This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘടികാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഘടികാരം
ദിനസമയം സൂചിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള യന്ത്രം. തുല്യ ഇടവേളകളില്‍ ക്രമാനുസൃതമായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരുപായത്തിന്റെ ചലനം രേഖപ്പെടുത്തിവയ്ക്കുന്ന സംവിധാനത്തോടുകൂടിയായിരിക്കും ഘടികാരങ്ങള്‍ നിര്‍മിക്കുന്നത്. ഘടികാരത്തിന്റെ രൂപം എത്രമാത്രം വൈവിധ്യം നിറഞ്ഞതായാലും എല്ലാത്തരം ഘടികാരങ്ങളിലും മേല്പറഞ്ഞ സംവിധാനമുണ്ടായിരിക്കും.
ആമുഖം
സാധാരണ ഘടികാരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ പല്‍ച്ചക്രങ്ങള്‍ കാണും. പല്‍ച്ചക്രങ്ങള്‍ കറങ്ങുന്നതാകട്ടെ, അവയോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഒരു ഭാരത്തിന്റെയോ, ഒരു സ് പ്രിങ്ങിന്റെയോ പെന്‍ഡുലവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം മൂലമായിരിക്കും. ഇത്തരത്തില്‍ സമയം സൂചിപ്പിക്കുന്ന ഒരു യന്ത്രസംവിധാനം ശരിയായ അര്‍ഥത്തില്‍ ഒരു ടൈംപീസ് മാത്രമാണ്. എന്നാല്‍ ഇതിനുപുറമേ, മണിയടിശബ്ദം കൊണ്ട് മണിക്കൂറുകള്‍ അറിയിക്കുന്ന യന്ത്രസംവിധാനത്തോടുകൂടിയ ഉപകരണമാണു യഥാര്‍ഥ ഘടികാരം. സമയം അറിയുന്നതിന് ആദ്യകാലങ്ങളില്‍ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണമാണ് സണ്‍ ഡയലുകളും ജലഘടികാരങ്ങളും മണല്‍ഘടികാരങ്ങളും. പ്രാചീന ഈജിപ്തിലും പുരാതന ഗ്രീസിലും റോമിലും ഇത്തരം ഉപകരണങ്ങള്‍ വ്യാപകമായി നിലവിലിരുന്നു. സമയം അറിയാനുള്ള ഈ ഉപകരണങ്ങള്‍ മധ്യയൂറോപ്പില്‍ എത്തിയത് മേല്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നായിരുന്നു. യൂറോപ്പില്‍ പ്രചരിച്ച ജലഘടികാരത്തിനോടു സാദൃശ്യമുള്ളതെങ്കിലും വ്യത്യസ്തരൂപത്തിലുള്ള ജലഘടികാരങ്ങള്‍ എ.ഡി. 100-നും 1100-നും ഇടയ്ക്ക് ചൈനയില്‍ പ്രചാരത്തില്‍വന്നു. ഇന്ത്യയിലും ജലഘടികാരവും മണല്‍ഘടികാരവും ഉപയോഗപ്പെടുത്തിയിരുന്നു. യാന്ത്രിക ഘടികാരം പ്രചാരത്തില്‍ വന്നത് എന്നാണെന്ന് കൃത്യമായി പറയാനാവില്ല. 1290 മുതല്ക്കു പല രേഖകളിലും ഇത്തരം ഘടികാരങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. 1335-ല്‍ മിലാനില്‍ ഇത്തരം ഒരു ഘടികാരം ഉപയോഗത്തിലിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
സാലിസ്ബറി പള്ളിയില്‍ 1386-ല്‍ സ്ഥാപിച്ച ഒരു ഘടികാരം ഇന്നും അവിടെയുണ്ട്. ഫ്രാന്‍സില്‍ റൗപേന്‍ എന്ന സ്ഥലത്തും 1389-ല്‍ സ്ഥാപിച്ച ഒരു ഘടികാരമുണ്ട്. 1392-ല്‍ വെല്‍സ് പള്ളിക്കുവേണ്ടി പണി കഴിപ്പിച്ച ഒരു ഘടികാരം ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിച്ചു വരുന്നു. സാലിസ്ബറി ഘടികാരം മണിക്കൂര്‍തോറും മണി അടിക്കുമ്പോള്‍, റൗപേന്‍ ഘടികാരവും വെല്‍സ് ഘടികാരവും ഓരോ കാല്‍ മണിക്കൂറും മണിനാദം കൊണ്ടു സൂചിപ്പിക്കുന്നവയാണ്. കോണ്‍വാളിലെ കോട്ട്ഹിലെ ഹൗസിലും, സസ്സെക്സിലെ റൈചര്‍ച്ചിലും സൂക്ഷിച്ചിട്ടുള്ള ഘടികാരങ്ങള്‍ക്ക് മേല്പറഞ്ഞവയോളം പഴക്കമില്ലെങ്കിലും ആദ്യകാല ഘടികാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവ, വന്‍ ഇരുമ്പുചട്ടക്കൂടോടുകൂടിയവയുമാണ്. വെര്‍ജ് (verge) അഥവാ പ്രധാന ചക്രം ((crown wheel) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു യന്ത്രസംവിധാനം ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പെന്‍ഡുലം അന്ന് പ്രചാരത്തില്‍ വന്നിരുന്നില്ല. ഇതിനു പകരം അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ഒരു ഭാരോദ്വഹന ദണ്ഡ് (weighted bar) ആണ് അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്.
വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യകാലഘടികാരങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഘടികാരങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. വീട്ടാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഘടികാരങ്ങള്‍ പ്രചാരത്തില്‍ വരാന്‍ തുടങ്ങിയത് 4-ാം ശ.-ത്തിന്റെ അവസാനത്തോടെയാണ്. ഇവ പൊതുവേ കാണാന്‍ ഭംഗികുറഞ്ഞവയായിരുന്നു. കാഴ്ചയ്ക്കു ഭംഗിയുള്ള ഗാര്‍ഹിക ഘടികാരങ്ങള്‍ 15-ാം ശ.-ത്തോടുകൂടിയാണ് പ്രചാരത്തില്‍ വന്നത്. ഇത്തരം ഘടികാരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ എളുപ്പമുള്ളവയായിരുന്നു. എന്നാല്‍, ഇതിന്റെ യന്ത്രസംവിധാനത്തില്‍ എളുപ്പം കേടുവരാവുന്ന ചില ന്യൂനതകളുണ്ടായിരുന്നു. 16-ാം ശ.-ത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന, സ്പ്രിങ്ങുപയോഗിച്ചു നിര്‍മിച്ച ഘടികാരങ്ങള്‍ ചെണ്ടയുടെയോ, ചതുരപ്പെട്ടിയുടെയോ രൂപത്തിലുള്ളവയാണ്. നീളത്തിലുള്ള ഘടികാരങ്ങള്‍ 16-ാം ശ.-ത്തിന്റെ അവസാനത്തോടെയാണ് പ്രചാരത്തില്‍ വന്നത്. പെന്‍ഡുലം കണ്ടുപിടിക്കുന്നതുവരെ തടികൊണ്ടുള്ള പുറംചട്ട ചുരുക്കമായി മാത്രമാണ് ഘടികാരങ്ങളിലുപയോഗിച്ചു വന്നത്.
പെന്‍ഡുലം
പെന്‍ഡുലത്തിന്റെ സമയം കുറിക്കാനുള്ള സവിശേഷ സ്വഭാവം ഗലീലിയോ (1564-1642) 1582-ല്‍ത്തന്നെ മനസ്സിലാക്കിയിരുന്നു. എന്നാല്‍, പിന്നീടാണ് ഇത് ഘടികാരത്തില്‍ ഉപയോഗപ്പെടുത്തിയത്. ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഹ്യൂജന്‍സ് (1629-95) ആണു ഘടികാരത്തില്‍ പെന്‍ഡുലം ഉപയോഗപ്പെടുത്താനും (1656) വിപുലമായി പ്രചാരത്തില്‍ വരുത്താനും ഇടയാക്കിയത്. സമയത്തിന്റെ അളവിനെ സ്വാധീനിക്കുന്നതു (ചെറിയ ആര്‍ക്കുകളിലെ ആട്ടമാണെങ്കില്‍) പെന്‍ഡുലത്തിന്റെ നീളം മാത്രമാണ്. ആര്‍ക്കിന്റെ വലുപ്പത്തിനും പിണ്ഡത്തിനും ഇതില്‍ വലിയ സ്വാധീനമില്ല. ഉചിതമായ കനമുള്ള ഒരു ബോബ് ഏകദേശം 100 സെ.മീ. നീളമുള്ള കനംകുറഞ്ഞ ഒരു ദണ്ഡില്‍ ഘടിപ്പിച്ചാണ് സാധാരണ പെന്‍ഡുലം നിര്‍മിക്കുന്നത്. ദണ്ഡിലെ ബോബ് ഒരു സ്ക്രൂ ഉപയോഗിച്ച് 1/400 സെ.മീ. വരെ മുകളിലേക്കോ താഴേക്കോ നീക്കാന്‍ കഴിയുന്നതാണ്. ഘടികാരത്തില്‍ സമയം കണിശമായി സൂചിപ്പിക്കുന്നതിന് ചിലപ്പോള്‍ ഇത്തരം ക്രമീകരണങ്ങള്‍ ആവശ്യമായി വരാറുണ്ട്.
