This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:30, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജീവകങ്ങള്‍

Vitamins

ജീവന്റെ ആരോഗ്യപൂര്‍ണമായ നിലനില്പിന് ആഹാരത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട കാര്‍ബണിക യൗഗികങ്ങള്‍. ഉപാപചയപ്രക്രിയകളുടെ രാസത്വരകങ്ങളായ എന്‍സൈമുകളെ സഹായിക്കുകയാണ് ഇവയുടെ ധര്‍മം. ആഹാരത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെ അപേക്ഷിച്ച് ജീവകങ്ങള്‍ വളരെ നേരിയ അളവില്‍ മാത്രമേ കാണുകയുള്ളൂ. പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരു ദിവസം സു. 600 ഗ്രാം ഭക്ഷണം കഴിക്കുന്നു. ഇതില്‍ ഒരു ഗ്രാമില്‍ താഴെയാണ് ജീവകങ്ങളുടെ അളവ്. കഴിക്കുന്ന ആഹാരം, ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയുടെ അളവ് പരിശോധിച്ചാല്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍ എന്നിവയില്‍ കൂടുതലായി ആഹാരത്തില്‍ എന്തെങ്കിലും ആവശ്യമായിരുന്നതായി ഒരു സൂചനയും ലഭിച്ചിരുന്നില്ല. നാവികരുടെ ഇടയില്‍ കണ്ടിരുന്ന സ്കര്‍വി എന്ന രോഗം ആഹാരത്തില്‍ ചില വസ്തുക്കളുടെ അപര്യാപ്തതമൂലം ഉണ്ടാകുന്നതാണെന്ന് ജയിംസ് ലിന്‍ഡ് (1716-94) എന്ന സ്കോട്ടിഷ് നാവിക സര്‍ജന്‍ കണ്ടെത്തി. എ ട്രീറ്റൈസ് ഒഫ് ദ സ്കര്‍വി (1753) എന്ന തന്റെ ഗ്രന്ഥത്തില്‍ പഴങ്ങളും നാരകഫലങ്ങളുംകൊണ്ട് ഈ രോഗം തടയാം എന്ന് അദ്ദേഹം വ്യക്തമാക്കി. തവിട് പൂര്‍ണമായും നീക്കംചെയ്ത അരികൊടുക്കുന്ന പ്രാവുകളില്‍ ഞരമ്പുവീക്കം (polyneuritis)ഉണ്ടാകും എന്നും അല്പം തവിട് ആഹാരത്തില്‍ ചേര്‍ക്കുമ്പോള്‍ രോഗം ഭേദമാകും എന്നും ഐറ്റ്മാന്‍ കണ്ടെത്തി (1897). മനുഷ്യര്‍ക്കുണ്ടാകുന്ന ബെറിബെറി എന്ന രോഗവും തവിട് കൊടുക്കുമ്പോള്‍ ഭേദപ്പെടുന്നതായി ഗ്രിന്‍സ് (1901) മനസ്സിലാക്കി. ആക്സല്‍ ഹോള്‍സ്റ്റ്, തിയോഡോര്‍ ഫ്രോളിക്ക് എന്നീ രണ്ട് ശാസ്ത്രജ്ഞര്‍ പരീക്ഷണസാഹചര്യങ്ങളില്‍ വളര്‍ത്തിയ (1907) ഗിനിപ്പന്നികളില്‍ സ്കര്‍വി രോഗം കൃത്രിമമായി ഉണ്ടാക്കുന്നതില്‍ വിജയിച്ചു. ആഹാരത്തില്‍ ചെറിയ തോതില്‍ കാബേജ് ഉള്‍പ്പെടുത്തി രോഗം ഭേദപ്പെടുത്തുകയും ചെയ്തു. സര്‍ ഫ്രെഡറിക് ഗോലാന്‍ഡ് ഹോപ്കിന്‍സ് ശുദ്ധമായ അന്നജവും മാംസ്യവും കൊഴുപ്പും ലവണങ്ങളും മാത്രം നല്കി, മൃഗങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ പഠനവിധേയമാക്കി (1906-12). എലികളുടെ വളര്‍ച്ചയെ ഇത്തരം ഭക്ഷണക്രമം സാരമായി ബാധിക്കുന്നതായി കണ്ടെത്തി. എന്നാല്‍ അല്പം പാല്‍ ദിവസേന നല്കിയപ്പോള്‍ വളര്‍ച്ച വീണ്ടും മെച്ചപ്പെടുന്നതായി കണ്ടു. മാംസ്യം, ലവണങ്ങള്‍ എന്നീ ഊര്‍ജോത്പാദന പദാര്‍ഥങ്ങള്‍ക്ക് പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി ആഹാരത്തില്‍ അനിവാര്യമാണെന്ന് ഈ പരീക്ഷണങ്ങളിലൂടെ വ്യക്തമായി. തവിടിലുള്ള ഒരു പദാര്‍ഥത്തിന്റെ അഭാവമാണ് ബെറിബെറിക്ക് കാരണമാകുന്നത് എന്ന് പോളിഷ് ജീവശാസ്ത്രജ്ഞനായ കാസിമിര്‍ ഫങ്ക് സ്ഥിരീകരിച്ചു (1911). ബെറിബെറിയുണ്ടാകാതിരിക്കാനുള്ള രാസപദാര്‍ഥത്തെ തവിടില്‍നിന്ന് ഫങ്ക് അടുത്ത വര്‍ഷം വേര്‍തിരിച്ചു (1912). അതൊരു 'അമീന്‍' (amine) ആണെന്ന് കണ്ടതിനാല്‍ അദ്ദേഹം ജീവന് (vita) ആവശ്യമായ അമീനുകള്‍ എന്ന് അര്‍ഥം വരുന്ന വൈറ്റമിന്‍ (vitamine) എന്ന സംജ്ഞ നല്കി. ഈ പദാര്‍ഥങ്ങളെല്ലാം അമീനുകളല്ല എന്ന് കണ്ടെത്തിയതോടെ സംജ്ഞയിലെ 'E' എടുത്ത് കളഞ്ഞു.

മൃഗങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന ഒരു ഘടകം ഉള്ളതായി 1913-ല്‍ കണ്ടെത്തിയിരുന്നു. അതാണ് ജീവകം എ. പിന്നീട് അനവധി ജീവകങ്ങള്‍ വേര്‍തിരിക്കപ്പെടുകയും അവയുടെ രാസഘടന, ഗുണങ്ങള്‍, സംശ്ളേഷണ പ്രക്രിയകകള്‍ എന്നിവയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. 1940-കളില്‍ പല സൂക്ഷ്മാണുക്കളില്‍നിന്നും ജീവകങ്ങള്‍ വേര്‍തിരിക്കുവാന്‍ ആരംഭിച്ചു. ജീവപ്രക്രിയകളില്‍ ജീവകങ്ങളുടെ പങ്കിനെക്കുറിച്ചായിരുന്നു 1948-നുശേഷം നടന്ന പഠനങ്ങള്‍ ഏറെയും. എല്ലാ ജീവകങ്ങളും മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാലും ഉത്പാദിപ്പിച്ചാല്‍ തന്നെ വേണ്ട അളവില്‍ ലഭ്യമാകാത്തതിനാലും അവയെ അനിവാര്യപോഷക പദാര്‍ഥങ്ങളായാണ് കണക്കാക്കുന്നത്. ജീവകങ്ങളുടെ ആവശ്യകത ജീവജാലങ്ങളില്‍ വ്യത്യസ്ത അളവിലാണ്. പല സസ്യങ്ങള്‍ക്കും എല്ലാ ജീവകങ്ങളും ഉത്പാദിപ്പിക്കാന്‍ കഴിയും. സസ്യങ്ങള്‍ക്ക് ഈ പദാര്‍ഥങ്ങള്‍ 'ജീവകങ്ങള്‍' അല്ലെങ്കിലും സസ്യങ്ങള്‍ ഇവയെ ഉത്പാദിപ്പിക്കുന്നതിനാല്‍ സസ്യ ഉപാപചയ പ്രക്രിയകളില്‍ ഇവ പ്രാധാന്യമര്‍ഹിക്കുന്നു. പല സസ്തനികള്‍ക്കും ജീവകം സി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഗ്ളൂക്കോസില്‍നിന്ന് ജീവകം സിയിലെത്തുന്നത് മൂന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെയാണ്. മനുഷ്യന്‍, കുരങ്ങ്, ഗിനിപ്പന്നി എന്നിവയില്‍ മൂന്നാമത്തെ രാസപ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈം ഇല്ലാത്തതിനാല്‍ ജീവകം സി ആഹാരത്തിലൂടെ ലഭ്യമായേ തീരൂ. എല്ല. കശേരുകികള്‍ക്കും എ, ബി1, ബി2, ബി6, ഡി പാന്റോഥെനിക് അമ്ളം എന്നിവ ആഹാരത്തില്‍ ഉണ്ടായിരിക്കണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമായാല്‍ ജീവകം ഡി മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ജീവകങ്ങളെ പൊതുവില്‍ രണ്ടായി തരംതിരിച്ചിരിക്കുന്നു-കൊഴുപ്പില്‍ ലയിക്കുന്നതും വെള്ളത്തില്‍ ലയിക്കുന്നതും. ഇതൊരു സമ്പൂര്‍ണ വിഭജനമല്ലെങ്കിലും പരക്കെ അംഗീകൃതമാണ്. ജീവകം എ, ഡി, ഇ, കെ എന്നിവ കൊഴുപ്പില്‍ ലയിക്കുന്നതും ജീവകം സി-യും ബി സമൂഹവും വെള്ളത്തില്‍ ലയിക്കുന്നതുമാണ്.

