This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജുജിത്സു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജുജിത്സു
Jujitsu
ഒരു ഏഷ്യന്‍ മല്ലയുദ്ധമുറ. ആയുധങ്ങള്‍ ഉപയോഗിച്ചിക്കുന്നില്ല എന്നതാണ് പ്രത്യേക. ഉദ്ഭവകാലം, സ്ഥലം എന്നിവയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ഇന്ത്യയില്‍ രൂപംകൊണ്ടു എന്ന വാദത്തിനാണ് ആധികാരികത. പിന്നീട് ഇത് ചൈനയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രചരിച്ചു.
'ജു' എന്ന പദത്തിന് 'മൃദുലമായ' എന്നാണര്‍ഥം. എത്ര കടുത്ത ആക്രമണമായാലും അതിനെ വേഗതയും തന്ത്രജ്ഞതയും മെയ്വഴക്കവും കൊണ്ട് മൃദുലമായി പ്രതിരോധിക്കുവാന്‍ ഒരാളെ പ്രാപ്തനാക്കുന്ന കല എന്ന അര്‍ഥത്തിലാണ് ഇതിന് ജുജിത്സു എന്ന പേരുവന്നത്. ജപ്പാനിലാണ് ഈ കായികകല വളര്‍ന്നുവികസിച്ചത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ സാമുറായ്മാരുടെ ഇഷ്ടവിനോദമായി ഇത് പ്രചാരംനേടി. പ്രഭുക്കന്മാരായ യോദ്ധാക്കന്മാര്‍ മാത്രം അതീവ രഹസ്യമായി കൈവശംവച്ചിരുന്ന വിദ്യയായിരുന്നു ഇത്. ക്രമേണ സാമുറായ്മാര്‍ തങ്ങളുടെ പരമ്പരാഗത അഭ്യാസമുറകള്‍ ചേര്‍ത്ത് ഇത് പരിഷ്കരിക്കുകയും യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. 1868-ല്‍ സാമുറായ് വ്യവസ്ഥ തകര്‍ന്നതോടെ ഇത് വിസ്മൃത കോടിയിലായി. പിന്നീട് പ്രൊഫ. ജിഗോറോ ഇതിന്റെ വ്യത്യസ്ത ശൈലികളെ ക്രോഡീകരിച്ച് രൂപപ്പെടുത്തിയ അഭ്യാസമുറയാണ് ജൂഡോ.
അതീവ സങ്കീര്‍ണവും കായിക-ബൗദ്ധിക ശേഷിയുടെ വിനിയോഗത്തിലൂടെ മാത്രം സാധിക്കാവുന്നതുമായ ഗുസ്തിയുടെ വകഭേദമായി ജുജിത്സോവിനെ കണക്കാക്കാവുന്നതാണ്. എന്നാല്‍ ഗുസ്തിയിലെ ഒരു നിയമവും ഇതില്‍ പരിപാലിക്കപ്പെടുന്നില്ല. ആക്രമണ-പ്രതിരോധ-നിയന്ത്രണ-ചലനങ്ങളുടെ ഒരു പരമ്പരയാണിത്. നൂറുകണക്കിന് ശൈലികള്‍ ജുജിത്സുവിനുള്ളതുകൊണ്ട് ഒന്നിനും ആധികാരികത അവകാശപ്പെടാനാവില്ല. ഗൌരവമായി പ്രയോഗിക്കുമ്പോള്‍ അങ്ങേയറ്റം അപകടകാരിയാണ് ഈ അഭ്യാസമുറ. അംഗഭംഗം മുതല്‍ ജീവനാശം വരെ സംഭവിപ്പിക്കാന്‍ ഒരു ജുജിത്സു അഭ്യാസിക്കു കഴിയും. തൂക്കിയെടുത്തെറിയല്‍ ഇതിലെ മുഖ്യമായ ഒരു മുറയാണ്. എന്നാല്‍ അപായമുണ്ടാകാത്ത രീതിയില്‍ വീഴേണ്ടതെങ്ങനെയെന്നുള്ള വിദ്യയും ഇതിലുണ്ട്.
സ്വച്ഛന്ദമായ ശുദ്ധവായു പ്രവാഹമുള്ള സ്ഥലത്തുവച്ചാണ് ജുജിത്സു അഭ്യസിക്കുകയും പരിശീലിക്കുകയും വേണ്ടത്. പരിശീലനത്തിലും പ്രയോഗത്തിലും കായികശേഷിയെന്നതുപോലെ തന്നെ പ്രധാനമാണ് സമയനിഷ്ഠ.
ജൂഡോ ആയി രൂപപ്പെടുന്നതിന് മുമ്പുതന്നെ ജുജിത്സുവിന് സമാനമായ കായികാഭ്യാസ മുറകള്‍ പാശ്ചാത്യനാടുകളിലും നിലവിലിരുന്നു. പക്ഷേ, അവ ജാപ്പനീസ് ജുജിത്സുവിനെപ്പോലെ കരുത്തുറ്റ മുറകളല്ലായിരുന്നു. ആത്മപ്രതിരോധത്തിനായുള്ള ജാപ്പനീസ് ശാസ്ത്രം എന്ന ഖ്യാതി ജുജിത്സുവിന് ലഭിച്ചതിന്റെ കാരണം മറ്റൊന്നല്ല.