This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:30, 17 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗര്‍ഭം

Pregnancy

ബീജസങ്കലനത്തോടെ ആരംഭിക്കുകയും പ്രസവത്തോടെ അവസാനിക്കുകയും ചെയ്യുന്ന ശരീരധര്‍മ പ്രക്രിയ. ശരീരത്തിനുള്ളിലെ ഭ്രൂണവളര്‍ച്ചയോടു ബന്ധപ്പെട്ട് സ്ത്രീയുടെ അവയവങ്ങളിലും ശരീരകലകളിലും സംജാതമാകുന്ന ശരീരക്രിയാപരമായ വ്യതിയാനങ്ങളാണ് പ്രധാനമായും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്നത്.

സ്ത്രീകളിലെ പുനരുത്പാദന വ്യൂഹത്തിന് പ്രധാനമായും രണ്ടു ധര്‍മങ്ങളാണുള്ളത്. സ്ത്രീശരീരത്തെ ഗര്‍ഭധാരണത്തിനുവേണ്ടി ഒരുക്കിയെടുക്കുകയാണ് ഒരു ധര്‍മം. രണ്ടാമത്തെതാകട്ടെ, ഗര്‍ഭധാരണവും പ്രസവവും ആണ്. ബീജം അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണം (Embryo) ഉടലെടുത്താല്‍ ഗര്‍ഭധാരണം സംഭവിച്ചുകഴിഞ്ഞു എന്നു പറയാം. അണ്ഡത്തിന്റെ ആയുസ് 24 മണിക്കൂറും ബീജത്തിന്റെ ആയുസ് 72 മണിക്കൂറും ആയതിനാല്‍ അണ്ഡവിസര്‍ജനം (ovulation) നടക്കുന്ന ദിവസം, അതിനു തൊട്ടുമുമ്പും പിമ്പുമുള്ള ഓരോ ദിവസം എന്നിങ്ങനെ മൊത്തം മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ഇണചേരല്‍ ഗര്‍ഭധാരണത്തില്‍ കലാശിക്കാം. ഒരു ബീജാണു (ശുക്ളാണു)വും (sperm) പരിപക്വമായ ഒരു അണ്ഡാണുവും (Ovum) തമ്മില്‍ സങ്കലനം നടക്കുന്നതിലൂടെയാണ് ഒരു പുതിയ ശിശു ജന്മമെടുക്കുന്നത്. സംഭോഗാവസാനം യോനിയില്‍ ചലനശേഷിയുള്ള വളരെയധികം ശുക്ളാണുക്കള്‍ നിക്ഷേപിക്കപ്പെടുന്നു. ഈ ശുക്ളാണുക്കള്‍ യോനിയില്‍ നിന്ന് ഗര്‍ഭാശയത്തിലൂടെ സഞ്ചരിച്ച് 'ഫലോപ്പിയന്‍' നാളിയില്‍ (Fallopian tube) എത്തിച്ചേരുന്നു. അണ്ഡാശയത്തില്‍ നിന്നു വിമുക്തമാക്കപ്പെട്ട് ഫലോപ്പിയന്‍ നാളിയിലെത്തിച്ചേര്‍ന്ന അണ്ഡാണുവിനെ ഈ ശുക്ളാണുക്കള്‍ പൊതിയുന്നു. ഫലോപ്പിയന്‍ നാളിയില്‍ എത്തിച്ചേരുന്നതോടെ അണ്ഡാണു അതിന്റെ ബാഹ്യസ്തരത്തിന്റെ ഒരു പാളി ഉപേക്ഷിക്കുന്നു. ഈ സ്ഥിതിയില്‍ ശുക്ളാണുക്കള്‍ അണ്ഡാണുവിനുള്ളിലേക്ക് തുളച്ചുകയറാന്‍ ശ്രമിക്കുന്നു. എങ്കിലും ഒരു ശുക്ളാണുവിനുമാത്രമേ ഉള്ളില്‍ കടക്കാന്‍ പറ്റുകയുള്ളൂ. ഉള്ളിലെത്തിച്ചേര്‍ന്ന ശുക്ളാണുവിന്റെ ശീര്‍ഷഭാഗം വാലില്‍നിന്ന് വേര്‍പെടുന്നു. ക്രമേണ വാല്‍ഭാഗം അപ്രത്യക്ഷമാകും. ശുക്ളാണുവിന്റെ ശീര്‍ഷഭാഗം അത് ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തോടൊപ്പം അണ്ഡാണുവിന്റെ കോശകേന്ദ്രത്തിനെ ലക്ഷ്യമാക്കി നീങ്ങുന്നു. രണ്ടു കോശകേന്ദ്രങ്ങളും തമ്മില്‍ അണ്ഡാണുവിന്റെ മധ്യഭാഗത്തുവച്ച് സംയോജിക്കുകയും ബീജസങ്കലനം പൂര്‍ത്തിയാവുകയും ചെയ്യുന്നു.

