This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂണിപ്പെറസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:35, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജൂണിപ്പെറസ്

Juniperus

അനാവൃതബീജികളിലെ കുപ്രസേസി (Cupressaceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിത അലങ്കാരമരങ്ങളും കുറ്റിച്ചെടികളും. ജൂണിപ്പെറസ് ജീനസ്സില്‍ 60-70 സ്പീഷീസുണ്ട്. ഉത്തരാര്‍ധഗോളത്തിലെ അതിശൈത്യപ്രദേശങ്ങളില്‍ ഇവ ധാരാളമായി കാണാം. ഉഷ്ണകാലാവസ്ഥാപ്രദേശങ്ങളിലും ഇതിന്റെ ചില സ്പീഷീസ് വളരാറുണ്ട്. വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യങ്ങളില്‍ ജൂണിപ്പെര്‍ സാമാന്യം വലിയ ഒരു കുറ്റിച്ചെടിയായിരിക്കും. സാധാരണയായി കണ്ടുവരുന്ന ജൂണിപ്പെറസ് കമ്യൂണിസ് (Juniperus communis)11 മീറ്ററോളം ഉയരത്തില്‍ വളരും. വിര്‍ജിനിയാനാ ജൂണിപ്പെര്‍ എന്നറിയപ്പെടുന്ന ജൂണിപ്പെറസ് വിര്‍ജിനിയാന (Juniperus virginiana) 23 മീറ്ററോളം ഉയരത്തില്‍ വളരുന്നു. ഇവ വ. അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പരക്കെ കാണപ്പെടുന്നു. റെഡ് സെഡാര്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മലയടിവാരങ്ങളിലും പാറനിറഞ്ഞ മണ്‍പ്രദേശങ്ങളിലും ഇവ ധാരാളമായുണ്ട്.

ജൂണിപ്പെറുകളുടെ കാണ്ഡത്തിന്റെ പുറന്തൊലിക്ക് ഇളം ചുവപ്പോടുകൂടിയ തവിട്ടു നിറമായിരിക്കും. ഇതിന്റെ തൊലി ശല്ക്കങ്ങള്‍ പോലെ പൊളിഞ്ഞുപോകാറുണ്ട്. ഇലകള്‍ക്കു സമ്മുഖവിന്യാസമാണ്. സൂച്യാകാരത്തിലുള്ള ഇലകള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ചിരസ്ഥായിയായ ഇലകള്‍ തിളക്കമുള്ളവയാണ്. നീളം കൂടിയ ശാഖകളിലെ ഇലകള്‍ തമ്മില്‍ അകലം കൂടുതലുണ്ട്. ചെറുശാഖകളിലെ ഇലകള്‍ വളരെ അടുത്തായി ക്രമീകരിച്ചിരിക്കുന്നു. ഇലകളുടെ മധ്യനിരയിലായി അണ്ഡാകൃതിയിലുള്ള റെസിന്‍ കനാലുകള്‍ കാണപ്പെടുന്നു. മേയ്-ജൂണ്‍ മാസങ്ങളില്‍ ഇവ പുഷ്പിക്കുന്നു. ആണ്‍-പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ ചെടികളിലാണ് ഉണ്ടാവുക. ചെടികളുടെ പാര്‍ശ്വശാഖാഗ്രങ്ങളില്‍ പുഷ്പങ്ങളുണ്ടാകുന്നു. മഞ്ഞനിറമുള്ള ആണ്‍പുഷ്പങ്ങള്‍ കാറ്റ്കിന്‍ (catkin) പുഷ്പമഞ്ജരിയായും നീലനിറമുള്ള പെണ്‍പുഷ്പങ്ങള്‍ വളഞ്ഞ ചെറിയ കോണുകളിലായും ഉണ്ടാകുന്നു. പുഷ്പമഞ്ജരിയുടെ ചുവടുഭാഗത്ത് അണ്ഡാകൃതിയിലുള്ള ചെറിയ ശല്ക്കങ്ങളുണ്ടായിരിക്കും. മൂന്നോ നാലോ പരാഗകോശങ്ങളുള്ള അനേകം കേസരങ്ങള്‍ പല നിരകളിലായി കാണപ്പെടുന്നു.

