This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയായ്മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:12, 2 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അടിയായ്മ

ഒരാള്‍, ഏതെങ്കിലും നാടുവാഴിയുടെയോ ജന്‍മിയുടെയോ ഭൂമിയില്‍ താമസിച്ച് പണിചെയ്ത് ജീവസന്ധാരണം നടത്തുകയും, പകരം യജമാനന് പലതരത്തിലുള്ള ഭോഗങ്ങളും സേവനങ്ങളും നല്കി അതിനുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായം. ഈ സമ്പ്രദായം മിക്കരാജ്യങ്ങളിലും നിലനിന്നിരുന്നു. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഓരോ രാജ്യത്തിലും ഇതിന്റെ ഉദ്ഭവവും വ്യവസ്ഥകളും വ്യത്യസ്തങ്ങളായിരുന്നു എന്നുമാത്രം. കൃഷിയോടും ഭൂമിയോടും ബന്ധപ്പെട്ടതായതുകൊണ്ടും, കാര്‍ഷികസമ്പദ്ഘടന മിക്കവാറും എല്ലാരാജ്യങ്ങളിലും അനേകശതാബ്ദങ്ങള്‍ നിലനിന്നിരുന്നതുകൊണ്ടും അടിയായ്മ പല രാജ്യങ്ങളിലും ദീര്‍ഘകാലം തുടരാന്‍ ഇടയായി.

ഉദ്ഭവം. ആക്രമണങ്ങളില്‍ തോല്പിക്കപ്പെട്ടവരാണ് കാലക്രമത്തില്‍ പല രാജ്യങ്ങളിലും അടിയാന്‍മാരായിത്തീര്‍ന്നത്. ആര്യന്‍മാര്‍ ഗ്രീസ് പിടിച്ചടക്കിയപ്പോള്‍ പരാജിതരെ പൂര്‍ണമായി നശിപ്പിക്കുന്നതിനുപകരം അടിയാന്‍മാരാക്കുകയാണുണ്ടായത്. ഭരണകാര്യങ്ങളിലും, സൈനികപ്രവര്‍ത്തനങ്ങളിലും മാത്രം ഏര്‍പ്പെട്ടിരുന്ന സ്പാര്‍ട്ടയിലെ കുബേരകുടുംബങ്ങളുടെയും സാധാരണ പൌരന്‍മാരുടെയും ഭൂമി അടിയാന്‍മാരാണ് കൃഷി ചെയ്തിരുന്നത്.

റോമില്‍ മറ്റൊരുവിധത്തിലും അടിയായ്മ വളര്‍ന്നുവന്നു. റോമന്‍ റിപ്പബ്ളിക്കിന്റെ ആദ്യ ശതാബ്ദങ്ങളില്‍ റോമന്പൗരന്‍മാര്‍ തന്നെയാണ് ഭൂമി കൃഷിചെയ്തിരുന്നത്. റോം വിദേശരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്താനാരംഭിച്ചതോടെ ഇവരില്‍ ഒരു നല്ലവിഭാഗത്തിന് യോദ്ധാക്കളായി വിദേശങ്ങളില്‍ പോകേണ്ടിവന്നു. അപ്പോള്‍ ഇവരുടെ ഭൂമി വാങ്ങിയ ധനികന്‍മാര്‍ അവരുടെ വിസ്തൃതമായ കൃഷി സ്ഥലങ്ങള്‍ അടിമകളെക്കൊണ്ട് കൃഷിചെയ്യിച്ചു. കാലാന്തരത്തില്‍ അടിമകള്‍ക്ക് ദൌര്‍ലഭ്യമുണ്ടാകുകയും, കിട്ടാവുന്ന അടിമകളുടെ വില ക്രമാധികം വര്‍ധിക്കുകയും ചെയ്തു. തത്ഫലമായി കുബേരന്‍മാര്‍ അടിമകളെക്കൊണ്ട് കൃഷിചെയ്യിക്കുന്ന സമ്പ്രദായം ക്രമേണ ഉപേക്ഷിച്ചു. പകരം, വസ്തുവില്‍ താമസിച്ച് കൃഷിചെയ്യാന്‍ നിര്‍ധനരായ പൌരന്‍മാരെ അനുവദിക്കുകയും, പ്രതിഫലമായി അവരില്‍നിന്ന് നികുതിയും സേവനങ്ങളും നേടുകയും ചെയ്തു. ഇവരാണ് സാമ്രാജ്യകാലത്ത് അടിയാന്‍മാരായിത്തീര്‍ന്നത്. അടിയാന്റെ സ്ഥിതി അടിമയുടേതിനെക്കാള്‍ ഭേദമാണ്. അടിയാനെ യഥേഷ്ടം വില്ക്കാനും വാങ്ങാനുമുള്ള അധികാരം നാടുവാഴിക്കോ ജന്‍മിക്കോ ഇല്ല. എന്നാല്‍ അടിയാനുമായി ബന്ധപ്പെട്ട ഭൂമിയോടൊത്ത് അയാളെ കൈമാറ്റം ചെയ്യാം. കൃഷിചെയ്യാനുള്ള അവകാശത്തിനുപുറമേ ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും അടിയാന് യജമാനനില്‍ നിന്നു ലഭിക്കുന്നു. പകരം പണമോ സാധനങ്ങളോ അധ്വാനമോ നല്കാന്‍ അടിയാന്‍ ബാധ്യസ്ഥനാണ്.