അന്തരീക്ഷ താപത്തില്‍ ഗണ്യമായ മാറ്റം വന്നാല്‍ അതുമൂലം പെന്‍ഡുലം വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാം. ഉദാ. ഉരുക്കു ദണ്ഡുകൊണ്ടുണ്ടാക്കിയ പെന്‍ഡുലത്തോടുകൂടിയ ഒരു ഘടികാരത്തില്‍ അന്തരീക്ഷതാപനില 2.2oC കൂടിയാല്‍ പ്രതിദിനം ഒരു സെക്കന്‍ഡ് നഷ്ടപ്പെടും; 2.2oC കുറഞ്ഞാലാവട്ടെ, ഒരു സെക്കന്‍ഡ് കൂടുകയും ചെയ്യും. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ച് പെന്‍ഡുലത്തിന്റെ ദണ്ഡ് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുമെങ്കിലും ഈ മാറ്റങ്ങള്‍ സമയ അളവിനെ ബാധിക്കാത്തക്കവിധം പെന്‍ഡുലം ക്രമീകരിക്കാനുള്ള പല ഉപായങ്ങളുമുണ്ട്. താപനിലയിലെന്തുമാറ്റം വന്നാലും ഇത്തരം ഉപായങ്ങള്‍ പെന്‍ഡുലത്തിന്റെ നീളത്തില്‍ മാറ്റം വരാതിരിക്കാന്‍ ഉപകരിക്കുന്നു. രസം നിറച്ച ഒരു ബോബോ, ബള്‍ബോ ഉപയോഗപ്പെടുത്തി അന്തരീക്ഷ താപത്തില്‍ വരുന്ന മാറ്റം ക്രമീകരിക്കുന്ന ഒരു രീതി പ്രചാരത്തിലുണ്ട്. ഇന്‍വാര്‍ (invar) എന്നു വിളിക്കുന്ന ഒരു സങ്കരലോഹംകൊണ്ടു പെന്‍ഡുലം നിര്‍മിച്ച് അന്തരീക്ഷ താപത്തില്‍ വരുന്ന മാറ്റം കൊണ്ടുണ്ടാകാവുന്ന വ്യതിയാനങ്ങള്‍ പരിഹരിക്കുന്ന ഒരു രീതിയാണിന്നു പ്രചാരത്തിലുള്ളത്. അന്തരീക്ഷതാപനിലയിലെ ചെറിയ മാറ്റങ്ങള്‍ ബാധിക്കാത്ത തരത്തിലുള്ളതാണ് ഈ സങ്കരലോഹം.
പെന്‍ഡുല ഘടികാരത്തിന്റെ എസ്കേപ്മെന്റ് പ്രധാനമായി രണ്ടു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 1. ഒരു എസ്കേപ് വീല്‍; 2. പെന്‍ഡുലവുമായി ബന്ധപ്പെട്ട ഒരു ആന്ദോളന വ്യൂഹം (oscillating system). ഘടികാരത്തിന്റെ ആന്തരിക ഘടനയില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ബാഹ്യഘടനയില്‍ പ്രകടമായ ഒട്ടേറെ പരിഷ്കാരങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയവരില്‍ പ്രമുഖരാണ് ജോര്‍ജ് ഗ്രഹാമും (1673-1751) ബാരിസ്റ്ററായിരുന്ന ജെ.എം. ബ്ലോക്സാമും. തികച്ചും ഫലപ്രദമായ ഒരു എസ്കേപ്മെന്റ് കണ്ടുപിടിച്ചത് ബ്ലോക്സാമാണ്. ഇ.ബി. ഡനിസണ്‍ (1816-1905) ഘടികാര നിര്‍മാണത്തില്‍ അദ്ഭുതപ്രതിഭ പ്രകടിപ്പിച്ച വ്യക്തിയാണ്. 1859-ല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ സ്ഥാപിച്ചതും, പിന്നീടു ബിഗ്ബെന്‍ എന്ന പേരില്‍ അറിയപ്പെട്ടതും ചുവര്‍ ഘടികാരത്തിന് ഒരു മാതൃകയായി കരുതപ്പെട്ടിരുന്നതുമായ ഘടികാരം നിര്‍മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പല ഘടികാരങ്ങളിലും പെന്‍ഡുലത്തിനു പകരം ഒരു ഹെയര്‍സ്പ്രിങ്ങും ബാലന്‍സ് വീലും ആണ് ഘടിപ്പിക്കാറുള്ളത്. ഇതുമൂലം ഇത്തരം ഘടികാരങ്ങള്‍ വലുപ്പം കുറഞ്ഞവയും, കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമുള്ളവയുമാണ്. ഇവയില്‍ എസ്കേപ്മെന്റിന്റെ സ്ഥാനത്തുപയോഗിക്കുന്നതു സിലിണ്ടറും ലീവറുമാണ്.
