This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് കലകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:36, 6 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചൈനീസ് കലകള്‍

ചൈനയിലെ സംസ്കൃതിവിശേഷം പ്രതിബിംബിക്കുന്ന കലാവിദ്യകള്‍. ക്രിസ്തുവര്‍ഷാരംഭത്തിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ചൈനാവന്‍കര കലാഭിരുചിയില്‍ അനന്യത പുലര്‍ത്തിയിരുന്നു. ചിത്രിത കളിമണ്‍പാത്രങ്ങളും ചെത്തി രൂപഭദ്രത വരുത്തിയ കടുംപച്ച രത്നങ്ങളു(അക്കിക്കല്ലുകള്‍)മാണ് ഏറ്റവും പഴക്കം ചെന്ന ചൈനീസ് കലാവസ്തുക്കള്‍. ബി.സി. 5000-ത്തിനു മുമ്പുള്ള ഇത്തരം കലാരൂപങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ദ്വാരപാലകന്‍ ശിലാശില്പം

റേഡിയോ കാര്‍ബണ്‍ കാലനിര്‍ണയം സൂചിപ്പിക്കുന്നത് മധ്യസമതലപ്രദേശത്തെ യങ്ഷാവോ സംസ്കൃതി എത്തി നില്ക്കുന്നത് ബി.സി. നാലാം സഹസ്രാബ്ദത്തിലാണെന്നാണ്. ചൈനീസ് കലകളുടെ പ്രാക്തനതയ്ക്കു നേര്‍സാക്ഷികളാകുന്നു മച്ചാങ് ശൈലിയില്‍ നിര്‍മിച്ച മണ്‍കുടങ്ങളും ചിത്രാങ്കിത മണ്‍കലങ്ങളും. ബി.സി. 2500-നും 1500-നുമിടയ്ക്കാണ് ഇവയുടെ നിര്‍മിതി.

ചിത്രലിപി കൊണ്ടുള്ള ലേഖന നിപുണത, കളിമണ്‍ പാത്രങ്ങള്‍, ചിത്രം കൊത്തിയ ആനക്കൊമ്പ്, കൊത്തുപണി ചെയ്ത അക്കിക്കല്ലുകള്‍, വാസ്തുവിദ്യാശില്പങ്ങള്‍, ചിത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ചീനക്കുട, ചീനഭരണി, നാണയങ്ങള്‍ എന്നിവയെല്ലാം ചൈനയുടെ കലാവൈദഗ്ധ്യത്തിന്റെ നിദര്‍ശനങ്ങളാണ്.

രാജവംശങ്ങളുടെ കാലം അടിസ്ഥാനപ്പെടുത്തിയാണ് സാമാന്യേന ചൈനീസ് കലകളുടെ കാലഗണന. ബി.സി. 27-ാം ശ.മുതല്‍ എ.ഡി. 1908 വരെ നിരവധി രാജവംശങ്ങള്‍ ചൈന വാണു. ചരിത്രകാലം തുടങ്ങുന്നത് ബി.സി. 3000 മുതലാണ്.

പ്രാക്കാലം, സാംസ്കാരിക സന്നിവേശങ്ങളുടെ കാലമായ ദൗ-കണ്‍ഫ്യൂഷ്യന്‍-ബൗദ്ധകാലഘട്ടം, ക്ലാസ്സിക്കല്‍ കാലം, മംഗോളിയരുടെ കാലം, മഞ്ചുവംശകാലം, ആധുനിക കാലം-ഈ തരംതിരിവ് ചൈനീസ് കലകളുടെ സമഗ്രവീക്ഷണം ലഭിക്കാനും ചൈന കടന്നുപൊയ്ക്കൊണ്ടിരുന്ന രാഷ്ട്രീയ സാമൂഹിക-വൈയക്തിക വ്യവഹാരങ്ങള്‍ ചൈനീസ് കലകളില്‍ വരുത്തിയ നൂതനോത്കൃഷ്ട ഭാവങ്ങള്‍ ഏറെ അറിയാനും അവസരം ഒരുക്കുന്നു.

ബി.സി. പതിനൊന്നും പത്തും ശതകങ്ങളാണ് അനുഷ്ഠാനാവശ്യങ്ങള്‍ക്കുള്ള വെങ്കലപാത്രങ്ങളുടെ നിര്‍മാണഘട്ടം. ഈ കാലത്തെ വെങ്കലങ്ങളില്‍ മൂന്നു വ്യത്യസ്ത പ്രയോഗഭംഗി പ്രകടമാണ്. ബി.സി. 10-ാം ശതകത്തിലെ മൂങ്ങയുടെയും കാണ്ടാമൃഗത്തിന്റെയും രൂപത്തില്‍ വാര്‍ത്ത വെങ്കലങ്ങള്‍ വിസ്മയജനകമാണ്. യാഥാസ്ഥിതികതയുടെ പ്രതിരൂപങ്ങള്‍ കൂടിയാണ് ബി.സി. 2-ാം ശതകത്തിലെ വെങ്കല കണ്ണാടികള്‍. വിഭ്രമകല്പനകളുടെ സ്പര്‍ശമേറ്റവയാണ് ഈ കാലഘട്ടത്തിലെ വെങ്കലങ്ങള്‍.

സ്വര്‍ണവും വെള്ളിയും പതിച്ച വെങ്കലഭാജനങ്ങളിലെ ചില കൂടിപ്പിണയല്‍ ഉരുകി ഉറഞ്ഞ അക്ഷരവിഭ്രമവുമാകുന്നു:

നല്ല വിഭവങ്ങള്‍കൊണ്ട് നിങ്ങളുടെ പടിവാതില്‍ നിറയട്ടെ.

ചുറ്റുവേലികള്‍ വിസ്തൃതമാകട്ടെ.

ആയുസ് നീളട്ടെ. രോഗങ്ങള്‍ അകന്നേ പോകട്ടെ!