അടിയാന്റെ അവകാശങ്ങളും കടമകളും ഓരോ രാജ്യത്തും ഓരോ തരത്തിലായിരുന്നു. 11-ഉം 12-ഉം ശ.-ങ്ങളില്‍ യൂറോപ്പില്‍ പൊതുവിലും, ഇംഗ്ളണ്ടിലും ഫ്രാന്‍സിലും പ്രത്യേകിച്ചും നിലവിലിരുന്ന വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു:

(1) ആള്‍ക്കരം, ഭൂനികുതി, ജന്‍മിക്കരം എന്നീ മൂന്നിനം നികുതികള്‍ പ്രതിവര്‍ഷം അടിയാന്‍ കൊടുക്കേണ്ടിയിരുന്നു.

(2) ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചുവരെ ദിവസങ്ങള്‍ കൂലിയില്ലാതെ വേലചെയ്തുകൊടുക്കുന്നതിനു പുറമേ കാര്‍ഷികവിഭവങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ഒരു പങ്ക് അയാള്‍ പ്രഭുവിനു നല്കേണ്ടിയിരുന്നു.

(3) ധാന്യങ്ങള്‍ പൊടിക്കുക, റൊട്ടിയുണ്ടാക്കുക, മുന്തിരിപ്പഴം പിഴിഞ്ഞെടുക്കുക, തുടങ്ങി അടിയാന്റെ സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പ്രഭുവിന്റെ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പ്രത്യേക കൂലിയും പ്രഭുവിന് കൊടുക്കേണ്ടതുണ്ടായിരുന്നു.

(4) യുദ്ധകാലത്ത് പ്രഭുവിന് സൈനികസേവനം നല്കാനും പ്രഭു തടവുകാരനാക്കപ്പെട്ടാല്‍ വിടുതല്‍പണം നല്കാനും അടിയാന്‍ ബാധ്യസ്ഥനായിരുന്നു.

(5) തന്റെ മകനെ ഉപരിവിദ്യാഭ്യാസത്തിനോ പൌരോഹിത്യത്തിനോ അയയ്ക്കുന്ന അടിയാന്‍ പ്രഭുവിന് പിഴ കൊടുക്കാന്‍ നിര്‍ബന്ധിതനായിരുന്നു.

(6) പ്രഭുവിന്റെ കുളത്തില്‍നിന്നും മീന്‍പിടിക്കുക, പുല്‍ത്തകിടിയില്‍ കാലികളെ തീറ്റുക, വനങ്ങളില്‍ വേട്ടയാടുക, എന്നിവയ്ക്ക് പ്രഭുവിന് കരം കൊടുക്കേണ്ടിയിരുന്നു.

(7) ഒരു പ്രഭുവിന്റെ അടിയാന്‍മാര്‍ മറ്റൊരു പ്രഭുവിന്റെ അടിയാന്‍മാരുമായി വിവാഹബന്ധത്തില്‍ ഏര്‍ പ്പെടുമ്പോള്‍ പ്രഭുവിന് നികുതി നല്കേണ്ടിയിരുന്നു. ചില സ്ഥലങ്ങളില്‍ അടിയാന്റെ വധു പ്രഥമരാത്രി പ്രഭുവിന്റെകൂടെ കഴിയണമെന്നുണ്ടായിരുന്നു. എന്നാല്‍, മിക്കയിടങ്ങളിലും, വരന്‍ പ്രഭുവിന് ഒരു തുക നല്കുന്നപക്ഷം വധുവിനെ ഈ ബാധ്യതയില്‍നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.

വളര്‍ച്ച. റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടുകൂടി ഓരോ പ്രദേശത്തെയും ധനികരും ശക്തരുമായ ആളുകള്‍ അതതു പ്രദേശങ്ങളിലെ നാടുവാഴികളായിത്തീര്‍ന്നു. നിയമസമാധാനങ്ങള്‍ പാലിക്കാന്‍ ശക്തമായ ഒരു കേന്ദ്രഭരണകൂടം ഇല്ലാതിരുന്നതുമൂലം സമാധാനജീവിതത്തിനും, അന്യരുടെ ആക്രമണത്തില്‍ നിന്നുള്ള രക്ഷയ്ക്കും വേണ്ടി കൃഷിക്കാര്‍ പ്രഭുക്കന്‍മാരുടെ അടിയാന്‍മാരായി കഴിയേണ്ടിവന്നു. ഇങ്ങനെയാണ് മധ്യയുഗങ്ങളില്‍ യൂറോപ്പില്‍ ഫ്യൂഡല്‍ സമ്പ്രദായം നിലവില്‍ വന്നത്.

