This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദവര്‍മ, കെ. (1900 - 52)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:48, 3 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗോദവര്‍മ, കെ. (1900 - 52)

പണ്ഡിതനും ഭാഷാഗവേഷകനും. കേരള ഭാഷാവിജ്ഞാനീയമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതി (1951).

കൊ.വ. 1076 ധനു 17-ന് കിളിമാനൂര്‍ കൊട്ടാരത്തില്‍ ഇദ്ദേഹം ജനിച്ചു. കിളിമാനൂര്‍ രാജകുടുംബത്തിലെ രോഹിണിത്തമ്പുരാട്ടിയായിരുന്നു മാതാവ്; വൈക്കം വടയാറില്‍ വേലമാങ്കോല്‍ ഇല്ലത്ത് പരമേശ്വരന്‍നമ്പൂതിരി പിതാവും. മാതുലനായ കിളിമാനൂര്‍ മൂത്തകോയിത്തമ്പുരാന്റെ കീഴില്‍ ഗോദവര്‍മ സംസ്കൃത പഠനം നടത്തി. തുടര്‍ന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു.

തിരുവനന്തപുരം ആര്‍ട്സ് കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളില്‍ ഇദ്ദേഹം പഠനം നടത്തി. സംസ്കൃതം ഐച്ഛികമായെടുത്തു ബി.എ. ഓണേഴ്സ് പരീക്ഷ പാസായി (1923). 1924-ല്‍ തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ ട്യൂട്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

1932-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഒഫ് ഓറിയന്റല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍നിന്നും 'ഇന്തോ-ആര്യന്‍ ലോണ്‍ വേഡ്സ്' എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു (1946). മലയാള ഭാഷയുടെ വികാസത്തിന് ഇതരഭാഷകളില്‍ നിന്നും സ്വീകരിച്ച പദങ്ങള്‍ സഹായകമാകുന്നത് ഈ പ്രബന്ധം വിശദമാക്കുന്നു.

തിരുവനന്തപുരം സംസ്കൃത കോളജില്‍ പ്രിന്‍സിപ്പലായി (1934-39) ഇദ്ദേഹം ജോലി നോക്കി. 1939-ല്‍ ആര്‍ട്സ് കോളജില്‍ സംസ്കൃത വകുപ്പിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. 1942-ല്‍ അവിടത്തെ മലയാളം വകുപ്പിന്റെ അധ്യക്ഷനായി. യൂണിവേഴ് സിറ്റി കോളജില്‍ മലയാളം വകുപ്പില്‍ പ്രൊഫസര്‍ഷിപ്പ് സൃഷ്ടിച്ച് ആ സ്ഥാനം അലങ്കരിച്ചു. 1952-ല്‍ അകാല മരണമടയുന്നതുവരെ ഈ ഉദ്യോഗത്തില്‍ തുടര്‍ന്നു.

ഭാവനാസമ്പന്നനായ ഒരു സാഹിത്യകാരനായിരുന്നുവെങ്കിലും ഭാഷാഗവേഷണത്തിലും ശബ്ദശാസ്ത്രത്തിലുമായിരുന്നു ഗോദവര്‍മയ്ക്ക് താത്പര്യം. ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും നിരൂപണങ്ങളും ഭാഷയ്ക്കു ലഭിച്ചിട്ടുള്ള അമൂല്യനിധികളാണ്. ഉപന്യാസ ശാഖയ്ക്കു മുതല്‍ക്കൂട്ടുണ്ടാക്കിയെന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. ഗോദവര്‍മയുടെ ഉപന്യാസകൃതികള്‍ വിചാരവീചി, പ്രബന്ധലതിക, കൈരളീദര്‍പ്പണം, പ്രബന്ധ കൗമുദി, പ്രബന്ധ സമാഹാരം എന്നിവയാണ്. കാദംബരി, വാസവദത്ത, പ്രണയ വൈചിത്യ്രം എന്നീ നാടകങ്ങള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് അഭിനയിക്കാന്‍ വേണ്ടി രചിക്കപ്പെട്ടവയാണ്. എ സര്‍വേ ഒഫ് മലയാളം ലിറ്ററേച്ചര്‍ എന്ന സംക്ഷിപ്ത മലയാളസാഹിത്യ ചരിത്രവും ഇദ്ദേഹത്തിന്റേതായുണ്ട്.

ദ്രാവിഡ ഭാഷാ ഗോത്രത്തില്‍പ്പെട്ട കൂര്‍ഗ് ഭാഷയുടെ പഠനത്തിനുവേണ്ടി ഗോദവര്‍മ കുറേക്കാലം കൂര്‍ഗില്‍ പോയി താമസിച്ചിരുന്നു. അവിടെനിന്ന് ഇദ്ദേഹം ഗോത്ര വര്‍ഗക്കാരുടെ എരവ, കുറുമ്പ എന്നീ ഭാഷകളും പഠിച്ചു. തിരുവിതാംകൂര്‍, മദ്രാസ് എന്നീ സര്‍വകലാശാലകളില്‍ സെനറ്റംഗമായും പാഠപുസ്തകസമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന വിവര്‍ത്തനം ചെയ്യുന്നതിനുള്ള കമ്മിറ്റിയിലും ഇദ്ദേഹം അംഗമായിരുന്നു.

പ്രൊഫ. ഏ.ആര്‍. രാജരാജവര്‍മയുടെ (കേരളപാണിനി) പുത്രി സാവിത്രിയായിരുന്നു ഇദ്ദേഹത്തിന്റെ സഹധര്‍മിണി. നാലു സന്താനങ്ങളില്‍ മൂത്ത പുത്രന്‍ രവീന്ദ്രവര്‍മ ജനതാഗവണ്‍മെന്റിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു. 1952 ജൂണ്‍ 29-ന് ഗോദവര്‍മ അന്തരിച്ചു.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