തുടങ്ങിയ ശൈലിയിലുള്ള ആശീര്‍വാദങ്ങള്‍ ഭാജനങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

താങ് രാജവംശകാലത്തെ ബുദ്ധപ്രതിമ വെങ്കലത്തില്‍ തീര്‍ത്തു സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. (മെട്രോപൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ട് - ന്യൂയോര്‍ക്ക്

വെങ്കലയുഗാരംഭം സു.ബി.സി. 1600-ല്‍ ആണ്. ഷങ് (യിന്‍) വംശഭരണം (ബി.സി. 1523-1028) അഞ്ഞൂറോളം സംവത്സരം നീണ്ടു. നെടുനാള്‍ പ്രയോഗക്ഷമമായിരുന്ന സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ച മേല്‍ത്തരം വെങ്കലവേലകള്‍ ഷങ് യുഗ സംഭാവനയാണ്. ഇന്നവശേഷിക്കുന്ന ഷങ്കാല കലാരൂപങ്ങള്‍ വെങ്കലങ്ങള്‍ മാത്രമാണ്. ഇക്കാലത്ത് വെങ്കലത്തിന്റെ മുഷിപ്പന്‍ മുഖത്തില്‍ ചൈതന്യവും ചാരുതയും വന്നു. നഗര രാഷ്ട്രങ്ങളുടെ സഹജഭാവം വെങ്കലങ്ങളില്‍ ആവാഹിച്ചിരുന്നു.

പോളിക്രോം അലങ്കാരപ്പണി കളിമണ്‍ ഭാജനം

ബി.സി. 772-നും 681-നുമിടയ്ക്കുള്ള കാലത്തെ 'വസന്ത-ശരത് യുഗം' എന്നു വിശേഷിപ്പിക്കാം. ലൗ ദ് സുയുടെയും കണ്‍ഫ്യൂഷ്യസിന്റെയും ദര്‍ശനങ്ങള്‍ ഇക്കാലത്ത് ചൈനയുടെ ആത്മസരണിയില്‍ വെളിച്ചം പകര്‍ന്നു.

ചൈനയുടെ ആദ്യ കാവ്യസമാഹാരമെന്ന് പറയാവുന്ന ഗീതങ്ങളുടെ ക്ലാസ്സിക് ബി.സി. 1100-ലാണ് പുറത്തുവന്നത്. ചൈനീസ് ഭാഷയുടെ എഴുത്തുരീതി സമരൂപീകൃതമായത് ചിന്‍വംശ രാജാവായ ഷി ഹ്വങ്ടിയുടെ കാലത്താണ് (ബി.സി. 221-207). കര്‍ഷകരെയും നാടോടികളെയും വേര്‍തിരിക്കുന്ന മതിലാണ് ചൈനാവന്മതില്‍. കലാപാരമ്പര്യത്തിലും ഈ വന്‍ വിഭജന സ്വാധീനം നിഴലിടുന്നു.

കുശാനന്മാര്‍ വടക്കു പടിഞ്ഞാറന്‍ ഇന്ത്യ വാഴുമ്പോഴാണ് (48-220) ബുദ്ധമതം ചൈനയിലെത്തുന്നത്. ബുദ്ധചിന്തകള്‍ അറിവിന്റെ മറഞ്ഞിരിക്കുന്ന ആഴങ്ങള്‍ ചൈനയ്ക്കു കാട്ടിക്കൊടുത്തു; ചൈനയുടെ കലാപാരമ്പര്യത്തെ ഏറെ സമ്പന്നമാക്കി. പഗോഡകളുയര്‍ന്നു; ഗുഹാപ്രതിഷ്ഠകള്‍ ഉണ്ടായി; ബോധിസത്വ സങ്കല്പം ചൈനീസ് ശില്പകലയെ ധന്യമാക്കി.

ക്ലാസ്സിക്കല്‍ ഘട്ടം തുടങ്ങുന്നത് സൂയി വംശകാലത്തോടെ (581-618)യാണ്. മിങ് ഹുവാങ് ചക്രവര്‍ത്തിയുടെ ഭരണകാലം (712-756) ചൈനയുടെ സൗന്ദര്യാവബോധത്തിന്റെ മഹദ്ഘട്ടങ്ങളിലൊന്നാണ്. കവിതയുടെ സുവര്‍ണകാലവുമായിരുന്നു ഇത്. ലിപോ, ടുഫു എന്നീ കവികളുടെ കാവ്യഭാവനകള്‍ ചൈനീസ് ചിത്രകലയില്‍ പുഷ്കല സ്വാധീനമുണ്ടാക്കി.

ആഭ്യന്തരാസ്വാസ്ഥ്യങ്ങളുടെ ദുര്‍ദശയായിരുന്നു പഞ്ചവംശങ്ങളുടെ ഭരണകാലമെങ്കിലും കലകളുടെ സമ്പന്നകാലമായിരുന്നു.

ബുദ്ധചരിത സംബന്ധമായ ചുവര്‍ ചിത്രം

തെക്കന്‍ സുങ് രാജവംശകാലത്ത് ചൈനയുടെ കലാപൈതൃകത്തില്‍ പകിട്ടേറിയ കൂട്ടിക്കെട്ടലുണ്ടായി. ദൗയിസവും ബുദ്ധതത്ത്വങ്ങളും നിറംകൊടുത്ത 'നവീന കണ്‍ഫ്യൂഷ്യന്‍ രീതി' എന്ന നൂതന സരണി വന്നു. ഈ രീതി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തു. ചിത്രകലയുടെ സുവര്‍ണദശ ഉദയം ചെയ്തതിക്കാലത്താണ്.

തനിമയാര്‍ന്ന 'ചൈനീസ്കല'യ്ക്കുള്ള അന്വേഷണം മംഗോളിയന്‍ അധിനിവേശകാലത്താരംഭിച്ചു. പൗരാണിക കലാരൂപങ്ങള്‍ മാത്രമാണ് പ്രചോദനത്തിന്റെ സ്രോതസ് എന്നു മംഗോളിയര്‍ വിശ്വസിച്ചു. അന്വേഷണങ്ങളും പരീക്ഷണങ്ങളും മിങ് രാജവംശകാലം വരെ (1368-1644) നീണ്ടു. എന്നാല്‍ സാമ്പ്രദായികതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത അഭിനിവേശം ചൈനയുടെ കലാപാരമ്പര്യത്തില്‍ മരവിപ്പും പൂതലിപ്പുമായി മാറി. ജെസ്യൂട്ട് സംഘത്തിന്റെ വരവ് അപ്പോഴായിരുന്നു. അതോടെ പാശ്ചാത്യാശയങ്ങളുടെ കടന്നുകയറ്റവുമുണ്ടായി. മഞ്ചു വംശജര്‍ ചൈനയില്‍ അധികാരം പിടിച്ചെടുത്തു. ചിങ് കുടുംബാധിപത്യം (1644-1912) സ്ഥാപിക്കപ്പെട്ടു. അക്കാദമിയുടെ കാല്‍ത്തളകളാല്‍ ബന്ധിതരാകാത്ത ചിത്രമെഴുത്തുകാര്‍ 'നൂതന പന്ഥാവ്' വെട്ടിത്തുറന്നു. മിങ്-ചിങ് കാലം ചൈനീസ് കലകള്‍ക്ക് പ്രചോദനമായില്ല.

