This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജരാരോഗവിജ്ഞാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജരാരോഗവിജ്ഞാനം
Geriatrics
വൃദ്ധജനങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ നിര്‍ണയം, ചികിത്സ, ചികിത്സാപ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പഠനം.
വയസ്സിന്റെ അടിസ്ഥാനത്തില്‍ യുവവൃദ്ധര്‍ (65-70), വൃദ്ധര്‍ (70-85), പടുവൃദ്ധര്‍ (85-ന് മുകളില്‍) എന്നിങ്ങനെ വര്‍ഗീകരിച്ചാണ് ജരാരോഗങ്ങളെ വിശകലനം ചെയ്യാറുള്ളത്. വാര്‍ധക്യത്തിന്റെ ആരംഭം ഏത് വയസ്സുമുതലാണെന്നത് മിക്ക രാഷ്ട്രങ്ങളിലും തര്‍ക്കവിഷയമാണ്. 60 വയസ്സുകഴിഞ്ഞവരെ ഇന്ത്യയില്‍ വൃദ്ധരായി കണക്കാക്കുന്നു.
ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണത്തില്‍ ആപേക്ഷികമായുണ്ടാകുന്ന വര്‍ധനയും യുവജനങ്ങളുടെ എണ്ണത്തില്‍ ആപേക്ഷികമായുണ്ടാകുന്ന കുറവും കണക്കാക്കിയാണ് സമൂഹത്തിന്റെ പ്രായം നിശ്ചയിക്കുന്നത്. 1990-ല്‍ ലോകത്തൊട്ടാകെ 478 ദശലക്ഷം ആളുകള്‍ 60-നുമേല്‍ പ്രായമുള്ളവരായിരുന്നു. 2025 ആകുമ്പോഴേക്ക് വൃദ്ധരുടെ എണ്ണം 1100 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്ക്. ലോകബാങ്കിന്റെ ജനസംഖ്യാ പ്രക്ഷേപങ്ങളനുസരിച്ച് 60 കഴിഞ്ഞവരുടെ അനുപാതം 2000-ത്തില്‍ 9.67 ശ.മാനമായിരിക്കുന്നത് 2025 ആകുമ്പോഴേക്ക് 13.7 ശ.മാനവും ആയി വര്‍ധിക്കും. വികസിത രാജ്യങ്ങളില്‍ വൃദ്ധരുടെ ജനസംഖ്യാനുപാതം (16.8 ശ.മാ.) വികസ്വരരാഷ്ട്രങ്ങളിലെതിനെക്കാള്‍ (6.74 ശ.മാ.) ഏറിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-വൈദ്യശാസ്ത്രമണ്ഡലങ്ങളിലും മൊത്ത ദേശീയോത്പാദനക്കണക്കിലും പ്രതിഫലിക്കുന്ന പ്രാധാന്യമേറിയ ഘടകമാണ് ജനസംഖ്യയുടെ ഘടന. മൊത്തം വൃദ്ധരുടെ 57 ശ.മാ. വസിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. ആയുഃപ്രതീക്ഷ വിസ്മയകരമായ തോതില്‍ വര്‍ധിക്കുന്നതിനാല്‍ 21-ാം ശ.-ലെ ആദ്യത്തെ രണ്ട് ദശകങ്ങളില്‍ ഈ ശതമാനം വീണ്ടും വര്‍ധിക്കും. ഇന്ത്യയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ സംഖ്യ 1961-ല്‍ 24.7 ദശലക്ഷവും 2001-ല്‍ 75.9 ദശലക്ഷവുമായിരുന്നു. കേരളത്തിലെ ആയുഃപ്രതീക്ഷ 70 വയസ്സിന് മുകളിലായതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ലോകത്ത് മറ്റൊരു വൈചിത്യ്രവും സംഭവിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ആയുര്‍ ദൈര്‍ഘ്യം ഉണ്ടെന്നതിനാല്‍ വിധവകളുടെയും ഏകാകിനികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. ഇവരുടെ സാമ്പത്തികസ്ഥിതി പരിമിതമായതിനാല്‍ പ്രശ്നം കൂടുതല്‍ ഗൌരവമേറിയതാകുന്നു.
വൃദ്ധരെ സംബന്ധിച്ച ഏറ്റവും പ്രധാന പ്രശ്നം സാമ്പത്തികമാണ്. ഇവര്‍ക്ക് പല കാരണങ്ങളാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്നങ്ങളും വളരെ ഗൌരവമുള്ളതാണ്. മൂന്നോ നാലോ പ്രധാന രോഗങ്ങളെങ്കിലും ഓരോരുത്തരെയും ബാധിച്ചിരിക്കും. മിക്കവരും ദിനംപ്രതി നാലിലധികം ഔഷധങ്ങള്‍ സേവിക്കാറുണ്ട്. ഈ ഔഷധസേവ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല, മരുന്നുകള്‍ തമ്മില്‍ പ്രവര്‍ത്തിക്കുകമൂലം അപ്രതീക്ഷിതമായ മറ്റ് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഡോക്ടറന്മാരെ സംബന്ധിച്ചിടത്തോളം വൃദ്ധപരിചരണം സാമ്പത്തികമായി ആകര്‍ഷകമായ ഒരു മേഖലയല്ലാത്തതിനാല്‍ ആശുപത്രികളില്‍ വൃദ്ധര്‍ക്ക് മതിയായ ശുശ്രൂഷ ലഭിക്കുന്നില്ല.
പ്രായം കൂടുന്നതോടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും സ്വാഭാവികമായ തേയ്മാനങ്ങളും ക്ഷീണവും ഉണ്ടാവുകയും ചെയ്യുന്നു. രോഗങ്ങളുംകൂടി ബാധിക്കുമ്പോള്‍ വൃദ്ധര്‍ തീര്‍ത്തും അസ്വസ്ഥരാകുന്നു. ആധുനിക പഠനങ്ങള്‍ ഇത്തരം തളര്‍ച്ചയെ ഒരു പ്രത്യേക ജീനുമായി ബന്ധിപ്പിക്കുന്നുണ്ട്. പല പ്രവര്‍ത്തനങ്ങളും സജീവമായി ഏര്‍പ്പെട്ട് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കഴിച്ചുകൂട്ടുന്നവരുടെ വാര്‍ധക്യത്തെ 'വിജയകരമായ വാര്‍ധക്യം' എന്നുപറയുന്നു.
