This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:22, 17 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൃഷ്ണന്‍

ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ഒന്ന്. ശ്രീമദ് ഭാഗവതത്തില്‍ ഇരുപത്തിയൊന്നു അവതാരങ്ങളെപ്പറ്റിയും അതില്‍ ഇരുപതാമത്തേതായി കൃഷ്ണനെക്കുറിച്ചും വര്‍ണിക്കുന്നുണ്ടെങ്കിലും ദശാവതാരസങ്കല്പത്തിലെ കൃഷ്ണനാണ് പ്രസിദ്ധിയും പ്രാമുഖ്യവും ലഭിച്ചിട്ടുള്ളത്.

കൃഷ്ണന്‍ ഒരു ദാരുശില്പം

ശബ്ദനിരുക്തി സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണന്‍ എന്നതിന്റെ അര്‍ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തില്‍ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അര്‍ഥങ്ങള്‍ ധ്വനിപ്പിക്കാനാണ് കൃഷ്ണന്‍ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണുസഹസ്രനാമത്തില്‍ അന്‍പത്തിയേഴാമത്തെ പര്യായമായി കൃഷ്ണന്‍ എന്ന പദം ചേര്‍ത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂര്‍ത്തികളെയെല്ലാം കൃഷ്ണന്‍ എന്ന പേരില്‍ സൂചിപ്പിക്കാം. വല്ലഭ സാമപ്രദയയുടെ ബ്രഹ്മസംബന്ധമന്ത്രയില്‍ വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണന്‍ എന്ന പദത്തില്‍ അഭിസംബോധന ചെയ്യുന്നു. മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ (മഹാഭാരതം 5.71.4) 'കൃഷ്' എന്നും 'ണ' എന്നുമുള്ള മൂലങ്ങളായി കൃഷ്ണന്‍ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. 'കൃഷ്' എന്ന പദത്താല്‍ 'ഉഴുവുക' എന്നു പ്രക്രിയയെയും, 'ണ' എന്നതിനാല്‍ പരമാനന്ദ(നിര്‍വൃതി)ത്തേയും സൂചിപ്പിക്കുന്നു. കൃഷ്ണന്‍ എന്ന പദത്തെ ആകര്‍ഷിക്കുക എന്നര്‍ഥമുള്ള കര്‍ഷ് ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിന്‍ പ്രകാരം കൃഷ്ണന്‍ എന്ന പദത്താല്‍ എല്ലാവരെയും ആകര്‍ഷിക്കുന്നവന്‍ എന്ന അര്‍ഥത്തെ കുറിക്കുന്നു. കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തില്‍ (ഭാഗവതം 1.7.10) കാണാന്‍ കഴിയും. 'കൃഷ' എന്ന സംസ്കൃതധാതുവില്‍ നിന്നു നിഷ്പന്നമായ കൃഷ്ണപദം ആകര്‍ഷണാര്‍ഥകമാണ്. ഭക്തജനങ്ങളുടെ പാപങ്ങളെ അപകര്‍ഷിക്കുന്നവന്‍, ഭക്തമാനസങ്ങളെ ആകര്‍ഷിക്കുന്നവന്‍ എന്നീ അര്‍ഥങ്ങളാണ് ശങ്കരാചാര്യര്‍ ഈ പദത്തിനു നല്കിയിട്ടുള്ളത്. 'ആസന്‍വര്‍ണാസ്ത്രയോഹ്യസ്യ ഗൃഹ്ണതോ ƒനുയുഗം തനൂഃ ശുക്ലോരക്തസ്തഥാപീത ഇദാനീം കൃഷ്ണതാം ഗതഃ' (ഭാ. 10. 7. 13. ഓരോ യുഗത്തിലും ശരീരങ്ങളെ ഗ്രഹിക്കുന്ന മഹാവിഷ്ണുവിന് വെളുപ്പ്, ചെമപ്പ്, മഞ്ഞ എന്നീ മൂന്നു നിറങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണതയെ പ്രാപിച്ചിരിക്കുന്നു.) എന്ന ഭാഗവതവചനവും 'നീലമേഘശ്യാമള'നെന്ന പ്രസിദ്ധിയും കൃഷ്ണന്റെ നാമത്തെ സാര്‍ഥകമാക്കുന്നു.

ഭാഗവതത്തിലും മഹാഭാരതത്തിലും കൃഷ്ണകഥാഖ്യാനം കാണുന്നുണ്ട്. ആദ്യത്തേതില്‍ അദ്ദേഹത്തിന്റെ ബാല്യകാലവും രണ്ടാമത്തേതില്‍ പില്ക്കാലജീവിതവുമാണ് പ്രതിപാദിച്ചിട്ടുള്ളത്. നരനാരായണന്മാരുടെ പുനര്‍ജന്മമാണ് കൃഷ്ണനും അര്‍ജുനനും എന്ന ഒരു ഉപാഖ്യാനം ഭാഗവതത്തില്‍ കാണുന്നു. ഭൃഗുമഹര്‍ഷിയുടെ പത്നിയായ പുലോമയെ മഹാവിഷ്ണു സുദര്‍ശനചക്രം കൊണ്ടു ഹനിച്ചതില്‍ ക്രുദ്ധനായ മഹര്‍ഷി പല മനുഷ്യജന്മങ്ങളെടുത്തു കഷ്ടപ്പാടുകളനുഭവിക്കാനിടവരട്ടെ എന്ന് ശപിച്ചതിന്റെ ഫലമായിട്ടാണ് മഹാവിഷ്ണുവിന് രാമനായും കൃഷ്ണനായും ജനിക്കേണ്ടി വന്നതെന്ന മറ്റൊരു കഥ ദേവീഭാഗവതത്തില്‍ കാണുന്നുണ്ട്. ഉത്തരരാമായണത്തിലും ഇത്തരമൊരു ഉപകഥയുടെ സൂചനയുണ്ട്.

പ്രസിദ്ധമായ കൃഷ്ണാവതാരകഥ ഇപ്രകാരമാണ്. ദുര്‍ജനങ്ങളുടെ പീഡനം അസഹനീയമായിത്തീര്‍ന്നപ്പോള്‍ ഭൂമീദേവി ദേവന്മാരുമൊത്ത് മഹാവിഷ്ണുവിന്റെ സന്നിധിയിലെത്തി സങ്കടം അറിയിച്ചു. താന്‍ യാദവവംശത്തില്‍ വസുദേവരുടെയും ദേവകിയുടെയും പുത്രനായി ജനിച്ചു സങ്കടനിവൃത്തി വരുത്തിക്കൊള്ളാമെന്ന് തദവസരത്തില്‍ മഹാവിഷ്ണു അവരെ ആശ്വസിപ്പിച്ചു (ഭാഗവതം). ഭഗവദ്ഗീതയിലും ഭഗവാന്റെ അവതാരോദ്ദേശ്യം,

"പരിത്രാണായ സാധൂനാം

വിനാശായ ച ദുഷ്കൃതാം

ധര്‍മസംസ്ഥാപനാര്‍ഥായ

സംഭവാമി യുഗേ യുഗേ

ഇതുതന്നെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അവതാരത്തിന്റെ ആവശ്യകത എപ്പോഴാണ് വേണ്ടിവരുന്നതെന്നും (യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി, അഭ്യുത്ഥാനമധര്‍മസ്യ തദാ) സൂചിപ്പിച്ചിട്ടുണ്ട്.

പേരു സൂചിപ്പിക്കുന്നതുപോലെ കൃഷ്ണന്റെ നിറം കറുപ്പാണ്; ബലരാമന്റേതു വെളുപ്പും. ദേവന്മാര്‍ സങ്കടനിവേദനം നടത്തിയ സമയത്ത് മഹാവിഷ്ണു തന്റെ രണ്ടു ശിരോരോമങ്ങള്‍ പിഴുതു നിലത്തിട്ടു; ഒന്നു കറുത്തതും മറ്റതു വെളുത്തതും. കറുത്ത രോമം ദേവകിയിലും വെളുത്തതു രോഹിണിയിലും പ്രവേശിച്ച്, യഥാക്രമം കൃഷ്ണനും ബലഭദ്രനുമായി ജന്മം കൊണ്ടു (മഹാഭാരതം ആദിപര്‍വം).

യാദവവംശജനായ വസുദേവരുടെയും മഥുരയിലെ രാജാവായ കംസന്റെ പിതൃവ്യപുത്രി ദേവകിയുടെയും മകനായി ജനിച്ച കൃഷ്ണന്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം:

വിവാഹാനന്തരമുള്ള ഗൃഹപ്രവേശത്തിനു വസുദേവരും ദേവകിയും സഞ്ചരിച്ചിരുന്ന തേരിന്റെ സാരഥ്യം വഹിച്ചിരുന്നതു കംസനായിരുന്നു. മാര്‍ഗമധ്യേ ഇവര്‍ ഒരശരീരി കേട്ടു. ദേവകിയുടെ എട്ടാമത്തെ മകന്‍ കംസനെ വധിക്കുമെന്നായിരുന്നു ആ അശരീരി. ഇതില്‍ ക്രുദ്ധനായ കംസന്‍ ദേവകിയുടെ തലമുടി ചുറ്റിപ്പിടിച്ചു കഴുത്തു വെട്ടാനായി വാളോങ്ങി. സാധുവായ ഒരു സ്ത്രീയെ കൊല്ലുക വഴി വീരനായ കംസന് വന്നുചേരാവുന്ന ദുഷ്കീര്‍ത്തിയെക്കുറിച്ചും മറ്റുമുള്ള വസുദേവരുടെ അനുനയങ്ങള്‍ക്കും യാചനകള്‍ക്കും കംസന്റെ ക്രോധത്തെ ശമിപ്പിക്കാനായില്ല. ഒടുവില്‍ തങ്ങള്‍ക്കു ജനിക്കുന്ന കുട്ടികളെ കംസന് സമര്‍പ്പിച്ചുകൊള്ളാമെന്ന വസുദേവരുടെ പ്രതിജ്ഞയില്‍ സംതൃപ്തനായ കംസന്‍ ദേവകിയെ വെറുതെ വിട്ടു.

