This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോബില്‍ക്ക, ബ്രിയന്‍ കെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:36, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോബില്‍ക്ക, ബ്രിയന്‍ കെന്റ്‌

Kobilka, Brian Kent (1955 - )

നോബല്‍ സമ്മാനാര്‍ഹനായ (2012) അമേരിക്കന്‍ വൈദ്യശാസ്‌ത്രജ്ഞന്‍. ശരീരകോശങ്ങളുടെ സംവേദനക്ഷമതയ്‌ക്കും അവ തമ്മിലുള്ള സന്ദേശവിനിമയപ്രക്രിയക്കും കാരണക്കാരാകുന്ന ജി-പ്രോട്ടീന്‍ അധിഷ്‌ഠിത സ്വീകരണികളുടെ (G-protein couple receptor ജിപിസിആര്‍) പ്രവര്‍ത്തനരീതി കണ്ടെത്തിയ ശാസ്‌ത്രജ്ഞനാണ്‌ കോബില്‍ക്ക. പ്രമേഹം, കാന്‍സര്‍, വിഷാദരോഗം, ഹൃദ്രാഗം തുടങ്ങിയവയ്‌ക്കെതിരെയുള്ള മരുന്നുകളുടെ കണ്ടുപിടുത്തങ്ങളില്‍ ഒരു വഴിത്തിരിവ്‌ ഉണ്ടാക്കുന്ന ഒരു സുപ്രധാന കണ്ടെത്തലാണിത്‌.

1955-ല്‍ മിനസോട്ട(Minnesota)യിലെ ലിറ്റില്‍ ഫോള്‍സില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മിനസോട്ട സര്‍വകലാശാലയില്‍ നിന്നും ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടി. തുടര്‍ന്ന്‌ യേല്‍ സര്‍വകലാശാലയില്‍നിന്നും വൈദ്യശാസ്‌ത്രത്തില്‍ എം.ഡി. ബിരുദവും കരസ്ഥമാക്കി. സെന്റ്‌ ലൂയിസിലുള്ള ബാണ്‍സ്‌ ആശുപത്രിയിലെ സേവനത്തിനുശേഷം ഡ്യൂക്ക്‌ സര്‍വകലാശാലയില്‍ ഹൃദ്രാഗവിഭാഗത്തില്‍ റോബര്‍ട്ട്‌ ലെഫ്‌കോവിറ്റ്‌സിനൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പിന്നീട്‌ അവിടെ അസിസ്റ്റന്റ്‌ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചതിനോടൊപ്പം 1989-ല്‍ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ മോളിക്കുലാര്‍ വിഭാഗത്തിലേക്ക്‌ തന്റെ ഗവേഷണ പ്രവര്‍ത്തനത്തെ വ്യാപിപ്പിച്ചു.

