This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:03, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചണം

ടിലിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു നാരുവിള. കാര്‍ഷിക വ്യാവസായികവിളകളില്‍ രണ്ടാം സ്ഥാനമാണു ഇതിനുള്ളത്. കോര്‍ക്കോറസ് കാപ്സുലാരിസ് (Corchorus capsularis), കോര്‍ക്കോറസ് ഒളിറ്റോറിയസ് (C. olittorius) എന്നീ രണ്ടു സ്പീഷീസുകളാണ് സാധാരണയായി ചണനാരിന്റെ ആവശ്യത്തിനായി കൃഷിചെയ്തു വരുന്നത്. ഇവ രണ്ടും ഒറ്റനോട്ടത്തില്‍ ഏകദേശം ഒരുപോലെ തോന്നുമെങ്കിലും സൂക്ഷ്മപരിശോധനയില്‍ ഇവ തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കാം. ഏകദേശം നാല്പതില്‍ അധികം സ്പീഷീസുകള്‍ കോര്‍ക്കോറസില്‍ ഉണ്ടെങ്കിലും അവ ഒന്നുംതന്നെ കൃഷിചെയ്യപ്പെടുന്നവയല്ല.

മനുഷ്യന്‍ ചണം ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എന്നതിനെപ്പറ്റി വ്യക്തമായ രേഖകള്‍ ലഭ്യമല്ല. വേദങ്ങളിലും, മഹാഭാരതത്തിലും മറ്റും ചണനാരിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ ചണം ധാരാളമായി കൃഷിചെയ്തിരുന്നുവെന്നും, ചണനാര് വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെട്ടിരുന്നുവെന്നുമുള്ളതിന് മതിയായ തെളിവുകളുണ്ട്. 1590-ല്‍ അബുല്‍ ഫാസല്‍ എഴുതിയ ആയിനെ-അക്ബരി എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ചണനാരുകൊണ്ടുണ്ടാക്കിയ തുണിയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 1743-ല്‍ റംഫിയസ് എന്ന ഗ്രന്ഥകാരനും കാപ്സുലാരിസ് എന്നൊരിനം ചണച്ചെടിയെപ്പറ്റി പരാമര്‍ശിക്കുന്നു. ബംഗാളില്‍ ഈ ചെടി ഒരു ഇലക്കറിയെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഇതില്‍ സൂചനയുണ്ട്. എങ്കിലും ഈ ചെടിയുടെ ഉദ്ഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഒന്നുംതന്നെ ഇല്ലെന്നു പറയാം. ജീനസ് നാമമായ കോര്‍ക്കോറസ് എന്ന പദം ഈജിപ്ഷ്യന്‍ പദമായ 'കോര്‍ക്കോസില്‍' നിന്നാണ് ഉണ്ടായതെന്നും, ചണത്തിന്റെ ഉദ്ഭവംതന്നെ ഈജിപ്തിലാണെന്നുമാണ് റോയ്ലി (1858)ന്റെ പക്ഷം. ബെന്‍താം, മുള്ളര്‍ (1863) എന്നിവരുടെ അഭിപ്രായം ചണത്തിന്റെ ഉദ്ഭവസ്ഥലം ഏഷ്യയോ ആഫ്രിക്കയോ ആയിരിക്കാം എന്നാണ്. എന്നാല്‍ പ്രസിദ്ധ ശാസ്ത്രകാരനായ വാവിലോവ് അഭിപ്രായപ്പെടുന്നത് ഈ ചെടിയുടെ ഏറ്റവും കൂടുതല്‍ സ്പീഷീസുകള്‍ കാണപ്പെടുന്ന സ്ഥലമായിരിക്കാം ഇതിന്റെ ഉദ്ഭവസ്ഥാനമെന്നാണ്. ഒളിറ്റോറിയസ് ചണം ധാരാളമായി കാണുന്നത് ആഫ്രിക്കയിലാണ്. എന്നാല്‍ കാപ്സുലാരിസ് ചണമാകട്ടെ അവിടെയൊട്ടില്ലതാനും. കുണ്‍ടു (Kundu, 1957) വിന്റെ നിഗമനം ഒളിറ്റോറിയസ് ചണത്തിന്റെ ഉദ്ഭവസ്ഥാനം ആഫ്രിക്കയെന്നാണ്. കാപ്സുലാരിസ് ചണത്തിന്റേത് ഇന്തോ-മ്യാന്‍മര്‍ പ്രദേശങ്ങളാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

