This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളംബൈറ്റ്-ടാന്റലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:33, 26 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൊളംബൈറ്റ്-ടാന്റലൈറ്റ്

Columbite-Tantalite

പ്രകൃത്യാതന്നെ സംയോജിതാവസ്ഥയില്‍ വര്‍ത്തിക്കുന്ന കൊളംബിയാ (Cb), ടാന്റലം (Ta) എന്നീ അപൂര്‍വലോഹങ്ങളുടെ അയിരുകളായ ധാതുശ്രേണി. കൊളംബിയത്തിന് നിയോബിയം എന്നും പേരുണ്ട്. ലോഹങ്ങളുടെ മുഖ്യ അയിരുകള്‍ യഥാക്രമം കൊളംബൈറ്റ് [(Fe, Mn) Cb2 O6], ടാന്റലൈറ്റ് [(Fe, Mn) Ta2 O6] എന്നീ ധാതുക്കളാണ്. ഇവ രണ്ടുംതന്നെ തത്താദൃശസംരചനയുള്ള ഒരു സമരൂപ (isomorphus) ധാതുശ്രേണിയിലെ അന്തിമോത്പന്ന(end members)ങ്ങളും തന്മൂലം നൈസര്‍ഗികഭാവത്തില്‍ തുലോം വിരളമായിമാത്രം കണ്ടുവരുന്നവയുമാണ്. ഇക്കാരണത്താല്‍ ഇവ ഉള്‍പ്പെടുന്ന ധാതുശ്രേണിയെ കൊളംബൈറ്റ്-ടാന്റലൈറ്റ് ധാതുക്കള്‍ എന്നു വിശേഷിപ്പിക്കുന്നു. പൊതുഫോര്‍മുല (Fe, Mn) (Cb, Ta)2 O6. 77 ശതമാനം കൊളംബിയം പെന്റോക്സൈഡ് (Ta2 O5) അടങ്ങിയവ മുതല്‍ 84 ശതമാനം ടാന്റലം പെന്റോക്സൈഡ് (Ta2 O5) ഉള്‍ക്കൊള്ളുന്നവ വരെയുള്ള അനേകം ധാതുക്കള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. സാധാരണയായി 45 ശതമാനത്തിലേറെ Cb2 O5 അടങ്ങിയവ കൊളംബൈറ്റുകളായും 40 ശതമാനത്തിലേറെ Ta2 O5 അടങ്ങിയവ ടാന്റലൈറ്റുകളായും വ്യവഹരിക്കപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൊളംബൈറ്റ് ഉത്പാദനത്തിനു തെരഞ്ഞെടുക്കുന്നത് Cb2 O5 അംശം 45 ശതമാനം കുറവല്ലാതെയും അത് Ta2 O5 അംശത്തിന്റെ പത്തിരട്ടിയിലേറെയായുള്ളതുമായ ഇനം ധാതുക്കളെയാണ്. കൊളംബിയവും ടാന്റലവും ചേര്‍ന്ന മൊത്തം ലോഹാംശം 65 ശതമാനത്തില്‍ കുറവല്ലാതെ 40 ശതമാനം വരെ Ta2 O5 ഉള്‍ക്കൊണ്ടിട്ടുള്ളയിനം ധാതുക്കള്‍ ടാന്റലം അയിരുകളായി പരിഗണിക്കപ്പെടുന്നു.

കൊളംബൈറ്റ്

പൊതുവേ അതാര്യമായ പദാര്‍ഥങ്ങളാണ് ഈ ധാതുസമൂഹത്തിലുള്ളത്. നന്നേ കടുപ്പമുള്ള ഇവയ്ക്ക് ഇരുണ്ട നിറമാണുള്ളത്. എളുപ്പം പൊടിയുന്ന (brittle) ഭംഗുരവസ്തുക്കളായ ഇവയ്ക്ക് വര്‍ണദീപ്ത (iridescent) സ്വഭാവമുണ്ട്. റസിന്‍ സദൃശ (risinonus) ദ്യുതിപ്രകടമാകുന്നു. ആപേക്ഷികഘനത്വം 5.3 മുതല്‍ 7.3 വരെ വ്യതിചലിച്ചുകാണുന്നു; ഇവയില്‍ ഏറ്റവും കുറഞ്ഞമൂല്യം ശുദ്ധാവസ്ഥയിലുള്ള കൊളംബൈറ്റിനെയും ഏറ്റവും കൂടിയത് ഏതാദൃശ ടാന്റലൈറ്റിനെയും സൂചിപ്പിക്കുന്നു. ലോഹനിര്‍ധാരണത്തിന് അയിരുകളെ വൈദ്യുതിവിശ്ളേഷണത്തിന് വിധേയമാക്കുകയാണ് സാധാരണസമ്പ്രദായം. ക്ഷാരീയ നിരോക്സീകരണ (alkaline reduction) പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന രീതിയും നിലവിലുണ്ട്.