ഇന്ത്യയില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 60 വയസ്സിനുമേല്‍ പ്രായമുള്ളവരെ ബാധിക്കുന്ന രോഗങ്ങള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് ഇവയാണ്: കാഴ്ച സംബന്ധമായ രോഗങ്ങള്‍ (88 ശ.മാ.), ചലനസംബന്ധമായ രോഗങ്ങള്‍ (40 ശ.മാ.), ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍ (18.7 ശ.മാ.), ഹൃദ്രോഗങ്ങള്‍ (17.4 ശ.മാ.), ശ്വസനരോഗങ്ങള്‍ (16.1 ശ.മാ), ത്വക്രോഗങ്ങള്‍ (13.3 ശ.മാ.), ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ രോഗങ്ങള്‍ (9.9 ശ.മാ.), ശ്രവണരോഗങ്ങള്‍ (8.2. ശ.മാ.), മാനസികരോഗങ്ങള്‍ (8.1 ശ.മാ.), ലിംഗ-മൂത്രാശയരോഗങ്ങള്‍ (3.3 ശ.മാ.), പ്രമേഹം, അര്‍ബുദങ്ങള്‍.
നേത്ര ശ്രവണരോഗങ്ങള്‍, ചലനസംബന്ധിയായ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, അര്‍ബുദരോഗങ്ങള്‍, കുപോഷണം എന്നിവയാണ് ലോകമെങ്ങും വൃദ്ധജനങ്ങളെ പീഡിപ്പിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇവ നിലവിലുള്ള സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളുടെ ആക്കം വര്‍ധിപ്പിക്കുന്നു.
കാഴ്ചരോഗങ്ങള്‍ വൃദ്ധരെ സാധാരണ ബാധിക്കുന്ന ഒന്നാണ് തിമിരം. കണ്ണിലെ ലെന്‍സ് അതാര്യമാവുകയും കാഴ്ചശക്തി ക്രമേണ മങ്ങുകയും ചെയ്യുന്നു. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാം. വൃദ്ധരെ ബാധിക്കുന്ന മറ്റൊരു കാഴ്ചരോഗം ഗ്ലോക്കോമയാണ്. കണ്ണിനുള്ളില്‍ മര്‍ദം കൂടുന്നതോടെ കലശലായ തലവേദന, കണ്ണുവേദന എന്നിവ അനുഭവപ്പെടുകയും കാഴ്ച കുറയുകയും ചെയ്യുന്നു. ഔഷധങ്ങള്‍കൊണ്ട് ഗ്ലോക്കോമ ഭേദമാക്കാം. വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യേണ്ടതുള്ളു. അശ്രുപ്രവാഹത്തിലുണ്ടാകുന്ന കുറവാണ് മറ്റൊരു പ്രശ്നം. ഇതിന്റെ ഫലമായി കണ്ണ് വരളുകയും (ജലശൂന്യത) അണുബാധയേല്ക്കുകയും ചെയ്യുന്നു. വായുവിലെ മലിനീകരണം കാരണം മിക്ക രാജ്യങ്ങളിലെയും വൃദ്ധര്‍ക്ക് കണ്ണിലെ അണുബാധ ഒരു പ്രധാന പ്രശ്നമാണ്. വാര്‍ധക്യത്തില്‍ ബാധിക്കുന്ന മാക്കുലാര്‍ക്ഷയത്തിന് നിശ്ചിത ചികിത്സയില്ല. വസ്തുക്കള്‍ വലുതാക്കി കാണിക്കുന്ന ലെന്‍സ് ഉപയോഗിക്കുക മാത്രമാണ് പ്രതിവിധി. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുടെ ഫലമായി ദൃഷ്ടിപടലത്തിന് കേടു സംഭവിക്കുന്നതും വാര്‍ധക്യത്തിലെ പ്രശ്നമാണ്.
