This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഴിക്കോട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കോഴിക്കോട്
കേരളസംസ്ഥാനത്തിലെ 14 ജില്ലകളിലൊന്ന്. 1957 ജനു. 1-ന് ഔദ്യോഗികമായി നിലവില്‍വന്ന കോഴിക്കോട് ജില്ല, ഉത്തരകേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോര്‍പ്പറേഷന്‍ പട്ടണവും പട്ടണമുള്‍ക്കൊള്ളുന്ന താലൂക്കും കോഴിക്കോട് എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള താലൂക്കാണിത്. കൂടാതെ കേരളത്തില്‍ നാളികേര ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ലയാണ് കോഴിക്കോട്.
കോഴിക്കോട് എന്ന പദത്തിന്റെ നിഷ്പത്തിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. 'കള്ളിക്കോട്ടെ' എന്ന മലയാളപദം അറബികളുടെ ഉച്ചാരണത്തില്‍ രൂപഭേദം വന്ന് കോഴിക്കോട് ആയി എന്നും ഗോപുരകുടപുരി കാലാന്തരത്തില്‍ കോഴിക്കോട് ആയിത്തീര്‍ന്നുവെന്നും കോയില്‍ക്കോട്ട എന്ന പദമാണ് കോഴിക്കോട് ആയതെന്നും പറയപ്പെടുന്നു. തെക്ക് മലപ്പുറം ജില്ലയും കിഴക്ക് വയനാട് ജില്ലയും വടക്ക് കണ്ണൂര്‍ ജില്ലയും പടിഞ്ഞാറ് അറബിക്കടലുമാണ് അതിര്‍ത്തികള്‍.
കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ മൂന്നു താലൂക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 13 നിയമസഭാമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ആകെ വിസ്തീര്‍ണം 2344 ച.കി.മീ. ആകെ ജനസംഖ്യ 30,89,543 (2011). സാക്ഷരത 96.08 ശ. (2011).
എട്ടു നൂറ്റാണ്ടോളം കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ ചരിത്രവും അവരുടെ ഭരണകേന്ദ്രമായ കോഴിക്കോടിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യയൂറോപ്യനായ വാസ്കോ ദ ഗാമ കപ്പലിറങ്ങിയത് (1498) ജില്ലയില്‍ ഉള്‍പ്പെട്ട കാപ്പാട് കടല്‍ത്തീരത്താണ്. 1957 ജനു. 1-ന് കോഴിക്കോട് ജില്ല നിലവില്‍ വരികയും ചെയ്തു.
നിയമസഭാമണ്ഡലങ്ങള്‍. ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍, പേരാമ്പ്ര, കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, ബാലുശ്ശേരി, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര.
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് ജില്ലയെ മൂന്നായി തിരിക്കാം. (1) സമുദ്രനിരപ്പില്‍നിന്ന് 80 മീറ്ററിലധികം ഉയര്‍ന്ന ഗിരിപ്രദേശങ്ങള്‍ (2) സമുദ്രതീരപ്രദേശം(3) തീരപ്രദേശത്തിനും ഗിരിപ്രദേശങ്ങള്‍ക്കും മധ്യേയുള്ള ഇടനാട് 71 കി.മീ. ദൈര്‍ഘ്യമുള്ള കടലോരം ഈ ജില്ലയ്ക്കുണ്ട്. ജില്ലയുടെ വിസ്തൃതിയില്‍ 26.80 ശ.മാ. വരുന്ന ഗിരിപ്രദേശങ്ങളില്‍ ജനസംഖ്യയുടെ നാല് ശ.മാ. അധിവസിക്കുന്നു. ആകെ വിസ്തൃതിയില്‍ 2004 ച.കി.മീ. ഗ്രാമീണമേഖലയും 340 ച.കി.മീ. നഗരപ്രദേശങ്ങളുമാണ്.