1840-കളില്‍ ചൈനയുടെ വാതില്‍ പാശ്ചാത്യലോകത്തേക്ക് മലര്‍ക്കെ തുറക്കപ്പെട്ടു. 1912-നുശേഷം പാശ്ചാത്യസങ്കേതങ്ങളും പുതിയ ആശയങ്ങളും പ്രചരിച്ചു എങ്കിലും അനുഗൃഹീതരുടെ സൃഷ്ടികള്‍ ന്യൂനപക്ഷമായി. ഈടുവയ്പുകളാകാവുന്ന കലാസൃഷ്ടികള്‍ നന്നേ കുറഞ്ഞു. ഇല്ലാതായി എന്നു പറഞ്ഞാലും തെറ്റാവില്ല.

ആടയാഭരണങ്ങളിലും ചൈനയുടെ തനിമ കാണാം. കുപ്പായങ്ങളില്‍ വ്യാളി, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കുന്ന്, മല, പൂക്കള്‍ തുടങ്ങി അര്‍ഥാന്തരങ്ങളുള്ള ചിത്രങ്ങള്‍ ചിത്രണം ചെയ്തു. വധു ധരിക്കുന്ന തൊപ്പി (ഫെങ്ക്വാന്‍) പച്ചക്കല്ലും മുത്തും പതിച്ചതായിരുന്നു. സ്ത്രീകളുടെ പാദരക്ഷകള്‍പോലും ചിത്രാങ്കിതമായിരുന്നു.

നേര്‍ത്ത സ്വര്‍ണക്കമ്പികള്‍ക്കൊണ്ടുള്ള സൂക്ഷ്മാലങ്കാരപ്പണികള്‍ക്ക് വിദഗ്ധരാണ് ചൈനക്കാര്‍. തങ് (618-906), സുങ് (960-1279) രാജവംശങ്ങളുടെ കാലത്താണ് ആഭരണ നിര്‍മാണകല പുരോഗമിച്ചത്. രാജകീയ ചിഹ്നമായ വ്യാളിയും ദീര്‍ഘായുസ്സിന്റെ പ്രതിരൂപമായ കടവാതിലും ആഭരണങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു.

സൂക്ഷ്മാകാര ശില്പവിദ്യ, നാണയങ്ങളിലെ മുദ്രകളും രൂപങ്ങളും എന്നിവയ്ക്കു പ്രശസ്തമാണ് ചൈന. പഴയകാല ചൈനീസ് നാണയങ്ങള്‍ അവയുടെ ആകൃതി കൊണ്ടുതന്നെ അദ്വിതീയമാണ്. ചൈനയിലെ സ്പേഡ് മണി നാണയകൗതുകമാണ്.

നാണയനിര്‍മാണകല. അച്ചിലിട്ട വെള്ളിക്കട്ടികളാണ് ഹ്സിയന്‍ ആയത്. ശുദ്ധ വെള്ളിയെന്നര്‍ഥം. ലോഹം തണുത്ത് അര്‍ധദ്രവാവസ്ഥയിലെത്തുമ്പോഴാണ് മുദ്രകള്‍ പതിപ്പിക്കുക. വിചിത്ര ഉരുക്കുകളാണ് 'സൈസി'. ഈ പരമ്പരയില്‍ ബോട്ട് മണി, ഷൂ മണി തുടങ്ങിയ വിചിത്രതകളുണ്ട്. മത്സ്യം, ഇല, ഡ്രം, ചിത്രശലഭം, ഇരട്ടത്തലയുള്ള മഴു, യാമനാളി എന്നിവയുണ്ട് ഇക്കൂട്ടത്തില്‍. ഹാന്‍ രാജവംശകാലം മുതല്‍ 'സൈസി' പ്രചാരത്തിലിരുന്നു. എന്നാല്‍ സുങ് വംശകാലം വരെ ഇവ നിഗൂഢസംഭരണം മാത്രമായിരുന്നു.

അധ്യാപിക മഷിയും ചായവും ഉപയോഗിച്ചി പട്ടില്‍ രചിച്ച ചിത്രം

ചിത്രലിപികള്‍ കൊണ്ടുള്ള ഉല്ലേഖനം ചൈനീസ് നാണയ നിര്‍മിതിയിലെ നിസ്തുലതയാണ്. നാണയങ്ങളിലെ വ്യാളി, ഫീനിക്സ് പക്ഷി എന്നിവ മിനിയേച്ചര്‍ ശില്പകലയുടെ ഉത്തുംഗതയാണ്. പറക്കുംവ്യാളി നാണയത്തിലെ വിസ്മയമാണ്. നാണയ നിര്‍മിതിയിലെ മുന്‍പന്തി നാണയങ്ങളാണ് ചി-ഇന്‍-ലുങ്ങിന്റെ കാലത്തെ (1711-75) 'ഷങ് ലുങ്' സ്മാരകത്തുട്ടുകള്‍.

ചൈനീസ് കലകളിലെ ലക്ഷണചിഹ്നത്തിനും സംജ്ഞയ്ക്കും പ്രത്യേകാര്‍ഥമുണ്ട്. ഈ ചിഹ്നങ്ങളും സംജ്ഞകളും നാണയങ്ങളില്‍ മുദ്രണം ചെയ്യുന്നു. മുള ചിരസ്ഥായിത്വത്തിന്റെ ചിഹ്നമാണ്. ദാമ്പത്യസുഖത്തിന്റെ ചിഹ്നമാണ് ചിത്രശലഭം. മത്സ്യം ഗാര്‍ഹിക സുഖത്തിന്റെയും താമര പരിശുദ്ധിയുടെയും ചിഹ്നങ്ങളാണ്. എട്ട് അനര്‍ഘവസ്തുക്കളുടെ സങ്കല്പവും ചീനരുടെ ഇടയിലുണ്ട്.