ഘടികാര ചക്രങ്ങള്‍
ചക്രങ്ങളും പിനിയനുകളും കൃത്യമായി പ്രവര്‍ത്തിക്കത്തക്കവിധത്തിലാവണം ഘടികാരം രൂപകല്പന ചെയ്യേണ്ടത്. ശക്തിപ്രേഷണം സ്ഥിരമായും കൃത്യമായും നടക്കത്തക്കവിധത്തില്‍ ചക്രത്തിന്റെ പല്ലുകള്‍ സംവിധാനം ചെയ്യണം. ഇക്കാര്യത്തില്‍ ആധുനിക ഘടികാരങ്ങള്‍ ആദ്യകാല ഘടികാരങ്ങളെക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.
ഭാരം കൊണ്ടു ഓടുന്നതോ, സ്പ്രിങ്ങുപയോഗിച്ചു പ്രവര്‍ത്തിക്കുന്നതോ ആയ ഘടികാരത്തില്‍ ഭാരത്തിന്റെയോ സ്പ്രിങ്ങിന്റെയോ ശക്തി ആദ്യം വന്‍ചക്ര(great wheel)ത്തിലേക്ക് പകരുകയാണ് പതിവ്. ഇത് ആദ്യപിനിയനിലേക്കും, 2-ാം ചക്രത്തില്‍ നിന്നു 2-ാം പിനിയനിലേക്കും, അങ്ങനെ അവസാനംവരേക്കും പ്രേഷണം ചെയ്യപ്പെടുന്നു. ആവശ്യമാണെങ്കില്‍ വൈന്‍ഡ് ചെയ്യത്തക്കവിധത്തിലുള്ള സംവിധാനമാണു മിക്കവാറും ഘടികാരങ്ങളിലുള്ളത്.
ഗോപുര ഘടികാരങ്ങള്‍
ആദ്യകാലങ്ങളില്‍ വന്‍ഘടികാരങ്ങളുടെ ചട്ടക്കൂടുകള്‍ പണിതിരുന്നത് തടിക്കഷണങ്ങളും ലോഹക്കഷണങ്ങളും മറ്റും ദൃഢമായി ബന്ധിച്ചു ചേര്‍ത്തായിരുന്നു. ഒരു തരം കിളിക്കൂടുപോലെയായിരുന്നു ഇവ പണിതിരുന്നത്. ഇവ അറിയപ്പെട്ടിരുന്നത് 'കിളിക്കൂട് ഫ്രെയിം ഘടികാരങ്ങള്‍' (bird cage frame clocks) എന്നാണ്. പരന്ന ചട്ടക്കൂടുകളാണിന്ന് കൂടുതല്‍ പ്രചാരത്തിലുള്ളത്. ഘടികാരത്തിന്റെ ഓരോ ഭാഗവും വെവ്വേറെ അഴിച്ചു മാറ്റത്തക്കവിധത്തിലാണ് വിവിധ ചക്രങ്ങളുടെ ബെയ്റിങ്ങുകള്‍ ഉറപ്പിച്ചിട്ടുള്ളത്. ഗ്രിം തോര്‍പെ പ്രഭു എന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്ന ഇ.ബി. ഡനിസണ്‍ ആണ് ഗോപുരഘടികാരത്തിന്റെ പുരോഗതിയിലും പരിഷ്കരണത്തിലും ഗണ്യമായ സംഭാവന നല്കിയത്. അടിസ്ഥാനപരമായ ഡിസൈന്‍തത്ത്വങ്ങളില്‍, വന്‍ചുവര്‍ ഘടികാരങ്ങള്‍ ചെറുകിട ഗാര്‍ഹിക ഘടികാരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നില്ല.
കൈകൊണ്ടു വൈന്‍ഡ് ചെയ്യുന്ന ഗോപുരഘടികാരങ്ങളിലേറെയും ഭാരം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നവയായിരുന്നു. 1960-കളിലാണ് ഓട്ടോമാറ്റിക് ഘടികാരങ്ങള്‍ പ്രചാരത്തില്‍ വന്നത്. ഇലക്ട്രിക് മോട്ടോറുകളുപയോഗിച്ചാണ് ഇത്തരം ഗോപുരഘടികാരങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇവയ്ക്കാണ് ഇന്നു കൂടുതല്‍ പ്രചാരം. ഇലക്ട്രോണിക് ഘടികാരങ്ങളില്‍ പെന്‍ഡുലം ഇല്ല. വൈദ്യുതകാന്തംമൂലം നിയന്ത്രിക്കപ്പെടുന്ന ഒരു ട്രിമൂര്‍ റിലീസ് മെക്കാനിസം വഴിയാണ് ഇവയില്‍ സമയം കുറിക്കപ്പെടുന്നത്. ലണ്ടനില്‍ ഇത്തരം ഘടികാരങ്ങള്‍ ലൈന്‍ എ.സി. കൂടുതല്‍ പ്രചാരത്തിലുണ്ട്. ചില വൈദ്യുത ഘടികാരങ്ങള്‍ കറണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സിങ്ക്രോണസ് ഇലക്ട്രിക് മോട്ടോറുകളാല്‍ പ്രവര്‍ത്തനം നടത്തുന്നവയാണ്.