കാലാവസ്ഥ
പൊതുവേ സുഖകരമായ കാലാവസ്ഥയാണ് ജില്ലയിലേത്. മാര്‍ച്ചു മുതല്‍ മേയ് വരെ കടുത്ത വേനല്‍ അനുഭവപ്പെടുന്നു. തെക്കുപടിഞ്ഞാറ് മണ്‍സൂണിന്റെ ഫലമായി ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന മഴ സെപ്തംബര്‍ വരെ തുടരും. തെക്കു കിഴക്ക് മണ്‍സൂണിന്റെ ഫലമായി ഒക്ടോബര്‍ മധ്യം മുതല്‍ നവംബര്‍ വരെയും മഴയുണ്ടാവാറുണ്ട്. ജില്ലയിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം 3266 മില്ലിമീറ്ററാണ്.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ പൊതുവേ വരേണ്ടതാണ്. ഒക്ടോബര്‍ മുതല്‍ താപനില ക്രമേണ വര്‍ധിച്ച് മേയ് മാസമാവുമ്പോഴേക്കും ചൂട് മൂര്‍ധന്യത്തിലെത്തുന്നു. കോഴിക്കോട് നഗരത്തില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 39.4°C ഏറ്റവും കുറഞ്ഞ താപനില 14°C ആണ്.
അപവാഹം
മയ്യഴി, കുറ്റ്യാടി, കോരപ്പുഴ, കല്ലായി, ചാലിയാര്‍, കടലുണ്ടി എന്നീ നദികള്‍ ജില്ലയിലൂടെ ഒഴുകുന്നു. വയനാടന്‍ മലകളില്‍നിന്നും ഉദ്ഭവിക്കുന്ന മയ്യഴിപ്പുഴ (മാഹിപ്പുഴ) നരിപ്പെറ്റ, വാണിമേല്‍, ഇയ്യങ്കോട്, ബക്കിയാട്, ഇരിങ്ങന്നൂര്‍, തൃപ്പങ്ങത്തൂര്‍, പെരിങ്ങളം, എടച്ചേരി, കച്ചേരി, എരമല, കാരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂര്‍ എന്നീ വില്ലേജുകളില്‍ക്കൂടി ഒഴുകി തലശ്ശേരിക്ക് ആറ് കി.മീ. തെക്ക് മാഹിയില്‍ വച്ച് കടലില്‍ പതിക്കുന്നു. നീളം 54 കി.മീ.
വയനാടന്‍കുന്നിന്റെ പടിഞ്ഞാറന്‍ താഴ്വരയിലുള്ള നരിക്കോട്ട മലകളില്‍ നിന്നുദ്ഭവിക്കുന്ന കുറ്റ്യാടിപ്പുഴ (മൂരാടുപുഴ) വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍ക്കൂടി ഒഴുകി വടകരയ്ക്ക് ഏഴ് കി.മീ. തെക്ക് കോട്ടയ്ക്കലില്‍ വച്ച് സമുദ്രത്തില്‍ ചേരുന്നു. നീളം 74 കി.മീ. പുന്നൂര്‍പ്പുഴ, അഗലപ്പുഴ എന്നീ പുഴകള്‍ സംഗമിച്ചുണ്ടാകുന്ന കോരപ്പുഴ ജില്ലയിലെ മുഖ്യവ്യവസായ നഗരങ്ങളായ വടകര, കോഴിക്കോട്, കല്ലായി, ബേപ്പൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. നീളം 40 കി.മീ.
ചെറുകുളത്തൂര്‍ വില്ലേജില്‍ നിന്നുദ്ഭവിക്കുന്ന കല്ലായിപ്പുഴയെ ചാലിയാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചെറുകുളത്തൂര്‍, കോവൂര്‍, ഒളവണ്ണ, മണവ, കല്ലായി എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഈ നദിയുടെ നീളം 22 കി.മീ. ആണ്. നീളത്തില്‍ ചെറുതാണെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നദിയാണിത്. മരവ്യാപാരകേന്ദ്രം എന്ന നിലയില്‍ കല്ലായിയ്ക്കുള്ള പ്രസിദ്ധിക്ക് മുഖ്യകാരണം ഈ പുഴയാണ്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കിലുള്ള ഇളമ്പലേരി കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന ചാലിയാര്‍ സംസ്ഥാനത്തെ മുഖ്യ നദികളിലൊന്നാണ്. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കുറുമ്പന്‍പുഴ, വടപുരംപുഴ, ഇരിങ്ങപ്പുഴ, ഇരുത്തില്‍പ്പുഴ എന്നിവയാണ് ഈ നദിയുടെ മുഖ്യശാഖകള്‍. പതനഘട്ടത്തില്‍ ബേപ്പൂര്‍ പുഴയെന്നും ഇതറിയപ്പെടുന്നു. നീളം 169 കി.മീ.
