This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊക്കോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊക്കോ
Cocao tree
ഒരു പാനീയവിള. മാല്‍വേസീ സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം തിയോബ്രോമാ കൊക്കോ എന്നാണ്.
ചരിത്രം ഈ ചെടിയുടെ ഉദ്ഭവത്തെപ്പറ്റി കൃത്യമായ രേഖകള്‍ ലഭ്യമല്ല. പ്രാകൃതങ്ങളായ ഇനങ്ങള്‍ ആമസോണ്‍, ഓറിനോക്കോ എന്നീ വനങ്ങളില്‍ കാണുന്നുണ്ട്. 1502-ല്‍ കൊളംബസ്സിന്റെ നാലാം സമുദ്രപര്യടനത്തോടെ കൊക്കോ അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളിലേക്കു വ്യാപിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ സ്പെയിന്‍കാര്‍ കൊക്കോയുടെ കുരുവില്‍നിന്നും ചോക്കലേറ്റ് എന്ന വിശിഷ്ടപാനീയം നിര്‍മിക്കാനാരംഭിച്ചു. ആദ്യകാലങ്ങളില്‍ ഈ പാനീയം രാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. സാധാരണക്കാര്‍ കൊക്കോ ഒരു സുഗന്ധവസ്തുവായി കണക്കാക്കി ചോളപ്പൊടിയുമായി കൂട്ടിച്ചേര്‍ത്ത് അറ്റോശര് എന്ന ഒരു ആഹാരപദാര്‍ഥം നിര്‍മിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ മെക്സിക്കന്‍ വിപണിയില്‍ കൊക്കോ ക്രയവിക്രയത്തിന്റെ ഒരു സുപ്രധാന ഘടകമായിരുന്നു. മനുഷ്യജീവന് പോലും ഇതില്‍ ഒതുങ്ങിയിരുന്നു. ഒരടിമയുടെ വില അക്കാലങ്ങളില്‍ 100 കൊക്കോക്കുരു ആയിരുന്നു. കൊക്കോ പഞ്ചസാരയുമായി കൂട്ടിച്ചേര്‍ത്ത് വളരെ സ്വാദിഷ്ഠമായ ആഹാരപദാര്‍ഥം നിര്‍മിക്കാമെന്നു സ്പെയിന്‍കാര്‍ 1525-ല്‍ കണ്ടുപിടിച്ചു. 1528-ല്‍ വ്യാവസായിക ലക്ഷ്യത്തോടെ വന്‍തോതില്‍ ചോക്കലേറ്റ് നിര്‍മാണം സ്പെയിനില്‍ ആരംഭിക്കുകയും ചെയ്തു. വളരെക്കാലം അവര്‍ ചോക്കലേറ്റു നിര്‍മാണരീതികള്‍ രഹസ്യമായി സൂക്ഷിച്ചു. ലൂയി XIII-മന്റെ കാലത്ത് (1606) കൊക്കോ ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും വ്യാപിച്ചു. ഫ്രഞ്ചുകാര്‍ കൊക്കോക്കൃഷി ആദ്യമായി 1660-ല്‍ മാര്‍ട്ടിനിക്കില്‍ ആരംഭിച്ചു. 17-ാം ശതകത്തില്‍ വെനിസുല കൊക്കോ ഉത്പാദനത്തില്‍ മുന്‍പന്തിയിലെത്തി. 1650-ല്‍ കൊക്കോ ഇംഗ്ളണ്ടിലെ ഒരു മുഖ്യപാനീയമായിത്തീര്ന്നു.
പതിനെട്ടാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിലെ കൊക്കോക്കൃഷിക്കു നാശം സംഭവിച്ചതിനെത്തുടര്‍ന്നാണ് ഇതിന്റെ കൃഷി ഏഷ്യയിലേക്കു വ്യാപിച്ചത്. സ്പെയിന്‍കാര്‍ വഴി 1860-ല്‍ കൊക്കോക്കൃഷി ഫിലിപ്പൈന്‍ ദ്വീപുകളിലേക്കു വ്യാപിച്ചു. ശ്രീലങ്കയിലെ കാപ്പിക്കൃഷിക്കു നാശം സംഭവിച്ച കാലഘട്ടങ്ങളില്‍ ഡച്ചുകാര്‍ അവിടെ കൊക്കോക്കൃഷി ആരംഭിച്ചു. കൊക്കോ ആദ്യമായി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് 1798-ല്‍ ആയിരുന്നു. അതേ വര്‍ഷം തന്നെ തമിഴ്നാട്ടില്‍ കുറ്റാലത്ത് ഏതാനും കൊക്കോത്തൈകള്‍ നടുകയുണ്ടായി. വളരെക്കാലത്തോളം കൊക്കോക്കൃഷി ഇന്ത്യയില്‍ മന്ദഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ കൊക്കോക്കൃഷി ഇന്ത്യയില്‍ വളരെ ശ്രദ്ധേയമായിത്തീര്‍ന്നു. ഇന്ന് കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ കൊക്കോ കൃഷി ചെയ്യുന്നുണ്ട്.
