This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വാറിയസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അക്വാറിയസ്
Aquarius
ഖഗോള മധ്യരേഖയ്ക്കു ദക്ഷിണഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ഒരു വലിയ താരാമണ്ഡലം. പൌരസ്ത്യ ജ്യോതിഃശാസ്ത്രപ്രകാരമുള്ള കുംഭം രാശിയാണിത്. രാശിചക്രത്തില്‍ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലുപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ (പരിമാണം പ്രകാശത്തിന്റെ ഒരളവാണ്). ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമാണ്.
സൂര്യന് ഈ രാശിയില്‍ എത്തുമ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല.
പൌരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം. നോ: ഗാലക്സികള്‍