ശ്രവണപ്രശ്നങ്ങള്‍ വൃദ്ധരെ സാര്‍വത്രികമായി അലട്ടുന്ന പ്രശ്നമാണ് കേള്‍വിക്കുറവ്. ബാഹ്യകര്‍ണത്തിലൂടെയും ആന്തരകര്‍ണത്തിലൂടെയും ശബ്ദതരംഗങ്ങള്‍ കടന്നുപോവുന്നതിലെ തകരാറുകള്‍ (ചാലനബാധിര്യം), ശബ്ദ തരംഗങ്ങളെ വൈദ്യുത സിംബലുകളാക്കി മാറ്റുന്നതിലെ പാളിച്ചകള്‍, വൈദ്യുത സിംബലുകള്‍ തലച്ചോറിലേക്ക് പകരുന്നതിലെ പിഴവുകള്‍ (നാഡീബാധിര്യം) എന്നിവയാണ് കേള്‍വിക്കുറവിന് കാരണമാകുന്നത്. ചെവിക്കായത്തിന്റെ ആധിക്യവും കേള്‍വിക്കുറവുണ്ടാക്കും. ചെവിയിലുണ്ടാകുന്ന രോഗാണുബാധ, മധ്യകര്‍ണത്തിലെ അപചയ രോഗങ്ങള്‍ (degenerative diseases) എന്നിവയും സാധാരണ ബാധിക്കാറുണ്ട്. ആഭ്യന്തരകര്‍ണത്തിന് പിടിപെടുന്ന ഒരു രോഗമാണ് 'പ്രെസ്ബ്യാകൂസിസ്'. പ്രാരംഭത്തില്‍ ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാതെ വരുന്നു. ക്രമേണ ചെറിയ ശബ്ദംപോലും കേള്‍ക്കാനാവില്ല. ബാറ്ററി ഉപയോഗിച്ചുള്ള ശ്രവണസഹായികൊണ്ട് ശ്രവണശേഷി 70 ഡെസിബല്‍ വരെ മെച്ചപ്പെടുത്താം. അതായത് 60 ഡെസിബലുള്ള ശബ്ദം 130 ഡെസിബലായി അനുഭവപ്പെടുത്താം. ബാഹ്യകര്‍ണത്തില്‍ ഉറപ്പിക്കാവുന്നത്, ചെവിപ്പുറത്ത് വയ്ക്കാവുന്നത്, കണ്ണടയുടെ ഫ്രെയ്മില്‍ വയ്ക്കാവുന്നത് ഇങ്ങനെ പലതരം ശ്രവണസഹായികള്‍ ലഭ്യമാണ്. ചെവിക്കുള്ളില്‍ ഉറപ്പിച്ചിട്ടുള്ള സ്പീക്കറിലേക്ക് ബന്ധിപ്പിക്കാവുന്ന വൈദ്യുതി കോര്‍ഡുള്ള ശ്രവണസഹായി പോക്കറ്റിലും സൂക്ഷിക്കാം. നോ. ബധിരത
ഹൃദ്വാഹികാരോഗങ്ങള്‍ വൃദ്ധരെ സാധാരണ അലട്ടുന്ന ഹൃദ്വാഹികാരോഗമാണ് അതിരക്തമര്‍ദം. മാനസിക സംഘര്‍ഷം ഒഴിവാക്കിയും ധ്യാനം ശീലിച്ചും രക്തമര്‍ദം ഒരു പരിധിവരെ സാധാരണ നിലയില്‍ നിര്‍ത്തി ഔഷധ പ്രയോഗം ഒഴിവാക്കാം. അതിരക്തമര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദ്രോഗങ്ങളോ ഹൃദയാഘാതമോ സംഭവിക്കാം.
പ്രായം ഏറുന്നതോടെ രക്തക്കുഴലുകള്‍ക്ക് കടുപ്പമേറുകയും അവയ്ക്കുള്ളില്‍ അവിടവിടെയായി കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ധമനീരോധഫലങ്ങള്‍ (atheromatous plaques) ഉണ്ടാവുകയെന്നതാണ് ഇതിന്റെ അന്ത്യഫലം. ഇതുമൂലം രക്തവാഹികള്‍ക്കുള്ളില്‍ രക്തം കട്ടപിടിക്കുന്നു. ഇവ ഒന്നുകില്‍ ആവാഹികള്‍ക്കുള്ളിലെ രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയോ (ത്രോംബോസിസ്) അല്ലെങ്കില്‍ ചെറിയ രക്തവാഹികള്‍ എത്തപ്പെട്ട് അവിടെ തടസ്സം സൃഷ്ടിക്കുകയോ (എംബോളിസം) ചെയ്യുന്നു. സാധാരണയായി രക്തവാഹികള്‍ പിരിയുന്ന സ്ഥാനത്തോ ഹൃദയത്തിന്റെ സമീപത്തോ ആണ് ഇത്തരം തടസ്സങ്ങള്‍ ഉണ്ടാകുന്നത്. മേല്പറഞ്ഞ അവസ്ഥകള്‍ കാരണം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ തടസ്സപ്പെടുമ്പോഴാണ് ഇസ്കിമിക് ഹൃദ്രോഗം പിടിപെടുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍: നെഞ്ചിന്റെ ഇടതുവശത്ത് പൊടുന്നനെ ഉണ്ടാകുന്ന കലശലായ വേദന ക്രമേണ ഇടതുകൈയിലേക്ക് വ്യാപിക്കുന്നു. രോഗി കഠിനമായി വിയര്‍ക്കുന്നു, ചിലപ്പോള്‍ ബോധക്ഷയവും ഉണ്ടാകും. പ്രമേഹരോഗമുള്ളവര്‍ക്ക് വലിയ വേദന അനുഭവപ്പെട്ടു എന്ന് വരികയില്ല. എന്നാല്‍ നെഞ്ചില്‍ കടുത്ത ഞെരുക്കം തോന്നുകയും ശരീരം തണുത്ത് നീലനിറമാവുകയും ചെയ്യും. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം. അതിരക്തമര്‍ദം, പ്രമേഹം, രക്തത്തിലെ കൊഴുപ്പുഘടകത്തിലെ വ്യതിയാനം എന്നിവയാണ് ഹൃദയാഘാതത്തിനുള്ള സാധാരണ കാരണങ്ങള്‍. മാനസിക സംഘര്‍ഷം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത, പുകവലി എന്നിവയും കാരണമാകാറുണ്ട്. ഹൃദ്രോഗമുണ്ടാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഹൃദ്ശൂലം (angina pectoris). നെഞ്ചിന്റെ ഇടതുവശത്തുണ്ടാകുന്ന വേദന ക്രമേണ ഇടതുകൈയിലേക്ക് വ്യാപിക്കുന്നു. വിശ്രമിച്ചാല്‍ ഈ അസ്വസ്ഥത മാറിക്കിട്ടുമെങ്കിലും ക്രമേണ ഹൃദയം രക്തചംക്രമണ ധര്‍മത്തില്‍ പരാജയപ്പെടുന്നു. നടക്കുമ്പോഴോ എന്തെങ്കിലും ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴോ രോഗിക്ക് ശ്വാസമില്ലായ്മ അനുഭവപ്പെടുന്നു. ക്രമേണ ശരീരമാസകലം നീരുവന്ന് വീര്‍ക്കും. ഉറക്കത്തിലും ശ്വാസമില്ലായ്മ അനുഭവപ്പെടാം. ആരംഭത്തില്‍ത്തന്നെ ചികിത്സയ്ക്ക് വിധേയമാവേണ്ടതാണ്.
