This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്കു കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:29, 10 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

[മറയ്ക്കുക]

ഗ്രീക്കു കല

ആധുനിക ലോകത്തിന്, വിശേഷിച്ച് യൂറോപ്പിന് വിവിധ രംഗങ്ങളില്‍ മാര്‍ഗദര്‍ശനം നല്കിയത് പുരാതന ഗ്രീസായിരുന്നു. സാഹിത്യത്തിലെന്നതുപോലെ ശില്പകല, ചിത്രകല, വാസ്തുവിദ്യ എന്നീ മേഖലകളിലും തനതായ ശൈലീവിശേഷങ്ങള്‍ ഗ്രീസില്‍ ഉരുത്തിരിഞ്ഞു. സ്വന്തമായ പ്രത്യേകതകളും കാലദേശങ്ങള്‍ക്കതീതമായ സ്വീകാര്യതയും ഗ്രീക്കു കല അചിരേണ ലോകമെമ്പാടും പ്രചരിക്കുവാന്‍ കാരണമായി.

പൊതുവിവരണം

അപാകതകളൊന്നുമില്ലാത്ത സൗന്ദര്യപ്രദര്‍ശനമായിരുന്നു ഗ്രീക്ക് കലാകാരാന്മാരുടെ പരമമായ ഉദ്ദേശ്യം. പ്രകൃതിയുടെ യഥാതഥ ചിത്രീകരണം ഒരിക്കലും അവരുടെ ലക്ഷ്യമായിരുന്നില്ല. പ്രതിമാ നിര്‍മാണത്തില്‍, മനുഷ്യശരീരം എങ്ങനെ കാണപ്പെടുന്നു എന്നതല്ല, എങ്ങനെ കാണപ്പെടണം എന്നതാണ് അവര്‍ കണക്കിലെടുത്തിരുന്നത്. പൂര്‍ണതയെത്തേടിയുള്ള ഇവരുടെ കലാസപര്യ പില്ക്കാല കലാകാരന്മാര്‍ക്കെല്ലാം മാര്‍ഗദര്‍ശകമായി. വാണിജ്യബന്ധങ്ങള്‍, സാമ്രാജ്യമോഹികളായ ഭരണാധികാരികള്‍ യുദ്ധംവഴി കീഴടങ്ങിയ വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകള്‍, അസംസ്കൃത പദാര്‍ഥങ്ങളുടെ ഇറക്കുമതി, സൗകര്യങ്ങളിലുണ്ടായ വര്‍ധന എന്നിവയെല്ലാം കലാരംഗത്ത് പുത്തന്‍മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ ഗ്രീക്കുകലാകാരന്മാരെ സഹായിച്ചു. പ്രാദേശിക രൂപങ്ങളോട് വിദേശ സ്വാധീനങ്ങളെ വിളക്കിച്ചേര്‍ത്തുകൊണ്ട് പല ആവിഷ്കാര ശൈലികളും ഗ്രീസില്‍ ഉരുത്തിരിഞ്ഞു. ചിലപ്പോള്‍ ബാഹ്യരൂപത്തിന് പ്രാധാന്യം കല്പിച്ചിരുന്നുവെങ്കില്‍, മറ്റുചിലപ്പോള്‍ വൈകാരിക ഭാവത്തിനായിരുന്നു പ്രാധാന്യം. എന്നാല്‍ സന്തുലിതത്വം (harmony), സൗന്ദര്യം എന്നിവയില്‍ ഗ്രീസിന്റേത് എന്നുമാത്രം വിശേഷിപ്പിക്കാവുന്ന തത്ത്വങ്ങള്‍ പാലിക്കുവാന്‍ അവര്‍ മറന്നില്ല.

ജ്യാമിതീയയുഗം (ബി.സി. 900-800), പൗരസ്ത്യവത്കരണകാലം (800-650), പുരാതന കാലഘട്ടം (650-480), ക്ലാസ്സിക്കല്‍ കാലഘട്ടം (480-330), ഹെല്ലനിസ്റ്റിക് കാലഘട്ടം (330-30), ആധുനിക കാലഘട്ടം എന്നിങ്ങനെ ഗ്രീക്കുകലയെ വിവിധ ഘട്ടങ്ങളായി തിരിക്കാം. പുറംലോകവുമായുള്ള ബന്ധം വളരെ വിരളവും, തത്ഫലമായി വൈദേശിക സ്വാധീനം കുറവുമായിരുന്ന ജ്യാമിതീയയുഗത്തിലെ കലാസൃഷ്ടികളുടെ ഋജുരേഖാസ്വഭാവമാണ് ആ കാലത്തിന് ഇങ്ങനെ പേരു നല്കുവാനുള്ള കാരണം. പൗരസ്ത്യനാടുകളുമായുള്ള ബന്ധവും ഗ്രീക്കുകലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ പ്രകടമായിരുന്ന സമയത്തെ പൗരസ്ത്യവത്കരണകാലം എന്നു നാമകരണം ചെയ്യാം. പൗരസ്ത്യ സ്വാധീനം ക്രമേണ കുറഞ്ഞുവരികയും വലുപ്പമേറിയ ക്ഷേത്രങ്ങളുടെ നിര്‍മാണത്തിനുള്ള താത്പര്യം, കലാ സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടായ പുതിയ ബന്ധങ്ങള്‍ എന്നിവ വര്‍ധിച്ചുവരികയും ചെയ്ത വര്‍ഷങ്ങളാണ് പുരാതനകാലം. പ്രാചീന ശൈലി ഈ കാലത്ത് അവലംബിക്കപ്പെട്ടതോടെ കലശചിത്രണം, ശില്പകല, വാസ്തുവിദ്യ എന്നീ രംഗങ്ങളില്‍ അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായി. ക്ഷേത്രനിര്‍മാണരംഗം ഈ കാലഘട്ടത്തിലെ കലാപരമായ വികാസങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. ശില്പനിര്‍മാണരംഗത്തെ പ്രതിഭകളായ മൈറോണ്‍, ഫിഡിയാസ്, പോളിക്ലിറ്റസ്, ചിത്രകാരനായ പോളിഗ്നോട്ടസ് എന്നിവരുടെ കാലം മുതലാണ് ക്ലാസ്സിക്കല്‍ ഘട്ടം ആരംഭിക്കുന്നത്. പുരാതന കാലത്തിനുശേഷം വരുന്ന എട്ടു ദശകങ്ങള്‍ ക്ലാസ്സിക്കല്‍ ഘട്ടമായി പരിഗണിക്കപ്പെടുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ദിഗ്വിജയത്തെത്തുടര്‍ന്ന് ഗ്രീക്കുകാര്‍ക്ക് പുറം നാടുകളുമായി കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാവുകയും അവര്‍ അവിടങ്ങളിലെ കലാസമ്പ്രദായങ്ങളുടെ സ്വാധീനവലയത്തിലാവുകയും ചെയ്തു. പ്രസ്തുത വൈദേശികസ്വാധീനം ബി.സി. ഒന്നാം ശ.-ത്തിന്റെ അന്ത്യംവരെ തുടര്‍ന്നു. ഈ കാലഘട്ടത്തെ ഹെല്ലനിസ്റ്റിക് എന്നു വിളിച്ചുവരുന്നു.

ജ്യാമിതീയ യുഗം (ബി.സി. 900-800)

ക്ലാസ്സിക്കല്‍ കലയുടെ കേന്ദ്രമായ പാര്‍ത്തിനോണ്‍

അലങ്കാരവേലകളുടെയും മറ്റും വൈരുധ്യസ്വഭാവം കാരണമാണ് ഈ കാലഘട്ടത്തിന് ജ്യാമിതീയ യുഗം എന്നു പേരുണ്ടായത്. കളിമണ്‍പാത്ര നിര്‍മാണരംഗത്താണ് ഈ പ്രത്യേകതകള്‍ കൂടുതല്‍ പ്രകടമായത്. ബി.സി. 9-ാം ശ.-ത്തോടുകൂടിയുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങള്‍, കുടിയേറ്റങ്ങള്‍ എന്നിവയെത്തുടര്‍ന്ന് കലാരംഗത്തും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കലശങ്ങളും മറ്റും സുന്ദരമാക്കുന്നതിനായി അവയുടെ വശങ്ങളില്‍ വിവിധ ചിത്രങ്ങള്‍ വരയ്ക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. അത്തരം ചിത്രപ്പണികള്‍ നടത്തിയവരെ വലിയ കലാകാരന്മാരായി അംഗീകരിച്ചിരുന്നില്ലെങ്കിലും, ഗ്രീക്കു കലയെപ്പറ്റി പഠനം നടത്തുന്നവര്‍ക്ക് അവഗണിക്കാവുന്ന ഒരു രംഗമല്ല ഇത്. ഉത്ഖനനങ്ങള്‍ വഴി പുരാതനഗ്രീക്ക് കലശങ്ങളും ചഷകങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയില്‍ വലുപ്പമേറിയവ ശവകുടീരങ്ങളില്‍ സ്മാരകങ്ങളായി ഉപയോഗിച്ചുവന്നിരുന്നതാണ് എന്നു കരുതപ്പെടുന്നു. ജ്യാമിതീയ ശൈലിയില്‍ നിര്‍മിക്കപ്പെട്ടുവന്ന ഇത്തരം കളിമണ്‍പാത്രങ്ങള്‍ ഇറ്റലിയിലും സമീപ പൂര്‍വരാജ്യങ്ങളിലും കൂടി കണ്ടെത്തിയിട്ടുള്ളതിനാല്‍ ബി.സി. 8-ാം ശ.-ത്തില്‍ ഗ്രീസിന് കിഴക്കന്‍ മെഡിറ്ററേനിയനുമായി വാണിജ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നു വ്യക്തമാകുന്നു. കലശങ്ങളിലെ ചില മുദ്രണങ്ങള്‍ ഗ്രീക്കുകാര്‍ അക്കാലത്തു ഫിനീഷ്യന്‍ (Phoenician) അക്ഷരമാല കടമെടുക്കുകയും സ്വന്തമായ പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്തു എന്ന വസ്തുത വെളിവാക്കുന്നു.

ഗ്രീക്ക് കലാശൈലി എന്നൊന്ന് വ്യക്തമായി ഉരുത്തിരിഞ്ഞു തുടങ്ങിയത് ജ്യാമിതീയ കാലത്തോടെയാണ്. വൈരുധ്യസ്വഭാവമുള്ള ചിത്രങ്ങള്‍ കൊണ്ടലംങ്കൃതമായ കളിമണ്‍പാത്രങ്ങളും ചെറിയ ശില്പങ്ങളും ഈ രീതിയെപ്പറ്റി നമുക്കറിവു നല്കുന്നു. അമൂര്‍ത്തമായ ആദ്യകാല അലങ്കാരങ്ങളുടെ സ്ഥാനം പില്ക്കാലത്ത് മൃഗങ്ങളും പക്ഷികളും കൂടി കൈയടക്കി. ഒടുവില്‍ മനുഷ്യരൂപങ്ങളും വിരചിതമായിത്തുടങ്ങി. നിഴല്‍ച്ചിത്രങ്ങളുടെ രൂപത്തിലായിരുന്നു മനുഷ്യനെ വരച്ചത്. പ്രവൃത്തി ചെയ്തുകൊണ്ടിരുന്ന രീതിയില്‍ മനുഷ്യരൂപങ്ങള്‍ അവയില്‍ കാണപ്പെട്ടു. ത്രികോണങ്ങള്‍, വൃത്തങ്ങള്‍ തുടങ്ങിയ ക്ഷേത്രഗണിത ചിഹ്നങ്ങളുപയോഗിച്ചുള്ള അലങ്കാരങ്ങളില്‍ ആരംഭിച്ച്, ആ പരിധിയില്‍ത്തന്നെ ഒതുങ്ങുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ചിത്രീകരണത്തിലെത്തി, പിന്നീട് വിശദമായ രംഗങ്ങള്‍തന്നെ വരച്ചുകാട്ടിത്തന്ന ഈ സമ്പ്രദായത്തെക്കുറിച്ചുള്ള പഠനത്തിന്, ആഥന്‍സിന്റെ ഡിപ്പിലോണ്‍ ശ്മശാനത്തില്‍ നിന്ന് ലഭിച്ച കുറേ കലശങ്ങളാണ് ഏറ്റവും പ്രധാന മാതൃക. പരേതനു ചുറ്റും നിന്ന് ആളുകള്‍ വിലപിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഇവയുടെ ചുവട്ടില്‍ ദ്വാരങ്ങളുണ്ട്. പാനീയബലികള്‍ പരേതാന്മാവിന് ലഭിക്കുക എന്നതാവാം ഇതിന്റെ ഉദ്ദേശ്യം. മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള യാതൊരു പരാമര്‍ശവും ഇവയിലെങ്ങും കാണുന്നില്ല. ഇതിന്റെ അര്‍ഥം അവര്‍ക്കതില്‍ വിശ്വാസമില്ലെന്നല്ല, പ്രത്യുത മരിച്ചുപോയവരുടെ ജീവിതം തീരെ പകിട്ടില്ലാത്ത ഒന്നായി അവര്‍ കരുതിയിരുന്നു എന്നാണ്. ശവകുടീരങ്ങള്‍ ഭംഗിയായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന ഗ്രീക്കുകാര്‍ തര്‍പ്പണം നടത്തിയിരുന്നു. ഇതെല്ലാം മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ അധിഷ്ഠിതമായിരുന്നു. ഒരേ രംഗത്തില്‍ത്തന്നെ ഓര്‍ഗാനിക്കും ജ്യാമിതീയവുമായ ഘടകങ്ങള്‍ കാണാം. അവ തമ്മിലുള്ള വ്യത്യാസം കൃത്യമായി പറയുക ദുഷ്കരമാണ്. വിഷമ ചതുര ക്ഷേത്രം, സമഭുജം എന്നിവ കാലുകളെയാണ് സൂചിപ്പിക്കുന്നത്. അവ മനുഷ്യന്റെയോ കസേരയുടെയോ ശവപ്പെട്ടിയുടെയോ ആകാം. ബിന്ദുവോടുകൂടിയ വൃത്തങ്ങള്‍ ഒരു പക്ഷേ മനുഷ്യന്റെ ശിരസ്സിനെ ആയിരിക്കാം സൂചിപ്പിച്ചിരിക്കുന്നത്. ഒരു കപ്പല്‍ച്ഛേദം അങ്കിതമായിരുന്ന കലശവും പ്രസിദ്ധമാണ്. പല ചിഹ്നങ്ങളും പ്രതിരൂപാത്മകങ്ങളാണോ അതോ അവ വെറും അലങ്കാരത്തിനായി മാത്രം ചേര്‍ക്കപ്പെടുകയാണോ ഉണ്ടായത് എന്നു തീര്‍ത്തു പറയാനാവില്ല.