ലോകവിപണിയില്‍ കൊക്കോ ഉത്പാദനത്തിലും വിപണനത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങള്‍ ഐവറികോസ്റ്റ്, ഘാന, ഇന്‍ഡോനേഷ്യ, നൈജീരിയ, ബ്രസീല്‍ എന്നിവയാണ്. എഫ്.എ.ഒ.യുടെ കണക്കുകള്‍ (2005) പ്രകാരം ഇന്ത്യയ്ക്ക് കൊക്കോ ഉത്പാദനത്തില്‍ 17-ാം സ്ഥാനമാണുള്ളത്.
സസ്യശാസ്ത്രം 5-8 മീ. വരെ ഉയരത്തില്‍ വളരുന്ന ചെറിയ വൃക്ഷമാണ് കൊക്കോ. ഒരു പ്രത്യേക രീതിയിലാണ് കൊക്കോയുടെ വളര്‍ച്ച. തൈ കിളിര്‍ത്ത് ഒന്നു മുതല്‍ മൂന്ന് മീ. വരെ ഉയരത്തില്‍ ഒരൊറ്റ തായ്ത്തടിയായി വളര്‍ന്നതിനുശേഷം മൂന്നു മുതല്‍ അഞ്ച് വരെ ശാഖകളായി പിരിഞ്ഞ് തറനിരപ്പിന് സമാന്തരമായി വളരുന്നു. ഈ ശാഖനരീതി 'ഫാന്‍' അഥവാ 'ജോര്ക്വേ' എന്ന പേരില്‍ അറിയപ്പെടുന്നു. പിന്നീട് ചെടിയുടെ മുകളിലേക്കുള്ള വളര്‍ച്ച ഈ ശിഖരങ്ങള്‍ പുറപ്പെടുന്ന ഭാഗത്തിന് തൊട്ടു താഴെനിന്നും മുളച്ചുവരുന്ന ഒരു കിളിര്‍പ്പിന്റെ സഹായത്താലാണ്. ചുപ്പോണ്‍ എന്നറിയപ്പെടുന്ന ഈ കിളിര്പ്പ് അഥവാ അഗ്രമുകുളം തൊട്ടുമുകളിലുള്ള ശിഖരങ്ങള്‍ക്കിടയിലൂടെ മേല്പ്പോട്ട് വളരും. കുറേ വളര്‍ന്നതിനു ശേഷം ഇത് തറനിരപ്പിന് സമാന്തരമായി വശങ്ങളിലേക്ക് വീണ്ടും ശിഖരങ്ങള്‍ പുറപ്പെടുവിക്കും. വീണ്ടുമുള്ള കൊക്കോച്ചെടിയുടെ വളര്‍ച്ച രണ്ടാമതുണ്ടായ ശിഖരങ്ങള്‍ക്കിടയില്‍ നിന്നും വളരുന്ന മറ്റൊരു ചുപ്പോണിന്റെ സഹായത്താലായിരിക്കും. ഇങ്ങനെ പല തട്ടുകളായാണ് കൊക്കോ വളരുന്നത്. കൊക്കോയുടെ ഇലകളുടെ നിറം ഇളംപച്ച മുതല്‍ കടുംപച്ച വരെ കാണാറുണ്ട്. ഇവയ്ക്ക് 40 സെ.മീ. വരെ നീളവും 8 മുതല്‍ 10 വരെ സെ.മീ. വീതിയും ഉണ്ടാകും. തളിരിലകളുടെ നിറം ഇളം പച്ചയോ ചുവപ്പിന്റെ വകഭേദമോ ആയിരിക്കും. മുറ്റിയ തടിയുടെ തൊലിപ്പുറത്തുള്ള ചെറിയ മുഴകള്‍ പോലുള്ള ഭാഗത്തുനിന്നാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. ഈ ചെറിയ മുഴകള്‍ 'കുഷന്' എന്നറിയപ്പെടുന്നു. ഇവ സുഷുപ്താവസ്ഥയിലാണു സ്ഥിതിചെയ്യുന്നത്. കാലാകാലങ്ങളില്‍ അവ വികസിച്ചു കായ്കള്‍ ഉണ്ടാകുന്നു. ശരിയായ രീതിയില്‍ പുഷ്പിക്കുമ്പോള്‍ ഇലകള്‍ ഒട്ടുമിക്കവയും കൊഴിഞ്ഞിരിക്കും. പൂക്കള്‍ കുലകളായിട്ടാണു കാണപ്പെടുന്നത്. ഒരു കുലയില്‍ മൂന്നോ അതിലധികമോ പൂക്കള്‍ ഉണ്ടാകും. പുഷ്പദളങ്ങള്‍ വെളുത്തതോ റോസ് നിറത്തോടുകൂടിയതോ ആകാം. പുഷ്പങ്ങള്‍ ഉഭയലിംഗികളാണ്. അഞ്ചുവിദളങ്ങളും അഞ്ച് പുഷ്പദളങ്ങളും പത്ത് കേസരങ്ങളും സംയുക്തമായ അഞ്ച് അണ്ഡപര്ണത്തോടു കൂടിയ ഊര്‍ധ്വവര്‍ത്തിയായ ഒരു അണ്ഡാശയവും ഉണ്ടായിരിക്കും. രണ്ട് അടുക്കുകളായി കാണുന്ന കേസരങ്ങളില്‍ അകത്തെ ചുറ്റിലുള്ള അഞ്ചെണ്ണത്തിന് മാത്രമേ സാധാരണയായി ഉത്പാദനക്ഷമതയുള്ളൂ.
