This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൃത്രിമ മഴ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൃത്രിമ മഴ
സാങ്കേതികരീതികളുപയോഗിച്ചു കൃത്രിമമായി ഉണ്ടാക്കുന്ന മഴ. 1946-ല്‍ വിന്‍സന്റ് ജെ ഷെഫര്‍ എന്ന അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ആദ്യമായി കൃത്രിമ മഴ സൃഷ്ടിച്ചത്. അതിശീതിത (super cooled) സ്റ്റ്രാറ്റിഫൈഡ് (stratfied)മേഘങ്ങളില്‍നിന്നാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. ഡ്രൈ ഐസോ സില്‍വര്‍ അയഡൈഡോ മേഘങ്ങളില്‍ വിതറി ബീജനം (seeding)നടത്തി ഇതുസാധ്യമാക്കുന്നു.
കൃത്രിമ മഴയുണ്ടാക്കാന്‍ മേഘങ്ങളിലെ ജലകണങ്ങളുടെ വലുപ്പം കൂട്ടുകയാണു വേണ്ടത്. ഒരു ലിറ്ററില്‍ 40 മൈക്രാണിലേറെ വ്യാസമുള്ള ജലകണങ്ങള്ക്കേ ഭൂമിയിലേക്കു പതിക്കാന്‍ കഴിയൂ. ഇപ്രകാരം ജലകണങ്ങളുടെ വലുപ്പം വര്‍ധിപ്പിച്ചും ഘനീകരണ ന്യൂക്ലിയസുണ്ടാക്കിയും മേഘങ്ങളില്‍നിന്ന് കൃത്രിമമായി മഴയുണ്ടാക്കാം. ജലത്തില്‍ നല്ലവണ്ണം അലിയുന്നതോ ജലം ആഗിരണം ചെയ്യുന്നതോ ആയ പദാര്‍ഥങ്ങളെ ഘനീകരണ ന്യൂക്ലിയസായി പ്രവര്‍ത്തിപ്പിക്കാം. ഉപ്പ് ഇതിനു യോജിച്ചതാണ്. നല്ലതുപോലെ പൊടിയാക്കിയ ഉപ്പ് നിറച്ച ബലൂണ്‍ ഒത്ത ഉയരത്തിലെത്തിച്ച് പൊട്ടിച്ചിതറിപ്പിക്കുന്നു. പാറ്റ്നാ സര്‍വകലാശാലയിലെ പ്രാഫ. എസ്.കെ. ഘോഷ് ഇപ്രകാരം സ്വയം പൊട്ടുന്ന റബ്ബര്‍ കൊണ്ടുള്ള അനവധി ബലൂണുകള്‍ പൊടിയുപ്പുനിറച്ച് ഉയരത്തിലെത്തിച്ചു. ബലൂണുകള്‍ ഉയര്‍ന്ന് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ മഴ പെയ്തു തുടങ്ങി.
ഡ്രൈ ഐസ് (ഖരീഭവിച്ച കാര്‍ബണ്‍ ഡൈഓക്സൈഡ്) സില്‍വര്‍ അയഡൈഡുമായി ചേര്‍ത്ത് നല്ലതുപോലെ ജലാംശമുള്ള മേഘങ്ങളിലെത്തിച്ച് മഴ പെയ്യിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. മേഘത്തിലുള്ള ജലാംശം ഈ പരലുകള്‍ക്കു ചുറ്റും സാന്ദ്രീഭവിച്ച് മഴ പെയ്യാന്‍ സഹായിക്കുന്നു. ഈ പ്രക്രിയ ആ പ്രദേശത്ത് ആ സമയത്തുള്ള മേഘങ്ങളിലടങ്ങിയിരിക്കുന്ന ജലാംശത്തിന്റെയും വായുപ്രവാഹത്തിന്റെ ഗതിയെയും ആശ്രയിച്ചിരിക്കുന്നു. -4°C വരെ ഉപരിതലതാപനിലയുള്ള മേഘത്തില്‍ സില്‍വര്‍ അയഡൈഡ് ഉപയോഗിക്കാം. 1953-ല്‍ ഡോ. സേതുരാമന് തമിഴ്നാട്ടില്‍ സില്‍വര്‍ അയഡൈഡ് പുക മേല്പോട്ടയച്ചും ബാഷ്പരൂപത്തില്‍ കാത്സ്യം ക്ലോറൈഡ് വിട്ടും കൃത്രിമമഴ സൃഷ്ടിച്ചു.
വിമാനത്തില്‍നിന്ന് ഡ്രൈ ഐസ് കുറെയേറെ ച.കി.മീ. സ്ഥലത്തേക്ക് വിതറി ഒന്നുരണ്ടു മീറ്റര്‍ മഴ പെയ്യിക്കാന്‍ കഴിയും. മേഘം നല്ലതാണെങ്കില്‍ 20 ഗ്രാം സില്‍വര്‍ അയഡൈഡ് ഉപയോഗിച്ച് 40-80 മിനിട്ടിനുള്ളില്‍ 5 ലക്ഷം ടണ്‍ വെള്ളം ലഭിക്കത്തക്കരീതിയിലുള്ള മഴ പെയ്യിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.
(എസ്. ഗോപിനാഥന്)