വളരെ ഉയര്‍ന്ന ദ്രവണാങ്കം (melting point), താപസംനയനം (Conductivity), ക്ഷാരണസഹത (Corrosion resistivity) എന്നിവ കൊളംബിയത്തിന്റെ സവിശേഷതകളാണ്. വളരെ നേര്‍ത്തതും ഏറെക്കാലം ഈടുനില്ക്കേണ്ടതുമായ വസ്തുക്കളുടെ നിര്‍മാണത്തിന് കൊളംബിയം അത്യന്തം ഉപയുക്തമാണ്. എഴുതാനും ചിത്രരചനയ്ക്കുമുള്ള വിലകൂടിയ പേനകളുടെ നിബ്ബുകള്‍ക്ക് കൊളംബിയവും സ്വര്‍ണവും കൂട്ടുചേര്‍ത്തുണ്ടാക്കുന്ന സങ്കരങ്ങളാണ് ഉപയോഗിക്കുന്നത്. രാസികവ്യവസായങ്ങളിലെയും ശസ്ത്രക്രിയാരംഗത്തെയും സൂക്ഷ്മോപകരണങ്ങളില്‍ കൊളംബൈറ്റിന്റെ ഉപയോഗം വളരെ കൂടിവരുന്നു. ഇലക്ട്രോണിക് ട്യൂബുകള്‍, റേഡിയോ വാല്‍വുകള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിന് കൊളംബിയവും ഇതിന്റെ സങ്കരങ്ങളും വന്‍തോതില്‍ പ്രയോജനപ്പെടുന്നു. ഉയര്‍ന്ന താപനിലയിലും ഉരുകാതെ വര്‍ത്തിക്കുന്നതിനു പ്രാപ്തമായ ഉരുക്കുണ്ടാക്കുന്നത് ഇരുമ്പും കൊളംബിയവും ചേര്‍ന്ന കൂട്ടുലോഹം കൊണ്ടാണ്.

ടാന്റലത്തിന്റെ പ്രധാനമായ ഉപഭോഗം വൈദ്യുതബള്‍ബുകള്‍ക്കുള്ള ഫിലമെന്റ് നിര്‍മാണത്തിലായിരുന്നു; അടുത്തകാലത്തായി ടാന്റലത്തിന്റെ സ്ഥാനം ടങ്സ്റ്റണ്‍ അപഹരിച്ചിരിക്കുന്നു. സാധാരണ ഊഷ്മാവില്‍ത്തന്നെ നിരവധി വാതകങ്ങളെയും ബാഷ്പങ്ങളെയും ആഗിരണം ചെയ്ത് ശോഷിപ്പിക്കുന്നതിനുള്ള കഴിവ് ടാന്റലത്തിനുണ്ട്. ഉയര്‍ന്ന താപനിലയിലാവുമ്പോള്‍ ഓക്സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവകൂടി ടാന്റലത്തിന്റെ ആഗിരണത്തിനു വഴിപ്പെടുന്നു. ഈ സവിശേഷതമൂലം റേഡിയോ തരംഗങ്ങളുടെ പ്രേഷണത്തിനുപയോഗിക്കുന്ന ട്യൂബുകള്‍, എക്സ്-റേ ഉപകരണങ്ങള്‍, നിയോണ്‍ വിളക്കുകള്‍ തുടങ്ങിയവയിലൊക്കെ ടാന്റലം ഉപയോഗിക്കപ്പെടുന്നു. അത്യുച്ചതാപസഹമായ ടാന്റലം കാര്‍ബൈഡ് (ദ്രവണാങ്കം 4000°C) നിര്‍മിക്കുന്നതിനും ഈ ലോഹം ആവശ്യമാണ്. നിക്കല്‍, മഗ്നീഷ്യം, കാത്സ്യം, ടങ്സ്റ്റണ്‍, ക്രോമിയം, കൊളംബിയം എന്നിവയുമായി കലര്‍ത്തി വ്യാവസായികപ്രാധാന്യമുള്ള അനേകം ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുന്നതിനും ടാന്റലം പ്രയോഗപ്പെടുന്നു.