വൈദ്യുത ഘടികാരങ്ങള്‍
ശക്തിസ്രോതസ്സ് എന്ന നിലയില്‍ ഭാരത്തിനോ സ്പ്രിങ്ങിനോ പകരമായും, സമയസൂചനയ്ക്കുള്ള സിഗ്നലിങ്ങിനുമാണ് ഇവയില്‍ പ്രധാനമായും വൈദ്യുതി ഉപയോഗിക്കുന്നത്. ഗോപുരഘടികാരത്തില്‍ അതിന്റെ ഭാരം റിവൈന്‍ഡു ചെയ്യാന്‍ വൈദ്യുതി ഉപയോഗിക്കാറുണ്ടെങ്കിലും, നേരിട്ട് ചോദനങ്ങള്‍ (impluses) നല്കാത്ത വൈദ്യുതി ഉപയോഗിക്കാവുന്നതാണ്. ഒരു പ്രധാന വൈദ്യുത ഘടികാരം ഉപയോഗിച്ച് ഒരേകെട്ടിടത്തിലെ മറ്റനേകം ഘടികാരങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതമാര്‍ഗം കൊണ്ടു സാധ്യമാകും. ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പ്രധാന ഘടികാരത്തിന് മാസ്റ്റര്‍ക്ലോക്ക് എന്നാണു പേര്.
വൈദ്യുത മാസ്റ്റര്‍ക്ലോക്കുകള്‍ കൃത്യസമയം കാണിക്കുന്നു. യാന്ത്രിക ഘടികാരങ്ങളില്‍, പെന്‍ഡുലത്തിനു നീളം കുറഞ്ഞിരുന്നാല്‍ കൂടുതല്‍ കൃത്യത നേടാം. പെന്‍ഡുലം ആടുന്നത് കുറഞ്ഞസ്ഥിരമര്‍ദമുള്ളതും സീല്‍ചെയ്തിട്ടുള്ളതുമായ പെട്ടിയിലാണെങ്കില്‍ സമയത്തില്‍ തെറ്റുപറ്റാനുള്ള സാധ്യത കുറവാണ്.
സിങ്ക്രോണസ് വൈദ്യുത ഘടികാരങ്ങള്‍
സിങ്ക്രോണസ് വൈദ്യുത തരത്തില്‍പ്പെട്ട ഘടികാരങ്ങളില്‍ ഒരു ചെറു വൈദ്യുത മോട്ടോര്‍ ഉണ്ടായിരിക്കും. ഒരു പെന്‍ഡുലമോ, ഒരു ബാലന്‍സ് വീലോ ഇതുമായി ബന്ധപ്പെട്ട തനി യാന്ത്രിക ചലനം സൃഷ്ടിക്കുകയും ചെയ്യും. ക്വാര്‍ട്സ് പരലുകളും (quartz crystals) ആണവമാര്‍ഗങ്ങളും ഉപയോഗിച്ചുള്ള വൈദ്യുത ഘടികാരങ്ങള്‍ക്കു കൂടുതല്‍ കൃത്യത ഉണ്ടായിരിക്കും.
ക്വാര്‍ട്സ് പരല്‍ ഘടികാരങ്ങള്‍
ക്വാര്‍ട്സ് പരല്‍, അണു എന്നിവ ഉപയോഗിച്ച് ചലനം സൃഷ്ടിക്കുന്ന രണ്ടുതരം ഘടികാരങ്ങള്‍കൂടി പ്രചാരത്തിലുണ്ട്. ഇവ പെന്‍ഡുലഘടികാരത്തെയും ബാലന്‍സ് വീല്‍ ഘടികാരത്തെയും അപേക്ഷിച്ച് കൂടുതല്‍ കൃത്യമായ സമയം കാണിക്കുന്നു.
