This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗൈക്കൊണ്ടചോളപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 16 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗംഗൈക്കൊണ്ടചോളപുരം

Gangaikondacholapuram

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ഒരു സ്ഥലം. 1012 മുതല്‍ 1044 വരെ രാജ്യം ഭരിച്ചിരുന്ന ചോളചക്രവര്‍ത്തിയായ രാജേന്ദ്രന്‍ I-ന്റെ തലസ്ഥാനമായിരുന്നു ഇത്. ചാലൂക്യരുമായി സഖ്യം ചേര്‍ന്ന് ബംഗാളിലെ മഹീപാലനെ പരാജയപ്പെടുത്തിയ രാജേന്ദ്രന്‍ I തന്റെ വിജയം ആഘോഷിക്കുന്നതിനായിട്ടാണ് പുതിയ പട്ടണം പണികഴിപ്പിച്ചത്. 'ഗംഗൈക്കൊണ്ടചോളന്‍' എന്ന പേരില്‍ അദ്ദേഹം വിശ്രുതനായിരുന്നു. കുംഭാഭിഷേകത്തിന് ഗംഗാജലം കൊണ്ടു വരുന്നതിനായി രാജേന്ദ്രന്‍ I തന്റെ പടയാളികളെ ഗംഗാതീരത്തേക്കയച്ചു. വഴിക്കുള്ള എല്ലാ രാജ്യങ്ങളും പിടിച്ചടക്കി, ചോളസൈന്യം ഗംഗാതീര്‍ഥവും ശിരസ്സിലേറ്റി വന്നതിനാലാണ് രാജേന്ദ്രചോളന് 'ഗംഗൈക്കൊണ്ടചോളന്‍' എന്ന പേരു ലഭിച്ചത്. അദ്ദേഹം പണിയിച്ച പട്ടണത്തിന് 'ഗംഗൈക്കൊണ്ടചോളപുരം' എന്ന പേരും നല്കപ്പെട്ടു.

വലിയ കോട്ടമാളികകളും, കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പട്ടണത്തിലുണ്ട്. ഇവിടത്തെ കൃത്രിമ ജലാശയത്തില്‍ 24 കി.മീ. ദൂരം കല്ലുകൊണ്ട് പടവുകള്‍ കെട്ടി സൂക്ഷിച്ചിരുന്നു. ഇവയുടെ നിര്‍മാണരീതി പല്ലവശില്പരീതികളുമായി സാമ്യമുള്ളതാണ്. ഗംഗൈക്കൊണ്ടചോളപുരത്തെ പ്രധാന ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ഉയര്‍ത്തിക്കെട്ടിയ ഭാഗമായ വിമാനം ചോളക്ഷേത്രങ്ങളുടെ ഒരു പ്രത്യേകതയാണ്. 51.8 മീ. ആണ് ഈ വിമാനത്തിന്റെ ഉയരം. തഞ്ചാവൂര്‍ ക്ഷേത്രമാതൃകയില്‍ നിര്‍മിതമായ ഈ ക്ഷേത്രത്തിലെ നവഗ്രഹ പ്രതിമകള്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. മഹിഷാസുരമര്‍ദിനിയുടെ ശിലാപ്രതിമയ്ക്ക് 20 കരങ്ങളുണ്ട്. 3.6 മീ. ഉയരമുള്ള ദ്വാരപാലകപ്രതിമകള്‍ ഒറ്റക്കല്ലില്‍ തീര്‍ത്തതാണ്. 5 മീ. ചുറ്റളവും 3.9 മീ. ഉയരവുമുള്ള പ്രധാന പ്രതിഷ്ഠയായ ജഗദീശ്വരപ്രതിമയും ഒറ്റക്കല്ലില്‍ തീര്‍ത്തതാണ്. ഇവിടത്തെ പ്രധാന പ്രത്യേകത ഈ ക്ഷേത്രത്തിലെ കിണറാണ്. വളരെയധികം ജലദൌര്‍ലഭ്യമുള്ള സ്ഥലത്ത് സ്ഥിതിചെയ്തിട്ടും ഈ കിണറ്റില്‍ ഒരിക്കലും ജലക്ഷാമമുണ്ടായിട്ടില്ല. കല്പടവുകള്‍ ഇറങ്ങിയാണ് ഈ കിണറ്റില്‍ നിന്നും വെള്ളം കോരുന്നത്. ഇന്നും യാതൊരു കേടും പറ്റാതെ ഈ കിണര്‍ ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്നു. ചോളശക്തി ക്ഷയിച്ചതിനെത്തുടര്‍ന്ന് ഗംഗൈക്കൊണ്ടചോളപുരം നശിച്ചുപോയെങ്കിലും ചില അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴും കാണാം. ഇന്ന് ഈ സ്ഥലം ഏറെക്കുറെ വിജനമാണ്. അപൂര്‍വമായേ ഇവിടെ സന്ദര്‍ശകരെത്താറുള്ളൂ. വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ലാത്തതാകാം ഇതിനു കാരണം.

(ജെ.കെ. അനിത; ഡോ.എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