റഷ്യയിലെ സ്ഥിതി ഇതില്‍നിന്ന് വിഭിന്നമായിരുന്നു. ഇവിടെ സ്വതന്ത്രരായ കര്‍ഷകരാണ് അടിയാന്‍മാരായിത്തീര്‍ന്നത്. കേന്ദ്രഭരണത്തിന്റെയും, വൈദികസ്ഥാപനങ്ങളുടെയും, പ്രഭുക്കന്‍മാരുടെയും ശക്തി വര്‍ധിച്ചതോടെ കര്‍ഷകരുടെ സ്ഥിതി മോശമായി. ഓരോ പ്രഭുവിന്റെ കീഴിലായിത്തീര്‍ന്ന കര്‍ഷകര്‍ അവരവരുടെ ഭൂമിയുടെ ഉടമസ്ഥന്‍മാരായിത്തന്നെ കരുതപ്പെട്ടിരുന്നു; എങ്കിലും അവര്‍ പ്രഭുവിനു കരം നല്കേണ്ടിയിരുന്നു. കുടിശ്ശിക തീര്‍ ‍ത്തെങ്കിലേ ഒരു പ്രഭുവിന്റെ കീഴിലുള്ള വസ്തുവില്‍നിന്നും മറ്റൊരിടത്തേക്ക് ഒഴിഞ്ഞുപോകാവൂ എന്ന സ്ഥിതിയുണ്ടായി. ഇതോടൊപ്പം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയും അതു നിര്‍ബന്ധമായി പിരിച്ചെടുക്കുന്നതിനുള്ള സൌകര്യത്തിനുവേണ്ടി, കര്‍ഷകര്‍ ഭൂമി വിട്ടുപോകാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കുകയും ചെയ്തു. പീറ്റര്‍ ചക്രവര്‍ത്തിയുടെ കാലമായപ്പോഴേക്കും അടിയാന്‍മാരുടെ സ്ഥിതി അടിമകളുടേതിന് തുല്യമായിത്തീര്‍ന്നു. ഈ ദുഃസ്ഥിതി 19-ാം ശ.വരെ തുടര്‍ന്നു. ഇതിനിടയില്‍ ഇവരെ സാമ്പത്തികാടിമത്തത്തില്‍നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇത് ഫലപ്രാപ്തിയില്‍ എത്തിയത് 1861-ലെ 'വിമോചനനിയമ'ത്തോടുകൂടിയാണ്. ഇതനുസരിച്ച് ഒന്നരക്കോടിയോളം കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയുടെ നിശ്ചിതാനുപാതികമായ ഒരു ഭാഗം സ്വന്തമായി ലഭിച്ചു.

അടിയായ്മ, ഇന്ത്യയില്‍. ഇന്ത്യയില്‍ അടിയായ്മ സമ്പ്രദായം ആരംഭിച്ചത് ആര്യന്‍മാരുടെ ആക്രമണത്തോടും, ചാതുര്‍വര്‍ണ്യത്തിന്റെ ഉദ്ഭവത്തോടും ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റു രാജ്യങ്ങളില്‍ അടിയാനുണ്ടായിരുന്ന സ്ഥിതിയാണ് ഇന്ത്യയില്‍ ശൂദ്രര്‍ക്കുണ്ടായിരുന്നത്. കാലക്രമത്തില്‍ ശൂദ്രരുടെയിടയിലും പല ഉപജാതികളും ഉണ്ടായി. എങ്കിലും അടിയാന്‍മാര്‍ ഇവരില്‍പ്പെട്ട കീഴ്ജാതിക്കാരും, അസ്പൃശ്യരുമൊക്കെത്തന്നെയായിരുന്നു. മറ്റു രാജ്യങ്ങളിലെ അടിയാന്‍മാരെ അപേക്ഷിച്ച് ജാതിജന്യമായ പരാധീനതകള്‍ കൂടി ഇന്ത്യയിലെ അടിയാന്‍മാര്‍ക്കുണ്ടായിരുന്നു. അടുത്തകാലത്തുമാത്രമാണ് ഇവരുടെ നില മെച്ചപ്പെട്ടുതുടങ്ങിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിയായ്മ അതേരീതിയില്‍ കേരളത്തിലുണ്ടായിരുന്നില്ല. ഏതാണ്ട് അതുപോലുള്ള ഒരു കുടിയായ്മസമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നു. കുടിയാന്‍മാരില്‍നിന്നും, അടിമകളില്‍ നിന്നുമായി അടിയായ്മകൊണ്ടു ലഭിക്കേണ്ട സാമ്പത്തികവും സാമൂഹികവുമായ പ്രയോജനങ്ങള്‍ ജന്‍മിമാര്‍ക്കു ലഭിച്ചിരുന്നു. കേവലം ആചാരപരമായ ഒരുതരം അടിയായ്മയും കേരളത്തില്‍ നിലനിന്നിരുന്നു. ശൂദ്രര്‍ മുതലായ കീഴ്ജാതിക്കാര്‍ ജന്‍മിമാരായ നമ്പൂതിരിമാര്‍ക്ക് കാഴ്ചകള്‍വച്ച് അടിയായ്മ സ്വീകരിക്കുകയായിരുന്നു ഈ സമ്പ്രദായം.

(കെ. തുളസീധരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