ഗര്‍ഭാശയനാളിയിലാണ് ബീജസങ്കലനം നടക്കുന്നത്. അതിനുശേഷം ഏതാണ്ട് 72 മണിക്കൂറുകള്‍ക്കകം ഭ്രൂണം അണ്ഡാശയത്തിനുള്ളില്‍ എത്തിച്ചേരും. ഈ സമയം ഇത് ഒരു ചെറിയ 'മല്‍ബറി' സദൃശ പിണ്ഡമായിരിക്കും. ഇത് 'മോറുല' (Morula) എന്ന പേരില്‍ അറിയപ്പെടുന്നു. ഏതാണ്ട് അറുപതോളം കോശങ്ങള്‍ മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. ക്രമേണ കോശസംഖ്യ വര്‍ധിക്കുകയും 'ബ്ളാസ്റ്റോസിസ്റ്റ്' (Blastocyst) എന്ന പേരില്‍ പൊള്ളയായ ഒന്നായി മാറുകയും ചെയ്യുന്നു. ഗര്‍ഭാശയ സ്രവങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ട് അല്പസമയം ഈ ബ്ളാസ്റ്റോസിസ്റ്റ് ഗര്‍ഭാശയത്തില്‍ സ്വതന്ത്രാവസ്ഥയില്‍ കഴിഞ്ഞശേഷം ഗര്‍ഭാശയഭിത്തിയില്‍ ഉറയ്ക്കുന്നു. അണ്ഡവിസര്‍ജനത്തിനുശേഷം 7-8 ദിവസമാകുമ്പോള്‍ ഭ്രൂണം ഗര്‍ഭാശയഭിത്തിയിലെ 'എന്‍ഡോമെട്രിയം' (Endometrium) എന്ന ആവരണത്തില്‍ ആഴ്ന്നിറങ്ങുന്നു (Implantation). ശുക്ളാണുവില്‍ X,Y എന്നീ ലിംഗക്രോമസോമുകളില്‍ ഒന്നുമാത്രമേ കാണുകയുള്ളൂ. ഇതില്‍ Y ക്രോമസോം അടങ്ങിയ ബീജാണു ആണ്‍പ്രജയ്ക്കും X ക്രോമസോം അടങ്ങിയ ബീജാണു പെണ്‍പ്രജയ്ക്കും കാരണമായിത്തീരുന്നു. കുട്ടി ആണോ പെണ്ണോ ആയിത്തീരുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും പിതാവിനാണ്.

അണ്ഡവിസര്‍ജനം കഴിഞ്ഞ് 16-ാം ദിവസം മുതല്‍ 'മറുപിള്ള' (Placenta) രൂപമെടുത്തു തുടങ്ങുന്നു. ആദ്യമാസങ്ങളില്‍ അത് പെട്ടെന്നു വളരുന്നു. ഗര്‍ഭസംരക്ഷണത്തിനും ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കും മറുപിള്ള പരമപ്രധാനമാണ്. ഒമ്പതുമാസം മാത്രം ആയുസ്സുള്ള മറുപിള്ള സ്ത്രൈണ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രധാനപങ്കുവഹിക്കുന്നു. മാസം തികയുമ്പോള്‍ മറുപിള്ളയുടെ തൂക്കം 500 ഗ്രാം ആയിരിക്കും. ഗര്‍ഭസ്ഥശിശുവിനാവശ്യമായ മാംസ്യം (protein), കാത്സ്യം, ഇരുമ്പ് എന്നിവ മറുപിള്ളയില്‍ ശേഖരിക്കപ്പെടുന്നു. മാതാവില്‍നിന്ന് മറുപിള്ളവഴിയാണ് ഗര്‍ഭസ്ഥശിശുവിന് പോഷകാംശങ്ങള്‍ ലഭിക്കുന്നത്. ഗര്‍ഭസ്ഥശിശു മലിനവസ്തുക്കള്‍ മാതൃരക്തത്തിലേക്കു തള്ളുന്നതും മറുപിള്ളവഴിയാണ്. എന്നാല്‍ മാതൃരക്തവും ശിശുരക്തവും ഒരു സ്തരത്താല്‍ (placental membrane) വേര്‍തിരിക്കപ്പെടുന്നതിനാല്‍ തമ്മില്‍ കലരുന്നില്ല. പൊക്കിള്‍ക്കൊടി (Umbilical cord) വഴി മറുപിള്ളയും ഗര്‍ഭസ്ഥശിശുവും ബന്ധിക്കപ്പെട്ടിരിക്കുന്നു.