ചണം ധാരാളമായി കൃഷിചെയ്യുന്നത് ആഫ്രിക്ക, അമേരിക്ക, ആസ്റ്റ്രേലിയ, ചൈന, ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ജാവ, മലയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ഇന്ത്യയില്‍ ചണം കൂടുതല്‍ കൃഷിചെയ്യുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.

ചണംകൃഷിക്ക് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് അനുയോജ്യമായത്. 16oC മുതല്‍ 38oC വരെ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ചണം നന്നായി വളരുന്നത്. ബംഗാളിലും, ബീഹാറിലും, ഒഡിഷയിലും ഉത്തര്‍പ്രദേശിലും ചൂട് ഈപരിധിയില്‍ ആയതിനാല്‍ അവിടെ ചണം നന്നായി വളരുന്നു. മഴയെ ആശ്രയിച്ചാണ് ചണം കൃഷിചെയ്തുവരുന്നത്. ചണം നന്നായി വളരാന്‍ ഏകദേശം 150 സെ.മീ. മഴയെങ്കിലും ആവശ്യമാണ്. ഇതില്‍ത്തന്നെ ചുരുങ്ങിയത് 25 സെന്റിമീറ്ററോളം ഏപ്രില്‍-മേയ് മാസങ്ങളില്‍ കിട്ടിയിരിക്കുകയും വേണം. ആകെ ലഭിക്കുന്ന മഴയുടെ അളവിനെക്കാള്‍ പ്രധാനം അത് എപ്പോഴെല്ലാം ലഭിക്കുന്നു എന്നതാണ്. മഴയും സൂര്യപ്രകാശവും ഇടവിട്ടു ലഭിച്ചാല്‍ ഈ കൃഷി ആദായകരമായ രീതിയില്‍ നടത്തുവാന്‍ സാധിക്കും. ഇന്ത്യയില്‍ ചണക്കൃഷി നടത്തുന്ന പല സ്ഥലങ്ങളും വെള്ളപ്പൊക്കത്തിനിരയാകാറുണ്ട്. ഇത് ചണനാരിന്റെ മേന്മയെ ബാധിക്കുമെങ്കിലും മൊത്ത വിളവില്‍ വലിയ വ്യത്യാസമുണ്ടാവാറില്ല. പശിമരാശിമണ്ണുള്ള ഫലഭൂയിഷ്ഠമായ പ്രദേശങ്ങളാണ് ചണം കൃഷിക്ക് ഏറ്റവും അനുയോജ്യം. എങ്കിലും ചരലും കല്ലും നിറഞ്ഞ പ്രദേശങ്ങളൊഴിച്ച് ബാക്കി എല്ലായിടത്തും ചണം കൃഷിചെയ്യാവുന്നതാണ്. ചിലയിനം ചണങ്ങള്‍ ുഒ5 അമ്ളക്ഷാരസൂചികയുള്ള മണ്ണില്‍പ്പോലും വളരാറുണ്ട്.