ജ്യാമിതീയ യുഗത്തിന്റെ സംഭാവനകളായി കളിമണ്‍ പ്രതിമാശില്പങ്ങളും ഓടിലുള്ള ചെറിയ പ്രതിമകളും കൂടിയുണ്ട്. ഇവ പരിശോധിച്ചാല്‍ കലാസൃഷ്ടികളുടെ വൈരുധ്യസ്വഭാവം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. പക്ഷിമൃഗാദികളുടെ രൂപങ്ങള്‍ ആകര്‍ഷകമായി നിര്‍മിച്ചുവന്നു. (കുതിരകള്‍ക്കായിരുന്ന കൂടുതല്‍ പ്രിയം). പില്ക്കാലത്ത് ഒന്നിലധികം രൂപങ്ങള്‍ ഒരേ ചിത്രത്തില്‍ അവതരിപ്പിച്ചു തുടങ്ങി. മാന്‍പേടയും, കുട്ടിയും, സിംഹവേട്ട എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ അക്കാലത്തു പ്രതിമകളിലെ പുരുഷ സൗന്ദര്യാവിഷ്കാരം അത്ര പ്രശംസനീയമല്ല. ഒറ്റനോട്ടത്തില്‍ ക്ഷേത്രഗണിതാലങ്കാരരീതി പ്രാകൃതവും വിരസവുമായി തോന്നുമെങ്കിലും ഇതിനുപിന്നില്‍ യുക്തിസഹവും പരസ്പരപൂരകവുമായ ഒരു സമ്പ്രദായം കാണാം. ആഥന്‍സ്, ബൊയേഷ്യ, കൊറിന്ത് എന്നിവിടങ്ങളില്‍-വിശേഷിച്ചും ആഥന്‍സില്‍-ആണ് ജ്യാമിതീയ ശൈലി കൂടുതല്‍ വികാസം പ്രാപിച്ചത്.

പൗരസ്ത്യവത്കരണകാലം (ബി.സി. 800-650)

ജ്യാമിതീയ യുഗത്തില്‍ പുറംനാടുകളുമായി വലിയ ബന്ധമൊന്നുമില്ലാതിരുന്ന ഗ്രീസ്, ഇക്കാലത്ത് ഈജിപ്ത്, സമീപ പൂര്‍വരാജ്യങ്ങള്‍ എന്നിവയുമായി വ്യാപാരബന്ധങ്ങള്‍ ആരംഭിച്ചു. സാംസ്കാരികരംഗത്തും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. പൗരസ്ത്യാശയങ്ങളും പ്രതിപാദ്യങ്ങളും അങ്ങനെ ഗ്രീക്ക് കലാരംഗത്ത് സ്ഥാനം കണ്ടെത്തി. ജ്യാമിതീയ യുഗത്തിലും പരാമര്‍ശിതകാലത്തും നിര്‍മിതമായിട്ടുള്ള കലശങ്ങളും മറ്റും പരിശോധിച്ചാല്‍ പൗരസ്ത്യ സ്വാധീനത്തിന്റെ വ്യാപ്തി എത്രമാത്രമെന്ന് പ്രകടമായി മനസ്സിലാക്കാം.

വെള്ളിയിലോ, ഓടിലോ നിര്‍മിച്ച ചെറിയ കിണ്ണങ്ങള്‍, വൃത്താകാരമായ അലങ്കൃത തട്ടങ്ങള്‍, ദന്തനിര്‍മിതവസ്തുക്കള്‍ എന്നിവ ധാരാളമായി ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തുണിത്തരങ്ങളിലും സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹനിര്‍മിതികളിലും ഒട്ടുമുക്കാല്‍ പങ്കും കാലക്രമേണ നഷ്ടമായിപ്പോയതുകൊണ്ട്, ഇറക്കുമതി ചെയ്യപ്പെട്ട കലാസൃഷ്ടികളുടെ സ്വാധീനമുള്ള അവശിഷ്ട കലാവസ്തുക്കളെ ശരിയായ മാതൃകകളായി സ്വീകരിക്കാന്‍ സാധ്യമല്ല. എന്നിരുന്നാലും, അന്നത്തെ കലാസമ്പ്രദായത്തിന്റെ പൊതുസ്വഭാവം മനസ്സിലാക്കുന്നതിനും, ഗ്രീക്കുജനതയുടെമേല്‍ പൗരസ്ത്യ സമ്പ്രദായങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനശക്തിയുടെ തോതറിയുന്നതിനും ഇവ സഹായിക്കും. കൂടുതലും കളിമണ്‍ ശില്പങ്ങളാണ് കാലത്തെ അതിജീവിച്ചിട്ടുള്ളത്. ജ്യാമിതീയയുഗം മുതല്‍ ബി.സി. അഞ്ചും നാലും നൂറ്റാണ്ടുകള്‍ വരെയുള്ള ശൈലീവികാസം ഇവ വെളിവാക്കുന്നു. സ്ഫിങ്സ് (പെണ്‍ സിംഹത്തിന്റെ ശരീരവും സ്്ത്രീയുടെ ശിരസ്സുമുള്ള രക്ഷസ്സ്), സൈറെന്‍ (ഗാനങ്ങളിലൂടെയും മറ്റും നാവികരെ വശീകരിക്കുന്ന ഒരു സമുദ്ര അപ്സരസ്സ്), ഗ്രിഫിന്‍ (കഴുകന്റെ മാതിരി ചുണ്ടുകളും ചിറകുകളും, സിംഹത്തിന്റെ ശരീരവുമുള്ള ഒരുതരം സാങ്കല്പിക ജന്തു) തുടങ്ങിയ പുതിയ വിഷയങ്ങള്‍ സ്വീകരിച്ചു തുടങ്ങി. മനുഷ്യചിത്രീകരണത്തില്‍ പരിഷ്കരിച്ച നിഴല്‍ച്ചിത്രങ്ങളും രേഖാചിത്രങ്ങളും ആവിഷ്കരിക്കപ്പെട്ടു.

ഈ കാലഘട്ടം പൗരസ്ത്യവത്കരണത്തിന്റെ നാളുകളായി കരുതപ്പെടുന്നു. അന്ധമായ അനുകരണത്തിന്റെ പിന്നാലെ പോകാതെ, ഇതില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് ഗ്രീക്കുകാര്‍ ക്രമേണ തനതുശൈലി കരുപ്പിടിപ്പിക്കുകയാണുണ്ടായത്. പൗരസ്ത്യവിഷയങ്ങളുടെ സ്ഥാനത്ത് ഗ്രീക്ക് പുരാണകഥകള്‍ സ്ഥാനം പിടിച്ചു. അലങ്കാരപ്പണികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും, അതിലുള്ള താത്പര്യം വര്‍ധമാനമായ രീതിയിലാകുകയും ചെയ്തു. ഡിസൈനുകള്‍ കൂടുതല്‍ വൃത്താകാരമായി.

വാസ്തുവിദ്യാരംഗത്തും ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാലത്തു സ്വകാര്യാവശ്യങ്ങള്‍ക്കായി വൃത്താകാരമായിട്ട് നിര്‍മിച്ചിരുന്ന കുടിലുകളുടെ സ്ഥാനം കുതിരലാടത്തിന്റെ ആകൃതിയും അണ്ഡാകൃതിയും ദീര്‍ഘചതുരാകൃതിയും സ്വീകരിച്ചുതുടങ്ങി. ഇവയുടെ നിര്‍മാണരീതി ക്ഷേത്രങ്ങള്‍ക്കും അവലംബിക്കപ്പെട്ടു. പരീക്ഷണത്തിന്റേതായ നാളുകളായി കരുതിവരുന്ന പൗരസ്ത്യവത്കരണകാലം കിഴക്കുനിന്നു സ്വാംശീകരിച്ചെടുക്കാവുന്ന എല്ലാം സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു വ്യതിയാനത്തിനു വിധേയമായി.

പുരാതന കാലഘട്ടം (ബി.സി. 650-480)

പുരാതനകാലഘട്ടത്തിലെ ചില കലാസൃഷ്ടികള്‍

ഇക്കാലത്താണ് സലാമീസിലും പലാറ്റിയയിലും വച്ച് ഗ്രീക്കുകാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തിയത്. ഈജിപ്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവിടങ്ങളിലെ കലാസൃഷ്ടികളുടെയും മറ്റും ചുവടുപിടിച്ച്, ഗ്രീസിലെ കലാകാരന്മാര്‍ സ്വന്തം സര്‍ഗപ്രതിഭയുടെ മാറ്റുകൂട്ടി. മൗലികശൈലികള്‍ പരീക്ഷിക്കുന്നതിലും അവര്‍ ആരുടെയും പിന്നിലായിരുന്നില്ല. എങ്കിലും പുതിയ സമ്പ്രദായങ്ങള്‍ കണ്ടെത്തുന്നതിലും അധികം, നിലവിലുള്ളവയെ കൂടുതലും പരിഷ്കരിക്കുന്നതിലാണ് അവര്‍ ശ്രദ്ധപതിപ്പിച്ചത്. കലാരംഗത്തെ അതുവരെയുള്ള സംഭാവനകളില്‍ നിന്നു വ്യത്യസ്തമായ പല പുതുമകളും നമുക്കിവിടെ അനുഭവവേദ്യമാകും. കലശ ചിത്രീകരണം മുറയ്ക്കു നടന്നിരുന്നെങ്കിലും സ്മാരക വാസ്തുവിദ്യയിലും ശില്പവിദ്യയിലുമെല്ലാം അഭൂതപൂര്‍വമായ വികാസം ഉണ്ടായതായി കാണാന്‍ കഴിയും. 7-ാം ശ.-ത്തിന്റെ മധ്യകാലത്തിനു മുന്‍പുതന്നെ വാസ്തുവിദ്യയിലുള്ള താത്പര്യം ആരംഭിച്ചിരിക്കാം. അതിനുമുമ്പ് തടിയിലായിരുന്നു കൂടുതല്‍ നിര്‍മാണപ്രക്രിയ നടന്നത്. ദാരുശില്പങ്ങള്‍ പെട്ടെന്നു നശിച്ചുപോകുമെന്നതിനാലും അനശ്വരതയ്ക്കായുള്ള മോഹം അദമ്യമായിരുന്നതിനാലും ആകാം പില്ക്കാല ഗ്രീക്കുശില്പി ലോഹവും ശിലയും തന്റെ അസംസ്കൃത പദാര്‍ഥങ്ങളായി സ്വീകരിച്ചു തുടങ്ങിയത്. സാങ്കേതിക പരിവര്‍ത്തനങ്ങള്‍ ശൈലിയിലും സ്വാധീനം ചെലുത്തിയിരിക്കാം. തന്മൂലം ആദ്യകാല ദാരുക്ഷേത്രങ്ങളുടെ രൂപമാതൃകകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നതു ദുഷ്കരമായിരിക്കും.

കലശചിത്രീകരണം

കലശചിത്രീകരണം

കളിമണ്‍ പാത്രനിര്‍മാണവും അതനുസരിച്ചുള്ള അലങ്കാരപ്പണികളും മറ്റും പ്രയോജന കലകളില്‍പ്പെടുന്നവ ആണെന്നും, കലാപരമായ പ്രാധാന്യം അവയ്ക്ക് ഇല്ല എന്നും ഒരു അഭിപ്രായഗതി ഉണ്ട്. എന്നാല്‍ ഏതു വിഭാഗത്തില്‍ ചേര്‍ത്താലും കലാപരമായി അവയ്ക്കുള്ള മേന്മയുടെ നേരെ കണ്ണടയ്ക്കാവുന്നതല്ല. നഷ്ടമായിപ്പോയ ചിത്രങ്ങളുടെ അനുകരണം മാത്രമാണ് അവ എന്ന സംശയം അവശേഷിക്കുന്നുണ്ടെങ്കിലും, വെറും ഊഹങ്ങളുടെ പേരില്‍ കലശചിത്രീകരണത്തിന്റെ മാഹാത്മ്യം കുറയുന്നില്ല. അവയെല്ലാം തന്നെ തനതായ പൂര്‍ണതയുള്ളവയായിരുന്നു എന്നു കരുതാം. ഗ്രീക്കു ജീവിതത്തെക്കുറിച്ചും ചിന്താഗതിയെക്കുറിച്ചും നമുക്കറിവു നല്കുന്ന കലശങ്ങള്‍, വലുപ്പം കൊണ്ടുമാത്രമല്ല, ഗുണമേന്മകൊണ്ടുകൂടി ശ്രദ്ധേയങ്ങളാകുന്നു. ശവകുടീരങ്ങളില്‍ സ്മാരകങ്ങളായി ഉപയോഗിച്ചു തുടങ്ങിയതുകൊണ്ടോ മറ്റോ ആകാം, മുന്‍കാലങ്ങളെ അപേക്ഷിച്ച് പുരാതന കാലത്ത് അവയുടെ വലുപ്പം കുറവായിരുന്നു. ചിത്രാങ്കിതമായ കലശങ്ങളില്‍ കലാകാരന്റെ കൈയൊപ്പു കണ്ടുതുടങ്ങി എന്നതും ഈ കാലത്തിന്റെ സവിശേഷതയാണ്. ഇക്കൂട്ടത്തില്‍ സ്വകീയമായ ശൈലിയുള്ള പലരും ഉള്‍പ്പെട്ടിരുന്നതിനാല്‍ കൈയൊപ്പിന്റെ അഭാവത്തില്‍പ്പോലും ഒരാളുടെ സൃഷ്ടികള്‍ മറ്റുള്ളവരുടേതില്‍ നിന്നു തിരിച്ചറിയാന്‍ കഴിയും. കൊറിന്തിലും ലാക്കോണിയയിലും ഈജിയന്‍ ദ്വീപുകളിലും വിവിധ കലശചിത്രീകരണ പ്രസ്ഥാനങ്ങള്‍ നിലനിന്നു.

ഗ്രീസിന്റെ അക്കാലത്തെ പ്രധാന കയറ്റുമതിച്ചരക്കായിരുന്ന കളിമണ്‍പാത്രങ്ങള്‍ പേര്‍ഷ്യ, ജര്‍മനി എന്നിവിടങ്ങളിലെല്ലാം വിപണി കണ്ടെത്തി. 6-ാം ശ.-ത്തോടുകൂടി ഗ്രീസ് ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ആഥന്‍സ് അത്ര പ്രശസ്തി നേടിയിരുന്നതിനാല്‍ 'ആറ്റിക് ഉത്പന്നം' എന്നത് ഗ്രീക്ക് കളിമണ്‍പാത്രങ്ങള്‍ക്കു പൊതുവേയുള്ള അപരനാമമായി. ആദ്യകാലങ്ങളില്‍ ചുവപ്പ് പശ്ചാത്തലത്തില്‍ കറുത്ത രൂപങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. കാലക്രമേണ പശ്ചാത്തലം കറുപ്പും ചിത്രീകരണം ചുവപ്പുമായി. ബി.സി. 520-ഓടുകൂടിയുണ്ടായ ഈ വ്യതിയാനം വിശദാംശങ്ങള്‍പോലും ശ്രദ്ധിക്കുന്നതിനും ഭാവപ്രകടനത്തിനും വഴി ഒരുക്കി. നിറങ്ങളെക്കുറിച്ച് അവര്‍ക്കുള്ള അവബോധം ഈ ശൈലി പ്രദര്‍ശിപ്പിക്കുന്നു. യുമാറസ് (Eumarus), സൈമണ്‍ (Cimon) എന്നീ ചിത്രകലാകാരന്മാര്‍ സാങ്കേതിക രംഗത്തു നടത്തിയ പഠനങ്ങള്‍ എപ്പിസെറ്റസ്, ഓള്‍ട്ടോസ്, യൂത്തിമൈഡ്സ്, യുപ്രോണിയസ് തുടങ്ങിയ കളിമണ്‍പാത്രനിര്‍മാതാക്കള്‍ക്ക് അവരുടെ കര്‍മമണ്ഡലത്തില്‍ സഹായകമായി.