വസുദേവര്‍-ദേവകി ദമ്പതികള്‍ക്ക് ആദ്യത്തെ ശിശു പിറന്നപ്പോള്‍ വസുദേവര്‍ തന്റെ വാക്കുപാലിച്ചുകൊണ്ട് ആ കുഞ്ഞിനെ കംസനു കാഴ്ചവച്ചു. 'എട്ടാമത്തവനല്ലേ അപകടകാരി' ഇവനെ വളര്‍ത്തിക്കൊള്ളൂ!' എന്നു പറഞ്ഞു കംസന്‍ ശിശുവിനെ തിരികെ കൊടുത്തു.

ഇതറിഞ്ഞ നാരദന്‍ കംസന്റെ അടുത്തെത്തി, 'ഈ ആര്‍ജവം കൊള്ളുകില്ല. നീയും നിന്റെ പരിജനവും അസുരന്മാരാണ്; വൃഷ്ണികളും യാദവന്മാരും ദേവാംശസംഭൂതരുമാണ്' എന്ന് അറിയിച്ചു.

അപകടം മനസ്സിലാക്കിയ കംസന്‍ ആ ശിശുവിനെ കൊന്നു. തുടര്‍ന്നുണ്ടായ അഞ്ചു പുത്രന്മാരുടെ സ്ഥിതിയും ഇതുതന്നെയായി. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഭ്രൂണത്തെ വൈകുണ്ഠന്റെ നിര്‍ദേശപ്രകാരം മായ, വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയുടെ ഉദരത്തിലേക്ക് ആകര്‍ഷിച്ചു മാറ്റി; ദേവകിക്കു ഗര്‍ഭമലസിയെന്ന വാര്‍ത്തയും പരന്നു.

കൃഷ്ണനെ കൈയിലേന്തിയ യശോദ-രവിവര്‍മ ചിത്രം

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷാഷ്ടമിയും രോഹിണിയും ചേര്‍ന്ന അര്‍ധരാത്രി സമയത്ത് സാക്ഷാല്‍ ഭഗവാന്‍ ചതുര്‍ബാഹുവായി, മറ്റെല്ലാ വൈഷ്ണവചിഹ്നങ്ങളോടും കൂടി ദേവകിയുടെ എട്ടാമത്തെ ഗര്‍ഭത്തില്‍ നിന്നു കൃഷ്ണനായി ഭൂമിയില്‍ പിറന്നു എന്നാണ് സങ്കല്പം.

"തമദ്ഭുതം ബാലകമംബുജേക്ഷണം

ചതുര്‍ഭുജം ശംഖഗദാദ്യുദായുധം

ശ്രീവത്സ ലക്ഷ്മം ഗളശോഭികൗസ്തുഭം

പീതാംബരം സാന്ദ്രപയോദസൗഭഗം

മഹാര്‍ഹവൈഡൂര്യകിരീടകുണ്ഡല-

ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം

ഉദ്ദാമകാഞ്ച്യംഗദ കങ്കണാദിഭിര്‍-

വിരോചമാനം വസുദേവ ഐക്ഷത.

എന്ന് ഭാഗവതത്തില്‍ ജനനമുഹൂര്‍ത്തത്തിലെ കൃഷ്ണസ്വരൂപത്തെപ്പറ്റിയുള്ള വര്‍ണന കാണുന്നു. വസുദേവരും ദേവകിയും കംസന്റെ നിര്‍ദേശപ്രകാരം നേരത്തേ തന്നെ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നു. പക്ഷേ പ്രസവസമയമടുത്തപ്പോള്‍ കാരാഗൃഹത്തിന്റെ കനത്ത കവാടങ്ങള്‍ സ്വയം മലര്‍ക്കെ തുറന്നു. ദേവകിയെയും വസുദേവരെയും ബന്ധിച്ചിരുന്ന ചങ്ങലകള്‍ ശിഥിലമായി. കാവല്‍ക്കാര്‍ ബോധരഹിതരായി നിലംപതിച്ചു. അദ്ഭുതംകൊണ്ടു വിടര്‍ന്ന കണ്ണുകളുമായി നിലകൊണ്ട വസുദേവരെ നോക്കി, കാളിന്ദിയുടെ മറുകരയിലുള്ള നന്ദഗോപരുടെ ഗൃഹത്തില്‍ തന്നെ എത്തിക്കണമെന്നും, അവിടെ സൂതികാഗൃഹത്തില്‍ പ്രസവിച്ചുകിടക്കുന്ന യശോദയുടെ സമീപത്തു കിടത്തിയിട്ട് അടുത്തു കട്ടിലിലുറങ്ങുന്ന ശിശുവിനെ തിരിച്ചു കാരാഗൃഹത്തില്‍ ദേവകിയുടെയടുക്കല്‍ എത്തിക്കണമെന്നും നവജാതനായ അദ്ഭുതശിശു പറഞ്ഞു. ഈ നിര്‍ദേശം നല്കിയിട്ട് ഭഗവാന്‍, അപ്പോള്‍പ്പിറന്നുവീണ ഒരു സാധാരണ കുഞ്ഞിന്റെ രൂപം കൈക്കൊണ്ടുവെന്നും ഭാഗവതത്തില്‍ പറയുന്നു.

കുഞ്ഞിനെയും കൊണ്ട് വസുദേവര്‍ നന്ദഗോപഗൃഹത്തിലേക്കു പുറപ്പെട്ടു. ആദിശേഷര്‍ ശിശുവിന്റെ ശിരസ്സിനു മുകളില്‍ ഫണം വിരിച്ച് കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷിച്ചു. പ്രക്ഷുബ്ധമായി പ്രവഹിച്ചിരുന്ന കാളിന്ദി രണ്ടായി കുറുകെ പിളര്‍ന്ന് വഴിമാറി. നിര്‍ദേശപ്രകാരം യശോദയുടെ പെണ്‍കുഞ്ഞിനെ വസുദേവര്‍, കാരാഗൃഹത്തില്‍ കിടക്കുന്ന ദേവകിയുടെ സമീപത്താക്കി. കാരാഗൃഹത്തിന്റെ കനത്ത കവാടങ്ങള്‍ താനേ അടഞ്ഞു. അഴിഞ്ഞുവീണിരുന്ന ചങ്ങലകള്‍ വീണ്ടും വസുദേവരെയും ദേവകിയെയും ബന്ധിച്ചു. കാവല്‍ക്കാര്‍ ഉറക്കമുണര്‍ന്നവരെപ്പോലെ എഴുന്നേറ്റുവന്നു.

ദേവകി പ്രസവിച്ച വിവരം അറിഞ്ഞ് കംസന്‍ ഓടിയെത്തിയപ്പോള്‍ ഒരു പെണ്‍കുഞ്ഞിനെയാണ് കണ്ടത്. 'എന്തുമാകട്ടെ വധിക്കുകതന്നെ' എന്നുപറഞ്ഞ് കംസന്‍ തന്റെ തീരുമാനം നടപ്പാക്കാനൊരുങ്ങി. ശിശുവിന്റെ കാലില്‍ പിടിച്ചു തല പാറയില്‍ അടിക്കുവാനായി ഉയര്‍ത്തി. പെട്ടെന്ന് ശിശു മുകളിലേക്കുകുതിച്ചു. കംസന്റെ പിടിവിട്ട് ആകാശത്തിലേക്കുയര്‍ന്നു കൊണ്ട്,

"അരേ, ദുരാചാര, നൃശംസ, കംസ,

പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ

തവാന്തകന്‍ ഭൂമിതലേ ജനിച്ചു

ജവേന സര്‍വത്ര തിരഞ്ഞു കൊള്‍ക.

എന്നൊരു താക്കീതുനല്കി. നന്ദന്റെയും യശോദയുടെയും പുത്രനായി കൃഷ്ണന്‍ അമ്പാടിയില്‍ വളര്‍ന്നു.

ദേവകിക്കു വേറെ രണ്ടു കുട്ടികള്‍കൂടി ജനിച്ചു; സുഭദ്രയും സാരണനും. സുഭദ്രയുടെ കഥ ഭാഗവതത്തിലും സാരണന്റേത് ഭാരതം ആദിപര്‍വത്തിലും പരാമര്‍ശിച്ചുകാണുന്നു. അഭിമന്യുവിനെ പ്രസവിച്ച വീരമാതാവ് എന്ന നിലയില്‍ സുഭദ്ര ഭാരതകഥയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തിലെ ശിശുവിനെ രോഹിണിയാണ് പ്രസവിച്ചത്. അങ്ങനെ വസുദേവര്‍ക്ക് നാലു മക്കള്‍ ശേഷിച്ചു. എങ്കിലും ഇവരില്‍ രോഹിണീപുത്രനായ ബലഭദ്രനും ദേവകീപുത്രനായ കൃഷ്ണനും മാത്രമേ ഈശ്വരാവതാരമായി കണക്കാക്കപ്പെട്ടിട്ടുള്ളൂ. കുട്ടികള്‍ക്കു രാമനെന്നും കൃഷ്ണനെന്നും പേരിട്ടത് കുലഗുരുവായ ഗര്‍ഗനാണ്.

ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്നുള്ള അശരീരിയും, എട്ടാമത്തെ പുത്രനെന്നു കരുതി അതിനെ കൊല്ലാനെത്തിയ കംസന്‍ കണ്ട പെണ്‍കുഞ്ഞ് നല്കിയ താക്കീതും കംസനെ അത്യധികം അസ്വസ്ഥനാക്കി. ആയിടയ്ക്ക് പത്തു നാളുകള്‍ക്കുള്ളില്‍ ജനിച്ച സര്‍വ ശിശുക്കളെയും കൊന്നുകളയുവാന്‍ കംസന്‍ കല്പിച്ചു. ഈയവസരത്തില്‍ പുത്രജനനം കൊണ്ട് നന്ദഗേഹവും ഗോകുലവും ഉത്സാഹത്തിമിര്‍പ്പില്‍ എല്ലാം മറന്നുല്ലസിക്കുകയായിരുന്നു. ഗോകുലം പ്രത്യേകം ലക്ഷ്യമാക്കാനും കൂടിയായിരുന്നു കംസന്റെ നിര്‍ദേശം. ശത്രുനിഗ്രഹത്തിനായി കംസന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കംസന്‍ രഹസ്യമായും പരസ്യമായും അയച്ച ഘാതകരെല്ലാം കൃഷ്ണന്റെ കൈകൊണ്ടു കാലപുരി പൂകി. ഇങ്ങനെ മരിച്ചവരില്‍ ആദ്യത്തെ വ്യക്തി പൂതന എന്ന രാക്ഷസിയായിരുന്നു. മായാവിനിയായ ഇവള്‍ അതീവ സുന്ദരിയായി വേഷംകെട്ടി ഗോപവാടത്തിലെത്തി. തൊട്ടിലിലുറങ്ങിക്കിടന്ന ശിശുവായ കൃഷ്ണനെ എടുത്തു താലോലിച്ചു. ക്രമേണ, കാകോളം തേച്ച തന്റെ സ്തനങ്ങള്‍ ആ പിഞ്ചിളംകുഞ്ഞിനു കുടിക്കാന്‍ നല്‍കി. സ്തന്യത്തോടൊപ്പം അവളുടെ ജീവനും കൂടി വലിച്ചുകുടിച്ച് ഭഗവാന്‍ പൂതനയുടെ കഥ കഴിച്ചു. ചത്തുവീണ രാക്ഷസിയുടെ യഥാര്‍ഥ രൂപം കണ്ട് ഗോപവാടം ഞെട്ടിവിറച്ചു; ഒപ്പം ശിശുവിന്റെ അദ്ഭുതകര്‍മം കണ്ട് അമ്പരക്കുകയും ചെയ്തു.

തുടര്‍ന്ന് അമ്പാടിയില്‍ ദുര്‍ന്നിമിത്തങ്ങളുടെ പരമ്പരതന്നെയായിരുന്നു. ശകടന്‍, തൃണാവര്‍ത്തന്‍, ബകന്‍ എന്നിങ്ങനെ പല അസുരന്മാരും മായകാട്ടി മായാമാനുഷനായ കൃഷ്ണനെ വകവരുത്തുവാന്‍ ശ്രമം തുടങ്ങി. എന്നാല്‍ കൃഷ്ണന്‍ അവരെയെല്ലാം നശിപ്പിക്കുകതന്നെ ചെയ്തു.

ബാലനായ കൃഷ്ണന്റെ ലീലകള്‍ ഇതിലും ആശ്ചര്യകരമായിരുന്നു. മണ്ണുതിന്നുന്നു എന്ന പരാതി കേട്ട് തന്നെ ശാസിക്കാന്‍ വന്ന യശോദയുടെ മുമ്പില്‍ വായ് തുറന്ന് പതിനാലു ലോകങ്ങളും തന്നെത്തന്നെയും കാട്ടിക്കൊടുത്തതും ഉലൂഖലബന്ധനവും കാളിയമര്‍ദനവും ഗോവര്‍ധനോദ്ധാരണവുമെല്ലാം കൃഷ്ണന്റെ അത്ഭുതകൃത്യങ്ങളായി വിശേഷിക്കപ്പെടുന്നു.

കൃഷ്ണനും ഗോപികമാരും പെയിന്റിങ്

അമ്പാടിയിലെ ഗോപവാടങ്ങള്‍തോറും നടന്ന് ഗോരസങ്ങള്‍ കവര്‍ന്നതും കുടങ്ങള്‍ തല്ലിയുടച്ച് ഗോപസ്ത്രീകളെ വിഷമിപ്പിച്ചതും കൃഷ്ണന്റെ ബാലലീലകളായും നിരവധി ഗോപികമാരുമൊത്തു രാസകേളിയില്‍ മുഴുകിയത് കൗമാര-യൗവനകാല കേളികളായും വിവരിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം തന്റെ ജന്മശത്രുവിനെ ഒടുക്കാന്‍വേണ്ടി കംസന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. മഥുരാപുരിയില്‍ നടക്കുന്ന ധനുര്യാഗത്തിനു രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവരുവാനായി തന്റെ മന്ത്രിമാരില്‍ ഒരാളായ അക്രൂരനെ കംസന്‍ അമ്പാടിയിലേക്കയച്ചു. അക്രൂരനോടൊത്ത് മഥുരയ്ക്കുതിരിച്ച കൃഷ്ണന്‍ പിന്നീട് ഗോപവാടത്തിലേക്കു മടങ്ങിയില്ല. തങ്ങളുടെ പ്രാണനെ പറിച്ചെടുക്കുന്ന പോലുള്ള അനുഭവമായിരുന്നു ഗോകുലവാസികള്‍ക്കു കൃഷ്ണന്റെ വേര്‍പാടിലുണ്ടായത്.

മഥുരയിലെത്തിയ രാമകൃഷ്ണന്മാര്‍ അവിടെയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. മാര്‍ഗമധ്യത്തില്‍, കുറിക്കൂട്ടുകളുമായി തങ്ങളെ സമീപിച്ച ത്രിവക്രയുടെ കൂനുകള്‍ നിവര്‍ത്തി അവളെ സുന്ദരിയാക്കി. ഗോപുരദ്വാരത്തില്‍ കൃഷ്ണനെ ഹനിക്കാനായി നിര്‍ത്തിയിരുന്ന കുവലയാപീഡം എന്ന മദയാനയെ കൊന്നു കൊമ്പു വലിച്ചൂരി എതിര്‍ത്തുവന്ന ചാണൂരമുഷ്ടികന്മാരെ വകവരുത്തി. ഒടുവില്‍ മഞ്ചത്തിലമര്‍ന്നിരുന്ന കംസനെ മാളികമുകളില്‍ നിന്നും തള്ളിത്താഴെയിട്ടു മര്‍ദിച്ചുകൊന്നു. ബന്ധനത്തില്‍നിന്നും കംസന്റെ പിതാവിനെ മോചിപ്പിച്ച് രാജാവായി അവരോധിച്ചു. ഇരുമ്പഴിക്കുള്ളില്‍നിന്നും സ്വന്തം മാതാപിതാക്കളെയും സ്വതന്ത്രരാക്കി.

ഇത്തരത്തിലുള്ള അദ്ഭുതകൃത്യങ്ങള്‍ നടത്തി തങ്ങളുടെ അമാനുഷിക വൈഭവങ്ങള്‍ പ്രകടിപ്പിച്ചതിനുശേഷം രാമകൃഷ്ണന്മാര്‍ സാന്ദീപനി മുനിയുടെ ഗുരുകുലത്തില്‍ ചേര്‍ന്നു വിദ്യാഭ്യാസം തുടങ്ങി. അന്ന് സബ്രഹ്മചാരിയായിരുന്ന കുചേലന് പില്ക്കാലത്ത് സര്‍വൈശ്വര്യങ്ങളും ദാനം ചെയ്ത് കൃഷ്ണന്‍ താന്‍ ഭക്തദാസനാണെന്നു തെളിയിച്ചു. ആചാര്യന്റെ പുത്രനെ അപഹരിച്ച പഞ്ചജനന്‍ എന്ന രാക്ഷസനെ വധിച്ച്, യമപുരിയില്‍ ചെന്ന് കുട്ടിയെ വീണ്ടെടുത്ത് ഗുരുദക്ഷിണ നല്കി. പഞ്ചജനനില്‍നിന്നും കൈവശപ്പെടുത്തിയ പാഞ്ചജന്യം എന്ന ശംഖ്, പില്ക്കാലത്തു തന്റെ കാഹളമായി കൃഷ്ണന്‍ സ്വീകരിക്കുകയും ചെയ്തു.

വിദ്യാഭ്യാസം കഴിഞ്ഞു മടങ്ങിയെത്തിയ കൃഷ്ണനും ബലരാമനും കുറേക്കാലം മഥുരയില്‍ തന്നെ താമസിച്ചു. ഈ ഘട്ടത്തിലാണ് പിതൃഭാഗിനേയരായ പാണ്ഡവരുമായി സമ്പര്‍ക്കത്തിലെത്താന്‍ കഴിഞ്ഞത്. പാഞ്ചാലീസ്വയംവരസമയത്ത് കൃഷ്ണന്‍ ദ്രുപദരാജധാനിയിലെത്തി ദമ്പതികളെ പാരിതോഷികങ്ങള്‍ നല്കി സത്കരിച്ചിരുന്നു. എങ്കിലും, പാണ്ഡവരുമായുള്ള അടുപ്പം ഗാഢമായ സഹവര്‍ത്തിത്വമായി വികസിച്ചത് പിന്നീടാണ്. ആദ്യകാലത്ത് ഉദ്ധവരും അക്രൂരനും വഴിയാണ് പാണ്ഡവരുടെ ക്ഷേമം കൃഷ്ണന്‍ അന്വേഷിച്ചുപോന്നത്.