മൂത്രാശയരോഗങ്ങള്‍ മൂത്രം ഉള്‍ക്കൊള്ളുന്നതിനും നിയന്ത്രിക്കുന്നതിനുള്ള വൈഷമ്യങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്. പുരസ്ഥഗ്രന്ഥി (prostate gland)ക്കുണ്ടാകുന്ന വീക്കംമൂലം പുരുഷന്മാര്‍ക്ക് മൂത്രമൊഴിക്കാന്‍ വിമ്മിട്ടമുണ്ടാകാറുണ്ട്. വീക്കം വര്‍ധിക്കുന്തോറും മൂത്രം ഒഴിഞ്ഞുപോകാന്‍ കാലതാമസം ഏറുന്നു. ആരംഭത്തില്‍ത്തന്നെ ചികിത്സിച്ചില്ലെങ്കില്‍ മൂത്രതടസ്സം നീക്കാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരും. പുരസ്ഥഗ്രന്ഥിക്കോ മൂത്രസഞ്ചിക്കോ ഉണ്ടാകുന്ന അര്‍ബുദംമൂലവും മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാകാം.
അസ്ഥി-പേശീരോഗങ്ങള്‍ അസ്ഥിരോഗങ്ങളില്‍ മൂന്നോ നാലോ എണ്ണമാണ് വൃദ്ധരെ അധികമായി ബാധിക്കുന്നത്. പ്രായം കൂടുന്നതോടെ അസ്ഥിയിലെ കാത്സ്യത്തിന് കുറവുണ്ടാവുന്നതിനാല്‍ അസ്ഥികള്‍ ഭംഗുരമാകുന്നു. അസ്ഥി ഒടിയാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലായി കാണുന്നു. ഈ അവസ്ഥയ്ക്ക് അസ്ഥി സുഷിരത (osteoporosis) എന്നുപറയുന്നു. ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അളവ് കൂട്ടിയും വ്യായാമം ചെയ്തും രോഗം നിയന്ത്രിക്കാം. അരക്കെട്ട്, തുടയെല്ല്, നട്ടെല്ലിലെ കശേരുക്കള്‍ എന്നിവിടങ്ങളിലാണ് ഒടിയാനുള്ള സാധ്യത കൂടുതല്‍. കശേരുക്കളിലെ ഒടിവ് പക്ഷാഘാതത്തിന് കാരണമാകാം.
പൊണ്ണത്തടിയുള്ള വൃദ്ധരില്‍ അസ്ഥി-സന്ധിശോഥം ഉണ്ടാകാറുണ്ട്. കലശലായ വേദന, നീരുവീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ ക്രമേണ ചലനസ്വാതന്ത്യ്രം നഷ്ടപ്പെടും.
എല്ലിനുണ്ടാകുന്ന അസാധാരണമായ ആകൃതി വ്യതിയാനമാണ് പേജറ്റ്സ് രോഗത്തിന്റെ ലക്ഷണം. പുരുഷന്മാരെ സാധാരണ ബാധിക്കുന്ന ഈ രോഗം ഇന്ത്യയില്‍ വിരളമാണ്. പേശികളുടെ ക്രമാതീതമായ തേയ്മാനവും വൃദ്ധരെ അലട്ടാറുണ്ട്. ഇരുന്നാല്‍ എഴുന്നേല്ക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു. നാഡീരോഗങ്ങളുടെ തുടര്‍ച്ചയായുണ്ടാകുന്ന പേശീക്ഷയം ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്.
നിദ്രാരോഗങ്ങള്‍ ഉറങ്ങാന്‍ വൈകുക, വളരെ നേരത്തേ ഉണര്‍ന്നുപോവുക, പലതവണ നിദ്രവിട്ട് എഴുന്നേല്ക്കുക തുടങ്ങിയവയും വാര്‍ധക്യകാലത്തെ പ്രശ്നങ്ങളാണ്. ചില രോഗങ്ങളുടെ സാന്നിധ്യംകൊണ്ടും ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകാം. പുരസ്ഥഗ്രന്ഥിയുടെ വീക്കംമൂലം അനുഭവപ്പെടുന്ന മൂത്രശങ്ക, ആസ്ത്മ കൊണ്ടുണ്ടാകുന്ന ശ്വാസവിമ്മിട്ടം, ഹൃദ്രോഗം കൊണ്ടുണ്ടാകുന്ന നെഞ്ചുവേദന, കുടല്‍വ്രണംമൂലം രാത്രിയില്‍ അനുഭവപ്പെടുന്ന വയറുവേദന, സന്ധിവാതംമൂലമുണ്ടാകുന്ന വേദന എന്നിവയൊക്കെ ഉറക്കത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കും. മനോവ്യഥയുണ്ടെങ്കില്‍ ഉറക്കം വരാന്‍ വൈകും. മാത്രമല്ല വെളുപ്പിന് രണ്ടുമണിക്കും മൂന്നുമണിക്കും ഇടയ്ക്ക് ഉറക്കംവിട്ട് എഴുന്നേല്ക്കുകയും ചെയ്യും. ഉറക്കക്സേശങ്ങള്‍ അനുഭവിക്കുന്ന വൃദ്ധര്‍ പകല്‍ സമയം ക്ഷീണിതരായും അസ്വസ്ഥരായും കാണപ്പെടും. വാര്‍ധക്യരോഗങ്ങള്‍ക്ക് സാധാരണ നിര്‍ദേശിക്കാറുള്ള മിക്ക ഔഷധങ്ങളും ഉറക്കത്തിന്റെ താളം തെറ്റിക്കുന്നവയാണ്; പാര്‍ക്കിന്‍സോണിസത്തിന് നല്കുന്ന ഔഷധം പ്രത്യേകിച്ചും. ചില ഔഷധങ്ങള്‍ വൃദ്ധര്‍ക്ക് ഭീകരസ്വപ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
നാഡീരോഗങ്ങള്‍ നാഡീസംബന്ധമായ അനവധി രോഗങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍ രോഗം, അല്‍ഷൈമെര്‍ രോഗം, മോട്ടോര്‍ ന്യൂറോണ്‍ രോഗം എന്നിവയാണ് ഇതില്‍ പ്രധാനം. എംബോളിസം, ത്രോംബോസിസ് തുടങ്ങിയ കാരണങ്ങളാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രമസ്തിഷ്ക രക്തവാഹിനികളില്‍ പൊടുന്നനെയുണ്ടാകുന്ന പൊട്ടല്‍ എന്നിവ പക്ഷാഘാതത്തിന് കാരണമാകുന്നു. ബോധക്ഷയം, ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോകല്‍, സംഭാഷണ വൈകല്യം, കാഴ്ച മങ്ങല്‍, കോച്ചിപ്പിടിത്തം ഇവയിലേതെങ്കിലുമൊക്കെ മരണം തന്നെയോ പക്ഷാഘാതംമൂലം സംഭവിച്ചേക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം പക്ഷാഘാതത്തിന്റെ ഒരു പ്രധാന കാരണമാണ്. ഫലപ്രദമായി ചികിത്സിച്ചാല്‍ ആഘാതത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയും. മറ്റു ചികിത്സാവിധികളുണ്ടെങ്കിലും മിക്കവയും പരീക്ഷണഘട്ടത്തിലാണ്. രക്തക്കുഴലുകള്‍ ബലൂണ്‍പോലെ വീര്‍ത്തുവരിക, ധമനികള്‍ക്കും സിരകള്‍ക്കും രൂപവൈകല്യങ്ങള്‍ ഉണ്ടാവുക എന്നീ കാരണങ്ങളാലും രക്തസ്രാവം ഉണ്ടാകാം. ശസ്ത്രക്രിയയാണ് പ്രതിവിധി.