ചിത്രകല

തിയൊപോളോയുടെ 'എലീസറും റബേക്കയും' എന്ന പെയിന്റിങ്

വിവിധ ചിത്രകലാപ്രസ്ഥാനങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നിരിക്കാം. കൊറിന്തില്‍ അത്തരം കേന്ദ്രം ഉണ്ടായിരുന്നു എന്നതിന് ഉപോദ്ബലകമായി ചില പുരാതനരേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്ലിയാന്തസ്, എസ്ഫാന്റോസ് എന്നിവരായിരുന്നു അവിടത്തെ പ്രമുഖര്‍. മൗലിക ചിത്രങ്ങള്‍ എല്ലാം തന്നെ നശിച്ചുപോയി. വിരളമായി മാത്രം ലഭിച്ചിട്ടുള്ള ചില അവശിഷ്ടങ്ങളും കലശങ്ങളിലെ ചില ചിത്രങ്ങളും, പുരാതന സാഹിത്യകാരന്മാരുടെ പരാമര്‍ശങ്ങളും മാത്രമാണ് ഈ രംഗത്തേക്ക് അല്പമെങ്കിലും വെളിച്ചം വീശുന്നത്. ഇക്കാലത്ത് ചുവര്‍ചിത്രാലങ്കരണവും നടപ്പിലുണ്ടായിരുന്നു. ശില്പനിര്‍മാണത്തിലും വാസ്തുവിദ്യയിലും ഗ്രീക്കുകാര്‍ കൈവരിച്ച നേട്ടങ്ങളോടു കിടപിടിക്കുന്നതായിരുന്നു ചിത്രകലാരംഗം എന്നു പല നിരൂപകന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മൗലിക സൃഷ്ടികള്‍ നഷ്ടപ്പെട്ടുപോയതിനാല്‍ കളിമണ്‍ ചിത്രീകരണങ്ങള്‍ക്കും മറ്റ് അനുകരണങ്ങള്‍ക്കും പ്രാധാന്യം വര്‍ധിക്കുന്നു.

ശില്പകല

മാര്‍ബിളും ഓടും ശില്പനിര്‍മാണത്തിന് ഉപയോഗിച്ചുവന്നു. ഈജിപ്ഷ്യന്‍ സ്വാധീനം ഈ രംഗത്ത് പ്രകടമായിരുന്നു. ആദ്യവര്‍ഷങ്ങളിലെ ശില്പങ്ങള്‍ പലതും നിശ്ചലരചനകളാണ്. മനുഷ്യപ്രതിമകള്‍ ചമയ്ക്കുന്നതില്‍ ഗ്രീക്കുകാര്‍ പ്രത്യേക ഔത്സുക്യം പ്രദര്‍ശിപ്പിക്കുന്നു. മറ്റു ചില രാജ്യങ്ങളിലെ പുരാതന ശില്പനിര്‍മാണ കലയില്‍നിന്ന് വ്യത്യസ്തമായി ദൈവപ്രതിമകളും മനുഷ്യരൂപത്തിലാണ് ഇവര്‍ ഉണ്ടാക്കിവന്നത്. മാനുഷഭാവങ്ങളും വികാരങ്ങളും ആരോപിക്കപ്പെട്ടിട്ടുള്ള അവയില്‍ ഒരു സാധാരണ മനുഷ്യന് ഉണ്ടാവുന്ന അപൂര്‍ണതകള്‍ തീര്‍ത്തും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. അടിസ്ഥാനപരമായ പ്രമാണമാനങ്ങള്‍ പാലിക്കുക, അപൂര്‍ണതകളുള്ള മാതൃകയില്‍ നിന്ന് കുറ്റമറ്റരൂപങ്ങള്‍ തീര്‍ക്കുക എന്നിവയെല്ലാം ശില്പിയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ആവശ്യപ്പെടുന്നവയാണല്ലോ. പൂര്‍ണതയ്ക്കായുള്ള അധ്വാനത്തിന്റെ പാതയില്‍ ഇത്തരം പല വൈഷമ്യങ്ങളും ഗ്രീസിലെ ശില്പികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു.

ക്ഷേത്രങ്ങളും മറ്റും മോടിപിടിപ്പിക്കാന്‍ സ്വീകരിച്ചിരുന്ന അതേ മാനദണ്ഡം പുരാതന ശില്പങ്ങളിലും അവലംബിക്കാനുള്ള പ്രവണത അക്കാലത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അന്ന് നിലനിന്നിരുന്ന ശില്പനിര്‍മാണ രീതികളിലൊന്നാണ് ക്സോണ. ദാരുശില്പങ്ങളില്‍ നിന്ന് വികസിച്ചുവന്ന ഈ മാതൃകയില്‍ നിര്‍മിച്ച പ്രതിമകള്‍ക്ക് വലുപ്പം കുറവാണ്.

അക്സോസ്, പാരോസ്, പെന്റലിക്കോണ്‍ എന്നിവ ഉള്‍പ്പെടെ, ഗ്രീസിന്റെ വിവിധ ഭാഗങ്ങളില്‍ ശില്പനിര്‍മാണത്തിന് വേണ്ടിയിരുന്ന മാര്‍ബിള്‍ ലഭിച്ചുവന്നു. ഇതില്‍ ആഥന്‍സിലെ പെന്റലിക്കോണ്‍ മലയിലേതാണ് ഏറ്റവും മേന്മയേറിയത്. ശില്പങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ കുമ്മായവും ഗ്രീസില്‍ സുലഭമായിരുന്നു. അങ്ങനെ ഈ രംഗത്ത് അദ്വിതീയ സ്ഥാനം നേടിയെടുക്കുവാന്‍ ആഥന്‍സിന് തുലോം എളുപ്പമായി. കെട്ടിടങ്ങളിലെ ശില്പങ്ങള്‍ക്ക് പ്രധാനമായും കുമ്മായമാണ് ഉപയോഗിച്ചുവന്നത്. ഓടാണ് മറ്റൊരു നിര്‍മാണവസ്തു. ശില്പങ്ങളില്‍ വിവിധ നിറങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് അവയുടെ മനോഹാരിത വര്‍ധിപ്പിച്ചു.

ആദ്യകാല ശില്പികളെക്കുറിച്ച് സൂക്ഷ്മമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല. പ്രഥമ ശില്പി ഡീഡലസ് ആണെന്നും കിയോസുകാരനായ മേളാസാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഡീഡലസിനു ചുറ്റും ഒട്ടൊരു ഐതിഹ്യ പരിവേഷമുള്ളത് തള്ളിക്കളയാവുന്നതല്ല. മാര്‍ബിളിലും തടിയിലും ശില്പങ്ങള്‍ നിര്‍മിച്ചിരുന്നു. ഡീപ്രിനസും സില്ലിസും ചരിത്രപുരുഷന്മാരാണ്. ഡീഡലസാണ് ഇവരുടെ ഗുരു എന്നു പറയപ്പെടുന്നു. ഡീഡലസാരാണെന്നതിനെ സംബന്ധിച്ച് അല്പം ദുരൂഹത ഉണ്ടെങ്കിലും 'ഡീഡലിക് രീതി' എന്നൊരു പ്രയോഗം നിലവിലുണ്ട്. 7-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ നിര്‍മിതമായ ശില്പങ്ങളെയാണ് ഇതിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ചെറിയ കളിമണ്‍ ശില്പങ്ങള്‍ (terracotta) റോഡ്സ്, കോറിന്ത്, ക്രീറ്റ്, ലാക്കോണിയ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 'ഓക്സേറിലെ വനിത' എന്നറിയപ്പെടുന്ന, 90 സെ.മീ. ഉയരമുള്ള പ്രതിമയാണ്. (ലൂവ്ര്മ്യൂസിയം, പാരിസ്) ഇതില്‍ ഏറ്റവും പ്രശസ്തം. ഒരു കാലത്ത് ഓക്സേറിയയിലെ മ്യൂസിയത്തില്‍ ഉണ്ടായിരുന്ന ഇത് കുമ്മായക്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യകാല ഗ്രീക്ക് പ്രതിമകളെപ്പറ്റിയുള്ള പൊതുവായ പല വിവരങ്ങള്‍ക്കായും ഇതിനെയാണ് കലാനിരൂപകര്‍ ആശ്രയിക്കുന്നത്. കേശാലങ്കാരരീതി ഈജിപ്ഷ്യന്‍ സ്വാധീനം കാണിക്കുന്നുണ്ടെങ്കിലും, വസ്ത്രാലങ്കാരം ഭിന്നമാണ്. അടിസ്ഥാന തത്ത്വങ്ങളില്‍ ചിലത് ഈജിപ്ഷ്യനാണെങ്കിലും ഗ്രീക്ക് ലക്ഷണങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിമയുടെ ഭാഗങ്ങള്‍ ഈജിപ്ഷ്യന്‍ പ്രതിമകളെക്കാളും ചതുരവടിവിലാണ്. ഇതിനു സമാനമായ ഓടിലുള്ള ഒരു പുരുഷരൂപവും. 'ഓക്സേറിലെ വനിത'യുടെ അതേ ശൈലിയിലുള്ളതും നികാന്‍ഡര്‍ എന്നൊരു സ്ത്രീ ഡേലോസില്‍ സമര്‍പ്പിച്ചതുമായ ഒരു മാര്‍ബിള്‍ ശില്പവും ഇവിടെ പരാമര്‍ശിക്കുന്നു.

ശില്പികളെക്കുറിച്ചും മറ്റും കൃത്യമായ വിവരങ്ങള്‍ കുറവാണെങ്കിലും അക്കാലത്തേത് എന്നു നാം കരുതുന്ന പുരാവസ്തുക്കള്‍ ഒരു പ്രധാന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഈജിപ്തിന്റെ സ്വാധീനം വളരെ പ്രകടമായിരുന്നു. ക്രീറ്റന്‍ സമ്പ്രദായവും, ഏഷ്യാമൈനറിന്റെ സ്വാധീനം കൂടുതലും ഈജിപ്തിന്റെ സ്വാധീനം കുറവും ഉണ്ടായിരുന്ന അയോണിയന്‍ സമ്പ്രദായവും അന്ന് നിലവിലുണ്ടായിരുന്നു.

കൂറോസും കോറും

കൂറോസും കോറും (Kouros and Kore). ഗ്രീക്ക് ശില്പകലയെപ്പറ്റി പറയുമ്പോള്‍ നമ്മുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വസ്തുത ഉണ്ട്. ലോകമെമ്പാടും സ്ത്രീസൗന്ദര്യത്തെ അതിന്റെ നഗ്നരൂപത്തില്‍ ചിത്രീകരിക്കാന്‍ സ്ഥലകാലഭേദമെന്യേ കലാകാരന്മാര്‍ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും, ഗ്രീസില്‍ സ്ത്രീരൂപങ്ങള്‍ സമ്പൂര്‍ണവേഷവിധാനങ്ങളോടും പുരുഷപ്രതിമകള്‍ നഗ്നമായും ആണ് നിര്‍മിക്കപ്പെട്ടത്. ഈ പ്രവണതയുടെ പിന്നിലെ ചേതോവികാരം എന്താണെന്നുള്ളത് ദുരൂഹമാണ്. പുരാതനകാലഘട്ടത്തില്‍ ഈ രീതിയില്‍ ധാരാളം പ്രതിമകള്‍ നിര്‍മിച്ചിരുന്നു. ഇത്തരം സ്ത്രീ-പുരുഷ രൂപങ്ങള്‍ക്ക് കോര്‍ എന്നും കൂറോസ് എന്നും ആണ് യഥാക്രമം പേരുകള്‍. ക്സോണ (xoana) ശൈലിയിലുള്ള ചെറിയ ശില്പങ്ങളുടെ സ്ഥാനത്ത് ഡീഡലിക് സമ്പ്രദായത്തിലുള്ള പൂര്‍ണകായ പ്രതിമകളും, കൂടുതല്‍ വലുപ്പമേറിയ രൂപങ്ങളും രംഗത്തെത്തിത്തുടങ്ങി. ഇവയില്‍ കൂറോസ്, കോര്‍ രൂപങ്ങള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യ സ്വഭാവമുള്ളത്. കോര്‍ വിഭാഗം അവതരിപ്പിക്കുന്നത് അപ്പോളോ ദേവനെയാണ് എന്നാണ് മുന്‍പ് ധരിച്ചിരുന്നത്. യഥാര്‍ഥത്തില്‍ അവയില്‍ മിക്കതും നേര്‍ച്ചയായി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടവയോ, ശവകുടീരങ്ങളില്‍ പണിതുവച്ചിരുന്നവയോ ആണ്. അതുമല്ലെങ്കില്‍ ഏതെങ്കിലും പ്രശസ്ത കായികാഭ്യാസി ആകാം.

ഹീരാദേവിയുടെ ഒരു പുരോഹിത സമര്‍പ്പിച്ച സ്വന്തം പുത്രന്മാരുടെ ഒരു ജോടി പ്രതിമകളാണ് കൂറോസിന്റെ പൂര്‍വമാതൃകകളായി കണക്കാക്കി വരുന്നത്. വയലില്‍ നിന്ന് വണ്ടി വലിക്കാനുള്ള കാളകള്‍ വരാന്‍ വൈകിയപ്പോള്‍, മാതാവിനെ കൃത്യസമയത്ത് ഉത്സവസ്ഥലത്ത് എത്തിക്കാനായി പുത്രന്മാര്‍ ആ ചുമതല ഏറ്റെടുക്കുകയും തത്ഫലമായി മരണമടയുകയും ചെയ്തു. ഇതിന്റെ പേരില്‍ ആ പുരോഹിത നല്കിയ ഒരേ മാതൃകയിലുള്ള പ്രതിമകളുടെ നിര്‍മാണം നിര്‍വഹിച്ചത് ആര്‍ഗോസിലെ അഗാമിഡിസ് അഥവാ പോളിമിഡിസ് എന്ന പെലപ്പനീഷ്യന്‍ ശില്പിയാണ്. കൂറോസ് മാതൃകയിലുള്ള ശില്പങ്ങളുടെ വികാസം ഇതില്‍ നിന്ന് ആരംഭിച്ചു എന്ന് കരുതാവുന്നതാണ്. ഇടതുകാല്‍ മുന്നോട്ടു അല്പം നീക്കിവച്ച്, കരങ്ങള്‍ വശങ്ങളില്‍ നിവര്‍ത്തിട്ട്, നേരെ മുകളിലേക്ക് നോക്കി നില്‍ക്കുന്ന കൂറോസ് മാതൃക പുരാതന ഗ്രീക്ക് ശില്പകലകളില്‍ ഉപയോഗിച്ചിരുന്നു.

