്ത്യന്‍ ഇന്‍ വെസ്റ്റേണ്‍ യൂറോപ്പ് എന്ന യാത്രാവിവരണഗ്രന്ഥവും ചില ആധ്യാത്മിക കൃതികളും ആത്മകഥയും പഞ്ചാപകേശയ്യര്‍ ഇംഗ്ലീഷില്‍ രചിച്ചിട്ടുണ്ട്.
മലയായില്‍ ഇന്ത്യയുടെ പ്രതിനിധിയായും മദ്രാസ് ഗവണ്‍മെന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള ശങ്കരകൃഷ്ണ ചേറ്റൂര്‍ (1905-) നോവലിസ്റ്റ്, ചെറികഥാകൃത്ത് എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഫിള്‍ഡ് ഡ്രംസ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1917), ദ ക്രോബ്രാസ് ഒഫ് ധെരംഷേവി ആന്‍ഡ് അദര്‍ സ്റ്റോറീസ് (1937), ദ സ്പെല്‍ ഒഫ് ആഫ്രോഡൈറ്റ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1957) മാഗോ സീഡ്സ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1974) എന്നിവയാണ് ചേറ്റൂരിന്റെ പ്രധാനകൃതികള്‍.
എസ്.കെ ചേറ്റൂരിന്റെ സഹോദരനായ ഗോവിന്ദകൃഷ്ണ ചേറ്റൂര്‍ (1898-1936) കവി എന്ന നിലയില്‍ കൂടുതല്‍ പ്രസിദ്ധി നേടി. ഇദ്ദേഹം ദ ഗോസ്റ്റ് സിറ്റി അന്‍ഡ് അദര്‍ സ്റ്റോറീസ് (1932) എന്നൊരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂര്‍ തിരുവാമ്പാടി സ്വദേശിയായ മേനോന്‍ മാറാത്തിന്റെ യഥാര്‍ഥനാമം ശങ്കരന്‍കുട്ടി എന്നാണ്. ദ വൂണ്ട് ഒഫ് സ്പ്രിങ് (1968), ദ സെയില്‍ ഒഫ് ആന്‍ ഐലന്‍ഡ് (1968), ജാനു എന്നിവ ഇദ്ദേഹമെഴുതിയ നോവലുകളാണ്. പൊറ്റയില്‍ രവീന്ദ്രന്‍ എഴുതിയ ദ മര്‍ജര്‍ (1982) ഒത്ടോപസ് എന്നീ നോവലുകളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
ചെറുകഥ എന്ന സാഹിത്യമാധ്യമത്തെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാഹിത്യകാരനായ മഞ്ചേരി ഈശ്വരന്‍ (1910-66) ദ നേക്കഡ് ഷിങ്കിള്‍സ് (1947), ശിവരാത്രി (1943), ആംഗ്രിഡസ്റ്റ് (1944), റിക്ഷാവാലാ (1946), ഫാന്‍സിറ്റേല്‍സ് (1947), നോ ആംക്ലറ്റ് ബെല്‍സ് ഫോര്‍ ഹെര്‍ (1949), ഇമേര്‍ഷന്‍ (1951), പ്രിന്റഡ് റ്റൈഗേഴ്സ് (1956), എ മദ്രാസ് അഡ്മിറല്‍ (1959) എന്നിവയുടെ കര്‍ത്താവാണ്. ഇദ്ദേഹം തമിഴിലും മലയാളത്തിലും നിന്ന് നിരവധി ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിരൂപണം, നാടകം എന്നീ രംഗങ്ങളിലും ഇദ്ദേഹം കൈവച്ചിട്ടുണ്ട്. യമ ആന്‍ഡ് യമി, സോങ് ഒഫ് ദ ജിപ്സിമെയ്ഡന്‍, നചികേതസ് എന്നിവയാണ് മഞ്ചേരിയുടെ നാടകങ്ങള്‍.
പുന്നയൂര്‍ക്കുളം സ്വദേശിയായ കെ. എന്‍. മേനോന്റെയും അയര്‍ലണ്ടുകാരിയായ ആലീസ് വയലറ്റ് എവററ്റിന്റെയും പുത്രനായി ജനിച്ച ഓബ്രിമേനോന്‍ ആണ് മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരന്‍. ജീവിതത്തിന്റെ സിംഹഭാഗവും വിദേശത്തു കഴിച്ചുകൂട്ടിയ ഓബ്രിമേനോന്‍ അല്പകാലം കേരളത്തില്‍ ചെലവിടുന്നതിനുവേണ്ടി ഇവിടെ വന്നിട്ടുണ്ട്. ദ പ്രിവലന്‍സ് ഒഫ് വിച്ചസ് (1940) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. എങ്കിലും അതിനുമുമ്പു തന്നെ ധാരാളം നാടകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. ഇദ്ദേഹം ഒരു പ്രക്ഷേപകന്‍ (broadcaster) എന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. ദ ഡ്യൂക്ക് ഒഫ് ഗല്ലോഡോറോ, എ കോണ്‍സ്പിറസി ഒഫ് വിമന്‍, ദ സ്റ്റംബ്ളിങ് സ്റ്റോണ്‍, ഷെഡ്മാന്‍ ഇന്‍ ദ സില്‍വര്‍ മാര്‍ക്കറ്റ്, ദ ന്യൂ മിസ്റ്റിക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഹിന്ദുമതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കൃതിയാണ് ദ ന്യൂമിസ്റ്റിക്സ്. വളരെയേറെ വിവാദങ്ങള്‍ ഉയര്‍ത്തിയ രാമറീറ്റോള്‍ഡ് എന്ന നോവല്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടുകയുണ്ടായി. ദ ന്യൂയോര്‍ക്കര്‍, ഹോളിഡേ തുടങ്ങിയ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി എഴുതാറുള്ള മേനോന്‍ ദ സ്പെയ്സ് വിതിന്‍ ദ ഗാര്‍ട്ട് എന്ന പേരില്‍ തന്റെ ആത്മകഥയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പ്രസിദ്ധ കവയിത്രിയായ കമലാദാസ് (1934-) കഥാകര്‍ത്രി എന്ന നിലയിലും വ്യക്തിത്വമാര്‍ജിച്ചിട്ടുണ്ട്. എ ഡോള്‍ ഫോര്‍ ദ ചൈല്‍ഡ് പ്രോസ്റ്റിറ്റ്യൂട്ട് (1977), എ മിനി ട്രിലജി, ആല്‍ഫാബെറ്റ് ഒഫ് ലസ്റ്റ് തുടങ്ങിയവ ഇവരുടെ ഇംഗ്ലീഷ് കഥാകൃതികളില്‍ ചിലതു മാത്രമാണ്. വിവാഹജീവിതത്തില്‍ നിന്നും മറ്റ് സ്നേഹബന്ധങ്ങളില്‍ നിന്നും ഉണ്ടായ നിരാശ സൃഷ്ടിച്ച വൈകാരികാഘാതങ്ങളുടെ പ്രതിഫലനമാണ് തന്റെ കഥകളില്‍ ദൃശ്യമാകുന്നതെന്ന് ആത്മകഥയില്‍ (മൈ സ്റ്റോറി-1976) അവര്‍ സൂചിപ്പിച്ചിട്ടുണ്ട്.
പി. തോമസ്സാണ് മറ്റൊരു ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരന്‍. ഇദ്ദേഹം ഭാരതീയ സംസ്കാരം, മതം, ദര്‍ശനം എന്നിവയെപ്പറ്റി പതിനെട്ടോളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളതു കൂടാതെ ഡത്ത് ഒഫ് എ ഹരിജന്‍ എന്നൊരു നോലും രചിച്ചിട്ടുണ്ട്. ചിക്കാഗോയിലെ വേള്‍ഡ്ബുക്ക് എന്‍സൈക്ലോപീഡിയ ഉള്‍പ്പെടെയുള്ള റഫറന്‍സ് ഗ്രന്ഥങ്ങളിലും ഇല്ലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യ തുടങ്ങിയ ആനുകാലികങ്ങളിലും ധാരാളം എഴുതിയിട്ടുള്ള തോമസ് ജീവചരിത്രകാരനെന്ന നിലയില്‍ അന്തര്‍ദേശീയ പ്രസിദ്ധി നേടിയിട്ടുണ്ട്.
ഇന്നത്തെ പ്രസിദ്ധരുടെ നിരയിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും മൈക്കിള്‍ ചാക്കോ ദാനിയല്‍ (1943-) ഇന്തോ-ആംഗ്ലിയന്‍ ആഖ്യായികയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം നടത്തിയശേഷം 1972-ല്‍ ഇന്ത്യയില്‍ മടങ്ങിഎത്തുന്നതുവരെ സാന്‍ഫ്രാന്‍സിസ്കോയില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഇദ്ദേഹം 1971-ല്‍ എനിതിങ് ഔട്ട് ഒഫ് പ്ലേസ് ഈസ് ഡെര്‍ട്ട് എന്ന പ്രഥമ നോവല്‍ പ്രസിദ്ധീകരിച്ചു. ഈ നോവലിലെ തന്നെ ചില കഥാപാത്രങ്ങള്‍ മുഖ്യമായും പ്രത്യക്ഷപ്പെടുന്ന ദ ഡാം റൊമാന്റിക് ഫൂള്‍ (1972) ആണ് മറ്റൊരു കൃതി. പ്രതിരൂപാത്മക ശൈലിയിലാണ് പലപ്പോഴും ദാനിയല്‍ എഴുതാറുള്ളത്.
1998-ല്‍ മാന്‍ബുക്കര്‍ പുരസ്കാരം നേടിയ അരുന്ധതി റോയ് മലയാളിയുടെ യശസ്സ് സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയാണ്. കോട്ടയം ജില്ലയിലെ അയ്മനമാണ് ഇവരുടെ സ്വദേശം. അയ്മനത്ത് ചിലവിട്ട കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ബുക്കര്‍ പ്രൈസിനാധാരമായ ദ് ഗോഡ് ഒഫ് സ്മോള്‍ തിങ്സിന്റെ കഥാപശ്ചാത്തലം. എന്‍ഡ് ഒഫ് ഇമാജിനേഷന്‍ (1998), പവര്‍ പൊളിറ്റിക്സ് (2002), വാര്‍ടോക്ക് (2003), ലിസനിങ് ടു ഗ്രാസ് ഹോപ്പേഴ്സ് (2009) എന്നീ കൃതികള്‍ക്കുപുറമേ ദി ആള്‍ജിബ്രാ ഒഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002-ലെ ലന്നാന്‍ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ ഫ്രീഡം പുരസ്കാരം, സിഡ്നി പീസ് പ്രൈസ്-2004, സാഹിത്യ അക്കാദമി പുരസ്കാരം-2006, നോര്‍മന്‍ മെയ്ലര്‍ പുരസ്കാരം-2011 എന്നിവ അരുന്ധതി രോയ്ക്കു ലഭിച്ച ശ്രദ്ധേയമായ ബഹുമതികളാണ്. രണ്ട് ചലച്ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള ഇവര്‍ക്ക് 1989-ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നോ. അരുന്ധതി റോയ്
ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിരിക്കെ തന്നെ സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് മലയാളിയായ ശശി തരൂര്‍. നോവലുകളായ ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, ഷോ ബിസിനസ്, റയട്ട്, രാഷ്ട്രീയ നിരീക്ഷണങ്ങളായ ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അണ്‍ഹേഡ് വോയ്സ്, ചരിത്രാഖ്യായികളായ നെഹുറു: ദ് ഡിസ്കവറി ഒഫ് ഇന്ത്യ, ന്യൂ മില്ലെനിയം, ന്യൂ ഇന്ത്യ, പാക്സ് ഇന്‍ഡിക്ക: ഇന്ത്യന്‍ ആന്‍ഡ് ദ് വേള്‍ഡ് ഇന്‍ ദ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി തുടങ്ങിയ രചനകളിലൂടെ തരൂര്‍ ആംഗലേയ ഗദ്യസാഹിത്യലോകത്ത് തന്റേതായ ശൈലിക്ക് രൂപം നല്‍കി.
ആക്സിഡന്റ്സ് ലൈക് ലവ് ആന്‍ഡ് മാരീജ്, ആഫ്റ്റര്‍ വാര്‍ഡ്സ്, ദ് ലിറ്റില്‍ ബുക് ഒഫ് റൊമാന്‍സ്, സീക്രട്സ് ആന്‍ഡ് ലൈസ്, സീക്രട്സ് ആന്‍ഡ് സിന്‍സ്, എ സ്കാന്‍ഡലസ് സീക്രട്, റാണി ലക്ഷ്മി ബായി ഒഫ് ഝാന്‍സി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര; സ്റ്റയര്‍ ഓണ്‍ ദ് സബ് വേ, ദ് ബെറ്റര്‍ മാന്‍, ലേഡീസ് കൂപ്പൈ, മലബാല്‍ മൈന്‍ഡ് (കവിതാ സമാഹാരം), ദ് പഫിന്‍ ബുക് ഒഫ് മിത്ത്സ് ആന്‍ഡ് ലെജന്‍ഡ്സ്, മിസ്ട്രസ് മാജിക്കല്‍ ഇന്ത്യന്‍ മിത്ത്സ്, ലിവിങ് നെക്സ്റ്റ് ഡോര്‍ ടു ആലീസ്, കട്ട് ലൈറ്റ് വൂണ്ട് എന്നീ കൃതികള്‍ രചിച്ച അനിതാ നായര്‍; ദീസ് എറേഴ്സ് അര്‍ കറക്ട്, ഇംഗ്ലീഷ്, അപോകാലിപ്സോ, ജെമിനി എന്നീ കവിതാസമാഹാരങ്ങളും നാര്‍കോപോളിസ് എന്ന നോവലും രചിച്ച ജീത് തയ്യില്‍; ശ്രീലങ്കയില്‍ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിച്ച ഐലന്റ് ഒഫ് ബ്ലഡ് എന്ന കൃതിയുടെ രചയിതാവും പത്രപ്രവര്‍ത്തകയുമായ അനിതാ പ്രതാപ്; ഹാര്‍വെസ്റ്റ്, ക്ലെപ്റ്റോമാനിയ ഡബിള്‍ ടോക് തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയമായ മഞ്ജുള പത്മനാഭന്‍; എ ബ്രിഡ്ജ് ഓവര്‍ കര്‍മ എന്ന നോവലിലൂടെയും പിക്കോളോ, മൈല്‍സ്റ്റോണ്‍സ് ടു ദ് സണ്‍, സണ്‍ബേഡ്സ് ഇന്‍ ദ് റെയ്ന്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെയും ശ്രദ്ധേയനായ ഗോപീകൃഷ്ണന്‍ കോട്ടൂര്‍; മൈ വോണ്‍ കണ്‍ട്രി: എ ഡോക്ടേഴ്സ് സ്റ്റോറി, ദ് ടെന്നീസ് പാര്‍ട്ണര്‍: എ സ്റ്റോറി ഒഫ് ഫ്രണ്ട്ഷിപ്പ് ആന്‍ഡ് ലോസ്, കട്ടിങ് ഫോര്‍ സ്റ്റോണ്‍ എന്നീ കൃതികളിലൂടെ മികവു തെളിയിച്ച ഭിഷഗര്വനും സാഹിത്യകാരനുമായ എബ്രഹാം വര്‍ഗീസ്; സീയിങ് ദ് ഗേള്‍ എന്ന നോവലിലൂടെ ശ്രദ്ധേയയായ അനുരാധാ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് സമീപകാലത്ത് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മികച്ച സൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികള്‍.
വൈജ്ഞാനികരംഗം. മറ്റേതൊരു ഭാഷയിലും എന്നപോലെ കേരളത്തിലെ ആംഗലേയസാഹിത്യമേഖലയിലും വ്യാപ്തികൊണ്ട് മുന്നിട്ടു നില്‍ക്കുന്നത് വൈജ്ഞാനിക സാഹിത്യമാണ്. ചരിത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, എന്നിങ്ങനെ വിവിധവിഷയങ്ങളെ അധികരിച്ചുള്ള ഇംഗ്ലീഷ്കൃതികള്‍ കേരളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാമൂഹിക വിപ്ലവം എന്നിവയെപ്പറ്റിയുള്ള ചില കൃതികള്‍ ഹിസ്റ്ററി ഒഫ് മലബാര്‍ (കെ. പി. പദ്മനാഭമേനോന്‍), കേരള ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (എ. ഗോപാലമേനോന്‍), റിലിജിയന്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (ഡോ. എസ്. വെങ്കിട സുബ്രഹ്മണ്യയ്യര്‍), ഇന്‍ഡ്യ ലാന്‍ഡ് ആന്‍ഡ് പീപ്പിള്‍ പരമ്പരയില്‍ വരുന്ന കേരള (കൃഷ്ണചൈതന്യ), എ ഡിക്ഷ്ണറി ഒഫ് കഥകളി (കെ. പി. എസ്. മേനോന്‍), ധര്‍മ്മശാസ്താ ആന്‍ഡ് അയ്യപ്പാ കള്‍ട്ട് (കെ. പി. സി. പിള്ള), സ്വാതിതിരുനാള്‍ ആന്‍ഡ് ഹിസ് മ്യൂസിക് (ഡോ. എസ്. വെങ്കിടസുബ്രഹ്മണ്യയ്യര്‍), മോഹിനിയാട്ടം (ജി. വേണു; നിര്‍മ്മലാപണിക്കര്‍), ദ റൈസ് ഒഫ് ട്രാവന്‍കൂര്‍, എ സ്റ്റഡി ഒഫ് ദ റ്റൈംസ് ഒഫ് മാര്‍ത്താണ്ഡവര്‍മ്മ (ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്) എന്നിവയാണ്. കൂടാതെ കേരളത്തെ സംബന്ധിക്കുന്ന നിരവധി ചരിത്ര-നരവംശശാസ്ത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ സാമൂഹിക വിപ്ലവകാരികളെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ഉണ്ടായിട്ടുണ്ട്. നാരായണഗുരുസ്വാമി, മന്നത്തുപദ്മനാഭന്‍, കുമാരനാശാന്‍ തുടങ്ങിയവരെപ്പറ്റിയുള്ള പഠനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്. ഇന്റഗ്രേറ്റഡ് സയന്‍സ് ഒഫ് ദി അബ്സല്യൂട്ട് (നടരാജ ഗുരു), വണ്‍കാസ്റ്റ്, വണ്‍റിലിജിയന്‍, വണ്‍ഗോഡ്: എ സ്റ്റഡി ഒഫ് ശ്രീ നാരായണഗുരു (വി. തോമസ് സാമുവല്‍), ശ്രീനാരായണഗുരു ആന്‍ഡ് സോഷ്യല്‍ റവലൂഷ്യന്‍ (സി. ആര്‍. മിത്ര), നാരായണഗുരു എ ബയോഗ്രാഫി (എം. കെ. സാനു), ഫിലോസഫി ഒഫ് ശ്രീനാരായണഗുരു (ഡോ. എസ്. ഓമന) എന്നിവ കൂടാതെ നിത്യചൈതന്യയതിയും നാരായണഗുരുവിനെപ്പറ്റി ഇംഗ്ലീഷില്‍ ധാരാളം എഴുതിയിട്ടുണ്ട്. മന്നത്തുപദ്മനാഭന്‍ ആന്‍ഡ് ദ റിവൈവല്‍ ഒഫ് നായേഴ്സ് ഇന്‍ കേരള എന്ന കൃതി വി. ബാലകൃഷ്ണന്‍-ആര്‍.ലീലാദേവി ദമ്പതികളുടേതാണ്.
റ്റി. കെ. രവീന്ദ്രന്റെ ആശാന്‍ ആന്‍ഡ് സോഷ്യല്‍ റവലൂഷന്‍ ഇന്‍ കേരളാ, എ സ്റ്റഡി ഒഫ് ഹിസ് സ്പീച്ചസ്, കെ. രാജേന്ദ്രന്റെ ഈഴവകമ്യൂണിറ്റി ആന്‍ഡ് കേരള പൊളിറ്റിക്സ്, കെ. വി. ഈപ്പന്റെ ചര്‍ച്ച് മിഷണറി സൊസൈറ്റി ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ കേരള, ചുമ്മാര്‍ ചൂണ്ടലിന്റെ ക്രിസ്ത്യന്‍ ഫോക്ക് സോങ്സ്, ക്രിസ്ത്യന്‍ തീയേറ്റര്‍ ഇന്‍ ഇന്‍ഡ്യ എന്നീ പുസ്തകങ്ങളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
മലയാള കവിത്രയത്തെക്കുറിച്ചുള്ള ചില പഠനങ്ങളും ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കുമാരനാശാന്‍ ബെര്‍ത്ത് സെന്റിനറി വോളിയവും, മഹാകവി ഉള്ളൂര്‍ എ സെന്റിനറി വോളിയവും ഈ രണ്ടു മഹാകവികളേയും പറ്റിയുള്ള ആധികാരിക പഠനങ്ങളുടേയും അവരുടെ ചില കൃതികളുടെ വിവര്‍ത്തനങ്ങളുടേയും സമാഹാരങ്ങളാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 'മേക്കേഴ്സ് ഒഫ് ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍' പരമ്പരയ്ക്കുവേണ്ടി കെ. എം. ജോര്‍ജ് തയ്യാറാക്കിയ കുമാരനാശാന്‍ എന്ന ലഘുഗ്രന്ഥവും വള്ളത്തോള്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഇന്‍ഡ്യന്‍ റിനയസ്സന്‍സ് എന്ന ഗ്രന്ഥവും എണ്ണപ്പെട്ട ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്. വര്‍ക്കല ശിവന്‍പിള്ള രചിച്ച റഷ്യ ഇന്‍ വള്ളത്തോള്‍സ് പോയംസ് എന്ന ഗവേഷണഗ്രന്ഥം ചെറുതാണെങ്കിലും പ്രയോജനകരമായ ഒരു പഠനമാണ്.
ഈ മേഖലയില്‍പ്പെട്ട ഉപന്യാസവിഭാഗവും കുറേയൊക്കെ സമ്പന്നമാണ്. ആദ്യകാല കേരളീയ ആംഗലേയ സാഹിത്യകാരന്മാരില്‍ പലരും എഴുതിയ ഉപന്യാസങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം വെളിച്ചം കണ്ടവയാണ്. അവയുടെ പ്രതികളൊന്നും ഇന്ന് കിട്ടാനില്ല. റ്റി. ലക്ഷ്മണന്‍പിള്ളയുടെ എസ്സേസ് (Essays) ഭേദപ്പെട്ട ഒരു ആദ്യകാല കൃതിയാണ്. വിധി, ഉത്തരവാദിത്വം, നന്മതിന്മകള്‍, സംഗീതം, മതം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ ഉപന്യാസങ്ങളുടെ ഈ സമാഹാരം നല്ലൊരു ആംഗല ഗദ്യശൈലിയുടെ മാതൃകയും ആണ്.
ഇംഗ്ലീഷ് ഗദ്യലേഖനങ്ങള്‍ രചിച്ചവരില്‍ ശ്രദ്ധേയനായ മറ്റൊരു വ്യക്തി ബാരിസ്റ്റര്‍ ജി.പി. പിള്ള (1863-1903) ആണ്. പത്രപ്രവര്‍ത്തനം വിശേഷിച്ചും ആംഗലേയ പത്രപ്രവര്‍ത്തനം വേണ്ടതുപോലെ വളര്‍ന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ മിക്ക പത്രങ്ങള്‍ക്കും ഈടുറ്റ ലേഖനങ്ങള്‍ നല്‍കിയിരുന്ന എഴുത്തുകാരനായിരുന്നു ഇദ്ദേഹം. 1890 മുതല്‍ 'മദ്രാസ് മെയിലി' നുവേണ്ടി മുഖലേഖനങ്ങള്‍ എഴുതിവന്ന ഇദ്ദേഹം 1892-ല്‍ മദ്രാസ് സ്റ്റാന്‍ഡേര്‍ഡിന്റെ മുഖ്യ പത്രാധിപരായി നിയമിതനായതോടെ ഇംഗ്ലീഷില്‍ പൂര്‍വാധികം രചനകള്‍ നടത്തുകയും റെപ്രസെന്ററ്റീവ് ഇന്‍ഡ്യന്‍സ്, ഇന്‍ഡ്യന്‍ കോണ്‍ഗ്രസ് മെന്‍, ലണ്ടന്‍ ആന്‍ഡ് പാരിസ്, ട്രബിള്‍സ് ഒഫ് ആന്‍ ഇന്‍ഡ്യന്‍ ഇന്‍ യൂറോപ്പ് എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജി.പി. ശേഖര്‍ എഡിറ്റു ചെയ്ത സെലക്റ്റ് റൈറ്റിങ്സ് ആന്‍ഡ് സ്പീച്ചസ് ഒഫ് ജീ.പി. പിള്ള എന്ന പുസ്തകത്തില്‍ ജി.പി. പിള്ളയുടെ കനപ്പെട്ട രചനകള്‍ പലതും സമാഹൃതമായിട്ടുണ്ട്.
മലയാളത്തിലെന്നപോലെ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലും മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ക്കുള്ള സ്ഥാനം സമുന്നതമാണ്. 20-ാം ശതകത്തിന്റെ ആദ്യദശയില്‍ത്തന്നെ ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയ ഉള്ളൂരിന്റെ നിരവധി സംഭാവനകള്‍ ഗദ്യ-പദ്യ-നിരൂപണ-സാഹിത്യ മേഖലകളിലായി ചിതറിക്കിടക്കുന്നു. തത്ത്വശാസ്ത്രം, ചരിത്രം, സംസ്കാരം, സാമൂഹികജീവിതം എന്നീ മണ്ഡലങ്ങളിലെല്ലാം വിഹരിച്ച ആ പ്രതിഭാശാലിയുടെ രചനകളാണ്. ഇന്‍ഡ്യ ആന്‍ഡ് വേള്‍ഡ് പ്രോഗ്രസ്, എ ഡോട്ടര്‍ ഒഫ് ട്രാവന്‍കൂര്‍, എ ഫര്‍ഗോട്ടന്‍ ചാപ്റ്റര്‍ ഇന്‍ ഇംഗ്ലീഷ് പൊയട്രി എന്നിവ ലളിത സുന്ദരമായ ആംഗലശൈലിയില്‍ അനായാസം സാഹിത്യരചന നടത്തുവാന്‍ മഹാകവി ഉള്ളൂരിനുണ്ടായിരുന്ന വൈഭവം അന്യാദൃശമാണെന്ന് ഈ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു.
മലയാളത്തിലെ സമുന്നത സാഹിത്യകാരനായ സര്‍ദാര്‍ കെ. എം. പണിക്കര്‍ (1894-1963) ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. 'സ്വരാജ്യ', 'ഹിന്ദുസ്ഥാന്‍ ടൈംസ്' എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇംഗ്ലീഷില്‍ രാഷ്ട്രതന്ത്ര പ്രാധാന്യമേറിയ ഏതാനും ഗ്രന്ഥങ്ങളും ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലബാര്‍ ആന്‍ഡ് പോര്‍ട്ടുഗീസ് (1928), മലബാര്‍ ആന്‍ഡ് ഡച്ച് എന്നിവ ഇക്കൂട്ടത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന ചരിത്ര-ഗവേഷണ ഗ്രന്ഥങ്ങളാണ്.
അന്താരാഷ്ട്രീയ തലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ള മലയാളികളില്‍ പ്രമുഖനാണ് കെ.പി.എസ്. മേനോന്‍ (1898-1983). പന്ത്രണ്ടിലധികം പുസ്തകങ്ങളും ധാരാളം പ്രഭാഷണങ്ങളും ലേഖനങ്ങളും ചില ചെറുകഥകളും കെ. പി.എസ്. മേനോന്റെ സംഭാവനകളായി നമുക്കു ലഭിച്ചിട്ടുണ്ട്. ഡല്‍ഹി-ചുങ്കിങ്, ദ റഷ്യന്‍ പനോരമ, ദ ഫ്ളൈയിങ് ട്രോയിക, ലെനിന്‍ ത്രൂ ഇന്‍ഡ്യന്‍ ഐസ്, ദ ലാമ്പ് ആന്‍ഡ് ദ ലാമ്പ് സ്റ്റാന്‍ഡ് എന്നീ ഗ്രന്ഥങ്ങള്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു. സ്വന്തം ശ്വശുരന്‍ സി. ശങ്കരന്‍ നായരുടെ ജീവചരിത്രവും മെനി വേള്‍ഡ്സ് എന്ന ആത്മകഥയും കെ.പി.എസ്. മേനോന്‍ രചിച്ചിട്ടുണ്ട്.
മലയാളികള്‍ രചിച്ച ആത്മകഥാപരമായ പല ഇംഗ്ലീഷ് കൃതികളും ശ്രദ്ധേയമായിത്തീര്‍ന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായ ഈ. കെ. നായനാരുടെ മൈ സ്ട്രഗിള്‍സ്, കെ.എം. പണിക്കരുടെ ആന്‍ ഓട്ടോബയോഗ്രഫി (വിവര്‍ത്തകന്‍, കെ. കൃഷ്ണമൂര്‍ത്തി), ആന്‍ ഇന്‍ഡ്യന്‍ ഫ്രീഡം ഫൈറ്റര്‍ ഇന്‍ ജപ്പാന്‍-മെമ്മോയിഴ്സ് ഒഫ് എ. എം. നായര്‍ (നായര്‍ സാന്‍) എന്നിവയും ഈ വിഭാഗത്തിലെ എണ്ണപ്പെട്ട രചനകള്‍ തന്നെയാണ്.
വിവിധ സാഹിത്യശാഖകളില്‍പ്പെട്ട പല ഉത്കൃഷ്ട മലയാള ഗ്രന്ഥങ്ങളുടേയും ഇംഗ്ളിഷ് പരിഭാഷയിലൂടെ ആംഗല കൈരളി പുഷ്കലയായിത്തീര്‍ന്നിട്ടുണ്ട്. നോവലുകള്‍, നാടകങ്ങള്‍, ചെറുകഥകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കൃതികളുടെ വിവര്‍ത്തനത്തിനാണ് മുന്‍തൂക്കം കാണുന്നത്.
നോവല്‍. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് രണ്ടു പരിഭാഷകളുണ്ടായിട്ടുണ്ട്. സി.കെ. മേനോനും ലീലാദേവിയുമാണ് വിവര്‍ത്തകര്‍. എം.ടി. വാസുദേവന്‍ നായരുടെ അസുരവിത്ത് വി. അബ്ദുള്ള ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടി.യുടെ മഞ്ഞ് (മിസ്റ്റ്), ഇരുട്ടിന്റെ ആത്മാവ് (ക്രീച്ചര്‍ ഒഫ് ഡാര്‍ക്ന്സ്), ചില ചെറുകഥകള്‍ എന്നിവയും ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇ.എം.ജെ. വെണ്ണിയൂരിന്റെ ഫ്രം ദ ഗട്ടര്‍ (ഓടയില്‍നിന്ന്- കേശവദേവ്), പി.കെ. രവീന്ദ്രനാഥന്റെ നെയ്ബേഴ്സ് (അയല്‍ക്കാര്‍-കേശവദേവ്), സി. പോള്‍ വര്‍ഗീസിന്റെ എ റ്റൈം റ്റു ഡേ (അരനാഴികനേരം-പാറപ്പുറത്ത്), എന്‍. കുഞ്ഞിന്റെ മാജിക് ക്യാറ്റ് (മാന്ത്രികപ്പൂച്ച-ബഷീര്‍), മേരി മത്തായി, സാമുവല്‍ മത്തായി എന്നിവരുടെ ഔസേപ്പ്സ് ചില്‍ഡ്രന്‍ (ഔസേപ്പിന്റെ മക്കള്‍-തകഴി), ബ്യൂട്ടിഫുള്‍ ആന്‍ഡ് ഹാന്‍സം (സുന്ദരന്മാരും സുന്ദരികളും-ഉറൂബ്) എന്നീ വിവര്‍ത്തനങ്ങള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. പൊറ്റെക്കാട്ടിന്റെ വിഷകന്യക വി. അബ്ദുള്ളയും ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി വാസന്തീ മേനോനും തകഴിയുടെ രണ്ടിടങ്ങഴി എന്‍. മേനോനുമാണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. വി. കെ.എന്‍.-ന്റെ ബൊവൈന്‍ ബ്യൂഗിള്‍സ് സ്വയംകൃത വിവര്‍ത്തനമാണ്.
നാടകം. തോപ്പില്‍ഭാസിയുടെ മൂലധനം ദ് ക്യാപ്പിറ്റല്‍ എന്ന പേരില്‍ ഇ.എം.ജെ. വെണ്ണിയൂരും ഭാസിയുടെ തന്നെ അശ്വമേധം പ്രേമാമേനോനും ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. അശ്വമേധത്തിന്റെ മറ്റൊരു ഭാഷാന്തരം എസ്. വേലായുധനാണ് നിര്‍വഹിച്ചിട്ടുള്ളത്. ജി. ശങ്കരപ്പിള്ളയുടെ ഭരതവാക്യം, സി.ജെ. തോമസിന്റെ അവന്‍ വീണ്ടും വരുന്നു, കെ.ടി. മുഹമ്മദിന്റെ ഇതു ഭൂമിയാണ്, എന്‍. കൃഷ്ണപിള്ളയുടെ മുടക്കുമുതല്‍ എന്നിവയും വിവര്‍ത്തനവിധേയമായിട്ടുണ്ട്.
മലയാളത്തിലെ പ്രസിദ്ധങ്ങളായ പല ചെറുകഥകള്‍ക്കും ഇംഗ്ലീഷ് രൂപാന്തരം ലഭിച്ചതായിക്കാണാം. കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത മലയാളം ഷോര്‍ട്ട് സ്റ്റോറീസ് ആന്തോളജിയില്‍ 1940-നുശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഇരുപത്തിയൊന്നു കഥകള്‍ ചെറുകഥാസാഹിത്യരംഗത്തെ നവീനമാതൃകകളാണ്. കാരൂര്‍ നീലകണ്ഠപ്പിള്ള മുതല്‍ പദ്മരാജന്‍ വരെയുള്ളവര്‍ രചിച്ച ചെറുകഥകളുടെ വിവര്‍ത്തനമാണ് വുഡന്‍ ഡോള്‍സ് എന്നു തുടങ്ങിയ പേരുകളില്‍ ആ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഈ ചെറുകഥകള്‍ മലയാളത്തിലെ പല പ്രമുഖരുടേയും കലാസൃഷ്ടികള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നു. എ സര്‍വേ ഒഫ്മലയാളം ലിറ്ററേച്ചര്‍ എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലും ഏതാനും മലയാള ചെറുകഥകളുടെ ആംഗലവിവര്‍ത്തനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ ആംഗലേയ സാഹിത്യത്തിലെ മികച്ച ക്ലാസിക് കൃതികള്‍ എല്ലാംതന്നെ മലയാളത്തിലെ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു ബൃഹത് പദ്ധതിക്കും പ്രസാധകര്‍ ആരംഭം കുറിച്ചിട്ടുണ്ട്.
മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഭാരതീയ-ആംഗലസാഹിത്യത്തിന് കേരളത്തിന്റെ സംഭാവന മികച്ചതാണെന്നു പറയാനാവില്ല. തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണകാലത്ത് സംസ്കൃതത്തിനുണ്ടായിരുന്ന പ്രാഭവവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഈ മാന്ദ്യത്തിന് കാരണമാകാം. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങളില്‍നിന്നും കേരളീയരും വിമുക്തരല്ല. ഇംഗ്ലീഷ് മാതൃഭാഷയാക്കിയിട്ടുള്ളവരുടെ അഭാവം, വായനക്കാരുടെ കുറവ്, ഇംഗ്ലീഷ് ഭാഷ സര്‍ഗാത്മക രചനയ്ക്ക് ഉപയോഗിക്കുന്നതിനുള്ള വൈഷമ്യം, സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കുന്നതിനും അംഗീകാരം നേടുന്നതിനുമുള്ള പരിമിതികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഈ രംഗത്തു കാണാം. എന്നാല്‍ തദ്ദേശീയമെന്നോ വിദേശീയമെന്നോ ഉള്ള ഭേദചിന്ത കൂടാതെ നല്ലതെന്തും സ്വീകരിക്കാനും സ്വായത്തമാക്കാനുമുള്ള കേരളീയരുടെ സഹജവാസന പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. അന്തര്‍ദേശീയ ഭാഷ, അഖിലേന്ത്യാതലത്തിലുപയോഗിക്കാവുന്ന ബന്ധഭാഷ എന്നീ നിലകളില്‍ ഇംഗ്ലീഷിനോടുള്ള പ്രാധാന്യവും അന്തര്‍ദേശീയ തലത്തിലേക്കുയരുവാനുള്ള സാഹിത്യകാരന്മാരുടെ അഭിവാഞ്ച്ഛയും കേരളത്തിലെ ആംഗലസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളായി വര്‍ത്തിക്കുന്നു.
(ഡോ. സോമശേഖരന്‍ നായര്‍)
നാടോടിവിജ്ഞാനീയം
ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദര്‍ശനമാണ്. നാടന്‍പാട്ടുകള്‍, നാടന്‍കലകള്‍, നാടന്‍കഥാഗാനങ്ങള്‍, പഴഞ്ചൊല്ലുകള്‍, അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, നാടന്‍ വിനോദങ്ങള്‍ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാന്‍ 'ഫോക്ലോര്‍' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറില്‍ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉള്‍ക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയില്‍ 'ഫോക്ലോര്‍' എന്ന പദത്തെ പൊതുവില്‍ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.
കേരളത്തില്‍ ഫോക് ലോര്‍ പഠനം ആരംഭിക്കുന്നത് എ.ഡി. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. നാടോടി സാഹിത്യത്തില്‍ നാടന്‍പാട്ടുകളുടെയും പഴഞ്ചൊല്ലുകളുടെയും ശേഖരണമാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഇറ്റലിക്കാരനായ പഴളിനോസ് പാതിരിയുടെ അഡഗിയ മലബാറിക്ക(1791)യും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പഴഞ്ചൊല്‍ സമാഹാരവും (1845) ഈ രംഗത്തെ ആദ്യകാല്‍വയ്പുകളാണ്. നാടന്‍വിജ്ഞാനത്തെ ഉള്‍ക്കൊള്ളുന്ന ചില കൃതികളും ഇക്കാലത്തു പുറത്തുവന്നു. മാക്വിന്നിന്റെ പെര്‍സി, എഡ്ഗര്‍ തസ്റ്റണ്‍ന്റെ കാസ്റ്റ് ആന്‍ഡ് ട്രൈബ്സ് ഒഫ് സതേണ്‍ ഇന്ത്യ, വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്.
വാമൊഴിവഴക്കത്തിലോ അനുഷ്ഠാനം, ചടങ്ങുകള്‍ ആദിയായവയുടെ രൂപത്തിലോ പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവരുന്ന ഒന്നാണ് നാടോടിവിജ്ഞാനീയം. നാടന്‍പാട്ടുകള്‍, കഥാഗാനങ്ങള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, നാടന്‍കഥകള്‍, നാടന്‍ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആരാധനാരീതികള്‍, ഉത്സവങ്ങള്‍, നാടന്‍കളികള്‍, വിനോദങ്ങള്‍, അനുഷ്ഠാനകലകള്‍, അനുഷ്ഠാനേതര കലകള്‍ തുടങ്ങി ചായപ്പണി, ചിത്രപ്പണി, ആഭരണനിര്‍മാണം, വിവിധ കൃഷിരീതികള്‍, നാട്ടുചികിത്സാരീതികള്‍, ചക്രം തേവല്‍, തടയണ കെട്ടല്‍, നാടന്‍ മത്സ്യബന്ധനം എന്നിങ്ങനെ വിപുലമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിജ്ഞാനശാഖയാണ് കേരളത്തിന്റെ നാടോടി വിജ്ഞാനീയം.
സാമൂഹിക ജീവിതത്തിന്റെ തുടിപ്പുകളാണ് നാടന്‍കലകള്‍. അധ്വാനത്തില്‍ നിന്നും മതം-ജാതി പരിസരങ്ങളില്‍നിന്നും ഊര്‍ജം സ്വീകരിച്ചാണ് അവ നിലനില്ക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളില്‍ സന്തോഷം പങ്കിടാനാണ് നാടന്‍കലകള്‍ ഉണ്ടായത്. നാടന്‍കലകളുടെ സവിശേഷത, അവതരണത്തിന്റെ ലാളിത്യമാണ്. മത-ജാതി പരിസരത്തില്‍ തളച്ചിട്ടവയാണ് നാടന്‍കലകള്‍ ഏറിയപങ്കും എന്നതിനാല്‍ ആചാരാനുഷ്ഠാനങ്ങളുമായി അവ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
പ്രകൃതിയുമായി സംവദിച്ചുകൊണ്ടുള്ളതായിരുന്നു ആദിമജനതയുടെ പ്രാകൃതനൃത്തം. ഏലേലംകളി, കുറുമര്‍കളി, നായ്ക്കര്‍ കളി തുടങ്ങിയവ ഇതിനുദാഹരണമാണ്. പ്രാകൃതനൃത്തത്തിന്റെ വികാസഘട്ടമാണ് നാടന്‍നൃത്തം. ശരീരചലനങ്ങള്‍ക്ക് ബോധപൂര്‍വമായ അനുകരണം ഇതില്‍ നിര്‍വഹിക്കപ്പെടുന്നു. അനുഷ്ഠാനമാണ് ഇതില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.
അനുഷ്ഠാനകലകളാണ്, നാടന്‍കലകളില്‍ കൂടുതലായിട്ടുള്ളത്. ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള കണ്ണേറുപാട്ട്, ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കൂളിയാട്ട്, മന്നാന്‍കൂത്ത്, കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചുള്ള കെന്ത്രോന്‍പാട്ട്, കുറുന്തിനിപ്പാട്ട്, തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള കോലംതുള്ളല്‍, വയനാട്ടിലെ അടിയാള സമൂഹത്തിന്റെ മാന്ത്രികകര്‍മമായ ഗദ്ദി, വണ്ണാന്‍, കല്ലാറ്റുക്കുറുപ്പ്, കണിയാന്‍ എന്നീ സമുദായങ്ങള്‍ക്കിടയിലുള്ള ഗന്ധര്‍വന്‍പാട്ട്, ഉത്തരമലബാറില്‍ പ്രചാരത്തിലുള്ള നിണബലി, മലയന്‍കെട്ടി, മാരിയാട്ടം, തെയ്യാട്ട്, നാഗപ്രീതിക്കായി കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള സര്‍പ്പംതുള്ളല്‍ തുടങ്ങിയവ ബാധോച്ചാടനപരമായ അനുഷ്ഠാനകലകളും, മധ്യകേരളത്തില്‍ പ്രധാനമായും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അവതരിപ്പിച്ചുവരുന്ന അയ്യപ്പന്‍തീയാട്ട്, കുമ്മാട്ടി, തിരു-കൊച്ചി പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഭദ്രകാളി തീയാട്ട്, കാവുകളിലും ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലും പഴയ തറവാടുകളിലും അരങ്ങേറിയിരുന്ന കളമെഴുത്തുപാട്ട്, ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള തെയ്യം, തിറ, പൂതനും തിറയും, ഓണത്താര്‍, ഗരുഡന്‍തൂക്കം, ഗരുഡന്‍പറവ, മധ്യകേരളത്തില്‍ പ്രചാരത്തിലുള്ള മുടിയേറ്റ്, കൊല്ലം ജില്ലയില്‍ പ്രധാനമായും മണ്ണടിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന മുടിപ്പേച്ച്, മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലകളിലൊന്നായ പടേനി/പടയണി, തിരുവനന്തപുരം ജില്ലയില്‍ പ്രചാരത്തിലുള്ള കാളിയൂട്ട്, തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള കുത്തിയോട്ടം, വേലകളി, ഓണത്തുള്ളല്‍, അര്‍ജുനനൃത്തം, കോഴിക്കോട് ജില്ലയില്‍ പ്രചാരത്തിലുള്ള ഓണേശ്വരന്‍, കുത്തുറാത്തീബ്, ചാത്തന്‍കളി, കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള സംഗീതകലയായ അയ്യപ്പന്‍പാട്ട് തുടങ്ങിയവ ആരാധനാപരമായ അനുഷ്ഠാനകലകളുമാണ്.
നാടന്‍കലകളില്‍ വിനോദത്തിനുവേണ്ടി അവതരിപ്പിച്ചുവരുന്ന കലകളെയാണ് അനുഷ്ഠാനേതര കലകള്‍ എന്ന് വിവക്ഷിക്കുന്നത്. അനുഷ്ഠാന കലകളെ അപേക്ഷിച്ച് ഇവയുടെ എണ്ണം കുറവാണ്. നൃത്തം, നാടകം എന്നിങ്ങനെ രണ്ടു രൂപങ്ങളും ഇതില്‍വരുന്നു.
കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള തിരുവാതിരക്കളി, പരിചമുട്ടുകളി, തുമ്പിതുള്ളല്‍, മലബാറിലെ 'മാപ്പിള'മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ചവിട്ടുകളി, മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗംകളി, തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ചരടുപിന്നിക്കളി, തൃശൂരില്‍ പ്രചാരത്തിലുള്ള ചോഴിക്കളി തുടങ്ങിയവ പൊതുവില്‍ സംഘനൃത്തങ്ങളാണ്. ജീവിതത്തിന്റെ സവിശേഷ ഘട്ടങ്ങളില്‍ സംഘം ചേര്‍ന്ന് നൃത്തംചെയ്യുന്ന രീതി, എല്ലാ സമൂഹത്തിലും കാണുന്നു.
നാടന്‍ നൃത്തത്തിന്റെ തുടര്‍ച്ചയാണ് നാടോടിനാടകം. ഒട്ടുമിക്ക നാടോടിനാടകങ്ങളും നൃത്തത്തോടും അനുഷ്ഠാനത്തോടും ബന്ധപ്പെട്ടു നില്ക്കുന്നവയാണ്. അനുഷ്ഠാനത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായിട്ടാണ് ഇവ അരങ്ങേറുന്നത്; അപൂര്‍വം ചിലത് വിനോദത്തിനുവേണ്ടിയും. കേരളത്തിലെ നാടോടി നാടകങ്ങള്‍ എന്ന കൃതിയില്‍ ഡോ. എസ്.കെ. നായര്‍ കേരളത്തിലെ നാടോടി നാടകങ്ങളെ അനുഷ്ഠാന നാടകങ്ങള്‍ (ritual plays), അനുഷ്ഠാനാഭാസനാടകങ്ങള്‍ (pseudo ritualistic plays), സാങ്കേതികാഭാസ നാടകങ്ങള്‍ (pseudo classical plays), അനുഷ്ഠാനേതര നാടകങ്ങള്‍ (non ritual plays) എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ദേവതാപ്രീണനാര്‍ഥം നടത്തുന്നവയാണ് അനുഷ്ഠാനനാടകങ്ങള്‍. മുടിയേറ്റ്, തീയ്യാട്ട്, അയ്യപ്പന്‍പാട്ട്, തിറയാട്ടം എന്നിവ അനുഷ്ഠാനനാടകവിഭാഗത്തില്‍പ്പെടുന്നു. ദേവതാരാധനയുടെ ഭാഗമാണെങ്കിലും വിനോദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളവയാണ് അനുഷ്ഠാനാഭാസ നാടകങ്ങള്‍. യാത്രാക്കളി, ഏഴാമത്തുകളി എന്നിവ ഇവയ്ക്കുദാഹരണമാണ്. കേരളത്തിലെ ക്ലാസ്സിക് കലകളായ കൃഷ്ണനാട്ടം, കഥകളി എന്നിവയെ അനുകരിച്ച് രൂപപ്പെടുത്തിയിട്ടുള്ള നാടകരൂപങ്ങളാണ് സാങ്കേതികാഭാസ നാടകങ്ങള്‍. ചവിട്ടുനാടകം, കംസനാടകം, മീനാക്ഷീകല്യാണം തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. പാങ്കളി, കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, കുറത്തിയാട്ടം തുടങ്ങിയ അനുഷ്ഠാനേതര നാടകങ്ങള്‍ കേവലം വിനോദത്തിനുവേണ്ടി മാത്രം അവതരിപ്പിക്കപ്പെടുന്നവയാണ്.
