This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോട്ട് ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:46, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

Gotland

ബാള്‍ട്ടിക് കടലിലുള്ള ഏറ്റവും വലിയ സ്വീഡിഷ് ദ്വീപ്. സ്വീഡനില്‍ നിന്ന് 80 കി.മീ. കിഴക്ക് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 120 കി.മീ. നീളവും 48 കി.മീ. വരെ വീതിയുമുണ്ട്. വിസ്തീര്‍ണം: 3,140 ച.കി.മീ. ഗോട്ട് ലന്‍ഡ് ദ്വീപും മറ്റേതാനും ചെറിയ ദ്വീപുകളും ചേര്‍ന്നതാണ് ഗോട്ട് ലന്‍ഡ് കൗണ്ടി.

വളരെ സുഖകരമായ കാലാവസ്ഥയാണ് ഗോട്ട്ലന്‍ഡിലേത്. ഈ കാലാവസ്ഥയും, മനോഹരമായ മണല്‍ത്തീരങ്ങളും ചരിത്ര പശ്ചാത്തലവും ഗോട്ട് ലന്‍ഡിനെ ഏറ്റവും പ്രിയങ്കരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കിയിരിക്കുന്നു.

ബാര്‍ലി, വരക്, ഗോതമ്പ്, മധുരക്കിഴങ്ങ് എന്നിവയാണ് ദ്വീപിലെ മുഖ്യവിളകള്‍. ആടുവളര്‍ത്തലും പുരോഗമിച്ചിട്ടുണ്ട്. ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുള്ള വിസ്ബിയാണ് ആധുനിക ഗോട്ട് ലന്‍ഡിന്റെ വ്യവസായ-വാണിജ്യ-വാര്‍ത്താവിനിമയ കേന്ദ്രം. കിഴക്കന്‍ തീരത്തുള്ള സ്ളൈറ്റ് വ്യാവസായിക നഗരമാണ്.

ബാള്‍ട്ടിക്കിന്റെ ഏതാണ്ട് മധ്യത്തിലായുള്ള മര്‍മപ്രധാന സ്ഥാനത്തു സ്ഥിതിചെയ്യുന്നതുമൂലം വടക്കന്‍ യൂറോപ്പിന്റെ വാണിജ്യ-സൈനിക ചരിത്രത്തില്‍ ഗോട്ട് ലന്‍ഡ് ഒരു നാഴികക്കല്ലാണ്. ശിലായുഗം മുതല്‍ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി പഠനങ്ങള്‍ വെളിവാക്കുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആദ്യ ശ.ങ്ങളില്‍ ഇതൊരു സ്വതന്ത്രരാജ്യമായിരുന്നെങ്കിലും 800-ാമാണ്ടോടെ സ്വീഡന്റെ ഭാഗമായി. ഇന്നത്തെ ലാത്വിയ-ലിഥ്വേനിയ പ്രദേശങ്ങളുമായി ഏഴാം ശ. മുതല്‍ തന്നെ ഗോട്ട് ലന്‍ഡ് നിവാസികള്‍ വാണിജ്യ ബന്ധങ്ങളിലേര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. 10-ാം ശ. മുതലുള്ള പൗരസ്ത്യ നാണയങ്ങള്‍, 11-ാം ശ.-ത്തിലെ ആങ്ഗ്ലോ-സാക്സണ്‍ നാണയങ്ങള്‍, ഇതേകാലയളവില്‍ത്തന്നെയുള്ള ജര്‍മന്‍ നാണയങ്ങള്‍ എന്നിവയുടെ വന്‍ശേഖരങ്ങളാണ് ഇവിടെ നിന്നു കണ്ടെടുത്തിട്ടുള്ളത്. പുരാതത്ത്വ വിജ്ഞാനികളുടെ അക്ഷയഖനിയാണ് ഗോട്ട് ലന്‍ഡ്.

ജര്‍മന്‍ വ്യവസായ സംഘടനയായ ഹാന്‍സിയാറ്റിക് ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകകേന്ദ്രമായിരുന്നു ഗോട്ട് ലന്‍ഡ്. ചുറ്റും മതില്‍കെട്ടി വിസ്ബി നഗരത്തെ അവര്‍ സ്വന്തമാക്കി. എന്നാല്‍ 1361-ല്‍ ദ്വീപ് ആക്രമിച്ചു കീഴടക്കാന്‍ തുനിഞ്ഞ ഡച്ചുകാര്‍ക്ക് നഗരം കത്തിക്കുന്നതിന് ഈ മതിലൊരു തടസ്സമായില്ല. ഇതിനുശേഷം, 1645 വരെയുള്ള കാലഘട്ടത്തില്‍ ഗോട്ട്ലന്‍ഡ് പലതവണ സ്വീഡന്റെയും ഡെന്മാര്‍ക്കിന്റെയും ഭാഗമായി മാറി. അവസാനം 1645-ല്‍ സ്വീഡനോട് ചേര്‍ക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