This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷാല്‍, ശ്രേയ (1984 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 11 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഘോഷാല്‍, ശ്രേയ (1984 - )

ചലച്ചിത്ര പിന്നണി ഗായിക. പശ്ചിമബംഗാളിലെ ബര്‍ഹംപൂരില്‍ എന്‍ജിനീയറായ ബിശ്വന്ത് ഘോഷാല്‍-ശര്‍മിഷ്ഠ ദമ്പതികളുടെ മകളായി 1984 മാ. 12-ന് ജനിച്ചു. രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത് ഭാട്ടയിലെ ആറ്റമിക് എനര്‍ജി സെന്‍ട്രല്‍ വിദ്യാലയത്തില്‍ നിന്ന് സ്കൂള്‍വിദ്യാഭ്യാസം നേടി. മാതാപിതാക്കളുടെ സംഗീതാഭിരുചിയാണ് ആറാം വയസുമുതല്‍ ഹിന്ദുസ്ഥാനി ക്ളാസ്സിക്കല്‍ സംഗീതം അഭ്യസിക്കാന്‍ ശ്രേയയ്ക്ക് അവസരമൊരുക്കിയത്. രാകേഷ് ശര്‍മാജിയായിരുന്നു ആദ്യഗുരു. ജയവര്‍ധന്‍ ഭട്നാഗര്‍, മഹേഷ്ചന്ദ്രശര്‍മ, പദ്മശ്രീ കല്യാണ്‍ജി, മുക്തദിഡേജി എന്നിവരുടെ കീഴില്‍ ശ്രേയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. രാജസ്ഥാനി നാടോടിസംഗീതത്തിലെ ആലാപനചാരുതയാണ് ശ്രേയയ്ക്ക് ചലച്ചിത്രരംഗത്തേക്കു കടന്നുവരാന്‍ സഹായകമായത്.

ഒരു സ്വകാര്യചാനലിലെ സംഗീതസംബന്ധിയായ റിയാലിറ്റിഷോയില്‍ മത്സരാര്‍ഥിയായി പങ്കെടുക്കവെ, ചലച്ചിത്രസംവിധായകന്‍ സഞ്ജയ്ലീലാബന്‍സാലിയാണ് അദ്ദേഹത്തിന്റെ 'ദേവദാസ്' (2003) എന്ന ചിത്രത്തില്‍ ഗാനമാലപിക്കുന്നതിനും ഐശ്വര്യറായ് അഭിനയിച്ച കേന്ദ്ര കഥാപാത്രത്തിന് ശബ്ദം നല്കുന്നതിനും ശ്രേയയ്ക്ക് അവസരം നല്കിയത്. ഇതേ ചിത്രത്തിലെ 'ബേരി പിയാ' എന്ന ഗാനം ആലപിച്ചതിന് 2003-ല്‍ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ശ്രേയയ്ക്ക് ലഭിച്ചു.

'ദേവദാസി'ലേതിനെത്തുടര്‍ന്ന്, എ.ആര്‍. റഹ്മാന്‍, ഇളയരാജ, എം.എം. കീര്‍വാണി,  ഷനന്തു മൊയ്ത്ര, മനോമൂര്‍ത്തി, ദേവീശ്രീപ്രസാദ്, പ്രീതം തുടങ്ങിയ ഒട്ടേറെ സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം നല്കാന്‍ ശ്രേയ ഘോഷാലിനായി.

ഹിന്ദിക്കുപുറമേ, അസമിയ, ബംഗാളി, കന്നഡ, മറാഠി, പഞ്ചാബി, തമിഴ്, തെലുഗു, മലയാളം, ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 'സില്ലിന് ഒരു കാതലില്‍' എ. ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ 'മുമ്പെ വാ' എന്ന ഗാനമാണ് ശ്രേയയ്ക്ക് ദക്ഷിണേന്ത്യന്‍ ചലച്ചിത്രഗാനാലാപനരംഗത്ത് വിജയപാതയൊരുക്കിയത്. ഇതിലൂടെ 2006-ലെ മികച്ച ഗായികയ്ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ബിഗ് ബി' എന്ന ചിത്രത്തില്‍ അല്‍ഫോണ്‍സ് ഈണം പകര്‍ന്ന 'വിടപറയുകയാണോ' എന്ന ഗാനമാണ് ശ്രേയയുടെ മലയാളത്തിലെ ആദ്യ സംരംഭം. വിദേശ രാജ്യങ്ങളുള്‍പ്പെടെ ഒട്ടേറെ സ്റ്റേജു ഷോകളില്‍ സംഗീതമാലപിച്ചുവരുന്ന ഇവര്‍ വിവിധ ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളില്‍ വിധികര്‍ത്താവാണ്.

2003, 2006, 2008 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 'ബനാറസ്' എന്ന ചിത്രത്തിലെ 'ചാന്ത് തൊട്ടില്ലേ' (2009) എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