പൂക്കളില്‍ സ്വയം പരാഗണം നടക്കുന്നു. പരപരാഗണം നടക്കുന്ന ചില ഇനങ്ങളും ഉണ്ട്. ചിലയിനം ഷഡ്പദങ്ങള്‍ പരാഗണസഹായികളായി വര്‍ത്തിക്കുന്നു. പരാഗണം നടന്നുകഴിഞ്ഞ എല്ലാ പൂക്കളും പൂര്ണവളര്ച്ചയെത്താറില്ല. ഇതിനുപുറമേ നിരവധി കായ്കള്‍ വിവിധ ഘട്ടങ്ങളില്‍ ഉണങ്ങിപ്പോകുന്നു. ഇത് കൊക്കോയുടെ അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷമാണെന്നു പറയാം. സാമാന്യം വലുപ്പമുള്ള കായ്ക്കകത്ത് 20 മുതല്‍ 50 വരെ വിത്തുകള്‍ ഉണ്ടാകും. ഓരോ വിത്തും മാംസളമായ വഴുവഴുപ്പുള്ള വെളുത്ത ഒരു ആവരണം കൊണ്ട് പൊതിഞ്ഞിരിക്കും. വിളഞ്ഞ് പാകമായാലും കായ്കള്‍ പൊഴിയുകയോ പിളര്‍ന്ന് വിത്ത് പുറത്തു വരികയോ ചെയ്യാറില്ല.
തിയോബ്രോമാ കൊക്കോ എന്ന ഇനത്തിനു വ്യത്യസ്തങ്ങളായ രണ്ട് ഇനങ്ങളുണ്ട്. ഇളംചുവപ്പ് (light purple) നിറത്തിലുള്ള വിത്തുകളും പരുക്കന്‍ ഉപരിതലത്തോടുകൂടിയ കായ്കളുമുള്ള ക്രയോളോ എന്ന ഇനവും കടുംചുവപ്പ് (deep purple) നിറത്തിലുള്ള വിത്തും മിനുസമേറിയ ഉപരിതലത്തോടു കൂടിയ കായ്കളുമുള്ള ഫോറസ്റ്റീറോ എന്ന ഇനവുമാണ് പ്രധാനപ്പെട്ടവ. ഫോറസ്റ്റിറോയുടെ കായകള്‍ക്കു പഴുക്കുമ്പോള്‍ മഞ്ഞ നിറവും, ക്രയോളോയുടേതിന് ചുവപ്പു നിറവുമാണുള്ളത്. വ്യത്യസ്തങ്ങളായ ഈ രണ്ട് ഇനങ്ങളുടെ പിന്‍തലമുറയില്‍പ്പെട്ട സങ്കരയിനങ്ങള്‍ നിരവധിയാണ്. അവയില്‍ രണ്ട് ഇനങ്ങളുടെയും ഗുണങ്ങള്‍ പലതോതില്‍ കാണപ്പെടുന്നുണ്ട്. ക്രയോളോ എന്ന പദത്തിന് സ്വദേശി എന്നും ഫോറസ്റ്റീറോ എന്ന പദത്തിന് വിദേശി എന്നുമാണ് അര്‍ഥം. ക്രയോളോ ഇനത്തിന് പ്രത്യേക മണവും രുചിയും കൂടുതലായതിനാല്‍ ഇതിന്റെ വിലയും കൂടുതലാണ്. അമേരിക്കന്‍ ക്രയോളോ ഇനത്തിന്റെയും ആമസോണ്‍ ഫോറസ്റ്റീറോ ഇനത്തിന്റെയും ഒരു സങ്കരയിനമാണ് ട്രിനിറ്റാരിയോ എന്നറിയപ്പെടുന്നത്.