ചണത്തിന്റെ വിത്ത് വിതറി വിതയ്ക്കണം. കാപ്സുലാരിസ് ചണവിത്ത് ഒരു ഹെക്ടറിന് വിതയ്ക്കാന്‍ പത്തു കി.ഗ്രാം. ആവശ്യമുള്ളപ്പോള്‍ ഒളിറ്റോറിയസ് ചണവിത്ത് ഒരു ഹെക്ടറിന് ആറു കി.ഗ്രാം മതിയാകും. വിത്തിനോടുകൂടി മണല്‍ കൂട്ടിക്കലര്‍ത്തിയാണ് വിതയ്ക്കുന്നത്. കൃഷിയിടത്തില്‍ എല്ലാഭാഗത്തും ഒരുപോലെ വിത്ത് വീഴുവാന്‍ ഇത് ഇടയാക്കുന്നു. മാത്രമല്ല, വിത്ത് കൈകാര്യം ചെയ്യാനും ഈ രീതി സഹായമേകുന്നു. വിതച്ചശേഷം വിത്തുകള്‍ എളുപ്പത്തില്‍ മുളയ്ക്കാന്‍ സഹായകമായ ആഴത്തില്‍ വീണുകിട്ടുന്നതിനുവേണ്ടി വിതയ്ക്കുന്നതിനുമുന്‍പ് മണ്ണ് ഹാരോ ഉപയോഗിച്ച് ഇളക്കിയശേഷം നിരപ്പുപലകകൊണ്ട് നിരത്തേണ്ടതാണ്. വിതയ്ക്കുന്നതിനുമുന്‍പ് വിത്തിന്റെ മുളയ്ക്കാനുള്ളശേഷി പരിശോധിച്ചുനോക്കുകയും വേണം. ഏകദേശം 90 ശ.മാ. വരെയെങ്കിലും മുളയ്ക്കുന്നയിനമല്ലെങ്കില്‍ ആ വിത്ത് വിതയ്ക്കരുത്. ഫംഗസ് രോഗങ്ങള്‍ വരാതിരിക്കാന്‍ വിതയ്ക്കുന്നതിനുമുന്‍പ് വിത്തുകളില്‍ മരുന്നു തളിക്കാറുണ്ട്.

പശ്ചിമബംഗാളിലെ കേന്ദ്ര ചണ ഗവേഷണാലയത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ചണം വരിവരിയായി കൃഷി ചെയ്താല്‍ വിളവുകൂട്ടാമെന്നും കൃഷിച്ചെലവ് കുറയ്ക്കാമെന്നും തെളിയിച്ചു. ഇതിനുവേണ്ടി ഒരു വിത്തിടീല്‍ യന്ത്രം തന്നെ ഈ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ യന്ത്രം ഉപയോഗിച്ചാല്‍ സാധാരണ ആവശ്യമുള്ളതിന്റെ പകുതിവിത്ത് മതിയാകും. മാത്രമല്ല, കൃഷിച്ചെലവും ഏകദേശം 20 ശതമാനത്തോളം കുറയും. വരികളായി നടുമ്പോള്‍ കാപ്സുലാരിസ് ഇനത്തിന് 25-30 ശതമാനത്തോളവും ഒളിറ്റോറിയസ് ഇനത്തിന് 10-15 ശതമാനത്തോളവും അധികവിളവ് ലഭിച്ചതായി പരീക്ഷണങ്ങള്‍ കാണിക്കുന്നു. വിത്തിടീല്‍ യന്ത്രമുപയോഗിച്ച് അരഹെക്ടര്‍ സ്ഥലത്ത് ഏകദേശം 5 മണിക്കൂര്‍ കൊണ്ട് വിത്തുവിതയ്ക്കാന്‍ സാധിക്കും.

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉണ്ടാകുന്ന കാലവര്‍ഷത്തിനുമുന്‍പുള്ള ഇടമഴയോടെ ചണത്തിന്റെ കൃഷിപ്പണികള്‍ ആരംഭിക്കാം. ചണവിത്ത് തീരെ ചെറുതായതുകൊണ്ടും ഇതിന്റെ വേര് 30 സെ.മീ. വരെ താഴോട്ട് വളരാറുള്ളതുകൊണ്ടും വിതയ്ക്കുന്നതിനുമുന്‍പ് മണ്ണ് നന്നായി ഉഴുത് പൊടിപ്പരുവത്തിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണയായി നിലം അഞ്ചോ ആറോ തവണ ഉഴുത് കട്ടകളുടച്ച് നിരപ്പുപലക ഉപയോഗിച്ച് നിരത്തുന്നു. കളിമണ്‍ പ്രദേശങ്ങളില്‍ നിലം പൊടിപ്പരുവത്തിലാക്കാന്‍ സാധാരണയില്‍ക്കൂടുതല്‍ തവണ ഉഴേണ്ടിവന്നേക്കും.

