This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്ദ്രപര്യവേക്ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:04, 17 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ചാന്ദ്രപര്യവേക്ഷണം

ഉപഗ്രഹങ്ങളുപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നടത്തിയ നിരീക്ഷണ പരീക്ഷണങ്ങള്‍. ആദ്യത്തെ ശ്രമങ്ങള്‍ സ്വയംപ്രവര്‍ത്തനശേഷിയുള്ള ഉപഗ്രഹങ്ങള്‍ മാത്രമുപയോഗിച്ചുള്ളവയായിരുന്നു. പിന്നീട് സാങ്കേതികവിദ്യയുടെയും ശാസ്ത്രവിജ്ഞാനത്തിന്റെയും പുരോഗതി മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ പര്യാപ്തമാക്കി.

സോവിയറ്റ് യൂണിയനും അമേരിക്കയുമാണ് ഉപഗ്രഹങ്ങള്‍ വഴിയുള്ള ഗ്രഹാന്തരപര്യവേക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം സംഭാവന നല്കിയിട്ടുള്ളത്. ഈ നവീനാശയം പല ഘട്ടങ്ങളായിട്ടാണു പുരോഗമിച്ചത്. ആദ്യം, ചന്ദ്രന്റെ സമീപത്തുകൂടി കടന്നുപോകുന്ന (fly by missions) ദൗത്യങ്ങളായിരുന്നു. പിന്നീട്, ചന്ദ്രനിലിടിച്ചിറങ്ങുന്നവ (hard-landing)യും, തുടര്‍ന്ന് സാവധാനം ഇറങ്ങാന്‍ കഴിയുന്നവ (soft-landing)യും രൂപംകൊണ്ടു. ചന്ദ്രനെ പ്രദക്ഷിണം വയ്ക്കാവുന്ന (Lunar orbit) ഉപഗ്രഹങ്ങളുടെ ആവിര്‍ഭാവം ബഹിരാകാശയുഗത്തിന്റെ പുരോഗതിക്ക് ആക്കംകൂട്ടി. ഏറ്റവും വലിയ നേട്ടം മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതാണ്. ബാഹ്യാകാശ പരീക്ഷണങ്ങളുടെ ഈ ചരിത്രം സംഭവിച്ച ക്രമത്തില്‍ ഇവിടെ വിവരിക്കാം.


ആമുഖം

ചരിത്രാതീതകാലം മുതല്‍തന്നെ മനുഷ്യനില്‍ ജിജ്ഞാസയുളവാക്കിയിരുന്ന ആകാശ ഗോളമാണ് ചന്ദ്രന്‍. ഏറ്റവുമധികം നിരീക്ഷിക്കപ്പെട്ടുപോന്നതും ചന്ദ്രന്‍ തന്നെയാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ചരിത്രാതീകാലം മുതല്‍ സമയനിര്‍ണയത്തിന്റെ അടിസ്ഥാനമായിരുന്നു. സമയമറിയാന്‍ സൂര്യനെക്കാള്‍ ചന്ദ്രനെയാണ് ആദ്യം ആശ്രയിച്ചിരുന്നത്. ചന്ദ്രന്റെ പരിക്രമണകാലം (ചാന്ദ്രമാസം) സമയത്തിന്റെ മുഖ്യ അളവായിരുന്നു. ചാന്ദ്രഭ്രമണപഥത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും ദൂരദര്‍ശിനിയുടെ ആവിര്‍ഭാവത്തിനുമുന്‍പുതന്നെ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു (നോ: ചന്ദ്രന്‍). സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രധാന പ്രതിഭാസങ്ങളാണ്. ഗ്രഹണങ്ങള്‍ പ്രവചിക്കുവാന്‍ ശതാബ്ദങ്ങള്‍ക്കുമുന്‍പു തന്നെ മനുഷ്യര്‍ സമര്‍ഥരായിരുന്നു. നോ: ഗ്രഹണം

1609-ല്‍ ഗലീലിയോ തന്റെ ദൂരദര്‍ശിനിയിലൂടെ നടത്തിയ നിരീക്ഷണങ്ങള്‍ ചാന്ദ്രപര്യവേക്ഷണത്തിന് ഒരു വഴിത്തിരിവായി. പിന്നീടുള്ള നിരീക്ഷണങ്ങളില്‍ നിന്നും, സമുദ്രങ്ങള്‍ (maria), പര്‍വതപ്രദേശങ്ങള്‍ അഥവാ വന്‍കരകള്‍ (highlands or continents), ഗര്‍ത്തങ്ങള്‍ (craters) എന്നിങ്ങനെ മൂന്നു വ്യത്യസ്തഘടനകളാണ് ചന്ദ്രോപരിതലത്തിലുള്ളതെന്ന് അറിയാന്‍ സാധിച്ചു. ഗര്‍ത്തങ്ങളുടെ ആവിര്‍ഭാവത്തിനു മുഖ്യകാരണം ഉല്ക്കാപതനമാണെന്നും ഇവയുടെ എണ്ണത്തില്‍ നിന്നും ഉപരിതലത്തിന്റെ പ്രായം കണക്കാക്കാവുന്നതാണെന്നും മനസ്സിലായി. സമുദ്രങ്ങളില്‍ കാണപ്പെടുന്ന ഗര്‍ത്തങ്ങള്‍ പര്‍വതപ്രദേശങ്ങളിലുള്ളതിലും എണ്ണത്തില്‍ കുറവാണെന്നു കണ്ടു. ഇതില്‍ നിന്നും സമുദ്രങ്ങള്‍ പര്‍വതങ്ങളെക്കാള്‍ പ്രായം കുറഞ്ഞവയാണെന്നു മനസ്സിലാക്കാം. ദൂരദര്‍ശനികളുപയോഗിച്ചെടുത്ത ചിത്രങ്ങള്‍ ഉപരിതല പഠനത്തിന് ആവശ്യമായ പല വസ്തുതകളും വെളിവാക്കി. ഭൂമിയില്‍ നിന്നുള്ള നിരീക്ഷണങ്ങള്‍ വഴി ചന്ദ്രന്റെ ഒരു വശം മാത്രമേ പഠിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ചന്ദ്രനെടുക്കുന്ന സമയം തുല്യമായതിനാല്‍ ചന്ദ്രന്റെ ഒരുവശം മാത്രമേ ഭൂമിക്കഭിമുഖമായിരിക്കുകയുള്ളൂ എന്നതുകൊണ്ടാണിത്.

ചാന്ദ്രപര്യവേക്ഷണം

ഉപഗ്രഹങ്ങളുപയോഗിച്ച് ഗ്രഹാന്തര പര്യവേക്ഷണം നടത്താമെന്നുള്ള ആശയം ചാന്ദ്രപര്യവേക്ഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്കി. ഭൂമിയോട് അടുത്തുള്ള ആകാശഗോളമെന്ന നിലയ്ക്ക് ചാന്ദ്രപര്യവേക്ഷണം സവിശേഷപരിഗണനയര്‍ഹിക്കുന്നുണ്ട്. 1957-ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്നിക് (അര്‍ഥം: സഹയാത്രികന്‍) ബഹിരാകാശയുഗത്തിനും ചാന്ദ്രപര്യവേക്ഷണത്തിനും നാന്ദി കുറിച്ചു. ചന്ദ്രനില്‍ നടത്തിയ ഉപഗ്രഹ പര്യവേക്ഷണങ്ങളെ പൊതുവേ നാലുഘട്ടങ്ങളായി തിരിക്കാം.

