This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാസിമോദോ, സാല്‍വതോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:31, 1 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ക്വാസിമോദോ, സാല്‍വതോര്‍

Quasimodo, Salvator (1901 - 68)

നോബല്‍ സമ്മാന ജേതാവായ (1959) ഇറ്റാലിയന്‍ കവി. 1901 ആഗ. 20-ന് സിസിലിയില്‍ ജനിച്ചു. പാലര്‍മോയിലെ ടെക്നിക്കല്‍ സ്കൂളിലും റോമിലെ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലുമായിരുന്നു വിദ്യാഭ്യാസം. ഇറ്റാലിയന്‍ സ്റ്റേറ്റ് പവര്‍ബോര്‍ഡില്‍ ഡ്രാഫ്റ്റ്സ്മാന്‍, അയേണ്‍ വര്‍ക്സില്‍ സെയില്‍സ്മാന്‍, പിയാസാ കോളാനായിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ ഔദ്യോഗികസേവനമനുഷ്ഠിച്ചു. 1938 മുതല്‍ 40 വരെ ടെമ്പോ എന്ന പത്രത്തിലെ വിമര്‍ശകനായിരുന്നു. മിലാനില്‍ സ്ഥിരതാമസമാക്കിയശേഷം അവിടത്തെ സംഗീതവിദ്യാലയത്തില്‍ ഇറ്റാലിയന്‍ സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകനായി (1941). രണ്ടാം ലോകയുദ്ധകാലത്ത് ചില സുഹൃത്തുക്കളോടൊപ്പം ഇറ്റലിയെ മുസ്സോളിനിയുടെ ഫാസിസ്റ്റ് വാഴ്ചയില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള സമരത്തിലേര്‍പ്പെട്ടെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ടു. യുദ്ധാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും പാര്‍ട്ടിയുടെ ആഗ്രഹപ്രകാരമുള്ള രാഷ്ട്രീയകവിതകള്‍ എഴുതാന്‍ തയ്യാറകാതിരുന്നതിനാല്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു.

പ്രാചീനസാഹിത്യത്തിന്റെ ഉപാസകനായിരുന്നതോടൊപ്പം തന്നെ ആധുനികവും ഹെര്‍മെറ്റിക് സ്കൂളില്‍ ഉള്‍പ്പെട്ട കവിയുമായിരുന്നു ക്വാസിമോദോ. തന്റെ നാടായ സിസിലി ഇദ്ദേഹത്തിന് 'ജീവിക്കുന്ന ദുഃഖ'മായിരുന്നു. 1930-നും 40-നും ഇടയ്ക്ക് ഇറ്റലിയിലെ പ്രമുഖനായ ഭാവഗായകനായി. ഇഗ്നേഷ്യോ, സിലോണി, ആല്‍ബര്‍ട്ടോ മൊറേവിയ, വിറ്റോറിനി എന്നീ പ്രശസ്തന്മാര്‍ക്കൊപ്പം ക്വാസിമോദോയും ഗണിക്കപ്പെട്ടു. ഫ്രഞ്ച് സിംബോളിക് പാരമ്പര്യമാണ് ഇദ്ദേഹം പിന്തുടര്‍ന്നത്. ഏതാനും വരികള്‍ മാത്രമുള്ള ഹ്രസ്വങ്ങളായ ഭാവാത്മക കവിതകളായിരുന്നു ക്വാസിമോദോവിന്റെ ആദ്യകാല രചനകള്‍. ക്വാസിമോദോവിന്റെ കാവ്യകൃതികളില്‍ ഉത്കൃഷ്ടങ്ങളായിട്ടുള്ളവയാണ്: ഏദ് സുബിതോ സെറാ (1942), ജിയോര്‍ണോ ഡോപ്പോ ജിയോര്‍ണോ (1947), ലാ വീറ്റാനോണ്‍ എ സോഞ്ഞോ (1949), ഇല്‍ ഫാള്‍സോ എ വെറോ വെര്‍ദ് (1958), ലാ ടെറാ ഇംപാരഗിയബിലി (1958) എന്നിവ. സിസിലിയന്‍ സംസ്കാരത്തിന്റെ ഉള്ളറകളിലേക്ക് നടത്തുന്ന തീര്‍ഥാടനങ്ങളാണ് ക്വാസിമോദയുടെ കവിതകള്‍. ബൈബിള്‍ ശൈലികളും പുരാണ സങ്കല്പങ്ങളും സഹാനുഭൂതിയും മര്‍ത്യനന്മയും സംയോജിച്ചുണ്ടാകുന്ന കാവ്യാനുഭൂതിയാണ് അവ നല്കുന്നത്. ഗ്രീക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍നിന്ന് ഇറ്റാലിയനിലേക്ക് ഒട്ടേറെ കൃതികള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വെര്‍ജിലിന്റെ ജോര്‍ജിക്സ്, ഹോമറുടെ ഒഡീസി, എസ്കിലസ്സിന്റെ കീഫോറി, സോഫോക്ളിസ്സിന്റെ എലക്ട്രാ എന്നിവ തര്‍ജുമകളില്‍പ്പെടുന്നു. പാബ്ളോ നെരൂദയുടെ പോയട്രി എന്ന കൃതിയും ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഷെയ്ക്സ്പിയര്‍ നാടകങ്ങളില്‍ റോമിയോ ആന്‍ഡ് ജൂലിയറ്റ്, ടെമ്പസ്റ്റ്, മാക്ബെത്ത്, റിച്ചേര്‍ഡ് ദ് തേര്‍ഡ് എന്നിവ വിവര്‍ത്തനം ചെയ്തു. എസ്രാ പൗണ്ട്, ഈ.ഈ. കമ്മിങ്സ് എന്നിവരുടെ ചില കൃതികളും തര്‍ജുമ ചെയ്തു. 1943-ല്‍ ഇറ്റാലിയന്‍ അക്കാദമിയുടെയും 1950-ല്‍ മിലാന്‍ അക്കാദമിയുടെയും കവിതാപുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു. എറ്റ്നാ ടാവോര്‍മാനിയയിലെ അന്തര്‍ദേശീയ സമ്മാനം (1953), വിയാറെഗ്ഗിയോ സമ്മാനം (1958) എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച ഇതരപുരസ്കാരങ്ങള്‍.

'ദുരന്തമയമായ ജീവിതാനുഭവങ്ങളെ ക്ലാസ്സിക്കല്‍ ശക്തിയോടുകൂടി പ്രകാശിപ്പിക്കുന്നു എന്നാണ് സ്വീഡിഷ് അക്കാദമി ക്വാസിമോദാ കവിതകളെ വിശേഷിപ്പിച്ചത്.

1968 ജൂണ്‍ 14-ന് മിലാനില്‍ ക്വാസിമോദോ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