വെള്ളത്തില്‍ ലയിക്കുന്ന ജീവകങ്ങളില്‍ ബി-ജീവകങ്ങള്‍ കോ എന്‍സൈമുകളായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍സൈമുകളെ അവയുടെ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന സഹായഘടകങ്ങളാണ് കോ എന്‍സൈമുകള്‍. ശരീരത്തിലെ പ്രക്രിയകള്‍ നിയന്ത്രിക്കുന്നത് എന്‍സൈമുകളാണ്. എന്നാല്‍ കോ എന്‍സൈമുകളുടെ അഭാവത്തില്‍ എന്‍സൈമുകള്‍ പ്രവര്‍ത്തനക്ഷമമല്ല. പ്രത്യോക്സികാരക (anti oxidant) സ്വഭാവമാണ് ജീവകം സി-യുടെ പ്രാധാന്യം. കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങളുടെ യഥാര്‍ഥ ധര്‍മം എന്താണെന്ന് അത്ര വ്യക്തമല്ല. അവയില്‍ ചിലത് എന്‍സൈമുകളായി വര്‍ത്തിക്കുമ്പോള്‍ മറ്റ് ചിലത് കോശസ്തരങ്ങളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെപ്പോലെ ജീവകങ്ങള്‍ ഒന്നും തന്നെ ശരീരത്തിന് ഊര്‍ജം നല്കുന്നില്ല.

നാമകരണ പദ്ധതി. ആരംഭത്തില്‍ ജീവകങ്ങളുടെ നാമകരണം വളരെ അവ്യക്തമായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലുള്ള നാമകരണരീതിയാണ് ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ നാമകരണ രീതിയുടെ ഉപജ്ഞാതാവ് സര്‍ ജാക്ക് ഡ്രൂമണ്ഡ് ആണ്. ജീവകങ്ങളുടെ രാസസ്വഭാവവും ഘടനയും അറിവായതോടുകൂടി രാസനാമം പരക്കെ ഉപയോഗിച്ചുതുടങ്ങി. ഒരു നിശ്ചിത ജീവകവുമായി ഘടനാസാദൃശ്യമുള്ളതും ചില ഉപാപചയ പ്രക്രിയകളിലൂടെ ആ ജീവകമായി മാറാന്‍ കഴിവുള്ളതുമായ വസ്തുക്കളാണ് പ്രോ വിറ്റാമിനുകള്‍. ഉദാ. കരോട്ടിന്‍ ജീവകം എ-യായി മാറുന്നു. ജീവകങ്ങളുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന വസ്തുക്കളാണ് പ്രതിജീവകങ്ങള്‍. ജീവകങ്ങളുമായി ബന്ധിക്കപ്പെടുകയോ (ഉദാ. അവിഡിന്‍ എന്ന പ്രോട്ടീന്‍ ബയോട്ടിനുമായി ബന്ധിക്കപ്പെടുന്നതിനാല്‍ ബയോട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു) ജീവകങ്ങളെ നശിപ്പിക്കുകയോ ചെയ്യുന്നു (ഉദാ. തയാമിനേസ് തയാമിനെ നശിപ്പിക്കുന്നു). ജീവകങ്ങളുടെ കോ എന്‍സൈം പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രതിജീവകങ്ങള്‍ ആന്റഗോണിസ്റ്റുകള്‍ അഥവാ ആന്റിമെറ്റബോളൈറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

ജീവകം എ (റെറ്റിനോള്‍) C20 H29 OH.. ജീവകം എ-യുടെ മൂലപദാര്‍ഥം കരോട്ടിനുകളാണ്. ഹരിത സസ്യങ്ങള്‍ക്ക് പച്ചയും മഞ്ഞയും വര്‍ണങ്ങള്‍ നല്കുന്ന കരോട്ടിന്‍ എന്ന ഹൈഡ്രോകാര്‍ബണില്‍ (C40H56) നിന്നാണ് ജീവകം എ-യുണ്ടാകുന്നത്. ഇളം മഞ്ഞനിറത്തിലുള്ള ഒരു ആല്‍ക്കഹോള്‍ ആണ് ജീവകം എ. β കരോട്ടിനില്‍നിന്ന് ജീവകം എ-ക്കുണ്ടാകുന്ന രാസമാറ്റം തികച്ചും വ്യക്തമല്ല. ഒരു β കരോട്ടിന്‍ തന്മാത്ര നടുവെ പിളര്‍ന്ന് രണ്ട് ജീവകം എ തന്മാത്രകളുണ്ടാകുന്നതായി കരുതപ്പെടുന്നു.

