This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദനാദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദനാദി
ഒരു ആയുര്‍വേദ ഔഷധം. കഷായയോഗമായും തൈലയോഗമായും ചന്ദനാദി തയാറാക്കുന്നുണ്ട്. കഷായംതന്നെ രണ്ടുവിധത്തില്‍ പാകപ്പെടുത്തുന്നു.
1.'ചന്ദനോശീരജലദലാജമുദ്ഗ കണായവൈഃ
ബലാജലേ പര്‍യ്യുഷിതൈഃകഷായോ രക്ത പിത്തഹാ'
ചന്ദനം, രാമച്ചം, മുത്തങ്ങ, മലര്‍, ചെറുപയര്‍ (വറുത്തു പരിപ്പാക്കിയത് എന്ന് അഭിപ്രായമുണ്ട്.) തിപ്പലി, യവധാന്യം ഇവ പൊടിച്ച് കുറുന്തോട്ടിക്കഷായത്തില്‍ രാത്രിയില്‍ ഇട്ടുവച്ചശേഷം പിറ്റേദിവസം രാവിലെ പിഴിഞ്ഞ് അരിച്ച് സേവിക്കണം. രക്തപിത്തം ശമിക്കുന്നതിന് ചന്ദനാദിക്കഷായം നിര്‍ദേശിക്കാറുണ്ട്.
2.'ചന്ദനേന്ദ്രയവൌ പാഠാകടുകാ സുദുരാലഭാ
ഗുളൂചീ വാളകം ലോധ്റം പിപ്പലീ ക്ഷൌദ്രസംയുതം
കഫാന്വിതം ജയേദ്രക്തം തൃഷ്ണാകാസജരാപഹം'
(സഹസ്രയോഗം)
ചന്ദനം, കുടകപ്പാലരി, പാടത്താളിക്കിഴങ്ങ്, കടുകുരോഹിണി, കൊടിത്തൂവവേര്, ചിറ്റമൃത്, ഇരുവേലി, പാച്ചോറ്റിവേരിന്റെ തൊലി, ചെറുതിപ്പലി ഇവ കഷായം വച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിക്കണം. ചൂര്‍ണമാക്കിയും ഉപയോഗിക്കാം. രക്തപിത്തം, തണ്ണീര്‍ദാഹം, കാസം, ജ്വരം തുടങ്ങിയവ നശിപ്പിക്കും.
'ചന്ദനാദിതൈലയോഗവും രണ്ടുവിധത്തില്‍ തയാറാക്കിവരുന്നു
'ചന്ദനം മധുകം, കുഷ്ഠമശ്വഗന്ധം സുരദ്രുമം
ഉശീരമുല്പലം മാംസീ പത്രാഗരു നിശാബലാ
ഹ്രീബേരം നാഗകുസുമം സ്പൃക്കാമഞ്ജിഷ്ഠശാരിബാ
തകരം മൃഗനാഭിശ്ച ശതപുഷ്പാ ഹരേണുകം
സൂക്ഷ്മൈലാബ്ദത്വചം ചോരം ബര്‍ബ്ബരം
തൈഃ സുകല്കിതൈ:
കേതകീമൂലജക്വാഥേ സക്ഷീരം തിലജം പചേത്
തദഭ്യംഗാദി' ഭിസ്തൈലം വാതശോണിതനാശനം'
(സഹസ്രയോഗം)
ചന്ദനം, ഇരട്ടിമധുരം, കൊട്ടം, അമുക്കുരം, ദേവതാരം, രാമച്ചം, ചെങ്ങഴിനീര്‍ക്കിഴങ്ങ്, മഞ്ചി, പച്ചില, അകില്‍, വറട്ടുമഞ്ഞള്‍, കുറുന്തോട്ടിവേര്, ഇരുവേലി, നാഗപ്പൂവ്, നന്മുകപ്പുല്ല്, മഞ്ചട്ടി, നറുനീണ്ടിക്കിഴങ്ങ്, തകര, വെരുകിന്‍പുഴു. ചതകുപ്പ, അരേണകം, ചിറ്റോലം, മുത്തങ്ങ, ഇലവര്‍ങ്ഗം, കച്ചോലം, ചെറുതേക്കിന്‍വേര് ഇവ നല്ലപോലെ അരച്ച് കല്ക്കമാക്കി പൂക്കൈതവേര്‍ക്കഷായം നാലിരട്ടി ചേര്‍ത്ത് കൂടെ എണ്ണയും പാലും ചേര്‍ത്ത് കാച്ചി അരിച്ച് സൂക്ഷിക്കണം. ഇത് തേച്ചാല്‍ രക്തവാതം ശമിക്കും. കൂടാതെ നേത്രരോഗങ്ങള്‍, രക്തപിത്തം മുതലായവയ്ക്കും ഔഷധമായി നിര്‍ദേശിക്കാറുണ്ട്.