വേഷാലങ്കാരങ്ങളോടുകൂടിയ സ്ത്രീരൂപം 'കോര്‍' (kore maiden-കുമാരി) എന്നറിയപ്പെടുന്നു. വ്യത്യസ്ത വേഷവിധാനങ്ങളുടെ സാന്നിധ്യം ഇത്തരം പ്രതിമകളെ കൂറോസ് വിഭാഗത്തില്‍പ്പെട്ടവയെക്കാള്‍ സങ്കീര്‍ണമാക്കുന്നു. 'ഓക്സേറിലെ വനിത' (ക്രീറ്റന്‍ സ്കൂള്‍) ഒരു ആദ്യകാലമാതൃകയാണ്. വേഷഭൂഷാലങ്കൃതമായതും സ്തൂപികാകൃതിയിലുള്ളതുമായ പഴയ സ്ത്രീരൂപങ്ങളെ യൂത്തിഡിക്കോസിന്റെ കന്യകയെപ്പോലുള്ള (Kore of Euthidicos) പരിഷ്കൃതരൂപങ്ങള്‍ പിന്നിലാക്കിക്കളഞ്ഞു. മുന്‍കാലങ്ങളിലെ ചില ലക്ഷണങ്ങള്‍ ദൃശ്യമാണെങ്കിലും സാങ്കേതിക മേന്മയില്‍ ഇത് മുന്‍പന്തിയില്‍ നില്‍ക്കുന്നു. പില്ക്കാല പുരാതന ശൈലിയുടെ ഏറ്റവും പൂര്‍ണതയുള്ള ഉദാഹരണങ്ങളില്‍ ഒന്നാണിത്. ബി.സി. 480-ല്‍ വിശുദ്ധോപഹാരമായി യൂത്തിഡിക്കോസ് എന്നയാള്‍ അര്‍ച്ചന ചെയ്തതാണിതെന്നാണ് പരമ്പരാഗതവിശ്വാസം.

നിവര്‍ന്നുള്ള നില്പ്, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന ഭാവം എന്നിവ കോര്‍-കൂറോസ് പ്രതിമകളുടെ പൊതുസ്വഭാവമാണ്. കാലാന്തരത്തില്‍ രൂപങ്ങളില്‍ ഒരു പുഞ്ചിരി വരുത്താന്‍ ശ്രമിച്ചു. പക്ഷേ, ഇത് വികൃതമായ ചിരിയായി മാറി. ഈ ചിരിക്ക് 'പ്രാചീന സ്മിതം' (Archaic smile) എന്നൊരു പേര് പില്ക്കാലത്ത് നല്കിയിട്ടുണ്ട്.

ചിലര്‍ ബാഹ്യരൂപത്തിന് പ്രാധാന്യം നല്കിയെങ്കില്‍ ആന്തരികരൂപഘടന കണക്കിലെടുത്തു മറ്റു ചിലര്‍. പ്രസിദ്ധ ഡോറിക് ക്ഷേത്രങ്ങളിലെ മെറ്റോപ്പുകളും പെഡിമെന്റുകളും (metopes and pediments) കുറേക്കൂടി ആകര്‍ഷകമായ ആകൃതിയുള്ളവയാണ്. അവയുടെ ഭഗ്നാവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രതിമകള്‍ ഒരു അകൃത്രിമ കലാരീതിയുടെ ഗാംഭീര്യവും ശക്തിയും പ്രദര്‍ശിപ്പിക്കുന്നു.

വാസ്തുവിദ്യ

പ്രാചീന കെട്ടിട നിര്‍മാണകലയുടെ ഭാഗമായുള്ള ശില്പകലയും നിലവിലുണ്ടായിരുന്നു. ക്ഷേത്രങ്ങളുടെയും മറ്റും ഭിത്തികള്‍ കൊത്തുപണികളാല്‍ മോടിപിടിപ്പിച്ചു. പ്രതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതും അല്ലാത്തവയുമായ അലങ്കാരപ്പണികളില്‍ ഗ്രീക്ക് ശില്പികള്‍ അന്യാദൃശമായ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. മാനുഷികവും ദൈവികവുമായ പ്രതിപാദ്യങ്ങള്‍ കല്പനാ വൈഭവത്തോടെ അവതരിപ്പിക്കപ്പെട്ടു.

ആഥന്‍സിലെ അക്രൊപ്പോളിസ് ബി.സി. 480-നും 479-നും ഇടയ്ക്കു കൊള്ളയടിക്കപ്പെട്ടതിനെത്തുടര്‍ന്ന് നൂറോ അതിലധികമോ വര്‍ഷം പഴക്കമുള്ള ധാരാളം പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തദ്ദേശവാസികള്‍ ആ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ അക്രോപ്പൊളിസിലെ ശിലാനിര്‍മിത മട്ടുപ്പാവിന്റെ പോരായ്മകള്‍ നികത്തുവാന്‍ ഉപയോഗിച്ചു. ഇവയില്‍ ഏറിയ പങ്കും ബി.സി. 480-നു മുന്‍പ് ഉണ്ടാക്കിയവയായിരിക്കണം. പ്രാചീന ശൈലിയുടെ വികാസം കണ്ടറിയുന്നതിന് ഇത് മാനദണ്ഡമായി സ്വീകരിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ആക്രമണകാലത്ത് ഈ ശൈലി ഒരു പരിവര്‍ത്തന ദശയിലായിരുന്നു എന്നു കരുതപ്പെടുന്നു. അതിനാല്‍ ബി.സി. 480 ക്ലാസ്സിക്കല്‍ കാലഘട്ടത്തിന്റെ പ്രഥമ വര്‍ഷമായി കണക്കാക്കാം.

ക്ലാസ്സിക്കല്‍ കാലഘട്ടം (ബി.സി. 480-330)

ഗ്രീക്കുകല അതിന്റെ വികാസത്തിന്റെ ഉച്ചകോടിയില്‍ എത്തിയ കാലമായിരുന്നു ഇത്. ക്ഷേത്രനിര്‍മാണകല, പരിഷ്കാരങ്ങളും വ്യതിയാനങ്ങളും വഴി പുതിയ മാനങ്ങള്‍ കണ്ടെത്തിയതും ചിത്രകലാരംഗത്തു പല പ്രസ്ഥാനങ്ങളും ഉദയംകൊണ്ടതും ശില്പകലാവേദി ഒരു കവിതപോലെ അനുഭൂതി ദായകമായതും ക്ലാസ്സിക്കല്‍ എന്നു നാമകരണം ചെയ്യപ്പെട്ട ഈ കാലയളവിലാണ്. അനിതരസാധാരണമായ മികവിന്റെ വിവിധ ഘടകങ്ങള്‍ ഒളിപരത്തിയ, 450-400 വരെയുള്ള അഞ്ചു ദശാബ്ദങ്ങളെ 'സുവര്‍ണകാലഘട്ടം' എന്നും വിളിച്ചുവരുന്നു. മൈറോണ്‍, ഫിഡിയാസ്, പോളിക്ലിറ്റസ്, പോളിഗ്നോട്ടസ്, പ്രാക്സിറ്റൈലസ്, ലിസിപ്പസ്, ഇറ്റിനസ്, കാലിക്രേറ്റസ്, മനെസിക്ലസ് എന്നിവരെല്ലാം ഈ കാലഘട്ടത്തില്‍ വിവിധ രംഗങ്ങളില്‍ അഗ്രഗണ്യരായിരുന്നു.

ചിത്രകല

ക്ലാസ്സിക്കല്‍ യുഗത്തിലെ ചിത്രകലയെക്കുറിച്ച് പല അമൂല്യവിവരങ്ങളും പ്ലിനി ഉള്‍പ്പെടെയുള്ള സമകാലീന സാഹിത്യകാരന്മാരുടെ കുറിപ്പുകള്‍ നല്കുന്നുണ്ട്. തടിയിലും തുണിയിലും മറ്റും ചെയ്തിരുന്ന ചിത്രപ്പണികള്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചുപോയിരിക്കുന്ന സാഹചര്യത്തില്‍ ഈ വിവരങ്ങളുടെ പ്രാമുഖ്യം വര്‍ധിക്കുന്നു. ഗ്രീക്ക് ചിത്രങ്ങളും റോമന്‍ പകര്‍പ്പുകളും മൊസൈക്കുകളും ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നുണ്ട്. (മൊസൈക്ക്: പല തരത്തിലുള്ള കല്ലുകളോ മാര്‍ബിള്‍ക്കഷണങ്ങളോ കണ്ണാടിച്ചില്ലുകളോ വെളുത്ത സിമന്റുമായി ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു തരം ചിത്രങ്ങള്‍. ഗ്രീസില്‍ ഉടലെടുത്ത ഒരു കലാരൂപമാണിത്.) സാഹിത്യകൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ ചിത്രങ്ങളുടെ കാലനിര്‍ണയവും ഏതാണ്ട് കൃത്യമായി നിര്‍വഹിക്കാന്‍ കഴിയും. കലശചിത്രീകരണങ്ങള്‍ നോക്കിയും മൗലികകൃതികളെപ്പറ്റി ഊഹാപോഹങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ കലശങ്ങളുടെ ഉപരിതലം വളഞ്ഞതായതിനാലും, കലശചിത്രകാരന്മാര്‍ പകര്‍പ്പെടുക്കുമ്പോള്‍ ചില്ലറ വ്യതിയാനങ്ങള്‍ വരുമെന്നുള്ളതിനാലും ഈ സമ്പ്രദായം അത്ര ആശാസ്യമല്ല. അനിശ്ചിതത്വം, നൈരാശ്യം, സംശയം, ആത്യന്തിക സംഭവത്തിനു തൊട്ടുമുന്‍പുള്ള നിമിഷകാല ഭാവഹാവാദികള്‍ എന്നിവയൊക്കെ അക്കാലത്തെ ചിത്രകാരന്മാരുടെ പ്രിയങ്കരവിഷയങ്ങളായിരുന്നു.

ബി.സി. 5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ആഥന്‍സുകാരായ മൈക്കോണും പോളിഗ്നോട്ടസും ആയിരുന്നു പ്രധാന ചിത്രകലാകാരന്മാര്‍. മൈക്കോണിന്റെ ചിത്രങ്ങളെപ്പറ്റിയും ചുമര്‍ ചിത്രങ്ങളെപ്പറ്റിയും പൊസാനിയസ് അറിവു നല്കുന്നു.

പോളിഗ്നോട്ടസിനോടൊപ്പവും സ്വതന്ത്രമായും ധാരാളം ചിത്രങ്ങള്‍ മൈക്കോണ്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശൈലിയെപ്പറ്റി അക്കാലത്തെ കലശചിത്രീകരണങ്ങളും ചില വിവരങ്ങള്‍ നല്കുന്നുണ്ട്. മാരത്തോണ്‍ യുദ്ധചിത്രീകരണം നടത്തിയപ്പോള്‍ പേര്‍ഷ്യക്കാരെക്കാള്‍ ഹ്രസ്വകായരായി ഗ്രീക്കുകാരെ വരച്ചതിന്റെ പേരില്‍ പിഴശിക്ഷ നല്കപ്പെട്ടു എന്നു പറയപ്പെടുന്നു. ആഥന്‍സിലെ തേസ്യത്തില്‍ (Theseum) പോളിഗ്നോട്ടസിനോടു ചേര്‍ന്ന് തേസ്യന്‍ ജീവിതത്തില്‍ നിന്നുള്ള ചില രംഗങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്.

മൈക്കോണിനെക്കാള്‍ പ്രശസ്തന്‍ തേസ്യനായ (Thesian) പോളിഗ്നോട്ടസാണ്. പില്ക്കാലത്ത് ആഥന്‍സ് പൗരനായ ഇദ്ദേഹം ട്രോയിയിലെ കൊള്ള ഒന്നിലധികം തവണ തന്റെ ചിത്രത്തിന് വിഷയമാക്കി. ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രത്തെക്കുറിച്ചും ഹെയ്ഡിസില്‍ (Hadis) നിന്നും റ്റൈറീസിയത്തിന്റെ ആത്മാവിനെ വിളിക്കുന്ന ഒഡീസിയസിനെക്കുറിച്ചും പൊസാനിയസ് വിവരിച്ചിട്ടുണ്ട്. സമ്മിശ്രവികാരപ്രകടനങ്ങള്‍ ജീവസ്സുറ്റതാക്കുന്നതില്‍ സമര്‍ഥനായിരുന്ന ഇദ്ദേഹം സൂചനകളിലൂടെ കൂടുതല്‍ വസ്തുതകള്‍ ദ്യോതിപ്പിക്കുന്ന ഗ്രീക്കുരീതിയും അവലംബിച്ചു വന്നിരുന്നു. ദന്തനിരകള്‍, സുതാര്യ വസ്ത്രങ്ങള്‍ എന്നിവ ചിത്രങ്ങളില്‍ ആദ്യമായി ഉള്‍ക്കൊള്ളിച്ചു തുടങ്ങിയത് പോളിഗ്നോട്ടസ് ആണെന്നു പറയപ്പെടുന്നു. പുരാതന കാലഘട്ടത്തില്‍ നിന്ന് ക്ലാസ്സിക്കല്‍ യുഗത്തിലേക്കുള്ള ചുവടുവയ്പ്പിനെയാണ് ഇതു സൂചിപ്പിക്കുന്നത്. യഥാര്‍ഥ മനുഷ്യരെക്കാളും ഔന്നത്യം പുലര്‍ത്തുന്ന രൂപങ്ങള്‍ ആയിരുന്നു പോളിഗ്നോട്ടിസിന്റെ ചിത്രങ്ങള്‍. ചുവപ്പും മഞ്ഞയും വെളുപ്പും കറുപ്പും അവയുടെ മിശ്രിതങ്ങളും മാത്രമേ പോളിഗ്നോട്ടസും സമകാലികരും ഉപയോഗിച്ചിരുന്നുള്ളൂ.