കൃഷിരീതി സാധാരണയായി വിത്തുവഴിയുള്ള പ്രവര്‍ധനമാണ് കൊക്കോയില്‍ നടക്കുന്നത്. മൂപ്പെത്തി പഴുത്ത കായ്കളുടെ വിത്തുകള്‍ ഉണങ്ങാതെതന്നെ നടുന്നു. നടാന്‍ ഉപയോഗിക്കുന്ന വിത്തിന് ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പച്ചയോ ഇളംപച്ചയോ നിറത്തോടുകൂടിയ മിനുസമുള്ള ഉപരിതലമുള്ളതും 300 ഗ്രാം ഭാരവും 400 സി.സി. വ്യാപ്തവും ഉള്ളതുമായ കായ്കളാണ് വിത്തെടുക്കാന്‍ ഉത്തമം. ഒരു വര്‍ഷത്തില്‍ ഉദ്ദേശം 100 കായ്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള വൃക്ഷങ്ങളുടെ കായ്കളാണ് നടാനുപയോഗിക്കേണ്ടത്. വിത്തുകളുടെ ഉള്‍ഭാഗത്തിനു വയലറ്റ് അഥവാ റോസ് നിറം ഉണ്ടായിരിക്കണം. അതുപോലെ തന്നെ 30 മുതല്‍ 35 വരെ വിത്തുകള്‍ ഉള്ള കായ്കളാണ് ശേഖരിക്കേണ്ടത്. മൂപ്പെത്തിയ വിത്തുകളെ അധികം വൈകാതെ തയ്യാറാക്കിയ തടങ്ങളില്‍ പാകേണ്ടതാണ്. വിത്തുകള്‍ക്ക് അങ്കുരണശേഷി വളരെ വേഗത്തില്‍ നശിക്കുന്നു എന്നതിനാല്‍ മുളച്ചുതുടങ്ങുന്നതോടെ അവയെ ഇളക്കി പോളിത്തീന്‍ ഉറകളില്‍ വളമുള്ള മണ്ണുനിറച്ചു നടന്നു. തൈകള്‍ 80-90 ശതമാനം തണല്‍ ലഭിക്കുന്ന സ്ഥലങ്ങളിലാണ് സൂക്ഷിക്കേണ്ടത്. വളര്‍ച്ചയ്ക്കനുസൃതമായി തണല്‍ കുറയ്ക്കുന്നു. മാറ്റിനടുന്നതിന് 10 ദിവസം മുമ്പ് തണല്‍ 50 ശതമാനം ഉണ്ടായിരിക്കണം. നിരന്തരമായ ജലസേചനവും കളയെടുക്കലും ഒരു പ്രധാന പരിചരണമുറയാണ്. നാലു മുതല്‍ ആറു വരെ മാസം പ്രായമാകുമ്പോള്‍ തൈകള്‍ ഇളക്കി നടാം. തൈകള്‍ക്ക് ഉദ്ദേശം 30 സെ.മീ. ഉയരവും 8 മുതല്‍ 10 വരെ ഇലകളും നടുന്ന അവസരത്തില്‍ ഉണ്ടായിരിക്കണം. ചെടികള്‍ വളര്ന്നുതുടങ്ങുമ്പോള് രാസവളം രണ്ടു തവണയായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും നല്‍കണം. ഒരു മരത്തിന് 100:40:140 ഗ്രാം എന്ന തോതില്‍ യഥാക്രമം പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ലഭിക്കണം. വിളവ് 50 കായ്കള്‍ക്കു മുകളിലാണെങ്കില്‍ രാസവളത്തിന്റെ അളവ് രണ്ടു മടങ്ങ് വര്‍ധിപ്പിക്കുകയും വേണം. ചെടികളുടെ ചുവട്ടില്‍ ചുറ്റിലും 25 സെ.മീ. അകലത്തിലാണ് രാസവളം വിതറേണ്ടത്. മരം വളരുന്നതിനനുസരിച്ച് അകലം വര്‍ധിപ്പിക്കണം. മൂന്നാം വര്‍ഷം മുതല്‍ 120 സെ.മീ അകലത്തില്‍ വളം നല്‍കണം.