നാടന്‍പാട്ടുകള്‍
ഗ്രാമീണജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ചൈതന്യം കലര്‍ന്ന നാടന്‍പാട്ടുകള്‍ മാനവജീവിതത്തിന്റെ സര്‍വരംഗങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. കളിക്കാനും കുളിക്കാനും തുടിക്കാനും വിനോദത്തിനും കുട്ടികളെ കുളിപ്പിക്കാനും താരാട്ടുപാടിയുറക്കാനും കല്യാണത്തിനും ഗര്‍ഭബലി കര്‍മങ്ങള്‍ക്കും വിത്തുവിതയ്ക്കുവാനും ഞാറു നടുവാനും വിളകൊയ്യുവാനും ധാന്യം കുത്തുവാനും ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും ആരാധനയ്ക്കും പകര്‍ച്ചവ്യാധികളും ബാധകളും ഒഴിപ്പിക്കുവാനും തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള ജീവിതഘട്ടങ്ങളില്‍ എല്ലാം പാട്ട് ഒരവശ്യഘടകമായി നിലനില്ക്കുന്നു. ഇത്തരത്തില്‍ നാനാവിധത്തിലുള്ള നാടന്‍പാട്ടുകളാല്‍ സമ്പന്നമാണ് മലയാള ഭാഷയും നാടും സാഹിത്യവും.
വാചികപാരമ്പര്യം
നാടന്‍പാട്ടുകള്‍ മിക്കതും 'ഓലയുടെയും നാരായത്തിന്റെയും ഒത്താശ' കൂടാതെ വാചികമായി പകര്‍ന്നുവരുന്നവയാണ്. അപൂര്‍വമായി ചിലവ താളിയോലകളില്‍ കുറിച്ചിട്ടതായി കാണാമെങ്കിലും ശാശ്വതമായി സൂക്ഷിക്കാനുള്ള ഗ്രന്ഥങ്ങളായി അവയെ പരിഗണിക്കേണ്ടതില്ല. നാടന്‍പാട്ടുകള്‍ ഗ്രന്ഥവഴിക്കല്ല പ്രായേണ പഠിച്ചുപോന്നത്; തലമുറകളായി ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്ക് അവ കൈമാറിവരികയാണുണ്ടായത്. അതുകാരണം, അവ പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിരിക്കുവാന്‍ സാധ്യതയുണ്ട്. അജ്ഞതകൊണ്ടു വന്നുചേരാവുന്ന തെറ്റുകളും ഇവയില്‍ കടന്നുകൂടിയിരിക്കാം.
കലാബന്ധം
നാടന്‍പാട്ടുകള്‍ മിക്കതും ഗ്രാമീണ കലകളോടോ വിനോദങ്ങളോടോ ഉത്സവങ്ങളോടോ ആണ് ബന്ധപ്പെട്ടിരിക്കുന്നത്. അനുഷ്ഠാനം, പൂജ, ആരാധന ഇത്യാദികളോടോ വിനോദപരമായ കലകള്‍, കളികള്‍ എന്നിവയോടോ ജീവിതവൃത്തിക്കുവേണ്ടിയുള്ള അധ്വാനത്തോടോ ബന്ധപ്പെടുത്തിയുള്ള ഗാനങ്ങളും കുറവല്ല. ഒരേപാട്ടു തന്നെ പല രംഗങ്ങളില്‍ പാടുന്ന സന്ദര്‍ഭങ്ങളും കണ്ടെന്നുവരാം. നാടന്‍പാട്ടുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പ്രായോഗിക സന്ദര്‍ഭങ്ങളെക്കുറിച്ചു ശ്രദ്ധിക്കേണ്ടതായുണ്ട്. പാട്ടുകളുടെ മതപരവും സാമൂഹികവുമായ പശ്ചാത്തലവും അറിഞ്ഞിരിക്കേണ്ടതാണ്. നാടോടിഗാനങ്ങളില്‍ പലതിനും ഗായകന്മാര്‍ ഗ്രാമീണ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്.
സംസ്കാരസ്രോതസ്
നാടന്‍പാട്ടുകള്‍ നമ്മുടെ സംസ്കാരത്തിന്റെ മൂലസ്രോതസ്സുകളാണ്. പ്രാക്തന മനുഷ്യന്റെ ആര്‍ജിതാനുഭവങ്ങളും സങ്കല്പങ്ങളുമെല്ലാം അവന്റെ പാട്ടിലും കലയിലുമാണ് പ്രതിഫലിപ്പിച്ചിട്ടുള്ളത്. പരമ്പരാഗതമായ സംസ്കാരത്തിന്റെ കലവറയാണ് നാടോടിപ്പാട്ടുകള്‍. നിത്യജീവിതത്തിന്റെ ആത്മാവും ചൈതന്യവും കണ്ടെത്തുവാന്‍ ഇവ നമ്മെ സഹായിക്കുന്നു.
സാമുദായികം
കേരളത്തിലെ നാടന്‍പാട്ടുകളില്‍ ഭൂരിഭാഗവും ജാതി ഗോത്ര പാരമ്പര്യമുള്ളവയാണ്. പാട്ടും കലയും പല സമുദായക്കാരുടെയും കുലത്തൊഴില്‍ കൂടിയാണ്. പുള്ളുവന്‍പാട്ട്, പാണപ്പാട്ട്, വേലര്‍പാട്ട്, മണ്ണാര്‍പാട്ട്, പുലയര്‍പാട്ട്, കുറവര്‍പാട്ട്, കണിയാന്‍പാട്ട്, ബ്രാഹ്മണിപ്പാട്ട്, പാപ്പിനിപ്പാട്ട്, അക്കമ്മപ്പാട്ട്, കുറുപ്പന്‍പാട്ട്, തീയ്യാടിപ്പാട്ട്, തെയ്യംപാടിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ പേരുകള്‍ തന്നെ അവയുടെ വര്‍ഗപാരമ്പര്യം വിളിച്ചോതുന്നു. പാട്ടുകളുടെ അവതരണ സ്വഭാവത്തിലും ഈ പാരമ്പര്യം ദര്‍ശിക്കുവാന്‍ കഴിയും. ഒരേഗാനം തന്നെ വിവിധ സമുദായത്തില്‍പ്പെട്ട ഗായകന്മാര്‍ പാടുകയാണെങ്കില്‍ അവയോരോന്നും വിഭിന്നമായ രീതിയിലായിരിക്കും പാടുക. 'പുള്ളുവന്‍ പാടുന്നതേ വീണ പാടൂ' എന്നൊരു പഴഞ്ചൊല്ല് നിലവിലുണ്ട്. നാടന്‍പാട്ടുകള്‍ വര്‍ഗസ്വഭാവവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാണ് ഈ ചൊല്ലു സൂചിപ്പിക്കുന്നത്. കരിമ്പാലര്‍, മലയാളര്‍, കളനാടികള്‍, പണിയര്‍, കുറിച്യര്‍, ചെറുമര്‍, കോപ്പാളര്‍, കുറവര്‍, ചിങ്കാത്തന്മാര്‍, മാവിലര്‍, ചെറമര്‍, മുക്കുവര്‍, കമ്മാളര്‍, കാണിക്കാര്‍, മലവേടര്‍, കുറുമര്‍, കൊശവര്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ തുടങ്ങിയ സമുദായക്കാര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ഗാനസമ്പത്തുകളുണ്ട്. ഇത്തരം സാമുദായികഗാനങ്ങള്‍ അനുഷ്ഠാനപരമോ വിനോദപരമോ മതപരമോ ഐതിഹ്യാധിഷ്ഠിതമോ ഇതിഹാസ പുരാണകഥകള്‍, വീരാപദാനങ്ങള്‍ വര്‍ഗോത്പത്തിക്കഥകള്‍, സങ്കല്പ കഥകള്‍, തൊഴിലില്ലായ്മ എന്നിവയെ ആസ്പദമാക്കിയുള്ളതോ ആകാം.
അനുഷ്ഠാനപരം
കേരളത്തിലെ നാടോടിഗാനങ്ങളില്‍ നല്ലൊരുഭാഗം മതപരമായ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അനുഷ്ഠാനകര്‍മങ്ങള്‍, അനുഷ്ഠാനകലകള്‍, മാന്ത്രികകര്‍മങ്ങള്‍, ആരാധനകള്‍ മുതലായവയ്ക്കു പാടിവരുന്ന ഗാനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. തോറ്റംപാട്ടുകള്‍, സര്‍പ്പപ്പാട്ടുകള്‍, തീയ്യാട്ടുപാട്ടുകള്‍, പൂരക്കളിപ്പാട്ടുകള്‍, സംഘക്കളിപ്പാട്ടുകള്‍, കുത്തിയോട്ടപ്പാട്ടുകള്‍, ബ്രാഹ്മണിപ്പാട്ടുകള്‍, കളംപാട്ടുകള്‍, കുറുന്തിനിപ്പാട്ടുകള്‍, ഗന്ധര്‍വന്‍പാട്ടുകള്‍, അയ്യപ്പന്‍പാട്ടുകള്‍, തെയ്യംപാടിപ്പാട്ടുകള്‍ തുടങ്ങിയവ അനുഷ്ഠാനപരങ്ങളാണ്.
തോറ്റംപാട്ടുകള്‍. തോറ്റംപാട്ടുകള്‍ എന്ന പേരില്‍ അനേകം അനുഷ്ഠാനഗാനങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. തെക്കന്‍ കേരളത്തിലെ വേലന്മാര്‍ പാടുന്ന ഭഗവതിപ്പാട്ട്, മധ്യകേരളത്തിലെ മണ്ണാന്മാരുടെ ഭഗവതിത്തോറ്റം, പുലയരുടെ കണ്ണകിത്തോറ്റം, കുറുപ്പന്മാരും തീയ്യാട്ടുണ്ണികളും പാടാറുള്ള ഭദ്രകാളിത്തോറ്റം, മണിമങ്കത്തോറ്റം, തീയ്യാടി നമ്പ്യാര്‍ പാടുന്ന ശാസ്താംതോറ്റം, തെയ്യംപാടികള്‍ പാടാറുള്ള ദാരികവധംതോറ്റം, മഹിഷവധംതോറ്റം, യക്ഷിത്തോറ്റം, നാഗത്തോറ്റം, അയ്യപ്പന്‍തോറ്റം, പുള്ളുവരുടെ കളമെഴുത്തുതോറ്റം, മാന്ത്രികന്മാരായ പാണര്‍ തുടങ്ങിയവര്‍ മാന്ത്രികബലിക്രിയകള്‍ക്ക് പാടാറുള്ള ബലിക്കളത്തോറ്റം, തിരുവിതാംകൂര്‍ പ്രദേശത്ത് രണ്ടാം വിളവെടുപ്പുകാലത്ത് വയലുകളിലെ കുര്യാലകളുടെ മുന്നില്‍വച്ച് പാടാറുള്ള മുടിപ്പുരപ്പാട്ട്, 'പാന' എന്ന കര്‍മത്തിന് പാടാറുള്ള പാനത്തോറ്റം എന്നിങ്ങനെ നിരവധി തോറ്റങ്ങളുണ്ട്. ഉത്തരകേരളത്തിലെ തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പാടിവരുന്ന തോറ്റങ്ങളും പ്രസ്താവയോഗ്യങ്ങളാണ്. ഈ തോറ്റങ്ങളെല്ലാം ഉള്ളടക്കത്തിലും അവതരണത്തിലും ഭിന്നതപുലര്‍ത്തുന്നു. ദക്ഷിണകേരളത്തില്‍ കാളി, കണ്ണകി എന്നീ ദേവതകളെ സംബന്ധിക്കുന്ന ഗാനങ്ങളെയാണ് 'തോറ്റം പാട്ടുക'ളെന്ന് പ്രായേണ പറഞ്ഞുവരുന്നത്. മധ്യകേരളത്തില്‍ ഇവര്‍ക്കുപുറമേ അയ്യപ്പനും നാഗങ്ങളും തോറ്റം പാട്ടിന് വിഷയമാകുന്നുണ്ട്. പാലക്കാട്ടെത്തുമ്പോള്‍ പാണ്ഡവര്‍ കഥയും നിഴല്‍ക്കുത്തുകഥയും തോറ്റംപാട്ടില്‍ കേള്‍ക്കാം. അത്യുത്തര കേരളത്തിലെ തെയ്യംതിറയുടെ പാട്ടുകളിലാവട്ടെ ദേവീദേവന്മാരും യക്ഷഗന്ധര്‍വാദികളും നാഗങ്ങളും ഭൂതങ്ങളും യക്ഷികളും മണ്‍മറഞ്ഞ വീരന്മാരും പരേതരായ കാരണവന്മാരുമൊക്കെ പാട്ടിന് വിഷയമായിത്തീരുന്നു. ഇത്രയധികം മൂര്‍ത്തികളെ മറ്റൊരു പാട്ടിലും കാണുകയില്ല. തോറ്റംപാട്ടുകളില്‍ പൊതുവേ ദേവതകളുടെ ഉദ്ഭവം, മാഹാത്മ്യം, സഞ്ചാരം, രൂപവിശേഷം തുടങ്ങിയ കാര്യങ്ങളാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്. ഭക്തിയും വിശ്വാസവും വളര്‍ത്തുവാന്‍ ഈ പാട്ടുകള്‍ക്ക് കഴിയും. തോറ്റംപാട്ടുകള്‍ കേവലസ്തുതികളല്ല. 'തോറ്റം' എന്ന ശബ്ദത്തിന് സ്തോത്രം എന്ന അര്‍ഥമുണ്ടെങ്കിലും തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക, പ്രത്യക്ഷപ്പെടുക, പ്രകാശിക്കുക എന്നീ അര്‍ഥങ്ങളും സന്ദര്‍ഭാനുഗുണം അതിന് യോജിക്കുന്നു. തോറ്റംപാട്ടുകളില്‍ ഭൂരിഭാഗവും ഇതിവൃത്തപ്രധാനങ്ങളാണ്. അനേകം വീരാപദാനങ്ങള്‍ അവയില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.
സര്‍പ്പപ്പാട്ടുകള്‍.സര്‍പ്പപ്രീതിക്കുവേണ്ടി പുള്ളുവര്‍ സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സര്‍പ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവര്‍ തന്നെയാണ് കളംപൂജയും മറ്റു കര്‍മങ്ങളും നടത്തുന്നത്. പുള്ളുവര്‍ പാടുമ്പോള്‍, വ്രതമെടുത്ത സ്ത്രീകള്‍ പന്തലില്‍ വരികയും നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എറിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ സങ്കല്പങ്ങളില്‍ ആടുകയും ചെയ്യും. പുള്ളുവക്കുടവും പുള്ളുവവീണയും താളക്കൊഴുപ്പുണ്ടാക്കുന്നു. പാട്ടിന്റെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ സര്‍പ്പംതുള്ളുന്നവരുടെ തുള്ളലും മുറുകും. 'ആടാടുയക്ഷിയമ്മേ, അഴകിനോടാടാടൂ', 'നാഗരാജാവിന്‍ തുള്ളോരാ, നാഗയക്ഷിക്കളിപോരല്ലോ' തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തുള്ളിപ്പോകും. പാലാഴിമഥനം, ആസ്തികം, സര്‍പ്പോത്പത്തി തുടങ്ങിയ പല ആഖ്യാനങ്ങളും സര്‍പ്പപ്പാട്ടുകളിലുണ്ട്. സര്‍പ്പങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ലഘുഗാനങ്ങളും പന്തല്‍, സര്‍പ്പംതുള്ളല്‍ എന്നിവയുടെ വര്‍ണനകളും കുറവല്ല. വീണയും കുടവും വായിച്ച് പാട്ടുപാടി സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തുവാന്‍ പുള്ളുവര്‍ക്ക് പാരമ്പര്യം സിദ്ധിച്ചതിന്റെ കഥകള്‍ ആഖ്യാനം ചെയ്യുന്ന ചില പാട്ടുകളും പുള്ളുവര്‍ പാടാറുണ്ട്.
തീയ്യാട്ടുപാട്ടുകള്‍. കേരളത്തിലെ ക്ഷേത്രകലകളിലൊന്നാണ് തീയ്യാട്ട്. അയ്യപ്പന്‍ തീയ്യാട്ട്, ഭദ്രകാളിത്തീയ്യാട്ട് എന്നു രണ്ടുവിധം തീയ്യാട്ടുകളുണ്ട്. അയ്യപ്പന്‍ തീയ്യാട്ട് അയ്യപ്പന്‍കാവുകളിലും ഭദ്രകാളിത്തീയ്യാട്ട് ഭദ്രകാളീക്ഷേത്രങ്ങളിലുമാണ് നടത്തുന്നത്. ബ്രാഹ്മണ-ക്ഷത്രിയ ഗൃഹങ്ങളിലും തീയ്യാട്ടു നടത്താറുണ്ടായിരുന്നു. അയ്യപ്പന്‍ തീയ്യാട്ടു നടത്തുന്നത് തീയ്യാടി നമ്പ്യാര്‍മാരും ഭദ്രകാളിത്തീയ്യാട്ടു നടത്തുന്നത് തീയ്യാട്ടുണ്ണികളുമാണ്. തീയ്യാട്ടെന്ന അനുഷ്ഠാന കലയ്ക്കു പാടിവരുന്ന ഗാനങ്ങളെ പൊതുവേ തീയ്യാട്ടുപാട്ടുകള്‍ എന്ന് പറയാം. ഭദ്രകാളിത്തീയ്യാട്ടിന് ദക്ഷിണ കേരളത്തിലാണ് കൂടുതല്‍ പ്രചാരം. അയ്യപ്പന്‍ തീയ്യാട്ട് ഉത്തരകേരളത്തില്‍ നടപ്പുള്ളതാണ്. ഉച്ചപ്പാട്ട്, കളമെഴുത്ത്, കളംപൂജ, കളംപാട്ട്, വേഷമണിഞ്ഞുകൊണ്ടുള്ള അഭിനയം, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയ രംഗങ്ങള്‍ തീയ്യാട്ടില്‍ പൊതുവേ കാണാവുന്നതാണ്. ഭദ്രകാളിത്തീയ്യാട്ടിന്, സ്തുതിഗാനങ്ങള്‍ക്ക് പുറമേ, 'നിറംപാട്ടുകള്‍' എന്നൊരിനവും പാദാദികേശ കേശാദിപാദ വര്‍ണനകളുമുണ്ട്. കൂടാതെ 'കാളിനാടകം' എന്ന പാട്ടും പാടും. അയ്യപ്പന്‍ തീയ്യാട്ടിന് പാടുന്ന ഗാനങ്ങളില്‍ ഉച്ചപ്പാട്ടിന് പാടുന്നവ, കാവെണ്ണല്‍ തോറ്റം, കളംപാട്ട്, വേട്ടചൊല്ലല്‍, അയ്യപ്പന്റെ അപദാനങ്ങളെ വര്‍ണിക്കുന്ന 'വലിയ പാട്ട്', പുലിപ്പാട്ട്, കോമരം വരുമ്പോള്‍ പാടുന്ന പാട്ട്', കേശാദിപാദവര്‍ണന, കളത്തിലാട്ടപ്പാട്ട്, വിഷ്ണുമായാവര്‍ണന, തിരിയുഴിയുമ്പോള്‍ പാടുന്ന പാട്ട്', ഉദയാസ്തമയം കൂത്തിന് പാടാറുള്ള 'പൊലിച്ചുപാട്ട്' എന്നിവയടങ്ങുന്നു. കൂടാതെ പാലാഴിമഥനവും അയ്യപ്പന്റെ ചരിതവുമടങ്ങിയ സുദീര്‍ഘമായ താളാത്മക ഗദ്യവും ഇതില്‍ ഉള്‍പ്പെടുന്നു.
തെയ്യംപാടിപ്പാട്ടുകള്‍. ഉത്തരകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ബ്രാഹ്മണാലയങ്ങളിലും വേട്ടയ്ക്കൊരുമകന്‍, അയ്യപ്പന്‍, വൈരജാതന്‍ എന്നീ ദേവതകളുടെ കാവുകളിലും കളമെഴുത്തും പാട്ടും നടത്തുന്ന ഒരു അന്തരാളവര്‍ഗമാണ് തെയ്യംപാടികള്‍ (ദൈവം പാടികള്‍). ദേവഗായകവൃന്ദ പരമ്പരയാണത്രേ ഇവര്‍. തെയ്യംപാടികളുടെ പാട്ടുകള്‍ ദൈവങ്ങള്‍ക്കും തുഷ്ടിപ്രദമാണ്. ഇവര്‍ പാട്ടു പാടുമ്പോള്‍ നന്തുണി (ഒരു തരം വീണ)യും കൈമണിയും വാദ്യോപകരണങ്ങളായി ഉപയോഗിക്കാറുണ്ട്. ഇവരുടെ നന്തുണിപ്പാട്ടിന് ചിലേടങ്ങളില്‍ 'വ്യാഴം പാട്ട്' എന്നും പറയാറുണ്ട്. വേട്ടയ്ക്കൊരുമകന്‍ പാട്ട്, വൈരജാതന്‍ പാട്ട്, ദൈവത്താര്‍ പാട്ട്, ഭഗവതി(ഭദ്രകാളി)പ്പാട്ട്, ശിവന്‍ പാട്ട്, ശാസ്താംപാട്ട്, മരക്കലപ്പാട്ട്, മാബലിപ്പാട്ട്, അമ്മാനപ്പാട്ട്, പൊലിച്ചുപാട്ട് എന്നീ പാട്ടുകളും; അയ്യപ്പസ്തുതി, അന്നപൂര്‍ണേശ്വരീസ്തുതി, യക്ഷിസ്തുതി, ശ്രീകൃഷ്ണസ്തുതി, ചുഴലിസ്തുതി, ഭഗവതിസ്തുതി, ഗണപതിസ്തുതി എന്നീ സ്തുതിഗാനങ്ങളും; നാഗത്തോറ്റം, യക്ഷിത്തോറ്റം, അയ്യപ്പന്‍തോറ്റം, ദാരികവധംതോറ്റം, മഹിഷവധംതോറ്റം തുടങ്ങിയ താളാത്മകഗദ്യങ്ങളും തെയ്യംപാടികളുടെ പാട്ടുകളില്‍ പ്രധാനങ്ങളാണ്.
ക്ഷേത്രങ്ങളിലും കാവുകളിലും കുറുപ്പന്മാര്‍ നടത്തുന്ന 'കളമെഴുത്തു പാട്ടു'കളും പ്രസ്താവയോഗ്യമാണ്.
അയ്യപ്പന്‍ പാട്ട്. അയ്യപ്പഭക്തന്മാര്‍ പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പന്‍ പാട്ടുകള്‍. അയ്യപ്പന്‍ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലില്‍ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പന്‍ പാട്ടിനെ ചിലേടങ്ങളില്‍ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്. ചിലേടങ്ങളില്‍ ഇതിന് ശാസ്താംപാട്ട് എന്നാണ് പേര്. ഇതിന് 'നമ്പ്യാര്‍പ്പാട്ട്' എന്ന് തെക്കന്‍ ദിക്കുകളില്‍ പേര് പറയാറുണ്ടെന്ന് മലയാളഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള സൂചിപ്പിക്കുന്നു. നമ്പ്യാന്മാര്‍ കൂടുതല്‍ പങ്കെടുക്കുന്നതുകൊണ്ടാകാം ഇതിനെ അങ്ങനെ വിളിക്കുന്നത്. അയ്യപ്പന്‍ പാട്ട് ആരംഭിക്കുന്നത് ഇഷ്ടദേവതാവന്ദനത്തോടുകൂടിയാണ്. ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ ദേവകളെ സ്തുതിച്ചുകൊണ്ട് പാടിയശേഷം അയ്യപ്പസ്തുതികള്‍ തുടങ്ങും. ശാസ്താവിന്റെ ഉത്പത്തി, പാലാഴി മഥനം, ശൂര്‍പ്പകാസുരകഥ, ശൂരപദ്മാസുരകഥ തുടങ്ങിയവ ഈ അയ്യപ്പന്‍പാട്ടുകളില്‍ മുഖ്യപ്രതിപാദ്യമാണ്.
പൂരക്കളിപ്പാട്ടുകള്‍. അത്യുത്തരകേരളത്തിലെ കാവുകളിലും ഭഗവതീ ക്ഷേത്രങ്ങളിലും മീനമാസത്തിലെ പൂരംനാളിന് സമാപിക്കത്തക്കവിധം ഒമ്പതു നാളുകളിലായി ആടിപ്പാടിക്കളിക്കുന്ന അനുഷ്ഠാനപരമായ ഗ്രാമീണ കലയാണ് പൂരക്കളി. മണിയാണി, തീയ്യന്‍, മുക്കുവന്‍, മൊയോന്‍, ചാലിയന്‍, മൂശാരി, തട്ടാന്‍, മൂവാരി തുടങ്ങിയ സമുദായക്കാര്‍ ഈ കലാപ്രകടനത്തില്‍ ഏര്‍പ്പെട്ടുപോരുന്നു. പൂരക്കളിക്ക് പാടുന്ന നിരവധി ഗാനങ്ങളുണ്ട്. അനേകം പൂരക്കളി സംഘങ്ങള്‍ ഉള്ളതിനാല്‍ ഓരോ സംഘത്തിനും പ്രത്യേകം പ്രത്യേകം പാട്ടുകളുണ്ടായിരിക്കും. ദീപവന്ദന, ദേവതാവന്ദന, നവവന്ദന, നവാക്ഷരവന്ദന, പൂരമാല (പതിനെട്ടു നിറങ്ങള്‍ പാടിക്കൊണ്ടുള്ള നര്‍ത്തനങ്ങള്‍), ഗണപതിപ്പാട്ട്, ഗണപതി-സരസ്വതി-ശ്രീകൃഷ്ണസ്തുതികള്‍, രാമായണ-ഭാരത കഥകള്‍ പാടിക്കൊണ്ടുള്ള കളികള്‍, അങ്കം, പട, ചായല്‍, ശൈവക്കൂത്തുകള്‍, ശക്തിക്കൂത്തുകള്‍, യോഗി, ആണ്ട്, പള്ള്, കുളിതൊഴല്‍ എന്നിങ്ങനെ വിവിധരംഗങ്ങള്‍ പൂരക്കളിയില്‍ ഉള്ളതിനാല്‍ ഓരോ രംഗത്തിനും പാടുവാന്‍ പറ്റിയ ഗാനങ്ങള്‍ നിലവിലുണ്ട്. ശൈവ-വൈഷ്ണവ കഥകളും ഇതിഹാസ-പുരാണ കഥകളും കൂടാതെ അനേകം ദേവതാചരിതങ്ങളും പൂരോത്സവത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള പുരാവൃത്തങ്ങളും വര്‍ഗോത്പത്തിക്കഥകളും പൂരക്കളിപ്പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്.
സംഘക്കളിപ്പാട്ടുകള്‍. കേരള ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നതും ലുപ്തപ്രായവുമായ അനുഷ്ഠാനകലയാണ് സംഘക്കളി. ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി, സത്രക്കളി, ശാസ്ത്രക്കളി, യാത്രക്കളി, പാനേങ്കളി എന്നിങ്ങനെ ഇതിന് പല പേരുകളും പറഞ്ഞുവരുന്നുണ്ട്. ഉപനയനം, അന്നപ്രാശനം, വേളി, പന്ത്രണ്ടാംമാസം തുടങ്ങിയ വലിയ സത്രങ്ങളോട് (അടിയന്തിരങ്ങളോട്) ബന്ധപ്പെടുത്തിയാണ് സംഘക്കളി നടത്തിയിരുന്നത്. സംഘക്കളിയില്‍ വിനോദത്തിന് ധാരാളം വകയുണ്ടെങ്കിലും, ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകര്‍മമായിട്ടാണ് ഇതിനെ വീക്ഷിക്കുന്നത്. സംഘക്കളിപ്പാട്ടുകള്‍ (ചാത്തിരാങ്കപ്പാട്ടുകള്‍) ഭാഷയ്ക്കൊരു മുതല്‍ക്കൂട്ടാണ്. കൊട്ടിച്ചകംപൂകല്‍, പാത്രം കൊട്ടിയാര്‍ക്കല്‍, നാലുപാദം, കറിശ്ലോകം ചൊല്ലല്‍, തോണിപ്പാട്ടുചൊല്ലല്‍, പാന, ഇട്ടിക്കണ്ടപ്പന്റെ പുറപ്പാട്, പൊലി, കുറുത്തിയാട്ടം, ബലിയുഴിച്ചില്‍, വട്ടമിരിപ്പ് എന്നിങ്ങനെ വിവിധരംഗങ്ങള്‍ സംഘക്കളിക്കുണ്ട്. ഈ ഓരോ സന്ദര്‍ഭത്തിലും പ്രത്യേകം പ്രത്യേകം പാട്ടുകളും താളാത്മകഗദ്യങ്ങളുമാണ് പാടുന്നത്. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ട് പ്രത്യേകസ്വരത്തില്‍ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ട് 'നാലുപാദം' (കണ്ടമിരണ്ട നടം ചെയ്യുന്നേന്‍.... എന്ന പാട്ട്) പാടുകയെന്നത് തികച്ചും അനുഷ്ഠാനബദ്ധമായ ചടങ്ങാണ്.
ബ്രാഹ്മണിപ്പാട്ടുകള്‍.പുഷ്പകസമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് ബ്രാഹ്മണികള്‍. ഭഗവതീക്ഷേത്രങ്ങളിലും സ്വഭവനങ്ങളിലും ബ്രഹ്മാലയങ്ങളിലും ശൂദ്രഭവനങ്ങളിലും അവര്‍ പാട്ടുപാടിവരുന്നു. ഭഗവതീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പാടുന്ന പാട്ടുകളെ 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അലങ്കരിച്ച പന്തലില്‍ പീഠം വച്ച് പീഠത്തിന്മേല്‍ വാളുവച്ചു പൂജിച്ചശേഷമാണ് ബ്രാഹ്മണികള്‍ പാടുന്നത്. രാവിലെയും ഉച്ചയ്ക്കും ചെറിയ തോതില്‍ പാടുന്നു. സന്ധ്യയോടുകൂടിയാണ് കൂടുതല്‍ ഭാഗങ്ങള്‍ പാടുക. ഭദ്രകാളിയുടെ ഉത്പത്തി, ദുര്‍ഗയുടെ ഉത്പത്തി; ദാരികവധം, കാളീസ്തുതി എന്നിവ ഭഗവതിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്. ബ്രാഹ്മണിയമ്മമാര്‍ നായന്മാരുടെ വീടുകളില്‍ പാട്ടുനടത്തുന്നത് കെട്ടുകല്യാണത്തിനാണ്. പാഞ്ചാലീസ്വയംവരം, ലക്ഷ്മീസ്വയംവരം, പാര്‍വതീസ്വയംവരം, സുഭദ്രാഹരണം, ദയമന്തീസ്വയംവരം എന്നീ കഥകളാണ് ആ അവസരങ്ങളില്‍ കൂടുതല്‍ പാടുന്നത്. കതിരുപാട്ട് (തിരുവോണം പാട്ട്) ഉത്രംപാട്ട്, പെണ്‍കൊടപ്പാട്ട് തുടങ്ങിയ ചില പാട്ടുകളും ബ്രാഹ്മണികള്‍ പാടിവരുന്നു. ബ്രാഹ്മണിപ്പാട്ടുകള്‍ ഋഗ്വേദസ്വരത്തില്‍ പാടണമെന്നാണ് സങ്കല്പം. മധ്യകേരളത്തിലാണ് ബ്രാഹ്മണിപ്പാട്ടുകള്‍ക്ക് കൂടുതല്‍ പ്രചാരം.
അത്യുത്തര കേരളത്തില്‍ ബ്രാഹ്മണിപ്പാട്ടുകളുടെ സ്ഥാനത്ത് കാണുന്നത് പാപ്പിനിപ്പാട്ടുകളാണ്. ബ്രാഹ്മണികളെപ്പോലെ പാപ്പിനികളും പുഷ്പക സമുദായത്തില്‍പ്പെട്ടവര്‍തന്നെ.
കുത്തിയോട്ടപ്പാട്ടുകള്‍.ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളില്‍ കാണുന്നു. മുഖത്ത് ചായംതേച്ച് തലയില്‍ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങള്‍ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങള്‍ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാന്‍ പ്രത്യേകം ആള്‍ക്കാര്‍ ഉണ്ടായിരിക്കും. പാട്ടുകാര്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങള്‍ കുത്തിയോട്ടത്തിനുണ്ട്. മാവേലിക്കരത്താലൂക്കിലെ ചെട്ടികുളങ്ങര തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ കുത്തിയോട്ടം ഒരു വഴിപാടായി നടന്നുവരുന്നു. നോ. കുത്തിയോട്ടം
ഭഗവതിപ്പാട്ടുകള്‍. ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകള്‍' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലന്‍സമുദായക്കാര്‍ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയര്‍ന്ന തറയില്‍ ഭദ്രകാളിയുടെ രൂപം പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തില്‍ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടര്‍ന്ന് സ്തുതികളും കീര്‍ത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.
ആവിയര്‍പ്പാട്ട്.പാലക്കാട് ജില്ലയിലെ ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ധനുമാസത്തില്‍ നടത്തിവരുന്ന പാട്ടാണ് ആവിയര്‍പ്പാട്ട്. കണ്ണകിയുടെ ചരിതമാണ് അതില്‍ ആഖ്യാനം ചെയ്യുന്നത്. കണ്ണകിയുടെ ഭര്‍ത്താവായ പേകന്‍ (കോവലന്‍) ആവിയര്‍ എന്ന ജാതിയില്‍പ്പെട്ടവനായതിനാലത്രേ ഈ പാട്ടിന് ഇങ്ങനെ പേരുണ്ടായത്. നന്തുണി എന്ന വാദ്യോപകരണം പാട്ടുകാര്‍ ഉപയോഗിക്കുന്നതുകൊണ്ട് 'നന്തുണിപ്പാട്ട്' എന്നും പറയാറുണ്ട്. നല്ലമ്മത്തോറ്റം, നല്ലമ്മപ്പാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ച കളത്തിന് മുമ്പില്‍ വച്ചാണ് പാടുക.
കണ്യാര്‍ക്കളിപ്പാട്ടുകള്‍. കണ്യാര്‍ക്കളി എന്ന അനുഷ്ഠാനകല പാലക്കാട് ജില്ലയിലും സമീപപ്രദേശങ്ങളിലുമാണ് പ്രചാരത്തിലുള്ളത്. ദേവീപ്രീണനാര്‍ഥമുള്ള ഈ കളിയില്‍ ശൂദ്രജാതിക്കാരാണ് ഏര്‍പ്പെടുന്നത്. 'കണ്ണകിയാര്‍ക്കളി'യാണ് കണ്യാര്‍ക്കളി' എന്നായത്. ഈ കളിക്ക് വട്ടക്കളി, പുറാട്ട് എന്നീ രണ്ടു ഭാഗങ്ങളുണ്ട്. വട്ടക്കളി തികച്ചും അനുഷ്ഠാനപ്രധാനമാണ്. കണ്യാര്‍ക്കളി സാധാരണമായി നാലുദിവസമായിട്ടാണ് അവതരിപ്പിക്കുന്നത്. വട്ടക്കളിപ്പാട്ടുകളും ആണ്ടിക്കുത്തുപാട്ടുകളും വള്ളോന്‍കളിപ്പാട്ടുകളും മലമക്കളിപ്പാട്ടുകളും കണ്യാര്‍ക്കളിപ്പാട്ടുകളില്‍പ്പെടുന്നു. തമിഴുഭാഷാസ്വാധീനത ഈ ഗാനങ്ങളില്‍ പ്രകടമാണ്. മന്നത്തുകളി, ലാലാക്കളി, ദേശത്തുകളി എന്നീ വഴിപാടുകളെയും അവയുടെ പാട്ടുകളെയും പറ്റി സാഹിത്യചരിത്രങ്ങളില്‍ സൂചനകളുണ്ട്. ഭദ്രകാളീപ്രീണനത്തിനുവേണ്ടിയുള്ള അവ കണ്യാര്‍ക്കളിയുടെ ദേശഭേദമനുസരിച്ചുള്ള രൂപാന്തരങ്ങളായി ഗണിക്കപ്പെടുന്നു.
മുണ്ട്യന്‍പാട്ട്. കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവതയാണ് മുണ്ട്യന്‍. കൃഷിക്കും കന്നുകാലികള്‍ക്കും ഈ ദേവതയുടെ കോപംകൊണ്ടു നാശമുണ്ടാകുമെന്ന വിശ്വാസം നിലവിലുണ്ട്. അതിനാല്‍ മുണ്ട്യനെ തൃപ്തിപ്പെടുത്തുവാന്‍ കോഴി, ആട് മുതലായവയെ ബലിനല്‍കുകയും പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ദേവതാരൂപം ചിത്രീകരിച്ച് മുണ്ട്യന്‍പാട്ട് പാടുകയും ചെയ്യുന്നു. കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ച പന്തലില്‍ വച്ചാണ് പാട്ടുപാടുക. ഈഴറ, തുടി, ചെണ്ട, താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ പാട്ടിന് ഉപയോഗിക്കും. പെരുവണ്ണാന്മാര്‍ പാടിവരുന്ന മുണ്ട്യന്‍ പാട്ട് പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സാധാരണമായി നടപ്പുള്ളത്.
കുറുന്തിനിപ്പാട്ട്.സന്താനലാഭാര്‍ഥം സ്ത്രീകളെ പുരസ്കരിച്ച് ചെയ്യാറുള്ള ഒരു കര്‍മമാണ് കുറുന്തിനിപ്പാട്ട്. ഉത്തരകേരളത്തിലെ മണ്ണാന്മാരാണ് ഇത് നടത്തുന്നത്. നാഗപ്രീതിക്കുവേണ്ടിയുള്ളതാണ് ഇത്. ഒരു ദിവസം രാവിലെ തുടങ്ങി അടുത്ത ദിവസം പ്രഭാതം വരെയുള്ള കര്‍മങ്ങള്‍ ഇതിനുണ്ട്. ഏതു സ്ത്രീയെ ഉദ്ദേശിച്ചാണോ പാട്ടു നടത്തുന്നത് ആ സ്ത്രീയാണ് കര്‍മങ്ങള്‍ ചെയ്യേണ്ടത്. പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ചിത്രീകരിച്ച കളത്തില്‍ വലിയൊരു ചെമ്പുപാത്രത്തില്‍ കരുതിക്കൂട്ടി അതില്‍ പിണിയാളെ ഇരുത്തും. വണ്ണാന്മാര്‍ കുറുന്തിനിഭഗവതി, കുറുന്തിനിക്കാമന്‍ എന്നീ തെയ്യങ്ങള്‍ കെട്ടി നര്‍ത്തനം ചെയ്യും. ഈ അനുഷ്ഠാനത്തിന്റെ ഓരോ ഘട്ടത്തിലും വണ്ണാന്മാര്‍ പാട്ടുകള്‍ പാടും. നൂറും പാലും കൊടുക്കുന്ന ചടങ്ങിന് ചെറിയൊരു പാട്ടാണ് പാടുക. ആറുഖണ്ഡങ്ങളുള്ള സുദീര്‍ഘമായൊരു പാട്ട് കുറുന്തിനിക്ക് അവര്‍ പാടാറുണ്ട്. നാഗരാജാവ്, ഉലകരാജാവ്, വണ്ടോരപ്പന്‍, കനകരാജാവ് തുടങ്ങിയവരെക്കുറിച്ചുള്ള ഈ പാട്ട് ഒരു സങ്കല്പപുരാവൃത്തം ഉള്‍ക്കൊള്ളുന്നു. കര്‍മാരംഭത്തില്‍ കോടിമുണ്ടുകൊണ്ട് ഏഴു പുതുക്കലങ്ങള്‍ പൊതിഞ്ഞു കെട്ടി വയ്ക്കുകയും, കര്‍മാവസാനം അത് അഴിക്കുകയും ചെയ്യും. ഈ കര്‍മത്തിനും പ്രത്യേകം പാട്ടു പാടാറുണ്ട്.
ഗന്ധര്‍വന്‍പാട്ട്.ഗന്ധര്‍വന്‍പാട്ട് എന്ന അനുഷ്ഠാനകര്‍മം കേരളത്തില്‍ പല സമുദായക്കാര്‍ക്കിടയിലും പ്രചാരത്തിലുണ്ട്. ഓരോ സമുദായവും പാടുന്ന പാട്ടുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യത്യാസം കാണും. ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധര്‍വന്‍ തുള്ളല്‍ നടത്തിവരുന്നു. കുറുപ്പന്മാരാണ് ഇതിലേര്‍പ്പെടുന്നത്. വിവാഹപ്രായമായ കന്യകമാരെ ഗന്ധര്‍വാദികള്‍ ബാധിക്കുമെന്നും ആ ദേവതകളുടെ രൂപങ്ങള്‍ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ചു പാട്ടു പാടിയാല്‍ ആ ദേവതകളുടെ ഉപദ്രവം നീങ്ങുമെന്നാണ് വിശ്വാസം. ഗന്ധര്‍വപ്രീതിക്കുവേണ്ടി ചില തറവാടുകളില്‍ ആണ്ടുതോറും നടത്തിവരാറുള്ള ഗന്ധര്‍വന്‍ പാട്ടിന് പാടുന്ന ഗാനങ്ങളില്‍ 'ചന്ദനമാരന്‍' എന്ന പാട്ട് മുഖ്യമാണ്. കാമദേവന്റെ മാമാങ്കം പുറപ്പാടാണ് ആ പാട്ടിന്റെ ഉള്ളടക്കം.
ഉത്തരകേരളത്തിലെ വണ്ണാന്‍ സമുദായക്കാര്‍ ഗന്ധര്‍വന്‍ പാട്ടു നടത്താറുണ്ട്. അതിനെ 'കെന്ത്രോന്‍ പാട്ട്' എന്നാണ് പ്രാദേശികമായി പറയുന്നത്. ഗര്‍ഭിണികളെ പുരസ്കരിച്ചു ചെയ്യുന്ന ഒരു കര്‍മമാണിത്. കെന്ത്രോന്‍ പാട്ടിന് വണ്ണാന്മാര്‍ പാടുന്ന പാട്ടുകളില്‍ മിക്കതും കെട്ടുകഥകളാണ്. അവയെ 'കന്നല്‍പ്പാട്ടുകള്‍' എന്ന് വിളിച്ചുവരുന്നു. അസുരകാണ്ഡം, ഗോദാവരിയെത്തേടല്‍, ദേവക്കോട്ട പണിയല്‍, തിരുവേളി തേടല്‍, വരമിരിപ്പ്, ഉര്‍വേറ്റി തേടല്‍, നാടയ്യാളുടെ ജനനം, പൂരം നോക്ക്, വാണാട്ടുകോട്ട പണിയല്‍, നാടയ്യാളും വിഷ്ണുഭഗവാനും തമ്മിലുള്ള വിവാഹം എന്നീ സങ്കല്പകഥാഭാഗങ്ങളാണ് കന്നല്‍പ്പാട്ടില്‍ അടങ്ങിയിട്ടുള്ളത്. മാരന്‍ പാട്ട്, നീലകേശിപ്പാട്ട് തുടങ്ങിയ ഗാനങ്ങളും കെന്ത്രോന്‍ പാട്ടിന് പാടിവരുന്നു. മാരപത്നിയുടെ സഹോദരിമാര്‍ മാരന്റെ അമിതപ്രഭാവത്തില്‍ അസൂയ തോന്നുകയാല്‍ അവനെ അപമാനിച്ചയച്ചതിന്റെ ഫലമായി വിരഹവിധുരയായി കഴിയുന്ന മാരപത്നി കിളിയെ (തത്തയെ) അഭിസംബോധന ചെയ്തു പാടുന്നരീതിയില്‍ രചിക്കപ്പെട്ടതാണ് മാരന്‍ പാട്ട്.
കളംപാട്ട്.ഉത്തരകേരളത്തിലെ കണിയാന്‍ (കണിശന്‍) സമുദായത്തില്‍പ്പെട്ടവര്‍ 'കളംപാട്ട്' എന്ന ഒരു ഗര്‍ഭബലികര്‍മം നടത്തിവരാറുണ്ട്. ചിലേടങ്ങളില്‍ വണ്ണാന്മാരും കളംപാട്ട് നടത്തും. ഗന്ധര്‍വന്‍, ഭൈരവന്‍, രക്തേശ്വരി, കരികലക്കി, ഉടല്‍വരട്ടി തുടങ്ങിയ ദേവതകളുടെ രൂപം പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ചു പിണിയാളെ കളത്തിലിറക്കി, പാട്ടു പാടുകയാണ് കളംപാട്ടിന്റെ പ്രത്യേകത. പിണിയാള്‍ കളത്തിലിറങ്ങുമ്പോള്‍ പാടുന്ന 'കളമിറക്കുപാട്ട്'; പിണിയാള്‍ക്ക് ബാധാചലനമുണ്ടെന്ന് കണ്ടാല്‍ പാടാറുള്ള 'ബാധാചലനപ്പാട്ട്' (ബാധപ്പാട്ട്); ഗണപതി, സരസ്വതി തുടങ്ങിയവരെക്കുറിച്ചുള്ള സ്തുതികള്‍; പൊലിച്ചുപാട്ട് തുടങ്ങിയ ഗാനങ്ങള്‍ക്കുപുറമേ ബാലിവിജയം, ബാലിവധം, കല്യാണസൗഗന്ധികം, സന്താനഗോപാലം, വ്യാസോത്പത്തി, നളചരിതം, കംസവധം, സോമവാരവ്രതം തുടങ്ങിയ പുരാണേതിഹാസകഥകളും കളംപാട്ടുകളില്‍പ്പെടുന്നു.
മാരിപ്പാട്ട്.ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ അരിശാസ്ത്രം, വിരുന്നുപൂജപ്പാട്ട്, ഗണപതിപ്പാട്ട്, അടിതളിപ്പാട്ട്, കലശപ്പാട്ട്, അരങ്ങാറ്റുപാട്ട് തുടങ്ങിയ അനേകം അനുഷ്ഠാനഗാനങ്ങള്‍ പ്രചാരത്തിലുണ്ട്. മാരിപ്പാട്ട് അവരുടെ അനുഷ്ഠാനഗാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കര്‍ക്കിടകമാസം പതിനാറാം നാളില്‍ മാരിത്തെയ്യങ്ങളുമായി പുലയര്‍ ഭവനന്തോറും ചെന്ന് മാരിയാട്ടവും നടത്തുന്നു. ഈതിബാധകളകറ്റുവാനാണ് മാരിപ്പാട്ട് പാടുന്നത് എന്ന് വിശ്വസിച്ചുവരുന്നു.
