This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗന്ധര്‍വന്‍ പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:18, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗന്ധര്‍വന്‍ പാട്ട്

ഗന്ധര്‍വബാധ ഒഴിവാക്കാന്‍ നടത്തുന്ന അനുഷ്ഠാന കര്‍മം. വിവാഹം കഴിയുന്നതുവരെ കന്യകമാരില്‍ ഗന്ധര്‍വന്‍ വസിക്കുന്നു എന്നും വിവാഹത്തിനുശേഷവും ചില സ്ത്രീകളെ ഗന്ധര്‍വന്‍ വിട്ടുമാറില്ല എന്നും വിശ്വാസം ഉണ്ട്. ഗന്ധര്‍വബാധോപദ്രവം ഉച്ചാടനം ചെയ്യുന്നതിനു വേണ്ടിയാണ് ഗന്ധര്‍വന്‍പാട്ട് നടത്തുക.

ദേശഭേദമനുസരിച്ച് ചടങ്ങുകള്‍ക്കു വ്യത്യാസമുണ്ട്. പാട്ടു നടത്തുന്ന സ്ഥലം വെടിപ്പാക്കി മുകള്‍ഭാഗം പട്ട്, കുരുത്തോല, പൂക്കുല മുതലായവകൊണ്ട് അലങ്കരിക്കണം. താഴെ പീഠവും വാളും വച്ച് ഗന്ധര്‍വരാജാവായ ചിത്രരഥന്റെ കളം എഴുതുന്നു. ചില സ്ഥലങ്ങളില്‍ അഷ്ടദളപദ്മം ഇടുകയും പതിവുണ്ട്. പിന്നീട് ദേവതയെ ആവാഹിച്ചു കളത്തിലാക്കി, പൂജാരി പൂജാദിനൈവേദ്യങ്ങള്‍ നല്കുന്നു. അതിനു മുന്‍വശം തുമ്പക്കുടം അരിഞ്ഞുകൂട്ടി അതിനുമുകളില്‍ പല ജാതി പുഷ്പങ്ങള്‍കൊണ്ട് പൂപ്പട ഉണ്ടാക്കുന്നു. കളത്തിനു മുന്‍വശം വിളക്കുകളും നെല്ലും അരിയും പുഷ്പങ്ങളും വയ്ക്കണം. പൂപ്പടയ്ക്കു മുകളില്‍ വില്ലും അമ്പും വയ്ക്കും. അറയ്ക്കകത്തുനിന്നു വിളക്കുകത്തിച്ചുകൊണ്ടുവന്ന് കളത്തിലെ വിളക്കുകള്‍ കത്തിക്കും. വ്രതാനുഷ്ഠകളായ സ്ത്രീകളെ പിണിയാളുകളായി ഇരുത്തുന്നു. പൂപ്പടയ്ക്കു മുമ്പില്‍ കത്തിച്ചുവച്ച നിലവിളക്കിന്റെ ചുവട്ടില്‍ ഇരുന്ന് ഉടുക്കും കിണ്ണവും കൊട്ടിക്കൊണ്ടാണ് പാടുക. ഗണകസമുദായത്തില്‍പ്പെട്ടവരുടെ കുലത്തൊഴിലാണ് ഗന്ധര്‍വന്‍പാട്ട്. പാട്ടു തുടങ്ങി അല്പം കഴിയുമ്പോള്‍ പ്രധാന പിണിയാള്‍ തുള്ളിത്തുടങ്ങും; ഗന്ധര്‍വനായിട്ടാണ് തുള്ളുക. വില്ലും അമ്പും എടുത്ത് എയ്യുകയും ചെയ്യും. ചിലപ്പോള്‍ മറ്റു സ്ത്രീകളും തുള്ളും. യക്ഷിയായിട്ടാണ് അവര്‍ തുള്ളുന്നത്. പാട്ട് അവസാനിക്കാറാകുമ്പോള്‍, പൂക്കുല വയ്ക്കാറായി എന്നുപറയും. ഉടന്‍ പൂക്കുല അറയ്ക്കകത്തുകൊണ്ടുപോയി വയ്ക്കുന്നു. ആവേശംകൊണ്ട് പിണിയാള്‍ പൂപ്പട വാരി തലയില്‍ ഇടുന്നു. പൂജാരി ഭസ്മം എറിഞ്ഞാണ് പിണിയാളിന്റെ കലി അടക്കുക. പൂക്കുല അറയ്ക്കകത്തു കൊണ്ടുപോയി വച്ചു കഴിഞ്ഞാല്‍ കളം മായ്ച്ച് പാട്ട് അവസാനിപ്പിക്കുന്നു. കര്‍ത്തൃത്വം അറിയാത്ത അനേകം പാട്ടുകള്‍ ഗണകന്മാര്‍ പാടിവരാറുണ്ട്. പലതും തമിഴ്-മലയാളം കലര്‍ന്ന ഗ്രാമ്യഭാഷയിലാണ്. ഉദാ. 'ചതുരമൊപ്പിച്ചങ്ങ് തൂണ് നിരത്തി-കഴ്ങ്ങ് കീറി നന്നായ് പടങ്ങ് നെരത്തി'. കേരളീയ ഗാന-വാദ്യ-നൃത്ത-ആലേഖ്യ കലകളുടെ ആദിമരൂപങ്ങളില്‍ ഒന്നായി ഗന്ധര്‍വന്‍പാട്ട് കണക്കാക്കപ്പെടുന്നു.