വിതച്ചവിത്തില്‍ 80 ശതമാനത്തോളം മുളച്ചാല്‍ വളരെയധികം തൈകള്‍ ഉണ്ടാകും. എല്ലാ ചെടികളും നന്നായി വളരണമെങ്കില്‍ ചെടികളുടെ എണ്ണം പരിമിതമായിരിക്കണം. അതിനാല്‍ കൂടുതലുള്ള തൈകള്‍ പറിച്ചുകളയേണ്ടതാണ്. ഇങ്ങനെയാണെങ്കിലും, വിതയ്ക്കുമ്പോള്‍ കൂടുതല്‍ വിത്ത് ഉപയോഗിക്കുകയാണ് അഭികാമ്യം.

തൈകള്‍ ഒന്നര-രണ്ടുമാസം വളര്‍ച്ചയെത്തുമ്പോള്‍ ഹാരോ കൊണ്ട് ഉഴുത് അധികമായുള്ള ചണത്തൈകളെ നശിപ്പിക്കണം. ഇത് രണ്ടു തവണകളിലായി 15 ദിവസം ഇടവിട്ട് ചെയ്യാം. മണ്ണ് ഇളക്കുവാനും ചെടികള്‍ തമ്മിലുള്ള ദൂരം ക്രമീകരിക്കുവാനും ഇത് ആവശ്യമാണ്. ചെടികള്‍ തമ്മിലുള്ള അകലം 12-15 സെ.മീ. ആയിരിക്കുന്നതാണ് നല്ലത്. അകലം ഇതിലും കൂടിയിരുന്നാല്‍ കൂടുതല്‍ ശാഖകള്‍ വളരുകയും അത് ചണത്തിന്റെ മേന്മയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ചാണകം, ചാരം, കമ്പോസ്റ്റ് ഇവയാണ് ചണത്തിന് സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍. ഒരു ഹെക്ടറിന് 4-8 ടണ്‍ ചാണകമോ കുളവാഴകമ്പോസ്റ്റോ ചാരമോ ചേര്‍ക്കാറുണ്ട്. കുളവാഴയുടെ ചാരത്തില്‍ 20 ശതമാനത്തോളം ക്ഷാരം അടങ്ങിയിട്ടുണ്ട്. അത് ചണക്കൃഷിക്ക് വളരെ അനുയോജ്യമായ വളമാണ്. കടുകുപിണ്ണാക്കും, ആവണക്കുപിണ്ണാക്കും ചണത്തിന് വളമായി ചേര്‍ക്കാറുണ്ട്. ഉരുളക്കിഴങ്ങുകൃഷിക്കുശേഷം വിളപരിക്രമത്തില്‍ ഉള്‍പ്പെടുത്തി കൃഷിചെയ്യുമ്പോള്‍ ചണത്തിന് പ്രത്യേകവളങ്ങളൊന്നും ചേര്‍ക്കണമെന്നില്ല. ധാരാളം എക്കല്‍ മണ്ണടിയുന്ന സന്ദര്‍ഭങ്ങളിലും പ്രത്യേകം വളം ചേര്‍ക്കേണ്ട ആവശ്യമില്ല. ചണക്കൃഷിക്ക് നേരത്തേ രാസവളങ്ങളൊന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ നൈട്രജന്‍ അടങ്ങുന്ന വളങ്ങള്‍ ഉപയോഗിച്ചാല്‍ വിളവ് വര്‍ധിപ്പിക്കാമെന്ന് സമീപകാല പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒന്നരമാസത്തോളം പ്രായമെത്തിയശേഷം മേല്‍വളമായിട്ട് നൈട്രജന്‍ നല്കുന്നതാണുത്തമം. അമോണിയം സള്‍ഫേറ്റ് വളമായി ഉപയോഗിക്കാം. ഇതിനോടൊപ്പം നാലോ അഞ്ചോ ഇരട്ടി മണ്ണ് ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കണം. മണല്‍പ്രദേശങ്ങളിലെ ചണക്കൃഷിക്ക് മേല്‍വളം രണ്ടുതവണകളായി ചേര്‍ത്താല്‍ വിളവ് വര്‍ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോസ്ഫറസ് അംശമുള്ള വളങ്ങള്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നില്ലെങ്കിലും ചണനാരിന്റെ ഗുണം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊട്ടാഷ് ചണത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടും. പുളിരസം കൂടുതലുള്ള മണ്ണില്‍ അതിന്റെ തോതിനനുസരിച്ച് 250-500 കി.ഗ്രാം വരെ കുമ്മായം ചേര്‍ത്താല്‍ വിളവ് വര്‍ധിപ്പിക്കാനാവും. വിത്തുവിതയ്ക്കുന്നതിന് ഒരു മാസത്തോളം മുന്‍പേതന്നെ നിലത്തില്‍ കുമ്മായം ചേര്‍ക്കണം.