പാര്‍ക്കിന്‍സണ്‍ രോഗവും അനുബന്ധരോഗങ്ങളും. വൃദ്ധരെ സാധാരണ ബാധിക്കാറുള്ളതാണ് പാര്‍ക്കിന്‍സണ്‍ രോഗം. ചലനത്തിലുണ്ടാകുന്ന അസാധാരണമായ മാന്ദ്യം, വിശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍, പേശികള്‍ക്ക് അനുഭവപ്പെടുന്ന അയവില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. അതിസാവധാനം ആരംഭിക്കുന്ന രോഗമായതിനാല്‍ ആദ്യഘട്ടങ്ങളില്‍ രോഗിയോ ചികിത്സകനോ രോഗം മനസ്സിലാക്കിയെന്നുവരില്ല. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇത് രോഗിയെ ശയ്യാവലംബിയാക്കിത്തീര്‍ക്കും.
വൃദ്ധരെ ബാധിക്കുന്ന അല്‍ഷൈമെര്‍ രോഗം വിരളമായി യുവാക്കളെയും ബാധിക്കാറുണ്ട്. പ്രധാന ലക്ഷണം ഓര്‍മയ്ക്കുണ്ടാകുന്ന മങ്ങലാണ്. വ്യക്തിഗതകാര്യങ്ങള്‍ ഉള്‍പ്പെടെ നിത്യേന അനുഷ്ഠിച്ചിരുന്ന കര്‍മങ്ങള്‍പോലും ചെയ്യാന്‍ കഴിയാതെ വരുന്നു. ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. പാരമ്പര്യ പശ്ചാത്തലമില്ലാത്ത വൃദ്ധരെ ഈ രോഗം ബാധിക്കാറുണ്ടെങ്കിലും യുവാക്കളില്‍ പാരമ്പര്യം പ്രധാന ഘടകമാണ്.
പ്രധാനമായും ഊര്‍ധാവയവങ്ങളിലെയും അണ്ണാക്ക്, നാക്ക് എന്നിവയിലെയും പേശികള്‍ ക്ഷയിക്കുന്നതാണ് മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ സ്വഭാവം. സംസാരിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസമുണ്ടാവുകയും കൈയിലെ പേശികള്‍ ചലിപ്പിക്കാനാവാതെ വരികയും ചെയ്യുന്നു. ശരീരത്തിന്റെ കീഴ്പോട്ടുള്ള അവയവങ്ങളിലെ തന്ത്രികാതന്തുക്കളെയും രോഗം ബാധിക്കുന്നതുകൊണ്ട് കാലുകള്‍ക്കും ബലക്ഷയമുണ്ടാകുന്നു. ജീവിതാവസാനംവരെ ഓര്‍മയും ബുദ്ധിയും നിലനില്ക്കുന്നതിനാല്‍ ഈ രോഗാവസ്ഥയില്‍ വൃദ്ധര്‍ വലിയ മനോവിഷമം അനുഭവിക്കുന്നു. രോഗം ആരംഭിച്ച് 5-6 വര്‍ഷത്തിനകം മരണം സംഭവിക്കും. ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല.
ഭൂരിഭാഗം വൃദ്ധരും വിഷാദസ്വഭാവം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഏതാണ്ട് 10 ശ.മാ. പേര്‍ക്ക് മാത്രമേ പ്രത്യേക പരിചരണം ആവശ്യമായി വരുന്നുള്ളു. ശരീരത്തിന് വന്നുകൂടുന്നതിനെക്കാള്‍ പരാധീനതയും വൈഷമ്യവും ചില വൃദ്ധജനങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഉദാസീനത, അലക്ഷ്യഭാവം, ഉള്‍വലിയല്‍, വിഷാദം ഒക്കെ അവരുടെ മുഖമുദ്രയായി മാറുന്നു. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനാവാത്ത ചുറ്റുപാടുകളില്‍ കഴിയേണ്ടിവരുമ്പോഴാണ് ഈ പ്രത്യേക സ്വഭാവങ്ങള്‍ പ്രകടമാവുക.