ക്വാര്‍ട്സ് യാന്ത്രിക കമ്പനങ്ങളെ പിന്‍തുടര്‍ന്ന് ചെറിയ വൈദ്യുത പ്രവര്‍ത്തനങ്ങളുണ്ടാക്കുന്നു. ഇത് ട്രാന്‍സിസ്റ്ററുകള്‍ വഴി പ്രവര്‍ധനം ചെയ്യപ്പെടുന്നു. ഇപ്രകാരം വര്‍ധിച്ച ശക്തിയുടെ ചെറിയൊരംശം ക്രിസ്റ്റലിലേക്കു തിരിഞ്ഞുപോവുകയും ക്രിസ്റ്റലിന്റെ കമ്പനം തുടര്‍ന്നുകൊണ്ടിരിക്കാന്‍ കാരണമായിത്തീരുകയും, ആന്തരിക ഘര്‍ഷണം മൂലമുള്ള ചെറിയ ശക്തിനഷ്ടത്തെ തുലനം ചെയ്യുന്നതിനിടയാക്കുകയും ചെയ്യുന്നു. 6 സെ.മീ. വ്യാസമുള്ള ഒരു ക്വാര്‍ട്സ് വളയമാണ് ക്വാര്‍ട്സ് ഘടികാരത്തിലെ പ്രധാന ഭാഗം. താപപ്രതിരോധശക്തിയുള്ള ഒരു അറയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ക്വാര്‍ട്സ് വളയം ആറു ചരടുകളിലായി തൂക്കിയിട്ടിരിക്കും. ക്വാര്‍ട്സ് വളയത്തിന്റെ ഉപരിതലത്തില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചിരിക്കുകയും അത് ഒരു വൈദ്യുത സര്‍ക്യൂട്ടുമായി ബന്ധപ്പെടുത്തിയിരിക്കുകയും ചെയ്യും. ഇതുമൂലം ഉണ്ടാകുന്ന വൈദ്യുത സര്‍ക്യൂട്ടിന്റെ കമ്പനങ്ങള്‍ വളയത്തിലെത്തിച്ചേരും. ഇങ്ങനെയുണ്ടാകുന്ന കമ്പനങ്ങള്‍ക്കു കൂടുതല്‍ ആവൃത്തി ഉണ്ടായിരിക്കും. സെക്കന്‍ഡ് ഒന്നിന് ആയിരക്കണക്കിലാണ് ഇത്തരം ആവൃത്തികളുടെ നിരക്ക്. കമ്പന ആവൃത്തിയുടെ ഈ ഉയര്‍ന്ന നിരക്ക് കുറയ്ക്കാന്‍ ആവൃത്തി വിഭജിനി ഉപയോഗപ്പെടുത്തുകയും, യാന്ത്രിക ഗിയറുകള്‍ വഴി ഘടികാരഡയലുമായി ബന്ധിച്ചിട്ടുള്ള സിങ്ക്രണസ് മോട്ടോറുകളില്‍ കുറഞ്ഞ ആവൃത്തിയിലുള്ള കമ്പനം പ്രതിഫലിക്കുകയും ചെയ്യുന്നു.
ക്വാര്‍ട്സ് പരല്‍ സെക്കന്‍ഡില്‍ 1,00,000 കമ്പനങ്ങള്‍ സൃഷ്ടിക്കുകയും വൈദ്യുത-യാന്ത്രിക ഗിയറുകള്‍ പ്രസ്തുത കമ്പനം 1/60,00,000 ആക്കി ചുരുക്കുകയും ചെയ്താല്‍ സിങ്ക്രോണസ് ഘടികാരത്തിന്റെ സെക്കന്‍ഡ് സൂചി 60 സെക്കന്‍ഡില്‍ കൃത്യമായി ഒരു കറക്കം പൂര്‍ത്തിയാക്കുന്നതാണ്. 10 വര്‍ഷം കൂടുമ്പോള്‍ ഒരു സെക്കന്‍ഡിലധികം തെറ്റുപറ്റാത്ത രീതിയില്‍ അതിസൂക്ഷ്മതയോടെ നിര്‍മിക്കപ്പെട്ടവയാണ് ക്വാര്‍ട്സ് ക്രിസ്റ്റല്‍ ഘടികാരങ്ങള്‍. സ്ഥലം മാറ്റാവുന്ന ചെറിയ ഘടികാരങ്ങള്‍, ദിവസത്തില്‍ 1/30 സെക്കന്‍ഡില്‍ കുറഞ്ഞ മാറ്റം മാത്രം വരത്തക്കവിധം മേല്പറഞ്ഞ ക്വാര്‍ട്സ് ക്രിസ്റ്റലുപയോഗിച്ചു നിര്‍മിക്കാന്‍ കഴിയും. നോ: ക്വാര്‍ട്സ് ഘടികാരം
അണു ഘടികാരങ്ങള്‍ (Atomic clocks)
ക്വാര്‍ട്സ് ക്രിസ്റ്റല്‍ ഘടികാരങ്ങളെക്കാള്‍ കൃത്യതയുള്ളതരം ഘടികാരങ്ങളാണ് ഇവ. അണുവിന്റെ ദോലനങ്ങളെ (oscilliations)ആധാരമാക്കിയാണ് ഇവ നിര്‍മിക്കുന്നത്. അറ്റോമിക് ദോലനങ്ങളെ ബാഹ്യസ്ഥിതിഗതികള്‍ മിക്കവാറും സ്വാധീനിക്കാറില്ല. അതുകൊണ്ട് ഇവ കണിശമായിട്ടുള്ളതാണ്. മാത്രമല്ല, ഒരേ പദാര്‍ഥത്തിന്റെ അണുക്കളെല്ലാം ഒരേ ദോലന സ്വഭാവമുള്ളവയുമാണ്.
