This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചണമ്പ്

പാപ്പിലയൊണേസി സസ്യകുലത്തില്‍പ്പെടുന്ന ഒരു നാരുവിള. ശാ.നാ. ക്രോട്ടലേറിയ ജന്‍സിയ (Crotalaria juncea). കാട്ടുചണം, സണ്‍ഹെംപ്, വക്ക്, പുളിവന്നി, ബനാറസ് ചണം, ബോംബെ ചണം, ദേവഗുഡി ചണം എന്നിങ്ങനെ പല പേരുകളില്‍ ചണമ്പ് അറിയപ്പെടുന്നു. സാധാരണ ചണം കഴിഞ്ഞാല്‍ ഏറ്റവും നല്ല നാരുവിളയായി കണക്കാക്കപ്പെടുന്നത് ചണമ്പ് ആണ്. പച്ചിലവളത്തിനായും കാലിത്തീറ്റയ്ക്കായും ചിലയിടങ്ങളില്‍ ഇത് കൃഷിചെയ്യപ്പെടുന്നുണ്ട്.

ഏകദേശം മൂന്നുമീറ്ററോളം ഉയരത്തില്‍ വളരുന്ന നീണ്ടുവണ്ണം കുറഞ്ഞ ചെടിയാണിത്. തണ്ടിന് അരസെന്റിമീറ്ററോളം വ്യാസം വരും. തണ്ടിന്റെ പുറമേയുള്ള തൊലിയിലാണ് നീണ്ട നാരുകളുള്ളത്. ഫ്ളോയം സ്ക്ളീറെന്‍കൈമ കോശങ്ങളാണ് ഇതിന്റെ നാര്. ഇത് ലിഗ്നീകൃതമായിരിക്കും. തണ്ടിന്റെ ഉള്‍ഭാഗം തടിപോലുള്ളതും പിത്തുകൊണ്ട് നിറഞ്ഞതുമാണ്.

ചണമ്പിന് വളരെ പ്രബലമായ ഒരു നാരായവേരും ധാരാളം പാര്‍ശ്വവേരുകളും അടങ്ങിയ ശക്തമായ ഒരു മൂല്യവ്യൂഹമാണുള്ളത്. വേരില്‍ വളരെയധികം ചെറിയ മുഴകളുടെ രൂപത്തിലുള്ള മൂലാര്‍ബുദങ്ങള്‍ ഉണ്ടായിരിക്കും. ഇവയിലെ അണുജീവികള്‍ അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പാകത്തില്‍ ലവണരൂപത്തിലാക്കുന്നു.

ഇലകള്‍ ചെറുതും വീതികുറഞ്ഞ് കുന്താകാര(lanceolate)ത്തോടുകൂടിയതുമാണ്. വളരെച്ചെറിയ ഒരു ഇലത്തണ്ടുകൊണ്ടു ഇലയെ തണ്ടിനോടു ഘടിപ്പിച്ചിരിക്കുന്നു. ചണമ്പുചെടിക്ക് സാധാരണയായി ശാഖകളുണ്ടാകാറില്ല. എന്നാല്‍ ചെടിയുടെ അഗ്രമുകുളം മുറിച്ചു മാറ്റിയാല്‍ ശിഖരങ്ങളുണ്ടാകും. മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളോടുകൂടിയ പൂക്കുലകള്‍ കാണ്ഡത്തിന്റെ അഗ്രത്തിലുണ്ടാകുന്നു. പരപരാഗണം നടന്നാലേ കായ്കളുണ്ടാവുകയുള്ളു. കായ്കള്‍ ചെറുതും കുഴല്‍രൂപത്തിലുള്ളതുമായിരിക്കും. ഉപരിതലം ചുളുങ്ങിയതും ലോമിലവുമാണ്. ഇതിന്റെ മുകള്‍വശത്ത് നെടുനീളത്തില്‍ ഒരു പൊഴിയുണ്ട്. പാകമാകുമ്പോള്‍ ഇതിന് ഇളം മഞ്ഞനിറമോ തവിട്ടുനിറമോ ആയിരിക്കും. കായ്കള്‍ക്കുള്ളില്‍ കറുത്തു പരന്ന ചെറിയ വിത്തുകള്‍ സ്വതന്ത്രമായി കിടക്കും. ഉണങ്ങിയ കായ്ക്കുള്ളില്‍ കിടന്ന്  വിത്തുകള്‍ കുലുങ്ങി പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ചെടികള്‍ക്ക് കാസ്റ്റാനെറ്റ് എന്ന പേരുണ്ടായത്.

മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചണമ്പ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലാണ് ഈ കൃഷി കൂടുതലായുള്ളത്. അലൂവിയല്‍ ലോം മണ്ണാണ് ഇതിന് ഏറ്റവും പറ്റിയത്. മഴയെമാത്രം ആശ്രയിച്ചാണ് കാട്ടുചണം കൃഷിചെയ്യുന്നത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ കാലവര്‍ഷാരംഭത്തോടുകൂടി ചണമ്പ് വിതയ്ക്കുന്നു. വിതച്ചാലുടനെ വിത്ത് മൂടത്തക്കവിധം മണ്ണിടണം മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിത്തുകള്‍ മുളയ്ക്കുന്നു. കാലവര്‍ഷം ശക്തിപ്പെടുമ്പോഴേക്കും ചെടികള്‍ നന്നായി വളരുന്നു. പച്ചിലവളത്തിനുവേണ്ടിയുള്ള കൃഷിയാണെങ്കില്‍ ചെടികളെ രണ്ടുമാസം കഴിയുമ്പോള്‍ മണ്ണില്‍ ഉഴുതു ചേര്‍ക്കുന്നു.