ഉത്തരകേരളത്തില്‍ ഭൂതപ്രീതിക്കായും മറ്റും ഗന്ധര്‍വന്‍പാട്ട് നടത്തിവരാറുണ്ട്. ഗര്‍ഭരക്ഷാര്‍ഥമാണ് ഇതു നടത്താറുള്ളത്. കെന്ത്രോന്‍ പാട്ട് എന്നും ഇതിനു പേരുണ്ട്. ഗര്‍ഭിണികളെ പുരസ്കരിച്ച് ഏഴാം മാസത്തിലാണിതു നടത്തുന്നത്. യക്ഷഗന്ധര്‍വാദി ബാധകളുടെ ഉപദ്രവംകൊണ്ട് ഗര്‍ഭം അലസിപ്പോകുമെന്നും ആ വക ബാധകളെ ബലിക്രിയാദികളിലൂടെ നീക്കാമെന്നുമുള്ള വിശ്വാസമാണ് ഈ ആചാരത്തിന്റെ അടിസ്ഥാനം. പുലയര്‍, മാവിലര്‍, ചിറവര്‍ തുടങ്ങി പല സമുദായക്കാരും ഗന്ധര്‍വന്‍പാട്ട് നടത്താറുണ്ട്. വണ്ണാന്മാര്‍ സ്വന്തം ഭവനങ്ങളില്‍ മാത്രമല്ല, അന്യ സമുദായക്കാരുടെ ഗൃഹങ്ങളിലും ഇതു നടത്തിക്കൊടുക്കുന്നു.