ഐവര്‍കളിപ്പാട്ടുകള്‍.മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള കളിയാണ് ഐവര്‍കളി. ഭദ്രകാളീപ്രീണനാര്‍ഥം പാണ്ഡവന്മാര്‍ പാടിക്കളിച്ച കളിയുടെ അനുസ്മരണമാണിതെന്ന് വിശ്വസിച്ചുവരുന്നു. എന്നാല്‍ കമ്മാളന്മാര്‍ (ആശാരി, മൂശാരി, തട്ടാന്‍, കരുവാന്‍, വേലക്കുറുപ്പ്) പാടിക്കളിച്ചതുകൊണ്ടാണ് 'ഐവര്‍കളി' എന്ന് പേരുണ്ടായതെന്നും ഒരു വാദമുണ്ട്. ഈ കളിയില്‍ ഈഴവര്‍, വേട്ടുവര്‍, ചെറുമര്‍, കണിയാര്‍ തുടങ്ങിയവരും പങ്കെടുക്കാറുണ്ട്. കളിയാശാന്‍ പാട്ടു പാടുമ്പോള്‍ കളിക്കാര്‍ ഏറ്റുപാടും. കാളിയുടെ ചരിതമാണ് ഐവര്‍കളിപ്പാട്ടുകളില്‍ മുഖ്യപ്രതിപാദ്യം. രാമായണഭാരതകഥകളും പാടാറുണ്ട്.
മലയപ്പുറാട്ടുകളിപ്പാട്ടുകള്‍.രോഗശാന്തിക്കുവേണ്ടി ചെറുമ സമുദായക്കാര്‍ നടത്തുന്ന അനുഷ്ഠാന കലയാണ് മലയപ്പുറാട്ടുകളി. പാലക്കാടുജില്ലയില്‍ ഇതിന് ഇന്നും പ്രചാരമുണ്ട്. കളിക്കാര്‍ പ്രത്യേക വേഷമണിയും. മലയപ്പുറാട്ടുകളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. കുലദൈവങ്ങളെയും മറ്റും വന്ദിച്ചുകൊണ്ടാണ് കളി സമാപിക്കുന്നത്. മൃദംഗം, ചെണ്ട, താളം എന്നിവ പിന്നണിവാദ്യങ്ങളായി ഉപയോഗിക്കുന്നു.
മന്ത്രവാദപ്പാട്ടുകള്‍.മന്ത്രവാദം കുലത്തൊഴിലായി സ്വീകരിച്ച അനേകം സമുദായങ്ങള്‍ കേരളത്തിലുണ്ട്. വണ്ണാന്‍, മണ്ണാന്‍, മലയന്‍, പാണന്‍, കണിശന്‍ (ഗണകന്‍), പുള്ളുവന്‍, കോപ്പാളന്‍, മാവിലന്‍, ചെറവന്‍, പറയന്‍, വേലന്‍ തുടങ്ങിയ ജാതിക്കാര്‍ മാന്ത്രികകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പലവിധത്തിലുള്ള മന്ത്രവാദപ്പാട്ടുകള്‍ പാടാറുണ്ട്. മന്ത്രവാദപ്പാട്ടുകള്‍ സ്തുതികളും കീര്‍ത്തനങ്ങളും പുരാണേതിഹാസ കഥകളും സാങ്കല്പികകഥകളും വംശോത്പത്തിക്കഥകളും ഉള്‍ക്കൊള്ളുന്നു.
മന്ത്രവാദപ്പാട്ടുകളില്‍ ഒരിനമാണ് 'ചാറ്റുപാട്ടുകള്‍'. തിരുവിതാംകൂറിലെ മലകളില്‍ വസിക്കുന്ന കാണിക്കാര്‍ക്കിടയില്‍ ഇത്തരം പാട്ടുകള്‍ പ്രചാരത്തിലുണ്ട്. ദൈവങ്ങള്‍ക്കു പിടിപെട്ട ദൃഷ്ടിദോഷം തീര്‍ക്കുവാന്‍ വേണ്ടിയാണ് ഈ പാട്ടുകള്‍ ആദ്യം പാടിയതെന്ന് അവര്‍ വിശ്വസിക്കുന്നു. കോലംതുള്ളലെന്ന അനുഷ്ഠാനകലയോടനുബന്ധിച്ചു ദക്ഷിണകേരളത്തിലെ ഗണകസമുദായക്കാരും ചാറ്റുപാട്ടുകള്‍ പാടിവരുന്നു.
കണ്ണേര്‍ദോഷം (ദൃഷ്ടിദോഷം) നീക്കുവാന്‍ വേണ്ടി പാടുന്ന പാട്ടുകളാണ് കണ്ണേര്‍ പാട്ടുകള്‍. മലയര്‍ കണ്ണേറ്റു മന്ത്രവാദത്തില്‍ വിദഗ്ധരാണ്. അവര്‍ പാടുന്ന കണ്ണേര്‍ പാട്ടുകളില്‍ നാരായണപ്പത്ത്, സങ്കീര്‍ത്തനങ്ങള്‍, മലമശ്ശാസ്ത്രം, അണിയറശ്ശാസ്ത്രം, സത്യഗുരുവചനം, കണ്ണേറ്റുമാല, ഭദ്രബലി, വായിപ്രാകല്‍, നിഴല്‍ക്കുത്ത് തുടങ്ങിയ പല പാട്ടുകളും ഉള്‍പ്പെടുന്നു. നാവേര്‍ (നാവിനു ദോഷം) നീക്കുവാന്‍ മലയരും പുള്ളുവരും ദക്ഷിണകേരളത്തിലെ വേലരും മറ്റും നാവേറ്റു പാട്ടുകള്‍ പാടാറുണ്ട്.
മാന്ത്രികകര്‍മങ്ങള്‍ക്കു മലയരും പുലയരും മറ്റും 'പിള്ളപ്പാട്ട്' എന്ന ഒരു തരം അനുഷ്ഠാനഗാനം പാടിവരുന്നു. ഗര്‍ഭിണി മരിച്ച ഭവനങ്ങളില്‍ ഉത്തരകേരളത്തിലെ പുള്ളുവര്‍ ചില മാന്ത്രികകര്‍മങ്ങള്‍ നടത്താറുണ്ട്. അപ്പോള്‍ പാടുന്ന പാട്ടുകളെ 'പുള്ളുവപ്പാട്ട്' എന്നാണ് പറയാറുള്ളത്.
ദുര്‍ദിനങ്ങളില്‍ മരണമുണ്ടായാല്‍ ആ ദോഷം നീക്കാന്‍ ആ ഭവനത്തില്‍ ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരും നടത്തുന്ന മാന്ത്രികകര്‍മമാണ് 'അകം നാള്‍ നീക്ക്'. ഭൈരവന്‍, ഗുളികന്‍ തുടങ്ങിയ ദേവതകളെ സംബന്ധിച്ച ചില പാട്ടുകള്‍ ആ സന്ദര്‍ഭത്തില്‍ പാടുന്നു.
വിനോദപരം
കളിക്കും വിനോദങ്ങള്‍ക്കും പാടുന്ന ഗാനങ്ങള്‍ നാടന്‍പാട്ടുകളില്‍ നല്ലൊരു ഭാഗമുണ്ട്. 'കളി' എന്ന ശബ്ദത്തിന് അര്‍ഥവ്യാപ്തിയുള്ളതായി കണക്കാക്കാം. കമ്പടിക്കളി (കോല്‍ക്കളി), പരിചകളി, പരിചമുട്ടിക്കളി, വട്ടക്കളി, ആണ്ടിക്കളി, ചെറുമക്കളി, ചോഴിക്കളി, താലംകളി, കുമ്മാട്ടിക്കളി, കൈകൊട്ടിക്കളി തുടങ്ങിയവ കേവലം കളികളല്ല; കലാപരമായ മേന്മ അവയില്‍ ദര്‍ശിക്കാം.
കോലടിപ്പാട്ടുകള്‍. കോല്‍ക്കളിക്ക് കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പ്രാദേശികമായി പേരില്‍ വ്യത്യാസം കാണാം. വിവിധ സമുദായക്കാരുടെയിടയില്‍ കോല്‍ക്കളി പ്രചാരത്തിലുണ്ട്. എന്നാല്‍ മാപ്പിളമാരുടെയും (മലബാര്‍ മുസ്ലിങ്ങള്‍) ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കോലടിപ്പാട്ടുകള്‍ക്കു തമ്മില്‍ അന്തരമുണ്ട്. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞു ചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയിലുണ്ട്. ഇവയ്ക്കെല്ലാം പ്രത്യേകം പാട്ടുകളുമുണ്ട്. രാഗവും താളവുമൊത്ത് പാടേണ്ടവയാണ് കോല്‍ക്കളിപ്പാട്ടുകള്‍. ഹിന്ദുക്കളുടെ പാട്ടുകളില്‍ ക്ഷേത്രപുരാവൃത്തങ്ങളും ദേവതാസ്തുതികളും കാണാം. പയ്യന്നൂര്‍ പെരുമാള്‍ ക്ഷേത്രത്തെയും അവിടെ മുമ്പൊരിക്കല്‍ നടന്ന കലശത്തെയുംകുറിച്ചു വര്‍ണിക്കുന്ന 'കലശപ്പാട്ട്' ഒരു കോലടിപ്പാട്ടു കൂടിയാണ്.
പുരുഷന്മാരെപ്പോലെ സ്ത്രീകളും പെണ്‍ക്കുട്ടികളും കോല്‍ക്കളിയില്‍ ഏര്‍പ്പെടാറുണ്ട്. ആ വിനോദത്തിന് 'കോലാട്ടം എന്നാണ് പറയുന്നത്. ചായംതേച്ചതും ചിലങ്കകള്‍ പിടിപ്പിച്ചതും നീളം കുറഞ്ഞതുമായ കോലുകളാണ് കോലാട്ടത്തിന് ഉപയോഗിക്കുക. കോലാട്ടത്തിനും പാട്ടുകളുണ്ട്.
കൈകൊട്ടിക്കളിപ്പാട്ടുകള്‍. സ്ത്രീകളുടെ വിനോദകലയാണ് കൈകൊട്ടിക്കളി (തിരുവാതിരക്കളി). ചിങ്ങമാസത്തിലെ ഓണാഘോഷത്തിനും ധനുമാസത്തിലെ ആതിരാഘോഷത്തിനും കൈകൊട്ടിക്കളി മുഖ്യമാണ്. കൈകൊട്ടിക്കളിപ്പാട്ടുകള്‍ ധാരാളം പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്നു നഷ്ടപ്രായമായിരിക്കയാണ് (നോ. കൈകൊട്ടിക്കളിയും പാട്ടുകളും). സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില കൈകൊട്ടിക്കളിപ്പാട്ടുകളുണ്ട്. പാര്‍വതീസ്വയംവരം നാലു വൃത്തം, അംബരീഷചരിതം പന്ത്രണ്ടുവൃത്തം, പാര്‍വതീസ്വയംവരം പന്ത്രണ്ടുവൃത്തം, ഗജേന്ദ്രമോക്ഷം നാലു വൃത്തം, ശാകുന്തളം നാലു വൃത്തം, സീതാസ്വയംവരം നാലു വൃത്തം, വൃകാസുരവധം രണ്ടു വൃത്തം, കല്യാണസൗഗന്ധികം രണ്ടു വൃത്തം തുടങ്ങിയ പാട്ടുകള്‍ മച്ചാട്ട് ഇളയതിന്റെ സംഭാവനകളാണ്. കോട്ടൂര്‍ നമ്പ്യാര്‍ കുചേലവൃത്തം, സുഭദ്രാഹരണം എന്നീ കഥകള്‍ കൈകൊട്ടിക്കളിപ്പാട്ടുകളായി രചിച്ചിട്ടുണ്ട്. അഹല്യാമോക്ഷം ഏഴു വൃത്തം, ലക്ഷ്മീസ്വയംവരം മൂന്നു വൃത്തം, അജാമിളമോക്ഷം നാലു വൃത്തം, ദക്ഷയാഗം പതിനെട്ടു വൃത്തം, പൂതനാമോക്ഷം എട്ടു വൃത്തം, രാസക്രീഡ ആറു വൃത്തം, രാജസൂയം പത്തു വൃത്തം, കിരാതം എട്ടു വൃത്തം മുതലായ അനേകം കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി സാഹിത്യചരിത്രഗ്രന്ഥങ്ങളില്‍ സൂചനകള്‍ കാണാം.
ധനുമാസത്തിലെ തിരുവാതിര ഹൈന്ദവവനിതകളുടെ ഉത്സവമാണ്. അശ്വതി നാള്‍ മുതല്‍ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുമ്പേ കുളിക്കുവാന്‍ ചെല്ലും. ഗംഗയുണര്‍ത്തുപാട്ട്, കുളംതുടിപ്പാട്ട് എന്നിവ ആ സന്ദര്‍ഭത്തില്‍ പാടുന്നവയാണ്. ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടി ഊഞ്ഞാലാടുന്ന പതിവുണ്ട്. താലോലംപാട്ട്, തുമ്പിതുള്ളല്‍പ്പാട്ട് എന്നിവ തിരുവാതിരപ്പാട്ടുകളില്‍പ്പെടുന്നവയാണ്. തിരുവാതിരക്കളിക്ക് ഗണപതി, സരസ്വതി, ശ്രീകൃഷ്ണന്‍, പരമേശ്വരന്‍ തുടങ്ങിയവരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകള്‍ പാടും. കൂടാതെ മംഗളാതിരാപുരാണം, പാര്‍വതീസ്വയംവരം, സത്യാസ്വയംവരം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകള്‍ പാടും. സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില തിരുവാതിരപ്പാട്ടുകളുമുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ രുക്മിണീസ്വയംവരം പത്തു വൃത്തം, ഇരട്ടക്കുളങ്ങര രാമവാര്യരുടെ കിരാതം, കോട്ടൂര്‍ നമ്പ്യാരുടെ കുചേലവൃത്തം, സുഭദ്രാഹരണം, കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവ ഇവയില്‍ ചിലതാണ്. മച്ചാട്ടിളയത്, വെണ്മണിമഹന്‍ നമ്പൂതിരി തുടങ്ങിയവരും തിരുവാതിരപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ആതിരവ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളാണ് തിരുവാതിരക്കളിയില്‍ ഏര്‍പ്പെടുന്നതെങ്കിലും അനുഷ്ഠാനത്തെക്കാള്‍ വിനോദത്തിനാണ് ഈ കളിയില്‍ മുന്‍തൂക്കം കാണുന്നത്. പ്രസിദ്ധങ്ങളായ കഥകളിപ്പദങ്ങളും തിരുവാതിരക്കളിക്ക് ഉപയോഗിച്ചുവരുന്നു. നോ. കൈകൊട്ടിക്കളിയും പാട്ടുകളും
ഓണപ്പാട്ടുകള്‍. കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളില്‍ പ്രായേണ ഓണാഘോഷത്തിന്റെ ഐതിഹ്യങ്ങളും ചടങ്ങുകളുമാണ് വര്‍ണിക്കുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിര്‍മിക്കുകയും ചെയ്യുമ്പോള്‍ പൂപ്പാട്ടുകള്‍ (പൂവിളിപ്പാട്ടുകള്‍) പാടിവരുന്നു. അത്യുത്തര കേരളത്തില്‍ 'ഓണത്താര്‍' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. വണ്ണാന്മാര്‍ പാടിവരുന്ന ഈ പാട്ടിന്റെ ഉള്ളടക്കം മഹാബലിയുടെ കഥയാണ്. ഓണക്കാലത്തു പുള്ളുവരും പാണരും ഭവനങ്ങളില്‍ വന്നു പാട്ടു പാടും . ഓണപ്പാട്ടുകള്‍ പാടിയാല്‍ അവര്‍ക്കു പ്രത്യേക പാരിതോഷികങ്ങള്‍ ലഭിക്കും . ഓണക്കാലത്തെ വിനോദങ്ങള്‍ക്കു പാടുന്ന പാട്ടുകളും കുറവല്ല. തുമ്പിതുള്ളല്‍പ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാല്‍പ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഗ്രാമീണാന്തരീക്ഷത്തില്‍ ഇന്നും പ്രചാരത്തിലിരിക്കുന്നു.
പരിചമുട്ടിക്കളിപ്പാട്ടുകള്‍. മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും നിലവിലുള്ള ആയോധനപരമായ കലാപ്രകടനമാണ് പരിചമുട്ടിക്കളി. വാളും പരിചയുമെടുത്ത് വട്ടമിട്ടു കളിക്കുന്ന ഈ വിനോദത്തില്‍ വിവിധ സമുദായക്കാര്‍ ഏര്‍പ്പെടാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ കല്യാണം, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പരിചമുട്ടിക്കളി വേണമെന്നുണ്ട്. പരിചമുട്ടിക്കളിപ്പാട്ടുകള്‍ താളത്തിനും ചുവടിനുമൊത്ത് പാടാന്‍ കഴിയുന്നവയാണ് തോമാശ്ലീഹായുടെ ചരിതങ്ങളും മറ്റുമാണ് നസ്രാണികളുടെ പരിചമുട്ടിപ്പാട്ടുകള്‍ക്കു വിഷയം. മാപ്പിളമാര്‍ പരിചമുട്ടികളിക്കു പടപ്പാട്ടുകളാണധികം പാടിവരുന്നത്.
ദക്ഷിണകേരളത്തിലെ പുലയര്‍, ചെറുമര്‍ തുടങ്ങിയ ജാതിക്കാര്‍ക്കിടയിലും ഉത്തരകേരളത്തിലെ അരയസമുദായക്കാര്‍ക്കിടയിലും 'പരിചകളി' എന്നൊരു വിനോദമുണ്ട് അതിനും പാട്ടുകള്‍ പാടും.
ചൊവടുകളിപ്പാട്ടുകള്‍. ഉത്തരകേരളത്തിലെ ദലിതരുടെയും ഗോത്രവിഭാഗക്കാരുടെയും പ്രചാരമുള്ള കളിയാണ് ചൊവടുകളി അഥവാ വട്ടക്കളി. ഇതിനു വൈവിധ്യമാര്‍ന്ന താളങ്ങളിലുള്ള പാട്ടുകളാണ് പാടുന്നത്.
ചെറുമക്കളിപ്പാട്ടുകള്‍. വേട്ടുവരുടെയും പുലയരുടെയും ചെറുമരുടെയുമിടയില്‍ പ്രചാരത്തിലുള്ള ഒരു തരം വിനോദമാണ് ചെറുമക്കളി അഥവാ ചവിട്ടുകളി. ഉത്സവം, മറ്റു വിശേഷാവസരങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ചവിട്ടുകളി നടത്തും. ചുവടുവയ്പുകള്‍ക്ക് അനുഗുണമായ പാട്ടുകളാണ് ചെറുമക്കളിപ്പാട്ടുകള്‍. ദക്ഷിണകേരളത്തില്‍ നെല്‍ക്കറ്റകള്‍ മെതിക്കുമ്പോഴുള്ള ഒരു കാര്‍ഷിക വിനോദമാണ് ചവിട്ടുകളി.
ചോഴിക്കളിപ്പാട്ടുകള്‍. മധ്യകേരളത്തില്‍ ചോഴികെട്ട് എന്ന ഒരു തരം വിനോദകല പ്രചാരത്തിലുണ്ട്. ആതിരോത്സവവുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നടത്തുന്ന കളിയാണിത്. യമന്‍, ചിത്രഗുപ്തന്‍, മുത്തിയമ്മ, ചോഴി തുടങ്ങിയ വേഷങ്ങള്‍ വേണം. ചെണ്ടയാണ് വാദ്യം. ഈ വിനോദത്തിനും ചില പാട്ടുകള്‍ പാടാറുണ്ട്.
തളികക്കളിപ്പാട്ടുകള്‍. തളികക്കളി, താലംകളി, കിണ്ണംകളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന വിനോദം കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. തീയരുടെയും കമ്മാളരുടെയുമിടയില്‍ താലികെട്ടുകല്യാണത്തിന് ഈ വിനോദം പതിവുണ്ട്. പുരുഷന്മാരാണ് തളികക്കളിയില്‍ ഏര്‍പ്പെടാറുള്ളതെങ്കിലും ചിലയിടങ്ങളില്‍ വനിതകളും പങ്കെടുക്കുന്നുണ്ട്. തളികക്കളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. ഇലത്താളമാണ് പാട്ടിനു താളക്കൊഴുപ്പു നല്കുന്നത്.
കല്യാണക്കളിപ്പാട്ടുകള്‍. താലികെട്ടുകല്യാണത്തോടനുബന്ധിച്ച് ഈഴവര്‍, കുറവര്‍, നായന്മാര്‍ തുടങ്ങിയ ചില സമുദായക്കാരുടെയിടയില്‍ കല്യാണക്കളി എന്ന ഒരു വിനോദകല നടപ്പുണ്ട്. ഓണക്കാലത്തെ വിനോദമെന്ന നിലയ്ക്കും ഈ കളിക്കു പ്രാധാന്യമുണ്ട്. കല്യാണക്കളിപ്പാട്ടുകള്‍ പുരാണകഥകളെ അവലംബിച്ചുള്ളവയാണ്.
ദപ്പുപാട്ടുകള്‍. മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ' വിനോദകലയാണ് ദപ്പുകളി. 'ദപ്പ്' എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ടു പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. ദപ്പുകളി ഒരനുഷ്ഠാനത്തിന്റെ പരിവേഷത്തോടെ പളളികളില്‍ നേര്‍ച്ചയായി നടത്തിവന്നിരുന്നുവെങ്കിലും, ഒരു സാമൂഹിക വിനോദമെന്ന നിലയില്‍ ഇന്ന് ഇതിനു കൂടുതല്‍ പ്രചാരം കൈവന്നിരിക്കുകയാണ്. അറബിഗാനങ്ങളാണ് ആദ്യകാലത്ത് ദപ്പുകളിക്കു പാടിവന്നിരുന്നത്. എന്നാല്‍ ഇന്ന് ഭാഷാഗാനങ്ങള്‍ തന്നെ പാടിവരുന്നു. മതപരമായ പാട്ടുകള്‍, പ്രേമഗാനങ്ങള്‍, പടപ്പാട്ടുകള്‍, ദുഃഖഗാനങ്ങള്‍, സ്ഥലപുരാണങ്ങള്‍, വര്‍ണനകള്‍, സങ്കല്പകഥകള്‍ എന്നിങ്ങനെ ദപ്പുകളിപ്പാട്ടുകളെ തരംതിരിക്കാം. ബദറുല്‍ മുനീര്‍ഹുസിനുല്‍ ജമാല്‍, ബദര്‍ പടപ്പാട്ട്, മക്കം ഫത്തഹ്, കര്‍ബലയുദ്ധം, കച്ചോടപ്പാട്ട്, താലിപ്പാട്ട്, പക്ഷിപ്പാട്ട്, ഉഹദ്യുദ്ധം തുടങ്ങിയവ ദപ്പുകളിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്.
കല്യാണപ്പാട്ടുകള്‍. പല സമുദായക്കാര്‍ക്കിടയിലും കല്യാണ (മങ്ങല-മംഗല)ത്തിന് പാട്ടും കളിയും പതിവുണ്ട്. പുലയര്‍, കുറവര്‍, മാവിലര്‍, മലയര്‍, കമ്മാളര്‍, ഈഴവര്‍, വേലര്‍, പുള്ളുവര്‍ തുടങ്ങിയവര്‍ക്കിടയില്‍ മങ്ങലപ്പാട്ടുകള്‍ പ്രചാരത്തിലിരിക്കുന്നു. താലികെട്ടുകല്യാണത്തിനും തിരണ്ടുകല്യാണത്തിനും കാതുകുത്തുമങ്ങലത്തിനുമൊക്കെ പ്രത്യേകം പാട്ടുകളുണ്ട്. ഈഴവരുടെയും പുലയരുടെയും മറ്റുമിടയില്‍ പ്രചാരത്തിലുള്ള അരവുപാട്ടുകളും പൊലിച്ചുപാട്ടുകളും കല്യാണപ്പാട്ടുകളില്‍പ്പെട്ടതാണ്. വധൂവരന്മാരുടെ ആള്‍ക്കാര്‍ ചേരിതിരിഞ്ഞ് മത്സരിച്ചുപാടുന്ന സമ്പ്രദായം കമ്മാളരുടെയും മലയരുടെയും മറ്റുമിടയില്‍ നിലവിലുണ്ട്. വാതില്‍തുറപ്പാട്ട്, അമ്മാനപ്പാട്ട്, തോഴമ്മപ്പാട്ട്, പെണ്ണുവാഴ്ത്തുപാട്ട് എന്നിവ കല്യാണപ്പാട്ടിന്റെ ഭാഗങ്ങളാണ്. ദക്ഷിണകേരളത്തിലെ കാനപ്പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു തിരണ്ടുപാട്ടാണ് മലപ്പാട്ട്. കേരളബ്രാഹ്മണര്‍ക്കിടയില്‍ വേളിക്ക് കൈകൊട്ടിക്കളിക്കുവാന്‍ പ്രത്യേകം പാട്ടുകളുണ്ട്.
കല്യാണപ്പാട്ടുകള്‍ ക്രിസ്ത്യാനികളുടെയും മലബാര്‍ മുസ്ലിങ്ങളുടെയും ഇടയിലും പ്രചാരത്തിലുണ്ട്. മുസ്ലിങ്ങളുടെ 'ഒപ്പനപ്പാട്ടുകള്‍' കല്യാണത്തിന് പാടുന്നവയാണ്. കാതുകുത്തുകല്യാണത്തിനു അവര്‍ പാട്ടുകള്‍ പാടുക പതിവാണ്. അയനിപ്പാട്ട്, പന്തല്‍പ്പാട്ട്, വാതിലടച്ചുപാട്ട്, അടച്ചുതുറപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, കുളിപ്പാട്ട് തുടങ്ങിയവ നസ്രാണികളുടെ കല്യാണപ്പാട്ടുകളില്‍ ചിലതാണ്.
കുട്ടികളെ താലോലിക്കുവാന്‍ പാടുന്ന 'താലോലംപാട്ടു' കളും തപ്പാണിപ്പാട്ടുകളും ശിശുക്കളെ ഉറക്കുവാന്‍ പാടുന്ന താരാട്ടുപാട്ടുകളും വിനോദഗാനങ്ങളില്‍പ്പെടുന്നു. കുട്ടികളുടെ വിനോദങ്ങളായ താരംകളി, അരിപ്പോ തിരിപ്പോകളി, പൂഴികളി തുടങ്ങിയവയ്ക്കെല്ലാം ലഘുഗാനങ്ങള്‍ പാടാറുണ്ട്.
പണിപ്പാട്ടുകള്‍, കൃഷിപ്പാട്ടുകള്‍
അധ്വാനഭാരം ലഘൂകരിക്കാന്‍വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകള്‍. തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആശ്വാസം നല്കുന്ന ഈ പാട്ടുകള്‍ അര്‍ഥപുഷ്ടിയുടെ കാര്യത്തില്‍ മുന്നിലല്ല. നിരര്‍ഥകശബ്ദങ്ങള്‍ ഇവയില്‍ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വണ്ടിവലിക്കുമ്പോള്‍ പാടുന്ന വണ്ടിപ്പാട്ടുകളും കുട്ട (വട്ടി) ഉണ്ടാക്കുമ്പോള്‍ പാടുന്ന വട്ടിപ്പാട്ടുകളും വെള്ളം തേകുമ്പോള്‍ പാടുന്ന തേക്കുപ്പാട്ടുകളും വിത്തുവിതയ്ക്കുമ്പോള്‍ പാടുന്ന വിത്തുകിളപ്പാട്ടുകളും ഞാറു നടുമ്പോള്‍ പാടുന്ന ഞാറ്റുപാട്ടുകളും കളപറിക്കുമ്പോള്‍ പാടുന്ന കളപ്പാട്ടു (പൊരിപ്പാട്ടു) കളും പണിപ്പാട്ടുകളില്‍പ്പെടുന്നവയാണ്. കുട്ടനാടന്‍ പുഞ്ചകളില്‍ കൃഷിയിറക്കുന്നതിനുവേണ്ടി പാടത്തുനിന്നു വെള്ളം വറ്റിക്കാന്‍ ചക്രം ചവിട്ടുമ്പോള്‍ പാടുന്ന പാട്ടുകളും ഈ കൂട്ടത്തില്‍പ്പെടുന്നു.
കൃഷിപ്പാട്ടുകള്‍. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകള്‍ പാടിവരുന്നു. പുലയരും ചെറുമരും വേട്ടുവരും മാവിലരും മറ്റും മലമ്പ്രദേശങ്ങളില്‍ വിത്തിറക്കുമ്പോള്‍ പാടാറുള്ള ഗാനമാണ് വിത്തുകിളപ്പാട്ട്. ഞാറ്റുപാട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുണ്ടെങ്കിലും ഗാനങ്ങള്‍ക്കു പ്രാദേശിക വ്യത്യാസം കാണുന്നു. ഉത്തരകേരളത്തില്‍ ഞാറ്റുപാട്ടുകളെ നാട്ടിപ്പാട്ട്, പൊരിപ്പാട്ട്, തൊരംപ്പാട്ട്, കളപ്പാട്ട് എന്നും മറ്റും പ്രാദേശികമായി പറഞ്ഞുവരുന്നു.
ഉത്തരകേരളത്തിലെ പുള്ളുവര്‍ കൊയ്ത്തുകാലത്ത് വയലുകള്‍ തോറും വീണയുമായിച്ചെന്നു പാട്ടു പാടാറുണ്ട്. ഇവര്‍ക്കു കൃഷിക്കാര്‍ നെല്‍ക്കറ്റകള്‍ സമ്മാനിക്കും. കറ്റയ്ക്കുവേണ്ടി പാടുന്ന അത്തരം ഗാനങ്ങളെ 'കറ്റപ്പാട്ട്' എന്നാണ് പറയുന്നത്. നെല്ലും തെങ്ങും തമ്മിലുള്ള തര്‍ക്കം കറ്റപ്പാട്ടില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു.
വയനാട്ടിലും മറ്റും ഞാറു നടുമ്പോള്‍ പാടാറുള്ള ഒരു തരം ഗാനമാണ് 'കണ്ടംവലിപ്പാട്ട്. മത്സരിച്ചുപാടുന്ന കൃഷിപ്പാട്ടാണിത്.
കൃഷിപ്പാട്ടുകള്‍ പുലയരുടെയും ചെറുമരുടെയും ചുണ്ടുകളില്‍ ഇന്നും ജീവിക്കുന്നു. 'വടക്കന്‍ പാട്ടുകള്‍' എന്നറിയപ്പെടുന്ന വീരാപദാനകഥാഗാനങ്ങളും കൃഷിപ്പാട്ടുകളാണ്.
വടക്കന്‍ പാട്ടുകള്‍
പൂര്‍വികരായ പരാക്രമികളുടെ വീരസാഹസ കൃത്യങ്ങളും പ്രേമചാപല്യങ്ങളും വര്‍ണിക്കുന്ന ജനകീയ ഗാനങ്ങളാണ് വടക്കന്‍ പാട്ടുകള്‍. കളരി സംസ്കാരവുമായി ബന്ധപ്പെട്ട കഥകളാണ് ആ വീരാപദാനങ്ങളില്‍ ഏറിയകൂറും. ഇവയുണ്ടായ കാലഘട്ടത്തിലെ ജനജീവിതവും സംസ്കാരവും ഇവ പ്രതിഫലിപ്പിക്കുന്നു.
വടക്കന്‍പാട്ടുകളെ തച്ചോളിപ്പാട്ടുകള്‍, പുത്തൂരം പാട്ടുകള്‍, ഒറ്റപ്പെട്ട പാട്ടുകള്‍ എന്നിങ്ങനെ മൂന്നിനമായി തിരിക്കാം. പുത്തൂരം പാട്ടുകള്‍ പുത്തൂരം വീടിനെ കേന്ദ്രീകരിച്ചുള്ളവയാണ്. ആരോമല്‍ച്ചേകവര്‍, സഹോദരിയായ ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച, ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി എന്നിവരുടെ വീരകഥകളെ ഇവ ഉള്‍ക്കൊള്ളുന്നു. ആരോമല്‍ച്ചേകവര്‍ പുത്തരിയങ്കം വെട്ടിയതും ഉണ്ണിയാര്‍ച്ച കൂത്തു കാണാന്‍പോയതും അമ്മാവനെ ചതിച്ചുകൊന്ന ചന്തുവിനോട് ആരോമലുണ്ണി കുടിപ്പക തീര്‍ത്തതുമൊക്കെ പുത്തൂരംപാട്ടുകളിലെ ഹൃദയസ്പര്‍ശിയായ ഭാഗങ്ങളാണ്. ഈഴവസമുദായത്തില്‍പ്പെട്ടവര്‍ക്ക് ഒരുകാലത്ത് ശക്തിയും പ്രതാപവും സ്ഥാനമാനങ്ങളും ഉണ്ടായിരുന്നുവെന്ന് ഈ പാട്ടുകള്‍ തെളിയിക്കുന്നു.
തച്ചോളിത്തറവാടിനെ കേന്ദ്രീകരിച്ചുള്ള പാട്ടുകളാണ് തച്ചോളിപ്പാട്ടുകള്‍. തച്ചോളി ഒതേനനെപ്പറ്റിയും അനേകം പാട്ടുകളുണ്ട്. ഒതേനന്റെ മരുമകനാണ് തച്ചോളിച്ചന്തു. തച്ചോളിപ്പാട്ടുകള്‍ 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന അലിഖിതനിയമം നിലവിലിരുന്ന ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സാമന്തപ്രഭുക്കന്മാര്‍ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.
പയ്യംപള്ളിച്ചന്തു, പാലാട്ടുകോമന്‍, പുതുനാടന്‍കേളു, കരുമ്പറമ്പില്‍ കണ്ണന്‍, വെള്ളിമാന്‍കുന്നില്‍ പെരുമലയന്‍, മഞ്ഞേരിടത്തിലെ കുഞ്ഞിക്കണ്ണന്‍, അക്കരക്കരമ്മല് പാട്ടി, വയലപ്പുറം ചെറിയ, ആതിമണക്കോട്ടയില്‍ കുട്ടിനമ്പ്ര്, ചേറ്റയില്‍ കരിമ്പനാട്ടു കോരന്‍, മുരിക്കഞ്ചേരി കേളു, കൊടുമലകുഞ്ഞിക്കണ്ണന്‍, പൊന്മല ക്കോട്ടേല് കുഞ്ഞിക്കണ്ണന്‍, കിളിയാപുരത്ത് കിളിമങ്ക, ചെറുവത്തൂര് കൊടക്കല്‍ കുഞ്ഞിക്കണ്ണന്‍, കോട്ടയത്തടിയോടി കുഞ്ഞിദേവമ്മറ്, കമ്പല്ലൂര്‍ കോട്ടയില്‍ കുഞ്ഞിച്ചന്തു, കുഞ്ഞിമങ്ങലത്തു കോയിമ്മ, തേവര് വെള്ളയന്‍ എന്നിങ്ങനെ അനേകം വീരപുരുഷന്മാരെയും ധീരവനിതകളെയും പറ്റിയുള്ള പാട്ടുകളില്‍ മിക്കതും ശേഖരിക്കപ്പെടാതെ കിടക്കുകയാണ്. ഒറ്റപ്പെട്ട ഈ പാട്ടുകള്‍ കൂടി പൂര്‍ണമായി സമാഹരിച്ചാല്‍ മാത്രമേ വടക്കന്‍പാട്ടുകളുടെ ശേഖരം പൂര്‍ണമാകയുള്ളൂ.
വടക്കന്‍പാട്ടുകളെ 'ചാരന്‍പാട്ടുകള്‍' എന്നു കൂടി ചിലേടങ്ങളില്‍ പറയാറുണ്ട്. വീരാപദാനകഥാഗാനങ്ങള്‍ക്ക് ഈ പേര് യോജിച്ചതുതന്നെ. നോ: വടക്കന്‍പാട്ടുകള്‍
തെക്കന്‍ പാട്ടുകള്‍
ദക്ഷിണ തിരുവിതാംകൂറില്‍ നിലവിലുള്ള വീരാപദാനകഥാഗാനങ്ങളാണ് തെക്കന്‍ പാട്ടുകള്‍. ഇവയില്‍ മിക്കതും വില്ലടിച്ചാന്‍ (വില്ലടി) പാട്ടുകള്‍ കൂടിയാണ്. തെക്കന്‍ പാട്ടുകളെ ബാധാപ്രീതികരങ്ങള്‍, ദേശചരിത്രപരങ്ങള്‍, ദേവതാരാധനാപരങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ക്ഷേത്രങ്ങളിലും ദേവതാസ്ഥാനങ്ങളിലും പാടുന്നവയാണ് ബാധപ്പാട്ടുകള്‍. വിവാഹാദികള്‍ക്കു പാടുന്ന ചരിത്രപരമായ പാട്ടുകളെ 'കേള്‍വിപ്പാട്ട്' എന്നു പറയുന്നു.
വീരപരാക്രമികളും ദേശഭക്തന്മാരും പതിവ്രതാരത്നങ്ങളും അപമൃത്യുവിനിരയായാല്‍ അവര്‍ മാടന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരുടെ കഥകള്‍ പാടിയാല്‍ അവര്‍ക്കു തൃപ്തി വരുമെന്നുള്ള വിശ്വാസം നിലവിലുണ്ട്. കന്നടിയന്‍പോര്, ഉലകുടപ്പെരുമാള്‍പ്പാട്ട്, പുരുഷാദേവിയമ്മപ്പാട്ട്, അഞ്ചുതമ്പുരാന്‍ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവന്‍ കാട്ടുനീലിപ്പാട്ട് എന്നിവ തെക്കന്‍ പാട്ടുകളില്‍ പ്രധാനപ്പെട്ട ചിലവയാണ്. ചാമുണ്ഡിക്കഥ, രാമകഥപ്പാട്ട് എന്നിവയും തെക്കന്‍ പാട്ടുകളില്‍ എടുത്തുപറയേണ്ടവ തന്നെ. ഇവയ്ക്കു പുറമേ, സര്‍പ്പങ്ങളെയും ശാസ്താവിനെയും കുറിച്ചുള്ള ചില പാട്ടുകളും തെക്കന്‍ പാട്ടുകളില്‍പ്പെടുന്നു. പ്രാകൃതത്തമിഴ് കലര്‍ന്ന മലയാളഭാഷയിലാണ് തെക്കന്‍ പാട്ടുകള്‍ പ്രായേണ രചിക്കപ്പെട്ടിരിക്കുന്നത്.
ഉപസംഹാരം. പ്രാചീനമനുഷ്യര്‍ ഭാവിയിലേക്കു കരുതിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടുള്ള ഏതറിവും ഗാനരൂപത്തിലാക്കുവാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. ശാസ്ത്രം, തത്ത്വജ്ഞാനം, സദാചാരം, നിയമം, ചരിത്രം മുതലായ എല്ലാ വിഷയങ്ങളും പാട്ടുകളില്‍ ആവിഷ്കൃതമായിട്ടുണ്ട്. ജ്യോതിഷം, രേഖാശാസ്ത്രം, വൈദ്യം, മര്‍മം, വേദാന്തം, വ്യാകരണം തുടങ്ങിയവയും നമ്മുടെ പാട്ടുകള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്.
സദാചാരവിഷയങ്ങളെ പുരസ്കരിച്ചുള്ള ചില പാട്ടുകള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. നല്ലൂപ്പാട്ട്, ശീലന്‍ പാട്ട്, മോക്ഷപ്പാട്ട്, ഉറുതിക്കവി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പൂരക്കളിപ്പാട്ടുകളില്‍പ്പെടുന്നവയാണ് ശീലന്‍ പാട്ടും നല്ലൂപ്പാട്ടും, ഉത്തരകേരളത്തിലെ പുള്ളുവര്‍ പാടുന്ന ഒരു നാടന്‍ പാട്ടാണ് മോക്ഷപ്പാട്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടാണ് ഉറുതിക്കവി. ഇവയെല്ലാം സദാചാരതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ്ഞാനോപദേശഗാനങ്ങളാണ്. ഇതിഹാസപുരാണകഥാവലംബികളായ പാട്ടുകളും അനേകമുണ്ട്. ഐതിഹ്യം, ചരിത്രം, വര്‍ഗോത്പത്തിപുരാണം, സ്ഥലമാഹാത്മ്യം തുടങ്ങിയവയെ സംബന്ധിച്ച ഗാനങ്ങളും കുറവല്ല.
(ഡോ. എം. വി. വിഷ്ണുനമ്പൂതിരി; സ.പ.)
കലകള്‍
കേരളത്തിലെ കലകളില്‍ പലതും തനിമ പുലര്‍ത്തുന്നവയാണ്. ശ്രവ്യങ്ങളും ദൃശ്യങ്ങളും ആയ കേരളീയകലകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ വിഭാഗത്തിലെ ലേഖനങ്ങളെ ഇപ്രകാരം സംവിധാനം ചെയ്തിരിക്കുന്നു.
ശ്രവ്യം-സംഗീതം
കേരളത്തിന്റെ തനിമയുള്‍ക്കൊള്ളുന്നതാണ് ഇവിടെ പ്രചാരത്തിലുള്ള ഗാനസമ്പ്രദായം. കേരളത്തിലെ സംഗീതസമ്പത്തിനെ സാമാന്യമെന്നും ശാസ്ത്രീയമെന്നും രണ്ടായി വിഭജിക്കാം. ആദ്യത്തെയിനത്തില്‍ സാധാരണക്കാര്‍ ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ പാടുന്ന നാടോടിപ്പാട്ടുകളും രണ്ടാമത്തെയിനത്തില്‍ ശാസ്ത്രനിയമങ്ങള്‍ക്ക് വിധേയമായി രൂപം കൊണ്ടിട്ടുള്ള സംഗീതവും ഉള്‍പ്പെടുന്നു. പ്രയോഗത്തിലും ആസ്വാദനത്തിലും ഒരു പാമരനെ സംബന്ധിച്ചതും മറ്റൊന്നു പ്രത്യേക പരിശീലനം നേടിയവരെ സംബന്ധിച്ചതുമാണെന്ന് പൊതുവേ പറയാമെങ്കിലും, ശാസ്ത്രീയസംഗീതം സാമാന്യസംഗീതത്തില്‍ നിന്നും പലതും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്.
സാമാന്യഗാനങ്ങള്‍
വീരകഥാഖ്യാനങ്ങളായ വടക്കന്‍ പാട്ടുകള്‍, തെക്കന്‍ പാട്ടുകള്‍ മുതലായവ; ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ് മുതലായ ദേവതകളുടെ സ്തുതി രൂപത്തിലുള്ളതും വീരപരാക്രമാദിവര്‍ണനാപരവുമായ പാട്ടുകള്‍; അധ്വാനലാഘവത്തിനായി പണിക്കാര്‍ പാടുന്ന പാട്ടുകള്‍; തിരുവാതിരക്കളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണകഥാകഥനപരമായ പാട്ടുകള്‍; വള്ളക്കാരുടെ സമ്പത്താണെങ്കിലും സാഹിത്യത്തില്‍ ഗണ്യമായ സ്ഥാനം നേടിയിട്ടുള്ള വഞ്ചിപ്പാട്ട് എന്നിങ്ങനെ നാടോടിപ്പാട്ടെന്ന വിഭാഗത്തില്‍ ഒരു വലിയ നിധി കേരളത്തിനുണ്ട്. ഇവയ്ക്കോരോന്നിനും തനിപ്പെട്ട ഒരു ഗാനരീതിയും ലഘുവെങ്കിലും വ്യക്തമായ ഒരു താളക്കെട്ടും ഗതിഭേദവും ഉണ്ടെന്നും അവയുടെ യഥാര്‍ഥരൂപം പരിശോധിച്ചാല്‍ കാണാം. പക്ഷേ പരമ്പരാഗതമായ രീതിയില്‍ ഇവയുടെ രൂപം ശരിക്കു മനസ്സിലാക്കിയിട്ടില്ലാത്ത ഗായകര്‍ ഇവയെ കൈകാര്യം ചെയ്യുന്ന രീതി ഇവയുടെ സ്വത്വം സാരമായി നഷ്ടപ്പെടുത്തുന്നു. പുള്ളുവന്മാര്‍ കമ്പിയിന്മേല്‍ വില്ലുകൊണ്ട് വായിക്കുന്ന വീണക്കുഞ്ഞ്, കളപ്പാട്ടുകള്‍, താളത്തിനായി കമ്പിയിന്മേല്‍ മീട്ടി വായിക്കുന്ന നന്തുണി എന്നീ തന്ത്രീവാദ്യങ്ങളും; ശംഖ്, അര്‍ധവൃത്താകൃതിയിലുള്ള കൊമ്പ് എന്നീ സുഷിരവാദ്യങ്ങളും; തുടി, ഉടുക്ക്, പറ എന്നീ ചര്‍മവാദ്യങ്ങളും; കൈമണിയുമാണ് ഇവയുമായി ബന്ധപ്പെട്ട മുഖ്യവാദ്യങ്ങള്‍.
സോപാനസംഗീതം
'സോപാനസംഗീത' മെന്ന പേരില്‍ കേരളത്തിന് തദ്ദേശീയമായ ഒരു സംഗീതമുണ്ടെന്നും അമ്പലങ്ങളിലെ എടയ്ക്കയെന്ന വാദ്യോപകരണത്തോടുകൂടിയ അഷ്ടപദിപ്പാട്ടിലും കഥകളിപ്പാട്ടിലും ഇതു കാണാമെന്നും ഒരഭിപ്രായമുണ്ട്. പക്ഷേ സൂക്ഷ്മ പരിശോധനയില്‍ ശ്രുതി, സ്വരം, രാഗം, താളം മുതലായ അടിസ്ഥാന തത്ത്വങ്ങളില്‍ 'ദേശീയ'മെന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനിക ശാസ്ത്രീയസംഗീതത്തിനും സോപാനത്തിനും തമ്മില്‍ ഭേദമില്ലെന്നും സോപാനം ഒരു രീതിഭേദം മാത്രമാണെന്നും മനസ്സിലാകും. പറയത്തക്ക രാഗാലാപനമോ സ്വരപ്രസ്താരമോ ഇല്ലാതെ, ലഘുവായ രീതിയില്‍, സഞ്ചാരം മിക്കവാറും ഒരു സ്ഥായിയിലൊതുക്കി നിര്‍ത്തി, രാഗത്തിന്റെ സ്ഥൂലരൂപം മാത്രമവലംബിച്ച് ഗാനാലങ്കാരങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നും നല്‍കാതെ, പ്രയേണ പതിഞ്ഞ മട്ടില്‍, സാഹിത്യാംശത്തില്‍ പ്രത്യേകം ശ്രദ്ധയോടുകൂടി പാടുന്നതാണ് സോപാനത്തിന്റെ പ്രത്യേകത. ദേവാലയങ്ങളില്‍ ശ്രീകോവിലിനു മുമ്പില്‍ 'സോപാന' മെന്നറിയപ്പെടുന്ന പടിക്കെട്ടിനരികില്‍ നിന്നുകൊണ്ടാണ് മാരാര്‍ അഷ്ടപദി പാടുന്നത്. തന്നിമിത്തം ഇതിന് 'സോപാനത്തില്‍പ്പാട്ട്' എന്ന പേരു കിട്ടി. അതേ രീതിയില്‍ പാടുന്ന സംഗീതത്തിന് 'സോപാനസംഗീത'മെന്ന പേരും കാലക്രമത്തിലുണ്ടായി.