'ഹ്യൂമന്‍ കോറിയോണിക് ഗൊണോടോട്രോപ്പിന്‍' (Human Chorionic Gonadotropin), 'ഈസ്റ്റ്രോജന്‍' (Oestrogen), 'പ്രൊജസ്റ്ററോണ്‍ (Progesterone), 'ഹ്യൂമന്‍ കോറിയോണിക് സോമറ്റോ മാമോട്രോപ്പിന്‍' (Human chorionic somato mamotropin) എന്നിങ്ങനെ നാല് ഹോര്‍മോണുകള്‍ മറുപിള്ളയില്‍നിന്ന് സ്രവിക്കപ്പെടുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെല്ലാം അത്യാവശ്യമാണ്. ഗര്‍ഭധാരണം സംഭവിച്ചുകഴിഞ്ഞാല്‍ അണ്ഡവിസര്‍ജനം കഴിഞ്ഞ് 6-8 ദിവസങ്ങള്‍ക്കുള്ളില്‍ 'കോറിയോണിക് ഗൊണാടോട്രോപ്പിന്‍' (CGT) സ്രവിച്ചുതുടങ്ങും. മൂത്രത്തില്‍ ഈ ഹോര്‍മോണ്‍ കണ്ടാല്‍ ഗര്‍ഭധാരണം നടന്നുകഴിഞ്ഞു എന്നു തീര്‍ച്ചപ്പെടുത്താം. മൂത്രപരിശോധനവഴി ഗര്‍ഭധാരണം നിര്‍ണയിക്കുന്നത് ഈ ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടുപിടിച്ചാണ്. ആര്‍ത്തവം തെറ്റുന്നിനു മുമ്പുതന്നെ മൂത്രപരിശോധനവഴി ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ഈ പരിശോധന സഹായിക്കുന്നു.

അണ്ഡവിസര്‍ജനം നടന്നുകഴിഞ്ഞാല്‍ പൊട്ടിയ 'ഗ്രാഫിയന്‍ പുടകം' (Graffian follicle) മഞ്ഞനിറത്തിലുള്ള 'പീതപിണ്ഡം' (Corpus luteum) ആയി മാറുന്നു. ഗര്‍ഭിണികളില്‍ പീതപിണ്ഡത്തിന് ഇരട്ടി വലുപ്പം ഉണ്ടായിരിക്കും. പീതപിണ്ഡത്തിന്റെ വളര്‍ച്ചയ്ക്ക് കോറിയോണിക് ഗൊണാടോട്രോപ്പിന്‍ അത്യാവശ്യമാണ്. പീതപിണ്ഡത്തില്‍നിന്നു സ്രവിക്കുന്ന ഈസ്റ്റ്രോജന്‍, പ്രോജസ്റ്റ്രോണ്‍ എന്നീ ഓജഃസ്രവങ്ങള്‍ മറുപിള്ളയുടെയും ഭ്രൂണത്തിന്റെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. 7-12 ആഴ്ചകള്‍ക്കിടയില്‍ അണ്ഡാശയത്തില്‍നിന്നും പീതപിണ്ഡത്തെ വേര്‍പെടുത്തിയാല്‍ ഗര്‍ഭം അലസിപ്പോകുന്നതായി കാണാം. 12 ആഴ്ച ആകുന്നതോടെ മറുപിള്ള ഹോര്‍മോണ്‍ ഉത്പാദനം ഏറ്റെടുക്കുന്നു. മറുപിള്ള സ്രവിക്കുന്ന ഈസ്ട്രോജന്‍ ഗര്‍ഭാശയം, സ്തനങ്ങള്‍ എന്നിവയെ പുഷ്ടിപ്പെടുത്തുന്നു. പ്രസവത്തെ സഹായിക്കാന്‍ അരക്കെട്ടിലെ സ്നായുക്കളെ (Ligaments) അയവുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. മറുപിള്ളയില്‍നിന്നു സ്രവിക്കപ്പെടുന്ന പ്രോജസ്റ്റ്രോണിന്റെ ധര്‍മം ഗര്‍ഭസംരക്ഷണമാണ്. പ്രോജസ്റ്റ്രോണിന്റെ അളവില്‍ കുറവുവന്നാല്‍ ഗര്‍ഭം അലസിപ്പോകാം. ഹ്യൂമന്‍ കോറിയോണിക് സോമറ്റോ മാമോട്രോപ്പിന് പ്ളാസന്റല്‍ ലാക്ടോജന്‍ (placental lactogen) എന്നും പേരുണ്ട്. ചില ജന്തുക്കളില്‍ സ്തനങ്ങള്‍ക്ക് പൊലിമയുണ്ടാക്കുന്നതും മുലയൂട്ടല്‍ സാധ്യമാക്കുന്നതും ഈ ഹോര്‍മോണ്‍ ആണ്. ഗ്ളൂക്കോസ്, കൊഴുപ്പ് എന്നിവയുടെ ഉപാപചയ (metabolism)ത്തില്‍ ഈ ഹോര്‍മോണിന് പങ്കുണ്ട്.