ഒലിപ്പുഴ, വെളിയാര്‍ എന്നിവ സംഗമിച്ചുണ്ടാകുന്ന കടലുണ്ടിപ്പുഴയ്ക്ക് 130 കി.മീ. ദൈര്‍ഘ്യമുണ്ട്. പൂരപ്പറമ്പു പുഴയും ഇതിനോടു ചേരുന്നു. കരിമ്പുഴ, ഉറവന്‍പുറം പുഴ എന്നിങ്ങനെയും കടലുണ്ടിപ്പുഴയ്ക്ക് പേരുകളുണ്ട്.
സസ്യ-ജന്തുജാലം
സസ്യജാലം
കനത്ത വര്‍ഷപാതംമൂലം കോഴിക്കോട്ടെ സസ്യജാലം തികഞ്ഞ ഉഷ്ണമേഖലാസ്വഭാവം പ്രകടമാക്കുന്നു. മിതോഷ്ണവും ഉയരം കൂടിയ കിഴക്കന്‍ പര്‍വതപ്രദേശങ്ങളും സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. മൊത്തം വിസ്തൃതിയില്‍ 41,386 ഹെക്ടറും വനങ്ങളാണ്. ഈ വനങ്ങള്‍ പ്രധാനമായി മൂന്നിനത്തില്‍പ്പെട്ടിരിക്കുന്നു; (1) തെക്കന്‍ ഉഷ്ണമേഖലയിലെ ഇലപൊഴിയും കാടുകള്‍, (2) പശ്ചിമോഷ്ണമേഖലയിലെ നിത്യഹരിതവനങ്ങള്‍, (3) ഭാഗിക-നിത്യഹരിതവനങ്ങള്‍.
തീരദേശം, ഇടനാട്, മലനാട് എന്നീ മൂന്നു പ്രകൃതിവിഭാഗങ്ങളും ജില്ലയില്‍ നെടുകെ, ഏതാണ്ട് സമാന്തരമായി കാണപ്പെടുന്നു. വളരെ ഇടുങ്ങി നീണ്ട ഭൂവിഭാഗമായ തീരദേശം താരതമ്യേന അടുത്തകാലത്തുണ്ടായ മണല്‍-നിക്ഷേപങ്ങളില്‍ നിന്നു രൂപമെടുത്തതാണ്. ഈ പ്രദേശത്തില്‍ വളരുന്ന ചെടികള്‍ ഊഷരസ്വഭാവമാണ് കൂടുതലും പ്രകടമാക്കുക. തനതു സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജലസസ്യങ്ങളും ഇവിടെ കുറവല്ല. കുറുന്തോട്ടി, അടമ്പുവള്ളി, കൊഴിഞ്ഞില്‍ തുടങ്ങിയവ ഇവിടത്തെ സാധാരണ ചെടികളാണ്.
കുന്നുകളും താഴ്വരകളും സമൃദ്ധമായിട്ടുള്ള, ചെങ്കല്‍ മണ്ണു നിറഞ്ഞ ഇടനാടാണ് ജില്ലയുടെ ഭൂരിഭാഗവും. വൃക്ഷനിബിഡമാണിവിടം. തെങ്ങ്, നെല്ല്, വാഴ തുടങ്ങിയവയും മരച്ചീനി, കാച്ചില്‍, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും മറ്റു പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നു. എപ്പോത്തി, മാവ്, പ്ലാവ്, എലവ്, ഏഴിലംപാല, ഉറക്കംതൂങ്ങി, മുള്ളുമുരുക്ക്, അരണമരം തുടങ്ങിയവ ഈ ഭാഗത്തു കാണപ്പെടുന്ന വൃക്ഷങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ്. അമരിച്ചെടി, തൊട്ടാവാടി, എരിക്ക് എന്നിവപോലെയുള്ള വിവിധയിനം കളകള്‍ കൃഷിഭൂമികളില്‍ ധാരാളമായി കാണപ്പെടുന്നു. പുറമ്പോക്കുകളും കാട്ടുചെടികള്‍ നിറഞ്ഞതാണ്.