പഞ്ചവാദ്യം
അമ്പലത്തോടനുബന്ധിച്ചതാണ് പഞ്ചവാദ്യമേളം. ബലി തൂവുന്നതിനും മറ്റും 'ക്രിയാംഗപഞ്ചവാദ്യം' ഉപയോഗപ്പെടുത്തുന്നു. ഇതില്‍ തിമിലയെന്ന വാദ്യമാണ് പ്രധാനം. മധ്യം കൃശവും അഗ്രങ്ങളിലോട്ട് ക്രമേണ വിസ്തൃതി കൂടിവരുന്നതുമായ മരക്കുറ്റിയില്‍ രണ്ടറ്റവും തോലുകൊണ്ട് പൊതിഞ്ഞു പരസ്പരം കോര്‍ത്തുകെട്ടിയിട്ടുള്ളതും ഒരു മുഖത്തുമാത്രം രണ്ടുകൈ കൊണ്ടും തട്ടി വായിക്കപ്പെടുന്നതുമാണ് ഈ വാദ്യം. സാധാരണ ചെണ്ടയെക്കാള്‍ അല്പം ചെറുതും നാദത്തിന്റെ ഉച്ചത്വം കുറഞ്ഞതുമായ 'വീക്കുചെണ്ട'യാണ് ഉപവാദ്യം. ചേങ്ങില, കൈമണി എന്നിവ മറ്റുപകരണങ്ങള്‍. അഞ്ചാമത്തെ വാദ്യമായ ശംഖ് തുടക്കത്തില്‍ മുഴക്കുന്നു. തുടര്‍ന്ന് തിമിലയില്‍ ശാസ്ത്രവിധിയനുസരിച്ചുള്ള താളങ്ങള്‍ വായിക്കുന്നു. മറ്റു വാദ്യങ്ങളില്‍ താളാംഗങ്ങളെ കാണിക്കുന്നു. ഉത്സവബലിപോലെയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീക്കുചെണ്ടയുടെ ഒരു ചെറിയ രൂപമായി കരുതാവുന്ന 'പാണി' വായിക്കുന്നു. മൂന്നാംതാളം, അഞ്ചാംതാളം, ശംഭുതാളം, ശകടുതാളം, കൊണ്ടനാച്ചി താളം മുതലായ ചില പ്രത്യേകതാളങ്ങള്‍ ഇതിന് വിധിച്ചിട്ടുണ്ട്. ഓരോ സ്ഥാനത്തിനും ഓരോ ദേവതയ്ക്കും താളവും അതിന്റെ മുറയും വെവ്വേറെയുണ്ട്. ഇവയില്‍ ചില താളങ്ങള്‍ കേരളത്തില്‍ മാത്രം നിലനില്ക്കുന്നവയായി കരുതാവുന്നതാണ്.
ക്രിയാംഗമെന്നതില്‍ നിന്നും വ്യത്യസ്തമായി 'സേവാംഗം' എന്നു വിശേഷിപ്പിക്കാവുന്ന ഒരിനം പഞ്ചവാദ്യമുണ്ട്. ഇതിനെയാണ് പഞ്ചവാദ്യമെന്നു പൊതുവേ പറയുന്നത്. ഇത് അമ്പലത്തിനകത്തും പുറത്തും പ്രയോഗിക്കുന്നുണ്ട്. ഇതിലെ ചര്‍മവാദ്യങ്ങളില്‍ തിമില കൂടാതെ എടയ്ക്കയും മദ്ദളവുമുണ്ട്. മധ്യം ചുരുങ്ങിയതും അഗ്രങ്ങള്‍ വിടര്‍ന്നതുമായ ഒരു പൊള്ളക്കുറ്റിയുടെ രണ്ടറ്റങ്ങളും വിസ്തൃതിയേറിയ മൃദുലമായ തോലുകൊണ്ട് ബന്ധിച്ച് ചരടുകൊണ്ട് പരസ്പരം കോര്‍ത്തിണക്കിയിട്ടുള്ളതാണ് എടയ്ക്ക. ഇതിന്റെ ഒരു മുഖത്തുമാത്രം കോലുകൊണ്ട് വായിക്കുന്നു. മദ്ദളത്തെ വലുപ്പമേറിയ മൃദംഗമായി കണക്കാക്കാം. കൊമ്പും ഇലത്താളവും കൂടിച്ചേര്‍ന്ന് ഈ വാദ്യസമൂഹത്തിന് പഞ്ചവാദ്യമെന്ന നാമം അന്വര്‍ഥമാക്കുന്നു. പക്ഷേ ഇന്നത്തെ പഞ്ചവാദ്യത്തില്‍ രണ്ടുപകരണങ്ങള്‍ കൂടിയുണ്ട്; ശംഖും കുഴലും. ശംഖ് ആരംഭത്തിലും കുഴല്‍ ഇടയ്ക്കിടയ്ക്ക് മേളക്കൊഴുപ്പിനു വേണ്ടിയും മാത്രമേ വായിക്കാറുള്ളൂ. താളവിസ്താരം മറ്റു വാദ്യങ്ങളില്‍ത്തന്നെയാണ്, പ്രത്യേകിച്ചും തിമിലയിലും മദ്ദളത്തിലും മാറിമാറി. ത്രിപുടയെന്ന താളം വളരെ പതിഞ്ഞ കാലപ്രമാണത്തില്‍ തുടങ്ങി ക്രമേണ അതിനെ പാതിപ്പാതിയായി കുറച്ചു വായിക്കുന്നതാണ് ഇതിലെ മുഖ്യാംശം.
ചെണ്ടമേളം
ഉത്സവങ്ങളില്‍ ശീവേലിക്കും ഘോഷയാത്രയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് ചെണ്ടമേളം. ഇതില്‍ പഞ്ചാരി, അടന്ത, ചെമ്പട, ചമ്പ എന്നിങ്ങനെ ആധുനിക സംഗീതത്തിലെ രൂപകം, അട, ആദി, ഝമ്പ എന്നിവയ്ക്ക് സമാനങ്ങളായ താളങ്ങള്‍ വിസ്തരിച്ച് വായിക്കുന്നു. താളത്തിന്റെ ജതികള്‍ (വായ്ത്താരികള്‍) വായിക്കുന്നതിനു മറ്റു രണ്ടു ചെണ്ടകളും രണ്ട് ഇലത്താളവും കാണും. ചെണ്ടയില്‍ വളരെ വിസ്തരിച്ചുള്ള ഒരു താളവിന്യാസമാണ് 'തായമ്പക'. ഇതിന് ചെമ്പടതാളമാണ് സാധാരണയായി സ്വീകരിക്കുന്നത്.
നാഗസ്വരമേളം ഇന്നു കേരളത്തില്‍ സാര്‍വത്രികമാണെങ്കിലും അത്രതന്നെ പ്രാചീനമല്ല. തമിഴ്നാട്ടില്‍നിന്ന് ഇവിടെ സംക്രമിച്ചതാണ് മറ്റുപലതുമെന്നപോലെ ഇതും.
കൂടിയാട്ടം
അഷ്ടപദിഗാനം കേരളത്തില്‍ പ്രചരിച്ചത് 16-ാം ശതകത്തില്‍ ചൈതന്യന്‍ ഇവിടെ നടത്തിയ തീര്‍ഥയാത്രയുടെ കാലത്തിനു ശേഷമാണെന്ന് കരുതുന്നു. പക്ഷേ അതിനു മുമ്പുതന്നെ പ്രാചീന സംസ്കൃത നാടകാഭിനയരീതി നിലനിര്‍ത്തിയിരുന്ന കൂടിയാട്ടത്തില്‍ ഒരുതരം സംഗീതമുണ്ട്. ഇതിന് ക്ലിപ്തമായ രാഗതാളങ്ങളുമുണ്ട്. ഇതില്‍ പ്രാചീന സംഗീതത്തെ അനുസ്മരിപ്പിക്കുന്ന ശ്രീകാമരം, കൈശികം, പുറനീര്‍, കുറുക്കുറുഞ്ഞി മുതലായ രാഗങ്ങളും; തൊണ്ടി, തര്‍ക്കന്‍, ആര്‍ത്തന്‍ മുതലായ വിചിത്ര നാമങ്ങളോടുകൂടിയ രാഗങ്ങളും; ഇവയുടെ പ്രയോഗസന്ദര്‍ഭം സംബന്ധിച്ച നിര്‍ദേശങ്ങളും; ധ്രുവം, ത്രിപുട, ഏകം മുതലായ താളങ്ങളും കാണുന്നു. പക്ഷേ നിലവിലുള്ള കൂടിയാട്ടത്തിലെ സംഗീതപ്രയോഗം വേദം ചൊല്ലുന്ന ഒരു പ്രതീതിയല്ലാതെ രാഗം പാടുന്ന പ്രതീതി ഉളവാക്കുന്നില്ല. അതിന്റെ പ്രയോക്താക്കള്‍ തന്നെയും രാഗങ്ങളെ 'സ്വരം' എന്നല്ലാതെ രാഗമെന്നു പറയുന്നുമില്ല. നാദപ്രയോഗത്തില്‍ ഉച്ചനീചമധ്യങ്ങളെ കുറിക്കുന്ന ഉദാത്താനുദാത്തസ്വരിതസ്വരങ്ങളില്‍ പ്രധാനമായി അധിഷ്ഠിതമായ വൈദികസംഗീതത്തില്‍ നിന്നും സപ്തസ്വരങ്ങളോടുകൂടിയ ലൗകിക സംഗീതത്തിലേക്കുള്ള പരിവര്‍ത്തന പ്രക്രിയയിലെ ഒരവസ്ഥ കൂടിയാട്ടത്തിലെ സംഗീതം സൂചിപ്പിക്കുന്നതായി കണക്കാക്കാം. ചര്‍മബദ്ധമായ മുഖത്തോടു കൂടിയ 'മിഴാവ്' എന്ന വലിയ കുടമാണ് ഇതിനു താളവാദ്യമായി ഉപയോഗിക്കുന്നത്.
കഥകളിസംഗീതം. സോപാനരീതി തികച്ചും അനുഭവപ്പെടുന്ന സംഗീതമാണ് കഥകളിയിലുള്ളത്. ദേശീയ സംഗീതത്തിന്റെ അതിപ്രസരം അതിലിപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും അഭിനയിക്കാനുള്ള പദങ്ങളും കഥാഗതി ആഖ്യാനം ചെയ്യുന്ന ശ്ലോകങ്ങളുമാണ് ഇതിലെ ഗാനങ്ങള്‍. 'പൊന്നാനി' എന്ന പ്രധാന ഗായകന്‍ ചേങ്ങിലയില്‍ താളം കൊട്ടിക്കൊണ്ടും 'ശിങ്കിടി' യെന്ന ഉപഗായകന്‍ ഇലത്താളം കൊട്ടിക്കൊണ്ടും പദത്തിലെ ഓരോ ഭാഗവും ആവശ്യാനുസരണം ആവര്‍ത്തിച്ചു പാടുന്നു. മേളച്ചെണ്ടയും മദ്ദളവുമാണ് വാദ്യങ്ങള്‍. സ്ത്രീവേഷങ്ങള്‍ക്കായുള്ള പദങ്ങള്‍ പാടുമ്പോള്‍ ചെണ്ട വായിക്കാറില്ല. കാംബോജി, കല്യാണി, തോടി, മോഹനം, ശങ്കരാഭരണം, കേദാരഗൗളം തുടങ്ങി സാധാരണ രാഗങ്ങള്‍ക്ക് പുറമേ കാനക്കുറിഞ്ഞി, ഇന്ദിശ, ഇരുളം, നവരസം, കണ്ഠാരം മുതലായ പ്രാചീന ദാക്ഷിണാത്യസംഗീതത്തിന്റെ അവശിഷ്ടങ്ങളായി കരുതാവുന്ന രാഗങ്ങളും ഗോപികാവസന്തം, പാടി, ദ്വിജാവന്തി മുതലായ അപൂര്‍വരാഗങ്ങളും കഥകളിയില്‍ കാണുന്നുണ്ട്. ചില രാഗങ്ങള്‍ക്ക് അല്പം നാമഭേദം വന്നിട്ടുണ്ട്; കാംബോജിക്കു കാമോദരി, യദുകുലകാംബോജിക്കു എരിക്കിലകാമോദരി, ധന്യാസിക്കു ധനാശി എന്നിങ്ങനെ. ചില സന്ദര്‍ഭങ്ങളില്‍ ശ്ളോകത്തിനു മുമ്പേ അതിന്റെ രാഗം അല്പാല്പമായി ആലാപനം ചെയ്യാറുണ്ട്. താളത്തില്‍ അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം എന്നിവയ്ക്കു പുറമേ ഇന്നത്തെ മിശ്രചാപിനു തുല്യമായ മുറിയടന്തയും കാണുന്നു. രസാനുസരണം ലയത്തില്‍ വ്യത്യാസമുണ്ട്. ശൃംഗാരം, കരുണം എന്നിവയ്ക്ക് വിളംബിതലയവും വീരത്തിനും ഹാസ്യത്തിനും മധ്യലയവും ഭയാനകം, അദ്ഭുതം എന്നിവയ്ക്ക് ദ്രുതലയവുമാണ്. കോട്ടയം കേരളവര്‍മത്തമ്പുരാന്‍, ഉണ്ണായിവാര്യര്‍, അശ്വതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി എന്നിവരുടെ കഥകളിപ്പദങ്ങള്‍ മേന്മയേറിയവയാണ്.
കര്‍ണാടകസംഗീതം. ദക്ഷിണഭോജനെന്നു വിഖ്യാതനായ തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ രാജാവിന്റെ കാലം തൊട്ടാണ് കര്‍ണാടക സംഗീതമെന്നറിയപ്പെടുന്ന ആധുനിക ദാക്ഷിണാത്യസംഗീതം കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയത്. അതിവേഗത്തിലുള്ള പ്രചാരത്തോടൊപ്പം അമൂല്യമായ സംഭാവനകളും കേരളത്തിന്റേതായി ഈ സംഗീത സമ്പ്രദായത്തിന് ലഭിച്ചു. ഇതിനെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇതില്‍ സ്വയം ഗാനനിര്‍മിതി ചെയ്യുന്നതിനും സ്വാതിതിരുനാള്‍ മുന്നോട്ടു വന്നതിന് ഇദ്ദേഹത്തിന്റെ ജന്മസിദ്ധമായ വാസനയ്ക്ക് പുറമേ പ്രേരകങ്ങളായി മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധ്യാപകനും പില്ക്കാലത്ത് ദിവാനുമായ തഞ്ചാവൂര്‍ സുബ്ബരായര്‍ ഒരു തികഞ്ഞ സംഗീതജ്ഞനായിരുന്നത് സ്വാഭാവികമായും ശിഷ്യനില്‍ സംഗീതകൗതുകം വളര്‍ത്തുന്നതിനു സഹായിച്ചു. ഇദ്ദേഹം മുഖാന്തരം തിരുവനന്തപുരത്തേക്ക് ക്ഷണിക്കപ്പെട്ട മേരുസ്വാമികളെന്ന വിവിധ സംഗീതസമ്പ്രദായ പാരംഗതനായ ഒരു യോഗി സ്വാതിതിരുനാളിന്റെ ഗുരുത്വം സ്വീകരിച്ച് ശിഷ്യന് സംഗീതരഹസ്യങ്ങളുപദേശിച്ചു. കലാകാരന്മാര്‍ക്ക് കല്പവൃക്ഷമായി വിരാജിച്ചിരുന്ന തഞ്ചാവൂര്‍ ശരഭോജി രാജാവിന്റെ നിര്യാണം നിമിത്തം ഒരു തരത്തില്‍ നിരാലംബരായിത്തീര്‍ന്ന വിദ്വാന്മാരില്‍ വളരെപ്പേര്‍ തത്തുല്യനായ സ്വാതിതിരുനാളിനെ ആശ്രയിക്കുകയും ഇദ്ദേഹത്തിന്റെ ആസ്ഥാനവിദ്വാന്മാരാകുകയും ചെയ്തു. ഇവരില്‍ 'തഞ്ചാവൂര്‍ സഹോദരന്മാര്‍' എന്നറിയപ്പെടുന്ന വടിവേലു, പൊന്നയ്യാ, ചിന്നയ്യാ, ശിവാനന്ദം എന്നിവര്‍ പ്രസിദ്ധ വാഗ്ഗേയകാരനായ മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരും ഭരതനാട്യഗാനങ്ങളുടെ നിര്‍മിതിയിലും പ്രയോഗത്തിലും വിദഗ്ധന്മാരുമായിരുന്നു. ഇവരില്‍ വടിവേലു സ്വാതിതിരുനാളിനെ ഗാനനിര്‍മിതിയില്‍ അത്യന്തം സഹായിച്ചു. പാശ്ചാത്യവാദ്യമായ വയലിനിന്റെ സാധ്യതകളെ മനസ്സിലാക്കി വേണ്ട പരീക്ഷണങ്ങള്‍ ചെയ്ത് അതു നമ്മുടെ സംഗീതത്തിനു വളരെ യോജിച്ച ഉപകരണമാണെന്ന് ബോധ്യപ്പെടുത്തുക നിമിത്തം വടിവേലുവിനു രാജാവില്‍ നിന്നു ദന്ത നിര്‍മിതമായ ഒരു വയലിന്‍ പാരിതോഷികമായി ലഭിച്ചു; വയലിന്‍ സംഗീതസദസ്സില്‍ അനുപേക്ഷണീയമായ ഉപകരണമായി സ്ഥാനം നേടുകയും ചെയ്തു. ത്യാഗരാജസ്വാമിയുടെ ശിഷ്യനായ കണ്ണയ്യാഭാഗവതര്‍ സദസ്യനായി വരികയും അദ്വിതീയനായ ആ ഗാനകര്‍ത്താവിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ, ആറുകാലത്തില്‍ പാടുകയെന്ന അസാമാന്യമായ സിദ്ധി നേടി, ത്യാഗരാജസ്വാമിയുടെ മുമ്പില്‍ അതു പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ അഭിനന്ദനം നേടിയ ഷട്കാലഗോവിന്ദമാരാരുടെ സാന്നിധ്യം പല പ്രകാരത്തിലും ഉത്തേജകമായിരുന്നു. ഇദ്ദേഹത്തില്‍ നിന്നു കിട്ടിയ 'മാര്‍ഗദര്‍ശി' ശേഷയ്യങ്കാരെന്ന പ്രസിദ്ധ ഗാനകര്‍ത്താവിന്റെ കൃതികള്‍ രാജാവിനു കീര്‍ത്തനനിര്‍മിതി ചെയ്യുന്നതിന് മാതൃക നല്‍കി. ഇവര്‍ക്കു പുറമേ ഹിന്ദുസ്ഥാനി ഗായകന്മാരും ആസ്ഥാന വിദ്വാന്മാരായുണ്ടായിരുന്നു. ആ സമ്പ്രദായത്തില്‍ നിന്നും ചില രാഗങ്ങളും മറ്റു ചില അംശങ്ങളും നമ്മുടെ സമ്പ്രദായത്തില്‍ സ്വീകരിക്കുന്നതിന് അതുപകരിച്ചു.
ഗാനരൂപങ്ങള്‍. ആധുനിക സംഗീതത്തിലെ ഗാനരൂപങ്ങളായ കീര്‍ത്തനം, വര്‍ണം, പദം, സ്വരജതി, തില്ലാന, രാഗമാലിക എന്നിവയ്ക്കെല്ലാം കേരളത്തിന്റേതായ സംഭാവനയുണ്ട്. സ്വാതിതിരുനാള്‍ മലയാളം, സംസ്കൃതം, തെലുഗു, കന്നഡ, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി കൃതികളില്‍ ഉത്തരേന്ത്യന്‍ സംഗീതത്തിലെ ധ്രുപദ്, ടപ്പാ, ഖയാല്‍ എന്നീ ഗാനരൂപങ്ങള്‍ സ്വീകരിച്ചുകാണുന്നു. മറ്റു വാഗ്ഗേയകാരന്മാര്‍ ഏറിയകൂറും മലയാളത്തിലും കുറേ സംസ്കൃതത്തിലുമാണ് ഗാനങ്ങള്‍ രചിച്ചിട്ടുള്ളത്.
ഈശ്വരസ്തുതിപരങ്ങളും പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങളോടുകൂടിയവയുമാണ് കീര്‍ത്തനങ്ങള്‍. ഒരു രാഗത്തിന്റെ പ്രധാനാംശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതും ഗായകന് മനോധര്‍മപ്രകടനത്തിന് വേണ്ടത്ര സൌകര്യമുള്ളതുമായ 'കൃതി' കീര്‍ത്തനത്തിന്റെ വകഭേദം മാത്രമാണ്. ഹിന്ദുമതത്തിലെ വിവിധ ദേവീദേവന്മാരെയും ശ്രീപദ്മനാഭസ്വാമിയെ പ്രത്യേകിച്ചും പ്രകീര്‍ത്തിക്കുന്നവയായി മുന്നൂറില്‍പ്പരം കീര്‍ത്തനങ്ങള്‍ സ്വാതിതിരുനാളിന്റേതായുണ്ട്. അക്കൂട്ടത്തില്‍ ദേവീസ്തുതിപരങ്ങളായ 'നവരാത്രികീര്‍ത്തന'ങ്ങളും ശ്രവണം, കീര്‍ത്തനം മുതലായ നവവിധ ഭക്തിയെ പ്രതിപാദിക്കുന്ന 'നവരത്നമാലിക'യും ലൗകിക സുഖങ്ങളെ വെടിഞ്ഞ് പാരത്രികസുഖത്തിനായി പരിശ്രമിക്കുന്നതിന് ഉദ്ബോധനം നല്‍കുന്ന 'വൈരാഗ്യകീര്‍ത്തന'ങ്ങളും പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു. സാഹിത്യാംശത്തില്‍ ശബ്ദഗാംഭീര്യം, ഉത്കൃഷ്ടാശയത്വം, അലങ്കാരപ്രാചുര്യം എന്നിവയും സംഗീതാംശത്തില്‍ സ്വരാക്ഷരമെന്ന ഗാനാലങ്കാരസന്നിവേശം, പ്രാചീന പദ്ധതിപ്രകാരമുള്ള സ്വരപ്രയോഗങ്ങളുടെ സംരക്ഷണം, താളഘടനയിലും നൂതനരാഗരൂപവത്കരണത്തിലും ചില പരീക്ഷണങ്ങള്‍ എന്നിവയും സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളില്‍ സുലഭമാണ്.
നാട്യഗാനത്തിനുള്ള സ്വാതിതിരുനാളിന്റെ സംഭാവനയും വലുതാണ്. ഭരതനാട്യത്തിലെ ഒരു രൂപഭേദമായി കരുതാവുന്ന 'മോഹിനിയാട്ടത്തെ' ഇദ്ദേഹം വളരെ പ്രോത്സാഹിപ്പിച്ചു. അതിലെ അഭിനയത്തിനുവേണ്ടിയാണ് പ്രേമഭക്തിയെ ആസ്പദമാക്കിക്കൊണ്ടുള്ള ശൃംഗാരപ്രധാനങ്ങളായ അനവധി 'പദ'ങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളത്. രസഭാവാദി പൗഷ്കല്യം ഇവയില്‍ പ്രകടമാണ്. രൂപത്തില്‍ പദങ്ങള്‍ കീര്‍ത്തനങ്ങളോടു സദൃശ്യങ്ങളാണെങ്കിലും ഇവയുടെ ഗാനരീതി താരതമ്യേന ലഘുവാണ്. രക്തിരാഗങ്ങളും പതിഞ്ഞ മട്ടും ഇവയുടെ മേന്മ വര്‍ധിപ്പിക്കുന്നു. സ്വാതിതിരുനാള്‍ മലയാളത്തില്‍ രചിച്ചിട്ടുള്ള ഗാനങ്ങളൊട്ടുമുക്കാലും പദങ്ങളാണ്. തെലുഗു ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ പദങ്ങള്‍ ഈയിനം ഗാനങ്ങള്‍ രചിച്ചിട്ടുള്ളവരില്‍ അഗ്രേസരനായ ക്ഷേത്രജ്ഞന്റെ കൃതികളോടു കിടനില്ക്കുന്നവയാണ്. പദങ്ങളോളം അഭിനയപ്രാധാന്യങ്ങളല്ലാത്തവയും നൃത്തപ്രധാനങ്ങളുമായ സ്വരജതി, തില്ലാന എന്നിവയ്ക്കും സ്വാതിതിരുനാളിന്റെ സംഭാവനയുണ്ട്. പല്ലവിയും ധാതുഭേദത്തോടുകൂടിയുള്ള ഏതാനും ചരണങ്ങളുമടങ്ങിയതാണ് സ്വരജതി, ചൊല്ലുകെട്ടുകള്‍ അല്ലെങ്കില്‍ ജതികളെന്നറിയപ്പെടുന്ന വായ്ത്താരികള്‍ നിറഞ്ഞതാണ് തില്ലാന.
'വര്‍ണ'മെന്നതു പല്ലവി, അനുപല്ലവി, മുക്തായിസ്വരം എന്നിവയോടുകൂടിയ പൂര്‍വാംഗവും ഉപപല്ലവി, ചിട്ടസ്വരങ്ങള്‍ എന്നിവയോടുകൂടിയ ഉത്തരാംഗവും ചേര്‍ന്നതാണ്. സാഹിത്യം സാധാരണയായി ശൃംഗാരപ്രധാനമാണ്. പദത്തിലെന്നപോലെ ഈശ്വരവിഷയകമായ പ്രേമഭക്തിയെ ആവിഷ്കരിക്കുന്ന മട്ടില്‍ സ്വരപ്രധാനമായ 'താനവര്‍ണ'ത്തിലും, സാഹിത്യവും കൂടി തുല്യ പ്രാധാന്യം വഹിക്കുന്ന 'പദവര്‍ണ'ത്തിലും അത്യുത്തമ മാതൃകകള്‍ സ്വാതിതിരുനാളിന്റേതായുണ്ട്. മാത്രമല്ല, ഈ ഗാനരൂപത്തെ കീര്‍ത്തനം പോലെ തന്നെ ഈശ്വരസ്തുതിക്കുപയോഗപ്പെടുത്തി 'സ്തവവര്‍ണ'മെന്ന ഒരു നൂതനവിഭാഗവും ഉദ്ദേഹം വിഭാവനം ചെയ്തു പ്രയോഗിച്ചു വിജയിച്ചിരിക്കുന്നു.
ഒരേ ഗാനത്തില്‍ പല രാഗങ്ങള്‍ കോര്‍ത്തിണക്കുന്ന 'രാഗമാലിക'യുടെ കര്‍ത്താക്കളില്‍ അദ്വിതീയനാണ് സ്വാതിതിരുനാള്‍. വര്‍ണം, കീര്‍ത്തനം, പദം എന്നിവയിലെല്ലാം രാഗമാലികകള്‍ ഇദ്ദേഹത്തിന്റേതായുണ്ടെന്നതു കൂടാതെ, രാഗമാലികാശ്ലോകമെന്നൊരു നൂതനവിഭാഗവും കാണുന്നു. അഭിനയത്തിനായിട്ടാണ് ഇത്തരം ശ്ലോകങ്ങളെന്നതിനു തെളിവുണ്ട്. 'ഹരികഥാകാലക്ഷേപ'മെന്ന സംഗീതകഥാകഥനത്തിനു കുചേലന്റെയും അജാമിളന്റെയും കഥകളെ അവലംബമാക്കി രണ്ടുപാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ഗാനകര്‍ത്താക്കള്‍. കേരളീയരായ ശാസ്ത്രീയഗാനകര്‍ത്താക്കളില്‍ പ്രഥമഗണനീയന്‍ സ്വാതിതിരുനാളാണ്. പക്ഷേ ഇദ്ദേഹം മാത്രമാണ് ഇത്തരം ഗാനനിര്‍മിതി ചെയ്തിട്ടുള്ളതെന്ന സാമാന്യ ധാരണ ഒട്ടും ശരിയല്ല. ഇദ്ദേഹത്തിന് മുമ്പും പിമ്പും പലരും ഗാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അഷ്ടപദിയുടെ രീതിയില്‍ മുക്കോലഭഗവതിയുടെ സ്തുതിയായി 'ശിവാഗീതി' രചിച്ച രാമപാണിവാദന്‍, സദാശിവബ്രഹ്മേന്ദ്രന്റെ ഗാനങ്ങളുടെ രീതിയില്‍ കീര്‍ത്തനങ്ങള്‍ രചിച്ച മുക്കോലയ്ക്കല്‍ മാരാര്‍, കാര്‍ത്തികതിരുനാള്‍ രാമവര്‍മരാജാവിന്റെ മുമ്പില്‍ പാടി കേള്‍പ്പിച്ചതായി രേഖപ്പെടുത്തിക്കാണുന്ന 'കുലശേഖരകീര്‍ത്തന'ങ്ങളുടെ കര്‍ത്താവായ കുലശേഖരന്‍, അശ്വതി തിരുനാള്‍ യുവരാജാവ്, രുക്മിണീഭായിത്തമ്പുരാട്ടി എന്നിവര്‍ ഇദ്ദേഹത്തിനു മുമ്പും ഇരയിമ്മന്‍ തമ്പി ഇദ്ദേഹത്തോടൊരുമിച്ചും കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവര്‍ പില്ക്കാലത്തും ഗാനരചനചെയ്തിട്ടുള്ളവരാണ്. ഇരയിമ്മന്‍ തമ്പിക്ക് ഇക്കൂട്ടത്തില്‍ പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളോട് അത്യന്തം സാദൃശ്യമുള്ളവയാണ്. ലക്ഷണമൊത്ത ഏതാനും വര്‍ണങ്ങളും മനോഹരങ്ങളായ നിരവധി പദങ്ങളും തത്കര്‍ത്തൃകങ്ങളായുണ്ട്. സമീപകാല ഗാനകര്‍ത്താക്കളില്‍ ലക്ഷ്മണന്‍പിള്ള, എണ്ണപ്പാടം വെങ്കടരമണഭാഗവതര്‍, യോഗാനന്ദദാസര്‍, കുട്ടമത്ത് എന്നിവര്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ലക്ഷ്മണന്‍പിള്ള തമിഴിലാണ് കവനം ചെയ്തിട്ടുള്ളത്. തമിഴ് നാട്ടില്‍ വളരെ പ്രശസ്തി നേടിയ യോഗിവര്യനായ നീലകണ്ഠശിവനെന്ന ഗാനകൃത്തും കേരളീയനാണ്. ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ് പാപനാശം ശിവനെന്ന പ്രസിദ്ധ തമിഴ് ഗാനരചയിതാവ്.
സംഗീതശാസ്ത്രം. സംഗീതശാസ്ത്രത്തിനു കേരളത്തിന്റെ സംഭാവനയായി പറയാവുന്ന ചില ഗ്രന്ഥങ്ങളുണ്ട്. സ്വരതാളാദിലക്ഷണം, സംഗീതവിധികള്‍, താളവിധികള്‍, സംഗീതചൂഡാമണി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പലതിലും പല പ്രാചീന ഗ്രന്ഥങ്ങളിലടങ്ങിയിട്ടുള്ള കാര്യങ്ങള്‍ വിവരിക്കുന്നു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗ്രന്ഥം ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടിയുടെ സംഗീതചന്ദ്രികയാണ്. പ്രാചീന സംഗീത തത്ത്വങ്ങളുടെ വിസ്തരിച്ചുള്ള പ്രതിപാദനമാണ് ഇതിലുള്ളത്. ആധുനിക കൃതികളില്‍ വി. മാധവന്‍ നായരുടെ കേരളസംഗീതത്തില്‍ നമ്മുടെ സംഗീതത്തിന്റെ ചരിത്രപരമായ ഒരു നിരീക്ഷണം കാണുന്നു. എ. കെ. രവീന്ദ്രനാഥിന്റെ ദക്ഷിണേന്ത്യന്‍ സംഗീതം ഇന്നത്തെ സംഗീതസ്വരൂപം വിവരിച്ചുകാണിക്കുന്നു. സംഗീതവിദ്യാര്‍ഥികള്‍ക്കും സംഗീതകുതുകികളായ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടുകൂടി രചിച്ചിട്ടുള്ള ഗ്രന്ഥമാണ് സംഗീതശാസ്ത്രപ്രവേശിക.
സംഗീതവിദ്വാന്മാര്‍. പ്രസിദ്ധിപെറ്റ കേരളീയഗായകരില്‍ ഒന്നാമനാണ് ഷട്കാല ഗോവിന്ദമാരാര്‍. ഇദ്ദേഹത്തിന്റെ ഗാനപാടവത്തില്‍ മുഴുകി ആശ്ചര്യപ്പെട്ട ത്യാഗരാജസ്വാമി രചിച്ച കൃതിയാണ് 'എന്തരോ മഹാനുഭാവലു' എന്ന പഞ്ചരത്നകീര്‍ത്തനം. പാലക്കാട്ടു പരമേശ്വരഭാഗവതര്‍, കോയമ്പത്തൂര്‍ രാഘവയ്യര്‍, കഥാകാലക്ഷേപം അനന്തരാമഭാഗവതര്‍, വീണ കല്യാണകൃഷ്ണഭാഗവതര്‍, ചെമ്പൈ വൈദ്യനാഥഭാഗവതര്‍ എന്നിവര്‍ നമ്മുടെ അഭിമാനസ്തംഭങ്ങളാണ്. കെ.വി. നാരായണസ്വാമി, കെ.എസ്. നാരായണസ്വാമി, എം.ഡി. രാമനാഥന്‍, ടി.എന്‍. കൃഷ്ണന്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ടി.എസ്. മണി അയ്യര്‍, ടി.കെ. മൂര്‍ത്തി, നെയ്യാറ്റിന്‍കര വാസുദേവന്‍ തുടങ്ങി നിരവധി സംഗീതവിദ്വാന്മാര്‍ ആഗോള പ്രശസ്തിനേടിയ കേരളീയ സംഗീതജ്ഞന്മാരാണ്.
(ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യര്‍)
ദൃശ്യം
ദൃശ്യകലകളെ ചിത്രകലകളെന്നും അഭിനേയകലകളെന്നും രണ്ടായി വിഭജിക്കാം. ഇവയുടെ കാര്യത്തിലും കേരളം തനിമ പുലര്‍ത്തുന്നു.
പ്രാചീനചിത്രകല
ചുവര്‍ച്ചിത്രങ്ങള്‍. മറയൂരിലെ പാറമടക്കുകളിലും ഗുഹാന്തരങ്ങളിലും മധ്യമശിലായുഗമനുഷ്യര്‍ (Mesolythic men) വരച്ച ആദിമചിത്രങ്ങളുടെ (Cave paintings) തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍.
മന്ദിരങ്ങളിലെ പുറം പ്രതലങ്ങള്‍ മോടി പിടിപ്പിക്കുകയായിരുന്നു കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളുടെ ധര്‍മം. മറ്റുള്ളിടങ്ങളിലെന്നപോലെ സ്ഥാപത്യ കലയുമായി (Architecture ) ബന്ധപ്പെട്ടാണ് ചുവര്‍ച്ചിത്രങ്ങള്‍ ഇവിടെയും വികസിച്ചത്.
പല്ലവ ഗുഹാക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ദേവാലയങ്ങള്‍ രൂപം കൊണ്ട 7-ാം ശ. മുതല്‍ നാമിന്നു കാണുന്ന വിധത്തിലുള്ള ചുവര്‍ച്ചിത്രങ്ങള്‍ ഇവിടെ രൂപം കൊണ്ടുവെന്നു കരുതാം. തിരുനന്തിക്കര ഗുഹാക്ഷേത്രത്തില്‍ (കന്യാകുമാരി ജില്ല) ഉണ്ടായിരുന്ന ചുവര്‍ച്ചിത്രങ്ങളാണ് കേരളീയ ശൈലിയിലുള്ള ഭിത്തി ചിത്രങ്ങളില്‍ ഏറ്റവും പ്രാചീനം. കുറഞ്ഞപക്ഷം 9-ാം ശതകത്തിലെങ്കിലും വരച്ചവയായിരിക്കണം ഇവിടത്തെ ചിത്രങ്ങള്‍.
ഒമ്പതാം ശതകം മുതല്‍ പതിനാലാം ശതകം വരെയുള്ള ആദ്യകാല ചുവര്‍ച്ചിത്രങ്ങളുടെ മറ്റൊരു മാതൃക തിരുവനന്തപുരം ജില്ലയിലെ കാന്തളൂര്‍ ക്ഷേത്രത്തില്‍ അവശേഷിക്കുന്നുണ്ട്.
പതിനാലാം ശതകം മുതല്‍ പത്തൊമ്പതാം ശതകം വരെയുള്ള കാലഘട്ടത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലെ അനേകം ദേവാലയങ്ങളിലും മന്ദിരങ്ങളിലും കാണുന്നു. ഈ കാലഘട്ടത്തെ കേരളീയചിത്രകലയുടെ സുവര്‍ണകാലമായി വിശേഷിപ്പിക്കാം.
ആലേഖനസമ്പ്രദായങ്ങള്‍. പതിനാറാം ശതകത്തിലെ ചെമ്പകശ്ശേരി ദേവനാരായണന്റെ സദസ്സിലെ അംഗമായിരുന്ന ശ്രീകുമാരന്റെ ശില്പരത്നം എന്ന ഗ്രന്ഥത്തില്‍ നിന്ന് കേരളത്തിലെ ചുവര്‍ച്ചിത്രരചനാസമ്പ്രദായങ്ങളെപ്പറ്റി സാമാന്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വര്‍ണവിധികളെപ്പറ്റി പ്രതിപാദിക്കുന്ന മറ്റേതാനും ഹസ്തലിഖിത ഗ്രന്ഥങ്ങളും കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. വെട്ടുകല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ കെട്ടിപ്പടുത്ത ചുവരുകളില്‍ പരുക്കന്‍ കുമ്മായം ഉപയോഗിച്ചു പ്രാഥമിക പ്രതലവും (ground), അതിനു മീതെയായി ദ്വിതീയ പ്രതലവും (carrier) ഒരുക്കിയശേഷം വരച്ചവയാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. പ്രാഥമിക പ്രതലം, ദ്വിതീയ പ്രതലം, വര്‍ണവസ്തുക്കള്‍ (pigments),യോജകമാധ്യമം (binding medium) എന്നിങ്ങനെ നാലു ഘടകങ്ങള്‍ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ക്കും കാണുന്നുണ്ട്.
യോജകമാധ്യമത്തില്‍ ലയിപ്പിച്ച വര്‍ണവസ്തുക്കള്‍ കുമ്മായത്തിന്റെ തെളിനീരില്‍ ചാലിച്ചശേഷം ദ്വിതീയ പ്രതലത്തില്‍ ബ്രഷ് ഉപയോഗിച്ചു വരയ്ക്കുന്ന ശൈലിക്കാണ് കേരളത്തില്‍ പ്രചാരം. 'ഫ്രെസ്കൊ സെക്കൊ' (fresco seco) എന്നാണ് ഈ ശൈലിയുടെ പേര്.
നിറങ്ങള്‍. അഞ്ചു നിറങ്ങളും അവയുമായി ബന്ധപ്പെടുന്ന ഇതരനിറങ്ങളുമാണ് കേരളത്തില്‍ കണ്ടുവരുന്നത്. കാവിച്ചുവപ്പ്, കാവിമഞ്ഞ, കറുപ്പ്, വെള്ള, ശ്യാമഹരിതം എന്നിവയാണ് പ്രധാന നിറങ്ങള്‍. പീതരഹിതം, ഹരിതനീലം, മേഘശ്യാമം, സുവര്‍ണം, ധൂമം തുടങ്ങിയ നിറഭേദങ്ങളും ഉപയോഗിച്ചു കാണുന്നു.
ചുവര്‍ച്ചിത്രങ്ങളിലെ നിറങ്ങള്‍ പ്രതീകാത്മകങ്ങളാണ്. സാത്ത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങളെ ആധാരമാക്കിയാണ് മൂര്‍ത്തികള്‍ക്കു നിറം നല്കുന്നത്.
പലരും കരുതുന്നതുപോലെ പച്ചിലച്ചായങ്ങള്‍ മാത്രമല്ല ചുവര്‍ച്ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനുപയോഗിച്ചിരുന്നത്. മണ്ണില്‍ നിന്നും കുഴിച്ചെടുക്കുന്ന ചുവപ്പും മഞ്ഞയും നിറമുള്ള മണ്‍കട്ടകളും മനയോല, ചായില്യം, തുരിശ് തുടങ്ങിയ രാസവസ്തുക്കളും എണ്ണക്കരി, നീലയമരിയുടെ ചാറ് തുടങ്ങിയ ജൈവജന്യവസ്തുക്കളും ചായങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. കുമ്മായത്തിനു പുറമേ പലതരം പശകളും യോജകമാധ്യമം എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു.
സ്ഥൂലം, മധ്യമം, സൂക്ഷ്മം എന്നിങ്ങനെ മൂന്നു വിധത്തിലുള്ള വര്‍ത്തി (ബ്രഷ്) കളെപ്പറ്റി ശില്പരത്നത്തില്‍ പ്രസ്താവിക്കുന്നുണ്ട്.
പ്രമേയങ്ങള്‍. ത്രിമൂര്‍ത്തികള്‍, കാളി, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ മുഖ്യദേവീദേവന്മാരുടെ രൂപങ്ങളാണ് ചുവര്‍ച്ചിത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്നത്. ധ്യാനങ്ങളെ ആധാരമാക്കിയാണ് ദേവീദേവന്മാരെ വരയ്ക്കുന്നത്. പ്രദോഷനൃത്തം ചെയ്യുന്ന ശിവന്‍, അനന്തശായിയായ വിഷ്ണു, വേട്ട നടത്തുന്ന ശാസ്താവ്, വിഷ്ണുവിന്റെ അവതാരങ്ങള്‍, ശിവഭാവങ്ങള്‍ തുടങ്ങിയവയും ചുവര്‍ച്ചിത്രങ്ങളില്‍ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങളും ചിത്രീകരിക്കാറുണ്ട്. മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍, ചെടികള്‍, പര്‍വതങ്ങള്‍, പുഴകള്‍, കടല്‍ എന്നിവയും കഥാസന്ദര്‍ഭത്തിനനുയോജ്യമായി ആലേഖനം ചെയ്തുകാണുന്നു.
യേശുക്രിസ്തുവിന്റെ ജനനം, അവസാനത്തെ അത്താഴം, ക്രൂശാരോഹണം, ഉയിര്‍ത്തെഴുന്നേല്പ്, മാലാഖമാര്‍, ശ്ലീഹാമാര്‍ തുടങ്ങിയവയാണ് ക്രൈസ്തവദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങളില്‍ പ്രധാനം.
രസം, ഭാവം, ചലനം എന്നിവയ്ക്കാണ് നമ്മുടെ ചുവര്‍ച്ചിത്രകാരന്മാര്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. ഓരോ രൂപത്തിനും ചിത്രത്തിനും ചുറ്റിനും അലങ്കൃതങ്ങളായ രേഖകള്‍ വരയ്ക്കുന്ന രീതി കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളുടെ പ്രത്യേകതയാണ്. ചിത്രങ്ങള്‍ എഴുന്നു നില്ക്കുന്ന പ്രതീതി ഉണ്ടാക്കാന്‍ ഇതു സഹായിക്കുന്നു.
പതിനഞ്ചാം ശതകത്തിനും പതിനാറാം ശതകത്തിനും മധ്യേ കേരളത്തില്‍ രൂപം കൊണ്ട ഭക്തിപ്രസ്ഥാനമാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ ശ്രദ്ധേയമാക്കിയത്.
രൂപപ്പൊലിമയ്ക്കും വര്‍ണഭംഗിക്കും പേരുകേട്ടതാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. രാജസ്ഥാന്‍ കഴിഞ്ഞാല്‍ പുരാതത്വപ്രാധാന്യമുള്ള ചുവര്‍ച്ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നതു കേരളത്തിലാണ്.
വാസ്തുശില്പം
കേരളീയ ദേവാലയങ്ങളുടെ പഠനം ഇവിടത്തെ വാസ്തുശില്പത്തിന്റെ ശൈലീപരിണാമങ്ങള്‍ മനസ്സിലാക്കുവാന്‍ ഒട്ടേറെ സഹായിക്കുന്നു. പ്രകൃതിയുടെ സ്വാഭാവികഘടനയ്ക്ക് അനുപൂരകമായിട്ടാണ് നമ്മുടെ ക്ഷേത്രങ്ങളുടെ വാസ്തുശില്പശൈലി വികാസം പ്രാപിച്ചത്. വളര്‍ച്ചയെത്തിയ ഒരു തെങ്ങിനെക്കാള്‍ പൊക്കമുള്ള മന്ദിരത്തെപ്പറ്റി നമ്മുടെ പൂര്‍വികര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതിനാലാണ് ചോള-പാണ്ഡ്യ സമ്പ്രദായങ്ങളിലുള്ള ഉന്നതഗോപുരങ്ങള്‍ ഇവിടെ ഉണ്ടാകാതിരുന്നത്. വൃത്തം, ചതുരം, ദീര്‍ഘചതുരം, ഗജപൃഷ്ഠം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളിലൊന്നു സ്വീകരിച്ച ശ്രീകോവിലും ചതുരശ്രമായ ഒരു നാലമ്പലവുമാണ് കേരളീയ ക്ഷേത്രങ്ങളുടെ മുഖ്യഘടകങ്ങള്‍. വലിയ ഒരു പടിപ്പുരയെ ഓര്‍മിപ്പിക്കുന്ന ഗോപുരവും മതില്‍ക്കെട്ടും കൂടി പില്ക്കാലത്തു രൂപം കൊണ്ടു. ലാളിത്യത്തില്‍ സൗന്ദര്യം കാണാനുള്ള കേരളീയ മനോഭാവമാണ് വാസ്തുശില്പശൈലിയിലും പ്രതിഫലിച്ചിരിക്കുന്നത്
ചരിത്രം. വാസ്തുശില്പരംഗത്തെ ഒരു പരിവര്‍ത്തനഘട്ടത്തിലാണ് പല്ലവശൈലിയില്‍ പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങള്‍ കേരളത്തില്‍ രൂപം കൊണ്ടത്. മടവൂര്‍പ്പാറ, കോട്ടുകാല്‍, കവിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ സ്ഥിതി ചെയ്യുന്നത്. ഇവയുടെ നിര്‍മാണം 8-ാം ശതകത്തിലോ അതിന് അല്പം മുമ്പോ നടന്നിരിക്കണം.
ആറാം ശ. മുതല്‍ തന്നെ ഘടനാത്മകക്ഷേത്രങ്ങളും (Structural temple) കേരളത്തില്‍ ആവിര്‍ഭവിച്ചിരുന്നു. സമചരുരാകൃതിയിലുള്ള ചെറിയ ഒരു അറയായിരുന്നു ആദ്യകാലത്തെ ശ്രീകോവില്‍. ഇവയ്ക്കു കരിങ്കല്‍പ്പാളികള്‍കൊണ്ടു കെട്ടിയ മേല്‍ക്കൂരകളായിരുന്നു ഉണ്ടായിരുന്നത്.