ഗന്ധര്‍വന്‍പാട്ടിന്റെ ഉത്പത്തിയെക്കുറിച്ച് ഒരു കഥയുണ്ട്:ആദിബ്രഹ്മരെ പൊന്മകള്‍ പിണിദോഷം കൊണ്ട് വിഷമിപ്പിക്കുന്നു. കണിശനെ വരുത്തി രാശി വച്ചുനോക്കി. ദേവേന്ദ്രന്‍ പന്ത്രണ്ട് ദേവക്കൂത്ത് ആടിച്ചകാലത്ത് അവള്‍ കൂത്തുകാണുവാന്‍ പോയിരുന്നുവെന്നും, കൂത്തുകണ്ട് മലയരികെ മടങ്ങവേ വഴിക്കുള്ള ഒരു കുളത്തിലിറങ്ങി അവള്‍ കുളിച്ചുവെന്നും അവിടെനിന്ന് ഒരു പുഷ്പം പറിച്ച് മുടിയില്‍ ചൂടിയകാരണം പുഷ്പത്തിന്മേലുള്ള ചില ദേവതകള്‍ അവളെ ബാധിച്ചുവെന്നും രാശിമുഖേന തെളിഞ്ഞു. കാമന്‍, ഭൂതം, മാഞ്ഞാള്‍, ഗന്ധര്‍വന്‍, പിള്ളതീനി, കരുകലക്കി, കാട്ടൂര്‍പാവ, രുധിരമോഹിനി തുടങ്ങിയ ബാധകളെ നീക്കുവാന്‍ കണിശനോ പുള്ളുവനോ മലയനോ കഴിയുകയില്ല. ബാലിശ്ശേരി പെരുവണ്ണാനു മാത്രമേ അതിനു ശക്തിയുള്ളൂ. പെരുവണ്ണാനെ വരുത്തി ബാധകളൊഴിച്ചു. ബാധ ഒഴിക്കാന്‍ നടത്താറുള്ള 'കെന്ത്രോന്‍പാട്ടി'ന് വണ്ണാന്മാര്‍ പാടാറുള്ള 'ശാപവും പാപവും ഒഴിക്കല്‍' എന്ന പാട്ടില്‍ ഈ കഥ ആഖ്യാനം ചെയ്തിട്ടുണ്ട്.

ഗന്ധര്‍വന്‍പാട്ട് കഴിപ്പിക്കുന്നത് പ്രായേണ പുംസവനദിവസമാണ്. അന്ന് പ്രഭാതംതൊട്ട് പിറ്റേന്നാള്‍ പ്രഭാതംവരെ ചടങ്ങുകള്‍ നീളുന്നു. ചെണ്ട, ചെറുമദ്ദളം എന്നിവയാണ് വാദ്യമേളങ്ങള്‍. ഗര്‍ഭിണി (പിണിയാള്‍), പന്തലിട്ടലങ്കരിച്ച കളത്തിലേക്കു വരുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. സ്ത്രീകള്‍ വിളക്കും തളികയുമായി മംഗളശബ്ദത്തോടുകൂടി ഗര്‍ഭിണിയെ പന്തലിലേക്ക് ആനയിക്കുമ്പോള്‍ പാട്ടുകാര്‍ 'കളമിറക്കുപാട്ട്'പാടും. 'ശാപവും പാപവുമൊഴിക്കു'ന്ന ഒരു പാട്ട് പാടുകയും, അതിന്റെ അന്ത്യത്തില്‍ അരിയും നെല്ലും മുറത്തിലാക്കി ഗര്‍ഭിണിക്ക് ഉഴിയുകയും ചെയ്യുന്ന കര്‍മമാണ് അടുത്തത്. അരി ഉഴിയുന്നത് ആയുസ്സ് വര്‍ധിക്കുവാനും നെല്ലുഴിയുന്നത് പിണി തീര്‍ക്കുവാനുമത്രേ.

മാന്ത്രികരായ പാട്ടുകാര്‍ ഉച്ചയ്ക്കുശേഷം 'കന്നല്‍പ്പാട്ടുകള്‍' പാടുന്നു അസുരകാണ്ഡം, ഗോദാവരിയെത്തേടല്‍, കലശാട്ട്, കര്‍മികളെത്തേടല്‍, ദേവക്കോട്ട പണിയല്‍, തിരുവേളി തേടല്‍, മണിമുടിയമ്മയുടെ വാരമിരിപ്പ്, ഗര്‍ഭധാരണം, ഉര്‍വേറ്റിയെ തേടല്‍, നാടയ്യാളുടെ ജനനം, പൂരം നോക്ക്, വാണാട്ടുകോട്ടയുടെ നിര്‍മാണം, വിഷ്ണുഭഗവാനും നാടയ്യാളും തമ്മിലുള്ള വിവാഹം എന്നീ കഥാഭാഗങ്ങള്‍ അടങ്ങിയ സങ്കല്പ കഥാഗാനമാണത്.

