This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാലിക്കുസമാന്‍ ചൗധരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാലിക്കുസമാന്‍ ചൗധരി
Khaliquzzaman, Choudhuri (1889 - 1973)
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ പ്രവര്ത്തകന്. 1889 ഡി. 25-ന് ഉത്തര്‍പ്രദേശിന്റെ കിഴക്കുഭാഗത്തുള്ള മിര്‍സാപൂര്‍ ജില്ലയിലെ ചൂനാറില്‍ ജനിച്ചു. 1907-ല്‍ ലഖ്നൌവില് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉന്നതവിദ്യാഭ്യാസം അലിഗഡിലായിരുന്നു. അവിടെനിന്നും ബി.എ., എല്‍.എല്‍.ബി. എന്നീ ബിരുദങ്ങള്‍ നേടി.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ജനങ്ങളില്‍ ദേശീയബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടുകൂടി 1919 സെപ്തംബറില്‍ ഖാലിക്കുസമാന്‍ ആള് ഇന്ത്യാ ഖിലാഫത്ത് കമ്മിറ്റി സ്ഥാപിച്ചു. ലഖ്നൌവില് സ്ഥിരതാമസമാക്കിയശേഷം തദ്ദേശരാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. ലഖ്നൌ മുനിസിപ്പല്‍ ബോര്‍ഡിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കുറേക്കാലം ആ സ്ഥാനം വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി യോജിച്ച് ദേശീയസ്വാതന്ത്യ്രത്തിനുവേണ്ടി സമരം ചെയ്യുന്ന പുരോഗമനകാംക്ഷികളായ മുസ്ലിങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രിന്‍സ് ഒഫ് വെയില്‍സിന്റെ സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചുവെന്ന കുറ്റംചുമത്തി 1921-ല്‍ ഖാലിക്കുസമാനെ അറസ്റ്റു ചെയ്തു.
1935-ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യ ആക്റ്റനുസരിച്ച് നടത്തപ്പെട്ട തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാലിക്കുസമാന്‍ ധാരണയുണ്ടാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ തന്റെ ഗ്രൂപ്പ് കോണ്‍ഗ്രസ്സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിനു പകരമായി ക്യാബിനറ്റില്‍ ഖാലിക്കുസമാന്റെ ഗ്രൂപ്പിനു മതിയായ പ്രാതിനിധ്യം നല്കാമെന്നതായിരുന്നു ധാരണ. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം ധാരണ നടപ്പിലാക്കാന്‍ സാധിക്കാതിരുന്നതുമൂലം ഇദ്ദേഹം പ്രതിപക്ഷത്തിരുന്നു. 1937 മുതല്‍ ഖാലിക്കുസമാന്റെ ഗ്രൂപ്പ് മുസ്ലിംലീഗിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉത്തര്‍പ്രദേശില്‍ മുസ്ലിംലീഗിനു ശക്തമായ ഒരടിത്തറയുണ്ടായത് ഇതിനുശേഷമാണ്. ആള് ഇന്ത്യാ മുസ്ലിംലീഗിന്റെ ഉന്നതസ്ഥാനങ്ങളിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വിഭജനകാലത്ത് ഖാലിക്കുസമാന്‍ മുസ്ലിംലീഗിന്റെ വര്‍ക്കിങ്കമ്മിറ്റി അംഗമായിരുന്നു. ജിന്നയുടെ വിശ്വസ്ഥന് കൂടിയായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ മുസ്ലിങ്ങളെ നയിക്കാന്‍ ജിന്ന ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ഇദ്ദേഹം ഈ ഉത്തരവാദിത്തം ഏറ്റെടുത്തുവെങ്കിലും ഏറെത്താമസിയാതെ പാകിസ്താനിലേക്കു കുടിയേറുകയാണുണ്ടായത്. അംബാസഡറെന്ന നിലയിലും ഗവര്‍ണര്‍ എന്ന നിലയിലും പാകിസ്താനുവേണ്ടി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പാത്ത് വേ റ്റു പാകിസ്താന് എന്ന ആത്മകഥാപരമായ ഗ്രന്ഥത്തില്‍ ഇദ്ദേഹം ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്. ഒരു കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ നിന്നും മുസ്ലിം ലീഗുകാരനെന്ന നിലയിലേക്കുള്ള വ്യതിയാനവും, 1937-ല്‍ നെഹ്റുവുമായുണ്ടായ അഭിപ്രായവ്യത്യാസവും മുസ്ലിംലീഗിന്റെ പുനരുജ്ജീവനവും പാകിസ്താന് എന്ന ആശയത്തിന്റെ ഉദ്ഭവവും ഇന്ത്യയുടെ വിഭജനവും ഇദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. മുസ്ലിംലീഗുകാരനായിരുന്നെങ്കില്‍ക്കൂടി ജിന്നയുടെ നയങ്ങളോടുള്ള വിമര്‍ശനവും ഈ ഗ്രന്ഥത്തിലുണ്ട്.
1973-ല്‍ ഖാലിക്കുസമാന്‍ അന്തരിച്ചു.