സീസിയം അണുക്കളാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള അണുഘടികാരങ്ങളിലുപയോഗിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തിലെ സീസിയം അണു ഒരു ചെറുകാന്തം തന്നെയാണ്. അണുക്കളുടെ ധ്രുവീകരണദിശ അവ ഒരു പ്രത്യാവര്‍ത്തി കാന്തിക മണ്ഡല(alternating magnetic field)ത്തില്‍ വയ്ക്കുന്നതു മൂലം (അതിലെ പ്രത്യാവര്‍ത്തികളുടെ നിരക്ക് സീസിയം അണുവിന്റെ ആവൃത്തി നിരക്കിനോടു തുല്യമായാല്‍) മാറ്റാന്‍ കഴിയും. നോ: അണുഘടികാരം
ഘടികാര മ്യൂസിയങ്ങള്‍
വിവിധ സയന്‍സ് മ്യൂസിയങ്ങള്‍, വിക്ടോറിയാ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം, ബ്രിട്ടീഷ് മ്യൂസിയം, റോയല്‍ സ്കോട്ടിഷ് മ്യൂസിയം (എഡിന്‍ബറോ), പാരിസ് മ്യൂസിയം, മ്യൂണിച്ച് മ്യൂസിയം, വിയന്നാ മ്യൂസിയം, ന്യൂയോര്‍ക്കിലെ ജെയിംസ് ആര്‍തര്‍ശേഖരം എന്നിവയിലാണ് പഴയ ഘടികാരങ്ങളുടെ പ്രധാന ശേഖരങ്ങളുള്ളത്.
അലങ്കാരം
ആദ്യകാല ഘടികാരങ്ങള്‍ ആകൃതിയില്‍ തികച്ചും പ്രാകൃതങ്ങളായിരുന്നുവെങ്കിലും ശാസ്ത്രദൃഷ്ട്യാ അവ വിലപ്പെട്ടവയായിരുന്നു. കരകൗശല വിദഗ്ധന്മാരുടെ ശ്രദ്ധാപൂര്‍വമുള്ള കരവിരുതും അവയില്‍ പ്രകടമാണ്. ഇക്കാരണങ്ങളാല്‍ ആദ്യകാല ഘടികാരങ്ങളില്‍ പലതും ഉപയോഗശൂന്യമെങ്കിലും നല്ല കലാസൃഷ്ടികള്‍ ആണ്.
പെന്‍ഡുലം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഘടികാരത്തിന്റെ യന്ത്രഭാഗങ്ങളും, ചട്ടക്കൂടും പിച്ചളകൊണ്ടോ ഇരുമ്പുകൊണ്ടോ നിര്‍മിക്കുകയായിരുന്നു പതിവ്. ലളിതമോ സങ്കീര്‍ണമോ എന്ന വ്യത്യാസമില്ലാതെ ഈ ഘടികാരങ്ങള്‍ ഭംഗിയായ മിനുക്കുപണികളോടു കൂടിയവയായിരിക്കും. പല ഘടികാരങ്ങളിലും കൊത്തുപണികളോ അലങ്കാരപ്പണികളോ ഗില്‍ട്ടോ ഉണ്ടാവുക സാധാരണമായിരുന്നു. ഘടികാരനിര്‍മാണത്തിനുപയോഗിക്കുന്ന ഉരുക്ക് മിക്കപ്പോഴും പോളീഷ് ചെയ്തും ചായം പിടിപ്പിച്ചും ഭംഗി വരുത്തിയവയുമായിരുന്നു. എന്നാല്‍ ഏറ്റവും പുരാതന കാലങ്ങളിലുണ്ടാക്കിയ ഘടികാരങ്ങള്‍ക്ക് ചട്ടക്കൂടുതന്നെ ഉണ്ടായിരുന്നില്ല. കേടുവരാത്തവിധം നിര്‍മിതമായ ഇവയില്‍ ചിലത് യൂറോപ്പില്‍ വളരെക്കാലം നിലനിന്നു. ഗോഥിക് ഘടികാരങ്ങള്‍ എന്ന പേരിലാണിവ ഇപ്പോള്‍ അറിയുന്നത്. 1550-നും 1650-നും ഇടയ്ക്കാണ് ഇത്തരം ഘടികാരങ്ങള്‍ ഏറെയും നിര്‍മിക്കപ്പെട്ടത്. ഇംഗ്ലീഷ് ലാന്റേണ്‍ ക്ലോക്കുകള്‍ എന്നറിയപ്പെടുന്ന ജനപ്രീതി നേടിയ ഘടികാരങ്ങളുടെ മുന്‍മാതൃകയാണ് ഗോഥിക് ഘടികാരം. ഇംഗ്ലീഷ് ലാന്റേണ്‍ ക്ലോക്കുകള്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്നത് 17-ഉം 18-ഉം ശതകങ്ങളിലാണ്. ഇവ പിച്ചളകൊണ്ട് നിര്‍മിക്കുകയായിരുന്നു പതിവ്.
