This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുട്ടന്‍ബര്‍ഗ്, യൊഹാന്‍ (1398 - 1468)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗുട്ടന്‍ബര്‍ഗ്, യൊഹാന്‍ (1398 - 1468)
Gutenberg, Johannes Gensfleisch
ആധുനിക അച്ചടിവിദ്യയുടെ (മൂവബ്ള്‍ റ്റൈപ്പ്) പിതാവ്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചെങ്കിലും വിവരങ്ങള്‍ കിട്ടുന്നത് അക്കാലത്തെ കോടതിരേഖകളില്‍നിന്നാണ്. ജര്‍മനിയിലെ മെയിന്‍സ് (Mainz) നഗരത്തില്‍ 1398-ല്‍ ഗുട്ടന്‍ബര്‍ഗ് ജനിച്ചു. ഫ്രീലെഗെന്‍സ് ഫ്ളൈഷ്-എല്‍സ്വിറിഷ് ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായിരുന്നു ഗുട്ടന്‍ബര്‍ഗ്. യഥാര്‍ഥനാമം ഗെന്‍സ് ഫ്ളൈഷ്. ഹോഫ്സം ഗുട്ടന്‍ബര്‍ഗ് എന്ന വീട്ടുപേരാണ് പില്ക്കാലത്ത് പ്രശസ്തമായിത്തീര്‍ന്ന നാമത്തിന്റെ ഉറവിടം. യൊഹാന്‍ എന്ന പദത്തിന്റെ രൂപാന്തരങ്ങളായ ഹാന്‍സ്, ഹെന്ന, ഹെന്‍ഷിന്‍, ഹെന്‍ഗിന്‍ എന്നിങ്ങനെ പലപ്രകാരത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ പേരുകള്‍ കോടതി രേഖകളില്‍ കാണുന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ കുടുംബത്തൊഴിലായ സ്വര്‍ണപ്പണി പഠിച്ചു. തുടര്‍ന്ന് ലോഹവിദ്യയിലും വൈദഗ്ധ്യംനേടി. മെയിന്‍സിലെ ആഭ്യന്തരകലഹം കാരണം 1430-ഓടുകൂടി ഇദ്ദേഹം നാടുകടത്തപ്പെട്ടു. മെയിന്‍സില്‍ മടങ്ങിയെത്തിയ ഗുട്ടന്‍ബര്‍ഗ് എല്ട്വില്ലിലെ അഡോര്‍ഫിന്റെ സദസ്സിലെ ഒരു പ്രഭുവായി നിയമിതനായി. എയ്ലായിഷാപ്പലില്‍ തീര്‍ഥാടകര്‍ക്ക് വില്‍ക്കുന്നതിനുള്ള കണ്ണാടികള്‍ നിര്‍മിക്കുന്ന ജോലിയിലും ഇദ്ദേഹം വ്യാപൃതനായിരുന്നു.
1434-ല്‍ സ്ട്രാസ്ബുര്‍ഗില്‍ താമസം തുടങ്ങിയ ശേഷമാണ് അച്ചടിവിദ്യയുടെ കണ്ടുപിടുത്തത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഗുട്ടന്‍ബര്‍ഗ് ആരംഭിക്കുന്നത്. 1438-ല്‍ ഹാന്‍സ്റിഫ്, ആന്‍ഡ്രിയാസ് ഡ്രിറ്റ്സെന്‍, ആന്‍ഡ്രിയാസ് ഹേല്‍മാന്‍ എന്നീ സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ ഇദ്ദേഹം ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ദ വേള്‍ഡ് ജഡ്ജ്മെന്റ്എന്ന പുസ്തകമായിരിക്കാം ആദ്യം അച്ചടിച്ചത് എന്നാണ് ഗവേഷകമതം. ഈ പുസ്തകത്തിലെ ഒരേടിന്റെ കീറിയ ഭാഗം മാത്രം 1882-ല്‍ മെയിന്‍സില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ജംഗമ ടൈപ്പുകളുപയോഗിച്ചുള്ള ആദ്യത്തെ അച്ചടിയുടെ മാതൃകയാണ് ഈ ഏട്.
