This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമീര്‍ചന്ദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമീര്‍ചന്ദ് (1869 - 1915)
ഉത്തരേന്ത്യയിലെ ആദ്യകാല വിപ്ളവകാരികളില്‍ പ്രമുഖന്‍. അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. പ്രസിദ്ധ നിയമജ്ഞനായ റോയ് ഹുക്കുംചന്ദ് വൈശ്യയുടെ മകനായി 1869-ല്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം ഡല്‍ഹിയിലെ കേംബ്രിഡ്ജ് മിഷന്‍ ഹൈസ്കൂളില്‍ അധ്യാപകനായി. വിധവാ വിവാഹം, മദ്യവര്‍ജനം തുടങ്ങിയ സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാസ്റ്റര്‍ അമീര്‍ചന്ദ് വളരെ ജനസമ്മതി ആര്‍ജിച്ചു. 1905-ല്‍ ബംഗാളില്‍ സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഇദ്ദേഹം അതിന്റെ പ്രചാരകനായി.
നാട്ടിലെ ഉല്പന്നങ്ങള്‍ ശേഖരിച്ചു വില്ക്കുന്നതിനുവേണ്ടി അമീര്‍ചന്ദ് ഒരു സ്വദേശി സ്റ്റോര്‍ തുടങ്ങി. കിനാരീ ബസാറില്‍ ഒരു ദേശീയ ഗ്രന്ഥാലയവും ഇദ്ദേഹം സ്ഥാപിച്ചു. ഇദ്ദേഹം സ്ഥാപിച്ച 'നാഷനല്‍ പ്രസ്' ദേശസ്നേഹപരമായ അനവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രാമതീര്‍ഥരുടെ ആരാധകനായിരുന്ന മാസ്റ്റര്‍ അമീര്‍ചന്ദ് സ്വാമികളുടെ കൃതികള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഉത്സാഹം നിമിത്തമാണ് രാമതീര്‍ഥരുടെ പല കൃതികളും വെളിച്ചം കണ്ടത്.
ലാലാഹര്‍ദയാല്‍, റാസ്ബിഹാരി ബോസുമായി സഹകരിച്ച് ഒരു വിപ്ളവ സംഘത്തിന് രൂപം നല്കിയിരുന്നു. അമീര്‍ചന്ദും ആ സംഘത്തില്‍ ചേര്‍ന്നു. പിന്നീട് ഗദര്‍പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിത്തീര്‍ന്ന ലാലാ ഹര്‍ദയാല്‍ വിദേശത്തേക്കു പോയപ്പോള്‍ വിപ്ളവസംഘത്തിന്റെ നേതൃത്വം അമീര്‍ചന്ദ് ഏറ്റെടുത്തു.
ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നു ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ പുതിയ വൈസ്രോയി ഹാര്‍ഡിഞ്ജ് പ്രഭു ആര്‍ഭാടപൂര്‍വം നഗരപ്രവേശനം നടത്താന്‍ തീരുമാനിച്ചു. 1912 ഡി. 12-ന് ഘോഷയാത്ര ചാന്ദ്നീ ചൌക്കില്‍ എത്തിയപ്പോള്‍ ആനപ്പുറത്തിരിക്കുകയായിരുന്ന വൈസ്രോയിയുടെ നേരെ ആരോ ബോംബെറിഞ്ഞു. തലയ്ക്ക് മുറിവേറ്റ വൈസ്രോയി ബോധരഹിതനായെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആനക്കാരന്‍ മരിച്ചു. വൈസ്രോയിയുടെ വധശ്രമത്തെ പ്രശംസിക്കുന്ന ഒരു ലഘുലേഖ വിപ്ളവകാരികള്‍ വിതരണം ചെയ്തു. മാതൃഭൂമിയുടെ ശത്രുക്കളെ നശിപ്പിക്കാന്‍ ഗീതയുടെയും വേദങ്ങളുടെയും ഖുര്‍ആനിന്റേയും പേരില്‍ പ്രസ്തുത ലഘുലേഖ നാട്ടുകാരെ ആഹ്വാനം ചെയ്തു.
കല്‍ക്കത്തയിലെ രാജാബസാര്‍ അനുശീലന്‍ സമിതി ആഫീസില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് അമീര്‍ചന്ദിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും കുറെ കത്തുകളും വിപ്ളവസാഹിത്യങ്ങളും ബോംബുണ്ടാക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. മാസ്റ്റര്‍ അമീര്‍ചന്ദും അദ്ദേഹത്തിന്റെ അനന്തിരവന്‍ സുല്‍ത്താന്‍ ചന്ദും സഹായി അവധ്ബിഹാരിയും അറസ്റ്റിലായി.
വൈസ്രോയി വധശ്രമവും ലാഹോറിലെ ബോംബേറും ആരോപിച്ച് പൊലീസ് പതിമൂന്നു പ്രതികളെച്ചേര്‍ത്ത് ഡല്‍ഹി ഗൂഢാലോചന കേസ് ചാര്‍ജ് ചെയ്തു. കേസ് വിചാരണ ഏഴുമാസം നീണ്ടുനിന്നു. ബോംബെറിഞ്ഞ വ്യക്തിയെ ചൂണ്ടിപ്പറയുന്ന ഒരു സാക്ഷിയെയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഗൂഢാലോചനയില്‍ അമീര്‍ ചന്ദിന്റെ പങ്കു തെളിയിക്കാനായി പൊലീസ് ഹാജരാക്കിയത് ഇദ്ദേഹം എഴുതിയ ഒരു ലഘു ലേഖയാണ്. ലഘുലേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു: 'വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ഇന്ത്യക്ക് ഒന്നും നേടാനാവുകയില്ല. നമുക്ക് സ്വാതന്ത്യ്രം നേടാനുള്ള ഒരേ ഒരു മാര്‍ഗം വിപ്ളവമാകുന്നു. ചൂഷകര്‍ സ്വമനസ്സാലെ ഒരിക്കലും സ്വാതന്ത്യ്രം നല്‍കുകയില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ചൂഷിത വര്‍ഗത്തിന് സ്വാതന്ത്യ്രം നേടിത്തരാന്‍ വാളിനു മാത്രമേ കഴിയൂ.
മാസ്റ്റര്‍ അമീര്‍ ചന്ദിനോടൊപ്പം അവധ് ബിഹാരി, ബാല്‍മുകുന്ദ്, വസന്ത്കുമാര്‍ വിശ്വാസ് എന്നീ വിപ്ളവകാരികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. അര്‍പ്പണബോധമുള്ള അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു മാസ്റ്റര്‍ അമീര്‍ചന്ദ്. കേസ് വിചാരണ ചെയ്ത ബ്രിട്ടിഷുകാരനായ ജഡ്ജി ഇങ്ങനെ പ്രസ്താവിച്ചുവത്രേ: - "അമീര്‍ചന്ദിനെപ്പോലുള്ള ദേശസ്നേഹികള്‍ ഉദ്ദിഷ്ടകാര്യത്തിനുള്ള ഭ്രാന്ത് എന്ന ദോഷം ഒഴിച്ചാല്‍ കറ പുരളാത്ത സ്വഭാവമുള്ള ആദരണീയരാണ്.
(ഡോ. നന്ദിയോട് രാമചന്ദ്രന്‍)