ഘടികാരങ്ങള്‍ക്ക് തടികൊണ്ടുള്ള ചട്ടക്കൂട് ഉപയോഗിക്കാന്‍ തുടങ്ങിയത് പെന്‍ഡുലം പ്രചാരത്തില്‍ വന്നതോടെയാണ്. തടികൊണ്ടുള്ള ആദ്യത്തെ ചട്ടക്കൂട് 1657-ലാണ് ഉണ്ടായത്. ഹോളണ്ടില്‍ നിര്‍മിച്ച ഇതു ദീര്‍ഘചതുരാകൃതിയിലുള്ളതും ചുമരില്‍ തൂക്കിയിടാന്‍ പാകത്തിലുള്ളതുമായിരുന്നു. ഇംഗ്ലണ്ടിലെ എഡ്വേഡ് ഈസ്റ്റിനെപ്പോലുള്ള ഘടികാരനിര്‍മാതാക്കള്‍ ചട്ടക്കൂടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായ സംഭാവന നല്കി. ഓക്ക് തടികളാണ് ആദ്യകാലത്ത് ഘടികാരചട്ടക്കൂടുനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ആദ്യകാല ചട്ടക്കൂടുകള്‍ തീരെ കനം കുറഞ്ഞവയും ഏറെ നീളമുള്ളവയും ആയിരുന്നു.
ഘടികാരത്തിലുപയോഗിച്ചിരുന്ന ആദ്യകാല ഡയലുകള്‍ പിച്ചളകൊണ്ടു നിര്‍മിച്ചവയായിരുന്നു. ഡയലുകള്‍ സമചതുരാകൃതിയിലുള്ളതും സമചതുരത്തിന്റെ ഒരു വശത്തിന് 25 സെ.മീ. നീളമുള്ളവയുമായിരുന്നു. സമയം അറിയുന്നതിനുള്ള അക്കങ്ങള്‍ വെള്ളിപൂശുന്ന രീതിയും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. 17-ാം ശ.-ത്തിന്റെ അന്ത്യത്തോടെ നിലവാരപ്പെട്ട ഘടികാര ഡയല്‍ 30 സെ.മീ. സമചതുരമായിരുന്നു.
18-ാം ശ.-ത്തിന്റെ ആരംഭത്തോടെ അര്‍ധ ആര്‍ച്ച് രൂപത്തിലുള്ള ഡയലുകളും പ്രചാരത്തില്‍ വരാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ കൂടുതല്‍ നീളമുള്ള സ്പ്രിങ് ഘടികാരങ്ങള്‍ നിര്‍മിക്കാനും തുടങ്ങി. ഘടികാര ചട്ടക്കൂടുകളില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്ന സമ്പ്രദായം ക്രമേണ കുറഞ്ഞുവന്നു. പകരം നല്ല എണ്ണക്കറുപ്പുള്ള തടികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 18-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും മഹാഗണിത്തടി ഘടികാരച്ചട്ടക്കൂടുകള്‍ക്ക് വ്യാപകമായി ഉപയോഗിച്ചു. വൈവിധ്യമാര്‍ന്ന ഘടികാര ഡിസൈനുകള്‍ ആവിര്‍ഭവിച്ചതും ഈ കാലത്താണ്.
ലണ്ടനിലെ ഘടികാരനിര്‍മാതാക്കള്‍ ഡിസൈന്‍ ചെയ്തുനിര്‍മിച്ചിരുന്ന ഘടികാരങ്ങളെ 18-ാം ശ.-ത്തിന്റെ രണ്ടാം പാദത്തില്‍ ലോകത്തിലെല്ലായിടത്തും മാതൃകയാക്കി. എന്നാല്‍ പ്രാദേശികമായ ചില പ്രത്യേകതകള്‍ പ്രകടമാവുകയും ചെയ്തിരുന്നു. പ്രകൃതി ദൃശ്യങ്ങള്‍ ഘടികാരച്ചട്ടക്കൂടില്‍ പെയിന്റു ചെയ്തോ മറ്റുവിധത്തിലോ ചിത്രീകരിക്കുന്ന രീതി ഇത്തരം പ്രത്യേകതകളില്‍പ്പെട്ടതാണ്.
ആദ്യകാലത്ത് ഫ്രഞ്ചുകാര്‍ നിര്‍മിച്ച പെന്‍ഡുല ഘടികാരങ്ങള്‍ ഡച്ച് രീതിയിലുള്ളവയായിരുന്നു. അലങ്കാരകലയിലുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവേഗം ഫ്രഞ്ചുകാര്‍ തനതായ ഒരു ഘടികാരനിര്‍മാണശൈലി ആവിഷ്കരിക്കുകയുണ്ടായി. ആദ്യകാല അമേരിക്കന്‍ ഘടികാരങ്ങള്‍ ലണ്ടന്‍ശൈലിയില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു. എന്നാല്‍ 19-ാം ശതകത്തിന്റെ ആരംഭത്തോടെ നല്ല രീതിയില്‍ ഡിസൈന്‍ ചെയ്യപ്പെട്ട അമേരിക്കന്‍ ഘടികാരങ്ങള്‍ വിപണിയിലെത്തി.