കരോട്ടിനോയിഡുകള്‍ മഞ്ഞനിറമുള്ളതാണ്. ഇലച്ചെടികളിലും മഞ്ഞനിറമുള്ള കായ്കറികളിലും (മത്തങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്) ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം എ-യുടെ പ്രധാന ഉറവിടം മീനെണ്ണ(കോഡ്ലിവര്‍ ഓയില്‍)യാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഓസ്ബോണും മെന്‍ഡലും ആണ് മീനെണ്ണയില്‍ ജീവകം എ-യുടെ സാന്നിധ്യം കണ്ടുപിടിച്ചത്. എലികളില്‍ കാണുന്ന ഓഫ്താല്മ എന്ന രോഗം മീനെണ്ണകൊണ്ട് സുഖപ്പെടുന്നതായി അവര്‍ കണ്ടെത്തി. കരളില്‍ ജീവകം എ വളരെ കൂടിയ അളവില്‍ സംഭരിക്കപ്പെടുന്നു. മുട്ടയുടെ മഞ്ഞ, പാല്‍, പാല്‍പ്പാട തുടങ്ങിയവയിലും ധാരാളം ജീവകം എ-യുണ്ട്.

ജീവകം എ-യും കരോട്ടിനും ചൂടുകൊണ്ടും ഓക്സീകരണംകൊണ്ടും കേടാകുന്നു. ജീവകം എ അടങ്ങുന്ന എണ്ണകള്‍ കനയ്ക്കുമ്പോള്‍ ജീവകത്തിന് നാശം സംഭവിക്കുന്നു. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ജീവകം എ-യ്ക്ക് നഷ്ടം സംഭവിക്കുന്നില്ല. കരോട്ടിനില്‍നിന്ന് ജീവകം എ-യിലേക്കുള്ള മാറ്റം കുടലിന്റെ ഭിത്തിയില്‍വച്ചാണ് പ്രധാനമായും നടക്കുന്നത്. ആട്, പന്നി, എലി, ഗിനിപ്പന്നി, മുയല്‍ എന്നീ മൃഗങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വെളുത്തതാണ്. ഇവയുടെ ശരീരത്തില്‍ വളരെ കുറച്ച് കരോട്ടിന്‍ മാത്രമേയുള്ളൂ. കരോട്ടിന്‍ വളരെ പെട്ടെന്ന് ജീവകം എ-യായി മാറുന്നതുകൊണ്ടാണിത്. എന്നാല്‍ മനുഷ്യരിലും കന്നുകാലികളിലും ജീവകം എ-യിലേക്കുള്ള മാറ്റം സാവധാനത്തിലാണ്. അതിനാല്‍ അവയിലെ കൊഴുപ്പിന് മഞ്ഞനിറമാണ്.