നിയതമായ ലക്ഷണങ്ങള്‍ കാണിക്കാതെയും ചില രോഗങ്ങള്‍ വൃദ്ധരെ ബാധിച്ചെന്നുവരും. ന്യുമോണിയ പോലുള്ള രോഗങ്ങള്‍ വൃദ്ധരില്‍ ജഡത്വലക്ഷണങ്ങളാവും സൃഷ്ടിക്കുക. ഹൃദയാഘാതസമയത്ത് വേദനയ്ക്കുപകരം വിഭ്രാന്തി കാട്ടിയെന്നുവരാം. ഈ പ്രത്യേകതകളെക്കുറിച്ച് ബന്ധുക്കള്‍ക്കോ ചികിത്സകര്‍ക്കുതന്നെയോ അറിവില്ലാതെ പോകുന്നതുകൊണ്ട് വൃദ്ധര്‍ക്ക് മിക്കപ്പോഴും ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നു. തലച്ചോറിനുണ്ടാകുന്ന വിവിധതരം അസുഖങ്ങളും അപചയരോഗങ്ങളും മനോരോഗമായി അനുഭവപ്പെടാറുണ്ട്. വളരെ സാധാരണവും എന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമുള്ളതുമായ മറ്റൊന്നാണ് വിഷാദരോഗം (depressive psychosis). ഔഷധചികിത്സയോടൊപ്പം മനഃശാസ്ത്രാധിഷ്ഠിത പരിചരണവും ഇതിന് വേണ്ടിവരുന്നു.
ഏകാന്തജീവിതം നയിക്കുന്ന വൃദ്ധരുടെ സംഖ്യ വികസിത രാഷ്ട്രങ്ങളില്‍ ഏറി വരുന്നു. യു.എസ്. ബ്യൂറോ ഒഫ് സെന്‍സസ് 1992-ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് യു.എസ്സിലെ വൃദ്ധജനങ്ങളില്‍ ഒരു വലിയ ശതമാനം തങ്ങളുടെ ഗൃഹങ്ങളില്‍ ഒറ്റയ്ക്കു കഴിയുന്നവരാണ്. പല കാരണങ്ങളാലും ഈ ഏകാന്തവാസം പരിതാപകരമായ സ്ഥിതിയിലേക്കെത്തുന്നു. നിസ്സാരമായ ശാരീരിക പ്രതിസന്ധികള്‍പോലും ഗൌരവമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. അവിചാരിതമായ വീഴ്ച അസ്ഥി ഒടിയാന്‍ കാരണമാകുന്നു. ഹൃദയാഘാതം കാരണം പൊടുന്നനെ ബോധക്കേടും തുടര്‍ന്ന് മരണവും സംഭവിക്കാം. വീഴ്ചയില്‍നിന്ന് എഴുന്നേല്ക്കാന്‍ കഴിയാതെയോ മാനസികനില തെറ്റിയോ കഠിനമായ വേദനമൂലമോ സന്നി ബാധിച്ചോ ആക്രമണത്തിന് വിധേയമായോ ആത്മഹത്യമൂലമോ അനവധി വൃദ്ധജനങ്ങള്‍ തങ്ങളുടെ ഏകാന്ത ഭവനങ്ങളില്‍ മരിച്ചുകിടക്കുന്നതായി കാണപ്പെടാറുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ ഈ വിഷയത്തില്‍ അടുത്തകാലത്ത് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കുടുംബത്തിലെ അംഗസംഖ്യ വലുതാണെങ്കില്‍പ്പോലും വൃദ്ധജനങ്ങളില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങളോടൊത്താണ് വസിക്കുന്നത്.
വൃദ്ധസദനങ്ങള്‍, സമൂഹഭവനങ്ങള്‍ എന്നിവ നിര്‍മിച്ച് വൃദ്ധര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് പാശ്ചാത്യരാജ്യങ്ങളിലെ ശിപാര്‍ശ. വൃദ്ധര്‍ക്ക് ഏകാന്തതയില്‍ മരണത്തെ അഭിമുഖീകരിക്കേണ്ടിവരാത്ത രീതിയില്‍ ജീവന്‍സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഏറെ അഭികാമ്യം.
(ഡോ. കെ. രാജശേഖരന്‍ നായര്‍; സ.പ.)
ആയുര്‍വേദത്തില്‍ അഷ്ടാംഗായുര്‍വേദത്തിലെ ഒരംഗമാണ് ജരാചികിത്സ അഥവാ രസായന ചികിത്സ. മറ്റംഗങ്ങളില്‍നിന്നും വ്യത്യസ്തമായ വിവരണമാണ് ഇതിലുള്ളത്. വിധിപ്രകാരമുള്ള ജരാചികിത്സ-രസായന ചികിത്സ- ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. ആയുര്‍വേദ ചികിത്സയെ ഊര്‍ജസ്കരം, രോഗഘ്നം എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. രോഗമില്ലാത്ത അവസ്ഥയില്‍ ഊര്‍ജസ്കര ഔഷധങ്ങളും ആര്‍ത്തനു രോഗഹരമായ രോഗഘ്ന ചികിത്സയും ചെയ്തുവരുന്നു. സ്വാസ്ഥ്യത്തെ രക്ഷിക്കുന്നതിനുള്ള ചികിത്സയായ സ്വസ്ഥവൃത്തത്തിലൊന്നാണ് ഊര്‍ജസ്കരമെന്ന ജരാചികിത്സ. ഈ ഊര്‍ജസ്കരത്തെ രസായനം, വാജീകരണം