This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരീക്ഷ നിരീക്ഷണകേന്ദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:28, 4 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്തരീക്ഷ നിരീക്ഷണകേന്ദ്രം

നിശ്ചിത മേഖലകളില്‍ പ്രത്യേകസമയങ്ങളിലെ താപനില, ആര്‍ദ്രത, വായുമര്‍ദം, കാറ്റിന്റെ ദിശ, വേഗം തുടങ്ങിയവ അളന്നു നിര്‍ണയിക്കുകയും ഇവമൂലം അന്തരീക്ഷത്തിനുണ്ടാകുന്ന ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകയും ചെയ്യുന്ന സ്ഥാപനം.


കാലാവസ്ഥാ സൂചനകള്‍ക്കും അന്തരീക്ഷവിജ്ഞാനീയ സംബന്ധമായ മറ്റു പഠനങ്ങള്‍ക്കും അടിസ്ഥാനം ഇത്തരം നിരീക്ഷണകേന്ദ്രങ്ങള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളാണ്. രാപകലില്ലാതെ നിശ്ചിത സമയക്രമമനുസരിച്ച് തിട്ടപ്പെടുത്തുന്ന വിവരങ്ങള്‍, പ്രവചനം നടത്തുന്ന കേന്ദ്രങ്ങളിലേക്ക് അപ്പപ്പോള്‍ എത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിരീക്ഷണകേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.


ഇന്ത്യയില്‍ അഞ്ചുതരം അന്തരീക്ഷനിരീക്ഷണ കേന്ദ്രങ്ങളാണുള്ളത്. നിശ്ചിതസമയവ്യവസ്ഥയനുസരിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു പ്രക്ഷേപണം ചെയ്യാന്‍ പോന്ന ഉപകരണങ്ങളും സന്നാഹങ്ങളുമുള്ളവയാണ് 'കറന്റ് വെതര്‍ സ്റ്റേഷന്‍' എന്നറിയപ്പെടുന്ന ആദ്യത്തെ ഇനം. ഇത്രയും സൌകര്യങ്ങളില്ലാതെ പ്രധാനപ്പെട്ട വിവരങ്ങള്‍ മാത്രം രേഖപ്പെടുത്തുന്ന മറ്റൊരുതരം നിരീക്ഷണ കേന്ദ്രങ്ങളാണടുത്തത്. മൂന്നാമത്തെയിനം 'റാവിന്‍' കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്നു (Rawin = Radio+ Wind). ഇവിടങ്ങളില്‍ ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിവിട്ട്, തിയോഡെലൈറ്റുകള്‍ ഉപയോഗിച്ച് അവയുടെ ഗതിയും അതിലൂടെ ഉപരിമണ്ഡലങ്ങളിലെ കാറ്റിന്റെ സ്വഭാവവും നിര്‍ണയിക്കുന്നു. റേഡിയോ സോണ്ട് (Radio sonde) കേന്ദ്രങ്ങളാണടുത്തത്. ഇവിടെ ഹൈഡ്രജന്‍ ബലൂണുകളോടൊത്ത് വയര്‍ലസ് ട്രാന്‍സ്മിറ്ററുകള്‍ കൂടി ഘടിപ്പിക്കുന്നു. ഇവ ഉപര്യന്തരീക്ഷത്തിലെ താപനിലയെയും ആര്‍ദ്രതയെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഇവ കൂടാതെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായുള്ള മറ്റു കേന്ദ്രങ്ങളുമുണ്ട്. വര്‍ഷമാപിനി (Rain gauge) കള്‍ മാത്രമുള്ള അനേകായിരം കേന്ദ്രങ്ങള്‍ വേറെയുണ്ട്.
അന്തരീക്​ഷ നിരീക്​ഷണകേന്ദ്രം,തിരുവനന്തപുരം

കരയില്‍ മാത്രമല്ല, കടലിലും ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമുണ്ട്. അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നിശ്ചിത സ്ഥാനങ്ങളില്‍ നങ്കുരമിട്ടു കിടക്കുന്ന കപ്പലുകള്‍ അന്തരീക്ഷനിരീക്ഷണം നടത്തുന്നു. ഇന്ത്യയില്‍ ഈ ആവശ്യം നിര്‍വഹിക്കുന്നത് ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