കെന്ത്രോന്‍പാട്ടിനു തെയ്യാട്ടവുമായി ബന്ധമുണ്ട്. കാമന്‍, കന്നി, ഗന്ധര്‍വന്‍, നീലകേശി എന്നീ ദേവതകളുടെ കോലം കെട്ടിയാടുകയെന്നത് ഗന്ധര്‍വന്‍ പാട്ടിന്റെ സവിഷേതയാണ്. കാമനും കന്നിയും പുറപ്പെടുന്നത് ചടങ്ങ് ആരംഭിക്കുന്ന ദിവസം ഉച്ചതിരിഞ്ഞാണ്. രാത്രിയുടെ അന്ത്യയാമത്തില്‍ ഗന്ധര്‍വന്‍തെയ്യം കെട്ടിയാടുന്നു. തുടര്‍ന്ന് നീലകേശിയും പുറപ്പെടും. പാട്ടുകാര്‍ ആ സന്ദര്‍ഭത്തില്‍ മാരന്‍പാട്ട്, നീലകേശിപ്പാട്ട് എന്നീ ഗാനങ്ങള്‍ ആലപിക്കുന്നു. പാട്ടും കൊട്ടും നര്‍ത്തനവും പിണിയാളില്‍ അസാധാരണമായ ഒരദ്ഭുത പ്രതീതിയാണ് ഉളവാക്കുന്നത്. ഗര്‍ഭിണി ചിലപ്പോള്‍ ഇളകിയാടിയെന്നും വരാം. ഗന്ധര്‍വത്തെയ്യത്തിന്റെ നര്‍ത്തനം കഴിയാറാകുമ്പോള്‍ പൊലിച്ചുപാട്ടു പാടുന്നു. അരിയും നെല്ലും പണവും വസ്ത്രവും മറ്റും പൊലിക്കുവാന്‍ ആവശ്യപ്പെടുന്നതാണ് പ്രസ്തുത ഗാനം.

'ഗന്ധര്‍വന്‍പാട്ടു'മായി ബന്ധപ്പെടുത്തി, ആളുകളെ രസിപ്പിക്കുവാനായി ചില പൊറാട്ടു കോലങ്ങള്‍ രംഗത്തുവരും. മാവിലന്‍ പൊറാട്ട്, മാപ്പിള പൊറാട്ട്, വേറ്റിപ്പൊറാട്ട് എന്നിവ അതില്‍ ചിലതാണ്. ഗന്ധര്‍വന്‍ തെയ്യം പീഠത്തിലിരിക്കുമ്പോള്‍ യോഗിവേഷം പുറപ്പെടുന്നു. രുദ്രാക്ഷം, ഭസ്മം, ശംഖ്, പളുങ്ക്, ചൂരല്‍ തുടങ്ങിയവയുടെ മാഹാത്മ്യങ്ങളെക്കുറിച്ചുള്ള ഗാനമാണ് യോഗിപ്പൊറാട്ടിന്നു പാടിവരുന്നത്.

അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടികൊണ്ട് ഗന്ധര്‍വരൂപം ചിത്രീകരിക്കുകയെന്നത് ഗന്ധര്‍വന്‍ പാട്ടിന്റെ സവിശേഷതയാണ്. 'പൂക്കട്ടി മുടി'യും 'ചിറകുടുപ്പു'മുള്ള തെയ്യത്തിന്റെ രൂപംതന്നെയാണ് 'കള'ത്തില്‍ എഴുതുന്നത്. കെന്ത്രോന്‍പാട്ടിന്റെ സമാപനത്തില്‍ പിണിയാള്‍ കളമെല്ലാം മായ്ച്ച് പൊടിയില്‍ വീണുരുളുക പതിവുണ്ട്.

(പി.എന്‍.കൃഷ്ണശര്‍മ; ഡോ. എം.വി.വിഷ്ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