ഗര്‍ഭകാലത്ത് 'പിട്യൂട്ടറി', 'അഡ്രിനല്‍', 'തൈറോയിഡ്', 'പാരാ തൈറോയിഡ്' എന്നീ ഗ്രന്ഥികളും അണ്ഡാശയവും കൂടിയ അളവില്‍ ഹോര്‍മോണ്‍ സ്രവം നടത്തുന്നു. അതേത്തുടര്‍ന്ന് ലൈംഗികാവയവങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകുന്നു. 30 ഗ്രാം തൂക്കമുണ്ടായിരുന്ന ഗര്‍ഭപാത്രത്തിന്റെ തൂക്കം 1100 ഗ്രാം വരെയാകും. സ്തനങ്ങളുടെ വലുപ്പം ഇരട്ടിക്കും. യോനീനാളം കൂടുതല്‍ വികസിക്കും. ഭഗദ്വാരം കൂടുതല്‍ വിസ്തൃതമാവുകയും ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീശരീരത്തില്‍ ഉപാപചയപ്രവര്‍ത്തനങ്ങളില്‍ നിരവധി വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. ഗര്‍ഭസ്ഥശിശു, മറുപിള്ള, ഗര്‍ഭപാത്രം, ഉല്‍ബദ്രവം (Liquor Amnii) ഇവയൊക്കെ തൂക്കവര്‍ധനവിനു കാരണമാകുന്നു. ശരീരത്തില്‍ ജലാംശം കൂടുതല്‍ കെട്ടിനില്‍ക്കുന്നു (water retention). കൊഴുപ്പും മാംസ്യവും കൂടുതലായി ശേഖരിക്കപ്പെടുന്നതും തൂക്കം കൂടാന്‍ കാരണമാകുന്നു. മൊത്തം 11-12 കിലോ തൂക്കം കൂടും. പ്രമേഹം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്ക് അത് പ്രകടമായെന്നു വരാം. പ്ളാസ്മയിലെ കൊഴുപ്പിന്റെ അളവുകൂടും. ഇരുമ്പിന്റെ ആവശ്യം കൂടും. 1000 മില്ലിഗ്രാം ഇരുമ്പുകൂടുതലായി വേണ്ടിവരും. രക്തത്തിന്റെ അളവ് (Blood Volume) 45 ശതമാനം വരെ കൂടും. ഹൃദയം, ശ്വാസകോശ ങ്ങള്‍, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. മനോനിലയിലും വ്യതിയാനം സംഭവിക്കാം.

ഗര്‍ഭസ്ഥശിശു ഉല്‍ബദ്രവ(Amniotic fluid)ത്തില്‍ മുങ്ങിയാണ് കിടക്കുന്നത്. ഗര്‍ഭസ്ഥശിശുവിന് ക്ഷതംപറ്റാതെ സംരക്ഷിക്കുന്നതും താപനില നിലനിര്‍ത്തുന്നതും ഈ ദ്രവമാണ്. മാസം തികയുമ്പോള്‍ ഗര്‍ഭാശയകണ്ഠത്തെ വികസിപ്പിക്കുകയാണ് മറ്റൊരു ധര്‍മം. ഗര്‍ഭസ്ഥശിശുവിനുണ്ടായേക്കാവുന്ന അംഗവൈകല്യം കണ്ടെത്താനും വളര്‍ച്ച, ലിംഗം എന്നിവ നിര്‍ണയിക്കാനും ഉല്‍ബദ്രവം വലിച്ചെടുത്തുള്ള പരിശോധന (Amniocentesis) സഹായിക്കും. സാധാരണഗതിയില്‍ ഉല്‍ബദ്രവം ഒരു ലിറ്റര്‍ കാണും. ഉല്‍ബദ്രവം കൂടുതല്‍ അളവില്‍ കാണുന്ന അവസ്ഥയെ അത്യുദ്ബോദകത്വം (Hydramnios) എന്നു പറയും. ശിശുവിന് ജന്മവൈകല്യം ഉണ്ടെങ്കില്‍ ഇത്തരം സ്ഥിതിവിശേഷം സംജാതമാകാം. ദ്രവത്തിന്റെ അളവ് കുറവാണെങ്കില്‍ അല്പ ഉത്ബോദകത (Oligohydramnios) എന്നു പറയും.

മനുഷ്യസ്ത്രീകളില്‍ അവസാനത്തെ ആര്‍ത്തവം തുടങ്ങിയ ദിവസംതൊട്ടു കണക്കാക്കിയാല്‍ 280 ദിവസം, അതായത് ഏകദേശം 10 ചന്ദ്രമാസം ആണ് ഗര്‍ഭകാല ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നത്. ലൈംഗികബന്ധം നടന്ന ദിവസംതൊട്ടു കണക്കാക്കിയാല്‍ ഇതിലും 10-14 ദിവസം കുറവാണ് ഗര്‍ഭകാലദൈര്‍ഘ്യം. അവസാനത്തെ ആര്‍ത്തവം തുടങ്ങിയ ദിവസത്തില്‍ നിന്നു മൂന്നുമാസം കുറച്ചശേഷം ഏഴുദിവസം കൂട്ടിയാല്‍ പ്രസവം നടക്കേണ്ടുന്ന ദിനം (Expected date of confirment-EDC) കിട്ടും. ഈ കണക്കിന് നയ്ഗേലിയുടെ നിയമം (Naegele's rule) എന്നു പറയും. എന്നാല്‍ വെറും നാലു ശതമാനം പ്രസവങ്ങളേ കൃത്യതീയതിക്ക് നടക്കാറുള്ളൂ എന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. മൂന്നില്‍ രണ്ടു പ്രസവങ്ങളും പ്രസ്തുത തീയതിയോടടുപ്പിച്ചുള്ള 10 ദിവസങ്ങള്‍ക്കുള്ളിലാണ് നടക്കുന്നത്.