അഞ്ചാറുമാസം വളര്‍ച്ചയെത്തുന്നതോടെ ചണം പൂവിട്ടു തുടങ്ങും. ഇതോടെ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. എന്നാല്‍ നല്ല നാര് ഏറ്റവുമധികം ലഭിക്കുന്നത് ചെടികള്‍ കായ്ക്കാന്‍ തുടങ്ങുമ്പോള്‍ വെട്ടുന്നതുമൂലമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിതച്ച ചണം ജൂലായ് മുതല്‍ വെട്ടിത്തുടങ്ങാം. വൈകി വിതച്ചവ ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലേ വെട്ടുകയുള്ളു.

സാധാരണഗതിയില്‍ നിലത്തോട് ചേര്‍ത്ത് അരിവാള്‍കൊണ്ട് മുറിച്ചാണ് ചണം വെട്ടുന്നത്. വെള്ളം കയറുന്ന സ്ഥലങ്ങളില്‍ പലപ്പോഴും വെള്ളത്തില്‍ മുങ്ങിയാണ് ചണം വെട്ടാറുള്ളത്. അധികം വെള്ളമില്ലാത്തയിടങ്ങളില്‍ വേരോടെ പിഴുതെടുക്കാറുമുണ്ട്. വെട്ടിയെടുത്ത ചണം ചെറിയ ചെറിയ കെട്ടുകളാക്കി കുത്തനെ വയ്ക്കും. ഇതോടെ തണ്ടില്‍ നിന്ന് ഇലകള്‍ കൊഴിഞ്ഞുപോവാനാരംഭിക്കുന്നു. ഇലകള്‍ കൊഴിഞ്ഞശേഷം തണ്ടുകള്‍ അഴുക്കുന്നു. അഴുകുമ്പോള്‍ നാരിലുള്ള പെക്ടിനും മറ്റു പശകളും നീങ്ങി നാര് വേര്‍പിരിയുന്നു. സൂക്ഷ്മജീവികളും വെള്ളവും ചേര്‍ന്നുള്ള ജൈവരാസപ്രവര്‍ത്തനങ്ങളാലാണ് ചണം അഴുകുന്നത്. ചണക്കെട്ടുകള്‍ വെള്ളത്തില്‍ ഏകദേശം ഒരു മീറ്ററോളം താഴ്ത്തിവയ്ക്കണം. അധികം ഒഴുക്കില്ലാത്തതും കലക്കമില്ലാത്തതുമായ വെള്ളമാണ് ചണം അഴുകാന്‍ അനുയോജ്യം. വെള്ളത്തില്‍ താഴ്ന്നു കിടക്കാനായി ചണക്കെട്ടുകള്‍ക്കു മുകളില്‍ ഭാരം കയറ്റിവയ്ക്കുന്നു.