വിഴിഞ്ഞം ക്ഷേത്രങ്ങള്‍, മലപ്പുറം ജില്ലയിലെ കട്ടില്‍മാടം ക്ഷേത്രം, എറണാകുളം ജില്ലയിലെ മഞ്ഞപ്രക്ഷേത്രം എന്നിവ ആദ്യകാലത്തെ ഘടനാത്മക ക്ഷേത്രങ്ങളെപ്പറ്റി ഒരു ഏകദേശധാരണ നല്കുന്നു. കാലവര്‍ഷത്തെ പ്രതിരോധിക്കാന്‍ കരിങ്കല്‍പ്പാളികള്‍ കൊണ്ടു നിര്‍മിച്ച മേല്‍ക്കൂരകള്‍ മാത്രം പോരെന്നു കണ്ടതോടെ ചെമ്പുപലകകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടുന്ന സമ്പ്രദായം പ്രചരിച്ചു.
മൂന്നുഘട്ടങ്ങള്‍. കേരളക്ഷേത്രങ്ങളുടെ വാസ്തുശില്പകാലത്തെ കെ.വി. സൗന്ദരരാജന്‍ 9-ാം ശ. മുതല്‍ 12-ാം ശ. വരെയുള്ള കാലത്തെ പ്രാരംഭഘട്ടമെന്നും 12-ാം ശ. മുതല്‍ 16-ാം ശ. വരെയുള്ള കാലത്തെ മധ്യഘട്ടം എന്നും 16-ാം ശ. മുതല്‍ 18-ാം ശ.വരെയുള്ള കാലത്തെ പില്ക്കാലഘട്ടമെന്നും മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. കണ്ടിയൂര്‍, തിരുവഞ്ചിക്കുളം, തൃക്കുലശേഖരപുരം, കീഴ്ത്തളി, വാഴപ്പള്ളി, കവിയൂര്‍, വൈക്കം, ഏറ്റുമാനൂര്‍, പന്നിയൂര്‍, ശുകപുരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നു കാണുന്ന അടിത്തറ പ്രാരംഭകാലഘട്ടത്തില്‍ നിര്‍മിച്ചതാണ്.
മധ്യമഘട്ടം. ക്ഷേത്രനിര്‍മാണത്തിനു വളരെ പ്രചാരം ലഭിച്ച ഒരു കാലഘട്ടമാണിത്. അനേകം ക്ഷേത്രങ്ങള്‍ ഇക്കാലത്ത് പുനര്‍നിര്‍മാണത്തിനു വിധേയമായി. ഏറ്റുമാനൂര്‍, വൈക്കം, കവിയൂര്‍, കഴക്കൂട്ടം, കഠിനംകുളം, നാവായിക്കുളം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇക്കാലത്ത് പുനര്‍നിര്‍മാണം നടന്നിരുന്നതായി ശിലാലിഖിതങ്ങളില്‍ നിന്നു മനസ്സിലാക്കാം.
പില്ക്കാലഘട്ടം. തന്ത്രസമുച്ചയം (15-ാം ശ.), ശില്പരത്നം (16-ാം ശ.), മനുഷ്യാലയചന്ദ്രിക (16-ാം ശ.) തുടങ്ങിയ ശില്പകലാഗ്രന്ഥങ്ങളുടെ സ്വാധീനത ഈ കാലഘട്ടത്തിലെ വാസ്തുശില്പങ്ങളില്‍ കാണാനുണ്ട്. നാലമ്പലങ്ങളില്‍ നേരത്തേ ഉണ്ടായിരുന്ന കൂത്തുതറകള്‍ക്കു പകരം പ്രത്യേകം കൂത്തമ്പലങ്ങള്‍ ഇക്കാലത്തു നിര്‍മിച്ചു. ഗോപുരങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. പദ്മനാഭപുരം, കൃഷ്ണപുരം, മട്ടാഞ്ചേരി തുടങ്ങിയ കൊട്ടാരങ്ങള്‍ ഈ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്.
പ്രധാന ക്ഷേത്രങ്ങള്‍. ക്ഷേത്രാരാധനയ്ക്കായി എത്തുന്നവരില്‍ ഏകാഗ്രമായ ഭക്തി സൃഷ്ടിക്കുവാന്‍ സഹായകമാണ് നമ്മുടെ ക്ഷേത്രങ്ങള്‍. കവിയൂര്‍, തിരുവല്ല, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, വൈക്കം, തൃക്കാക്കര, അവിട്ടത്തൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിലെ വട്ടശ്രീകോവിലുകള്‍ ആത്മീയമായ അന്തരീക്ഷം വളര്‍ത്തുന്നതിന് അത്യധികം സഹായിക്കുന്നു. ചോകിരം, പന്നിയൂര്‍, തിരുവഞ്ചിക്കുളം, തൃക്കുലശേഖരപുരം, കീഴ്ത്തളി, തിരുനാവായ, ഇന്ത്യാനൂര്‍, തൃച്ചംബരം എന്നിവിടങ്ങളിലെ ശ്രീകോവിലുകള്‍ക്ക് ഒതുക്കമുള്ള ചതുരാകൃതിയാണുള്ളത്. തൃക്കണ്ടിയൂര്‍, തൃപ്രങ്ങോട്, ശ്രീമദനന്തേശ്വരം, പയ്യന്നൂര്‍, തിരുമണ്ണൂര് തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലുകള്‍ കാണാം. പെരുമനത്തെ ദീപ്രശൈലിയിലുള്ള ശ്രീകോവിലുകള്‍ക്കും അസാധാരണമായ വാസ്തുശില്പഭംഗിയുണ്ട്.
പള്ളികള്‍. വൈദേശിക സ്വാധീനത ഉണ്ടെങ്കില്‍ക്കൂടി ലാളിത്യമായിരുന്നു കേരളത്തിലെ പള്ളികളുടെയും സവിശേഷത. കുടമാളൂര്‍, കല്ലൂപ്പാറ, രാമപുരം (മീനച്ചല്‍), അകപ്പറമ്പ്, കാഞ്ഞൂര്‍, പൂതപ്പള്ളി തുടങ്ങിയ പള്ളികള്‍ പഴമയുടെ ഒതുക്കം നിലനിര്‍ത്തുന്നു. കോട്ടയത്തെ വലിയ പള്ളിയെയും ചെറിയ പള്ളിയെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. വെള്ളത്തുണിയില്‍ ചട്ടയും ഞൊറിവച്ച മുണ്ടും ധരിച്ചിരുന്ന ക്രിസ്തീയ വനിതയുടെ നാടന്‍ഭംഗിയാണ് പള്ളിയുടെ ബാഹ്യവിതാനങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
മുസ്ലിംപള്ളികള്‍. തിരൂരങ്ങാടി, തളങ്കര, പെരിങ്ങത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം ദേവാലയങ്ങള്‍ പഴമയുടെ ഭംഗി ആവാഹിക്കുന്നു. കോഴിക്കോട്ടെ മുച്ചാണ്ടിപ്പള്ളി(മുച്ചിന്തി)യും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വീടുകള്‍. നടുമുറ്റത്തോടുകൂടിയതും അതിനു ചുറ്റുമായി പന്ത്രണ്ടു മുറികള്‍ വരെ ഉള്ളതുമായ നാലുകെട്ടുകളായിരുന്നു കേരളത്തില്‍ സര്‍വസാധാരണയായി കണ്ടിരുന്നത്. രണ്ടു നിലകളിലുള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും പടിപ്പുരമാളിക, പടിഞ്ഞാറ്റിനി തുടങ്ങിയ എടുപ്പുകളോടുകൂടിയ നാലുകെട്ടുകളും പിന്നീടു പ്രചാരത്തില്‍ വന്നവയാണ്.
പ്രധാനപ്പെട്ട കൊട്ടാരങ്ങളിലെയും ദേവാലയങ്ങളിലെയും ചിത്ര-ശില്പകലകള്‍
ചുവര്‍ച്ചിത്രങ്ങള്‍. കാന്തളൂര്‍ (തിരുവനന്തപുരം ജില്ല), പിഷാരിക്കാവ്, കളിയാമ്പള്ളി (കോഴിക്കോട്) എന്നിവിടങ്ങളിലെ ചുവര്‍ച്ചിത്രങ്ങളാണ് ഇന്ന് അവശേഷിക്കുന്ന ചിത്രങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ. മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണചിത്രങ്ങള്‍; പള്ളിമണ്ണ, ചെമ്മന്‍തിട്ട, തൃച്ചക്രപുരം (തൃശൂര്‍), കുടമാളൂര്‍ (കോട്ടയം), പനയന്നാര്‍ കാവ് (പത്തനംതിട്ട), തൊടീക്കളം (കണ്ണൂര്‍) തുടങ്ങിയ ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ എന്നിവ മധ്യകാല കേരളീയ ചിത്രകലയിലെ രണ്ടാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. മട്ടാഞ്ചേരിക്കൊട്ടാരത്തിലെ കീഴ്ത്തളത്തിലുള്ള ചിത്രങ്ങള്‍; കൃഷ്ണപുരത്തെയും പദ്മനാഭപുരത്തെയും കൊട്ടാരചിത്രങ്ങള്‍; പുണ്ഡരീകപുരം (കോട്ടയം), കോട്ടയ്ക്കല്‍(മലപ്പുറം) എന്നീ ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ എന്നിവ മധ്യകാല കേരളീയ ചിത്രകലയുടെ മൂന്നാം ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.
കാഞ്ഞൂര്‍, അകപ്പറമ്പ്, അങ്കമാലി (എറണാകുളം), താഴത്തങ്ങാടി (കോട്ടയം), തിരുവല്ല പാലിയേക്കര (പത്തനംതിട്ട), ചേപ്പാട് (ആലപ്പുഴ) എന്നിവിടങ്ങളിലെ പഴയ ക്രൈസ്തവദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ അഴകാര്‍ന്നവയാണ്.
ഗോവര്‍ധനം കുടയായി പിടിച്ചുനില്ക്കുന്ന ശ്രീകൃഷ്ണന്‍, ഗോപികമാരാല്‍ ലാളിക്കപ്പെടുന്ന മദനഗോപാലകൃഷ്ണന്‍, ഗിരിജാകല്യാണം തുടങ്ങിയവയാണ് മട്ടാഞ്ചേരിക്കൊട്ടാരത്തിലെ കീഴ്ത്തളങ്ങളിലെ പ്രധാന ചിത്രങ്ങള്‍. കേരളത്തിലെ വലുപ്പമുള്ള ചുവര്‍ച്ചിത്രങ്ങളിലൊന്നാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം (നോ: കൃഷ്ണപുരം). രാമരാവണയുദ്ധം, സീതാരാമന്മാരുടെ പുനഃസമാഗമം തുടങ്ങിയവ പനയന്നാര്‍ കാവിലെ പ്രസിദ്ധ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. വേട്ട നടത്തുന്ന ശാസ്താവ്, മഹിഷദര്‍ശനം നടത്തുന്ന ദുര്‍ഗ, യക്ഷി തുടങ്ങിയവയാണ് പുണ്ഡരീകപുരം ക്ഷേത്രത്തിലെ ഗണനീയങ്ങളായ ചിത്രങ്ങള്‍. ചലനത്തിനായി കാത്തിരിക്കുന്ന മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണപോലെ അതിമനോഹരമാണ് ഏറ്റുമാനൂരെ നടരാജചിത്രം. മരച്ചുവട്ടില്‍നിന്നു ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍, ഭൂവരാഹമൂര്‍ത്തി, നൃത്തം ചെയ്യുന്ന വിഷ്ണുമായയും ശിവനും, ഗരുഡശക്തി തുടങ്ങിയ കോട്ടയ്ക്കലെ ചിത്രങ്ങള്‍ ലോകപ്രശസ്തങ്ങളായ ചുവര്‍ച്ചിത്രങ്ങളോടൊപ്പം പരിഗണിക്കാവുന്നവയാണ്.
ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ പ്രതിരോധിക്കുന്ന നാട്ടുകാരുടെയും ഇംഗ്ലീഷുകാരുടെയും സംയുക്ത സൈന്യത്തിന്റെ ചിത്രങ്ങള്‍ കാഞ്ഞൂര്‍പ്പള്ളിയില്‍ കാണാം. ഇപ്പോള്‍ കാണുന്ന ചിത്രങ്ങള്‍ പഴയ ചിത്രങ്ങളുടെ പുനരാലേഖനങ്ങളാണ്. അകപ്പറമ്പ് പള്ളിയിലെയും താഴത്തങ്ങാടി പള്ളിയിലെയും ചുവര്‍ച്ചിത്രങ്ങളില്‍ക്കാണുന്ന വര്‍ണങ്ങളുടെ മേളനം അതീവ ശ്രദ്ധേയമാണ്.
ദാരുശില്പങ്ങള്‍. കേരളത്തിലെ ദേവാലയങ്ങളുടെയും മനുഷ്യാലയങ്ങളുടെയും ചുവരുകള്‍ പഴയകാലത്ത് മരത്തിലാണ് നിര്‍മിച്ചിരുന്നത്. ആണ്ടില്‍ രണ്ടു തവണ പെയ്യുന്ന കാലവര്‍ഷങ്ങളും വളക്കൂറുള്ള മണ്ണും ചെറുതും വലുതുമായ പുഴകളും മരത്തെ നമ്മുടെ മുഖ്യ മന്ദിരനിര്‍മാണവസ്തുവാക്കുന്നതിനു സഹായിച്ചിട്ടുണ്ട്. തേക്ക്, ആഞ്ഞിലി (അയിനിപ്ലാവ്), പ്ലാവ്, ഈട്ടി (വീട്ടി), ചീലാന്തി, ചന്ദനം, കരിന്താളി, അകില്‍ തുടങ്ങിയ മരങ്ങള്‍ ഭിത്തികളുടെയും മറ്റും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു.
മരത്തില്‍ നിര്‍മിക്കുന്ന ഭിത്തികള്‍ക്കും മച്ചുകള്‍ക്കും തൂണുകള്‍ക്കും ഉത്തരങ്ങള്‍ക്കും പ്രരൂപങ്ങള്‍ (ഡിസൈനുകള്‍) കൊടുത്തു മോടി പിടിപ്പിക്കുന്ന സമ്പ്രദായം വളരെ പണ്ടു മുതലേ ഇവിടെ പ്രചാരത്തില്‍ വന്നിരുന്നു.
ആദ്യകാലത്തെ നമ്മുടെ ആരാധനാവിഗ്രഹങ്ങള്‍ പ്ലാവില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു. കേരളത്തിലെ രൂപനിര്‍മാണ വിധേയകലകളില്‍ (Plastic arts) വച്ച് സ്വതന്ത്രമായ വ്യക്തിത്വം ആദ്യമായി നേടിയെടുത്തത് ദാരുശില്പങ്ങളാണ്. ചുവര്‍ച്ചിത്രങ്ങള്‍, ലോഹവിഗ്രഹങ്ങള്‍ തുടങ്ങിയ ഇതര കേരളീയ കലാരൂപങ്ങള്‍ ദാരുശില്പങ്ങളുടെ ശൈലിയെയാണ് പിന്തുടരുന്നത്.
കേരളത്തിലെ പ്രശസ്തമായ ദാരുശില്പ പാരമ്പര്യത്തിന്റെ അനുക്രമചരിത്രം തയ്യാറാക്കുക അത്ര എളുപ്പമല്ല. വാതില്‍പ്പലകകള്‍, കട്ടിളകള്‍, വണ്ടിച്ചക്രങ്ങള്‍, കാവടിത്തട്ടുകള്‍, ഭസ്മക്കുട്ടകള്‍, നെട്ടൂര്‍ പെട്ടികള്‍ എന്നിവയില്‍ കാണുന്ന പ്രരൂപങ്ങള്‍ ആദ്യകാല ദാരുശില്പശൈലികളുടെ തുടര്‍ച്ചകളാണ്.
കുലശേഖര ആഴ്വാര്‍, ചേരമാന്‍ പെരുമാള്‍ നായനാര്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലേക്കു വ്യാപിച്ച ഭക്തിപ്രസ്ഥാനത്തിന്റെ കാലത്താവണം നമ്മുടെ ദാരുശില്പങ്ങള്‍ക്കു പ്രത്യേക മിഴിവും സാര്‍ഥകതയും കൈവന്നത്.
കേരളത്തിലെ അവശേഷിക്കുന്ന ദാരുശില്പങ്ങളില്‍ വച്ച് പ്രാചീനം കഠിനംകുളം (തിരുവനന്തപുരം ജില്ല) മഹാദേവക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ കൊത്തിയിട്ടുള്ള അഷ്ടദിക്പാലകന്മാരുടെയും ബ്രഹ്മാവിന്റെയും അര്‍ധോദ്യതശില്പങ്ങള്‍ ആണെന്ന് തിരുവിതാംകൂറിലെ പുരാതത്വവകുപ്പ് മേധാവിയായ ആര്‍. വാസുദേവപ്പൊതുവാള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത ക്ഷേത്രത്തിലെ അധിഷ്ഠാനഭാഗത്തു കാണുന്ന വട്ടെഴുത്തുലിഖിതത്തില്‍ നിന്ന് ക്ഷേത്രത്തിന്റെ നിര്‍മാണകാലം 1214 ആണെന്നു കരുതിയാണ് ഈ ശില്പങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലേതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ മതിലകത്തു സ്ഥിതി ചെയ്യുന്ന തിരുവാമ്പാടി ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ 14-ാം ശതകത്തിലേതാണെന്നും കഴക്കൂട്ടം ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ 15-ാം ശതകത്തിലേതാണെന്നും അതതു ക്ഷേത്രങ്ങളിലെ ചില ലിഖിതങ്ങളെ മുന്‍നിര്‍ത്തി പൊതുവാള്‍ കരുതുന്നു.
ക്ഷേത്രനവീകരണത്തെ സംബന്ധിക്കുന്ന ലിഖിതങ്ങളെ മുന്‍നിര്‍ത്തി ദാരുശില്പത്തിന്റെ കാലഗണന നിര്‍വഹിക്കുന്നതു ശാസ്ത്രീയമായിക്കൊള്ളണമെന്നില്ല. ശൈലീസവിശേഷതകളെ ആധാരമാക്കിയാല്‍ കഠിനംകുളത്തെ ദാരുശില്പങ്ങള്‍ 17-ാം ശതകത്തിലോ 18-ാം ശതകത്തിലോ നിര്‍മിക്കപ്പെട്ടവയാണെന്നു പറയേണ്ടിവരും.
മലപ്പുറം ജില്ലയിലെ ഇന്ത്യാനൂര്‍ക്ഷേത്രത്തില്‍ പൂജാവിഗ്രഹങ്ങളായി ആരാധിക്കപ്പെട്ടിരുന്നതും ഏതാണ്ട് ആള്‍വലുപ്പമുള്ളതുമായ സോമസ്കന്ദസങ്കല്പത്തിലുള്ള (മഹേശ്വരന്‍, ഉമ, സ്കന്ദന്‍) ദാരവപ്രതിമകളാണ് അറിവില്‍പ്പെട്ടിടത്തോളം പഴക്കം ചെന്ന ശില്പങ്ങള്‍.
പ്രമേയങ്ങള്‍.അഷ്ടദിക്പാലകന്മാര്‍, ദ്വാരപാലകന്മാര്‍, ദേവീദേവന്മാര്‍, പുരാണേതിഹാസഗ്രന്ഥങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങള്‍ എന്നിവയാണ് കേരളീയക്ഷേത്രങ്ങളില്‍ കാണുന്ന ദാരുശില്പങ്ങളുടെ മുഖ്യപ്രമേയങ്ങള്‍. ചാത്തന്‍കുളങ്ങര, കവിയൂര്‍, പൂവപ്പുഴ (പത്തനംതിട്ട), ചുനക്കര, കുട്ടംപേരൂര്‍, ചെട്ടികുളങ്ങര, ചേര്‍ത്തല, തുറവൂര്‍ (ആലപ്പുഴ), ചിറക്കടവ്, വാഴപ്പള്ളി, ഏറ്റുമാനൂര്‍, ഉദയനാപുരം, ടി.വി.പുരം (കോട്ടയം), വടക്കുന്നാഥക്ഷേത്രം, കടവല്ലൂര്‍, പെരുവനം (തൃശൂര്‍), തിരുവാലത്തൂര്‍ (പാലക്കാട്), പൊന്‍മേരി ശിവക്ഷേത്രം (കോഴിക്കോട്), മടിയന്‍കുളം, ചെറുകുന്ന്, ചിറയ്ക്കല്‍, തിരുവങ്ങാട്, കോട്ടയം (കണ്ണൂര്‍) തുടങ്ങിയ ക്ഷേത്രങ്ങളിലാണ് കേരളത്തിലെ മികച്ച ദാരുശില്പ മാതൃകകള്‍ ഉള്ളത്. പദ്മനാഭപുരം കൊട്ടാരത്തിലെ തായ്കൊട്ടാരത്തില്‍ കാണുന്ന ചിത്രത്തൂണുകള്‍ക്കും മട്ടാഞ്ചേരിക്കൊട്ടാരത്തിലെ പൂമച്ചുകള്‍ക്കും അപൂര്‍വഭംഗിയുണ്ട്.
കിടങ്ങൂര്‍, ആര്‍പ്പൂക്കര, ഹരിപ്പാട്, പെരുവനം, തിരുവേഗപ്പുറ, മൂഴിക്കുളം, തൃശൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ കാണുന്ന ചിത്രത്തൂണുകളും സര്‍പ്പിളങ്ങളായ ഉത്തരങ്ങളും പ്രസ്താവ്യങ്ങളാണ്. മനുഷ്യസ്വഭാവത്തിന്റെ വിഭിന്നതകളെ അതിവിദഗ്ധമായി അവതരിപ്പിക്കുന്ന കൂടിയാട്ടത്തിലേക്കുള്ള പ്രതീകാത്മകമായ 'നാന്ദി'യാണ് സര്‍പ്പിളാകൃതിയോടുകൂടിയ കൂത്തമ്പലങ്ങളിലെ ഉത്തരങ്ങള്‍.
ഒല്ലൂര്‍, കാഞ്ഞൂര്‍, കോതമംഗലം, കുരട്ടി, മുളന്തുരുത്തി തുടങ്ങിയ പള്ളികളിലെ ദാരുശില്പങ്ങള്‍ പ്രസിദ്ധങ്ങളാണ്. കാഞ്ഞൂര്‍ പ്പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസീസിന്റെയും ഒല്ലൂര്‍ പള്ളിയിലെ സെന്റ് അഗസ്റ്റീന്റെയും കുരട്ടിയിലെ കന്യാമറിയത്തിന്റെയും പ്രതിമകള്‍ അതിമനോഹരം തന്നെ. രക്തസാക്ഷിത്വത്തിന്റെ ധീരമായ ഏറ്റുവാങ്ങല്‍ വിശുദ്ധസെബാസ്ത്യാനോസീസിന്റെ മുഖത്തു സ്ഫുരിക്കുന്നുണ്ട്. മുളന്തുരുത്തി പള്ളിയിലെ ദാരുശില്പങ്ങളില്‍ വച്ച് ഏറ്റവും മനോഹരം ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ആവിഷ്കരണമുള്ള ശില്പമാണ്. വിങ്ങിപ്പൊട്ടലിനു മുമ്പിലുള്ള നിശ്ശബ്ദതയെ ഈ ശില്പം അഭിവ്യഞ്ജിപ്പിക്കുന്നു.
കാസര്‍കോട്ട് തളങ്കരപ്പള്ളി, മാഹിക്കടുത്തുള്ള പെരിങ്ങത്തൂര്‍പ്പള്ളി, കോഴിക്കോട്ട് മുച്ചാണ്ടിപ്പള്ളി, മലപ്പുറത്ത് തിരൂരങ്ങാടിപ്പള്ളി തുടങ്ങിയ ഇസ്ലാം ദേവാലയങ്ങളില്‍ കമനീയങ്ങളായ ദാരുശില്പങ്ങള്‍ കാണാനുണ്ട്.
തിരുവനന്തപുരം മ്യൂസിയത്തിലും കേരളീയ ദാരുശില്പങ്ങളുടെ മികച്ച ചില മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മഹിഷാസുരമര്‍ദിനി, ബ്രഹ്മാവ് തുടങ്ങിയ ദാരുശില്പങ്ങള്‍ ഇവിടത്തെ പ്രദര്‍ശന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
മദ്ബഹയിലെ റത്താള്‍, ചെറിയ അള്‍ത്താരകള്‍, പുഷ്പം (പ്രസംഗപീഠം), മരമച്ചുകള്‍ എന്നിവിടങ്ങളിലായാണ് പഴയ ക്രൈസ്തവ ദേവാലയങ്ങളിലെ ദാരുശില്പങ്ങള്‍ കാണുന്നത്. യേശുക്രിസ്തു, വിശുദ്ധമറിയം, വിശുദ്ധജോസഫ്, വിശുദ്ധ ഗീവര്‍ഗീസ്, വിശുദ്ധ സെബാസ്ത്യാനോസീസ്, ശ്ലീഹന്മാര്‍ തുടങ്ങിയവരുടെ ദാരുപ്രതിമകളും അനേകം ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ട്.
മരമച്ചുകള്‍, കോവണികള്‍, തൂണുകള്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലായാണ് ഇസ്ലാം ദേവാലയങ്ങളിലെ ദാരുശില്പങ്ങള്‍ കാണുന്നത്. മനുഷ്യരൂപങ്ങളോ ജന്തുരൂപങ്ങളോ കൊത്തിവയ്ക്കുന്നത് ഇസ്ലാം ദേവാലയങ്ങളില്‍ നിഷിദ്ധമാണ്.
ബ്രഹ്മാവിന് ചുറ്റുമായി അഷ്ടദിക്പാലകന്മാരെ കൊത്തിവയ്ക്കുന്ന സമ്പ്രദായം ഗംഗന്മാരില്‍ നിന്നാണത്രേ കേരളീയര്‍ സ്വീകരിച്ചത്. ഹോയ്സാലന്മാരില്‍ നിന്ന് സ്വീകരിച്ച 'നാഗദന്ത'ങ്ങളും (ബ്രാക്കറ്റുകള്‍) ദാരുശില്പങ്ങളുടെ പ്രദര്‍ശന സ്ഥാനങ്ങളാണ്. കേരളത്തിലെ പെരുന്തച്ചന്മാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പ്രമേയം രാമായണത്തിലെ നാടകീയ മുഹൂര്‍ത്തങ്ങളാണ്. ശ്രീരാമന്റെ ജനനം മുതല്‍ അഭിഷേകം വരെയുള്ള സന്ദര്‍ഭങ്ങളാണ് പ്രധാനമായും നമ്മുടെ ശില്പികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഉത്തരരാമായണം ഒരിടത്തും ചിത്രീകരിച്ചു കണ്ടിട്ടില്ല. ചിത്രത്തൂണുകളും ത്രികോണമുഖപ്പുകളും (ഗാബിള്‍) ദാരുശില്പവൈചിത്യ്രങ്ങളെ അവതരിപ്പിക്കുന്നു. ലാളിത്യത്തില്‍ ഊന്നിനിന്നിരുന്ന നമ്മുടെ സ്ഥാപത്യകലയ്ക്ക് ഗാംഭീര്യവും ചൈതന്യവും നല്‍കുവാന്‍ ഇവിടത്തെ ദാരുശില്പങ്ങള്‍ക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.
കരിങ്കല്‍ ശില്പങ്ങള്‍. വൈക്കം (കോട്ടയം), വലിയശാല, പദ്മനാഭസ്വാമിക്ഷേത്രം, വര്‍ക്കല (തിരുവനന്തപുരം) തുടങ്ങിയ ദേവാലയങ്ങളില്‍ കാണുന്ന ദീപലക്ഷ്മിമാരുടെ കരിങ്കല്‍ ശില്പങ്ങള്‍ക്ക് നായ്ക്ശൈലിയോടാണ് സാമ്യം. കണ്ടിയൂര്‍ (ആലപ്പുഴ) ക്ഷേത്രത്തിലാണ് കേരളീയ ശൈലിയുള്ള കരിങ്കല്‍ ശില്പങ്ങള്‍ ധാരാളമായി കാണുന്നത്.
ഇപ്പോള്‍ കന്യാകുമാരി ജില്ലയിലുള്ള ശുചീന്ദ്രം, തിരുവട്ടാര്‍, കേരളപുരം തുടങ്ങിയ ക്ഷേത്രങ്ങളിലും തിരുനെല്‍വേലിയിലുള്ള തിരുകുറുംകുടി ക്ഷേത്രത്തിലും കേരളീയ ശൈലിയിലുള്ള കരിങ്കല്‍ ശില്പങ്ങള്‍ കാണാം.
ത്രിവിക്രമമംഗലം, ചെങ്ങന്നൂര്‍, തൃക്കൊടിത്താനം, കണ്ടിയൂര്‍, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, തൃക്കുലശേഖരപുരം, കോഴിക്കോട് തളി ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലെ സോപാനഭി ത്തികളിലെ അര്‍ധോദ്യത (Half relief) ശില്പങ്ങള്‍ക്കും എടുത്തുപറയത്തക്ക സവിശേഷതയുണ്ട്. ചെങ്ങന്നൂര്‍ പള്ളിയിലെ കരിങ്കല്‍പ്പണികള്‍ക്ക് പ്രത്യേക ഭംഗിയുണ്ട്. ചങ്ങനാശ്ശേരി, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിലെ കല്‍ക്കുരിശുകളുടെ പീഠങ്ങളിലും അഴകാര്‍ന്ന അര്‍ധോദ്യതശില്പങ്ങള്‍ കാണാം.
തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പ്രശസ്തങ്ങളായ കരിങ്കല്‍ ശില്പങ്ങളോട് കേരളത്തിലെ കരിങ്കല്‍ ശില്പങ്ങള്‍ക്ക് മത്സരിക്കാനാവുകയില്ല. അടിച്ചാല്‍ പെട്ടെന്ന് ഉടഞ്ഞു പോകാത്തതും ഉരുപ്പടിയാക്കാന്‍ വകതരുന്നതുമായ കരിങ്കല്ലുകള്‍ ഇവിടെ സുലഭമല്ലാത്തതാകാം പ്രധാന കാരണം. ദാരുശില്പങ്ങള്‍ക്കും ചുവര്‍ച്ചിത്രങ്ങള്‍ക്കും മുന്‍ഗണന കൊടുത്ത കേരളത്തിലെ സ്ഥാപത്യകലയുടെ സവിശേഷതകളും മറ്റൊരു കാരണമായിരുന്നിരിക്കാം.
എടയ്ക്കല്‍, പെരുങ്കടവിള, തെന്മല തുടങ്ങിയ സ്ഥലങ്ങളില്‍ ശിലായുഗമനുഷ്യര്‍ പാറ തുരന്നു വരച്ച ശിലാചിത്ര ങ്ങളില്‍ നിന്നാണ് നമ്മുടെ കരിങ്കല്‍ ശില്പങ്ങളുടെ പാരമ്പര്യം ആരംഭിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രാചീനങ്ങളായ വിഗ്രഹങ്ങള്‍ നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആകാനാണ് സാധ്യത. ഇരു കൈകളിലും സര്‍പ്പങ്ങള്‍ വഹിച്ചോ അഭയവരദമുദ്രകളോടുകൂടിയോ നില്‍ക്കുന്ന നാഗയക്ഷിയുടെയും അഭയവരദമുദ്രകളോടുകൂടി ഇരിക്കുന്ന നാഗരാജാക്കന്മാരുടെയും വിഗ്രഹങ്ങള്‍ സര്‍പ്പക്കാവുകളില്‍ സര്‍വസാധാരണമാണ്.
കവിയൂര്‍, ഇരുനിലംകോട്, മടവൂര്‍പ്പാറ, വിഴിഞ്ഞം തുടങ്ങിയ ഗൂഹാക്ഷേത്രങ്ങളിലാണ് കേരളത്തിലെ പ്രാചീനശില്പങ്ങളില്‍ ചിലത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് ആള്‍ വലുപ്പമുള്ള രണ്ടു ദ്വാരകപാലകവിഗ്രഹങ്ങള്‍ കവിയൂര്‍ ഗുഹാക്ഷേത്രത്തില്‍ കാണാം. കൈകെട്ടി നില്ക്കുന്ന ദ്വാരപാലകന്‍ കരിങ്കല്ലില്‍ കടഞ്ഞെടുത്ത പൗരുഷമൂര്‍ത്തിയാണ്. പുതുക്കോട്ടയിലെ കുന്നാണ്ടാര്‍ കോവിലിലെ പല്ലവകാലഘട്ടത്തെ ദ്വാരപാലകനോട് ഈ ശില്പത്തിന് സാമ്യമുണ്ടെന്ന് പ്രശസ്ത കലാനിരൂപികയായ സ്റ്റെല്ലാക്രാംറിഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 8-ാം ശതകത്തിലോ അതിന് അല്പം മുമ്പോ നിര്‍മിച്ചതാവണം ഈ ശില്പം.
നീണ്ട ഒരു ഗദയില്‍ കൈയൂന്നി നില്ക്കുന്ന രണ്ടാമത്തെ ദ്വാരപാലകനും കഞ്ചാവുകുടുക്കയുമായി നില്ക്കുന്ന താടിക്കാരന്‍ സന്ന്യാസിയും ഗണപതിയും കവിയൂരിലെ ശിലാശില്പങ്ങളില്‍ സ്ഥാനം പിടിക്കുന്നു. പില്ക്കാലത്തെ ദ്വാരപാലകന്മാര്‍ക്കുള്ള അലങ്കാരങ്ങളോ യജ്ഞോപവീതമോ കവിയൂരെ ദ്വാരപാലകന്മാര്‍ക്ക് കാണാനില്ല. ഹനുമാന്‍, നന്ദി തുടങ്ങിയവയാണ് കോട്ടുകാല്‍ ഗുഹാക്ഷേത്രത്തിലെ കരിങ്കല്‍ പ്രതിമകള്‍. ഷൊര്‍ണൂരില്‍ നിന്ന് 19 കി.മീ. അകലെയുള്ള ഇരുനിലംകോടു ഗുഹാക്ഷേത്രത്തിലെ അര്‍ധോദ്യതശില്പവും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു.
ശാക്തേയമതവുമായി ബന്ധപ്പെടുന്ന സപ്തമാതാക്കളുടെ കരിങ്കല്‍ വിഗ്രഹങ്ങള്‍ക്കും വളരെക്കൂടുതല്‍ പഴക്കമുണ്ട്. ഒരൊറ്റ ശിലാപാളിയില്‍ സപ്തമാതാക്കളെ പരുക്കനായി കൊത്തി എടുക്കുകയായിരുന്നു ആദ്യകാലരീതി. തിരുവനന്തപുരത്തെ കരകുളത്ത് ആദ്യമാതൃകയിലുള്ള ഒരു സപ്തമാതൃവിഗ്രഹം കാണാം. കൊടുങ്ങല്ലൂരില്‍ വസൂരിമാലയായി ആരാധിച്ചുവരുന്ന കരിങ്കല്‍ വിഗ്രഹം സപ്തമാതാക്കളില്‍പ്പെട്ട ചാമുണ്ഡിയുടേതാണ്. ചുരുങ്ങിയത് 8-ാം ശതകത്തിലെങ്കിലും നിര്‍മിക്കപ്പെട്ടതാവണം ഈ വിഗ്രഹം.
ഗണപതി, വീരഭദ്രന്‍ എന്നീ വിഗ്രഹങ്ങളോടൊപ്പമാണ് സപ്തമാതാക്കളുടെ വിഗ്രഹങ്ങള്‍ പില്ക്കാലത്ത് കാണപ്പെട്ടിരുന്നത്. കോട്ടയം തളിക്ഷേത്രത്തിലെയും നീറമണ്‍കര, വിഴിഞ്ഞം എന്നീ ക്ഷേത്രങ്ങളിലെയും മതിലകത്തായി ചിതറിക്കിടക്കുന്ന സപ്തമാതൃവിഗ്രഹങ്ങള്‍ക്കും തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കീഴ്ത്തളിക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ക്കും വളരെ പഴക്കമുണ്ട്. രൂപഭംഗി കൊണ്ട് ഏറ്റവും ശ്രദ്ധേയമായ സപ്തമാതൃവിഗ്രഹങ്ങള്‍ തിരുവല്ലയ്ക്കടുത്ത് തൃക്കപാലീശ്വരം ക്ഷേത്രത്തില്‍ കാണാം.
ലോഹവിഗ്രഹങ്ങള്‍
ചോഴവിഗ്രഹങ്ങള്‍ക്കുള്ള ലോക പ്രശസ്തി ലഭിച്ചിട്ടില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്നവയാണ് കേരളത്തിലെ ലോഹവിഗ്രഹങ്ങള്‍.
ആദ്യകാലത്തെ ലോഹവിഗ്രഹങ്ങള്‍ക്ക് പല്ലവശൈലിയോടായിരുന്നു സാമ്യം. പില്ക്കാലലോഹവിഗ്രഹങ്ങളില്‍ ചിലതിന് ഹോയ്സാല ശില്പങ്ങളോട് നേരിയ സാമ്യം കാണുന്നുണ്ട്. ഹോയ്സാല ശില്പങ്ങളോടുള്ളതിനെക്കാള്‍ കേരളത്തിലെ ദാരുശില്പങ്ങളോടാണ് ഇവിടത്തെ ലോഹവിഗ്രഹങ്ങള്‍ക്ക് അടുപ്പം. ദാരുശില്പങ്ങളെപ്പോലെ അത്യധികം അലങ്കൃതവും ശൈലീകൃതവും ആണ് നമ്മുടെ ലോഹവിഗ്രഹങ്ങള്‍.
ചെമ്പും ഈയവും കലര്‍ത്തി ഓടില്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ കേരളത്തില്‍ പരക്കേ കാണാം. 80 ശ.മാ. ചെമ്പും 8 ശ.മാ. ഈയ വും 4 ശ.മാ. വെള്ളിയും ഒരു ശ.മാ. സ്വര്‍ണവും ചെറിയ അളവില്‍ ഇരുമ്പും ചേര്‍ത്ത് നിര്‍മിക്കുന്ന പഞ്ചലോഹവിഗ്രഹങ്ങള്‍ക്ക് കുറേക്കൂടി പ്രചാരമുണ്ട്. വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മിച്ച വിഗ്രഹങ്ങളും കേരളത്തില്‍ അവിടവിടെയായി കാണാം. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രവിഗ്രഹങ്ങള്‍ ലോഹങ്ങളില്‍ നിര്‍മിച്ചവയായിരിക്കും.
ആവശ്യം കഴിഞ്ഞാല്‍ മെഴുക് ഉരുക്കി നഷ്ടപ്പെടുത്തുന്ന (ലോസ്റ്റ് വാക്സ്) രീതിയിലാണ് നമ്മുടെ മൂശാരിമാര്‍ ലോഹവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്.
എട്ടാം ശതകത്തോടുകൂടി ലോഹവിഗ്രഹങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ പ്രാധാന്യം ലഭിച്ചു. 8-ാം ശതകത്തിലോ 9-ാം ശതകത്തിലോ നിര്‍മിച്ചതാകാന്‍ ഇടയുള്ള അതിമനോഹരമായ ഒരു ലോഹവിഗ്രഹം തിരുവനന്തപുരത്തെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
അമ്പത്തേഴു സെ. മീ. ഉയരമുള്ള ഈ വിഷ്ണുവിഗ്രഹം ഹാരം, കുണ്ഡലം, കേയൂരം, കങ്കണങ്ങള്‍, യജ്ഞോപവീതം, കടിവസ്ത്രം തുടങ്ങിയവ അണിഞ്ഞുനില്ക്കുന്നു. ചതുര്‍ബാഹുവായ വിഗ്രഹത്തിന്റെ മൂന്നു കൈപ്പത്തികളും മുറിഞ്ഞുപോയി. അവശേഷിച്ച ഇടത്തെ കൈപ്പത്തി കടിബന്ധത്തെ സ്പര്‍ശിക്കുന്നു. അനുഗ്രഹമൂര്‍ത്തിയുടെ സൗമ്യഭാവമാണ് മഹാവിഷ്ണുവിന്റെ കണ്ണുകളില്‍ സ്ഫുരിക്കുന്നത്. സൂക്ഷ്മദൃഷ്ടിയുടെ പ്രതീതി ജനിപ്പിക്കത്തക്കവണ്ണം കൃഷ്ണമണികളുടെ സ്ഥാനം ചുവന്ന പളുങ്കുകളാലും ശേഷിച്ച ഭാഗം സ്വര്‍ണത്താലും അലങ്കരിച്ചിരിക്കുന്നു. ഏതാണ്ട് ഇതേകാലത്ത് നിര്‍മിച്ച മറ്റൊരു വിഷ്ണുവിഗ്രഹം കൂടി തിരുവനന്തപുരം മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
കുറേക്കൂടി പഴക്കമുള്ള, എന്നാല്‍ കൃത്യമായി കാലഗണന നടത്താന്‍ പ്രയാസമുള്ള ഒരു ലോഹവിഗ്രഹം നീലമ്പേരൂര്‍ ക്ഷേത്രത്തിലെ സൂക്ഷിപ്പില്‍ ഉണ്ട്. ക്ഷേത്രമുറ്റത്ത് നിന്നു ലഭിച്ച ഈ വിഗ്രഹം പള്ളിവാണപെരുമാളിന്റേതാണെന്നും 4-ാം ശതകത്തില്‍ നിര്‍മിച്ചതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇരുകൈകളിലും നീണ്ട രണ്ടു ദണ്ഡുകളും പിടിച്ച് കുരിശൂരൂപത്തോടുകൂടിയ പതക്കം രുദ്രാക്ഷമാലയില്‍ അല്ലെങ്കില്‍ കൊന്തയില്‍ അണിഞ്ഞു നില്ക്കുന്ന ഈ പ്രതിമയ്ക്കു 19 സെ.മീ. ഉയരമുണ്ട്. രാജോചിതമായ കടിവസ്ത്രമാണ് ഈ പിന്‍കുടുമക്കാരന്‍ ധരിച്ചിരിക്കുന്നത്.
പന്ത്രാണ്ടാം ശതകത്തില്‍ നിര്‍മിച്ച പാര്‍ശ്വനാഥന്റെയും മഹാവീരന്റെയും നില്ക്കുന്ന രൂപത്തിലുള്ള രണ്ടു പ്രതിമകള്‍ മഞ്ചേശ്വരത്തുണ്ട്.
തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചതുര്‍ബാഹുവായ വൈഷ്ണവദുര്‍ഗയുടെ (വിഷ്ണുമായയായി ചിലര്‍ തെറ്റിദ്ധരിക്കുന്നു) രണ്ടു വിഗ്രഹങ്ങള്‍ മധ്യകാലലോഹവിഗ്രഹശൈലിയെ പ്രതിനിധാനം ചെയ്യുന്നു. കിരീടം, കുണ്ഡലം, കേയൂരം, കങ്കണം, നൂപുരം, കുചബന്ധം എന്നിവ അണിഞ്ഞുനില്ക്കുന്ന ഈ വൈഷ്ണവദുര്‍ഗ പ്രശാന്തഗംഭീരയാണ് (16-ാം ശ.). വേഷഭൂഷാദികളില്‍ കാണുന്ന ധാരാളിത്തവും അവയുടെ വിശദാംശങ്ങളില്‍ ദീക്ഷിച്ചിട്ടുള്ള അതീവ ശ്രദ്ധയുമാണ് ഈ വിഗ്രഹത്തിന്റെ പ്രത്യേകത. ഈ മ്യൂസിയത്തിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിന്നുള്ള ദ്വാരപാലകവിഗ്രഹങ്ങള്‍ മധ്യകാലത്ത് കേരളീയ ലോഹവിഗ്രഹങ്ങള്‍ നേടിയിരുന്ന ഔന്നത്യം വ്യക്തമാക്കുന്നു. ഉടഞ്ഞ ഈ ദ്വാരപാലകവിഗ്രഹങ്ങളെ ശ്രദ്ധേയമാക്കുന്നത് അലങ്കാരങ്ങളിലെ ധാരാളിത്തവും മുഖഭാവങ്ങളിലെ തീക്ഷ്ണതയും ആണ്.
നിര്‍മാണ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്ന, ശാസ്താവിന്റെ രണ്ട് വിഗ്രഹങ്ങള്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ കാണാം. ഇതിലൊന്ന് 18-ാം ശതകത്തില്‍ നിര്‍മിച്ച ഓട്ടു പ്രതിമയും മറ്റൊന്ന് ദാരവപ്രതിമയില്‍ വെള്ളിത്തകിട് ചേര്‍ത്ത് പിടിപ്പിച്ച് 19-ാം ശതകത്തില്‍ നിര്‍മിച്ച ലോഹപ്രതിമയും ആണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ക്കാണുന്ന നടരാജന്‍, ഉമാസഹിതശിവന്‍, ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കേരളീയ ശൈലിയുടെ സാമാന്യ സ്വഭാവങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നു. അലങ്കാരങ്ങളിലെ മിതത്വം ആണ് ഈ വിഗ്രഹങ്ങളുടെ പ്രത്യേകത. കിളിരൂര്‍ (ബോധിസത്വന്‍), നീലംപേരൂര്‍ (സുന്ദരയക്ഷി) എന്നിവിടങ്ങളില്‍ കാണുന്ന ലോഹവിഗ്രഹങ്ങള്‍ക്കും അസാധാരണ ചൈതന്യമുണ്ട്.
വരാഹമൂര്‍ത്തി (12, 13 ശ.), ഭൂദേവി (15-ാം ശ.), സീതാരാമഹനുമാന്മാര്‍ (16-ാം ശ.), വാരാഹി (17-ാം ശ.), വല്ലഭഗണപതി (17- ാം ശ.), ദുര്‍ഗ (17-ാം ശ.), ഉമാമഹേശ്വരന്‍ (17-ാം ശ.) തുടങ്ങിയ കേരളീയ ശൈലിയിലുള്ള ഏതാനും തേവാരവിഗ്രഹങ്ങള്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിയം (ദേവി), ലണ്ടന്‍ മ്യൂസിയം (കിരാതമൂര്‍ത്തി), പശ്ചിമ ജര്‍മനിയിലെ സ്റ്റാറ്റില്‍ മ്യൂസിയം (വൈനായകി) എന്നിവിടങ്ങളിലും കേരളീയശൈലിയില്‍ നിര്‍മിച്ച ഏതാനും ലോഹവിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദേവീവിഗ്രഹങ്ങള്‍ നവതാലത്തിലും ഗണപതിവിഗ്രഹങ്ങള്‍ പഞ്ചതാലത്തിലും ഉണ്ണിക്കൃഷ്ണവിഗ്രഹങ്ങള്‍ അഷ്ടതാലത്തിലുമാണ് നിര്‍മിക്കുന്നത്.
ആട്ടവിളക്ക്, നിലവിളക്ക്, കുത്തുവിളക്ക്, അഷ്ടമംഗല്യവിളക്ക്, മയില്‍ വിളക്ക്, ഗജലക്ഷ്മിവിളക്ക്, ആനവിളക്ക്, അശ്വാരൂഢദീപം തുടങ്ങി പല ആകൃതികളിലുള്ള വിളക്കുകള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു.
അര്‍ധോദ്യത ശില്പങ്ങളോടുകൂടിയ 'റാഫ്ടര്‍ ഷൂ' പല ക്ഷേത്രങ്ങളുടെയും ഉത്തരങ്ങളില്‍ കണ്ടിട്ടുണ്ട്.