'യിന്‍ യങ്' എന്നാല്‍ പ്രകൃതിയുടെ ദ്വന്ദ്വഭാവമെന്നാണര്‍ഥം. ഇതിലധിഷ്ഠിതമായ ഒരു ചൈനീസ് ദര്‍ശനമാണ് ദ്വൈതവാദം; ഇതിന്റെ അടിസ്ഥാനശില പാകുവാചിഹ്നവും. അഞ്ചു ചൈനീസ് ക്ലാസ്സിക്കുകളിലൊന്നാണ് ദ് ബുക്ക് ഒഫ് ചെയ്ഞ്ചസ്; അതിലാണ് ട്രൈഗ്രാം ചിഹ്നമുള്ളത്. മൂന്നക്ഷര അഭിലേഖന രൂപത്തിന്റെ 64 എണ്ണം ചേര്‍ന്ന ഒരു സെറ്റാണ് ട്രൈഗ്രാം ചിഹ്നം. ബി.സി. 2000-ത്തിനുമുമ്പ് ഈ രൂപം കണ്ടുപിടിച്ചത് ഐതിഹ്യ ചക്രവര്‍ത്തി ഫുഹ്സിയാണ്. ഒരു ആമയുടെ പുറത്തുനിന്ന് ചക്രവര്‍ത്തി ചിഹ്നം പകര്‍ത്തിയെഴുതിയെന്നാണ് ഐതിഹ്യം. പാകുവാ മുദ്രിത ചൈനീസ് നാണയങ്ങള്‍ ലോകത്തിലെ പ്രിയപ്പെട്ട നാണയങ്ങളിലൊന്നാണ്.

ശില്പകല. ചൈനീസ് ശില്പകര്‍മം, ത്യാജ്യഗ്രാഹ്യജ്ഞാനത്തിന്റെ നേര്‍സാക്ഷികളായി, സഹസ്രാബ്ദസഞ്ചിതവൈഭവമായി കളിമണ്‍പാത്രങ്ങളിലും വെങ്കലത്തിലും കല്ലിലും തടിയിലും തൂവിക്കിടക്കുന്നു. മതപീഡനങ്ങളും യുദ്ധങ്ങളും കലാസൃഷ്ടികളുടെ നാശത്തിനു കാരണമായിട്ടുണ്ട്.

പിതൃപൂജയ്ക്കുള്ള പാത്രങ്ങളും ഉപകരണങ്ങളുമായിരുന്നു ആദ്യകാലശില്പങ്ങളില്‍ മിക്കവയും. ശില്പവിദ്യ ആരംഭിച്ചത് മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടാണ്. കല്ലറകളില്‍ നിക്ഷേപിക്കപ്പെട്ട ചെറിയ രൂപങ്ങള്‍ ഏറ്റവും പഴമ അവകാശപ്പെടുന്നു. പിഞ്ഞാണ്‍ പാത്ര നിര്‍മാണ കലയ്ക്കും വളരെ പ്രാചീനതയുണ്ട്. ചിത്രപ്പണികളുള്ളവയും ഇക്കൂട്ടത്തിലുണ്ട്.

വസന്തകാലാരംഭം-പട്ടുതുണിയിലെ ആലേഖനം

ഷങ് വംശകാലത്ത് കരകൗശല വിദഗ്ധര്‍ കണ്ടെത്തിയ പുതിയ മാധ്യമമാണ് വെങ്കലം. അതോടൊപ്പം പുതിയ സാങ്കേതികതയും പുഷ്ടിപ്പെട്ടു. ഇതിന്റെ ഫലമായാണ് ലോഹപ്പണി വികസിച്ചത്. കളിമണ്‍ പാത്രങ്ങളിലുള്ള രൂപങ്ങള്‍ തന്നെ ശില്പങ്ങളില്‍ നിലനിര്‍ത്തി. മൃഗ-പക്ഷി രൂപങ്ങളില്‍ പാത്രങ്ങള്‍ നിര്‍മിച്ചുവന്നു. ആമ, ആന, കടുവ, കാള, പോത്ത്, മൂങ്ങ തുടങ്ങിയ ജൈവ രൂപങ്ങളുടെ സരളമായ പ്രകൃത്യനുസാരിത്വമായി, ശില്പങ്ങള്‍. ദാരുശില്പങ്ങളുടെ തെളിവുകളുമുണ്ട്.

പീസ്-മോള്‍ഡ് എന്ന വിശിഷ്ടരീതിയിലായിരുന്നു ശില്പങ്ങളുടെ വാര്‍പ്പ്. ആദ്യം കളിമണ്ണില്‍ മാതൃകാ രൂപങ്ങളുണ്ടാക്കും. പിന്നീട് അതിന്റെ മൂശയുണ്ടാക്കി അതിലേക്കു വെങ്കലം ഉരുക്കിയൊഴിച്ച് ശില്പങ്ങള്‍ വാര്‍ക്കും. സു. 4000 വര്‍ഷം മുമ്പേ ഈ കലാകുശലതയും സാങ്കേതികതയും ചൈനയ്ക്കു വശമായിരുന്നു. വീഞ്ഞുചഷകം, ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള പാത്രം-സ്വയം വിചിത്രതമ രൂപങ്ങളാണ് ഇവയെല്ലാം. ഈദൃശ വെങ്കലങ്ങള്‍ ഷങ് കാലം മുതല്‍ ബി.സി. 200 വരെ ചൈനീസ് ശില്പവിദ്യയില്‍ അധീനത പുലര്‍ത്തി. ദക്ഷിണദേശത്തെ ചുവപ്പന്‍ പക്ഷിയും ഉത്തരദേശത്തെ ആമയും സര്‍പ്പവും പശ്ചിമദേശത്തെ വെള്ളക്കടുവയും കിഴക്കന്‍ ദേശത്തെ പച്ച വ്യാളിയും ഹാന്‍ വംശകാലത്തെ നിസ്തുല കലാരൂപങ്ങളാണ്.