പാണ്ഡവരുടെ എല്ലാ പ്രതിസന്ധിയിലും കൃഷ്ണന്‍ അവര്‍ക്കു വഴികാട്ടിയായി വര്‍ത്തിച്ചിരുന്നു. സഹോദരന്മാരായ കുരുക്കളുടെയും പാണ്ഡവരുടെയും കുടുംബകലഹത്തെ, അതിന്റെ സമസ്തപശ്ചാത്തല വിവരണങ്ങളോടും കൂടി വരച്ചു കാണിക്കുന്ന മഹേതിഹാസങ്ങളുടെയും ഉപാഖ്യാനങ്ങളുടെയും ബൃഹത്സമുച്ചയമാണ് മഹാഭാരതം. എന്നാല്‍ ഈ ഇതിഹാസത്തിന്റെ മര്‍മപ്രധാനമായ ഘട്ടങ്ങളിലെല്ലാം എന്തിനും സന്നദ്ധനായി പ്രത്യക്ഷപ്പെടുന്നത് പ്രായോഗിക രാജ്യതന്ത്രജ്ഞനും ദാര്‍ശനികനും സുഹൃദ്ബന്ധുവും വിപക്ഷണഭീകരനും ഒപ്പം സ്നേഹലോലനും വിനോദശീലനുമായ കൃഷ്ണനാണ്. 'കാരിയക്കാരനോ, സൂതനോ, ധര്‍മദൈവമോ', ഒക്കെയായി കൃഷ്ണന്‍ സദാ കൗന്തേയന്മാരോടൊപ്പമുണ്ടായിരുന്നെങ്കിലും അര്‍ജുനനുമായി അദ്ദേഹത്തിനുണ്ടായിരുന്ന സഖിത്വത്തിനു ഏറെ പ്രത്യേക കാണാം. സുഭദ്രാഹരണത്തില്‍ അര്‍ജുനനോടൊപ്പം നില്ക്കുമ്പോഴും, ഭാവിയിലുണ്ടാകുന്ന ശിശുവിനെ രക്ഷിച്ചുകൊള്ളാമെന്നു ബ്രാഹ്മണനു കൊടുത്ത വാക്കു വീണ്‍വാക്കായി കലാശിച്ചപ്പോള്‍ തീയില്‍ ചാടി മരിക്കാന്‍ പുറപ്പെട്ട അര്‍ജുനനെ യശോഭംഗത്തില്‍ നിന്നും രക്ഷിക്കുമ്പോഴും, അവരുടെ സൌഹൃദത്തിന്റെ തീവ്രത വ്യക്തമാകുന്നു. കുരുക്ഷേത്ര യുദ്ധക്കളത്തിലെ പല സന്ദര്‍ഭങ്ങളും ഇതിനെ ഉദാഹരിക്കുന്നതാണ്. പാഞ്ചാലിയുടെ ജീവിതത്തിലെ പല പരീക്ഷണഘട്ടങ്ങളിലും രക്ഷകനായി കൃഷ്ണന്‍ എത്തുന്നതു കാണാം.

രുക്മിണീസ്വയംവരം-പെയിന്റിങ്

കുരുക്കളും പാണ്ഡവരും തമ്മിലുള്ള ശണ്ഠ യുദ്ധം കൊണ്ടേ അവസാനിക്കൂ എന്നു ബോധ്യമായപ്പോള്‍ ഈ കാര്യമാനുഷന്‍ നടത്തിയ കപടനിദ്ര നയചാതുര്യങ്ങള്‍ക്കു മകുടോദാഹരണമാണ്. സഹായാഭ്യര്‍ഥനയുമായെത്തിയ ദുര്യോധനനെയും അര്‍ജുനനെയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിടത്ത് സൂക്ഷ്മബുദ്ധിയും പ്രായോഗികതയും വ്യക്തമാകുന്നു. പാണ്ഡവരുടെ ദൗത്യവുമായി കൗവസഭയിലേക്കു ചെല്ലുന്ന സന്ദര്‍ഭം ഇദ്ദേഹത്തിലെ നയതന്ത്രവിദഗ്ധനെ പ്രസ്പഷ്ടമാക്കിത്തരുന്നു.

വിപദ്ഘട്ടം വരുമ്പോള്‍ പതറിപ്പോകുന്ന മനുഷ്യചിത്തത്തിന്റെ മൂര്‍ത്തിമദ്ഭാവമായി പടനടുവില്‍ പരുങ്ങിനില്ക്കുന്ന അര്‍ജുനനെ കര്‍ത്തവ്യോന്മുഖനാക്കുന്നതിലൂടെ മാനുഷ്യകത്തിനു മുഴുവന്‍ എക്കാലവും കര്‍മണ്യതയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്ന കൃഷ്ണന്റെ വീരാഹ്വാനമാണ് ഭഗവദ്ഗീതയെന്ന പേരില്‍ ഭീഷ്മപര്‍വത്തിലെ പതിനെട്ടധ്യായങ്ങളിലായി മുഴങ്ങിക്കേള്‍ക്കുന്നത്. നിര്‍ണായക നിമിഷങ്ങളില്‍ മാനസികവും ശാരീരികവുമായ ക്ഷതങ്ങളില്‍ നിന്ന് നിരവധി തവണ കൃഷ്ണന്‍ തന്റെ സുഹൃത്തിനെ രക്ഷിക്കുന്നുണ്ട്. ഭഗദത്തന്റെ നാരായണാസ്ത്രം സ്വന്തം മാറിടത്തില്‍ ഏറ്റുവാങ്ങിയതും, സുദര്‍ശനം കൊണ്ടു സൂര്യമണ്ഡലം മറച്ച് അര്‍ജുനന്റെ ജയദ്രഥവധപ്രതിജ്ഞ സഫലമാക്കിയതും, കര്‍ണന്റെ നാഗാസ്ത്രത്തിനു മറുമരുന്നില്ലാതെ വന്നപ്പോള്‍ തേര് ഭൂമിയില്‍ അമര്‍ത്തിത്താഴ്ത്തി അര്‍ജുനന്റെ ജീവന്‍ രക്ഷിച്ചതും എല്ലാം ഈ മഹോന്നതഭാവത്തിന് മകുടോദാഹരണങ്ങളാണ്.

യുദ്ധാവസാനത്തില്‍ ഇരുവശത്തുമുള്ള ജ്ഞാതികള്‍ മിക്കവാറും ചത്തൊടുങ്ങിയതോടെ പാണ്ഡവര്‍ അഞ്ചുപേരും വിജയികളായി ശേഷിച്ചു. തത്സമയം ധര്‍മപുത്രരെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തിട്ട് കൃഷ്ണന്‍ ദ്വാരകയിലേക്കു മടങ്ങി.

കൃഷ്ണനു പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്നു എന്നാണ് പ്രതിപാദിച്ചു കാണുന്നത്. ഈ പതിനാറായിരത്തെട്ടിന് പല തരത്തില്‍ വ്യാഖ്യാനമുണ്ട്. അസംഖ്യം എന്നര്‍ഥമാണുള്ളതെന്നു ചിലര്‍. പതിനാറായിരത്തെട്ടു രാഗങ്ങളാണവയെന്നും, അവയെല്ലാം കൃഷ്ണനു വശഗമായിരുന്നു എന്നുമാണ് മറ്റു ചിലരുടെ മതം. ഭാഗവതത്തിലെ കഥ പതിനാറായിരത്തെട്ടും ഭാര്യമാര്‍ തന്നെ യാണെന്നാണ്; അവരില്‍ എട്ടുപേരുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

വിദര്‍ഭരാജാവായ ഭീഷ്മകന്റെ പുത്രി രുക്മിണി, ജാംബവാന്റെ പുത്രി ജാംബവതി, സത്രാജിത്തിന്റെ മകള്‍ സത്യഭാമ, സൂര്യപുത്രിയായ കാളിന്ദി, പിതൃഭാഗിനേയിമാരായ മിത്രവിന്ദ, കൈകേയി (ഇവള്‍ക്കു ഭദ്ര എന്നും പേര്‍), കോസലരാജാവായ നഗ്നജിത്തിന്റെ മകള്‍ സത്യ, മദ്രരാജാവിന്റെ പുത്രി ലക്ഷണ എന്നിവരാണ് എട്ടുപേര്‍. സ്വയംവരം, സമ്മാനം എന്നിങ്ങനെ പല രീതിയില്‍ പല ഘട്ടങ്ങളിലായിട്ടാണ് ഇവര്‍ ഭാര്യമാരായി ഭവിച്ചത്. ശേഷിക്കുന്ന പതിനാറായിരവും നരകാസുരന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന രാജകന്യകമാരാണ്. നരകാസുരനെ വധിച്ച് കൃഷ്ണന്‍ ഇവരെ മുഴുവന്‍ ദ്വാരകയില്‍ കൊണ്ടുവന്ന് വിവാഹം കഴിച്ചു. വിവാഹവേളയില്‍ കൃഷ്ണന്‍ പതിനാറായിരം കൃഷ്ണന്മാരായി മാറി എന്നാണ് ഭാഗവതം പറയുന്നത്.

ഗീതോപദേശം നല്‍കുന്ന രംഗം-പെയിന്റിങ്

കൃഷ്ണന്റെ കളിത്തോഴിയായ രാധയെക്കുറിച്ച് ഭാഗവതമോ മഹാഭാരതമോ യാതൊരുവിധ പരാമര്‍ശവും നടത്തുന്നില്ല. ജയദേവന്‍, വിദ്യാപതി, സൂര്‍ദാസ് തുടങ്ങിയ പല കവിപ്രമുഖന്മാരും ഉജ്ജ്വല പ്രേമത്തിന്റെ ഉദാത്തമാതൃകയായി, കൃഷ്ണന്റെ പ്രാണപ്രേയസിയായി, രാധയെ അവരോധിച്ചിട്ടുണ്ട്. ആദിപുരാണം, പദ്മപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, ദേവീഭാഗവതം എന്നീ കൃതികളില്‍ രാധയെക്കുറിച്ചുള്ള ചില കഥാസൂചനകള്‍ കാണുന്നുണ്ട്. അവയിലെ വിവരണങ്ങള്‍ക്ക് ഐകരൂപ്യം ഒട്ടില്ലതാനും. പാലാഴിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ സഹധര്‍മിണിയായ ലക്ഷ്മീദേവി തന്നെയാണ് മനുഷ്യനായി ഭൂമിയില്‍ കഴിയുന്ന കൃഷ്ണന്റെ പത്നി രാധയെന്ന് ദേവീഭാഗവതവും ആദിപുരാണവും പറയുമ്പോള്‍ കൃഷ്ണന്റെ വാമാംഗത്തില്‍ നിന്നു രാധ ഉദ്ഭവിച്ചു എന്നു ബ്രഹ്മവൈവര്‍ത്തവും, വൃഷഭാനു എന്ന യാദവനു സ്വപത്നിയില്‍ ജനിച്ചവളോ, അദ്ദേഹത്തിന് ഭൂമിയില്‍ നിന്നു ലഭിച്ചവളോ ആണ് രാധയെന്ന് പദ്മപുരാണവും ഘോഷിക്കുന്നു. എന്തുതന്നെയായിരുന്നാലും പില്ക്കാലത്തെ ഭക്തകവികളുടെ ഭാവനയില്‍ അത്യന്തഭാസുരമായിത്തീര്‍ന്ന ആദര്‍ശവത്കൃതമായ, രാധാമാധവന്മാരുടെ പ്രണയകഥകള്‍ക്ക് ഇപ്പറഞ്ഞ ഒരു പുരാണത്തിന്റെയും പിന്‍ബലമില്ല. അതുപോലെതന്നെ ഈ പില്ക്കാലകവികളാരും തന്നെ രാധയെ കൃഷ്ണന്റെ ഭാര്യയായും പറയുന്നില്ല. ഉത്കൃഷ്ടവും ഉദാത്തവുമായ പ്രേമത്തിന്റെ ദൃഷ്ടാന്തമായി ഇവരെ അവതരിപ്പിക്കുന്നുവെന്നു മാത്രം.അക്രൂരനോടൊത്തു മഥുരയിലേക്കു പോയ കൃഷ്ണന്‍ തിരിച്ചു ഗോകുലത്തിലേക്കു വരുന്നില്ല. രാധയെക്കുറിച്ചു പിന്നീട് പരാമര്‍ശങ്ങളും കാണുന്നില്ല.