പ്രൂണിങ് വളര്‍ച്ചയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നാല്‍ കൊക്കോ അനിയന്ത്രിതമായി വളര്‍ന്നുയരും. തണ്ട് ഉദ്ദേശം ഒരു മീ. ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞാല്‍ വശങ്ങളില് നിരവധി ശാഖകളുണ്ടാകുന്നു. വീണ്ടും തണ്ട് മുകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. അവയെ യഥാകാലം ചെത്തി നീക്കം ചെയ്ത് അനിയന്ത്രിതമായ വളര്‍ച്ച തടയാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ ചെടികളുടെ എല്ലാ ഭാഗത്തും വേണ്ടത്ര സൂര്യപ്രകാശം ലഭിക്കും. പ്രൂണിങ് നടത്തുമ്പോള്‍ ചെടിയുടെ മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടി രോഗത്തെ തടയേണ്ടതാണ്. കഠിനമായ തോതില്‍ പ്രൂണിങ് നടത്തിയാല്‍ ചെടികള്‍ക്ക് ക്ഷീണം സംഭവിക്കും.
രോഗബാധ കൊക്കോച്ചെടിയെ കൃമികീടരോഗങ്ങള് ബാധിക്കാറുണ്ട്. കുമിളിന്റെ ആക്രമണംമൂലം നിരവധി രോഗങ്ങള്‍ ഉണ്ടാകുന്നു. മററു പ്രാണികള്‍ ചെടികളില്‍ ഉണ്ടാക്കുന്ന മുറിവുകളില്ക്കൂടിയാണ് കുമിള്‍ ഉള്ളില്‍ പ്രവേശിക്കുന്നത്. പ്രാണികളുടെ ആക്രമണംമൂലം ചെടികള്‍ മൊത്തത്തില്‍ നശിച്ചുപോകാറുണ്ട്. എന്നാല്‍ സമീപകാലങ്ങളില്‍ വൈറസ് രോഗം ചെടികളെ ബാധിക്കുന്നതായി കാണുന്നുണ്ട്. വൈറസ് ആക്രമണത്തെത്തുടര്‍ന്ന് തണ്ടുവീക്കവും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്ന വൈറസ് രോഗവും ഉണ്ടാവുന്നു. രണ്ടും മാരകരോഗങ്ങളാണ്. ഇരുപതോളം ഇനം വൈറസുകള്‍ തണ്ടുവീക്കത്തിനു കാരണമാകുന്നു. അവയില്‍ ചിലത് താരതമ്യേന വീര്യം കുറഞ്ഞവയാണ്. തണ്ടിന്റെ പല ഭാഗങ്ങളിലും വീക്കം ദൃശ്യമാകുന്നതാണു രോഗലക്ഷണം. ആദ്യകാലങ്ങളില്‍ രോഗലക്ഷണം പ്രകടമല്ല. ഒരു വര്‍ഷം കഴിഞ്ഞാല്‍ രോഗം മൂര്ധന്യദശയിലാകുന്നു. അപ്പോള്‍ ഇലകളില്‍ ചുവന്ന വരകള്‍ പ്രത്യക്ഷപ്പെടും. മൂപ്പെത്തിയ ഇലകള്‍ പൊടുന്നനെ കൊഴിയാനാരംഭിക്കുന്നു. ഇതോടൊപ്പം പ്രധാന തണ്ടിലും ശാഖകളിലും മുഴകള്‍ ഉണ്ടാകുകയും ചെയ്യുന്നു. കായ്കള്‍ വലുപ്പം കുറഞ്ഞ് ഉരുണ്ട ആകൃതിയുള്ളതായിത്തീരുന്നു. ഇളംകായ്കളില് ചുവപ്പും പച്ചയും കലര്‍ന്ന പാടുകള്‍ പ്രതൃക്ഷപ്പെടാറുണ്ട്. കടുത്ത രോഗബാധയെത്തുടര്‍ന്നു ചെടി നശിക്കുന്നു. ആക്രമണം വൈറസ് മൂലമാകയാല്‍ രോഗത്തെ ചെറുക്കുക മാത്രമേ സാധ്യമാവൂ. വൈറസ്രോഗാണുക്കളെ ചെടികളിലേക്കു പകര്‍ത്തുന്നത് ഒരുതരം ഈച്ചയാണ്. കീടനാശിനി തളിച്ച് ഈച്ചകളെ നശിപ്പിച്ചാല്‍ രോഗസംക്രമണം ഒരളവുവരെ കുറയ്ക്കാവുന്നതാണ്.
കൊക്കോച്ചെടികളെ നേരിട്ട് ആക്രമിക്കുന്ന കീടങ്ങളും വിരളമല്ല. കാപ്സിഡ് മൂട്ടകള്‍, ത്രിപ്സ് മുതലായവ ചെടിക്ക് നാശം വരുത്തുന്നു. പൊടിരൂപത്തിലും ലായനിരൂപത്തിലുമുള്ള കീടനാശിനികള്‍ തളിച്ച് ഇവയെ നശിപ്പിക്കാവുന്നതാണ്.