തുടങ്ങേണ്ട തീയതിയില്‍ ആര്‍ത്തവസ്രാവം തുടങ്ങാതിരിക്കുകയാണ് ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. എന്നാല്‍ നിരവധി കാരണങ്ങളാല്‍ ആര്‍ത്തവം താമസിച്ചുപോകാം എന്നതിനാല്‍ ഈ ഒറ്റലക്ഷണംവച്ചു മാത്രം ഗര്‍ഭനിര്‍ണയനം നടത്താന്‍ സാധിക്കില്ല. ചിലരിലാകട്ടെ, ഗര്‍ഭധാരണത്തിനുശേഷവും ഒന്നോ രണ്ടോ തവണ ചെറിയതോതില്‍ ആര്‍ത്തവസ്രാവം ഉണ്ടായെന്നുവരാം. ഗര്‍ഭധാരണത്തോടെ ഗര്‍ഭാശയകണ്ഠം (Cervix) കൂടുതല്‍ മൃദുലമാവുകയും നീലനിറം കൈക്കൊള്ളുകയും ചെയ്യും. യോനീഭിത്തികള്‍ വയലറ്റ്നിറം കൈക്കൊള്ളും. ഈ വ്യതിയാനങ്ങള്‍ ആദ്യം കണ്ടുപിടിച്ച ചാഡ്വിക്കിന്റെ പേരില്‍ ഈ ലക്ഷണം (Chadwick sign) അറിയപ്പെടുന്നു. യോനീസ്രവങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. നീലനിറത്തിനും അധികസ്രവത്തിനും കാരണം ഉത്പാദനവ്യൂഹത്തിലേക്ക് രക്തപ്രവാഹം കൂടുന്നതാണ്. ഗര്‍ഭിണികളുടെ യോനീസ്രവത്തില്‍ ട്രൈക്കൊമൊണാസ് വാജൈനാലിസ് (Trichomonas vaginalis) എന്ന പരാദവും മൊണീലിയാ അഥവാ കാന്‍ഡിഡാ ആല്‍ബിക്കന്‍സ് (Monelia/Candida albicans) എന്ന പൂപ്പലും കൂടുതലായി കാണപ്പെടുന്നു.

മനംപിരട്ടലും ഛര്‍ദിയും ഗര്‍ഭധാരണത്തിന്റെ ആദ്യകാല ലക്ഷണങ്ങളാണ്. പ്രഭാതത്തിലാണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. അതിനാല്‍ ഇതിന് പ്രഭാതരോഗം (Morning Sickness) എന്നും പറയുന്നു. ആര്‍ത്തവം തെറ്റുന്നതോടെ ഓക്കാനവും അനുഭവപ്പെടാം. ഈ ലക്ഷണം പലരിലും പല തോതിലായിരിക്കും. ചിലര്‍ക്ക് ആഹാരപദാര്‍ഥങ്ങളുടെ ഗന്ധമടിച്ചാല്‍ ഛര്‍ദില്‍ വരും. കോറിയോണിക് ഗൊണാടോട്രോപ്പിന്റെ (CGT) സാന്നിധ്യമാണ് മനംപിരട്ടലിനും ഛര്‍ദിക്കും കാരണമെന്ന് ചിലര്‍ വാദിക്കുന്നു. ഭ്രൂണത്തിന്റെ ട്രോഫോബ്ളാസ്റ്റിക് (Trophoblastic) കലകള്‍ എന്‍ഡോമെട്രിയത്തിനെ (Endometrium) ആക്രമിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചില ഉത്പന്നങ്ങള്‍ (Degenerated products) ആണ് ഈ ലക്ഷണങ്ങള്‍ക്കു കാരണമെന്നു മറ്റു ചിലര്‍ വാദിക്കുന്നു. കൂടുതല്‍ അളവില്‍ സ്രവിക്കപ്പെടുന്ന ഈസ്ട്രോജനും ഈ ലക്ഷണങ്ങള്‍ക്കു പിന്നിലുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. മാനസിക കാരണങ്ങള്‍ക്കും ചെറിയ പങ്കുണ്ട്. ആശുപത്രിയില്‍ പ്രവേശനം നല്കി ചികിത്സിക്കേണ്ട തരത്തില്‍ ചിലര്‍ക്ക് അമിതമായ ഛര്‍ദി (Hyperemesis gravidarium) ഉണ്ടായെന്നുവരാം.

