This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്ട്രോപ്പോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:51, 25 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗാസ്ട്രോപ്പോഡ

Gastropoda

മൊളസ്ക ജന്തുഫൈലത്തിലെ ഒരു വര്‍ഗം (class). ഒച്ചുകള്‍ (snails), സ്ളഗുകള്‍ (slugs) എന്നിവയാണ് ഈ വര്‍ഗത്തിലെ പ്രധാന ജീവിയിനങ്ങള്‍. ലവണജലത്തിലും ശുദ്ധജലത്തിലും കരയിലും ജീവിക്കുന്ന 50,000-ത്തോളം സ്പീഷീസുകള്‍ ഈ വര്‍ഗത്തിലുള്‍പ്പെടുന്നു. കടലിന്റെ അടിത്തട്ടിലും ഹിമാലയത്തിലെ മഞ്ഞുമൂടിയ തടാകങ്ങളിലും വരണ്ടുണങ്ങിയ മണലാരണ്യങ്ങളിലും വരെ ഇവയെ കണ്ടെത്താനാകും. വളരുന്ന സാഹചര്യത്തിലെന്നപോലെ ആകൃതിയിലും വലുപ്പത്തിലും ഇവ തികഞ്ഞ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. ഹോമാലോഗൈറ എന്നയിനം ലവണജല ഒച്ചുകള്‍ക്കും വനത്തില്‍ വളരുന്ന പങ്ക്റ്റം എന്നയിനം ഒച്ചുകള്‍ക്കും ഒരു മി.മീ.-ല്‍ താഴെ മാത്രം വലുപ്പമേ ഉള്ളു. എന്നാല്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന അച്ചാട്ടിന അച്ചാട്ടിന (Achatina achatina) എന്ന ഭീമന്‍ കരയൊച്ചിന് 20 സെ.മീ. വരെ നീളമുണ്ടാവാറുണ്ട്. ഏറ്റവും വലിയവയായി കണക്കാക്കപ്പെടുന്നത് 132 സെ.മീ. നീളം വയ്ക്കുന്നതും പരാദമായി കടല്‍വെള്ളരിയുടെ ഉള്ളില്‍ കഴിഞ്ഞുകൂടുന്നതുമായ പാരെന്ററോക്സീനോസ് ഡോഗ്ലിയ്ലി (Parenteroxenos doglieli) എന്ന ഒച്ചിനമാണ്. എങ്കിലും മിക്ക ഗാസ്ട്രോപ്പോഡുകളും 2-2.5 സെ.മീറ്ററിലധികം വളരാറില്ല.

ഗാസ്ട്രോപ്പോഡ- വിവധ ആകൃതിയിലുള്ള പുറന്തോടുകള്‍

പ്രത്യേക ഘടനയുള്ള പുറന്തോട് (shell) ഗാസ്ട്രോപ്പോഡ വര്‍ഗത്തിലെ ജീവികളുടെ പ്രത്യേകതയാണെന്നു പറയാം. ഒരു കേന്ദ്ര അച്ചുതണ്ടിനു ചുറ്റുമായി സര്‍പ്പിളാകൃതിയില്‍ ചുരുണ്ട പുറന്തോടാണിവയ്ക്കുള്ളത്. വലത്തോട്ടു പിരിഞ്ഞിരിക്കുന്ന സ്ഥിതിയാണ് പുറന്തോടിനുള്ളത്. അപൂര്‍വമായി ഇടത്തോട്ടു പിരിഞ്ഞ സ്ഥിതിയിലുള്ളവയും കാണപ്പെടുന്നുണ്ട്. ശരീരത്തിന്റെ മാംസളഭാഗമായ മാന്റില്‍ സ്രവിക്കുന്ന ചോക്കുപോലെയുള്ള ഒരു വസ്തുവാണ് പുറന്തോടിന് രൂപം നല്കുന്നത്. ഈ പുറന്തോടിന് വൈവിധ്യമാര്‍ന്ന ആകൃതികളാണുള്ളത്. ജീവിതസാഹചര്യങ്ങള്‍ക്കനുസൃതമായ അനുകൂല വ്യതിയാനങ്ങളും പുറന്തോടിന്റെ ആകൃതിയില്‍ കാണാറുണ്ട്. ഈ കാല്‍സിയമായ പുറന്തോട് നേരിയ ഒരു പാളിമാത്രമായി ചുരുങ്ങിയിട്ടുള്ള സ്ഥിതിയും കണ്ടുവരുന്നു. പാരിഫാന്റ എന്ന ന്യൂസിലന്‍ഡ് ഒച്ച് സ്പീഷീസില്‍ പുറന്തോട് കട്ടികുറഞ്ഞ ഒരു നേരിയ പാളി മാത്രമാണ്.