ഫിഡിയാസിന്റെ സഹോദരന്‍ പനീനസ്, ഫേസസിലെ പര്‍ഹാസ്യസ്, ആഥന്‍സിലെ നിഴല്‍ചിത്രകാരനായ അപ്പോളൊ ഡൊറസ്, ഹെരാക്ലിയയിലെ സീയുക്സിസ്, കൊളോഫോണിലെ ഡയോണിഷ്യസ്, പനസിയസ് എന്നിവരാണ് മറ്റു ചില പ്രസിദ്ധ ഗ്രീക്കു ചിത്രകാരന്മാര്‍. പര്‍ഹാസ്യസ് കലശചിത്രീകരണത്തിന്റെ പൊതുനിലവാരം, വിശേഷിച്ചും ആഥന്‍സില്‍, ഗണ്യമായ തോതില്‍ കുറഞ്ഞു തുടങ്ങിയിരുന്നു. ചുവരിലും കല്പാളികളിലും ഉള്ള ചിത്രരചനകളുടെ പ്രചാരം വര്‍ധിച്ചതും, കഴിവുറ്റ കലാകാരന്മാര്‍ രംഗം ഉപേക്ഷിച്ചതുമാകാം ഇതിനിടയാക്കിയത്. എന്നാല്‍ പടിഞ്ഞാറന്‍ കോളനിയില്‍ പ്രതിഭാധനരായ ചില കലശചിത്രകാരന്മാര്‍ ജീവിച്ചിരുന്നു എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

ശില്പകല

ശരീരശാസ്ത്രത്തെക്കുറിച്ച് ലഭിച്ച പുതിയ അറിവുകള്‍ ക്ലാസ്സിക്കല്‍ ശില്പകലയുടെ നിര്‍മാണ പ്രക്രിയയില്‍ പല മാറ്റങ്ങള്‍ക്കും നാന്ദി കുറിക്കുകയുണ്ടായി. ശരീരത്തിലെ അസ്ഥികള്‍ക്കും പേശികള്‍ക്കും അവയുടെ സ്ഥാനം അനുസരിച്ച് ഉണ്ടാകുന്ന ഭാവവ്യത്യാസത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായി. ഈ അറിവ് വളരെ പിരിമുറുക്കമുള്ളതും ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്നതുമായ കൈകളോടുകൂടിയ കൂറോസ് ശില്പമാതൃകയുടെ അന്ത്യം കുറിക്കുന്നതിന് കളമൊരുക്കി. 'സുകേശനായ ബാലന്‍' എന്ന ശില്പത്തില്‍ ചെറിയ തോതിലും 'ക്രിറ്റിയന്‍ ബാലന്‍' എന്ന ശില്പത്തില്‍ കുറേക്കൂടി വ്യക്തമായും ഈ വ്യതിയാനം കണ്ടുതുടങ്ങി. പ്രതിപാദ്യത്തിന്റെ കാര്യത്തില്‍ 'ക്രിറ്റിയന്‍ ബാലനും' 'കൂറോസും' സമാനമാണെന്നു പറയാം. എങ്കിലും ശില്പപരമായ ആശയം തുലോം വ്യത്യസ്തമാണ്. കൂറോസ് ഡിസൈന്‍ സ്വാഭാവികമായി ശരീരം നില്‍ക്കുന്ന രീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതായിരുന്നില്ല. എന്നാല്‍ നൂതനമായ അറിവ് യഥാര്‍ഥ ശില്പ നിര്‍മാണം കുറേക്കൂടി സുഗമമാക്കി.

ലക്ഷണമൊത്ത പൂര്‍വ ക്ലാസ്സിക്കല്‍ സ്ത്രീരൂപമാണ് പെപ്ളോസ് ധാരിയായ വനിത (പെപ്ളോസ്: ഗ്രീസില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു സ്ത്രീവേഷം). ഇതിന്റെ ഓടിലുള്ള ചെറിയ മാതൃകകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ വലുപ്പം കൂടിയവയെപ്പറ്റി പഠിക്കാന്‍ റോമന്‍ പകര്‍പ്പുകളെ ആശ്രയിക്കണം. പെപ്ളോസ് മടക്കുകളായി വീണു കിടക്കുന്ന ഒരു ശില്പത്തിന്റെ സ്തനങ്ങള്‍ രൂപത്തിന്റെ മൊത്തത്തിലുള്ള ദീര്‍ഘചതുരാകൃതി ഇല്ലാതാക്കുന്നു. 'ആമലുങ്ങിന്റെ ദേവി' (Amelung's Goddess) എന്നറിയപ്പെടുന്ന ഒയ്റോപ്പയുടെ ശില്പം, നീണ്ട കുപ്പായമണിഞ്ഞ തേരോട്ടക്കാരന്‍ എന്നിവയും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. ആദ്യകാല ക്ലാസ്സിക്കല്‍ ശില്പി ശാന്തമായ ഭാവങ്ങളോട് പ്രത്യേക ആഭിമുഖ്യം വച്ചുപുലര്‍ത്തിയിരുന്നെങ്കിലും പ്രവൃത്യുന്മുഖ രൂപനിര്‍മാണം പാടെ അവഗണിക്കപ്പെട്ടു എന്ന് ഇതിനര്‍ഥമില്ല. ചെറിയ ഓട്ടുപ്രതിമകള്‍, പെയിന്റിങ്ങുകള്‍, പ്രതലത്തില്‍ നിന്നു ഉയര്‍ന്നു നില്ക്കുന്ന കൊത്തുപണികള്‍ (reliefs) എന്നിവയില്‍ പുരാതനകാലഘട്ടത്തിലെ കലാകാരന്മാര്‍ ആവിഷ്കരിച്ചു വന്ന ആ സമ്പ്രദായം ക്ലാസ്സിക്കല്‍ ശില്പികളും കുറെയൊക്കെ തുടര്‍ന്നു വന്നു. ഓട്ടുശില്പങ്ങള്‍ വാര്‍ക്കുന്നതില്‍ ഉണ്ടായ സാങ്കേതിക സൗകര്യങ്ങള്‍ പ്രവൃത്യുന്മുഖ സൃഷ്ടികള്‍ ചമയ്ക്കുക എളുപ്പമാക്കി. ഇത്തരം ശില്പങ്ങളില്‍പ്പോലും വികാര തീവ്രതയുടെ ആഴം കണ്ടറിഞ്ഞ ശില്പിയാണ് മിറോണ്‍. ഡിസ്കോബലസ് ഡിസ്കസ് എറിയാനായുന്ന ഭാവം കാട്ടുന്ന നിമിഷം, ലാഡസ് എന്ന ഓട്ടക്കാരന്‍ ലക്ഷ്യത്തിലേക്കടുക്കുന്ന നിമിഷം തുടങ്ങിയവയെല്ലാം ശില്പങ്ങളിലൂടെ മിറോണ്‍ അനശ്വരമാക്കി.

മിറോണിന്റെ സമകാലികനാണ് ഫിഡിയാസ്. ദേവതാരൂപനിര്‍മാണം മഹത്ത്വത്തിലേക്കുയരുവാനുള്ള പാത ഇദ്ദേഹത്തിനു തുറന്നുകൊടുത്തു. ആഥന്‍സിലെ അക്രോപ്പൊളിസിലെ അഥീനാ ശില്പം (ബി.സി. 456), അഥീനാ പാര്‍ത്തനോസ് (ബി.സി. 438), ഒളിമ്പിയയിലെ സിയൂസിന്റെ ഇരിക്കുന്ന രൂപം (ബി.സി. 432), 'അഥീന ലെംനിയ' എന്നിവയുടെയെല്ലാം സൃഷ്ടികര്‍ത്താവ് ഫിഡിയാസ് ആണെന്നു കരുതപ്പെടുന്നു.

ഗ്രീക്കു ശില്പകലയുടെ വളര്‍ച്ചയുടെ അവിഭാജ്യഘടകമായിരുന്നു ചലനാത്മകത. എന്നാല്‍ ക്ഷേത്രഗണിതാനുപാതങ്ങള്‍ അവണിക്കപ്പെട്ടിരുന്നുമില്ല. വസ്ത്രാലങ്കാരത്തിലെ സങ്കീര്‍ണതകളുടെ അവതരണരീതി സ്വായത്തമാക്കിയതോടൊപ്പം മാര്‍ബിളില്‍ വിശദാംശങ്ങള്‍ ചാരുതയോടെ എങ്ങനെ പകര്‍ത്താം എന്നുകൂടി ഫിഡിയാസിന്റെ അനന്തരഗാമികള്‍ മനസ്സിലാക്കി. അന്നത്തെ ചില ശില്പങ്ങളില്‍ ഒരുതരം ഉത്കണ്ഠാവസ്ഥ കാണുന്നുണ്ട്. പെലപ്പനീഷ്യന്‍ യുദ്ധം, പ്ലേഗുബാധ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങള്‍ അക്കാലത്തെ ഗ്രീക്ക് ശില്പിയുടെ സര്‍ഗശക്തിയില്‍ സൃഷ്ടിച്ച അനുരണനങ്ങളുടെ പരിണത ഫലമായിരിക്കാം ഇത്.

ആഥന്‍സ് കഴിഞ്ഞാല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കലാകേന്ദ്രമാണ് ആര്‍ഗോസ്. മിറോണ്‍, ഫിഡിയാസ്, പോളിക്ലിറ്റസ് I എന്നിവയുടെയെല്ലാം ഗുരു ഇവിടത്തെ ആഗലദാസ് ആയിരുന്നു. ഹീരയുടെ പ്രതിമ (ബി.സി. 420) 'ഡോറിഫോറസ്' (450-നും 440-നും മധ്യേ) എന്നീ ശില്പങ്ങള്‍ പോളിക്ലിറ്റസ് ഉണ്ടാക്കി എന്നതിനു രേഖകളുണ്ട്. ഇതില്‍ രണ്ടാമത്തേത് മറ്റു ശില്പികളില്‍ വലിയ സ്വാധീനം ചെലുത്തി. ഇതിന്റെ ധാരാളം പകര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. ഒറ്റക്കാലില്‍ ശില്പങ്ങളെ നിര്‍ത്തുന്ന സമ്പ്രദായത്തിന്റെ ഉപജ്ഞാതാവും പോളിക്ലിറ്റസാണെന്നൊരു അഭിപ്രായഗതിയുണ്ട്. ആഥസൊസ് ത്രേസിലെ മെന്‍ഡേന്‍, ഫിഗാലിക്കടുത്തുള്ള ബാസ്സെ എന്നിവിടങ്ങളെല്ലാം അറിയപ്പെട്ട മറ്റു കലാകേന്ദ്രങ്ങളായിരുന്നു.

ലാവോറൂണ്‍

പോളിക്ലിറ്റസ് II, നോസിഡിസ് എന്നീ പോളിക്ലിറ്റസ് ശിഷ്യന്മാര്‍ 4-ാം ശ.-ത്തിന്റെ സംഭാവനകളാണ്. ആത്മാവിഷ്കരണത്തിനുള്ള മാധ്യമമായി ഓട് തിരഞ്ഞെടുത്ത ഇവര്‍ ആ മേഖലയില്‍ പല നേട്ടങ്ങളും കൊയ്തെടുത്തു. വാസ്തുശില്പി കൂടിയായിരുന്ന പോളിക്ലിറ്റസ് II-ന്റെ മുഖ്യസൃഷ്ടിയാണ് എപ്പിഡോറസിലെ നാടകശാല. ആഥന്‍സില്‍ പരിവര്‍ത്തനങ്ങള്‍ ഒന്നും കാര്യമായുണ്ടായില്ല. എന്നാല്‍ പ്രാക്സിറ്റിലസ് എന്ന അനശ്വരനായ ശില്പി അക്കാലത്ത് അവിടെ ജീവിച്ചിരുന്നു എന്ന വസ്തുത പ്രസ്താവ്യമാണ്. ആഥന്‍സില്‍ നവീനമായ ശൈലി തുടങ്ങിവച്ച സെഫിസോഡോട്ടസിന്റെ പുത്രനോ അനന്തരവനോ ആയിരുന്നിരിക്കാം ഇദ്ദേഹം. വെണ്ണക്കല്ലിലും ഓടിലും ഒരുപോലെ നിര്‍മാണ ചാതുര്യം കാട്ടിവന്നു.

സ്കോപ്പസ്, ബ്രിയാക്സിസ്, ലിയോക്കറീസ്, റ്റിമോതിയസ് എന്നിവരും ഗ്രീക്കു കലാവേദിയിലെ പ്രമുഖരാണ്. പേര്‍ഷ്യന്‍ പ്രവിശ്യകളിലൊന്നിന്റെ ഗവര്‍ണറായിരുന്ന മനസോലസിന്റെ ശവകുടീര നിര്‍മാണത്തില്‍ സഹകാരിത്വം വഹിച്ചതിന്റെ പേരിലാണ് ഇന്നു മുഖ്യമായും അവര്‍ സ്മരിക്കപ്പെടുന്നത്. ബി.സി. 325-ല്‍ മരണമടഞ്ഞ മനസോലസിന്റെ പത്നി അര്‍തമീസ്യയുടെ മേല്‍നോട്ടത്തില്‍ ഹാലിക്കാര്‍നാസില്‍ ഇതിന്റെ പണി ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവരും കാലഗതിയടഞ്ഞുവെങ്കിലും കെട്ടിട നിര്‍മാണവിദഗ്ധരായ സറ്റിറസും പിതിയസും മറ്റു കലാകാരന്മാരും കൂടി അതു പൂര്‍ത്തിയാക്കി. പില്ക്കാലത്തു മനസോലസിന്റെ സ്മാരകം ലോകത്തിലെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായിത്തീര്‍ന്നു. റിലീഫ് കൊത്തുപണികളുടെ പേരില്‍ എഫേസ്സിലെ അര്‍തമീസിയന്‍ ക്ഷേത്രം പോലെതന്നെ പ്രസിദ്ധമാണ് ഈ കുടീരവും.

ശില്പകലാലോകത്തിന് ഒട്ടനവധി സംഭാവനകള്‍ നല്കിയ ഒരു വ്യക്തിയായിരുന്നു പെലോപ്പനീസിലെ സിസിയോണില്‍ നിന്നുള്ള ലിസിപ്പസ്. മുന്‍കാലശില്പികള്‍, മനുഷ്യരെ അവര്‍ ആയിരുന്നതുപോലെ അവതരിപ്പിച്ചെങ്കില്‍, അവര്‍ കാണപ്പെടുന്നതുപോലെ താന്‍ അവതരിപ്പിക്കുന്നു എന്ന് തന്റെ കലാപരമായ ആദര്‍ശങ്ങളെപ്പറ്റി ലിസിപ്പസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അജിയാസ് എന്ന കായികാഭ്യാസിയുടെ ഡെല്‍ഫിയിലുള്ള ശില്പവും, വത്തിക്കാനിലുള്ള 'അപ്പോക്സിയോമെനോസ്' എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കായികാഭ്യാസപരമായ ശില്പവും ഇദ്ദേഹത്തിന്റെ ശില്പങ്ങളുടെ പതിപ്പുകളാണത്രെ.

വൈകാരികഭാവം, മാനസികനില എന്നിവ അവതരിപ്പിക്കുന്നതിലും യാദൃച്ഛികതയെ ചിത്രീകരിക്കുന്നതിലും 4-ാം ശ.-ത്തിലെ ശില്പികള്‍ താത്പര്യം പ്രദര്‍ശിപ്പിച്ചു. മനുഷ്യനെ പ്രത്യക്ഷത്തില്‍ കാണുമ്പോലെ പകര്‍ത്തുവാനല്ല, അവനില്‍ അന്തര്‍ലീനമായിരിക്കുന്ന ഗുണങ്ങളുടെ മൂര്‍ത്തിമദ്ഭാവമായി ആസ്വാദകന്റെ മുമ്പിലെത്തിക്കുവാനാണ് അക്കാലത്തെ ശില്പികളുടെ ശ്രമം.