മഹാഭാരതത്തിലെ അത്യന്തം കരുണാര്‍ദ്രമായ ഘട്ടമാണ് ഗാന്ധാരീവിലാപം. താന്‍ പെറ്റ മക്കളില്‍ നൂറുപേരും മരണമടഞ്ഞു. പാണ്ഡവപക്ഷത്തെ അഭിമന്യുവിനെപ്പോലെ വിരിയുന്നതിനു മുമ്പേ കൊഴിഞ്ഞുപോയ പൂക്കള്‍ വേറെയും. ജ്ഞാതികളില്‍ ഏറിയ പങ്കും ചത്തു മണ്ണടിഞ്ഞു. ഇതെല്ലാംകണ്ട്, താപവും കോപവും വളര്‍ന്ന്, ഈ സര്‍വനാശത്തിനും കാരണക്കാരനെന്നു താന്‍ കണ്ട കൃഷ്ണനെ ഗാന്ധാരി ശപിക്കുന്നുണ്ട്;

"... നീയും തവ-

വംശവും കൂടി മുടിഞ്ഞു പോമില്ലൊരു

സംശയം, മൂന്നു പന്തീരാണ്ടു ചെല്ലുമ്പോള്‍

എന്നാണു ശാപം. കൃഷ്ണന്‍ ഇത് തികച്ചും നിര്‍ല്ലേപനായി ചിരിച്ചുകൊണ്ടുതന്നെ കേട്ടു നിന്നുവെന്നു മാത്രമല്ല, 'എന്റെയും ആഗ്രഹം അതുതന്നെ' എന്നു മറുപടിയും കൊടുക്കുന്നുണ്ട്. ഇതിനുശേഷം ഒരിക്കല്‍ കൃഷ്ണപുത്രനായ സാംബനെ യാദവന്മാരൊക്കെക്കൂടി ഗര്‍ഭിണിയുടെ വേഷം കെട്ടിച്ചു. അപ്പോള്‍ അതുവഴി കടന്നുപോയ സപ്തര്‍ഷികളോട് ആ ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നു ചോദിച്ച് പരിഹസിച്ചു. 'ഗര്‍ഭത്തിലുള്ളതു ഇരുമ്പുലക്കയാണെന്നും, അതുമൂലം യാദവവംശം തന്നെ മുടിഞ്ഞുപോകുമെന്നും' ക്രുദ്ധരായ മുനിമാര്‍ ശപിച്ചു. ഈ ശാപങ്ങളാണ് യാദവവംശത്തിന്റെ അന്ത്യം കുറിച്ചത്. മുനിമാരുടെ ശാപം ഫലിച്ചു. സാംബന്റെ ഉദരത്തില്‍നിന്നും ഒരിരുമ്പുലക്ക പുറത്തുവന്നു. യാദവര്‍ സംഭ്രാന്തരായി. അവര്‍ ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലില്‍ കലക്കി. പക്ഷേ ആ പൊടി കരയ്ക്കടിഞ്ഞു പുല്ലുകളായി വളര്‍ന്നു. പൊടിയാതെ കിടന്ന ഒരു കഷണം, ജര എന്നു പേരുള്ള ഒരു വേടന്റെ കൈയില്‍ കിട്ടി. ഒരിക്കല്‍ മദ്യപിച്ചു മത്തരായ യാദവര്‍ പരസ്പരം വഴക്കാരംഭിച്ചു. സമുദ്രതീരത്തു വളര്‍ന്നുനിന്ന 'ഉലക്കപ്പുല്ലുകള്‍' പറിച്ച് അടി തുടങ്ങി. അടികൊണ്ട് എല്ലാവരും മരിച്ചുവീണു. ഇരുമ്പുകഷണം കിട്ടിയ വേടന്‍ അത് തന്റെ അസ്ത്രത്തിന്റെ മുനയില്‍ ഉറപ്പിച്ചു കാട്ടിലൂടെ പോകുമ്പോള്‍ ദൂരെ കണ്ടതായി തോന്നിയ ഒരു മാനിന്റെ നേര്‍ക്ക് പ്രയോഗിച്ചു. യഥാര്‍ഥത്തില്‍ അതു മാനായിരുന്നില്ല. വംശത്തിന്റെ സര്‍വനാശം കണ്ട കൃഷ്ണന്‍, തനിക്കും തിരികെപ്പോകാന്‍ സമയമായി എന്നു മനസ്സിലാക്കി, ഏകാകിയായി വനാന്തരത്തില്‍ ഒരിടത്ത് മലര്‍ന്നു കിടക്കുകയായിരുന്നു. മടക്കി വച്ച ഒരു കാല്‍മുട്ടിന്റെ മുകളില്‍ കയറ്റിവച്ച മറ്റേ പാദത്തിന്റെ അരുണനിറമാണ് വേടനില്‍ മൃഗശങ്കയുണര്‍ത്തിയത്. വേടന്റെ അമ്പേറ്റയുടന്‍ കൃഷ്ണന്‍ മരണമടയുകയും, ജനിച്ചപ്പോഴെന്നപോലെ സമസ്തവൈഷ്ണവചിഹ്നങ്ങളും ധരിച്ചു വൈകുണ്ഠത്തിലേക്കു മടങ്ങുകയും ചെയ്തു. ബാലിയുടെ പുനര്‍ജന്മമാണ് ഈ വേടന്‍ എന്നും കഥയുണ്ട്.

കൃഷ്ണനും രാധയും ചുവര്‍ ചിത്രം

കൃഷ്ണന്‍ നൂറ്റിയിരുപത്തിയഞ്ചു വയസ്സുവരെ ജീവിച്ചിരുന്നു എന്നാണ് ഭാഗവതത്തില്‍ പറയുന്നത്. സ്വര്‍ഗാരോഹണത്തോടെ, അദ്ദേഹം വസിച്ചിരുന്ന സൌധമൊഴികെ ദ്വാരകമുഴുവനും കടല്‍ വിഴുങ്ങിയെന്നും പുരാണങ്ങളില്‍ പ്രസ്താവമുണ്ട്. കൃഷ്ണന്റെ അപരക്രിയകള്‍ നടത്തിയത് അര്‍ജുനനായിരുന്നു. സതീധര്‍മം അനുസരിച്ച് രുക്മിണി, ജാംബവതി എന്നിങ്ങനെ ചിലര്‍ അഗ്നിപ്രവേശം ചെയ്തപ്പോള്‍, സത്യഭാമ തുടങ്ങിയ മറ്റുചിലര്‍ മരണപര്യന്തം തപോവൃത്തിയില്‍ കഴിഞ്ഞുകൂടി. ശേഷിച്ചവരെ അര്‍ജുനന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുമ്പോള്‍, അവര്‍ കൊള്ളക്കാരുടെ ആക്രമണത്തിനു വിധേയരായി. തന്റെ വില്ല് ഒന്നു കുലയ്ക്കുവാന്‍ പോലും അര്‍ജുനനു കഴിഞ്ഞുമില്ല. ശത്രുക്കള്‍ക്കു പിടികൊടുക്കാതെ സ്ത്രീകള്‍ മുഴുവന്‍ സരസ്വതീനദിയില്‍ ദേഹത്യാഗം ചെയ്യുകയാണുണ്ടായത്.

കൃഷ്ണസങ്കല്പത്തിന്റെ സാര്‍വജനീനത്വം. മാനുഷവും അതിമാനുഷവും അമാനുഷവുമായ അനേകം അദ്ഭുതപ്രവര്‍ത്തനങ്ങളുടെ ആകരമെന്ന നിലയില്‍ പുരാണേതിഹാസങ്ങള്‍ മുതല്‍ ഇന്നുവരെയുള്ള സാഹിത്യസൃഷ്ടികള്‍ അവതരിപ്പിക്കുന്ന കൃഷ്ണചിത്രം സകല ഭാരതീയരുടെയും സവിശേഷമായ ആദരവിന്റെയും ഭക്തിവാത്സല്യങ്ങളുടെയും കേന്ദ്രബിന്ദുവാണ്. നാസ്തികനും യുക്തിവാദിക്കും പോലും കൃഷ്ണസങ്കല്പത്തോട് അനിരോധ്യമായ ഒരാകര്‍ഷണം തോന്നാനിടയായിട്ടുണ്ടെങ്കില്‍ അതിനു മുഖ്യനിദാനം അദ്ഭുതകൃത്യങ്ങള്‍ക്കിടയിലും ആ പുരാണകഥാപാത്രത്തില്‍ തെളിഞ്ഞു കാണുന്ന മാനുഷികതയും അതിന്റെ അവിഭക്താംശമായ പ്രായോഗിക ജീവിതദര്‍ശനവുമാണ്. മത്സ്യം മുതല്‍ അനുക്രമമായി വികാസം പ്രാപിച്ചു എന്ന ആധുനിക ജീവപരിണാമസിദ്ധാന്തം വിഷ്ണുവിന്റെ പൂര്‍ണാവതാരമാണ് കൃഷ്ണന്‍ എന്നുള്ള ഭാരതീയ സങ്കല്പവുമായി സമരസപ്പെടുന്നതാണ്. സാധുക്കളെ പരിത്രാണം ചെയ്തും ദുഷ്ടരെ നശിപ്പിച്ചും ധര്‍മസംസ്ഥാപനം ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് യുദ്ധഭൂമിയില്‍   പ്രഖ്യാപിച്ച കൃഷ്ണന്‍ ആധുനിക രാഷ്ട്രതന്ത്രജ്ഞതയുടെ കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോഴും സമസ്തഭൌതികവിജയങ്ങളുടെയും ഒരു പ്രതീകാഭിജ്ഞാനമെന്ന നിലയില്‍ വ്യക്തമായി തെളിയുന്നുണ്ട്. പാണ്ഡവരുടെ ജീവിതയാത്രയില്‍, പ്രത്യേകിച്ചും കുരുക്ഷേത്രയുദ്ധത്തില്‍, ഈ നയോപായ നിപുണന്‍ വഹിച്ച പങ്കു വ്യക്തമാക്കുന്നത് ലക്ഷ്യം നേടിയെടുക്കുന്നതിന് ഉചിതമായ മാര്‍ഗങ്ങള്‍ വേണ്ടസമയത്ത് കണ്ടെത്താന്‍ തന്റെ മുമ്പില്‍ ഒന്നും തടസ്സമല്ലായിരുന്നുവെന്ന് മാത്രമാണ്.