ആദ്യമാസങ്ങളില്‍ ചില ഗര്‍ഭിണികള്‍ക്കും തലചുറ്റല്‍ തോന്നാം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. അമ്ളസ്വഭാവമുള്ള ആമാശയരസം (Hydrochloric acid) അന്നനാളത്തിന്റെ അവസാനഭാഗത്തേക്ക് തികട്ടിക്കയറുന്നതാണ് ഇതിനു കാരണം. പുളി, പച്ചമാങ്ങ തുടങ്ങിയ ചില പ്രത്യേക ആഹാരസാധനങ്ങളോട് തോന്നുന്ന പ്രതിപത്തി അഥവാ 'വ്യാക്കൂണ്‍' (Pica) ആണ് മറ്റൊരു ലക്ഷണം. ലഭ്യമല്ലാത്ത ആഹാരത്തോടും ആഹാരമല്ലാത്ത വസ്തുക്കളോടും (ഉദാ. കരിക്കട്ട, കുമ്മായം) ഇത്തരം ആഗ്രഹം തോന്നാം. ആഹാരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് വ്യാക്കൂണിന് കാരണമെന്ന് കരുതപ്പെടുന്നു. ചിലരില്‍ കൂടെക്കൂടെ ഉമിനീര്‍ പ്രവഹിക്കും (Ptyalism). മിക്കവര്‍ക്കും ക്ഷീണം തോന്നും. ഉറക്കംതൂങ്ങലും അനുഭവപ്പെടും. സ്തനങ്ങള്‍ക്കു ഭാരവും തരിപ്പും തോന്നും. വലുപ്പം വച്ചുവരുന്ന ഗര്‍ഭപാത്രം മൂത്രസഞ്ചിയില്‍ മര്‍ദം ഏല്പിക്കുന്നതിനെത്തുടര്‍ന്ന് കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നും തോന്നാം. ഗര്‍ഭപാത്രം കുറേക്കൂടി വളരുമ്പോള്‍ ഈ പ്രശ്നം താത്കാലികമായി ഇല്ലാതെയാകും. എന്നാല്‍ മാസം തികയുന്നതോടെ പ്രശ്നം തിരിച്ചുവരും. ഗര്‍ഭസ്ഥശിശുവിന്റെ തല അരക്കെട്ടിനുള്ളിലേക്കിറങ്ങുമ്പോള്‍ മൂത്രസഞ്ചിയില്‍ സമ്മര്‍ദമേല്ക്കുന്നതാണ് ഇതിനുകാരണം.

മിക്ക ഗര്‍ഭിണികള്‍ക്കും മലബന്ധം അനുഭവപ്പെടും. ചിലരില്‍ മൂലക്കുരുക്കള്‍ പ്രത്യക്ഷപ്പെടും. പലരിലും കാല്‍വണ്ണയിലും ഗുഹ്യഭാഗത്തും 'നീലിനികള്‍' പിടഞ്ഞുകാണപ്പെടും (Varicos veins). പല ഗര്‍ഭിണികള്‍ക്കും കാലിന്റെ വണ്ണയില്‍ പേശികയറ്റം (Leg cramps) അനുഭവപ്പെടും. കാത്സ്യത്തിന്റെ കുറവും ഫോസ്ഫറസിന്റെ ആധിക്യവും ഇതിനുകാരണമാകാം.

ഗര്‍ഭധാരണത്തിനുശേഷം മൂന്നുമാസം കഴിഞ്ഞാല്‍ അടിവയറിനു വലുപ്പം തോന്നിത്തുടങ്ങുന്നു. 20 ആഴ്ച എത്തുമ്പോള്‍ ഗര്‍ഭപാത്രം പൊക്കിളിന്റെ ഭാഗംവരെ വളര്‍ന്നിരിക്കും. ഗര്‍ഭപാത്രം മുകളിലേക്ക് വളരുന്നതനുസരിച്ച് ഉദരം പുറത്തേക്കു തള്ളപ്പെടുന്നു. കടിഞ്ഞൂല്‍ക്കാരികളില്‍ ഈ മാറ്റം താരതമ്യേന കുറഞ്ഞിരിക്കും. 36 ആഴ്ചയെത്തുമ്പോള്‍ ഗര്‍ഭപാത്രം പരമാവധി ഉയരത്തിലെത്തിയിരിക്കും. ഗര്‍ഭസ്ഥശിശുവിന്റെ തല മാതാവിന്റെ അരക്കൂട്ടിനുള്ളിലേക്ക് ഇറങ്ങുന്നതിനാല്‍ അതിനുശേഷം ഉയരം അല്പമൊന്നു കുറയും. 18-ാം ആഴ്ചയില്‍ കുഞ്ഞിന്റെ അനക്കം (quickening) മാതാവിന് അനുഭവപ്പെടും. ചിറകടിപോലെയുള്ള ഈ തോന്നല്‍ (Flutter) മുമ്പു ഗര്‍ഭിണികളായവര്‍ക്കാകട്ടെ ഒന്നുരണ്ടാഴ്ച നേരത്തേ മനസ്സിലാക്കാന്‍ കഴിയും.

ഗര്‍ഭിണികളില്‍ തൊലിപ്പുറത്ത് ചില വ്യതിയാനങ്ങള്‍ ഉണ്ടാകും. നാലാം മാസമാകുമ്പോള്‍ നെറ്റി, മൂക്കിന്റെ മുകള്‍ഭാഗം, കവിളുകള്‍ എന്നിവിടങ്ങളിലെ തൊലി ഇരുണ്ടുപോയെന്നുവരാം. ഗര്‍ഭത്തിന്റെ മുഖാവരണം (Mask of pregnancy) എന്നാണ് ഈ നിറവ്യത്യാസത്തിന് (Cholasma) പറയുക. മുലഞെട്ട്, സ്തനപരിവേഷം (Areola) എന്നിവയും കറുത്തുപോകും. പൊക്കിളില്‍നിന്നു താഴേക്കുപോകുന്ന ഇരുണ്ടവരയും (Linea nigra) കൂടുതല്‍ കറുക്കുന്നു. മെലനോസൈറ്റ് സ്റ്റിമുലേറ്റിങ് ഹോര്‍മോണിന്റെ (Melanocyte stimulating hormone-MSH) അളവു കൂടുന്നതാണ് ഇതിനുകാരണം. സ്തനങ്ങളിലും അടിവയറ്റിലും തുടയിലും വെളുത്ത പാടുകള്‍ (Striae gravidarium) പ്രത്യക്ഷപ്പെടും. അവ പിന്നീട് മായുകയില്ല. ഇത്തരം പാടുകള്‍ കണ്ടാല്‍ സ്ത്രീ മുമ്പു ഗര്‍ഭിണിയായവളാണെന്നു മനസ്സിലാക്കാം. ചിലരില്‍ കാരകള്‍ (acne) പ്രത്യക്ഷപ്പെടും. സ്തനങ്ങളില്‍ പ്രഥമസ്തന്യം (colostrum) എന്ന സ്രവം ഉടലെടുക്കും. സ്തനപരിവേഷത്തില്‍ ചെറിയ കുരുക്കള്‍ (Montgomory nodules) പ്രത്യക്ഷപ്പെടും.