ഗാസ്ട്രോപ്പോഡ വര്‍ഗത്തിലെ ജീവികളുടെ ശരീരത്തിന് അന്തരംഗമുഴ (visceral hump), മാന്റില്‍, തല, പാദം എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളുണ്ട്. ഇവയുടെ ശരീരം പുറന്തോടുമായി പേശികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. മിക്ക ഒച്ചുകള്‍ക്കും തലയും കാലും പുറന്തോടിനുള്ളിലേക്കു വലിക്കാനാകും. എന്നാല്‍ സ്ളഗുകള്‍ക്കു പുറന്തോടിന്റെ പ്രത്യേകതകള്‍മൂലം ഇതിനു പലപ്പോഴും സാധിക്കാറില്ല. അന്തരംഗമുഴ എല്ലായ്പ്പോഴും ഒച്ചുകളില്‍ പുറന്തോടിനുള്ളിലായിരിക്കും. പചന-പുനരുത്പാദന-വിസര്‍ജന-ശ്വാസോച്ഛ്വാസ കര്‍മങ്ങള്‍ക്കായുള്ള ശരീരഭാഗങ്ങളെല്ലാം ഈ മുഴയ്ക്കുള്ളിലായാണ് കാണപ്പെടുക.

ഗാസ്ട്രോപ്പോഡകളിലെല്ലാം തന്നെ ജാതിവൃത്ത (phylogeny) ത്തിന്റെ ഏതോ ഒരു ദശയിലും വികാസത്തിന്റെ ഏതോ ഒരു ഘട്ടത്തിലും വിമോടനം (torsion) എന്ന ഒരു പ്രത്യേക പ്രക്രിയ സംഭവിച്ചിരിക്കുന്നു. അന്തരംഗപിണ്ഡം (visceral mass), അതിനെ ഉള്‍ക്കൊള്ളുന്ന പുറന്തോട് എന്നിവ തലയുടെയും കാലിന്റെയും അക്ഷത്തിന്റെ അടിസ്ഥാനത്തില്‍ 180ബ്ബ-യില്‍ പിരിയുന്നു. ഈ പിരിയല്‍ അഥവാ വിമോടനംമൂലം ആന്തരാവയവങ്ങള്‍ എല്ലാം ഒരു വലയാകൃതിയില്‍ ആകുകയും ചെയ്യും. ഈ സ്ഥിതിവിശേഷം മറ്റൊരു മൊളസ്ക വര്‍ഗത്തിലും കാണപ്പെടുന്നില്ല.

ഗാസ്ട്രോപ്പോഡയിലെ ജിവികള്‍ക്കു പചനവ്യൂഹവുമായി ബന്ധപ്പെട്ട് റാഡുല എന്ന പേരില്‍ നാക്കുപോലെ വര്‍ത്തിക്കുന്ന ഒരു ഭാഗം കാണപ്പെടുന്നു. ഇതിനെ പൊതിഞ്ഞ് അസംഖ്യം ചെറിയ പല്ലുകള്‍പോലുള്ള ഭാഗങ്ങളും ഉണ്ട്. ഈ റാഡുല ആഹാര സമ്പാദനത്തിനുപകരിക്കുന്നു. പചനവ്യൂഹത്തിന്റെ ആദ്യഭാഗത്തായി കാണപ്പെടുന്ന റാഡുലയെ മുമ്പോട്ടു നീട്ടാനും കഴിയും. ഏറ്റവും സരളഘടനയുള്ള ജീവികള്‍ പാറകളിലും മറ്റും പറ്റിപ്പിടിച്ചിട്ടുള്ള ആല്‍ഗകളെ ചുരണ്ടിയെടുത്തു ഭക്ഷിക്കുന്നു. മാംസഭുക്കുകളായ ഗാസ്ട്രോപ്പോഡകളുടെ എണ്ണവും കുറവല്ല.