ഒന്നാംഘട്ടം

1959-ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലൂണാ 2 ആണ് ചന്ദ്രനിലിറങ്ങിയ ആദ്യത്തെ ഉപഗ്രഹം. ഭൂമിക്കഭിമുഖമായിരിക്കുന്ന വശത്തിന്റെ മധ്യത്തില്‍ നിന്നും 432 കി.മീ. അകലെയാണ് ഈ പേടകം പതിച്ചത്. തുടര്‍ന്ന് 1960-67 കാലഘട്ടത്തില്‍ ഫ്ളൈ-ബൈ (fly-by) ദൗത്യങ്ങളും ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ പേടകങ്ങളുടെ ഒരു ശ്രേണിതന്നെയും ഉണ്ടായി.

ചന്ദ്രന്റെ വിദൂരഭാഗങ്ങളുടെ ചിത്രങ്ങള്‍ നല്കുക മാത്രമല്ല ഭൂമിയില്‍ നിന്നു സാധിക്കുന്നതിനെക്കാള്‍ പലമടങ്ങ് വിശദമായി പഠനം നടത്തുവാനും ഇവ സഹായിച്ചു. ഇതിനും പുറമേ, ചന്ദ്രനിലെ കാന്തമണ്ഡലത്തിന്റെ അഭാവം കണ്ടുപിടിക്കുവാനും ചന്ദ്രന്റെ പിണ്ഡം കൃത്യമായി കണക്കാക്കാനും കഴിഞ്ഞു. ഈ ദൗത്യങ്ങള്‍ നല്കിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ഉപരിതല മാപ്പുകള്‍ ഉണ്ടാക്കുന്നതിന് പ്രയോജനപ്പെട്ടു.

രണ്ടാംഘട്ടം

1965-68 കാലഘട്ടം ചാന്ദ്രപര്യവേക്ഷണത്തിന്റെ മറ്റൊരു ഘട്ടമായിരുന്നു. ഇക്കാലത്ത് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും പേടകങ്ങള്‍ ചന്ദ്രനില്‍ സാവധാനം ഇറങ്ങുകയും ഉപഗ്രഹങ്ങള്‍ ഒരു ഭ്രമണപഥത്തിലൂടെ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുകകയും ചെയ്തു. 1966 ഫെ. 3-ന് ലൂണാ 9 ചന്ദ്രനിലിറങ്ങി. 100 കി.ഗ്രാം. ഭാരമുള്ള മറ്റൊരു ചെറിയ വാഹനം ഇതില്‍ നിന്നും വേര്‍പെട്ട് ഉപരിതലത്തില്‍ ഏതാണ്ട് 1.6 കി.മീ. സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇത് ഒരു സ്വയം പ്രവര്‍ത്തകനിലയമായിരുന്നു. 78 മണിക്കൂറോളം ഉപരിതലത്തില്‍ ചെലവഴിച്ച് വികിരണങ്ങള്‍ അളക്കുക, ഫോട്ടോ ഫാസിമിലി (photofacsimile) വഴി ചിത്രങ്ങള്‍ അയയ്ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഈ ചിത്രങ്ങള്‍ ചന്ദ്രോപരിതലത്തിന്റെ ഉറപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരു പേടകത്തിനെ താങ്ങാനുള്ള ഉറപ്പും ദൃഢതയും ചന്ദ്രോപരിതലത്തിനുണ്ടെന്നും ചന്ദ്രോപരിതലം കേവലം പൊടിപടലമല്ല എന്നും വ്യക്തമായി. പ്രക്ഷുബ്ധ സമുദ്രം (oceanus procellarlum/ ocean of storms) എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ പര്യവേക്ഷണങ്ങള്‍ നടത്തിയത്. ലൂണാ ദൗത്യങ്ങള്‍ ഭൂമിയിലേക്കയച്ച ചിത്രങ്ങള്‍, ചാന്ദ്രഗര്‍ത്തങ്ങള്‍, ഉല്ക്കാപതനം മൂലമാണ് ഉദ്ഭവിച്ചതെന്ന സിദ്ധാന്തത്തിന് ഉപോദ്ബലകമായിരുന്നു. എന്നാല്‍ അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ലാവാപ്രവാഹത്തിന്റെ തെളിവുകളും ദൃശ്യമായിരുന്നു. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍, പര്‍വതപ്രദേശങ്ങള്‍ എന്തുകൊണ്ടും മനുഷ്യന് ഇറങ്ങാന്‍ പറ്റിയവയാണെന്ന നിഗമനത്തിലെത്തി.

അമേരിക്കയുടെ സര്‍വേയര്‍ ഉപഗ്രഹങ്ങളാണ് നിരവധി വിവരങ്ങള്‍ ശേഖരിച്ച മറ്റൊരു ശ്രേണി. സര്‍വേയര്‍ 1, 1966 ജൂണ്‍ 2-ന് പ്രക്ഷുബ്ധ സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി ഇറങ്ങി. പുതിയതായി കിളച്ചുമറിച്ചിട്ടതുപോലെ തോന്നി ഈ സ്ഥലം. 1967 ഏ. 20-നു വിക്ഷേപിക്കപ്പെട്ട സര്‍വേയര്‍ 3 പ്രക്ഷുബ്ധ സമുദ്രത്തിന്റെ കിഴക്കുവശത്തായി ഇറങ്ങി. ഇതിന്റെ ഭാരം 1040 കി.ഗ്രാം ആയിരുന്നു. ഈ പ്രദേശത്തു താരതമ്യേന കൂടുതല്‍ ഗര്‍ത്തങ്ങള്‍ കാണപ്പെട്ടു. അപ്പോള്‍ നിര്‍മാണത്തിലിരുന്ന 1400 കി.ഗ്രാം ഭാരമുള്ള ചാന്ദ്രപേടകത്തിന് യാതൊരു ബുദ്ധിമുട്ടും കൂടാതെ സമുദ്രപ്രദേശത്ത് ഇറക്കാന്‍ കഴിയുമെന്നു സംശയാതീതമായി തെളിഞ്ഞു. എന്നാല്‍, ഗര്‍ത്തങ്ങള്‍ക്കകത്തു കണ്ട ഗര്‍ത്തങ്ങളും മറ്റും അവിടങ്ങളില്‍ ഇറങ്ങാന്‍ അസാധാരണ വൈമാനിക പാടവം ആവശ്യമാണെന്നു വ്യക്തമാക്കി.