കൃഷ്ണനും ഗോപികമാരും-പെയിന്റിങ്

ലോകരുടെയെല്ലാം യോഗക്ഷേമത്തില്‍ തത്പരനായ കൃഷ്ണന്‍ ഒരിക്കല്‍ നാരദനോടു തന്റെ അവസ്ഥ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: 'എനിക്ക് ഐശ്വര്യമുള്ളതുകൊണ്ടു ബന്ധുക്കള്‍ എന്റെ ദാസ്യം ചെയ്യണമെന്നു ഞാന്‍ വിചാരിക്കുന്നില്ല. സമ്പത്തിന്റെ ഒരംശം മാത്രമേ ഞാന്‍ അനുഭവിക്കുന്നുള്ളൂ. അവരുടെ ചീത്ത വാക്കുകളെല്ലാം ഞാന്‍ സഹിക്കുന്നു. അവരുടെ ദുരുക്തികള്‍ എന്റെ ഹൃദയത്തെ മഥിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠനായ ബലരാമന്‍ എപ്പോഴും ബലംകൊണ്ട് അഹങ്കരിക്കുന്നു. അനുജനായ ഗദന്‍ കോമളനായി ചമഞ്ഞു നടക്കുന്നു. മകന്‍ പ്രദ്യുമ്നന്‍ സുന്ദരനായി വിലസുന്നു. അവരാരും എന്നെ സഹായിക്കുന്നില്ല. ബലവാന്മാരും പരാക്രമികളും സമ്പന്നരുമായ വൃഷ്ണികളും അന്ധകന്മാരും പരസ്പരം സ്പര്‍ധാലുക്കളായി മാറിയിരിക്കുന്നു. അക്രൂരനും ആഹുകനും എന്റെ കൂടെ ഉണ്ടായിരുന്നാലും ദുഃഖം; ഇല്ലാതിരുന്നാലും ദുഃഖം. ചൂതുകളിക്കാരായ മക്കളുടെ അമ്മ എന്നപോലെ ഞാന്‍ ഒരാള്‍ക്കു വിജയം ആശംസിക്കുന്നു, അപരന്‍ തോല്ക്കരുതേ എന്ന് പ്രാര്‍ഥിക്കുന്നു'. നാരദന്റെ മറുപടിയും ശ്രദ്ധേയമാണ്. 'ആപത്തു രണ്ടുവിധം-സ്വന്തക്കാരില്‍ നിന്നുണ്ടാകുന്നതും മറ്റുള്ളവരില്‍ നിന്നുണ്ടാകുന്നതും. സ്വയംകൃതമെന്നും പരാകൃതമെന്നും വീണ്ടും രണ്ടായി പിരിക്കാം. നിനക്കുണ്ടായിരിക്കുന്നത് സ്വന്തക്കാരില്‍ നിന്നാണ്. അതു സ്വയംകൃതവുമാണ്. നിനക്കു കിട്ടിയ അധികാരം നീ ലോകാപവാദം ഭയന്നോ മറ്റുകാരണത്താലോ മറ്റുള്ളവര്‍ക്കു കൊടുത്തു. ഛര്‍ദിച്ച ഭക്ഷണംപോലെ അത് ഇനി തിരികെ എടുക്കാന്‍ സാധ്യമല്ല. അതുകൊണ്ട് നാക്ക് മയപ്പെടുത്തി അവരുടെ കുത്തുവാക്കുകള്‍ക്കു പകരം ശാന്തവും മധുരവും ആയ വാക്കു പറഞ്ഞ് അവരുടെ നാവ് അടക്കുകയേ നിവൃത്തിയുള്ളൂ'. കണ്‍മുമ്പില്‍ അവര്‍ തമ്മില്‍ത്തല്ലി നശിച്ചു. എങ്കിലും ആ യോഗേശ്വരന്‍ താന്‍ ഗീതയില്‍ ഉപദേശിച്ചതുപോലെ സമചിത്തത കൈവെടിയാതെ സംഗം വെടിഞ്ഞു. തന്റെ ധര്‍മമെന്ന ബുദ്ധിയോടുകൂടി ഫലാപേക്ഷ കൂടാതെ തന്റെ അവതാരകൃത്യം നിര്‍വഹിച്ചു.

കരയുന്ന കൃഷ്ണനോ ചിരിക്കുന്ന രാമനോ ഭാരതീയ സങ്കല്പത്തിലില്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യനിഷ്ഠനായി പുഞ്ചിരിക്കുന്ന കൃഷ്ണനെയാണ് എവിടെയും കാണുന്നത്. ദുരാചാരനായ മാതുലനെ കൊല്ലുമ്പോഴും കൊലയാനയെ നേരിടുമ്പോഴും ചാണൂരന്റെ അശനിപ്രഹരങ്ങള്‍ ഏല്ക്കുമ്പോഴും ശിശുപാലന്റെ ക്രൂരഭര്‍ത്സനങ്ങള്‍ കേള്‍ക്കുമ്പോഴും പുത്രശോകാര്‍ത്തയായ ഗാന്ധാരിയുടെ ശാപം ശിരസാ ഏറ്റുവാങ്ങുമ്പോഴും സ്വന്തം മക്കള്‍ മദാന്ധരായി തമ്മില്‍ത്തല്ലി മരിച്ചുവീഴുമ്പോഴും ഒടുവില്‍ വേടന്റെ അമ്പേല്ക്കുമ്പോഴും ആ മുഖത്തില്‍ മായാത്ത പുഞ്ചിരിയാണ് കളിയാടിയിരുന്നത്. 'പ്രസന്നനായ മനുഷ്യന്‍'- അവനാണ് പൂര്‍ണമനുഷ്യന്‍. അങ്ങനെ പ്രസന്നനായ കൃഷ്ണന്‍ പൂര്‍ണാവതരമായി ഗണിക്കപ്പെടുന്നു. 'പ്രസാദേ സര്‍വ ദുഃഖാനാം ഹാനിരസ്യോƒപജായതേ പ്രസന്നചേതസോഹ്യാശുബദ്ധിഃ പര്യവതിഷ്ഠതേ' എന്ന ഗീതയിലെ തന്റെ ഉപദേശത്തെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃകാജീവിതം നയിച്ച പുരുഷോത്തമനാണ് കൃഷ്ണന്‍. പിതാവ്, പുത്രന്‍, ശിഷ്യന്‍, ബന്ധു, പതി, നയതന്ത്രവിശാരദനായ പ്രഭു, സുഹൃത്ത്, സതീര്‍ഥ്യന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം അനുകരണാദര്‍ശഭൂതനായ ഒരു പൂര്‍ണമനുഷ്യനായി കൃഷ്ണനെ വിഭാവനം ചെയ്യാവുന്നതാണ്. ഐശ്വര്യാദിഷാഡ് ഗുണ്യപരിപൂര്‍ണനായ കൃഷ്ണനാണ് 'ഭഗവാന്‍' എന്ന പേരിനു യഥാര്‍ഥാശ്രയമെന്നു നാരായണീയത്തില്‍ പ്രസ്താവിച്ചുട്ടുള്ളതും ശ്രദ്ധേയമാണ്.

ചരിത്രം. കൃഷ്ണനെന്ന പേര് ഋഗ്വേദത്തില്‍ മൂന്നു സ്ഥലത്തു കാണുന്നുണ്ട്. മന്ത്രദ്രഷ്ടാവായ ആംഗിരസഗോത്രത്തില്‍പ്പെട്ട കൃഷ്ണനാണ് ഒന്ന്. കൃഷ്ണനില്‍നിന്നും ഗര്‍ഭം ധരിച്ച സ്ത്രീകളെ ഇന്ദ്രന്‍ നശിപ്പിച്ചതായി ഒരു ഋക്കില്‍ പറയുന്നു. കൃഷ്ണന്റെ പുത്രനായ വിശ്വകന്‍ തന്റെ നഷ്ടപ്പെട്ട പുത്രനായ വിഷ്ണാപുവിനെ തിരികെ കിട്ടാന്‍ അശ്വനീദേവന്മാരെ പ്രാര്‍ഥിച്ചതായി മറ്റൊരു ഋക്കില്‍ വര്‍ണിച്ചിരിക്കുന്നു. ഐതരേയാരണ്യകത്തില്‍ ഹാരീതഗോത്രനായ ഒരു കൃഷ്ണനെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ കൃഷ്ണന്മാരൊന്നും പുരാണത്തിലെ കൃഷ്ണനാകാന്‍ സാധ്യതയില്ല. ഛാന്ദ്യോഗ്യോപനിഷത്തില്‍ ആംഗിരസഘോരനെ ദേവകീ പുത്രനായ കൃഷ്ണന്റെ ഗുരുവായി പറയുന്നുണ്ട്. എന്നാല്‍ പുരാണത്തില്‍ ഘോരനെ കൃഷ്ണന്റെ ഗുരുവായി പറയുന്നില്ല. ബൌദ്ധജാതകത്തിലും ജൈനകഥയിലും വസുദേവകൃഷ്ണന്റെ പരാമര്‍ശമുണ്ട്. പാണിനിയുടെ കാലത്തുതന്നെ യദുവംശത്തിന്റെ അവാന്തര വിഭാഗങ്ങളായ വൃഷ്ണിവംശവും അന്ധകവംശവും പ്രസിദ്ധമായിരുന്നു (ഋഷ്യന്ധകവൃഷ്ണി കുരുഭ്യശ്ച-അഷ്ടാധ്യായീ സൂത്രം). മഹാഭാഷ്യകാരനായ പതഞ്ജലി അന്ധര്‍ക്കു ശ്വഫല്കന്‍, ഉഗ്രസേനന്‍ എന്നും വൃഷ്ണികള്‍ക്ക് വസുദേവന്‍, വിഷ്വക്സേനന്‍ എന്നും ഉദാഹരണങ്ങള്‍ നല്കുന്നു. പതഞ്ജലിയുടെ കാലത്ത് കംസവധംകഥ രംഗത്ത് അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് കൃഷ്ണന്‍ ഒരു ചരിത്രപുരുഷനാണെന്നു പറയണം.