എന്ന് രണ്ടായി തിരിച്ചിട്ടുണ്ട്. ഊര്‍ജസ്കര-രോഗഘ്ന-വിധികള്‍ അവസ്ഥാനുസരണം ഉപയോഗിച്ചാല്‍ രോഗശമനമായും ശരീരാരോഗ്യത്തെ നിലനിര്‍ത്തുന്നതായും പ്രവര്‍ത്തിക്കും. രോഗത്തെ ആഗന്തുകങ്ങള്‍ (പുറമേ നിന്നും പ്രവേശിക്കുന്നവ), ശാരീരികങ്ങള്‍, മാനസികങ്ങള്‍, സ്വഭാവികങ്ങള്‍ എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. ഇതില്‍ സ്വാഭാവികമായ രോഗങ്ങളില്‍പ്പെടുന്നവയാണ് ജരാനിദ്രമൃത്യാദികള്‍. വയസ്സിന്റെ പരിണാമത്തിനുള്ള ചികിത്സയാണ് ജരാചികിത്സ. വാര്‍ധക്യത്തില്‍ സ്വാഭാവികമായുണ്ടാകുന്ന വികാരങ്ങളെയും ക്ഷീണത്തെയും അത് തടയുകയും മാറ്റുകയും ചെയ്യുന്നു. ജരാചികിത്സകൊണ്ട് ഓര്‍മശക്തി, ധാരണാശക്തി, ആരോഗ്യം, യൗവനം, തേജസ്സിന്റെയും വര്‍ണ (നിറ)ത്തിന്റെയും സ്വരത്തിന്റെയും പുഷ്ടി, ശരീരത്തിന്റെയും ഇന്ദ്രിയത്തിന്റെയും കരുത്ത്, ശരീരത്തില്‍ രോഗപ്രതിരോധശക്തി, ഇന്ദ്രിയങ്ങള്‍ക്ക് സ്വകര്‍മഗ്രഹണശക്തി, വാക്സാമര്‍ഥ്യം, കാന്തി, ദീര്‍ഘായുസ്സ് എന്നിവ ഉണ്ടാകുന്നു. മൃത്യുവിനെ സ്വഭാവിക രോഗമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. മരണലക്ഷണം കണ്ടാല്‍ മരണം സ്വാഭാവികമായും സംഭവിക്കാമെങ്കിലും ജാതരിഷ്ടമായ മരണത്തെപ്പോലും രസായനചികിത്സകൊണ്ട് ജയിക്കാനാകുമെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്രാഹ്മരസായനത്തിന്റെയും മറ്റും ഉപയോഗംകൊണ്ട് ക്ഷീണം, തളര്‍ച്ച, ത്വക്കിന്റെ ചുളിവ്, ജരാനര മുതലായവ മാറി അമിതായുസ്സുകളായി ജീവിക്കാനാകുമെന്നുള്ള ഫലശ്രുതികള്‍ ഗ്രന്ഥങ്ങളില്‍ ലഭ്യമാണ്. ചില പ്രത്യേകതരം വസ്തികള്‍ (ഒരു ചികിത്സാക്രമം) പല ദിവസം ചെയ്യുന്നതുകൊണ്ട് സഹസ്രായുസ്സായിത്തീരുമെന്ന് അഷ്ടാംഗസംഗ്രഹത്തില്‍ വിവരിച്ചിട്ടുണ്ട്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ പുഷ്ടിപ്പെടുത്താനാണ് രസായനം പ്രയോഗിക്കുന്നത്.
ജരയ്ക്കുള്ള ചികിത്സ ജര വന്നതിനുശേഷം പോരാ. ജര വരാതിരിക്കുന്നതിനാണ് പ്രാധാന്യം നല്കേണ്ടത്. ജരാനരകള്‍ ഉണ്ടാകാതിരിക്കാനായി കാലേക്കൂട്ടി വേണ്ട സമയത്തുതന്നെ യുക്തമായ രസായനത്തെ ശീലിപ്പിക്കണം. കഴിയുമെങ്കില്‍ യൗവനത്തിന് മുമ്പുതന്നെ അല്ലെങ്കില്‍ യൗവനത്തിലെങ്കിലും രസായനത്തെ ശ്രദ്ധിച്ച് പ്രയോഗിക്കേണ്ടതാണ്. ജിതാത്മാവും ഹിതമായ ആഹാരങ്ങള്‍ ശീലിക്കുന്നവനുമായ സജ്ജനസമ്മതനായ മനുഷ്യന്‍ സാധാരണഗതിയില്‍ നുറൂവയസ്സുവരെയെങ്കിലും ജീവിക്കും. ഇതിലധികകാലം ജീവിക്കുന്ന ചിലരുമുണ്ട്. യുക്തികൃതമായി ശരീരബലത്തെ ആധാനം ചെയ്യുന്നതിനുള്ള ഉപായമാണ് രസായനം. ഉദാസീനമായ ജീവിതംകൊണ്ട് ഉണ്ടാകുന്ന തേയ്മാനത്തെ ഇല്ലായ്മ ചെയ്യാനാണ് രസായനം പ്രയോഗിക്കുന്നത്. ചരകസംഹിതയില്‍ ഈ തേയ്മാനത്തെ വണ്ടിയുടെ അച്ചുതണ്ടിനോട് ഉപമിച്ചിരിക്കുന്നു. വേണ്ടവണ്ണം ഉണ്ടാക്കപ്പെട്ടതാണെങ്കിലും, എണ്ണയും മറ്റും ഇട്ടുകൊണ്ടിരിക്കുന്നതാണെങ്കിലും, നിരന്തരോപയോഗംകൊണ്ട് കുറേശ്ശേ അരഞ്ഞരഞ്ഞ്, തേഞ്ഞു തേഞ്ഞ് വണ്ടിയുടെ അച്ചുതണ്ട് ഉപയോഗശൂന്യമാകുന്നതുപോലെ കരുത്തും കഴിവും നോക്കാതെ നിരന്തരാധ്വാനംകൊണ്ട് ശരീരവും ഉപയോഗശൂന്യമായിത്തിരും. അഗ്നിബലം (ദഹനശക്തി) നോക്കാതെയുള്ള ആഹാരരീതി, അതിമൈഥുനം, വന്ന രോഗങ്ങളെ വേണ്ടുംവണ്ണം ചികിത്സിക്കാതിരിക്കല്‍, ദുര്‍ജന