മൊണീലിയ എന്ന കുമിള്‍മൂലം ഉണ്ടാകുന്ന രോഗമാണ് കായ്ചീയല്‍. കൊളംബിയ, വെനിസ്വേല, പെറു എന്നീ രാജ്യങ്ങളില്‍ ഈ രോഗം ധാരാളമായി കാണപ്പെടുന്നു. കായ്കള്‍ക്ക് 8 മുതല്‍ 10 വരെ സെ.മീ. നീളം ആകുമ്പോള്‍ രോഗലക്ഷണം ആരംഭിക്കുന്നു. ബോര്‍ഡോ മിശ്രിതം തളിച്ച് രോഗത്തെ തടയാനാകും. സൂരിനാം എന്ന രാജ്യത്ത് 1895-ല്‍ പ്രത്യക്ഷപ്പെട്ട ഒരു രോഗമാണ് വിച്ചസ്ബ്രൂം. 1926 ആയപ്പോള്‍ ആ രാജ്യത്ത് കൊക്കോക്കൃഷി പാടേ നശിച്ചു. തുടര്‍ന്ന് ദക്ഷിണ അമേരിക്കയിലും ട്രിനിഡാഡിലും ടോബാഗോയിലും ഈ രോഗം ക്രമാതീതമായി കണ്ടുതുടങ്ങി. മരാസ്മീയസ് പെര്‍ണീഷ്യസ് എന്ന കുമിള്‍മൂലമുണ്ടാകുന്ന ഒരു രോഗമാണിത്. ശാഖാഗ്രങ്ങളെയാണ് രോഗം ബാധിക്കുക. തണ്ടുകളുടെ ചുവടിനു വണ്ണം കൂടുകയും ഇലകള്‍ ചെറുതാകുകയും ചെയ്യും. ഓരോ പാര്ശ്വമുകുളവും ചെറുശാഖകളായി രൂപാന്തരപ്പെടുന്നു. കായ്കളുടെ ഉത്പാദനം തുലോം കുറയുന്നു. കുമിള്‍നാശിനികള്‍ ഉപയോഗിച്ച് രോഗം ചെറുക്കുക പ്രയാസമാണ്. രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉത്പാദിപ്പിക്കുകയാണ് അഭികാമ്യം.
ആല്ഗമൂലമുണ്ടാകുന്ന ഒരു രോഗമാണ് ചുവന്ന റസ്റ്റ് രോഗം. സിഫാല്യൂറോസ് മൈക്കോയിഡസ് എന്ന ആല്‍ഗ കൊക്കോയെക്കൂടാതെ കാപ്പി, തേയില മുതലായ ചെടികളെയും ആക്രമിക്കുന്നു. ഒരു തരം ഉറുമ്പുകള്‍ ഇലകളെ മുറിച്ചു നശിപ്പിക്കാറുണ്ട്. ചാര്‍ക്കോ മാസ്ട്രിക് ടോഗ്രാപ്റ്റാ എന്ന ഒരിനം പ്രാണികള്‍ കായ്കള്‍ തുരന്നു നശിപ്പിക്കുന്നു.
ഏറിയാസ് ബൈപ്ളേഗാ എന്ന ഒരിനം നിശാശലഭങ്ങളുടെ പുഴുക്കള്‍ ഇലകളെ തിന്നു നശിപ്പിക്കാറുണ്ട്. മല്ലോടന് ഡൌണേസി എന്ന ഒരിനം വണ്ടുകള്‍ ചെടിയുടെ തണ്ടുകള്‍ തുരന്നു നശിപ്പിക്കുന്നു.
ലാസിയോഡെര്മ സെറികോര്ണി എന്ന പുകയില വണ്ട് കൊക്കോയുടെ വിത്തുകളെ തുരന്നു നശിപ്പിക്കാറുണ്ട്. ഈ നാശം സാധാരണ സംഭരണശാലകളിലാണ് കാണുന്നത്.
കൊക്കോ ചെടികള്‍ക്കും കായ്കള്‍ക്കും നാശം വരുത്തുന്ന ജന്തുക്കളും ഉണ്ട്. കുരങ്ങ്, അണ്ണാന്, എലി, തത്ത മുതലായവ അത്തരം ജന്തുക്കളാണ്.
കൊക്കോക്കുരുക്കളെ ആക്രമിക്കുന്ന പ്രാണികളും ധാരാളമാണ്. പ്രായപൂര്‍ത്തിയായ ശലഭങ്ങള്‍ കൊക്കോക്കുരുക്കളുടെ മേല്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വിത്തുകള്‍ തുരന്ന് ഉള്ളില്‍ പ്രവേശിച്ചു വളരുന്നു. വളരെ നിയന്ത്രിതമായ തോതില്‍ കീടനാശിനികളെ ഉപയോഗിച്ച് ഈ പ്രാണികളെ നശിപ്പിക്കാം. കീടരോഗബാധയുടെ ആക്രമണവും ചെടികളുടെ നാശവും എല്ലായ്പ്പോഴും ഒരുപോലെയല്ല. ഒരു കാലഘട്ടത്തില്‍ അപ്രധാനമായ കീടരോഗങ്ങള്‍ മറ്റൊരു കാലഘട്ടത്തില്‍ മാരകങ്ങളാവാം.