തിരുവനന്തതപുരം, തൃശൂര്‍ മ്യൂസിയങ്ങളിലാണ് കേരളീയ ശൈലിയിലുള്ള ലോഹ പ്രതിമകളുടെ മികച്ച മാതൃകകള്‍ സൂക്ഷിച്ചിട്ടുള്ളത്. പശ്ചിമ ജര്‍മനിയിലെ സ്റ്റാറ്റില്‍ മ്യൂസിയം, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം, മദ്രാസ് മ്യൂസിയം, ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങളിലും കേരളത്തില്‍ നിന്നുള്ള ലോഹപ്രതിമകള്‍ കാണാം.
തിരുവല്ല, ചെട്ടികുളങ്ങര തുടങ്ങിയ ദേവാലയങ്ങളിലെ തൂക്കുവിളക്കുകള്‍ക്ക് അസാധാരണഭംഗിയുണ്ട്. കാഞ്ഞൂര്‍പ്പള്ളിയിലെ ആനവിളക്കും ശ്രദ്ധേയമാണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍, നടരാജമൂര്‍ത്തി തുടങ്ങിയ ലോഹപ്രതിമകളില്‍ ചോളശൈലിയുടെ സ്വാധീനത കാണാം.
വാഴപ്പള്ളി, ബ്രഹ്മമംഗലം, നടവരമ്പ് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഓട്ടു വിഗ്രഹങ്ങളധികവും നിര്‍മിക്കുന്നത്. ഇവിടങ്ങളിലെ മൂശാരികുടുംബങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് തങ്ങളുടെ പൂര്‍വികര്‍ എന്ന് അഭിമാനിക്കുന്നു. നടവരമ്പും മാന്നാറും കടവല്ലൂരുമാണ് ഓട്ടുവിളക്കുകളുടെ നിര്‍മാണകേന്ദ്രങ്ങള്‍. മായന്നൂര്‍, ചെങ്ങന്നൂര്‍, ബ്രഹ്മമംഗലം, കവളപ്പാറ, പിലാമന്തോള്‍ വടേശ്വരം എന്നീ സ്ഥലങ്ങളിലെ സ്ഥപതിമാര്‍ കരിങ്കല്‍ശില്പ നിര്‍മാണത്തില്‍ വിദഗ്ധരാണ്.
ജൈനവിഗ്രഹങ്ങള്‍. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതി എന്നിവരുടെ കരിങ്കല്‍ ശില്പങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഒന്നിനു മീതെ ഒന്നായി വരുന്ന മൂന്നു കുടകള്‍കൊണ്ട് വര്‍ധമാനമഹാവീരന്റെയും ശിരസ്സിനു മുകളില്‍ അലങ്കാരമായി കാണുന്ന നാഗഫണത്തെ മുന്‍നിര്‍ത്തി പാര്‍ശ്വനാഥന്റെയും വിഗ്രഹങ്ങള്‍ തിരിച്ചറിയാം. രണ്ടു തീര്‍ഥങ്കരന്മാരുടെയും വിഗ്രഹങ്ങള്‍ ദിഗംബരരൂപത്തിലാണ്. പാര്‍ശ്വനാഥന്റെ യക്ഷിയാണ് പദ്മാവതി.
കല്ലില്‍ (എറണാകുളം), അട്ടപ്പാടി, ആലത്തൂര്‍ (പാലക്കാട്), മഞ്ചേശ്വരം (കാസര്‍കോട്), പെരുവശ്ശേരി (തൃശൂര്‍) എന്നിവിടങ്ങളില്‍ നിന്നാണ് പ്രാചീന ജൈനവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുളളത്. കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചിതറാലിലെ (തിരുച്ചാരണത്തു മലയില്‍) ജൈനതീര്‍ഥങ്കരന്മാരായ പാര്‍ശ്വനാഥനെയും മഹാവീരനെയും മറ്റു നിരവധി തീര്‍ഥങ്കരന്മാരെയും പദ്മാവതിയെയും അര്‍ധോദ്യതശില്പങ്ങളായി കൊത്തിവച്ചിട്ടുണ്ട്. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതി എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെ കാണാം. ആയ്രാജാവായ വിക്രമാദിത്യ വരഗുണന്റെ കാലത്തേതാണ് (880-925) ഈ വിഗ്രഹങ്ങള്‍.
ഇപ്പോള്‍ കന്യാകുമാരിജില്ലയില്‍ ഉള്‍പ്പെട്ട നാഗര്‍കോവിലില്‍ നിന്ന് ആറ് ജൈന പ്രതിമകള്‍ ടി. എ. ഗോപിനാഥറാവു കണ്ടെടുത്തിട്ടുണ്ട്. പാലക്കാട്, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങള്‍ പില്ക്കാലത്തുണ്ടായവയാണ്.
ബൗദ്ധവിഗ്രഹങ്ങള്‍. പദ്മാസനത്തില്‍ ഇരുന്നു ധ്യാനിക്കുന്ന ശാന്തമൂര്‍ത്തിയായുള്ള ബുദ്ധന്റെ കരിങ്കല്‍ശില്പങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മരുതൂര്‍കുളങ്ങര (ഇപ്പോള്‍ കൃഷ്ണപുരം മ്യൂസിയത്തില്‍), കരുമാടി, ഭരണിക്കാവ്, മാവേലിക്കര, പള്ളിക്കല്‍ (ഇപ്പോള്‍ തൃശൂര്‍ മ്യൂസിയത്തില്‍) എന്നിവിടങ്ങളില്‍ നിന്നാണ് ബൗദ്ധവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇവയില്‍ ഏറ്റവും മനോഹരമായിട്ടുള്ളതു ഭരണിക്കാവിലെ ബുദ്ധവിഗ്രഹമാണ്. കിളിമാനൂര്‍ ക്ഷേത്രങ്ങളില്‍ കാണുന്നതും 'മകളര്‍' എന്നറിയപ്പെടുന്നതുമായ ഏഴു കന്യകകളുടെ വിഗ്രഹങ്ങള്‍ താന്ത്രിക ബുദ്ധമതത്തിലെ ഉപദേവതകളുടേതാണ്.
വിഷ്ണുവിഗ്രഹങ്ങള്‍. നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അയിരൂര്‍, ഇന്ത്യാനൂരിനടുത്തുള്ള ഭ്രാന്തന്‍കാവ് (ഇപ്പോള്‍ തൃപ്പുണിത്തറ മ്യൂസിയത്തില്‍) എന്നിവിടങ്ങളിലെ വിഷ്ണുവിഗ്രഹങ്ങള്‍ ആകാരംകൊണ്ടും ഭംഗികൊണ്ടും അസാധാരണങ്ങളാണ്. കോഴിക്കോടുജില്ലയിലെ വടകര നിന്നു ലഭിച്ച വരദരാജവിഗ്രഹവും (ഇപ്പോള്‍ തൃശൂര്‍ മ്യൂസിയത്തില്‍) തിരുവനന്തപുരത്തെ നീറമണ്‍കരയിലുള്ള വിഷ്ണുവിഗ്രഹവും രൂപസൗഭാഗ്യം കൊണ്ട് അതീവ ശ്രദ്ധേയമാണ്.
സോപാനഭിത്തിയിലെ ശില്പങ്ങള്‍. ക്ഷേത്രശ്രീകോവിലിലേക്കുള്ള സോപാനത്തിന്റെ ഇരുവശങ്ങളിലായുള്ള ലഘുസ്തംഭ പംക്തിയില്‍ (ballustrades) അതിമനോഹരങ്ങളായ അര്‍ധോദ്യതശില്പങ്ങള്‍ കാണാം. സുബ്രഹ്മണ്യന്റെ കുടക്കൂത്തും ശ്രീകൃഷ്ണന്റെ കുടംകൂത്തും ഇവയില്‍ പ്രധാനമാണ്. പക്കമേളക്കാരുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന നര്‍ത്തകിമാരുടെ ശില്പങ്ങളാണ് മറ്റു ചില സോപാനഭിത്തികളില്‍ ഉള്ളത്. ദേവീദേവന്മാരെ കൊത്തിവച്ചിട്ടുള്ള സോപാനഭിത്തികളും ഉണ്ട്.
പള്ളിയിലെ ശില്പങ്ങള്‍. ശില്പങ്ങളോടുകൂടിയ ജ്ഞാനസ്നാനത്തൊട്ടിയും കല്‍ക്കുരിശുകളുടെ പീഠങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ സവിശേഷതകളാണ്. മാലാഖരുടെയും വിശുദ്ധന്മാരുടെയും രൂപങ്ങള്‍, ബൈബിളില്‍ നിന്നുള്ള മൂഹൂര്‍ത്തങ്ങള്‍ എന്നിവ പല ജ്ഞാനസ്നാനത്തൊട്ടികളിലും പീഠങ്ങളിലും കൊത്തിവച്ചിട്ടുണ്ട്.
ആധുനിക ശില്പങ്ങള്‍
ചെന്നൈയിലെ മദ്രാസ് സ്കൂള്‍ ഒഫ് ഫൈനാര്‍ട്സാണ് ദക്ഷിണേന്ത്യയിലെ ആധുനിക ശില്പകലയുടെ ഉറവിടമായിത്തീര്‍ന്നത്. 1940-കളില്‍ റോയ് ചൗധരിയുടെ ശിക്ഷണത്തില്‍ തുടക്കമിട്ട ശില്പകലാ പഠനസമ്പ്രദായത്തെ പിന്‍പറ്റിയവരില്‍ പ്രമുഖരാണ് കെ.സി.എസ്. പണിക്കരും കാനായി കുഞ്ഞിരാമനും. ഇവരില്‍ കാനായി കുഞ്ഞിരാമന്‍ 1960-കള്‍ മുതല്ക്ക് പൊതുസ്ഥലങ്ങളില്‍ ശില്പരചന നടത്തി ശില്പകലയെ പ്രചാരത്തിലാക്കി. ആദിമ-അനുഷ്ഠാനകലകളുടെയും ക്ലാസ്സിക്കല്‍ ആധുനികതയുടെയും സ്വാധീനം കാനായിയുടെ ശില്പനിര്‍മിതിയെ സ്വാധീനിച്ചിട്ടുള്ള പ്രധാന ഘടകങ്ങളാണ്. കൊച്ചിയിലെ മുക്കോലപ്പെരുമാള്‍, മലമ്പുഴയിലെ യക്ഷി, വേളിയിലെ അസ്തമയം, ആലിംഗനം, ശംഖുംമുഖത്തെ സാഗരകന്യക, അമ്പലമേടിലെ ഉര്‍വരത തുടങ്ങിയ നിരവധി ശില്പങ്ങള്‍ ഈ രംഗത്ത് ഒരു പുതിയ ഭാവുകത്വം സൃഷ്ടിച്ചു. 1970-കളുടെ അവസാനവും 1980-കളുടെ ആദ്യഘട്ടത്തിലും ശില്പകലയില്‍ ഗണ്യമായ മാറ്റം സംജാതമായി. ആശയത്തിനു പ്രാധാന്യം കൊടുക്കുന്ന വിധത്തിലുള്ള കാഴ്ചപ്പാടുകളും സ്വീകരിക്കപ്പെട്ടു. ഇക്കാലയളവില്‍ ലളിതമായതും സങ്കീര്‍ണമായതുമായ ശില്പങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. 1980-90-കളില്‍ കാനായിക്കുശേഷമുള്ള തലമുറ ശില്പകലയില്‍ രംഗപ്രവേശനം ചെയ്തു. കെ.പി. കൃഷ്ണകുമാര്‍, എന്‍.എന്‍. റിംസണ്‍, അലക്സ്മാത്യു, കെ.പി. സോമന്‍, വത്സന്‍ കൊല്ലേരി, രഘുനാഥ് കെ., സുമീത് രാജേന്ദ്രന്‍, കെ.എസ്. രാധാകൃഷ്ണന്‍, രാജശേഖരന്‍ നായര്‍, അശോകന്‍ പൊതുവാള്‍ തുടങ്ങിയവരെ ഭാരതീയ ശില്പകലാരംഗത്തെ പ്രമുഖരായി പലരും വിലയിരുത്തി. രാഷ്ട്രീയ-സാമൂഹ്യ വീക്ഷണവും മനുഷ്യാവസ്ഥയുടെ വിഹ്വലതയും അവരുടെ ശില്പങ്ങളില്‍ വിഷയങ്ങളായി.
1970-കളില്‍ തിരുവനന്തപുരം കോളജ് ഒഫ് ഫൈനാര്‍ട്സില്‍ ശില്പകലാപഠനം സിലബസ്സിന്റെ ഭാഗമാവുകയും കാനായി കുഞ്ഞിരാമന്‍ ശില്പകലാധ്യാപകനായി സേവനമാരംഭിച്ചതും കേരളീയ ആധുനിക ശില്പകലാരംഗത്തെ സുപ്രധാന വഴിത്തിരിവായിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തോടെ പൊതുസ്ഥലങ്ങളിലെ ബൃഹദാകാരങ്ങളായ ശില്പങ്ങള്‍ക്കുപുറമേ ശില്പങ്ങളുടെ കൂട്ടായ പ്രദര്‍ശനവും ഗാലറിയുടെ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ഇന്‍സ്റ്റിലേഷന്‍ സങ്കേതങ്ങള്‍ക്കും തുടക്കമായി. ഇന്ത്യയില്‍ ബോംബെ, ബറോഡ, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ശില്പങ്ങളുടെ ഇന്‍സ്റ്റിലേഷന്‍ പ്രദര്‍ശനങ്ങള്‍ക്കായി പുതിയ വേദികളും ആര്‍ട്ട് ഗാലറികളും തുറക്കപ്പെട്ടു. യൂറോപ്യന്‍ രീതികളെ പിന്‍പറ്റി ബോംബെ കേന്ദ്രമായി തുടക്കമിട്ട ബിനാലെ സംസ്കാരം 2011-ഓടെ കേരളത്തിലുമെത്തി. പ്രാദേശികമായി ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന പല ശില്പങ്ങള്‍ക്കും ശില്പികള്‍ക്കും കൊച്ചി-മുസ്രിസ് ബിനാലെ പുത്തന്‍ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു എന്ന വാദം നിലനില്ക്കേതന്നെ ശില്പകലാപഠനം, ആസ്വാദനം എന്നീ രംഗത്തെ അക്കാദമികമായ പഠനങ്ങളെയും ചര്‍ച്ചകളെയും ഇല്ലാതാക്കുകയും കല എന്നത് കേവലം കാഴ്ചയുടെ അനുഭൂതി മാത്രമായി പരിമിതപ്പെടുത്തുന്നു എന്ന വിമര്‍ശനവും ശക്തമാണ്. ഒപ്പം സാമൂഹിക അപനിര്‍മാണം എന്നദൗത്യത്തില്‍ നിന്നും കലയും കലാകാരനും പിന്‍വാങ്ങുകയും ചെയ്യുന്നു.
കളമെഴുത്ത്
വിരലുകളുപയോഗിച്ച് അഞ്ചുനിറമുള്ള അഞ്ചുതരം പൊടികള്‍ കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങള്‍ നിലത്തുവരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കണ്‍മുമ്പിലിരിക്കുന്ന മാതൃകകള്‍ നോക്കി വരച്ചും അതിന്റെ പ്രതിച്ഛായ ശരിപ്പെട്ടില്ലെന്നു തോന്നുമ്പോള്‍ മായ്ച്ച് നേരെയാക്കിയും സാവകാശം പൂര്‍ത്തിയാക്കുന്ന പരിഷ്കൃത ചിത്രരചനാസമ്പ്രദായമല്ല കളമെഴുത്തുകാരുടേത്. കേശാദിപാദവര്‍ണനകളിലോ ധ്യാനമന്ത്രങ്ങളിലോ പ്രതിപാദിച്ചിട്ടുള്ള ഇഷ്ടദേവതാരൂപങ്ങളെ വര്‍ണപ്പൊടികള്‍ മാറിമാറി വിതറി വരയ്ക്കുകയാണ് ഈ അനുഷ്ഠാനകലയുടെ രചനാവിദ്യ. ഒരുകാലത്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന കളമെഴുത്ത് അതിന്റെ എല്ലാ വൈവിധ്യത്തോടുകൂടിയും അവശേഷിക്കുന്നതു കേരളത്തില്‍ മാത്രമാണ്.
ഏകവര്‍ണത്തിലുള്ള പൊടി ഉപയോഗിച്ച് തറയില്‍ പ്രരൂപങ്ങള്‍ സൃഷ്ടിക്കുന്ന ബംഗാളിലെ 'അല്പന'യ്ക്കും ഉത്തരേന്ത്യയിലെ രംഗോലി'ക്കും തമിഴ്നാട്ടിലെ 'കോല'ത്തിനും ആന്ധ്രയിലെ 'മുഗ്ഗു' വിനും കേരളത്തിലെ കളമെഴുത്തുമായി ബന്ധമുണ്ട്.
സൗന്ദര്യത്തിനും രൂപസാദൃശ്യത്തിനും മുന്‍തൂക്കമുള്ള 'ചത്രവടിവി'ല്‍ ചുവര്‍ച്ചിത്രങ്ങള്‍ എഴുതുമ്പോള്‍ ഓജസ്സിനും രൗദ്രഭംഗിക്കും പ്രാധാന്യമുള്ള 'ഭൂതവടിവി'ലാണ് കളം എഴുതുന്നത്. കളമെഴുത്ത് ദ്രാവിഡമെന്നോ ശാക്തേയമെന്നോ പറയാവുന്ന ഒരു പാരമ്പര്യത്തില്‍ മിക്കവാറും അടിയുറച്ചുനിന്നപ്പോള്‍ ചുവര്‍ച്ചിത്രങ്ങള്‍ വൈദികമെന്നോ ആര്യമെന്നോ പറയാവുന്ന പാരമ്പര്യത്തെക്കൂടി സ്വാംശീകരിച്ചു. ശില്പഗ്രന്ഥങ്ങളിലെ നിയമങ്ങളില്‍ ചിലതു പാലിക്കുന്നുണ്ടെങ്കിലും നാടോടി പാരമ്പര്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള കളമെഴുത്തില്‍ ചുവര്‍ച്ചിത്രങ്ങളില്‍ കാണുന്ന വിധത്തിലുള്ള സൗമ്യവര്‍ണങ്ങളോ വര്‍ണമിശ്രങ്ങളോ കാണുകയില്ല.
കളമെഴുത്തുപാട്ടും, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പന്‍ തീയാട്ട്, കോലംതുള്ളല്‍, സര്‍പ്പപ്പാട്ടും തുള്ളലും തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്തു പ്രാധാന്യമാണ്. കാളി, ദുര്‍ഗ, അയ്യപ്പന്‍, വേട്ടയ്ക്കല്‍, യക്ഷിയും ഗന്ധര്‍വനും, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെയാണ് കളമെഴുത്തില്‍ മുഖ്യമായി ചിത്രീകരിക്കുന്നത്.
കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായങ്ങള്‍ കേരളത്തിലുണ്ട്. അമ്പലവാസികളില്‍പ്പെട്ട കുറുപ്പന്മാരാണ് ഇവരില്‍ പ്രധാനികള്‍. കളമെഴുത്തുപാട്ടിനോടനുബന്ധിച്ചും മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുതുന്നത് കുറുപ്പന്മാരും അയ്യപ്പന്‍ തീയാട്ടിനോട് അനുബന്ധിച്ചു കളമെഴുതുന്നത് തീയാടി നമ്പ്യാരുമാണ്; ഭദ്രകാളിത്തീയാട്ടിനു തീയാട്ട് ഉണ്ണിയും. നാഗക്കളങ്ങള്‍ എഴുതുവാനുള്ള അവകാശം പുള്ളുവന്മാര്‍ക്കുള്ളതാണ്. കോലം തുള്ളലിനോട് അനുബന്ധിച്ചുള്ള കളങ്ങള്‍ കണിയാന്മാരാണ് തയ്യാറാക്കുന്നത്. മന്ത്രവാദങ്ങള്‍ക്കും മറ്റുമായി കളമെഴുതുന്ന വണ്ണാന്മാരെ മലബാറിന്റെ പല ഭാഗങ്ങളിലും കാണാം.
വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നാം തീയതിവരെയുള്ള മണ്ഡലകാലത്താണ് കളമെഴുത്ത് സാധാരണ നടത്താറുള്ളത്. കുംഭം-മീനം-മേടം മാസങ്ങളിലെ 'വേല'യ്ക്കും 'പൂര' ത്തിനും കളമെഴുത്തു നടക്കാറുണ്ട്. കുംഭം-മീനം മാസങ്ങളിലെ അശ്വതി, ഭരണി നാളുകളും പത്താമുദയ ദിവസവും (മേടപ്പത്ത്) കളമെഴുത്തിനു മുഖ്യമാണ്.
വഴിപാടെന്നനിലയില്‍ ആഢ്യഗൃഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തു പാട്ടും നടത്തിയിരുന്നു. വസൂരി, വിഷൂചിക തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷനേടാനും ഉദ്ദിഷ്ടകാര്യം സാധിക്കാനും കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് ഇപ്പോഴും തീരെ അപ്രത്യക്ഷമായിട്ടില്ല.
കളമെഴുത്തു പൂര്‍ത്തിയായാല്‍ കളത്തിലേക്ക് ആവാഹിക്കപ്പെടുന്ന മൂര്‍ത്തിക്കു പൂജയും പാട്ടും ഉണ്ടാകും.
നാടന്‍ സാമഗ്രികള്‍ കൊണ്ടു തയ്യാറാക്കിയ അഞ്ചുതരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞള്‍പ്പൊടി(മഞ്ഞ), നെന്മേനിവാകയുടെ പൊടി, (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേര്‍ത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്.
കളമെഴുതുന്നതിനു രണ്ടു പേരെങ്കിലും വേണം. ഇഷ്ടദേവതാസ്വരൂപം മനസ്സില്‍ ഏകാഗ്രമായി ധ്യാനിച്ച ശേഷമാണ് കളമെഴുത്താശാന്‍ വരച്ചുതുടങ്ങുന്നത്. ഒരു നേര്‍വര വരയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനു 'ബ്രഹ്മസൂത്രം' എന്നു കളമെഴുത്തുകാര്‍ പറയുന്നു. ഇതു കഴിഞ്ഞ് കറുത്ത പൊടിയോ അരിപ്പൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങള്‍ വരയ്ക്കാന്‍ തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകള്‍ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്. വരച്ചുകഴിഞ്ഞ ഭാഗങ്ങള്‍ ചവിട്ടാതെ കളമെഴുത്തു പൂര്‍ത്തിയാക്കാന്‍ ഈ ക്രമത്തില്‍ വരയ്ക്കുന്നത് സഹായകമാകും. വേഷഭൂഷാദികള്‍ കേശാദിപാദക്രമത്തിലാണ് വരയ്ക്കുന്നത് മുഖം വരച്ചയാള്‍ തന്നെയാണ് കാലുകളും വരയ്ക്കേണ്ടത്. അനുപാതഭംഗി ലഭിക്കാന്‍ വേണ്ടിയാകും ഈ നിയമം. നാസിക, ചുണ്ട്, സ്തനം, കണ്ണുകള്‍ എന്നിവ എഴുന്നുനില്ക്കുന്ന വിധത്തിലാണ് വരയ്ക്കുക. താഴെനിന്നു മുകളിലേക്കാണ് കളമെഴുത്തുകാര്‍ വരകള്‍ വിന്യസിക്കുന്നത്. വീരം കലര്‍ന്ന രൗദ്രം ആവാഹിക്കുന്നിടത്താണ് കളമെഴുത്തുകാരന്റെ കൈമിടുക്ക്.
ചിത്രകലയിലെ കേരളീയഘടകങ്ങള്‍ കണ്ടെത്താനും കേരളീയ സംസ്കാരത്തിന്റെ നൈരന്തര്യത്തെക്കുറിച്ചു മനസ്സിലാക്കാനും നമ്മുടെ പാരമ്പര്യസംരക്ഷണമനോഭാവത്തെക്കുറിച്ച് ധാരണ ലഭിക്കാനും കളമെഴുത്ത് വളരെയേറെ ഉപകരിക്കുന്നു.
(എം. ജി. ശശിഭൂഷണ്‍; സ.പ.)
ആധുനിക ചിത്രകല
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ചുവര്‍ച്ചിത്രമെഴുത്തിന്റെ പാരമ്പര്യം മാത്രമാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ചുവര്‍ച്ചിത്രകല എണ്ണച്ചായാച്ചിത്രരചനാ കാലഘട്ടത്തിലേക്കു കടന്നത് രാജാരവിവര്‍മയിലൂടെയായിരുന്നു. വിക്ടോറിയന്‍ ശൈലിയില്‍ കാന്‍വാസില്‍ എണ്ണച്ചായം ഉപയോഗിച്ചു ത്രിമാന ചിത്രരചന കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയ രാജാരവിവര്‍മയ്ക്ക് ബ്രിട്ടീഷ് ആധിപത്യത്തില്‍ ഉറങ്ങിക്കിടന്ന പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങള്‍ക്ക് പുതിയ നിറവും സൌന്ദര്യവും നല്കാന്‍ കഴിഞ്ഞു. അങ്ങനെ ഭാരതീയ ചിത്രകലയില്‍ വിശേഷിച്ച് കേരളീയ ചിത്രകലയില്‍ ഒരു പുതിയ കാഴ്ചപ്പാടു തന്നെ ഉണ്ടാക്കാനും ജനങ്ങളില്‍ പുതിയൊരുണര്‍വും സ്വതന്ത്രചിന്തയും വളര്‍ത്തിയെടുക്കാനും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കു സാധിച്ചു.
ഇദ്ദേഹം ക്ഷേത്രങ്ങളിലെ പക്വതയാര്‍ന്ന ദ്വിമാന ചിത്രങ്ങളെ ഇറക്കുമതി ചെയ്ത കാന്‍വാസിലേക്ക് എണ്ണച്ചായം ഉപയോഗിച്ചു പകര്‍ത്തി ത്രിമാന ചിത്രങ്ങളാക്കി മാറ്റി. അങ്ങനെ രവിവര്‍മ കാലഘട്ടത്തിന്റെ പ്രതിപുരുഷനായി ആവശ്യത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ചു. ബംഗാള്‍ നവോത്ഥാന കാലഘട്ടത്തില്‍ നിലനിന്നിരുന്ന, നേര്‍ത്തതും അവ്യക്തവുമായ ജലച്ചായ നിറക്കൂട്ടില്‍ നിന്നും വ്യത്യസ്തമായി പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യത്തിന്റെ പരിവേഷം നല്കിയ ഇദ്ദേഹം ശ്ലാഘനീയനാണ്. ഭാരതീയര്‍ക്ക്, വിശേഷിച്ചു കേരളീയര്‍ക്ക് ചിത്രകലയില്‍ അപരിചിതമായ ഒരു വിദേശപാരമ്പര്യം ഇറക്കുമതി ചെയ്യാന്‍ ഇദ്ദേഹം ശ്രമിച്ചുവെന്ന കാര്യം അംഗീകരിക്കേണ്ടതായിട്ടുണ്ട്.
രവിവര്‍മയെത്തുടര്‍ന്നുവന്ന പലരും ഇദ്ദേഹത്തിന്റെ ശൈലി തന്നെ അനുകരിച്ചു. എന്നാല്‍ ഇതില്‍ നിന്നും വളരെ മാറിയ ഒരു ചിത്രകലാശൈലിയായിരുന്നു കെ. മാധവമേനോന്റെ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇദ്ദേഹം കേരളത്തിലെ ഭൂപ്രകൃതി, പക്ഷികള്‍, പുഷ്പങ്ങള്‍ ഇവയെ ചിത്രീകരിച്ചതു തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം തന്നെ കേരളത്തിലെ തനിമ നിറഞ്ഞുനിന്നിരുന്നു; അവയ്ക്കു തനതായ മൗലികതയും വൈവിധ്യവും ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരം എല്ലാ സ്വാധീന വലയങ്ങളും ഭേദിച്ച്, വളരെ വ്യത്യസ്തമായി പരമ്പരാഗതവിശ്വാസങ്ങളിലൂടെയാണ് കെ. സി. എസ്. പണിക്കര്‍ കടന്നുവന്നത്. പ്രതീകാത്മകയും വിചിത്രകല്പനകളും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ഇദ്ദേഹം ഭാരതീയ തന്ത്രകലയുടെ പുനരാവിഷ്കരണത്തില്‍ക്കൂടി നാടന്‍ കലാരൂപങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ പുതിയൊരു ഘട്ടം ഉദ്ഘാടനം ചെയ്തു. കളമെഴുത്തിന്റെയും കോലംവരപ്പിന്റെയും നാടായ കേരളത്തില്‍ നിറപ്പകിട്ടാര്‍ന്ന പുതിയൊരു ദേശീയ കലാശൈലിക്കു ജന്മം നല്കുവാനുള്ള സാധ്യതയെക്കുറിച്ചും ഇദ്ദേഹം ചിന്തിച്ചിരുന്നു. താന്ത്രികകലാരൂപങ്ങളുടെ പുനരാവിഷ്കരണം ഇതിന്റെ തുടക്കം മാത്രമായി കരുതേണ്ടതാണ്.
ഈ മാറ്റങ്ങള്‍ക്കു പിന്തുണ നല്കിക്കൊണ്ട് ഒട്ടുവളരെ കേരളീയചിത്രകാരന്മാരും അല്ലാത്തവരും മുന്നോട്ടുവന്നു. ഇവരില്‍ ചിലര്‍ ഉയര്‍ത്തിവിട്ടതും മറ്റു ചിലര്‍ ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നതുമായ ആവേശം, കേരളീയ ചിത്രകലയുടെ നൂതന സരണിയിലൂടെയുള്ള പുരോഗതിക്കും വികാസത്തിനും അത്യന്തം ഉപകാരമാണ്. സ്വന്തമായ വ്യക്തിത്വം പുലര്‍ത്താനും സ്വതന്ത്രമായ കലാശൈലിക്കു രൂപം നല്കാനും കഴിവുള്ള കേരളീയ കലാകാരന്മാരില്‍ പലരും പൊതുവേ പാശ്ചാത്യശൈലിയിലും പ്രതിപാദ്യങ്ങളിലും താത്പര്യം പ്രദര്‍ശിപ്പിക്കുന്നവരാണ്. പാശ്ചാത്യലോകത്തില്‍ നിന്ന് കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും വേണ്ട വിവേകം സിദ്ധിച്ച ചില പക്വമതികളും ഇക്കൂട്ടരിലുണ്ട്. എ. രാമചന്ദ്രന്‍, അക്കിത്തം നാരായണന്‍, ജി. അരവിന്ദന്‍, സി.എന്‍. കരുണാകരന്‍, ജയപാലപ്പണിക്കര്‍, സി.കെ. രാമകൃഷ്ണന്‍നായര്‍, ബി.ഡി. ദത്തന്‍, എം.വി. ദേവന്‍, ടി.കെ. പദ്മിനി, കെ.വി. ഹരിദാസ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ടി. കലാധരന്‍, കാട്ടൂര്‍ നാരായണപിള്ള, ജി. രാജേന്ദ്രന്‍, എ.എസ്. നായര്‍, കാനായി കുഞ്ഞിരാമന്‍, പാരിസ് വിശ്വനാഥന്‍, കെ.ജി. സുബ്രഹ്മണ്യം, സി.എന്‍. പൊറിഞ്ചുകുട്ടി, വി. വിശ്വനാഥന്‍, ജെ. ശശികുമാര്‍, ബോസ് കൃഷ്ണമാചാരി, നേമം പുഷ്പരാജ്, ഷിബു നടേശന്‍, എന്‍.എന്‍. റിംസണ്‍, റിയാസ് കോമു, അജയകുമാര്‍, ജ്യോതിബാബു, കവിതാ ബാലകൃഷ്ണന്‍, രതീദേവിപ്പണിക്കര്‍, കെ.കെ. രാജപ്പന്‍, അച്യുതന്‍ കൂടല്ലൂര്‍, രാഘവന്‍ അത്തോളി, ഭാസ്കരന്‍, മദനന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പി. ഗോപിനാഥ്, സി. ഡഗ്ലസ്, ബൈജുപാര്‍ഥന്‍, പുഷ്കിന്‍ തുടങ്ങിയവര്‍ തങ്ങളുടെ രചനകളിലൂടെ ആധുനിക കലാപ്രവണതകളിലെ നവീനഭാവുകത്വത്തെ കേരളീയ സഹൃദയര്‍ക്കു പരിചയപ്പെടുത്തിയവരില്‍ പ്രമുഖരാണ്. പൊതുവേ നോക്കുമ്പോള്‍ ഇന്ന് ആധുനിക കേരളീയ ചിത്രകല വളര്‍ച്ചയുടെ മാര്‍ഗത്തിലൂടെയാണ് മുന്നേറുന്നത്. നോ. ചിത്രകല
ക്ലാസ്സിക്കല്‍ കലകള്‍
അനുഷ്ഠാനപരമായി തലമുറകളില്‍നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാത്തതും എന്നാല്‍ ശാസ്ത്രീയമായ അഭ്യസനത്തിലൂടെ മാത്രം സ്വായത്തമാക്കാവുന്നതുമായ കലാരൂപങ്ങളെയാണ് ക്ലാസ്സിക്കല്‍ കലകളായി വിവക്ഷിക്കുന്നത്. ആസ്വാദനം, വിമര്‍ശനം, പരിഷ്കരണം എന്നിവയിലൂടെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാണ് പരിഷ്കൃത നൃത്തം അഥവാ ശാസ്ത്രീയ നൃത്തം (classical dance). സാങ്കേതികബദ്ധവും ചിട്ടപ്പെടുത്തലുകള്‍ക്ക് വിധേയവുമാണ് ഈ നൃത്തങ്ങള്‍. നാട്യശാസ്ത്രനിയമങ്ങളെ അനുസരിക്കുന്ന ഇവ, കര്‍ക്കശമായ പരിശീലനത്തിലൂടെ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്നവയാണ്. കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തുള്ളല്‍, മോഹിനിയാട്ടം, കൂത്ത്, പാഠകം തുടങ്ങിയവയാണ് കേരളത്തിലെ ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍.
കഥകളി. ഭാരതത്തിലെ ക്ലാസ്സിക് നൃത്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമെന്നു വിശേഷിപ്പിക്കുന്ന കേരളീയ ദൃശ്യകലയാണിത്. വള്ളത്തോളിലൂടെയും കേരളകലാമണ്ഡലത്തിലൂടെയും ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞിരിക്കുന്ന ഈ കല, അഭിനയകലയെക്കുറിച്ചും തിയെറ്ററിനെക്കുറിച്ചും പഠിക്കുന്ന ഏതൊരാള്‍ക്കും അദ്ഭുതകരമായ ഒരു രത്നഖനി തന്നെയാണ്. ആട്ടം, പാട്ട്, അഭിനയം, വാദ്യം, സാഹിത്യം, ചിത്രകല മുതലായ മിക്ക അടിസ്ഥാനകലകളും ഇതില്‍ ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ തനതുദൃശ്യകലകളായ കൂത്ത്, കൂടിയാട്ടം, മുടിയേറ്റ്, കൃഷ്ണനാട്ടം, രാമനാട്ടം എന്നിവയില്‍ നിന്നെല്ലാം കൊള്ളേണ്ടവ മാത്രം കൊണ്ട്, അഭിനയത്തിന്റെ നാലംശങ്ങളിലും (ആംഗികം, വാചികം, സാത്വികം, ആഹാര്യം) സാമ്പ്രദായീകരണം (stylisation) അതിന്റെ പരിപൂര്‍ണതയിലെത്തിച്ചിരിക്കുന്ന കലയാണ് കഥകളി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ പ്രധാനമായും അഞ്ചുവിഭാഗങ്ങളായി വേഷങ്ങളെ തരംതിരിച്ചതിലൂടെ ദേവാസുരമാനുഷഗണങ്ങളിലെല്ലാമുള്ള ആളുകളെ മുഴുവന്‍ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു കള്ളിയറകളിലാക്കിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാത്രാവിഷ്കരണത്തില്‍പ്പോലും ഒരു തരം സാമ്പ്രദായീകരണം സാധിച്ചിരിക്കുന്നു. നോ. കഥകളി
കൃഷ്ണനാട്ടം. അഷ്ടപദിയാട്ടത്തോടും കൂടിയാട്ടത്തോടും ഏറെ കടപ്പാടുള്ള അഭിനയപ്രധാനമായ കലയാണിത്. 16-ാം ശതകത്തിലാണ് ഇതിന്റെ ഉദ്ഭവം. കോഴിക്കോടു മാനവേദകവി രചിച്ച കൃഷ്ണഗീതിയുടെ ദൃശ്യരൂപമാണിത്. കൃഷ്ണനാട്ടം ഗുരൂവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടന്നുപോരുന്നത്. അവിടത്തെ ഒരു വഴിപാടുകൂടിയാണ് ഈ കലാപ്രകടനം. കേരളത്തിലെ ഏക കൃഷ്ണനാട്ടസംഘം ഗുരുവായൂര്‍ക്ഷേത്രത്തിന്റെ വകയുമാണ്.
മാനവേദകവിയെ സംസ്കരിച്ചത് ഗുരുവായൂര്‍ക്ഷേത്രത്തിന്റെ തെക്കുവശത്തെ കോവിലകം പറമ്പിലാണ്. കൃഷ്ണനാട്ടസംഘത്തിന്റെ 'പെട്ടിവച്ചുകളി' തെക്കോട്ടു തിരിഞ്ഞുനിന്നാവാന്‍ കാരണം ഇതാണെന്ന് പറഞ്ഞുപോരുന്നു. മറ്റൊരിക്കലും തെക്കോട്ടു തിരിഞ്ഞുനിന്നു കൃഷ്ണനാട്ടം പതിവില്ല.
അഷ്ടപദിയാട്ടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കൃഷ്ണനാട്ടത്തിന് 'എട്ടു' മായി വളരെ ബന്ധമുണ്ട്; എട്ടുദിവസത്തെ കളി, എട്ടുതിരിയിട്ട വിളക്ക്, എട്ടുനാഴി എണ്ണ, എട്ടുകുട്ടികള്‍, എട്ടു നാഴികനേരത്തെ കളി, സര്‍വോപരി അരങ്ങുപണവും എട്ട് (വസുദേവരുടെ എട്ടാമത്തെ കുട്ടിയായ കൃഷ്ണന്റെ കഥയല്ലേ അവതരിപ്പിക്കുന്നത്, അതുകൊണ്ടുകൂടിയാവാം എട്ടിന് ഇത്രയേറെ പ്രസക്തി വന്നത്).
കൃഷ്ണകഥ എട്ടുദിവസംകൊണ്ട് ആടിത്തീര്‍ക്കത്തക്ക വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഏതെങ്കിലും ഒരു ദിവസത്തെ കഥ മാത്രമായി അഭിനയിക്കുന്നതിനു വിരോധമില്ല. എന്നാല്‍ സ്വര്‍ഗാരോഹണംമാത്രം തനിച്ചു പതിവില്ല. എട്ടുദിവസത്തെ കഥയും തുടര്‍ച്ചയായി കളിച്ചാല്‍ പിറ്റേന്ന് അവതാരംകൂടി കളിച്ചിരിക്കണമെന്നുണ്ട്.
സംഭാഷണം ഗാനങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്നതു ശ്ലോകങ്ങളിലൂടെയുമാണ്. ഇവിടെയും ഗീതഗോവിന്ദത്തോടുള്ള വിധേയത്വം വ്യക്തമാണല്ലോ. കൃഷ്ണനാട്ടത്തിലെ ഭാഷ തനി സംസ്കൃതമാണ്. നോ. കൃഷ്ണനാട്ടം
കൂടിയാട്ടം. ഒന്നിലധികം നടന്മാര്‍ 'കൂടി' ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്നു. കൂടിയാട്ടം തികച്ചും ഒരു ക്ഷേത്രകലയാണ്. കേരളീയരുടെ സംസ്കൃതനാടകാവതരണമാണ് 'കൂടിയാട്ടം'. ഇതിന് ഈ പേരു സിദ്ധിച്ചത് നായികയും നായകനും രംഗത്തുവരുന്നതു കൊണ്ടാണെന്നും വിദൂഷകനും നായകനും ഒന്നിച്ചു രംഗത്തെത്തുന്നതുകൊണ്ടാണെന്നും മറ്റും അഭിപ്രായഭേദങ്ങളുണ്ട്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകനെന്നു കരുതപ്പെടുന്ന കുലശേഖരപ്പെരുമാളും തോലകവിയും ചേര്‍ന്നാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയതെന്നു വിശ്വസിച്ചു പോരുന്നു. കൂടിയാട്ടത്തിലെ വിദൂഷകക്കൂത്തില്‍, നായകന്റെ വാക്കുകള്‍ക്കും ശ്ളോകങ്ങള്‍ക്കും ഹാസ്യാനുകരണങ്ങള്‍ (പാരഡികള്‍) ചൊല്ലി രംഗവാസികളെ രസിപ്പിക്കലാണ് മുഖ്യമായിട്ടുള്ളത്. ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ പുരുഷാര്‍ഥങ്ങളായി നായകന്‍ പറയുമ്പോള്‍ വിദൂഷകന്റെ പുരുഷാര്‍ഥങ്ങള്‍ വേശ്യാവിനോദം, വേശ്യാവഞ്ചനം, അശനം, രാജസേവ എന്നിവയാണ്. കൂടിയാട്ടത്തില്‍ മിഴാവിനു പുറമേ ഇടയ്ക്ക, ശംഖ്, കുഴിത്താളം എന്നിവയും വാദ്യങ്ങളായുണ്ട്. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടിയാട്ടത്തില്‍ പങ്കെടുക്കുന്നു. സ്ത്രീവേഷം കെട്ടുന്നതിന് സ്ത്രീകള്‍ തന്നെ വേണം എന്ന നിയമമുണ്ട്. നോ. കൂടിയാട്ടം
കൂത്ത്. ഇത് തികച്ചും ഒരു ക്ഷേത്രകലയാണ്. അമ്പലവാസികളായ ചാക്യാന്മാരാണ് കൂത്തു നടത്തുന്നത് കൂത്തിനു രണ്ടു ഘട്ടങ്ങളുണ്ട്: (i) കഥാകഥനം, (ii) നാടകാഭിനയം. കഥാകഥനം ഏകനടാഭിനയമാണ്. പശ്ചാത്തലമായി മിഴാവു മാത്രം. എന്നാല്‍ മന്ത്രാങ്കം കൂത്ത്, മത്തവിലാസം കൂത്ത് എന്നൊക്കെ പറയുന്നിടത്ത് നാടകാഭിനയമാണുദ്ദേശിക്കുന്നത്. ഇങ്ങനെ രണ്ടംശമുണ്ടെങ്കിലും, ഒരേ ഒരു നടന്‍ രംഗത്തു വന്നു കഥാകഥനം നടത്തുന്ന രീതിയെയാണ് കൂത്ത് എന്ന പദം കൊണ്ട് ഇന്ന് അര്‍ഥമാക്കുന്നത്. വാഗ്മിതയും വാചാലതയും ഒപ്പം വേണ്ട കലയാണ് ഇത്. പുരാതന കഥകളില്‍ അഗാധമായ ജ്ഞാനവും അവയെ സന്ദര്‍ഭവുമായി ഇണക്കിക്കൊണ്ടു പോകാനുള്ള പാടവവും കാലാനുക്രമം തെറ്റാതെ തന്നെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി പറയാനുള്ള കഴിവും ഉള്ള നടന്‍ അരങ്ങത്തു ശോഭിക്കും. നല്ലൊരു അനുകരണവിദഗ്ധന്‍കൂടിയായാല്‍ കൂടുതല്‍ നന്ന്. ഇരുപതു വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കാന്‍ സാധകം ചെയ്തിട്ടുള്ള ചാക്യാന്മാരുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇരുപതു വ്യത്യസ്ത സ്വരങ്ങള്‍ അവര്‍ ചിട്ടപ്പെടുത്തിയിരുന്നു എന്നര്‍ഥം. നോ. കൂത്ത്
ഓട്ടന്‍തുള്ളല്‍. ഈ ക്ഷേത്രകലയുടെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാരാണ് എന്നു വിശ്വസിച്ചുപോരുന്നു. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്ന് തുള്ളലിന് മൂന്നു വിഭാഗങ്ങളുണ്ട്. ഇവയ്ക്കു മൂന്നിനും ഉടുത്തുകെട്ട്, വേഷവിധാനം, പാട്ടിന്റെ രീതി എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. ഓട്ടന്‍ തുള്ളല്‍ തുള്ളലിന്റെ ഒരു വകഭേദം മാത്രമാണെങ്കിലും കലാപ്രകടനം എന്ന നിലയ്ക്ക് 'ഓട്ടന്‍തുള്ളല്‍' എന്ന വാക്ക് മറ്റു രണ്ടു വിഭാഗത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. പാടുന്നതിന്റെ രീതിയനുസരിച്ചാണ് ഈ മൂന്നു വകഭേദങ്ങളുണ്ടായതെന്ന് ചിലര്‍ പറയുന്നു. 'പറയന്‍' വിളംബഗതിയിലാണ് പാടുന്നത്. 'ശീതങ്കന്‍' അല്പംകൂടി വേഗത്തില്‍; 'ഓട്ടന്‍' വളരെ ദ്രുതഗതിയിലും. ചുവടുവയ്പിലും ഈ വ്യത്യാസങ്ങളുണ്ട്.
ഓട്ടന്‍ എന്നു പറയുന്നത് ഒരു വര്‍ഗത്തിന്റെ പേരാണ്; അതായത് ദൂതന്മാരുടെ വര്‍ഗം.
"ഓട്ടന്‍ വന്നുപറഞ്ഞൊരു വാക്കുകള്‍
കേട്ടു കയര്‍ത്തുപറഞ്ഞു സുയോധനന്‍
എന്ന ഘോഷയാത്രയിലെ 'ഓട്ടന്‍' പ്രയോഗം ഇതു സാധൂകരിക്കാറുമുണ്ട്. 'പറയന്‍' ഒരു വര്‍ഗമാണെന്ന് വ്യക്തം. 'ശീതങ്കന്‍' എന്നു പറയുന്ന വര്‍ഗമേതാണെന്ന് ഇന്നറിഞ്ഞുകൂട. ഏതായാലും മൂന്നു വര്‍ഗക്കാരുടെ നൃത്തരീതി എന്നു പറയുന്നതിലും തെറ്റില്ല. മദ്ദളം, കുഴിത്താളം എന്നിവ മാത്രമാണ് തുള്ളലിനുപയോഗിക്കുന്ന പശ്ചാത്തല വാദ്യങ്ങള്‍. തുള്ളുന്നവര്‍ തന്നെയാണ് പാടുന്നത്. പശ്ചാത്തല വാദ്യക്കാര്‍ ഏറ്റു പാടുന്നു.