സുവര്‍ണപേടകം

1967 സെപ്. 10-ന് വിക്ഷേപിക്കപ്പെട്ട സര്‍വേയര്‍ 5 പ്രശാന്തസമുദ്രത്തില്‍ (Oceanus Tranquilitatis) ഇറങ്ങി. ഈ യാത്രയ്ക്കു വളരെയേറെ പുതുമകളുണ്ടായിരുന്നു. ആറിഞ്ചു വലുപ്പമുള്ള ഒരു സുവര്‍ണപേടകത്തില്‍ റേഡിയോ ആക്റ്റീവായ ക്യൂറിയം-242 ഉണ്ടായിരുന്നു. ഇതില്‍ നിന്നും ഉത്സര്‍ജിക്കപ്പെട്ട ആല്‍ഫാകിരണങ്ങള്‍ മണ്ണില്‍പതിച്ച് അവിടെനിന്ന് തിരിച്ച് വികീര്‍ണനം ചെയ്യപ്പെട്ടു. 900 മി. നേരത്തെ പ്രവര്‍ത്തനത്തിനുശേഷം ലഭിച്ച വിവരങ്ങളില്‍ നിന്നും ബസാള്‍ട്ട് (basalt) അഥവാ കൃഷ്ണശിലയാണ് മണ്ണിലെ മുഖ്യ രാസഘടകമെന്നു മനസ്സിലായി. അഗ്നിപര്‍വത സ്ഫോടന ഫലമായുണ്ടാകുന്ന ഒരുതരം പാറയാണിത്. ചന്ദ്രന്റെ വിദൂര ഭൂതകാലത്തുണ്ടായ ലാവാപ്രവാഹം മൂലമാണ് സമുദ്രങ്ങളില്‍ ബസാള്‍ട്ട് വന്നടിഞ്ഞതെന്നാണ് ഈ സുവര്‍ണപേടകം നല്കിയ വിവരം. ചാന്ദ്രഗര്‍ത്തങ്ങളുടെ ഉദ്ഭവകാരണം അഗ്നിപര്‍വതങ്ങളാണെന്നു വാദിക്കുന്നവര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കു തെളിവായി ഇതു ചൂണ്ടിക്കാണിച്ചു.

ചന്ദ്രനിലെ താരതമ്യേന സമതലപ്രദേശങ്ങളിലൊന്നാണ് സൈനസ് മിഡൈ (Sinus Medi). ദൃശ്യമായ ഭാഗത്തിന്റെ ഏതാണ്ട് മധ്യത്തിലായിവരും ഇത്. ഇവിടെയാണ് സര്‍വേയര്‍ 6 ഇറങ്ങിയത്. ഈ യാത്രയിലും സുവര്‍ണപേടകം കരുതിയിരുന്നു. ബസാള്‍ട്ടിന്റെ ലഭ്യത ഇവിടെയും വ്യക്തമായിരുന്നു. ബസാള്‍ട്ടിനെക്കാള്‍ സാന്ദ്രതകുറവാണ് പര്‍വതപ്രദേശങ്ങളിലെ മണ്ണിന് എന്ന് അത് കാണിക്കുകയുണ്ടായി. 1968 ജനു. 10-ന് മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ഇതുവരെ വിക്ഷേപിക്കപ്പെട്ട ഉപഗ്രഹങ്ങള്‍ താരതമ്യേന നിരപ്പായ സ്ഥലത്താണിറങ്ങിയത്. എന്നാല്‍ സര്‍വേയര്‍ 7 ഇറങ്ങാന്‍ നിശ്ചയിച്ച സ്ഥലം ദക്ഷിണാര്‍ധഗോളത്തിലെ പര്‍വതപ്രദേശങ്ങളിലൊന്നായിരുന്നു. ടൈക്കോ (Tycho) എന്ന ഗര്‍ത്തത്തിനു സമീപത്തായിരുന്നു ഇത്. താരതമ്യേന പ്രകാശം കൂടിയ പ്രദേശങ്ങളാണ് പര്‍വതങ്ങള്‍. ഇതിനുപുറമേ, ടൈറ്റാനിയം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെ ലഭ്യത കുറവുള്ള ഒരു തരം മണ്ണാണ് ഈ പര്‍വതപ്രദേശങ്ങളില്‍ കണ്ടത്.

ഈ പേടകങ്ങള്‍ക്കൊന്നും തന്നെ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നതിനുള്ള കഴിവില്ലായിരുന്നു. എങ്കിലും, ഉപരിതലത്തിന്റെ സൂക്ഷ്മചിത്രങ്ങളെടുക്കാനും, സൂര്യാസ്തമയവേളയില്‍ സൂര്യന്റെ കൊറോണയുടെ ചിത്രമെടുക്കാനും (സര്‍വേയര്‍ 1), ഭൂമി സൂര്യനെ മറയ്ക്കുന്നതുമൂലമുണ്ടായ സൂര്യഗ്രഹണം നിരീക്ഷിക്കുവാനും (സര്‍വേയര്‍ 3, 1967 ഏ. 24; സര്‍വേയര്‍ 5, ഒ. 18) കഴിഞ്ഞത് എടുത്തുപറയത്തക്ക ചില നേട്ടങ്ങളാണ്.

ചാന്ദ്രഭ്രമണപഥം

1966 മാ. 31-നു വിക്ഷേപിക്കപ്പെട്ട ലൂണാ 10 എന്ന സോവിയറ്റ് പേടകമാണ് ഒരു ഭ്രമണപഥത്തില്‍ ആദ്യമായി ചന്ദ്രനെ പ്രദക്ഷിണം വച്ചത്. ഈ ഭ്രമണപഥം ചന്ദ്രന്റെ മധ്യരേഖയുമായി 71.8o ചരിവുള്ള ഒരു ദീര്‍ഘവൃത്താകാരമായിരുന്നു. ഒരു സ്വയം പ്രവര്‍ത്തകനിലയമായി വര്‍ത്തിച്ച ഈ പേടകം ഏ. 4-നാണ് ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്. ഉല്ക്കാപതനത്തിന്റെ എണ്ണം തിട്ടപ്പെടുത്തുന്നതിനുവേണ്ട സംവിധാനങ്ങള്‍, ചന്ദ്രന്റ ഊഷ്മാവിന്റെ സ്വഭാവവിശേഷം നിരീക്ഷിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലേക്കയയ്ക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയവ ഈ പേടകത്തിലുണ്ടായിരുന്നു. ആഗ. 24-നു വിക്ഷേപിക്കപ്പെട്ട ലൂണാ 11 എന്ന ഉപഗ്രഹവും ചന്ദ്രനുചുറ്റും ഭ്രമണം നടത്തി. ഗാമാ റേ, എക്സ് റേ സ്പെക്ട്രോമീറ്ററുകള്‍ ഇതിലുണ്ടായിരുന്നു. ഒ. 22-നു വിക്ഷേപിക്കപ്പെട്ട ലൂണാ 12 ഈ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ എടുത്തു. ഡി. 21-നു വിക്ഷേപിക്കപ്പെട്ട ലൂണാ 13 പ്രക്ഷുബ്ധസമുദ്രത്തിലിറങ്ങുകയും മണ്ണു പരിശോധിക്കുകയും സൂക്ഷ്മചിത്രങ്ങളെടുക്കുകയും ചെയ്തു.