അഴുക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തെയും അഴുക്കുന്ന രീതിയെയും ആശ്രയിച്ച് ചണനാരിന്റെ നിറവും ബലവും വ്യത്യസ്തമാവാറുണ്ട്. തണ്ടിന്റെ എല്ലാ വശവും ഒരുപോലെ അഴുകേണ്ടത് അത്യാവശ്യമാണ്. തണ്ടിന്റെ മേല്‍ഭാഗം കീഴ്ഭാഗത്തെക്കാള്‍ വേഗം അഴുകാറുണ്ട്. കീഴ്ഭാഗം നന്നായി അഴുകിയിട്ടുണ്ടെങ്കില്‍ മേല്‍ഭാഗം വളരെക്കൂടുതല്‍ അഴുകിയിരിക്കും. ഇതൊഴിവാക്കാനായി ആദ്യം ചണക്കെട്ടുകള്‍ ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുത്തനെ നിര്‍ത്തിയശേഷമേ മുഴുവന്‍ ഭാഗവും അഴുകുവാന്‍ ഇടൂ. നന്നായി അഴുകിക്കിട്ടുവാന്‍ ഒരാഴ്ച മുതല്‍ ഒരു മാസംവരെ സമയം വേണം. ചെടിയുടെ വളര്‍ച്ച, അഴുകുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചൂട് എന്നിവയെ ആശ്രയിച്ച് അഴുകുവാനെടുക്കുന്ന സമയം വ്യത്യസ്തമാവാറുണ്ട്. ചൂടുകാലത്ത് വേഗം അഴുക്കാനാകും. തണുപ്പ് കൂടുംതോറും അഴുകുവാനുള്ള സമയം കൂടിവരും. എന്നാല്‍ ഇക്കാലത്ത് ചണക്കെട്ടുകളില്‍ കുറച്ച് അമോണിയം സള്‍ഫേറ്റോ എല്ലുപൊടിയോ ചേര്‍ത്താല്‍ വളരെവേഗം അഴുകിക്കിട്ടും. ചണത്തില്‍ വളരെയധികം ടാനിന്‍ ഉണ്ട്. ഒളിറ്റോറിയസ് ഇനത്തില്‍ ടാനിന്റെ അളവ് കൂടുതലാണ്. അഴുകുമ്പോള്‍ ഈ ടാനിന്‍ വെള്ളത്തില്‍ ലയിച്ച് കറുപ്പുനിറം പരത്തുന്നു. പല പ്രാവശ്യം ഒരേ സ്ഥലത്ത് ചണം അഴുകാനിട്ടാല്‍ നാരിന് ഈ കറുപ്പുനിറം ബാധിക്കാനിടയുണ്ട്. ചണത്തിന്റെ മേന്മ അതിന്റെ നിറത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിറം മങ്ങിയ നാര് ശക്തികുറഞ്ഞ അമ്ളത്തില്‍ മുക്കി നല്ല നിറമുള്ളതാക്കി മാറ്റാറുണ്ട്.

ചണനാര് വേര്‍തിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിചയവും ആവശ്യമാണ്. ജോലിക്കാര്‍ ഏകദേശം അരയോളം വെള്ളത്തില്‍ ഇറങ്ങിനിന്ന് നാര് വേര്‍പെടുത്തുന്നു. ചീഞ്ഞ തണ്ടിന്റെ കീഴ്ഭാഗത്ത് ഉരുണ്ടവടികൊണ്ട് അടിച്ചുചതച്ചാണ് നാരു വേര്‍പ്പെടുത്തുന്നത്. നാര് വെള്ളത്തില്‍ നന്നായി ഉലച്ച് കഴുകി വൃത്തിയാക്കുന്നു. കഴുകിയശേഷം നാരില്‍ നിന്ന് വെള്ളം പിഴിഞ്ഞുകളഞ്ഞ് ഉണക്കുന്നു. ഉണങ്ങാന്‍ മുളകളുപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ അയകളാണ് ഉപയോഗിക്കുന്നത്. രണ്ടുമൂന്നു ദിവസം ഉണങ്ങിയാല്‍ നാര് വില്പനയ്ക്ക് തയ്യാറാകും. സാധാരണ ഉണങ്ങിക്കഴിഞ്ഞാല്‍ നാരിന് രണ്ടു മീറ്റര്‍ മുതല്‍ മൂന്നരമീറ്റര്‍ വരെ നീളമുണ്ടായിരിക്കും.

ചില സ്ഥലങ്ങളില്‍ ചണം വെട്ടുന്നത് വയലില്‍ വെള്ളം കയറിയ സമയത്താണെങ്കില്‍, ചണം വെട്ടി ചെറിയ കെട്ടുകളിലാക്കി അവിടത്തന്നെ അഴുകുവാന്‍ ഇടുന്നു. അഴുകിയശേഷം കരയില്‍ കൊണ്ടുവന്നാണ് നാര് വേര്‍പെടുത്തുന്നത്.