കൊക്കോ സംസ്കരണം കൊക്കോ ഉത്പാദനത്തിലെ പ്രധാനപ്പെട്ട ഒരംശം കായ്കളുടെ സംസ്കരണമാണ്. പറിച്ചെടുത്ത പഴുത്ത കായ്കളെ ഉദ്ദേശം രണ്ടാഴ്ചയ്ക്കുശേഷം തടിക്കഷണം ഉപയോഗിച്ചു തല്ലിപ്പൊട്ടിക്കുന്നു. കത്തി ഉപയോഗിച്ചു മുറിക്കാന്‍ പാടില്ല. ഉള്ളിലെ മാംസളമായ ഭാഗവും വിത്തും ഒരുമിച്ച് കുട്ടകളില്‍ ശേഖരിക്കുന്നു. ഈ വിത്തുകള്‍ രണ്ടു തരത്തില്‍ പാകപ്പെടുത്താം. തടിയില്‍ നിര്‍മിച്ച പെട്ടികളും തട്ടും ഉപയോഗിച്ച് സംസ്കരിച്ചെടുക്കാം.
മാംസളഭാഗം ആഗിരണം ചെയ്ത വിത്തുകള്‍ ഒന്നായി പുളിപ്പിക്കലിനു (Fermentation) വിധേയമാകുന്നു. പുളിപ്പിക്കുന്ന അവസരത്തില്‍ കുരുക്കള്‍ പലവിധ രാസപരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകും. ആദ്യമായി വിത്തിനോടു ചേര്‍ന്ന മാംസളഭാഗം അലിഞ്ഞ് വിത്തില്‍ നിന്നും വേര്‍പെട്ട് കുരുക്കള്‍ സ്വതന്ത്രമാകുന്നു. ഈ അവസ്ഥയില്‍ കുരുക്കളുടെ അങ്കുരണശേഷി പൂര്‍ണമായും നശിക്കുന്നു. കൂടാതെ ഇതോടൊപ്പം നിരവധി രാസപദാര്‍ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രാസവസ്തുക്കള്‍ ഉള്ളിലെ പരിപ്പിന് നല്ല നിറവും മണവും ലഹരിയും നല്‍കും. ഉത്പന്നത്തിന്റെ ഗുണമേന്മയും നിറവും ശരിയായ തോതിലുള്ള പുളിപ്പിക്കലിനെ അടിസ്ഥാനമാക്കിയാണ്. ശരിയായ രീതിയില്‍ പുളിപ്പിച്ച കുരുക്കള്‍ ഉരുണ്ടു തുടുത്തും അല്ലാത്തവ പരന്നും കാണപ്പെടുന്നു. പുളിപ്പിക്കല്‍ അപര്യാപ്തമാണെങ്കില്‍ പരിപ്പുകള്‍ക്ക് കടുത്ത തവിട്ടു നിറം ഉണ്ടാകും. ശരിയായ രീതിയില്‍ സംസ്കരിച്ചവയ്ക്ക് ഇളം റോസ് മുതല്‍ കടുത്ത വയലറ്റ് നിറം വരെ ഉണ്ടാകും ഇനങ്ങളുടെ വേര്‍തിരിവനുസരിച്ച് നിറത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകും.
തട്ടുപയോഗിച്ചുള്ള സംസ്കരണം കായ്കള്‍ പൊളിച്ചെടുത്ത് കുരുക്കളും മാംസളമായ ആവരണവും അടക്കം 90x60x12 സെ.മീ. (നീളം, വീതി, ഉയരം) അളവിലുള്ള തട്ടുകളില്‍ നിറയ്ക്കുന്നു. ഒരു കാരണവശാലും വിത്ത് വെള്ളം ഉപയോഗിച്ചു കഴുകാന്‍ പാടില്ല. തട്ടിന്റെ അടിവശത്ത് ഈറ കൊണ്ടുണ്ടാക്കിയ പായ്കള്‍ ഉറപ്പിച്ചിരിക്കേണ്ടതാണ്. പുളിപ്പിക്കലിനു വിധേയമാക്കുമ്പോള്‍ പുറത്തേക്കൊഴുകുന്ന ജലം വാര്‍ന്നുപോകുന്നതിന് ഇത് സഹായകമാകുന്നു. ഓരോ തട്ടിലും 40 കിലോഗ്രാം വിത്തു വീതം നിറയ്ക്കാവുന്നതാണ്. ഒരു തവണ സംസ്കരിക്കുമ്പോള്‍ ചുരുങ്ങിയത് നാല് തട്ട് ആവശ്യമായിവരും. ഈ തട്ടുകള്‍ നിറച്ച് ഒന്നിനുമുകളില്‍ ഒന്നായി നിരത്തുന്നു. അടുത്ത ദിവസം രാവിലെ ചാക്കുപയോഗിച്ച് ഇവയെ ഭദ്രമായി മൂടുന്നു. തന്മൂലം ഉള്ളിലെ ഊഷ്മാവ് ഉയരുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ പുളിപ്പിക്കലും വര്‍ധിക്കുന്നു. ഇപ്രകാരം അഞ്ചു ദിവസം സൂക്ഷിക്കുന്നു. പൂര്‍ണമായി പുളിച്ചു കഴിഞ്ഞ കുരുക്കള്‍ ഈറപ്പായില് നിരത്തി വെയിലില്‍ ഉണക്കിയെടുക്കാവുന്നതാണ്.