അമേരിക്കയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍, 1966-നും 68-നും മധ്യേ ചാന്ദ്രഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുകയും ചെയ്തു. ലൂണാര്‍ ഓര്‍ബിറ്റര്‍ 5 വിക്ഷേപിക്കപ്പെട്ടത് ഒരു ധ്രുവീയ ഭ്രമണപഥത്തിലായിരുന്നു; 1967 ആഗ. 1-ന് ഇതിന്റെ ഭ്രമണപഥത്തിലുള്ള വ്യതിയാനങ്ങളില്‍ നിന്നും, മാറേ ഓറിയന്റേല്‍ (Mare Orientale), മാറേ സ്മിതൈ (Mare Smythii), മാറേ ഹംബോള്‍ട്ടിയാനം (Mare Hambottianum), ഗ്രിമാള്‍ഡിഗര്‍ത്തം (Crater Grimaldi) എന്നിവിടങ്ങളില്‍ പിണ്ഡം കേന്ദ്രീകരിച്ചതായി കണ്ടു. ഇതിനെ 'മാസ്കണു'കള്‍ ((Mascons) എന്നാണ് വിളിക്കുന്നത്. ഈ മാസ്കണുകള്‍ വര്‍ധിച്ച ഗുരുത്വാകര്‍ഷണബലം ഭ്രമണപഥത്തിലുള്ള പേടകത്തില്‍ പ്രയോഗിക്കുന്നുണ്ട്. അതാണ് ഭ്രമണപഥത്തിനു വ്യതിയാനം വരാന്‍ കാരണം. ഈ ലൂണാര്‍ ഓര്‍ബിറ്ററുകളുടെ മുഖ്യലക്ഷ്യം 30 നോട്ടിക്കല്‍ മൈല്‍ (55.56 കി.മീ.) ഉയരത്തില്‍ നിന്നു ചന്ദ്രോപരിതലത്തിന്റെ സൂക്ഷ്മചിത്രങ്ങളെടുക്കുകയായിരുന്നു. അപ്പോളോ വാഹനങ്ങള്‍ക്കിറങ്ങാന്‍ പറ്റിയസ്ഥലം കണ്ടെത്തുന്നതിനായിരുന്നു ഇത്. മറ്റു ചില നേട്ടങ്ങളും ഉണ്ടായി. ചന്ദ്രോപരിതലത്തിലെ വികിരണങ്ങള്‍ ചാന്ദ്രയാത്രികര്‍ക്കു ദോഷമൊന്നും ചെയ്യില്ല എന്ന് ഉറപ്പുവരുത്തി. മാസ്കണുകള്‍ കണ്ടുപിടിക്കപ്പെട്ടതും ചാന്ദ്രപരിണാമത്തിലെ ഒരു പുതിയ തന്തു പ്രദാനം ചെയ്യലായിരുന്നു. അപ്പോളോയുടെ നാവികര്‍ക്ക് വാഹനം ഇറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഗുരുത്വാകര്‍ഷണക്രമക്കേടു (gravitational anomalies) കളെക്കുറിച്ച് ഒരു മുന്നറിയിപ്പായിരുന്നു ഈ ദൗത്യങ്ങള്‍.

മനുഷ്യന്‍ ചന്ദ്രനില്‍.

അപ്പോളോ 11 എന്ന ഉപഗ്രഹം 1969 ജൂല. 16-നു വിക്ഷേപിക്കപ്പെട്ടു. 20-ന് നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ഈഗിള്‍ എന്നു പേരുള്ള ചന്ദ്രപേടകത്തില്‍ പ്രശാന്ത സമുദ്രത്തിലിറങ്ങി. ഏകദേശം 151 മിനിട്ട് 40 സെക്കണ്ട് വാഹനത്തിനു പുറത്തുള്ള പര്യവേക്ഷണങ്ങള്‍ (extra-vehicular activity) നടത്തി. ഈ സമയത്ത് കൊളംബിയ എന്ന മാതൃപേടക (Command and Service Module-CSM)ത്തില്‍ മൈക്കിള്‍ കോളിന്‍സ് ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു; ആകെ 30 പ്രാവശ്യം!

പ്രശാന്തനിലയം (Tranquility Base)

അപ്പോളോ 11 ഇറങ്ങിയ സ്ഥലത്തിനു നല്കിയിരിക്കുന്ന പേരാണിത്. ഇവിടെനിന്നും ശേഖരിച്ച പാറകളും പൊടിയും വിശകലനം ചെയ്തതില്‍ നിന്നും ആഗ്നേയശിലകള്‍ (basaltic igneous rocks)ക്കു പുറമേ 'ബ്രേഷ്യ' എന്ന മറ്റൊരിനം ശിലകളും ചന്ദ്രോപരിതലത്തിലുണ്ടെന്നു മനസ്സിലായി. ചെറിയ പാറക്കഷണങ്ങളും മണ്ണും കൂടിച്ചേര്‍ന്നുണ്ടായ ഒരു സംയോജിതരൂപമാണിത്. പരലാക്കപ്പെട്ട (crystallised) കഷണങ്ങളുടെയും ഗ്ളാസ് കഷണങ്ങളുടെയും ഒരു മിശ്രിതമാണ് ആംസ്ട്രോങ്ങും കൂട്ടരും ചന്ദ്രനില്‍നിന്നു കൊണ്ടുവന്ന മണ്ണ്. ഇതില്‍ വാനശില(meteorite)കളില്‍നിന്നുള്ള ലോഹക്കഷണങ്ങളും മറ്റുപാറക്കഷണങ്ങളും ഉണ്ടായിരുന്നു. അസംഖ്യം ആഘാതങ്ങളുടെ ഫലമായി ചന്ദ്രോപരിതലം പരുക്കനും ചരല്‍ നിറഞ്ഞതുമാണ്. ഇതിനെ റിഗോലിത്ത് (regolith) എന്നാണ് ശാസ്ത്രജ്ഞന്മാര്‍ നാമകരണം ചെയ്തിരിക്കുന്നത്. അന്തരീക്ഷത്തിന്റെ അഭാവം നിമിത്തം യാതൊരു രക്ഷാകവചവുമില്ലാതെ ചന്ദ്രോപരിതലം ഗ്രഹാന്തരപരിസര(interplanetary medium)വുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നുണ്ട്. ഗര്‍ത്തങ്ങളുടെ ഉരുണ്ട വക്കുകളും ചരിഞ്ഞിറങ്ങുന്ന കുന്നുകളും ഉല്ക്കകളുടെ നിരന്തരമായ ആഘാതം വിളിച്ചോതുന്നവയാണ്.

ഭൂമിയിലെപ്പോലെ ഓക്സിജനും (സംയുക്ത രൂപത്തില്‍) സിലിക്കണുമാണ് ചന്ദ്രനില്‍ ധാരാളമായി കാണപ്പെടുന്ന മൂലകങ്ങള്‍. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. സിലിക്കണിനെക്കാളും ഭാരമുള്ള മൂലകങ്ങളാണ് അധികവും. ധാതുലവണങ്ങളില്‍ മുഖ്യമായവയാണ് പൈറോക്സീന്‍ (pyroxene). ആഗ്നേയശിലകളില്‍ കണ്ടുവരുന്ന ഈ ധാതുലവണത്തില്‍ കാത്സ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് അല്ലെങ്കില്‍ അലുമിനിയം എന്നിവ അടങ്ങിയിരിക്കുന്നു. പ്ളേജിയോ ക്ളാസെ (plageo clase) എന്നതരം ഫെല്‍ഡ്സ്പാറില്‍ (feldspar) കാത്സ്യവും സോഡിയവും അധികതോതിലുണ്ട്. അയണ്‍, ടൈറ്റാനിയം, ഓക്സിജന്‍ എന്നിവ ചേര്‍ന്നുണ്ടായിട്ടുള്ള ഇല്‍മനൈറ്റും ചന്ദ്രനില്‍ക്കാണുന്ന ധാതുലവണങ്ങളിലുള്‍പ്പെടും. മൂന്നു പുതിയതരം ധാതുലവണങ്ങള്‍കൂടി ചന്ദ്രനിലുണ്ടെന്നു മനസ്സിലാക്കിയിട്ടുണ്ട്. പൈറോക്സ്-മാംഗനൈറ് (pyrox-manganite), ഫെറോസ്യൂഡോ ബ്രൂക്കൈറ്റ് (ferropseudo brookite), ക്രോമിയം-ടൈറ്റാനിയം സ്പൈനല്‍ (chromium-titanium spianel) എന്നിവയാണിവ. ഇതില്‍ മൂന്നാമത്തേത് പരലീകൃതമാക്കപ്പെട്ടതും വളരെ ദൃഢവുമായ ധാതുലവണമാണ്. ഉല്ക്കാപിണ്ഡങ്ങളില്‍ കാണപ്പെടുന്ന ഒരുതരം ഫെറസ് സള്‍ഫൈഡായ ട്രോളിറ്റൈറ്റ് (trolitite), ചന്ദ്രനിലെ മണ്ണില്‍ സാധാരണയായി കാണപ്പെടുന്ന ധാതുലവണമാണ്.