അനിയതമായ വിതരണക്രമത്തില്‍ ഭാരിച്ച സംപിണ്ഡങ്ങളായ സാമാന്യം വലുപ്പമുള്ള പരലുകളായോ ഗ്രാനൈറ്റ്-പെഗ്മട്ടൈറ്റ് പടലങ്ങള്‍ക്കിടയില്‍ അവസ്ഥിതമായ നിലയിലോ ആണ് കൊളംബൈറ്റ്-ടാന്റലൈറ്റ് സമൂഹം സാധാരണ ലഭ്യമാകുന്നത്. ഇവയോടനുബന്ധിച്ച് വൈഡൂര്യം (beryl), ലെപിഡോലൈറ്റ് സ്പോഡുമില്‍, കാസിറ്ററ്റൈറ്റ്, വൂള്‍ഫ്രമൈറ്റ്, മോണസൈറ്റ് തുടങ്ങിയവ സാമാന്യമായ തോതില്‍ കാണപ്പെടുന്നു. വിലയേറിയ ഈ വക ധാതുക്കളെക്കൂടി വേര്‍തിരിച്ചെടുക്കുന്നതിലൂടെയാണ് ഇമ്മാതിരി നിക്ഷേപങ്ങള്‍ കണ്ടെത്തി ഖനനം ചെയ്യുന്നതിനു നേരിടുന്ന സാമ്പത്തികഭാരം ലഘൂകരിക്കാനാവുന്നത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെഗ്മട്ടൈറ്റ് അടരുകളുമായി ബന്ധപ്പെട്ട് കൊളംബൈറ്റ്-ടാന്റലൈറ്റുകളുടെ സമ്പന്നനിക്ഷേപങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍; ബിഹാറിലെ ഗയ, ഹസാരിബാഗ്, മോണ്‍ഘീര്‍; തമിഴ്നാട്ടിലെ ചെന്നൈ, സേലം, തിരുച്ചിറപ്പള്ളി; കര്‍ണാടകത്തിലെ ബാംഗ്ളൂര്‍, മൈസൂര്‍; രാജസ്ഥാനിലെ അജ്മീര്‍, ഭീല്‍വാഡ, ഉദയ്പൂര്‍ എന്നീ ജില്ലകളാണ് പ്രധാനകേന്ദ്രങ്ങള്‍. ബിഹാറിലെ പിച്ഛലിഹില്‍, അദ്രങ്കീപഹാഡ് എന്നിവിടങ്ങളില്‍ മോണസൈറ്റ്, പിച്ച്ബ്ലെന്‍ഡ് എന്നിവയോടൊത്തും രാജസ്ഥാനില്‍ വൈഡൂര്യനിക്ഷേപങ്ങളോടിടകലര്‍ന്നുമാണ് ഈ ധാതുസമൂഹം അവസ്ഥിതമായിരിക്കുന്നത്. ജമ്മു-കാശ്മീരിലെ ഇന്ദ്രനീല (saphire) ഖനിയായ പദാറില്‍നിന്നും കൊളംബൈറ്റ്-ടാന്റലൈറ്റ് ലഭിച്ചുവരുന്നു.

ഭാരത-ആണവ ധാതുവിഭാഗത്തിന്റെ പര്യവേക്ഷണത്തിലൂടെ ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും ഖനനസാധ്യമായ തോതില്‍ കൊളംബിയ-ടാന്റലം ധാതുനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുനെല്‍വേലി-കന്യാകുമാരി ജില്ലകളിലും ഇവയുടെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