നിശാന്ധതയാണ് ജീവകം എ-യുടെ അഭാവംമൂലം ഉണ്ടാകുന്ന പ്രധാന രോഗം. ശരീരാവയവങ്ങളെ ആവരണം ചെയ്യുന്ന കോശകലകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. തൊലി, വായ്, ശ്വാസനാളം, മൂത്രനാളം എന്നിവയില്‍ രോഗബാധയും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് തടസ്സവും ഉണ്ടാകാറുണ്ട്. ജീവകം എ-യുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ആദ്യകാല ഗവേഷണം നടത്തിയത് സര്‍ ഫ്രഡറിക് ഹോപ്കിന്‍സാണ്. ശുദ്ധമായ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍, ജലം എന്നിവ നിശ്ചിത അളവില്‍ നല്കിയിട്ടും എലികള്‍ ചത്തുപോകുന്നതായി കണ്ടു. എന്നാല്‍ കേവലം ഒരു ചെറുകരണ്ടി പാല്‍, തികഞ്ഞ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായി കണ്ടെത്തി. നേത്രാന്തരപടലത്തിലെ റോഡോപ്സിന്‍ എന്ന വര്‍ണസംവേദന പദാര്‍ഥം ജീവകം എ ആല്‍ഡിഹൈഡ് അടങ്ങിയതാണ്. പ്രകാശം ഏല്ക്കുമ്പോള്‍ റോഡോപ്സിന്‍ വിഘടിച്ച് നിറമില്ലാത്ത ഓപ്സിന്‍ എന്ന ഒരു പ്രോട്ടീനും റെറ്റിനൈന്‍ എന്ന ഒരു മഞ്ഞവസ്തുവും ഉണ്ടാകുന്നു. റെറ്റിനൈന്‍ വീണ്ടും മാംസ്യവുമായി സംയോജിച്ച് റോഡോപ്സിന്‍ ഉണ്ടാകുന്നു. വെളിച്ചത്തില്‍നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് മാറുമ്പോള്‍, ഇരുട്ടില്‍ കാഴ്ചശക്തി ലഭിക്കുന്നത് റോഡോപ്സിന്‍ പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ വേഗതയെ അടിസ്ഥാനമാക്കിയാണ്. ജീവകം എ-യുടെ അഭാവത്തില്‍ റോഡോപ്സിന്റെ പുനഃസംശ്ലേഷണം വളരെ സാവധാനത്തിലാണ് നടക്കുന്നത്. യു.എസ്. നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ശിപാര്‍ശയനുസരിച്ച് മുതിര്‍ന്നവര്‍ക്ക് 5,000 അന്താരാഷ്ട്ര യൂണിറ്റും കുട്ടികള്‍ക്ക് 2,500 അന്താരാഷ്ട്രയൂണിറ്റും ജീവകം എ ദിവസേന ആവശ്യമാണ്. ധാരാളം ഇല വര്‍ഗങ്ങളും കാരറ്റും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ജീവകം എയുടെ അപര്യാപ്തത ഉണ്ടാവുകയില്ല. ഒരു ചായക്കരണ്ടി മീനെണ്ണയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ ജീവകം എ അടങ്ങിയിട്ടുണ്ട്. ജീവകം എ കരളില്‍ ധാരാളമായി സംഭരിക്കപ്പെടുന്നതിനാല്‍ ഭക്ഷണത്തില്‍ എ-യുടെ അഭാവം കുറെയൊക്കെ പരിഹരിക്കാനാവും. ധ്രുവക്കരടികള്‍ ധാരാളം കൊഴുപ്പ് സംഭരിച്ചുവയ്ക്കാറുണ്ട്. ഈ കരടികളുടെ കരള്‍ കഴിക്കുന്ന മനുഷ്യര്‍ക്ക് കാര്യമായ രോഗങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. ജീവകം എ-യുടെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതുമൂലം വിശപ്പില്ലായ്മ, ഛര്‍ദി, തലവേദന, ക്ഷീണം, ചുണ്ടുകള്‍ വിണ്ടുകീറല്‍, തൊലിയില്‍ തടിപ്പ്, നീര്‍വീക്കം, ചൊറി, ചിരങ്ങ് മുതലായ രോഗങ്ങളുണ്ടാവാനിടയുണ്ട്. കുട്ടികള്‍ക്ക് എല്ലുകളുടെ ശക്തി ക്ഷയിച്ച് നടക്കാന്‍പോലും കഴിയാതെ വരുന്നു. മുടി കൊഴിച്ചിലും ഒരു ലക്ഷണമാണ്.

ജീവകം ബി സമൂഹം. ജീവകം ബി എന്നത് ധാരാളം ജീവകങ്ങള്‍ അടങ്ങുന്ന ഒരു സമൂഹം ആണെന്ന് മനസ്സിലായതോടെ ബി1, ബി2 എന്നിങ്ങനെ അവയെ നാമകരണം ചെയ്തു. വെള്ളത്തില്‍ ലയിക്കുന്നതും യീസ്റ്റില്‍ അടങ്ങിയിട്ടുള്ളതുമായ ജീവകങ്ങളെ ബി സമൂഹത്തില്‍ ഉള്‍പ്പെടുത്തുകയാണ് പിന്നീട് ചെയ്തുപോന്നത്. ഈ വിഭജനം തൃപ്തികരമല്ലെങ്കിലും സാര്‍വത്രികാംഗീകാരമുള്ള ഒരു വിഭജനമോ നാമകരണപദ്ധതിയോ ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ല. മിക്കവാറും എല്ലാ ജീവകങ്ങളും ഇന്ന് അവയുടെ രാസനാമത്തിലാണ് അറിയപ്പെടുന്നത്.

തയാമിന്‍ ബി1 (C12 H18 Cl2N4 OS). തയാമിന്‍ ലവണങ്ങള്‍ പരല്‍രൂപത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