എല്ലാ പാറകളിലും ടൈറ്റാനിയം, സ്കാന്‍ഡിയം, സിര്‍ക്കോണിയം, ഹാഫ്നിയം, യിട്രിയം, റെയര്‍ എര്‍ത്ത് എന്നീ മൂലകങ്ങള്‍ സുലഭമായി കാണപ്പെടുന്നെങ്കിലും സോഡിയം വളരെ കുറഞ്ഞ തോതിലേയുള്ളൂ. ബിസ്മത്ത്, മെര്‍ക്കുറി, സിങ്ക്, കാഡ്മിയം, താലിയം, ലെഡ്, ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ ബാഷ്പശീല (volatile)മുള്ള മൂലകങ്ങളുടെ ലഭ്യത, പ്രാകൃതസൗരയൂഥത്തിലുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നതിന്റെ അളവിലും വളരെ കുറവാണ്. ഇത്, ഭൂമി ഉദ്ഭവിച്ച സ്ഥലത്തിലും ഉയര്‍ന്ന ഊഷ്മാവിലുണ്ടായിരുന്ന മറ്റൊരു സ്ഥലത്താണ് ചന്ദ്രന്‍ രൂപം കൊണ്ടതെന്ന സിദ്ധാന്തത്തിന് തെളിവാണെങ്കിലും, പിന്നീട് ചന്ദ്രനെങ്ങനെ ഭൂമിയുടെ ആകര്‍ഷണവലയത്തിലകപ്പെട്ടു എന്നത് വിശദീകരിക്കാനാവാത്ത സംഗതിയാണ്.

റേഡിയോമെട്രി (radiometry) എന്ന സാങ്കേതിക വിദ്യയുപയോഗിച്ച് ഈ പാറകള്‍ 370 കോടി വര്‍ഷം മുന്‍പ് രൂപം കൊണ്ടവയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പഴക്കംചെന്ന പാറകളുടെ പ്രായം 440 കോടി വര്‍ഷമാണ്; എന്നാല്‍ മിക്ക ബസാള്‍ട്ടുകളുടെയും പ്രായം 370 കോടിവര്‍ഷവും. ഈ കാലഘട്ടത്തിനിടയ്ക്ക് ചന്ദ്രനില്‍ വന്‍തോതിലുള്ള ഉറഞ്ഞുകൂടല്‍ പ്രക്രിയ നടന്നിട്ടുള്ളതായി പാറകള്‍ വിശകലനം ചെയ്തതില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ചന്ദ്രന്റെ പ്രായം ഭൂമിയുടേതു പോലെ 460 കോടി വര്‍ഷമാണെന്നു കരുതിയാല്‍, പ്രശാന്തസമുദ്രം രൂപീകൃതമായത് ചന്ദ്രനുണ്ടായി 90 കോടി വര്‍ഷങ്ങള്‍ക്കുശേഷമാണെന്നു കാണാം. അഗ്നിപര്‍വത പ്രക്രിയകള്‍ നടന്നതും ഈ കാലഘട്ടത്തിലായിരിക്കണം.

അപ്പോളോ 12

ഇന്‍ട്രിപീഡ് (Intreped) എന്ന ചാന്ദ്രപേടകം 1969 ന. 19-ന് പ്രക്ഷുബ്ധ സുമദ്രത്തിലിറങ്ങി; പ്രശാന്തനിലയത്തില്‍നിന്നും 2,106 കി.മീ. പടിഞ്ഞാറുമാറി 31 മാസങ്ങള്‍ക്കുമുന്‍പ് വിക്ഷേപിക്കപ്പെട്ട സര്‍വേയര്‍ 3 കണ്ടുപിടിക്കുകയായിരുന്നു മുഖ്യലക്ഷ്യം. പൊടിപടലത്തിന്റെ ഒരു ചെറിയ ആവരണം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ യാതൊരു മാറ്റവും അതിനു സംഭവിച്ചിരുന്നില്ല. ആയിരം വര്‍ഷം വേണമെങ്കിലും അത് അതേനിലയില്‍ തുടരുമെന്നു തോന്നിച്ചു. ചന്ദ്രനില്‍ ഒരു വസ്തുവും തുരുമ്പുപിടിക്കുകയില്ല. എന്നാല്‍ അതിസൂക്ഷ്മങ്ങളായ വാനശില (micrometeorites) കള്‍ ചില പോറലുകള്‍ ഏല്പിച്ചേക്കാം.

നാലു സീസ്മോ മീറ്ററുകളും ഒരു മാഗ്നറ്റോമീറ്ററും ഈ പേടകത്തിലുണ്ടായിരുന്നു. ചാന്ദ്രകമ്പങ്ങളും ഉല്ക്കാപതനത്തിന്റെ ആഘാതവും രേഖപ്പെടുത്തുക, കാന്തമണ്ഡലം ഉണ്ടോ എന്നു പരിശോധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ചന്ദ്രന്‍ വളരെ പതുക്കെയാണ് അതിന്റെ അച്ചുതണ്ടില്‍ തിരിയുന്നത്. അതുകൊണ്ട് ഒരു കാന്തമണ്ഡലം ചന്ദ്രനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കാന്തമണ്ഡലത്തിന്റെ ഉദ്ഭവത്തിനു നിദാനമായ 'ഡൈനമോ ഇഫക്ട്' (dynamo effect) ഒരു കാലത്തും ചന്ദ്രനിലുണ്ടായിട്ടില്ല എന്നാണു കരുതുന്നത്. 36 ഗാമാ ശക്തിയുള്ള ഒരു അവശിഷ്ടകാന്തമണ്ഡല (remnant magnetic field)ത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് ചാന്ദ്രപര്യവേക്ഷകരെ അമ്പരപ്പിച്ചു. ഇത് ഭൂമിയിലെ കാന്തമണ്ഡലത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂവെങ്കിലും പ്രക്ഷുബ്ധസമുദ്രം ഉറഞ്ഞുകൂടിയ അവസരത്തില്‍ ശക്തിയുള്ള ഒരു പശ്ചാത്തല കാന്തമണ്ഡലം ചന്ദ്രനില്‍ നിലനിന്നിരുന്നുവെന്നും അത് പാറകളെ കാന്തീകരിച്ചു എന്നും കരുതാന്‍ ഇതു പര്യാപ്തമായി. ഡൈനാമോസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വിദൂര ഭൂതകാലത്തില്‍ ചന്ദ്രന്‍ വളരെവേഗം കറങ്ങിക്കൊണ്ടിരുന്നു എന്നും ദ്രാവകാവസ്ഥയിലുള്ള ഒരു കാതല്‍ ചന്ദ്രനുണ്ടായിരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. പ്രശാന്തസമുദ്രത്തിലെ പാറകളെക്കാള്‍ പ്രക്ഷുബ്ധ സമുദ്രത്തിലെ പാറകള്‍ക്ക് 500 മില്യന്‍ വര്‍ഷം പ്രായം കുറവാണ്. ഏകദേശം 3.2 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പാകണം ഈ പാറകള്‍ ഉറഞ്ഞുകൂടിയത്.