സര്‍വധര്‍മസംസ്ഥാപനമാണ് കൃഷ്ണന്റെ ലക്ഷ്യം. തന്റെ ജീവിതകാലത്തുതന്നെ കൃഷ്ണന്‍ ആരാധ്യനായിത്തീര്‍ന്നിരുന്നുവെന്നു കരുതാം. രാജസൂയയാഗത്തില്‍ ഇദ്ദേഹത്തിനു ധര്‍മപുത്രര്‍ അഗ്രപൂജ നല്കുന്നതും ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ ഇദ്ദേഹത്തെ സ്തുതിക്കുന്നതും ഇതു വ്യക്തമാക്കുന്നു. ഏറ്റവും വലിയ തത്ത്വചിന്തകനാണ് കൃഷ്ണനെന്നതിനു ഭഗവദ്ഗീത തന്നെ ഉദാഹരിക്കാം. മതത്തിന്റെ പരിവേഷത്തില്‍ നിന്നു മാറ്റിനിര്‍ത്തിയാലും ഗീതയുടെ മഹത്ത്വം അല്പവും കുറയുന്നില്ല.

കൃഷ്ണസന്നിധിയിലെത്തിയ കുചേലന്‍-പെയിന്റിങ്

ഏതവസ്ഥയിലും ആരാധിക്കപ്പെടുന്ന ദൈവമാണ് കൃഷ്ണന്‍. കാലിലെ പെരുവിരല്‍ കുടിച്ചുകൊണ്ടു ആലിലയില്‍ ശയിക്കുന്ന കൃഷ്ണന്റെ ശിശുരൂപം നയനാസേചനകമാണ്. ബാലലോകത്തിന്റെ പ്രതീകമാണ് ബാലകൃഷ്ണന്‍. ഗോപസ്ത്രീകളുടെ സ്നേഹഭാജനമാണ് മുരളീധരനായ കൃഷ്ണന്‍. കൃഷ്ണന്റെ ബാലലീലകളും പ്രേമലീലകളും മധുരമനോഹരങ്ങളാണ്. ഇവ പ്രതിപാദിക്കുന്ന കവിതകളും ഗാനങ്ങളും ചിത്രരചനകളും രംഗാവതരണങ്ങളും ഭാരതീയ സാഹിത്യത്തിലും കലയിലും സജീവമാണ്. ഗോപികമാരുമായുള്ള ലീലകള്‍ ശൃംഗാരാത്മകമായിട്ടാണു വര്‍ണിച്ചിട്ടുള്ളതെങ്കിലും ആ സമയത്ത് കൃഷ്ണന്റെ പന്ത്രണ്ടു വയസ്സിനു താഴെയുള്ള പ്രായവും ഗോപസ്ത്രീകളുടെ സംഖ്യയും ഓര്‍ത്താല്‍ അതില്‍ കാമത്തിന്റെ അംശം കാണാന്‍ സാധ്യമല്ല. ഭാരതീയ സിദ്ധാന്തമനുസരിച്ച് ഈശ്വരവിഷയകമായ രതി തന്നെയാണു ഭക്തി. 'നഖലുഗോപികാനന്ദനോഭവാനഖിലദേഹിനാമന്തരാത്മദൃക്' എന്ന് ഗോപസ്ത്രീകള്‍ തന്നെ പറയുന്നു. കൃഷ്ണന്‍ അറുപത്തിനാലു കലകളും അഭ്യസിച്ചിരുന്നുവെന്നും പ്രസ്താവമുണ്ട്. മയില്‍പ്പീലിയും പീതാംബരവും ധരിച്ച വേഷവും സകലചരാചരങ്ങളെയും മോഹിപ്പിക്കുന്ന വേണുവാദനസാമര്‍ഥ്യവും രാസലീലയിലെ നൃത്തപാടവവും അതിനു സാക്ഷ്യം വഹിക്കുന്നു.

ദൈവിക പരിവേഷത്തില്‍ നിര്‍വഹിച്ച അദ്ഭുത വിക്രമങ്ങളില്‍ കൂടിയല്ലാതെ മനുഷ്യന്റെ സകലവിധ ശക്തിദൗര്‍ബല്യങ്ങളോടുകൂടിയ കൃഷ്ണനെയും ഈ പുരാണകഥകളില്‍ കാണാം. ഗോപബാലന്മാരുമൊത്ത് ചെറുപ്പത്തില്‍ കാലിമേച്ച് നടന്നപ്പോഴും കുളിച്ചുകൊണ്ടിരുന്ന ഗോപസ്ത്രീകളുടെ ഉടുതുണികള്‍ കൈക്കലാക്കി മരക്കൊമ്പുകള്‍ക്കിടയില്‍ മറയുമ്പോഴും അയല്‍വീടുകളില്‍ കയറി പാലും വെണ്ണയും കട്ടുഭുജിച്ചപ്പോഴും പ്രത്യക്ഷപ്പെടുന്ന ഉണ്ണിക്കൃഷ്ണന്റെ ശൈശവചാപല്യങ്ങള്‍ യുദ്ധഭൂമിയിലെത്തിയപ്പോഴേക്കും ഉദഗ്രവും അധൃഷ്യവുമായ ആജ്ഞാശക്തിയായി പരിപക്വമാകുന്നു. യുദ്ധതന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി പ്രയോഗിക്കുന്നതില്‍ കൃഷ്ണനുള്ള ചാതുര്യം ഗീതയില്‍ ഉടനീളം കാണാം. നോ. ഗീത

സാഹിത്യാദികലകളില്‍. സംസ്കൃത സാഹിത്യത്തില്‍ കൃഷ്ണചരിതത്തിന്റെ പ്രഭാവം സീമാതീതമാണ്. ലൗകികന്മാരും ഭക്തന്മാരും മുമുക്ഷുക്കളുമായ കവികളെല്ലാം കൃഷ്ണകഥാനുഗായികളാണ്. 16-ഉം 17-ഉം ശതകങ്ങളില്‍ ആസേതുഹിമാചലം ഭാരതീയ ജനതയെ ആവേശം കൊള്ളിച്ച വിഷ്ണുഭക്തിയുടെ ആവിഷ്കര്‍ത്താക്കളായ ആചാര്യന്മാരും കവികളും പ്രായേണ കൃഷ്ണചരിതാമൃതത്താല്‍ പ്രചോദിതരാണ്. ഭക്താഗ്രണികളായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാടും വില്വമംഗലം സ്വാമിയാരെന്ന് അറിയപ്പെടുന്ന ലീലാശുകനും സംസ്കൃതത്തില്‍ കൃഷ്ണലീലകള്‍ ആഖ്യാനം ചെയ്തു നിത്യാനന്ദമനുഭവിച്ച സുകൃതികളത്രേ. നാരായണീയത്തിലെ 'അഗ്രേപശ്യാമി' എന്നു തുടങ്ങുന്ന കേശാദിപാദവര്‍ണനം അത്യന്തം മനോഹരമായ വാങ്മയചിത്രമാണ്. കുലശേഖരന്റെ മുകുന്ദമാലയും ഭക്തിരസനിര്‍ഭരമായ ഒരു സ്തോത്രമാണ്. രാധാമാധവന്മാരുടെ ശൃംഗാരഭാവങ്ങളെ വര്‍ണിക്കുന്ന ജയദേവന്റെ അഷ്ടപദിയെന്ന പേരില്‍ പ്രസിദ്ധമായ ഗീതഗോവിന്ദം മധുരകോമളകാന്തപദാവലിയോടു കൂടിയ രസനിഷ്യന്ദിയായ കവിതയെന്നതിനുപുറമേ സ്തോത്രരത്നമെന്ന നിലയിലും ഗാനം ചെയ്യപ്പെടുന്നു (നോ. ഗീതഗോവിന്ദം). 'കരാരവിന്ദേനപദാരവിന്ദം മുഖാരവിന്ദേവിനിവേശയന്തം, വടസ്യപത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാസ്മരാമി' എന്ന മുകുന്ദാഷ്ടകശ്ളോകം ഒരു കൈകൊണ്ട് കാലിന്റെ പെരുവിരല്‍ വായിലേക്കടുപ്പിക്കുന്ന വടപത്രശായിയായ ഉണ്ണിക്കൃഷ്ണന്റെ മനോഹരചിത്രം വരച്ചുകാട്ടുന്നു. സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസവും ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയവും കേരളീയര്‍ക്ക് പ്രിയങ്കരങ്ങളായ കാവ്യങ്ങളുമാണ്.