സമ്പര്‍ക്കം, ദുരാചാരം, ദുര്‍വികാരം ഇവകൊണ്ട് ശരീരത്തിന് കേടുവന്ന് അകാലത്തില്‍ത്തന്നെ ജീര്‍ണതയും മരണവും സംഭവിക്കാം. ഇവയെ അതിജീവിക്കാന്‍ രസായന ചികിത്സയ്ക്ക് കഴിയും. രസായന സേവയ്ക്ക് മുമ്പായി ശോധനാദി പഞ്ചകര്‍മങ്ങളെ യഥാവിധി അനുഷ്ഠിക്കണം. രസായനത്തെ ദ്രവ്യരസായനം, അദ്രവ്യരസായനം എന്നും തിരിച്ചിട്ടുണ്ട്. ദ്രവ്യരസായനത്തെ കുടീപ്രാവേശിക, വാതാതപികം എന്നും വിഭജിച്ചിരിക്കുന്നു. സത്യം മാത്രം പറയുക, ദ്വേഷമില്ലാതിരിക്കുക, ഈശ്വരചിന്തയുള്ളവനായിരിക്കുക, ശാന്തശീലനായിരിക്കുക, സദാചാരനിഷ്ഠയുള്ളവനായിരിക്കുക ഇവ നിത്യമായി ശീലിക്കാവുന്ന അദ്രവ്യരസയനങ്ങളാണ്. കുടീപ്രാവേശികമായ രസായനസേവ ക്സേശമേറിയതാണ്. വാതാതപികമാകട്ടെ, കാറ്റും വെയിലുമേല്ക്കുന്നവര്‍ക്കും നിത്യം ജോലി മുതലായവയ്ക്ക് വിഘ്നം കൂടാതെ കാലദേശാദികളോ ശരീരശുദ്ധിയോ (ശോധന ചികിത്സ) ഒന്നുമില്ലാതെ എക്കാലവും ശീലിക്കാവുന്നതുമാണ്. കുടീപ്രാവേശികത്തില്‍ രാസയനസേവയും പഥ്യ മറുപഥ്യങ്ങളും കഴിയുന്നതുവരെ രസായനസേവയ്ക്ക് വിധേയനായവനെ പ്രത്യേകം ഉണ്ടാക്കപ്പെട്ട കുടിയില്‍ പാര്‍പ്പിക്കണം. ഈയവസരത്തില്‍ മറ്റൊന്നിലും തന്നെ ചിന്തയില്ലാതെ ശാരീരിക മാനസിക പഥ്യത്തെ ആചരിക്കണം. പഥ്യം തെറ്റിയാല്‍ പലവിധ വിപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടീപ്രാവേശികമായ രസായനസേവയ്ക്ക് പ്രത്യേകം മുന്‍കരുതലുകളും വേണ്ടിവരും. കുടീപ്രാവേശികമായി മാത്രം ഉപയോഗിക്കാവുന്നവയും കുടീപ്രാവേശികവും വാതാതപികവുമായി ഉപയോഗിക്കുന്നവയുമായി അനേകം രസായനങ്ങളെ വിവരിച്ചിട്ടുണ്ട്. സാധാരണ രസായനത്തിന്റെ മാത്ര ഒരു നേരത്തെ ആഹാരത്തിന്റെ അളവാണ്. ഒരു നേരം കാലത്ത് രസായനം സേവിച്ച് നല്ലവണ്ണം ദഹിച്ച് നല്ല വിശപ്പുണ്ടായതിനുശേഷം വൈകിട്ട് അഗ്നിക്കനുരൂപമായി നവരച്ചോറ് പാലും കൂട്ടിയോ നെയ്യും കൂട്ടിയോ ഉപയോഗിക്കാം. പാല്‍ അനുപാനമായി ഉപയോഗിക്കണം. രസായന സേവയ്ക്ക് പ്രത്യേകം ദിവസം പറയാത്തിടത്ത് ഒരു യോഗം രസായനം തീരുന്നതുവരെ സേവിക്കണം. ബ്രാഹ്മരസായനം, ച്യവനപ്രാശം, ആമലകരസായനം, ഹരിതകിയോഗം, ആമലകഘൃതം, വിഡംഗാവലേഹം, ഐന്ദ്രരസായനം, ആമലകാവലേഹം, ഇന്ദ്രോക്തരസായനം എന്നിവ ക്സേശരഹിതമായി ഉണ്ടാക്കാവുന്നവയും മഹാഫലപ്രദങ്ങളുമാണ്. ഇവയ്ക്ക് പുറമേ ത്രിഫല, കടുക്കാ, നെല്ലിക്കാ ചൂര്‍ണം, വിഴാലരി, തിപ്പലി, കല്‍ക്കണ്ടങ്ങള്‍ പൊടിച്ച് തേന്‍ ചേര്‍ത്ത് ചാലിച്ചത് ഇവയെല്ലാം രസായനഗുണമുള്ളവയാണ്. പൂയം നക്ഷത്രത്തില്‍ ശേഖരിച്ച ആനക്കുറുന്തോട്ടി-നാഗബല-ഇതേരീതിയിലുപയോഗിക്കാം. കൊടുവേലി, ചേര്‍ക്കുരു, മരോട്ടി, കന്മദം, വെള്ളുള്ളി, തിപ്പലി എന്നിവയും രസായനോപാധികളാണ്. ഏത് രസായനം, എത്ര നാള്‍, എങ്ങനെ ഉപയോഗിക്കണമെന്നത് ചികിത്സകന്റെ നിര്‍ദേശാനുസരണം മാത്രമേ ആകാവൂ. വൃദ്ധന്മാരെ തരുണന്മാരാക്കാന്‍ ശ്രേഷ്ഠമായിട്ടുള്ളതാണ് ഗുഗ്ഗുലു. ചങ്ങലം പരണ്ടയ്ക്കും കാരെള്ളിനും ഇതേ ഫലം തന്നെ പറഞ്ഞിട്ടുണ്ട്.
രസായനം സേവിക്കുമ്പോള്‍ പഥ്യം തെറ്റുകയോ മറ്റോ കൊണ്ടുണ്ടാവുന്ന വികാരങ്ങളില്‍ രസായനസേവ നിര്‍ത്തിവയ്ക്കുകയും ദോഷത്തിന്റെയും വികാരത്തിന്റെയും അടിസ്ഥാനത്തില്‍ യുക്തമായ ചികിത്സകള്‍ ചെയ്യുകയും വേണം.
(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)