സഞ്ചാരത്തിന്റെ കാര്യത്തിലും ഇവ വൈവിധ്യം പ്രകടിപ്പിക്കുന്നു. ഒഴുകി നടക്കുന്ന ഗാസ്ട്രോപ്പോഡയിനങ്ങള്‍ ഉണ്ട്. കരയില്‍ കഴിയുന്നവ മുഖ്യമായും പാദങ്ങളുടെ സഹായത്താലാണു ചലിക്കുന്നത്. നീന്തിനടക്കുന്നയിനങ്ങളില്‍ പാദങ്ങള്‍ അല്പ വികസിതങ്ങളാണ്. പേശീചലനങ്ങളാല്‍ സൃഷ്ടിച്ചെടുക്കുന്ന സങ്കോച വികാസതരംഗങ്ങളാലാണ് ഒച്ചുകള്‍ ചലിക്കുന്നത്. ചിലയിനങ്ങളില്‍ പാദം ഇടതു-വലതു ഭാഗങ്ങളായി വിഭജിതങ്ങളുമാണ്. പാദങ്ങളില്‍ വളരുന്ന സീലിയകളുടെ സഹായത്തോടെ ചലിക്കുന്നവയും ഉണ്ട്. ഒച്ചിനങ്ങള്‍ വളരെ സാവധാനം ചലിക്കുന്നവയാണ്. ഇതാണ് 'ഒച്ചിഴയുന്നതുപോലെ' എന്ന മലയാള ശൈലിക്കും നിദാനം.

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പ്രത്യേകതകളിലും ഗാസ്ട്രോപ്പോഡയിനങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ശുദ്ധജലത്തിലും കരയിലും ജീവിക്കുന്ന മിക്ക ഒച്ചിനങ്ങളും ഉഭയലിംഗികളാണ്; എന്നാല്‍ ലവണജല ഒച്ചുകളില്‍ ലിംഗഭേദം ദൃശ്യമാണുതാനും. പരിണാമപരമായി താഴ്ന്നയിനങ്ങളില്‍ ബാഹ്യ ബീജസങ്കലനം ആണ് കാണപ്പെടുന്നത്. ബീജസങ്കലിതാണ്ഡം ട്രോക്കോഫോര്‍ എന്നു പേരുള്ള ഒരു ലാര്‍വയായിത്തീരുന്നു. ഈ ഘട്ടത്തിലാണ് ഇവയില്‍ വിമോടന (torsion) പ്രക്രിയ നടക്കുക. ട്രോക്കോഫോര്‍ ലാര്‍വ അടുത്ത ഘട്ടമായ വെലിഗര്‍ ലാര്‍വയായി മാറും. ചിലയിനങ്ങളില്‍ വെലിഗര്‍ ഘട്ടം വളരെക്കാലം നീണ്ടു നില്ക്കാറുണ്ട്. ഈ ലാര്‍വയില്‍ ചെറിയ ഒരു പുറന്തോടും കാണപ്പെടുന്നു. പരിവര്‍ത്തന വിധേയമായി വെലിഗര്‍ അടിത്തട്ടില്‍ അടിയുകയും ഇഴയുന്ന ജീവിയായി രൂപഭേദം കൈവരിക്കുകയും ചെയ്യും. പിന്നീടുള്ള വളര്‍ച്ച അതിവേഗം പുരോഗമിക്കുന്നു. അടിസ്ഥാനപരമായ പ്രത്യുത്പാദനരീതി ഇതാണെങ്കിലും ഇതില്‍ നിന്നു നേരിയ വ്യതിയാനത്തോടെയുള്ള ജീവിതചക്രഘട്ടങ്ങളും ചിലയിനങ്ങളില്‍ കണ്ടുവരുന്നുണ്ട്. ആന്തരിക ബീജസങ്കലനം നടക്കുന്ന നിരവധിയിനങ്ങളുണ്ട്. അതുപോലെതന്നെ സ്വതന്ത്ര ജീവിതം നയിക്കുന്ന ട്രോക്കോഫോര്‍-വെലിഗര്‍ ലാര്‍വാ ഘട്ടങ്ങള്‍ അണ്ഡ കാപ്സ്യൂളുകള്‍ക്കുള്ളില്‍ത്തന്നെ തരണം ചെയ്യുന്നവയുമുണ്ട്. ഒപ്പിസ്ത്തോ ബ്രാങ്കുകള്‍, പള്‍മൊനേറ്റുകള്‍ എന്നിവയില്‍ ഉഭയലിംഗതയും ദൃശ്യമാണ്.

