This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞെരിഞ്ഞില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:12, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഞെരിഞ്ഞില്‍

Puncture vin

ഞെരിഞ്ഞില്‍

സൈഗോഫില്ലേസി (Zygophyllaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധി. ശാസ്ത്രനാമം ട്രിബുലസ് ടെറസ്ട്രിസ് (Tribulus terrestris). ഭാരതം, തിബത്ത്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഞെരിഞ്ഞില്‍ ധാരാളമായി വളരുന്നുണ്ട്. നിലംപറ്റി പടര്‍ന്നു വളരുന്ന ഈ ഔഷധിക്ക് അനേകം ചെറുശാഖകളുണ്ട്. ശാഖകള്‍ 30-70 സെ.മീ. നീളമുള്ളവയാണ്.


ഇലകള്‍ സമ്മുഖ ജോടികളായാണ് ക്രമീകരിച്ചിരിക്കുന്നത്. 5-8 സെ.മീ. നീളമുള്ള ഇലകള്‍ക്ക് അനുപര്‍ണങ്ങളുണ്ട്. ഓരോ സംയുക്ത പത്രങ്ങളിലും 5-7 പത്രകങ്ങളുണ്ടായിരിക്കും. ഒരേ പര്‍വസന്ധിയിലുള്ള ഇലകള്‍ തന്നെ വലുപ്പ വ്യത്യാസം ഉള്ളവയാണ്.


ഞെരിഞ്ഞില്‍ എല്ലാക്കാലവും പുഷ്പിക്കും. ഇലകള്‍ക്ക് സമ്മുഖമായോ അവയുടെ കക്ഷ്യങ്ങളില്‍ നിന്നോ ഒറ്റയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്കു വെളുപ്പുനിറമോ ഇളം മഞ്ഞയോ ആയിരിക്കും. രോമിലമായ അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളും ഉണ്ടാവും. കേസരങ്ങള്‍ പത്തെണ്ണമാണ്. വര്‍ത്തിക ചെറുതും കനം കൂടിയതുമാണ്. വര്‍ത്തികാഗ്രത്തില്‍ പരുക്കന്‍ (bristle like) രോമങ്ങളുണ്ടായിരിക്കും. കായ്കള്‍ക്കു പുറമേയുള്ള മുള്ളുകള്‍ ഈ സസ്യത്തിന്റെ ഒരു സവിശേഷതയാണ്. മുള്ളുകള്‍ ഉള്ളതിനാല്‍ കായ്കള്‍ പലപ്പോഴും വസ്ത്രങ്ങളിലും ജന്തുക്കളുടെ ശരീരങ്ങളിലും വാഹനങ്ങളുടെ ചക്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഓരോ കായ്കളിലും 4-6 വിത്തുകളുള്ള നാലഞ്ചു ഫലാംശങ്ങള്‍ (Cocci) ഉണ്ടായിരിക്കും. ഓരോ ഫലാംശത്തിനും കൂര്‍ത്ത കട്ടിയുള്ള നീളം കൂടിയ ഒരു ജോടി മുള്ളുകളും നീളം കുറഞ്ഞ ഒരു ജോടി മുള്ളുകളും കാണാറുണ്ട്.


ഞെരിഞ്ഞിലിന്റെ കായ്കളാണു പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. സസ്യം സമൂലവും ഉപയോഗിക്കാറുണ്ട്. 'ദശമൂല'ത്തിന്റെ ഒരു പ്രധാന ഘടകമാണ് ഞെരിഞ്ഞില്‍. സസ്യത്തില്‍ ഡയോസ് ജനിന്‍, റസ്കോ ജനിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഫലങ്ങള്‍ മൂത്രസംബന്ധമായ തകരാറുകള്‍ക്കും ലൈംഗികശക്തിക്ഷയത്തിനും ഫലപ്രദമായ ഔഷധമാണ്. ത്വഗ്രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും ഔഷധമായും ഞെരിഞ്ഞില്‍ ഉപയോഗിക്കുന്നു. അധികമാത്ര ഉപയോഗിച്ചാല്‍ ഞെരിഞ്ഞിലില്‍ അടങ്ങിയിരിക്കുന്ന ആര്‍മിന്‍ എന്ന പദാര്‍ഥം തളര്‍ച്ച, വയറുവേദന, തളര്‍വാതം എന്നിവയ്ക്കു കാരണമാകാറുണ്ട്. ഞെരിഞ്ഞില്‍ തിന്നുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കു ഗില്‍ഡിക്കോപ്പ് (Geeldikkop) എന്ന രേഗമുണ്ടാകാറുള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