ഷട്വംശ കാലത്ത് നഗരാതിര്‍ത്തിയില്‍ ശവകുടീര ശിലാഫലകങ്ങള്‍ സ്ഥാപിക്കുക സാധാരണമായിരുന്നു. ചക്രവര്‍ത്തിമാരുടെ ശവകൂടീര കാവല്‍ക്കാരായി ചിറകുള്ള സിംഹങ്ങളും സിംഹത്തിന്റെ ശിരസ്സും സര്‍പ്പത്തിന്റെ വാലും കോലാടിന്റെ ഉടലുമുള്ള തീ തുപ്പുന്ന, ഭീമാകാര കാല്പനിക സത്വവും സ്ഥാനം പിടിച്ചു. ഇവയെല്ലാം ഒരേസമയം ദിവാസ്വപ്നാര്‍പ്പിതവും വാസ്തവികതയുമാകുന്നു. പ്രതിമാ ശില്പവേല പൊടുന്നനേ അപ്രത്യക്ഷമായി. ബി.സി. 2-ാം ശതകത്തിലാണ് പുനഃപ്രത്യക്ഷപ്പെട്ടത്.

ഹാന്‍ വംശകാലത്ത് വെങ്കലങ്ങള്‍ അധഃപതിച്ചു. പകരം ശിലാഫലകങ്ങളും പ്രതിമാനിര്‍മാണവും ബാസ്-റിലീഫ് കൊത്തു പണികളും തഴച്ചു. ജനറല്‍ ഹോചു-പിങ്ങിന്റെ ഷെന്‍സിയിലുള്ള ശവകുടീരത്തിലെ ബൃഹത് ശില്പങ്ങളാണ് (ബി.സി. 117) ഏറ്റവും പഴയത്. സ്മാരക പ്രതിമാനിര്‍മാണത്തിലെ ആശ്ചര്യമാണ് സിയാങ്ങിനടുത്തുള്ള ഹുവാങ് തി ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്ത പ്രതിമകള്‍. സ്വര്‍ണമോ വെള്ളിയോ മുക്കിയ വെങ്കല പ്രതിമകളും നിര്‍മിച്ചിരുന്നു.

4-ാം ശതകത്തോടെ പൗരാണിക ഗ്രീക്ക്-ഗാന്ധാര-പേര്‍ഷ്യന്‍-ഭാരത-മധ്യേഷ്യന്‍ പ്രയോഗ ഭംഗികള്‍ പൊന്‍പൂശിയ വെങ്കലങ്ങളില്‍ സുലഭമായി കാണപ്പെട്ടു. ചൈനയിലെത്തിയപ്പോള്‍ ബുദ്ധചിന്തകള്‍ക്കു ഭാവപ്പകര്‍ച്ച വന്നുചേര്‍ന്നു. ബുദ്ധനോടൊപ്പം ബോധിസത്വന്മാരായ മൈത്രേയനും അമിതാഭനും അവലോകിതേശ്വരനും പ്രത്യക്ഷപ്പെട്ടു. അവലോകിതേശ്വരന്‍ 'കുവാള്‍യിന്‍' എന്ന ദേവതാവതാരവുമായി. യുന്‍കങ് ഗുഹകള്‍ (386-535) ഇന്ത്യയിലെ ബുദ്ധഗുഹകളുടെ ചൈനീസ് പാഠാന്തരങ്ങളാകുന്നു. ചൈനയുടെ ആത്മമുദ്ര പതിഞ്ഞതാണ് സ്നിഗ്ധതയാര്‍ന്ന ചൈനീസ് കളിമണ്‍ പാത്രങ്ങള്‍. ചൈനീസ് മൃണ്‍മയങ്ങള്‍ കവടിയുടെ അകംപോലെ സവിശേഷ വെണ്മയാര്‍ന്നതും മിനുമിനെ തിളങ്ങുന്നതുമാകയാല്‍ പോര്‍സ്ലിന്‍ (porcelain) എന്ന സംജ്ഞ അവയ്ക്കു നിര്‍ദേശിക്കപ്പെട്ടു. തങ് വംശകാലത്തു (618-906) നിര്‍മിച്ച കൗലാലകങ്ങളാണ് ലോകത്തെ ആദ്യത്തേത്.

ഉത്കട ബുദ്ധമതാനുയായികളായിരുന്ന വിയി ചക്രവര്‍ത്തിമാരുടെ കാലത്ത് ബുദ്ധശില്പങ്ങളില്‍ സാരവത്തായ മാറ്റം വന്നു. നീണ്ടു മെലിഞ്ഞ രൂപവും മുഖത്തു തെളിയുന്ന ആന്തരിക പ്രസാദവും ആവിഷ്കൃതമായി.

മിങ്-ചിങ് വംശങ്ങളുടെ കാലത്ത് ചൈനീസ് കല, പ്രത്യേകിച്ച് ശില്പകല, സ്വയം ദൈന്യം വരിച്ചു. ശില്പവേല അപ്രചോദിത കായികാധ്വാനമായി മാറി. പീക്കിങ്ങിലെ കൊട്ടാരങ്ങളില്‍ പ്രതിഷ്ഠിച്ച രൂപങ്ങളില്‍ ചൈതന്യം കൈമോശം വന്നു.

ചൈനീസ് കലാസൃഷ്ടികളിലേതെന്നു കരുതപ്പെടുന്ന പ്രധാന പ്രതിപാദ്യരൂപങ്ങളും ആശയങ്ങളും (motifs) കുത്തിനിറച്ച ഒരു തരം അലങ്കരണരീതിയായ ചിനോയിസറി 18-ാം ശതകത്തില്‍ യൂറോപ്പില്‍ ആവേശമായി പടര്‍ന്നു. എന്നാല്‍ വിരോധാഭാസമെന്നപോലെ ചിങ് വംശത്തിലെ കവിയും ഗദ്യകാരനുമായിരുന്ന ചി-ഇന്‍-ലുങ് ചക്രവര്‍ത്തിയുടെ (1736-95) ഭരണകാലത്ത് വാസ്തുകല, ചിത്രകല, പോര്‍സ്ലിന്‍, നാണയ നിര്‍മിതി തുടങ്ങി മിക്ക കലകളും വിശിഷ്ടതയാര്‍ജിച്ചു.