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും തലവേദന അനുഭവപ്പെടാം. നീണ്ടുനില്ക്കുന്ന തലവേദന ഗുരുതരമായ ടോക്സീമിയാ (Toxaemia) രോഗത്തിന്റെ ലക്ഷണമാണെന്നു വരാം. നീര്‍ക്കോള്‍, അമിതമായ രക്തമര്‍ദം, മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യം ഇവയില്‍ രണ്ടോ അതോ മൂന്നു ലക്ഷണങ്ങള്‍ ഒന്നിച്ചോ കാണുന്ന സ്ഥിതിവിശേഷമാണ് ടോക്സീമിയാ എന്നറിയപ്പെടുന്നത്. ഭാരതത്തില്‍ 10 ശതമാനം ഗര്‍ഭിണികളില്‍ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നുണ്ട്. ടോക്സീമിയാ ബാധിക്കുന്നവരില്‍ 70 ശതമാനവും കടിഞ്ഞൂല്‍ക്കാരികളിലായിരിക്കും. ടോക്സീമിയാ തടയാന്‍ സാധിക്കില്ല. എന്നാല്‍ ശ്രദ്ധിച്ചാല്‍ ടോക്സീമിയായുടെ ഭവിഷ്യത്തായ എക്ളാപ്സിയാ (Eclampsia) എന്ന മാരകമായ ഞെട്ടല്‍രോഗം (Convulsion) തടയാന്‍ സാധിക്കും.

ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി മൂക്കിനുള്ളില്‍ അലര്‍ജിയുടെ മാതിരി നീര്‍ക്കെട്ടുതോന്നാം. രക്തം ഹൃദയത്തിലേക്കു തിരിച്ചുപോകുന്നത് മന്ദഗതിയിലാകുന്നതിനാല്‍ മാസം തികയാറാകുമ്പോള്‍ ഗര്‍ഭിണികളുടെ കാലുകളില്‍ നീരു വരും. ഹോര്‍മോണുകള്‍ക്കും നീരുണ്ടാക്കുന്നതില്‍ പങ്കുണ്ട്. ഇളക്കമില്ലാതിരുന്ന അരക്കെട്ടിലെ സന്ധികള്‍ അയഞ്ഞുതുടങ്ങുന്നു. ഈ ഘട്ടത്തില്‍ അരക്കെട്ടിലും നടുവിനും വേദന തോന്നും. നടക്കുമ്പോള്‍ അല്പം ഞെളിവും (Lordosis) കാണപ്പെടാവുന്നതാണ്.

ഗര്‍ഭകാലത്തെ 12 ആഴ്ചവരെ, 12-28 ആഴ്ച, 28 ആഴ്ചയ്ക്കുശേഷം എന്നിങ്ങനെ മൂന്നു ത്രിമാസങ്ങള്‍ (Trimester) ആയി തിരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലാണ് കൂടുതല്‍ ഗര്‍ഭമലസലുകള്‍ നടക്കാറുള്ളത്. അനാവശ്യഗര്‍ഭങ്ങള്‍ ഈ ഘട്ടത്തില്‍ അപായരഹിതമായി അലസിപ്പിച്ചുകളയാം. മൂന്നാം ഘട്ടത്തില്‍ അകാലപ്രസവങ്ങള്‍ (Premature Labour) നടക്കുന്നു.