കോശപ്രതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ്‌ കോബില്‍ക്ക പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്‌. നമ്മുടെ കണ്ണിലും മൂക്കിലും വായിലും മറ്റും പ്രകാശം, മണം, സ്വാദ്‌ എന്നിവ തിരിച്ചറിയുന്നതിനുള്ള സെന്‍സറുകള്‍ ഉണ്ട്‌. കോശപ്രതലത്തിലുള്ള ജിപിസിആര്‍ ആണ്‌ പ്രകാശം, രുചി, മണം, വിവിധ ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തുക്കള്‍ എന്നിവയോട്‌ പ്രതികരിക്കാന്‍ തന്മാത്രകളെ സഹായിക്കുന്നത്‌. കൊഴുപ്പ്‌ ശേഖരണം, കാഴ്‌ചയെ രേഖപ്പെടുത്തല്‍, ഹോര്‍മോണ്‍ ഉത്‌പാദനം, മാംസപേശികളെ ദൃഢപ്പെടുത്തല്‍ എന്നീ വിവിധതരം ജോലികളുള്ള ആയിരത്തിലധികം സ്വീകരണികള്‍ (GPCR) മനുഷ്യശരീരത്തിലുണ്ട്‌. ശരീരത്തിലെ ജൈവപ്രവര്‍ത്തനങ്ങളിലെ പ്രധാന ഘടകമായ ജിപിസിആര്‍ വിവിധ രോഗാവസ്ഥകളുമായും ബന്ധപ്പെട്ടുകിടക്കുന്നു. നിലവിലുള്ള ഭൂരിഭാഗം മരുന്നുകളോടും തന്മാത്രാതലത്തില്‍ ശരീരം പ്രതികരിക്കുന്നത്‌ ആയിരത്തിലധികം വരുന്ന ജിപിസിആറുകളിലൂടെയാണ്‌. അഡ്രിനാലിന്‍, കോശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എങ്ങനെയാണ്‌ രക്തസമ്മര്‍ദം കൂടുന്നത്‌, ഹൃദയമിടിപ്പ്‌ കൂടുന്നത്‌ എന്നത്‌ വളരെക്കാലമായി ഒരു പ്രഹേളികയായിരുന്നു. കോശഭിത്തികളില്‍ ഇത്തരം ഹോര്‍മോണുകള്‍ക്കായുള്ള സ്വീകരണികളുണ്ടെന്ന്‌ ശാസ്‌ത്രജ്ഞര്‍ സംശയിച്ചിരുന്നു. കോബില്‍ക്കയും റോബര്‍ട്ട്‌ ലെഫ്‌ കോവിറ്റ്‌സും ചേര്‍ന്ന്‌ ഒരുപോലെയിരിക്കുന്ന സ്വീകരണികളുടെ ഒരു കുടുംബംതന്നെ മനുഷ്യശരീരകോശങ്ങളിലുണ്ടെന്ന്‌ വെളിപ്പെടുത്തി. 2011-ല്‍ കോബില്‍ക്ക അഡ്രിനാലിന്റെ അത്തരം ഒരു സ്വീകരണിയുടെ ഹോര്‍മോണിന്റെ സാന്നിധ്യത്തില്‍ കോശത്തിലേക്ക്‌ സന്ദേശമയയ്‌ക്കുന്ന ചിത്രം എടുത്തത്‌ ഈ പ്രഹേളികയുടെ നിര്‍ധാരണത്തിന്‌ വളരെയധികം സഹായകമായി. ലെഫ്‌കോവിറ്റ്‌സിനൊപ്പം (ഡ്യൂക്ക്‌ സര്‍വകലാശാല, യു.എസ്‌.എ.) കോബില്‍ക്ക കണ്ടെത്തിയ ഈ നേട്ടത്തിനാണ്‌ 2011-ലെ രസതന്ത്രത്തിലെ നോബല്‍ സമ്മാനം വൈദ്യശാസ്‌ത്രരംഗത്തെ കണ്ടെത്തലിന്‌ നല്‌കപ്പെട്ടത്‌. ഹോര്‍മോണുകളെയും സന്ദേശവാഹക പദാര്‍ഥങ്ങളായ അഡ്രിനാലിന്‍, സിറോടോണിന്‍, ഹിസ്റ്റാളിന്‍, ഡോപമിന്‍ മുതലായവ തിരിച്ചറിയുന്നതിനുള്ള സെന്‍സറുകള്‍ ഉണ്ടെന്ന വസ്‌തുതയാണ്‌ ജി-പ്രോട്ടീന്‍ അധിഷ്‌ഠിത സ്വീകരണികളുടെ കണ്ടുപിടുത്തത്തോടെ വെളിപ്പെട്ടത്‌.

നാഡീവ്യവസ്ഥ, ഹൃദയം, ശരീരത്തിലെ പോഷണ പരിണാമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്‌ രോഗങ്ങള്‍ക്കെതിരെയുള്ള മരുന്നുകള്‍ കണ്ടെത്തുന്നതില്‍ ഈ അറിവുകള്‍ വളരെ പ്രധാനമാണ്‌. ജിപിസിആറുകളുടെ പ്രവര്‍ത്തനരീതി അറിഞ്ഞതുവഴി പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കൂടുതല്‍ ഗുണകരമായ മരുന്നുകള്‍ കണ്ടുപിടിക്കുവാനും സാധിക്കുമെന്നത്‌ ആശ്വാസകരമാണ്‌.

കണ്‍ഫോമെറ്റ്‌-ഞഃ എന്ന മരുന്നുകമ്പനിയുടെ സഹസ്ഥാപകനുമായ കോബില്‍ക്ക ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ വൈദ്യശാസ്‌ത്രവിഭാഗം പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു വരുന്നു (2012).

(ഡോ. വി.എസ്‌. പ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