ചൈനീസ് കലാസൃഷ്ടികളുടെ വ്യാജപ്പകര്‍പ്പുകള്‍ നൂറ്റാണ്ടുകളായി ഇറങ്ങിയിട്ടുള്ളതിനാല്‍ മൗലികസൃഷ്ടികള്‍ വേര്‍തിരിച്ചറിയുക അത്ര എളുപ്പമല്ല. തിരുവനന്തപുരത്തെ നേപിയര്‍ മ്യൂസിയത്തില്‍ ലഘു നെക്ലെസ്, ശിലാശില്പങ്ങള്‍, ചൈനീസ് ദയാദേവതയുടെ വെങ്കല ശില്പവും മറ്റു വെങ്കലപാത്രങ്ങളും, മിങ് കാലത്തെ പോര്‍സ്ലിനുകള്‍, തടിപ്പെട്ടി തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രകല. ചിത്രലിപി കൊണ്ടുള്ള ലേഖനവൈദഗ്ധ്യം (calligraphy) മഹത്തായ ചിത്രകലയായി ചൈനക്കാര്‍ കരുതിയിരുന്നു. എഴുത്തും എഴുതാന്‍ ചിത്രത്തൂലിക ഉപയോഗിക്കുന്നതും തുടങ്ങിയത് ഷാന്‍വംശകാലത്താണ്. വിശറി, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിവയിലെ അലങ്കാരപ്പണികളും ചിത്രകലയുടെ ഭാഗമായിരുന്നു. വ്യാളി ആയിരുന്നു രാജകീയ ചിഹ്നം. ഔദ്യോഗിക വേഷങ്ങളിലും വ്യാളി തുന്നിച്ചേര്‍ത്തിരുന്നു. വ്യാളിയുടെ ചിത്രണത്തിലും ചൈനീസ് ചിത്രകലയുടെ അതുല്യത ദര്‍ശിക്കാനാകും. വിശാലമായ മുറികളുടെയും കൊട്ടാരങ്ങളുടെയും അകച്ചുവരുകള്‍ ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. കളിമണ്‍ പാത്രങ്ങളില്‍ രൂപങ്ങള്‍ ആലേഖനം ചെയ്യുന്ന രീതി സു. ബി.സി. 5000-ത്തില്‍ ആരംഭിച്ചു. സു. ബി.സി. 400-ല്‍ പട്ടുതുണിയില്‍ ചിത്രം വരയ്ക്കുന്ന സമ്പ്രദായവും ഉദയം ചെയ്തു. കടലാസിലെ ചിത്രരചന വളരെക്കാലം കഴിഞ്ഞാണ് തുടങ്ങിയത്.

കിരാതവര്‍ഗരാജാവിനെ കീഴ്പ്പെടുത്തിയ പതിനൊന്നു ജനറല്‍മാരുടെയും മന്ത്രിമാരുടെയും ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ ഹ്സുമാന്‍തി ചക്രവര്‍ത്തി ബി.സി. 51-ല്‍ ഉത്തരവിട്ടു. വളരെക്കാലം മുമ്പേ ഛായാചിത്രരചന ചൈനയില്‍ അംഗീകരിക്കപ്പെട്ട കലയായിരുന്നു എന്നതിന്റെ തെളിവാണ് ഈ ഉത്തരവ്. ഹാന്‍ വംശകാലമായപ്പോഴേക്കും (ബി.സി. 206-എ.ഡി. 220) ചൈനീസ് ചിത്രകല പക്വത നേടിക്കഴിഞ്ഞു. ചുവരുകളിലും പട്ടിലും രചിക്കപ്പെടുന്ന ചിത്രങ്ങള്‍ ഹാന്‍ കാലത്തിന്റെ സഹജതയാണ്. തെക്കന്‍ സുങ് സാമ്രാജ്യം സ്ഥാപിതമായതോടെ അക്കാദമി പുനഃസ്ഥാപിച്ചു. ലി ടിയാങ്ങും അനുയായി ലി ടിയും നൈരന്തര്യം ഉറപ്പുവരുത്തി. സുഹാന്‍-ചെന്‍ ദൈനംദിന ജീവിതരംഗങ്ങള്‍ വരച്ചു. മയുവാനും ഹ്സിയ കുയിയും ചേര്‍ന്ന് മാഹ്സിയ സ്കൂള്‍ സ്ഥാപിച്ച് പതി സാമ്യമില്ലായ്മയില്‍ അധിഷ്ഠിതമായ ചിത്രരചന സ്വീകരിച്ചു. 'ആള്‍ ഇന്‍ വണ്‍ കോര്‍ണര്‍' എന്ന് ഈ സമ്പ്രദായം അറിയപ്പെട്ടു. ഔദ്യോഗിക ചിത്രരചനയോടൊപ്പം ചാന്‍സ്കൂളും വികസിച്ചു. ഈ സ്കൂളിന്റെ രചനാരീതി ജപ്പാന്‍ പിന്നീട് സ്വീകരിച്ചു.

യുവാന്‍ വംശാധിപത്യം വലിയ പ്രതികരണങ്ങളുണ്ടാക്കി. നാല് ആചാര്യന്മാര്‍ ചൈനീസ് ചിത്രകലയെ നയിച്ചു. ഹുമാങ് കുങ്മാങ് പരിചിത ഗ്രാമക്കാഴ്ചകളും വുചെന്‍ റിയലിസ്റ്റിക് ചിത്രങ്ങളും വാങ്മെങ് ഭാവനാമാത്ര ദുരന്തഭൂഭാഗ ദൃശ്യങ്ങളും രചിച്ചു. മൗലിക പ്രതിഭയായിരുന്ന നി-സാന്റെ ചിത്രങ്ങളിലെ സാന്ദ്രലോകത്തില്‍ മനുഷ്യനു സ്ഥാനമില്ല.

ചൈനീസ് ചിത്രകലയില്‍ പ്രകൃതിസ്നേഹത്തിനു പ്രാമുഖ്യമുണ്ട്. പ്രധാനമായി മൂന്നുതരം വിഷയങ്ങളാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്: പക്ഷികളും പൂക്കളും രൂപങ്ങളും; ഗ്രാമഭൂഭാഗദൃശ്യങ്ങള്‍; മലയും സമുദ്രവും. ലോകത്തിലെ എല്ലാറ്റിലും സന്തുലനവും ആന്തരിക ലയവുമുണ്ടെന്ന വിശ്വാസം ചിത്രകലയിലും പ്രതിഫലിച്ചു. കറുത്ത മഷിയും വര്‍ണങ്ങളും ചിത്രങ്ങളിലുണ്ടെങ്കിലും മഷിക്കറുപ്പ് സ്ഥായിഭാവമാണ്. കാവ്യബിംബങ്ങള്‍ ചിത്രബിംബങ്ങളുമായിട്ടുണ്ട്.