സൂതിശാസ്ത്രജ്ഞന്മാരുടെ ദൃഷ്ടിയില്‍ ചില ഗര്‍ഭങ്ങള്‍ അപകടം പിടിച്ചവയാണ്; മാതാവിനോ ശിശുവിനോ ഇരുവര്‍ക്കുമോ ജീവഹാനിയോ ക്ഷതമോ സംഭവിക്കാവുന്ന ഗര്‍ഭങ്ങളായി ഇവയെ കണക്കാക്കിവരുന്നു. 16-ന് താഴെയും 35-നും മുകളിലും പ്രായമുള്ള സ്ത്രീകളുടെ ഗര്‍ഭം, കടിഞ്ഞൂല്‍ ഗര്‍ഭം, അഞ്ചു പ്രസവത്തിനുശേഷമുള്ള ഗര്‍ഭം, 140 സെന്റിമീറ്ററില്‍ കുറഞ്ഞ ഉയരമുള്ള സ്ത്രീകളുടെ ഗര്‍ഭം, ദീര്‍ഘകാലത്തെ വന്ധ്യതയ്ക്കുശേഷമുള്ള ഗര്‍ഭം, ചാപിള്ളയെ പ്രസവിച്ചവരുടെ തുടര്‍ന്നുള്ള ഗര്‍ഭം, കൊടില്‍ (Foreceps) ഉപയോഗിച്ചോ ശസ്ത്രക്രിയ (Caesarean) വഴിയോ നടന്ന പ്രസവത്തിനു ശേഷമുള്ള ഗര്‍ഭം, ടോക്സീമിയാ രോഗമുള്ളവരുടെ ഗര്‍ഭം, ശരിയായ പോഷണം ലഭിക്കാത്ത സ്ത്രീകളുടെ ഗര്‍ഭം, 2.5 കിലോഗ്രാമില്‍ കുറവോ നാലു കിലോഗ്രാമില്‍ കൂടുതലോ തൂക്കമുള്ള കുട്ടികളെ വഹിക്കുന്ന ഗര്‍ഭം എന്നിവയൊക്കെ അപകടം പിടിച്ചവയായി കണക്കാക്കപ്പെടുന്നു. ഗര്‍ഭകാലസംരക്ഷണം ഒന്നും കിട്ടാത്ത സ്ത്രീകളുടെ ഗര്‍ഭം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ ബാധിച്ചവരുടെ ഗര്‍ഭം, മുരടിച്ച ഗര്‍ഭസ്ഥ ശിശു (Intra uterine growth retardation-IUGR), എക്ളാംപ്സിയാ (Eclampsia), നീണ്ട പ്രസവസമയം (Prolonged Labour), ആര്‍.എച്ച്. വൈജാത്യം, ഗര്‍ഭകാലത്തെ രക്തസ്രാവം (Antepartum haemorrhage), ഇരട്ടകള്‍, അമിതമായ അളവില്‍ ഉല്‍ബദ്രവം (Hydramnios), ഗര്‍ഭസ്ഥ ശിശു തിരിഞ്ഞോ (Breech) വിലങ്ങനെയോ (Transverse) കിടക്കുക, ഉല്‍ബദ്രവം അകാലത്തില്‍ പൊട്ടിപ്പോവുക (premature repture of membrance-PROM, പൊക്കിള്‍ക്കൊടി ആദ്യം വെളിയിലേക്കു വരുക (Prolapse of cord) എന്നിവയും അപകടവിഭാഗത്തില്‍പ്പെടുന്നു.

ഗര്‍ഭാശയഭിത്തിയിലെ എന്‍ഡോമെട്രിയത്തിനു വെളിയില്‍ എവിടെയെങ്കിലുമാണ് ഭ്രൂണം ആഴ്ന്നിറങ്ങി വളര്‍ന്നുതുടങ്ങുന്നതെങ്കില്‍ അതിന് അസ്ഥാനത്തുള്ള ഗര്‍ഭം (Ectopic pregnancy) എന്നു പറയും. ഗര്‍ഭപാത്രത്തിനുള്ളിലുള്ള അണ്ഡവാഹിനിയുടെ ഭാഗം, ഗര്‍ഭാശയ കണ്ഠം, അണ്ഡവാഹിനിക്കുഴല്‍, അണ്ഡാശയം, ഉദരം എന്നീ ഭാഗങ്ങളിലൊക്കെ ഗര്‍ഭധാരണം സംഭവിക്കാം. 95 ശതമാനവും അണ്ഡവാഹിനിക്കുഴലിലാണുണ്ടാവുക. ഗൊണേറിയാ, ക്ഷയം തുടങ്ങിയ രോഗങ്ങളെത്തുടര്‍ന്ന് അണ്ഡവാഹിനിക്കുഴലില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഗര്‍ഭനിരോധനവലയങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള ഗര്‍ഭധാരണത്തെ തടയുമെങ്കിലും ഗര്‍ഭപാത്രത്തിനുവെളിയിലുള്ള ഗര്‍ഭധാരണത്തെ തടയില്ല. ഇത്തരം ഗര്‍ഭം അണ്ഡവാഹിനിക്കുഴലില്‍വച്ചുതന്നെ അലസിപ്പോകും. ഒരു വലുപ്പം കഴിഞ്ഞാല്‍ അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ഉദരത്തിലേക്കോ ബ്രോഡ്ലിഗമെന്റിനുള്ളിലേക്കോ ഗര്‍ഭം തള്ളപ്പെടാം. അപൂര്‍വമായി ഇത്തരം ഗര്‍ഭം വളര്‍ന്നുവെന്നുവരാം. ഉദരത്തിലും ബ്രോഡ്ലിഗ്മെന്റിലും കുട്ടികള്‍ വളര്‍ന്നകഥകള്‍ വൈദ്യശാസ്ത്രചരിത്രത്തിലുണ്ട്. നോ. ഗര്‍ഭാശയം

(ഡോ. കാനം ശങ്കരപ്പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AD%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