പലയിനം പുല്ലുകള്‍ വളര്‍ന്നുകയറി കുന്നിന്‍ശിഖരങ്ങളെ മൂടിയിരിക്കുന്നു. ഇതുമായിടകലര്‍ന്ന് വേലിപ്പരുത്തിപോലെയുള്ള ചെറുചെടികളും സമൃദ്ധമായി വളരുന്നുണ്ട്. എന്നാല്‍ പല കുന്നുകളും, തേക്കിന്‍തോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളുമായി ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.
ചുവന്ന നിറത്തില്‍, ഇരുമ്പു കലര്‍ന്നിട്ടുള്ള മണ്ണ് മലനാടിന്റെ മുഖമുദ്രയാണ്. വെട്ടുകല്‍പാളികളിലൂടെ നാനാദിക്കിലേക്കും വ്യാപിച്ചിട്ടുള്ള വെള്ളയോ മഞ്ഞയോ നിറമുള്ള ചെളിയാണ് ഇവിടത്തെ ഏറ്റവും പ്രധാനഘടകം. ഈ ചെളി ഇരുമ്പും പൊട്ടാസിയവും കൊണ്ടു സമൃദ്ധമാണ്.
ഇടനാട് ക്രമേണ ചെറുകാടുകളില്‍ വിലയം പ്രാപിക്കുന്നു. പലതരം മുളകള്‍ ഈ കാടുകളുടെ പ്രത്യേകതയാണ്.
ഏതാണ്ട് 670 മീ. വരെ ഉയരമുള്ള പ്രദേശങ്ങള്‍ എപ്പോഴും ഈര്‍പ്പം തങ്ങിനില്‍ക്കുന്നവയായിരിക്കും. ഈ ഭൂഭാഗങ്ങളിലെല്ലാം നിത്യഹരിതവനങ്ങളുമാണുള്ളത്. ഔഷധഗുണമുള്ള പല ചെടികളും വൃക്ഷങ്ങളും, വിവിധയിനം ഓര്‍ക്കിഡുകളും അത്രതന്നെ വൈവിധ്യമേറിയ പന്നല്‍ച്ചെടികളും (ferns & mosses) വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്നു. മലഞ്ചരിവുകള്‍ വെട്ടിവെളുപ്പിച്ച് കാപ്പി, തേയില, ഏലം എന്നിവയുടെ തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്.
തേക്ക്, മരുത്, തേന്മാവ് എന്നിവയുടെ വന്‍തോട്ടങ്ങള്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ഏറെയുണ്ട്. നിലമ്പൂരിലുള്ള കോണോലി തോട്ടങ്ങള്‍ ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍തോട്ടമാണ്. മുള്ളുവേങ്ങ, നീര്‍വെട്ടി, മരോട്ടി, ഇരുള്‍, പലയിനം എലവുകള്‍ എന്നിവ ഇവിടത്തെ കാടുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന സാധാരണ വൃക്ഷങ്ങളാണ്. വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്ന വള്ളിച്ചെടികളും ഇവിടെ ധാരാളമുണ്ട്.
ജന്തുജാലം
പാലക്കാടു ജില്ലയൊഴിച്ചാല്‍ കേരളത്തിലെ മറ്റൊരു ജില്ലയ്ക്കുമില്ലാത്ത പര്‍വതസാമീപ്യമാണ് കോഴിക്കോടിനുള്ളത്. കിഴക്കുഭാഗത്തു നീണ്ടുകിടക്കുന്ന നീലഗിരി-മൈസൂര്‍ മലനിരകള്‍ ഇവിടത്തെ വനസമ്പത്തിനെ സമൃദ്ധമാക്കുന്നു. പടിഞ്ഞാറുള്ള കടല്‍ത്തീരം മത്സ്യബന്ധനത്തെ വികസിപ്പിക്കാന്‍ ഉതകുന്നതാണ്. അതിസമൃദ്ധമായ വന്യജീവിശേഖരമാണ് ജില്ലയിലുള്ളത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ള ജീവികള്‍ ധാരാളമായി ഇവിടെയും കഴിയുന്നു. വന്യജീവികളുടെയും സമുദ്രജീവികളുടെയും കാര്യത്തിലും ഇതുതന്നെ സ്ഥിതി.