പലയിനം ചണമ്പ് കൃഷിചെയ്യപ്പെടുന്നുണ്ട്. വളര്‍ച്ചക്കാല ദൈര്‍ഘ്യം, ശാഖകളുണ്ടാകുന്ന സ്വഭാവം, ലഭ്യമാകുന്ന നാരിന്റെ അളവും ഗുണവും എന്നിവയെ ആധാരമാക്കിയാണ് ചണമ്പിനെ വിവിധയിനങ്ങളായി തിരിക്കുന്നത്. വിതച്ചുകഴിഞ്ഞ് നാല്-നാലരമാസം കൊണ്ട് വിത്ത് ലഭിക്കത്തക്ക മൂപ്പെത്തുന്നു. എങ്കിലും നാര് എടുക്കുന്നതിന് മൂന്നര-നാലു മാസത്തെ വളര്‍ച്ച മതിയാവും. പച്ചിലവളത്തിനും കാലിത്തീറ്റയ്ക്കുമായുള്ള കൃഷിയാണെങ്കില്‍ ഇതിലും കുറഞ്ഞ കാലയളവില്‍ വിളവെടുക്കാം.

കായ്കളുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് നാരു വേര്‍തിരിച്ചെടുക്കുന്നതിനുവേണ്ടി ചെടികള്‍ പറിച്ചെടുക്കുകയോ, മുറിച്ചെടുക്കുകയോ ചെയ്യുന്നു. ഇവയെ ചെറിയ കെട്ടുകളാക്കി ഏതാനും ദിവസം തറയിലിട്ട് ഉണക്കുന്നു. ഉണങ്ങിയ ചെടികളെ അഴുക്കാനുള്ള കുളങ്ങളിലേക്കും ടാങ്കുകളിലേക്കും മാറ്റുന്നു. കെട്ടുകള്‍ വെള്ളത്തില്‍ താഴ്ന്നിരിക്കുന്നതിനായി അവയ്ക്കു മുകളില്‍ ഭാരം കയറ്റിവയ്ക്കുന്നു. ഒരാഴ്ചകൊണ്ട് ചെടികള്‍ അഴുകുന്നു. അതിനുശേഷം കെട്ടുകള്‍ വെള്ളത്തില്‍ നിന്നെടുത്ത് നാരുകളടങ്ങിയ പുറംചട്ട വേരിന്റെ ഭാഗത്തുനിന്ന് മുകളിലേയ്ക്കു നീളത്തില്‍ വേര്‍പെടുത്തിയെടുക്കുന്നു. കല്ലില്‍ അടിച്ച് വെള്ളത്തില്‍ കഴുകുമ്പോള്‍ മാലിന്യങ്ങളും സസ്യഭാഗങ്ങളും വേര്‍പെട്ട് നാരുകള്‍ മാത്രം നീളമുള്ള പാളികളായി ലഭ്യമാവുന്നു. ഈ നാരുകള്‍ രണ്ടോ മൂന്നോ ദിവസം വീണ്ടും ഉണക്കണം. അതിനുശേഷം പിരിച്ചുസൂക്ഷിക്കുന്നു. നല്ല തെളിഞ്ഞ വെള്ളത്തില്‍ അഴുക്കി കഴുകിയെടുത്ത നാരുകള്‍ നല്ല നിറമുള്ളതായിരിക്കും. അഴുക്കി നാരെടുക്കാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍, ചെടികളെ റോളറുകള്‍ക്കിടയില്‍ ചതച്ച് ചീകല്‍ യന്ത്രങ്ങളുപയോഗിച്ച് ചീകി തടിയും മാലിന്യങ്ങളും നീക്കി നാരുകള്‍ വേര്‍തിരിച്ചെടുക്കുകയാണ് പതിവ്. ഇതിനെ ശുഷ്കപ്രക്രിയ (dry process) എന്നു പറയുന്നു. പലതരത്തിലുള്ള കയറുകള്‍, പരുക്കന്‍തുണി, ധാന്യസഞ്ചികള്‍, ടെന്റ്തുണി, മീന്‍പിടിത്തവല എന്നിവയുണ്ടാക്കുന്നതിന് ചണമ്പ് ഉപയോഗിക്കുന്നു. ഇതിന്റെ നാര് സാധാരണ ചണനാരിനെക്കാള്‍ക്കൂടുതല്‍ ബലമുള്ളതും ഈടുള്ളതും വെള്ളത്തിന്റെ പ്രവര്‍ത്തനത്തെ നേരിടുന്നതിന് ശക്തികൂടിയതുമാണ്. റയോണ്‍, കൃത്രിമപ്പട്ട്, റാപ്പിങ് പേപ്പര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന നാരുവിളയാണിത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A3%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