പെട്ടി ഉപയോഗിച്ചുള്ള സംസ്കരണം പെട്ടി ഉപയോഗിച്ച് സംസ്കരിക്കുമ്പോള്‍ പെട്ടികള്‍ക്ക് 60x60x60 സെ.മീ. വലുപ്പം ഉണ്ടായിരിക്കണം. ഇപ്രകാരമുള്ള ഒരു പെട്ടിയില്‍ 150 കിലോഗ്രാം വരെ വിത്തു നിറയ്ക്കാം. പെട്ടിയുടെ ഉയരം ആവശ്യാനുസരണം വര്‍ധിപ്പിക്കാവുന്നതാണ്. എന്നാല്‍ 75 സെ.മീ. കവിയാന്‍ പാടില്ല. പെട്ടികള്‍ നിറച്ചശേഷം വാഴയില കമഴ്ത്തി നിരത്തി അടുക്കണം. രണ്ടു ദിവസം കഴിഞ്ഞ് ഇലകള്‍ നീക്കി വിത്ത് രണ്ടാമതൊരു പെട്ടിയിലേക്കു മാറ്റണം. വിത്തു നന്നായി ഇളകുന്നതിലേക്കു വേണ്ടിയാണിത്. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് മൂന്നാമതൊരു പെട്ടിയിലേക്കു ഇതു മാറ്റാം. ആറു ദിവസം കൊണ്ട് പുളിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു. പുളിപ്പിച്ചെടുത്ത വിത്തുകള്‍ വെയിലത്തോ കൃത്രിമമായോ ഉണക്കി എടുക്കാം. പായ് ഉപയോഗിച്ച് വെയിലില്‍ നിരത്തി ഉണക്കുന്നതാണുത്തമം. ഉണക്കുമ്പോള്‍ മഴ നനയാന്‍ പാടില്ല. ശരിയായ തോതില്‍ ഉണങ്ങിയ ഏതാനും കുരുക്കള്‍ കൈകളിലെടുത്ത് തിരുമ്മിയാല്‍ കരിയില പൊടിയുന്ന ശബ്ദം ഉണ്ടാകുന്നു. ഇപ്രകാരം ഉണക്കിയെടുത്ത കൊക്കോക്കുരുകള് ഉള്ളില്‍ പോളിത്തീന്‍ പാകിയ ചാക്കില്‍ നിറയ്ക്കുന്നു. തുടര്‍ന്നുള്ള ഉത്പന്ന നിര്‍മാണം വന്‍കിട ഫാക്ടറികളിലാണ് നടക്കുന്നത്. കൊക്കോ വിത്ത് പ്രത്യേക രീതിയില്‍ വറുത്ത്, തല്ലി തോട് കളഞ്ഞതിനു ശേഷം ലഭിക്കുന്നതിന് കൊക്കോനിബ് എന്നറിയപ്പെടുന്നു. ഇത് പൊടിച്ച് ഉണ്ടാക്കുന്ന പൊടി ചോക്കലേറ്റ്, വിവിധ പാല് ഉത്പന്നങ്ങള്‍, കൊക്കോപ്പൊടി എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊക്കോപ്പൊടിയുണ്ടാക്കുന്ന അവസരത്തില്‍ അധികമുള്ള മാംസ്യാംശം കൊക്കോ വെണ്ണയായി വേര്‍പെടുത്തിയെടുക്കുന്നു. കൊക്കോയില്‍ ധാരാളം പ്രോട്ടീന്‍, കൊഴുപ്പ്, ധാതുലവണങ്ങള്‍, വിറ്റാമിന്‍ എ, ഇ എന്നിവ അടങ്ങിയിരിക്കുന്നു.
(ഡോ. എസ്. രാമചന്ദ്രന് നായര്‍)