This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനിതക ഘടികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:11, 28 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജനിതക ഘടികാരം

ജീനുകളുടെ പ്രവര്‍ത്തനം സമയബന്ധിതമാണെന്ന സങ്കല്പം ഒരു നിശ്ചിത കാലയളവില്‍ മാത്രമേ ജീനുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ജീനിന്റെ നിയതമായ കാലദൈര്‍ഘ്യം ഒരു ഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നു എന്നും ജനിതക ശാസ്ത്രജ്ഞനായ ഡോ. ലൂഗിജെഡ കണ്ടെത്തി.

ബാഹ്യ സാഹചര്യങ്ങളുടെ സ്വാധീനമില്ലെങ്കില്‍, രോഗമോ അപകടമോ വ്യക്തിയെ കീഴ്പ്പെടുത്തുന്നില്ലെങ്കില്‍ നിയതമായ കാലത്തിനുശേഷം മാത്രമേ ജീനുകള്‍ പ്രവര്‍ത്തനരഹിതമാകുകയുള്ളൂ. നിഷ്ക്രിയ ജീനുകളുടെ എണ്ണംനോക്കി വാര്‍ധകൃത്തിലേക്കുള്ള ദൂരം അറിയാം.

ഈ വിഷയത്തിലുള്ള ഗവേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് സര്‍വസമ ഇരട്ട(identical twins)കളിലാണ്. ഒരേ അണ്ഡത്തില്‍ നിന്നാണ് ഇത്തരം ഇരട്ടകള്‍ പിറക്കുന്നത്. ഇവിടെയും ബീജാധാനം കഴിഞ്ഞ അണ്ഡത്തിന്റെ ആദ്യവിഭജനം സാധാരണമാതിരിയാണ്. ഈ വിഭജന ഫലമായി രണ്ട് കോശങ്ങളുണ്ടാവും; പക്ഷേ, പതിവിന് വിപരീതമായി രണ്ട് സന്താനകോശങ്ങളും വേര്‍പെട്ടുപോകും. ക്രമേണ അവ വ്യത്യസ്ത ഭ്രൂണങ്ങളായി ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന് ശിശുക്കളായി പിറക്കുന്നു.

ഇങ്ങനെ രൂപം പ്രാപിച്ച കുട്ടികളിലെ പാരമ്പര്യ ഘടകങ്ങള്‍ (ജീനുകള്‍) അക്ഷരാര്‍ഥത്തില്‍ത്തന്നെ സര്‍വസമമായിരിക്കും. ഇത്തരം ഇരട്ടകളില്‍ ഒന്ന് മംഗോളിയന്‍ മന്ദബുദ്ധിയാണെങ്കില്‍ മറ്റേ കുട്ടിയിലും അതേ വൈകല്യം ഉണ്ടായിരിക്കും. രോഗപ്രതിരോധശക്തി തുല്യമായതിനാല്‍ സമാനപരിതഃസ്ഥിതിയില്‍ വളരുന്ന ഇരട്ടകളില്‍ ഒന്നിനു ക്ഷയം ബാധിച്ചാല്‍ മറ്റേതിനും ആ രോഗം ഉണ്ടാകും. പാരമ്പര്യ മനോരോഗങ്ങളും ഇരട്ടകളില്‍ ഒരേ അളവില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇരട്ടപെറ്റ സഹോദരന്മാരിലൂടെയാണ് ഇതിനുള്ള തെളിവുകള്‍ ആദ്യം കിട്ടിയത്. ബ്രിട്ടീഷ് സേനയിലെ സര്‍വസമ ഇരട്ടകള്‍ക്ക് ഒരേ ദിവസം ഹൃദ്രോഗബാധയുണ്ടായി (1982). രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ക്ക് ഒരേ സമയം രോഗം മൂര്‍ച്ഛിക്കുകയും ഒരേ സമയം തന്നെ അന്ത്യം ഉണ്ടാവുകയും ചെയ്തു. ഈ സംഭവമാണ് ജനിതക ഘടികാര ഗവേഷണത്തിന് സാധ്യതയുണ്ടാക്കിയത്.