ഗാസ്ട്രോപ്പോഡ വര്‍ഗത്തിലെ പല ജീവികളും മനുഷ്യനു പ്രയോജനകാരികളാണ്. ഒച്ചിനങ്ങളില്‍ പലതിനെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭക്ഷിക്കാറുണ്ട്. ആഹാരാവശ്യത്തിനായി ചില ഇനങ്ങളെ വന്‍തോതില്‍ വളര്‍ത്തിവരുന്നു. അച്ചാട്ടിന ഫുലിക്ക (Achatina fulica) എന്നയിനം വലിയ ഒച്ചിനെ രണ്ടാം ലോകയുദ്ധകാലത്തു പട്ടാളക്കാരുടെ ഭക്ഷണാവശ്യത്തിനായി ജപ്പാന്‍ പസിഫിക് ദ്വീപില്‍ വളര്‍ത്തിയിരുന്നു. ചില ശുദ്ധജല സ്പീഷീസുകള്‍ മനുഷ്യനില്‍ പരാദങ്ങളായിട്ടുള്ള വിരകളുടെ മധ്യസ്ഥ പരപോഷികള്‍ (intermediate hosts) ആയി വര്‍ത്തിച്ചുവരുന്നു. ചിലയിനം ഗാസ്ട്രോപ്പോഡകളുടെ പുറന്തോടുകള്‍ വിലയേറിയവയുമാണ്.

ഗാസ്ട്രോപ്പോഡ ജന്തുവര്‍ഗത്തെ പ്രോസോബ്രാങ്കിയ (prosobranchia), ഒപ്പിസ്ത്തോബ്രാങ്കിയ (opisthobranchia), പള്‍മൊനേറ്റ (pulmonata) എന്നീ മൂന്നു ഉപവര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഏറ്റവും വലുതും വൈവിധ്യമാര്‍ന്ന ജീവികളെ ഉള്‍ക്കൊള്ളുന്നതുമായ ഉപവര്‍ഗമാണ് പ്രോസോബ്രാങ്കിയ. ഈ ഉപവര്‍ഗത്തില്‍ 26,000-ത്തോളം സ്പീഷീസുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഭൂരിപക്ഷം ജീവികളും ലവണജലവാസികളാണ്. ശുദ്ധജലത്തില്‍ ജീവിക്കുന്ന ചെറിയ ഒരു വിഭാഗവുമുണ്ട്. രണ്ടാമത്തെ ഉപവര്‍ഗമായ ഒപ്പിസ്ത്തോബ്രാങ്കിയയിലെ ജീവികളില്‍ വളരെ ചെറിയ പുറന്തോടാണുള്ളത്. പലതിലും ഇതു കാണാറുമില്ല. ഈ ഉപവര്‍ഗത്തില്‍ രണ്ടായിരത്തോളം സ്പീഷീസുകളുണ്ട്. ഇവയില്‍ നാലു സ്പീഷീസുകള്‍ ഒഴികെ ബാക്കിയെല്ലാം ലവണജലത്തില്‍ കഴിയുന്നവയാണ്. മൂന്നാമത്തെ ഉപവര്‍ഗം പള്‍മൊനേറ്റയില്‍ 21200-ഓളം സ്പീഷീസുകളുണ്ട്. മിക്കവയും കരയിലോ ശുദ്ധജലത്തിലോ ജീവിക്കുന്നവയാണ്. നോ: ഒച്ച്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