ഹിന്ദികവികളില്‍ അഗ്രഗണ്യനായ സൂര്‍ദാസിന്റെ സൂര്‍സാഗര്‍ കൃഷ്ണലീലാചിത്രങ്ങളുടെ ഭണ്ഡാഗാരമാണ്. കൃഷ്ണഭക്തിശാഖയിലെ നന്ദദാസ്, പരമാനന്ദദാസ്, അബ്ദുല്‍ റഹിം ഖാന്‍ഖാന, രസഖാന് മീരാഭായി മുതലായ കവികളും ശ്രീകൃഷ്ണചരിതകീര്‍ത്തനത്തില്‍ ആത്മനിര്‍വൃതി കണ്ടെത്തിയവരാണ്. ആധുനിക കാലഘട്ടത്തില്‍ കൃഷ്ണകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട രണ്ടു കാവ്യങ്ങളാണ് കൃഷ്ണായന്‍ (ദ്വാരികാപ്രസാദ്മിശ്ര), പ്രിയപ്രവാസ് (അയോധ്യാ സിംഹ് ഉപാധ്യായ് 'ഹരി ഔധ്') എന്നീ കൃതികള്‍. മൈഥിലിഭാഷയില്‍ വിദ്യാപതി രചിച്ച പദാവലി രാധാമാധവന്മാരുടെ വിലാസകലവികളുടെ മധുരോദാരമായ ചിത്രമാണ്. ഭക്തിപ്രസ്ഥാനത്തിലെ രാധാവല്ലഭ സമ്പ്രദായത്തിന്റെ അനുയായികളായ നിരവധി ബംഗാളി കവികള്‍ക്ക് രാധാകൃഷ്ണന്മാര്‍ കാവ്യപ്രചോദനത്തിന്റെ ഉറവിടമായിത്തീര്‍ന്നിട്ടുണ്ട്. ചണ്ഡീദാസിന്റെ കൃഷ്ണകീര്‍ത്തനം ഇവിടെ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

തമിഴ്സാഹിത്യത്തിലെ വൈഷ്ണവ കവികളായ ആഴ്വാരന്മാരുടെ കൃതികളിലും കൃഷ്ണപ്രഭാവത്തിന്റെ സ്വാധീനത കാണാന്‍ കഴിയും. ആണ്ടാളുടെ തിരുപ്പാവൈ പ്രസിദ്ധമാണ്. തെലുഗുസാഹിത്യത്തിലെ അന്നമാചാര്യകവിയും സൂര്‍ദാസിന്റെ കാലടികളെ പിന്തുടര്‍ന്ന ഭക്താഗ്രണിയത്രേ.

മലയാളസാഹിത്യത്തിലും ശ്രീകൃഷ്ണ സങ്കല്പത്തിന്റെ സ്വാധീനത പ്രകടമാണ്. നിരണം കവികളുടെ ഭഗവദ്ഗീത, ഭാരതമാല മുതലായ കൃതികളും ചെറുശ്ശേരിയുടെ മധുരോദാരകാവ്യമായ കൃഷ്ണഗാഥയും പൂന്താനത്തിന്റെ സന്താനഗോപാലവും കൃഷ്ണകര്‍ണാമൃതവും ഇവിടെ ഉല്ലേഖനീയമാണ്. എഴുത്തച്ഛന്റെ ഭാരതം കിളിപ്പാട്ടിലെ കര്‍ണപര്‍വത്തിലുള്ള പാര്‍ഥസാരഥിയുടെ വാങ്മയചിത്രം പ്രസിദ്ധമാണ്. പതിവുപോലെ കുഞ്ചന്‍നമ്പ്യാര്‍ക്ക് കൃഷ്ണന്‍ തികച്ചും കേരളീയനുമാണ്. ആധുനിക മലയാളസാഹിത്യത്തിലും കൃഷ്ണസങ്കല്പം തുടര്‍ന്നും സ്വാധീനത ചെലുത്തുന്നുണ്ട്. വള്ളത്തോള്‍, ഉള്ളൂര്‍, വെണ്ണിക്കുളം, കുഞ്ഞിരാമന്‍നായര്‍, പാലാ തുടങ്ങിയവര്‍ കൃഷ്ണചരിതഭാവനയാല്‍ പ്രചോദിതരായ ആധുനിക കവികളാണ്. ആധുനിക കൃതികളില്‍ കൃഷ്ണകഥയിലെ പല സന്ദര്‍ഭങ്ങളും പരമ്പരാഗതമായ രീതി വിട്ടു പുതിയ വ്യാഖ്യാനങ്ങള്‍ക്കും ഭാവനകള്‍ക്കും വകനല്കിയിട്ടുണ്ട്. മലയാളത്തിലെ ബാലസാഹിത്യത്തിന്റെ ആദ്യാങ്കുരങ്ങള്‍ ഉണ്ണിക്കൃഷ്ണസങ്കല്പവുമായി ബന്ധപ്പെട്ടവയാണ്.

കൃഷ്ണസങ്കല്പവുമായി ബന്ധപ്പെട്ട അതിവിപുലമായ ഒരു ഗാനസാഹിത്യസമ്പത്ത് ഭാരതത്തിനുണ്ട്. സ്വാതിതിരുനാള്‍ ഉള്‍പ്പെടെയുള്ള മിക്ക വാഗ്ഗേയകാരന്മാര്‍ക്കും ഗാനരചയിതാക്കള്‍ക്കും കൃഷ്ണകഥ അക്ഷയമായ സ്രോതസ്സായി നിലകൊള്ളുന്നു. 'കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ കഴലിണ കൈതൊഴുന്നേന്‍' എന്ന ഇരയിമ്മന്‍തമ്പിയുടെ ഗാനം ശ്രദ്ധേയമാണ്.

കൃഷ്ണലീലകളെയും മറ്റും ആലേഖനം ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ചിത്രങ്ങള്‍ ശൈലിയില്‍ കാശ്മീരി, രാജസ്ഥാനി, ബംഗാളി, മലയാളി എന്നൊക്കെ വ്യത്യാസം ഉള്ളവയാണെങ്കിലും സങ്കല്പത്തില്‍ ഐക്യം പുലര്‍ത്തുന്നുണ്ട്. അതുപോലെ കൃഷ്ണചരിതം ശില്പികളുടെ ഭാവനയുടെ ഉത്തേജനത്തിനും പ്രയോജകീഭവിച്ചിട്ടുണ്ട്. കൃഷ്ണന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ ആവിഷ്കരിക്കുന്ന സുന്ദരശില്പങ്ങള്‍ അതിപ്രാചീന കാലത്തു തന്നെ ഉണ്ടായിരുന്നതായി കാണാം.

ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളായ ഒഡീസിയും മണിപ്പൂരിയും കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി നൃത്തങ്ങള്‍ രൂപവത്കരിച്ചു വൃന്ദാവനത്തില്‍ അവതരിപ്പിച്ചിരുന്ന രാസലീല നൃത്തരൂപം കഥക്, കൃഷ്ണനാട്ടം എന്നിവയുമായി ആശയങ്ങള്‍ പങ്കിട്ടു. കഥകളിയുടെ മുന്‍ഗാമിയായ കൃഷ്ണനാട്ടം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് അവതരിപ്പിച്ച് വന്നത്. മധ്യകാല മഹാരാഷ്ട്രയില്‍ രൂപപ്പെട്ടുവന്ന ഹരികഥ എന്ന കലാരൂപത്തില്‍ കൃഷ്ണകഥ നൃത്തം, സംഗീതം എന്നിവയുടെ സഹായത്തോടെ വിശദീകരിക്കുകയായിരുന്നു. ഇത് തമിഴ്നാട്, കേരളം മുതലായ തെക്കന്‍ സംസ്ഥാനത്തേക്ക് വ്യാപിച്ചു. ഈ കലാരൂപത്തില്‍ നിന്നാണ് കഥാപ്രസംഗം വികസിച്ചുവന്നത്. കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന യക്ഷഗാനം എന്ന കലാരൂപം പുരാണത്തിലെ കൃഷ്ണകഥയെ അവലംബിച്ചാണ് രൂപപ്പെട്ടത്. പല ഇന്ത്യന്‍ ഭാഷകളിലേയും ചലച്ചിത്രങ്ങളെ കൃഷ്ണകഥ സ്വാധീനിച്ചിട്ടുണ്ട്. ദൃശ്യകലാരൂപങ്ങള്‍ക്ക് ഇത്രത്തോളം നിറപ്പകിട്ടു പകര്‍ന്നിട്ടുള്ള മറ്റൊരു കഥയും ലോകത്തില്‍ അത്യപൂര്‍വമാണ്.

ഇന്ത്യയില്‍ കൃഷ്ണാരാധന നിര്‍വിഘ്നം തുടരുന്ന ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കേരളത്തിലെ ഗുരുവായൂര്‍, കര്‍ണാടകത്തിലെ ഉഡുപ്പി, ഗുജറാത്തിലെ ദ്വാരക, ഉത്തര്‍പ്രദേശിലെ മഥുരാപുരി തുടങ്ങിയ ഇടങ്ങളിലെ പ്രസിദ്ധങ്ങളായ കൃഷ്ണക്ഷേത്രങ്ങള്‍ ഭക്തരുടെ തീര്‍ഥാടനകേന്ദ്രങ്ങളാണ്. ശ്രീകൃഷ്ണജയന്തി ആണ്ടുതോറും ഭക്തിനിര്‍ഭരമായി നാടെങ്ങും ആഘോഷിക്കപ്പെടുന്നു. സ്വാമിപ്രഭുപാദന്‍ സ്ഥാപിച്ച 'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്നസ്' യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഐക്യനാടുകളില്‍പോലും സജീവമാണ്. ശിഖ ധരിച്ച് ഊര്‍ധ്വപുണ്ഡ്രം ചാര്‍ത്തി കാഷായകച്ഛമണിഞ്ഞ അനുയായികള്‍ ലോകമെങ്ങും ഭാഗവതസിദ്ധാന്തങ്ങളും ഗീതാതത്ത്വങ്ങളും പ്രചരിപ്പിക്കുന്നു. അമേരിക്കയില്‍ 1970-കളില്‍ രൂപംകൊണ്ട ഈ 'ഹരേകൃഷ്ണ' പ്രസ്ഥാനം കൃഷ്ണാരാധനയുടെയും ഗീതാസന്ദേശ വ്യാപനത്തിന്റെയും സാര്‍വലൗകികമായ മുഖമാണ്.

(പ്രൊഫ. വി. വെങ്കടരാജശര്‍മ; ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