ഓട്ടന്‍തുള്ളലില്‍ പൊതുവേ ഉപയോഗിക്കുന്നത് 'തരംഗിണി' എന്ന നാടന്‍ വൃത്തമാണ്. ഭാവത്തിനനുസരിച്ച് വൈവിധ്യത്തിനുവേണ്ടിയും മറ്റു വൃത്തങ്ങളും ഉപയോഗിക്കാറുണ്ട്. ശീതങ്കനില്‍ അധികവും 'കാകളി'യാണ് സ്വീകരിച്ചിരിക്കുന്നത്; പറയനില്‍ 'മല്ലിക' എന്ന സംസ്കൃതവൃത്തത്തെ അതേപടിയും, ചിലേടത്തു മാത്രാ പ്രധാനമാക്കിയും പ്രയോഗിക്കുന്നു. എങ്കിലും തുള്ളലില്‍ അനേകം വൃത്തഭേദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നമ്പ്യാരെപ്പോലെ വൃത്തത്തിന്റെ സൂക്ഷ്മഭേദങ്ങളുടെ അനന്തമായ സാധ്യതകളെ ഇത്രയധികം വ്യക്തമാക്കിത്തന്നിട്ടുള്ള മറ്റൊരു കവിയില്ലെന്നു തന്നെ പറയാം. നോ. തുള്ളല്‍
പാഠകം. പുരാണകഥാകഥനമാണിത്. കൂത്തും കൂടിയാട്ടവും ചാക്യാന്മാരുടേതും പാഠകം നമ്പ്യാരുടേതുമാണ്. ഇതില്‍ ഒറ്റ നടന്‍ മാത്രമാണുള്ളത്. വേഷവിധാനങ്ങള്‍ കാര്യമായിട്ടൊന്നുമില്ല; തലയില്‍ ചുവന്ന പട്ടുകൊണ്ട് ഒരു കെട്ട്, കുങ്കുമ തിലകം. നടന്‍ വാഗ്ധാടിയും നര്‍മബോധവും ഉള്ള ആളായിരുന്നാല്‍ പാഠകം കേമമാകും. എന്നാല്‍ കൂത്തിലെന്നപോലെ സദസ്യരെ പരിഹസിക്കാനോ ചൂണ്ടിപ്പറയാനോ പാഠകത്തില്‍ അനുവാദമില്ല. നോ. പാഠകം
മോഹിനിയാട്ടം. ഇതു ക്ലാസ്സിക് പാരമ്പര്യം പുലര്‍ത്തുന്ന ഒരു ലാസ്യനൃത്തമാണ്. ദേവദാസിയാട്ടം, ദാസിയാട്ടം എന്നീ പേരുകളിലും അറിയപ്പെടുന്നു. പണ്ട് ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല; വിദ്യാകേന്ദ്രങ്ങളും കലാകേന്ദ്രങ്ങളും കൂടിയായിരുന്നു. ക്ഷേത്രങ്ങളില്‍ നിത്യവും പ്രത്യേകിച്ച് വിശേഷദിവസങ്ങളിലും നൃത്തം നടത്തുന്ന ജോലിക്കു നിയമിക്കപ്പെട്ടിരുന്നവരാണ് ദേവദാസികള്‍. ഇവര്‍ക്ക് ചില യോഗ്യതകള്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇവര്‍ അഭിജാതരും സുന്ദരികളുമായിരിക്കണം; നൃത്തഗീതാദി ലളിതകലകളില്‍ വിചക്ഷണരുമായിരിക്കണം. ഇവര്‍ക്ക് വിവാഹം അനുവദനീയമായിരുന്നില്ല. ദേവന്റെ ദാസിമാരാണിവര്‍. ദേവന്റെ ദാസിമാര്‍ നടത്തുന്ന നൃത്തം ദേവദാസിയാട്ടം. ആദ്യകാലത്ത് ദേവദാസികള്‍ക്ക് മാന്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. രാജാക്കന്മാരോടൊപ്പമിരുന്ന് വെറ്റില മുറുക്കാനുള്ള അവകാശം ഇവര്‍ക്കുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് തുല്യമായിരുന്നു ഇവരുടെ സ്ഥാനം. എന്നാല്‍ പില്ക്കാലത്ത് ദേവദാസി സമ്പ്രദായം ദുഷിച്ച് ഒരു വക കുത്തഴിഞ്ഞ ജീവിതമായി മാറി. ഒടുവില്‍ 'ദേവദാസി' യുമായി ബന്ധപ്പെട്ടതെല്ലാം അകറ്റി നിര്‍ത്തപ്പെട്ടു; ഒപ്പം ദേവദാസിയാട്ടവും. പിന്നീട് കേരള കലാമണ്ഡലത്തിലൂടെയാണ് അതീവ ഹൃദ്യമായ ക്ലാസ്സിക് സ്വഭാവമുള്ള ഈ ലാസ്യത്തിന് പുതുജീവന്‍ കൈവന്നത്.
പാലാഴിമഥനത്തില്‍ അമൃത് തട്ടിക്കൊണ്ടുപോയ അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവരാന്‍ മഹാവിഷ്ണു മോഹിനിയുടെ വേഷം കെട്ടിയ കഥ പ്രസിദ്ധമാണ്. ആ മോഹിനിയെപ്പോലെ മോഹിപ്പിക്കുന്ന നൃത്തം എന്ന അര്‍ഥത്തിലാകാം മോഹിനിയാട്ടം എന്ന പേര് വന്നതെന്നും ഒരു പക്ഷമുണ്ട്. നോ. മോഹിനിയാട്ടം
അനുഷ്ഠാനകലകള്‍
കഥകളി സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം എന്നിങ്ങനെ ഒന്നിലധികം അടിസ്ഥാനകലകള്‍ കൂടിച്ചേര്‍ന്നതാണ്. ഈ അടിസ്ഥാനകലകളില്‍ ഓരോന്നിനുമുണ്ട് ഉള്‍പ്പിരിവുകളും വൈവിധ്യങ്ങളും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കലകള്‍ കേരളത്തിലുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ നാടോടിദൃശ്യകലാസൂചികയില്‍ 87 ഇനം കലകളെക്കുറിച്ചേ പറയുന്നുള്ളൂ. യഥാര്‍ഥത്തില്‍ കേരളത്തിലുള്ള കലകളുടെ എണ്ണം ഇതുകൊണ്ടും പൂര്‍ത്തിയാകുന്നില്ല.
നമ്മുടെ നാട്ടിലെ കലകളെ മതപരം (അനുഷ്ഠാനപരം), ശുദ്ധവിനോദപരം, സാമൂഹികം, കായികം എന്നു നാലായി തിരിക്കാം. ഇതില്‍ മതപരമെന്നോ അനുഷ്ഠാനപരമെന്നോ വിളിക്കാവുന്നതില്‍ ഏറിയ പങ്കും ക്ഷേത്രകലകളാണ്.
കൂത്ത്, കൂടിയാട്ടം, മുടിയേറ്റ്, പടയണി, കൃഷ്ണനാട്ടം, കഥകളി, തുള്ളല്‍, പാഠകം, ഗരുഡന്‍തൂക്കം, കാവടിയാട്ടം എന്നിങ്ങനെ ക്ഷേത്രകലകള്‍ നിരവധിയുണ്ട്. എന്നാല്‍ അനുഷ്ഠാനപരമാണെങ്കിലും തീയാട്ടവും തിറയും ക്ഷേത്രകലകളാണെന്നു പറഞ്ഞുകൂട. പ്രദര്‍ശനങ്ങള്‍ക്കുവേണ്ടി 'കളമെഴുത്ത്' ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ടെങ്കിലും, ഇത് തികച്ചും ഒരു ക്ഷേത്രകലതന്നെ.
യാത്രകളി, ഏഴാമുത്തിക്കളി, മാര്‍ഗംകളി തുടങ്ങിയവ 'സാമൂഹികം' എന്ന വിഭാഗത്തില്‍പ്പെടുന്നു. ഓണത്തല്ല്, പരിചമുട്ടുകളി മുതലായവ കായികവിനോദത്തിനു മുന്‍ തൂക്കം കല്പിക്കുന്നു. അതേസമയം കാക്കാരിശ്ശി നാടകം, പൊറാട്ടുകളി, തോല്പാവക്കൂത്ത്, ഞാണേല്‍ദണ്ഡിപ്പ് (ഞാണിന്മേല്‍ക്കളി) എന്നിങ്ങനെ ശുദ്ധവിനോദം മാത്രം ലക്ഷ്യമാക്കിയുള്ള കലകളും ധാരാളമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ചില കലകളെക്കുറിച്ചുള്ള ലഘുവിവരണം താഴെ കൊടുക്കുന്നു.
അര്‍ജുനനൃത്തം. കോട്ടയം ജില്ലയില്‍ ഒരു കാലത്ത് സാര്‍വത്രികമായി പ്രചാരത്തിലിരുന്നതും ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതും അതിദുര്‍ലഭവുമായ ഒരു നാടന്‍കലാരൂപമാണിത്. അനുഷ്ഠാനകല, ആയോധനകല, അനുരഞ്ജനകല, ഐതിഹ്യകല എന്നും മറ്റും ഇതിനെ വിശേഷിപ്പിച്ചുവരുന്നു. 'മയില്‍പ്പീലിത്തൂക്കം' എന്നും ഇതിനു പേരുണ്ട്. മഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപം. കഥകളിയെപ്പോലെ ചുട്ടിയും മിനുക്കും മുഖത്തെഴുത്തും നര്‍ത്തകര്‍ക്കുണ്ടായിരിക്കും. മയില്‍പ്പീലി മെടഞ്ഞ പാവാടയും മെയ്യാഭരണവും മറ്റും അണിഞ്ഞ നര്‍ത്തകര്‍ ദ്രുതതാളം ചവിട്ടി നൃത്തം ചെയ്യുന്നു. മദ്ദളവും ഇലത്താളവുമാണ് വാദ്യങ്ങള്‍. നൃത്തക്കാര്‍ തന്നെയാണ് പാടുന്നത്. പാട്ട് ആസ്വാദ്യവും ശ്രുതിമധുരവും പുരാണകഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആണ്. ദേവീക്ഷേത്രങ്ങളില്‍ 'തൂക്കം' എന്ന നേര്‍ച്ച-ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ നൃത്തം അവതരിപ്പിച്ചുകാണുന്നത്.
ആടിവേടന്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലയാണിത്. 'ആടി'(പാര്‍വതി)യും 'വേടനും' (ശിവന്‍) ചേര്‍ന്ന് വീടുകള്‍തോറും കയറിയിറങ്ങി ആടിവരുന്ന തെയ്യസങ്കല്പമാണിത്. കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളിലാണ് ആടിവേടന്‍ വീടുകളിലെത്തുന്നത്. ആടിവേഷം കെട്ടുന്നത് പെരുവണ്ണാന്‍ സമുദായക്കാരും 'വേടന്‍' കെട്ടുന്നത് മലയരുമാണ്. വീട്ടുമുറ്റത്ത് നിലവിളക്കിനും നിറപറയ്ക്കുമുമ്പിലുമാണ് കലാവതരണം. കാല്‍മുട്ടിനുതാഴെ ഇറങ്ങിക്കിടക്കുന്നവിധം ചുവന്ന പട്ടുടുത്ത്, പട്ടിനുതാഴെ വെള്ളയില്‍ കറുത്തപുള്ളികളോടുകൂടിയ 'പട്ട' ചേര്‍ത്തുവയ്ക്കുന്നു. തലയില്‍ മരം കൊണ്ടുണ്ടാക്കിയതും നാലായി മടക്കാവുന്നതും സ്വര്‍ണനിറത്തോടുകൂടിയതുമായ ചെറിയ മുടിവയ്ക്കും. കോലത്തിന്റെ കൈയില്‍ ഒരു 'കുടമണി' (കൈമണി) ഉണ്ടായിരിക്കും. കൊട്ടിനും പാട്ടിനുമനുസരിച്ച് ചുവടുവയ്പുകളോടെയാണ് വേടനാട്ടം. ശിവന്റെ കിരാതാവതാരകഥയാണ് പാട്ടിലെ സാരാംശം. ആട്ടത്തിനുശേഷം ആടിവേടന്‍ അരിയെറിഞ്ഞ് വീട്ടുകാരെ അനുഗ്രഹിക്കുന്നു. ചെണ്ടയാണ് ഇതിലെ പ്രധാന വാദ്യോപകരണം.
ഐവര്‍കളി. മധ്യകേരളത്തിലെ ഭഗവതിക്കാവുകളില്‍ അവതരിപ്പിക്കപ്പെട്ടുവരുന്ന ഒരു അനുഷ്ഠാനകലയാണിത്. അഞ്ചുപേരുടെ കളി എന്ന അര്‍ഥത്തിലാണ് ഇതിന് ഐവര്‍കളി എന്ന പേരുദ്ദേശിച്ചത്. ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍, കല്ലാശാരി എന്നീ അഞ്ചു സമുദായക്കാര്‍ ഈ കലാവതരണത്തില്‍ പങ്കെടുക്കുന്നു. അനുഷ്ഠാന നാടകത്തിന്റെ പല ഘടകങ്ങളുള്ള ഇത് രംഗവേദിയിലാണ് അവതരിപ്പിക്കുന്നത്. പാട്ടും കളിയും ഒപ്പം സംഭാഷണവും ഇതില്‍വരുന്നു. ദേവീ സന്നിധിയില്‍ മതില്‍ക്കെട്ടിനു പുറത്ത് കെട്ടിയുയര്‍ത്തിയ തറ/തട്ടില്‍ പന്തലൊരുക്കി, കുരുത്തോലത്തോരണം കെട്ടി അലങ്കരിച്ചാണ് രംഗവേദിയൊരുക്കുന്നത്. വെള്ളവസ്ത്രം തറ്റുടുത്ത്, അതിനു മീതെ ചുവന്ന പട്ടുചുറ്റി, നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട് നിലവിളക്കിനുചുറ്റും കളിക്കാര്‍ അണിനിരക്കുന്നു. കഥാസംബന്ധിയായ പാട്ടുകള്‍ ആശാന്‍ പാടുമ്പോള്‍ മറ്റു കളിക്കാര്‍ അതേറ്റുപാടുന്നു. പാട്ടിനനുസരിച്ച് താളത്തില്‍ ചുവടുവച്ചാണ് കളിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദര്‍ഭങ്ങളാണ് പാടിക്കളിക്കുന്നത്. പാട്ടില്‍ ചോദ്യോത്തരങ്ങളും അവതരിപ്പിക്കാറുണ്ട്. ഇലത്താളം, പൊന്തി എന്നിവയാണ് ഐവര്‍കളിയുടെ വാദ്യങ്ങള്‍. പൊന്തി അഥവാ തോല്‍മണി ഐവര്‍കളിയില്‍ മാത്രം ഉപയോഗിച്ചുവരുന്ന വാദ്യോപകരണമാണ്.
ഓണത്താര്‍. ഉത്തരകേരളത്തില്‍ പ്രധാനമായും കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിവരുന്ന ഒരു അനുഷ്ഠാനകലയാണിത്. മാവേലി സങ്കല്പത്തിലുള്ള ഒരു തെയ്യമാണിത്. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണത്താറിന്റെ വരവ്. ഓണത്തപ്പന്‍ തന്നെയാണ് ഓണത്താര്‍ എന്നാണ് വിശ്വാസം. വണ്ണാന്‍ സമുദായക്കാരാണ് ഓണത്താറായി കോലം കെട്ടുന്നത്. മുഖത്തു തേപ്പും ചെറിയ മുടിയും മറ്റു അണിയലങ്ങളും കാണാം. വലതുകൈയില്‍ മണിയും ഇടതുകൈയില്‍ ഓണവില്ലും അമ്പുമേന്തിയിട്ടുണ്ടാകും. മണിനാദത്തിനു പുറമേ അകമ്പടിയായി ചെണ്ടമേളവും ഉണ്ടാകാറുണ്ട്.
ഓണത്തുള്ളല്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ പ്രദേശങ്ങളില്‍ വേലന്‍ സമുദായക്കാര്‍ അനുഷ്ഠിച്ചുവരുന്ന ഒരു കലയാണ് ഓണത്തുള്ളല്‍. വേലന്‍തുള്ളല്‍ എന്നും ഇതിനുപേരുണ്ട്. ഓണത്തുള്ളലില്‍ വേഷം കെട്ടുന്നത് സ്ത്രീകളും കൊട്ടിപ്പാടുന്നത് പുരുഷന്മാരുമാണ്. കണ്ണെഴുതി വാലിട്ട് ചെറിയ മുടി തലയില്‍ വച്ച്, ചുവന്ന ഉടുത്തുകെട്ടോടുകൂടിയാണ് വേഷം. ഇരുകൈകളിലും കുരുത്തോലത്തൊങ്ങല്‍ കാണാം. തുടിയും കിണ്ണവുമാണ് വാദ്യങ്ങള്‍. മഹാബലിചരിതം പാട്ടുകള്‍ക്കൊത്ത് ചുവടുകള്‍ വയ്ക്കുന്നു. അമ്മാനാട്ടം, മൂക്കേവിദ്യ എന്നിവയും ഇതോടൊപ്പം അവതരിപ്പിക്കാറുണ്ട്.
ഓണേശ്വരന്‍. കോഴിക്കോട് ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് അവതരിപ്പിച്ചുവരുന്ന ഒരു കലാരൂപമാണിത്. മഹാബലി സങ്കല്പമാണ് ഇതിനുപിന്നില്‍. പാണസമുദായക്കാരാണ് ഇത് അവതരിപ്പിച്ചുവരുന്നത്. തലയില്‍ കൃഷ്ണമുടിപോലുള്ള മുടി, മുഖം മിനുക്കല്‍, കണ്ണും പുരികവുമെഴുതല്‍, നെറ്റിയില്‍ കുറി, നീണ്ടതാടി, വച്ചുകെട്ട്, മഞ്ഞനിറത്തിലുള്ള നീണ്ട തലമുടി, ഉടുത്തുകെട്ട്, കഴുത്തില്‍ മാലകള്‍, മാറത്തും കൈകളിലും കുറി, തോള്‍വള, കടകം, വലതുകൈയില്‍ കുരുത്തോല തൂക്കിയ ഓലക്കുട, ഇടത്തെ കൈയില്‍ മണി, ഇടത്തേ തോളില്‍ പൊക്കണം (ഭിക്ഷാസഞ്ചി) എന്നിവയാണ് വേഷം. സംസാരിക്കാത്ത തിറയായതിനാല്‍ ഇതിന് ഓണപ്പൊട്ടന്‍ എന്നും പേരുണ്ട്.
കുത്തിയോട്ടം. തെക്കന്‍ കേരളത്തിലെ ചില ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറിവരുന്ന ഒരു അനുഷ്ഠാനകലയാണിത്. ചെട്ടികുളങ്ങരയിലും സമീപപ്രദേശങ്ങളിലും കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ചാണ് കുത്തിയോട്ടം നടത്തിവരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂരലോ, സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ ചെറിയ കമ്പികളോ കുത്തി ദേവിസന്നിധിയിലേക്ക് ചുവടുകള്‍ വച്ച് ഓടുക എന്നതാണ് കുത്തിയോട്ടത്തിന്റെ രീതി. കാളീപ്രീതിക്കായി നടത്തപ്പെടുന്ന 'നരബലി' എന്ന സങ്കല്പമാണ് ഇതിനുപിന്നിലുള്ളത്. പത്തുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. ഭരണിനാളില്‍ ചുവന്ന പട്ടുടുത്ത്, കിന്നരി വച്ച വട്ടത്തൊപ്പി തലയിലണിഞ്ഞ്, പട്ടിനുമീതെ വാഴയില വാട്ടിക്കെട്ടി, അരമണി ധരിച്ച്, കൈയിലും മാറിലും മണിമാലകളണിഞ്ഞാണ് ആണ്‍കുട്ടികള്‍ കുത്തിയോട്ടത്തിനു തയ്യാറെടുക്കുന്നത്. വയറിന്റെ തൊലിയിലൂടെ കനം കുറഞ്ഞ ചൂരല്‍പാള കുത്തിയിറക്കുന്ന പഴയ രീതികള്‍ മിക്കവാറും ഇന്ന് പിന്തുടരുന്നില്ല. പാട്ടിന്റെയും വാദ്യത്തിന്റെയും താളത്തിനനുസരിച്ച് ചുവടുവച്ച്, കുത്തിയോട്ടക്കാര്‍ മുന്നോട്ടുനീങ്ങുന്നു. തുടര്‍ന്ന് ദേവീക്ഷേത്രനടയില്‍ വന്ന് നൃത്തം വച്ചശേഷം ചൂരല്‍ ഊരുന്നതോടെയാണ് കുത്തിയോട്ടം സമാപിക്കുന്നത്. കുത്തിയോട്ടത്തിന്റെ വായ്ത്താരികളില്‍ നല്ലൊരുഭാഗവും ഭദ്രകാളി സ്തുതികളാണ്. കളിക്കാര്‍ പരസ്പരം വാശിയോടെ ആവേശത്തില്‍ പാടുന്നു. 'കവിത്തം' എന്നാണ് ഇതിനുപറയുക. ചെണ്ട, ഇലത്താളം, കുറുംകുഴല്‍ എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍.
കുത്തുറാത്തീബ്. കേരളത്തിലെ സുന്നി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകല. വീടുകളില്‍ നടത്തിവരുന്ന ഒരു നേര്‍ച്ചയാണിത്. ദോഷങ്ങളെയും പിശാചിന്റെ ഉപദ്രവങ്ങളെയും അകറ്റുകയാണ് ഇതിന്റെ ലക്ഷ്യം. പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കുക. രാത്രിയില്‍ 'ഇശാ' നമസ്കാരത്തിനുശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. അവതരണത്തിനായി പ്രത്യേക രംഗസജ്ജീകരണമൊന്നുമില്ല. നിലത്ത് പായയോ വിരിയോ ഇട്ട് രണ്ടു ഭാഗത്തായി ഇതില്‍ പങ്കെടുക്കുന്നവര്‍ ഇരിക്കുന്നു. വെള്ളമുണ്ടും കുപ്പായവും ധരിച്ച് തലയില്‍ ചെറിയ തൊപ്പിയോ കൈത്തുണിയോ ധരിക്കുന്നു. പ്രാര്‍ഥനയാണ് ആദ്യചടങ്ങ്. തുടര്‍ന്ന് ഉസ്താദ് ബൈത്തുകള്‍ ചൊല്ലുകയും മറ്റുള്ളവര്‍ അതേറ്റുചൊല്ലുകയും ചെയ്യുന്നു. ബൈത്തുകളെ തുടര്‍ന്ന് ദഫ്മുട്ടും പിന്നീട് ആയുധപ്രകടനവുമാണ്. മരപ്പിടിയിലുള്ള നേരിയ കമ്പി (കദ്ര്‍) കവിളിലും നാക്കിലുമൊക്കെ കുത്തിക്കയറ്റുന്നു. മുറുകിയ താളത്തിന്റെ അകമ്പടിയിലാണ് പ്രകടനം. ഒടുവില്‍ ലാ ഇലാഹ ഇല്ലല്ലാ ചൊല്ലി ദഫ്മുട്ട് അവസാനിപ്പിക്കുന്നു. ദഫിനുപകരം ചിലയിടങ്ങളില്‍ 'അറബന'യും വാദ്യമായി ഉപയോഗിക്കാറുണ്ട്.
ഗരുഡന്‍ തൂക്കം. അനുഷ്ഠാനപരമായ ഈ കലയ്ക്ക് ദാരികവധത്തിലെ ഒരു സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധം നടക്കുമ്പോള്‍ ഗരുഡന്‍ ആകാശത്തില്‍ വട്ടമിട്ട് പറന്ന് എല്ലാം വീക്ഷിച്ചിരുന്നു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി തീര്‍ന്നില്ല. കലിതുള്ളുന്ന കാളി ഗരുഡനെ വെട്ടാനൊരുങ്ങി. എത്രയൊക്കെ കേണപേക്ഷിച്ചിട്ടും ഗരുഡന്റെ മൂന്നുതുള്ളി ചോര കുടിച്ചിട്ടേ കാളി പിന്‍വാങ്ങിയുള്ളുവത്രെ.
ഈ കലയുടെ പഴക്കം നിര്‍ണയിക്കാന്‍ വിഷമമുണ്ട്. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള ഗരുഡത്തട്ടുകളി (ചാട് എന്നും ഇതിനു പേരുണ്ട്) ലാണ് ഗരുഡന്‍ നൃത്തം ചെയ്യുന്നത്. ഗരുഡനെപ്പോലെ കൊക്കും ചിറകും പിടിപ്പിച്ച വേഷമണിഞ്ഞയാള്‍ തട്ടില്‍ കയറി, വാദ്യമേളങ്ങളുടെ പശ്ചാത്തലത്തോടെ, കൊക്കുകൊണ്ട് മേനി മിനുക്കിയും ചിറകുവിരിച്ചാടിയും നൃത്തം വയ്ക്കുന്നു. തട്ടുമുഴുവനും പ്രഭാപൂര്‍ണമായിരിക്കും. ആസുരമായ വാദ്യമേളങ്ങള്‍ യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഗരുഡന്‍ നൃത്തം വയ്ക്കുന്ന തട്ട് അഥവാ ചാട് ആളുകള്‍ തോളിലേറ്റി (ചിലപ്പോള്‍ ഉരുട്ടിയും) അതതു ഭദ്രകാളീക്ഷേത്രത്തിന്റെ തട്ടകത്തു മുഴുവനും കൊണ്ടു നടക്കും. ഇടയ്ക്കിടയ്ക്കു ചാട് താഴത്തിറക്കി നിര്‍ത്തി ചാടില്‍ ഗരുഡന്‍ ഒരു താളവട്ടം നൃത്തം വയ്ക്കും. ഇങ്ങനെ താഴത്തിറക്കി നിര്‍ത്തുന്നത് മിക്കവാറും നാട്ടുപ്രമാണിമാരുടെ ഗൃഹങ്ങളുടെയോ പോകുന്ന വഴിക്കുള്ള ഏതെങ്കിലും ക്ഷേത്രത്തിന്റെയോ കാവിന്റെയോ മുമ്പിലായിരിക്കും. ഇങ്ങനെ രാത്രി അവസാനിക്കാറാകുമ്പോള്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്ത് അടുത്ത പരിപാടിയിലേക്ക് പ്രവേശിക്കുന്നു.
ഗരുഡന്‍ തൂക്കം പൂര്‍ത്തിയാകണമെങ്കില്‍ മറ്റൊരു ചടങ്ങുകൂടി വേണം; കാളിക്ക് ഗരുഡന്റെ രക്തദാനം. അതു സാധിക്കുന്നതു സാധാരണമായി ഇങ്ങനെയാണ്: ഗരുഡനായി വേഷം കെട്ടുന്ന ആളിന്റെ പുറത്ത് ഇരു പള്ളകളിലും ഇരുമ്പുകൊണ്ടുള്ള ചൂണ്ടല്‍പോലെയുള്ള 'ഉടക്കുകള്‍' കുത്തിക്കയറ്റി, അതിലൂടെ ബലമുള്ള കയര്‍കോര്‍ത്ത് ഗരുഡനെ ചാടിന്റെ അഗ്രത്തിലുള്ള ഉത്തോലകത്തിന്റെ അറ്റത്ത് ഘടിപ്പിച്ച് ആകാശത്തിലേക്കുയര്‍ത്തുന്നു. അയാളുടെ ശരീരത്തില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ കൊണ്ട് കാളി സംതൃപ്തയാകും എന്നാണ് വിശ്വാസം.
ചില ക്ഷേത്രങ്ങളില്‍ ഒന്നിലധികം 'ഗരുഡന്മാര്‍' തൂക്കം നടത്താറുണ്ട്. ഒരേ തട്ടില്‍ത്തന്നെ രണ്ടോ മൂന്നോ ഗരുഡന്മാര്‍ ഒന്നിച്ചു 'പറക്കാറു'മുണ്ട്. എന്നാല്‍ ഗരുഡന്മാരുടെ എണ്ണം ഏറെയായാല്‍ കൂടുതല്‍ തട്ടുകള്‍ ഉപയോഗിക്കുകയാണ് പതിവ്. ഗരുഡന്‍ തൂക്കത്തിന് ഗരുഡന്‍ പറവ എന്നും പേരുണ്ട്.
ചാത്തന്‍കളി. മലപ്പുറം ജില്ലയിലെ ഏതാനും ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന നൃത്തകല. ചാത്തന്റെ കോലം കെട്ടിയുള്ള കളിയാണ് ചാത്തന്‍കളി. പറയ സമുദായക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. 'ചാത്തന്‍' എന്ന മൂര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണിത്. നാലു പേരടങ്ങിയ കളിസംഘത്തില്‍ ചാത്തന്റെ വേഷം കെട്ടാന്‍ ഒരാളും പിന്നെ വാദ്യക്കാരനുമാണുണ്ടാവുക. പകല്‍ സമയത്ത് വീടുകളില്‍ കയറിയിറങ്ങിയാണ് അവതരണം. വീട്ടുമുറ്റത്ത് നിലവിളക്കിന്റെ സാന്നിധ്യത്തില്‍ ചാത്തന്‍കോലം, മേളത്തിനനുസരിച്ച് ചുവടുകള്‍ വച്ച് കളിക്കുന്നു. ചാത്തന്റെ ഇരുകൈകളിലും നീളം കുറഞ്ഞ രണ്ടുകോലുകള്‍ ഉണ്ടാകും. അവ തമ്മിലടിച്ച് ശബ്ദമുണ്ടാക്കുന്നു. പാള കൊണ്ട് ഉണ്ടാക്കിയതാണ് ചാത്തന്റെ പൊയ്മുഖം. പാളയില്‍ പലതരം വരകളും കാണാം. 'നീളന്‍മൂക്ക്' ഉള്ളതുപോലെയാണ് പാളയിലെ ചിത്രംവര. തലയില്‍ കുരുത്തോലകൊണ്ടുള്ള മുടി, അരയില്‍ കച്ചമുണ്ട്, അരമണി, കാലില്‍ ചിലമ്പ് എന്നിവയും വേഷത്തില്‍ കാണാം. ചെണ്ടയാണ് പ്രധാനവാദ്യം.
തിടമ്പുനൃത്തം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയില്‍ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. നമ്പൂതിരി സമുദായത്തില്‍പ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അപൂര്‍വമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാര്‍, പൊതുവാള്‍ എന്നീ സമുദായക്കാരാണ് വാദ്യക്കാര്‍. ക്ഷേത്രത്തില്‍ പൂവും മാലയും ഒരുക്കുന്ന നമ്പീശന്‍, പുഷ്പകന്‍, വാര്യര്‍, ഷാരോടി, ഉണിത്തിരി എന്നീ സമുദായക്കാര്‍ക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. 'കൊട്ടിയുറച്ചില്‍' എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകന്‍ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയില്‍ ഉടക്കി നെഞ്ചിനോട് ചേര്‍ത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങള്‍ക്കുപുറമേ 'തകിലടി' എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയില്‍ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കില്‍ സ്വര്‍ണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതില്‍ കുണ്ഡലം, കഴുത്തില്‍ മാല, കൈകളില്‍ വള തുടങ്ങിയവ നര്‍ത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കന്‍ചെണ്ട, ഇലത്താളം, കുറുംകുഴല്‍, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങള്‍.
തെയ്യവും തിറയും. ഇതും അനുഷ്ഠാനകലയാണ്. ഉത്തരകേരളം, വിശേഷിച്ചും കണ്ണൂര്‍ ജില്ലയാണ് ഇതിന്റെ കേന്ദ്രം. അദ്ഭുതങ്ങള്‍ കാട്ടി മണ്‍മറഞ്ഞ വീരപുരുഷന്മാരുടെ തെയ്യ (ദൈവ) ക്കോലങ്ങളാണ് തിറ. ഇത്തരം വീരപുരുഷന്മാരെ ദൈവങ്ങളാക്കി ആരാധിക്കുന്ന പതിവ് പരക്കെ ഉണ്ടായിരുന്നു.
വണ്ണാന്‍, മലയന്‍, വേലന്‍ തുടങ്ങി പല വിഭാഗങ്ങളും തെയ്യം കെട്ടാറുണ്ട്. ഇവരുടെ പാരമ്പര്യമായ തൊഴില്‍ വൈദ്യവും മന്ത്രവാദവുമാണ്.
ഏകദേശം എട്ടു നൂറ്റാണ്ടുവരെ പഴക്കമുണ്ട് ഈ കലയ്ക്ക്. പാട്ടുകാര്‍, മുഖത്തെഴുത്തുകാര്‍, വാദ്യക്കാര്‍ എന്നിവര്‍ ഈ കലാപ്രകടനത്തിന് അവശ്യം വേണ്ട സഹായികളാണ്. കുറഞ്ഞത് പത്തു പേരെങ്കിലും സംഘത്തിലുണ്ടായിരിക്കും. തെയ്യങ്ങളുടെ എണ്ണമനുസരിച്ച് കലാകാരന്മാരുടെ എണ്ണവും വ്യത്യാസപ്പെടും.
ഓരോ തെയ്യത്തിന്റെയും ഉത്പത്തിപ്പാട്ട്-തോറ്റം-കാവിന്റെ മുമ്പില്‍ ചെന്നു നിന്നു പാടുന്നു. വീരപുരുഷന്മാരുടെ തെയ്യത്തിന് 'വെള്ളാട്ട' വും ഉണ്ട്. നൃത്തരീതികളും അഭ്യാസമുറകളും പ്രകടിപ്പിക്കുന്നതിനാണ് വെള്ളാട്ടമെന്നു പറയുന്നത്. തെയ്യത്തിന്റെ മുടിക്കു പകരം ഇവര്‍ക്ക് കിരീടമാണ്. ഒരുപക്ഷേ തെയ്യത്തിന്റെ യൗവനകാലത്തെ രൂപമായിട്ടായിരിക്കും ഈ സങ്കല്പം. നോ. തെയ്യം, തിറ.
തീയാട്ട്. ഇത് പ്രാചീനമായ ഒരു അനുഷ്ഠാന കലയാണ്. തീയാടി നമ്പ്യാര്‍, തീയാട്ടുണ്ണികള്‍ എന്നീ അമ്പലവാസി വിഭാഗങ്ങളാണ് ഇതു നടത്തുന്നത്. തീയാട്ട് രണ്ടുതരം: അയ്യപ്പന്‍ തീയാട്ടും ഭദ്രകാളിത്തീയാട്ടും. ആദ്യത്തേത് തീയാടി നമ്പ്യാരും രണ്ടാമത്തേത് തീയാട്ടുണ്ണിയും നടത്തുന്നു. ഈ കലാപ്രകടനത്തിന് കുറഞ്ഞതു മൂന്നുപേര്‍ വേണം. കൊട്ടാരങ്ങള്‍, പ്രഭുഗൃഹങ്ങള്‍, ഇല്ലങ്ങള്‍ എന്നിവിടങ്ങളില്‍ വിശേഷദിവസങ്ങളിലാണ് തീയാട്ടു നടത്താറുള്ളത്. വേഷവിധാനത്തിന് കഥകളിയോടാണ് സാദൃശ്യം. കളമെഴുത്ത് തീയാട്ടിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇഷ്ടദേവതാ പ്രാര്‍ഥനയില്‍,
"കാരിരുള്‍ നിറമൊത്ത തിരുമേനി തൊഴുന്നേന്‍
കനല്‍ക്കണ്‍ തിരുനെറ്റിത്തിലകം കൈതൊഴുന്നേന്‍
എന്നു തുടങ്ങുന്ന പാട്ടാണ് പാടിവരുന്നത്.
തീ കൊണ്ടുള്ള നൃത്തം എന്ന അര്‍ഥത്തിലായിരിക്കാം ഈ പേരു വന്നത്. കത്തുന്ന പന്തത്തിലെ ജ്വാലയില്‍ തെള്ളിപ്പൊടിയെറിഞ്ഞ് അന്തരീക്ഷത്തിലേക്ക് അഗ്നിജ്വാല തെറിപ്പിക്കുക തീയാട്ടില്‍ നിത്യം കാണുന്ന ഒരു പ്രകടനമാണ്. തീ കൊണ്ടുള്ള ആട്ടമാണ് തീയാട്ടം. അതിന്റെ രൂപഭേദം തീയാട്ട്. ദൈവം-തെയ്യം; ദൈവാട്ടം-തെയ്യാട്ടം. തെയ്യാട്ടത്തിന്റെ രൂപഭേദമായി തീയാട്ട് വന്നു ചേര്‍ന്നതാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു.
സാംക്രമികരോഗങ്ങള്‍, ദുര്‍ദേവതകള്‍ എന്നിവയെ ഉച്ചാടനം ചെയ്യാനും തീയാട്ട് നടത്താറുണ്ട്. നോ. തീയാട്ട്
പടയണി. അനുഷ്ഠാനപരമായ ഒരു കായിക വിനോദമായ ഇതിന് മധ്യതിരുവിതാംകൂറില്‍ ഹിന്ദുക്കളുടെ ഇടയിലാണ് പ്രചാരം. ഉത്പത്തിയെക്കുറിച്ച് കൃത്യമായ അറിവില്ല. കാളിയുടെ ദാരികവധത്തെത്തുടര്‍ന്നുള്ള വിജയാഘോഷമാണ് ഇതിനാസ്പദമെന്ന് കരുതിപ്പോരുന്നു. ഭഗവതീക്ഷേത്രങ്ങളിലാണ് ഈ കല അവതരിപ്പിക്കാറുള്ളത്. ഭദ്രകാളി, ഭൈരവന്‍, കാലന്‍ എന്നിവയാണ് പ്രധാന വേഷങ്ങള്‍. ഇവരുടെ രൂപങ്ങള്‍ പാളയില്‍ എഴുതി തലയില്‍ വച്ചുകെട്ടി നടത്തുന്ന നൃത്തമാണ് മുഖ്യമായ ഇനം. ഇടയ്ക്കിടയ്ക്കു കാക്കാരിശ്ശി നാടകത്തിലെ ചില രംഗങ്ങളും കാണുന്നു. ഇവ പില്ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാവാം. സംഭാഷണം മിക്കവാറും സാമൂഹികമായ അനാചാരങ്ങളുടെ നേരെ വിരല്‍ ചൂണ്ടുന്നതും നാട്ടിലെ സംഭവങ്ങളെ അനാവരണം ചെയ്യുന്നതുമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കുറഞ്ഞതു പന്ത്രണ്ടു പേരെങ്കിലും വേണം സംഘത്തില്‍. സമയപരിധിയില്ല; പ്രത്യേകമായി അരങ്ങുമില്ല.
പറണേറ്റ്. തിരുവനന്തപുരം ജില്ലയില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനം. കാളിപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു അനുഷ്ഠാനമായതിനാല്‍ കാളിയൂട്ട് എന്നും ഇതിനുപേരുണ്ട്. കാളി-ദാരിക കഥയും കണ്ണകീസങ്കല്പവും ഇതിനു പിന്നിലുണ്ട്. കൊല്ലന്‍, പരവന്‍, ഈഴവര്‍, തണ്ടാന്‍, നായര്‍ എന്നീ സമുദായക്കാരാണ് ഇതിന്റെ സംഘാടകര്‍. വേലന്മാരാണ് ഇതില്‍ വേഷം കെട്ടിയാടുന്നത്. മകരം, കുംഭം, മീനം, മേടം എന്നീ മാസങ്ങളിലെ ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് പറണേറ്റിന്റെ അവതരണം നടക്കാറുള്ളത്.
കളമെഴുത്തും പാട്ടുമാണ് പറണേറ്റില്‍ ആദ്യം. കളം കാവല്‍, ഉച്ചബലി, ദിക്കുബലി, നല്ലിരിപ്പ്, പറണേറ്റ്, നിലത്തില്‍പ്പോര്, കുരുതി, ആറാട്ട് തുടങ്ങിയ ചടങ്ങുകള്‍ പിന്നീട് അരങ്ങേറുന്നു. വെള്ളാട്ട്, പപ്പരുകളി, പീഠംചവിട്ടല്‍, പറയ്ക്കെഴുന്നള്ളിപ്പ് തുടങ്ങിയ മറ്റു ചില ചടങ്ങുകളും ഇതിനോടൊപ്പം കാണാം. പറണേറ്റിലെ പാട്ടുകള്‍ക്ക് പറണിത്തോറ്റങ്ങള്‍ എന്നുപറയുന്നു. ചെണ്ട, തൊപ്പിമദ്ദളം, ചേങ്ങില, കൈമണി എന്നിവയാണ് ഇതിലെ പ്രധാനവാദ്യങ്ങള്‍.
പൂരക്കളി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനസംഘനൃത്തം. തെക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ പൂരവേല എന്ന അനുഷ്ഠാനവും നിലവിലുണ്ട്. കാമദഹനകഥയുമായാണ് പൂരക്കളിയുടെ ഇതിവൃത്തം. പാട്ടിനനുസരിച്ച് കൈകൊട്ടിക്കളിക്കുന്ന രീതിയാണ് പൂരക്കളിയുടേത്. പൊതുവേ വട്ടത്തില്‍ നിന്നുകൊണ്ടാണ് കളിക്കുക. കളിക്കാര്‍ ചുവന്ന പട്ടുകൊണ്ട് തറ്റുടുക്കുന്നു. അതിനു മീതെ കച്ചഞൊറിഞ്ഞുകെട്ടും. കറുത്ത ഉറുമാല്‍ (തുണി) കോണോടുകോണ്‍ മടക്കി, കെട്ട് മുന്‍വശത്തുവരത്തക്കവിധം കെട്ടുന്നു. ശരീരത്തിലും നെറ്റിയിലും മഞ്ഞക്കുറിതൊടും. പൂരക്കളിക്ക് വാദ്യോപകരണങ്ങള്‍ പതിവില്ല. നോ. പൂരക്കളി
മുടിയേറ്റ്. അനുഷ്ഠാനപരമായ അംശങ്ങളുള്ള കലയാണിത്. തിരുവിതാംകൂറും കൊച്ചിയുമാണ് ഇതിന്റെ കേന്ദ്രം. കുറുപ്പ്, മാരാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് മുടിയേറ്റ് നടത്തുന്നത്.
കഥ ദാരികവധം തന്നെ. 12 മുതല്‍ 20 വരെ ആളുകള്‍ വേണം ഈ കല അവതരിപ്പിക്കുന്നതിന്. കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളംമായ്ക്കല്‍ എന്നിവയാണ് മുടിയേറ്റിലെ പ്രാരംഭചടങ്ങുകള്‍. അരങ്ങുകേളി, അരങ്ങുവാഴ്ത്തല്‍, ദാരികന്‍, കാളി എന്നിവരുടെ പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുഖ്യമായ പരിപാടികള്‍.
ചെണ്ടയും ഇലത്താളവുമാണ് വാദ്യങ്ങള്‍; ദീപസംവിധാനമാകട്ടെ നിലവിളക്കു മാത്രവും. വേഷത്തിന് ഏതാനും അംശങ്ങളില്‍ ചാക്യാര്‍കൂത്തിലേതിനോട് സാദൃശ്യമുണ്ട്; മറ്റു ചില അംശങ്ങളില്‍ കഥകളിയോടും. പേരിന്റെ ഉത്പത്തിയെക്കുറിച്ചോ പഴക്കത്തെക്കുറിച്ചോ വിശദവിവരങ്ങള്‍ ലഭ്യമല്ല. പഴക്കവും നിര്‍ണയിക്കാന്‍ എളുപ്പമല്ല. കഥകളിയുടെ ഉത്പത്തിക്കു മുമ്പാണെന്ന് പൊതുവില്‍ വിശ്വസിച്ചുപോരുന്നു. നോ. മുടിയേറ്റ്
യാത്രകളി. നമ്പൂതിരിമാരുടേത് മാത്രമായ അനുഷ്ഠാനപരമായ ഒരു കലയാണിത്. ചാത്തിരന്മാരുടെ കളി എന്നത് ചാത്തിരക്കളിയായി. ഇതു പരിഷ്കരിച്ച് 'യാത്രകളി'യായതാവാന്‍ വഴിയുണ്ട്. ശാസ്ത്രക്കളി, പാനേങ്കളി, സംഘക്കളി എന്നിങ്ങനെ പല പേരുകളിലും ഈ കളി അറിയപ്പെടുന്നു. നമ്പൂതിരിമാരില്‍ യാത്രനമ്പൂതിരിമാര്‍ എന്നൊരു വിഭാഗം തന്നെയുണ്ട്. ആദ്യമായി കേരളത്തില്‍ കുടിയേറിപ്പാര്‍ത്തവര്‍ ഇവരാണെന്നും അന്നു കേരളത്തിലുണ്ടായിരുന്ന മറ്റു വിഭാഗക്കാരുടെ ഉപദ്രവങ്ങളില്‍ നിന്നും പിന്നീടുവന്ന നമ്പൂതിരിമാരുള്‍പ്പെടെയുള്ള സമുദായത്തെ രക്ഷിക്കാന്‍ ആയുധമെടുത്തവരാണ് ഇവരെന്നും പറയപ്പെടുന്നു. ബ്രാഹ്മണന് ക്ഷത്രിയധര്‍മമനുഷ്ഠിച്ചതുകൊണ്ട് പാതിത്യം കല്പിക്കപ്പെട്ടതിനാല്‍ ഇവര്‍ നമ്പൂതിരിമാരില്‍ രണ്ടാം തരക്കാരായിപ്പോയി.
വേളി, ഉപനയനം തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചാണ് ഈ കലാപ്രകടനം. നാലുപദം, ചെമ്പുകൊട്ടിയാര്‍ക്കല്‍, ഇട്ടിക്കണ്ടപ്പന്റെ പ്രവേശനം, കള്ളുകുടിയന്റെ പ്രവേശനം എന്നിങ്ങനെ പല രംഗങ്ങളുമിതിലുണ്ട്. കമഴ്ത്തിയിട്ട ചെമ്പ്, അടുക്കളസാധനങ്ങളായ ചട്ടുകം, മരക്കയില്‍ എന്നിവയ്ക്ക് പുറമേ ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയും വാദ്യങ്ങളായി ഉപയോഗിക്കുന്നു. നിലവിളക്ക്, തീവെട്ടി എന്നിവയാണ് ദീപാലങ്കാരം. കാണികളുടെ ഇടയില്‍ത്തന്നെയാണ് അരങ്ങ്.
വിശേഷാവസരങ്ങളില്‍ മറ്റു വിഭാഗക്കാരില്‍ നിന്നുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാന്‍ വേണ്ടി കാലേകൂട്ടിത്തന്നെ കാവലായി യാത്രകളിസംഘം എത്തി പ്രതിരോധമൊരുക്കുന്നതിന്റെ ഒരു ചിത്രമാണ് മൊത്തത്തില്‍ നോക്കിയാല്‍ ഈ കളിയില്‍ നിന്നും തെളിഞ്ഞുവരുന്നത്. നോ: യാത്രകളി.
അനുഷ്ഠാനേതര കലകള്‍
ഏഴാമുത്തിക്കളി. ഹാസ്യരസപ്രധാനമായ ഒരു വിനോദകലയാണിത്. അമ്പലവാസികളും നമ്പൂതിരിമാരും ഈ കല അവതരിപ്പിക്കാറുണ്ട്. 'യോഗ'ത്തില്‍ ഇരുപത്തഞ്ചു മുപ്പത് ആളുകള്‍ വരെ ഉണ്ടായിരിക്കും. വീട്ടുമുറ്റം തന്നെയാണ് കളിയരങ്ങ്. പന്തലിട്ട് നിലവിളക്കു കത്തിച്ചു പന്തലിന്റെ നടുക്കുവച്ചാല്‍ അരങ്ങായി.
അത്താഴത്തിനു ശേഷമാണ് കളി. കടങ്കഥാരൂപത്തില്‍ ചോദ്യോത്തരങ്ങളായാണ് പാട്ടുകളിലധികവും. കടങ്കഥയ്ക്കുത്തരം പറയാന്‍ കഴിയാത്ത ആള്‍ വിദൂഷകനായി വന്നു സദസ്യരെ രസിപ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. ചിലപ്പോള്‍ കടങ്കഥയില്‍ നിന്നു വിട്ട് തികഞ്ഞ പരിഹാസത്തിലേക്കും പാട്ടുകള്‍ കടന്നു ചെല്ലാറുണ്ട്.