മറ്റൊരു സംഗതി 3.2 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ചന്ദ്രനില്‍ അഗ്നിപര്‍വതങ്ങള്‍ സജീവമായിരുന്നെന്നു വ്യക്തം. പിന്നീടെപ്പോഴാണ് അവ നിര്‍ജീവങ്ങളായതെന്ന് നിശ്ചയമില്ല.

ഫ്രാ മൗറോ (Fra Mauro)

ഇത് ചന്ദ്രനിലെ ഒരു പര്‍വതപ്രദേശമാണ്. അപ്പോളോ 12 ഇറങ്ങിയ സ്ഥലത്തിന്റെ 178 കി.മീ. അകലെ കിഴക്കുവശത്തുള്ള ഒരു കുന്നിന്‍ പ്രദേശമായ ഫ്രാ മൗറോ ഫോര്‍മേഷന്‍ (Fra Mauro Formation) എന്ന സ്ഥലത്ത് അന്റാറസ് (Antarus) എന്ന ചാന്ദ്രപേടകം ഇറങ്ങി. 1971 ഫെ. 5-ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 14-ന്റെ ചാന്ദ്രപേടകമായിരുന്നു അത്. തമ്പര്‍ (Thumper) എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഷെപ്പേര്‍ഡും മിച്ചലും ചെറിയ സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ച് തരംഗങ്ങള്‍ സൃഷ്ടിച്ചു. പാറക്കൂട്ടങ്ങളുടെ (bedrocks) ആഴം മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമായിരുന്നു അത്. ചന്ദ്രനിലെ പരുക്കനായ ചരലുകള്‍ നിറഞ്ഞ റിഗോലിത്തില്‍ക്കൂടി സീസ്മികോര്‍ജത്തിന് അധികം ചൂഴ്ന്നിറങ്ങാന്‍ സാധിച്ചില്ല. എന്നാലും മേല്‍മണ്ണിന്റെ ഘടന 30 കി.മീ. ആഴത്തില്‍വരെ പല പാളികളായിട്ടാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. 8.5 മീ. വരെ പൊടിപടലമടങ്ങുന്ന ഒരു പാളിയുണ്ട്. അതിനുതാഴേക്ക് സാന്ദ്രത കൂടിക്കൂടി വരുന്നു. എന്നാല്‍ പാറക്കൂട്ടങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഈ യാത്രയില്‍ ഒരു ഇരുചക്രവാഹനമുണ്ടായിരുന്നു. എം.ഇ.റ്റി. എന്നുപേരുള്ള ഈ വാഹനം റിക്ഷായ്ക്കു സദൃശമാണ്. സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും ഈ വാഹനം സഹായകമായി.

ഫ്രാ മൗറോയിലും പ്രക്ഷുബ്ധസമുദ്രത്തിലും സ്ഥാപിച്ച സീസ്മോമീറ്ററുകള്‍ ചന്ദ്രനിലുണ്ടാകുന്ന ആഘാതങ്ങള്‍ ഇടവിട്ട് ഭൂമിയിലേക്കു വിക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു മാസക്കാലം ഇടവിട്ടു ലഭിച്ചിരുന്ന സിഗ്നലുകള്‍ വളരെ ശക്തികുറഞ്ഞവയായിരുന്നു; ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന (Perigee) അഞ്ചോ ആറോ ദിവസത്തിന് മുന്‍പ് ഭൂമിയുടെ ഗുരുത്വാകര്‍ഷണം നിമിത്തം ചന്ദ്രന്റെ മാഗ്മ (magma)യിലുണ്ടാവുന്ന വിള്ളലുകളാണെത്രെ, ഈ ആഘാതതരംഗങ്ങള്‍ക്കു (Shock waves) നിദാനം. ഇവിടെ സ്ഥാപിക്കപ്പെട്ട ലേസര്‍ കണ്ണാടികള്‍ (laser reflectors) വഴി ചന്ദ്രനിലേക്കുള്ള അകലം കൃത്യമായി അളക്കുവാന്‍ സാധിച്ചു.

ഹാഡ്ലി-അപ്പെന്നൈന്‍സ്

ഹാഡ്ലി-അപ്പെന്നൈന്‍സ് (Hadley Apennines)ജീര്‍ണതയുടെ ചതുപ്പുനിലം (Marsh of Decay) എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അപ്പോളോ 15-ന്റെ ചാന്ദ്രപേടകം ഫാല്‍ഖംഖണ്‍ ഇറങ്ങി. ഈ സ്ഥലം ഹാഡ്ലീ റില്‍ (Hadley Rille) എന്ന നേര്‍ത്ത ചാലിനും ഇംബ്രിയം (Imbrium) എന്ന ഗര്‍ത്തത്തിന്റെ തെക്കുകിഴക്കു വക്കായ അപ്പന്നൈന്‍ പര്‍വതത്തിനും ഇടയ്ക്കാണ് സ്ഥിതിചെയ്യുന്നത്. ബാറ്ററികൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന നാലുചക്രമുള്ള ഒരു ജീപ്പ് (Lunar Roving Vehicle) ഈ യാത്രയുടെ പ്രത്യേകതയായിരുന്നു. ഇവിടെ നടത്തിയ പരീക്ഷണങ്ങളില്‍നിന്നും മണ്ണിനടിയില്‍ ഒരു മീറ്ററിന് 1.75oC എന്ന തോതില്‍ ഊഷ്മാവിന് വര്‍ധനവുണ്ടാകുന്നു എന്നു കണ്ടു. ഭ്രമണപഥത്തിലുള്ള എന്‍ഡിവര്‍ (Endeavour) എന്ന മാതൃപേടകത്തിലെ എക്സ്- റേ, ഗാമാ റേ സ്പെക്ട്രോമീറ്ററുകള്‍ ഉപരിതലത്തിന്റെ രാസപരിശോധനകള്‍ നടത്തിയതില്‍ നിന്നും സമുദ്രങ്ങളും പര്‍വതങ്ങളും വ്യത്യസ്തമായ രാസഘടന പുലര്‍ത്തുന്നുവെന്നറിയാന്‍ സാധിച്ചു.