ശ്മശാനശിലാകൊത്തുപണികള്‍

ശ്മശാനശിലാകൊത്തുപണികള്‍ (Grave Reliefs). പ്രതലത്തില്‍ നിന്നു ഉയര്‍ന്നു നില്‍ക്കുന്നതും 'റിലീഫ്സ്' എന്നറിയപ്പെടുന്നതുമായ ശില്പവേലകള്‍ ഗ്രീസിന്റെ ഗണ്യമായ സംഭാവനയാണ്. ശവകുടീരങ്ങളില്‍ പണിചെയ്യപ്പെട്ട ഇവ ഗ്രേവ് റിലീഫുകള്‍ (Grave Reliefs) എന്നും നേര്‍ച്ചയായോ വഴിപാടായോ നല്കപ്പെട്ടവ വോട്ടീവ് റിലീഫുകള്‍ (Votive reliefs) എന്നും അറിയപ്പെടുന്നു. ഗ്രീസിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലിരുന്നെങ്കിലും, ആഥന്‍സില്‍ മാര്‍ബിള്‍ സുലഭമായിരുന്നതുകൊണ്ട് അവിടെയാണ് ഇത് പ്രചുരപ്രചാരം നേടിയത്. കാലനിര്‍ണയം ഏതാണ്ട് കൃത്യമായി നടത്താന്‍ കഴിഞ്ഞിട്ടുള്ള ഇവയില്‍ പലതും ഇന്നും അവശേഷിക്കുന്നുണ്ട്.

വാസ്തുവിദ്യ

ഡോറിക്, അയോണിക്, കൊറിന്ത്യന്‍ എന്നിങ്ങനെ ക്ലാസ്സിക് വാസ്തു വിദ്യാവ്യവസ്ഥകളെ തരം തിരിക്കാം. ഇതില്‍ കൊറിന്ത്യന്‍ വ്യവസ്ഥ അയോണിക് വ്യവസ്ഥയുടെ ഒരു വകഭേദം മാത്രമാണ്. വാസ്തുവിദ്യാവ്യവസ്ഥ എന്ന പൊതുവായ നാമധേയം കൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത് ഗ്രീക്ക് വാസ്തുവിദ്യാപദ്ധതി ആണ്. മറ്റുള്ളവയൊന്നും ഗ്രീക്ക് വാസ്തുവിദ്യയോട് കിടപിടിക്കുന്നതായിരുന്നില്ല എന്ന കാരണത്താലാണ് പൊതുനാമപദം ഗ്രീസിനു മാത്രമായി നല്കിയിരിക്കുന്നത്.

ഒരേ വ്യവസ്ഥയില്‍പ്പെട്ടവയ്ക്ക് പ്രത്യക്ഷത്തില്‍ത്തന്നെ അവയുടേതുമാത്രമായ ചില പൊതുസ്വഭാവങ്ങള്‍ കാണാം. ഈ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലാണ് കലാപണ്ഡിതന്മാര്‍ ഇത്തരം തരംതിരിവുകള്‍ നടത്താറുള്ളത്. ഡോറിക് വ്യവസ്ഥയുടെ ഉദ്ഭവം, ബി.സി. 600-ഓടുകൂടിയാണ്. ഇതിന്റെ ഉദ്ഭവവികാസങ്ങളുടെ കഥ വിശ്വസനീയമായ സൂചനകളുടെ അഭാവത്തില്‍ നമുക്കൊരു സമസ്യയാകുന്നു. നിര്‍മാണ വസ്തുവായി ശില ഉപയോഗിച്ചുവന്ന ഗ്രീക്ക് കെട്ടിട നിര്‍മാതാക്കള്‍ ഈജിപ്ത്, മൈസീന എന്നിവിടങ്ങളില്‍ നിന്ന് തടിയും ചെളിക്കട്ടയുമുപയോഗിച്ചിരുന്ന പൂര്‍വ പുരാതന ഗ്രീക്കുവാസ്തുവിദ്യാരീതിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു. ഇതില്‍ ഏറ്റവും സുസ്പഷ്ടമായത് മൈസീനിയന്‍ സംഭാവനയാണ്. ഹോമറിന്റെ കൃതികള്‍ വ്യക്തമാക്കുന്നതുപോലെ, മൈസീനിയന്‍ യുഗം തന്നെ ഗ്രീക്കു പുരാണത്തിന്റെ ഭാഗമായിരിക്കുകയാണ്. മൈസീനിയന്‍ കോട്ടകള്‍ സൈക്ലോപ്പുകള്‍ എന്നറിയപ്പെടുന്ന ഭീമകായന്മാര്‍ പണിതതാണെന്നാണ് ഐതിഹ്യം. ഈ അവശിഷ്ടങ്ങളോട് ഗ്രീക്കുകാര്‍ക്കുള്ള ഭയം കലര്‍ന്ന ബഹുമാനം മൈസീനിയയിലെ സിംഹകവാട റിലീഫിനും ഡോറിക് ക്ഷേത്രങ്ങളിലെ ശില്പവേല ചെയ്യപ്പെട്ട പെഡിക്കനെന്റുകള്‍ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഇത്തരം സ്വാധീനങ്ങളുടെ മറ്റു പല ഉദാഹരണങ്ങളും ഗ്രീക്കുകലാവേദിയില്‍ നമുക്കു കണ്ടെത്താനാകും. ഗ്രീക്കു ക്ഷേത്രങ്ങള്‍ ബാഹ്യഭംഗിക്ക് പ്രാധാന്യം കല്പിക്കുന്നു. എങ്കിലും തൂണുകളുടെ നിരകളാല്‍ അലംകൃതമായ ഗ്രീക്കുക്ഷേത്രങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ ക്ഷേത്രങ്ങളോട് സാമ്യമില്ലാതില്ല. ശിലാച്ഛേദനം, കല്പണി എന്നീക്കാര്യങ്ങളിലും ഗ്രീസിന് ഈജിപ്തിനോട് കടപ്പാടുണ്ട്. വാസ്തുശില്പാലങ്കാരങ്ങള്‍, വിവിധ ഭാഗങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്നതിനു വേണ്ട ക്ഷേത്രഗണിതവിജ്ഞാനം എന്നിവയിലും ഈജിപ്ഷ്യന്‍ രീതികള്‍ ഗ്രീസിനു സഹായകമായി. ഗ്രീക്കു കലയുടെ മറ്റു പല രംഗങ്ങളിലും എന്ന പോലെ ഇത്തരം ബന്ധങ്ങളുടെ ചരിത്രം ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാകയാല്‍ ഈ സ്വാധീനങ്ങളുടെ വസ്തുനിഷ്ഠമായ വിശദാംശങ്ങളിലേക്കു കടക്കുക ദുഷ്കരമാണ്.

ഡോറിക് വാസ്തുശില്പികള്‍ ആദ്യകാല ദാരുനിര്‍മിതികളുടെ ചില പ്രത്യേകതകള്‍ ചില ക്ഷേത്രനിര്‍മാണത്തില്‍ അനുകരിച്ചിരിക്കുന്നു. വെറും യാഥാസ്ഥിതികത്വം ആയിരുന്നില്ല ഇതിനു പിന്നിലെ ചേതോവികാരം. ഒരു ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഒരേതരത്തില്‍ ജനങ്ങളുടെ മനസ്സില്‍ രൂഢമൂലമായിരുന്നു. ആ ഘടകങ്ങളുടെ സാന്നിധ്യം ക്ഷേത്രപ്രതീതി ജനിപ്പിക്കുവാന്‍ ആവശ്യമായിരുന്നു. എന്നാല്‍ ശിലാമാധ്യമത്തിന് അനുഗുണമായ രീതിയില്‍ അവയില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ ഗ്രീക്കു വാസ്തുശില്പി മറന്നില്ല.

ഡോറിക് ക്ഷേത്രങ്ങളില്‍ ഏറ്റവും സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ദക്ഷിണ ഇറ്റലിയിലെ പേസ്റ്റമില്‍ ഉള്ള 'ബസിലിക്ക' എന്നു പറയപ്പെടുന്ന ഡോറിക് ക്ഷേത്രമാണ്. ബി.സി. 550-ഓടുകൂടിയാണ് ഇതു പണിതത്. ബി.സി. 475-ല്‍ നിര്‍മിച്ചു തുടങ്ങിയ പോസിഡോണിന്റെ ക്ഷേത്രവും ഡോറിക് സമ്പ്രദായത്തിലുള്ളതാണ് എങ്കിലും ഇവ തമ്മില്‍ ധാരാളം വൈജാത്യങ്ങളും ഉണ്ട്. ബി.സി. 480-ല്‍ അക്രോപ്പൊളിസിലെ ക്ഷേത്രങ്ങളും പ്രതിമകളും മൈസീനിയന്‍ കാലംമുതല്‍ കോട്ടപോലെ കെട്ടി ഉറപ്പിക്കപ്പെട്ടിരുന്ന വിശുദ്ധ അക്രോപ്പൊളിസുമലയും പേര്‍ഷ്യക്കാര്‍ നശിപ്പിച്ചു. അതിന്റെ പുനര്‍നിര്‍മാണം പെരിക്ലിസിന്റെ നേതൃത്വത്തില്‍ 5-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ നടന്നു. ആഥന്‍സ് അതിന്റെ എല്ലാ പ്രഭാവത്തോടും വിളങ്ങിയിരുന്ന കാലത്തെ ഈ പുനരുദ്ധാരണ പ്രവര്‍ത്തനം ഗ്രീക്കു വാസ്തുവിദ്യാചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ സംഭവമാണ്. വിടവ് നികത്താന്‍ അന്നുപയോഗിച്ച പുരാതനശകലങ്ങള്‍, അല്ലാത്തപക്ഷം, നമുക്ക് നഷ്ടമാകുമായിരുന്നു. ഇവയെല്ലാം ക്ലാസ്സിക്കല്‍ ഘട്ടത്തിന്റെ പുരോഗതിയിലേക്കുള്ള പന്ഥാവിലെ നാഴികക്കല്ലുകളാണ്. പെലപ്പണീഷ്യന്‍യുദ്ധം നിര്‍മാണ പ്രക്രിയയെ ബാധിക്കാതിരുന്ന ഏക ക്ഷേത്രമാണ് പാര്‍ത്തിനോണ്‍. നാലു വ്യത്യസ്ത വിശ്വാസങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഈ ക്ഷേത്രം പരിരക്ഷിക്കേണ്ടിവന്നു. ഗ്രീക്കുവിശ്വാസസംഹിതകളുടെ ഈ കേന്ദ്രം ഒരു ബൈസാന്റിയന്‍ ദേവാലയമായും കത്തോലിക്കാ സഭയുടെ ഭദ്രാസനമായും ടര്‍ക്കിഷ് ഭരണകാലത്ത് മോസ്കായും ഉപയോഗിക്കപ്പെട്ടു. കന്യകയായ അഥീനാദേവതയുടെ സ്ഥാനത്ത് ക്രിസ്തുമതം പ്രബലപ്പെട്ടപ്പോള്‍ കന്യാമേരിയുടെ പ്രതിമ സ്ഥാനം പിടിച്ചു എന്നതും പ്രസ്താവ്യമാണ്.

പാര്‍ത്തിനോണ്‍ ക്ഷേത്രത്തിലെ സ്തൂപങ്ങള്‍ക്കു മുകളിലുള്ള അലങ്കാരവേലകള്‍ കൂടുതലും അയോണിക് വ്യവസ്ഥയാണ് പാലിക്കുന്നത്. പാര്‍ത്തിനോണിനുശേഷം പ്രോപ്പിലായിയ എന്നൊരു കവാടം പണിയുവാന്‍ മനെസിക്ലസ് എന്ന വാസ്തുശില്പിയെ ചുമതലപ്പെടുത്തി. ബി.സി. 437-ല്‍ പണി ആരംഭിച്ച ഇത് പൂര്‍ണമായും മാര്‍ബിളില്‍ പണിയുവാനായിരുന്നു ഉദ്ദേശ്യം. പ്രധാന ഭാഗം അഞ്ചുവര്‍ഷങ്ങള്‍കൊണ്ടു പൂര്‍ത്തിയായെങ്കിലും പെലപ്പണീഷ്യന്‍ യുദ്ധം തുടര്‍ന്നുള്ള നിര്‍മാണപ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിച്ചു. പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകമായി ഒരു മുറി ഇതിനോടനുബന്ധിച്ചുണ്ടായിരുന്നു. ഡോറിക് സമ്പ്രദായങ്ങളോടൊപ്പം അയോണിക് വ്യവസ്ഥയിലെ ചില ഘടകങ്ങളും ഇതില്‍ ദൃശ്യമായിരുന്നു. ഇത്തരം മിശ്രശൈലി അവതരിപ്പിക്കാനുള്ള ഒരു പ്രവണത അക്കാലത്തെ അഥീനിയന്‍ വാസ്തുവിദ്യാരംഗത്തു കാണാം.

ഏജിയന്‍ നവീകരണം ഉണ്ടായിരുന്നുവെങ്കിലും, 5-ാം ശ.-ത്തിന്റെ മധ്യകാലം മുതല്‍ ഗ്രീക്കുശൈലിയും ആഥന്‍സില്‍ സ്വീകരിച്ചു തുടങ്ങി. അക്രോപ്പൊളിസിലെ കെട്ടിടങ്ങളിലാണ് അയോണിക് വ്യവസ്ഥ ഏറ്റവും മികച്ച രീതിയില്‍ ഇന്നു കണ്ടുവരുന്നത്. പുരാതന കാലത്ത് സാമോസിലും എഫസോസിലും ഉണ്ടായിരുന്ന അയോണിക് ക്ഷേത്രങ്ങളുടെ മിക്കവാറും ഭാഗങ്ങള്‍ നശിച്ചുകഴിഞ്ഞു. ഇത് ഡോറിക് വ്യവസ്ഥയെക്കാള്‍ കൂടുതല്‍ അയവുള്ളതാണ്. അയോണിക് സ്തൂപങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഭാരക്കുറവും സൗകുമാര്യവും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചിരുന്നു. ഈജിപ്തില്‍ ഉദ്ഭവിച്ച ഇത് സിറിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളിലൂടെയാണ് ഗ്രീസിന്റെ മണ്ണിലെത്തിയത്. ക്ലാസ്സിക്കല്‍ കാലഘട്ടത്തിനു മുന്‍പ് അയോണിക് രീതി അവലംബിക്കപ്പെട്ടത്, പൂര്‍വ ഗ്രീക്കു നഗര സ്ഥാനങ്ങളില്‍ ഡെല്‍ഫിയില്‍ പണിത ചെറിയ ഖജനാവുകളില്‍ മാത്രമാണ്. അതിനാല്‍ ബി.സി. 450-ല്‍ ഈ സമ്പ്രദായം ആവിഷ്കരിച്ചു തുടങ്ങിയ വാസ്തുശില്പികള്‍ വലുപ്പം കുറഞ്ഞ ക്ഷേത്രങ്ങള്‍ക്കു മാത്രമേ ഈ രീതി സ്വീകരിച്ചിരുന്നുള്ളൂ. ഉദാ. ബി.സി. 427-424 കാലയളവില്‍ പണിതതും കാലിക്രേറ്റ്സ് ഡിസൈന്‍ ചെയ്തതുമായ അഥീനക്ഷേത്രം. എറിക്തേനിയം ഈ വ്യവസ്ഥയിലുള്ള മറ്റൊരു ക്ഷേത്രമാണ്. അക്രോപ്പൊളിസിന്റെ വടക്കേ അരികില്‍ പാര്‍ത്തിനോണിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന ഇത് ബി.സി. 421-405 വര്‍ഷങ്ങളിലാണ് ഉയര്‍ത്തിയത്. എറിക്തിയസ് എന്ന ഐതിഹാസിക രാജാവിന്റെ പേരില്‍ നിന്നാണ് ഈ ക്ഷേത്രനാമം ഉരുത്തിരിഞ്ഞത്. സാധാരണ സ്തൂപങ്ങളുടെ സ്ഥാനത്ത് ആറ് സ്ത്രീരൂപങ്ങളാല്‍ മേല്‍പ്പുര താങ്ങി നിര്‍ത്തപ്പെടുന്ന ഇതിലെ ഒരു മുഖപ്പ് പ്രസിദ്ധമാണ്. എതിര്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന പാര്‍ത്തിനോണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിനൊരു സ്ത്രൈണഭാവമാണ്. വിവിധ ഭാഗങ്ങളില്‍ ആലങ്കാരികമായ കൊത്തുപണികള്‍ കാണാം.

കൊറിന്ത്യന്‍ മകുടം കണ്ടുപിടിച്ചത് ഏതാണ്ടിക്കാലത്താണ്. അക്കാന്തസ് ചെടിയുടെ തളിരുകളും ഇലകളും കൊണ്ടലങ്കൃതവും കമഴ്ത്തിവച്ച മണിയുടെ ആകൃതിയുള്ളതുമായ ഇത്തരം മകുടങ്ങള്‍ ആദ്യം അന്തര്‍ഭാഗങ്ങളില്‍ മാത്രം ഉപയോഗിച്ചുവന്നു. ക്രമേണ ബാഹ്യഭാഗത്തും ഉപയോഗിച്ചു തുടങ്ങി.

പെലപ്പണീഷ്യന്‍ യുദ്ധത്തിനും റോമന്‍ ആക്രമണത്തിനും ഇടയ്ക്കുള്ള മൂന്നു ശതകങ്ങളില്‍ ഗ്രീക്കു ശില്പകലാരംഗത്തു വലിയ വികാസമൊന്നും ഉണ്ടായതായി കാണുന്നില്ല. പ്രത്യേക വ്യവസ്ഥകളില്‍ അധിഷ്ഠിതമായിരുന്ന വാസ്തുവിദ്യാരീതികള്‍ പാലിക്കുകവഴി തുടക്കത്തില്‍ പല നേട്ടങ്ങളും കൈവരിച്ചെങ്കിലും, ക്രമേണ അത് സ്വതന്ത്രമായ ആവിഷ്കാരത്തിനു മാര്‍ഗതടസ്സം ഉണ്ടാക്കിയിരിക്കാന്‍ സാധ്യതയുണ്ട്. കലാരംഗത്ത് വന്ധ്യാവസ്ഥ സൃഷ്ടിക്കപ്പെട്ടതിന് ഇത് ഇടയാക്കിക്കാണും.

ഹെല്ലനിസ്റ്റിക് കാലഘട്ടം

ഹെല്ലനിസ്റ്റിക് കാലഘട്ടം (ബി.സി. 330-30). അലക്സാണ്ടറുടെ പടയോട്ടം ഏഷ്യാമൈനര്‍ വഴി മെസപ്പൊട്ടേമിയ, ഈജിപ്ത്, ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടം വരെയെല്ലാം ഗ്രീക്ക് സംസ്കാരത്തെ എത്തിച്ചു. ഇദ്ദേഹത്തിന്റെ ദിഗ്വിജയം ലോകചരിത്രഗതിയെ സാരമായി സ്പര്‍ശിച്ചുവെങ്കിലും കലാരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളെ വിപ്ലവകരം എന്നു വിളിക്കാന്‍ നിര്‍വാഹമില്ല. കാരണം ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ കലാവികാസങ്ങള്‍ മിക്കവാറും മുന്‍കാല സ്വദേശീയ സമ്പ്രദായങ്ങളില്‍ നിന്നു തളിരിട്ടതാണ്. എന്നാല്‍ എടുത്തു പറയത്തക്ക വൈദേശിക സ്വാധീനം ഇല്ലെങ്കിലും ചില പൗരസ്ത്യഘടകങ്ങള്‍ ഗ്രീക്ക് കലാകാരന്റെ സര്‍ഗചേതനയില്‍ കുറേയൊക്കെ പ്രഭാവം ചെലുത്തിയിട്ടുണ്ട്. അലക്സാണ്ടറുടെ മരണത്തോടെ നഗരരാഷ്ട്രത്തിന്റെ രാഷ്ട്രീയവും മതപരവുമായ നിലനില്പ് ക്ഷയോന്മുഖമായിത്തുടങ്ങി. അതേത്തുടര്‍ന്ന് കലാരംഗത്തുള്‍പ്പെടെ ജീവിതത്തിന്റെ എല്ലാത്തുറകളിലും സങ്കീര്‍ണമായ പല പരിവര്‍ത്തനങ്ങളും ഉണ്ടായി. ഇതിനെയാണ് ഹെല്ലനിസം (Hellenism) എന്നു വിളിക്കുന്നത്.

ചിത്രകല

മുന്‍കാലങ്ങളില്‍ ഗ്രീക്കുചിത്രകാരന്മാര്‍ ഓരോ നഗരരാഷ്ട്രത്തിനുവേണ്ടിയും സ്വന്തം നിറക്കൂട്ടുകള്‍ ചാലിച്ചുവെങ്കില്‍, ഹെല്ലനിസ്റ്റിക് യുഗത്തില്‍ വ്യക്തികള്‍ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നഗരരാഷ്ട്രങ്ങളുടെ ശക്തി ക്ഷയിക്കുകയും, വ്യക്തികളുടെ സാമ്പത്തികനില മെച്ചമാകുകയും ചെയ്തതാകാം ഇതിന്റെ കാരണം. യാത്രാസൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ പുറം നാടുകളില്‍ നിന്ന് ധാരാളമായി കലാകാരന്മാര്‍ ഗ്രീസില്‍ കുടിയേറിപ്പാര്‍ക്കുകയുണ്ടായി. പ്രാമാണികരായ പൗരന്മാരില്‍ നിന്ന് പ്രതിഫലം പറ്റിക്കൊണ്ട് ഇവര്‍ ചിത്രരചന നിര്‍വഹിച്ചു വന്നു.

ഹെല്ലനിസ്റ്റിക് ചിത്രകാരന്മാരില്‍ ഇന്ന് ഏറ്റവും അറിയപ്പെടുന്നത് പ്രോട്ടോജിനെസും അപ്പെല്ലസും ആണ്. പ്രോട്ടോജിനെസ് പരിപൂര്‍ണതാവാദി ആയിരുന്നെങ്കില്‍, അപ്പെല്ലസ് പ്രകാശ ചിത്രീകരണത്തില്‍ സായൂജ്യം കണ്ടെത്തിയ കലോപാസകനായിരുന്നു. ചിത്രകലാരംഗത്തെ ഈ അതികായന്മാര്‍ തമ്മില്‍ ഒരുതരം മത്സരബുദ്ധിതന്നെ നിലനിന്നിരുന്നതായി പറയപ്പെടുന്നു.

ചുവര്‍ചിത്രീകരണത്തിലും ഹെല്ലനിസ്റ്റിക് കാലത്ത് ചിത്രകാരന്മാര്‍ ശ്രദ്ധ പതിപ്പിച്ചു. പോമ്പിയിലെ ഫോന്നിന്റെ ഭവനത്തില്‍ കണ്ടെത്തിയ ഒരു മൊസൈക്ക് നമ്മുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 4-ാം ശ.-ത്തിന്റെ അന്ത്യത്തിലെന്നോ വരച്ച ഒരു ചിത്രത്തിന്റെ പകര്‍പ്പാണിത് എന്നതാണ് ഇതിന്റെ പ്രാധാന്യം. സൂചനകളിലൂടെ വസ്തുതകള്‍ ദ്യോതിപ്പിക്കുന്ന സമ്പ്രദായം ഉള്‍പ്പെടെ ഗ്രീക്ക് ചിത്രകലയുടേതായ പല സവിശേഷതകളും ഈ മൊസൈക്ക് വ്യക്തമാക്കുന്നുണ്ട്.

ചിത്രകലാഭ്യസനം നടത്തുന്നതിനായുള്ള വിദ്യാലയങ്ങളും ഇക്കാലത്ത് സ്ഥാപിതമായി. നിറക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ചിത്രരചന കൂടുതല്‍ ആലങ്കാരികമായി. സാങ്കേതിക പുരോഗതി നേടിയതോടൊപ്പം നൈസര്‍ഗികതയ്ക്കും അവര്‍ പ്രാധാന്യം നല്കി വന്നിരുന്നു. ശില്പ നിര്‍മാണരംഗത്തു നിന്നു പല ആശയങ്ങളും ചിത്രകാരന്മാര്‍ സ്വീകരിച്ചുതുടങ്ങിയതും ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. രൂപങ്ങള്‍ക്ക് പശ്ചാത്തലമായി പ്രകൃതി ദൃശ്യങ്ങള്‍ വരച്ചുചേര്‍ക്കുന്നതിലും ജീവസ്സുറ്റ മൊസൈക്കുകള്‍ നിര്‍മിക്കുന്നതിലും ഉള്ള താത്പര്യം ചിത്രകാരന്മാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോമ്പിയിലും ഹെര്‍ക്കുലനീയത്തിലും കണ്ടെത്തിയ പകര്‍പ്പുകള്‍ ഈ മേഖലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.

ശില്പകല

ഹെല്ലനിസ്റ്റിക് കാലത്ത് വിവിധതരം ശില്പകലാപ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്നു. യഥാതഥ്യത്തിലേക്ക് ക്രമേണ നീങ്ങിക്കൊണ്ടിരുന്ന ഈ ശില്പികളുടെ രൂപരചനകള്‍ വിശദാംശങ്ങള്‍ കൂടുതലായി വ്യക്തമാക്കിത്തുടങ്ങി. ശരീരശാസ്ത്രത്തെക്കുറിച്ചുള്ള നവീന അറിവുകളും കലാരംഗത്ത് പ്രതിഫലനങ്ങള്‍ ഉണ്ടാക്കി. പുരാതനകാലത്തുതന്നെ മൂര്‍ത്തിമത്കരണങ്ങളോട് അവര്‍ക്കുണ്ടായിരുന്ന ആഭിമുഖ്യം ചിത്രകലയിലെന്നപോലെ ശില്പകലയിലും പ്രകടമായിക്കണ്ടു. അമൂര്‍ത്തഗുണങ്ങള്‍ക്കു മാത്രമല്ല, നഗരങ്ങള്‍ക്കും നദികള്‍ക്കും മലകള്‍ക്കും മൂര്‍ത്തിമദ്ഭാവവും ചേതനതത്ത്വവും ആരോപിച്ചുവന്നു. ധാരാളം ഞൊറിവുകളുള്ള വസ്ത്രം ധരിച്ച് പാറമേല്‍ ഇരിക്കുന്ന സ്ത്രീരൂപത്തെയാണ് ആന്റിയോക് നഗരത്തെ അവതരിപ്പിക്കാനായി യൂത്തിക്കിഡിസ് തിരഞ്ഞെടുത്തത്. ശില്പങ്ങളിലെ വേഷവിധാനങ്ങളുടെ ചിത്രീകരണത്തില്‍ പല പരിഷ്കാരങ്ങളും നടത്തിനോക്കുവാനും അന്നത്തെ ശില്പികള്‍ മടിച്ചില്ല. അലക്സാണ്ട്രിയ, പെര്‍ഗാമം, റോഡ്സ് എന്നിവയെല്ലാം മുഖ്യകലാകേന്ദ്രങ്ങളായിരുന്നു. എന്നാല്‍ മാര്‍ബിളിന്റെ ദൗര്‍ലഭ്യം കൊണ്ടാണെന്നു കരുതപ്പെടുന്നു, അലക്സാണ്ട്രിയ ശില്പകലാരംഗത്ത് വേണ്ടപോലെ വികാസം പ്രാപിച്ചില്ല.

കളിമണ്‍പാത്രങ്ങളിലെ ചിത്രങ്ങള്‍

സിസിയോണിലെ ലിസിപ്പസ്, സഹോദന്‍ ലിസിസ്ട്രാറ്റസ്, ശിഷ്യന്മാരായ യൂത്തിക്കിഡിസ്, കാറെസ് എന്നിവര്‍ പ്രശസ്ത ഹെല്ലനിസ്റ്റിക് ശില്പികളില്‍ ചിലര്‍ മാത്രമാണ്. റോഡ്സില്‍ നിന്നുള്ള മൂന്നു കലാകാരന്മാര്‍ ചേര്‍ന്നു നിര്‍മിച്ച 'ലാക്കൂണും പുത്രന്മാരും' എന്ന സൃഷ്ടി വളരെ പ്രസിദ്ധമാണ്. ഇത് നിര്‍മിച്ചത് ബി.സി. 2-ാം ശ.-ത്തിലാണെന്നും, അതല്ല 1-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണെന്നും വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അപ്പോളോയുടെ ഒരു പുരോഹിതനും പുത്രന്മാരും സര്‍പ്പങ്ങളുടെ ആക്രമണത്തിനിരയാകുന്നതാണ് ഇതിന്റെ പ്രതിപാദ്യം. മരണവേദന സൃഷ്ടിക്കുന്ന വൈകാരിക പിരിമുറുക്കവും സര്‍പ്പങ്ങളുമായി കെട്ടുപിണയുമ്പോള്‍ ശരീരപേശികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും എല്ലാം ദ്യോതിപ്പിക്കുന്ന ഇതിനെ 'കലയിലെ ഒരു അദ്ഭുതം' എന്ന് മൈക്കലാഞ്ചലോ വിശേഷിപ്പിച്ചിട്ടുണ്ട്.

പഴയ സമ്പ്രദായങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ഭാവരൂപഭൂഷാദികളില്‍ പുതുമകള്‍ തേടിയ ഗ്രീക്ക് കലാവേദിയെ സ്വാധീനിച്ച ചില രാഷ്ട്രീയ പ്രതിഭാസങ്ങള്‍ ബി.സി. 2-ാം ശ.-ത്തിന്റെ പകുതിക്കുശേഷം ഉണ്ടായി. അങ്ങനെ ഒരു റോമന്‍ പ്രവിശ്യയായിത്തീര്‍ന്ന ഗ്രീസിലെ കലകളോട് റോമാക്കാര്‍ ഒരു പ്രത്യേക ആഭിമുഖ്യം വച്ചു പുലര്‍ത്തുകയും പല പ്രസിദ്ധ ഗ്രീക്ക് കലാസൃഷ്ടികളുടെയും പകര്‍പ്പുകള്‍ നിര്‍മിച്ചു കിട്ടുവാന്‍ ക്രമീകരണങ്ങള്‍ ചെയ്യുകയും ഉണ്ടായി. റോമന്‍ഭരണകാലത്തും ഗ്രീസ്, ഏഷ്യാമൈനര്‍, ആഫ്രിക്ക, ഇറ്റലി എന്നിവിടങ്ങളില്‍ ഗ്രീക്കു ശില്പികള്‍ ഹെല്ലനിസ്റ്റിക് പാരമ്പര്യം തന്നെയാണ് തുടര്‍ന്നുവന്നത്.