"കണ്ടവര്‍ക്കു പിറന്നോനെ
കാട്ടുമാക്കാന്‍ കടിച്ചോനെ
കടവില്‍ കല്യാണി നിന്റെ
അച്ചിയല്യോടാ....?
ചിപ്പം ചിപ്പം ചിരട്ടിയും
ചിരട്ടയ്ക്കല്‍ തരിപ്പണം
വട്ടമൊത്ത കുറിച്ചിയും
പതഞ്ഞ കള്ളും
ഇഷ്ടമുള്ള ജനമൊത്തു
വട്ടമിട്ടു കുടിച്ചപ്പോള്‍
വിട്ടപ്പട്ടിക്കൂട്ടം വന്നു
കിറിയും നക്കി....
എന്നിങ്ങനെ പാട്ടുകള്‍ ഏറിയപങ്കും നതോന്നതാവൃത്തത്തിലാണെന്നു പറയാം.കടങ്കഥാരൂപത്തിലുള്ള പാട്ടിന് ഒരുദാഹരണം-
'ഞാന്‍ കുളിക്കും കുളമല്ലാ ഏറ്റുമാന്നൂര്‍ തേവര്‍കുളം
നീ കുളിക്കും കുളത്തിന്റെ പേര്‍ ചൊല്‍ മാരാ......'
ചെണ്ട, ചേങ്ങില, മദ്ദളം തുടങ്ങിയവയാണ് വാദ്യങ്ങള്‍. മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന കലാരൂപമാണിത്
ഒപ്പന. മുസ്ലിം സ്ത്രീകള്‍ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനയ്ക്ക് മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രചാരമുള്ളത്. ഏതാണ്ട് 500 വര്‍ഷത്തെ പഴക്കം കല്പിക്കപ്പെടുന്ന ഈ കല അവതരിപ്പിക്കുന്നതിന് പത്തു പതിനഞ്ച് ആളുകളെങ്കിലും വേണം.
വിവാഹദിവസം മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലില്‍ കൊണ്ടുപോയി ഒരു പീഠത്തിലിരുത്തും. കൂട്ടുകാരികള്‍ ചുറ്റിലുമിരുന്നു പാട്ടുപാടിക്കളിക്കും. സ്നേഹപൂര്‍വമുള്ള കളിയാക്കലുകളും ചില ഒളിയമ്പുകളും ഉള്‍ക്കൊള്ളുന്നതാണ് പാട്ടിന്റെ പ്രതിപാദ്യം. മാപ്പിളപ്പാട്ടുകളാണ് പാടുന്നത്.
ഈ പരിപാടിക്കു കൃത്യമായ സമയപരിധി ഒന്നുമില്ല. പത്തുമിനിട്ട് കൊണ്ടും പരിപാടി അവസാനിപ്പിക്കാം. ഒപ്പന അവതരിപ്പിക്കാന്‍ പ്രത്യേകസമയവുമില്ല; രാത്രിയിലായാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.
വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. ദീപസംവിധാനം സാധാരണവിളക്കുകള്‍കൊണ്ടു സാധിക്കുന്നു. വധുവിന്റെ വേഷം സാധാരണ മുസ്ലിം മണവാട്ടിയുടേതു തന്നെ. ഹാര്‍മോണിയം, ഗഞ്ചിറ തുടങ്ങിയ വാദ്യങ്ങളാണുപയോഗിക്കുന്നത്.
ഈ വിനോദം പുരുഷന്മാര്‍ക്കുമുണ്ട്. ഇതില്‍ പങ്കെടുക്കുന്നതു മുഴുവന്‍ പുരുഷന്മാരായിരിക്കും. 'പുതിയാപ്പള' മണിയറയിലേക്കു പോകുമ്പോള്‍ കല്യാണപ്പാട്ടുപാടി അയാളെ കളിയാക്കുന്നു. അടുത്തകാലത്തായി ഒപ്പനയ്ക്കു കൂടുതല്‍ പ്രചാരവും അംഗീകാരവും കിട്ടിവരുന്നുണ്ട്. നോ. ഒപ്പന
കാക്കാരിശ്ശി നാടകം. മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളിക്കു തെക്കോട്ടുള്ള പ്രദേശങ്ങളില്‍ നിലനിന്നു പോരുന്ന ഒരു സാമൂഹിക വിനോദകലയാണിത്. തെക്കന്‍ പ്രദേശങ്ങളിലെ സമ്പ്രദായം കരുനാഗപ്പള്ളി പ്രദേശങ്ങളിലേതില്‍ നിന്നും ഭിന്നമാണ്. മധ്യതിരുവിതാംകൂറില്‍ പാണന്മാര്‍, കമ്മാളന്മാര്‍ തുടങ്ങിയവരാണ് ഇതവതരിപ്പിക്കുന്നത്; തെക്ക് ഈഴവരും കുറവരും. തെക്കന്‍ പ്രദേശങ്ങളില്‍ കാക്കാന്മാര്‍ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥയുടെ ആരംഭം. മധ്യതിരുവിതാംകൂറില്‍ ഒരുതരം സൂത്രധാരസമ്പ്രദായത്തില്‍ സുന്ദരകാക്കാന്‍ പ്രവേശിക്കുന്നതോടെയാണ് നാടകമാരംഭിക്കുന്നത്. പത്തു പന്ത്രണ്ടാളുകള്‍ വേണം ഈ കല അവതരിപ്പിക്കാന്‍. കളി ഏതാണ്ടു നാലു മണിക്കൂര്‍ നീണ്ടുനില്ക്കും. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമ്മേളനമാണ് കാക്കാരിശ്ശി നാടകത്തില്‍ കാണുന്നത്. നാട്ടുപ്രമാണിമാരെയും മറ്റും കളിയാക്കുന്ന ഉപകഥകള്‍ കൂട്ടിച്ചേര്‍ത്ത് കഥകള്‍ പലപ്പോഴും നീട്ടിക്കൊണ്ടു പോകാറുണ്ട്. വേഷവിധാനങ്ങള്‍ പ്രാകൃതരീതിയിലുള്ളവയാണ്. അരങ്ങുകള്‍ കെട്ടിയുണ്ടാക്കുന്നു. ഇലത്താളം, ഗഞ്ചിറ, മൃദംഗം തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു. നോ. കാക്കാരിശ്ശിനാടകം
കുമ്മാട്ടി. തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിലവിലുള്ള ഒരു കലാപ്രകടനമാണ് കുമ്മാട്ടിക്കളി. തൃശൂര്‍ ജില്ലയില്‍ ഇത് ഓണക്കാലത്തെ ഒരു വിനോദകലയാണ്. മറ്റുള്ള പ്രദേശങ്ങളില്‍ കുമ്മാട്ടിക്ക് അനുഷ്ഠാനപരമായ പ്രാധാന്യം കൂടിയുണ്ട്. ഒരു കാര്‍ഷികോത്സവമായും കൊങ്ങന്‍ പടയുടെ അനുസ്മരണമായും ഈ കലയെ ചിലര്‍ കാണുന്നു. ശ്രീകൃഷ്ണന്‍, ശിവന്‍, ദാരികന്‍, ഗണപതി, നാരദന്‍, തള്ളക്കുമാട്ടി തുടങ്ങിയ പല വേഷങ്ങളുമണിഞ്ഞ് ഭവനന്തോറും ചെന്നു കളിക്കുകയാണ് ഇതിന്റെ സ്വഭാവം. വേഷങ്ങള്‍ പൊയ്മുഖങ്ങള്‍ അണിഞ്ഞിരിക്കും. കുമ്മാട്ടിക്കളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. വേഷക്കാരല്ല പാടുന്നത്. പാടുവാന്‍ പ്രത്യേകം പാട്ടുകാര്‍ സംഘത്തിലുണ്ടായിരിക്കും. മുന്നണിവാദ്യമായി ചെണ്ട ഉപയോഗിക്കുന്നു. നോ. കുമ്മാട്ടിക്കളി
കുറത്തിയാട്ടം. ഇത് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്നു. ചിലയിടങ്ങളില്‍ കുറവരാണ് ഈ കല പ്രദര്‍ശിപ്പിക്കുന്നത്. നായന്മാരും കുറത്തിയാട്ടം നടത്തുന്നുണ്ട്. നായന്മാരാണെങ്കില്‍ അരങ്ങ് ക്ഷേത്രമതില്ക്കകത്ത് ആനപ്പന്തലിലാണ്; കുറവരുടെ അരങ്ങ് മതിലിനു പുറത്തും അരങ്ങില്‍ വിശേഷിച്ചൊന്നുമില്ല; ദീപം മാത്രം.
തെക്കന്‍ രീതിയനുസരിച്ച് കുറത്തിയാട്ടത്തിനു സംഘത്തില്‍ മൂന്നു പേര്‍ മതി. വടക്കന്‍ സമ്പ്രദായത്തിന് എട്ടു പേരുണ്ടായിരിക്കും. മദ്യപാനം, അയിത്താചരണം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങള്‍ ഉച്ചാടനം ചെയ്യാനുള്ള പ്രചാരണവേലയും ഈ കലയിലൂടെ സാധിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കുശേഷമാണ് പ്രകടനംതുടങ്ങുന്നത്. കുറവനും കുറത്തിക്കും സാധാരണവേഷം തന്നെ. മൃദംഗം, കൈമണി, ചെറിയ മദ്ദളം എന്നിവയാണ് വാദ്യങ്ങള്‍. തമിഴ്നാട്ടില്‍ നിന്നു വന്ന കുറവര്‍ പ്രചരിപ്പിച്ചതാണ് ഈ കല എന്നു കരുതിപ്പോരുന്നു. നോ. കുറത്തിയാട്ടം
കോലടിക്കളി. ഗാനാത്മകവും താളാനുസൃതവുമായ ഈ കളിയില്‍ ആറു മുതല്‍ പന്ത്രണ്ടുവരെ കളിക്കാര്‍ പങ്കെടുത്തുവരുന്നു. കളിക്കാരുടെ വേഷവിധാനത്തിന് ഐകരൂപ്യമുണ്ടായിരിക്കും.
കളിക്കാരുപയോഗിക്കുന്ന കോലിന് 38 സെ. മീ. നീളവും 13 മി. മീ. വ്യാസവും കാണും. കളിക്കാര്‍ വട്ടത്തില്‍നിന്നു കൊണ്ടാണ് കളിക്കുന്നത്.
ഒരുമിച്ചു പാടിക്കൊണ്ട് താളത്തിനൊത്ത് ക്ലിപ്തച്ചുവടുകള്‍ മുമ്പോട്ടു വച്ചും അടുത്തണഞ്ഞും തൊട്ടടുത്തു നില്ക്കുന്ന കളിക്കാരന്റെ കോലില്‍ സ്വന്തം കോല്‍ കൊണ്ടടിക്കുക, സ്വന്തം സ്ഥാനത്തേക്ക് മടങ്ങി ചുറ്റിക്കറങ്ങുക, കുനിഞ്ഞും മുകളിലേക്കാഞ്ഞും അടുത്തു നില്ക്കുന്ന കളിക്കാരന്റെ കോലില്‍ അടിക്കുക, എതിര്‍വശത്തെ കളിക്കാരന്റെ കോലില്‍ അടിക്കുക തുടങ്ങിയ രീതികളാണ് പൊതുവേ കണ്ടുവരുന്നത്. പാട്ടിന്റെ താളവും ശാരീരിക ചലനങ്ങളുടെ വേഗതയും കളി പുരോഗമിക്കുന്നതനുസരിച്ച് മുറുകിക്കൊണ്ടിരിക്കും.
കളിയാശാന്മാര്‍ ഇതിനു നിശ്ചയിച്ചിട്ടുള്ള നിബന്ധനകളെ ഇങ്ങനെ സംക്ഷേപിക്കാം-
1. തന്നാള്‍ ചുറ്റി നാലാം പാദത്തില്‍ പാട്ടുപാടി മൂന്നാം പാദത്തില്‍ മുറുക്കുക.
2. മറ്റാള്‍ക്കു മാറുക, മറ്റാളെ ചുറ്റിത്തിരിഞ്ഞ് തന്നാളെക്കാണുക.
3. തന്നാളെക്കണ്ടു മുമ്പോട്ടു നീങ്ങി തന്റെ പുറകോട്ടു വലിഞ്ഞ് തിരിഞ്ഞ്
എതിര്‍വശത്തെ ആളെക്കണ്ടു തല്ലുക.
'കോലടിക്കുറുപ്പച്ചന്‍ ചത്തേപ്പിന്നെ കോലടി കാണാന്‍ കൊതിയാണേ'
തുടങ്ങിയ വരികള്‍ ഈ കളിയുടെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്നു.
ചരടുപിന്നിക്കളി. തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള വിനോദനൃത്തകല. സ്ത്രീകളാണ് ഇത് അവതരിപ്പിക്കുന്നത്. പൊതുസ്ഥലത്തോ, വീട്ടുമുറ്റത്തോ ഇത് അവതരിപ്പിക്കാറുണ്ട്. ഉയരത്തില്‍ കാല്‍നാട്ടി അതില്‍ ഒരു വളയം ഘടിപ്പിക്കുന്നു. ആ വളയത്തിലെ ദ്വാരത്തിലൂടെ ചരടുകള്‍ കോര്‍ത്ത് താഴേക്കിടുന്നു. ഒരു കുട്ടിയെ നടുക്കുനിര്‍ത്തി കളിക്കാര്‍ രണ്ടുകൈകളിലും ചരടുകള്‍ പിടിച്ച് കോലടിച്ച് കളിക്കുമ്പോള്‍ ചരടുകള്‍ പിണഞ്ഞുവരികയും നടുവില്‍ നില്ക്കുന്ന കുട്ടി അതില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ആദ്യം പിന്നിയതിന്റെ ചരടുകള്‍ അഴിയുകയും കുട്ടി സ്വതന്ത്രമാവുകയും ചെയ്യുന്നു. ഓണക്കാലത്തും തിരുവാതിരക്കാലത്തും ഇത് അവതരിപ്പിക്കാറുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാലകഥകളാണ് പശ്ചാത്തലഗാനമായി ആലപിക്കാറ്. കുഴിത്താളമാണ് ഇതിനായി ഉപയോഗിക്കുന്ന വാദ്യം.
ചവിട്ടുനാടകം. കേരളത്തിലെ ക്രിസ്ത്യാനികളുടേതെന്നു പറയാവുന്ന ദൃശ്യകലയായ ഇത് കഥകളിയിലെ ചില അംശങ്ങളോടു സാദൃശ്യം വഹിക്കുന്ന നാടകമാണെന്ന് പറയാം. കഥകളിയില്‍ ഹസ്തമുദ്രകള്‍ക്ക് പ്രമുഖമായ സ്ഥാനമുള്ളപ്പോള്‍ ചവിട്ടുനാടകത്തില്‍ ചുവടുവയ്പിനാണ് പ്രാധാന്യം. കഥകളിയിലേതുപോലെ ഇവിടെയും കേളികൊട്ടുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല രൂപം കൊണ്ടത്. തമിഴ് കലര്‍ന്ന ഭാഷയാണ് സംഭാഷണത്തിലധികവും കാണുന്നത്. ചവിട്ടുനാടകങ്ങളില്‍ ഏറ്റവും പ്രധാനം കാറള്‍മാന്‍ ചരിത്രമാണ്. പലകകള്‍ നിരത്തിയിട്ടുള്ള സ്റ്റേജില്‍ നാടകം നടത്തുന്നത് കൊണ്ടാവണം 'തട്ടുപൊളിപ്പന്‍' എന്നും ഇതിനു പേരുണ്ടായത്.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് കഥകളിയോടുള്ള കമ്പം അമിതമായി വര്‍ധിച്ചുവരുന്നതു കണ്ടപ്പോള്‍ അതു തടയുന്നതിനായി പോര്‍ച്ചുഗീസുകാര്‍ ഓപ്പറ (opera) മാതിരിയുള്ള ഒരു കലാപരിപാടി ഉണ്ടാക്കിയെടുത്തു. ക്രിസ്ത്യാനികളുടെ കലാസ്വാദന തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ചവിട്ടുനാടകം എന്ന കലാരൂപം ഉദ്ഭവിച്ചത് എന്ന ഒരു അഭിപ്രായവും നിലവിലുണ്ട്. നോ. ചവിട്ടുനാടകം
ചിമ്മാനക്കളി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു വിനോദകല. കന്നല്‍ കളമ്പാട്ട് എന്ന ഗര്‍ഭബലിയോടനുബന്ധിച്ച് വീടുകളിലാണ് ഇത് അവതരിപ്പിക്കുന്നത്. പുലയരുടേതാണ് ഈ കലാരൂപം. ചോതിയും പിടയും എന്ന പാട്ടാണ് ഇതിനായി പാടുന്നത്. കളിയില്‍ വിവിധ പൊറാട്ടുവേഷങ്ങളും കടന്നുവരുന്നു. മാവിലന്‍, മാവിലത്തി, ചോതിയാന്‍, മാപ്പിള എന്നീ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. പാട്ടും നര്‍മസംഭാഷണങ്ങളും അഭിനയവും ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പാട്ടിന്റെയും കൊട്ടിന്റെയും താളത്തിനനുസരിച്ച് ചുവടുകള്‍ വച്ച് കളിക്കുകയും ചെയ്യുന്നു. തുടിയാണ് ഇതിലെ വാദ്യം.
ചോഴിക്കളി. മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രചരിപ്പിച്ചിട്ടുള്ള ഒരു വിനോദകല. കുടച്ചോഴി, തിരുവാതിരച്ചോഴി എന്നിങ്ങനെ രണ്ടു വിധത്തില്‍ ഈ കലാരൂപമുണ്ട്. ചോഴിയുടെ വേഷംകെട്ടിയുള്ള കളിയാണ് ചോഴിക്കളി. ഓലക്കുട കൈയിലേന്തി വരുന്ന ചോഴിയാണ് കുടച്ചോഴി. ചോഴിവേഷം കെട്ടുന്നത് ആണ്‍കുട്ടികളാണ്. ചെറുമരും (കണക്കര്‍, പുലയര്‍) കുമ്പാരന്മാരും ആണ് കുടച്ചോഴി അവതരിപ്പിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരാഘോഷത്തോടനുബന്ധിച്ചാണ് തിരുവാതിരച്ചോഴി കളിക്കുന്നത്. നായന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ശിവപുരാണവുമായി തിരുവാതിരച്ചോഴിയുടെ ഇതിവൃത്തത്തിനു സാമ്യതയുണ്ട്. ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ആരംഭിക്കുന്ന ചോഴിക്കളി തുടര്‍ന്ന് ദേശത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി കളിക്കുന്നു. ദേശത്തെ തമ്പുരാന്റെ വീട്ടുമുറ്റത്താണ് കളി അവസാനിപ്പിക്കുന്നത്. വെള്ളമുണ്ടുകൊണ്ട് തറ്റുടുത്ത്, അതിനുമീതെ പട്ടുചുറ്റി, ശരീരമാകെ ചന്ദനം പൂശി, ഒരു കൈയില്‍ ഓലക്കുടയും മറുകൈയില്‍ വിശറിയുമായിട്ടുള്ളതാണ് ചോഴികളുടെ വേഷം. ചെണ്ടയും ഇലത്താളവുമാണ് ഇതിലെ വാദ്യങ്ങള്‍.
തിരുവാതിരക്കളി. ഇത് സ്ത്രീകളുടെ ഒരു വിനോദമാണ്. കായിക വിനോദത്തോടുകൂടിയ ഒരു കലയാണിതെന്നും പറയാം. ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ തിരുനാളാണ്. അന്ന് വ്രതമനുഷ്ഠിച്ച് രാത്രി ഉറക്കമിളച്ചാല്‍ കന്യകമാര്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടും; ഭര്‍ത്തൃമതികള്‍ക്ക് നെടുമംഗല്യം ലഭിക്കും; ഇതാണ് വിശ്വാസം. ഈ ഉറക്കമിളപ്പിന് അവര്‍ രാത്രി മുഴുവന്‍ ആട്ടവും പാട്ടുമായി കഴിയും. ഇവര്‍ വട്ടത്തില്‍നിന്നു പാട്ടുപാടി നൃത്തം വയ്ക്കുന്നു. മധ്യത്തില്‍ നിലവിളക്കുകൊളുത്തി വച്ചിരിക്കും; അടുത്തുതന്നെ അഷ്ടമംഗല്യവും. പാട്ടും കളിയും അവസാനിക്കുന്നതുവരെ ഈ വിളക്ക് കത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. തിരുവാതിരനാളിലെ കളിയായതുകൊണ്ടാണ് ഇതിന് ഈ പേരു വന്നത്. കൈകൊണ്ടു താളം പിടിച്ചു പാട്ടുപാടി നൃത്തം വയ്ക്കുന്നതുകൊണ്ട് കൈകൊട്ടിക്കളി എന്നും ഇതിനു പേരുണ്ട്. നോ. കൈകൊട്ടിക്കളിയും പാട്ടുകളും; തിരുവാതിരക്കളി
തുമ്പിതുള്ളല്‍. പെണ്‍കുട്ടികളുടെ ഒരു വിനോദകല. തിരുവോണം, തിരുവാതിര എന്നീ ആഘോഷാവസരങ്ങളിലാണ് ഇത് അവതരിപ്പിക്കുന്നത്. പകല്‍ സമയത്ത് വീട്ടുമുറ്റത്താണ് അവതരണം. പത്തോ പതിനഞ്ചോ പേര്‍ പങ്കെടുക്കുന്നു. വട്ടത്തില്‍ അണിനിരക്കുന്ന ഇവര്‍ക്കു നടുവിലായി ഒരു സ്ത്രീ ഇരിക്കും. ഈ സ്ത്രീയുടെ തല തുണികൊണ്ട് മൂടിയിട്ടുണ്ടാകും. ഇവരാണ് തുമ്പിതുള്ളുന്നത്. തുമ്പിയുടെ കൈയില്‍ തുമ്പച്ചെടിയുടെ കെട്ടോ തെങ്ങിന്‍പൂക്കുലയോ കോര്‍ക്കുന്നു. ചുറ്റിനും നില്ക്കുന്ന സഹകളിക്കാരുടെ കൈകളിലും തുമ്പച്ചെടിയോ മറ്റോ ഉണ്ടായിരിക്കും. ഇവര്‍ പാട്ടുപാടുകയും അതിന്റെ താളത്തിനനുസരിച്ച് തുമ്പിയെ അടിക്കുകയും ചെയ്യുന്നു. പാട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് നടുവിലിരിക്കുന്ന തുമ്പി ഉറഞ്ഞുതുള്ളുകയും മറ്റുള്ളവരുടെ പുറകെ ഓടുകയും ചെയ്യുന്നു. കാണികളായി നില്ക്കുന്ന സ്ത്രീകളും കുട്ടികളും ആര്‍പ്പുവിളിച്ചുകൊണ്ട് തുമ്പിയെ തുള്ളിക്കുന്നു. തുമ്പി തുള്ളലിനു പ്രത്യേക വാദ്യോപകരണങ്ങളില്ല.
പരിചമുട്ടുകളി. സാമൂഹിക വിനോദമെന്ന നിലയിലും അനുഷ്ഠാനമെന്ന നിലയിലും അവതരിപ്പിക്കാറുള്ള ഒരു കലാപ്രകടനമാണിത്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത് അവതരിപ്പിക്കാറുണ്ടെങ്കിലും എറണാകുളം, മലപ്പുറം ജില്ലകളില്‍ മറ്റു സമുദായക്കാരാണ് ഇതില്‍ പങ്കെടുത്തു വരുന്നത്.
അടയ്ക്കാമരത്തിന്റെ (കമുക്) അലകു കൊണ്ടു നിര്‍മിച്ച കളിവാളിന് 60 സെ. മീ. ഓളം നീളം കാണും. 4 സെ. മീ. ആയിരിക്കും വീതി. പിടിക്കു വീതി കുറവാണ്. പാലത്തടികൊണ്ടുണ്ടാക്കിയ പരിച കനം കുറഞ്ഞതാണ്. നടുക്ക് ഒതുക്കമുള്ള പിടിയും കാണും. പാട്ടിനു താളം പിടിക്കുന്നതിന് ഇലത്താളം, കൈത്താളം എന്നിവ ഉപയോഗിക്കുന്നു.
കളിക്കുന്നത് നിലവിളക്കു കത്തിച്ചു സ്റ്റൂളില്‍ വച്ചിട്ട് വിളക്കിനെ പ്രദക്ഷിണം വച്ചായിരിക്കും. ഇലത്താളത്തിനനുസൃതമായി കളിക്കാരിലൊരാള്‍ പാടുന്ന പാട്ട് മറ്റു കളിക്കാര്‍ ഏറ്റുപാടും. പാടുന്നതോടൊപ്പം അവര്‍ ഒരു കൈയിലെ പരിചകൊണ്ട് തുടയില്‍ തട്ടുകയും മറ്റേക്കൈയിലെ വാളുകൊണ്ട് അടുത്തു നില്ക്കുന്ന കളിക്കാരന്റെ വാളില്‍ വെട്ടുകയും ചെയ്യും. വാളും പരിചയും ചലിപ്പിക്കുന്നതില്‍ ഇടയ്ക്കിടെ ചില മാറ്റങ്ങളും കാണാം. പുതിയ കളിക്കാര്‍ സംഘത്തില്‍ നിന്ന് മാറുന്നവരുടെ സ്ഥാനം ഏറ്റെടുക്കുന്നു. ഒരു പാട്ടിന്റെ മാതൃക.
"എട്ടുനാടും കീര്‍ത്തിപ്പെട്ട ആയങ്കരപ്പള്ളിതന്നില്‍
വാണരുളീടും ഗീവറുഗ്ഗീസ്സേ
നിന്റെ നാമം സ്തുതിപ്പാനും
വന്ദിപ്പാനും ഞങ്ങള്‍ക്കിന്നു
വന്‍കൃപ നല്‍കീടണം ഗീവറുഗ്ഗീസ്സേ
തൈ, തൈ, തകതൈ...
സംഘത്തില്‍ പതിനാറുപേര്‍ വരെ കാണും. വെള്ളവസ്ത്രമുടുത്ത് ചുവന്ന പട്ടുകൊണ്ട് അരയില്‍ ഒരു കെട്ടും കെട്ടി ആശാന്‍ മധ്യത്തില്‍ നില്ക്കും. ആശാന്റെ ചുറ്റും മറ്റുള്ളവര്‍ വാളും പരിചയുമേന്തി അണിനിരക്കും. ആശാന്‍ പാട്ടുപാടും. കൈമണി മാത്രമാണ് വാദ്യം. പാട്ടിനൊപ്പിച്ചു മറ്റുള്ളവര്‍ ചുവടുവച്ചു കളിക്കും; ഏറ്റുപാടുകയും ചെയ്യും. പ്രത്യേകിച്ച് അരങ്ങില്ല, ദീപസംവിധാനവുമില്ല. വിവാഹവേദികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ പ്രകടനം നടത്താറുള്ളത്. ഉത്പത്തി എങ്ങനെയാണെന്ന് വ്യക്തമല്ല. വാളും പരിചയും ധാരാളമായി പ്രചാരത്തിലിരുന്ന കാലത്തായിരിക്കാം ഇതിന്റെ ഉത്പത്തി എന്ന് ഊഹിക്കപ്പെടുന്നു.
പൊറാട്ടുകളി. പൊറാട്ടുനാടകം എന്നു കൂടി പേരുള്ള ഈ കല കൈകാര്യം ചെയ്യുന്നത് പാണസമുദായത്തില്‍പ്പെട്ടവരാണ്. കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയൊന്നുമില്ല. നര്‍മഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകള്‍ എന്നിവ ഈ കലയുടെ പ്രത്യേകതകളാണ്; വിദൂഷകനുമുണ്ട്.
കുറവനും കുറത്തിയും, ചെറുമനും ചെറുമിയും, തള്ളമണ്ണാത്തി, ദാസി, ചോദ്യക്കാരന്‍ തുടങ്ങിയവരാണ് വേഷക്കാര്‍. ഒരു ഗായകസംഘവുമുണ്ട്. കളിയാശാനും ഇടയ്ക്ക് കഥാപാത്രമാകും. അതതു സമുദായത്തിന്റെ ജീവിതരീതി യഥാതഥമായി ഫലിതരൂപത്തില്‍ രംഗത്തവതരിപ്പിക്കുന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍, ഒഴിഞ്ഞ വെളിമ്പറമ്പുകള്‍ എന്നിവിടങ്ങളിലൊക്കെ അരങ്ങു നിര്‍മിക്കാം. കളിയമ്പലം എന്നാണ് അരങ്ങിനു പേര്. നാലുകാല്‍ പന്തലിട്ട് നടുവില്‍ കര്‍ട്ടനിട്ടാല്‍ സ്റ്റേജായി. വേഷം ഓരോ സമുദായക്കാരുടെയും സാധാരണ വേഷം തന്നെ. വേഷം കെട്ടുന്നത് പുരുഷന്മാരാണ്.
സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള പൊറാട്ടുകളിയുമുണ്ട്. അതിന് 'പാങ്കളി' എന്നു പറയുന്നു.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ കലയ്ക്ക് പാലക്കാട്ടു ജില്ലയില്‍ ആലത്തൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ അപൂര്‍വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളൂ.
പുലികളി. ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ അരങ്ങേറിവരുന്ന മതനിരപേക്ഷപരമായ ഒരു കല. പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ചിങ്ങമാസത്തിലെ അത്തം മുതല്‍ ചതയംവരെയുള്ള നാളുകളിലാണ് പുലികളി അരങ്ങേറുന്നത്. 40 മുതല്‍ 51 വരെ അംഗങ്ങള്‍ ഒരു പുലികളി സംഘത്തില്‍ ഉണ്ടാകും. നല്ല മെയ് വഴക്കവും കായികബലവും ഇതിന് അനിവാര്യമാണ്. പുലിയുടെ രൂപത്തിലുള്ള മുഖാവരണം വച്ചാണ് കലാകാരന്മാര്‍ വേഷമിടുന്നത്. പുലിയുടെ ശരീരത്തില്‍ കാണുന്നതുപോലെയുള്ള മഞ്ഞയും കറുപ്പും ഇടകലര്‍ന്ന വരകളും പുള്ളികളും കളിക്കാരുടെ ശരീരത്തില്‍ വരയ്ക്കുന്നു. വയറിനുമീതെയും പുലിയുടെ മുഖം വരയ്ക്കാറുണ്ട്. വാല്‍, ചെവി, നാക്ക്, പല്ല് എന്നിവ കൃത്രിമമായി ഉണ്ടാക്കിവയ്ക്കും. വ്യത്യസ്തങ്ങളായ പുലിരൂപങ്ങളാണ് പുലികളിയുടെ സവിശേഷത. പെരുമ്പറ, ചെണ്ട, ഉടുക്ക്, തകില്‍, ഇലത്താളം എന്നിവയാണ് വാദ്യങ്ങള്‍.
മാര്‍ഗംകളി. ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദമാണിത്. മധ്യകേരളത്തിലെ ക്രിസ്ത്യാനികളുടെ പൂര്‍വകലാ സമ്പത്താണ് ഇതെന്നു പറയപ്പെടുന്നു. പെരുന്നാള്‍, വിവാഹം തുടങ്ങിയ ആഘോഷവേളകളിലാണ് ഇത് അവതരിപ്പിക്കുക പതിവ്. പുരുഷന്മാര്‍ മാത്രമേ ഈ പ്രകടനത്തില്‍ പങ്കെടുക്കാറുള്ളൂ. നടുവില്‍ പതിനൊന്നു തിരിയിട്ടു കത്തിച്ച വിളക്കിനു ചുറ്റും തലയില്‍ മയില്‍പ്പീലി ചൂടിയ പന്ത്രണ്ടുപേര്‍ നില്ക്കുന്നു. മുണ്ടും തലയില്‍ക്കെട്ടും മാത്രമാണ് ഇവരുടെ വേഷം; ദീപം ക്രിസ്തുദേവനും. ചുറ്റും നില്ക്കുന്നവര്‍ പന്ത്രണ്ടു ശിഷ്യന്മാരുമാണെന്നാണ് സങ്കല്പം. പാട്ടുപാടിക്കൊണ്ടുള്ള സമൂഹനൃത്തമാണ് ഈ വിനോദത്തിന്റെ ഒന്നാംഭാഗം. തുടര്‍ന്ന് ആയോധനപരമായ പരിചമുട്ടുകളിയും. കുമ്മിയോട് സാദൃശ്യമുള്ളതാണ് പാട്ടും നൃത്തവും. ഗാനങ്ങള്‍ തോമാശ്ലീഹയുടെ ചരിത്രം വിവരിക്കുന്നു. വാദ്യോപകരണങ്ങളൊന്നുമില്ല.
മീനാക്ഷിക്കല്യാണം. പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ഒരു വിനോദനാടകം. കഥകളിയും നാടകവും യോജിപ്പിച്ചുണ്ടാക്കിയ ഒരു കലാരൂപമാണിത്. തമിഴ് ബ്രാഹ്മണരുടെ ഇടയിലാണ് ഇതിന് കൂടുതല്‍ പ്രചാരം. പുരുഷന്മാര്‍ വേഷമിടുന്ന മീനാക്ഷിക്കല്യാണത്തിന്റെ ഇതിവൃത്തം ഹാലാസ്യമാഹാത്മ്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നാടകം അവതരിപ്പിക്കുന്നത്. കളിവിളക്കിന്റെ സാന്നിധ്യത്തിലാണ് അവതരണം. പാട്ടും സംഭാഷണവും ഇടകലര്‍ന്ന രീതിയാണുള്ളത്. പുരുഷകഥാപാത്രങ്ങള്‍ കഥകളി വേഷത്തിലും സ്ത്രീകഥാപാത്രങ്ങള്‍ നാടകവേഷത്തിലും ഒരുങ്ങുന്നു. നാടകവേഷക്കാര്‍ പാട്ടുപാടി അഭിനയിക്കുകയാണ് ചെയ്യുന്നത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ പുരുഷവേഷങ്ങള്‍ക്കും മൃദംഗം, ഹാര്‍മോണിയം, തിത്തി, ഫിഡില്‍ എന്നിവ സ്ത്രീവേഷങ്ങള്‍ക്കും അകമ്പടിയായിട്ടുള്ള വാദ്യങ്ങളാണ്.
വേലന്‍ തുള്ളല്‍. ഓണം തുള്ളല്‍ എന്നുകൂടി പേരുള്ള ഈ അത്യാകര്‍ഷകമായ കല വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ ദേശീയോത്സവമായ ഓണക്കാലത്ത് മാത്രമാണ് ഇതു നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. ഈ കളിയുടെ പ്രത്യേകത 'കളിസംഘം' വീടുവീടാന്തരം കയറിയിറങ്ങിയാണ് കലാപ്രകടനം നടത്തുക എന്നുള്ളതാണ്. ഒരു ദിവസം തന്നെ എട്ടും പത്തും ദിക്കില്‍ പ്രകടനം നടത്തും. നാട്ടിലെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പില്‍ മതിലിനു വെളിയില്‍ വച്ചാണ് ആദ്യത്തെ പ്രകടനം; തുടര്‍ന്ന് നാട്ടിലെ പ്രമാണിമാരുടെ ഗൃഹങ്ങളിലും.
സംഘത്തില്‍ നാലാളുകളാണ് സാധാരണ പതിവ്. വേലന്‍, വേലത്തി, പത്തു വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി, പിന്നെ കുടുംബത്തില്‍പ്പെട്ട ഏതെങ്കിലും ഒരു പുരുഷന്‍. ഉടുക്കാണ് മുഖ്യവാദ്യം. ഓട്ടുകിണ്ണത്തില്‍ പേനാക്കത്തിപോലുള്ള എന്തെങ്കിലും സാധനം കൊണ്ട് കൊട്ടുന്നത് കൂട്ടത്തിലുള്ള പുരുഷനാണ്. വേലത്തി കൈത്താളമിടും.
പത്തുവയസ്സുള്ള പെണ്‍കുട്ടി കൈകളില്‍ കുരുത്തോല കൊണ്ട് നിര്‍മിച്ച ചാമരം താളത്തില്‍ വീശിക്കൊണ്ട് പ്രത്യേക രീതിയിലുള്ള ചുവടുവയ്പോടെ അതീവ ലളിതമായി നടത്തുന്ന നൃത്തത്തോടെയാണ് കളിയുടെ തുടക്കം. അരങ്ങ് ഒന്നുമില്ല. തീണ്ടല്‍ കല്പിച്ച് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇവര്‍ ആചാരമനുസരിച്ച് അവര്‍ക്കു നില്ക്കാവുന്ന അകലത്തില്‍ നിന്നുകൊണ്ടാണ് പ്രകടനം നടത്തുന്നത്.
ഗണപതി, സരസ്വതി എന്നിവ പാടിക്കഴിഞ്ഞ് മാവേലിയുടെ വരവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടാണ്,
"അരുള്‍തരിക ഗണപതിയിന്ന്
ഗുരുപാദം തൊഴു പെണ്ണേ...
എന്നു തുടങ്ങുന്ന ഗാനം.
ഉത്രാടമസ്തമിച്ച്,
തിരുവോണം വെളുപ്പിന്ന്,
മാബലിയും വിഷ്ണുവുമായി...
നാടു കാണാന്‍....
എഴുന്നള്ളുമ്പോള്‍ അവരെ എതിരേല്‍ക്കാനുള്ള
ഒരുക്കങ്ങളെന്തൊക്കെയാണെന്നാണ് അടുത്ത പാട്ടില്‍ പറയുന്നത്.
"ചെത്തിപ്പറിച്ചിടുകല്ലോ
ചെങ്കദളിപ്പൂവിടുകല്ലോ
..................................
വട്ടത്തില്‍പ്പൂവിടുകല്ലോ
ഇഷ്ടത്തില്‍ കൈതൊഴുകല്ലോ
മാബലിയെ കൈതൊഴുകല്ലോ
മാളോരെ കൈ തൊഴുകല്ലോ
ഈ പാട്ടിനെ തുടര്‍ന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദര്‍ശനം മുഴുവനും പാടും. അതു തീരുന്നതുവരെ പെണ്‍കുട്ടിയുടെ നൃത്തവുമുണ്ട്.
തുടര്‍ന്ന് വേലത്തിയുടെ ഊഴമാണ്. 'അമ്മാനമാട്ട'മാണ് ആദ്യത്തെ ഇനം. നാലെണ്ണം ഒരേസമയത്ത് വായുവില്‍ നിര്‍ത്തിക്കൊണ്ട് പാട്ടിന്റെ താളത്തില്‍ അമ്മാനമാടുന്ന വിദ്യ അദ്ഭുതമുളവാക്കുന്നതാണ്. അടുത്തയിനം 'പാറാവളയം' ആണ്. നിലത്തിരുന്ന് കാലുരണ്ടും മുന്നോട്ട് നീട്ടിവച്ച് ഏതാണ്ട് 20 സെ. മീ. വ്യാസമുള്ള രണ്ട് വളയങ്ങള്‍ കാലിന്റെ പെരുവിരലില്‍ ഇട്ട് അതിവേഗത്തില്‍ വട്ടത്തില്‍ കറക്കിക്കൊണ്ടുള്ള അമ്മാനമാട്ടമാണ് 'പാറാവളയം' എന്ന പേരില്‍ പ്രകടിപ്പിക്കുന്നത്. ഇതിനൊക്കെ പറ്റിയ പാട്ടുകളുമുണ്ട്.
'കുടനിവര്‍ത്തല്‍', 'അറപ്പുകാരന്‍' എന്നീ കലാപ്രകടനങ്ങളും വേലത്തിയുടെ വകയാണ്. എല്ലാ പ്രകടനങ്ങളും വിശദമായി നടത്താന്‍ മൂന്നുമണിക്കൂര്‍ വരെ വേണ്ടിവരും. പ്രകടനങ്ങളെല്ലാം കഴിയുമ്പോള്‍ സംഘത്തിന്റെ നേതാവായ വേലന്‍, നാടിനും നാട്ടാര്‍ക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്നതിനുശേഷം ഉപ്പേരി, പപ്പടം, പഴം, പായസം എല്ലാം ഉള്‍പ്പെടെയുള്ള 'കരിക്കാടി' യും (ഭക്ഷണം) 'പഴയതും' (വസ്ത്രം) 'കിട്ടിക്കണ' മെന്ന് അഭ്യര്‍ഥിക്കുന്നതോടെ പ്രകടനം അവസാനിക്കുന്നു.
തമ്പുരാന്‍ സംഘത്തിലുള്ളവര്‍ക്ക് മുഴുവനും ഓണക്കോടിക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും പുറമേ, ഓണം നാലുദിവസവും വേലനും കുടുംബത്തിനും സമൃദ്ധിയായി ഭക്ഷണം കഴിക്കുന്നതിനുവേണ്ട എല്ലാ സാധനങ്ങളും 'കല്പിച്ചു' കൊടുക്കുകയും ചെയ്യുന്നു.
ഫ്യൂഡല്‍ കാലഘട്ടത്തിലെ 'അടിയാനും ഉടയോനും' തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ കല നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. കോട്ടയത്ത് പാലാ, പൂഞ്ഞാര്‍, രാമപുരം, പുലിയന്നൂര്‍, പൂവരണി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കലയ്ക്ക് പ്രചാരമുള്ളത്. ഒന്നോ രണ്ടോ കുടുബങ്ങള്‍ മാത്രമാണ് ഇന്ന് ഈ കലയെക്കുറിച്ച് അല്പമെങ്കിലും അറിവുള്ളവരായി കാണുന്നത്.
വേലകളി. മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരാരാധനായോധന കലയാണിത്. ഇതില്‍ 50-ലധികം ആളുകള്‍ പങ്കെടുക്കുന്നു. ഇവര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കിലും നിഷ്കൃഷ്ടമായ പരിശീലനം നേടിയവരായിരിക്കും. പഴയകാലത്തെ ഭടന്മാരുടേതു തന്നെയാണ് വേഷം. കട്ട്യാവുകൊണ്ട് ഒരു കോണിലേക്കു കൂര്‍ത്തുനില്ക്കുന്ന തലക്കെട്ട്, മാറില്‍ നിറയെ മാല, തോള്‍വള, കൈവള എന്നിവകൊണ്ടു വേഷം ആകര്‍ഷകമാക്കിയിരിക്കും. ദേഹം മുഴുവനും ചന്ദനം പൂശിയിരിക്കും. ഇടതുകൈയില്‍ ചായം പൂശിയ പരിചയും വലതുകൈയില്‍ ചൂരല്‍ കൊണ്ടുള്ള ചുരികക്കോലും ആയി നില്ക്കുന്ന നര്‍ത്തകരുടെ നിരയില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ മുന്നോട്ടു കയറി അടവുകള്‍ കാട്ടുന്നു. വൈവിധ്യമുള്ള ചുവടുകളും അടവുകളും ഇതിന്റെ സവിശേഷതയാണ്. മദ്ദളം, തകില്‍, കൊമ്പ്, കുഴല്, ഇലത്താളം തുടങ്ങിയ മിക്ക വാദ്യങ്ങളും ഇതിനു പശ്ചാത്തലം ഒരുക്കുന്നു. ഈ കലകള്‍ രൂപമെടുത്തത് ചെമ്പകശ്ശേരി രാജ്യ(അമ്പലപ്പുഴ)ത്താണ്. രാജാവിന്റെ ആശ്രയത്തില്‍ ഒന്നിലധികം വേലകളി സംഘങ്ങളുണ്ടായിരുന്നു.
കെട്ടുകാഴ്ച. കേരളത്തിലെ, പ്രത്യേകിച്ചും തെക്കന്‍ തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ച് കാഴ്ചക്കാര്‍ക്കുവേണ്ടി കെട്ടിയുണ്ടാക്കുന്ന ശില്പങ്ങളുടെ പ്രദര്‍ശനമാണിത്. ഓരോ കരക്കാരും അവരവരുടെ കെട്ടുകാഴ്ച ക്ഷേത്ര പരിസരങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊള്ളണമെന്നായിരുന്നു പണ്ടത്തെ വ്യവസ്ഥ. ഇക്കാര്യത്തില്‍ കരക്കാര്‍ തമ്മില്‍ മത്സരം തന്നെ ഉണ്ടായിരുന്നു. തേരും കുതിരയും, അരയന്നം, ചമയക്കുതിര എന്നിങ്ങനെ ശില്പങ്ങള്‍ പലതുണ്ട്. ശിവക്ഷേത്രങ്ങളില്‍ കാളയാണ് ശില്പം. വെട്ടിയാര്‍, ചെട്ടിക്കുളങ്ങര, ഓച്ചിറ എന്നിവിടങ്ങളില്‍ കെട്ടുകാഴ്ചകള്‍ക്കു കേള്‍വികേട്ട സ്ഥലങ്ങളാണ്. പാണ്ഡവന്മാരുടെയും മറ്റും രൂപങ്ങള്‍ മരത്തില്‍ പണിചെയ്തു പ്രദര്‍ശിപ്പിക്കുന്നതും ഈ വകുപ്പില്‍ പെടുത്താം. തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഈ പ്രദര്‍ശനം ഇന്നും കണ്ടുവരുന്നുണ്ട്.
മാടുകള്‍ക്ക് രോഗം വന്നാല്‍ ഉപശാന്തിക്കായി ശിവക്ഷേത്രത്തില്‍ 'കാളകെട്ട്' ഒരു വഴിപാടായി നടത്താറുണ്ട്. ചില സാംക്രമിക രോഗങ്ങളില്‍ നിന്നു മുക്തി നേടാനും കെട്ടുകാഴ്ച നടത്തിവരുന്നു.
കെട്ടുകാഴ്ച ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നും ഒരു പക്ഷമുണ്ട്. ചമയക്കുതിര കെട്ടുകാഴ്ചയിലെ ശില്പങ്ങളില്‍ ഒന്നാണല്ലോ. ബുദ്ധന്റെ അഭിസംക്രമണം കുതിരയുടെ രൂപത്തിലായിരുന്നുവെന്നും അതിനെ ഓര്‍മിപ്പിക്കുന്നതാണ് 'ചമയക്കുതിര' എന്നുമാണ് ഇതിന്റെ വിശദീകരണം. നോ. കെട്ടുകാഴ്ച
കേരളത്തില്‍ പ്രചാരത്തിലിരുന്നതും ഇന്നും നിലവിലുള്ളതുമായ പ്രാധാന്യമേറിയ ഏതാനും കലകളെക്കുറിച്ച് മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. പരാമര്‍ശമര്‍ഹിക്കുന്ന ചെറിയതരം കലാരൂപങ്ങള്‍ ഇനിയും നിരവധിയുണ്ട്. പൂതംകളി, കോതാമൂരിയാട്ടം, സര്‍പ്പംതുള്ളല്‍, വട്ടക്കളി, കരടിയാട്ടം, ആണ്ടവന്‍കളി, കാവടിയാട്ടം, കുംഭകുടം തുള്ളല്‍ എന്നിങ്ങനെ അനുഷ്ഠാനപരവും കായികവും വിനോദപരവുമായ അനവധി കലകള്‍ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കാണാം. ഒരു പക്ഷേ ലോകത്തിന്റെ മറ്റൊരു കോണിലും ഇത്രയധികം വൈവിധ്യം നിറഞ്ഞ കലാപാരമ്പര്യം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല.