This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:11, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചക്മ

Chacma

ഒരിനം ബബൂണ്‍ കുരങ്ങ്. പ്രൈമേറ്റ് (Primate) ഗോത്രത്തിലെ ചെര്‍ക്കൊപിഥിസിഡെ (cercopithicidae) കുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ ചക്മ കുരങ്ങുകളുടെ പാപ്പിയോ ഉര്‍സിനുസ്/പോര്‍കാരിയൂസ് (Papio ursinus/porcarius), പാ. ഗ്രിസെയ്പെസ് (P.griseipes) പാ. റുവാക്കാന (P. ruacana) എന്നീ സ്പീഷീസുകള്‍ കാണപ്പെടുന്നു. ആദ്യത്തെയിനം ദ. ആഫ്രിക്കയിലും രണ്ടാമത്തെയിനം സിംബാബ്വേ, മോസാംബിക് തുടങ്ങിയ രാജ്യങ്ങളിലും മൂന്നാമത്തെയിനം അംഗോളയിലും കണ്ടുവരുന്നു. ഇവ തമ്മില്‍ വര്‍ണവലുപ്പ വ്യത്യാസങ്ങളും ഉണ്ട്.

ദ. ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്ന പാ. ഉര്‍സിനുസ് ആണ് ഏറ്റവും വലിയ ബബൂണ്‍ കുരങ്ങ്. ഉദ്ദേശം 48-114 സെ.മീ. നീളവും 18-40 കി.ഗ്രാം ഭാരവും ഇവയ്ക്കുണ്ട്. സാധാരണയായി ആണ്‍ ചക്മ കുരങ്ങുകള്‍ക്കാണ് വലുപ്പം കൂടുതലുള്ളത്. ഇവയുടെ സ്ഥൂലശരീരത്തിന് ഇരുണ്ട ചാരനിറമാണ്. കാലുകള്‍ക്ക് നല്ല ബലവും കറുത്ത നിറവുമാണ്. ഇത് ഈയിനത്തിന്റെ ഒരു പ്രത്യേകതയാണുതാനും, ചക്മ കുരങ്ങുകള്‍ പര്‍വത പ്രദേശങ്ങള്‍, കാടുകള്‍, കൃഷിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. സര്‍വാഹാരിയായ ഇവ കൃഷിസ്ഥലങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ഇവയുടെ ആയുര്‍ദൈര്‍ഘ്യം ഏതാണ്ട് 20-25 വര്‍ഷക്കാലമാണ്.

ചക്മ കുരങ്ങുകള്‍ സംഘങ്ങളായി മനുഷ്യരെപ്പോലെ സാമൂഹികജീവിതമാണു നയിക്കുന്നത്. ഓരോ സംഘത്തിനെയും മുതിര്‍ന്ന ഒരു ആണ്‍ കുരങ്ങാണ് നിയന്ത്രിക്കുന്നത്. സംഘത്തിനുള്ളിലുള്ള കുരങ്ങുകള്‍ തമ്മില്‍ മാത്രമേ ഇണചേരുകയുള്ളു. ഇണചേരുമ്പോള്‍ മറ്റു ബബൂണ്‍ കുരങ്ങുകളെക്കാള്‍ ഇവ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ഇവയ്ക്ക് പ്രത്യേകിച്ച് ഒരു പ്രജനനകാലഘട്ടമില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%95%E0%B5%8D%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