This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIDCO)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:47, 21 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIDCO)

സിഡ്കോ വിപണന കേന്ദ്രം - തിരുവനതപുരം

സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങളുടെ വികസനാര്‍ഥം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. 1975-ല്‍ കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും കേരള എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കോര്‍പ്പറേഷനും ലയിച്ചാണ് കേരള സിഡ്കോ ആയി മാറിയത്. സംസ്ഥാനത്ത് ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ ഭൂമി, കെട്ടിടം, കുറഞ്ഞ വിലയ്ക്ക് അസംസ്കൃത പദാര്‍ഥങ്ങള്‍ എന്നിവ ലഭ്യമാക്കുക, ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സിഡ്കോയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി നിരവധി യൂണിറ്റുകള്‍ സിഡ്കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ (2012) 17 പ്രധാന വ്യവസായ എസ്റ്റേറ്റുകളും സിഡ്കോയുടേതായിട്ടുണ്ട്. സിഡ്കോയുടെ റാ മെറ്റീരിയല്‍ ഡിവിഷനില്‍ നിന്നും വ്യവസായ സംരംഭകര്‍ക്കുവേണ്ട ഇരുമ്പ്-ഉരുക്ക് സാമഗ്രികള്‍, മെഴുക്, എണ്ണ, സിമന്റ്, പ്ലാസ്റ്റിക്, ജി.ഐ. പൈപ്പുകള്‍, അലുമിനിയം ഷീറ്റുകള്‍, ബിറ്റുമെന്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നു. പ്രൊഡക്ഷന്‍ യൂണിറ്റില്‍നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വേണ്ട തടി/സ്റ്റീല്‍ ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്. ചെറുകിട വ്യവസായങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി എംപോറിയങ്ങള്‍ സിഡ്കോയുടെ നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. സിഡ്കോയുടെ ഭാഗമായ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം, ഗവണ്‍മെന്റ് വകുപ്പുകള്‍ക്കുവേണ്ടിയും മറ്റും വെബ്സൈറ്റ് വികസിപ്പിച്ചുനല്കുന്നു. കേരള നിയമസഭയുടെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് സിഡ്കോയുടെ സഹകരണത്തോടെയാണ്. ഇതുകൂടാതെ ഹാര്‍ഡ് വെയര്‍ (ലാപ്ടോപ്പുകള്‍, കംപ്യൂട്ടറുകള്‍, സെര്‍വറുകള്‍), സോഫ്റ്റ് വെയര്‍ പ്രശ്നപരിഹാരം, ടെലികോം ഉത്പന്നങ്ങള്‍ എന്നിവ സിഡ്കോ ഐ.ടി ആന്‍ഡ് ടി വിഭാഗം ഏറ്റെടുത്തു നടപ്പാക്കുന്നു. സിഡ്കോയുടെ എക്സ്പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ഡിവിഷന്‍ ചെറുകിട വ്യവസായികള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും സഹായിക്കുന്നു.

മാര്‍ക്കറ്റിങ് ഡിവിഷനുകീഴില്‍ വിവിധതരം സ്റ്റീല്‍/തടി ഫര്‍ണിച്ചറുകള്‍, ആശുപത്രി ഫര്‍ണിച്ചര്‍, ലബോറട്ടറി ഉപകരണങ്ങള്‍, സി.എഫ്.എല്‍, ഹൈ മാസ്റ്റ് തുടങ്ങിയ വിളക്കുകള്‍, കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും വിപണനം ചെയ്തുവരുന്നു. ഡിസൈനുകള്‍ക്കായുള്ള സംയോജിത സേവനങ്ങള്‍, വിവിധതരത്തിലുള്ള സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ ജോലികളുടെ നിര്‍വഹണം, ഭരണമേല്‍നോട്ടം എന്നിവ നിര്‍വഹിക്കുന്ന കണ്‍സ്ട്രക്ഷന്‍ യൂണിറ്റും സിഡ്കോയിലുണ്ട്.

ചെറുകിട വ്യവസായമേഖലയ്ക്ക് നൂതനമായ കാഴ്ചപ്പാട് നല്കുന്നതിനാണ് സിഡ്കോ, വിവിധ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ സിഡ്കോകളില്‍ വച്ച് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും അധികം വിറ്റുവരവ് (131 കോടി രൂപ) നേടിയത് കേരള സിഡ്കോയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