പട്ടു ചിത്രച്ചുരുളുകളില്‍ പലപ്പോഴും പഴമൊഴികളും ചുവരലങ്കാരപ്പണികളും കൊണ്ട് ഉദാഹരിച്ചിരിക്കും; ഏറ്റവും പഴക്കംചെന്ന പട്ടുചിത്രച്ചുരുള്‍ വിശ്രുതചിത്രകാരന്‍ കുകായ്ചി (സു. 344-406)യുടേതാണെന്നു കരുതപ്പെടുന്നു. ചൈനയിലെ ആദ്യത്തെ ചിത്രകാരനായി കരുതപ്പെടുന്നത് ഇദ്ദേഹമാണ്. ബ്രിട്ടീഷ് മ്യൂസിയം (ലണ്ടന്‍) ശേഖരത്തില്‍ കുകായ്ചിയുടെ ചിത്രങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ 'ദി അഡ്മോണിഷന്‍സ് ഒഫ് ഇന്‍സ്ട്രക്ട്രസ് റ്റു കോര്‍ട് ലേഡീസ്' പ്രസിദ്ധ ചിത്രച്ചുരുളാണ് (ബ്രിട്ടീഷ് മ്യൂസിയം, ലണ്ടന്‍). അഞ്ചും ആറും ശതകങ്ങളിലെ ബുദ്ധശില്പ സാരസര്‍വസ്വം ചിത്രങ്ങളില്‍ പ്രകടമാണ്. രേഖകളുടെ കൃത്യതയും സൂക്ഷ്മതയും കരവിരുതും ഈ ചിത്രങ്ങളുടെ അസമാനതയാകുന്നു. സില്‍ക്കു വിശറിയില്‍ വരച്ച 'അന്തഃപുര സ്ത്രീകള്‍ കുട്ടികളെ കുളിപ്പിച്ചൊരുക്കുന്നു' എന്ന ചിത്രം 1100-കളിലെയും 1200-കളിലെയും കൊട്ടാരജീവിതത്തിലേക്ക് ഒരെത്തിനോട്ടമാകുന്നു.

ചൈനീസ് ചിത്രകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു കുതിരകള്‍. കുതിരകളില്‍ പലപ്പോഴും സ്വര്‍ഗനിവാസിത കാണാനാകുന്നു. 'ഹോഴ്സസ് ആന്‍ഡ് ഗ്രൂം' (നാഷണല്‍ പാലസ് മ്യൂസിയം-തെയ് പെയ്) ഹാന്‍കന്റെ സുപ്രസിദ്ധ രചനയാണ്. ഫ്രെസ്കോ പെയിന്റിങ്ങിന്റെ ആരംഭം ഐതിഹ്യപ്രോക്തനായ മഞ്ഞ ചക്രവര്‍ത്തിയുടെ കാല(ബി.സി. 2700)ത്താണെന്ന് വിശ്വസിക്കപ്പെടുന്നു. ചിത്രിത ഇഷ്ടികകളിലും ഫ്രെസ്കോയിലും സമകാലിക ജീവിതവും യുദ്ധങ്ങളും പുരാണകഥാരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

ഗാര്‍ഹികദൃശ്യങ്ങളും സ്ത്രീപ്രകൃതവും വരയ്ക്കാന്‍ സമര്‍ഥരായ ചിങ് ഫാങ്, ചാങ് ഹ്സുംദ് എന്നിവര്‍ പക്ഷികളുടെയും പൂക്കളുടെയും ചിത്രമെഴുത്തില്‍ നിപുണരായിരുന്നു. ചാവോ പെയിന്ററും കാലിഗ്രാഫറും ആയ മെങ്ഫൂ, യുവാന്‍ എന്നീ ചിത്രകാരന്മാര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഉത്തര സൂങ് ചക്രവര്‍ത്തി ഹൂയി-തെങ് (1101-25) നല്ല ചിത്രകാരനായിരുന്നു. കാവ്യരചനയിലും മാതൃകാനിര്‍മാണം, കരുപ്പിടിപ്പിക്കല്‍ തുടങ്ങിയ 'പ്ലാസ്റ്റിക് കല'കളിലും ഇദ്ദേഹം മുഴുകിയിരുന്നു. ചിത്രകാരന്മാരിലെ രാജകുമാരനായിരുന്ന വു താവോത്സു (സു. 700-760) തൂലികയുടെ വഴക്കം പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രമെഴുത്തുകാരനായിരുന്നു. ബ്രഷെടുത്താല്‍ സഹായിക്കാന്‍ ഒരു ദേവത ഇദ്ദേഹത്തിനരികില്‍ നില്പുണ്ടായിരിക്കുമെന്നാണ് ഐതിഹ്യം. കറുപ്പുമഷിയില്‍ നിരവധി ഛായാചിത്രങ്ങളും വ്യാളി ബുദ്ധപ്രതിമകളും ഇദ്ദേഹം നിര്‍മിച്ചു. വുവിന്റെ വ്യാളി ശല്ക്കച്ചിറകുകളടിച്ച് മേഘങ്ങളും മഞ്ഞുപാളിയുമുതിര്‍ക്കുമത്രേ. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഴെന്‍ (യഥാര്‍ഥത) നിറഞ്ഞു നില്ക്കുന്നു.

വരകള്‍ തരംഗിതമാക്കി ചിത്രസാന്ദ്രതയേകാന്‍ അതിസമര്‍ഥനായിരുന്നു വു. ചായത്തിന്റെ കട്ടിയില്‍ വ്യത്യാസം വരുത്തി ചിത്രത്തിന് ത്രിമാന പ്രതീതി ജനിപ്പിക്കുന്നതിലും ചിത്രത്തിന് ചലന പ്രതീതിയുണ്ടാക്കുന്നതിലും പ്രാവീണ്യമുള്ളവനായിരുന്നു ഈ മഹാപ്രതിഭ. മുന്‍കാല ചിത്രരചനയിലെ നേര്‍ത്ത ചരടുകമ്പി പോലുള്ള രേഖകളില്‍നിന്ന് മൗലിക വ്യതിയാനം വരുത്തിക്കൊണ്ട് വു ചിത്രമെഴുതി. ഇദ്ദേഹം ഒറ്റ ദിവസം കൊണ്ട് താതൂങ് കൊട്ടാരച്ചുവരുകള്‍ ചിത്രാങ്കിതമാക്കി. ഇദ്ദേഹം രചിച്ച വിന്‍ഡ്ബോണ്‍ ഡ്രാപ്പറീസ് ചിത്രകലാ വിദ്യാര്‍ഥികളുടെ ഇഷ്ടവാക്യമായി മാറി. വു മുന്നൂറിലധികം ചുവര്‍ ചിത്രങ്ങളുമെഴുതിയിട്ടുണ്ട്. ക്ഷേത്രഭിത്തികളിലെ ചിത്രരചന ചൈനയില്‍ സാധാരണമായിരുന്നു.