മാതൃപേടകം നിയന്ത്രിച്ചിരുന്ന വോര്‍ഡന്‍, ചന്ദ്രന്റെ മറുവശം വീക്ഷിച്ചശേഷം പറഞ്ഞത് അവിടം ചെറിയ മൊട്ടക്കുന്നുകള്‍ നിറഞ്ഞുകിടക്കുന്നു എന്നാണ്. ഗര്‍ത്തങ്ങള്‍ ആഴം കുറഞ്ഞവയും ലാവാ പ്രവാഹത്തിന്റെ അഭാവം കാണിക്കുന്നവയും ആണ്. സമുദ്രങ്ങള്‍ താരതമ്യേന കുറവാണ്. പേടകത്തിലുണ്ടായിരുന്ന ആള്‍ട്ടിമീറ്റര്‍, ആ വശം ചന്ദ്രന്റെ ദൃശ്യമായ ഭാഗത്തെക്കാള്‍ 5 മുതല്‍ 10 വരെ കി.മീ. ഉയരം കൂടിയവയാണെന്നു കാണിച്ചു. പ്രക്ഷുബ്ധ സമുദ്രം, ഫ്രാ മൗറോ, ഹാഡ്ലി അപ്പന്നൈന്‍സ് എന്നിവിടങ്ങളിലെ കമ്പന നിലയങ്ങള്‍ (seismic stations) ചന്ദ്രന്റെ പുറന്തോട് (crust) വളരെ കനം കൂടിയതാണെന്നുകാണിച്ചു. ഫ്രാ മൗറോ എന്ന സ്ഥലത്ത് അതിനു 65 കി.മീ. ആഴമുണ്ട്. ഭൂമിയിലെ വന്‍കരകളില്‍ ഇതിന്റെ ആഴം കേവലം 40 കി.മീ. ആണ്.

അപ്പോളോ 16-ഉം 17-ഉം

ഒറിയോണ്‍ (Orion) എന്ന ചാന്ദ്രപേടകം ദെക്കാര്‍തേ പര്‍വതപ്രദേശത്ത് കെയ്ലി ഫോര്‍മേഷന്‍ (Cayley Formation) എന്ന സ്ഥലത്തിറങ്ങി. ഇവിടെ 313 ഗാമാകാന്തമണ്ഡലം നിലനില്ക്കുന്നതായി വെളിപ്പെടുത്തി. ചന്ദ്രനില്‍ നടത്തിയ സീസ്മിക് പരീക്ഷണങ്ങള്‍, അതിന് ഒരു കാതല്‍ (Core) ഉണ്ടെന്നതിന് തെളിവു നല്കി.

ചാലഞ്ചര്‍ എന്ന ചാന്ദ്രപേടകത്തില്‍ ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞനായ ഹാരിസണ്‍ എച്ച്. ഷ്മിട്ട് ചന്ദ്രനിലെത്തിയത് അപ്പോളോ 17-ന്റെ നേട്ടമായിരുന്നു. ബഹിരാകാശയാത്രക്കാരില്‍ ഒരേ ഒരു ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സീസ്മോ മീറ്റര്‍, ഗ്രാവിറ്റി മീറ്റര്‍, മാസ് സ്പെക്ട്രോമീറ്റര്‍, കോസ്മിക് റേ ഡിറ്റക്റ്റര്‍ എന്നിവ ഉപരിതലത്തില്‍ സ്ഥാപിച്ചു. പ്രപഞ്ചത്തിലാകമാനം സഞ്ചരിക്കുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ (gravity waves) അറിയുന്നതിനുള്ള ഉപകരണമാണ് ഗ്രാവിറ്റിമീറ്റര്‍. ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്ക് ഒരുത്തമ വേദിയാണ് ചന്ദ്രന്‍.

ലുനോഖോദ്.

സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ ഇറക്കിയ റോബോട്ട് നിയന്ത്രിത വാഹനമായ ലുനോഖോദിനെ (Robotic Lunar Rover) പൂര്‍ണമായും ഭൂമിയില്‍ നിന്നായിരുന്നു നിയന്ത്രിച്ചിരുന്നത്. 1970-73 വര്‍ഷങ്ങളില്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലൂണാ (Luna) ശ്രേണിയില്‍പ്പെട്ട ബഹിരാകാശ വാഹനങ്ങളാണ് ലുനോഖോദിനെ ചന്ദ്രോപരിതലത്തിലെത്തിച്ചത്. 'ചാന്ദ്രാന്വേഷി' എന്നാണ് ലുനോഖോദ് എന്ന റഷ്യന്‍ പദത്തിനര്‍ഥം.

ചാന്ദ്രപ്രതലത്തെ സംബന്ധിച്ചുള്ള പഠനങ്ങളായിരുന്നു ലുനോഖോദിന്റെ മുഖ്യ ലക്ഷ്യം. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലേക്കയയ്ക്കുന്നതിന്റെ മുന്നൊരുക്കം എന്ന നിലയിലും ഈ ചാന്ദ്ര പര്യവേക്ഷണ പദ്ധതി ശ്രദ്ധേയമായി. 1969 ഫെ. 19-ന് ഈ ചാന്ദ്രവാഹനം വിക്ഷേപിക്കപ്പെട്ടെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നീട് ലുനോഖോദ്-1, ലുനോഖോദ്-2 എന്നീ വാഹനങ്ങള്‍ ലൂണാ ബഹിരാകാശ വാഹനം വഴി വിജയകരമായി ചന്ദ്രനിലിറക്കി.

1970 ന. 11-ന് ലുനോഖോദ്-I വിക്ഷേപിക്കപ്പെട്ടു. ലൂണാ ശ്രേണിയിലെ ലൂണാ-17 ആയിരുന്നു ഇതിനെ ചന്ദ്രോപരിതലത്തിലെത്തിച്ചത്. ന. 17-ന് ചന്ദ്രോപരിതലത്തിലെ 'സീ ഒഫ് റെയ്ന്‍സില്‍' ലുനോഖോദ്-1 വിജയകരമായി ഇറങ്ങി. ചന്ദ്രോപരിതല പഠനത്തിനായി ഈ വാഹനത്തില്‍ എക്സ്-റേ സ്പെക്ട്രോമീറ്റര്‍, എക്സ്-റേ ദൂരദര്‍ശിനി, കോസ്മിക കിരണ ഡിറ്റക്ടറുകള്‍, ലേസറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. 322 ഭൂദിനങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച ലുനോഖോദ്-1 ഇതിനിടെ, ചന്ദ്രന്റെ 20,000-ത്തിലധികം ടി.വി. ചിത്രങ്ങള്‍ എടുത്തു. കൂടാതെ, ചന്ദ്രോപരിതലത്തിലെ മണ്ണ് ഉപയോഗിച്ച് 25-ഓളം പരീക്ഷണങ്ങള്‍ നടത്താനും സാധിച്ചു.

1973 ജനു. 2-ന് ലുനോഖോദ്-2 വിക്ഷേപിക്കപ്പെട്ടു. ലൂണാ-21 ഇതിനെ ചന്ദ്രനിലെ 'ലേ മോണിയര്‍' ഗര്‍ത്തത്തില്‍ ഇറക്കി. ഈ വാഹനത്തില്‍ മൂന്ന് സ്ലോ സ്കാന്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു പുറമേ, ഒരു അസ്ട്രോ ഫോട്ടോമീറ്ററും ഘടിപ്പിച്ചിരുന്നു. നാല് മാസത്തോളം പ്രവര്‍ത്തനനിരതമായ ലുനോഖോദ്-2 ചന്ദ്രോപരിതലത്തിന്റെ 80,000 ടി.വി. ചിത്രങ്ങളാണ് എടുത്തയച്ചത്. തുടര്‍ന്ന് ലുനോഖോദ്-3 രൂപകല്പന ചെയ്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപിക്കാനായില്ല.

