This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗിരസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:35, 7 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അംഗിരസ്സ്

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹര്‍ഷി. ഇരുപത്തൊന്നു പ്രജാപതികളിലും സപ്തര്‍ഷികളിലും ഒരാള്‍; പിതൃക്കളുടെയും ദേവന്‍മാരുടെയും പുരോഹിതന്‍; യാഗാധീശനായും ചിലപ്പോള്‍ അഗ്നിപിതാവായും ശ്രുതികളില്‍ പരാമൃഷ്ടന്‍; അനേകം വേദസൂക്തങ്ങളുടെ കര്‍ത്താവ്; മേരുവില്‍ ശിവപാര്‍വതിമാരെ ശുശ്രൂഷിച്ച മഹര്‍ഷികളില്‍ ഒരാള്‍. ആഗ്നേയി(അഗ്നികന്യക)യുടെ ഗര്‍ഭത്തില്‍നിന്നു ജനിച്ചവന്‍ എന്ന അര്‍ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. ശിവന്‍ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാര്‍ത്തനായിത്തീര്‍ന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവന്‍ അതു യാഗാഗ്നിയില്‍ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ 'അംഗാര' (തീക്കനല്‍) ത്തില്‍നിന്ന് ഉദ്ഭവിച്ചവനാകയാല്‍ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. അര്‍ജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തില്‍ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവര്‍ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അര്‍ച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍ എന്നു രണ്ടു പുത്രന്‍മാര്‍ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണുന്നു. അപുത്രനായ രഥീതരന്‍ എന്ന ക്ഷത്രിയന്റെ ഭാര്യയില്‍ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രന്‍മാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥര്‍വനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവന്‍മാരാണ്. ഇവരുടെ പിന്‍ഗാമികളെ പൊതുവില്‍ 'അഥര്‍വാംഗിരസന്‍മാര്‍' എന്നു വിളിച്ചുവന്നു. ആംഗിരസന്‍മാരെ അഗ്നിയോടും യാഗകര്‍മങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമര്‍ശം വൈദികസാഹിത്യത്തില്‍ പലേടത്തും കാണാം. അവര്‍ വിദേഹരാജാക്കന്‍മാരുടെയും വൈശാലിരാജാക്കന്‍മാരുടെയും വംശപുരോഹിതന്‍മാരായിരുന്നിട്ടുണ്ട്. ഉതഥ്യന്‍, മാര്‍ക്കണ്ഡേയന്‍, ദീര്‍ഘതമസ്സ്, ഘോരന്‍ എന്നിവര്‍ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തില്‍പ്പെട്ട അറുപതു വര്‍ഷങ്ങളില്‍ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.

അംഗിരസ്സ് എന്നപേരില്‍ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