വാസ്തുവിദ്യ

ഭൗതികാവശ്യങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണത്തിലാണ് ഇക്കാലത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തപ്പെട്ടത്. കൊട്ടാരങ്ങള്‍, ദീപസ്തംഭങ്ങള്‍, കലാമേളകള്‍ നടത്തുന്നതിനുള്ള ഹാളുകള്‍, വായനശാലകള്‍ എന്നിവ ധാരാളമായി നിര്‍മിക്കപ്പെടുകയും പുതിയ പല ആവിഷ്കാരരീതികളും കണ്ടെത്തുകയും ഉണ്ടായി. അലക്സാണ്ട്രിയ, പെര്‍ഗാമം, സിറിയന്‍ നഗരങ്ങള്‍ എന്നിവ ഈ മേഖലയില്‍ അഗ്രിമസ്ഥാനം അലങ്കരിച്ചുവന്നു. നഗരാസൂത്രണം ക്ഷേത്രഗണിത രേഖാധിഷ്ഠിതമായിരുന്നു.

പൗരവാസ്തുവിദ്യ (Civic Architecture) അഭിവൃദ്ധിപ്രാപിച്ചു. ശവസംസ്കാര സ്മാരകങ്ങള്‍ വന്‍തോതില്‍ നിര്‍മിച്ചു. നാടകശാലകളും മറ്റും നവീനരീതിയില്‍ പുതുക്കിപ്പണിതു. വലിയ കെട്ടിടങ്ങള്‍ക്ക് കൊറിന്ത്യന്‍ മാതൃകയിലുള്ള സ്തംഭങ്ങള്‍ പണിയുന്നതിലും, കൊട്ടാരങ്ങളുടെ അകത്തളങ്ങള്‍ മിനുസപ്പെടുത്തിയും ചുവരില്‍ ചിത്രങ്ങള്‍ വരച്ചും മോടി വര്‍ധിപ്പിക്കുന്നതിലും അവര്‍ ശ്രദ്ധിച്ചു വന്നു.

ചില കലാനിരൂപകന്മാര്‍ ക്ലാസ്സിക്കല്‍ കാലത്തെ നേട്ടങ്ങളുടെ സോപാനത്തില്‍ നിന്നുള്ള പതനത്തിന്റെ നാളുകളായി ഹെല്ലനിസ്റ്റിക് യുഗത്തെ കരുതുന്നുണ്ട്. ഇതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും നിലവിലുണ്ട്. അതെങ്ങനെയായിരുന്നാലും, കലാപരമായ രീതിയില്‍ പ്രദര്‍ശനപരവും പ്രകൃതിസിദ്ധാന്തപരവുമായ ഘടകങ്ങള്‍ മിശ്രണം ചെയ്യുന്ന ഹെല്ലനിസ്റ്റിക് സമ്പ്രദായത്തിലാണ് ഗ്രീസിലെത്തിയ റോമാക്കാര്‍ ആകൃഷ്ടരായത്. എന്നാല്‍ റോമന്‍ സാമ്രാജ്യത്തിന്റെ യുദ്ധവിജയങ്ങളെത്തുടര്‍ന്ന് റോമും ഗ്രീസുമായുണ്ടായ രാഷ്ട്രീയ സാംസ്കാരിക ബന്ധങ്ങള്‍ ഗ്രീക്ക് സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കി. രണ്ടു സംസ്കാരങ്ങളും തമ്മിലുള്ള സമന്വയം ഹേതുവായി ഒന്നിനെ മറ്റൊന്നില്‍ നിന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിവിശേഷവും സംജാതമായി.

ആധുനിക കാലഘട്ടം

പൊയ്പ്പോയ ഇന്നലെകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മഹത്തരം എന്നു പറയാനാവില്ലെങ്കിലും കലാപരമായ വികാസം ഗ്രീസില്‍ ആധുനിക കാലത്തും കൂമ്പടഞ്ഞുപോയില്ല. എ.ഡി. 395-ല്‍ തിയഡോഷ്യസിന്റെ മരണശേഷം ആര്‍ക്കേഡിയസും ഹോണോറിയസും റോമന്‍ സാമ്രാജ്യവിഭജനം നടത്തിയപ്പോള്‍ ഗ്രീസ് പൂര്‍വ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായി. നാശോന്മുഖതയുടേതായ ഈ നാളുകള്‍ക്കുശേഷം ക്രിസ്തുമതം പ്രചരിപ്പിച്ചുതുടങ്ങിയതോടെ കലാപ്രവര്‍ത്തനങ്ങളുടെ പുത്തന്‍ നാമ്പുകള്‍ വിശേഷിച്ചും വാസ്തുവിദ്യാരംഗത്ത് വീണ്ടും തളിരിട്ടു തുടങ്ങി.

ചിത്രകല

റോമന്‍ സാമ്രാജ്യത്തിലെന്ന പോലെ, ബൈസാന്തിയത്തിലും സ്വാധീനം ചെലുത്തിയ ഗ്രീക്ക് ചിത്രകല പാശ്ചാത്യ, പൗരസ്ത്യ നാടുകളില്‍ നിന്നുള്ള കലാപരവും കലേതരവുമായ പല പ്രതിഭാസങ്ങള്‍ക്കും വിധേയമായി. കൊടുക്കല്‍-വാങ്ങലിന്റേതായ തത്ത്വങ്ങള്‍ പ്രായോഗികമാക്കിയ ഗ്രീസിലെ ചില പ്രശസ്ത ചിത്രകലാകാരന്മാരാണ് നൈസോഫോറസ് ലിട്രാസ് (1823-1924), നിക്കോളാസ് ഗൈസഡ് (1842-1901), അയാകെ വിഡസ് (1858-1932) തുടങ്ങിയവര്‍. റൊമാന്റിസിസം, റിയലിസം ഇവയെല്ലാം പരീക്ഷിച്ചുനോക്കിയ ഈ മേഖല ക്രമേണ ഇംപ്രഷനിസ്റ്റിക് ആയിത്തുടങ്ങി. ഒസിഡിയസ് പോക്സ്, ജോര്‍ജ് ഹഡ്സ്നോ പൗലോസ്, നിക്കോളസ് ഒഥോനയോസ്, എപ്പാമിനോഡസ്, തോമോപൗലോസ്, സൈറോസ് ലികത്തോസ് എന്നിവരുടെ സൃഷ്ടികളിലെല്ലാം ഈ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമാണ്. ഏറ്റവും പ്രമുഖ ഗ്രീക്കു ചിത്രകാരന്‍ എന്ന അംഗീകാരത്തിനര്‍ഹന്‍ കോണ്‍സ്റ്റാന്റിനോ പാര്‍ഥനെസ് (1879-1965) ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. യൂറോപ്യന്‍ സമ്പ്രദായങ്ങള്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുചിത്രകാരന്റെ കാന്‍വാസിന് കൂടുതല്‍ വര്‍ണഭംഗി പകര്‍ത്തുന്നു. എക്സ്പ്രഷനിസം, ക്യൂബിസം, സര്‍റിയലിസം എന്നിവയെല്ലാം ഗ്രീസില്‍ അരങ്ങേറിയെങ്കിലും എക്സ്പ്രഷനിസത്തിനു മാത്രമേ അവിടെ കാര്യമായ നിലനില്പുകണ്ടെത്താന്‍ കഴിഞ്ഞുള്ളു. മധ്യപതിനാലാം ശ.-ത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആശ്രമ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ചിത്രകലാശൈലി സ്വകീയമാക്കി അതില്‍ നിന്നു വളര്‍ച്ച പ്രാപിച്ച ക്രീറ്റന്‍ പ്രസ്ഥാനം ഈ രംഗത്ത് അധീശത്വം തുടരുന്നു.

ശില്പകല

വാസ്തുകലയില്‍ നിന്ന് വേറിട്ട് സ്വതന്ത്രമേഖലയാകാന്‍ ശില്പകലയ്ക്ക് ആധുനികനൂറ്റാണ്ടുകളില്‍ കഴിഞ്ഞു. ലാമെറാസ്, മിലോണ എന്നിവര്‍ ഈ രംഗത്തെ ചില നായകരാണ്. റ്റോംബ്രോസ്, അപ്പാര്‍ട്ടിസ്, സോംഗോപുലോസ് മുതലായവര്‍ ആധുനിക അമൂര്‍ത്തശില്പകാരന്മാരാണ്. ക്ലാസ്സിക്കല്‍ ശൈലി അവരെ കുറേയൊക്കെ സ്വാധീനിച്ചിരിക്കുന്നതായി കാണാം.

വാസ്തുവിദ്യ

ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ ധാരാളം പള്ളികള്‍ ഗ്രീസില്‍ പണിതുടങ്ങി. ദേവാലയ ഭിത്തികള്‍ മനോഹരമാക്കിയ മൊസൈക്കുകള്‍ ബൈസാന്തിയന്‍ വിഭാഗത്തില്‍പ്പെട്ടവയായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ഗ്രീക്ക് ആശയങ്ങളാണ് മുഖ്യമായും ഇതിനു പിന്നിലുള്ളത്. ആദ്യമായി മൊസൈക്കുകള്‍ നിര്‍മിച്ചത് ഗ്രീക്കുകാരാണ്. ബൈസാന്റിയര്‍ അതിനു പ്രചാരം നല്കി എന്നുമാത്രം. 7-ഉം 8-ഉം ശ.-ങ്ങളില്‍ മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടനിര്‍മാണം അധോഗതിയിലായെങ്കിലും 9-12 വരെയുള്ള ശ.-ങ്ങളില്‍ മതതീഷ്ണത വര്‍ധിച്ചതിനെത്തുടര്‍ന്ന് സന്ന്യാസാശ്രമങ്ങളും അതിനോടുചേര്‍ന്നുള്ള പള്ളികളും ധാരാളമായി ഉയര്‍ന്നുവന്നു. ഷഡ്കോണാകൃതിയില്‍ കപ്പോള, മകുടങ്ങള്‍ എന്നിവയോടുകൂടിയുള്ള ദേവാലയങ്ങളായിരുന്നു ഏറ്റവും പ്രചാരം നേടിയെടുത്തത്. മൊസൈക്കുകളും സ്കോകളുംകൊണ്ട് അന്തര്‍ഭാഗവും ബഹിര്‍ഭാഗവും അലങ്കരിച്ചു. നാലാം കുരിശുയുദ്ധത്തില്‍ ഫ്രാന്‍സ് ഗ്രീസിനെ കീഴടക്കിയതോടെ പാശ്ചാത്യ സ്വാധീനം ഗ്രീക്കുകാരുടെ മേലുണ്ടായി. അങ്ങനെ ദക്ഷിണഗ്രീസിലും മറ്റും ഗോഥിക് ശൈലിയിലുള്ള പള്ളികളും കോട്ടകളും പണിതുടങ്ങി. 13-ഉം 14-ഉം ശ.-ങ്ങളിലായി തെഡലെനിക്കിയയില്‍ നിന്ന് ഒരു പുതിയ കലാപ്രസ്ഥാനം ആരംഭിച്ചു. മാസിഡോണിയയിലെ കാസ്റ്റോറിയയില്‍ ജന്മം കൊണ്ടതുകൊണ്ട് മാസിഡോണിയന്‍ പ്രസ്ഥാനം എന്ന് ഇതറിയപ്പെട്ടു. കടുത്ത വര്‍ണങ്ങള്‍ ഇതിന്റെ പ്രത്യേകതകളിലൊന്നാണ്.

16-ഉം 17-ഉം ശ.-ങ്ങളില്‍ ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവരുടെ പാശ്ചാത്യസ്വാധീനം വിളിച്ചോതുന്ന പള്ളികളും കോട്ടകളും ഭവനങ്ങളും നിര്‍മിക്കപ്പെട്ടു. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിനെത്തുടര്‍ന്ന് ധാരാളം മോസ്കുകളും ഗ്രീസില്‍ പണിതുതുടങ്ങി. മുസ്ലിം കെട്ടിടനിര്‍മാണ സമ്പ്രദായങ്ങള്‍ ജോ ആനിയ, ആര്‍ട്ട എന്നിവിടങ്ങളില്‍ സ്വീകാര്യമായെങ്കിലും മൊത്തത്തില്‍ വാസ്തുവിദ്യാരംഗത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഗ്രീസില്‍ മുസ്ലിം മേല്‍ക്കോയ്മയ്ക്ക് കഴിഞ്ഞില്ല. ബൈസാന്തിയന്‍ ശൈലിയുടെ പിന്‍തുടര്‍ച്ചയാണ് ഇക്കാലത്ത് നാം കാണുന്നത്. മധ്യവര്‍ത്തി സമ്പ്രദായത്തിന് ഉണ്ടായ സാമ്പത്തികാഭിവൃദ്ധി 18-ാം ശ.-ത്തിലെ സാധാരണ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇക്കാലത്തെ മുഖ്യസ്വാധീന ശക്തി ഇറ്റലിയാണ്. 1830-ല്‍ തുര്‍ക്കികളില്‍ നിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ഗ്രീസില്‍ പാശ്ചാത്യസ്വാധീനം വീണ്ടും വര്‍ധിച്ചു. ബവേറിയന്‍ ശൈലിയിലുള്ള വാസ്തുവിദ്യാനിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാം. ബ്രിട്ടീഷ് എംബസിയും ബ്രിട്ടീഷ് ദേവാലയവും ഗോഥിക് രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബൈസാന്തിയന്‍ ശൈലിയും തീരെ അപ്രത്യക്ഷമായിട്ടില്ല.

ഈജിപ്തുകാരുടെയും ഏജിയന്‍കാരുടെയും കലാസമ്പ്രദായങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന്, സ്വദേശീയവും വിദേശീയവുമായ പല പ്രസ്ഥാനങ്ങളില്‍ നിന്നും നല്ല അംശങ്ങള്‍ സ്വാംശീകരിച്ച്, വികാസത്തിന്റെ ഔന്നത്യങ്ങള്‍ കണ്ട ഒന്നാണ് ഗ്രീക്ക് കല. സമ്പന്നമായ ഭൂതകാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഗ്രീസിന് വര്‍ത്തമാനകാലനേട്ടങ്ങള്‍ താരതമ്യേന കുറവാണ്. എങ്കിലും നൈസര്‍ഗിക കഴിവുകളുടെ തിരിനാളം അണഞ്ഞുപോകാതെ സൂക്ഷിക്കുവാനും പുറംനാടുകളെ സ്വാധീനിക്കുവാനും ഇന്നും ഗ്രീസിനു കഴിയുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