2. ചന്ദനം, ഇരുവേലി, ഇരട്ടിമധുരം, നറുനീണ്ടിക്കിഴങ്ങ്, കുറുന്തോട്ടിവേര് ഇവ 10 പലം വീതം എടുത്ത് 16 ഇടങ്ങഴി വെള്ളത്തില്‍ കഷായം വയ്ക്കണം. ഇതില്‍ പാല്‍ കൂടി ചേര്‍ത്ത് ബ്രഹ്മിനീര്, ശതാവരിക്കിഴങ്ങിന്‍നീര്, കറ്റാര്‍വാഴനീര്, കരിക്കിന്‍വെള്ളം ഇവ വെവ്വേറെ എണ്ണയ്ക്കു സമം ചേര്‍ത്ത് പുണ്ഡരീക കരിമ്പ്, മഞ്ചട്ടി, താതിരിപ്പൂവ്, താമരയല്ലി, ആമ്പല്‍ക്കിഴങ്ങ്, ചെങ്ങഴിനീര്‍ക്കിഴങ്ങ്, താമരക്കിഴങ്ങ്, താമരവളയം, പതിമുകം, കൊടിത്തൂവവേര്, കുശവേര്, ആറ്റുദര്‍ഭവേര്, കരിമ്പിന്‍വേര്, നാല്പാമരമൊട്ട്, നാല്പാമരത്തിന്റെ തൊലി, അടപാതിയന്‍ കിഴങ്ങ്, കാകോളി ക്ഷീരകാകോളി (ഇവയ്ക്കുപകരം അമുക്കൂരം ഇരട്ടി), മേദ (പകരം അമുക്കൂരം), നറുനീണ്ടിക്കിഴങ്ങ്, കാട്ടുഴുന്നിന്‍വേര്, കാട്ടുപയറിന്‍ വേര്, ജീരകം, ഇടവകം (പകരം മുതക്കിന്‍കിഴങ്ങ് ഇരട്ടി), ഇരട്ടിമധുരം ഇവയും ചേര്‍ത്ത് ഒരിടങ്ങഴി എണ്ണയും ചേര്‍ത്ത് ചെറുതീയില്‍ പാകമാക്കി അരിച്ചെടുക്കണം. ഈ തൈലംകൊണ്ട് അഭ്യംഗം, പാനം, നസ്യം മുതലായവ ചെയ്താല്‍ സര്‍വാംഗസന്താപം, മൂര്‍ച്ഛ, കാമില, ആഢ്യവാതം, രക്തപിത്തം, അപസ്മാരം, ഉന്മാദം, വിസര്‍പ്പം ഇവ ശമിക്കുന്നതാണ്.
ചന്ദനാസവം
ശരീരത്തിന് പുഷ്ടിയും ബലവും പ്രദാനം ചെയ്യുന്ന ഒരു ആയുര്‍വേദ ഔഷധം. ശുക്ളമേഹത്തിനും (ശുക്ളം പോക്ക്) നിര്‍ദേശിക്കാറുണ്ട്.
'ചന്ദനം വാളകം മുസ്തം ഗംഭാരീം നീലമുല്പലം
പ്രിയംഗും പത്മകം ലോധ്റം മഞ്ചിഷ്ഠാം രക്തചന്ദനം
പാഠാം കിരാത തിക്തം ചന്യഗ്രോധം പിപ്പലിം ശഠീം
പര്‍പ്പടം മധുകം രാസ്നാ പടോലം കാഞ്ചനാരകം
ആമ്രത്വചം മോചരസം പ്രത്യേകം പലമാത്രകം
ധാതകീം ഷോഡശപലാം ദ്രാക്ഷായഃ പലവിംശതിം
ജലദ്രോണദ്വയേ ക്ഷിത്വാ ശര്‍ക്കരായാസ്തുലാംതഥാ
ഗുഡസ്യാര്‍ധതുലാം ചാപിമാസഭാണ്ഡേ നിധാപയേല്‍
ചന്ദനാസവ ഇത്യേഷ ശുക്ളമേഹ നിഷൂദനഃ
ബലപുഷ്ടികരോ ഹൃദ്യോവഹ്നി സന്ദീപനഃപരം'
(സഹസ്രയോഗം)
ചന്ദനം, ഇരുവേലി, മുത്തങ്ങാക്കിഴങ്ങ്, കുമിഴിന്‍വേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴല്‍പ്പൂവ്, പതിമുഖം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, രക്തചന്ദനം, പാടക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാലിന്‍തൊലി, അരയാലിന്‍തൊലി, കച്ചോലക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം, അരത്ത, പടവലം, വലിയ മലയകത്തിത്തൊലി, മാവിന്‍തൊലി, ഇലവിന്‍പശ ഇവ ഓരോന്നും ഒരോ പലം വീതം. താതിരിപ്പൂവ് 16 പലം. ഇവയെല്ലാംകൂടി പൊടിച്ച് 32 ഇടങ്ങഴി വെള്ളത്തിലിട്ട് ഇരുപതുപലം മുന്തിരിങ്ങാപ്പഴവും ഒരു തുലാം പഞ്ചസാരയും അരത്തുലാം ശര്‍ക്കരയും ചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടി ഒരുമാസം കഴിഞ്ഞെടുത്ത് അരിച്ചുപയോഗിക്കണം.