സില്‍ക്കുപാതയിലെ പുകഴ്ന്ന ഗുഹകളാണ് പതിനായിരം ബുദ്ധന്മാരുടെ ഗുഹയെന്നറിയപ്പെടുന്ന തൂങ്വാങ്. ചൈനയിലെ ബൗദ്ധശൈലിയിലുള്ള ചുവച്ചിത്രങ്ങളുടെ സമ്പന്ന സ്രോതസ്സാണ് ഈ ഗുഹകള്‍.

ഭൂഭാഗദൃശ്യങ്ങളുടെ ചിത്രരചന 8-ാം ശതകത്തോടെ ആരംഭിച്ചു. പശ്ചാത്തലത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന മലകളെയും വൃക്ഷലതാദികളെയും മറ്റും വിമോചിപ്പിച്ച് ഭൂഭാഗചിത്രരചന വഴി അതിനെല്ലാം പ്രാഭവമുണ്ടാക്കി. 'രണ്ടു ജനറല്‍മാര്‍' എന്ന സ്നേഹപ്പേരിലറിയപ്പെട്ടിരുന്ന ലി-സുഷനും മകന്‍ ലി-ഷാവോ താവോയും 'ലി പാരമ്പര്യ'ത്തിന്റെ അഥവാ 'ഉത്തരദേശ പാരമ്പര്യ'ത്തിന്റെ പ്രോദ്ഘാടകരായി.

കവിയും മഷി കൊണ്ട് ഭൂഭാഗദൃശ്യങ്ങള്‍ ചിത്രത്തിലാക്കുന്നതില്‍ അഗ്രഗണ്യനും ആയിരുന്ന വാങ്വി കുതിരകളുടെ ചിത്രണത്തിലും നിപുണത കാട്ടി.

ഹീനയാന-മഹായാന പ്രസ്ഥാനങ്ങളുടെ ഛായയും ചൈനയിലെ ചിത്രകലയില്‍ കലര്‍ന്നു. വിഗ്രഹചിത്രങ്ങളുടെ ആവിര്‍ഭാവം, ബുദ്ധചിന്തകളുടെ പ്രതിപ്രവര്‍ത്തനമായിരുന്നു. പണ്ഡിതോചിതമായ ചിത്രകലയുടെ പാരമ്പര്യം പതിനേഴും പതിനെട്ടും ശതകങ്ങളില്‍ നഷ്ടപ്പെട്ടു. ലിയു, ഹെയ്സു തുടങ്ങിയ സ്കൂളുകളാണ് പില്ക്കാലത്തെ 'ഷാങ്ഹായ് അക്കാദമി ഒഫ് ആര്‍ട്ട്'. അമൂര്‍ത്തമായ 'ബൂര്‍ഷ്വാസി ഫോര്‍മലിസ'വും 'എക്സ്പ്രഷനിസ'വും നിരുത്സാഹപ്പെടുത്തി. എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ചിത്രം വരച്ചാല്‍ ചിത്രകാരന് അംഗീകാരവും സംരക്ഷണവും ലഭിക്കും എന്ന നില വന്നു ചേര്‍ന്നു. ചി വെയ്ഷിയുടെ ഭൂഭാഗദൃശ്യങ്ങളില്‍ പണ്ഡിതോചിതമായ ചിത്രരചനയുടെ പുനര്‍ജന്മമുണ്ടായി. ആദ്യകാല ഭൂഭാഗ ദൃശ്യങ്ങള്‍ ഷാന്‍ ഷുയി (മല-ജലം) എന്നറിയപ്പെട്ടിരുന്നു. അംബരചുംബികളായ മലകളും ജലവിസ്തൃതിയും പ്രകൃതിയും മനുഷ്യാത്മാവും തമ്മിലുള്ള സുസ്വരതയാണ് ഇതര്‍ഥമാക്കിയിരുന്നത്.

പൈന്‍ പുകയറയും വജ്രപ്പശ(ഗൂന്ത്)യും ചേര്‍ത്ത് കുഴച്ചുണ്ടാക്കുന്ന കറുപ്പു മഷികൊണ്ടായിരുന്നു ചിത്രമെഴുത്ത്. ചിത്രമെഴുത്തിനും കാലിഗ്രാഫിക്കും മുളകൊണ്ടുള്ള പിടിയിലുറപ്പിച്ച മൃഗരോമങ്ങള്‍ ബ്രഷ് ആയി ഉപയോഗിച്ചിരുന്നു. ചിത്രച്ചുരുളുകള്‍ എളുപ്പത്തില്‍ ചുരുട്ടാവുന്നവയായിരുന്നു. ഇടംകൈകൊണ്ട് ചുരുളഴിച്ചു കാണുന്തോറും വലംകൈകൊണ്ട് ചുരുട്ടുകയാണ് രീതി. ബി.സി. 3-ാം ശതകത്തില്‍ വരച്ച 'നോബിള്‍ ലേഡി വിത് എ ഫീനിക്സ് ആന്‍ഡ് എ ഡ്രാഗണ്‍' എന്ന സില്‍ക്കു ചുരുള്‍ച്ചിത്രമാണ് ഏറ്റവും പഴക്കം ചെന്നത്.

ചൈനീസ് ചിത്രകലയുടെ സൈദ്ധാന്തികന്‍, ഹ്സിയ-ഹോ ആണ്. ഇദ്ദേഹത്തിന്റെ 'അഷ്ടതത്ത്വങ്ങള്‍' ചിത്രകലയുടെ ഗുണധര്‍മ വിചാരമാണ്.

തിരുവനന്തപുരത്തെ ചിത്രാലയത്തില്‍ (ശ്രീ ചിത്രാ ആര്‍ട്ട് ഗാലറി) 'ചൈനദുര്‍ഗ', 'പറക്കും വ്യാളി', 'ഭൂഭാഗദൃശ്യം' തുടങ്ങി 19 ചൈനീസ് പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

(പി. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