ജില്ലയിലെ പ്രധാന ജൈവവിധ്യ സംരക്ഷണകേന്ദ്രമാണ് കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലില്‍ നിപതിക്കുന്ന ഭാഗത്ത്, എക്കലും മറ്റും അടിഞ്ഞ്കൂടി രൂപപ്പെട്ടിട്ടുള്ള ഒരു കൂട്ടം നദീതുരുത്തുകളിലെ കണ്ടല്‍ക്കാടുകളിലാണ് മനോഹരമായ ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. സമുദ്രവിതാനത്തില്‍നിന്നും ഏതാണ്ട് 200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ കണ്ടല്‍ക്കാടുകളാണ് തദ്ദേശീയവും വിദേശീയവുമായ പറവകള്‍ക്ക് ചേക്കേറാന്‍ ആവാസവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. നൂറിലധികം തദ്ദേശീയ ജാതിപ്പക്ഷികളെ കടലുണ്ടിയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആളകള്‍ (Terns), കടല്‍ക്കാക്കകള്‍ (Gulls), ചിന്നമുണ്ടികള്‍ (Herone), മണല്‍ക്കോഴികള്‍ (Sandpiper), നീര്‍ക്കാക്കകള്‍ (Cormorant) തുടങ്ങി 60 സ്പിഷീസ് ദേശാടനപ്പക്ഷികളും ഇവിടം സന്ദര്‍ശിക്കാറുണ്ട്. തെറ്റിക്കൊക്കന്‍ (Whimbrels), കൃഷ്ണപ്പരുന്ത് (Brahminy kite) എന്നിവ കടലുണ്ടിയില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന പക്ഷികളാകുന്നു. മരംകൊത്തി, കറുത്തബുള്‍ബുള്‍, കാട്ടുകോഴി, കാട്ടുമൈന, ചിലുചിലപ്പന്‍ തുടങ്ങിയ പക്ഷികളും കടലുണ്ടിയില്‍ സര്‍വസാധാരണമാണ്. പക്ഷികള്‍ക്കുപുറമേ വിവിധയിനം മത്സ്യങ്ങള്‍, ചിപ്പികള്‍, ഞണ്ടുകള്‍ എന്നിവയും ഇവിടത്തെ ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്നുണ്ട്. 2007-ല്‍ കടലുണ്ടിയെ കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചതോടെ ഈ പ്രദേശത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. കേരളത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിറ്റി റിസര്‍വാണിത്. കടലുണ്ടി പഞ്ചായത്തിലും വള്ളിക്കുന്ന് പഞ്ചായത്തിലുമായി ഏകദേശം 150 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന അഴിമുഖ ആവാസവ്യവസ്ഥയെയും സവിശേഷമായ അവിടുത്തെ ജൈവവൈവിധ്യത്തെയും തദ്ദേശവാസികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ പരിരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രദേശത്തെ തദ്ദേശവാസികളുടെ സഹകരണത്തോടെ പ്രകൃതി സംരക്ഷണം ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്നതിനാലാണ് ഇതിനെ കമ്യൂണിറ്റി റിസര്‍വ് എന്നു വിശേഷിപ്പിക്കുന്നത്.
ജനവിതരണം
സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രതയെക്കാള്‍ വളരെക്കൂടുതലാണ് കോഴിക്കോട് ജില്ലയിലേത്. ആകെ ജനസംഖ്യ 30,89,543 (2011). മൂന്നു താലൂക്കുകളിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് കൂടുതല്‍.
പേരാമ്പ്ര ബ്ലോക്കിലെ ചക്കിട്ടപാറ പഞ്ചായത്ത് വിസ്തൃതിയില്‍ ഒന്നാംസ്ഥാനത്തും (142.52 ച.കി.മീ.) വടകര ബ്ലോക്കിലെ ഒഞ്ചിയം പഞ്ചായത്ത് വിസ്തൃതിയില്‍ ഏറ്റവും പിന്നിലും നില്ക്കുന്നു (8.72 ച.കി.മീ.). ജില്ലയുടെ ആകെ ജനസംഖ്യയില്‍ 57.97 ശതമാനം ഹിന്ദുമതത്തില്‍പ്പെട്ട വിവിധ ജാതിവിഭാഗങ്ങളും, 37.46 ശതമാനം മുസ്ലിം വിഭാഗങ്ങളും 4.42 ശതമാനം ക്രിസ്തുമതക്കാരുമാണ്. ബുദ്ധ, ജൈന, സിക്ക് തുടങ്ങി ഇതരമതവിശ്വാസികളും ജില്ലയിലുണ്ട്.