പെണ്‍കോണുകളിലെ മെഗാസ്പോറോഫില്ലുകളുടെ ചുവടുഭാഗത്തായി ചെറിയ ശല്ക്കങ്ങള്‍ ജോടികളായി ക്രമീകരിച്ചിരിക്കുന്നു. താഴത്തെ ജോടി ശല്ക്കങ്ങളുടെ കക്ഷ്യങ്ങളില്‍ ഫ്ളാസ്കിന്റെ ആകൃതിയിലുള്ള വളരെച്ചെറിയ അണ്ഡങ്ങള്‍ ഒറ്റയായോ ജോടിയായോ ക്രമീകരിച്ചിരിക്കും.

ജൂണിപ്പെറുകളുടേതു ബെറി പോലെയുള്ള ഫലമാണ്. ഫലങ്ങള്‍ക്കു ചുറ്റുമുള്ള കട്ടികൂടിയ ശല്ക്കങ്ങള്‍ ഫലത്തിന്റെ പുറത്തേക്കു തള്ളിയിരിക്കും. കടുംനീലനിറത്തില്‍ ചെറിയ വെള്ളപ്പാടുകളുള്ള കായ്കള്‍ക്കു കുറിയ വളഞ്ഞ ഞെടുപ്പായിരിക്കും. കായ്കള്‍ക്കു പയറുമണിയോളം വലുപ്പമേയുള്ളൂ. ഓരോ ഫലത്തിനും കോണികമായ രണ്ടോ മൂന്നോ വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ പാകമാകാന്‍ രണ്ടോ മൂന്നോ വര്‍ഷം സമയമെടുക്കും. പാകമായ വിത്തുകള്‍ക്കു ചുവട്ടിലായി കോണുകളുടെ ചെറിയ ശല്ക്കങ്ങളും കാണപ്പെടുന്നു.

കായ്കളുടെ തോടില്‍ റെസിനും ടാനിക് അമ്ലവും 'സാവിന്‍' (savin) എണ്ണയുമുണ്ട്. ഉണങ്ങിയ തോടില്‍ നിന്നാണ് എണ്ണയെടുക്കുന്നത്. പ്രധാനമായും ഔഷധങ്ങളുണ്ടാക്കാനാണ് ഈ എണ്ണ ഉപയോഗിക്കുന്നത്. അധികമാത്ര മാരകമായതിനാല്‍ ഈ ഔഷധം ഗര്‍ഭിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കായ്കള്‍ പുകയ്ക്കാന്‍ ഉപയോഗിക്കുന്നു.

റെഡ് സെഡാര്‍ (ജൂ. കമ്യൂണിസ്), സാവിന്‍ (ജൂ. സബീന), വള്ളി സെഡാര്‍ (ജൂ. ഹൊറിസോണ്ടാലിസ്), പൂര്‍വേഷ്യയിലെ ചൈനീസ് ജൂണിപ്പെര്‍ (ജൂ. ചൈനെന്‍സിസ്) തുടങ്ങിയവ അലങ്കാരച്ചെടികളായി പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നു. ബെര്‍മുഡാ സെഡാറി (ജൂ. ബെര്‍മുഡിയാന)ന്റെ സുഗന്ധമുള്ള തടി മുമ്പു കപ്പല്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. ജൂ. ന്യൂറിഫെറയുടെ സുഗന്ധമുള്ള കായ്കള്‍ ധൂപത്തിന് ഉപയോഗിക്കുന്നു. ആഫ്രിക്കന്‍ ഇനമായ ജൂ. പ്രോസെറയാണ് ഏറ്റവും ഉയരംകൂടിയത്. ഇത് 30 മീറ്ററോളം ഉയരത്തില്‍ വളരും. ജൂ. കമ്യൂണിസിന്റെ മരത്തൊലി കയറുപോലെ പിരിച്ചെടുക്കാം. വേരുകള്‍ കുട്ടകളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇതിന്റെ കടുംനീല ബെറികള്‍ മദ്യങ്ങള്‍ക്ക്-പ്രത്യേകിച്ച് ജിന്‍-രുചി വര്‍ധിപ്പിക്കാനുപയോഗിക്കാറുണ്ട്. തടി മേല്‍പ്പാളികള്‍, കഴകള്‍, പെന്‍സിലുകള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