അന്തിമ വിശകലനം

നാലര ദശാബ്ദക്കാലത്തെ ചാന്ദ്രപര്യവേക്ഷണങ്ങള്‍ അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ മനുഷ്യന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ നിരവധി അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നാസ, യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി, ബള്‍ഗേറിയന്‍ സ്പെയ്സ് ഏജന്‍സി, ജാക്സ് (ജപ്പാന്‍), ഐ.എസ്.ആര്‍.ഒ. തുടങ്ങിയ ബഹിരാകാശസംഘടനകളാണ് ചാന്ദ്രപര്യവേക്ഷണരംഗത്ത് നാളിതുവരെ സുപ്രധാന ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്.

1990-ലാണ് ജപ്പാന്‍ ആദ്യമായി ചാന്ദ്രപര്യവേക്ഷണത്തിലേര്‍പ്പെടുന്നത്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഗവേഷണ സംഘടനയായ ജാക്സയാണ് (Japan Aerospace Exploraton Agency, JAXA ) പ്രസ്തുത ദൗത്യത്തിന് നേതൃത്വം നല്‍കിയത്. 1990-ല്‍ ജപ്പാന്‍ വിക്ഷേപിച്ച ഹിറ്റെന്‍ (Hiten) എന്ന ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. മനുഷ്യനിയന്ത്രിതമല്ലാത്ത ഈ പര്യവേക്ഷണം ഹഗാരോമോ (Hagaromo) പദ്ധതി എന്നറിയപ്പെടുന്നു. എന്നാല്‍, ചാന്ദ്രഭ്രമണപഥത്തില്‍ പ്രവേശിച്ച ഉടന്‍ പേടകത്തിലെ ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് 2007-ല്‍ ജപ്പാന്‍ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ സെലിനേ (SELENE) വിക്ഷേപിച്ചു. സെലിനോളജിക്കല്‍ എന്‍ജിനീയറിങ് എക്സ് പ്ലോറര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് സെലിന്‍. ചന്ദ്രന്റെ ഉദ്ഭവത്തെയും പരിണാമത്തെയും കുറിച്ചു പഠിക്കുന്നതിനു പുറമേ ചന്ദ്രന്റെ പ്രതലസവിശേഷതകള്‍ മനസ്സിലാക്കുക എന്നതും സെലിനേയുടെ ലക്ഷ്യമായിരുന്നു.

സ്മാര്‍ട്ട്-1 (SMART-I) ആണ് ചാന്ദ്രപര്യവേക്ഷണാര്‍ഥം യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി വിക്ഷേപിച്ച (2003 സെപ്. 27) പ്രഥമ ബഹിരാകാശ പേടകം. എക്സ്-റേ, ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യങ്ങളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി നിരീക്ഷണവിധേയമാക്കുകയായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം. 2006 സെപ്. 3 വരെ പ്രവര്‍ത്തനനിരതമായിരുന്ന സ്മാര്‍ട്ട്-1 ഒടുവില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കി തകര്‍ക്കുകയായിരുന്നു.

2007-ല്‍ ചൈനയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചാങ് യാഥാര്‍ഥ്യമായി. റോബോട്ട് നിയന്ത്രിതവാഹനമായിരുന്ന ഇതിന്റെ ദൗത്യം പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുകയായിരുന്നു.

2009-ഓടെയാണ് ഇന്ത്യ ചാന്ദ്രപര്യവേക്ഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയാണ് (ISRO) ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നാസ, യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി, ബള്‍ഗേറിയന്‍ സ്പെയ്സ് ഏജന്‍സി എന്നീ അന്തര്‍ദേശീയ ബഹിരാകാശ സംഘടനകളുടെ സഹകരണത്തോടെ ചാന്ദ്രയാന്‍-ക ഉം ചാന്ദ്രയാന്‍-II ഉം ആസൂത്രണം ചെയ്യുകയും ചാന്ദ്രയാന്‍-ക വിജയകരമായി വിക്ഷേപിക്കുകയുമുണ്ടായി. നോ: ചാന്ദ്രയാന്‍

ചാന്ദ്രയാന്‍ II-നെ കൂടാതെ ചാന്ദ്രോപരിതലത്തില്‍ ചാന്ദ്രവാഹനം (Moon Rover) ഇറക്കി പരീക്ഷണം നടത്തുവാനും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്ന ഒരു ചാന്ദ്രപര്യവേക്ഷണപദ്ധതിക്കും ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നുണ്ട്.

1994-ല്‍ വിക്ഷേപിച്ച ക്ലെമന്റൈന്‍ (Clementine) എന്ന ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം വിസ്തൃതമായൊരു തടപ്രദേശത്ത് ഘനീഭവിച്ച ജലപിണ്ഡത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവകാശപ്പെടുകയുണ്ടായി. 1998-ല്‍ വിക്ഷേപിച്ച നാസയുടെ ലൂണാര്‍ പ്രോസ്പെക്ടറും ചന്ദ്രന്റെ തെക്കും വടക്കും ധ്രുവപ്രദേശങ്ങളെ സംബന്ധിച്ച നിരവധി വിലപ്പെട്ട വിവരങ്ങള്‍ നല്കി. ഇതില്‍ നിന്നും ധ്രുവപ്രദേശങ്ങളില്‍ ഹിമപ്പരലുകള്‍ മണ്ണുമായി കലര്‍ന്ന അവസ്ഥയില്‍ കണ്ടേക്കാമെന്ന് ഊഹിക്കുന്നു. ചന്ദ്രന്റെ ഉദ്ഭവത്തെ സംബന്ധിച്ച് ധാരാളം സൂചനകള്‍ ചാന്ദ്രപര്യവേക്ഷണങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും ഒരു അന്തിമ സിദ്ധാന്തം രൂപീകരിക്കാന്‍ ഇനിയും ധാരാളം പഠനങ്ങള്‍ ആവശ്യമാണ്. വാനനിരീക്ഷണാലയങ്ങള്‍ പണിയുന്നതിനെക്കുറിച്ചും വായുരഹിതാവസ്ഥയില്‍ നടത്തേണ്ട പരീക്ഷണങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ലബോറട്ടറികളും മറ്റും ചന്ദ്രനില്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും ചന്ദ്രനിലേക്കുള്ള ടൂറിസ്റ്റ് പരിപാടികളെക്കുറിച്ചും ചാന്ദ്രപര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഹീലിയം-3 പോലെ വിലപിടിച്ച വിഭവങ്ങളും (ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഇന്ധനമായി (He3) ഉപയോഗിക്കാന്‍ കഴിയും) ചന്ദ്രനില്‍ ലഭ്യമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വരുംകാലങ്ങളില്‍ ചാന്ദ്രപര്യവേക്ഷണം ഊര്‍ജിതമാക്കാനുളള ശ്രമത്തിലാണ് നാസയും മറ്റുപല ഏജന്‍സികളും. ചൈനയും ഇന്ത്യയും ഈ രംഗത്തേക്കു പ്രവേശിച്ചത് അതിന്റെ ഗതിവേഗം ഇരട്ടിപ്പിക്കും എന്നാണ് പ്രതീക്ഷ. നോ: ചന്ദ്രന്‍, ചാന്ദ്രയാന്‍, ചാന്ദ്രശില

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