This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജൈനക്ഷേത്രങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജൈനക്ഷേത്രങ്ങള്‍
ജൈനമതത്തിന്റെ ഘടനയില്‍ ആരാധനാകേന്ദ്രങ്ങള്‍ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. ഓരോ ജൈനക്ഷേത്രവും ഏതെങ്കിലും ഒരു തീര്‍ഥങ്കരന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മഹാവീരന്‍ ഉപദേശിച്ചിട്ടുള്ള ത്രിരത്നങ്ങളുടെ പ്രതീകമായിട്ടാണ് ഭക്തന്മാര്‍ പ്രത്യേക തളികകളില്‍ പൂജാദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഇഹലൌകിക ബന്ധങ്ങളില്‍ നിന്നും മോചനം നേടി 'സിദ്ധി' (മോക്ഷം) പ്രാപിക്കുന്നതിന് ഈവിധ അര്‍ച്ചനകള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ബി.സി. 3-ാം ശ.-ല്‍ മൌര്യചക്രവര്‍ത്തിമാരുടെ കാലത്തു നിര്‍മിക്കപ്പെട്ട ചില ജൈനക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. കര്‍ണാടകത്തിലെ ജൈനക്ഷേത്രങ്ങളും വളരെപഴക്കമേറിയവയാണ്. പുരാതന ജൈനക്ഷേത്രങ്ങളെ രണ്ടുവിഭാഗങ്ങളായി തരംതിരിക്കാം: വന്‍പാറകള്‍ തുരന്നു നിര്‍മിക്കപ്പെട്ട ഗുഹാക്ഷേത്രങ്ങളും തുറസ്സായ സ്ഥലത്തു പണിതുയര്‍ത്തിയിട്ടുള്ള ക്ഷേത്രങ്ങളും. ജൈന സന്ന്യാസിമാര്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഗുഹാക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുണ്ട്. ചാലൂക്യരാജ്യങ്ങളില്‍ എ.ഡി. 7-ാം ശ.-ല്‍ നിര്‍മിക്കപ്പെട്ട ഗുഹാക്ഷേത്രങ്ങള്‍ കൊത്തുപണികളോടുകൂടിയവയായിരുന്നു. രാഷ്ട്രകൂടത്തിലെ എല്ലോറ(Ellora)യില്‍ എ.ഡി. 8-ാം ശ.-ല്‍ പാറ തുരന്നുണ്ടാക്കിയ ഏകശിലാഗുഹാക്ഷേത്രം ലോകപ്രസിദ്ധമാണ്. ആദ്യകാലത്തെ ക്ഷേത്രങ്ങള്‍ ദാരുനിര്‍മിതമായിരുന്നു. പില്ക്കാലത്തു പാറയും ഇഷ്ടികകളും ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. ചതുര്‍മുഖ വിഗ്രഹങ്ങളായതുകൊണ്ട് ഗര്‍ഭഗൃഹത്തിനു നാലുമതിലുകളുണ്ടാവും. മൈസൂറിലെ ശ്രാവണബലഗൊള, തെക്കന്‍ കര്‍ണാടകത്തിലെ മുദ്ബിദ്രി, തമിഴ്നാട്ടിലെ തിരുപ്പുരുട്ടിക്കുന്റം തുടങ്ങിയ പ്രദേശങ്ങളിലെ ജൈനക്ഷേത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. രാജസ്ഥാനിലെ ജോഡ്പൂരിനു സമീപമുള്ള ഓസിയ(Osia)യിലെ ക്ഷേത്രം, മധ്യേന്ത്യയിലെ ഖജുരാഹോയിലുള്ള പാര്‍ശ്വനാഥക്ഷേത്രം തുടങ്ങിയവയും പ്രസിദ്ധങ്ങളാണ്. പശ്ചിമേന്ത്യയിലും നിരവധി ജൈനക്ഷേത്രങ്ങളുണ്ട്. മൌണ്ട്അബു പ്രദേശത്ത് വെളുത്ത മാര്‍ബിള്‍ ഉപയോഗിച്ചു നിര്‍മിച്ച ക്ഷേത്രം, അമരാവലി പര്‍വതപ്രദേശത്ത് റാണക്പൂരില്‍ നിര്‍മിച്ച ചതുര്‍മുഖവിഗ്രഹമുള്ള ക്ഷേത്രം തുടങ്ങിയവയും വളരെ പ്രസിദ്ധങ്ങളാണ്. മിക്കക്ഷേത്രങ്ങളിലും ചിത്രപ്പണികളോടുകൂടിയ തൂണുകള്‍, മച്ചുകള്‍, താങ്ങുകള്‍ (ചുവരിനു മുകളില്‍ ചിത്രപ്പണികൊണ്ടലങ്കരിച്ച ഭാഗം), വാതില്‍-ജനല്‍, ഫലകങ്ങള്‍ തുടങ്ങിയവ ധാരാളമുണ്ട്. ഗുജറാത്തിലെയും രാജസ്ഥാനിലെയും ജൈനക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ദാരുശില്പങ്ങള്‍ പ്രസിദ്ധമാണ്.
ജൈനക്ഷേത്രങ്ങളിലെ പ്രതിമകള്‍ ആകര്‍ഷകങ്ങളായിരുന്നു. മിക്ക ജൈനക്ഷേത്രങ്ങളിലും കല്ല്, ലോഹം, തടി എന്നിവകൊണ്ടു നിര്‍മിച്ച അനേകം പ്രതിമകളുണ്ട്. മൗണ്ട്അബു പ്രദേശത്തെ ഒരു ജൈനക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നാമത്തെ തീര്‍ഥങ്കരന്റെ ലോഹപ്രതിമയ്ക്കു സു. 4,000 കി.ഗ്രാം ഭാരമുണ്ട്. ഒറ്റക്കല്‍വിഗ്രഹങ്ങള്‍ ജൈനക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ശ്രാവണബലഗൊളയിലെ ഇന്ദ്രഗിരിക്കുന്നുന്മേല്‍ ദിഗംബര മഹാസന്ന്യാസിയായ ബാഹുബലിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 18 മീ. ഉയരമുള്ള ഭീമാകാരമായ ഈ ഒറ്റശിലാപ്രതിമ ആണ്ടുതോറും ലക്ഷക്കണക്കിനു തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു.
(പി. ഗോപകുമാര്‍)