ചില ജീനുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ രോഗബാധ ഉണ്ടാകാമെന്ന് മനസ്സിലായിട്ടുണ്ടെങ്കിലും ഈ സഹോദരന്മാരിലെ നിര്‍ദിഷ്ട ജീനുകള്‍ ഏതു സമയത്താണ് നിര്‍ജീവമായത് എന്ന കാര്യം ഏറെ നാളത്തെ ഗവേഷണത്തിനുശേഷവും കണ്ടെത്താനായില്ല. എങ്കിലും ജീനുകളുടെ സ്വഭാവത്തിലും ധര്‍മത്തിലും അദ്ഭുതകരമായ വൈവിധ്യം ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൃദയ പ്രവര്‍ത്തനം പോലെയുള്ള ജൈവധര്‍മങ്ങള്‍ നിയന്ത്രിക്കുന്ന ജീനുകള്‍ ജീവിയുടെ ആയുസ്സുമുഴുവന്‍ പ്രവര്‍ത്തനനിരതമാണ്. രോഗാണുവിന്റെ ആക്രമണമുള്ളപ്പോള്‍ മാത്രം സജീവമാകുന്ന ജീനുകളുണ്ട്. മറ്റു ചിലത് ജീവനചക്രത്തില്‍ ഒരു നിശ്ചിത സമയത്തുമാത്രം ഉണര്‍ന്ന് എല്ലും പല്ലും മുടിയും നഖവും മറ്റും രൂപപ്പെടുത്തി വീണ്ടും സുഷുപ്തിയിലാകുന്നവയാണ്. മനുഷ്യനില്‍ മാത്രമല്ല, മറ്റു ജീവജാലങ്ങളിലും അല്പസമയം മാത്രം പ്രവര്‍ത്തിക്കുന്ന ജീനുകളുണ്ട്. എല്ലാ ജീനുകളും എല്ലാ കോശങ്ങളിലും കാണുന്നതിന്റെ സാംഗത്യവും മനസ്സിലാക്കിയിട്ടില്ല. ചുവന്ന പൂക്കളുണ്ടാകുന്ന ചെടിയുടെ വേരിലെ കോശത്തിലും ആ വര്‍ണകമുണ്ടാക്കാനുള്ള ജീനുണ്ട്. പക്ഷേ, പൂമൊട്ടില്‍ മാത്രമേ ചുവന്ന നിറത്തിന്റെ സംശ്ലേഷണം തുടങ്ങുകയുള്ളൂ.

ഇതിലും വിചിത്രമാണ് ദിവസത്തിന്റെ ചില ഘട്ടങ്ങളില്‍ മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന ജീനുകള്‍. പ്രഭാതത്തില്‍ പൂക്കള്‍ വിരിയുന്നതും ചില ചെടികളുടെ ഇലകള്‍ വൈകിട്ട് കൂമ്പിപ്പോകുന്നതും ജീനിന്റെ പ്രവര്‍ത്തനംകൊണ്ടാണ്. ഇത് ആന്തരികതാളത്തിന്റെ ഫലമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൂ വിരിയാനും ഇല കൂമ്പാനുമുള്ള കാരണങ്ങളെക്കുറിച്ച് ജൈവരസതന്ത്ര തലത്തിലുള്ള വ്യാഖ്യാനവും അംഗീകരിക്കപ്പെട്ടതാണ്. അലാറം അടിച്ചുണര്‍ത്തുന്നതുപോലെ പ്രഭാതമായെന്നും പ്രദോഷമായെന്നും ജനിതകഘടികാരം ജീവിയെ ഓര്‍മിപ്പിക്കുന്നു. ബന്ധപ്പെട്ട ജൈവപ്രവര്‍ത്തനത്തിനാവശ്യമായ ഹോര്‍മോണുകളുടെയും രാസവസ്തുക്കളുടെയും ഉത്പാദനം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഒരു ക്ലിപ്ത സമയത്തുമാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം ചില ജീനുകളുടെ സമയ നിയന്ത്രണ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്ന മോഡലുകള്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ലീലന്‍ഡ് എഡ്വേഡ്സും ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഒഫ് ടെക്നോളജിയിലെ കെന്നത്ത് ആഡംസുംകൂടി തയ്യാറാക്കിയിട്ടുണ്ട്.

ജീനുകളുടെ പ്രവര്‍ത്തനാരംഭവും അന്ത്യവും കുറിക്കുന്ന ഭാഗങ്ങളുടെ ഘടനയും സ്വഭാവവും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പല ജീനുകളും പരീക്ഷണശാലയില്‍ സംശ്ലേഷിക്കപ്പെടുന്നുമുണ്ട്. എങ്കിലും ഭ്രൂണത്തിന്റെ വികസനത്തിലും ശിശുവിന്റെ ജീവനചക്രത്തിലും ജീനുകളുടെ പ്രവര്‍ത്തനസമയം നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ച് അധികമൊന്നും അറിയില്ല. പഴയീച്ചയിലുള്ള ഭ്രൂണവികസനവുമായി ബന്ധപ്പെട്ട ചില ജീനുകളുടെ പ്രവര്‍ത്തനം എഡ്വേഡ് ലൂയിസും കൂട്ടരും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇവയുടെ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞിട്ടില്ല.

ലൂഗി ജെഡയുടെ നിഗമനങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നും അത് സങ്കീര്‍ണമായ ഒരു ജൈവ പ്രതിഭാസത്തെ സരളീകരിക്കാനുള്ള ശ്രമം മാത്രമാണെന്നും ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഒരു ഭിഷഗ്വരന്റെ കാഴ്ചപ്പാടിലൂടെ ജീനിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യത്തെക്കുറിച്ചുള്ള ജെഡയുടെ ആശയങ്ങള്‍ അംഗീകരിക്കാന്‍ വിഷമമില്ലെന്നാണ് പ്രശസ്ത ഭിഷഗ്വരനായ ലൂയി കെയ്ത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

(ഡോ. എ.എന്‍. നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