1444-ല്‍ പങ്കാളിത്തം മതിയാക്കി ഗുട്ടന്‍ബര്‍ഗ് സ്ട്രാസ്ബുര്‍ഗ് വിട്ടുപോയിരിക്കാമെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു. സാമ്പത്തിക പരാധീനതയില്‍ ഉഴറിയിരുന്ന ഇദ്ദേഹം, 1448-ല്‍ യൊഹാന്‍ ഫുസ്റ്റ് എന്ന സമ്പന്നനായ അഭിഭാഷകനുമായി ഒരു കരാറിലെത്തുകയും അതിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ലഭിച്ച സാമ്പത്തിക സാഹായത്തോടെ അച്ചടി ശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1450-ല്‍ ഗുട്ടന്‍ബര്‍ഗ് ഓരോ അക്ഷരങ്ങള്‍ക്കുമുള്ള അച്ചുകള്‍ പ്രത്യേകം വാര്‍ത്തെടുത്തു. ഇവ ഉപയോഗിച്ചു തടികൊണ്ട് നിര്‍മിച്ച അച്ചടിയന്ത്രത്തില് പേജുകള്‍ മുദ്രണം ചെയ്തു തുടങ്ങി. അച്ചുകള്‍ വാര്‍ക്കുന്നതിനുള്ള മൂശയും മൂശയുപയോഗിച്ച് അച്ചുകളും തുടര്‍ന്ന് നിര്‍മിക്കുകയുണ്ടായി. അച്ചടിയന്ത്രനിര്‍മാണം, അച്ചുനിരത്തുന്ന സമ്പ്രദായം, അച്ചടി കഴിഞ്ഞ് അച്ചുകള്‍ പിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന രീതി ഇവയെല്ലാം ഗുട്ടന്‍ബര്‍ഗിന്റെ സംഭാവനകളാണ്. കാരീയം (ലെഡ്), വെളുത്തീയം (ടിന്), ആന്റിമണി എന്നിവയുടെ കൂട്ടുലോഹം ഉപയോഗിച്ച് ടൈപ്പുകള്‍ നിര്‍മിക്കാനും ഇദ്ദേഹത്തിന് സാധിച്ചു.
1455-ല്‍ ഗുട്ടന്‍ബര്‍ഗ് ഒരു കലണ്ടര്‍ അച്ചടിച്ചു. 1455-ലാണ് '42 വരി ബൈബിള്‍' മുദ്രണം ചെയ്തത്. 42 വരികള്‍ വീതം രണ്ട് കോളങ്ങളിലായി അച്ചടിച്ചിരിക്കുന്ന ഈ ബൈബിളില്‍ 1282 പേജുകളുണ്ട്. 170 പശുക്കുട്ടികളുടെ തോല് ഈ ബൈബിള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ഗ്രന്ഥത്തിന്റെ അച്ചടിക്കുശേഷം, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഗുട്ടന്‍ബര്‍ഗിന് നിവൃത്തിയില്ലാതായപ്പോള്‍ യന്ത്രസാമഗ്രികളുടെ അവകാശത്തിനുവേണ്ടി യൊഹാന്‍ ഫുസ്റ്റ് കോടതിയെ സമീപിക്കുകയും വ്യവഹാരത്തില്‍ വിജയിക്കുകയും ചെയ്തു (1455 ന.). പിന്നീട് ഗുട്ടന്‍ബര്‍ഗ് മെയിന്‍സില്‍ സ്വന്തമായി പ്രസ് നടത്തിയിരുന്നു. 1460-ല്‍ യൊഹാന്‍ ബാല്‍ബുസിന്റെ കത്തോലിക്കോന്‍ എന്ന ഗ്രന്ഥത്തിന്റെ ഒരു പതിപ്പും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.
യൂറോപ്യന്‍ നവോത്ഥാന കാലഘട്ടത്തില്‍ ജീവിച്ച് അച്ചടിവിദ്യയുടെ പരിഷ്കരണത്തിലൂടെ വിജ്ഞാനപ്രചാരണത്തിന് പ്രാരംഭം കുറിച്ച ഗുട്ടന്‍ബര്‍ഗ് 1468 ഫെ. 3-ന് മെയിന്‍സില്‍ അന്തരിച്ചു. മെയിന്‍സിലെ സര്‍വകലാശാലയ്ക്ക് ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം യൊഹാന്‍ ഗുട്ടന്‍ബര്‍ഗ് സര്‍വകലാശാല എന്നാണ് പേര് നല്‍കിയിട്ടുള്ളത്.