ചണനാര് വേര്‍പെടുത്തിയെടുക്കുവാന്‍ യന്ത്രങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. യന്ത്രങ്ങള്‍ ഉപയോഗിച്ച് വേര്‍പെടുത്തുന്ന നാര് പരുപരുത്തതും ഉറപ്പുകുറഞ്ഞതും ആയിരിക്കും; മുഴുവന്‍ നാരും യന്ത്രമുപയോഗിച്ച വേര്‍പെടുത്താനും സാധിക്കുകയില്ല. ഇക്കാരണങ്ങളാള്‍ യന്ത്രങ്ങള്‍ക്ക് വലിയ പ്രചാരം ഇതുവരെ ലഭ്യമായിട്ടില്ല. മണ്ണിന്റെ പുഷ്ടി, കൃഷിചെയ്ത ഇനം, വെട്ടുന്ന സമയം, രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചണനാരിന്റെ വിള വ്യത്യാസപ്പെട്ടിരിക്കും. ചെടിയുടെ തൂക്കത്തിന്റെ ഏകദേശം 4.5-7.5 ശ.മാ. വരെ തൂക്കത്തില്‍ ചണനാര് ലഭ്യമാവും.

ചണക്കൃഷിയുടെ മിക്ക ഘട്ടങ്ങളിലും രോഗങ്ങളുടെ ആക്രമണം ഉണ്ടാവാറുണ്ട്. വിത്ത്, വേര്, തണ്ട്, ഇല എന്നീ ഭാഗങ്ങളിലെല്ലാം രോഗം ബാധിക്കും. തണ്ടുചീയല്‍ രോഗമാണ് സാധാരണ കാണുന്നത്. ഫംഗസ്സുകള്‍ മൂലമാണിതുണ്ടാകുന്നത്. മൃദുചീയലും ആന്ത്രക്നോസും ഫംഗസ്സുരോഗങ്ങളാണ്.

ചണച്ചെല്ലി, തണ്ടുതുരപ്പന്‍, ഇലതീനിപ്പുഴു തുടങ്ങിയ കീടങ്ങളും ചണച്ചെടിയുടെ ഉപദ്രവകാരികളാണ്.

ചണനാര് പ്രധാനമായും ചാക്കുകള്‍ ഉണ്ടാക്കാനായിട്ടാണ് ഉപയോഗിക്കുന്നത്. ചണനാരും പരുത്തിയും ചേര്‍ത്ത് കാര്‍പ്പെറ്റുകളും ഉണ്ടാക്കാറുണ്ട്. കാറ്റും വെയിലും തടയാനുള്ള മറകളായി ചണനാരുകൊണ്ടുണ്ടാക്കിയ തുണികള്‍ ഉപയോഗിക്കുന്നു. സ്തരിതചണം പ്ലൈവുഡിനു പകരം ഉപയോഗപ്പെടുത്താറുണ്ട്. പരുത്തി, ചണം, രോമം ഇവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പലവിധത്തിലുള്ള നാരുകള്‍ ഉണ്ടാക്കാം. തുണിയുണ്ടാക്കുവാന്‍ ചണം അധികമായി ഉപയോഗിക്കാറില്ല. നെയ്യുവാനും വെളുപ്പിക്കുവാനും ഉള്ള ബുദ്ധിമുട്ടാണ് ഇതിനുള്ള പ്രധാന കാരണം. യുദ്ധകാലങ്ങളില്‍ വെള്ളം കൊണ്ടുപോകാനുള്ള ചെറിയ സഞ്ചികളുണ്ടാക്കാന്‍ ചണം ഉയോഗിച്ചിരുന്നു. ബംഗാളിലും ആഫ്രിക്കയിലെ ചില ഭാഗങ്ങളിലും ചണത്തിന്റെ ഇളംതണ്ട് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്. ഉണക്കി ഹുക്കകളില്‍ നിറച്ച് വലിക്കുന്ന ഒരു ധൂമകപദാര്‍ഥമായും ചണം ഉപയോഗിക്കാറുണ്ട്. ബാഗുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉണ്ടാക്കാനും വിവിധ ആവശ്യങ്ങള്‍ക്കായുള്ള ചരടുകളുണ്ടാക്കാനും ചണനാര് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. നോ: ചണവ്യവസായം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